മുപ്പതോളം ഡോക്യുമെന്‍ററികള്‍ ചെയ്‌തിട്ടുള്ള പ്രശസ്‌ത ക്യൂബന്‍ സംവിധായകന്‍ റിഗോബര്‍ട്ടോ ലോപ്പസിന്‍െറ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് `സെന്‍റ് ഓഫ് ഓക്' പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ മധ്യത്തിലെ ക്യൂബയാണ് ചിത്രത്തിന്‍െറ പശ്ചാത്തലം. അക്കാലത്ത് സെ്‌പയിനിന്‍െറ കോളണിയാണ് ക്യൂബ. (388 കൊല്ലം സെ്‌പയിനിന്‍െറ കൈവശമായിരുന്നു ക്യൂബ. 1902-ലാണ് സ്വതന്ത്രമായത്.) രാഷ്ട്രീയ, ചരിത്ര, സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍നിന്നാണ് സ്‌പാനിഷ് ഭാഷയിലുള്ള ഈ ക്യൂബന്‍ ചിത്രത്തിനു ലോപ്പസ് ഇതിവൃത്തം കണ്ടെടുത്തത്.
കോളനി വാഴ്‌ചയിലെ കാര്‍ക്കശ്യവും ധാര്‍ഷ്‌ട്യവും സ്വാതന്ത്ര്യദാഹത്തെ അടിച്ചമര്‍ത്താനുള്ള വേവലാതിപൂണ്ട കിരാത നടപടികളുമൊക്കെ ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. മറ്റെന്തിനേക്കാളും മനുഷ്യമഹത്ത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, ആശയവ്യക്തതയുള്ള രണ്ടു വ്യക്തികളുടെ അസാധാരണമായ പ്രണയകഥയിലൂടെ ഭീതിദമായ ഒരു കാലഘട്ടത്തെയാണ് സംവിധായകന്‍ പുനഃസൃഷ്‌ടിക്കുന്നത്. അടിമച്ചങ്ങല പൊട്ടിച്ചെറിയാനുള്ള സമരങ്ങളില്‍ നിശ്ശബ്ദരായി അണിചേര്‍ന്ന കണ്ണികളില്‍ ഈ കമിതാക്കളും ഉള്‍പ്പെടുന്നു. രണ്ട് അറ്റങ്ങളില്‍നിന്ന് എത്തിയവരായിരുന്നു അവര്‍. സമാനതകളൊന്നുമില്ലാത്ത രണ്ടു ജീവിത സാഹചര്യങ്ങളില്‍നിന്ന്, രണ്ടു സംസ്‌കാരങ്ങളില്‍നിന്ന് എത്തിയ അവര്‍ ക്യൂബന്‍ മണ്ണില്‍ കണ്ടുമുട്ടുന്നു. അവിടത്തെ നിസ്വരായ മനുഷ്യരെയും സമ്പന്നമായ പ്രകൃതിയെയും അവര്‍ സേ്‌നഹിക്കുന്നു. സ്വപ്‌ന സദൃശമായൊരു നവലോകം കെട്ടിപ്പൊക്കാന്‍ ആദ്യത്തെ ചുവടുവെപ്പുകള്‍ നടത്തുന്നു. ഒടുവില്‍, വര്‍ണവെറിയുടെ കരാളതയില്‍ അവര്‍ അന്യരാക്കപ്പെടുന്നു. സ്വപ്‌നങ്ങളോട് വിടപറഞ്ഞ്, കരോബ് മരണത്തണലില്‍ രണ്ടു ശിലാരൂപങ്ങളായി മാറുന്നു അവര്‍.
ഹെയ്‌തിയില്‍നിന്ന് ക്യൂബയിലേക്ക് കുടിയേറിയ ഉര്‍സല ലാംബര്‍ട്ടയാണ് ചിത്രത്തിലെ നായിക. അച്ഛന്‍ ഭൂവുടമയായിരുന്നു. അമ്മ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കപ്പെട്ട നീഗ്രോയും. ഉര്‍സുല ഒറ്റയ്‌ക്കാണ് താമസം. സ്വന്തമായി തുണിക്കട നടത്തുന്നു. ബിസിനസ് നടത്തി തലയുയര്‍ത്തി നില്‍ക്കുന്നവളാണ് ഉര്‍സുല. സ്വന്തം വേരുകളെക്കുറിച്ച് നല്ല ബോധ്യമുള്ള യുവതി. തന്‍െറ വംശമഹിമയില്‍ അവള്‍ക്ക് അഭിമാനമുണ്ട്. സാമ്പത്തിക ഭദ്രത കൈവരിക്കുമ്പോഴും തന്‍െറ വര്‍ഗത്തെ കൂടുതല്‍ കൂടുതല്‍ സേ്‌നഹിക്കുകയാണവള്‍. മറ്റു കറുത്ത വര്‍ഗക്കാരില്‍നിന്ന് താന്‍ വ്യത്യസ്‌തയാണെന്ന് അവള്‍ കരുതുന്നില്ല. തന്നെ അത്തരമൊരു ഗണത്തില്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ അവള്‍ തിരിച്ചറിയുന്നുണ്ട്. ``ഞാന്‍ വ്യത്യസ്‌തയാണ്. പക്ഷേ, കറുത്തവളാണ്'' എന്ന് അവള്‍ ആരുടെ മുഖത്തു നോക്കിയും പറയും. ചോരപുരണ്ട ചരിത്രത്തിലാണ് തന്‍െറ വേരുകള്‍ പടര്‍ന്നു കിടക്കുന്നതെന്ന് ഉര്‍സുലയ്‌ക്ക് വ്യക്തമായറിയാം. നെപ്പോളിയനെ ആദ്യം തോല്‌പിച്ചത് ഹെയ്‌തി ജനതയാണെന്ന് വിചാരണയിലൂടെ തന്നെ കീറിമുറിക്കുന്ന പ്രമാണിമാരോട് അവള്‍ അഭിമാനത്തോടെ പറയുന്നുണ്ട്. ജര്‍മന്‍ ബിസിനസ്സുകാരനായ കൊര്‍ണേലിയോ സോച്ചായിയെ അവള്‍ കണ്ടുമുട്ടുന്നത് തന്‍െറ തുണിക്കടയില്‍ വെച്ചാണ്. ആ അടുപ്പം പ്രണയത്തിലെത്തുന്നു. ക്യൂബയില്‍ ബിസിനസ്സില്‍ മുതല്‍ മുടക്കാന്‍ എത്തിയതാണ് സോച്ചായി. പക്ഷേ, തനിക്ക് സ്ഥലം തെറ്റിപ്പോയി എന്നയാള്‍ പരിതപിക്കുന്നു.
പഞ്ചസാര വ്യവസായത്തിലായിരുന്നു സോച്ചായിയുടെ താത്‌പര്യം. പക്ഷേ, കാപ്പിക്കൃഷിയിലേക്ക് തിരിയാനാണ് ഉര്‍സുല ഉപദേശിക്കുന്നത്. കാപ്പിക്കൃഷിക്ക് അധികം പണിക്കാരെ വേണ്ട. നല്ല വിളവും കിട്ടും. സോച്ചായി അവളുടെ ഉപദേശത്തിനു വഴങ്ങുന്നു. അവരിരുവരും കാപ്പിക്കൃഷിയിലേക്ക് തിരിയുന്നു. കാപ്പിത്തോട്ടത്തിന് അവളൊരു പേര് കണ്ടെത്തി. അങ്കിരോണ. നിശ്ശബ്ദതയുടെ റോമന്‍ ദേവതയാണ് അങ്കിരോണ. തങ്ങളുടെ കാപ്പിത്തോട്ടം ഒരു സ്വപ്‌നലോകമാക്കാന്‍ ഉര്‍സുലയും സോച്ചായിയും ആഗ്രഹിച്ചു. അങ്കിരോണയില്‍ ജോലിക്കാരോ അടിമകളോ ഇല്ല. അവരെല്ലാം സഹോദരങ്ങളെപ്പോലെയായിരുന്നു.സംസ്‌കാരത്തിനുമേല്‍ അപചയത്തിന്‍െറ കരിനിഴല്‍ വീഴുേേമ്പാള്‍ അങ്കിരോണ എല്ലാവര്‍ക്കും വെളിച്ചമേകുന്ന പ്രകാശഗോപുരമായി നില്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. കറുത്തവര്‍ഗക്കാരനായ മ്യൂസിക് കണ്ടക്ടര്‍ ജ്വാന്‍ ഡെലക്രൂസിന്‍െറ നേതൃത്വത്തില്‍ അവര്‍ നീഗ്രോകളുടെ ഓര്‍ക്കസ്‌ട്രയ്‌ക്ക് രൂപം നല്‌കുന്നു.?ഇതിനിടെ ഉര്‍സുല സ്‌പാനിഷ് പൗരത്വമെടുക്കാന്‍ പോകുന്നതായി സംശയമുണരുന്നു. ഈ സംശയത്തെ അവജ്ഞയോടെ തള്ളുകയാണവള്‍. താനൊരു ഹെയ്‌തിയനാണെന്നും എപ്പോഴും അങ്ങനെത്തന്നെയായിരിക്കുമെന്നും അവള്‍ പ്രഖ്യാപിക്കുന്നു. സോച്ചായ്-ഉര്‍സുല ബന്ധത്തില്‍ അസഹിഷ്‌ണുതയുള്ള ഒരുപാട് കുടിയേറ്റക്കാര്‍ പട്ടണത്തിലുണ്ടായിരുന്നു. അവര്‍ അങ്കിരോണയെ്‌ക്കതിരായ ഗൂഢാലോചനയിലായിരുന്നു എപ്പോഴും. അവര്‍ ഇരുട്ടിന്‍െറ മറവില്‍ കാപ്പിത്തോട്ടത്തിലെ ഗോഡൗണുകള്‍ക്ക് തീയിടുന്നു.
``ഈ ലോകത്ത് വ്യത്യസ്‌തരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് പലതും നഷ്‌ടപ്പെടും'' എന്ന് പറഞ്ഞ് ജ്വാന്‍ ഡെലക്രൂസ് സോച്ചായിയെയും ഉര്‍സുലയെയും ആശ്വസിപ്പിക്കുന്നു. നിരാശ മറികടന്ന് അവര്‍ വീണ്ടും കൃഷിയിലേക്കിറങ്ങി.അങ്കിരോണയില്‍ കാപ്പിച്ചെടികള്‍ക്ക് വീണ്ടും ജീവന്‍വെച്ചു.
ഇതിനിടെ, സോച്ചായിയുടെ കസിനായ ബെര്‍ത്തഹെസ്സ് എന്ന യുവതി അയാളെ അന്വേഷിച്ചെത്തുന്നു. സോച്ചായിയെ വിവാഹം കഴിക്കാന്‍ കൊതിച്ചിരുന്നവളാണ് പാട്ടുകാരിയായ ഹെസ്സ്. സോച്ചായി ഒരു നീഗ്രോയെ ഭാര്യയാക്കിയെന്ന് വിശ്വസിക്കാന്‍ അവള്‍ക്കാവുന്നില്ല. എങ്ങനെയെങ്കിലും സോച്ചായിയെ ആ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനായി അവളുടെ ശ്രമം. പക്ഷേ, അവളുടെ പ്രലോഭനങ്ങളിലൊന്നും സോച്ചായി വീഴുന്നില്ല. എല്ലാവഴികളും അടഞ്ഞപ്പോള്‍ കുത്സിത വൃത്തികളിലേക്ക് തിരിയുന്നു.
ഹെസ്സ്, ഓര്‍ക്കസ്‌ട്രയിലെ ഒരു നീഗ്രോയുവാവിനെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി അവള്‍ കിടക്ക പങ്കിടുന്നു. എന്നിട്ട്, തന്നെ ഒരു നീഗ്രോ ബലാത്സംഗം ചെയെ്‌തന്ന് ആരോപണമുന്നയിക്കുന്നു. ആളെ തിരിച്ചറിയാന്‍ വേണ്ടി നടത്തിയ പരേഡില്‍ ഹെസ്സ് മറ്റൊരാളെയാണ് കുറ്റക്കാരനായി ചൂണ്ടിക്കാട്ടുന്നത്. യുവാവ് സ്വയം കുറ്റമേറ്റിട്ടും ഹെസ്സ് സമ്മതിക്കുന്നില്ല. ഉര്‍സുല ദുര്‍മന്ത്രവാദത്തിലൂടെ അടിമകളെ വശീകരിച്ച് കലാപത്തിനു പ്രേരിപ്പിക്കുകയാണെന്നും അടിമവ്യാപാരത്തിനും അടിമത്തത്തിനുമെതിരെ പ്രചാരണം നടത്തുകയാണെന്നും ഹെസ്സ് പരാതിപ്പെടുന്നു. ഇതോടെ ഉര്‍സുലയെ അറസ്റ്റു ചെയ്യുന്നു. അവളെ രക്ഷിക്കാന്‍ സോച്ചായി ആവുന്നത്ര ശ്രമിച്ചിട്ടും ഫലിക്കുന്നില്ല. പട്ടണക്കോടതിയില്‍ ഉര്‍സുലയെ്‌ക്കതിരെ വിചാരണ തുടങ്ങുന്നു. ഹെസ്സ് ആയിരുന്നു പ്രധാന സാക്ഷി. അവള്‍ ആവുന്നത്ര വിഷംചീറ്റി. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും അതുകൊണ്ട് തലകുനിക്കുകയോ മാപ്പുചോദിക്കുകയോ ചെയ്യുന്ന പ്രശ്‌നമില്ലെന്നും ഉര്‍സുല കോടതിയില്‍ തുറന്നടിക്കുന്നു. ശത്രുക്കള്‍ വീണ്ടും കാപ്പിത്തോട്ടം തീയിട്ടുനശിപ്പിക്കുന്നു. തന്‍െറ പരാജയം ആഘോഷിക്കുന്ന ശത്രുക്കളെ സോച്ചായി കടന്നാക്രമിക്കുന്നു. പക്ഷേ, അവരുടെ മര്‍ദനമേറ്റ് മരിക്കാനായിരുന്നു അയാളുടെ വിധി. ഉര്‍സുലയെ വിചാരണയ്‌ക്കുശേഷം നമ്മള്‍ കാണുന്നില്ല. മരണശിക്ഷയില്‍ അവരുടെ ശബ്ദവും എതിരാളികള്‍ അടിച്ചമര്‍ത്തുകയാണ്.
പ്രതിസന്ധികളില്‍ പരസ്‌പരം താങ്ങായിനിന്ന, ആശയപ്പൊരുത്തമുള്ള കമിതാക്കളുടെ ധീരമായ ചെറുത്തുനില്‌പാണ് ഈ സിനിമ. അടിമകളെ മനുഷ്യരാക്കാന്‍ അവര്‍ ശ്രമിച്ചു. അവരെ ചങ്ങലകളില്‍നിന്നു മാത്രമല്ല, സാംസ്‌കാരിക അടിമത്തത്തില്‍നിന്നും മോചിപ്പിക്കാന്‍ അവരാഗ്രഹിച്ചു. അധീശവര്‍ഗത്തെ അത് ഞെട്ടിച്ചു. അടിമകളും നമ്മെപ്പോലെ വയലിന്‍ വായിക്കുകയോ എന്നവര്‍ അത്ഭുതംകൂറി. ചങ്ങലയില്‍ത്തന്നെ തളച്ചിട്ടിട്ടില്ലെങ്കില്‍ അടിമകള്‍ നാളെ തങ്ങളെ ഭരിക്കും എന്നവര്‍ ഭയന്നു. ലോകമെങ്ങും അടിമകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാലമായിരുന്നു അത്. തൊട്ടടുത്ത ഹെയ്‌തിയില്‍ കറുത്തവര്‍ഗക്കാര്‍ നെപ്പോളിയനെ തോല്‌പിച്ചത് വര്‍ണവെറിയന്മാര്‍ക്കറിയാം. സ്വാതന്ത്ര്യസമരത്തിന്‍െറ അലയൊലികള്‍ ക്യൂബയിലേക്കും കടന്നുവരുമെന്ന് സ്‌പാനിഷ് ഭരണകൂടവും അവിടെ കുടിയേറിയവരും ന്യായമായും ശങ്കിച്ചു. മാനവികതയുടെ, സമത്വത്തിന്‍െറ ഒരു പുതുലോകം സൃഷ്‌ടിക്കാനുള്ള സോച്ചായി-ഉര്‍സുലമാരുടെ നീക്കങ്ങളെ അവര്‍ അടിച്ചമര്‍ത്തുന്നത് ഈ ശങ്ക കാരണമാണ്.
സോച്ചായിക്കും ഉര്‍സുലയ്‌ക്കുമെതിരെ അങ്ങിങ്ങ് പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതിനൊരു ആസൂത്രിതമായ സംഘടിതരൂപം കൈവരുന്നത് ഹെസ്സിന്‍െറ വരവോടെയാണ്. സ്‌ത്രീയുടെ ഭിന്നമുഖങ്ങളാണ് ഉര്‍സുലയിലും ഹെസ്സിലും നാം കാണുന്നത്. പ്രാകൃതമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് സംസ്‌കാരത്തിന്‍െറ തെളിമയിലേക്ക് നടന്നുകയറിയവളാണ് ഉര്‍സുല. സഹനങ്ങളില്‍നിന്ന് ആര്‍ജിച്ച ഉള്‍ക്കരുത്തുണ്ട് അവള്‍ക്ക്. സാമൂഹിക പ്രശ്‌നങ്ങളില്‍ മാത്രമല്ല, കലയിലും സംഗീതത്തിലും കറുത്തവര്‍ഗക്കാര്‍ക്ക് ഇടപെടല്‍ ആവാമെന്ന് അവള്‍ തെളിയിച്ചു. തന്‍െറ ദൗത്യങ്ങളെ ആത്മാര്‍ഥമായി പിന്തുണയ്‌ക്കുന്ന ജീവിതപങ്കാളിയെയും അവള്‍ തിരഞ്ഞെടുത്തു. ഉര്‍സുലയുടെ വിപരീത ലോകത്താണ് ഹെസ്സിന്‍െറ നില്‌പ്. ധാര്‍ഷ്‌ട്യംകൊണ്ട് വികലമായ വ്യക്തിത്വമാണ് അവളുടേത്. ഉര്‍സുലയുടെ തലയെടുപ്പ് ഹെസ്സിനെ വല്ലാതെ നിരാശയാക്കുന്നു. മോശം ജീവിതസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പ്രാകൃതമായ ഒരു കാപ്പിത്തോട്ടമായിരുന്നു അവളുടെ ഭാവനയിലുണ്ടായിരുന്നത്. ഭീഷണിയില്‍ വീഴുന്നവളല്ല ഉര്‍സുലയെന്ന് അവള്‍ പെട്ടെന്നുതന്നെ തിരിച്ചറിയുന്നു. വെല്ലുവിളികള്‍ ചങ്കുറപ്പോടെ നേരിടുന്നവളാണ് ഉര്‍സുലയെന്നും അവള്‍ മനസ്സിലാക്കുന്നു. പാട്ടുകാരിയാണെന്ന അഹങ്കാരം ഉര്‍സുല വകവെച്ചു കൊടുക്കുന്നില്ല. ഉര്‍സുല ആവശ്യപ്പെട്ട പാട്ടുപോലും തനിക്ക് പാടാനായില്ലെന്ന് ബോധ്യപ്പെട്ട നിമിഷം ഹെസ്സ് ഒന്നുകൂടി ചെറുതാവുകയായിരുന്നു. ഉപജാപങ്ങളുടെ വഴിയേ തനിക്കു മുന്നിലുള്ളൂ എന്നവള്‍ മനസ്സിലാക്കുന്നു. തുടര്‍ന്ന് അങ്കിരോണയുടെ മണ്ണില്‍ അവള്‍ വിഷവിത്തെറിയുകയാണ്. അതിന് സ്വന്തം അഭിമാനംപോലും അവള്‍ പണയപ്പെടുത്തുന്നു.
അങ്കിരോണയെ തകര്‍ക്കാനായെങ്കിലും മരണത്തോടൊപ്പം പോയ ഉര്‍സുലയെയും സോച്ചായിയെയും പക്ഷേ, അവള്‍ക്ക് തോല്‌പിക്കാനാവുന്നില്ല.അനാഥമായ അങ്കിരോണ കാപ്പിത്തോട്ടം കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പൊട്ടിപ്പൊളിഞ്ഞ കല്‍ച്ചുമരുകള്‍. തുറന്നുകിടക്കുന്ന ഗെയിറ്റ്. എങ്ങും നിശ്ശബ്ദത. എല്ലാറ്റിനും സാക്ഷിയായ അങ്കിരോണ ദേവതയുടെ ശില്‌പം. കാരോബ് മരത്തണലിലെ രണ്ടു സ്‌മാരകശിലകളിലേക്കാണ് ക്യാമറ പതുക്കെ നീങ്ങുന്നത്. സോച്ചായിയുടെയും ഉര്‍സുലയുടെയും പാതിയായ ജീവിതമോഹങ്ങള്‍ ആ ശിലകള്‍ക്കിടിയിലുണ്ട്. ഈ ഭൂമിയുടെ ആത്മാവിനെ തൊടാനാവുമെന്ന് സോച്ചായിയെ പഠിപ്പിച്ചത് ഉര്‍സുലയാണ്. ഇവിടത്തെ വായുവിനെ, ഇവിടത്തെ ഗന്ധത്തെ സ്‌പര്‍ശിക്കാനാവുമെന്ന് അവള്‍ സോച്ചായിയെ പഠിപ്പിച്ചു. ഓരോ കാപ്പിച്ചെടിയിലും ഓരോ കല്ലിലും ഓരോ മരത്തിലും തന്‍െറ ഹൃദയമുണ്ടെന്ന് അയാള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. പെട്ടെന്നൊരു കാറ്റ് വീശുന്നു. `ഓക്കുമരത്തിന്‍െറ സുഗന്ധ'ത്തിലേക്ക് ഒരു ദൃശ്യരേഖ തെളിയുന്നു.
135 മിനിറ്റു നീണ്ട സിനിമ ഇവിടെ തുടങ്ങുകയായി. പട്ടണത്തിലെ പള്ളിയില്‍നിന്ന് വയലിന്‍ നാദം ഉയരുന്നു. സോച്ചായിയും ഉര്‍സുലയും ആ സംഗീതത്തില്‍ പുനര്‍ജനിക്കുകയാണ്. സഹജീവികളെയും പ്രകൃതിയെയും ഒരുപോലെ സേ്‌നഹിച്ച രണ്ടുപേര്‍. അവരുട ദുരന്തം കണ്ട് കാരോബ് മരം രക്തം വാര്‍ക്കുന്നത് സംവിധായകന്‍ നമ്മെ കാണിച്ചുതരുന്നുണ്ട്. കഥ പറഞ്ഞവസാനിപ്പിച്ച് ക്യാമറ കാരോബ് മരത്തലില്‍ത്തന്നെ തിരിച്ചെത്തുന്നു. സ്‌മാരകശിലകള്‍ക്കരികിലേക്ക് ഒരു നീഗ്രോ യുവാവ് വയലിനുമായി നടന്നടുക്കുകയാണ്. മരത്തില്‍ ചാരിവെച്ച കസേരയെടുത്ത് ശിലകള്‍ക്ക് അഭിമുഖമായി അയാളിരിക്കുന്നു. തനിക്കും മറ്റ് അടിമകള്‍ക്കും പ്രകാശം ചൊരിഞ്ഞിരുന്ന രണ്ടു മഹാവ്യക്തികള്‍ക്കു മുന്നില്‍ വയലിനില്‍ ഒരു നാദാര്‍ച്ചന (നീഗ്രോകളുടെ ഓര്‍ക്കസ്‌ട്രയിലെ അംഗങ്ങളെയെല്ലാം വെടിവെച്ചുകൊന്നപ്പോള്‍ അതില്‍പ്പെടാതെ രക്ഷപ്പെട്ടയാളാണ് ഈ നീഗ്രോ യുവാവ്. വാര്‍ണവെിയര്‍ സംഘാംഗങ്ങളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ കോടതിയില്‍ വിചാരണ നേരിടുകയായിരുന്നു ഇയാള്‍.) കുറച്ചു കഴിഞ്ഞ് യുവാവ് തിരിച്ചുപോകുന്നു.
എന്നും നടക്കുന്നതാണീ സംഗീതാര്‍ച്ചന എന്ന സൂചന നല്‍കിക്കൊണ്ടാണ് ക്യാമറക്കണ്ണുകള്‍ പിന്‍വാങ്ങുന്നത്. കറുത്ത സംഗീതജ്ഞരുടെ പുതുതലമുറയെ നീഗ്രോ യുവാവ് നയിക്കുമെന്നും സംവിധായകന്‍ സൂചിപ്പിക്കുന്നു.ഈ ചിത്രമാകെ നിറഞ്ഞുനില്‍ക്കുന്നത് ഉര്‍സുലയാണ്. സ്വഭാവദാര്‍ഢ്യമാണ് ഈ കഥാപാത്രത്തെ വ്യത്യസ്‌തയാക്കുന്നത്. ലോകസിനിമയിലെ മികച്ച സ്‌ത്രീ കഥാപത്രങ്ങളുടെ നിരയില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നു ഉര്‍സുല. ഭാഗ്യാന്വേഷികളുടെ കുടിയേറ്റം, വംശീയത, കോളനിവത്‌കരണം, അടിമത്തം, അടിച്ചേല്‌പിക്കപ്പെടുന്ന സംസ്‌കാരം എന്നിവയൊക്കെ ചര്‍ച്ചചെയ്യുന്ന ഈ സിനിമയില്‍ എങ്ങും ഉര്‍സുലയുടെ സാന്നിധ്യമുണ്ട്. ജീവിതത്തെ എതിരിടാനുള്ള ആത്മവിശ്വാസമാണ് അവളുടെ കൈമുതല്‍. അത് കാമുകനിലേക്ക് പകരാനും അവള്‍ക്കാവുന്നു.
ബിസിനസ്സില്‍ നിക്ഷേപിക്കാനെത്തുന്ന സോച്ചായിയെ കാപ്പിക്കൃഷിയിലേക്കാകര്‍ഷിക്കുന്നത് അവളാണ്. തനിക്ക് കാപ്പിക്കൃഷിയെക്കുറിച്ചൊന്നുമറിയില്ലെന്ന് അയാള്‍ പറയുമ്പോള്‍ ``നമ്മളീ ദ്വീപ് കാപ്പികൊണ്ട് നിറയ്‌ക്കും'' എന്നാണ് ഉര്‍സുല പറയുന്നത്. അവള്‍ക്കാ മണ്ണിനെ അത്രയ്‌ക്ക് വിശ്വാസമായിരുന്നു. അങ്കിരോണയുടെ സാന്നിധ്യമുള്ള മണ്ണ് തങ്ങള്‍ക്ക് എല്ലാം തരും എന്നവള്‍ക്ക് ഉറപ്പുണ്ട്. പൗരത്വ പ്രശ്‌നത്തിന്മേല്‍ തന്‍െറ വിശ്വാസ്യതയെക്കുറിച്ച് സംശയമുണര്‍ന്നപ്പോള്‍ ഉര്‍സുല പൊട്ടിത്തെറിക്കുന്നു. ``എന്നെ ചങ്ങലക്കിട്ട്, ചാട്ടവാറുകൊണ്ടടിച്ച്, തലകൊയെ്‌തടുക്കുന്നത് നിങ്ങള്‍ക്ക് കാണ്ടേിവന്നേക്കാം. എന്നാലും എന്നെ ഞാന്‍ തള്ളിപ്പറയില്ല. ഞാന്‍ കറുത്തവളാണ്. കറുത്തവരുടെ അഭിമാനമുള്ളവളാണ്''-സംശയാലുക്കളെ അവള്‍ നേരിടുന്നതിങ്ങനെയാണ്.
സോച്ചായിയുടെ ഓര്‍മകളില്‍ `ഓക്കുമരത്തിന്‍െറ സുഗന്ധ'മായി ഉര്‍സുല മാറുന്നത് നാം കാണുന്നു. ആദ്യ സമാഗമവേളയില്‍ അയാള്‍ അവളോട് മന്ത്രിക്കുന്ന, പ്രണയം നിറയുന്ന വാക്കുകളാണിത്. മരണക്കിടക്കിയിലെ അയാളുടെ അവസാന വാക്കുകളും ഇതായിരുന്നു. തടവറയിലെ ഇരുട്ടിലും ഈ വാക്കുകള്‍ ഉര്‍സുലയെ തേടിയെത്തുന്നു. പ്രണയത്തിന്‍െറ ആദ്യ മര്‍മരങ്ങളെ വേദനയോടെ ഏറ്റുവാങ്ങി അവള്‍ മരണത്തിലേക്ക് നെഞ്ചുറപ്പോടെ കടന്നുചെല്ലുന്നു.
1 comment:
മുപ്പതോളം ഡോക്യുമെന്‍ററികള്‍ ചെയ്‌തിട്ടുള്ള പ്രശസ്‌ത ക്യൂബന്‍ സംവിധായകന്‍ റിഗോബര്‍ട്ടോ ലോപ്പസിന്‍െറ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് `സെന്‍റ് ഓഫ് ഓക്' പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ മധ്യത്തിലെ ക്യൂബയാണ് ചിത്രത്തിന്‍െറ പശ്ചാത്തലം.
Post a Comment