Sunday, July 14, 2013

തകരുന്ന ക്യാമറകള്‍

ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറെ കരയില്‍ 
(വെസ്റ്റ് ബാങ്ക്) ഇസ്രായേലിന്റെ അതിക്രമങ്ങളോട് 
നിരായുധരായി പൊരുതി ജയിക്കുന്ന ബിലൈല്‍ 
എന്ന പലസ്തീന്‍ ഗ്രാമത്തിന്റെ കഥയാണ് 
'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ' എന്ന 
ഡോക്യുമെന്ററിക്ക് പറയാനുള്ളത്

ഞാന്‍ ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് കടന്നുവന്നത്. അവ എന്നെ വല്ലാതെ പൊള്ളിച്ചു. എന്റെ പഴയ മുറിവുകള്‍ക്ക് ഉണങ്ങാന്‍ സാവകാശം കിട്ടാറില്ല. അപ്പോഴേക്കും പുതിയ മുറിവുകള്‍ അവയെ വന്നുപൊതിയും.'- എമാദ് ബര്‍ണാദിന്റെ പരിദേവനമാണിത്. 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്' (Five Broken cameras) എന്ന ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ നമ്മള്‍ കേള്‍ക്കുന്ന വാചകങ്ങളിതാണ്. ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനുമായ എമാദിന്റെ ശബ്ദമാണിത്. അതില്‍ വേദനയും രോഷവുമുണ്ട്. ചോരയില്‍ കുതിര്‍ന്ന, ധീരോദാത്തമായ ഒരു ചെറുത്തുനില്‍പ്പിന്റെ വിരാമമില്ലാത്ത കഥ ഇവിടെ തുടങ്ങുകയാണ്. 1990ല്‍ പൊളിഞ്ഞുവീണ വിഭജനത്തിന്റെ ബര്‍ലിന്‍മതില്‍ മറ്റ് രൂപത്തില്‍ പലയിടത്തും പുനര്‍ജനിക്കുന്നു എന്ന് ഈ ചിത്രം നമ്മളെ ഓര്‍മപ്പെടുത്തുന്നു.

കുന്നുകളാല്‍ ചുറ്റപ്പെട്ട ബിലൈല്‍ എന്ന ഗ്രാമം. എമാദ് ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. വെസ്റ്റ്ബാങ്കില്‍പ്പെട്ട അധിനിവേശ പ്രദേശമാണിത്. ഒലിവ് മരങ്ങളാല്‍ സമ്പന്നമായ ഭൂഭാഗം. കൃഷിയാണ് അവിടത്തെ ജനതയുടെ ഏക വരുമാനമാര്‍ഗം. എമാദും കുടുംബവും കൃഷികൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. പത്രപ്രവര്‍ത്തനത്തില്‍ തല്‍പ്പരനാണ് എമാദ്. സ്വന്തം ഗ്രാമ ചരിത്രം രേഖപ്പെടുത്താന്‍ എമാദ് ആശ്രയിക്കുന്നത് ക്യാമറായെയാണ്. പ്രക്ഷോഭത്തിന്റെതായ അഞ്ചു കൊല്ലത്തിനുള്ളില്‍ അഞ്ചു ക്യാമറാകളാണ് അയാള്‍ ഉപയോഗിക്കുന്നത്. പോരാട്ടത്തില്‍ രക്തസാക്ഷികളാണ് പലപ്പോഴും ആ ക്യാമറകള്‍. സത്യം പകര്‍ത്തുന്നഅവയുടെ കണ്ണുകള്‍ എതിരാളികള്‍ കുത്തിപ്പൊട്ടിക്കുന്നു. എങ്കിലും, പകര്‍ത്തിയ ദൃശ്യങ്ങള്‍ ചരിത്രരേഖകളായി ലോകത്തിനു മുന്നില്‍ എത്തുന്നു. അധികാരത്തിന്റെ, അധിനിവേശത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഈ ദൃശ്യങ്ങള്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നു. നിരായുധരായ ജനതയുടെ രക്ഷാകവചമായി മാറുന്നു.
സംഘര്‍ഷഭൂമിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ തകര്‍ന്നുപോയ ക്യാമറകളെ മുന്നില്‍ വെച്ചുകൊണ്ടാണ് എമാദ് തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത്. അഞ്ചുവര്‍ഷം ബിലൈലിലെ ജനത നടത്തിയ ചെറുത്തുനില്‍പ്പിന്റെ കഥയാണ് എമാദ് താന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. ബിലൈലിലെ കര്‍ഷകരുടെ ഭൂമി കവര്‍ന്നെടുത്ത്, ആ ഗ്രാമത്തെ വിഭജിച്ചുകൊണ്ട് അവിടെ കൂറ്റന്‍ കമ്പിവേലി സ്ഥാപിക്കുകയാണ് ഇസ്രായേല്‍ സൈന്യം. പുതിയ പാര്‍പ്പിട സമുച്ചയങ്ങളുണ്ടാക്കി അവിടെ കുടിയിരുത്തുന്ന ഇസ്രായേലുകാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് സൈന്യത്തിന്റെ ഈ അതിക്രമം. ബുള്‍ഡോസറുകള്‍ അവിടേക്ക് മുരണ്ടെത്തുന്നു. അവ ഒലിവ് മരങ്ങള്‍ വേരോടെ പിഴുതെറിയുന്നു. ആകാശത്തേക്കുയരുന്ന കമ്പിമതിലിനിപ്പുറത്ത് നിന്നുകൊണ്ട് ബിലൈല്‍ പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ്. അവര്‍ക്ക് ആയുധങ്ങളൊന്നുമില്ല. ഗാന്ധിയന്‍ മാതൃകയിലുള്ള സഹനസമരമാണ് അവരുടേത്. ഇസ്രായേല്‍ സൈന്യത്തിന്റെ ഗ്രനേഡുകള്‍ക്കും യന്ത്രത്തോക്കുകള്‍ക്കും മുന്നിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗ്രാമീണര്‍ നെഞ്ചുറപ്പോടെ കടന്നു ചെല്ലുകയാണ്.

ഭാര്യ സൊരയ,നാല് ആണ്‍മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഏതാനും സുഹൃത്തുക്കള്‍ എന്നിവരിലൂടെ ബിലൈല്‍ എന്ന ഗ്രാമത്തെ ലോകത്തിന് പരിചയപ്പടുത്തുകയാണ് സംവിധായകന്‍. ഇതിനുള്ള ശക്തമായ മാധ്യമം അദ്ദേഹത്തിന്റെ ക്യാമറായാണ്. നാലാമത്തെ മകന്‍ ജിബ്രീലിന്റെ ജനനത്തോടെയാണ് സംവിധായകന്റെ കാമറ ഗ്രാമത്തില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങുന്നത്. മകന്റെ ഫോട്ടോ എടുക്കാനാണ് ആദ്യം ക്യാമറ വാങ്ങിയത്. തന്റെ മക്കള്‍ക്കെല്ലാം വ്യത്യസ്തമായ കുട്ടിക്കാലമായിരുന്നു എന്ന് എമാദ് ഓര്‍ക്കുന്നു. എല്ലാം സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓസ്ലോ സമാധാന ഉടമ്പടിയുടെ കാലത്ത്, 1995ലാണ് ആദ്യമകന്‍ പിറന്നത്. പ്രതീക്ഷയുടെ കാലമായിരുന്നു അത്. അവന്റെ കുട്ടിക്കാലത്ത് കാര്യങ്ങള്‍ കുറെക്കൂടി തുറന്നതായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞ് അനിശ്ചിതത്വത്തിന്റെ കാലത്താണ് രണ്ടാമത്തെ മകന്റെ ജനനം. 2000ല്‍ ഇന്‍തിഫാദ (ഉയിര്‍ത്തെഴുന്നേല്‍പ്പ് ) എന്ന പ്രക്ഷോഭം ആരംഭിച്ച അതേസമയത്താണ് മൂന്നാമന്റെ പിറവി. ആസ്പത്രി നിറയെ മരിച്ചവരും പരിക്കേറ്റവരും. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഉപരോധത്തിന്റെ കാലമായിരുന്നു അത്. പ്രതീക്ഷയറ്റ ഒരു കാലം. (അക്കാലത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ മൂവായിരം പലസ്തീന്‍കാര്‍ മരിച്ചു). 2005 ഫിബ്രവരിയില്‍ ജിബ്രീല്‍ ജനിച്ചു. ഉയരത്തില്‍ തീര്‍ത്ത കമ്പിവേലിക്കെതിരെ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് ജിബ്രീലിന്റെ ജനനം. അഞ്ച് വര്‍ഷത്തിനിടയില്‍ അവന്‍ സാക്ഷിയാകുന്ന സംഭവപരമ്പരകളാണ് അവിടുന്നങ്ങോട്ട് എമാദിന്റെ ക്യാമറയില്‍ പതിയുന്നത്. അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആ ക്യാമറയിലുണ്ട്. അതോടൊപ്പം, ബിലൈലില്‍ നടക്കുന്ന പ്രതിരോധസമരത്തിന്റെ ഓരോ നിമിഷവും അത് ഒപ്പിയെടുക്കുന്നുണ്ട്. .
ഒരു പ്രക്ഷോഭദിനത്തില്‍ ഗ്രനേഡ് പൊട്ടി എമാദിന്റെ ആദ്യ ക്യാമറ തകര്‍ന്നു. ഇസ്രായേലുകാരായ ചില സാമൂഹികപ്രവര്‍ത്തകരും ബിലൈലിലെ സമരത്തില്‍ പങ്കെടുത്തിരുന്നു. അക്കൂട്ടത്തില്‍ ഒരു സുഹൃത്ത് എമാദിന് ഒരു ക്യാമറ കൊടുത്തു. അതിലായി തുടര്‍ന്നുള്ള ചിത്രീകരണം. ഏതാണ്ട് ഒരു വര്‍ഷമേ അതിനും ആയുസ്സുണ്ടായിരുന്നുള്ളു. ഇതിനിടെ, എമാദിന്റെ സഹോദരന്‍ അറസ്റ്റിലായി. അറസ്റ്റിലായ ആദ്യത്തെ പ്രക്ഷോഭകന്‍. ഒരു മാസം അയാള്‍ തടവില്‍ കിടന്നു.
ജിബ്രീലിന് മൂന്നു വയസ്സായി. ദിവസങ്ങള്‍ കഴിയുന്തോറും തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കുറേശ്ശെ അവന് മനസ്സിലാവാന്‍ തുടങ്ങുന്നു. അവന്‍ പ്രകടനം കാണാന്‍ മുതിര്‍ന്ന കുട്ടികളോടൊപ്പം തെരുവിലേക്ക് വരുന്നു. ടിയര്‍ഗ്യാസ് പ്രയോഗം, വെടിവെപ്പ്, അറസ്റ്റ്, മര്‍ദനം, മരണം. എല്ലാം അവന്റെ കാഴ്ചയില്‍ നിറയുന്നു. ടിയര്‍ഗ്യാസ് പ്രയോഗിച്ചാല്‍ ഉള്ളി മണത്താല്‍ മതിയെന്ന് അമ്മ അവന് പറഞ്ഞുകൊടുക്കുന്നു. സമരഭൂവില്‍ നിന്ന് പേടിച്ചോടാനല്ല ആ അമ്മ അവനെ പഠിപ്പിക്കുന്നത്. പ്രക്ഷോഭം ചിത്രീകരിക്കുമ്പോള്‍ ക്യാമറ തന്നെ സംരക്ഷിക്കുമെന്ന് എമാദ് വിശ്വസിച്ചിരുന്നു. പക്ഷേ, ആ വിശ്വാസം മിഥ്യയാണെന്ന് അയാള്‍ക്ക് ബോധ്യപ്പെടുന്നു. രണ്ടാമത്തെ ക്യാമറ വെടിയേറ്റാണ് തകരുന്നത്. ഒരു ചെവിക്ക് പരിക്കുമേറ്റു. ക്യാമറയില്‍ പതിച്ച ആ വെടിയുണ്ട ജീവിതം എത്രമാത്രം ദുര്‍ബലമാണെന്ന് തന്നെ ഓര്‍മപ്പെടുത്തിയെന്ന് എമാദ് പറയുന്നു.

മൂന്നാമത്തെ ക്യാമറ ഏതാണ്ട് ഒരുവര്‍ഷം എമാദിനൊപ്പം നിന്നു. രണ്ടുതവണ അതിന് വെടിയേറ്റെങ്കിലും നന്നാക്കിയെടുത്തു. പക്ഷേ, വീണ്ടും തകര്‍ന്നു. നാലാമത്തേത് 2008ലെ പ്രക്ഷോഭം മുഴുവനും പകര്‍ത്തിയെടുത്തു. ഇതിനിടെ എമാദിന് ജീപ്പപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇസ്രായേലിലെ ടെല്‍ അവീവിലുള്ള ആസ്പത്രിയിലായിരുന്നു ചികിത്സ. 20 ദിവസം എമാദ് ബോധമില്ലാതെ കിടന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അയാള്‍ കരുതിയതല്ല.പക്ഷേ, ബിലൈലിന് അയാളെ വേണ്ടിയിരുന്നു. ബിലൈലിന്റെ വീഥികളില്‍ വീഴുന്ന ഓരോ ചോരത്തുള്ളിയും പകര്‍ത്തിവെക്കാന്‍ അയാള്‍ തന്നെ വരേണ്ടിവന്നു.
സ്വപ്നം കാണുന്നതുപോലും അപകടമായിത്തീരാം എന്നു വിശ്വസിക്കുന്ന ഒരു ജനതയുടെ ഉള്‍വീര്യത്തെ അടയാളപ്പെടുത്തുന്ന രേഖയാണ് ഈ ചിത്രം. ഇസ്രായേലുകാരനായ ഗൈ ഡേവിഡിയുമായി ചേര്‍ന്നാണ് എമാദ് 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ' സംവിധാനം ചെയ്തിരിക്കുന്നത്. എമാദിന്റെ കുടുംബത്തിലും തെരുവിലുമായി ചുറ്റിത്തിരിയുന്ന ക്യാമറ, വെസ്റ്റ് ബാങ്കിലെ ജനതയുടെ ജീവിതവും അനുഭവങ്ങളില്‍ നിന്നു നേടിയ കരുത്തും അവരുടെ അതിജീവനവും ലോകത്തിനു തുറന്നു കാണിച്ചുകൊടുക്കുകയാണ്. 2010ലെ വസന്തകാലത്ത് എമാദിനൊപ്പമുണ്ടായിരുന്നത് ആറാമത്തെ ക്യാമറയാണ്. അപ്പോഴേക്കും ഇസ്രായേല്‍ അധികൃതര്‍ തോറ്റ് പിന്മാറിയിരുന്നു. കമ്പിമതില്‍ പൊളിക്കാന്‍ ആ രാജ്യം നിര്‍ബന്ധിതമായി. മതിലിന്റെ തകര്‍ച്ച ചിത്രീകരിച്ചുകൊണ്ടിരിക്കെ എമാദിനുമേല്‍ ഗ്രനേഡ് വന്നു പതിച്ചു. പക്ഷേ, അയാളും ക്യാമറയും എങ്ങനെയോ രക്ഷപ്പെട്ടു. അതിപ്പോഴും എമാദിന്റെ കൂടെയുണ്ട്, ജീവിതം പകര്‍ത്തിക്കൊണ്ട്.
സംഘര്‍ഷഭൂമിയില്‍ കഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിലൂടെയാണ് എമാദ് ക്യാമറയുമായി സഞ്ചരിക്കുന്നത്. തന്റെ ഇളയ മകനെ അതിനൊരു നിമിത്തമാക്കുന്നു എന്നുമാത്രം. ജിബ്രീലിന്റെ അഞ്ചാം പിറന്നാളില്‍ എമാദ് സങ്കടപ്പെടുന്നു. മകന്റെ ശൈശവനിഷ്‌കളങ്കത നഷ്ടപ്പെട്ടുതുടങ്ങിയല്ലോ എന്നോര്‍ത്തായിരുന്നു ഈ സങ്കടം. അവന്‍ തിരിച്ചറിവിലേക്ക് വരികയാണ്. ഇനിയവന്‍ നേരിടേണ്ടത് ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളാണ്. വീട്ടിന് പുറത്തെത്തുന്ന ജിബ്രീല്‍ ഉച്ചരിക്കുന്ന പുതുവാക്കുകളിലൊന്ന്  'മതില്‍' എന്നാണ്. നേരത്തേയുള്ള സ്ഥലത്തുനിന്ന് മാറി കോണ്‍ക്രീറ്റില്‍ പണിത പുതിയ മതിലില്‍ സ്വന്തം പേരെഴുതിവെക്കുന്ന ജിബ്രീലിനെയാണ് ചിത്രാവസാനത്തില്‍ നമ്മള്‍ കാണുന്നത്.
പാതിരാത്രി കുട്ടികളെ പിടികൂടാന്‍ വീടുകളില്‍ അതിക്രമിച്ചു കയറുന്ന ഇസ്രായേല്‍ സൈനികര്‍. അവരെ തള്ളി പുറത്താക്കുന്ന അമ്മമാര്‍. മകനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുമ്പോള്‍ സൈനികരുടെ കവചിതവാഹനത്തിനു മുകളില്‍ കയറി പ്രതിഷേധിക്കുന്ന വയോധികന്‍- ഇത്തരത്തിലുള്ള എണ്ണമറ്റ ദൃശ്യങ്ങളിലൂടെ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണ് 90 മിനിറ്റുള്ള ഈ ഡോക്യുമെന്ററി പറയുന്നത്. 2011 ല്‍ ആംസ്റ്റര്‍ഡാം ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലും 2012ല്‍ സുഡാനീസ് ഫിലിം ഫെസ്റ്റിവലിലും അവാര്‍ഡ് നേടിയിട്ടുണ്ട് 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്'. 2012ലെ ഓസ്‌കര്‍ അവാര്‍ഡിന് ഡോക്യുമെന്ററി വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രമാണിത്.