Tuesday, May 22, 2012

ഭക്തിയുടെ വിറ്റുവരവ്‌

2011 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ സുവീരന്റെ `ബ്യാരി' യോടൊപ്പം പങ്കിട്ട `ദേവൂള്‍' എന്ന മറാത്തി സിനിമയെക്കുറിച്ച്‌ 


 ഏഴു വര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌ മറാത്തി സിനിമക്ക്‌ വീണ്ടുമൊരു ദേശീയ അവാര്‍ഡ്‌ ലഭിക്കുന്നത്‌. സന്ദീപ്‌ സാവന്ത്‌ സംവിധാനം ചെയ്‌ത ' ശ്വാസ്‌ ' എന്ന ചിത്രത്തിന്‌ 2004 ലാണ്‌ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്‌. ഇപ്പോള്‍, 2011 ലെ അവാര്‍ഡും മഹാരാഷ്ട്രത്തിലെത്തിയിരിക്കുന്നു. ഉമേഷ്‌ വിനായക്‌ കുല്‍ക്കര്‍ണി എന്ന സംവിധായകനാണ്‌ ഈ നേട്ടത്തിനു പിന്നില്‍. അദ്ദേഹത്തിന്റെ ' ദേവൂള്‍ ' എന്ന ചിത്രം മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ്‌ നേടിയത്‌. മികച്ച ചിത്രത്തിനും സംഭാഷണത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്‍. 
 മുപ്പത്തിയാറുകാരനായ ഉമേഷ്‌ കുല്‍ക്കര്‍ണി ആകെ മൂന്നു ഫീച്ചര്‍ സിനിമകളേ സംവിധാനം ചെയ്‌തിട്ടുള്ളു. ഇതില്‍ ആദ്യത്തെ ചിത്രം ' വളു ' ( മുരട്ടുകാള ). വികൃതിയായ കാളക്കൂറ്റന്‍ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പൊല്ലാപ്പും അവനെ പിടിച്ചുകെട്ടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ചെറിയൊരു വിഷയത്തില്‍ നിന്ന്‌ ജീവനുള്ള ഒരു സിനിമ. അതാണ്‌ ' വളു '. ഗ്രാമജീവിതത്തിന്റെ അകൃത്രിമ സൗന്ദര്യമുള്ള സിനിമ. 2008 ല്‍ മഹാരാഷ്ട്രത്തില്‍ തകര്‍ത്തോടിയ സിനിമയാണിത്‌. ' വിഹിര്‍ ' ( കിണര്‍ ) എന്ന രണ്ടാമത്തെ ചിത്രവും ശ്രദ്ധിക്കപ്പെട്ടു. രണ്ട്‌ യുവ സുഹൃത്തുക്കളുടെ കഥയാണിത്‌. മൂന്നാമത്തെ ചിത്രമാണ്‌ ' ദേവൂള്‍ '. ദേവൂള്‍ എന്നാല്‍ മറാത്തിയില്‍ ' ക്ഷേത്രം ' എന്നര്‍ഥം. പുതുതായി ഉയര്‍ന്നുവന്ന ഒരു ക്ഷേത്രം ഗ്രാമജീവിതത്തെ മാറ്റിമറിക്കുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. 
ഉമേഷിന്റെ ആദ്യസിനിമയുമായി ബന്ധമുണ്ട്‌ ദേവൂളിന്‌. മഹാരാഷ്ട്രത്തിലെ ഒരു വിദൂരഗ്രാമത്തിലായിരുന്നു 'വളു ' വിന്റെ ഷൂട്ടിങ്‌. ഗ്രാമീണരുടെ സഹകരണ മനോഭാവം ഉമേഷിന്റെ ഉള്ളില്‍ത്തട്ടി. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഗ്രാമത്തില്‍ ഒരു വായനശാല കെട്ടിക്കൊടുക്കാനായിരുന്നു ആലോചന. പക്ഷേ, ഗ്രാമീണര്‍ അത്‌ നിരസിച്ചു. അവിടെ ഒരു പഴയ ക്ഷേത്രമുണ്ട്‌. അത്‌ പുതുക്കിത്തന്നാല്‍ മതിയെന്നായിരുന്നു അവരുടെ ആവശ്യം. ഇത്‌ കേട്ടപ്പോള്‍ താന്‍ അമ്പരന്നുപോയെന്ന്‌ ഉമേഷ്‌ പറയുന്നു. ഈയൊരു അനുഭവത്തില്‍ നിന്നാണ്‌ അദ്ദേഹം മൂന്നാമത്തെ സിനിമക്കുള്ള വിഷയം കണ്ടെത്തിയത്‌. 

ഇത്‌ വെറുമൊരു ഗ്രാമത്തിന്റെ കഥയല്ലെന്നാണ്‌ ഉമേഷ്‌ പറയുന്നത്‌. ഗ്രാമീണജനത തങ്ങള്‍ക്ക്‌ ചുറ്റും സ്വയം ഒരു ലോകം തീര്‍ക്കുന്നു. ഒടുവില്‍, അവര്‍ തന്നെ അതിന്റെ തടവുകാരാവുന്നു. ഈയൊരു വൈപരീത്യമാണ്‌ താന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്ന്‌ സംവിധായകന്‍ വ്യക്തമാക്കുന്നു. ആഗോളീകരണത്തിന്റെ പുതുയുഗത്തില്‍ ഇത്തരമൊരു ദുരന്തം അനിവാര്യമാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. ആലസ്യത്തിലാണ്ടു കിടക്കുന്ന മംഗ്‌രൂള്‍ എന്ന ഗ്രാമമാണ്‌ സിനിമയുടെ പശ്ചാത്തലം. അവിടെ സ്‌കൂളില്ല, ഫാക്ടറിയില്ല, ആസ്‌പത്രിയില്ല, കുടിവെള്ളമില്ല. ഇതൊന്നുമില്ലെങ്കിലും അവിടെ സൂത്രശാലികളായ രാഷ്ട്രീയക്കാരുണ്ട്‌. സമയം കൊന്ന്‌ നടക്കുന്ന അലസരായ ചെറുപ്പക്കാരുണ്ട്‌. ഗ്രാമപുരോഗതിക്കാവശ്യമായ പദ്ധതികളെ എങ്ങനെ തുരങ്കം വെക്കണം എന്ന്‌ ഇവര്‍ക്കൊക്കെ അറിയാം. ഇവരില്‍ നിന്നൊക്കെ ഭിന്നനാണ്‌ കേശവ്‌ . ഈ ചെറുപ്പക്കാരനാണ്‌ ഗ്രാമത്തിന്റെ രൂപാന്തരത്തിന്‌ കാരണക്കാരനാകുന്നത്‌. അമ്മയും കാമുകിയും പിന്നെ പാവം പിടിച്ച ഒരു പശുവും. ഇതാണ്‌ കേശവിന്റെ ലോകം. സ്വാര്‍ഥ ചിന്തയില്ല. പരോപകാരിയാണ്‌. ഒരു ദിവസം ഉച്ചഭക്ഷണം കഴിച്ച്‌ മരത്തണലില്‍ കേശവ്‌ ഒന്നു മയങ്ങാന്‍ കിടന്നു. ആ മയക്കത്തില്‍ അയാള്‍ സ്വപ്‌നം കണ്ടു. ദത്ത എന്ന ദേവന്‍ ( വിഷ്‌ണുവിന്റെ അവതാരങ്ങളിലൊന്നായ ദത്താത്രേയന്‍ ) അയാള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
അയാള്‍ ആ സംഭവം എല്ലാവരോടും പറഞ്ഞു. വാര്‍ത്തകള്‍ക്ക്‌ വിലയിടുന്ന ഗ്രാമീണ പത്രപ്രവര്‍ത്തകന്‍ മഹാസങ്കരം ഈ സ്വപ്‌നകഥയില്‍ വലിയൊരു സാധ്യത കണ്ടെത്തുന്നു. അയാളും ഏതാനും ചെറുപ്പക്കാരും ഗ്രാമത്തെ ദൈവം കടാക്ഷിച്ചതായി പ്രചരിപ്പിക്കുന്നു. ഇനി ദത്തയ്‌ക്ക്‌ ഒരു ക്ഷേത്രം വേണം. കേശവിന്റെ സ്വപ്‌നകഥ വിശ്വസിച്ചതിന്റെ പേരില്‍ ആദ്യമൊക്കെ ഭാര്യയെ വിമര്‍ശിച്ചിരുന്ന രാഷ്‌ട്രീയ നേതാവ്‌ ഭവു ഗലന്‍ഡെയും ചെറുപ്പക്കാരുടെ പക്ഷത്തേക്ക്‌ കൂറുമാറുന്നു. പുരോഗമനചിന്താഗതിക്കാരനായ കുല്‍ക്കര്‍ണി അണ്ണയുടെ ഉപദേശമൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ട. ഗ്രാമത്തില്‍ ഒരാസ്‌പത്രി പണിയാനുള്ള പ്രൊജക്ടുമായി നേതാവിന്റെ പിറകെ നടക്കുകയാണദ്ദേഹം. പക്ഷേ, നേതാവിനും ക്ഷേത്രത്തിലായി താല്‍പ്പര്യം. പണപ്പിരിവ്‌ കൊഴുക്കുന്നു. വളരെപ്പെട്ടെന്ന്‌ ക്ഷേത്രമുയരുന്നു. അതോടെ ഗ്രാമീണരുടെ ജീവിതരീതിയും ചിന്താഗതിയും മാറുന്നു. ഭക്തിയില്‍ നിന്നുള്ള വിറ്റുവരവ്‌ പങ്കിടുന്നതിലായി അവരുടെ ആര്‍ത്തി. ദേവനെ നിത്യവും തൊഴാന്‍ ചെന്നിരുന്ന ഗ്രാമീണര്‍ക്ക്‌ ഇപ്പോള്‍ അതിനൊന്നും സമയമില്ല. ദര്‍ശനത്തിന്‌ വിദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക്‌ സൗകര്യങ്ങളൊരുക്കുന്നതിലായി അവര്‍ക്ക്‌ ശ്രദ്ധ. തീര്‍ഥാടനകേന്ദ്രത്തില്‍ കച്ചവടം പൊടിപൊടിച്ചു. ഗ്രാമീണരെല്ലാം കച്ചവടക്കാരായി മാറി. ഇതെല്ലാം കണ്ട്‌ അമ്പരന്ന്‌ നില്‍ക്കുകയാണ്‌ കേശവും കുല്‍ക്കര്‍ണി അണ്ണയും. ഗ്രാമത്തിനും തനിക്കും എന്നും തണലായി നിന്ന അണ്ണ മനംമടുത്ത്‌ സ്ഥലം വിട്ടതോടെ കേശവ്‌ ഒറ്റപ്പെടുന്നു. അവസാനം, അറ്റകൈ പ്രയോഗിക്കുന്നു കേശവ്‌. ക്ഷേത്രത്തില്‍നിന്ന്‌ വിഗ്രഹവുമെടുത്ത്‌ അയാള്‍ ഒളിച്ചോടുന്നു. തന്റെ ഇഷ്‌ടദേവനെ നാട്ടുകാര്‍ കൂറ്റന്‍ മതിലുകള്‍ക്കുള്ളില്‍ തടവുകാരനാക്കിവെച്ചതിലായിരുന്നു കേശവിന്‌ രോഷം. പശ്ചാത്താപവിവശനായ അയാള്‍ വിഗ്രഹം നദിയിലൊഴുക്കി ആശ്വസിക്കുന്നു. എന്നാല്‍, ഗ്രാമത്തിലെ നേതാവും ചെറുപ്പക്കാരും അത്ര എളുപ്പം പിന്‍മാറുമോ? അവര്‍ പെട്ടെന്നുതന്നെ പ്രതിവിധി കണ്ടുപിടിക്കുന്നു. കേശവ്‌ വീണ്ടും പരാജയപ്പെടുന്നിടത്ത്‌ സിനിമ തീരുന്നു. ഭക്തിയുടെ വാണിജ്യവത്‌ക്കരണത്തിനെതിരെ ശക്തമായി സംസാരിക്കുന്നു ഈ സിനിമ. കരുത്തുറ്റ പ്രമേയം. അവതരണരീതിയും ശക്തം. സംവിധായകന്റെ നിലപാട്‌ വളരെ വ്യക്തമാണ്‌. അദ്ദേഹത്തിന്‌ പ്രമേയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ സന്ദേഹം ഏതുമില്ല. ' ദൈവത്തോടടുത്ത്‌ നില്‍ക്കുന്ന രാഷ്ട്രീയക്കാരനാണ്‌ എവിടെയും ജയം ' എന്ന്‌ പറയുന്ന ആ എം.എല്‍.എ. യെ പരിഹാസകഥാപാത്രമായാണ്‌ ്‌ സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. ദത്തയുടെ അവതാരത്തെ തുടക്കത്തില്‍ എം.എല്‍.എ. യും പ്രദേശിക നേതാവായ ഭവു ഗലാന്‍ഡെയും സംശയത്തോടെയാണ്‌ കണ്ടിരുന്നത്‌. പക്ഷേ, ചെറുപ്പക്കാരുടെ ഉത്സാഹത്തില്‍ ഒളിഞ്ഞിരിക്കുന്ന കച്ചവടസാധ്യത മനസ്സിലാക്കാന്‍ അവര്‍ക്ക്‌ അധികസമയം വേണ്ടിവരുന്നില്ല. കുല്‍ക്കര്‍ണി അണ്ണ വെച്ചുനീട്ടുന്ന റൂറല്‍ ആസ്‌പത്രിയുടെ പ്രോജക്ടില്‍ എവിടെ ലാഭത്തിനവസരം ? അപ്പോള്‍പ്പിന്നെ ഭക്തിമാര്‍ഗം തന്നെ രക്ഷ. ദീനം പിടിച്ച ഒരു ഗ്രാമം തീര്‍ഥാടകര്‍ ഇരച്ചെത്തുന്ന ടൗണ്‍ഷിപ്പായി മാറുന്നത്‌ എത്ര പെട്ടെന്നാണ്‌ ? ഈ ' പുരോഗതി ' യെ കേശവിനും കുല്‍ക്കര്‍ണി അണ്ണക്കും അംഗീകരിക്കാനാവുന്നില്ല. കേശവും അണ്ണയും സംവിധായകനെത്തന്നെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. അവര്‍ നേരിടുന്ന പരാജയത്തില്‍ സംവിധായകനും സങ്കടം തോന്നുന്നുണ്ട്‌.
ഭക്തിയെ കച്ചവടച്ചരക്കാക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളെ സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ട്‌ ഈ സിനിമ. ഇവിടെ കുടിവെള്ളമുണ്ടോ, ആസ്‌പത്രിയുണ്ടോ എന്ന ചോദ്യമുയര്‍ത്തി ക്ഷേത്രനിര്‍മാണത്തെ തുടക്കത്തില്‍ തള്ളിക്കളയുന്ന ഭവു ഗലാന്‍ഡെ എന്ന രാഷ്ട്രീയക്കാരന്‍ പെട്ടെന്നാണ്‌ മലക്കം മറിയുന്നത്‌. എം.എല്‍.എ. യുടെ വിളി വന്നതോടെ അയാള്‍ നിറം മാറുന്നു. ' ദൈവത്തെയും മതത്തെയും തൊട്ടുകളിക്കാന്‍ അനുവദിക്കില്ലെന്ന്‌ ' അയാള്‍ പ്രഖ്യാപിക്കുന്നു. ' വികസന രാഷ്ട്രിയത്തിലും ആത്മീയ ഇടപെടല്‍ ആവാമെന്നാണ്‌ ' പിന്നീട്‌ അയാളുടെ വാദം. നിയമവിരുദ്ധമായ ഓരോ ചെയ്‌തിക്കും അയാള്‍ക്ക്‌ ന്യായമുണ്ട്‌. ' നിയമം ഒരു വശത്ത്‌ നില്‍ക്കും. മറുവശത്ത്‌ രാഷ്ട്രീയക്കാരും. പക്ഷേ, ഇതിനിടയില്‍ ലക്ഷക്കണക്കിന്‌ ഭക്തന്മാരുണ്ട്‌. ഞങ്ങളെ തൊടണമെങ്കില്‍ അവരെ കടന്നുവേണം വരാന്‍ ' എന്നാണയാള്‍ വീരവാദം മുഴക്കുന്നത്‌. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെ ഇതിനപ്പുറം എങ്ങനെയാണ്‌ വരച്ചിടുക?
ഉമേഷിന്റെ ആദ്യചിത്രമായ ' വളു ' വിലെപ്പോലെ ഗ്രാമാന്തരീക്ഷം തന്നെയാണ്‌ ' ദേവൂളി ' ലും. ഗ്രാമം വിട്ട്‌ പുറത്തുപോകുന്നില്ല ക്യാമറ. ഗ്രാമീണ പശ്ചാത്തലവും തനി നാടന്‍ മനുഷ്യരും ഉമേഷിന്റെ ചിത്രങ്ങള്‍ക്ക്‌ പ്രത്യേക ഊര്‍ജം നല്‍കുന്നു. ' ദേവൂളി ' ല്‍ കേശവായി അഭിനയിച്ച ഗിരീഷ്‌ കുല്‍ക്കര്‍ണിക്കാണ്‌ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്‌. എങ്കിലും, സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രം ഭവു ഗലാന്‍ഡെയാണ്‌. രാഷ്‌ട്രീയക്കാരന്റെ നാട്യങ്ങളും വങ്കത്തരങ്ങളും അവസരത്തിനൊത്ത്‌ കളിക്കാനുള്ള ലജ്ജയില്ലായ്‌മയുമൊക്കെ ഈ കഥാപാത്രത്തില്‍ ചേര്‍ന്നുനില്‍ക്കുക്കതു കാണാം. നാനാ പടേക്കറാണ്‌ ഈ വേഷം ചെയ്‌തത്‌. അനായാസമായ അഭിനയമാണ്‌ നാനാ പടേക്കറുടേത്‌.