Monday, March 15, 2010

മരുക്കാറ്റിലെ സംഗീതം

2008 ല്‍ കാന്‍, മോണ്‍ട്രിയല്‍, സാരെജവോ, വാഴ്‌സ, സൂറിച്ച് ഫിലിംമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള യുനെസേ്കാ അവാര്‍ഡ് നേടുകയും ചെയ്ത എറാന്‍ കൊറിലിന്റെ 'ദ ബാന്‍ഡ്‌സ് വിസിറ്റ്' എന്ന ചിത്രത്തെക്കുറിച്ച്

അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന പല ഇസ്രായേലി സംവിധായകരും ഇസ്രായേലിന്റെ അറബ്‌നയത്തെ കഠിനമായി വിമര്‍ശിക്കുന്നവരാണ്. അവര്‍ ഈ വിമര്‍ശനം തങ്ങളുടെ സിനിമകളില്‍ അടയാളപ്പെടുത്തുന്നുണ്ട്. ജനതകള്‍ തമ്മില്‍ സംഘര്‍ഷമല്ല, സമന്വയമാണ് ഉണ്ടാകേണ്ടതെന്ന് ഈ ചലച്ചിത്രകാരന്മാര്‍ വിശ്വസിക്കുന്നു. സമീപകാലത്തെ പല ഇസ്രായേലി സിനിമകളിലും ഈ വിചാരധാര ശക്തമാണ്. എറാന്‍ എലിക്‌സിന്റെ സിറിയന്‍ ബ്രൈഡ് (2004), ലമണ്‍ ട്രീ (2008), അമോസ് ഗിതായിയുടെ ഫ്രീ സോണ്‍ (2005), ജോസഫ് സിഡാറിന്റെ ബുഫോ (2007), അരി ഫോള്‍മാന്റെ ആനിമേഷന്‍ ഫിലിമായ വാള്‍ട്ട്‌സ് വിത്ത് ബഷീര്‍ (2009), സാമുവല്‍ മോസിന്റെ ലബനോണ്‍ (2009) തുടങ്ങിയ ചിത്രങ്ങളില്‍ സമന്വയത്തിന്റെ സ്വരമാണ് നമ്മള്‍ കേള്‍ക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ശ്രദ്ധേയമായൊരു സിനിമയാണ് 2007ന്റെ ഒടുവിലിറങ്ങിയ 'ദ ബാന്‍ഡ്‌സ് വിസിറ്റ്'.
എറാന്‍ കൊറിലിന്‍ സംവിധാനം ചെയ്ത 'ദ ബാന്‍ഡ്‌സ് വിസിറ്റ്' 2008 ല്‍ കാന്‍, മോണ്‍ട്രിയല്‍, സാരെജവോ, വാഴ്‌സ, സൂറിച്ച് ഫിലിംമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള യുനെസേ്കാ അവാര്‍ഡ് നേടിയിട്ടുമുണ്ട്. സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഈജിപ്തില്‍ നിന്ന് ഇസ്രായേലിലെത്തുന്ന എട്ടംഗ പോലീസ്‌സംഘത്തിനും സാധാരണക്കാരായ ഏതാനും ഇസ്രായേലുകാര്‍ക്കുമിടയില്‍ വളരുന്ന സൗഹൃദമാണ് ഈ സിനിമയുടെ പ്രമേയം.
സാംസ്‌കാരിക വിനിമയത്തിലൂടെ അറബികളും ജൂതരും ഒരുമിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് സംവിധായകന്‍. ഇസ്രായേല്‍ ടി.വി.യില്‍ ഈജിപ്ഷ്യന്‍ സിനിമകള്‍ കണ്ട് ആസ്വദിച്ചിരുന്ന തന്റെ കുട്ടിക്കാലമാണ് 80 മിനിറ്റുള്ള ഈ സിനിമയിലൂടെ സംവിധായകന്‍ ഓര്‍ത്തെടുക്കുന്നത്. നിശ്വാസങ്ങള്‍ അലിഞ്ഞുതീരുന്ന മരുക്കാറ്റില്‍ അദ്ദേഹം മാനവികതയുടെ സംഗീതം കേള്‍ക്കാന്‍ കൊതിക്കുന്നു.

1979ല്‍ ക്യാമ്പ് ഡേവിഡ് സമാധാനക്കരാറിലൂടെ സാങ്കേതികമായി അടുത്തവരാണ് ഈജിപ്ത്-ഇസ്രായേല്‍ ജനത. എങ്കിലും അതിനൊരു ഹൃദയൈക്യം കൈവരാത്തതില്‍ സംവിധായകന് ഖേദമുണ്ട്. ആ ഖേദമാണ് തന്റെ സിനിമയിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നത്. അടുക്കാന്‍ എന്തെളുപ്പമാണെന്ന് ഇരു ജനതയെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണദ്ദേഹം.
24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ചില നിസ്സാര സംഭവങ്ങളിലൂടെയാണ് ഇതിവൃത്തം രൂപമെടുക്കുന്നത്. നീല യൂണിഫോമണിഞ്ഞ, എട്ടുപേരടങ്ങുന്ന ഈജിപ്ഷ്യന്‍ ഗായകസംഘം ഇസ്രായേല്‍ വിമാനത്താവളത്തില്‍ അനാഥരെപ്പോലെ നില്‍ക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. 25 വര്‍ഷമായി പോലീസുകാരുടെ ഈ സംഘം സംഗീതപരിപാടികള്‍ അവതരിപ്പിക്കുകയാണ്. ഒരു പ്രാദേശിക അറബ് കള്‍ച്ചറല്‍ സെന്ററിന്റെ ക്ഷണമനുസരിച്ചാണ് അവരിപ്പോള്‍ ഇസ്രായേലിലെത്തിയിരിക്കുന്നത്. പക്ഷേ, അവരെ സ്വീകരിക്കാന്‍ സംഘാടകരാരും എത്തിയിട്ടില്ല. കേണല്‍ തൗഫീഖ് സക്കറിയയാണ് സംഘത്തലവന്‍. നല്ല ഗായകനാണയാള്‍. പക്ഷേ, പട്ടാളച്ചിട്ടയാണ്. സംഘാടകരെക്കാണാതെ അവര്‍ ബസ്സില്‍ യാത്രയാകുന്നു. പക്ഷേ, എത്തിപ്പെട്ടത് മരുഭൂമിയില്‍ മറ്റേതോ സ്ഥലത്ത്. അവിടെയാണെങ്കില്‍ ആകെയുള്ളത് ഒരു റസ്റ്റോറന്റാണ്. പരുക്കന്‍മട്ടുകാരിയായ ദീന എന്ന യുവതിയാണ് അത് നടത്തുന്നത്. മരുഭൂമിയിലെ ഏകാന്തതയെ അവള്‍ക്ക് വെറുപ്പാണ്. ശ്മശാനമൂകതയാണിവിടെ എന്നാണവള്‍ വിലപിക്കുന്നത്. ഇവിടെ ജീവിക്കുകയാണെന്നേ തോന്നില്ല. അത്രയ്ക്കും മരവിപ്പാണ്.

അറബ് കള്‍ച്ചര്‍ സെന്ററിനെപ്പറ്റി അന്വേഷിച്ച തൗഫീഖിനോട് ദീന തുടക്കത്തില്‍ ഇടയുന്നു. ഇവിടെ കള്‍ച്ചറല്‍ സെന്ററൊന്നുമില്ലെന്ന്' നീരസത്തോടെ പറയുന്ന ദീന തന്റെ ഏകാന്തവാസത്തിലെ കയ്പ് മുഴുവന്‍ പ്രകടിപ്പിക്കുകയാണ്. ''ഇവിടെ ഇസ്രായേലി സംസ്‌കാരമോ അറബ് സംസ്‌കാരമോ ഒന്നുമില്ല. ഇവിടെ സംസ്‌കാരം തന്നെയില്ല'' എന്നാണവള്‍ തൗഫീഖിനോട് പറയുന്നത്. എങ്കിലും മരുഭൂമിയില്‍ വഴിതെറ്റി എത്തിയ സംഗീതകാരന്മാര്‍ക്ക് ആതിഥ്യമരുളാന്‍ അവള്‍ മടികാട്ടുന്നില്ല. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ അന്നിനി ബസ്സില്ല. പിറ്റേന്ന് രാവിലെയേയുള്ളൂ. സംഘാംഗങ്ങള്‍ രാത്രി റസ്റ്റോറന്റിലും ദീനയുടെ ക്വാര്‍ട്ടേഴ്‌സിലുമായി താമസിക്കുന്നു. ആ രാത്രി, ഈജിപ്ഷ്യന്‍ സംഘവും ദീന ഉള്‍പ്പെടെയുള്ള ഏതാനും ഇസ്രായേലുകാരും തമ്മിലുണ്ടാകുന്ന അടുപ്പത്തിന്റെ ദൃശ്യങ്ങളാണ് സംവിധായകന്‍ കാണിച്ചുതരുന്നത്. സംഗീതം, ജീവിതം, ബന്ധങ്ങള്‍, നിലനില്പ്, ഏകാന്തത എന്നിവയൊക്കെ അവരുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.

ദീനയും കേണല്‍ തൗഫീഖ് സക്കറിയയുമാണ് മുഖ്യ കഥാപാത്രങ്ങള്‍. ആദ്യ ഭര്‍ത്താവിന്റെ വേര്‍പിരിയലിനുശേഷം ദീന ഒരു കൂട്ടിനായി കാത്തിരിക്കുകയാണ്. അറബ് സിനിമാക്കാഴ്ചകളുടെ മധുരിക്കുന്ന ഓര്‍മകളില്‍ നിന്നാണ് ദീന സംസാരിച്ചുതുടങ്ങുന്നത്. മനസ്സില്‍ കാല്പനിക സ്വപ്‌നങ്ങളുടെ വിത്തുവീണ നാളുകള്‍. അവള്‍ക്ക് അറബ് സിനിമകള്‍ വലിയ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത്, വെള്ളിയാഴ്ച ഉച്ചയ്ക്ക് അറബ് സിനിമകള്‍ ടി.വി.യില്‍ കാണിക്കുമ്പോള്‍ ഇസ്രായേല്‍ തെരുവുകള്‍ വിജനമാകുമായിരുന്നു. ഈജിപ്ഷ്യന്‍ നടന്‍ ഒമര്‍ ഷരീഫും നടി ഫാതന്‍ ഹമാമയുമായിരുന്നു കുട്ടികളുടെ ഇഷ്ടതാരങ്ങള്‍. അന്നത്തെ ആഹ്ലാദജീവിതം പുനര്‍ജനിച്ചെങ്കില്‍ എന്നവള്‍ ആശിക്കുന്നു. കേണല്‍ തൗഫീഖ് സക്കറിയയും ഏകാകിയാണ്. ഭാര്യയും മകനും അയാള്‍ക്ക് നഷ്ടപ്പെട്ടു. മകന്റെ മരണത്തിനുത്തരവാദി താനാണെന്ന കുറ്റബോധം അയാളെ അലട്ടുന്നുണ്ട്. സംഗീതത്തിലാണ് തൗഫീക് എല്ലാ വേദനകളും മറക്കുന്നത്.


ഓര്‍ക്കസ്ട്രയില്‍പ്പെട്ട മൂന്നുനാല് കഥാപാത്രങ്ങളെയും റസ്റ്റോറന്റിലും ഡാന്‍സ് ക്ലബിലുമായി കണ്ടുമുട്ടുന്ന ഇസ്രായേലുകാരായ നാലഞ്ചുകഥാപാത്രങ്ങളെയും മാത്രമാണ് സംവിധായകന്‍ ഇതിവൃത്തവുമായി ബന്ധപ്പെടുത്തുന്നത്. ഇവരുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ മികച്ച ഷോട്ടുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് കാണിച്ചുതരുന്നുണ്ട് സംവിധായകന്‍. വയലിനും ട്രംപറ്റും വായിക്കുന്ന സ്ത്രീ തത്പരനായ ഖാലിദ്, തന്റെയൊരു ഭാവഗീതം പൂര്‍ത്തിയാക്കാനാവാത്തതില്‍ കുണ്ഠിതപ്പെടുന്ന ക്ലാര്‍നെറ്റ് വാദകനായ സിമോണ്‍ എന്ന മിതഭാഷി, രാത്രി ഒറ്റയ്ക്കിരുന്ന് പാടുന്ന വൃദ്ധഗായകന്‍ എന്നിവരൊക്കെ കേണല്‍ തൗഫീഖിനും ദീനയ്ക്കുമൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഇവരൊക്കെച്ചേരുമ്പോള്‍ അത് ജീവിതത്തിന്റെ സിംഫണിയായിത്തീരുന്നു. ദേശങ്ങളും ഭാഷകളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇവിടെ അപ്രത്യക്ഷമാവുന്നു.