Tuesday, December 22, 2009

മരണവസ്ത്രം

ഹിറ്റ്‌ലറും നാസിഭീകരതയും ഭൂമുഖത്തുനിന്നു മറഞ്ഞിട്ട് ആറരപതിറ്റാണ്ടായി. രണ്ടാംലോക മഹായുദ്ധകാലത്ത് നാസികള്‍ 60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കി യിട്ടുണ്ടെന്നാണ് കണക്ക്. ഭീതിയുടെ ആ നാളുകള്‍ ഇന്നും സിനിമകളിലൂടെ പുനര്‍ജനിക്കുന്നു. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഓള്‍ഗ, ദ കൗണ്ടര്‍ഫീറ്റേഴ്‌സ് തുടങ്ങിയ സമീപകാല ചിത്രങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്. ആ ഗണത്തില്‍പ്പെട്ട ബ്രിട്ടീഷ് സിനിമയാണ് 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് പൈജാമാസ് ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയ്ന്‍ എഴുതിയ നോവലാണ് 2008ല്‍ ഇറങ്ങിയ ഈ സിനിമയ്ക്കാധാരം. 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് െൈപജാമാസ്' എന്ന നോവല്‍ 2006ലെ ബെസ്റ്റ് സെല്ലറായിരുന്നു. 50 ലക്ഷം കോപ്പിയാണ് വിറ്റുപോയത്.

മാര്‍ക്ക് ഹെര്‍മന്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. 2008ലെ ഷിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ ചിത്രം. മേളയില്‍ മാര്‍ക്ക് ഹെര്‍മനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. നാസികളുടെ തടങ്കല്‍പ്പാളയത്തില്‍ കഴിയുന്ന ജൂതബാലനും തടങ്കല്‍ പാളയത്തിന്റെ ചുമതലയുള്ള നാസി കമാന്‍ഡറുടെ മകനും തമ്മിലുണ്ടാകുന്ന അപൂര്‍വസൗഹൃദം അപ്രതീക്ഷിതമായ പതനത്തിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാല്യത്തിന്റെ നിഷ്‌കളങ്കതയും അധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വംശീയ മേല്‍ക്കോയ്മയുടെയും ക്രൂരതയും ഒരുപോലെ അടയാളപ്പെടുത്തുന്നു ഈ ചിത്രം.
രണ്ടാം ലോകമഹായുദ്ധകാലം. 1942ലെ ബര്‍ലിന്‍ നഗരത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. സ്‌ക്രീന്‍ നിറയെ ചുവപ്പ്. ക്രമേണ ഈ ചുവപ്പ് സ്വസ്തിക ചിഹ്നമുള്ള നാസിപതാകയുടെ രൂപം കൈക്കൊള്ളുന്നു. നാസിഭീകരതയുടെ സൂചനനല്കുന്നതാണ് ഈ തുടക്കം. എട്ടുവയസ്സുകാരന്‍ ബ്രൂണോയും കൂട്ടുകാരും സ്‌കൂള്‍വിട്ട് തെരുവിലൂടെ ഉല്ലാസപ്പറവകളായി വീട്ടിലേക്കോടുകയാണ്.
വീട്ടിലെത്തുമ്പോഴാണ് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന വിവരം അവനറിയുന്നത്. ഒരു ദാക്ഷീണ്യവുമില്ലാത്ത നാസി ഓഫീസറാണ് ബ്രൂണോയുടെ പിതാവ് റാള്‍ഫ്. അയാള്‍ക്ക് പ്രെമോഷന്‍ കിട്ടിയിരിക്കുന്നു. അതിന്റെ ആഘോഷം നടക്കുകയാണ് വീട്ടില്‍. പ്രൊമോഷനോടെ റാള്‍ഫിന് സ്ഥലംമാറ്റവുമുണ്ട്. ഉള്‍പ്രദേശത്തെ നാസികോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുമതലയാണയാള്‍ക്ക് ലഭിക്കുന്നത്. തന്റെ വിദ്യാലയത്തെയും കൂട്ടുകാരെയും വിട്ടുപോകുന്നതില്‍ ബ്രൂണോ സങ്കടപ്പെടുന്നു.

പുതിയ സ്ഥലവുമായി ബ്രൂണോവിനു പൊരുത്തപ്പെടാനാവുന്നില്ല. ഒറ്റപ്പെട്ടജീവിതം. പന്ത്രണ്ടുകാരിയായ സഹോദരി ഗ്രെറ്റലും അമ്മ എല്‍സയും ഒരു സുരക്ഷാഭടനും മറിയ എന്ന വേലക്കാരിയും വൃദ്ധനായ ഒരുജൂതവേലക്കാരനും ആണ് വീട്ടിലുള്ളത്. ബ്രൂണോവിനും ഗ്രെറ്റലിനും സ്‌കൂളില്‍ പോകേണ്ട. ട്യൂഷന്‍ മാസ്റ്റര്‍ വീട്ടില്‍വരും.
തന്റെ മുറിയുടെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ബ്രൂണോ ആ കാഴ്ച കണ്ടു. ദൂരെ, പാടത്ത് കര്‍ഷകര്‍ പണിയെടുക്കുന്നു. അവരെല്ലാം ഇട്ടിരിക്കുന്നത് വരകളുള്ള അയഞ്ഞ പൈജാമയാണ്. മുഷിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുദിവസം ബ്രൂണോ പുറത്തുചാടുന്നു. എത്തിപ്പെടുന്നത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനുമുന്നില്‍. പാടമെന്ന് അവന്‍ തെറ്റിദ്ധരിച്ച ഇടം. കമ്പിവേലിക്കകത്താണ് ക്യാമ്പ്. ഷ്മൂള്‍ എന്ന എട്ടുവയസ്സുകാരന്‍ ജൂതപ്പയ്യനെ ബ്രൂണോ പരിചയപ്പെടുന്നു. ഷ്മൂളിന്റെ പിതാവും ആ ക്യാമ്പിലുണ്ട്. എന്തിനാണ് തങ്ങളെ ഇങ്ങോട്ടുകൊണ്ടുവന്നതെന്ന് ഷ്മൂളിനറിയില്ല. കമ്പിവേലിക്കപ്പുറവും ഇപ്പുറവുമായി രണ്ടുബാലന്മാരും തമ്മിലുള്ള സൗഹൃദം ആരുമറിയാതെ വളരുന്നു.പെട്ടെന്നൊരുദിവസം ബ്രൂണോയുടെ കുടുംബം ബെര്‍നിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുന്നു. ജൂതരെ ഗ്യാസ് ചേംബറിലിട്ട് കൊന്നൊടുക്കുന്ന ക്യാമ്പിന്റെ ചുമതലയാണ് തന്റെ ഭര്‍ത്താവിനെന്ന് മനസ്സിലാക്കിയ എല്‍സയാണ് കുട്ടികളെയും കൂട്ടി ബെര്‍ലിനിലേക്ക് മടങ്ങാന്‍ വാശിപിടിച്ചത്.

ബെര്‍ലിനിലേക്ക് മടങ്ങുന്നദിവസം. ബ്രൂണോ മണ്‍വെട്ടിയുമായാണ് സുഹൃത്തിനടുത്തെത്തുന്നത്. ഷ്മൂളിന്റെ പിതാവിനെ കണ്ടെത്താന്‍ താനും സഹായിക്കാമെന്ന് അവന്‍ വാക്കുകൊടുത്തിരുന്നു. ഒരു കുഴിയുണ്ടാക്കി അതിലൂടെ നൂണ്ട് ബ്രൂണോ ക്യാമ്പിനകത്ത് കടക്കുന്നു. ഷ്മൂള്‍ നല്‍കിയ വരകളുള്ള പൈജാമയിലാണ് അവനിപ്പോള്‍. ഇരുവരും ക്യാമ്പിലെ തടവുകാര്‍ക്കിടയില്‍ ഷ്മൂളിന്റെ പിതാവിനെ തിരയുകയാണ്. പെട്ടെന്നാണ് നാസി സൈനികരുടെ വരവ്. അവര്‍ ഒരു പറ്റം തടവുകാരെ ഗ്യാസ് ചേംബറിലേക്ക് ആട്ടിത്തെളിക്കുകയാണ്. ബ്രൂണോയും ഷ്മൂളും ആ ബഹളത്തില്‍ പെട്ടുപോകുന്നു. രണ്ടുപേര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. വസ്ത്രമഴിപ്പിച്ച് എല്ലാവരെയും ഗ്യാസ് ചേംബറിലിട്ട് അടയ്ക്കുന്നു. പരസ്പരം കൈകോര്‍ത്ത് ആ കൊച്ചുകൂട്ടുകാര്‍ മറ്റു തടവുകാര്‍ക്കിടയില്‍ ഞെരുങ്ങിനില്‍ക്കുന്നു. മരണവാതകത്തിന്റെ നാവ് ഒരു ദ്വാരത്തിലൂടെ ഇഴഞ്ഞുവരികയാണ്. സ്‌ക്രീനില്‍ ഇരുട്ട്. ഗ്യാസ് ചേംബറിനു പുറത്താണിപ്പോള്‍ ക്യാമറ. അത് സാവകാശം പിറകോട്ട് നീങ്ങുകയാണ്. തടവുകാര്‍ അഴിച്ചിട്ട വസ്ത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. നിരപരാധികളായ പുതിയ ഇരകള്‍ക്കായി ആ മരണവസ്ത്രങ്ങള്‍ കാത്തുകിടക്കുകയാണ്. പതുക്കെപ്പതുക്കെ ക്യാമറ കണ്ണടയ്ക്കുന്നു.ഒന്നരമണിക്കൂര്‍ നീണ്ട സിനിമയുടെ അവസാനഭാഗം വല്ലാത്ത ആഘാതമാണ് നമ്മളിലുണ്ടാക്കുക. ബ്രൂണോ - ഷ്മൂള്‍ സൗഹൃദത്തെ ഒട്ടും അസ്വാഭാവികതയില്ലാതെയാണ് സംവിധായകന്‍ വളര്‍ത്തിയെടുക്കുന്നത്. ഒടുവില്‍ ആ കുട്ടികള്‍ ഗ്യാസ് ചേംബറിലെത്തുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോകും. കുട്ടികള്‍ ഒന്നും മനസ്സിലാകാതെ അന്തംവിട്ടുനില്‍ക്കുമ്പോള്‍ എല്ലാം അറിയുന്നതിന്റെ വേദനയാണ് നമ്മളനുഭവിക്കുന്നത്.

ബ്രൂണോയുടെ കണ്ണിലൂടെയാണ് ഈ സിനിമയുടെ കാഴ്ച വികസിക്കുന്നത്. ആദ്യം അവന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കാണുന്നു. അവിടത്തെ തടവുകാരെ കാണുന്നു. പിന്നെ ആകാശത്തേക്ക് വാ പിളര്‍ന്നു നില്‍ക്കുന്ന രണ്ട് കൂറ്റന്‍ പുകക്കുഴല്‍ കാണുന്നു. മനുഷ്യരെ കൂട്ടത്തോടെ കത്തിക്കുന്നതിന്റെ ദുര്‍ഗന്ധം അവന്‍ പിടിച്ചെടുക്കുന്നു. ഈ കാഴ്ചകളെയും ഗന്ധത്തെയും പരസ്പരം ബന്ധിപ്പിക്കാന്‍ അവനു കഴിയുന്നില്ല. ഓരോഘട്ടത്തിലും അവന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, ഉത്തരം കിട്ടുന്നില്ല.

ക്രൂരതയുടെ ദൃശ്യങ്ങളൊന്നും കാണിക്കാതെ ബ്രൂണോയുടെ സംശയങ്ങളിലൂടെ മരണത്തടവറയുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു സംവിധായകന്‍. അവസാനരംഗത്ത് ബ്രൂണോയോടും ഷ്മൂളിനോടുമൊപ്പമാണ് ക്യാമ്പിന്റെ അകം നമുക്കു കാട്ടിത്തരുന്നത്. ആ കാഴ്ചയാവട്ടെ മറക്കാനാവാത്ത അനുഭവമായി മാറുന്നു.

Saturday, December 5, 2009

ധാര്‍മികതയുടെ ഭാരം

ഒസര്‍ കിസില്‍ത്താന്‍ എന്ന തുര്‍ക്കി സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'തഖ്‌വ' .ഉത്തമനായ ഒരു മതഭക്തന്റെ ധര്‍മസങ്കടങ്ങളാണ് 'തഖ്‌വ'യുടെ വിഷയം. നല്ലവനായി ജീവിക്കാനാഗ്രഹിച്ച ഒരു മനുഷ്യനെ പദവിയും പണവും ലൈംഗികചിന്തയും എങ്ങനെ വിനാശത്തിലേക്ക് തള്ളിവിടുന്നു എന്നാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്.

വിവാദമുയര്‍ത്താവുന്ന ഇതിവൃത്തമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഒസറിന് ബോധ്യമുണ്ടായിരുന്നു. അഞ്ചുവര്‍ഷമെടുത്തു ഈ സിനിമ രൂപപ്പെടാന്‍. ഇരുപത് തവണ തിരക്കഥ മാറ്റിയെഴുതി. 2006 ല്‍ ഇറങ്ങിയ 'തഖ്‌വ' അക്കൊല്ലവും 2007 ലും ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. ബര്‍ലിന്‍, ജനീവ, ടൊറാന്‍േറാ, ഇസ്താംബുള്‍ തുടങ്ങിയ മേളകളില്‍ നിന്നെല്ലാം അവാര്‍ഡുകള്‍ നേടി. 2007-ല്‍ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കാന്‍ തുര്‍ക്കി അയച്ച ചിത്രമാണ് 'തഖ്‌വ'.
ആത്മീയമായ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന സിനിമയാണിത്. അലി എന്ന ചാക്കുകച്ചവടക്കാരന്റെ വിശ്വസ്തജീവനക്കാരന്‍ മുഹറമാണ് കഥാനായകന്‍. മധ്യവയസ്‌കനായ മുഹറം ഏറെക്കാലമായി അലിയോടൊപ്പം ചേര്‍ന്നിട്ട്. ദയാലുവാണ് മുഹറം. ദൈവഭയമുള്ളവനാണ്. അനാഥനായ മുഹറം ലളിത ജീവിതമാണ് നയിക്കുന്നത്. വിവാഹം വേണ്ടെന്ന് വെച്ചിരിക്കയാണയാള്‍.

മുഹറമിന്റെ ജീവിതം നിരീക്ഷിച്ചിട്ടുള്ളയാളാണ് ശൈഖ് എന്ന കഥാപാത്രം. ദരിദ്രനെങ്കിലും സംശുദ്ധമനസ്സിനുടമയാണ് മുഹറമെന്ന് അദ്ദേഹത്തിനറിയാം. ഇസ്താംബുളിലെ സമ്പന്നവും ശക്തവുമായ ഒരു മതവിഭാഗത്തിന്റെ തലവനാണ് ശൈഖ്. അനാഥര്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്ന ഈ മതവിഭാഗത്തിന് 34 ഫഌറ്റുകളും 35 ഷോപ്പുകളും സ്വന്തമായുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അനാഥസംരക്ഷണം നടന്നുപോകുന്നത്. ഫഌറ്റുകളുടെയും ഷോപ്പുകളുടെയും വാടക പിരിക്കാനുള്ള ജോലി ഏല്പിക്കാന്‍ ശൈഖ് കണ്ടെത്തുന്നത് മുഹറമിനെയാണ്. താനിതിന് യോഗ്യനല്ലെന്ന മുഹറമിന്റെ വാദമൊന്നും വിലപ്പോയില്ല. എല്ലാവരും കൊതിക്കുന്ന ഒരു സ്ഥാനത്ത് എത്തിപ്പെട്ടതിന്റെ അഭിമാനമല്ല, അര്‍ഹതയില്ലാത്തത് ചുമലിലേറ്റിയ സങ്കടഭാവമാണയാള്‍ക്ക്.

മുഹറം ജോലി തുടങ്ങുന്നു. അതോടെ അയാളുടെ ജീവിതത്തില്‍ തിരക്കേറി. സമയം പാഴാക്കാനുള്ളതല്ല എന്ന ഓര്‍മപ്പെടുത്തലോടെ ശൈഖ് അയാള്‍ക്ക് മൊബൈല്‍ ഫോണും കാറും നല്‍കുന്നു. മുഹറമിന്റെ ജീവിതരീതിയില്‍ മാറ്റം വന്നുതുടങ്ങി. ചാക്കു കച്ചവടക്കാരന്റെ ഇടുങ്ങിയ ഗുദാമില്‍ നിന്ന് മുഹറം നഗരവെളിച്ചത്തിലേക്കിറങ്ങുന്നു. സമുദായത്തില്‍ അയാള്‍ക്ക് ബഹുമാന്യത കൈവരുന്നു. അയാളുടെ വേഷത്തിലും മാറ്റമുണ്ടായി. മുഹറമിനെ അന്വേഷിച്ച് ഫോണുകള്‍ വരുമ്പോള്‍ അലി ക്ഷുഭിതനാവുന്നു. ''ഞാനിപ്പോള്‍ ആ വിഡ്ഢിയുടെ സെക്രട്ടറിയാണ്'' എന്നയാള്‍ പിറുപിറുക്കുന്നു.
വാടക പിരിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിര്‍ദേശത്തോട് മുഹറം യോജിക്കുന്നില്ല. താമസക്കാരുടെ പ്രയാസങ്ങള്‍ കേള്‍ക്കുമ്പോള്‍ അയാളുടെ മനസ്സലിയും. വാടകയ്ക്ക് അവധി കൊടുത്ത് തിരിച്ചുപോരും. നാണയപ്പെരുപ്പത്തിന്റെ പേരുപറഞ്ഞ് വാടക കൂട്ടുന്നതിനോടും അയാള്‍ക്ക് യോജിക്കാനാവുന്നില്ല. ''വാടക വാങ്ങുന്നില്ലെങ്കില്‍ വേണ്ട. പക്ഷേ, പണമില്ലാത്തതിന്റെ പേരില്‍ ഒരനാഥനെ സ്‌കൂളില്‍ നിന്നൊഴിവാക്കേണ്ടി വന്നാല്‍ അത് പാപമല്ലേ'' എന്ന ശൈഖിന്റെ ചോദ്യത്തിന് മുന്നില്‍ മുഹറമിന് ഉത്തരമില്ലാതായി. പാവങ്ങളോടുള്ള സഹാനുഭൂതിക്ക് ഇങ്ങനെയൊരു മറുവശമുണ്ടെന്ന ചിന്ത അയാളെ അലട്ടാന്‍ തുടങ്ങി. നേരത്തെ, വല്ലപ്പോഴും കടന്നുവന്നിരുന്ന ലൈംഗിക ചിന്ത അയാളെ നിരന്തരം ആക്രമിക്കുന്നു. ക്രമേണ, പണത്തിലും അയാള്‍ക്ക് താത്പര്യം വന്നുതുടങ്ങി. ചാക്കു കച്ചവടത്തില്‍ കൃത്രിമംകാട്ടി മുഹറം പണം തട്ടുന്നു. അതോടെ, അയാളുടെ നിയന്ത്രണം വിട്ടുപോകുന്നു. തെറ്റുകള്‍ ഏറ്റുപറയാന്‍ അയാളാഗ്രഹിച്ചു. പക്ഷേ, ശൈഖിനെ കാണാനായില്ല. 40 ദിവസത്തെ ഏകാന്തവാസത്തിലായിരുന്നു ശൈഖ്. ശൈഖിന്റെ അസാന്നിധ്യം മുഹറമിനെ അസ്വസ്ഥനാക്കുന്നു. ധാര്‍മികചിന്ത തന്റെ ജീവിതത്തിന് ഭാരമാകുന്നതായി അയാള്‍ക്ക് തോന്നുന്നു. മനഃസാക്ഷിയുടെ ഞെരുക്കം താങ്ങാനാവാതെ അയാള്‍ ഉന്മാദാവസ്ഥയിലെത്തുകയാണ്.
ധാര്‍മികതയും സംശുദ്ധിയും ജീവിതത്തിലുടനീളം പുലര്‍ത്താനാഗ്രഹിക്കുന്ന, ദൈവഭയമുള്ള ഒരു സാധാരണക്കാരന്റെ സന്ദേഹങ്ങളാണ് മുഹറം എന്ന കഥാപാത്രത്തിലൂടെ പുറത്തുവരുന്നത്. ആത്മശുദ്ധീകരണത്തിനുള്ള വഴിയടഞ്ഞുപോകുമ്പോള്‍ അയാള്‍ തകര്‍ന്നുപോകുന്നു.
നന്മയുടെ പക്ഷത്താണ് ശൈഖിന്റെയും മുഹറമിന്റെയും നില്പ്. തന്റെ നിലപാടുകള്‍ വേണ്ടപോലെ വെളിപ്പെടുത്താന്‍ മുഹറം അശക്തനാണ്. എങ്കിലും ശൈഖിന്റെ വ്യാഖ്യാനങ്ങളിലെവിടെയോ പൊരുത്തക്കേടുകളുണ്ടെന്ന് അയാള്‍ക്ക് തോന്നുന്നു. അതൊരു പക്ഷേ, തന്നെ പരീക്ഷിക്കാനാവും എന്നും മുഹറമിന് തോന്നുന്നു. പദവിയും പണവും കൈവരുമ്പോള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത ശൈഖ് മുന്‍കൂട്ടിക്കാണുന്നുണ്ട്. അതുകൊണ്ടാണ് തന്റെ മകളെ മുഹറമിന് വിവാഹം ചെയ്തുകൊടുക്കാന്‍ അദ്ദേഹം തയ്യാറാകുന്നത്. ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കാനുള്ളതാണ് തന്റെ ജീവിതമെന്നും വിവാഹബന്ധം അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് മുഹറം ഈ വാഗ്ദാനം നിരസിക്കുകയാണ്.

90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത് മുഹറമിന്റെ പ്രഭാതകൃത്യങ്ങള്‍ കാണിച്ചുകൊണ്ടാണ്. ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ആ കഥാപാത്രത്തിന്റെ സ്വഭാവം പൂര്‍ണമായും നമ്മുടെ മനസ്സിലേക്കെത്തിക്കുന്നു സംവിധായകന്‍. തന്നെ കാത്തിരിക്കുന്ന പുതുദൗത്യത്തിന് മുഹറം ഏറ്റവും അനുയോജ്യന്‍ തന്നെ എന്ന് അടിവരയിടുകയാണ് ഈ ദൃശ്യഖണ്ഡങ്ങളില്‍. അയാളുടെ തകര്‍ച്ചയുടെ രേഖാചിത്രമാണ് അവസാനരംഗത്ത് കാണുന്നത്. രോഗിയായ മുഹറം അവശനായി കിടക്കുകയാണ്. ശൈഖിന്റെ മകള്‍ വന്ന് അയാള്‍ക്ക് ഗുളിക നല്‍കുന്നു. തിരിച്ചുപോകുമ്പോള്‍ മുറിയിലെ മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നു. ഇരുട്ടില്‍, നിശ്ചലനായി കണ്ണുതുറന്നുകിടക്കുന്ന മുഹറമില്‍ നിന്ന് ക്യാമറ പതുക്കെ പിന്‍മാറുകയാണ്.
എര്‍ക്കാന്‍ കാന്‍ എന്ന നടനാണ് മുഹറമായി വേഷമിടുന്നത്. തുടക്കത്തില്‍, ഒരു നിസ്സാരനെപ്പോലെ കടന്നുവരുന്ന മുഹറമിന്റെ രൂപഭാവമാറ്റങ്ങള്‍ അനായാസമായി അവതരിപ്പിക്കുന്നുണ്ട് ഈ നടന്‍.