Wednesday, February 13, 2008

മണല്‍ക്കാട്ടിലെ തണല്‍

ലാളിത്യമാണ്‌ ഇറാന്‍ സിനിമയുടെ മുദ്ര. പ്രേക്ഷകരിലേക്ക്‌ എളുപ്പം കടന്നുചെല്ലുന്നു ഈ സിനിമകള്‍. ഇവയിലെ കഥാപാത്രങ്ങള്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ത്തന്നെയുള്ളവരാണ്‌. അവരുടെ കാഴ്‌ചകളില്‍ നിറയുന്ന അശാന്തിയും കാലുഷ്യവും പകയും ദുരിതവും ആഹ്ലാദവുമൊക്കെ നമുക്കും അനുഭവിക്കാന്‍ കഴിയുന്നു.
പ്രശസ്‌ത ഇറാനിയന്‍ സംവിധായകനായ മജീദ്‌ മജീദിയുടെ ആദ്യകാല സിനിമകളിലൊന്നാണ്‌ ഫാദര്‍ (Father). മനസ്സിന്‍െറ അഗാധതകളിലേക്ക്‌ നോക്കാനും അവിടെ ചുഴലിയും ശാന്തതയും കണ്ടെത്താനും അസാമാന്യ വിരുതുണ്ട്‌ അദ്ദേഹത്തിന്‌. കുട്ടികള്‍ക്കും അവരുടെ ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുള്ള ചിത്രങ്ങളാണ്‌ ഫാദറും (1996) ചില്‍ഡ്രന്‍ ഓഫ്‌ ഹെവനും (1997). ജിവിതസമസ്യകള്‍ക്ക്‌ സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രായോഗികമതികളായ കുട്ടികളെയാണ്‌ ഈ സിനിമകളില്‍ മജീദി അവതരിപ്പിക്കുന്നത്‌.

കുടുംബത്തോടുള്ള തന്‍െറ സേ്‌നഹവും കരുതലും വിലമതിക്കപ്പെടുന്നില്ല എന്ന തോന്നലില്‍നിന്ന്‌ ഒരു പതിന്നാലുകാരനുണ്ടാവുന്ന ആത്മരോഷമാണ്‌ `ഫാദര്‍' എന്ന സിനിമയുടെ പ്രമേയം. തണലില്ലാത്ത മരുഭൂമിയിലേക്കാണ്‌ ജീവിതം അവനെ ബാല്യത്തിലേ തള്ളിവിടുന്നത്‌. രാപകല്‍ കഷ്‌ടപ്പെട്ടിട്ടും തന്‍െറ ത്യാഗം അമ്മ ചെറുതായിക്കണ്ടു എന്നതിലാണ്‌ അവനു ദുഃഖം. സമൂഹത്തിന്‍െറ കുത്തുവാക്കുകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ അമ്മ വീണ്ടും വിവാഹിതയായപ്പോള്‍ താന്‍ ഒറ്റപ്പെടുന്നതായി അവനു തോന്നുന്നു. അമ്മയെയും സഹോദരിമാരെയും സ്വന്തമാക്കിയ രണ്ടാനച്ഛനോടാണ്‌ അവന്‍ പക മുഴുവന്‍ പ്രകടിപ്പിക്കുന്നത്‌. പ്രിയപ്പെട്ടവരുടെ ജീവിതത്തില്‍ അശാന്തി നിറയ്‌ക്കുകയാണവന്‍. ഒടുവില്‍, സേ്‌നഹത്തിന്‍െറ ശക്തി തിരിച്ചറിയുമ്പോള്‍ കുടുംബത്തിന്‍െറ തണലിലേക്ക്‌ മടങ്ങിപ്പോകുന്നു.

നന്നെ ചെറുപ്പത്തിലേ കുടുംബഭാരം തലയിലേറ്റിയവനാണ്‌ പതിന്നാലുകാരനായ മെഹ്‌റുള്ള. പിതാവ്‌ വാഹനാപകടത്തില്‍ മരിച്ചതാണ്‌. അമ്മയെയും മൂന്നു ഇളയ സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതല അവനായി. ദൂരെ, തുറുമഖനഗരത്തില്‍ ഒരു കടയില്‍ ജോലിക്കു നില്‍ക്കുകയാണവന്‍. ഏറെ കാലത്തിനുശേഷം അവന്‍ നാട്ടിലേക്കു തിരിക്കുന്നു. കുറെ പണവുമായാണ്‌ വരവ്‌. വഴിക്കുവെച്ച്‌ ആത്മസുഹൃത്തായ ലത്തീഫിനെ കാണുന്നു. രണ്ടു മാസം മുമ്പ്‌ അമ്മ വീണ്ടും വിവാഹിതയായെന്ന വിവരം അപ്പോഴാണവന്‍ അറിയുന്നത്‌. പോലീസുദ്യോഗസ്ഥനാണ്‌ രണ്ടാനച്ഛന്‍. തന്‍െറ കഷ്‌ടപ്പാടുകള്‍ക്ക്‌ അര്‍ഥമില്ലാതായിപ്പോയെന്ന്‌ മെഹ്‌റുള്ളയ്‌ക്ക്‌ തോന്നുന്നു. അനാഥമായ വീട്ടില്‍ അവന്‍ ഒറ്റയ്‌ക്കായി. അമ്മയും സഹോദരിമാരും രണ്ടാനച്ഛന്‍െറ വീട്ടിലാണ്‌. ലത്തീഫിനോടൊപ്പം അവന്‍ അമ്മയെ കാണാന്‍ പോകുന്നു. കുട്ടികള്‍ക്ക്‌ വേണ്ടി വാങ്ങിയ ഉടുപ്പുകളും വളകളും മാലകളും വലിച്ചെറിഞ്ഞുകൊടുത്ത്‌ അവന്‍ തിരിഞ്ഞോടുന്നു. പോലീസുകാരനോടാണ്‌ അവന്‍െറ പക മുഴുവന്‍. അമ്മയെയും സഹോദരിമാരെയും തട്ടിയെടുത്തതാണ്‌ അയാളെന്ന്‌ അവന്‍ വിശ്വസിക്കുന്നു. അയാളെ ഒരു പാഠം പഠിപ്പിച്ചേ ജോലി സ്ഥലത്തേക്ക്‌ മടങ്ങൂ എന്ന്‌ മെഹ്‌റുള്ള ശപഥം ചെയ്യുന്നു.

തിരിച്ചുപോകുമ്പോള്‍ മെഹ്‌റുള്ള തന്നെയും നഗരത്തിലേക്ക്‌ കൊണ്ടുപോകുമെന്നാണ്‌ ലത്തീഫിന്‍െറ പ്രതീക്ഷ. അവന്‍ ഗ്രാമത്തില്‍ അളിയന്‍െറ കൂടെ കഴിയുകയാണ്‌. അയാളുടെ പാടത്തിന്‍െറ ചുമതലയാണവന്‌. ദിവസം മുഴുവന്‍ ജോലി ചെയ്‌താലും ശകാരവും മര്‍ദനവുമാണ്‌ കൂലി. കുറെ പണമുണ്ടായിട്ടുവേണം അവന്‌ ഗ്രാമത്തിലേക്ക്‌ മടങ്ങാന്‍.

രണ്ടാനച്ഛനെപ്പറ്റി നാട്ടുകാര്‍ക്ക്‌ നല്ല അഭിപ്രായമാണെന്ന്‌ ലത്തീഫ്‌ പറയുമ്പോള്‍ മെഹ്‌റുള്ളയ്‌ക്ക്‌ അരിശം വരുന്നു. മെഹ്‌റുള്ളയുടെ സഹോദരിക്ക്‌ അസുഖം വന്നപ്പോള്‍ ധാരാളം പണം ചെലവാക്കി അയാള്‍ ചികിത്സിച്ചത്രേ. മെഹ്‌റുള്ള പിറ്റേന്ന്‌ വീണ്ടും അമ്മയെ കാണാന്‍ വീടിന്‍െറ പുറത്ത്‌കാത്തുനില്‍ക്കുന്നു.താന്‍ കൊണ്ടുവന്നപണം മുഴുവന്‍ അവന്‍ പോലീസുകാരന്‌നേരെ വലിച്ചെറിയുന്നു. ``സഹോദരിക്കുവേണ്ടിചെലവഴിച്ച പണമാണിത്‌. ഇതെടുത്ത്‌ അവളെ എനിക്കുതിരിച്ചുതാ'' എന്ന്‌ അവന്‍ പറയുന്നു. പോലീസുകാരന്‍ ആ പണം വാങ്ങുന്നില്ല. മെഹ്‌റുള്ള തന്നോട്‌ കടുത്ത ശത്രുത വെച്ചുപുലര്‍ത്തുകയാണെന്ന്‌ അയാള്‍ക്ക്‌ മനസ്സിലാകുന്നു. അവനോടുള്ള സേ്‌നഹം പ്രകടിപ്പിക്കാനാവാതെ കുഴങ്ങുകയാണയാള്‍.

മഹ്‌റുള്ള ലത്തീഫിന്‍െറ സഹായത്തോടെ വീട്‌ നന്നാക്കുന്നു. ഒരുദിവസം ആരുമറിയാതെ സഹോദരിമാരെ അവന്‍ കൂട്ടിക്കൊണ്ടുപോന്നു. അമ്മയും രണ്ടാനച്ഛനും എത്തി അവരെ തിരിച്ചുകൊണ്ടുപോകുന്നു.

മഴകൊണ്ട്‌ പനിപിടച്ച്‌ അവശനായിക്കിടന്ന മെഹ്‌റുള്ളയെ പോലീസുകാരന്‍ വീട്ടില്‍ കൊണ്ടുപോകുന്നു. അമ്മയുടെ പരിചരണത്തില്‍ അവന്‍ സുഖംപ്രാപിക്കുന്നു. അപ്പോഴും പോലീസുകാരനോടുള്ള വിദ്വേഷം അവനെ വിട്ടുമാറിയിരുന്നില്ല.അയാളുടെ സര്‍വീസ്‌റിവോള്‍വര്‍അവന്‍ മോഷ്‌ടിക്കുന്നു. അയാളെ കൊല്ലുകയായിരുന്നു ലക്ഷ്യം. പക്ഷേ, നടക്കുന്നില്ല. അന്നുരാത്രി മെഹ്‌റുള്ളയും ലത്തീഫും ഗ്രാമം വിടുന്നു. ഇനിയങ്ങോട്ട്‌ പോലീസുകാരന്‍െറ അന്വേഷണവും കണ്ടെത്തലുമാണ്‌. സ്വന്തം മോട്ടോര്‍ ബൈക്കിലാണയാള്‍ കുട്ടികളെത്തേടി ഇറങ്ങുന്നത്‌. ലത്തീഫിനെ അയാള്‍ നാട്ടിലേക്ക്‌ ബസ്സില്‍ കയറ്റിവിട്ടു. മെഹ്‌റുള്ളയെ കൈവിലങ്ങിട്ട്‌ ബൈക്കിനോട്‌ ബന്ധിച്ച്‌ അയാള്‍ മടക്കയാത്ര തുടങ്ങുകയാണ്‌. നഗരംവിട്ട്‌ അവരുടെ യാത്ര മലമ്പാതകളിലൂടെയും മരുഭൂമിയിലൂടെയുമായി.

മെഹ്‌റുള്ള ശിലപോലെ ബൈക്കിനു പിന്നിലിരിക്കുകയാണ്‌. നിശ്ശബ്ദനാണവന്‍. പോലീസുകാരന്‍െറ സാന്നിധ്യം അവഗണിക്കും മട്ടിലാണ്‌ അവന്‍െറ ഇരിപ്പ്‌. അയാളുടെ വീരവാദങ്ങള്‍ക്കൊന്നും അവന്‍ മറുപടി പറയുന്നില്ല. ഇറാനിലെ മലനിരകളിലും മരുഭൂമിയിലും വളര്‍ന്നു വന്നവനാണ്‌ താന്‍. എത്രയോ കേമമാണ്‌ തന്‍െറ സര്‍വീസ്‌ റെക്കോഡ്‌. എണ്ണമറ്റ കള്ളക്കടത്തുകാരെ താന്‍ പിടികൂടിയിട്ടുണ്ട്‌. അവരൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. എത്രയോ പേരെ താന്‍ വെടിവെച്ചുകൊന്നിട്ടുമുണ്ട്‌ - അയാള്‍ യാത്രയില്‍ തന്‍െറ വീരകഥകള്‍ പറയുന്നു. ``നിന്‍െറ അമ്മയ്‌ക്കും സഹോദരിമാര്‍ക്കും അഭയം നല്‌കിയതാണോ ഞാന്‍ ചെയ്‌ത തെറ്റ്‌'' എന്ന അയാളുടെ ചോദ്യത്തിനും മെഹ്‌റുള്ള മറുപടിയൊന്നും പറയുന്നില്ല. എങ്ങനെയെങ്കിലും അയാളുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടവന്‍. ഒരവസരം ഒത്തുകിട്ടിയപ്പോള്‍ അവന്‍ അയാളെ വഴിയിലുപേക്ഷിച്ച്‌ ബൈക്കുമായി രക്ഷപ്പെടുന്നു. പക്ഷേ, മലമ്പാതകളിലെ കുറുക്കുവഴികള്‍ നന്നായി അറിയാവുന്ന പോലീസുകാരന്‍ അവനെ കെണിയില്‍ വീഴ്‌ത്തി വീണ്ടും പിടിക്കുന്നു. ഇതിനിടയില്‍ അവനും തനിക്കു പറയാനുള്ളതെല്ലാം അയാളോടു പറയുന്നുണ്ട്‌.

ഒരു രാത്രി പിന്നിട്ട്‌ അവര്‍ യാത്ര തുടരുകയാണ്‌. അവരിപ്പോള്‍ ഒന്നും സംസാരിക്കുന്നില്ല. മനസ്സിലുള്ളതെല്ലാം പെയെ്‌താഴിഞ്ഞു. പൊടിക്കാറ്റിന്‍െറയും ബൈക്കിന്‍െറയും ശബ്ദം മാത്രമേ ഇപ്പോള്‍ കേള്‍ക്കാനുള്ളൂ. കുറെക്കഴിഞ്ഞപ്പോള്‍ ബൈക്ക്‌ നിന്നുപോവുന്നു. കരുതിവെച്ച പെട്രോള്‍ തീര്‍ന്നിരിക്കുന്നു. ഒരു തണലോ മനുഷ്യന്‍െറ നിഴലോ എവിടെയും കാണാനില്ല. അവന്‍ ഓടിപ്പോകുമെന്ന ഭയത്താല്‍ തന്‍െറയും അവന്‍െറയും കൈകള്‍ ചേര്‍ത്ത്‌ അയാള്‍ വിലങ്ങിടുന്നു. ബൈക്ക്‌ ഉപേക്ഷിച്ച്‌ അവര്‍ നടക്കുന്നു.

ജീവസാന്നിധ്യമില്ലാത്ത മരുഭൂമിയുടെ ഭയാനകദൃശ്യങ്ങളാണിനി നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്‌. മണല്‍ക്കാറ്റ്‌ വീശിയടിക്കുന്നു. രണ്ടുപേര്‍ക്കും മുന്നോട്ടു നീങ്ങാനാവുന്നില്ല. ചെറിയൊരു പാത്രത്തില്‍ രണ്ട്‌ കവിള്‍ വെള്ളമേയുള്ളൂ. പോലീസുകാരനിലെ കനിവിന്‍െറ ഉറവ കുറേശ്ശെയായി പുറത്തേക്കുവരുന്ന ദൃശ്യങ്ങളാണ്‌ ഇനി സംവിധായകന്‍ കാണിച്ചുതരുന്നത്‌. വെള്ളം കുടിക്കാനൊരുങ്ങവെ അയാള്‍ അവന്‍െറ ക്ഷീണിച്ച മുഖത്തേക്കാണ്‌ നോക്കുന്നത്‌. ആദ്യം വെള്ളം അവനുനേരെ നീട്ടുന്നു. തലയില്‍ക്കെട്ടാന്‍ ടവ്വലെടുത്ത്‌ കൊടുക്കുന്നു. മണല്‍ക്കാറ്റിപ്പോള്‍ ശക്തമാണ്‌. ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങളില്‍ അവര്‍ക്ക്‌ കാഴ്‌ചനഷ്‌ടപ്പെടുന്നു. ഒരടി മുന്നോട്ടുപോകാനാവുന്നില്ല. ഒരു തുള്ളി ദാഹജലം, ഒരു നേരിയ തണല്‍, അവരിപ്പോള്‍ കൊതിക്കുന്നത്‌ അത്രമാത്രം. ആരെയെങ്കിലും ശിക്ഷിക്കാന്‍ താനാരുമല്ലെന്ന ബോധം ക്രമേണ പോലീസുകാരനിലേക്കു വരുന്നുണ്ടാവണം. ആ മുഖത്തിപ്പോള്‍ രൗദ്രതയില്ല. ഉത്‌ക്കണ്‌ഠ മാത്രമേയുള്ളൂ. അവര്‍ തമ്മിലൊന്നും സംസാരിക്കുന്നില്ല. ഉത്‌ക്കണ്‌ഠ പോലും അവര്‍ പങ്കുവെക്കുന്നില്ല. ദൂരെ ഒരു കിണര്‍ കണ്ട്‌ പ്രതീക്ഷയോടെ അവര്‍ ഓടിച്ചെല്ലുന്നു. കല്ലിട്ടുനോക്കിയപ്പോള്‍ അത്‌ വരണ്ടുകിടക്കുകയാണ്‌. നിരാശ പോലീസുകാരനെ ക്രൂദ്ധനാക്കുന്നു. മെഹ്‌റുള്ളയെ ദയയില്ലാതെ ശപിക്കുകയും തല്ലുകയും ചെയ്യുന്നു അയാള്‍. തളര്‍ന്നു തുടങ്ങിയിരിക്കുന്നു അയാള്‍. വേച്ചുവേച്ച്‌ വീണുപോയ അയാളെ മെഹ്‌റുള്ള താങ്ങിയെടുത്ത്‌ പതുക്കെ നടത്തിക്കുന്നു. വീണ്ടും അയാള്‍ തളര്‍ന്നുവീഴുന്നു. ഇനി പ്രതീക്ഷയ്‌ക്ക്‌ വകയില്ലെന്ന്‌ അയാള്‍ കണക്കുകൂട്ടുന്നു. പോക്കറ്റില്‍നിന്ന്‌ താക്കോലെടുത്ത്‌ അയാള്‍ വിലങ്ങഴിക്കുന്നു. `നീ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോ' എന്ന്‌ മെഹറുള്ളയോട്‌ അപേക്ഷിക്കുന്നു. ജീവിതം കെട്ടിപ്പടുത്ത ഈ മരുഭൂമിയില്‍ ഒരു മണല്‍ക്കൂനയായി മാറാനാണ്‌ വിധി എന്നയാള്‍ക്ക്‌ ബോധ്യപ്പെടുന്നു. ഉറ്റവരെ വിട്ടുപോകുന്ന സങ്കടമോര്‍ത്ത്‌ അയാള്‍ പൊട്ടിപ്പൊട്ടി കരയുന്നു. മെഹ്‌റുള്ളയുടെ മുഖത്തിപ്പോള്‍ രോഷത്തിന്‍െറ നിഴലില്ല. അയാളുടെ വേദന അവനു മനസ്സിലായിത്തുടങ്ങുന്നു. അവന്‍െറ മനസ്സ്‌ ആര്‍ദ്രമാവുന്നു. അവര്‍ക്കിടയിലുണ്ടായിരുന്ന വെറുപ്പിന്‍െറയും പകയുടെയും കൈവിലങ്ങ്‌ അവന്‍ വലിച്ചെറിയുന്നു. അയാളെ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന്‌ അവന്‍ തീരുമാനിക്കുന്നു. സേ്‌നഹത്തോടെ, കരുണയോടെ അവന്‍ അയാളെ തൊടുന്നു. താങ്ങിപ്പിടിച്ച്‌ പതുക്കെ നടക്കുന്നു. ബോധമറ്റ്‌ തളര്‍ന്നുവീണ അയാളെ വലിച്ചിഴച്ച്‌ ഒരു ചെടിയുടെ ഇത്തിരിത്തണലിലേക്ക്‌ കിടത്തുന്നു. മുഖത്തെ മണലെല്ലാം അവന്‍ പതുക്കെ തുടച്ചുകളയുന്നു. അപ്പോഴതാ ദൂരെ, ഒട്ടകങ്ങളുടെ നിര. പ്രതീക്ഷയോടെ അവന്‍ അങ്ങോട്ട്‌ ഓടുന്നു. അവിടെ ചെറിയൊരു നീര്‍ച്ചാലുണ്ട്‌. അതില്‍ ഷര്‍ട്ട്‌ കുതിര്‍ത്തെടുത്ത്‌ തിരിച്ചോടുന്നു. വെള്ളം തട്ടിയിട്ടും അയാള്‍ ഉണരുന്നില്ല. അവനു കരച്ചില്‍ വരുന്നു. തന്‍െറ പിതാവിന്‍െറ സ്ഥാനത്തേക്ക്‌ ആ മനുഷ്യന്‍ കടന്നുവരുന്നത്‌ അവനറിയുന്നു. വളരെ പണിപ്പെട്ട്‌ അയാളെ വലിച്ചിഴച്ച്‌ അവന്‍ നീര്‍ച്ചാലിനടുത്തെത്തിക്കുന്നു. എന്നിട്ട്‌ വെള്ളത്തിലേക്ക്‌ കമിഴ്‌ത്തിക്കിടത്തുന്നു. തണുപ്പേറ്റതോടെ അയാളില്‍ ചലനമുണ്ടാകുന്നു. ഇപ്പോള്‍ നമ്മുടെ കാഴ്‌ചയ്‌ക്ക്‌ കുളിരേകിക്കൊണ്ട്‌ ഒരു ചെറിയ മരം മെഹ്‌റുള്ളയുടെ പിന്നിലായി കാണാം. നിറയെ പച്ച ഇലകളുള്ള മരം. സേ്‌നഹത്തിന്‍െറയും അലിവിന്‍െറയും പച്ചയാണത്‌. മരുഭൂമിയുടെ ചുളംവിളിയില്‍ ആ ഇലകള്‍ ഇളകിയാടുന്നു. ആശ്വാസത്തോടെ മെഹ്‌റുള്ളയും വെള്ളത്തില്‍ കമിഴ്‌ന്നുവീഴുന്നു. തളര്‍ന്ന്‌, മുഖാമുഖം കിടക്കുകയാണ്‌ ഇരുവരും. പോലീസുകാരന്‍െറ പോക്കറ്റില്‍നിന്ന്‌ പുറത്തുവരുന്ന ഒരു ഫോട്ടോ വെള്ളത്തിലൂടെ പതുക്കെ ഒഴുകിയെത്തുന്നു. കിടന്ന കിടപ്പില്‍ത്തന്നെ മെഹ്‌റുള്ള അതിലേക്ക്‌ നോക്കുന്നു. അവന്‍െറ അമ്മയും സഹോദരിമാരും പിന്നെ രണ്ടാനച്ഛനും അടങ്ങുന്ന ഫോട്ടോയായിരുന്നു അത്‌.

ഗ്രാമം, നഗരം, മരുഭൂമി എന്നിവിടങ്ങളിലായാണ്‌ ഇതിവൃത്തം പൂര്‍ത്തിയാകുന്നത്‌. കടലും മലകളും മണല്‍ക്കാടുമടങ്ങിയ ഇറാന്‍െറ ഭൂപ്രകൃതിയെ സിനിമയില്‍ സജീവസാന്നിധ്യമാക്കി മാറ്റുന്നു മജീദി. തൊണ്ണൂറ്‌ മിനിറ്റുള്ള സിനിമയില്‍ മുപ്പത്‌ മിനിറ്റും നമ്മള്‍ മരുഭൂമിയിലാണ്‌. പ്രകൃതിയുടെ സാന്നിധ്യം പല ദൃശ്യങ്ങള്‍ക്കും ഭാവതീവ്രത പകരുന്നു. ഓളങ്ങളുടെ ശാന്തമായ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ തുടങ്ങുന്ന സിനിമ ബൈക്കിന്‍െറ ആക്രോശത്തിലൂടെ, മണല്‍ക്കാറ്റിന്‍െറ സീല്‍ക്കാരത്തിലൂടെ കടന്നുപോയി തെളിഞ്ഞ വെള്ളത്തിന്‍െറ പ്രശാന്തതയില്‍ അവസാനിക്കുകയാണ്‌. പ്രകൃതിയുടെ കനിവിലാണ്‌ ജീവിതത്തിന്‍െറ പച്ചപ്പ്‌ എന്ന്‌ ഓര്‍മപ്പെടുത്തുകയാണ്‌ മജീദി. എന്നും നമ്മുടെ കൂടെയുണ്ടാകുന്ന രണ്ട്‌ കഥാപാത്രങ്ങളാണ്‌ ഇതിലെ പോലീസുകാരനും മെഹ്‌റുള്ളയും. ജിവിതത്തിലെ ഓരോ ഘട്ടത്തിലും അവരില്‍നിന്നു പുറത്തുവരുന്നത്‌ അഭിനയമല്ല, സ്വാഭാവികമായ പ്രതികരണങ്ങള്‍ മാത്രമാണ്‌. വിശാലമായ മരുഭൂമിയില്‍ വഴികാണാതെ ഉഴലുന്നവരുടെ ഉത്‌ക്കണ്‌ഠയും നിരാശയും എവിടെയോ അവശേഷിക്കുന്ന ഇത്തിരി പ്രതീക്ഷയും അവരുടെ ഓരോ ചലനത്തിലുമുണ്ട്‌.??സദൃശമായ ദൃശ്യങ്ങളിലൂടെ ജീവിതത്തിന്‍െറ രണ്ട്‌ അവസ്ഥകളെ രേഖപ്പെടുത്താന്‍ മജീദിക്ക്‌ അസാധാരണമായ കഴിവുണ്ട്‌. ഇതിലെ മോട്ടോര്‍ബൈക്കുതന്നെ ഒരുദാഹരണം. സൗമ്യനായ അച്ഛന്‍െറ ഓര്‍മകളുണര്‍ത്തുന്ന നല്ലൊരു കൂട്ടുകാരനാണ്‌ മെഹ്‌റുള്ളയ്‌ക്ക്‌ ബൈക്ക്‌. അച്ഛന്‍ കരുതലോടെ അവനെ ബൈക്ക്‌ പഠിപ്പിക്കുന്ന രംഗം ഓര്‍ക്കുക (അതേ ബൈക്ക്‌ ഒരപകടത്തില്‍പ്പെട്ട്‌ തകര്‍ന്നു കിടക്കുന്ന ചിത്രവും പിന്നീട്‌ അവന്‍െറ ഓര്‍മയിലേക്ക്‌ വരുന്നുണ്ട്‌). അതേസമയം, പോലീസുകാരന്‍െറ ബൈക്കിനോട്‌ അവനത്ര അടുപ്പമില്ല. അതിന്‍െറ മുരള്‍ച്ചയും കഠിനശബ്ദവും പരുക്കനായ പോലീസുകാരന്‍െറ പ്രതീകമാണ്‌. മെഹ്‌റുള്ളയെ തടവിലിടാനുള്ള ഒരിടമായാണ്‌ അയാള്‍ ബൈക്കിനെ ഉപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ ആ ബൈക്ക്‌ മരുഭൂമിയില്‍ ഉപേക്ഷിക്കുമ്പോള്‍ അവന്‍ ആശ്വസിക്കുകയാണ്‌.

മെഹ്‌റുള്ളയും അച്ഛനുമൊരുമിച്ചു നില്‍ക്കുന്ന ഫോട്ടോ വെള്ളത്തില്‍ നഷ്‌ടപ്പെടുന്ന രംഗത്തും പുതിയൊരു കുടുംബ ഫോട്ടോ കുളിര്‍ചാലിലൂടെ ഒഴുകിയെത്തുന്ന രംഗത്തും മജീദിയുടെ കരവിരുത്‌ നാമറിയുന്നു. പിതൃനഷ്‌ടത്തില്‍ കേഴുന്ന മെഹ്‌റുള്ളയെ കുടുംബത്തിന്‍െറ മഹാവൃക്ഷച്ഛായയിലേക്കാണ്‌ മജീദി എത്തിക്കുന്നത്‌.

3 comments:

T Suresh Babu said...

പ്രശസ്‌ത ഇറാനിയന്‍ സംവിധായകനായ മജീദ്‌ മജീദിയുടെ ആദ്യകാല സിനിമകളിലൊന്നാണ്‌ ഫാദര്‍. മനസ്സിന്‍െറ അഗാധതകളിലേക്ക്‌ നോക്കാനും അവിടെ ചുഴലിയും ശാന്തതയും കണ്ടെത്താനും അസാമാന്യ വിരുതുണ്ട്‌ അദ്ദേഹത്തിന്‌.

വെള്ളെഴുത്ത് said...

ക്യാമറയും വച്ച്, പ്രധാന കഥാപാത്രങ്ങളെ പിന്തുടര്‍ന്നതുപോലെയുണ്ട് അല്പം ദീര്‍ഘിച്ച ഈ ലേഖനത്തിന്റെ ആദ്യഭാഗം. അതു കൊണ്ട് അവരുമായി നല്ല അടുപ്പം കിട്ടി. ഫാദര്‍ എന്നൊരു റഷ്യന്‍ സിനിമയുമില്ലേ? മജീദി തന്റെ മറ്റു സിനിമകളിലും ഇങ്ങനെ ബന്ധങ്ങളിലെ ഉറവകള്‍ തേടുന്നുണ്ട് അല്ലേ? നല്ല വിവരണം.

T Suresh Babu said...

പ്രിയ വെള്ളെഴുത്ത്‌,
സിനിമകളെ ഇത്രയും ആവേശത്തോടെ സ്വീകരിക്കുകയും ചൂടോടെ അഭിപ്രായങ്ങള്‍ നല്‍കുകയും ചെയ്യുന്ന താങ്കളുടെ സഹൃദയത്വത്തിന്‌ ഒരായിരം നന്ദി. ഫാദര്‍ എന്ന റഷ്യന്‍ സിനിമ ഞാന്‍ കണ്ടിട്ടില്ല. താങ്കളുടെ ബ്ലോഗ്‌ ഞാന്‍ പതിവായി സന്ദര്‍ശിക്കാറുണ്ട്‌. " കടുത്ത" ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താത്‌പര്യമില്ലാത്തതിനാല്‍ അഭിപ്രായം രേഖപ്പെടുത്തുന്നില്ലെന്നേയുള്ളൂ. താങ്കളുടെ സൗഹൃദത്തിനും സന്മനസ്സിനും നന്ദി.