Friday, May 23, 2008

ശൂന്യമായ വീടുകള്‍

'ഉപേക്ഷിക്കപ്പെട്ട വീടുകളാണ്‌ നാമെല്ലാം. ആരെങ്കിലുമൊരാള്‍ വന്ന്‌ പൂട്ടുതുറന്ന്‌ മോചിപ്പിക്കുന്നതും കാത്തിരിക്കുകയാണ്‌ നമ്മള്‍''സംവിധായകന്‍ കിം കി ഡൂക്ക്‌ പറയുന്നു. മനസ്സില്‍ കുറിച്ചിട്ട ഈ ആശയം വികസിപ്പിച്ചാണ്‌ '3 അയണ്‍' എന്ന കൊറിയന്‍ ചിത്രത്തിന്‌ രൂപം കൊടുത്തത്‌. ''നമ്മള്‍ കാണുന്ന ഈ ലോകത്തേയ്‌ക്ക്‌ ഞാനെന്റെ ചിന്തകളും വിചാരങ്ങളും ചേര്‍ക്കുകയാണ്‌''-കിം വിശ്വസിക്കുന്നു.


ഒരു ലക്ഷ്യവുമില്ലാതെ അലയുന്നവനാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. പേര്‌ ടോ-സുക്ക്‌. ഈ യുവാവിന്‌ ഒരു ബൈക്കാണ്‌ സ്വന്തമായുള്ളത്‌. ജോലിയില്ല, വീടില്ല. രാവിലെ ബൈക്കില്‍ സവാരിക്കിറങ്ങും. രാത്രി താമസിക്കാനൊരിടം വേണം. അതിനവന്‍ ഒരെളുപ്പവഴി കണ്ടുപിടിച്ചു. കുറെ വീടുകളുടെ വാതിലില്‍ പരസ്യങ്ങളുടെ ലഘുലേഖകള്‍ തൂക്കിയിടും.കറങ്ങിത്തിരിഞ്ഞ്‌ പിന്നീട്‌ അവിടെ തിരിച്ചെത്തും. ലഘുലേഖ നീക്കം ചെയ്യാത്ത ഏതെങ്കിലും വീട്ടിലായിരിക്കും അന്നത്തെ താമസം. വീട്ടുകാര്‍ പുറത്തായതിനാലാണ്‌ ലഘുലഖ എടുത്തുമാറ്റാത്തതെന്ന്‌ അവനറിയാം. ഏതു പൂട്ടും തുറക്കാനുള്ള ചില ഉപകരണങ്ങള്‍, ഒരു ഗോള്‍ഫ്‌ പന്ത്‌, പന്തടിക്കാനുള്ള ഉപകരണം. ഇത്രയുമാണവന്റെ കൈമുതല്‍. പതുക്കെ വാതില്‍ തുറന്ന്‌ അന്നവിടെ കഴിയുന്നു. ടോ-സുക്ക്‌ ഒന്നും മോഷ്ടിക്കില്ല. മാന്യമായ ഭവനഭേദനക്കാരനാണവന്‍.


നന്നായി കുളിച്ച്‌, അലമാരയിലുള്ള വസ്‌ത്രങ്ങളും ധരിച്ച്‌, അവിടെയുള്ള ഭക്ഷണസാധനങ്ങളും കഴിച്ച്‌, ടെലിവിഷന്‍ കണ്ട്‌ സുഖമായുറങ്ങുന്നു.ഇതിനിടയില്‍,കേടുള്ള എന്തെങ്കിലും ഉപകരണം വീട്ടിലുണ്ടെങ്കില്‍ അവനത്‌ നന്നാക്കിയിരിക്കും. കുട്ടികളുടെ കളിത്തോക്ക്‌ നന്നാക്കും. ഭാരം നോക്കുന്ന യന്ത്രം കേടുപാടു തീര്‍ക്കും. ക്ലോക്കിന്‌ ജീവന്‍ കൊടുക്കും. ചെടി നനയ്‌ക്കും. വീട്ടുകാര്‍ അഴിച്ചിട്ട വസ്‌ത്രങ്ങള്‍ അലക്കിയിടും.ആകെപ്പാടെ വീടിനൊരു വൃത്തിയും വെടിപ്പും വരുത്തും. അഥവാ കണക്കുകൂട്ടലുകള്‍ തെറ്റി വീട്ടുകാരെങ്ങാനും എത്തിയാല്‍ ബൈക്കെടുത്ത്‌ പറപറക്കും, അടുത്ത അന്തിത്താവളം കണ്ടെത്താന്‍.


ഒരിക്കല്‍ അവന്‍ അതിക്രമിച്ചുകടന്നത്‌ ആളുള്ള വീട്ടില്‍ത്തന്നെയാണ്‌. പ്രശസ്‌ത മോഡലായ സണ്‍ഹ്വാ എന്ന യുവതിയുടേതാണ്‌ ആ വീട്‌. ഭര്‍ത്താവായ ബിസിനസ്സുകാരന്‌ അവളുടെ ശരീരം മാത്രമേ വേണ്ടൂ. അന്നും വഴക്കിട്ടാണയാള്‍ പോയത്‌. തകര്‍ന്ന ആ ബന്ധത്തിലേക്കാണ്‌ അനുവാദമില്ലാതെ ടോ-സുക്ക്‌ കടന്നുവരുന്നത്‌. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സണ്‍ ഹ്വാ അവനോടൊപ്പം രാത്രി തന്നെ രക്ഷപ്പെടുന്നു. പിന്നീട്‌ രണ്ടുപേരും ചേര്‍ന്നാണ്‌ ഭവനഭേദനം നടത്തുന്നത്‌.


ഒരുദിവസം താമസിക്കാന്‍ കയറിയ വീട്ടില്‍ ഒരു മരണം നടക്കുന്നു. ഒരു വൃദ്ധനാണ്‌ മരിക്കുന്നത്‌. അയാളുടെ മകന്‍ പരാതിപ്പെട്ടതനുസരിച്ച്‌ കൊലക്കുറ്റം ചുമത്തി ടോ-സുക്കിനെ ജയിലിലടയ്‌ക്കുന്നു. സണ്‍ ഹ്വായെ ഭര്‍ത്താവ്‌ വിളിച്ചുകൊണ്ടുപോകുന്നു.ജയിലില്‍നിന്ന്‌ അവന്‍ വരുന്നതും കാത്തിരിക്കുകയാണവള്‍. ഒടുവില്‍ അവന്‍ ജയില്‍മോചിനാകുന്നു. അവര്‍ ഒരുമിച്ച്‌ ചേരുന്നു.


2004ലെ വെനീസ്‌ ചലച്ചിത്ര മേളയില്‍ കിമ്മിന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ 3 അയണ്‍. അക്കൊല്ലം തന്നെ ടൊറന്റോ മേളയിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. കിം കി ഡുക്ക്‌ ചിത്രകാരന്‍കൂടിയാണ്‌.ഗോള്‍ഫ്‌ കളിയുമായി ബന്ധപ്പെട്ട വാക്കാണ്‌ ചിത്രത്തിന്റെ ശീര്‍ഷകം. ഗോള്‍ഫ്‌ ബാഗില്‍ അധികം ആവശ്യമില്ലാതെ കിടക്കുന്ന ഉപകരണമാണ്‌ പന്തടിക്കാനുപയോഗിക്കുന്ന 3 അയണ്‍.


ഉപേക്ഷിക്കപ്പെട്ട, ഒറ്റയാക്കപ്പെട്ട മനുഷ്യന്റെയോ ഒഴിഞ്ഞ വീടിന്റെയോ പ്രതീകമാണ്‌ ഈ ഉപകരണമെന്ന്‌ സംവിധായകന്‍ കരുതുന്നു. കഥാനായകനും നായികയും ജീവിതത്തില്‍ ഒറ്റപ്പെട്ടവരാണ്‌. അവരുടെ അവസ്ഥ സൂചിപ്പിക്കാന്‍ ഈ പ്രതീകത്തിന്‌ കഴിയുന്നു. മറ്റൊന്നു കൂടിയുണ്ട്‌. സണ്‍ ഹ്വയുടെ ഭര്‍ത്താവിനെയും തന്നെ ദ്രോഹിച്ച പോലീസുകാരനെയും ടോ- സുക്ക്‌ ശിക്ഷിക്കുന്നത്‌ ഗോള്‍ഫ്‌ പന്തുകൊണ്ടാണ്‌.


ഒരുമാസം കൊണ്ടാണ്‌ കിം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്‌. ഷൂട്ടിങ്ങിന്‌ 16 ദിവസമെടുത്തു. എഡിറ്റിങ്ങിന്‌ പത്തു ദിവസവും. എല്ലാം രണ്ടു മാസം കൊണ്ടു കഴിഞ്ഞു. ''നാം ജീവിക്കുന്ന ലോകം യഥാര്‍ഥമാണോ സ്വപ്‌നമാണോ എന്ന്‌ പറയുക പ്രയാസം'' എന്നെഴുതിക്കാണിച്ചുകൊണ്ടാണ്‌ ചിത്രം അവസാനിക്കുന്നത്‌. സംവിധായകന്റെ ഈ സന്ദേഹം പ്രേക്ഷകനും അനുഭവപ്പെടുന്നുണ്ട്‌. യാഥാര്‍ഥ്യവും ഭ്രമാത്മകതയും നമുക്ക്‌ എളുപ്പം വേര്‍തിരിച്ചെടുക്കാനാവില്ല. ലോലമായ അതിര്‍വരമ്പേ ഇവയ്‌ക്കിടയിലുള്ളൂ.


നന്മയുടെ പക്ഷത്തുനില്‍ക്കുന്നയാളാണ്‌ സംവിധായകന്‍. ടോ-സുക്കിനെ നന്മമാത്രം കൈമുതലായുള്ള രക്ഷകനായാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്‌. ഇത്‌ അദ്ദേഹത്തിന്റെ സ്വപ്‌നമാണ്‌. യഥാര്‍ഥലോകം മറുപക്ഷത്താണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ വളര്‍ത്തിയെടുക്കുന്ന സുന്ദര സ്വപ്‌നത്തിന്റെ പ്രതീകമാണ്‌ ടോ-സുക്ക്‌.


ചിത്രത്തിന്റെ ഇതിവൃത്തത്തില്‍ ആറുവീടുകളാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ആറിലും കഥാനായകന്‍ നുഴഞ്ഞുകയറുകയാണ്‌. തുടക്കത്തില്‍ ആ വീടുകളില്‍ ആരെയും നമുക്ക്‌ കാണാനാവില്ല. പക്ഷെ, എല്ലാവരുടെയും ഫോട്ടോകളുണ്ട്‌. അവിടെ റെക്കോഡ്‌ ചെയ്‌തുവെച്ച സന്ദേശങ്ങളും അവിടേക്കുവരുന്ന ഫോണ്‍വിളികളും നമ്മെ കേള്‍പ്പിക്കുന്നുണ്ട്‌. ഇത്രയും കൊണ്ടുതന്നെ ആ കുടുംബങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ നല്‍കാന്‍ സംവിധായകന്‌ കഴിയുന്നുണ്ട്‌.


ഇതിലെ ഓരോ വീടും ഓരോ ലോകമാണ്‌. അസംതൃപ്‌തരുടെ ലോകം. അവിടെ ആരും വാതിലുകള്‍ തുറന്നിടുന്നില്ല. കൂടുതല്‍ കൂടുതല്‍ ഉള്ളിലേക്ക്‌ കടന്നിരുന്ന്‌ മനസ്സിന്റെ വാതിലുകള്‍ കൊട്ടിയടയ്‌ക്കുകയാണ്‌, അപരിചിതരുടെ കടന്നുവരവ്‌ ഒഴിവാക്കാന്‍.എന്നാല്‍, ഓരോ വീടിനും ഓരോ ചൈതന്യമുണ്ടെന്ന്‌ സംവിധായകന്‍ വിശ്വസിക്കുന്നു. വീട്‌ ഒരിക്കലും മനുഷ്യരുടെ ശബ്ദമില്ലാതെ, ചൂരില്ലാതെ ശൂന്യമായിക്കിടക്കരുത്‌. ആ ശൂന്യത നികത്താനാണ്‌, അവിടെ ചൈതന്യം നിറയ്‌ക്കാനാണ്‌ ടോ-സുക്ക്‌ എത്തുന്നത്‌. വീട്ടുകാരുടെ അസാന്നിദ്ധ്യത്തിലും അവിടെ അവന്‍ ജീവന്‍ പകരുന്നു. സ്ഥാനം മാറിക്കിടക്കുന്ന വസ്‌തുക്കള്‍ യഥാ സ്ഥാനത്ത്‌ വെയ്‌ക്കുന്നു. കേടായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഓരോ വീട്ടിലും തന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായി തന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നു.


ദാമ്പത്യത്തിലെ സംശയം, പിണക്കങ്ങള്‍, അതൃപ്‌തി, അധീശത്വ മനോഭാവം, മുറിവുകള്‍ എന്നിവയെക്കുറിച്ചും പിതൃ-പുത്ര ബന്ധത്തിലെ സ്‌നേഹശൂന്യമായ യാന്ത്രികതയെക്കുറിച്ചും ഈ ചിത്രം സംസാരിക്കുന്നു. എല്ലാറ്റിനും സാക്ഷിയായി ഒരാളുണ്ട്‌-ടോ-സുക്ക്‌. ആര്‍ദ്ര മനസ്സോടെ അവന്‍ സ്‌നേഹശൂന്യതയുടെ വിടവടയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌. ശ്വാസകോശാര്‍ബുദ രോഗിയായ പിതാവിനെ പട്ടിക്കുഞ്ഞിനൊപ്പം വീട്ടില്‍ ഏകനായി വിട്ടിട്ടാണ്‌ മകനും ഭാര്യയും ടൂറിന്‌ പോകുന്നത്‌. ടോ-സുക്കും സണ്‍ഹ്വായും അവിടെയെത്തുമ്പോള്‍ രക്തം ഛര്‍ദ്ദിച്ച്‌ വൃദ്ധന്‍ മരിച്ചുകിടക്കുകയായിരുന്നു. ഈയൊരവസ്ഥയില്‍ അവിടെനിന്ന്‌ രക്ഷപ്പെടാനല്ല അവന്‍ ശ്രമിക്കുന്നത്‌. അവിടെ കണ്ടൊരു നമ്പറില്‍ മകനെ വിളിക്കുന്നു. മൂന്നു ദിവസം കഴിഞ്ഞേ തങ്ങളെ ബന്ധപ്പെടാനാവൂ എന്ന റെക്കോഡ്‌ ചെയ്‌തുവെച്ച മറുപടിയാണ്‌ അവനു കിട്ടുന്നത്‌. ഒരച്ഛനു നല്‍കേണ്ട എല്ലാ ആദരവും നല്‍കി അവന്‍ മൃതദേഹം രഹസ്യമായി സംസ്‌കരിക്കുന്നു. മൃതദേഹം പൊതിഞ്ഞുകെട്ടുമ്പോള്‍ മകന്‍ വിളിക്കുന്നുണ്ട്‌.''അച്ഛന്‍ വിളിച്ചിരുന്നോ, സുഖം തന്നെയല്ലേ''-എന്നാണയാള്‍ ചോദിക്കുന്നത്‌.


തന്റെ ചിത്രത്തിലെ ഓരോ ഘടകത്തെക്കുറിച്ചും സംവിധായകന്‍ കിമ്മിന്‌ വ്യക്തമായ ധാരണയുണ്ട്‌. വികാരപ്രകടനത്തിന്‌ ഭാഷ നിര്‍ബന്ധമില്ലെന്ന്‌ ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു. 95 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ ടോ-സുക്കും സണ്‍ഹ്വായും തമ്മില്‍ ഒരക്ഷരംപോലും മിണ്ടുന്നില്ല. ടോ-സുക്ക്‌ ചിത്രത്തിലുടനീളം നിശബ്ദനാണ്‌. സണ്‍ഹ്വാ ആകട്ടെ രണ്ടു തവണ മാത്രമാണ്‌ സംസാരിക്കുന്നത്‌. അതും ചിത്രത്തിനൊടുവില്‍. രണ്ടു വാചകം മാത്രം. അതേസമയം നീച കഥാപാത്രങ്ങളുടെ സംഭാഷണത്തിന്‌ സംവിധായകന്‍ തടയിടുന്നില്ല. സണ്‍ഹ്വായുടെ ഭര്‍ത്താവ്‌, ടോ-സുക്കിനെ പിടിക്കുന്ന പോലീസുദ്യോഗസ്ഥന്‍, ജയിലര്‍, ബോക്‌സര്‍, അച്ഛനെ മരണത്തിനുവിട്ട്‌ ഉല്ലാസയാത്രയ്‌ക്കുപോകുന്ന മകന്‍ എന്നിവരൊക്കെ ആവുന്നത്ര സംസാരിക്കുന്നുണ്ട്‌.


ഒരു ചിത്രകാരന്റെ സാന്നിദ്ധ്യം സിനിമയിലെങ്ങും കാണാം. ഓരോ ഫ്രെയിമും ഓരോ പെയിന്റിങ്ങാണ്‌. നിഴലും വെളിച്ചവും നിറങ്ങളും സന്ദര്‍ഭത്തിന്‌ അനുയോജ്യമാം വിധം ചേര്‍ത്ത്‌ തയ്യാറാക്കിയതാണ്‌ ഓരോ ദൃശ്യവും. അധികപറ്റായി ഒരു ദൃശ്യം പോലുമില്ല. എല്ലാം പരസ്‌പര ബന്ധിതം. പശ്ചാത്തലത്തില്‍ സ്വാഭാവിക ശബ്ദങ്ങളേയുള്ളൂ. സംഗീതമില്ല. ടോ-സുക്കും സണ്‍ഹ്വായും തമ്മിലുള്ള ഗാഢനിമിഷങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ മാത്രമാണ്‌ സംഗീതം ഉപയോഗിക്കുന്നത്‌. അതും ഒരേപാട്ട്‌. പലതവണ ഇതാവര്‍ത്തിക്കുന്നുണ്ട്‌. ചിത്രാവസാനത്തില്‍ ഏറെനേരം ഈ സംഗീതം കേള്‍ക്കാം.


വെയിങ്‌ മെഷീനില്‍ കയറി മുഖാമുഖം നില്‍ക്കുന്ന ടോ-സുക്കിന്റെയും സണ്‍ഹ്വായുടെയും പാദങ്ങളുടെ ദൃശ്യം ഫ്രീസ്‌ ചെയ്‌താണ്‌ ചിത്രം അവസാനിക്കുന്നത്‌. ഈ ദൃശ്യത്തെ വെറും സ്വപ്‌നമായും നമുക്ക്‌ വ്യാഖ്യാനിക്കാം. കാരണം, സണ്‍ഹ്വായുടെ പ്രതീക്ഷകള്‍ക്കാണ്‌ അവസാന ഭാഗങ്ങളില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌. ജയിലില്‍ കഴിയുന്ന ടോ-സുക്കിനെ അവള്‍ കാത്തിരിക്കുകയാണ്‌. അവന്‍ ഒരുനാള്‍ വരുമെന്ന്‌ അവള്‍ക്കറിയാം.മറ്റാര്‍ക്കും കാണാനാകാതെ, ഒരു നിഴല്‍ പോലെയാണ്‌ അവനെത്തുന്നത്‌. അതോടെ അവള്‍ ആഹ്ലാദവതിയാകുന്നു. എവിടെയോ മറന്നുവെച്ച സംസാരശേഷി അവള്‍ വീണ്ടെടുക്കുന്നു. ഒരുമിച്ച്‌, ഒരു മനസ്സായി, ഭാരമില്ലാത്ത ഒരു ലോകത്തേയ്‌ക്ക്‌ അവര്‍ ലയിച്ചുചേരുകയാണ്‌.

Tuesday, May 13, 2008

അമരനായ ലുമുംബ

പത്രീസ്‌ എമരി ലുമുംബ. ആഫ്രിക്കന്‍ വിമോചന സമരചരിത്രത്തിലെ അവിസ്‌മരണീയനായ ജനനേതാവാണ്‌ ലുമുംബ. ദീര്‍ഘകാലത്തെ പോരാട്ടത്തിനുശേഷം സ്വതന്ത്രമായ കോംഗോയുടെ ആദ്യത്തെ പ്രധാനമന്ത്രി. 36-ാം വയസ്സിലായിരുന്നു ഈ സ്ഥാനാരോഹണം. പക്ഷേ, 84 ദിവസമേ അദ്ദേഹത്തിനു അധികാരത്തില്‍ തുടരാനായുള്ളൂ. സാമ്രാജ്യത്വ ശക്തികളും ഉപജാപകരും ചേര്‍ന്ന്‌ അദ്ദേഹത്തെ സ്ഥാനഭ്രഷ്‌ടനാക്കി, തുറങ്കിലടച്ചു. കുറ്റപത്രമില്ലാതെ, വിചാരണയില്ലാതെ വിധിപറയാതെ വെടിവെച്ചുകൊന്നു.
ഹ്രസ്വമെങ്കിലും തീക്ഷ്‌ണമായിരുന്നു ലുമുംബയുടെ ജീവിതം. സമരമുഖങ്ങളിലും ജയിലറകളിലുമായിരുന്നു അദ്ദേഹത്തിന്‍െറ യൗവനം. ശത്രുക്കള്‍ക്ക്‌ ഉറക്കമില്ലാത്തരാവുകള്‍ സമ്മാനിച്ച, കാതലുള്ള ധിക്കാരിയായിരുന്നു ലുമുംബ. കൊളോണിയല്‍ ഭരണത്തില്‍ നിന്ന്‌ ആഫ്രിക്കന്‍ രാജ്യമായ കോംഗോയെ മോചിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. ധീരോജ്വലവും ത്യാഗപൂര്‍ണവുമായ ആ ജീവിതമാണ്‌ `ലുമുംബ' എന്ന ആഫ്രിക്കന്‍ സിനിമ അനാവരണം ചെയ്യുന്നത്‌.

ലുമുംബ എന്ന വ്യക്തിയിലൂടെ കോംഗോയുടെ സ്വാതന്ത്ര്യസമരചരിത്രംകൂടിയാണ്‌ സംവിധായകന്‍ റോള്‍ പെക്ക്‌ എഴുതുന്നത്‌. സമരനായകന്‍ വിശ്വാസങ്ങളോട്‌ വിട്ടുവീഴ്‌ചക്കൊരുങ്ങാത്ത ജനതല്‌പരനായ ഭരണാധികാരി, പ്രാദേശിക വാദങ്ങള്‍ക്ക്‌ ഗോത്രപ്പെരുമകള്‍ക്കുമപ്പുറത്ത്‌ രാജ്യത്തെ ഏകശിലയായി കാണാന്‍ ആഗ്രഹിച്ച ഭരണാധികാരി,സഹനശേഷിയോടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ വിപ്ലവകാരി എന്നീ നിലകളില്‍ ലുമുംബയുടെ മാതൃകാജീവിതം പകര്‍ത്തുകയാണ്‌ സംവിധായകന്‍. പത്തുവര്‍ഷം ലുമുംബയെക്കുറിച്ച്‌ പഠിച്ചശേഷമാണ്‌ ഹെയ്‌തിക്കാരനായ പെക്ക്‌ ഈ സിനിമ പാകപ്പെടുത്തിയത്‌. ലുമുംബയുടെ അവസാന നാളുകള്‍ പശ്ചാത്തലമാക്കി എടുത്ത ഈ ചിത്രത്തില്‍ ചരിത്രത്തിന്‌ ഒടിവും ചതവുമൊന്നും പറ്റിയിട്ടില്ലെന്ന്‌ നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വാതന്ത്ര്യം ഒറ്റുകൊടുത്തവരും കോളണിവാഴ്‌ചക്കാരും ചേര്‍ന്ന്‌ നിശ്ശബ്ദനാക്കിയ ലുമുംബ ഭാര്യയോട്‌ സംസാരിക്കുന്ന രീതിയിലാണ്‌ കഥ പറയുന്നത്‌. 1961 ജനവരി പതിനേഴിന്‌ കോംഗോവിലെ കടാങ്ക പ്രവിശ്യയിലുള്ള കാടുകളില്‍ അരങ്ങേറിയ ഭീകര രാത്രിയുടെ ദൃശ്യങ്ങളോടെ സിനിമ തുടങ്ങുന്നു. ഇരുട്ടിനെ വകഞ്ഞുമാറ്റി തീക്കണ്ണുകളോടെ മൂന്നുകാറുകളും ഏതാനും സൈനിക വാഹനങ്ങളും. ലുമുംബയും അടുത്ത അനുയായികളും മന്ത്രിമാരുമായിരുന്ന മൊറീസ്‌ പോളോയും തോമസ്‌ ഒകീതോയും ആണ്‌ ആ കാറുകളിലുള്ളത്‌. അടുത്ത നിമിഷം എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ മൊറീസും തോമസും മൃതാവസ്ഥയിലാണ്‌. എല്ലാം അറിയാവുന്ന ആളായി നിസ്സംഗനായി ലുമുംബ മാത്രമാണ്‌ ഉണര്‍ന്നിരിക്കുന്നത്‌. മരണ നിമിഷങ്ങള്‍ അദ്ദേഹം എണ്ണിത്തുടങ്ങിയിരിക്കുന്നു. അങ്ങകലെ, ഏതോ രാജ്യത്തേക്ക്‌ രക്ഷപ്പെട്ട പ്രിയ ഭാര്യയുടെ ഹൃദയത്തിലേക്ക്‌ ലുമുംബ തന്‍െറ മരണവൃത്താന്തം പകരുകയാണ്‌. ``കടാങ്കായിലെ ഈ രാത്രിയെപ്പറ്റി നീയൊരിക്കലും അറിയാനിടയില്ല. നീയെന്നല്ല, ആരും എല്ലാ കാര്യങ്ങളും മക്കളോട്‌ പറയരുത്‌. അവര്‍ക്കത്‌ മനസ്സിലാവില്ല''- അദ്ദേഹം സംസാരിച്ചു തുടങ്ങുകയാണ്‌.

അടുത്ത രംഗത്തില്‍ ഒരു ട്രക്ക്‌ വരുന്നു. അതില്‍ രണ്ടുപേരുണ്ട്‌. അവര്‍ ഇറങ്ങി വലിയൊരു കുഴിതോണ്ടുകയാണ്‌. ട്രക്കില്‍ നിന്ന്‌ മൃതദേഹങ്ങള്‍ ഒന്നൊന്നായി അവര്‍ വലിച്ചിടുന്നു. ഇരുട്ടില്‍ നമുക്കിപ്പോള്‍ ലുമുംബയുടെ മൃതദേഹം കാണാം. മൂന്നുമൃതദേഹങ്ങളും കൂട്ടിയിട്ട്‌ കത്തിക്കാന്‍ പോവുകയാണ്‌. ഈ രംഗം പൂര്‍ത്തിയാക്കാതെ ക്യാമറ കഴിഞ്ഞ കാലത്തിലേക്ക്‌ നീങ്ങുന്നു. സമരദൃശ്യങ്ങള്‍ പകര്‍ത്തുകയാണാദ്യം. അവിടെ നിന്ന്‌ നീങ്ങുന്ന ക്യാമറ ആഫ്രിക്കന്‍ നേതാക്കളുടെ ഒരുയോഗത്തില്‍ ചെന്ന്‌ നിലയുറപ്പിക്കുന്നു. വ്യക്തമായ നിലപാടുകളുള്ള, ഊര്‍ജസ്വലനായ ലുമുംബയാണ്‌ ആ യോഗത്തിലെ ശ്രദ്ധാകേന്ദ്രം. അദ്ദേഹത്തിന്‍െറ അഭിപ്രായങ്ങളിലൂന്നിയാണ്‌ മറ്റ്‌ നേതാക്കള്‍ സംസാരിക്കുന്നത്‌. വിവിധ താത്‌പര്യങ്ങളുടെ സംരക്ഷകരാണവര്‍. അനോന്യമുള്ള ശത്രുതയും നീരസവുമെല്ലാം അവര്‍ യോഗത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്‌. ലുമുംബമാത്രമാണ്‌ ഐക്യത്തെപ്പറ്റി സംസാരിക്കുന്നത്‌. എണ്‍പത്‌വര്‍ഷത്തെ ബില്‍ജിയന്‍ അടിമത്തത്തില്‍ നിന്ന്‌ കോംഗോവിനും മോചനം കിട്ടാന്‍പോവുകയാണ്‌. രാജ്യത്തിന്‍െറ ഘടന എങ്ങനെയാവണം എന്നുള്ള ചര്‍ച്ചയാണ്‌ അവിടെ നടക്കുന്നത്‌. മൂവ്‌മെന്‍റ്‌ നാഷണല്‍ കോംഗോളെയ്‌സ്‌ (എം.എന്‍.സി) എന്ന പാര്‍ട്ടിയെയാണ്‌ ലുമുംബ പ്രതിനിധാനം ചെയ്യുന്നത്‌. എങ്കിലും ഏതെങ്കിലും പാര്‍ട്ടിയുടെയോ പ്രവിശ്യയുടെയോ ഗോത്രത്തിന്‍െറയോ നേതാവായി തന്നെ ഉയര്‍ത്തിക്കാട്ടരുതെന്ന്‌ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്‌. പ്രവിശ്യകളുടെ ഫെഡറേഷനല്ല, ഏകീകൃതകോംഗോ ആണ്‌ അദ്ദേഹത്തിന്‍െറ സ്വപ്‌നം. ആ സ്വപ്‌നമാണ്‌ ചില നേതാക്കള്‍ ചവിട്ടിയരച്ചത്‌.

കറവപ്പശുവായിരുന്ന കോംഗോയെ പൂര്‍ണമായും വിട്ടുകൊടുക്കാന്‍ ബല്‍ജിയത്തിനുമടിയായിരുന്നു. കോംഗോവിലെ വിലപിടിച്ച ധാതുസമ്പത്തിലായിരുന്നു അവരുടെ കണ്ണ്‌. ചില കോംഗോ നേതാക്കളോടൊപ്പം ചേര്‍ന്ന്‌ രാജ്യത്ത്‌ കലാപവും അരക്ഷിതാവസ്ഥയും സൃഷ്‌ടിക്കാന്‍ ബല്‍ജിയന്‍ ഭരണാധികള്‍ കുതന്ത്രങ്ങള്‍ നെയ്‌തു. അത്‌ ഫലപ്രാപ്‌തിയിലെത്തിയപ്പോഴാണ്‌ ലുമുംബയ്‌ക്ക്‌ അധികാരം നഷ്‌ടമായത്‌.

1960 ജൂണിലാണ്‌ കോംഗോ സ്വതന്ത്രമാവുന്നത്‌. ആദ്യത്തെ പ്രധാനമന്ത്രിയായി ജൂണ്‍ 24 ന്‌ ലുമുംബ സ്ഥാനമേറ്റു. ജോസഫ്‌ കാസാ-വുബു ആയിരുന്നു പ്രസിഡന്‍റ്‌. എന്നും ലുമുംബയുടെ എതിര്‍പക്ഷത്തായിരുന്നു കടാങ്കപ്രവിശ്യയിലെ നേതാവായ മൊയിസ്‌ ഷോംബെ. അയാള്‍ക്ക്‌ ലുമുംബയുടെ ദേശീയവാദമൊന്നും ദഹിക്കുന്ന ആശയമായിരുന്നില്ല. ധാതുക്കളാല്‍ സമ്പുഷ്‌ടമായിരുന്നു കടാങ്ക പ്രവിശ്യ. ഈ സമ്പത്തിന്‍െറ ബലത്തിലാണ്‌ ഷോംബെ ബല്‍ജിയം അധികൃതരുമായി കൂട്ടുകൂടുന്നത്‌. ലുമുംബയെ അംഗീകരിക്കാന്‍ മടിക്കുന്ന ഷോംബെ തന്‍െറ പ്രവിശ്യക്ക്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. രാജ്യത്ത്‌ അപ്പോഴും നിലയുറപ്പിച്ചിരുന്ന ബെല്‍ജിയം സൈനികരും ജനറല്‍ ജോസഫ്‌ മൊബുട്ടുവിന്‍െറ കീഴിലുള്ള കോംഗോ സൈനികരും എങ്ങും കലാപത്തിനു തീകൊളുത്തി. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കുന്നു എന്ന്‌ കുറ്റുപ്പെടുത്തിക്കൊണ്ട്‌ സപ്‌തംബര്‍ 14 ന്‌ ലുമുംബയെ പ്രസിഡന്‍റ്‌ കാസാംവുബു പ്രധാനമന്ത്രിപദത്തില്‍ നിന്നുനീക്കി. ഏകാധിപതിയെന്നും കമ്യൂണിസ്റ്റെന്നും ശത്രുക്കള്‍ ലുമുംബയെ മുദ്രകുത്തി. പാര്‍ലമെന്‍റില്‍ച്ചെന്ന്‌ തന്‍െറ നിലപാടും സ്വപ്‌നവും എന്തെന്നു വെളിപ്പെടുത്തിയ ശേഷമാണ്‌ ലുമുംബ എതിരാളികള്‍ക്ക്‌ വഴങ്ങിയത്‌. കഴിഞ്ഞകാല ഭിന്നതകള്‍ മറന്ന്‌ രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിക്കുക എന്നാണദ്ദേഹം പാര്‍ലന്‍െറംഗങ്ങളോടും ജനങ്ങളോടും അഭ്യര്‍ഥിച്ചത്‌.

സൈനികമേധാവിയായ ജനറല്‍ ജോസഫ്‌ മൊബുട്ടു ഇതിനിടെ അധികാരകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. സി.ഐ.എ. പിന്തുണയോടെ അദ്ദേഹം പ്രസിഡന്‍റിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ലുമുംബയെയും മന്ത്രിമാരായ ജോസഫിനെയും മൊറീസിനെയും അറസ്റ്റുചെയ്‌തു.

്‌ള്‌ളാഷ്‌ ബാക്കില്‍ നിന്നു ക്യാമറ ആദ്യരംഗത്തിലേക്ക്‌ തിരിച്ചെത്തുന്നു. തുടക്കത്തില്‍ കണ്ട കാറുകളും സൈനിക വാഹനങ്ങളും. കൊലക്കളത്തിലേക്ക്‌ നീങ്ങുകയാണവ. ഈ ദൃശ്യം പെട്ടെന്നു മുറിക്കുന്നു. അടുത്ത രംഗത്തില്‍ ജനറല്‍ ജോസഫിന്‍െറ ഔദ്യോഗികവസതിയാണ്‌ നമ്മള്‍ കാണുന്നത്‌. ജനറല്‍ ജോസഫ്‌ സിംഹാസനത്തിലിരിക്കുന്നു. പാട്ടും നൃത്തവും നടത്തുന്നു. പത്രീസ്‌ലുമുംബയെ ദേശീയ നായകനായി പ്രഖ്യാപിക്കുകയാണ്‌ ജനറല്‍ ജോസഫ്‌. ഉടനെ , കാട്ടിലെ ദൃശ്യം വീണ്ടും പ്രത്യക്ഷപ്പെടുന്നു. കാറിലിരിക്കുന്ന ലുമുംബയുടെ വിലങ്ങിട്ട കൈകള്‍ നമുക്ക്‌ കാണാം. ഒരാള്‍ വന്ന്‌ ആ വിലങ്ങഴിക്കുന്നു. ``വേണമെങ്കില്‍ പ്രാര്‍ഥിക്കാം''- അയാള്‍ ലുമുംബയോട്‌ പറയുന്നു. ലുമുംബയുടെ മുഖം മുഴുവന്‍ മര്‍ദനത്തിന്‍െറ അടയാളങ്ങളാണ്‌. അദ്ദേഹത്തിന്‍െറ മുറിഞ്ഞുപോയ ആത്മഗതം ഇവിടെ തുടരുന്നു. തോമസിനെയും മൊറീസിനെയും കാറില്‍ നിന്നിറക്കി കൊണ്ടുപോയി ഒരു മരത്തില്‍ക്കെട്ടി വെടിവെച്ചുകൊല്ലുന്നു. ഇനി നിമിഷങ്ങളേയുള്ളു. ലുമുംബ ആത്മഭാഷണം അവസാനിപ്പിക്കുകയാണ്‌. ``എന്‍െറ മനസ്സിലുള്ളത്‌ നീ വായിച്ചുകഴിയുമ്പോഴേക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല. മക്കളോട്‌ പറയണം, കോംഗോവിന്‌ മഹത്തായ ഭാവിയുണ്ട്‌. അവരാണിനി രാജ്യത്തിന്‍െറ മഹത്വം പണിതുയര്‍ത്തേണ്ടത്‌. സഹപ്രവര്‍ത്തകരും ഞാനും ജീവന്‍ കൊടുത്ത സമരത്തിന്‍െറ അന്തിമ വിജയത്തെപ്പറ്റി ഞാനൊരിക്കലും സംശയാലുവായിരുന്നില്ല. എന്നു നീ അവരോട്‌ പറയണം.'' വാക്കുകള്‍ ഇവിടെ നിലയ്‌ക്കുന്നു. ലുമുംബയെ രണ്ടുപേര്‍ ചേര്‍ന്ന്‌ മരത്തിനടുത്തേക്ക്‌ കൊണ്ടുപോവുകയാണ്‌. മരത്തിന്‍െറ ക്ലോസപ്പ്‌. വെടിയുണ്ട തുളഞ്ഞ പാടുകള്‍. ഉണങ്ങാത്ത ചോരച്ചാലുകള്‍. മരത്തില്‍ ചാരി, നെഞ്ചുവിരിച്ച്‌ നില്‍ക്കുന്ന ലുമുംബ. അദ്ദേഹം സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങളിലേക്ക്‌ ഒന്നു നോക്കുന്നു. അടുത്ത നിമിഷത്തില്‍ വെടിയുണ്ടകള്‍ ചീറിപ്പായുന്നു. ലുമുംബ വീഴുന്നു. അടുത്തഷോട്ടില്‍ വീണ്ടും ഏകാധിപതി ജോസഫിന്‍െറ മുഖം. അവിടെ വിജയിയുടെ ആഹ്ലാദം കാണാനില്ല. കുറ്റബോധ മുണ്ടെങ്കിലും നിര്‍വികാരമാണ്‌ ആമുഖം. ഔദ്യോഗിക ചടങ്ങ്‌ അവസാനിക്കുകയാണ്‌. അയാള്‍ നന്ദി പറയുമ്പോള്‍ ജനക്കൂട്ടം (അധികവും വെള്ളക്കാര്‍) കൈയടിക്കുന്നു. ക്യാമറ ഒരു നീഗ്രോയുവതിയിലേക്കും നീഗ്രോ സൈനികനിലേക്കും ഫോക്കസ്‌ ചെയ്യുന്നു. അവര്‍ രണ്ടും കൈയടിക്കുന്നില്ല. ആ കണ്ണുകളില്‍ വിഷാദമുണ്ട്‌, പകയുണ്ട്‌, ഇനിയും പോരാടാനുള്ള വീര്യവുമുണ്ട്‌.

വീണ്ടും കൊലക്കളം, രണ്ടുപേര്‍ മൃതദേഹങ്ങള്‍ കത്തിക്കുകയാണ്‌. ഒരടയാളവും ബാക്കി വെക്കുന്നില്ല. വസ്‌ത്രങ്ങള്‍ വരെ തീയിടുന്നു. ലുമുംബയുടെ ശബ്ദം മുഴങ്ങുന്നു: ``കരയരുത്‌, പ്രയമുള്ളവളെ. ചരിത്രം ഒരുനാള്‍ അക്കാര്യം വെളിപ്പെടുത്തും. ബസ്സല്‍സിലോ പാരീസിലോ വാഷിങ്‌ടണിലോ അവര്‍ പഠിപ്പിക്കുന്ന ചരിത്രത്തിലല്ല. നമ്മുടെ ചരിത്രത്തില്‍. പുതിയ ആഫ്രിക്കയുടെ ചരിത്രം.'' തീ ആളിക്കത്തുന്നു. പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ ഗീതം. തീ സ്‌ക്രീനില്‍ നിറയുന്നു. സ്വാതന്ത്ര്യദാഹത്തിന്‍െറ അനിവാര്യമായ ആളിപ്പടരല്‍ സൂചിപ്പിച്ചുകൊണ്ട്‌ സിനിമ അവസാനിക്കുന്നു.

ദീര്‍ഘമായ അവസാനരംഗം രണ്ടായി മുറിച്ച്‌ അതിനിടെ ലുമുംബയുടെ ജീവിതകഥ പറയുന്ന രീതിയാണ്‌ സംവിധായകന്‍ അവലംബിക്കുന്നത്‌. നമ്മുടെ ആകാംക്ഷ നിലനിര്‍ത്താന്‍ ഈ ടെക്‌നിക്ക്‌ സഹായിക്കുന്നുണ്ട്‌. രക്തസാക്ഷിത്വത്തിന്‍െറ വിശദാംശങ്ങള്‍ ബാക്കിവെച്ച്‌ ഏറ്റുവുമൊടുവിലാണത്‌ പൂരിപ്പിക്കുന്നത്‌.

ജനാധിപത്യത്തിന്‍െറ അന്ത്യത്തില്‍ നിന്ന്‌ ഏകാധിപതികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ്‌ `ലുമുംബ'യില്‍ നമ്മള്‍ കാണുന്നത്‌. പത്രപ്രവര്‍ത്തകനായി ജീവിതം തുടങ്ങി സൈനികനായി മാറിയ ജനറല്‍ ജോസഫ്‌ മൊബുട്ടു ബാഹ്യശക്തികളുടെ ഇച്ഛക്കൊത്ത്‌ രാജ്യത്ത്‌ ഏകാധിപത്യം നടപ്പാക്കുകയാണ്‌. തുടക്കത്തില്‍, ലുമുംബയുടെ തണല്‍ പറ്റിയാണ്‌ ഇയാള്‍ വളരുന്നത്‌. കൗശലക്കാരനായ അയാള്‍ ക്രമേണ രക്ഷകനെത്തന്നെ വിഴുങ്ങുന്നു. (അട്ടിമറിയെ `സമാധാനപരമായ വിപ്ലവം' എന്നു വിശേഷിപ്പിച്ച ജനറല്‍ ജോസഫ്‌ മൊബുട്ടു 1997 വരെ കോംഗോ ഭരിച്ചു).

കോംഗോയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ആകൃഷ്‌ടനാണെങ്കിലും അമിതാവേശം കാട്ടുന്നില്ല സംവിധായകന്‍. ഇതിവൃത്തത്തിന്‌ കൃത്യമായ ഒരു കാലയളവ്‌ ആദ്യമേതന്നെ നിശ്ചയിച്ചു. അതില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട സംഭവങ്ങള്‍ മാത്രമേ അദ്ദേഹം നമുക്കുകാട്ടിത്തരുന്നുള്ളു. സ്വാതന്ത്ര്യപ്രഖ്യാപനം തൊട്ട്‌ ലുമുംബയുടെ മരണം വരെ കുറഞ്ഞൊരു കാലം. എങ്കിലും അതില്‍ നിന്ന്‌ ശക്തമായ തിരക്കഥ രൂപപ്പെടുത്താന്‍ സംവിധായകനുകഴിഞ്ഞു. ലോകം അറിയേണ്ട ചില സത്യങ്ങള്‍ തമസ്‌കരിക്കപ്പെട്ടുപോയെന്ന്‌ ഈ സിനിമ സധൈര്യം വിളിച്ചുപറയുന്നു.

ലുമുംബയുടെ വധത്തില്‍ തങ്ങള്‍ക്ക്‌ പങ്കില്ലെന്നാണ്‌ 2001 വരെയും ബല്‍ജിയം പറഞ്ഞുകൊണ്ടിരുന്നത്‌. ബല്‍ജിയന്‍ സോഷ്യോളജിസ്റ്റായ ലുഡോ ഡെ വിറ്റ്‌ ആണ്‌ ഇത്‌ പൊളിച്ചത്‌. ഡെവിറ്റ്‌ 1999 ല്‍ പുറത്തിറക്കിയ `ദ മര്‍ഡര്‍ ഓഫ്‌ ലുമുംബ' എന്ന ഗ്രന്ഥത്തില്‍ ലുമുംബയുടെ വധത്തില്‍ ബല്‍ജിയം സര്‍ക്കാറിനും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന്‌ വെളിപ്പെടുത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ 2001 ല്‍ `ലുമുംബ വധ' ത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 2002 ല്‍ ബല്‍ജിയം കോംഗോ ജനതയോട്‌ മാപ്പുപറഞ്ഞു.

Saturday, May 3, 2008

അച്ഛനും മകനും

പ്രശസ്‌തനായ അലക്‌സാണ്ടര്‍ സുഖുറോവ്‌ `മദര്‍ ആന്‍ഡ്‌ സണ്‍' എന്ന റഷ്യന്‍ ചിത്രം സംവിധാനം ചെയ്‌തത്‌ 1997-ലാണ്‌. ഒരമ്മയും മകനും തമ്മിലുള്ള ഗാഢ ബന്ധത്തിന്‍െറയും മരണത്തിന്‍െറ നിത്യ സാന്നിധ്യത്തിന്‍െറയും കഥയാണിതില്‍ തീവ്രമായി ആവിഷ്‌കരിച്ചത്‌. ആറു വര്‍ഷത്തിനുശേഷം സമാനമായ ഒരു ചിത്രം സുഖുറോവ്‌ സംവിധാനം ചെയ്‌തു. ഒരച്ഛനും മകനും തമ്മിലുള്ള ഹൃദയൈക്യത്തിന്‍െറ ചിത്രം. പേര്‌: `ഫാദര്‍ ആന്‍ഡ്‌ സണ്‍' `കുടുംബ ചിത്രം' എന്ന ഗണത്തിലാണ്‌ ചില നിരൂപകര്‍ ഈ രണ്ടു സിനിമകളെയും ഉള്‍പ്പെടുത്തുന്നത്‌.

പ്രമേയത്തിലും ആവിഷ്‌കാര രീതിയിലും ശീര്‍ഷകത്തിലും സമാനതകളുണ്ട്‌ ഈ ചിത്രങ്ങള്‍ക്ക്‌ . സേ്‌നഹം മാത്രമല്ല, വ്യാകുലതകളും ഏകാന്തതയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു സിനിമകളും നമ്മെ ആഴത്തില്‍ സ്‌പര്‍ശിക്കുന്നു. സുഖുറോവിന്‍െറ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍-``സേ്‌നഹവും ഉത്‌കണ്‌ഠയും വേദനയും കുറ്റബോധവുമൊക്കെ നമുക്ക്‌ തോന്നുന്നത്‌ അടുപ്പമുള്ളവരെക്കുറിച്ചാണ്‌. സേ്‌നഹിക്കപ്പെടാന്‍ വിധിക്കപ്പെട്ട കുടുംബാംഗങ്ങളാണ്‌ നമ്മുടെ ഹൃദയത്തോട്‌ അടുത്തു നില്‍ക്കുന്നത്‌.''


ആദ്യ ചിത്രമായ `മദര്‍ ആന്‍ഡ്‌ സണ്ണില്‍' രണ്ടു കഥാപാത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ, ഏതോ വിദൂര ഗ്രാമത്തില്‍ മരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീടും കുറെ പൂക്കളും പച്ചപ്പു നിറഞ്ഞ ഗ്രാമവീഥികളും. `ഫാദര്‍ ആന്‍ഡ്‌ സണ്ണി'ല്‍ പ്രകൃതി ഒരു സജീവ സാന്നിധ്യമല്ല. പ്രകൃതിയിലേക്ക്‌ ക്യാമറ തിരിയുന്നത്‌ പ്രധാനമായും അവസാന രംഗങ്ങളിലാണ്‌. പേരില്ലാത്ത ഒരു നഗരത്തിലാണ്‌ കഥ നടക്കുന്നത്‌. എന്നും ഒരേ താളത്തില്‍ ചലിക്കുന്ന ജീവിതമാണ്‌ അവിടത്തേത്‌.


മുഖ്യകഥാപാത്രങ്ങളിലൊരാളായ അച്ഛനു പേരില്ല. ഏതാണ്ട്‌ 40 വയസ്സു പ്രായം, ഉറച്ച ശരീരം, സുന്ദരന്‍. സൈന്യത്തില്‍നിന്നു പിരിഞ്ഞ ആളാണ്‌. മകന്‍െറ പേര്‌ അലക്‌സി. 20 വയസ്സുവരും. സൈനിക അക്കാദമിയില്‍ പഠിക്കുന്നു. അലക്‌സിയുടെ അമ്മ നേരത്തേ മരിച്ചു. കുട്ടിക്കാലത്തെ ഓര്‍മകളോടൊന്നും അലക്‌സിക്ക്‌ താത്‌പര്യമില്ല. അച്ഛനെന്ന അഭയകേന്ദ്രത്തെ തിരിച്ചറിഞ്ഞ നാള്‍ തൊട്ടുള്ള ഓര്‍മകളാണ്‌ അവനിഷ്‌ടം. തന്‍െറ അമ്മയും സഹോദരനും സുഹൃത്തും എല്ലാമാണ്‌ അച്ഛന്‍. സൈനിക അക്കാദമിയിലെ പഠനം കഴിഞ്ഞാല്‍ അദ്ദേഹത്തെ വിട്ടുപിരിയേണ്ടിവരുമെന്നതാണ്‌ അവന്‍െറ ദുഃഖം. `വശ്യമധുരമായി ചിരിക്കുന്ന' അച്ഛനെ ഏകാന്തതയുടെ തടവുകാരനായി സങ്കല്‌പിക്കാന്‍ അവനു വയ്യ.


ഭാര്യ കോല്യയെക്കുറിച്ച്‌ എപ്പോഴും ഓര്‍ക്കുന്നുണ്ട്‌ ആ മുന്‍ സൈനികന്‍. ഇടയെ്‌ക്കാക്കെ ആല്‍ബം എടുത്തുനോക്കും. ചിലപ്പോള്‍ അയാള്‍ ഭാര്യയുമായി സംസാരിക്കുന്നതും കാണാം.


മകന്‌ ഒരു കാമുകിയുണ്ട്‌. ആ ബന്ധം തകരാന്‍ പോവുകയാണ്‌. അലക്‌സി ഇപ്പോഴും അച്ഛന്‍െറ തണലില്‍ കഴിയുന്ന വെറും പയ്യനാണെന്നാണ്‌ കാമുകിയുടെ അഭിപ്രായം. അവള്‍ മറ്റൊരുത്തനെ കണ്ടുവെച്ചിട്ടുണ്ട്‌. അലക്‌സിയേക്കാളും പ്രായമുള്ള ഒരുത്തനെ.


മകന്‍െറ പ്രണയബന്ധം തകരുന്നതില്‍ അച്ഛനു വിഷമമുണ്ട്‌. പക്ഷേ, തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത കാമുകിയെ തനിക്കു വേണ്ടെന്ന ഉറച്ച നിലപാടിലാണ്‌ അലക്‌സി. അച്ഛനേക്കാളും വലുതല്ല മറ്റാരും. അച്ഛന്‍ ഒരു വൃക്ഷംപോലെയാണ്‌ അവന്‌. തനിക്കു തണലും ശാന്തിയും നല്‍കുന്ന തണല്‍മരം. ദുഃസ്വപ്‌നങ്ങള്‍ കാണുമ്പോള്‍ തലോടി ആശ്വസിപ്പിക്കാന്‍ അച്ഛനുണ്ട്‌. ഭക്ഷണമൊരുക്കി കാത്തിരിക്കാനും സൈനിക അക്കാദമിയില്‍ വന്ന്‌ തന്‍െറ പരിശീലനം കണ്ട്‌ അഭിമാനിക്കാനും അച്ഛനുണ്ട്‌. അച്ഛന്‍െറ കരവലയത്തില്‍ അവന്‍ കുഞ്ഞിനെപ്പോലെ ഒതുങ്ങിക്കൂടുന്നു. ആ നെഞ്ചില്‍ മുഖമമര്‍ത്തി പറ്റിക്കിടക്കുന്നു. അവര്‍ ഏറെ നേരം പരസ്‌പരം കണ്ണിലേക്കു നോക്കി നില്‍ക്കും. ഒന്നും സംസാരിക്കില്ല. അവരുടെ മുറിയിലെപ്പോഴും അരണ്ട വെളിച്ചമേയുള്ളൂ. ``ഇതെന്‍െറ അച്ഛനാണ്‌, ചങ്ങാതിയാണ്‌. ഞാന്‍ അച്ഛനെ ഏറെ സേ്‌നഹിക്കുന്നു''- അച്ഛനെ അലക്‌സി കൂട്ടുകാര്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌.


അച്ഛന്‍െറ സേ്‌നഹത്തെക്കുറിച്ച്‌, സൗന്ദര്യത്തെക്കുറിച്ച്‌ അലക്‌സിക്ക്‌ അഭിമാനമാണ്‌. പക്ഷേ, തനിക്ക്‌ ആ സേ്‌നഹം തിരിച്ചു നല്‍കാനാവില്ലെന്ന്‌ അവനറിയാം. അക്കാദമിയില്‍നിന്ന്‌ ബിരുദം നേടിക്കഴിഞ്ഞാല്‍ താന്‍ സ്ഥലം വിടും. അതോടെ അച്ഛന്‍ ഏകനാകും. ദുഃസ്വപ്‌നങ്ങള്‍ അലക്‌സിയെ വേട്ടയാടുന്നു. അച്ഛനെ കൊല്ലുന്നതായിപ്പോലും അവന്‍ സ്വപ്‌നം കാണുന്നു. അതവന്‌ ഓര്‍ക്കാന്‍ വയ്യ. അതുകൊണ്ട്‌ രാത്രി ഉറങ്ങാന്‍ അവന്‍ ഭയപ്പെടുന്നു.


യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സിനിമയില്‍ ഇടയ്‌ക്കു കടന്നുവരുന്നുണ്ട്‌. അലക്‌സിയുടെ അച്ഛന്‍െറ സുഹൃത്തായ ഒരാളെ സൈന്യത്തില്‍നിന്നു കാണാതാവുന്നു. അയാളെ തിരക്കി മകന്‍ അലക്‌സിയുടെ അച്ഛന്‍െറ അടുത്തെത്തുന്നു. അവന്‍െറ അച്ഛനും അമ്മയും ബന്ധം വേര്‍പിരിഞ്ഞവരാണ്‌. എന്താണതിനു കാരണമെന്ന്‌ അവനറിയില്ല. അമ്മയോട്‌ അവന്‍ കാരണം തിരക്കിയതാണ്‌. അപ്പോള്‍ അച്ഛനോട്‌ ചോദിക്കാന്‍ പറഞ്ഞു. യുദ്ധത്തിനുശേഷം താന്‍ മറ്റൊരാളായി മാറി എന്നാണയാള്‍ മകനു നല്‍കിയ വിശദീകരണം. എങ്ങനെ വ്യത്യസ്‌തനായി എന്ന ചോദ്യത്തിന്‌ അച്ഛന്‍ മറുപടി പറഞ്ഞില്ല. അതിനുള്ള ഉത്തരം തേടിയാണ്‌ അവന്‍ അലക്‌സിയുടെ അച്ഛന്‍െറയടുത്തെത്തുന്നത്‌.


അലക്‌സിയുടെ അച്ഛനും വ്യക്തമായ മറുപടി പറയാനാവുന്നില്ല. അച്ഛന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടാവും എന്നാണ്‌ മകന്‍ വിശ്വസിക്കുന്നത്‌. നിയമത്തിന്‍െറ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ അപ്രത്യക്ഷനായതാവാം. അയാള്‍ക്ക്‌ ആരെയും കൊല്ലാനാവില്ലെന്ന്‌ പറഞ്ഞ്‌ അലക്‌സിയുടെ അച്ഛന്‍ അവനെ സമാധാനിപ്പിക്കുന്നു. അത്രയ്‌ക്ക്‌ നല്ലവനാണയാള്‍. ഇനി അഥവാ അച്ഛന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ത്തന്നെ താന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്ന്‌ മകന്‍ പറയുന്നു. അച്ഛനെ ഒന്നു കണ്ടുകിട്ടണം. അവനത്രയേ വേണ്ടൂ


സൈനികന്‍െറ ദുരൂഹമായ തിരോധാനത്തെപ്പറ്റി അച്ഛന്‌ എന്തോ അറിയാമെന്ന്‌ അലക്‌സി വിശ്വസിക്കുന്നു. അതു സത്യമായിരുന്നു. സുഹൃത്തിന്‍െറ മകനോട്‌ പറയാത്ത ആ രഹസ്യം അയാള്‍ അലക്‌സിയോട്‌ വെളിപ്പെടുത്തുന്നു. 1998-ല്‍ തന്‍െറ സുഹൃത്തിന്‌ അപകടം പിടിച്ച ഒരു ദൗത്യം ഏറ്റെടുക്കേണ്ടിവന്നു. ആ ദൗത്യത്തില്‍ അയാളുടെ കൂടെയുണ്ടായിരുന്ന സൈനികരെല്ലാം മരിച്ചു. അന്നു മുതല്‍ അയാള്‍ ഒരുതരം ഉന്മാദാവസ്ഥയിലായിരുന്നു. തനിക്ക്‌ ഉത്തരവു തന്ന മേലധികാരിയെ കൊല്ലണം എന്ന വാശിയിലായിരുന്നു അയാള്‍. താന്‍ പിരിയുന്നതിനു മുമ്പേ അയാള്‍ സൈനിക ക്യാമ്പില്‍നിന്ന്‌ അപ്രത്യക്ഷനായെന്ന്‌ അച്ഛന്‍ അലക്‌സിയോട്‌ പറയുന്നു. അതിനുശേഷം താന്‍ അയാളെ കണ്ടിട്ടില്ല.


കാണാതായ അച്ഛനെക്കുറിച്ച്‌ കുത്തിക്കുത്തി ചോദിച്ച്‌ യുവാവ്‌ തന്‍െറ അച്ഛനെ ശല്യപ്പെടുത്തുന്നതില്‍ ആദ്യമൊക്കെ അലക്‌സിക്ക്‌ ദേഷ്യം തോന്നിയിരുന്നു. ഇപ്പോഴത്‌ മാഞ്ഞുപോയി. അവനില്‍ സഹതാപം മുളപൊട്ടുന്നു. അച്ഛന്‍െറ തിരോധാനം യുവാവിനെ വല്ലാതെ അലട്ടുന്നുണ്ടെന്ന്‌ അലക്‌സിക്ക്‌ ബോധ്യപ്പെടുന്നു. അച്ഛന്‍െറ സാമീപ്യവും സേ്‌നഹവും നഷ്‌ടപ്പെടുന്നത്‌ എത്രമാത്രം വേദനാജനകമാണെന്ന്‌ അവനറിയാം.


യുവാവിനെയും കൂട്ടി അലക്‌സി നഗരം കാണാനിറങ്ങുന്നു. ഇതുവരെ വീട്ടിനുള്ളില്‍ മാത്രം കറങ്ങിത്തിരിഞ്ഞിരുന്ന ക്യാമറ പഴയ ആ നഗരത്തിന്‍െറ കാഴ്‌ചകളിലേക്കിറങ്ങുന്നു. യാത്രയ്‌ക്കിടയില്‍ യുവാവ്‌ അച്ഛനെപ്പറ്റി വാചാലനാവുന്നു. അയാള്‍ അവനൊരു താക്കോല്‍ നല്‍കിയിട്ടുണ്ട്‌. അച്ഛനെ കാണണമെന്ന്‌ തോന്നുമ്പോഴൊക്കെ അവന്‍ അതില്‍ നോക്കും. യുദ്ധത്തിനുശേഷം മുഴുക്കുടിയനായി മാറിയ അച്ഛനെ അമ്മ നിര്‍ദാക്ഷിണ്യം വീട്ടില്‍നിന്നിറക്കി വിട്ടു എന്നവന്‍ ദുഃഖത്തോടെ അലക്‌സിയെ അറിയിക്കുന്നു. അമ്മ അച്ഛനെ ഒരിക്കലും സേ്‌നഹിച്ചിരുന്നില്ല.


താന്‍ എത്ര ഭാഗ്യവാനാണെന്ന്‌ അലക്‌സിക്ക്‌ മനസ്സിലാവുന്നു. ഇപ്പോഴും അമ്മയുടെ ഓര്‍മകളില്‍ ആര്‍ദ്രചിത്തനാവുന്ന, നിഴല്‍പോലെ തനിക്ക്‌ രക്ഷാകവചം തീര്‍ത്ത്‌ ഇപ്പോഴും കൂടെ നടക്കുന്ന അച്ഛന്‍. അധികമാരും കടന്നുവരാത്ത, കോട്ടപോലുള്ള ഈ വീട്ടില്‍ അച്ഛന്‍ തനിച്ചാവാന്‍ പോവുകയാണ്‌. അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വിവാഹം കഴിക്കണമെന്ന നിര്‍ദേശം അച്ഛന്‍ തള്ളുന്നു. ``നീ നിന്‍െറ അമ്മയെപ്പോലെത്തന്നെയാണ്‌. ദൈവമാണ്‌ നിന്നെ എന്‍റടുത്തേക്കയച്ചത്‌. നിന്നെക്കുറിച്ചുള്ള എല്ലാ ഓര്‍മകളും എനിക്ക്‌ പ്രധാനപ്പെട്ടതാണ്‌''- അച്ഛന്‍ മനുസ്സുതുറക്കുന്നു.


അസ്വസ്ഥമായ ഒരു രാവിലൂടെ അവര്‍ കടന്നുപോകുന്നു. മകന്‍െറ സ്വപ്‌നത്തില്‍ കുന്നില്‍ ചെരിവിലെ മരം വീണ്ടും പ്രത്യക്ഷപ്പെടുന്നു. ആദ്യരംഗത്ത്‌ അവിടെ മകനുണ്ടായിരുന്നു. അവന്‍ മഴ കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ മകനില്ല. മഴയുമില്ല.


അവസാനരംഗത്ത്‌ സിനിമയുടെ അന്തരീക്ഷം പാടേ മാറുന്നു. മഞ്ഞ്‌ പെയ്‌തുകൊണ്ടേയിരിക്കുകയാണ്‌. ടെറസ്സിലെ വാതില്‍ തുറന്ന്‌ അച്ഛന്‍ പുറത്തു വരുന്നു. മഞ്ഞിലൂടെ നടക്കുന്നു. മകനോടയാള്‍ സംസാരിക്കുന്നതുകേള്‍ക്കാം. ``ഞാനിവിടെ ഏകനാണ്‌'' എന്നു പറയുന്നതോടെ സിനിമ അവസാനിക്കുന്നു.??80 മിനിറ്റുള്ള ഈ സിനിമയ്‌ക്ക്‌ വിശേഷിച്ച്‌ ഒരു കഥാരേഖയില്ല. അച്ഛനും മകനും പിന്നെ, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട്‌ കടന്നുവരുന്ന മൂന്നു ചെറുപ്പക്കാരും. അലക്‌സിയുടെ കാമുകി, തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സാഷ എന്ന യുവാവ്‌, കാണാതായ സൈനികന്‍െറ മകന്‍. ഇത്രയും പേരാണ്‌ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്‌. അച്ഛനും മകനും ഒഴികെയുള്ള കഥാപാത്രങ്ങള്‍ രണ്ടോ മൂന്നോ തവണ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും അവരൊക്കെ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്‌.


സ്വപ്‌നദൃശ്യങ്ങളിലാണ്‌ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ദുഃസ്വപ്‌നത്തോടെയാണ്‌ തുടക്കം. അടക്കിപ്പിടിച്ച സംസാരത്തിന്‍െറയും കിതപ്പിന്‍െറയും ശബ്ദം. രണ്ടു പുരുഷ ശരീരങ്ങള്‍ പിണയുന്നു. ``അതുകഴിഞ്ഞു, അതു കഴിഞ്ഞു'' എന്നു പറഞ്ഞ്‌ മകനെ ആശ്വസിപ്പിക്കുകയാണ്‌ അച്ഛന്‍. അവനെ ദുഃസ്വപ്‌നത്തില്‍ നിന്ന്‌ തിരികെ കൊണ്ടുവരികയാണയാള്‍. അച്ഛനും മകനും തമ്മിലുള്ള അടുപ്പത്തിന്‍െറ സൂചനകളാണിവിടെ നല്‌കുന്നത്‌. `മദര്‍ ആന്‍ഡ്‌ സണ്‍' എന്ന സിനിമയുടെ ആദ്യദൃശ്യത്തിലും സ്വപ്‌നം കടന്നുവരുന്നുണ്ട്‌. അതില്‍ മരണമാണ്‌ മകന്‍െറ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. അച്ഛനും മകനും തമ്മിലുള്ള ആശ്ലേഷരംഗങ്ങളും ആദ്യസിനിമയെ ഓര്‍മിപ്പിക്കുന്നു.


ഉണര്‍വിലേക്ക്‌ വന്നിട്ടും മകന്‍ കണ്ണടച്ചു കിടക്കുന്നു. മഴപെയ്യുന്ന കുന്നിന്‍ ചെരിവും മരവും പാതയും അവിടെ ഏകനായി നില്‍ക്കുന്ന മകനുമാണ്‌ അടുത്ത ദൃശ്യത്തില്‍. ഏതാണ്ട്‌ ഇതിനു സമാനമാണ്‌ അവസാനരംഗവും. മഞ്ഞുപൊഴിയുന്ന ആ രംഗത്ത്‌ ആദ്യരംഗത്തിലെ സംഭാഷണങ്ങള്‍ ചിലതൊക്കെ ആവര്‍ത്തിക്കുന്നുണ്ട്‌. മകന്‍െറ സ്ഥാനത്ത്‌ അച്ഛനാണെന്നുമാത്രം.


രക്തബന്ധത്തിന്‍െറയും സേ്‌നഹത്തിന്‍െറയും അനശ്വരതയെക്കുറിച്ചും മരണത്തിന്‍െറയും ഒറ്റപ്പെടലിന്‍െറയും വേദനകളെക്കുറിച്ചുമാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍', `ഫാദര്‍ ആന്‍ഡ്‌സണ്‍' എന്നീ ചിത്രങ്ങളിലൂടെ സുഖുറോവ്‌ സംസാരിക്കുന്നത്‌. രണ്ടുചിത്രങ്ങളിലും കുടുംബത്തിലെ ഒരു പ്രധാന കണ്ണിയെ വിട്ടുകളയുന്നുണ്ട്‌ സംവിധായകന്‍. ആദ്യത്തേതില്‍ അച്ഛനെ നമ്മള്‍ കാണുന്നില്ല. രണ്ടാമത്തേതില്‍ അമ്മയെയും. രണ്ടുസിനിമകളിലും പെണ്‍മക്കളെ ഒഴിവാക്കിയിരിക്കുന്നു. ആണ്‍മക്കളുടെ കാഴ്‌ചപ്പാടിലൂടെ കുടുംബബന്ധത്തിന്‍െറ ദൃഢത പരിശോധിക്കാനാണ്‌ സുഖുറോവ്‌ താത്‌പര്യം കാട്ടുന്നത്‌.


`ഒരു പിതാവിന്‍െറ സേ്‌നഹം മകനെ കുരിശിലേറ്റി; ഒരു മകന്‍െറ സേ്‌നഹം അവനെ സ്വയം കുരിശാരോഹിതനാക്കി' എന്ന വാചകം `ഫാദര്‍ ആന്‍ഡ്‌ സണ്ണി'ല്‍ മകന്‍ അലക്‌സി രണ്ടുതവണ ആവര്‍ത്തിക്കുന്നുണ്ട്‌. ബൈബിള്‍ ഭാഷയ്‌ക്ക്‌ സമാനമായ ഈ വാചകത്തിലൂടെ പിതൃ-പുത്ര ബന്ധത്തിന്‌ ആത്മീയതലംകൂടി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്‌ സുഖുറോവ്‌. അച്ഛന്‍െറ സേ്‌നഹത്തെക്കുറിച്ചും തണലിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം നേരിടാന്‍ പോകുന്ന ഏകാന്തതയെക്കുറിച്ച്‌ അലക്‌സി ഉത്‌കണ്‌ഠപ്പെടുന്നുമുണ്ട്‌. കാണാതായ അച്ഛനെ തിരയുന്ന യുവാവിന്‍െറ വ്യഥ കാണുമ്പോഴാണ്‌ അച്ഛന്‍ നിത്യവും ഒരുക്കിത്തരുന്ന കൈത്തലത്തിന്‍െറ സാന്ത്വനത്തെപ്പറ്റി അലക്‌സി കൂടുതല്‍ ബോധവാനാകുന്നത്‌. എന്നിട്ടും, ഒടുവില്‍ അച്ഛനെ തനിച്ചാക്കേണ്ടിവന്നു അവന്‌.


പശ്ചാത്തലങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും പ്രമേയത്തിലും ആവിഷ്‌കാരത്തിലും ദൃശ്യസംവിധാനത്തിലും രണ്ടു സിനിമകള്‍ക്കും കുറെയൊക്കെ സമാനതകളുണ്ട്‌. വീട്ടിനകത്തെ ദൃശ്യങ്ങളില്‍ വെളിച്ചത്തിന്‌ പ്രാധാന്യം തീരെയില്ല. `ഫാദര്‍ ആന്‍ഡ്‌ സണ്ണി'ല്‍ ആദ്യപകുതിവരെ ഇളംമഞ്ഞ നിറത്തിനാണ്‌ പ്രാമുഖ്യം. പിന്നീടങ്ങോട്ട്‌ ചാരനിറമാണ്‌. അമ്മയെ കൈകളില്‍ താങ്ങിയെടുത്ത്‌ ഗ്രാമവീഥികളിലൂടെ നടന്നുനീങ്ങുന്ന മകന്‍ `മദര്‍ ആന്‍ഡ്‌ സണ്ണി'ലെ ഹൃദ്യമായ കാഴ്‌ചയാണ്‌. അതിനെ ഓര്‍മിപ്പിക്കുന്ന ഒരു ദൃശ്യം `ഫാദര്‍ ആന്‍ഡ്‌ സണ്ണി'ലുമുണ്ട്‌ (അച്ഛന്‍െറ ചുമലില്‍ കയറിയിരുന്ന്‌ അലക്‌സി പുറംകാഴ്‌ചകള്‍ കാണാന്‍ ശ്രമിക്കുന്ന ദൃശ്യം).


ജീവിതത്തിലെ ഹ്രസ്വമായ ചില അപൂര്‍വ നിമിഷങ്ങളെടുത്ത്‌ ഹൃദയസ്‌പര്‍ശിയായ സിനിമകളുണ്ടാക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ സുഖുറോവ്‌. `മദര്‍ ആന്‍ഡ്‌ സണ്‍', ഫാദര്‍ ആന്‍ഡ്‌ സണ്‍' എന്നീ ചിത്രങ്ങള്‍ അതിന്‍െറ സാക്ഷ്യപത്രങ്ങളാണ്‌. സംവിധായകന്‍െറ കലയാണ്‌ സിനിമ എന്ന്‌ ധൈര്യത്തോടെ അവകാശപ്പെടാന്‍ കഴിയുന്ന ആളാണ്‌ സുഖുറോവ്‌.