Wednesday, February 27, 2008

അവസാനത്തെ ആരാച്ചാര്‍

തിരക്കിട്ട്‌ നടത്തം.ഏതോ മഹനീയകൃത്യം നിര്‍വഹിക്കാന്‍ പോകുന്നതിന്‍െറ നിശ്ചയദാര്‍ഢ്യം മുഖത്ത്‌. കനത്ത നിശ്ശബ്ദതയില്‍ ബൂട്ടിന്‍െറ ശബ്ദം മാത്രം ഉയര്‍ന്നുകേള്‍ക്കാം. `മരണമുറി'യില്‍നിന്നു പുറത്തുവരുന്ന തടവുകാരനെ കണ്ണുകൊണ്ട്‌ ഒന്നുഴിയുന്നു. മിണ്ടാട്ടമില്ല. മുഖത്ത്‌ നിര്‍വികാരതമാത്രം. കോട്ടിന്‍െറ പോക്കറ്റില്‍ നിന്ന്‌ കയറെടുത്ത്‌ തടവുകാരന്‍െറ കൈകള്‍ പിന്നിലേക്കാക്കി കെട്ടുന്നു. തുടര്‍ന്ന്‌ ഒരാജ്ഞയാണ്‌: എന്‍െറ പിന്നാലെ വരൂ! തടവുകാരന്‍ ആ മനുഷ്യനു പിന്നാലെ മരണമുഖത്തേക്ക്‌ നീങ്ങുകയായി. രക്ഷിക്കണമെന്ന്‌ പറഞ്ഞ്‌ നിലവിളിക്കുന്നുണ്ട്‌ തടവുകാരന്‍. ആരാച്ചാരുടെ പിന്നാലെ വരുന്ന തടവുകാരനും മരണവും തമ്മിലുള്ള അകല്‍ച്ചയ്‌ക്ക്‌ ഏതാനും സെക്കന്‍ഡുകളുടെ ആയുസ്സുമാത്രം.
ഇരയെക്കാത്ത്‌ പുതിയ കൊലക്കയര്‍. തടുവുകാരനെ കയറിനഭിമുഖമായി നിര്‍ത്തി കാലുകളും ബന്ധിക്കുന്നു. തുടര്‍ന്ന്‌, വെളുത്ത തുണികൊണ്ട്‌ തലമൂടുന്നു. കയര്‍ കഴുത്തിലിടുന്നു. എല്ലാം ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ ലിവര്‍ ഒറ്റവലി. കയറിന്‍െറ മരണനൃത്തം സെക്കന്‍ഡുകള്‍ മാത്രം. ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റ്‌ തന്‍െറ ദൗത്യത്തിന്‍െറ മുക്കാല്‍ഭാഗവും നിര്‍വഹിച്ചുകഴിഞ്ഞു.??`പിയര്‍പോയന്‍റ്‌' എന്ന ബ്രിട്ടീഷ്‌ സിനിമയിലെ നായകനെ നാം പരിചയപ്പെടുകയാണിവിടെ. ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റ്‌ ആണ്‌ നായകന്‍. മരണദൂതനാണയാള്‍. ബ്രിട്ടനിലെ ഏറ്റവുമൊടുവിലത്തെ മുഖ്യ ആരാച്ചാര്‍. അറുനൂറോളം കുറ്റവാളികളുടെ കഴുത്തില്‍ കുരുക്കിട്ട ആള്‍.
പിയര്‍പോയന്‍റ്‌ കുടുംബത്തില്‍നിന്നുള്ള മൂന്നാമത്തെ ആരാച്ചാരാണ്‌ ആല്‍ബര്‍ട്ട്‌. അച്ഛനിലായിരുന്നു തുടക്കം. പിന്നീട്‌ അമ്മാവനും ആരാച്ചാരായി. അമ്മാവനെ ഒരു വധശിക്ഷയില്‍ സഹായിച്ചുകൊണ്ടാണ്‌ ആല്‍ബര്‍ട്ട്‌ രംഗത്തുവരുന്നത്‌.??കൊല്ലലിലെ ധാര്‍മികതയോ ധര്‍മസങ്കടങ്ങളോ ഒന്നും ആല്‍ബര്‍ട്ട്‌ പിയര്‍പോയിന്‍റിനെ അലട്ടുന്നില്ല. അയാള്‍ക്ക്‌ ഇത്‌ ഒരു ജോലിയാണ്‌. നല്ല വേതനം കിട്ടുന്നജോലി. ആ ജോലി ഭംഗിയായി നിര്‍വഹിക്കണം. അത്രമാത്രം.

1965-ല്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണ്‌ ബ്രിട്ടന്‍. അവിടെ ഏറ്റവും അവസാനത്തെ മുഖ്യ ആരാച്ചാരായിരുന്ന ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റിന്‍െറ ജീവിതത്തെ ആധാരമാക്കിയാണീ ചിത്രം തയ്യാറാക്കിയിരിക്കുന്നത്‌. ഒന്നരമണിക്കൂര്‍ നീണ്ട ചിത്രത്തിന്‍െറ സംവിധായകന്‍ അഡ്‌റിയാന്‍ ഷെര്‍ഗോള്‍ഡാണ്‌.
ആല്‍ബര്‍ട്ട്‌ നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയുടെ വിശദമായ കാഴ്‌ചകള്‍ ചിത്രത്തിന്‍െറ തുടക്കത്തില്‍ കാണാം. ഒരു ചെറുപ്പക്കാരനായിരുന്നു കുറ്റവാളി. തന്നെ വിട്ടയയ്‌ക്കണമെന്ന അയാളുടെ ദീനവിലാപം വധശിക്ഷയെ്‌ക്കതിരായ ബ്രിട്ടീഷ്‌ സമൂഹത്തിന്‍െറ ഏറ്റുപറച്ചിലായി നമുക്ക്‌ തോന്നും. പക്ഷേ, ആരാച്ചാര്‍ക്ക്‌ ഇരയുടെ സങ്കടങ്ങളിലേക്ക്‌ മനസ്സുതുറക്കാനാവില്ല. സങ്കടങ്ങള്‍ നിരത്തേണ്ടത്‌ കോടതിമുറികളിലാണെന്ന്‌ അയാള്‍ വിശ്വസിക്കുന്നു. വധശിക്ഷയ്‌ക്കുശേഷം കയറിന്‍െറ ചലനം നിലയ്‌ക്കുമ്പോള്‍ ക്യാമറ നീങ്ങുന്നത്‌ ചുമരിലെ ക്രൂശിതരൂപത്തിലേക്കാണ്‌. കഥാനായകന്‌ സംഭവിക്കാന്‍ പോകുന്ന മാനസാന്തരത്തിന്‍െറ വിദൂരസൂചനകളാണ്‌ വിറകൊള്ളുന്ന കയറും ക്രൂശിതരൂപവും.പാരമ്പര്യത്തിന്‍െറ കണ്ണിപോലെ ആല്‍ബര്‍ട്ട്‌ കൊലക്കയറിനു പിന്നില്‍ എത്തിപ്പെടുകയായിരുന്നു. അച്ഛന്‍ ആരാച്ചാരായത്‌ അമ്മ ഇഷ്‌ടപ്പെട്ടിരുന്നില്ല. മകന്‍െറ കാര്യത്തിലും അവര്‍ ദുഃഖിതയായിരുന്നു. ഉള്ളിലുള്ള കുറ്റബോധവും പാപചിന്തയും പുറത്തുചാടട്ടെ എന്നുകരുതിയാണ്‌ ആദ്യ വധശിക്ഷ നടപ്പാക്കി വീട്ടിലെത്തുന്ന മകനോട്‌ ``എങ്ങനെയുണ്ടായിരുന്നു'' എന്നവര്‍ ചോദിക്കുന്നത്‌. ആല്‍ബര്‍ട്ടിന്‌ ഒന്നും പറയാനുണ്ടായിരുന്നില്ല. പകരം തന്‍െറ നോട്ടുബുക്ക്‌ തുറന്ന്‌ അതില്‍ ആദ്യത്തെ ഇരയുടെ പേരും വിവരങ്ങളും എഴുതി വെക്കുകയാണയാള്‍ ചെയ്യുന്നത്‌. ജോലി തുടരാനുള്ള മകന്‍െറ നിശ്ചയദാര്‍ഢ്യം അമ്മയെ നിശ്ശബ്ദയാക്കുന്നു.

എന്തു ക്രൂരകൃത്യം ചെയ്‌തവരായാലും തന്‍െറ മുന്നിലെത്തുന്നവര്‍ ആദരവ്‌ അര്‍ഹിക്കുന്നു എന്നാണ്‌ ആല്‍ബര്‍ട്ടിന്‍െറ പക്ഷം. മരണ നിമിഷങ്ങള്‍ എണ്ണുന്ന കുറ്റവാളിയുടെ പേടി എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കല്‍ തന്‍െറ ദൗത്യമായി അയാള്‍ കരുതുന്നു. അതുകൊണ്ടുതന്നെ വളരെ കണിശതയോടെ, വേഗത്തില്‍ അയാള്‍ തന്‍െറ ജോലി നിര്‍വഹിക്കുന്നു. ഈ പ്രൊഫഷണല്‍ ടച്ചാണ്‌ ആരാച്ചാര്‍മാര്‍ക്കിടയില്‍ അയാളുടെ സ്ഥാനം ഉയര്‍ത്തിയത്‌. രണ്ടാം ലോകയുദ്ധാനന്തരം ജര്‍മനിയില്‍ നാസി ഭീകരരെ തൂക്കിലേറ്റാന്‍ ആല്‍ബര്‍ട്ടിനു ക്ഷണം വന്നതും ഇതേ കാരണത്താല്‍ തന്നെ. ജര്‍മനിയില്‍ ഒരു ദിവസം 13 യുദ്ധക്കുറ്റവാളികളെ ആല്‍ബര്‍ട്ട്‌ തൂക്കിലേറ്റിയിട്ടുണ്ട്‌. ഒരേ സമയം രണ്ടുപേരെ നിരത്തി നിര്‍ത്തി വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്‌.
വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞാല്‍ മൃതദേഹം തുടച്ചു വൃത്തിയാക്കി ശവപ്പെട്ടിയിലൊതുക്കുന്നതും ആല്‍ബര്‍ട്ട്‌ തന്നെ. സേ്‌നഹത്തോടെ, കരുണയോടെയാണ്‌ അയാള്‍ ജഡങ്ങളോട്‌ പെരുമാറുന്നത്‌. ശിക്ഷ നടപ്പാവുന്നതോടെ എല്ലാവരും നിഷ്‌കളങ്കരും നിരപരാധികളുമായി മാറുന്നു എന്നാണ്‌ അയാളുടെ തത്ത്വശാസ്‌ത്രം.

ഇരട്ട ജീവിതമായിരുന്നു ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റിന്‍േറത്‌. തുടക്കത്തില്‍, പലചരക്കു കച്ചവടമായിരുന്നു. പിന്നീടത്‌ `പബ്ബാ'ക്കി മാറ്റി. ഈ തൊഴിലിനിടയില്‍ ആരുമറിയാതെയാണ്‌ അയാള്‍ ആരാച്ചാരുടെ വേഷം കെട്ടിയത്‌. ഭാര്യപോലും അറിഞ്ഞിരുന്നില്ല. സര്‍ക്കാറും ആരാച്ചാരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്നു. ജയിലിലെ ഇരുണ്ട അന്തരീക്ഷത്തില്‍ കാണുന്ന ഗൗരവമാര്‍ന്ന മുഖമല്ല പബ്ബില്‍ നാം കാണുന്നത്‌. പബ്ബിലെത്തുന്ന സുഹൃത്തുക്കളോടൊപ്പം ആടിപ്പാടി രസിക്കുന്നുണ്ട്‌ അയാള്‍. നാസി ഭീകരരെ തൂക്കിലേറ്റാന്‍ ജര്‍മനിക്ക്‌ പോയതോടെയാണ്‌ ആല്‍ബര്‍ട്ടിന്‍െറ രഹസ്യം പുറത്താവുന്നത്‌. പ്രൊഫഷണല്‍ ടച്ചുള്ള ആരാച്ചാരുടെ പൂര്‍ണവിവരങ്ങള്‍ പത്രങ്ങള്‍ പുറത്തുവിട്ടു. ലോകത്തിനു മുമ്പില്‍ തനിക്കും ഒരു കുറ്റവാളിയുടെ പരിവേഷമാണുള്ളതെന്ന കുറ്റബോധം ക്രമേണ ആല്‍ബര്‍ട്ടില്‍ അരിച്ചു കയറുന്നത്‌ ഇതോടെയാണ്‌.
പബ്ബില്‍ വെച്ച്‌ പരിചയപ്പെട്ട്‌ ഉറ്റസുഹൃത്തായി മാറിയ ടിഷിന്‍െറ കഴുത്തില്‍ കുരുക്കിടേണ്ടിവന്നതോടെ ആല്‍ബര്‍ട്ട്‌ ആകെ തകര്‍ന്നു. വഞ്ചിച്ച കാമുകിയെ കൊന്നതിനു മരണശിക്ഷ ഏറ്റുവാങ്ങും മുമ്പ്‌ തന്നോട്‌ നന്ദി പറഞ്ഞ ടിഷിന്‍െറ മുഖം അയാളെ വേട്ടയാടി. എല്ലാ സങ്കടങ്ങളും ഭാര്യയോട്‌ തുറന്നുപറഞ്ഞാണ്‌ ആല്‍ബര്‍ട്ട്‌ കുറച്ചെങ്കിലും ശാന്തി നേടുന്നത്‌. പിന്നെ, അധികകാലം ആല്‍ബര്‍ട്ട്‌ ആരാച്ചാരുടെ കുരിശ്‌ ചുമന്നില്ല. അയാള്‍ ആ ജോലി രാജിവെക്കുകയാണ്‌.
`കൊലയ്‌ക്കു കൊല' എന്ന പ്രാകൃത ശിക്ഷാവിധിയെ ക്കുറിച്ചുള്ള നിശ്ശബ്ദമായ ചര്‍ച്ച ഈ സിനിമയുടെ അന്തര്‍ധാരയാണ്‌. ശിക്ഷാവിധിയുടെ മഹത്ത്വത്തിലേക്കല്ല, മരണക്കുരുക്കിനു മുന്നിലെ മനുഷ്യന്‍െറ നിസ്സഹായാവസ്ഥയിലേക്കാണ്‌ സംവിധായകന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. മരണനിമിഷം നിശ്ചയിക്കപ്പെട്ട മനുഷ്യനാണ്‌ ഏറ്റവും നിസ്സഹായമായ കാഴ്‌ച എന്ന്‌ ഈ ചിത്രം വിളിച്ചുപറയുന്നു. വധശിക്ഷയെക്കുറിച്ചുള്ള നിശ്ശബ്ദ ചര്‍ച്ച ഒടുവില്‍ ജനതകളുടെ തുറന്ന പ്രതിഷേധത്തിലേക്ക്‌ വളരുകയാണ്‌. ജനരോഷം മുഴുവന്‍ ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റിനു നേര്‍ക്കാണ്‌ തിരിയുന്നത്‌. വധശിക്ഷയുടെ ആള്‍രൂപമായി അവര്‍ ആല്‍ബര്‍ട്ടിനെ കാണുന്നു. തന്‍െറ രണ്ടാം തൊഴില്‍ ഉപേക്ഷിക്കാന്‍ ഈ പ്രതിഷേധവും അയാളെ പ്രേരിപ്പിക്കുന്നുണ്ട്‌.തിമോത്തി സ്‌പല്‍ എന്ന നടനാണ്‌ ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റിന്‍െറ ഇരട്ടഭാവങ്ങളെ അവതരിപ്പിക്കുന്നത്‌. അഭിമാനത്തോടെയും നിസ്സംഗതയോടെയും പ്രൊഫഷണലിസത്തോടെയും ആരാച്ചാരുടെ ജോലി ചെയ്യുന്ന ആല്‍ബര്‍ട്ടിന്‍െറ ക്രമേണയുള്ള മാനസാന്തരം പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ തിമോത്തിക്ക്‌ കഴിയുന്നുണ്ട്‌.
ബ്രിട്ടനില്‍, ഏറ്റവുമധികം കുറ്റവാളികളെ കഴുമരത്തിലേറ്റിയ ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റ്‌ എന്ന ആരാച്ചാരുടെ ജീവിതമാണിതിലെ ഇതിവൃത്തം. 1932-നും 1956-നുമിടയ്‌ക്ക്‌ 17 സ്‌ത്രീകളടക്കം അറുനൂറോളം പേരെ ആല്‍ബര്‍ട്ട്‌ മരണത്തിലേക്ക്‌ അയച്ചിട്ടുണ്ട്‌. ജര്‍മനി, സൈപ്രസ്‌, ഓസ്‌ട്രിയ എന്നീ രാജ്യങ്ങളില്‍ പോയി യുദ്ധക്കുറ്റവാളികളെ ഇയാള്‍ തൂക്കിലേറ്റിയിട്ടുണ്ട്‌.

ഒടുവില്‍, ഫീസിന്‍െറ കാര്യത്തില്‍ തര്‍ക്കിച്ച്‌ `മുഖ്യആരാച്ചാര്‍' സ്ഥാനം ഒഴിയുകയാണുണ്ടായത്‌. 1956-ലായിരുന്നു സംഭവം. തോമസ്‌ ബാന്‍ക്രോഫ്‌റ്റ്‌ എന്നൊരാളെ തൂക്കിലേറ്റാനായി ആല്‍ബര്‍ട്ട്‌ ജയിലിലെത്തി. അപ്പോഴേക്കും തോമസിനെ വിട്ടയയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൊലനടന്നാലും ഇല്ലെങ്കിലും തന്‍െറ ഫീസായ 15 പൗണ്ടും (ഇന്നത്തെ 200 പൗണ്ടിനു തുല്യം. ഏതാണ്ട്‌ 17,000 രൂപ) നല്‌കണമെന്ന്‌ അയാള്‍ ആവശ്യപ്പെട്ടു. ഒരുപൗണ്ട്‌ നല്‌കാനേ അധികൃതര്‍ തയ്യാറായുള്ളൂ. അവസാനം നാലു പൗണ്ടിന്‌ ഒത്തുതീര്‍പ്പായി. ഇത്‌ ആല്‍ബര്‍ട്ടിന്‌ അപമാനമായാണ്‌ തോന്നിയത്‌. അങ്ങനെയാണ്‌ `മുഖ്യആരാച്ചാരു'ടെ പദവി ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റ്‌ രാജിവെക്കുന്നത്‌.??അവസാനകാലത്ത്‌ ആല്‍ബര്‍ട്ട്‌ വധശിക്ഷയ്‌ക്ക്‌ എതിരായിരുന്നു. വധശിക്ഷ ഒന്നിനും പരിഹാരമല്ലെന്ന്‌ `എക്‌സിക്യൂഷെണര്‍-പിയര്‍പോയന്‍റ്‌' എന്ന ആത്മകഥയില്‍ ആല്‍ബര്‍ട്ട്‌ പറയുന്നു. ``പ്രതികാരം ചെയ്യുക എന്ന പ്രാകൃത ചിന്താഗതിയുടെ അവശിഷ്‌ടമാണിത്‌'' എന്നായിരുന്നു ആല്‍ബര്‍ട്ടിന്‍െറ അഭിപ്രായം. 1992-ല്‍ 87-ാം വയസ്സിലാണ്‌ ആല്‍ബര്‍ട്ട്‌ പിയര്‍ പോയന്‍റ്‌ മരിച്ചത്‌.
ഈ സിനിമ 2005-ലെ ടൊറന്‍േറാ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. `ദ ലാസ്റ്റ്‌ ഹാങ്‌മാന്‍' (അവസാത്തെ ആരാച്ചാര്‍) എന്നായിരുന്നു ആദ്യത്തെ പേര്‌. പക്ഷേ, ബ്രിട്ടനില്‍ `പിയര്‍പോയന്‍റ്‌' എന്ന പേരിലാണ്‌ ചിത്രം റിലീസായത്‌. അമേരിക്കയിലാവട്ടെ `ദ ലാസ്റ്റ്‌ ഹാങ്‌മാന്‍' എന്ന പേരില്‍ത്തന്നെയാണ്‌ സിനിമ ഇറങ്ങിയത്‌.


Saturday, February 23, 2008

മടക്കയാത്ര


ബാവോ ഷിയുടെ `ദ റിമംബറന്‍സ്‌' എന്ന നോവലിനെ ആധാരമാക്കി സാങ്‌യിമോ സംവിധാനം ചെയ്‌ത ചൈനീസ്‌ ചിത്രമാണ്‌ `ദ റോഡ്‌ ഹോം' . 2000-ത്തിലെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ `സില്‍വര്‍ ബിയര്‍' അവാര്‍ഡ്‌ നേടിയ ചിത്രമാണിത്‌. കരുത്തുറ്റ പ്രണയത്തിന്‍െറയും പ്രസന്നമധുരമായ കുടുംബജീവിതം നിലനിര്‍ത്തിപ്പോരുന്ന ചൈനീസ്‌ ഗ്രാമീണജനതയുടെയും കഥ പറയുകയാണ്‌ `ദ റോഡ്‌ ഹോം'. നടന്നുവന്ന വഴികളെക്കുറിച്ച്‌, ആ വഴികള്‍ക്കിടയിലെ സാന്ത്വനങ്ങളെക്കുറിച്ച്‌, തണലുകളെക്കുറിച്ച്‌, ഇനിയും നടന്നുതീര്‍ക്കാനുള്ള ദൂരങ്ങളെക്കുറിച്ച്‌ ഓര്‍മപ്പെടുത്തുന്നു ഈ ചിത്രം. ഒരു ഭാവഗീതം പോലെ ഹൃദയത്തെ തൊട്ടാണ്‌ ഇതിലെ ദൃശ്യഖണ്ഡങ്ങള്‍ കടന്നുപോകുന്നത്‌.

വര്‍ത്തമാനകാലത്തില്‍നിന്ന്‌ നേരെ പഴയകാലത്തിലേക്കു തിരിച്ചു നടന്ന്‌ വീണ്ടും ഇന്നിലേക്ക്‌ എത്തുന്ന രീതിയിലാണ്‌ `ദ റോഡ്‌ ഹോമി'ന്‍െറ ശില്‌പഘടന.

അച്ഛന്‍െറ മരണവാര്‍ത്തയറിഞ്ഞ്‌ യുഷെങ്‌ എന്ന യുവാവ്‌ നഗരത്തിലെ ജോലിസ്ഥലത്തു നിന്നു സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുന്നതോടെയാണ്‌ സിനിമയുടെ തുടക്കം. അച്ഛന്‍ ലുവോ ചാങ്ങ്യൂ ആ ഗ്രാമത്തിലെ ഏകാധ്യാപകവിദ്യാലയത്തില്‍ അധ്യാപകനായിരുന്നു. ഇരുപതാം വയസ്സില്‍ എത്തിയതാണദ്ദേഹം. നാല്‌പത്‌ കൊല്ലം ഗ്രാമവാസികളെ പഠിപ്പിച്ചു. തൊട്ടടുത്ത നഗരത്തില്‍ നിന്നാണ്‌ ലുവോ അവിടെ എത്തിയത്‌. തീരെ അക്ഷരാഭ്യാസമില്ലാത്ത സാവോ ദി എന്ന പെണ്‍കുട്ടി അധ്യാപകന്‍െറ ഹൃദയം കീഴടക്കി. ഭരണകൂടത്തില്‍ നിന്നുണ്ടായ കടുപ്പമേറിയ ചില അനുഭവങ്ങള്‍ മറികടന്ന്‌ അവര്‍ വിവാഹിതരാകുന്നു. പിന്നെ, ലുവോ ആ ഗ്രാമത്തില്‍നിന്നെങ്ങോട്ടും പോയിട്ടില്ല. ഗ്രാമത്തിലെ ആദ്യത്തെ പ്രേമവിവാഹമായിരുന്നു അവരുടേത്‌.

ലുവോ-സാവോ ദമ്പതിമാരുടെ ഏകമകനാണ്‌ യുഷെങ്‌. ആ ഗ്രാമത്തില്‍നിന്ന്‌ ആദ്യമായി കോളേജില്‍ പോയത്‌ അവനാണ്‌. അധ്യാപക പരിശീലനം നേടിയിട്ടുണ്ടെങ്കിലും അവന്‍ തിരഞ്ഞെടുത്തരംഗം മറ്റൊന്നാണ്‌. കുറെക്കാലമായി നാട്ടില്‍ വന്നിട്ട്‌. മാതൃകാധ്യാപകനായ അച്ഛന്‍െറ മരണം ഓര്‍ക്കാപ്പുറത്തായിരുന്നു. സ്‌കൂളിനു നല്ലൊരു കെട്ടിടം പണിയാനുള്ള ബദ്ധപ്പാടിലായിരുന്നു അദ്ദേഹം. അതിനുള്ള പണപ്പിരിവിന്‌ ഇറങ്ങിത്തിരിച്ച ലുവോ ശീതക്കാറ്റില്‍പ്പെട്ട്‌ അസുഖബാധിതനാകുന്നു. ഹൃദ്രോഗിയായ അയാളെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. മൃതദേഹം താലൂക്കാസ്‌പത്രിയിലെ മോര്‍ച്ചറിയിലാണ്‌. അത്‌ വീട്ടിലെത്തിക്കണം. ഒരു കാറില്‍ കൊണ്ടുവരാനാണ്‌ ഗ്രാമത്തലവനും മറ്റും ആലോചിച്ചത്‌. പക്ഷേ, സാവോദിക്ക്‌ അതിനോട്‌ യോജിക്കാനാവുന്നില്ല. ഭര്‍ത്താവിന്‍െറ ശവമഞ്ചം ആള്‍ക്കാര്‍ ചുമന്ന്‌ വീട്ടിലെത്തിക്കണമെന്നാണ്‌ അവരുടെ ആഗ്രഹം. ഗ്രാമത്തിലെ ഓരോ തരി മണ്ണിനോടും പൂക്കളോടും മനുഷ്യരോടും തന്‍െറ ഭര്‍ത്താവിന്‌ യാത്രചോദിക്കാന്‍ കഴിയണം. അദ്ദേഹം ഈ ഗ്രാമത്തിലേക്ക്‌ ആദ്യം വന്ന നാട്ടുപാതയിലൂടെ അങ്ങനെ അവസാനയാത്രയും നടത്തണം. മൃതദേഹം കാല്‍നടയായി കൊണ്ടുവന്നാല്‍ മരിച്ച വ്യക്തിയുടെ ആത്മാവ്‌ സ്വന്തം വീട്ടിലേക്കുള്ള വഴി ഒരിക്കലും മറക്കില്ലെന്നാണ്‌ വിശ്വാസം. ഇതൊരു ഗ്രാമീണാചാരമാണ്‌. ഈ ആചാരത്തിലൂടെ ഭര്‍ത്താവിന്‍െറ സാമീപ്യം തനിക്കുണ്ടാകുമെന്ന്‌ സാവോദി വിശ്വസിക്കുന്നു.��അച്ഛനും അമ്മയും തമ്മിലുണ്ടായിരുന്ന ഗാഢബന്ധം യുഷെങ്ങിന്‌ നന്നായറിയാം. അമ്മയുടെ ആഗ്രഹം എങ്ങനെയെങ്കിലും നിറവേറ്റണമെന്ന്‌ അവന്‍ തീരുമാനിക്കുന്നു. പക്ഷേ, ഒരു തടസ്സം. മൃതദേഹം വഹിക്കാന്‍ കെല്‌പുള്ള ചെറുപ്പക്കാരാരും ആ ഗ്രാമത്തിലില്ല. അവരൊക്കെ ജോലി തേടി നഗരങ്ങളില്‍ ചേക്കേറിയിരിക്കുന്നു. ഒടുവില്‍, അടുത്ത ഗ്രാമത്തില്‍ നിന്ന്‌ ചെറുപ്പക്കാരെ കൂലിക്ക്‌ വിളിക്കാന്‍ തീരുമാനിച്ചു. 36 പേരെങ്കിലും വേണം. അത്രയും പേരുണ്ടെങ്കിലേ മാറിമാറി ചുമന്ന്‌ വീട്ടിലെത്തിക്കാനാവൂ.

ശവപ്പെട്ടി പുതയ്‌ക്കാന്‍ പുതിയ തുണിവേണം. പ്രായത്തിന്‍െറ അവശതയിലും സ്വന്തം തറിയില്‍ സാവോ ദി ആ തുണി നെയെ്‌തടുക്കുന്നു. ആ ഗ്രാമത്തില്‍, പഴമയുടെ ചിഹ്നംപോലെ അവശേഷിക്കുന്ന ഏക തറിയാണത്‌. ലുവോ ആദ്യമായി സ്‌കൂളിലെത്തിയപ്പോള്‍ സ്‌കൂളിന്‍െറ മേല്‍ത്തട്ടില്‍ വിരിക്കാനുള്ള ചുവന്ന തുണി നെയ്‌തുനല്‍കിയത്‌ സാവോ ദി ആയിരുന്നു. (കെട്ടിടങ്ങളുടെ മേല്‍ത്തട്ടില്‍ ചുവന്ന തുണി വിരിക്കുന്നത്‌ ഭാഗ്യത്തിന്‍െറ അടയാളമാണെന്നു ചൈനക്കാര്‍ കരുതുന്നു). തങ്ങളുടെ പ്രണയസാഫല്യത്തിന്‍െറ പ്രതീകമായി ആ പഴയ, പൊട്ടിപ്പൊളിഞ്ഞ തറി സാവോ ദി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.��ഗ്രാമത്തലവനും ഗ്രാമവാസികളും സാവോയും യുഷെങ്ങും ആസ്‌പത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങുന്നു. വിലാപയാത്ര തുടങ്ങവെ ആരോ വിളിച്ചുപറയുന്നു- ``ലുവോ നമ്മളിതാ ഗ്രാമത്തിലേക്ക്‌ മടങ്ങുകയാണ്‌''. എങ്ങും മഞ്ഞു പെയ്യുകയാണ്‌. അതു വകവയ്‌ക്കാതെ സാവോ ദി മകന്‍െറ കൂടെ ശവമഞ്ചത്തോടൊപ്പം നടന്നുനീങ്ങുന്നു. മല കയറിയിറങ്ങി, പുഴ മുറിച്ചുകടന്ന്‌, നാല്‍ക്കവലകള്‍ പിന്നിട്ട്‌ ആ വിലാപയാത്ര വടക്കന്‍ചൈനയിലെ ആ വിദൂര ഗ്രാമത്തിലേക്ക്‌ നീങ്ങുകയാണ്‌. നൂറോളം പേരുണ്ട്‌ വിലാപയാത്രയില്‍. അവരൊക്കെ ലാവോയുടെ പ്രിയശിഷ്യരാണ്‌. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്‍െറ മരണവാര്‍ത്തയറിഞ്ഞ്‌ അവര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഓടിയെത്തുകയായിരുന്നു. ശക്തമായ ശീതക്കാറ്റ്‌ കാരണം പലര്‍ക്കും എത്തിച്ചേരാനായില്ല. വന്നവരാകട്ടെ ആരുടെയും നിര്‍ദേശത്തിന്‌ കാത്തുനില്‍ക്കാതെ ആദരവോടെ ആ ശവമഞ്ചം തോളിലേറ്റി.

1958-ല്‍ ലുവോ ആദ്യമായി ആ ഗ്രാമത്തില്‍ വന്നത്‌ കുതിരവണ്ടിയിലാണ്‌. അതേ വഴിയിലൂടെയാണിപ്പോള്‍ വിലാപയാത്ര നീങ്ങുന്നത്‌. അക്ഷരം പഠിപ്പിച്ച അധ്യാപകനുള്ള ഗുരുദക്ഷിണപോലെ ശിഷ്യര്‍ ആ മൃതദേഹം ആദരവോടെ ഗ്രാമത്തിലെത്തിച്ചു. ഒരാളും കൂലിയായി ഒന്നും വാങ്ങിയില്ല. സാവോയുടെ ആഗ്രഹപ്രകാരം പഴയ കിണറിനടുത്താണ്‌ മൃതദേഹം സംസ്‌കരിച്ചത്‌. ഈ കുന്നില്‍മുകളില്‍നിന്ന്‌ നോക്കിയാല്‍ താഴെയുള്ള സ്‌കൂള്‍ ഭര്‍ത്താവിന്‌ നന്നായി കാണാനാവുമെന്ന്‌ സാവോ വിശ്വസിക്കുന്നു. സ്വന്തം വീടിനേക്കാളുപരി അദ്ദേഹം സ്‌കൂളിനെ സേ്‌നഹിച്ചിരുന്നു. മക്കളെപ്പോലെ തന്‍െറ ശിഷ്യരെയും സേ്‌നഹിച്ചിരുന്നു. സമയമാകുമ്പോള്‍ തന്നെയും അച്ഛന്‍െറയടുത്തുതന്നെ സംസ്‌കരിക്കണമെന്ന്‌ സാവോ മകനെ ഓര്‍മിപ്പിക്കുന്നു.

സ്‌കൂള്‍ പുതുക്കിപ്പണിയാന്‍ വീണ്ടും ആലോചന തുടങ്ങുന്നു. താന്‍ സ്വരൂപിച്ചുവെച്ച പണമെല്ലാം സാവോ ഗ്രാമത്തലവനെ ഏല്‌പിക്കുന്നു. മകന്‍ യുഷെങ്ങും നല്ലൊരു തുക നല്‍കുന്നു.

യുഷെങ്‌ നാളെ വീണ്ടും നഗരത്തിലേക്ക്‌ മടങ്ങുകയാണ്‌. അമ്മയും മകനും പൂട്ടിക്കിടക്കുന്ന സ്‌കൂളിലേക്കു പോകുന്നു. ക്ലാസ്‌മുറിയില്‍ ഭര്‍ത്താവിന്‍െറ മുഴങ്ങുന്ന, മധുരമുള്ള ശബ്ദം നിറഞ്ഞുനില്‌ക്കുന്നതായി സാവോദിക്ക്‌ തോന്നുന്നു. നാല്‌പത്‌ വര്‍ഷം താന്‍ ആരാധിച്ച, സേ്‌നഹിച്ച ശബ്ദം. തലമുറകളെ സംസ്‌കാരചിത്തരാക്കിയ ശബ്ദം. ആ ശബ്ദം കേള്‍ക്കാന്‍ വേണ്ടി സാവോ നിത്യവും സ്‌കൂള്‍ പരിസരത്ത്‌ എത്തുമായിരുന്നു.

ഇനി വരുമ്പോള്‍, നമുക്ക്‌ പരിചിതമായ ആ സ്‌കൂള്‍ കാണാനാവില്ലെന്ന്‌ അമ്മ മകനോട്‌ വേദനയോടെ പറയുന്നു. സ്‌കൂളിന്നകവും പുറവും പുതിയ അധ്യാപകന്‍െറയും കുട്ടികളുടെയും ശബ്ദുംകൊണ്ട്‌ നിറയും. അച്ഛന്‍െറ ശബ്ദം ഇനി തിരിച്ചെടുക്കാനാവില്ല. ക്ലാസ്‌മുറിയില്‍, പഴയ ഓര്‍മകളില്‍ ലയിച്ചുനില്‌ക്കവേ സാവോ മകനോട്‌ അച്ഛന്‍െറ ആഗ്രഹം വെളിപ്പെടുത്തുന്നു. മകന്‍ അധ്യാപകനാകണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആഗ്രഹം. തനിക്കുശേഷം ഗ്രാമത്തിലെ പുതുതലമുറയെ അവന്‍ പഠിപ്പിക്കണം. അധ്യാപകപരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും യുഷെങ്‌ ഒറ്റദിവസംപോലും അധ്യാപകനായിട്ടില്ല. `നീ ഒരുദിവസം ഇവിടെ പഠിപ്പിക്കണം. അത്‌ അച്ഛനെ സന്തോഷിപ്പിക്കും'-സാവോ മകനോട്‌ പറയുന്നു.

അന്നുരാത്രി അമ്മയും മകനും ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്‌. അമ്മയെ തന്‍െറ കൂടെ വരാന്‍ അവന്‍ നിര്‍ബന്ധിക്കുന്നു. പക്ഷേ, അവരതിന്‌ വഴങ്ങുന്നില്ല. ഭര്‍ത്താവിന്‍െറ സാന്നിധ്യമുള്ള, ശബ്ദം നിറഞ്ഞുനില്‌ക്കുന്ന ഈ വീട്ടില്‍, ഈ ഗ്രാമത്തില്‍ കഴിയാനാണ്‌ അവര്‍ക്ക്‌ താത്‌പര്യം. നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച്‌ തന്‍െറയടുത്ത്‌ കൊണ്ടുവരണമെന്ന്‌ അമ്മ മകനെ ഉപദേശിക്കുന്നു. `മക്കളെ എല്ലാ കാലത്തും വീട്ടില്‍ത്തന്നെ പിടിച്ചുനിര്‍ത്താനാവില്ല. പക്ഷേ, ഒന്നോര്‍ക്കണം. നിങ്ങളെ പോകാനനുവദിക്കുന്നത്‌ പൂര്‍ണസമ്മതത്തോടെയല്ല. നിങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ ഒരിക്കലും ഞങ്ങള്‍ക്ക്‌ അവസാനിക്കില്ല'-അമ്മ പറയുന്നു.

അടുത്ത പ്രഭാതം. സ്‌കൂളില്‍ ആരോ പഠിപ്പിക്കുന്ന ശബ്ദം സാവോയുടെ കാതിലെത്തുന്നു. അതേ ശബ്ദം. വശ്യമായ, മുഴക്കമുള്ള, സ്‌ഫുടമായ, മധുരമുള്ള ആ ശബ്ദം. സാവോദിയുടെ ശരീരമാകെ പ്രസരിപ്പ്‌ പടരുന്നു. അവര്‍ അവശത മറന്ന്‌ സ്‌കൂളിലേക്ക്‌ തിരക്കിട്ടു നടക്കുന്നു. ഗ്രാമവാസികള്‍ കുറെപ്പേര്‍ സ്‌കൂള്‍മുറ്റത്ത്‌ നില്‌പുണ്ട്‌. പുതിയ അധ്യാപകന്‍ വന്നതിന്‍െറ ആഹ്ലാദമാണവരുടെ മുഖത്ത്‌. ആകാംക്ഷയോടെ അധ്യാപകനെ കാണാന്‍ കൊതിച്ച സാവോ ദിയുടെ കണ്‍മുന്നില്‍ അതാ മകന്‍ യുഷെങ്‌. അവന്‍ കുട്ടികളെ പഠിപ്പിക്കുകയാണ്‌. അക്ഷരം പഠിക്കേണ്ടതിന്‍െറ ആവശ്യകതയെപ്പറ്റി, ഭൂതവും വര്‍ത്തമാനവും അറിഞ്ഞിരിക്കേണ്ടതിന്‍െറ പ്രാധാന്യത്തെപ്പറ്റി കുരുന്നുകളെ പറഞ്ഞ്‌ ബോധ്യപ്പെടുത്തുകയാണ്‌. അച്ഛന്‍ നിന്നിരുന്ന അതേ സ്ഥലത്താണ്‌ യുഷെങ്‌ നില്‌ക്കുന്നത്‌. 40 വര്‍ഷം അച്ഛന്‍ ചവിട്ടിനിന്ന ആ മണ്ണ്‌ അവനെയും സേ്‌നഹത്തോടെ സ്വീകരിച്ചു. തന്‍െറയും കുട്ടികളുടെയും ശബ്ദം അച്ഛന്‍ കേള്‍ക്കുന്നുണ്ടെന്ന്‌ അവന്‍ വിശ്വസിക്കുന്നു. അച്ഛന്‍ ആദ്യദിവസം പഠിപ്പിക്കാനുപയോഗിച്ച അതേ പുസ്‌തകമാണ്‌ അവന്‍െറ കൈയില്‍. ഇത്‌ വെറുമൊരു പുസ്‌തകമല്ലെന്ന്‌ ആ മകന്‍ പറയുന്നു. അച്ഛന്‍െറ ജീവിതഗ്രന്ഥമാണിത്‌- തലമുറകളെ പ്രകാശമാനമാക്കിയ ജീവിതഗ്രന്ഥം.

വികാരഭാരത്തോടെ സ്‌കൂള്‍ മുറ്റത്തുനിന്ന്‌ ആ രംഗം കാണുകയാണ്‌ സാവോ ദി. പൊടുന്നനെ അവരിലേക്ക്‌ യൗവനകാലത്തിന്‍െറ ചൈതന്യം പ്രവഹിക്കുന്നു. മുടി രണ്ടു വശങ്ങളിലേക്കും പിന്നിയിട്ട്‌, ചുവന്ന ജാക്കറ്റുമണിഞ്ഞ്‌, സദാ ചിരിച്ചാര്‍ത്ത്‌ ഓടിനടക്കുന്ന സുന്ദരിപ്പെണ്ണായി അവര്‍ മാറുന്നു. തന്‍െറ പ്രിയപ്പെട്ടവന്‍ സായാഹ്നങ്ങളില്‍ കുട്ടികളോടൊത്ത്‌ പാട്ടുപാടി, വര്‍ത്തമാനം പറഞ്ഞ്‌ നാട്ടുപാതയിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ അവരുടെ കണ്ണില്‍ തെളിയുന്നു. പഴയ വഴികളിലൂടെ തിരിഞ്ഞോടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളോടെ സിനിമ അവസാനിക്കുന്നു.

മകന്‍ യുഷെങ്‌ കഥ പറയുന്ന രീതിയിലാണ്‌ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്‌. മഞ്ഞുമൂടിയ താഴ്‌വരയിലൂടെ വരുന്ന കാറാണ്‌ നമ്മള്‍ ആദ്യം കാണുന്നത്‌. പിന്നെ, യുവാവിന്‍െറ ശബ്ദം കേള്‍ക്കുന്നു. `എന്‍െറ അച്ഛന്‍ പെട്ടെന്നു മരിച്ചു' എന്ന വാക്കുകളോടെയാണ്‌ തുടക്കം. ആത്മാര്‍ഥതയും ആദര്‍ശദാര്‍ഢ്യവും കൊണ്ട്‌ ഒരു ഗ്രാമത്തെയും അവിടത്തെ തലമുറകളെയും സ്വാധീനിച്ച ഒരധ്യാപകന്‍െറ ചിത്രമാണ്‌ മകന്‍െറ ഓര്‍മകളിലൂടെ പൂര്‍ത്തിയാവുന്നത്‌.

യുഷെങ്ങിന്‍െറ വരവോടെ തുടങ്ങുന്ന സിനിമയുടെ ആദ്യവും അവസാനവും കറുപ്പിലും വെളുപ്പിലുമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ലുവോയുടെ മരണം ഏല്‌പിച്ച ആഘാതത്തില്‍നിന്ന്‌ മുക്തമാകാത്ത കുടുംബവും ശിഷ്യന്മാരും ഗ്രാമവുമാണ്‌ ഈ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. മകന്‍െറ ഓര്‍മകളിലൂടെ അച്ഛനമ്മമാരുടെ പ്രണയകാലം വിവരിക്കുമ്പോഴാണ്‌ സംവിധായകന്‍ വര്‍ണങ്ങള്‍ ഉപയോഗിക്കുന്നത്‌. കളറിലേക്കുള്ള ഈ മാറ്റം സ്വാഭാവികമായ ഒരൊഴുക്കുപോലെ നമുക്കനുഭവപ്പെടും. വിഷാദാന്തരീക്ഷം വിട്ട്‌ തീക്ഷ്‌ണസ്വപ്‌നങ്ങളിലേക്കാണിവിടത്തെ യാത്ര. മകന്‍െറ ഓര്‍മകളില്‍ പുനര്‍ജനിക്കുന്നതിനാല്‍ പ്രണയരംഗങ്ങള്‍ ഒതുക്കത്തോടെയാണ്‌ കാണിക്കുന്നത്‌. കാതരമായ ചില നോട്ടങ്ങളിലും പുഞ്ചിരികളിലും ഏതാനും സംഭാഷണങ്ങളിലും നിയന്ത്രിച്ചുനിര്‍ത്തി തീവ്രമായ ഒരു ബന്ധത്തിന്‍െറ കഥ രേഖപ്പെടുത്തുകയാണ്‌. അധ്യാപകനായ ലുവോ അധികം രംഗങ്ങളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ല. പക്ഷേ ഇതിവൃത്തം വികാസം പ്രാപിക്കുന്തോറും ആ കഥാപാത്രം കൂടുതല്‍ കൂടുതല്‍ തിളക്കത്തോടെ നമ്മുടെ പ്രിയങ്കരനായി മാറുന്നു. ലുവോയുടെ വാര്‍ധക്യ രൂപം ചിത്രത്തില്‍ കാണിക്കുന്നേയില്ല. സാവോദിയുടെ മനസ്സില്‍ പച്ചപിടിച്ചുനില്‌ക്കുന്ന യുവാവായ ലുവോയെ മാത്രമേ സംവിധായകന്‍ കാട്ടിത്തരുന്നുള്ളൂ.

1966-76 കാലഘട്ടത്തില്‍ ചൈനയില്‍ അരങ്ങേറിയ `സാംസ്‌കാരിക വിപ്ലവ'ത്തിന്‍െറ സ്വാധീനം ഈ സിനിമയില്‍ കാണാനാവും. സേവനതല്‌പരനായ ലുവോ ഗ്രാമീണരെ പഠിപ്പിക്കാനെത്തുന്നത്‌ പാര്‍ട്ടി നിര്‍ദേശമനുസരിച്ചാണ്‌. സ്വന്തം മണ്ണിലേക്കും വേരുകളിലേക്കും ദൃഷ്‌ടിപായിക്കാന്‍ ആവശ്യപ്പെടുന്ന ഈ അധ്യാപകന്‍ നാളെയുടെ സ്വപ്‌നങ്ങള്‍ പാകാനുള്ള നിലമൊരുക്കുകയാണ്‌. രോഗബാധിതയായ സാവോയെ അനുമതിയില്ലാതെ കാണാനെത്തിയതിന്‌ ലുവോയെ പാര്‍ട്ടി ശിക്ഷിക്കുന്നുണ്ട്‌. രണ്ടുവര്‍ഷം ഇരുവരെയും തമ്മില്‍ക്കാണാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നില്ല. പഴയ ആചാരങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടതിനെപ്പറ്റി അമ്മ പറയുമ്പോള്‍ `സംസ്‌കാരികവിപ്ലവത്തോടെ അത്തരം അന്ധവിശ്വാസങ്ങളൊക്കെ പോയി' എന്നു മകന്‍ സൂചിപ്പിക്കുന്നതും ശ്രദ്ധേയമാണ്‌.

പ്രസന്നവും സൗമ്യവുമായ ചില ജീവിതചിന്തകള്‍ അവശേഷിപ്പിക്കുന്നു ഈ ചിത്രം. സേ്‌നഹത്തിലും വിശ്വാസത്തിലും അധിഷ്‌ഠിതമായ കുടുംബബന്ധത്തിന്‍െറ സജീവദൃശ്യങ്ങള്‍ നമ്മെ ആഹ്ലാദിപ്പിക്കും. ലളിതമാണ്‌ ആഖ്യാനരീതി. മുഴുവന്‍ പറയാതെ അവസാനരംഗം പൂരിപ്പിക്കാന്‍ പ്രേക്ഷകനു വിട്ടുകൊടുക്കകയാണ്‌ സംവിധായകന്‍. നേരിയൊരു സൂചന നല്‍കി ക്യാമറ പിന്‍വാങ്ങുന്നു. ഇതിവൃത്തത്തിന്‍െറ സ്വഭാവമനുസരിച്ച്‌ യുഷെങ്‌ അച്ഛന്‍െറ സ്ഥാനത്തേക്ക്‌ വരും. അയാളിനി നഗരത്തിലേക്ക്‌ തിരിച്ചുപോകാന്‍ സാധ്യതയില്ല. അങ്ങനെ വിശ്വസിച്ചോട്ടെ എന്ന മട്ടിലാണ്‌ ആഹ്ലാദകരമായ ഒരന്തരീക്ഷത്തില്‍ കൊണ്ടുപോയി നിര്‍ത്തി സിനിമ അവസാനിപ്പിക്കുന്നത്‌.

Friday, February 15, 2008

ചോരപ്പാടങ്ങളില്‍ ഒടുങ്ങുന്ന ബാല്യം

തകര്‍ത്തുപെയ്യന്ന മഴ. ആ മഴയിലൂടെ നീങ്ങുന്ന കനത്ത ബൂട്ടുകള്‍. ഭൂമിയെ ചവിട്ടിഞെരിച്ച്‌ കടന്നുപോകുന്ന ബൂട്ടുകളുടെ ക്ലോസപ്പ്‌. അവര്‍ നമുക്കഭിമുഖമായി വരികയാണ്‌. യന്ത്രത്തോക്കുകള്‍ ഏന്തിയ സൈനികര്‍. തലയ്‌ക്കുപിന്നില്‍ കൈകള്‍കെട്ടി ഏതാനും കുട്ടികളുമുണ്ട്‌ അവര്‍ക്കൊപ്പം. ചവിത എന്ന ചവയും കൂട്ടുകാരുമാണത്‌. എല്ലാവര്‍ക്കും പന്ത്രണ്ട്‌ വയസ്സിനടുത്ത്‌ പ്രായം. ഒരേ ക്ലാസ്സില്‍ പഠിക്കുന്നവര്‍. കളിക്കൂട്ടുകാര്‍. സര്‍ക്കാര്‍ സേനയെ്‌ക്കതിരെ പൊരുതുന്ന ഗറില്ലാസംഘത്തിന്‍െറ ക്യാമ്പില്‍നിന്ന്‌ പിടികൂടിയതാണവരെ. രക്തം വാര്‍ന്നുപോയ മുഖങ്ങള്‍. അവര്‍ മരണമുഖത്തേക്ക്‌ അടുക്കുകയാണ്‌. പെരുമഴയിലും അവര്‍ക്ക്‌ വല്ലാതെ ദാഹിക്കുന്നുണ്ട്‌. കാലുകളില്‍ വേദന കത്തിപ്പടരുന്നു. അവര്‍ക്കുള്ള മുന്നറിയിപ്പുപോലെ വഴിയിലെ മരക്കൊമ്പില്‍ ഉറ്റ കൂട്ടുകാരന്‍െറ ജഡം ഇളകിയാടുന്നു. ഇവര്‍ തങ്ങളെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന്‌ ചവ പറയുന്നു. ഇപ്പോള്‍, സൈനികരും കുട്ടികളും അകന്നകന്നുപോവുകയാണ്‌. പിറകില്‍നിന്നുള്ള ദൃശ്യമാണ്‌ നമ്മള്‍ കാണുന്നത്‌. ``തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ എന്തിനാണിവര്‍ കൊല്ലുന്നത്‌'' എന്നാണ്‌ ചവയുടെ ചോദ്യം. പ്രേക്ഷക മനസ്സില്‍ ഉല്‍ക്കണ്‌ഠയുടെ തീമഴ തീര്‍ത്ത്‌ `ഇന്നസന്‍റ്‌ വോയ്‌സസ്‌' എന്ന സ്‌പാനിഷ്‌ ചലച്ചിത്രം ഈ ചോദ്യത്തില്‍നിന്നാണ്‌ തുടങ്ങുന്നത്‌. ഏതു സംഘര്‍ഷത്തിലും പ്രധാനമായും ഇരയാകപ്പെടുന്ന കുട്ടികളുടെ ചോദ്യമാണിത്‌. ഒരിക്കലും, ആര്‍ക്കും ഉത്തരം കണ്ടെത്താനാവാത്ത, തീപ്പിടിച്ച ചോദ്യം.
മധ്യ അമേരിക്കയിലെ ചെറിയ രാജ്യങ്ങളിലൊന്നായ എല്‍ സാല്‍വഡോര്‍ ആണ്‌ ഈ സിനിമയുടെ പശ്ചാത്തലം. രാജ്യത്ത്‌, ആഭ്യന്തര യുദ്ധം നടന്ന 1980-കളില്‍നിന്നാണ്‌ `ഇന്നസന്‍റ്‌ വോയ്‌സസി'നുള്ള ഇതിവൃത്തം കണ്ടെത്തിയത്‌. ഇവിടത്തെ ആണ്‍കുട്ടികളുടെ ബാല്യം പന്ത്രണ്ടാം ജന്മദിനത്തില്‍ ഒടുങ്ങുമായിരുന്നു. പന്ത്രണ്ടാം പിറന്നാള്‍ കുട്ടികള്‍ക്കും കുടുംബത്തിനും ആഹ്ലാദിക്കാനുള്ള അവസരമല്ല. അവരുടെ നിഷ്‌കളങ്ക ബാല്യത്തിന്‍െറ വേരറുക്കുന്ന ദിവസമാണന്ന്‌. ഭരണകൂട ഭീകരതയുടെ കഴുകന്‍ കണ്ണുകള്‍ അവരെ എപ്പോഴും നോട്ടമിട്ടുകൊണ്ടിരിക്കും. അതില്‍നിന്ന്‌ കുതറിയോടാന്‍ അവര്‍ക്കാവില്ല.

പന്ത്രണ്ട്‌ തികയുന്ന ദിവസം സൈനികര്‍ സ്‌കൂളിലോ ഗ്രാമത്തിലോ എത്തിയിരിക്കും. നാട്ടുകാര്‍ക്കെതിരെ, സ്വന്തം കുടുംബത്തിനെതിരെ പോരാടാന്‍ അവരെ `കുട്ടിപ്പട്ടാള'ത്തില്‍ ചേര്‍ക്കാനാണ്‌ സൈനികര്‍ എത്തുന്നത്‌. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ ഉറ്റവരെ വിട്ട്‌ അന്യരാജ്യത്തേക്കുള്ള ഒളിച്ചോട്ടം. `കുട്ടിപ്പട്ടാള'ത്തില്‍ ചേരാനാഗ്രഹിക്കാത്തവര്‍ക്ക്‌ ഇതേവഴികളുള്ളൂ. ആണ്‍മക്കളുടെ പന്ത്രണ്ടാം പിറന്നാള്‍ അടുക്കുന്തോറും ഓരോ അമ്മയുടെയും മനസ്സില്‍ കനലാണ്‌. ബാല്യകുതൂഹലങ്ങള്‍ ആസ്വദിച്ചുതീരാതെ, കൗമാരത്തിന്‍െറയും യൗവനത്തിന്‍െറയും ആഹ്ലാദഘോഷങ്ങളറിയാതെ അവരുടെ ജന്മം ഒടുങ്ങുകയാണെന്ന്‌ ആ അമ്മമാര്‍ക്കറിയാം. തെരുവില്‍ അവസാനമില്ലാതെ തുടരുന്ന നിശാനിയമവും അവിടെനിന്നുയരുന്ന വെടിയൊച്ചയും പിളര്‍ക്കുന്നത്‌ അമ്മമാരുടെ ഹൃദയങ്ങളെയാണ്‌. പാറിനടക്കുന്ന വെടിയുണ്ടകളേല്‍ക്കാതെ, അഭ്യാസികളെപ്പോലെ ഓടിയണയുന്ന മക്കളെകാത്തിരിക്കുകയാണവര്‍. ആഭ്യന്തരകലാപം തകര്‍ത്തെറിഞ്ഞ എല്‍സാല്‍വഡോറിലെ സാധാരണക്കാരുടെ കഥയാണിത്‌. കനത്തമഴയിലും ഇരുട്ടിലും ഊളിയിട്ടെത്തുന്ന വെടിയുണ്ടകള്‍ കൊണ്ടുപോകുന്ന ജീവിതങ്ങളുടെ ദൃശ്യരേഖയാണിത്‌. കഠിനമായ എല്ലാ അനുഭവങ്ങളെയും മനോധൈര്യം കൊണ്ട്‌ നേരിടുന്ന അമ്മമാരുടെ കഥയാണിത്‌. പെള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച്‌, കുടുംബത്തെ യുദ്ധത്തിനു നടുവില്‍ ഉപേക്ഷിച്ച്‌, സ്വന്തം ജീവിതം കാക്കാന്‍ മറുനാടുകളിലേക്കു പോകുന്ന സ്വാര്‍ഥരായ പുരുഷന്മാരുടെ കഥകൂടിയാണ്‌ ഈ ചിത്രം.

1821-ല്‍ സെ്‌പയിനില്‍നിന്നു സ്വാതന്ത്ര്യം നേടിയ രാജ്യമാണ്‌ എന്‍സാല്‍വഡോര്‍. ഏതാണ്ട്‌ എഴുപത്‌ ലക്ഷമാണ്‌ ജനസംഖ്യ. പ്രധാനമായും കൃഷിയെ ആശ്രയിച്ചു കഴിയുന്ന രാജ്യം. ഗ്രാമങ്ങളില്‍ എഴുപത്‌ ശതമാനം പേരും കടുത്ത ദാരിദ്ര്യത്തിലാണ്‌. കൃഷിഭൂമിയെച്ചെല്ലിയുണ്ടായ തര്‍ക്കമാണ്‌ രാജ്യത്ത്‌ ആഭ്യന്തരയുദ്ധത്തിനു വഴിവെച്ചത്‌. 1980-ലാണ്‌ കലാപത്തിനുതുടക്കം. കര്‍ഷകര്‍ സംഘടിച്ച്‌ എഫ്‌.എം.എന്‍.എല്‍. (ഫറബന്‍ഡോ മര്‍തി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്‌) എന്ന ഗറില്ലാ സംഘടനയുണ്ടാക്കി വലതുപക്ഷ സര്‍ക്കാറിനെതിരെ പോരാട്ടം തുടങ്ങുകയായിരുന്നു. പന്ത്രണ്ടുവര്‍ഷം നീണ്ട കിരാതയുദ്ധമായി മാറി ആ കലാപം. 75,000 പേര്‍ മരിച്ചു. പത്തുലക്ഷം പേര്‍ നാടുവിട്ടോടി. എണ്ണായിരം പേരെ കാണാതായി. ആയിരക്കണക്കിനു കുട്ടികള്‍ പട്ടാളക്കാരായും മനുഷ്യപ്പരിചയായും ലൈംഗിക അടിമകളായും നരകയാതന അനുഭവിച്ചു. പലരും സ്വന്തം നാട്ടുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ചോരപ്പാടങ്ങളില്‍ ലയിച്ചൊടുങ്ങി. ഈ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. ചിത്രത്തിന്‍െറ തിരക്കഥാകൃത്തായ എഴുത്തുകാരന്‍ ഓസ്‌കര്‍ ടൊറസ്സിന്‍െറ അനുഭവകഥയാണിത്‌. 1986-ല്‍ എല്‍ സാല്‍വഡോറിലെ ഗറില്ലകളുടെ കുട്ടിപ്പട്ടാളത്തില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ രക്ഷപ്പെട്ടയാളാണ്‌ ടൊറസ്സ്‌.
പന്ത്രണ്ടുകാരനായ ചവയുടെ ഓര്‍മകളിലൂടെയാണ്‌ സിനിമ വികസിക്കുന്നത്‌.ആദ്യരംഗത്തെ മഴയുടെ ദൃശ്യം കട്ടുചെയ്യുന്നത്‌ മറ്റൊരു മഴക്കാഴ്‌ചയിലേക്കാണ്‌. ഗ്രാമത്തില്‍ മഴ പെയ്യുകയാണ്‌. ആ മഴയിലേക്ക്‌ ഒരു പെട്ടിയുമായി ചവയുടെ അച്ഛന്‍ ഇറങ്ങുന്നു. അയാള്‍ക്കു പിന്നാലെ ഓടിയെത്തി അവന്‍ യാത്രപറയുന്നു. അമ്മ കെല്ല അയാളെയാത്രയാക്കാന്‍ പുറത്തേക്കു വരുന്നില്ല. അയാള്‍ പോകുന്നതില്‍ കെല്ലയ്‌ക്ക്‌ എതിര്‍പ്പുണ്ടായിരുന്നു എന്ന്‌ വ്യക്തം. അമ്മ, അനിയത്തി, അനിയന്‍ എന്നിവരടങ്ങിയതാണ്‌ ചവയുടെ കുടുംബം. ആസ്‌ബസ്റ്റോസ്‌ ഷീറ്റുകള്‍ മേഞ്ഞ ഒറ്റമുറി വീട്‌. സദാ ദാരിദ്ര്യം തങ്ങുന്ന വീട്‌. മഴപെയ്‌താല്‍ പകുതി വെള്ളവും വീട്ടിനകത്തുതന്നെ. യുദ്ധം തുടങ്ങിയ നാളുകളിലാണ്‌ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിക്കുന്നത്‌. കെല്ലയുടെ ചെറിയൊരു ജോലിയെ ആശ്രയിച്ചാണ്‌ അവര്‍ മുന്നോട്ടുപോയിരുന്നത്‌. അച്ഛന്‍ പോയതോടെ കുടുംബനാഥനായിത്തീര്‍ന്നു ചവ. അമ്മയെ അവന്‍ ആവുന്നത്ര സഹായിക്കുന്നുണ്ട്‌. കെല്ലയുടെ സേ്‌നഹവും ശ്രദ്ധയും മാത്രമാണ്‌ ആ കുട്ടികളുടെ സുരക്ഷ. തെരുവില്‍ വെടിയൊച്ച മുഴങ്ങാത്ത ഒറ്റദിവസവുമില്ല. കുട്ടികളെ തനിച്ചാക്കി പോകുന്നത്‌ സുരക്ഷിതമല്ലെന്ന്‌ മനസ്സിലാക്കിയ കെല്ല ജോലി ഉപേക്ഷിക്കുന്നു. പിന്നീട്‌, ഒരു തയ്യല്‍മെഷീനില്‍ ജീവിതം കരുപ്പിടിപ്പിക്കാനായി ശ്രമം. അമ്മ തുന്നുന്ന ഉടുപ്പുകള്‍ ചവ കടയില്‍ കൊണ്ടുപോയി വില്‍ക്കും. അതിനുപുറമെ, സാന്‍ സാല്‍വഡോറിലേക്കു പോകുന്ന ബസ്സില്‍ യാത്രക്കാരെ വിളിച്ചുകയറ്റുന്ന ജോലിയും അവന്‍ ചെയ്യുന്നു.
തെരുവിലെപ്പോഴും പട്ടാളക്കാരാണ്‌. നിശാനിയമം പ്രാബല്യത്തിലുണ്ട്‌. നിശാനിയമത്തിന്‍െറ കാര്‍ക്കശ്യം കുട്ടികളുടെ വൈകുന്നേരങ്ങളെ നിറംകെടുത്തുന്നു. എവിടെയും അവര്‍ക്ക്‌ വിലക്കാണ്‌-സ്‌കൂളില്‍, തെരുവില്‍, വീട്ടില്‍. ചവയുടെ അമ്മാവനാണ്‌ ബെറ്റ. ഒളിപ്പോരാളിയായ ഈ യുവാവ്‌ ഒരുദിവസം ചവയുടെ വീട്ടിലെത്തുന്നു. അന്നുതന്നെ സൈന്യത്തിന്‍െറ ആക്രമണമുണ്ടായി. അയല്‍പക്കത്തെ ഒരു പെണ്‍കുട്ടി സൈന്യത്തിന്‍െറ വെടിയേറ്റു മരിച്ചു. ചവയെ താന്‍ കൊണ്ടുപോകുമെന്ന്‌ ബെറ്റ സഹോദരിയോട്‌ പറയുന്നു. താന്‍ കൊണ്ടുപോയില്ലെങ്കില്‍ അവനെ സൈന്യം റിക്രൂട്ട്‌ ചെയ്യും. ഇതിനിടയ്‌ക്ക്‌ സ്‌കൂളിലെത്തിയ സൈനികര്‍ ചവയുടെ ഒട്ടേറെ കൂട്ടുകാരെ `കുട്ടിപ്പട്ടാള'ത്തില്‍ ചേര്‍ക്കാന്‍ ബലം പ്രയോഗിച്ച്‌ കൊണ്ടുപോയിരുന്നു. ഗറില്ലകളുടെ റേഡിയോനിലയത്തില്‍നിന്നുള്ള പരിപാടികള്‍ കേള്‍ക്കുന്നതിനായി ബെറ്റ ചവയ്‌ക്ക്‌ ഒരു റേഡിയോ സമ്മാനിക്കുന്നു. കര്‍ഫ്യൂവിനും സൈനികരുടെ ക്രൂരതകള്‍ക്കും പോരാട്ടങ്ങള്‍ക്കും നടുവില്‍ കുട്ടികളുടെയും സ്‌ത്രീകളുടെയും ജീവിതം കടുത്ത പരീക്ഷണമായി മാറുകയാണ്‌. ഓരോ ദിവസവും അവര്‍ക്ക്‌ അതിജീവനത്തിന്‍േറതാണ്‌. നിരോധിക്കപ്പെട്ട വിപ്ലവഗാനത്തില്‍ അവര്‍ പാടുന്നതിങ്ങനെയാണ്‌: ``ഇന്നും ഞങ്ങള്‍ക്ക്‌ ഇന്നലത്തെപ്പോലെത്തന്നെ. നാളെ എന്നൊന്നില്ലാത്തതാണ്‌ ഞങ്ങളുടെ ദിവസങ്ങള്‍.''

തീരെ സുരക്ഷിതമല്ലാത്ത സ്വന്തം വീടുപേക്ഷിച്ച്‌ ചവയും കുടുംബവും പുഴയ്‌ക്കക്കരെയുള്ള അമ്മൂമ്മയുടെ വീട്ടിലേക്കു പോകുന്നു. പന്ത്രണ്ടുവയസ്സുകാരെ പിടിക്കാനായി ഒരുദിവസം സൈന്യം ഗ്രാമത്തിലെത്തുന്നു. നേരത്തേ, ഗറില്ലകളില്‍നിന്നു വിവരം കിട്ടിയ ചവയും കൂട്ടുകാരും സൈന്യത്തിന്‍െറ കണ്ണില്‍പ്പെടാതെ വീടുകളുടെ മേല്‍ക്കൂരയില്‍ പതുങ്ങിക്കിടക്കുന്നു. ജനപക്ഷത്തു നില്‍ക്കുന്നതിന്‍െറ പേരില്‍ ഗ്രാമത്തിലെ ക്രിസ്‌ത്യന്‍ പള്ളിയിലെ പുരോഹിതനെ പട്ടാളം പിടിച്ചുകൊണ്ടുപോകുന്നു. ചവയ്‌ക്ക്‌ വലിയ ഇഷ്‌ടമായിരുന്നു ഈ പുരോഹിതനെ. പ്രിയ കൂട്ടുകാരി ക്രിസ്റ്റീന മറിയയെയും അവനു നഷ്‌ടപ്പെടുന്നു. ചവയും കൂട്ടുകാരും സൈന്യത്തിനെതിരെപോരാടാനായി തോക്കേന്താന്‍ തീരുമാനിക്കുന്നു. ഇതനുസരിച്ച്‌ രാത്രി അവര്‍ ഗറില്ലാ ക്യാമ്പിലെത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ സൈന്യം ക്യാമ്പ്‌ വളഞ്ഞു. എല്ലാ കുട്ടികളെയും പിടിച്ച്‌ വെടിവെച്ചുകൊല്ലാന്‍ ഉള്‍ക്കാട്ടിലേക്കു കൊണ്ടുപോകുന്നു. എല്ലാവരെയും മുട്ടുകുത്തിനിര്‍ത്തുന്നു. രണ്ടുകൂട്ടുകാര്‍ സൈന്യത്തിന്‍െറ വെടിയേറ്റുവീണു. മരണത്തിലേക്കുള്ള അടുത്ത ഊഴം ചവയുടേതാണ്‌. തലയില്‍ വെടിയുണ്ട തുളഞ്ഞുകയറുന്നതും കാത്ത്‌ അവന്‍ മരണനിമിഷങ്ങളെണ്ണുകയാണ്‌. പെട്ടന്നതാ തന്നെ ഉന്നം വെച്ചുകൊണ്ടിരുന്ന സൈനികന്‍ വെടിയേറ്റുവീഴുന്നു. ഗറില്ലകള്‍ സൈന്യത്തെ തുരത്താനെത്തിയിരിക്കുകയാണ്‌. വെടിവെപ്പിനിടയിലൂടെ ഓടി രക്ഷപ്പെട്ട്‌ ഗ്രാമത്തിലെത്തിയ ചവ കാണുന്നത്‌ അവിടം മുഴുവന്‍ കത്തുന്നതാണ്‌. കത്തിയമര്‍ന്ന വീട്ടിനകത്ത്‌ മകനെ തിരയുകയായിരുന്നു അമ്മ കെല്ല. ചവയെ നാട്ടില്‍ നിര്‍ത്താന്‍ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും മനസ്സുവരുന്നില്ല. അവര്‍ അവനെ അമേരിക്കയിലേക്കയയ്‌ക്കുകയാണ്‌. ``കരുത്തനായി തിരിച്ചുവരൂ'' എന്നാശംസിച്ചുകൊണ്ടാണ്‌ അമ്മ മകനെയാത്രയാക്കുന്നത്‌. അനിയനു പന്ത്രണ്ട്‌ വയസ്സ്‌ തികയും മുമ്പ്‌ താന്‍ തിരിച്ചെത്തുമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ ചവ തന്‍െറ കഥ അവസാനിപ്പിക്കുന്നത്‌. പക്ഷേ, സിനിമ ഇവിടെ അവസാനിക്കുന്നില്ല. അടുത്ത ഇരകളിലേക്ക്‌ അത്‌ നീളുകയാണ്‌. ചവയുടെ കൊച്ചനിയനിലൂടെ, ആയിരക്കണക്കിന്‌ കുട്ടികളിലൂടെ ഈ ദുരന്തരകഥ ആവര്‍ത്തിക്കാനിരിക്കുകയാണ്‌. ലോകത്തിന്‍െറ യുദ്ധവിചാരത്തിനെതിരെയാണ്‌ ഈ സിനിമ. ഓരോ യുദ്ധവും ബാക്കിവെക്കുന്നത്‌ നഷ്‌ടത്തിന്‍െറ കണക്കാണ്‌. ഓരോ യുദ്ധവും ഓര്‍മയിലെത്തിക്കുന്നത്‌ അമ്മമാരുടെയും കുട്ടികളുടെയും ദീനമുഖങ്ങളാണ്‌. നിരപരാധികളുടെ കുരുതിയിലാണ്‌ ഓരോ യുദ്ധവും ആര്‍ത്തട്ടഹസിച്ച്‌ വിജയം നേടുന്നത്‌. തീക്ഷ്‌ണമായ ഈ സത്യങ്ങളാണ്‌ `നിഷ്‌കളങ്ക ശബ്ദങ്ങളി'ലൂടെ മെക്‌സിക്കന്‍ സംവിധായകന്‍ ലൂയി മന്‍ഡോക്കി ആവിഷ്‌കരിക്കുന്നത്‌. എല്‍ സാല്‍വഡോര്‍ പോലുള്ള രാജ്യങ്ങളിലെ രാഷ്ട്രീയാവസ്ഥ കുട്ടികളുടെ ബാല്യം മാത്രമല്ല കവര്‍ന്നെടുക്കുന്നത്‌. സ്‌ത്രീകളെയും അത്‌ ഇരുട്ടിന്‍െറ ലോകത്തേക്ക്‌ തള്ളുന്നു. ആത്മസംഘര്‍ഷങ്ങളിലൂടെ തങ്ങളുടെ യൗവനവും ജീവിതവുമാണ്‌ അവര്‍ ബലി കൊടുക്കുന്നത്‌. ചവയുടെ അമ്മ കെല്ലയുംഅമ്മൂമ്മയും ഒന്നോ രണ്ടോ രംഗങ്ങളില്‍ നാം കണ്ടുമുട്ടുന്ന മറ്റു സ്‌ത്രീകളും ജീവിതത്തെ പോരാട്ടമായിത്തന്നെയാണ്‌ എടുക്കുന്നത്‌. ``യുദ്ധം തീരണേ എന്ന്‌ അമ്മൂമ്മ പ്രാര്‍ഥിക്കുമോ'' എന്ന്‌ ചവ ചോദിക്കുമ്പോള്‍ അവരുടെ മറുപടിയിതാണ്‌: ``പ്രാര്‍ഥനകൊണ്ടൊന്നും തീരുന്നതല്ല മോനേ അത്‌.'' അമ്മ വീട്ടിലുണ്ടെങ്കില്‍ യുദ്ധം അത്രവലിയ പ്രശ്‌നമായി തോന്നില്ല എന്നാണ്‌ ചവ ഒരിക്കല്‍ പറയുന്നത്‌. ഇവിടെ, അമ്മ അവര്‍ക്ക്‌ രക്ഷാകവചമായി മാറുകയാണ്‌. കര്‍ഫ്യൂവിനെപ്പറ്റി മുന്നറിയിപ്പു നല്‍കാനും പോരാട്ടം നടക്കുന്ന തെരുവില്‍ മക്കള്‍ക്ക്‌ സാന്ത്വനവുമായി ഓടിയെത്താനും ആ അമ്മമാരുണ്ട്‌. സര്‍ക്കാര്‍ സേനയെ്‌ക്കതിരെ അവര്‍ ഗറില്ലകള്‍ക്ക്‌ എല്ലാ പിന്തുണയും സഹായവും നല്‍കുന്നുണ്ട്‌. ചവ ഗറില്ലകള്‍ക്കൊപ്പം പോയേക്കുമെന്ന്‌ ശങ്കിച്ച്‌ അവന്‍െറ റേഡിയോ കെല്ല ഒരിക്കല്‍ പിടിച്ചുവാങ്ങുന്നുണ്ട്‌. പിന്നീടിത്‌ അവനുതന്നെ തിരിച്ചുനല്‍കുകയാണ്‌. മനസ്സില്‍ എല്ലാ പ്രാര്‍ഥനയോടും കൂടെ മകന്‍െറ പോരാട്ടവീര്യത്തെഅംഗീകരിക്കുകയായിരുന്നു ആ അമ്മ. സൈനികരെ പഠിപ്പിക്കാനെത്തിയ അമേരിക്കന്‍ ഭടനില്‍നിന്ന്‌ ച്യൂയിംഗം വാങ്ങി ചവച്ചരയ്‌ക്കുന്ന ചവയോട്‌ അത്‌ തുപ്പിക്കളയാന്‍ പറയുന്ന പ്രായംചെന്ന സ്‌ത്രീയില്‍ രോഷം കത്തിനില്‍ക്കുന്നത്‌ നാമറിയുന്നു.
ഈ ലോകത്ത്‌ ജീവിക്കാന്‍ കുട്ടികള്‍ക്ക്‌ എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന്‌ സംവിധായകന്‍ പറയുന്നു. സേ്‌നഹിക്കാനും സ്വപ്‌നം കാണാനും അവര്‍ക്കവകാശമുണ്ട്‌. പക്ഷേ, അവരുടെ ബാല്യം പന്ത്രണ്ടാം വയസ്സില്‍ കെട്ടുപോവുകയാണ്‌. തങ്ങളുടെ കൈയിലൊതുങ്ങാത്ത യന്ത്രത്തോക്ക്‌ ഏന്താനാണ്‌ അവര്‍ക്ക്‌ നിയോഗം. ഈ കുട്ടികളുടെ മുഖത്ത്‌ നിഷ്‌കളങ്കതയില്ല. അവിടെ, എപ്പോഴും ഭീതിയാണ്‌. ഇന്നിനെക്കുറിച്ചുള്ള ഭീതി. നാളെയെക്കുറിച്ചുള്ള ആശങ്ക.

ഇത്‌ തന്നെക്കുറിച്ച്‌ മാത്രമുള്ള കഥയല്ലെന്ന്‌ ടൊറസ്സ്‌ പറയുന്നു. പട്ടാളത്തിലേക്ക്‌ എന്ന പേടി സ്വപ്‌നവുമായി കഴിയുന്ന എല്ലാ കുട്ടികളുടേതുമാണ്‌. ലോകത്തെങ്ങുമുള്ള കുട്ടിപ്പട്ടാളത്തിന്‍െറ ദൈന്യത്തിലേക്ക്‌ കണ്ണുതുറക്കാനാണ്‌ ടൊറസ്സും മന്‍ഡോക്കിയും ഈ ചിത്രം എടുത്തത്‌. (18 വയസ്സില്‍ താഴെ പ്രായമുള്ളവരെ സൈന്യത്തിലെടുക്കരുതെന്നാണ്‌ യു.എന്‍. അനുശാസിക്കുന്നത്‌. എന്നിട്ടും 40 രാജ്യങ്ങളിലായി മൂന്നു ലക്ഷം കുട്ടികള്‍ പട്ടാളത്തിലുണ്ടെന്നാണ്‌ കണക്ക്‌.) 2004-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള വിഭാഗത്തില്‍ അക്കാദമി അവാര്‍ഡിനായി `ഇന്നസന്‍റ്‌ വോയ്‌സസ്‌' മത്സരിച്ചിട്ടുണ്ട്‌. 2005-ല്‍ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍െറ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.??മരണമില്ലാത്ത രണ്ടു കഥാപാത്രങ്ങളുണ്ടീ ചിത്രത്തില്‍- ചവയും അവന്‍െറ അമ്മ കെല്ലയും. യുദ്ധത്തിന്‍െറ ഇരകളാണിവര്‍. കാര്‍ലോസ്‌ പാഡില്ല എന്ന ബാലനടനാണ്‌ ചവയായി നിറഞ്ഞുനില്‍ക്കുന്നത്‌. ആഹ്ലാദവും ഭീതിയും മാറിമാറി നിഴലിക്കുന്ന ആ മുഖത്ത്‌ ഇഷ്‌ടക്കാരി ക്രിസ്റ്റീനയെപ്പറ്റി പറയുമ്പോള്‍ വിരിഞ്ഞുവരുന്ന നാണം ആര്‍ക്കു മറക്കാനാവും? എല്ലാം സഹിക്കുമ്പോഴും ഇല്ലായ്‌മയില്‍ വേവലാതിപ്പെടാതെ കുട്ടികള്‍ക്ക്‌ അതിജീവനത്തിന്‍െറ പാഠം പകര്‍ന്നുനല്‍കുന്ന കെല്ലയായി അഭിനയിക്കുന്നത്‌ മെക്‌സിക്കന്‍ നടി ലിയോണാര്‍ വെറേലയാണ്‌.

Wednesday, February 13, 2008

മണല്‍ക്കാട്ടിലെ തണല്‍

ലാളിത്യമാണ്‌ ഇറാന്‍ സിനിമയുടെ മുദ്ര. പ്രേക്ഷകരിലേക്ക്‌ എളുപ്പം കടന്നുചെല്ലുന്നു ഈ സിനിമകള്‍. ഇവയിലെ കഥാപാത്രങ്ങള്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ത്തന്നെയുള്ളവരാണ്‌. അവരുടെ കാഴ്‌ചകളില്‍ നിറയുന്ന അശാന്തിയും കാലുഷ്യവും പകയും ദുരിതവും ആഹ്ലാദവുമൊക്കെ നമുക്കും അനുഭവിക്കാന്‍ കഴിയുന്നു.
പ്രശസ്‌ത ഇറാനിയന്‍ സംവിധായകനായ മജീദ്‌ മജീദിയുടെ ആദ്യകാല സിനിമകളിലൊന്നാണ്‌ ഫാദര്‍ (Father). മനസ്സിന്‍െറ അഗാധതകളിലേക്ക്‌ നോക്കാനും അവിടെ ചുഴലിയും ശാന്തതയും കണ്ടെത്താനും അസാമാന്യ വിരുതുണ്ട്‌ അദ്ദേഹത്തിന്‌. കുട്ടികള്‍ക്കും അവരുടെ ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുള്ള ചിത്രങ്ങളാണ്‌ ഫാദറും (1996) ചില്‍ഡ്രന്‍ ഓഫ്‌ ഹെവനും (1997). ജിവിതസമസ്യകള്‍ക്ക്‌ സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രായോഗികമതികളായ കുട്ടികളെയാണ്‌ ഈ സിനിമകളില്‍ മജീദി അവതരിപ്പിക്കുന്നത്‌.

കുടുംബത്തോടുള്ള തന്‍െറ സേ്‌നഹവും കരുതലും വിലമതിക്കപ്പെടുന്നില്ല എന്ന തോന്നലില്‍നിന്ന്‌ ഒരു പതിന്നാലുകാരനുണ്ടാവുന്ന ആത്മരോഷമാണ്‌ `ഫാദര്‍' എന്ന സിനിമയുടെ പ്രമേയം. തണലില്ലാത്ത മരുഭൂമിയിലേക്കാണ്‌ ജീവിതം അവനെ ബാല്യത്തിലേ തള്ളിവിടുന്നത്‌. രാപകല്‍ കഷ്‌ടപ്പെട്ടിട്ടും തന്‍െറ ത്യാഗം അമ്മ ചെറുതായിക്കണ്ടു എന്നതിലാണ്‌ അവനു ദുഃഖം. സമൂഹത്തിന്‍െറ കുത്തുവാക്കുകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ അമ്മ വീണ്ടും വിവാഹിതയായപ്പോള്‍ താന്‍ ഒറ്റപ്പെടുന്നതായി അവനു തോന്നുന്നു. അമ്മയെയും സഹോദരിമാരെയും സ്വന്തമാക്കിയ രണ്ടാനച്ഛനോടാണ്‌ അവന്‍ പക മുഴുവന്‍ പ്രകടിപ്പിക്കുന്നത്‌. പ്രിയപ്പെട്ടവരുടെ ജീവിതത്തില്‍ അശാന്തി നിറയ്‌ക്കുകയാണവന്‍. ഒടുവില്‍, സേ്‌നഹത്തിന്‍െറ ശക്തി തിരിച്ചറിയുമ്പോള്‍ കുടുംബത്തിന്‍െറ തണലിലേക്ക്‌ മടങ്ങിപ്പോകുന്നു.

നന്നെ ചെറുപ്പത്തിലേ കുടുംബഭാരം തലയിലേറ്റിയവനാണ്‌ പതിന്നാലുകാരനായ മെഹ്‌റുള്ള. പിതാവ്‌ വാഹനാപകടത്തില്‍ മരിച്ചതാണ്‌. അമ്മയെയും മൂന്നു ഇളയ സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതല അവനായി. ദൂരെ, തുറുമഖനഗരത്തില്‍ ഒരു കടയില്‍ ജോലിക്കു നില്‍ക്കുകയാണവന്‍. ഏറെ കാലത്തിനുശേഷം അവന്‍ നാട്ടിലേക്കു തിരിക്കുന്നു. കുറെ പണവുമായാണ്‌ വരവ്‌. വഴിക്കുവെച്ച്‌ ആത്മസുഹൃത്തായ ലത്തീഫിനെ കാണുന്നു. രണ്ടു മാസം മുമ്പ്‌ അമ്മ വീണ്ടും വിവാഹിതയായെന്ന വിവരം അപ്പോഴാണവന്‍ അറിയുന്നത്‌. പോലീസുദ്യോഗസ്ഥനാണ്‌ രണ്ടാനച്ഛന്‍. തന്‍െറ കഷ്‌ടപ്പാടുകള്‍ക്ക്‌ അര്‍ഥമില്ലാതായിപ്പോയെന്ന്‌ മെഹ്‌റുള്ളയ്‌ക്ക്‌ തോന്നുന്നു. അനാഥമായ വീട്ടില്‍ അവന്‍ ഒറ്റയ്‌ക്കായി. അമ്മയും സഹോദരിമാരും രണ്ടാനച്ഛന്‍െറ വീട്ടിലാണ്‌. ലത്തീഫിനോടൊപ്പം അവന്‍ അമ്മയെ കാണാന്‍ പോകുന്നു. കുട്ടികള്‍ക്ക്‌ വേണ്ടി വാങ്ങിയ ഉടുപ്പുകളും വളകളും മാലകളും വലിച്ചെറിഞ്ഞുകൊടുത്ത്‌ അവന്‍ തിരിഞ്ഞോടുന്നു. പോലീസുകാരനോടാണ്‌ അവന്‍െറ പക മുഴുവന്‍. അമ്മയെയും സഹോദരിമാരെയും തട്ടിയെടുത്തതാണ്‌ അയാളെന്ന്‌ അവന്‍ വിശ്വസിക്കുന്നു. അയാളെ ഒരു പാഠം പഠിപ്പിച്ചേ ജോലി സ്ഥലത്തേക്ക്‌ മടങ്ങൂ എന്ന്‌ മെഹ്‌റുള്ള ശപഥം ചെയ്യുന്നു.

തിരിച്ചുപോകുമ്പോള്‍ മെഹ്‌റുള്ള തന്നെയും നഗരത്തിലേക്ക്‌ കൊണ്ടുപോകുമെന്നാണ്‌ ലത്തീഫിന്‍െറ പ്രതീക്ഷ. അവന്‍ ഗ്രാമത്തില്‍ അളിയന്‍െറ കൂടെ കഴിയുകയാണ്‌. അയാളുടെ പാടത്തിന്‍െറ ചുമതലയാണവന്‌. ദിവസം മുഴുവന്‍ ജോലി ചെയ്‌താലും ശകാരവും മര്‍ദനവുമാണ്‌ കൂലി. കുറെ പണമുണ്ടായിട്ടുവേണം അവന്‌ ഗ്രാമത്തിലേക്ക്‌ മടങ്ങാന്‍.

രണ്ടാനച്ഛനെപ്പറ്റി നാട്ടുകാര്‍ക്ക്‌ നല്ല അഭിപ്രായമാണെന്ന്‌ ലത്തീഫ്‌ പറയുമ്പോള്‍ മെഹ്‌റുള്ളയ്‌ക്ക്‌ അരിശം വരുന്നു. മെഹ്‌റുള്ളയുടെ സഹോദരിക്ക്‌ അസുഖം വന്നപ്പോള്‍ ധാരാളം പണം ചെലവാക്കി അയാള്‍ ചികിത്സിച്ചത്രേ. മെഹ്‌റുള്ള പിറ്റേന്ന്‌ വീണ്ടും അമ്മയെ കാണാന്‍ വീടിന്‍െറ പുറത്ത്‌കാത്തുനില്‍ക്കുന്നു.താന്‍ കൊണ്ടുവന്നപണം മുഴുവന്‍ അവന്‍ പോലീസുകാരന്‌നേരെ വലിച്ചെറിയുന്നു. ``സഹോദരിക്കുവേണ്ടിചെലവഴിച്ച പണമാണിത്‌. ഇതെടുത്ത്‌ അവളെ എനിക്കുതിരിച്ചുതാ'' എന്ന്‌ അവന്‍ പറയുന്നു. പോലീസുകാരന്‍ ആ പണം വാങ്ങുന്നില്ല. മെഹ്‌റുള്ള തന്നോട്‌ കടുത്ത ശത്രുത വെച്ചുപുലര്‍ത്തുകയാണെന്ന്‌ അയാള്‍ക്ക്‌ മനസ്സിലാകുന്നു. അവനോടുള്ള സേ്‌നഹം പ്രകടിപ്പിക്കാനാവാതെ കുഴങ്ങുകയാണയാള്‍.

മഹ്‌റുള്ള ലത്തീഫിന്‍െറ സഹായത്തോടെ വീട്‌ നന്നാക്കുന്നു. ഒരുദിവസം ആരുമറിയാതെ സഹോദരിമാരെ അവന്‍ കൂട്ടിക്കൊണ്ടുപോന്നു. അമ്മയും രണ്ടാനച്ഛനും എത്തി അവരെ തിരിച്ചുകൊണ്ടുപോകുന്നു.

മഴകൊണ്ട്‌ പനിപിടച്ച്‌ അവശനായിക്കിടന്ന മെഹ്‌റുള്ളയെ പോലീസുകാരന്‍ വീട്ടില്‍ കൊണ്ടുപോകുന്നു. അമ്മയുടെ പരിചരണത്തില്‍ അവന്‍ സുഖംപ്രാപിക്കുന്നു. അപ്പോഴും പോലീസുകാരനോടുള്ള വിദ്വേഷം അവനെ വിട്ടുമാറിയിരുന്നില്ല.അയാളുടെ സര്‍വീസ്‌റിവോള്‍വര്‍അവന്‍ മോഷ്‌ടിക്കുന്നു. അയാളെ കൊല്ലുകയായിരുന്നു ലക്ഷ്യം. പക്ഷേ, നടക്കുന്നില്ല. അന്നുരാത്രി മെഹ്‌റുള്ളയും ലത്തീഫും ഗ്രാമം വിടുന്നു. ഇനിയങ്ങോട്ട്‌ പോലീസുകാരന്‍െറ അന്വേഷണവും കണ്ടെത്തലുമാണ്‌. സ്വന്തം മോട്ടോര്‍ ബൈക്കിലാണയാള്‍ കുട്ടികളെത്തേടി ഇറങ്ങുന്നത്‌. ലത്തീഫിനെ അയാള്‍ നാട്ടിലേക്ക്‌ ബസ്സില്‍ കയറ്റിവിട്ടു. മെഹ്‌റുള്ളയെ കൈവിലങ്ങിട്ട്‌ ബൈക്കിനോട്‌ ബന്ധിച്ച്‌ അയാള്‍ മടക്കയാത്ര തുടങ്ങുകയാണ്‌. നഗരംവിട്ട്‌ അവരുടെ യാത്ര മലമ്പാതകളിലൂടെയും മരുഭൂമിയിലൂടെയുമായി.

മെഹ്‌റുള്ള ശിലപോലെ ബൈക്കിനു പിന്നിലിരിക്കുകയാണ്‌. നിശ്ശബ്ദനാണവന്‍. പോലീസുകാരന്‍െറ സാന്നിധ്യം അവഗണിക്കും മട്ടിലാണ്‌ അവന്‍െറ ഇരിപ്പ്‌. അയാളുടെ വീരവാദങ്ങള്‍ക്കൊന്നും അവന്‍ മറുപടി പറയുന്നില്ല. ഇറാനിലെ മലനിരകളിലും മരുഭൂമിയിലും വളര്‍ന്നു വന്നവനാണ്‌ താന്‍. എത്രയോ കേമമാണ്‌ തന്‍െറ സര്‍വീസ്‌ റെക്കോഡ്‌. എണ്ണമറ്റ കള്ളക്കടത്തുകാരെ താന്‍ പിടികൂടിയിട്ടുണ്ട്‌. അവരൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. എത്രയോ പേരെ താന്‍ വെടിവെച്ചുകൊന്നിട്ടുമുണ്ട്‌ - അയാള്‍ യാത്രയില്‍ തന്‍െറ വീരകഥകള്‍ പറയുന്നു. ``നിന്‍െറ അമ്മയ്‌ക്കും സഹോദരിമാര്‍ക്കും അഭയം നല്‌കിയതാണോ ഞാന്‍ ചെയ്‌ത തെറ്റ്‌'' എന്ന അയാളുടെ ചോദ്യത്തിനും മെഹ്‌റുള്ള മറുപടിയൊന്നും പറയുന്നില്ല. എങ്ങനെയെങ്കിലും അയാളുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടവന്‍. ഒരവസരം ഒത്തുകിട്ടിയപ്പോള്‍ അവന്‍ അയാളെ വഴിയിലുപേക്ഷിച്ച്‌ ബൈക്കുമായി രക്ഷപ്പെടുന്നു. പക്ഷേ, മലമ്പാതകളിലെ കുറുക്കുവഴികള്‍ നന്നായി അറിയാവുന്ന പോലീസുകാരന്‍ അവനെ കെണിയില്‍ വീഴ്‌ത്തി വീണ്ടും പിടിക്കുന്നു. ഇതിനിടയില്‍ അവനും തനിക്കു പറയാനുള്ളതെല്ലാം അയാളോടു പറയുന്നുണ്ട്‌.

ഒരു രാത്രി പിന്നിട്ട്‌ അവര്‍ യാത്ര തുടരുകയാണ്‌. അവരിപ്പോള്‍ ഒന്നും സംസാരിക്കുന്നില്ല. മനസ്സിലുള്ളതെല്ലാം പെയെ്‌താഴിഞ്ഞു. പൊടിക്കാറ്റിന്‍െറയും ബൈക്കിന്‍െറയും ശബ്ദം മാത്രമേ ഇപ്പോള്‍ കേള്‍ക്കാനുള്ളൂ. കുറെക്കഴിഞ്ഞപ്പോള്‍ ബൈക്ക്‌ നിന്നുപോവുന്നു. കരുതിവെച്ച പെട്രോള്‍ തീര്‍ന്നിരിക്കുന്നു. ഒരു തണലോ മനുഷ്യന്‍െറ നിഴലോ എവിടെയും കാണാനില്ല. അവന്‍ ഓടിപ്പോകുമെന്ന ഭയത്താല്‍ തന്‍െറയും അവന്‍െറയും കൈകള്‍ ചേര്‍ത്ത്‌ അയാള്‍ വിലങ്ങിടുന്നു. ബൈക്ക്‌ ഉപേക്ഷിച്ച്‌ അവര്‍ നടക്കുന്നു.

ജീവസാന്നിധ്യമില്ലാത്ത മരുഭൂമിയുടെ ഭയാനകദൃശ്യങ്ങളാണിനി നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്‌. മണല്‍ക്കാറ്റ്‌ വീശിയടിക്കുന്നു. രണ്ടുപേര്‍ക്കും മുന്നോട്ടു നീങ്ങാനാവുന്നില്ല. ചെറിയൊരു പാത്രത്തില്‍ രണ്ട്‌ കവിള്‍ വെള്ളമേയുള്ളൂ. പോലീസുകാരനിലെ കനിവിന്‍െറ ഉറവ കുറേശ്ശെയായി പുറത്തേക്കുവരുന്ന ദൃശ്യങ്ങളാണ്‌ ഇനി സംവിധായകന്‍ കാണിച്ചുതരുന്നത്‌. വെള്ളം കുടിക്കാനൊരുങ്ങവെ അയാള്‍ അവന്‍െറ ക്ഷീണിച്ച മുഖത്തേക്കാണ്‌ നോക്കുന്നത്‌. ആദ്യം വെള്ളം അവനുനേരെ നീട്ടുന്നു. തലയില്‍ക്കെട്ടാന്‍ ടവ്വലെടുത്ത്‌ കൊടുക്കുന്നു. മണല്‍ക്കാറ്റിപ്പോള്‍ ശക്തമാണ്‌. ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങളില്‍ അവര്‍ക്ക്‌ കാഴ്‌ചനഷ്‌ടപ്പെടുന്നു. ഒരടി മുന്നോട്ടുപോകാനാവുന്നില്ല. ഒരു തുള്ളി ദാഹജലം, ഒരു നേരിയ തണല്‍, അവരിപ്പോള്‍ കൊതിക്കുന്നത്‌ അത്രമാത്രം. ആരെയെങ്കിലും ശിക്ഷിക്കാന്‍ താനാരുമല്ലെന്ന ബോധം ക്രമേണ പോലീസുകാരനിലേക്കു വരുന്നുണ്ടാവണം. ആ മുഖത്തിപ്പോള്‍ രൗദ്രതയില്ല. ഉത്‌ക്കണ്‌ഠ മാത്രമേയുള്ളൂ. അവര്‍ തമ്മിലൊന്നും സംസാരിക്കുന്നില്ല. ഉത്‌ക്കണ്‌ഠ പോലും അവര്‍ പങ്കുവെക്കുന്നില്ല. ദൂരെ ഒരു കിണര്‍ കണ്ട്‌ പ്രതീക്ഷയോടെ അവര്‍ ഓടിച്ചെല്ലുന്നു. കല്ലിട്ടുനോക്കിയപ്പോള്‍ അത്‌ വരണ്ടുകിടക്കുകയാണ്‌. നിരാശ പോലീസുകാരനെ ക്രൂദ്ധനാക്കുന്നു. മെഹ്‌റുള്ളയെ ദയയില്ലാതെ ശപിക്കുകയും തല്ലുകയും ചെയ്യുന്നു അയാള്‍. തളര്‍ന്നു തുടങ്ങിയിരിക്കുന്നു അയാള്‍. വേച്ചുവേച്ച്‌ വീണുപോയ അയാളെ മെഹ്‌റുള്ള താങ്ങിയെടുത്ത്‌ പതുക്കെ നടത്തിക്കുന്നു. വീണ്ടും അയാള്‍ തളര്‍ന്നുവീഴുന്നു. ഇനി പ്രതീക്ഷയ്‌ക്ക്‌ വകയില്ലെന്ന്‌ അയാള്‍ കണക്കുകൂട്ടുന്നു. പോക്കറ്റില്‍നിന്ന്‌ താക്കോലെടുത്ത്‌ അയാള്‍ വിലങ്ങഴിക്കുന്നു. `നീ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോ' എന്ന്‌ മെഹറുള്ളയോട്‌ അപേക്ഷിക്കുന്നു. ജീവിതം കെട്ടിപ്പടുത്ത ഈ മരുഭൂമിയില്‍ ഒരു മണല്‍ക്കൂനയായി മാറാനാണ്‌ വിധി എന്നയാള്‍ക്ക്‌ ബോധ്യപ്പെടുന്നു. ഉറ്റവരെ വിട്ടുപോകുന്ന സങ്കടമോര്‍ത്ത്‌ അയാള്‍ പൊട്ടിപ്പൊട്ടി കരയുന്നു. മെഹ്‌റുള്ളയുടെ മുഖത്തിപ്പോള്‍ രോഷത്തിന്‍െറ നിഴലില്ല. അയാളുടെ വേദന അവനു മനസ്സിലായിത്തുടങ്ങുന്നു. അവന്‍െറ മനസ്സ്‌ ആര്‍ദ്രമാവുന്നു. അവര്‍ക്കിടയിലുണ്ടായിരുന്ന വെറുപ്പിന്‍െറയും പകയുടെയും കൈവിലങ്ങ്‌ അവന്‍ വലിച്ചെറിയുന്നു. അയാളെ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന്‌ അവന്‍ തീരുമാനിക്കുന്നു. സേ്‌നഹത്തോടെ, കരുണയോടെ അവന്‍ അയാളെ തൊടുന്നു. താങ്ങിപ്പിടിച്ച്‌ പതുക്കെ നടക്കുന്നു. ബോധമറ്റ്‌ തളര്‍ന്നുവീണ അയാളെ വലിച്ചിഴച്ച്‌ ഒരു ചെടിയുടെ ഇത്തിരിത്തണലിലേക്ക്‌ കിടത്തുന്നു. മുഖത്തെ മണലെല്ലാം അവന്‍ പതുക്കെ തുടച്ചുകളയുന്നു. അപ്പോഴതാ ദൂരെ, ഒട്ടകങ്ങളുടെ നിര. പ്രതീക്ഷയോടെ അവന്‍ അങ്ങോട്ട്‌ ഓടുന്നു. അവിടെ ചെറിയൊരു നീര്‍ച്ചാലുണ്ട്‌. അതില്‍ ഷര്‍ട്ട്‌ കുതിര്‍ത്തെടുത്ത്‌ തിരിച്ചോടുന്നു. വെള്ളം തട്ടിയിട്ടും അയാള്‍ ഉണരുന്നില്ല. അവനു കരച്ചില്‍ വരുന്നു. തന്‍െറ പിതാവിന്‍െറ സ്ഥാനത്തേക്ക്‌ ആ മനുഷ്യന്‍ കടന്നുവരുന്നത്‌ അവനറിയുന്നു. വളരെ പണിപ്പെട്ട്‌ അയാളെ വലിച്ചിഴച്ച്‌ അവന്‍ നീര്‍ച്ചാലിനടുത്തെത്തിക്കുന്നു. എന്നിട്ട്‌ വെള്ളത്തിലേക്ക്‌ കമിഴ്‌ത്തിക്കിടത്തുന്നു. തണുപ്പേറ്റതോടെ അയാളില്‍ ചലനമുണ്ടാകുന്നു. ഇപ്പോള്‍ നമ്മുടെ കാഴ്‌ചയ്‌ക്ക്‌ കുളിരേകിക്കൊണ്ട്‌ ഒരു ചെറിയ മരം മെഹ്‌റുള്ളയുടെ പിന്നിലായി കാണാം. നിറയെ പച്ച ഇലകളുള്ള മരം. സേ്‌നഹത്തിന്‍െറയും അലിവിന്‍െറയും പച്ചയാണത്‌. മരുഭൂമിയുടെ ചുളംവിളിയില്‍ ആ ഇലകള്‍ ഇളകിയാടുന്നു. ആശ്വാസത്തോടെ മെഹ്‌റുള്ളയും വെള്ളത്തില്‍ കമിഴ്‌ന്നുവീഴുന്നു. തളര്‍ന്ന്‌, മുഖാമുഖം കിടക്കുകയാണ്‌ ഇരുവരും. പോലീസുകാരന്‍െറ പോക്കറ്റില്‍നിന്ന്‌ പുറത്തുവരുന്ന ഒരു ഫോട്ടോ വെള്ളത്തിലൂടെ പതുക്കെ ഒഴുകിയെത്തുന്നു. കിടന്ന കിടപ്പില്‍ത്തന്നെ മെഹ്‌റുള്ള അതിലേക്ക്‌ നോക്കുന്നു. അവന്‍െറ അമ്മയും സഹോദരിമാരും പിന്നെ രണ്ടാനച്ഛനും അടങ്ങുന്ന ഫോട്ടോയായിരുന്നു അത്‌.

ഗ്രാമം, നഗരം, മരുഭൂമി എന്നിവിടങ്ങളിലായാണ്‌ ഇതിവൃത്തം പൂര്‍ത്തിയാകുന്നത്‌. കടലും മലകളും മണല്‍ക്കാടുമടങ്ങിയ ഇറാന്‍െറ ഭൂപ്രകൃതിയെ സിനിമയില്‍ സജീവസാന്നിധ്യമാക്കി മാറ്റുന്നു മജീദി. തൊണ്ണൂറ്‌ മിനിറ്റുള്ള സിനിമയില്‍ മുപ്പത്‌ മിനിറ്റും നമ്മള്‍ മരുഭൂമിയിലാണ്‌. പ്രകൃതിയുടെ സാന്നിധ്യം പല ദൃശ്യങ്ങള്‍ക്കും ഭാവതീവ്രത പകരുന്നു. ഓളങ്ങളുടെ ശാന്തമായ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ തുടങ്ങുന്ന സിനിമ ബൈക്കിന്‍െറ ആക്രോശത്തിലൂടെ, മണല്‍ക്കാറ്റിന്‍െറ സീല്‍ക്കാരത്തിലൂടെ കടന്നുപോയി തെളിഞ്ഞ വെള്ളത്തിന്‍െറ പ്രശാന്തതയില്‍ അവസാനിക്കുകയാണ്‌. പ്രകൃതിയുടെ കനിവിലാണ്‌ ജീവിതത്തിന്‍െറ പച്ചപ്പ്‌ എന്ന്‌ ഓര്‍മപ്പെടുത്തുകയാണ്‌ മജീദി. എന്നും നമ്മുടെ കൂടെയുണ്ടാകുന്ന രണ്ട്‌ കഥാപാത്രങ്ങളാണ്‌ ഇതിലെ പോലീസുകാരനും മെഹ്‌റുള്ളയും. ജിവിതത്തിലെ ഓരോ ഘട്ടത്തിലും അവരില്‍നിന്നു പുറത്തുവരുന്നത്‌ അഭിനയമല്ല, സ്വാഭാവികമായ പ്രതികരണങ്ങള്‍ മാത്രമാണ്‌. വിശാലമായ മരുഭൂമിയില്‍ വഴികാണാതെ ഉഴലുന്നവരുടെ ഉത്‌ക്കണ്‌ഠയും നിരാശയും എവിടെയോ അവശേഷിക്കുന്ന ഇത്തിരി പ്രതീക്ഷയും അവരുടെ ഓരോ ചലനത്തിലുമുണ്ട്‌.??സദൃശമായ ദൃശ്യങ്ങളിലൂടെ ജീവിതത്തിന്‍െറ രണ്ട്‌ അവസ്ഥകളെ രേഖപ്പെടുത്താന്‍ മജീദിക്ക്‌ അസാധാരണമായ കഴിവുണ്ട്‌. ഇതിലെ മോട്ടോര്‍ബൈക്കുതന്നെ ഒരുദാഹരണം. സൗമ്യനായ അച്ഛന്‍െറ ഓര്‍മകളുണര്‍ത്തുന്ന നല്ലൊരു കൂട്ടുകാരനാണ്‌ മെഹ്‌റുള്ളയ്‌ക്ക്‌ ബൈക്ക്‌. അച്ഛന്‍ കരുതലോടെ അവനെ ബൈക്ക്‌ പഠിപ്പിക്കുന്ന രംഗം ഓര്‍ക്കുക (അതേ ബൈക്ക്‌ ഒരപകടത്തില്‍പ്പെട്ട്‌ തകര്‍ന്നു കിടക്കുന്ന ചിത്രവും പിന്നീട്‌ അവന്‍െറ ഓര്‍മയിലേക്ക്‌ വരുന്നുണ്ട്‌). അതേസമയം, പോലീസുകാരന്‍െറ ബൈക്കിനോട്‌ അവനത്ര അടുപ്പമില്ല. അതിന്‍െറ മുരള്‍ച്ചയും കഠിനശബ്ദവും പരുക്കനായ പോലീസുകാരന്‍െറ പ്രതീകമാണ്‌. മെഹ്‌റുള്ളയെ തടവിലിടാനുള്ള ഒരിടമായാണ്‌ അയാള്‍ ബൈക്കിനെ ഉപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ ആ ബൈക്ക്‌ മരുഭൂമിയില്‍ ഉപേക്ഷിക്കുമ്പോള്‍ അവന്‍ ആശ്വസിക്കുകയാണ്‌.

മെഹ്‌റുള്ളയും അച്ഛനുമൊരുമിച്ചു നില്‍ക്കുന്ന ഫോട്ടോ വെള്ളത്തില്‍ നഷ്‌ടപ്പെടുന്ന രംഗത്തും പുതിയൊരു കുടുംബ ഫോട്ടോ കുളിര്‍ചാലിലൂടെ ഒഴുകിയെത്തുന്ന രംഗത്തും മജീദിയുടെ കരവിരുത്‌ നാമറിയുന്നു. പിതൃനഷ്‌ടത്തില്‍ കേഴുന്ന മെഹ്‌റുള്ളയെ കുടുംബത്തിന്‍െറ മഹാവൃക്ഷച്ഛായയിലേക്കാണ്‌ മജീദി എത്തിക്കുന്നത്‌.

Thursday, February 7, 2008

വലിഞ്ഞുമുറുകിയവില്ലിന്‍െറ ഗീതം

പ്രശസ്‌ത തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്‍െറ പന്ത്രണ്ടാമത്തെ സിനിമയാണ്‌ `ദ ബോ' (വില്ല്‌). 2005ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയിട്ടുണ്ട്‌.


കിമ്മിന്‍െറ സിനിമകള്‍ ഒറ്റ വ്യാഖ്യാനത്തില്‍ ഒതുങ്ങുന്നവയല്ല. കാണുന്നതിനപ്പുറത്തേക്കാണ്‌ അതിന്‍െറ അര്‍ഥ തലങ്ങള്‍ നീളുന്നത്‌. അസംബന്ധമെന്നു തോന്നാവുന്ന പശ്ചാത്തലങ്ങളും നമ്മുടെ ജീവിത പരിസരങ്ങളില്‍ കാണാത്ത കഥാപാത്രങ്ങളും കിമ്മിന്‍െറ സിനിമകളില്‍ കടന്നുവരാറുണ്ട്‌. സിനിമ കിമ്മിന്‌ വെറും കഥപറച്ചിലിനുള്ള ഉപാധിയല്ല. ജീവിതത്തോടും മനുഷ്യരോടുമുള്ള തന്‍െറ പ്രതിബദ്ധത വെളിപ്പെടുത്താന്‍ അദ്ദേഹം ഈ മാധ്യമം ഉപയോഗിക്കുന്നു. വേദനകള്‍ക്കിടയിലും പ്രത്യാശ കൈവിടാത്തയാളാണ്‌ ഈ കലാകാരന്‍. വലിഞ്ഞു മുറുകിയ വില്ലിന്‍െറ മനോഹരനാദം പോലെ മരണം വരെ കഴിയാനായെങ്കില്‍ എന്ന്‌ ആത്മഗതം നടത്തുന്നയാളാണ്‌ കിം. തന്‍െറ സിനിമയെക്കുറിച്ച്‌ അദ്ദേഹത്തിന്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. ശക്തമായ നിലപാടുകളുമുണ്ട്‌. പല രംഗങ്ങളും കാഴ്‌ചക്കാര്‍ക്ക്‌ വ്യാഖ്യാനിക്കാന്‍ വിട്ടുകൊടുക്കുന്നു അദ്ദേഹം. സിനിമയിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയണമെന്ന്‌ വാശി പിടിക്കുന്ന സംവിധായകനല്ല കിം. സിനിമയുടെ ആശയ പൂര്‍ത്തീകരണത്തില്‍ പ്രേക്ഷക പങ്ക്‌ ആവശ്യപ്പെടുന്ന സഹൃദയനാണദ്ദേഹം. സിനിമാ സൈദ്ധാന്തിക വാശികളില്‍ തല്‌പരനല്ല കിം. തന്‍െറ സിനിമയിലെ ഓരോ രംഗവും താന്താങ്ങളുടെ കാഴ്‌ചപ്പാടിലൂടെ വിശകലനം ചെയ്യാന്‍ പ്രേക്ഷകര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. ``എന്‍െറ ചിത്രങ്ങള്‍ക്ക്‌ ഉറച്ച, വ്യക്തമായ ഉത്തരമൊന്നും എനിക്കു നല്‍കാനാവില്ല. എന്‍െറ സിനിമയിലൂടെ ഞാന്‍ കാഴ്‌ചക്കാരോട്‌ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്‌. എന്‍െറ കാഴ ്‌പപ്പാടിനെപ്പറ്റി അവരുടെ ഉത്തരങ്ങളാണ്‌ എനിക്കു വേണ്ടത്‌''-കിം പറയുന്നു.


ഒരു വൃദ്ധനും അയാള്‍ വളര്‍ത്തുന്ന പെണ്‍കുട്ടിയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്‍െറ കഥയാണ്‌ `ദ ബോ'. ഏതോ കടലില്‍ കിടക്കുന്ന രണ്ട്‌ പഴഞ്ചന്‍ ബോട്ടുകള്‍. അതില്‍ ഒരെണ്ണം വലുത്‌. ഈ വലിയ ബോട്ടിലാണ്‌ വൃദ്ധനും പെണ്‍കുട്ടിയും കഴിയുന്നത്‌. ആറാം വയസ്സുതൊട്ട്‌ അവള്‍ വൃദ്ധനൊപ്പമാണ്‌. എവിടെ നിന്ന്‌ കിട്ടിയതാണെന്ന്‌ ആര്‍ക്കുമറിയില്ല. വൃദ്ധന്‍ അക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ല. പത്തുവര്‍ഷമായി അവള്‍ അയാളൊടൊപ്പമുണ്ട്‌. പതിനേഴ്‌ തികയുന്ന ദിവസം അവളെ വിവാഹം കഴിക്കാനാണ്‌ വൃദ്ധന്‍െറ പരിപാടി. വിവാഹദിനവും പ്രതീക്ഷിച്ചിരിക്കുകയാണയാള്‍


പുറത്തുള്ളവര്‍ക്ക്‌ ചൂണ്ടയിടാന്‍ അയാള്‍ ബോട്ടില്‍ സൗകര്യം ചെയ്‌തുകൊടുക്കും. ചിലപ്പോള്‍ ദിവസങ്ങളോളം അവര്‍ ബോട്ടില്‍ താമസിക്കും. അവര്‍ നല്‍കുന്ന ഫീസാണ്‌ വൃദ്ധന്‍െറ വരുമാനമാര്‍ഗം. ചൂണ്ടയിടാനെത്തുന്നവരുടെ ഭാവി പ്രവചിച്ചും അയാള്‍ പണമുണ്ടാക്കുന്നു. വിചിത്രമായ രീതിയിലാണ്‌ ഭാവി പറച്ചില്‍. ബോട്ടിന്‍െറ ഒരു വശത്തുള്ള ഊഞ്ഞാലില്‍ പെണ്‍കുട്ടി ആടിക്കൊണ്ടിരിക്കും. ഈ ആട്ടത്തിനിടയില്‍ തന്നെ അയാള്‍ ഓരോ അമ്പ്‌ അവളുടെ ദേഹത്ത്‌ തട്ടാതെ എയ്യും. ബോട്ടില്‍ വരച്ചുവെച്ച ഒരു ആള്‍ രൂപത്തിലാണ്‌ അമ്പുകള്‍ ചെന്നു തറയ്‌ക്കുന്നത്‌. മൂന്ന്‌ അമ്പുകള്‍ ഇങ്ങനെ തൊടുത്തു വിടും. അമ്പുകളുടെ സ്ഥാനം നോക്കി പെണ്‍കുട്ടിയാണ്‌ ഭാവി പറയുന്നത്‌.


വിവാഹത്തിനാവശ്യമായ എല്ലാ ഒരുക്കവും നടത്തുകയാണ്‌ വൃദ്ധന്‍. ഇതിനിടയ്‌ക്കാണ്‌ ഒരു ചെറുപ്പക്കാരന്‍ അതിഥിയായെത്തുന്നത്‌. ആദ്യ നോട്ടത്തില്‍ തന്നെ പെണ്‍കുട്ടിയുടെ മുഖം വിടരുന്നു. വൃദ്ധനത്‌ തീരെ സഹിക്കുന്നില്ല. അവളെ അവന്‍ തട്ടിയെടുക്കുമെന്ന്‌ അയാള്‍ ഭയപ്പെടുന്നു. യുവാവിന്‍െറയും പെണ്‍കുട്ടിയുടെയും ആഹ്ലാദ പ്രകടനങ്ങളില്‍ അയാള്‍ ഇടപെടുന്നു. അവള്‍ക്ക്‌ പക്ഷേ, കൂസലില്ല. പല സന്ദര്‍ഭങ്ങളിലും ധിക്കാരം കാട്ടിക്കൊണ്ട്‌ അവള്‍ വൃദ്ധന്‌ തന്‍െറ വഴിയെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ നല്‍കുകയാണ്‌. പെണ്‍കുട്ടിയെ മോചിപ്പിക്കാനാണ്‌ യുവാവിന്‍െറ ശ്രമം. അവളുടെ രക്ഷിതാക്കളെ കണ്ടുപിടിച്ച്‌ അവരുടെ കത്തുമായി അവന്‍ വീണ്ടും എത്തുന്നു. വൃദ്ധന്‍ അതിനൊന്നും വഴങ്ങുന്നില്ല. അയാള്‍ അവനെ ബോട്ടില്‍ നിന്ന്‌ പുറത്താക്കാന്‍ ശ്രമിക്കുന്നു. അപ്പോഴാണ്‌ തന്‍െറ ഭാവി പ്രവചിക്കാന്‍ ചെറുപ്പക്കാരന്‍ ആവശ്യപ്പെടുന്നത്‌. അത്‌ നിരസിക്കാന്‍ ആയാള്‍ക്കായില്ല. പ്രവചനം ചെറുപ്പക്കാരന്‌ അനുകൂലമായിരുന്നു. അതനുസരിച്ച്‌ അവന്‍ പെണ്‍കുട്ടിയുമായി സ്ഥലം വിടാനൊരുങ്ങുമ്പോള്‍ അയാള്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുന്നു.


ഇതോടെ പെണ്‍കുട്ടിയുടെ മനസ്സ്‌ മാറുകയാണ്‌. അവള്‍ അയാളെ സാന്ത്വനിപ്പിക്കുന്നു. ചെറുപ്പക്കാരനെ സാക്ഷി നിര്‍ത്തി അവര്‍ വിവാഹിതരാവുന്നു. പക്ഷേ, വൃദ്ധന്‌ ആഹ്ലാദം വരുന്നില്ല. അയാള്‍ ഉറച്ച തീരുമാനമെടുത്തിരുന്നു. തങ്ങളുടെ പ്രവചനം തെറ്റിക്കാന്‍ അയാള്‍ക്ക്‌ മനസ്സുവരുന്നില്ല. പെണ്‍കുട്ടി ബോട്ടില്‍ മയങ്ങിക്കിടക്കവേ അയാള്‍ കടലിന്‍െറ അഗാധതയിലേക്ക്‌ ചാടി അപ്രത്യക്ഷനാകുന്നു. പെണ്‍കുട്ടിയും യുവാവും പുതിയലോകത്തേക്ക്‌ യാത്ര തിരിക്കുമ്പോള്‍ എല്ലാറ്റിനും സാക്ഷിയായി നിന്ന വൃദ്ധന്‍െറ ബോട്ട്‌ അത്താണി നഷ്‌ടപ്പെട്ട്‌ കടലില്‍ മുങ്ങിത്താഴുകയാണ്‌.


ഒന്നരമണിക്കൂര്‍ നീണ്ട ഈ ചിത്രത്തിന്‍െറ കഥ മുഴുവന്‍ നടക്കുന്നത്‌ ഒരു ബോട്ടിലാണ്‌. ക്യാമറയ്‌ക്ക്‌ സ്വതന്ത്രമായി ഒന്നു നീങ്ങാന്‍ പറ്റാത്ത അവസ്ഥ. എന്നിട്ടും ചിത്രത്തിലെ ഷോട്ടുകളുടെ വ്യത്യസ്‌തത നമ്മെ അത്ഭുതപ്പെടുത്തും. നീണ്ട ടേക്കുകള്‍ വളരെ കുറവാണ്‌. ചെറിയ ഷോട്ടുകള്‍ ചേര്‍ത്തുവെച്ച്‌ കിം ഒരു വൈകാരിക ലോകം തീര്‍ത്തിരിക്കുന്നു.


പ്രധാനപ്പെട്ട മൂന്ന്‌ കഥാപാത്രങ്ങളാണ്‌ ഇതിലുള്ളത്‌. അവര്‍ക്കൊന്നും പേരില്ല. ചില ആശയങ്ങളുടെ പ്രതിനിധികളാണവര്‍. ജീവിത തൃഷ്‌ണയുടെ, നിരാശ്രയത്തിന്‍െറ, പ്രത്യാശയുടെയൊക്കെ അടയാളം പേറുന്നവരാണവര്‍. അവര്‍ക്ക്‌ പേര്‌ വേണ്ട. വൃദ്ധന്‍, പെണ്‍കുട്ടി, യുവാവ്‌ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ മതി.??കഥയുടെ തുടക്കത്തില്‍ ഏതാനും കഥാപാത്രങ്ങള്‍ വരുന്നുണ്ട്‌. എല്ലാവരും ചൂണ്ടക്കാരാണ്‌. പ്രമേയത്തിന്‍െറ ആമുഖത്തിലേക്ക്‌ പ്രേക്ഷകരെ എത്തിക്കാനാണിവരെ സംവിധായകന്‍ പരിചയപ്പെടുത്തുന്നത്‌. വൃദ്ധനും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം, അവരുടെ പ്രവചനരീതി, ബോട്ടിലെത്തുന്നവര്‍ പെണ്‍കുട്ടിയോട്‌ കാണിക്കുന്ന ലൈംഗികാതിക്രമങ്ങള്‍, വില്ലും അമ്പുമുപയോഗിച്ച്‌ വൃദ്ധന്‍ അതിനെ ചെറുക്കുന്ന രീതി എന്നിവയെക്കുറിച്ചെല്ലാം നമുക്ക്‌ ആദ്യസൂചനകള്‍ നല്‍കുന്നത്‌ ഈ കഥാപാത്രങ്ങളാണ്‌. പെണ്‍കുട്ടിയുടെ രക്ഷകനായ യുവാവ്‌ ആദ്യമെത്തുന്നത്‌ അച്ഛനോടൊപ്പമാണ്‌. ഇതിവൃത്തത്തെ നിയന്ത്രിക്കുന്ന ഈ കഥാപാത്രത്തെ പരിചയപ്പെടുത്തിത്തന്ന ശേഷം അച്ഛന്‍ പിന്മാറുകയാണ്‌. പിന്നീട്‌ കൂട്ടുകാരനുമൊത്താണ്‌ യുവാവ്‌ വരുന്നത്‌. സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്‌തി അയാള്‍ നേടിക്കഴിഞ്ഞെന്ന വ്യക്തമായ സൂചനയാണ്‌ സംവിധായകന്‍ ഇവിടെ തരുന്നത്‌.


വൃദ്ധനും പെണ്‍കുട്ടിയും ഉപയോഗിക്കുന്ന വില്ലിന്‍െറ ഘടന വിചിത്രമാണ്‌. ഒരേ സമയം അമ്പുതൊടുക്കുന്ന ആയുധമായും ഇമ്പമുള്ള സംഗീതമുതിര്‍ക്കുന്ന വയലിന്‍ പോലുള്ള ഉപകരണമായും അതിനെ മാറ്റാന്‍ കഴിയും. അധികാരത്തിന്‍െറയും അധീശത്വത്തിന്‍െറയും പ്രതിരോധത്തിന്‍െറയും പ്രതീകമായ വില്ല്‌ സേ്‌നഹത്തിന്‍െറയും സാന്ത്വനത്തിന്‍െറയും ഭാവവും കൈക്കൊള്ളുന്നു. പുറത്ത്‌ നിന്നുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ ആയുധമേ അവര്‍ക്കുള്ളൂ. സേ്‌നഹം പ്രകടിപ്പിക്കാന്‍ ഈ സംഗീതോപകരണമേയുള്ളൂ.


മുഖ്യകഥാപാത്രങ്ങളായ വൃദ്ധനും പെണ്‍കുട്ടിയും സംസാരിക്കുന്നതേയില്ല. പക്ഷേ, ശരീരഭാഷയിലൂടെ അവര്‍ എല്ലാം വ്യക്തമാക്കുന്നുണ്ട്‌. സേ്‌നഹവും അടുപ്പവും ക്രോധവും അകല്‍ച്ചയുമെല്ലാം മൗനത്തില്‍ത്തന്നെ പ്രകടമാകുന്നുണ്ട്‌.ഷോട്ടുകളുടെ കൃത്യമായ സന്നിവേശത്തിലൂടെയാണ്‌ ഇത്‌ സാധിച്ചിരിക്കുന്നത്‌.


കഥാപാത്രങ്ങളുടെ മനസ്സിലേക്ക്‌ വഴിതുറക്കാന്‍ ചുറ്റുവട്ടത്തുള്ള ബിംബങ്ങളെ മാത്രമേ ക്യാമറ ആശ്രയിക്കുന്നുള്ളൂ. അമ്പും വില്ലും ചൂണ്ടയും മീനും ഇരുളില്‍ മുങ്ങുന്ന ബോട്ടും പ്രവചനാതീതമായ ഭാവിപോലെ സദാ ആടിക്കൊണ്ടിരിക്കുന്ന ഊഞ്ഞാലുമൊക്കെ ആശയസംവേദനത്തെ എളുപ്പമാക്കുന്നു. ശത്രുവിനുനേരെ എയ്യേണ്ട അമ്പ്‌ വൃദ്ധന്‍ ആകാശത്തേക്ക്‌ തൊടുത്തുവിടുകയാണ്‌ അവസാനദൃശ്യത്തില്‍. ആ അമ്പ്‌ വിദൂരതയില്‍ മായുമ്പോള്‍ അയാള്‍ വ്യാമോഹങ്ങളില്‍നിന്ന്‌ മുക്തനാവുകയാണ്‌. തനിക്ക്‌ എല്ലാം തന്ന കടലിലാണയാള്‍ അഭയംതേടുന്നത്‌. വിശാലമായ ലോകം പെണ്‍കുട്ടിക്ക്‌ തുറന്നുകൊടുത്ത്‌ അയാള്‍ ഒരോര്‍മപോലെ മറയുന്നു.


തന്‍െറ കാഴ്‌ചക്കപ്പുറത്തെ ലോകം കാണാന്‍ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെന്നു വ്യക്തമാക്കാന്‍ ലളിതമായ രണ്ടു ബിംബങ്ങളാണ്‌ സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. തുടക്കത്തില്‍, നീലാകാശത്തില്‍ അവള്‍ കാണുന്നത്‌ ഏതാനും പറവകളെയാണ്‌. പിന്നീട്‌ ചെറുപ്പക്കാരനുവേണ്ടി കാത്തിരിക്കവെ കടലിനു മുകളിലൂടെ ഇരമ്പിപ്പറക്കുന്നത്‌ വിമാനമാണ്‌. കണ്ണെത്താദൂരംവരെ ആഹ്ലാദത്തോടെയാണ്‌ അവള്‍ ആ വിമാനവും നോക്കി ഇരിക്കുന്നത്‌.


സ്ഥാനത്തും അസ്ഥാനത്തും കടലിനെ ബിംബമാക്കാന്‍ ശ്രമിക്കുന്ന സംവിധായകര്‍ കിമ്മിനെ കണ്ടു പഠിക്കേണ്ടതാണ്‌. സാഗരത്തിന്‍െറ രൗദ്രഭാവങ്ങളല്ല അതിന്‍െറ മൗനമാണ്‌ കിമ്മിനെ ആകര്‍ഷിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ വികാരവിക്ഷുബ്‌ധമായ രംഗങ്ങളില്‍ കടലിനെ അദ്ദേഹം വെറുതെവിടുന്നു.


കിം കി ഡുക്ക്‌ 2004-ല്‍ സംവിധാനം ചെയ്‌ത `3-അയേണ്‍' എന്ന ചിത്രവുമായി `ദ ബോ'വിനു ഏറെ സാദൃശ്യമുണ്ട്‌. രണ്ടിലും യുവത്വത്തിന്‍െറയും നന്മയുടെയും പക്ഷത്താണ്‌ സംവിധായകന്‍. രണ്ടു ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങള്‍ സംസാരിക്കുന്നില്ല. ക്രൂരനായ ഭര്‍ത്താവില്‍നിന്ന്‌ മോചനം കൊതിക്കുന്നവളാണ്‌ `3-അയേണി'ലെ നായിക. `ദ ബോ' വിലാകട്ടെ, രക്ഷിതാവായ വൃദ്ധനില്‍നിന്ന്‌ പുറംലോകത്തെത്തിപ്പെടാന്‍ വെമ്പല്‍കൊള്ളുകയാണ്‌ പെണ്‍കുട്ടി. രണ്ടിലും രക്ഷകരായെത്തുന്നത്‌ ചെറുപ്പക്കാരാണ്‌. `3-അയണി'ല്‍ എതിരാളികളെ ആക്രമിക്കാന്‍ യുവാവ്‌ ആശ്രയിക്കുന്നത്‌ ഗോള്‍ഫ്‌പന്താണ്‌. `ദ ബോ'വില്‍ അതിന്‍െറ സ്ഥാനത്ത്‌ അമ്പും വില്ലുമാണ്‌. രണ്ടു ചിത്രങ്ങളും അവസാനിക്കുന്നത്‌ നായികമാരുടെ മോചനത്തിലാണ്‌.

Sunday, February 3, 2008

സോറ്റ്‌സിയുടെ ലോകം

ദക്ഷിണാഫ്രിക്കയും ലോകസിനിമാ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്‌. 2005 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ ദക്ഷിണാഫ്രിക്കന്‍ ചിത്രത്തിനായിരുന്നു. ഗവിന്‍ ഹൂഡ്‌ സംവിധാനം ചെയ്‌ത സോറ്റ്‌സി (Tsotsi)യാണ്‌ ഈ നേട്ടത്തിന്‌ അര്‍ഹമായത്‌.

തെരുവു ജീവിതത്തില്‍ നിന്നു കണ്ടെടുത്ത കുറെ മനുഷ്യരുടെ കഥയാണിത്‌. ചേരികളില്‍ ജീവിച്ച്‌ അവിടെത്തന്നെ ഒടുങ്ങാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥ. അവരിലും തുരുമ്പെടുക്കാത്ത പ്രത്യാശയുടെയും നന്മയുടെയും അംശങ്ങള്‍ ജ്വലിച്ചു നില്‌പുണ്ടെന്ന്‌ ഈ ചിത്രം സാക്ഷ്യം പറയുന്നു. ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക്‌ നീളുന്ന നന്മയുടെ പാലം നമുക്ക്‌ മുന്നില്‍ തെളിയുന്നു.

ജൊഹാന്നസ്‌ ബര്‍ഗിലെ സൊവെറ്റോ ചേരി പ്രദേശത്തുള്ള നാലംഗ യുവഗുണ്ടാ സംഘത്തിന്‍െറ തലവനാണ്‌ സോറ്റ്‌സി. അച്ഛന്‍െറ പീഡനം സഹിക്കാനാവാതെ ചെറുപ്പത്തിലേ വീടുവിട്ടതാണ്‌. ബാല്യം മുഴുവന്‍ വലിയൊരു പൈപ്പിനുള്ളിലാണ്‌ അവന്‍ ജീവിച്ചുതീര്‍ത്തത്‌. സോറ്റ്‌സി എന്നാല്‍ തെമ്മാടി, കൊള്ളക്കാരന്‍ എന്നൊക്കെയാണര്‍ഥം. ഭൂതകാലം ഓര്‍ക്കാന്‍ അവനിഷ്‌ടമല്ല. അവനത്‌ മനഃപൂര്‍വം മറക്കുകയാണ്‌. നാളെയെക്കുറിച്ചും അവന്‌ വേവലാതിയില്ല. അവന്‍െറ മുന്നില്‍ ഇന്നു മാത്രമേയുള്ളൂ. സ്വന്തം പേരുപോലും അവന്‍ മറന്നുപോയിരിക്കുന്നു. ആരെങ്കിലും തന്‍െറ ഭൂതകാലം ചികയാന്‍ തുടങ്ങിയാല്‍ സോറ്റ്‌സിയുടെ ഭാവം മാറും. പണമുണ്ടാക്കാന്‍ അവന്‍ എന്ത്‌ കൊള്ളരുതായ്‌മയും കാട്ടും. മുഴുക്കുടിയനായ ബോസ്റ്റനാണ്‌ സോറ്റ്‌സിയുടെ സംഘത്തിലെ ഒരംഗം. ഇവന്‍ അധ്യാപകനായിരുന്നു എന്നാണ്‌ സംഘാംഗങ്ങളുടെ ധാരണ. പിന്നീടത്‌ ബോസ്റ്റണ്‍ തന്നെ തിരുത്തുന്നുണ്ട്‌. ആപ്‌ ആണ്‌ മറ്റൊരംഗം. എന്നും സോറ്റ്‌സിക്കൊപ്പം നിന്നിട്ടുള്ള കൂട്ടുകാരന്‍. അവനൊരിക്കലും സോറ്റ്‌സിയെ ചോദ്യം ചെയ്യുന്നില്ല. അനുസരണയുള്ള അനുയായിയാണ്‌. ബാല്യത്തില്‍ സോറ്റ്‌സിക്കൊപ്പം പൈപ്പിനുള്ളിലായിരുന്നു അവന്‍െറ ജീവിതവും. സംഘത്തിലെ ഏറ്റവും ക്രൂരന്‍ ബുച്ചറാണ്‌. ആള്‍ക്കാരെ പച്ചയ്‌ക്ക്‌ കൊല്ലാന്‍ ഒരു മടിയുമില്ലാത്തവന്‍.

നാല്‍വര്‍ സംഘത്തിന്‍െറ വിളയാട്ടമാണ്‌ ചിത്രത്തിന്‍െറ ആദ്യഭാഗങ്ങളില്‍. ഓടുന്ന തീവണ്ടിയില്‍വെച്ച്‌ അവര്‍ ഒരു പണക്കാരനെ കൊള്ളയടിക്കുന്നു. ഒരു പ്രകോപനവുമില്ലാതെ ബുച്ചര്‍ അയാളെ കുത്തിക്കൊല്ലുകയാണ്‌. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട സംഘം എത്തുന്നത്‌ ഒരു സ്‌ത്രീ നിയമവിരുദ്ധമായി നടത്തുന്ന ബാറിലാണ്‌. നാല്‍വര്‍ സംഘം അവിടത്തെ നിത്യസന്ദര്‍ശകരാണ്‌. അവിടെവെച്ച്‌ ബോസ്റ്റന്‍ സോറ്റ്‌സിയെ പ്രകോപിപ്പിക്കുകയാണ്‌. ``നിനക്കൊരു പേരുണ്ടോ അച്ഛനമ്മമാരുണ്ടോ കുറഞ്ഞത്‌ ഒരു പട്ടിയെങ്കിലും സ്വന്തമായുണ്ടോ എന്നായിരുന്നു ബോസ്റ്റന്‍െറ ചോദ്യം. ക്രുദ്ധനായ സോറ്റ്‌സി അവനെ അടിച്ചു ശരിയാക്കി അവിടെ നിന്ന്‌ ഓടിപ്പോകുന്നു. പെരുമഴയത്ത്‌ ഒരു പണക്കാരന്‍െറ വീട്ടിനു മുന്നിലാണവന്‍ എത്തിപ്പെടുന്നത്‌. ആ സമയത്ത്‌ കാറിലെത്തിയ പണക്കാരന്‍െറ ഭാര്യ ഗെയ്‌റ്റിലെ കോളിങ്‌ ബെല്‍ അമര്‍ത്തുന്നു. മുന്നൊരുക്കം ആവശ്യമില്ലാത്ത ഒരു കവര്‍ച്ചയുടെ സാധ്യത സോറ്റ്‌സി മനസ്സില്‍കണ്ടു.
സ്‌ത്രീയെ കാലിന്‌ വെടിവെച്ച്‌ പരിക്കേല്‌പിച്ചശേഷം അവന്‍ കാറുമായി രക്ഷപ്പെടുന്നു.കാറിന്‍െറ പിന്‍സീറ്റില്‍ ഒരു കുഞ്ഞുണ്ടായിരുന്നു. അവനെ ഉപേക്ഷിക്കാന്‍ സോറ്റ്‌സിക്ക്‌ മനസ്സുവരുന്നില്ല. കുഞ്ഞിനെയുമെടുത്ത്‌ തന്‍െറ കുടിലിലെത്തുന്നു. സംഘാംഗങ്ങളില്‍ നിന്ന്‌ അവന്‍ കുഞ്ഞിന്‍െറ കാര്യം മറച്ചുപിടിക്കുന്നു. സംഘത്തലവന്‍ മൃദുവികാരങ്ങള്‍ക്കടിമപ്പെട്ടെന്ന്‌ അവര്‍ കരുതിയാലോ എന്നായിരുന്നു പേടി. കുപ്പിപ്പാലും മറ്റും കൊടുത്ത്‌ കുഞ്ഞിനെ സോറ്റ്‌സി നന്നായി നോക്കുന്നു. ഇതിനിടയില്‍ പോലീസ്‌ കുഞ്ഞിനെ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു.കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാലാണ്‌ പ്രധാനം എന്ന്‌ സോറ്റ്‌സി മനസ്സിലാക്കുന്നു. താന്‍ ബാല്യം പിന്നിട്ട ചേരിയിലെത്തി തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തി മിറിയം എന്ന യുവതിയെക്കൊണ്ട്‌ മുലയൂട്ടിക്കുന്നു. കുഞ്ഞ്‌ തന്‍േറതാണെന്നാണ്‌ സോറ്റ്‌സി അവളോടു പറയുന്നത്‌. ഭര്‍ത്താവ്‌ മരിച്ചുപോയ മിറിയത്തിനും ഒരു കുഞ്ഞുണ്ട്‌. തന്‍െറ കുഞ്ഞിനെപ്പോലെതന്നെ അവള്‍ മറ്റേ കുഞ്ഞിനെയും നോക്കുന്നു. ദിവസങ്ങള്‍ക്കുശേഷം പത്രത്തില്‍നിന്ന്‌ മോഷണക്കഥ അറിയുന്ന മിറിയം സോറ്റ്‌സിയോട്‌ കുഞ്ഞിനെ തിരിച്ചേല്‌പിക്കാന്‍ പറയുന്നു. കുഞ്ഞിനെയുമെടുത്ത്‌ സോറ്റ്‌സി പണക്കാരന്‍െറ വീട്ടിനുമുന്നിലെത്തുന്നു. തിരിച്ചേല്‌പിക്കാന്‍ ഒരുങ്ങുമ്പോഴേക്കും പോലീസ്‌ കുതിച്ചെത്തുകയായി. കുഞ്ഞിനെ അവന്‍െറ അച്ഛനു കൈമാറിയശേഷം സോറ്റ്‌സി പോലീസിനു കീഴടങ്ങുകയാണ്‌.

1950 കളില്‍ വര്‍ണവിവേചനം കൊടികുത്തി വാണിരുന്ന കാലത്ത്‌ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ അത്തോള്‍ ഫുഗാര്‍ഡ്‌ രചിച്ച `സോറ്റ്‌സി' എന്ന നോവലാണ്‌ ഈ സിനിമയ്‌ക്കാധാരം. ഫുഗാര്‍ഡിന്‍െറ കൃതിയെ താന്‍ പുതിയ കാലത്തേക്ക്‌ പറിച്ചുനട്ടു എന്നാണ്‌ സംവിധായകന്‍ ഹൂഡ്‌ പറയുന്നത്‌. വംശീയതയില്‍ ഊന്നാതെ വര്‍ഗപരമായ ഉച്ചനീചത്വങ്ങളാണ്‌ സംവിധായകന്‍ എടുത്തുകാട്ടുന്നത്‌.

മികച്ച വിദേശ ഭാഷാചിത്രങ്ങളുടെ വിഭാഗത്തില്‍ ഓസ്‌കര്‍ നോമിനേഷന്‍ കിട്ടിയ രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ചിത്രമാണ്‌ സുലു ഭാഷയിലുള്ള `സോറ്റ്‌സി'. ആദ്യചിത്രം `യസ്റ്റര്‍ഡേ' ആണ്‌. ഡറില്‍ ജയിംസ്‌ റൂഡ്‌ സംവിധാനംചെയ്‌ത `യസ്റ്റര്‍ഡെ'ക്ക്‌ 2004 ല്‍ ആണ്‌ നോമിനേഷന്‍ ലഭിച്ചത്‌. എയ്‌ഡ്‌സ്‌ ബാധിച്ച യുവതി ഏഴുവയസ്സുകാരിയായ മകളെ വളര്‍ത്താന്‍ സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ്‌ ഇതിലെ ഇതിവൃത്തം. ഈ ചിത്രവും സുലു ഭാഷയില്‍തന്നെയാണ്‌.

മൃഗതുല്യരായി ജീവിതം തള്ളിനീക്കുന്ന കുറേ മനുഷ്യര്‍ക്കിടയില്‍ ഗാഢമായ ഹൃദയബന്ധങ്ങള്‍ രൂപംകൊള്ളുന്നതും അവ പരീക്ഷണങ്ങളെ അതിജീവിക്കുന്നതുമാണ്‌ `സോറ്റ്‌സി'യുടെ പ്രമേയം. പ്രത്യാശയും നന്മയുമാണ്‌ ജിവിതത്തെ മുന്നോട്ടു നയിക്കുന്നതെന്ന്‌ ഊന്നിപ്പറയുന്നു ഈ ചിത്രം.

പരുക്കന്‍ ദൃശ്യങ്ങളാണ്‌ ചിത്രത്തിന്‍െറ തുടക്കത്തില്‍ നാം കാണുന്നത്‌. പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്താന്‍ ഇവ അനിവാര്യമാണ്‌. കഥ മുന്നോട്ടുപോകവേ ക്രമേണ പരുക്കന്‍ മട്ടുവിട്ട്‌ സിനിമയെ്‌ക്കാരു സൗമ്യഭാവം കൈവരുന്നു. രംഗങ്ങളില്‍ ഇരുള്‌ കുറഞ്ഞ്‌ വെളിച്ചം തിരിനീട്ടുന്നു. ഇരുകൈകളുമുയര്‍ത്തി പിന്തിരിഞ്ഞു നില്‍ക്കുന്ന സോറ്റ്‌സിയുടെ ഷര്‍ട്ടിന്‍െറ വെണ്മയില്‍ ദൃഷ്‌ടിയുറപ്പിച്ചാണ്‌ ക്യാമറ പിന്‍വാങ്ങുന്നത്‌.

ഇരുണ്ട ഇന്നലെകളില്‍നിന്ന്‌ പ്രതീക്ഷയുടെ ലോകത്തേക്ക്‌ സോറ്റ്‌സി പതുക്കെ നടന്നുകയറുന്ന ദൃശ്യങ്ങള്‍ ആഹ്ലാദകരമാണ്‌. നാളെയെക്കുറിച്ച്‌ ഓര്‍ക്കാത്ത അവന്‍െറ ജീവിതം പൊടുന്നനെ ഗതിമാറുന്നത്‌ കുഞ്ഞിനെ കിട്ടുമ്പോഴാണ്‌. ഇവിടെ അവന്‍ തന്‍െറ ബാല്യത്തെ തിരിച്ചുപിടിക്കുകയാണ്‌. കുഞ്ഞ്‌ ശാന്തനായി ഉറങ്ങുമ്പോള്‍ സോറ്റ്‌സിയുടെ ഉള്ളിലെ ബാല്യം പുനര്‍ജനിക്കുന്നു. അവന്‍ അമ്മയെയും അച്ഛനെയും പ്രിയപ്പെട്ട പട്ടിയെയും സ്വപ്‌നം കാണുന്നു. മറന്നുകളഞ്ഞ ഭൂതകാലത്തില്‍ നിന്ന്‌ തന്‍െറ പേരും അവന്‍ ഓര്‍ത്തെടുക്കുന്നു. പിന്നീട്‌ കുഞ്ഞിന്‌ ആ പേരാണ്‌-ഡേവിഡ്‌-അവനിടുന്നത്‌. തെമ്മാടി എന്ന അഭിസംബോധന അവന്‍ വെറുക്കുന്നതിന്‍െറ സൂചനയാണിത്‌.

സോറ്റ്‌സിയില്‍ ഉറങ്ങിക്കിടന്നിരുന്ന മൃദുഭാവങ്ങളെ തട്ടിയുണര്‍ത്തുന്നത്‌ ആ കുഞ്ഞാണ്‌. തന്‍െറ അടികൊണ്ട്‌ പരിക്കേറ്റ്‌ അവശനായി കഴിയുന്ന ബോസ്റ്റനോട്‌ മാപ്പുപറയാന്‍ അവന്‍ തയ്യാറാവുന്നു. അധ്യാപകനാകാനുള്ള മോഹം സാധിച്ചുകൊടുക്കാമെന്ന്‌ വാക്കുകൊടുക്കുന്നു. ബോസ്റ്റനെ മദ്യശാലാ നടത്തിപ്പുകാരിയില്‍ നിന്നു മോചിപ്പിച്ച്‌ തന്‍െറ കുടിലിലേക്ക്‌ കൊണ്ടുപോവുകയും ചെയ്യുന്നു അവന്‍.

സോറ്റ്‌സി, മിറിയം എന്നിവരിലൂടെ ഒരപൂര്‍വ ബന്ധത്തിന്‍െറ കഥയാണ്‌ സംവിധായകന്‍ പറയുന്നത്‌. തോക്കിന്‍ മുനയിലാണ്‌ അതിന്‍െറ തുടക്കം. ക്രമേണ അത്‌ വളര്‍ന്ന്‌ ഗാഢസൗഹൃദമായിമാറുന്നു. കുഞ്ഞിനെ അവന്‍െറ അമ്മയെ ഏല്‌പിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌ മിറിയമാണ്‌. ഒരുമോഹം ബാക്കിവെച്ചാണ്‌ മിറിയം സോറ്റ്‌സിയെ യാത്രയാക്കുന്നത്‌. സോറ്റ്‌സിയുടെ ഒരു ക്ഷണമേ അവള്‍ക്കുവേണ്ടിയിരുന്നുള്ളൂ. പക്ഷേ, അതുണ്ടായില്ല.

സോറ്റ്‌സി-മിറിയം കൂടിക്കാഴ്‌ചകളില്‍ കഥ വഴിതിരിഞ്ഞുപോകാവുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടാകുന്നുണ്ട്‌. അവരുടെ ആദ്യത്തെ കണ്ടുമുട്ടലില്‍ത്തന്നെ അത്തരമൊരു വഴിത്തിരിവ്‌ ഉണ്ടാക്കാമായിരുന്നു. ഭീഷണിപ്പെടുത്തി അന്ന്‌ സോറ്റ്‌സിക്ക്‌ എന്തുംനേടാമായിരുന്നു. പക്ഷേ, മാറിടംതുറന്നിട്ടുകൊണ്ടുള്ള മുലയൂട്ടലില്‍ ക്യാമറക്കണ്ണുകള്‍ അവനു സമ്മാനിക്കുന്നത്‌ അമ്മയെക്കുറിച്ചുള്ള ഓര്‍മകളാണ്‌. പിന്നീടൊരിക്കലും അവളെ അവന്‌ ഭീഷണിപ്പെടുത്തേണ്ടിവരുന്നില്ല. ആ കുഞ്ഞിന്‍െറ മാതൃസ്ഥാനം സ്വമേധയാ മിറിയം ഏറ്റെടുക്കുകയായിരുന്നു. അവന്‍വെച്ചു നീട്ടുന്ന പണം കടുത്ത ദാരിദ്ര്യത്തിനിടയിലും അവള്‍ സേ്‌നഹത്തോടെ നിരസിക്കുന്നു. അവന്‍െറ നിത്യ സൗഹൃദമാണവള്‍ കൊതിക്കുന്നതെന്ന്‌ ചില സൂചനകളിലൂടെ സംവിധായകന്‍ വ്യക്തമാക്കുന്നു. സോറ്റ്‌സി കുഞ്ഞിനെയുമെടുത്ത്‌ യാത്രയാകുമ്പോള്‍ അവന്‍െറ തിരിച്ചുവരവ്‌ അവള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. ഈയൊരു സാധ്യതയിലേക്ക്‌ വാതില്‍ തുറന്നിടാനാണ്‌ സംവിധായകന്‍ ചിത്രാന്ത്യം നോവലില്‍ നിന്ന്‌ വ്യത്യസ്‌തമാക്കിയത്‌.(ഫുഗാര്‍ഡിന്‍െറ കൃതിയില്‍ അവസാനം സോറ്റ്‌സി വെടിയേറ്റു മരിക്കുകയാണ്‌.)

തട്ടിക്കൊണ്ടുപോകപ്പെട്ട കുഞ്ഞിന്‍െറ മാതാപിതാക്കള്‍പോലും സോറ്റ്‌സിക്ക്‌ മാപ്പുനല്‌കാന്‍ തയ്യാറാവുന്നുണ്ട്‌. വെടിവെക്കാനൊരുങ്ങുന്ന പോലീസുകാരെ അതില്‍ നിന്ന്‌ വിലക്കുന്നത്‌ കുഞ്ഞിന്‍െറ അച്ഛനാണ്‌. കുഞ്ഞിനെ വിട്ടുപിരിയുന്നതില്‍ സോറ്റ്‌സി അനുഭവിക്കുന്ന വേദന അയാള്‍ നന്നായി മനസ്സിലാക്കുന്നുണ്ട്‌.

പത്തൊമ്പതുകാരനായ സോറ്റ്‌സിയെ അവിസ്‌മരണീയമാക്കുന്നത്‌ പ്രസ്‌ലി ഷുവെനെയാഗോ എന്ന യുവനടനാണ്‌. ``ഞാന്‍ ടൗണ്‍ഷിപ്പില്‍ വളര്‍ന്നവനാണ്‌. സോറ്റ്‌സിയെപ്പോലുള്ള യുവാക്കളെ എനിക്കു നന്നായറിയാം.'' -പ്രസ്‌ലി തന്‍െറ റോള്‍ വിജയിക്കാനിടയാക്കിയ കാരണത്തെപ്പറ്റി പറയുന്നു. പ്രത്യേകം പരാമര്‍ശിക്കേണ്ട മറ്റൊരു പേര്‍ ടെറി ഫെറ്റോയുടേതാണ്‌. മിറിയത്തിന്‍െറ ധര്‍മസങ്കടങ്ങളും ജീവിതിപ്രതിസന്ധികള്‍ക്കിടയിലും നഷ്‌ടപ്പെടാതെ സൂക്ഷിക്കുന്ന ആര്‍ദ്രഭാവങ്ങളും ടെറി ഒതുക്കത്തോടെ അവതരിപ്പിച്ചു.