Wednesday, November 11, 2009

തോറ്റവരുടെ പോരാട്ടം

1937-45 കാലത്തെ ജപ്പാന്‍-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തയ്‌വാന്‍ വംശജനായ ആങ്‌ലീ സംവിധാനംചെയ്ത ചൈനീസ് ചിത്രമാണ് 'ലസ്റ്റ്,കോഷന്‍' . ചൈനയുടെ ഭാഗത്ത് സൈനികരടക്കം മൂന്നരക്കോടി ആളുകളാണ് ഈ യുദ്ധത്തില്‍ മരിച്ചത്. ഒമ്പതരക്കോടി ആളുകള്‍അഭയാര്‍ഥികളായി. തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ജപ്പാന്‍ അന്ന് പാവസര്‍ക്കാറിനെ പ്രതിഷ്ഠിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരനായ ഒരു സ്‌പെഷല്‍ ഏജന്റിനെ കൊല്ലാന്‍ ഏതാനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് 'ലസ്റ്റ്, കോഷന്‍' എന്ന ചിത്രം. ഏജന്റിനെ വളച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട വിദ്യാര്‍ഥിനിക്ക് ഒടുവില്‍ അയാളോട് തോന്നുന്ന സ്നേഹവും കടപ്പാടും വിദ്യാര്‍ഥി സംഘത്തെ മരണത്തിലേക്കെത്തിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം.
2005ല്‍ 'ബ്രോക്ക് ബാക്ക് മൗണ്ടന്‍' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടിയിട്ടുണ്ട് ആങ്‌ലീ. 2007 ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡന്‍ ലയണ്‍' പുരസ്‌കാരം നേടിയ ചിത്രമാണ് 'ലസ്റ്റ്, കോഷന്‍'.

രാജ്യസ്നേഹത്തിന്റെ പുകഴ്‌പെറ്റ കഥകള്‍ക്കൊക്കെ ഒരു ഇരുണ്ടവശമുണ്ടെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. യുദ്ധത്തിന്റെ തിളക്കത്തെക്കുറിച്ചേ ചരിത്രകാരന്മാര്‍ സംസാരിക്കൂ. തോറ്റവര്‍ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ചരിത്രം പലപ്പോഴും മൗനം പാലിക്കുന്നു. ഇവിടെ, വിപ്ലവകാരികളായ ഏതാനും ചെറുപ്പക്കാരുടെ തോല്‍വിയുടെ കഥയാണ് സംവിധായകന്‍ പറയുന്നത്. ആ തോല്‍വിയിലേക്ക് നയിച്ച സ്ത്രീ മനസ്സിന്റെ അജ്ഞാതഭാവങ്ങളിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.

1938 മുതല്‍ 42 വരെയുള്ള കാലത്ത് ചൈനയിലെ ഹോങ്കോങ്ങിലും ഷാങ്ഹായിലുമായാണ് കഥ നടക്കുന്നത്. തങ്ങളുടെ രാജ്യത്തെ കടന്നാക്രമിച്ച ജപ്പാന്‍സേനയോടുള്ള വെറുപ്പാണ് ലിങ്‌നാന്‍ യൂണിവേഴ്‌സിറ്റിയിലെ ആറ് വിദ്യാര്‍ഥികളെ വിപ്ലവപാതയിലേക്ക് നയിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘത്തിന്റെ തലവന്‍ നാടകസംവിധായകന്‍ കൂടിയായ കാങ്‌യു മിന്‍ ആണ്. സൈനികര്‍ രാജ്യത്തിനുവേണ്ടി പൊരുതുമ്പോള്‍ ഹോങ്‌കോങ്ങുകാര്‍ അലസജീവിതം തുടരുന്നതില്‍ അസ്വസ്ഥരായിരുന്നു ഈ വിദ്യാര്‍ഥിസംഘം. ഹോങ്‌കോങ്ങുകാരെ ഉണര്‍ത്താന്‍ അവര്‍ നാടകം അവതരിപ്പിക്കുന്നു. നാടകത്തോടുള്ള ജനങ്ങളുടെ പ്രതികരണം അവരെ ആവേശംകൊള്ളിച്ചു. ഇനി നാടകമല്ല, ആക്ഷനാണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കുന്നു. പാവ സര്‍ക്കാറിന്റെ റിക്രൂട്ടിങ് ഏജന്റായ യീ എന്നയാളെ വകവരുത്താന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിടുന്നു. സംഘത്തിലെ സുന്ദരിയായ വോങ്ചിയാചിയെ അവര്‍ ചാരവനിതയാക്കുന്നു. വന്‍ വ്യാപാരിയുടെ ഭാര്യയായി വേഷംകെട്ടുന്ന വോങ് ആദ്യം ചങ്ങാത്തം കൂടുന്നത് യീയുടെ ഭാര്യയുമായാണ്. ക്രമേണ വോങ് റിക്രൂട്ടിങ് ഏജന്റിന്റെ ഹൃദയത്തില്‍ കയറിപ്പറ്റുന്നു. അയാളെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് പിന്നീട്. വിദ്യാര്‍ഥി സംഘത്തിലെ ഒരാളില്‍നിന്ന് അവള്‍ കാമകലയുടെ പാഠങ്ങള്‍ അഭ്യസിക്കുന്നു. ഏറെ ശ്രദ്ധിച്ചിട്ടും ആദ്യത്തെ വധശ്രമം പാളി. അതോടെ വിദ്യാര്‍ഥിസംഘം പലഭാഗത്തേക്കും ചിതറിപ്പോയി. മൂന്നുവര്‍ഷത്തിനുശേഷം ഷാങ്ഹായ് നഗരത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. യുദ്ധം രൂക്ഷമായിരിക്കുന്നു. ജനജീവിതം നരകതുല്യമാണ്. വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും സംഘാംഗങ്ങള്‍ എല്ലാം വിപ്ലവപാതയില്‍തന്നെയാണ്. ഒരു ശ്രമംകൂടി നടത്താന്‍ അവര്‍ തീരുമാനിക്കുന്നു. യീ അപ്പോഴേക്കും രഹസ്യപ്പോലീസിന്റെ തലവനായി മാറിക്കഴിഞ്ഞിരുന്നു. വോങ് ചിയാചി വീണ്ടും ചാരവനിതയുടെ വേഷമണിയുന്നു. യീയുമായി വീണ്ടുമടുക്കുന്ന വോങ് അയാളുടെ വെപ്പാട്ടിയായി സ്വയം സമര്‍പ്പിക്കുന്നു. യീയുടെ ഓരോ നീക്കവും അവള്‍ സംഘത്തലവനെ അറിയിച്ചുകൊണ്ടിരുന്നു.

ഇരുട്ടിനെ ഭയപ്പെടുന്നവനാണ് യീ. അയാള്‍ക്ക് ആരെയും വിശ്വാസമില്ല. പക്ഷേ, വോങ്ങിനെ അയാള്‍ വിശ്വസിച്ചു, സ്നേഹിച്ചു. തന്റെ ശരീരം കീഴടക്കിയ യീ പതുക്കെപ്പതുക്കെ ഒരു പാമ്പിനെപ്പോലെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറുകയാണെന്ന് അവള്‍ക്ക് മനസ്സിലാകുന്നു. വിശ്വാസത്തോടുള്ള പ്രതിബദ്ധതയും യീയോട് തോന്നുന്ന അടുപ്പവും അവളെ ആശയക്കുഴപ്പത്തിലാക്കി. അയാളെ കൊല്ലാനുള്ള എല്ലാ കെണികളും ഒരുക്കിക്കൊടുക്കുന്ന അവള്‍ ആക്ഷന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ചഞ്ചലചിത്തയാവുന്നു. അയാളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു അവള്‍. വോങ്ങടക്കം ആറ് വിദ്യാര്‍ഥികളുടെ മരണവാറന്റില്‍ ഒപ്പിടുന്ന യീയെയാണ് നമ്മള്‍ അവസാനം കാണുന്നത്.

സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് ഏറ്റെടുക്കേണ്ടിവന്ന അസാധാരണ ദൗത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംവിധായകന്‍ സഹാനുഭൂതിയോടെയാണ് തന്റെ നായികയെ അവതരിപ്പിക്കുന്നത്. വിപ്ലവത്തിനും സഹനത്തിനും പാകപ്പെടാത്ത ഒരു യുവമനസ്സിന്റെ പതനമായേ അദ്ദേഹം അവളുടെ ചാഞ്ചാട്ടത്തെ കാണുന്നുള്ളൂ. ഇണയെ പീഡിപ്പിച്ച് രസിക്കുന്ന സാഡിസ്റ്റാണ് കഥാനായകനായ യീ. എന്നിട്ടും വോങ്ചിയാ ചി അയാളെ ഇഷ്ടപ്പെട്ടുപോകുന്നു.

ചാരവനിതയ്ക്കുവേണ്ട കഠിനശിക്ഷണത്തിലൂടെ കടന്നുവന്നവളല്ല വോങ്. യാദൃച്ഛികമായി ആ വേഷം അവള്‍ക്ക് കെട്ടേണ്ടിവന്നതാണ്.
രണ്ടരമണിക്കൂര്‍ നീണ്ട ഈ സിനിമ നല്ലൊരു ത്രില്ലറാണ്. ഇതിലെ കടുത്ത രതിരംഗങ്ങളുടെ പേരില്‍ ആങ്‌ലീയെ വിമര്‍ശിക്കുന്നവരുണ്ട്. ഇതിവൃത്തം ആവശ്യപ്പെടുന്ന 'കടുപ്പ'മേ താന്‍ കാണിച്ചിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഹിന്ദി നടന്‍ അനുപംഖേര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഷാങ്ഹായിയിലെ രത്‌നവ്യാപാരിയായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.


Friday, October 23, 2009

കലാപശേഷം

നിരപരാധികളുടെ ചോരയും കണ്ണീരും വീണ രണ്ട് കലാപങ്ങള്‍. ഒന്ന്, 1984 ല്‍ ഡല്‍ഹിയില്‍. മറ്റൊന്ന്, 2002 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍. ഈ മനുഷ്യക്കുരുതികളെ മറവിയുടെ കരിമ്പടമിട്ട് മൂടാനാണ് മിക്ക ചലച്ചിത്രകാരന്മാരും ശ്രമിച്ചത്. പേടിസ്വപ്‌നങ്ങളെ എന്തിനു വീണ്ടും വീണ്ടും ഓര്‍ത്തെടുക്കണം എന്നതാണ് അവരുടെ നിലപാട്. സന്ദേഹികളുടെ ഈ നിഷ്‌ക്രിയത്വത്തെ, നിസ്സംഗതയെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ചലച്ചിത്രകാരന്മാര്‍ ചോദ്യം ചെയ്യുന്നത്. ചരിത്രത്തിലെ ഒരുനീതികേടും മറക്കാനുള്ളതല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. അമു, പര്‍സാനിയ എന്നീ ഇംഗ്ലീഷ് സിനിമകള്‍ ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.
കലാപങ്ങളുടെ കാരണമോ അതിന്റെ ന്യായാന്യായങ്ങളോ ഒന്നും ഈ സിനിമകളില്‍ വിശകലനം ചെയ്യുന്നില്ല. എല്ലാറ്റിനും ഇരയായിത്തീരുന്ന നിസ്സഹായരെക്കുറിച്ചാണ് 'അമു'വും 'പര്‍സാനിയ'യും വേവലാതിപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്കു നീതി കിട്ടാതെപോയതിനെക്കുറിച്ചാണ് രോഷം കൊള്ളുന്നത്. മതാന്ധരുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും തനിനിറം തുറന്നുകാട്ടുന്നുണ്ട് രണ്ട് സിനിമകളും. കലാപം ബാക്കിവെക്കുന്ന തീരാമുറിവുകളാണ് ഈ സിനിമകളുടെ ഇതിവൃത്തം.
ഷൊണാലി ബോസ് എന്ന വനിത സംവിധാനം ചെയ്ത 'അമു' 2005 ലെ ബര്‍ലിന്‍, ടൊറോന്‍േറാ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005 ലെ മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് 'അമു'വിനായിരുന്നു. രാഹുല്‍ ധോലാക്കിയ ആണ് 'പര്‍സാനിയ'യുടെ സംവിധായകന്‍. 2006 ല്‍ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന് ധോലാക്കിയയെ അര്‍ഹനാക്കിയത് 'പര്‍സാനിയ' ആണ്. ഇതിലഭിനയിച്ച സരിക മികച്ച നടിക്കുള്ള അവാര്‍ഡും നേടി.
ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1984 ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ്‌വിരുദ്ധ കലാപമാണ് 'അമു'വിന്റെ പശ്ചാത്തലം. ഒരു ബംഗാളി കുടുംബം ദത്തെടുത്ത കാജുറോയ് എന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം. കേയറോയ് എന്ന പൗരാവകാശ പ്രവര്‍ത്തകയാണ് കാജുവിനെ മകളായി ദത്തെടുത്തത്. അന്ന് കാജുവിന് മൂന്നു വയസ്സ്. കേയയ്‌ക്കൊപ്പം അമേരിക്കയിലേക്കു പോയ കാജു 18 വര്‍ഷത്തിനു ശേഷം 2002 ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. അവള്‍ക്കൊരു പ്രധാന ലക്ഷ്യമുണ്ടായിരുന്നു. തന്റെ മാതാപിതാക്കളാരെന്നു കണ്ടത്തണം. മലമ്പനി പിടിപെട്ടാണ് അവര്‍ മരിച്ചത് എന്നാണ് വളര്‍ത്തമ്മ അവളോട് പറഞ്ഞിരുന്നത്. മലമ്പനിയല്ല കലാപമാണ് മാതാപിതാക്കളെയും അനുജനെയും തനിക്ക് നഷ്ടപ്പെടുത്തിയതെന്ന് ഒടുവില്‍ അവള്‍ക്ക് ബോധ്യമാവുന്നു. സിഖ് കുടുംബത്തിലാണ് തന്റെ ജനനമെന്നും അമു എന്ന അമൃതയാണ് താനെന്നും കാജു തിരിച്ചറിയുന്നു.

കാജുവിന്റെ വ്യക്തിപരമായ ദുഃഖത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് തുടങ്ങുന്ന ഇതിവൃത്തം ക്രമേണ വികസിച്ച് സിഖ് സമുദായത്തിന്റെ കഠിനവ്യഥകളിലാണ് ചെന്നുനില്‍ക്കുന്നത്. ഡല്‍ഹിയില്‍ അക്രമികള്‍ സംഹാരതാണ്ഡവമാടിയ ഇരുണ്ടനാളുകളാണ് സംവിധായിക കാണിച്ചുതരുന്നത്.
സി.പി.എം.നേതാവ് വൃന്ദ കാരാട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. കാജുറോയിയുടെ വളര്‍ത്തമ്മയായി വരുന്ന വൃന്ദ, രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമായതിനാലാവണം വൃന്ദകാരാട്ട് ഈ ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായത്. സുഭാഷിണിഅലിയും 'അമു'വില്‍ അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തിന് ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.
2002-ല്‍ തുടങ്ങുന്ന സിനിമ 18 വര്‍ഷം പിറകോട്ട് സഞ്ചരിച്ച് വീണ്ടും 2002-ല്‍ത്തന്നെ എത്തിനില്‍ക്കുന്നു. അപ്പോള്‍, മറ്റൊരുകലാപത്തിന്റെ സൂചനയാണ് നമുക്ക് കിട്ടുന്നത്.ഗുജറാത്തിലെ ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച സംഭവത്തിന്റെ ടി.വി.വാര്‍ത്ത കാണിച്ചുകൊണ്ടാണ് 'അമു' അവസാനിക്കുന്നത്. ഭീതിയുടെ ആവര്‍ത്തനമായി കലാപങ്ങള്‍ പിറകെ വരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ക്യാമറ പിന്മാറുകയാണ്.

യാദൃച്ഛികമായാണെങ്കിലും 'അമു'വിന്റെ അവസാനരംഗത്തുനിന്നാണ് 'പര്‍സാനിയ' തുടങ്ങുന്നത്. ഗോധ്ര സംഭവത്തിനുശേഷം അഹമ്മദാബാദിലുണ്ടായ കലാപമാണ് 'പര്‍സാനിയ'യുടെ പശ്ചാത്തലം. സിനിമാ ഓപ്പറേറ്ററായ സൈറസ് പിത്തവാല (നസിറുദ്ദീന്‍ഷാ)യുടെ കുടുംബമാണ് ഇതിവൃത്തത്തിന്റെ കേന്ദ്രബിന്ദു. സന്തുഷ്ടമായ ഈ പാര്‍സി കുടുംബത്തിന് കലാപം നല്‍കിയത് തീരാവേദനയാണ്. കലാപം തകര്‍ത്തെറിഞ്ഞ ഒട്ടേറെ കുടുംബങ്ങളുടെ പ്രാതിനിധ്യമാണ് സൈറസ്‌കുടുംബം വഹിക്കുന്നത്. സൈറസും ഭാര്യയും രണ്ടു മക്കളും. മക്കളില്‍ മൂത്തവനാണ് പത്തുവയസ്സുകാരനായ പര്‍സാന്‍. കലാപത്തില്‍ അവനെ കാണാതാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന ദിനം സ്വപ്‌നം കണ്ടുനടന്നവനാണ് പര്‍സാന്‍. ചോക്കലേറ്റും ഐസ്‌ക്രീമുംകൊണ്ടു നിറച്ച പര്‍സാനിയ എന്ന ഭാവനാലോകം അവന്‍ സൃഷ്ടിച്ചെടുത്തു. അവിടെ തന്റെ കൊച്ചുപെങ്ങളെയും അവന്‍ സങ്കല്പിച്ചു. നിഷ്‌കളങ്കമായ അവന്റെ ബാല്യമാണ് കലാപം കവര്‍ന്നെടുത്തത്. പക്ഷേ, അവന്‍ മരിച്ചു എന്ന് ആ കുടുംബം വിശ്വസിക്കുന്നില്ല. തിരിച്ചറിയപ്പെടാതെ കിടക്കുന്ന ശവക്കൂമ്പാരങ്ങള്‍ക്കിടയില്‍ സൈറസ് മകനെ അന്വേഷിച്ചുനടന്നു. ഒമ്പതുദിവസം ഉണ്ണാവ്രതമെടുത്ത് അവനുവേണ്ടി പ്രാര്‍ഥിച്ചു. എന്നെങ്കിലും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണാ കുടുംബം.
മഹാത്മാഗാന്ധിയെപ്പറ്റി പഠിക്കാന്‍ വരുന്ന അലന്‍ എന്ന അമേരിക്കക്കാരനെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ കഥ പറയുന്നത്. ഗാന്ധിജിയുടെ നാട്ടില്‍ ഹിംസയുടെ താണ്ഡവമാണ് ആ വിദേശി കാണുന്നത്.
കലാപത്തിലെ കൊടുംക്രൂരതകള്‍ പലതും ദൃശ്യവത്കരിക്കാതെ വിടുന്നുണ്ട് സംവിധായകന്‍. ഈ ഔചിത്യത്തെ ശ്ലാഘിക്കണം. ദൃശ്യങ്ങള്‍ക്കു പകരം ശക്തമായ വാക്കുകളാണ് ധോലാക്കിയ ഉപയോഗിക്കുന്നത്. ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ തെളിവെടുപ്പ് സിനിമയിലെ ഒരു പ്രധാന മുഹൂര്‍ത്തമായി മാറുകയാണ്. കാടത്തത്തിനിരയായവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലൂടെ കലാപനാളുകളുടെ പൊള്ളുന്ന ചിത്രം നമുക്ക് കിട്ടുന്നു. ചടുലമായ എഡിറ്റിങ്ങിലൂടെയാണിത് സാധിച്ചിരിക്കുന്നത്.

തെളിവെടുപ്പുവേളയില്‍ സൈറസിന്റെ ഭാര്യ ഷെര്‍നാസ് (സരിക) ഉന്നയിക്കുന്ന ചോദ്യം ശ്രദ്ധേയമാണ്. എല്ലാ ക്രൂരതകളും കാണേണ്ടിവന്ന ആറു വയസ്സുകാരിയായ തന്റെ മകളുടെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്നാണ് ആ അമ്മ വ്യാകുലപ്പെടുന്നത്. 'പര്‍സാനിയ'യിലൂടെ സംവിധായകന്‍ പങ്കുവെക്കുന്നത് ഈ ആശങ്കയാണ്.

Thursday, October 1, 2009

അന്ധതയുടെ നഗരം

അസാധ്യതയുടെ സാധ്യതയും സ്വപ്‌നങ്ങളും മിഥ്യകളുമാണ്‌ എന്‍െറ നോവലുകളുടെ വിഷയം'' എന്ന്‌ പ്രഖ്യാപിച്ച പോര്‍ച്ചുഗീസ്‌ എഴുത്തുകാരനാണ്‌ ഷൂസെ സാരമാഗോ. 1995-ല്‍ അദ്ദേഹം പോര്‍ച്ചുഗീസ്‌ ഭാഷയില്‍ എഴുതിയ `ബ്ലൈന്‍ഡ്‌നെസ്‌' (അന്ധത) എന്ന നോവല്‍ വിചിത്രാനുഭവങ്ങളുടെ ലോകമാണ്‌ തുറന്നിടുന്നത്‌. ഈ നോവല്‍ സിനിമയാക്കുന്നതിനോട്‌ സാരമാഗോവിനു തീരെ സമ്മതമുണ്ടായിരുന്നില്ല. സിനിമ വഴങ്ങാത്ത ഏതെങ്കിലും സംവിധായകന്‍െറ കൈകളില്‍ എത്തിപ്പെട്ടാല്‍ നോവലിന്‍െറ ജീവന്‍ നഷ്‌ടപ്പെട്ടുപോകുമെന്ന്‌ അദ്ദേഹം ഭയന്നിരുന്നു. ഒടുവില്‍ താനുന്നയിച്ച വ്യവസ്ഥകളെല്ലാം പാലിക്കുമെന്ന്‌ ഉറപ്പു കിട്ടിയപ്പോഴാണ്‌ സാരമാഗോ `ബ്ലൈന്‍ഡ്‌നെസ്സി'ന്‍െറ ചലച്ചിത്രഭാഷ്യത്തിനു സമ്മതം മൂളിയത്‌. സിനിമയാക്കാമെന്ന്‌ ഏറ്റത്‌ പ്രശസ്‌ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറെല്ലസ്‌ ആണ്‌.

പ്രേക്ഷകര്‍ മറക്കാനിടയില്ല ഈ സംവിധായകന്‍െറ പേര്‌. `സിറ്റി ഓഫ്‌ ഗോഡ്‌' എന്ന `തലതിരിഞ്ഞ' ചിത്രമെടുത്ത്‌ പ്രേക്ഷകരെയും നിരൂപകരെയും ഞെട്ടിച്ചയാളാണ്‌ മീറെല്ലസ്‌. (2002-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച `സിറ്റി ഓഫ്‌ ഗോഡ്‌' പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ചിത്രമാണ്‌. സിനിമയുടെ സൗന്ദര്യശാസ്‌ത്ര സങ്കല്‌പങ്ങളെ പാടെ നിരാകരിച്ച ഈ സിനിമ 1970-കളില്‍ ബ്രസീലിലെ റിയോ ഡി ജനീറോവില്‍ തഴച്ചുവളര്‍ന്നിരുന്ന ചേരികളിലെ കുടിപ്പകയുടെ കഥ പറയുന്നു. തെരുവില്‍നിന്ന്‌ കണ്ടെടുത്ത അറുപതോളം യുവാക്കളായിരുന്നു ഇതിലെ അഭിനേതാക്കള്‍.)

2008-ലാണ്‌ `ബ്ലൈന്‍ഡ്‌നെസ്‌' സിനിമയാകുന്നത്‌. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു ഇത്‌. `സിറ്റി ഓഫ്‌ ഗോഡ്‌' പോലെത്തന്നെ അപൂര്‍വമായ ഒരനുഭവമാണ്‌ `ബ്ലൈന്‍ഡ്‌നെസ്സും'. `അസാധ്യതയുടെ സാധ്യത'യെ അക്ഷരങ്ങളില്‍ നിന്ന്‌ ദൃശ്യഖണ്ഡങ്ങളായി വിജയകരമായി പകര്‍ത്തിയിരിക്കയാണ്‌ മീറെല്ലസ്‌.

പേരില്ലാത്ത ഏതോ രാജ്യത്തെ ഏതോ നഗരത്തിലാണ്‌ കഥ നടക്കുന്നത്‌. അന്ധത പകര്‍ച്ചവ്യാധിയായി അവിടെ പ്രത്യക്ഷപ്പെടുന്നു. പൊടുന്നനെയാണ്‌ ആള്‍ക്കാരുടെ കാഴ്‌ച നഷ്‌ടപ്പെടുന്നത്‌. രോഗിയുമായി ബന്ധപ്പെടുന്നവരൊക്കെ അന്ധരായി മാറുന്നു. ഭീതിദമായ ഈ അത്ഭുതപ്രതിഭാസത്തെ ശാസ്‌ത്രലോകത്തിനു വ്യാഖ്യാനിക്കാനാവുന്നില്ല. നിരത്തില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടുന്നു. ആകാശത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നു. അപകടം പേടിച്ചാരും വാഹനങ്ങള്‍ നിരത്തിലിറക്കാതായി. ഭരണകൂടം ഉണര്‍ന്നു. രോഗബാധിതരെയെല്ലാം മറ്റുള്ളവരില്‍ നിന്നകറ്റി പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായി. നഗരത്തിലെ ഡോക്ടറെയും രോഗം ബാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍െറ ഭാര്യ രോഗത്തില്‍നിന്ന്‌ രക്ഷപ്പെടുന്നു. താനും അന്ധയാണെന്ന്‌ പറഞ്ഞ്‌ അവരും ഡോക്ടറെ അനുഗമിക്കുന്നു. സെല്ലിലെത്തുന്ന രോഗികള്‍ക്ക്‌ സഹായിയായി മാറുകയാണ്‌ ആ വനിത. കാഴ്‌ചയില്ലാത്തവരുടെ ലോകത്തില്‍ എല്ലാറ്റിനും സാക്ഷിയാകേണ്ടിവരുന്നു അവര്‍ക്ക്‌.

രോഗികള്‍ വര്‍ധിച്ചതോടെ സെല്ലുകളില്‍ അസ്വസ്ഥത പടരുന്നു. അരക്ഷിതാവസ്ഥ അവരെ വേട്ടയാടുന്നു. പക്ഷേ, അന്ധതയുടെ ലോകത്തും അവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ല. സഹാനുഭൂതിയും സേ്‌നഹവും മാത്രമല്ല പകയും അധികാരത്തര്‍ക്കവും നിലനില്‌പിനായുള്ള പോരാട്ടവും ലൈംഗികചൂഷണവും അവിടെ നമ്മള്‍ കാണുന്നു. പുറംലോകത്തിന്‍െറ നേര്‍പ്പതിപ്പായി മാറുന്നു അകംലോകവും.

എവിടെയും ഏതവസ്ഥയിലും മനുഷ്യന്‍െറ അടിസ്ഥാനചോദനകളും സ്വഭാവങ്ങളും മാറുന്നില്ല എന്ന്‌ രേഖപ്പെടുത്തുകയാണ്‌ സാരമാഗോ. നമ്മുടെയൊക്കെ സംസ്‌കാരം എത്ര ലോലമാണെന്നും എത്ര എളുപ്പത്തിലാണ്‌ അത്‌ തകര്‍ന്നുവീഴുന്നതെന്നുമുള്ള നോവലിസ്റ്റിന്‍െറ ദര്‍ശനമാണ്‌ തന്നെ ആകര്‍ഷിച്ചതെന്ന്‌ സംവിധായകന്‍ മീറെല്ലസ്‌ പറയുന്നു. (ആത്മീയതയില്‍ നിന്നകന്നുപോയ ഒരു ജനതയ്‌ക്ക്‌ സ്വാഭാവികമായി ഏല്‍ക്കേണ്ടിവന്ന ശിക്ഷയാണ്‌ നോവലില്‍ പരാമര്‍ശിക്കുന്നതെന്നും വ്യാഖ്യാനിക്കാവുന്നതാണ്‌).

കഥാപാത്രങ്ങളുടെ കാഴ്‌ച നഷ്‌ടപ്പെടുന്ന രീതി വിചിത്രമാണ്‌. ഇവിടെ അന്ധത എന്നത്‌ ഇരുട്ടല്ല, കടുംവെളിച്ചമാണ്‌. വെളിച്ചത്തിന്‍െറ ഒരു സമുദ്രം അവരുടെ കണ്ണുകളിലേക്ക്‌ കുത്തിക്കയറുകയാണ്‌. മുന്നിലെ തീക്ഷ്‌ണപ്രകാശത്തില്‍ അവര്‍ക്ക്‌ കാഴ്‌ച അസാധ്യമാകുന്നു. (വൈറ്റ്‌ സിക്ക്‌നസ്‌ എന്നാണ്‌ സര്‍ക്കാര്‍വക്താവ്‌ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്‌).

നഗരത്തിലെ തിരക്കേറിയ ജങ്‌ഷനില്‍ തന്‍െറ കാറില്‍ സിഗ്‌നനല്‍ കാത്തുകിടക്കുന്ന ഒരു യുവാവിന്‍െറ കാഴ്‌ച നഷ്‌ടപ്പെടുന്നതോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. പിന്നെ, യുവാവിനെ പരിശോധിച്ച ഡോക്ടറുടെയും യുവാവിനെ സഹായിച്ച കാര്‍മോഷ്‌ടാവിന്‍െറയും കാഴ്‌ച പോകുന്നു. ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ ഒരു `അന്ധകുടുംബം' രൂപംകൊള്ളുകയാണ്‌ അവസാനരംഗത്തില്‍. അപ്പോഴേക്കും ആദ്യം രോഗബാധിതനായ യുവാവിന്‌ കാഴ്‌ച തിരിച്ചുകിട്ടുന്നു. അവിടെ ആഹ്ലാദത്തിന്‍െറയും പ്രതീക്ഷയുടെയും ആരവം. എല്ലാവര്‍ക്കും കാഴ്‌ച വീണ്ടുകിട്ടുമെന്ന്‌ സൂചന നല്‍കിക്കൊണ്ടാണ്‌ 115 മിനിറ്റ്‌ നീണ്ട സിനിമ അവസാനിക്കുന്നത്‌. (ബ്ലൈന്‍ഡ്‌നെസ്സി'ന്‌ 2004-ല്‍ സാരമാഗോ തുടര്‍ച്ച എഴുതിയിട്ടുണ്ട്‌. `സീയിങ്‌' (കാഴ്‌ച) എന്നാണീ നോവലിന്‍െറ പേര്‍).

നോവലിലെപ്പോലെ സിനിമയിലും കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല. യുവാവ്‌, കറുത്ത കണ്ണട ധരിച്ച യുവതി, ഡോക്ടര്‍, ഡോക്ടറുടെ ഭാര്യ, കാര്‍മോഷ്‌ടാവ്‌, എന്‍ജിനീയര്‍, ഫാര്‍മസിസ്റ്റ്‌, വൃദ്ധന്‍, പയ്യന്‍ തുടങ്ങിയവരൊക്കെയാണ്‌ കഥാപാത്രങ്ങള്‍. വിഷയത്തിനനുയോജ്യമായ രീതിയിലാണ്‌ ഛായാഗ്രഹണം. പല രംഗങ്ങളും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമയിലേതുപോലെയാണ്‌. വെളുപ്പിനാണ്‌ പ്രാധാന്യം. ഇടയ്‌ക്കിടെ സ്‌ക്രീനില്‍ വെളുപ്പ്‌ പടരുന്നു. അവ്യക്തമായ നിഴല്‍രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ഈ സിനിമയെ്‌ക്കതിരെ ചില വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്‌. അമേരിക്കയിലെ `നാഷണല്‍' ഫെഡറേഷന്‍ ഓഫ്‌ ദ ബ്ലൈന്‍ഡ്‌' എന്ന സംഘടനയാണ്‌ പ്രതിഷേധസ്വരമുയര്‍ത്തിയത്‌. അന്ധസമൂഹത്തെ മോശക്കാരായി ചിത്രീകരിക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. സംവിധായകന്‌ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുണ്ട്‌: ``അന്ധരെക്കുറിച്ചുള്ള സിനിമയല്ലിത്‌. മനുഷ്യസ്വഭാവത്തെക്കുറിച്ചാണിതില്‍ പറയുന്നത്‌.''

Sunday, September 6, 2009

കോളറക്കാലത്തെ പ്രണയം

കാമുകിയായിരുന്ന ഫെര്‍മിന ഡാസയോട്‌ ഫേ്‌ളാറന്‍റിനൊ അരിസ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുന്നത്‌ കൃത്യം 51 വര്‍ഷവും ഒമ്പതുമാസവും നാലുദിവസവും പിന്നിട്ടപ്പോഴാണ്‌. ഫെര്‍മിനയുടെ ഭര്‍ത്താവിന്‍െറ ശവസംസ്‌കാര ദിനമായിരുന്നു അന്ന്‌. അപ്പോള്‍ ഫെര്‍മിനയുടെ പ്രായം 72 വയസ്സ്‌. ഫേ്‌ളാറന്‍റിനൊയ്‌ക്ക്‌ 76. അത്യപൂര്‍വമായൊരു പ്രണയസാഫല്യത്തിന്‍െറയും ഒട്ടേറെ പ്രണയനാട്യങ്ങളുടെയും കഥ പറയുന്ന ചിത്രമാണ്‌ `ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ' (കോളറക്കാലത്തെ പ്രണയം). കൊളംബിയന്‍ എഴുത്തുകാരനും നോബല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്‌ എഴുതിയ ഇതേ ശീര്‍ഷകത്തിലുള്ള നോവലാണ്‌ 2007ന്‍െറ ഒടുവിലിറങ്ങിയ ഈ ഹോളിവുഡ്‌ സിനിമയ്‌ക്കാധാരം. 1985ല്‍ സ്‌പാനിഷ്‌ ഭാഷയിലാണ്‌ മാര്‍കേസിന്‍െറ നോവല്‍ പുറത്തിറങ്ങിയത്‌. 88ല്‍ ഇംഗ്ലീഷ്‌ പരിഭാഷവന്നു. 97ല്‍ മലയാളത്തിലും പരിഭാഷ ഇറങ്ങി.
പ്രശസ്‌തമായ സാഹിത്യകൃതി സിനിമയാക്കുമ്പോള്‍ സംവിധായകന്‍െറ ഉത്തരവാദിത്വം ഏറും. ആദ്യം, ആ കൃതിയോട്‌ അയാള്‍ സത്യസന്ധത പുലര്‍ത്തണം. പിന്നെ, എഴുത്തുകാരന്‍െറ വാങ്‌മയ ചിത്രങ്ങളെ പരിചയപ്പെട്ട വായനക്കാരന്‍െറ ആകാംക്ഷയെ തൃപ്‌തിപ്പെടുത്തണം. ഈ രണ്ട്‌ കാര്യങ്ങളിലും നീതി പുലര്‍ത്താനാവാതെ വരുമ്പോള്‍ സംവിധായകന്‍ പരാജയപ്പെടുകയാണ്‌. മാര്‍കേസിന്‍െറ നോവല്‍ വായിച്ചിട്ടുള്ളവരെ `ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ' എന്ന, 130 മിനിറ്റ്‌ നീണ്ട സിനിമ നിരാശപ്പെടുത്തും. ആഹ്ലാദകരമായ ഒരു വായനാനുഭവത്തിന്‍െറ ഓര്‍മയുമായി സിനിമയെ സമീപിക്കുമ്പോള്‍ മാര്‍കേസിന്‍െറ രചനാവൈഭവമോ ജീവിതവീക്ഷണമോ അവിടെ നമുക്ക്‌ കണ്ടെത്താനാവില്ല. മാര്‍കേസിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെപോയ ഒരു സംവിധായകന്‍െറ പരുങ്ങല്‍ നമുക്ക്‌ എളുപ്പം ബോധ്യപ്പെടും.

1870 മുതല്‍ 1930വരെയാണ്‌ കഥയുടെ കാലഘട്ടം. മഗ്‌ദലിന നദിക്കരയിലെ ഒരു കരീബിയന്‍ നഗരമാണ്‌ പശ്ചാത്തലം. ടെലിഗ്രാഫ്‌ മെസഞ്ചറായി ജീവിതം തുടങ്ങി വന്‍ കപ്പല്‍ക്കമ്പനിയുടെ ഉടമയായി മാറുന്ന ഫേ്‌ളാറന്‍റിനൊ അരിസയുടെ ഭൗതിക വളര്‍ച്ചയും പ്രണയസാഫല്യത്തിനായുള്ള അനന്തമായ കാത്തിരിപ്പുമാണ്‌ ഇതിവൃത്തം. ദാരിദ്ര്യം പിടിച്ച തെരുവില്‍ അമ്മയെ്‌ക്കാപ്പമായിരുന്നു ഫേ്‌ളാറന്‍റിനൊയുടെ താമസം. കപ്പല്‍ക്കമ്പനി ഉടമകളിലൊരാളായിരുന്നു അവന്‍െറ അച്ഛന്‍. പക്ഷേ, പരസ്യമായി പിതൃത്വം ഏറ്റെടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. കവികൂടിയായ ഫേ്‌ളാറന്‍റിനൊയുടെ മനസ്സിലേക്ക്‌ കോവര്‍ക്കഴുത വ്യാപാരിയുടെ മകള്‍ ഫെര്‍മിന ഡാസ കടന്നുവരുന്നു. അവളുടെ അച്ഛന്‌ ഈ ബന്ധം ഇഷ്‌ടമായിരുന്നില്ല. കോളറക്കാലത്ത്‌ മകളെ ചികിത്സിക്കാനെത്തിയ അഭിജാത കുടുംബാംഗമായ ഡോ. ജുവനാല്‍ അര്‍ബിനൊയുടെ വിവാഹാഭ്യര്‍ഥന ഫെര്‍മിനയുടെ അച്ഛന്‍ സസന്തോഷം സ്വീകരിക്കുന്നു. പ്രേമം വെറും മിഥ്യയാണെന്നു പ്രഖ്യാപിച്ച്‌ , തങ്ങളുടെ ഹ്രസ്വമായ പ്രണയവര്‍ഷങ്ങളെ മറക്കാന്‍ ഫെര്‍മിനയും തയ്യാറാവുന്നു. ഫേ്‌ളാറന്‍റിനൊ പക്ഷേ, നിരാശനാവുന്നില്ല. കാമുകിക്കുവേണ്ടി തന്‍െറ `പ്രണയപരിശുദ്ധി' കാത്തുസൂക്ഷിക്കാന്‍ തീരുമാനിക്കുന്നു അയാള്‍. ഫെര്‍മിനയുടെ ഭര്‍ത്താവ്‌ മരിക്കുന്ന സുദിനത്തിനുവേണ്ടിയായിരുന്നു അയാളുടെ കാത്തിരിപ്പ്‌. തന്‍െറ വികൃതിയായ തത്തയെ പിടിക്കാനുള്ള ശ്രമത്തില്‍ 81-ാം വയസ്സില്‍ ഡോ. അര്‍ബിനൊ മരത്തില്‍നിന്ന്‌ വീണ്‌ മരിക്കുന്നു. ശവസംസ്‌കാരദിനത്തില്‍ ഫേ്‌ളാറന്‍റിനൊ ഫെര്‍മിനയുടെ അടുത്തെത്തി പ്രണയാഭ്യര്‍ഥന ആവര്‍ത്തിക്കുന്നു. കുറച്ചുകാലത്തെ കാത്തിരിപ്പു വേണ്ടിവന്നെങ്കിലും ഫെര്‍മിനയുടെ മനസ്സില്‍ അയാള്‍ വീണ്ടും ഇടം നേടുന്നു.
പ്രണയവും പ്രണയനിരാസവും വഞ്ചനയും പ്രതീക്ഷയും വാര്‍ധക്യവും ജീവിതവും മരണവുമെല്ലാം മാര്‍കേസിന്‍െറ നോവലില്‍ കത്തിപ്പടര്‍ന്നുനില്‍ക്കുന്നു. ഓരോ കഥാപാത്രവും നെഞ്ചുറപ്പോടെ നില്‍ക്കുന്നവരാണ്‌. മൈക്ക്‌ നെവില്‍ സംവിധാനം ചെയ്‌ത സിനിമയിലാവട്ടെ കഥാപാത്രങ്ങളുടെ വ്യക്തിത്വം മങ്ങിപ്പോകുന്നു. രണ്ട്‌ നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ഇതിവൃത്തത്തിലെ രാഷ്‌ട്രീയ, സാമൂഹിക ചരിത്രമെല്ലാം സിനിമയില്‍ അപ്രത്യക്ഷമായിരിക്കുന്നു.

വിചിത്രമായ സ്വഭാവഘടനയുള്ളവനാണ്‌ ഇതിലെ മുഖ്യകഥാപാത്രമായ ഫേ്‌ളാറന്‍റിനോ അരിസ. അയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും നോവലിസ്റ്റ്‌ പിന്തുടരുന്നുണ്ട്‌. ഓരോ ചിന്തയും രേഖപ്പെടുത്തുന്നുണ്ട്‌. പക്ഷേ, അതൊന്നും സിനിമയിലേക്ക്‌ കൊണ്ടുവരാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടില്ല. കാമുകിയോടുള്ള പ്രണയത്തിന്‍െറ വിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും തന്‍െറ ജീവിതത്തിലേക്ക്‌ ആകസ്‌മികമായി കടന്നുവന്ന ധാരാളം സ്‌ത്രീകളെ ഫേ്‌ളാറന്‍റിനോ സേ്‌നഹിച്ചിരുന്നു. അര നൂറ്റാണ്ടിനിടയില്‍ 622 സ്‌ത്രീകളാണ്‌ അയാളുടെ ജീവിതത്തില്‍ കയറിയിറങ്ങിയത്‌. അതില്‍ പലരും വിധവകളായിരുന്നു. തന്‍െറ രതിവേട്ടയുടെ ചരിത്രരേഖകള്‍ 25 നോട്ടുബുക്കുകളിലായി അയാള്‍ പകര്‍ത്തിവെച്ചു. ഫേ്‌ളാറന്‍റിനൊയുടെ ഈയൊരു സ്വഭാവവിശേഷത്തിനാണ്‌ സംവിധായകന്‍ ഊന്നല്‍ നല്‍കിയത്‌. ഭോഗാസക്തനായ ഒരു ഞരമ്പുരോഗിയുടെ തലത്തിലേക്ക്‌ ഫേ്‌ളാറന്‍റിനൊയെ സംവിധായകന്‍ വലിച്ചുതാഴ്‌ത്തിക്കളഞ്ഞു. അവഹേളനത്തിന്‍െറ ബാല്യവും യൗവനവും പിന്നിടുകയും മരണത്തെക്കാളും വാര്‍ധക്യത്തെ ഭയപ്പെടുകയും പ്രണയസാക്ഷാത്‌കാരത്തിനായി ജീവിതം നീക്കിവെക്കുകയും ചെയ്‌ത ഫേ്‌ളാറന്‍റിനോയുടെ മനസ്സ്‌ കാണാന്‍ സംവിധായകന്‌ കഴിഞ്ഞില്ല. ഫേ്‌ളാറന്‍റിനോയുടെ രതിവേട്ടയാണ്‌ ക്യാമറയുടെ ദൃശ്യപരിധിയില്‍ പ്രാധാന്യം നേടുന്നത്‌.

നോവലിന്‍െറ ഇതിവൃത്തഘടനയെ അതേപടി പിന്തുടരുകയാണ്‌ സിനിമ. പക്ഷേ, പല കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഉപേക്ഷിക്കുകയോ വേണ്ട രീതിയില്‍ പരിഗണിക്കുകയോ ചെയ്യാതെയാണ്‌ സിനിമ മുന്നോട്ടുപോകുന്നത്‌. വാര്‍ധക്യത്തെ പേടിച്ച ജെറിമെ ഡി സെന്‍റ്‌ അമോര്‍ എന്ന കഥാപാത്രം തന്നെ ഉദാഹരണം. വികലാംഗനായിത്തീര്‍ന്ന ഈ യുദ്ധവീരന്‍െറ ആത്മഹത്യ ചിത്രീകരിച്ചുകൊണ്ടാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. സ്വര്‍ണസയനൈഡിന്‍െറ തീക്ഷ്‌ണഗന്ധമുള്ള പുക ശ്വസിച്ച്‌ ഓര്‍മയുടെ പീഡനങ്ങളില്‍ നിന്ന്‌ അയാള്‍ രക്ഷപ്പെടുകയായിരുന്നു. ഡോ.ജുവനാല്‍ അര്‍ബിനൊയുടെ മരണചിന്തകളിലേക്ക്‌ ഒരു പാലമിടാനാണ്‌ മാര്‍കേസ്‌ ജെറിമെയുടെ ആത്മഹത്യയിലൂടെ ശ്രമിച്ചത്‌. പക്ഷേ, സിനിമയില്‍ ആ ഭാഗം പാടെ ഉപേക്ഷിക്കപ്പെട്ടു.

60 വയസ്സിനപ്പുറം ജീവിതം വേണ്ടെന്ന്‌ ശഠിച്ചയാളാണ്‌ ജെറിമെ. ഡോ.അര്‍ബിനൊയുടെ സുഹൃത്തായിരുന്നു അയാള്‍. ഇരുവര്‍ക്കും ചതുരംഗം ഏറെ ഇഷ്‌ടമായിരുന്നു. വെള്ളക്കരുക്കള്‍ കൊണ്ടേ ജറിമെ കളിച്ചിരുന്നുള്ളൂ. 60-ാം വയസ്സില്‍ മരണത്തിന്‍െറ കറുത്ത കള്ളിയില്‍ അയാള്‍ സ്വയം അര്‍പ്പിച്ചു. അയാളെ കാണാനെത്തിയ ഡോ. അര്‍ബിനൊയുടെ ചിന്തകളാണ്‌ ആദ്യ അധ്യായത്തിന്‍െറ ഏറെ ഭാഗവും. ജീവിതത്തെക്കുറിച്ചും ജരാനരയെക്കുറിച്ചും ചിന്തിക്കുന്ന അര്‍ബിനൊയുടെ മനസ്സിലേക്ക്‌ മരണഭയവും വലിഞ്ഞുകയറുന്നു. ഫേ്‌ളാറന്‍റിനൊ അരിസയിലും മരണചിന്ത അരിച്ചെത്തുന്നത്‌ ഈ അധ്യായത്തില്‍ നമുക്ക്‌ വായിച്ചെടുക്കാം. ഇത്തരം വായനാനുഭവമാണ്‌ സിനിമയില്‍ പാടെ നഷ്‌ടമായിരിക്കുന്നത്‌

Thursday, July 23, 2009

പ്രകാശം പരത്തുന്നവള്‍

മനസ്സിലെ നന്മകൊണ്ട്‌ മറ്റുള്ളവരില്‍ പ്രകാശം ചൊരിയുന്ന ഒരു പത്തുവയസ്സുകാരി നായികയാകുന്ന വിയറ്റ്‌നാമീസ്‌ ചിത്രമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ' . ജന്മംകൊണ്ട്‌ പാതി വിയറ്റ്‌നാംകാരനായ സ്റ്റെഫാന്‍ ഗോജര്‍ ആണ്‌ സംവിധായകന്‍. 2007-ലെ ലോസ്‌ ആഞ്‌ജലിസ്‌ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ്‌ അവാര്‍ഡ്‌ നേടിയ സിനിമയാണിത്‌
അനാഥയായ ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ക്കഥയല്ല വിയറ്റ്‌നാമീസ്‌-അമേരിക്കനായ സ്റ്റെഫാന്‍ പറയുന്നത്‌. ജീവിതത്തിന്‍െറ പ്രസന്ന ഭാവങ്ങളെ ഇഷ്‌ടപ്പെടുന്നവളാണ്‌ തോയി എന്ന പെണ്‍കുട്ടി. താന്‍ ബന്ധപ്പെടുന്നവരെയൊക്കെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ അവള്‍ക്ക്‌ കഴിയുന്നു. സങ്കടങ്ങളോര്‍ത്ത്‌ വാവിട്ടു കരയുന്നില്ല അവള്‍. സ്വന്തം നന്മയില്‍ അവള്‍ക്ക്‌ വിശ്വാസമുണ്ട്‌. പോകുന്നിടത്തെല്ലാം അവള്‍ പ്രകാശം ചൊരിയുന്നു. ദുരനുഭവങ്ങളെ ഒരു നോട്ടത്തിലൂടെ, നിര്‍വികാരമായ മുഖഭാവത്തിലൂടെ അവള്‍ കീഴടക്കുന്നു..

95 മിനിറ്റ്‌ നീണ്ട ഈ ചിത്രം അഞ്ചുദിവസത്തെ കഥയാണ്‌ പറയുന്നത്‌. സെയ്‌ഗോണ്‍ നഗരമാണ്‌ പശ്ചാത്തലം. അവിടെ അപരിചിതരായെത്തി, സേ്‌നഹത്താല്‍ ബന്ധിതരായി, ഒരു കുടുംബമായി മാറുന്നു മൂന്നു കഥാപാത്രങ്ങള്‍. ഈയൊരു ഇതിവൃത്തത്തെ ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുകയാണ്‌ സ്റ്റെഫാന്‍.

പിതൃസഹോദരന്‍െറ ക്രൂരമായ പെരുമാറ്റം സഹിക്കാനാവാതെ അയാളുടെ ഫാക്ടറിയില്‍നിന്ന്‌ സെയ്‌ഗോണ്‍ നഗരത്തിലേക്ക്‌ രക്ഷപ്പെടുകയാണ്‌ തോയി എന്ന പെണ്‍കുട്ടി. പ്രായോഗികമതിയാണവള്‍. തന്‍െറ ചില്ലറ സമ്പാദ്യവുമെടുത്താണവള്‍ നഗരത്തിലെത്തുന്നത്‌. നഗരക്കാഴ്‌ചകളടങ്ങിയ പിക്‌ചര്‍ കാര്‍ഡുകള്‍ വില്‍ക്കുന്ന ജോലിയാണ്‌ അവളാദ്യം ചെയ്യുന്നത്‌. അതു പരാജയമായപ്പോള്‍ റോസാപ്പൂ വില്‌പനയിലേക്ക്‌ തിരിയുന്നു. അതവളുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്‌. സമാനഹൃദയരായ ലാന്‍, ഹായ്‌ എന്നിവരെ അവള്‍ പരിചയപ്പെടുന്നു. 26 വയസ്സായിട്ടും ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാവാതെ ഉഴലുന്ന വിമാനജോലിക്കാരിയാണ്‌ ലാന്‍. മൃഗങ്ങളെ ജീവനുതുല്യം സേ്‌നഹിക്കുന്ന മൃഗപരിപാലകനാണ്‌ ഹായ്‌ എന്ന അനാഥ യുവാവ്‌. (അവന്‌ ഏറ്റവുമിഷ്‌ടപ്പെട്ട ആനക്കുട്ടിയെ അടുത്തുതന്നെ നഷ്‌ടപ്പെടും. ആനക്കുട്ടിയെ ഇന്ത്യയിലെ ഒരു മൃഗശാലയ്‌ക്ക്‌ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ഉടമസ്ഥന്‍.) ഈ മൂന്നു പേര്‍ക്കുമിടയിലുണ്ടാകുന്ന അടുപ്പത്തിന്‍െറ ഹൃദ്യമായ ആവിഷ്‌കാരമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ'.

നഗരവത്‌കരണത്തിന്‍െറ ശാപത്തില്‍നിന്ന്‌ സെയ്‌ഗോണും മോചിതമല്ലെന്ന്‌ ചിത്രം സൂചിപ്പിക്കുന്നു. നഗരത്തിരക്കിലാണ്‌ ലാനും തോയിയും ഹായിയും ഇടയെ്‌ക്കാക്കെ കണ്ടുമുട്ടുന്നത്‌. വാഹന ബാഹുല്യത്തിലും ആര്‍ഭാടങ്ങളിലും നഗരം ഇരമ്പിയൊഴുകുമ്പോള്‍ അതിനെതിരെ നീന്തുകയാണീ കഥാപാത്രങ്ങള്‍. അവര്‍ മൂവരും ചേര്‍ന്ന്‌ സ്വന്തമായൊരു ലോകം പണിയുകയാണ്‌. ഊഷ്‌മളമായ സേ്‌നഹത്തിന്‍െറ, കാരുണ്യത്തിന്‍െറ ലോകം.

ലാന്‍ എന്ന ഫൈ്‌ളറ്റ്‌ അറ്റന്‍റന്‍റിന്‍െറ അഞ്ചു വിശ്രമദിനങ്ങളിലാണ്‌ കഥ നടക്കുന്നത്‌. ഹാനോയില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്‌ചയാണ്‌ അവള്‍ സെയ്‌ഗോണില്‍ എത്തുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ അടുത്ത ഡ്യൂട്ടി. അതുവരെ ഹോട്ടലില്‍ വിശ്രമം. ഈ ദിവസങ്ങള്‍ക്കിടയിലാണ്‌ സംവിധായകന്‍ ഇതിവൃത്തം പൂര്‍ത്തിയാക്കുന്നത്‌.

തോയി ആണ്‌ ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. മിക്ക രംഗങ്ങളിലും അവളുടെ സാന്നിധ്യമുണ്ട്‌. അമ്പരപ്പും ആഹ്ലാദവും പ്രതീക്ഷയും ആ കുഞ്ഞുമുഖത്ത്‌ മാറിമാറി പ്രത്യക്ഷപ്പെടുന്നു. വിറ്റോറിയ ഡിസീക്കയുടെ `ബൈസിക്കിള്‍ തീവ്‌സി'ലെ (1948) കൊച്ചു ബ്രൂണോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിലുണ്ട്‌. അതുപോലെ, തോയി എന്ന പെണ്‍കുട്ടിക്കും മരണമില്ല.

Thursday, June 18, 2009

ചെറുനാരങ്ങാത്തോട്ടം

ഇസ്രായേലിയാണെങ്കിലും പ്രശസ്‌ത സംവിധായകന്‍ എറാന്‍ എക്‌ലിസ്‌ മനസ്സുകൊണ്ട്‌ അറബ്‌ ജനതയെ്‌ക്കാപ്പമാണ്‌. അധിനിവേശത്തിന്‌ എതിരാണദ്ദേഹം. ഭൂപ്രദേശങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ അതിര്‍ത്തി വരയ്‌ക്കുന്നതിനെ അദ്ദേഹം വെറുക്കുന്നു. സിറിയന്‍ പൗരത്വപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന `സിറിയന്‍ ബ്രൈഡി'ലും (2004) ചെടികളില്‍പ്പോലും സുരക്ഷാഭീഷണി കണ്ടെത്തുന്ന ഇസ്രായേലിന്‍െറ ഭീതിരാഷ്ട്രീയത്തെ പരിഹസിക്കുന്ന `ലെമണ്‍ ട്രീ' യിലും(2008) ഈ നിലപാടാണ്‌ എറാന്‍ ശക്തമായി ആവിഷ്‌കരിക്കുന്നത്‌.

വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ മോന എന്ന സിറിയന്‍ യുവതിയും അവളുടെ കുടുംബാംഗങ്ങളും കുടിക്കുന്ന കണ്ണീരാണ്‌ `സിറിയന്‍ ബ്രൈഡി'ന്‍െറ ഇതിവൃത്തം. ഇസ്രായേലിന്‍െറ അധീനതയിലുള്ള ഗോലാന്‍കുന്നില്‍ ജീവിക്കുന്ന മോനയുടെ വിവാഹനാളില്‍ നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. മോനയുടെ വിവാഹത്തിനു സമ്മതംകിട്ടാന്‍ തന്നെ അഞ്ചു മാസം വേണ്ടിവന്നു. അതു കഴിഞ്ഞ്‌, വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ എന്തെല്ലാം വൈതരണികള്‍. പുഞ്ചിരിയും വിഷാദവും മാറിമാറി വരുന്ന ആ നവവധുവിന്‍െറ മുഖം ആര്‍ക്കാണ്‌ മറക്കാനാവുക?

വിധവയായ ഒരു പലസ്‌തീന്‍ മധ്യവയസ്‌കയുടെ നിയമപ്പോരാട്ടത്തിന്‍െറ കഥയാണ്‌ `ലെമണ്‍ ട്രീ'. പൈതൃകമായി കിട്ടിയ തന്‍െറ ചെറുനാരങ്ങത്തോട്ടം സുരക്ഷയുടെ പേരില്‍ ഇസ്രായേല്‍ സൈന്യം അപ്പാടെ പിഴുതുകളയാനൊരുങ്ങിയപ്പോള്‍ അതിനെ ഏകയായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച സല്‍മ സിഡാനാണ്‌ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. 2008-ല്‍ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌.

ഇസ്രായേലിനും അവരുടെ അധീനതയിലുള്ള വെസ്റ്റ്‌ ബാങ്കിനുമിടയില്‍ വരുന്ന ഹരിതരേഖയുടെ ഇരു ഭാഗത്തുമായാണ്‌ കഥ നടക്കുന്നത്‌. മൂന്നു മക്കളുടെ അമ്മയായ സല്‍മ സിഡാന്‍െറ ജീവനോപാധിയാണ്‌ വീടിനു തൊട്ടുള്ള നാരകത്തോട്ടം. ഭര്‍ത്താവ്‌ പത്തു വര്‍ഷം മുമ്പ്‌ മരിച്ചു. പെണ്‍മക്കള്‍ വിവാഹിതരായി വേറെ കഴിയുന്നു. മകന്‍ അമേരിക്കയില്‍ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്നു. 40 വര്‍ഷമായി നാരകത്തോട്ടത്തെ മക്കളെപ്പോലെ പരിചരിക്കുന്ന ഒരു വൃദ്ധനാണ്‌ സല്‍മയുടെ ഏക കൂട്ട്‌. ഒരുനാള്‍ അവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട്‌ ഇസ്രായേല്‍ രാജ്യരക്ഷാമന്ത്രി നെവോണും ഭാര്യയും തോട്ടത്തിന്‌ എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കാനെത്തുന്നു. തിങ്ങിനിറഞ്ഞ ഇലകള്‍ക്കിടയില്‍ വിളഞ്ഞു പാകമായി നില്‍ക്കുകയാണ്‌ ചെറുനാരങ്ങകള്‍. ആ തോട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ആപത്ത്‌ മണക്കുന്നു. ഭീകരന്മാര്‍ തോട്ടത്തില്‍ ഒളിഞ്ഞിരുന്നു മന്ത്രിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താം. അല്ലെങ്കില്‍, അവിടേക്ക്‌ ബോംബുകളെറിഞ്ഞേക്കാം. സൈനികര്‍ തോട്ടത്തിനു ചുറ്റും മുള്ളുവേലി കെട്ടുന്നു. ശത്രു നിരീക്ഷണത്തിന്‌ വാച്ച്‌ടവര്‍ ഒരുക്കുന്നു. സെന്‍സര്‍ ഘടിപ്പിക്കുന്നു. എന്നിട്ടും റിസെ്‌കടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. നഷ്‌ടപരിഹാരം നല്‍കി നാരകത്തോട്ടം ഉടനെ പിഴുതുമാറ്റുമെന്ന്‌ കാണിച്ച്‌ സൈന്യം സല്‍മയ്‌ക്ക്‌ കത്തു കൊടുക്കുന്നു.

നാരകത്തോട്ടം ഒഴിവാക്കി അമേരിക്കയില്‍ വന്നു താമസിക്കാനുള്ള മകന്‍െറ ക്ഷണം സല്‍മ നിരാകരിക്കുന്നു. അനീതിക്കെതിരെ ഒറ്റയ്‌ക്ക്‌ പൊരുതാനായിരുന്നു അവരുടെ തീരുമാനം. സിയാദ്‌ എന്ന യുവ അഭിഭാഷകന്‍ വഴി ആദ്യം ഇസ്രായേല്‍ സൈനികകോടതിയില്‍ സല്‍മ അപ്പീല്‍ നല്‍കുന്നു. അതു തള്ളിയപ്പോള്‍ സുപ്രീംകോടതിയില്‍ പോകുന്നു. ഇതിനിടയ്‌ക്ക്‌ നാരകത്തോട്ടം പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായും ഫീച്ചറായും നിറയുന്നു. സംഭവം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇതിനു രാഷ്‌ട്രീയമാനവും കൈവരുന്നു.

ഇതിനിടെ സൈന്യം സല്‍മയെ തോട്ടത്തില്‍ കടക്കുന്നതില്‍നിന്നു വിലക്കുന്നു. പിതാവിന്‍െറയും ഭര്‍ത്താവിന്‍െറയും സാന്നിധ്യം തുടിച്ചുനില്‍ക്കുന്ന നാരകച്ചെടികള്‍ വെള്ളം കിട്ടാതെ കരിയുന്നത്‌ സല്‍മ വേദനയോടെ നോക്കിനില്‍ക്കുന്നു. മൂപ്പെത്തിയ നാരങ്ങകള്‍ വാടിക്കൊഴിഞ്ഞു വീഴുന്നു.

ഒടുവില്‍ സുപ്രീംകോടതിയും സല്‍മയുടെ അപ്പീല്‍ തള്ളി. പക്ഷേ, നേരത്തേയുള്ള സൈനിക ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ആകെയുള്ള 300 ചെടികളില്‍ പകുതിയെണ്ണത്തിന്‍െറ ഉയരം 30 സെ.മീറ്ററാക്കി കുറയ്‌ക്കുക എന്നതായിരുന്നു ഭേദഗതി. മന്ത്രിയുടെ രക്ഷാസൈനികര്‍ക്ക്‌ തോട്ടത്തിലേക്ക്‌ ശരിയായ കാഴ്‌ച കിട്ടാനാണിത്‌. മുഴുവന്‍ ചെടികളും പിഴുതെറിയുന്നതിനു പകരമുള്ള ഈ വിധി പക്ഷേ, സല്‍മയ്‌ക്ക്‌ ആശ്വാസം നല്‍കുന്നില്ല. ശത്രുവിന്‍െറ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ കീഴടങ്ങുകയേ അവര്‍ക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

തായ്‌ത്തടി ചെറുതായി നിലനിര്‍ത്തി, ശിഖരങ്ങള്‍ മുറിച്ചുമാറ്റി നഗ്നമാക്കപ്പെട്ട നാരകത്തോട്ടത്തിലൂടെ ഹതാശയായി നടക്കുന്ന സല്‍മയെ കാണിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌. രാജ്യരക്ഷാമന്ത്രി ആ ദൃശ്യം കാണുന്നുണ്ട്‌. അയാളുടെ മനസ്സില്‍ പശ്ചാത്താപത്തിന്‍െറ കണികയെങ്കിലുമുള്ളതായി സൂചനയില്ല. (നാരകത്തോട്ടം വെട്ടിക്കളയുന്നതിനു മന്ത്രിയുടെ ഭാര്യ എതിരായിരുന്നു. അവരതു പരസ്യമായി പത്രങ്ങളോടും പറയുന്നുണ്ട്‌.)

പിതാവും മകളും നാരകത്തോട്ടവും തമ്മിലുള്ള സുദൃഢ ബന്ധം സൂചിപ്പിക്കുന്ന മനോഹരമായ ദൃശ്യമുണ്ടിതില്‍. പാകമായ ചെറുനാരങ്ങകള്‍ ഓരോന്നായി പൊഴിഞ്ഞുവീഴുന്നത്‌ ക്ലോസപ്പില്‍ കാണിക്കുന്നു. കാറ്റിലാടുന്ന നാരകച്ചെടിയുടെ നിഴല്‍ മുറിയില്‍ വന്നുനിറയുന്നു. തുടര്‍ന്ന്‌ `സല്‍മ' എന്ന വിളി. പിതാവിന്‍െറ തോളിലിരുന്ന്‌ സല്‍മ എന്ന പെണ്‍കുട്ടി നാരങ്ങകളെ തൊടാന്‍ ശ്രമിക്കുകയാണ്‌. `ലെമണ്‍ ട്രീ'യുടെ ആത്മാവാണ്‌ ഈ ദൃശ്യത്തിലുള്ളത്‌.

`ലെമണ്‍ട്രീ'യോട്‌ സമാനത പുലര്‍ത്തുന്നതാണ്‌ പ്രശസ്‌ത തുര്‍ക്കി സംവിധായകനായ നൂറി ബില്‍ജി സെലാന്‍െറ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌' എന്ന ചിത്രം. `ത്രീ മങ്കീസി'ന്‍െറ സംവിധായകനായ സെലാന്‍െറ ആദ്യകാല സിനിമയാണിത്‌. തന്‍െറ പാടത്ത്‌ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ച എമിന്‍ എന്ന വൃദ്ധന്‍െറ കഥ പറയുന്നു ഈ ചിത്രം. മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ആ സ്ഥലത്തിന്‍െറ പട്ടയം തരാം എന്നാണ്‌ സര്‍ക്കാറിന്‍െറ വാഗ്‌ദാനം. 50 വര്‍ഷം മുമ്പ്‌ താന്‍ നട്ട ആ മരങ്ങളെ കൊല്ലാന്‍ എമിനു കഴിയില്ല. സര്‍ക്കാര്‍ സര്‍വേ എടുത്തുകഴിഞ്ഞതാണ്‌. എമിന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി ഉദ്യോഗസ്ഥര്‍ മരങ്ങളില്‍ അടയാളവുമിടുന്നു. ചലച്ചിത്രകാരനായ മകന്‍െറ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഇങ്ങനെയൊരു ചതിപറ്റിയത്‌ എമിന്‍ അറിഞ്ഞിരുന്നില്ല. നിയമവശം എമിന്‌ നന്നായറിയാം. പൊരുതാന്‍ തന്നെയാണ്‌ അയാളുടെയും ഭാവം. തന്‍െറ പ്രിയമരങ്ങളില്‍ ഏതുനിമിഷവും കോടാലി വീഴുമെന്ന്‌ എമിന്‍ ഭയക്കുന്നു. മെയ്‌മാസം തനിക്ക്‌ നല്ല ഓര്‍മകളല്ല സമ്മാനിച്ചിട്ടുള്ളതെന്ന്‌ അയാള്‍ പരിതപിക്കുന്നു. മെയ്‌മാസത്തിലെ മേഘങ്ങള്‍ അയാളുടെ മനസ്സില്‍ ഇരുട്ടുനിറയ്‌ക്കുന്നു. പെയെ്‌താഴിയാതെ അസ്വസ്ഥതയായി അത്‌ നെഞ്ചില്‍ കനംവെച്ചു നില്‍ക്കുന്നു.

മരംമുറിക്കാനെത്തുന്ന അധികാരികളെ തടയാനായി അയാള്‍ ഒറ്റയ്‌ക്ക്‌ മരങ്ങള്‍ക്ക്‌ കാവല്‍നില്‍ക്കുന്നു. സാന്ത്വനത്തിന്‍െറ ഇലകളാട്ടി, തണലും കുളിരും പകരുന്ന വെള്ളിലമരത്തിന്‍െറ ചുവട്ടിലിരുന്ന്‌ എമിന്‍ പേരക്ക തിന്നുന്നതാണ്‌ അവസാന രംഗത്തില്‍ കാണുന്നത്‌. ഇരുപതുവര്‍ഷമായി സര്‍ക്കാറിന്‍െറ കോടാലിയെ ശങ്കയോടെ കാത്തിരിക്കുകയായിരുന്നു അയാള്‍. ആ വിധി ദിനം വന്നു എന്നയാള്‍ക്ക്‌ ബോധ്യമാകുന്നു. തന്‍െറ തണല്‍ നഷ്‌ടപ്പെടുകയാണ്‌. പാതി തിന്ന പേരക്ക കൈയില്‍ പിടിച്ച്‌ അയാള്‍ ശാന്തനായി കണ്ണടയ്‌ക്കുന്നു. അയാളുടെ പരാജയം സൂചിപ്പിച്ചുകൊണ്ട്‌, കണ്ണില്‍ കുത്തുന്ന വെളിച്ചം മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കടന്നുവന്നു സ്‌ക്രീനാകെ നിറയുകയാണ്‌. `ലമണ്‍ ട്രീ'യിലെ രാഷ്ട്രീയ മാനമൊന്നും `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌'ക്കില്ല. എങ്കിലും രണ്ടു ചിത്രങ്ങളിലും മറ്റു സമാനതകളുണ്ട്‌. ആത്മാവുള്ള മരത്തിന്‍െറ ജീവനുവേണ്ടിയുള്ള പോരാട്ടങ്ങളാണ്‌ രണ്ടിടത്തും. അവ നടത്തുന്നത്‌ സാധാരണക്കാരും. രണ്ടുപേരുടെയും ശ്രമം ഒടുവില്‍ പരാജയപ്പെടുകയാണ്‌.

Sunday, May 31, 2009

സത്യത്തിന്‍െറ കണ്ണ്‌ പൊത്തുമ്പോള്‍

നദിയുടെ ഉദ്‌ഭവം പോലെയാണ്‌ ഒരു തിരക്കഥയുടെ തുടക്കം. ആദ്യം ഏതാനും ജലകണങ്ങള്‍. അവ കൂടിച്ചേര്‍ന്ന്‌ കൊച്ചരുവിയായി രൂപാന്തരപ്പെടുന്നു. ഒട്ടേറെ കൊച്ചരുവികള്‍ ഒരുമിച്ച്‌ നദിയായി മാറുന്നു-തുര്‍ക്കി സിനിമയെ അന്താരാഷ്‌ട്രതലങ്ങളിലേക്കുയര്‍ത്തിയ നൂറി ബില്‍ജി സെലാന്‍ എന്ന സംവിധായകന്‍ തന്‍െറ സിനിമകളുടെ ജന്മത്തെപ്പറ്റി മനസ്സു തുറക്കുകയാണിവിടെ. ഒരു ജലകണമായി മനസ്സില്‍ പതിക്കുന്ന ആശയം ജീവിതത്തെ തഴുകിയുണര്‍ത്തുന്ന മഹാനദിയായി കടന്നുപോവുകയാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ സെലാന്‍ 1997-ല്‍ `കസാബ' എന്ന സിനിമയിലൂടെയാണ്‌ സംവിധാനരംഗത്തേക്ക്‌ കടക്കുന്നത്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു സിനിമകള്‍ ചെയ്‌തു. 99-ല്‍ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌', 2002-ല്‍ `ഡിസ്റ്റന്‍റ്‌', 2006-ല്‍ `ക്ലൈമെറ്റ്‌സ്‌', 2008-ല്‍ `ത്രീ മങ്കീസ്‌'. അവ ഓരോന്നും പ്രേക്ഷകരും നിരൂപകരും ശ്രദ്ധിച്ചു.

2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ സെലാന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ത്രീ മങ്കീസ്‌'. 2008-ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ മത്സരിച്ചിട്ടുണ്ട്‌ `ത്രീ മങ്കീസ്‌'.

`തിന്മ കാണരുത്‌, കേള്‍ക്കരുത്‌, പറയരുത്‌' എന്ന ആദര്‍ശചിന്തയെ സൂചിപ്പിക്കുന്നു മൂന്നു കുരങ്ങന്മാര്‍ എന്ന ശീര്‍ഷകം. ഒരു കുടുംബത്തിലെ അച്ഛന്‍, അമ്മ, മകന്‍ എന്നീ മൂന്നു വ്യക്തികളെയും ഈ ശീര്‍ഷകം പ്രതിനിധാനം ചെയ്യുന്നു. ജീവിത സമ്മര്‍ദങ്ങളെ താങ്ങാനാവാതെ തിന്മയിലേക്ക്‌ വഴുതിപ്പോകുന്ന മൂന്നുപേരെയാണ്‌ ഈ സിനിമയില്‍ നമ്മള്‍ കാണുന്നത്‌. ആത്മസംഘര്‍ഷമനുഭവിക്കുന്ന ഈ കഥാപാത്രങ്ങള്‍ സത്യത്തിനു നേരേ കണ്ണും കാതും വായും പൊത്താന്‍ നിര്‍ബന്ധിതരാകുന്നു.

ആകെ അഞ്ചു കഥാപാത്രങ്ങളാണിതിലുള്ളത്‌. മധ്യവയസ്‌കനായ ഒരു രാഷ്‌ട്രീയക്കാരന്‍, അയാളുടെ വിശ്വസ്‌തനായ ഡ്രൈവര്‍, ഡ്രൈവറുടെ ഭാര്യ, മകന്‍, റസ്റ്റോറന്‍റിലെ അനാഥ യുവാവ്‌ എന്നിവരാണീ അഞ്ചു കഥാപാത്രങ്ങള്‍. പ്രായോഗികവാദിയും കൗശലക്കാരനുമായ രാഷ്‌ട്രീയ നേതാവാണ്‌ സെര്‍വറ്റ്‌. ഒരു രാത്രി അയാളുടെ കാറിടിച്ച്‌ ഒരു കാല്‍നടയാത്രക്കാരന്‍ മരിക്കുന്നു. കേസില്‍പ്പെടാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. തന്‍െറ രാഷ്‌ട്രീയജീവിതം അതോടെ തകരും എന്നയാള്‍ക്കറിയാം. തന്‍െറ ഡ്രൈവര്‍ എയൂബിനോട്‌ ആ കുറ്റം ഏറ്റെടുക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. കുടുംബത്തിനുള്ള പണം എല്ലാ മാസവും അയാള്‍ എത്തിക്കും. ജയില്‍ശിക്ഷ കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ നല്ലൊരു തുകയും നല്‍കാമെന്ന്‌ അയാള്‍ പറയുന്നു. എയൂബ്‌ കുറ്റം ഏറ്റെടുത്ത്‌ ജയിലില്‍ പോകുന്നു. എയൂബിന്‍െറ മകന്‍ ഇസ്‌മയില്‍ കോളേജ്‌ വിദ്യാര്‍ഥിയാണ്‌. അവന്‍ പരീക്ഷയില്‍ തോല്‍ക്കുന്നു. അവനൊരു കാര്‍ വേണം. ജയിലില്‍നിന്നു തിരിച്ചു വരുമ്പോള്‍ നല്‍കാമെന്നേറ്റ പണത്തിന്‍െറ പകുതി കിട്ടിയാല്‍ ഒരു കാര്‍ വാങ്ങാം. മകന്‍െറ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ ഹാസര്‍ സെര്‍വറ്റിനെ കാണാന്‍ പോകുന്നു. അയാള്‍ സഹായിക്കാമെന്നേറ്റു. ഇതിനിടയില്‍ ഹാസറും സെര്‍വറ്റും തമ്മില്‍ അടുക്കുന്നു. ഈ ബന്ധം മനസ്സിലാക്കുന്ന ഇസ്‌മയില്‍ അമ്മയെ ശകാരിക്കുകയും തല്ലുകയും ചെയ്യുന്നു.

ഒന്‍പതുമാസത്തെ ജയില്‍ വാസത്തിനുശേഷം എയൂബ്‌ തിരിച്ചെത്തുന്നു. തന്നോടാലോചിക്കാതെ കാര്‍ വാങ്ങിയതില്‍ അയാള്‍ രോഷാകുലനാകുന്നു. ഭാര്യയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങള്‍ അയാളെ സംശയാലുവാക്കി. മകന്‍ പറയാതെ തന്നെ എയൂബിന്‌ കാര്യങ്ങള്‍ വ്യക്തമാകുന്നു. സെര്‍വറ്റിന്‌ ഒരു താത്‌കാലിക കൗതുകം മാത്രമേ ഹാസറിനോടുണ്ടായിരുന്നുള്ളൂ. പക്ഷേ, ഹാസര്‍ ആ ബന്ധം നഷ്‌ടപ്പെടാനാഗ്രഹിക്കുന്നില്ല. തന്നെ സ്വീകരിക്കണമെന്ന അവളുടെ അഭ്യര്‍ഥന സെര്‍വറ്റ്‌ തള്ളുന്നു.

ദിവസങ്ങള്‍ക്കകം സെര്‍വറ്റ്‌ കൊലചെയ്യപ്പെടുന്നു. പോലീസിനു ഹാസറെയായിരുന്നു സംശയം. പക്ഷേ, കൊന്നത്‌ മകന്‍ ഇസ്‌മയിലായിരുന്നു. മകനെ രക്ഷിക്കാനായി എയൂബ്‌ റസ്റ്റോറന്‍റിലെ അനാഥ യുവാവിനെ സമീപിക്കുന്നു. താനൊരിക്കല്‍ ഇരയായ അതേ ആവശ്യത്തിനുവേണ്ടി. കൊലപാതകക്കുറ്റം ഏറ്റെടുത്താല്‍ നല്ലൊരു സംഖ്യ നല്‍കാമെന്ന്‌ അയാള്‍ വാഗ്‌ദാനം ചെയ്യുന്നു.

വിജനമായ പാതയിലൂടെ രാത്രി ഒറ്റയ്‌ക്ക്‌ കാറോടിച്ചുപോകുന്ന സെര്‍വറ്റിനെ കാണിച്ചുകൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. മനോഹരമായ ഒരു ലോങ്‌ഷോട്ടില്‍, ഇരുട്ടിനെ വകഞ്ഞുമാറ്റി ആ കാര്‍ ഒരു പൊട്ടുപോലെ അപ്രത്യക്ഷമാകുന്നു. പിന്നെ നമ്മള്‍ കാണുന്നത്‌ അപകട രംഗമാണ്‌. മകന്‍െറ സമപ്രായമുള്ള ഒരനാഥനെ ബലിയാടാക്കുന്നതില്‍ ഖിന്നതയുള്ള എയൂബിന്‍െറ മാനസികാസ്വസ്ഥത നമ്മളിലേക്ക്‌ പകര്‍ന്നു തന്നാണ്‌ സെലാന്‍ `ത്രീ മങ്കീസ്‌' അവസാനിപ്പിക്കുന്നത്‌. തിന്മയുടെ ആധിപത്യം തുടരും എന്നു സൂചിപ്പിക്കുകയാണ്‌ സംവിധായകന്‍. പശ്ചാത്തല ശബ്ദങ്ങള്‍ മാത്രമേ ഈ ചിത്രത്തിലുള്ളൂ. തീവണ്ടി കടന്നുപോകുന്ന ശബ്ദം ഇടയ്‌ക്കിടെ സംവിധായകന്‍ കേള്‍പ്പിക്കുന്നുണ്ട്‌. കഥാപാത്രങ്ങളുടെ വൈകാരിക തലം സൂചിപ്പിക്കാനാണിത്‌. ഹാസറുടെ മൊബൈല്‍ ഫോണില്‍ നിന്നുയരുന്ന റിങ്‌ടോണ്‍ മാത്രമാണ്‌ ഈ സിനിമയിലുള്ള സംഗീതം. ആ റിങ്‌ടോണ്‍ ഉയരുമ്പോള്‍ ഹാസറിന്‍െറ നെഞ്ചിടിപ്പു കൂടുന്നത്‌ നമുക്കു മനസ്സിലാക്കാം. ഭര്‍ത്താവ്‌ എയൂബിനാകട്ടെ അതു കേള്‍ക്കുമ്പോള്‍ ആകെ അസ്വസ്ഥതയും രോഷവുമാണ്‌. ഒരാള്‍ക്കത്‌ പ്രതീക്ഷയുടെ മണിമുഴക്കമാണ്‌; മറ്റേയാള്‍ക്ക്‌ നഷ്‌ടപ്പെടലിന്‍െറയും.

രംഗങ്ങള്‍ക്ക്‌ ഭാവതീവ്രത പകരാന്‍ ലോങ്‌ഷോട്ടുകളും ക്ലോസപ്പുകളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്‌ സംവിധായകന്‍. രാഷ്ട്രീയ നേതാവും ഹാസറും അവസാനമായി കാണുന്ന രംഗം ഒരു വിദൂര ദൃശ്യത്തിലാണ്‌ ഒരുക്കുന്നത്‌. മഴമേഘങ്ങള്‍ പെയ്യാനൊരുങ്ങി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ദൃശ്യത്തിന്‌ അപൂര്‍വ ചാരുതയുണ്ട്‌. (ഏതാണ്ട്‌ മൂന്നു മിനിറ്റ്‌ നീണ്ടതാണ്‌ ഈ ദൃശ്യം.) അവസാനരംഗത്ത്‌, എയൂബിനെ സാക്ഷിനിര്‍ത്തി ഈ മഴമേഘങ്ങള്‍ ആര്‍ത്തലച്ച്‌ പെയ്‌തു തുടങ്ങുന്നു.

ഈ സിനിമയുടെ വിജയത്തില്‍ അഭിനേതാക്കള്‍ക്കും കാര്യമായ പങ്കുണ്ട്‌. നാലു മുഖ്യകഥാപാത്രങ്ങളും ശ്രദ്ധേയരായിത്തീരുന്നത്‌ അഭിനയത്തികവുകൊണ്ടാണ്‌. ഭാര്യയോടുള്ള സേ്‌നഹവും പകയും മാറി മാറി പ്രകടിപ്പിക്കുന്ന എയൂബിന്‍െറ റോളാണ്‌ മികച്ചു നില്‍ക്കുന്നത്‌. മൗനത്തിന്‍െറ അപാര സാധ്യതകളാണ്‌ യാവുസ്‌ ബിങ്കോള്‍ എന്ന നടന്‍ കാണിച്ചുതരുന്നത്‌. ഭാവങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ എറ്റിസ്‌ എസ്‌ലാന്‍ എന്ന നടിയും (ഹാസറുടെ റോള്‍) വിജയിച്ചിട്ടുണ്ട്‌.