Sunday, August 18, 2013

ലിങ്കണ്‍ - ഭരണാധികാരിയും കുടുംബനാഥനും

അടിമസമ്പ്രദായം 
തുടച്ചുനീക്കിയ 
അമേരിക്കന്‍ പ്രസിഡന്റ് 
എബ്രഹാം ലിങ്കനെ 
ഭരണാധികാരിയായും 
കുടുംബനാഥനായും 
നോക്കിക്കാണുകയാണ് 
സ്പില്‍ബര്‍ഗിന്റെ 
'ലിങ്കണ്‍ '
എന്ന ഹോളിവുഡ് സിനിമ


അറുപത്തിയേഴുകാരനായ അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് 40 വര്‍ഷമായി സിനിമാരംഗത്തുണ്ട്. മുപ്പതോളം  ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സ്പില്‍ബര്‍ഗിന്റെ സിനിമകള്‍ ഇതുവരെയായി 123 അക്കാദമി നോമിനേഷന്‍ നേടിയിട്ടുണ്ട്. കിട്ടിയ അക്കാദമി അവാര്‍ഡുകള്‍ 33.   അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ' ലിങ്കണ്‍ ' ( 2012 ) 85 ാം അക്കാദമി അവാര്‍ഡിന് 12 നോമിനേഷനാണ് നേടിയത്. പക്ഷേ, രണ്ട് അവാര്‍ഡുകളേ കിട്ടിയുള്ളു. മികച്ച നടനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ളതാണ് ഈ അവാര്‍ഡുകള്‍. ലിങ്കന്റെ വേഷമഭിനയിച്ച ഡാനിയല്‍ ഡെ ലെവിസാണ് മികച്ച നടന്‍.  ആറരക്കോടി ഡോളര്‍ ചെലവില്‍ നിര്‍മിച്ച ' ലിങ്കണ്‍ ' സ്പില്‍ബര്‍ഗിന്റെ മറ്റേതൊരു ചിത്രവുംപോലെ പണം വാരിയെടുത്തു. 27.5 കോടി ഡോളറാണ് ഇതുവരെ കളക്ഷന്‍ കിട്ടിയത്.

   സ്പില്‍ബര്‍ഗ് രണ്ടു തവണ മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് ( 1993 ) , സേവിങ് പ്രൈവറ്റ് റിയാന്‍ ( 1998 ) എന്നിവയാണീ ചിത്രങ്ങള്‍. ജോസ്, ക്‌ളോസ് എന്‍കൗണ്ടേഴ്‌സ് ഓഫ് ദ തേഡ് കൈന്‍ഡ്, റെയ്‌ഡേഴ്‌സ് ഓഫ് ദ ലോസ്റ്റ് ആര്‍ക്, ഇ.ടി. എക്‌സ്ട്രാ ടെറെസ്ട്രിയല്‍, ജുറാസിക് പാര്‍ക്ക്, മ്യൂണിച്ച് എന്നിവയാണ് സ്പില്‍ബര്‍ഗിന്റെ മറ്റു പ്രധാന സിനിമകള്‍. 
   ലിങ്കന്റെ ജീവിതം സിനിമയാക്കാന്‍ സ്പില്‍ബര്‍ഗ് ആലോചന തുടങ്ങിയത് 12 വര്‍ഷം മുമ്പാണ്. ചരിത്രപുരുഷനായ ലിങ്കനെ എങ്ങനെ സിനിമയില്‍ വീരാരാധനയില്‍  നിന്നൊഴിവാക്കാം എന്നതായിരുന്നു സ്പില്‍ബര്‍ഗിന്റെ ചിന്ത. അടിമസമ്പ്രദായം നിര്‍ത്തലാക്കി  ചരിത്രം രചിച്ച അമേരിക്കന്‍ പ്രസിഡന്റ്  എന്നതിനോടൊപ്പം  ഭര്‍ത്താവും അച്ഛനുമായി ലിങ്കനെ കാണാനായിരുന്നു സ്പില്‍ബര്‍ഗിന്റെ ശ്രമം. ഇതൊരു കഠിനപ്രക്രിയയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വീട്ടിനകത്തും പുറത്തുമുള്ള ലിങ്കനെ ഒരേപോലെ പിന്തുടരുകയാണ് സ്പില്‍ബര്‍ഗ്. ഭരണതലത്തില്‍ തന്ത്രശാലിയായിരുന്ന ലിങ്കനെ  വീട്ടിനകത്ത് പലപ്പോഴും നിസ്സഹായനെപ്പോലെയാണ് നമ്മള്‍ ഈ ചിത്രത്തില്‍ കാണുന്നത്. രാഷ്ട്രീയ, സാമൂഹികപ്രശ്‌നങ്ങളില്‍ കടുത്ത നിലപാടാണ് അദ്ദേഹം എടുക്കുന്നത്.  ശക്തിയുക്തം വാദിച്ച് എതിരാളികളെ മുട്ടുകുത്തിക്കാനും അദ്ദേഹത്തിനു കഴിയും. ഇതേ ലിങ്കണ്‍ ഭാര്യക്കും മകനും മുമ്പില്‍ പലപ്പോഴും നിശ്ശബ്ദനായി മാറുന്നു. അവരുടെ രോഷത്തിനു മുന്നില്‍ വാക്കുകള്‍ കിട്ടാതെ അദ്ദേഹം വിരണ്ടുപോകുന്നു. 
    ലിങ്കന്റെ പൂര്‍ണ ജീവചരിത്രമല്ല ഈ സിനിമയില്‍  രേഖപ്പെടുത്തുന്നത്. അമേരിക്കയുടെ 16 ാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തിലെ നാലുമാസം മാത്രമേ ചിത്രത്തില്‍ വരുന്നുള്ളൂ. സ്പില്‍ബര്‍ഗിന് അത്രയും മതി ആ മഹാപുരുഷന്റെ സജീവചിത്രം വരച്ചിടാന്‍. ചലച്ചിത്രകാരനെന്ന നിലയില്‍ താന്‍ നേടിയ അധീശത്വം ഈ സിനിമയിലും സ്പില്‍ബര്‍ഗ് അരക്കിട്ടുറപ്പിക്കുന്നു. 550 പേജ് വരുന്ന തിരക്കഥയിലെ 65 പേജിലാണ് സ്പില്‍ബര്‍ഗ് ശ്രദ്ധയൂന്നിയത്. അടിമത്തം തുടച്ചുനീക്കാനുള്ള 13 ാം ഭരണഘടനാഭേദഗതി പാസാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഈ 65 പേജിലെ പ്രതിപാദ്യം. ലിങ്കന്റെ ജീവിതത്തിലെ നിര്‍ണായക ദിനങ്ങളാണ് ഈ പേജുകളിലുള്ളത്. തനിക്ക് പറയാനുള്ളത് ആ കഥയാണെന്ന്  സ്പില്‍ബര്‍ഗ് അടിവരയിട്ടുറപ്പിച്ചു.അതാണ് തന്റെ സിനിമ എന്നദ്ദേഹം പ്രഖ്യാപിച്ചു.

     ഡോറിസ് കേണ്‍സ് ഗുഡ്‌വിന്‍ എന്ന വനിത എഴുതിയ  'ടീം ഓഫ് റൈവല്‍സ് :  ദ പൊളിറ്റിക്കല്‍ ജീനിയസ് ഓഫ് അബ്രഹാം ലിങ്കണ്‍ ' എന്ന ജീവചരിത്രത്തെ ആധാരമാക്കിയാണ് സ്പില്‍ബര്‍ഗ് ഈ സിനിമ ഒരുക്കിയത്.  ഡോറിസിന്റെ പുസ്തകം  ലിങ്കന്റെ ജീവിതകഥ മാത്രമല്ല പറയുന്നത്. കടുത്തൊരു പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ നയിക്കാന്‍ ലിങ്കണ്‍ തിരഞ്ഞെടുത്ത  ടീമംഗങ്ങളെക്കൂടി ലിങ്കന്റെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് പുസ്തകം. പ്രമുഖരായ അഞ്ച് നേതാക്കളെയാണ് ഡോറിസ്  പരിചയപ്പെടുത്തുന്നത്. അവരില്‍ നാലുപേരും 1860ല്‍  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബഌക്കന്‍ നോമിനിയാകാന്‍ ലിങ്കനോട് മത്സരിച്ചവര്‍കൂടിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലിങ്കണ്‍ അവരെയെല്ലാം തന്റെ മന്ത്രിമാരാക്കി ഹൃദയവിശാലത തെളിയിച്ചു. കൂട്ടത്തില്‍ പ്രധാനിയായ വില്യം എച്ച്. സെവാര്‍ഡിനെയാണ് ലിങ്കണ്‍ സ്റ്റേറ്റ് സെക്രട്ടറിയാക്കിയത്. ജനങ്ങളെയും രാഷ്ട്രീയത്തെയും എങ്ങനെ ലിങ്കണ്‍ ഒരേപോലെ വിജയകരമായി കൈകാര്യം ചെയ്തു എന്നാണ് ഡോറിസിന്റെ പുസ്തകം വ്യക്തമാക്കുന്നത്. രാഷ്ട്രത്തലവന്‍, ടീം മാനേജര്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം ലിങ്കണ്‍ എപ്രകാരം തിളങ്ങി എന്ന് പുസ്തകം എടുത്തുകാട്ടുന്നു. 
       1865 ജനവരിയില്‍  തുടങ്ങുന്ന  ' ലിങ്കണ്‍ ' എന്ന സിനിമ  ഏപ്രില്‍ 15 ന് അവസാനിക്കുന്നു. ഈ നാലു മാസത്തിനിടയില്‍ എബ്രഹാം ലിങ്കണ്‍ എന്ന ഭരണാധികാരിയും കടുംബനാഥനും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ അതിശക്തനായി, മറ്റു ചിലപ്പോള്‍ ദുര്‍ബലനായി. 1865 ജനവരി. ലിങ്കണ്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടു മാസം കഴിഞ്ഞു. തെക്കും വടക്കും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം നാലാം വര്‍ഷത്തേക്ക് കടന്നിരിക്കുന്നു. ( ഏതാണ്ട് ആറു ലക്ഷം സൈനികര്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്). രണ്ട് നീഗ്രോ  സൈനികരുമായി സംസാരിക്കുന്ന ലിങ്കനെയാണ് നമ്മളാദ്യം കാണുന്നത്. സഹിഷ്ണുതയോടെ, സൗമ്യനായി അദ്ദേഹം അവരുടെ പ്രശ്‌നങ്ങളും ആവലാതികളും കേള്‍ക്കുന്നു. പോരാട്ടത്തില്‍ മരിച്ചവരുടെ ത്യാഗം വെറുതെയാവില്ലെന്ന് തങ്ങള്‍ ഉറപ്പിക്കും എന്നു പ്രതിജ്ഞ ചെയ്യുന്നു ആ സൈനികര്‍. 50 കൊല്ലത്തിനുള്ളില്‍ ഒരു നീഗ്രോ കേണല്‍ ഉണ്ടായേക്കാം എന്നവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. നൂറു കൊല്ലത്തിനുള്ളില്‍ തങ്ങള്‍ക്ക് വോട്ടവകാശവും കിട്ടിയേക്കാം. സ്വാതന്ത്ര്യത്തിന്റെ നവോദയം കാണുമെന്ന ആത്മവിശ്വാസത്തോടെയാണവര്‍ യുദ്ധരംഗത്തേക്ക് തിരിച്ചുപോകുന്നത്. ലിങ്കന്റെ ജീവിതദൗത്യമാണ് സംവിധായകന്‍ ഈ രംഗത്തിലൂടെ ബോധ്യപ്പെടുത്തുന്നത്. അടിമത്തം തുടച്ചുനീക്കുമെന്ന്  ഒന്നരവര്‍ഷം മുമ്പ് ലിങ്കണ്‍  ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. അതിന്റെ പേരിലാണ് തന്നെ  അവര്‍  വീണ്ടും തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിനറിയാം. ആ വാഗ്ദാനം പാലിച്ചേ തീരൂ. 13 ാം ഭരണഘടനാ ഭേദഗതിയിലൂടെ അടിമവ്യാപാരം നിരോധിക്കണം. അതുവഴി യുദ്ധവും അവസാനിക്കുമെന്ന് ലിങ്കണ്‍ കണക്കുകൂട്ടുന്നു. തന്റെ വാഗ്ദാനം നിറവേറ്റാന്‍ കഠിനശ്രമം നടത്തുന്ന  പ്രസിഡന്റിനെയാണ് പിന്നീട് നാം കാണുന്നത്. ഒടുവില്‍ ലക്ഷ്യം നേടിയെങ്കിലും സ്വന്തം ജീവനാണ് അദ്ദേഹത്തിന് ബലി കൊടുക്കേണ്ടി വന്നത്. 56 ാം വയസ്സില്‍,  1865 ഏപ്രില്‍ 15ന് ലിങ്കണ്‍  വെടിയേറ്റു മരിച്ചു. അമേരിക്കന്‍ ജനതക്കിടയിലും ലോകമെങ്ങും സമാധാനം നിലനില്‍ക്കട്ടെ എന്ന് പ്രത്യാശിക്കുന്ന  ലിങ്കന്റെ പ്രസംഗം വീണ്ടും എടുത്തുകാണിച്ചാണ് സ്പില്‍ബര്‍ഗ് സിനിമ അവസാനിപ്പിക്കുന്നത്. 
    മനുഷ്യന്റെ അന്തസ്സിന്റെ വിധികര്‍ത്താക്കളാണ് നമ്മള്‍ എന്ന് പാര്‍ട്ടിയിലുള്ള തന്റെ എതിരാളികളെ ഓര്‍മപ്പെടുത്തുന്നുണ്ട് ലിങ്കണ്‍. ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ മാത്രമല്ല ഇനി പിറക്കാനിരിക്കുന്ന ലക്ഷങ്ങളെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് പുതിയ നിയമത്തിന്റെ മഹത്തായ  ലക്ഷ്യം എന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തുന്നു. 
    ലിങ്കന്റെ സംഭവബഹുലമായ ജീവിതത്തില്‍ നിന്ന് വളരെ ചെറിയൊരു കാലയളവേ സ്പില്‍ബര്‍ഗ് തന്റെ സിനിമയിലേക്ക് എടുത്തിട്ടുള്ളൂ. എങ്കിലും, ലിങ്കന്റെ ബഹുമുഖ വ്യക്തിത്വം തിളക്കത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിര്‍ണായകഘട്ടങ്ങളില്‍  ഉറച്ച തീരുമാനമെടുക്കുകയും സഹപ്രവര്‍ത്തകരില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താവ് , യുദ്ധതന്ത്രങ്ങള്‍ മെനയുന്ന സൈനികത്തലവന്‍, മക്കളെ അതിരറ്റ് സ്‌നേഹിക്കുന്ന അച്ഛന്‍, ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ക്കു മുന്നില്‍ മൗനം എടുത്തണിയുന്ന ഭര്‍ത്താവ് എന്നീ നിലകളിലാണ് സംവിധായകന്‍ ലിങ്കനെ അവതരിപ്പിക്കുന്നത്. തോറ്റുപോകാനിടയുള്ള നിയമനിര്‍മാണത്തിലേക്ക് കടക്കരുതെന്ന് തുടക്കത്തില്‍ ഭാര്യ മേരി ടോഡ്  ലിങ്കന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എങ്കിലും, അദ്ദേഹത്തെ സര്‍വാത്മനാ പിന്തുണച്ചിരുന്നു അവര്‍. ഒരു മകന്റെ മരണം മേരിയെ വല്ലാതെ ഉലച്ചിരുന്നു. ലിങ്കനെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താനും അവര്‍ മടിച്ചിരുന്നില്ല. 
      
 മൂത്ത മകന്‍ റോബര്‍ട്ടിനെ സൈനികനാക്കാന്‍  ലിങ്കണ്‍ ശ്രമിക്കുന്നതായി മേരി ടോഡ്  സംശയിച്ചിരുന്നു. സത്യത്തില്‍ റോബര്‍ട്ടാണ് സൈന്യത്തില്‍ ചേരാന്‍ വാശി പിടിക്കുന്നത്. അവനെ പിന്തിരിപ്പിക്കാനാണ് ലിങ്കണ്‍ ശ്രമിച്ചിരുന്നത്. സമപ്രായക്കാര്‍ സൈനികസേവനം നടത്തുമ്പോള്‍ താന്‍മാത്രം വിട്ടുനില്‍ക്കുന്നതില്‍ വിദ്യാര്‍ഥിയായ റോബര്‍ട്ടിന് കുറ്റബോധമുണ്ടായിരുന്നു. യുദ്ധരംഗത്ത് മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന  സൈനികരുടെ മുറിച്ചുമാറ്റിയ കാലുകള്‍ ചെറുവണ്ടിയില്‍ നിറച്ച് പുറത്തുകൊണ്ടുപോയി തള്ളുന്ന ദൃശ്യം റോബര്‍ട്ടിനെ ഞെട്ടിച്ചു. (യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ഈ രംഗം നമ്മളെയും നടുക്കും ). പിതാവിനെ ധിക്കരിച്ച് അവന്‍ സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുന്നത് ഇവിടെവെച്ചാണ്. 
      അവസാനദൃശ്യങ്ങളില്‍ ആഹഌദവതിയായ മേരി ടോഡിനെയാണ് നമ്മള്‍ കാണുന്നത്. ലിങ്കന്റെ സന്തോഷം കെടുത്തിയതില്‍ അവര്‍ സ്വയം കുറ്റപ്പെടുത്തുന്നുണ്ട് അപ്പോള്‍. നമ്മള്‍ ഏറെ ദു:ഖം സഹിച്ചു. ഇനി സന്തോഷിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു ലിങ്കന്റെ മറുപടി. ജറുസലേം നഗരം കാണാന്‍ ലിങ്കണ്‍  ആഗ്രഹിച്ചിരുന്നു. ദാവീദും സോളമനും നടന്നുപോയ ജറുസലേം വീഥികളിലൂടെ നടക്കണമെന്ന് അദ്ദേഹം ഭാര്യയോട് പറയുന്നുണ്ട്.  ആ ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം വിട പറഞ്ഞത്.  
    ജനങ്ങളിലും ജനപ്രതിനിധികളിലുമുള്ള ദൃഢവിശ്വാസവും രാഷ്ട്രത്തെ ഒരുമിച്ചുനിര്‍ത്താനുള്ള അഭിവാഞ്ഛയും അടിമജീവിതം നയിക്കുന്നവരോടുള്ള സഹാനുഭതിയുമൊക്കെ എടുത്തുകാട്ടി എബ്രഹാം ലിങ്കനെ ഉത്തമനായ ഭരണത്തലവന്റെ ഉന്നതപീഠത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സ്പില്‍ബര്‍ഗ്  വിജയിക്കുന്നു. ഭരണഘടനാഭേദഗതി വോട്ടിനിടുന്ന ദിവസം ജനപ്രതിനിധിസഭയിലുണ്ടാകുന്ന പിരിമുറുക്കം പ്രേക്ഷകനിലേക്കും ശക്തമായി പകരുന്നുണ്ട് സംവിധായകന്‍. ഈ സിനിമക്കെതിരെ പറയാവുന്ന ഏക ന്യൂനത സംഭാഷണങ്ങളുടെ ആധിക്യമാണ്.