
ദക്ഷിണാഫ്രിക്കയും ലോകസിനിമാ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്. 2005 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര് അവാര്‍ഡ് ദക്ഷിണാഫ്രിക്കന്‍ ചിത്രത്തിനായിരുന്നു. ഗവിന്‍ ഹൂഡ് സംവിധാനം ചെയ്ത സോറ്റ്സി (Tsotsi)യാണ് ഈ നേട്ടത്തിന് അര്‍ഹമായത്.
തെരുവു ജീവിതത്തില്‍ നിന്നു കണ്ടെടുത്ത കുറെ മനുഷ്യരുടെ കഥയാണിത്. ചേരികളില്‍ ജീവിച്ച് അവിടെത്തന്നെ ഒടുങ്ങാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥ. അവരിലും തുരുമ്പെടുക്കാത്ത പ്രത്യാശയുടെയും നന്മയുടെയും അംശങ്ങള്‍ ജ്വലിച്ചു നില്പുണ്ടെന്ന് ഈ ചിത്രം സാക്ഷ്യം പറയുന്നു. ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക് നീളുന്ന നന്മയുടെ പാലം നമുക്ക് മുന്നില്‍ തെളിയുന്നു.

നാല്‍വര്‍ സംഘത്തിന്‍െറ വിളയാട്ടമാണ് ചിത്രത്തിന്‍െറ ആദ്യഭാഗങ്ങളില്‍. ഓടുന്ന തീവണ്ടിയില്‍വെച്ച് അവര്‍ ഒരു പണക്കാരനെ കൊള്ളയടിക്കുന്നു. ഒരു പ്രകോപനവുമില്ലാതെ ബുച്ചര്‍ അയാളെ കുത്തിക്കൊല്ലുകയാണ്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട സംഘം എത്തുന്നത് ഒരു സ്ത്രീ നിയമവിരുദ്ധമായി നടത്തുന്ന ബാറിലാണ്. നാല്‍വര്‍ സംഘം അവിടത്തെ നിത്യസന്ദര്‍ശകരാണ്. അവിടെവെച്ച് ബോസ്റ്റന് സോറ്റ്സിയെ പ്രകോപിപ്പിക്കുകയാണ്. ``നിനക്കൊരു പേരുണ്ടോ അച്ഛനമ്മമാരുണ്ടോ കുറഞ്ഞത് ഒരു പട്ടിയെങ്കിലും സ്വന്തമായുണ്ടോ എന്നായിരുന്നു ബോസ്റ്റന്െറ ചോദ്യം. ക്രുദ്ധനായ സോറ്റ്സി അവനെ അടിച്ചു ശരിയാക്കി അവിടെ നിന്ന് ഓടിപ്പോകുന്നു. പെരുമഴയത്ത് ഒരു പണക്കാരന്‍െറ വീട്ടിനു മുന്നിലാണവന്‍ എത്തിപ്പെടുന്നത്. ആ സമയത്ത് കാറിലെത്തിയ പണക്കാരന്‍െറ ഭാര്യ ഗെയ്റ്റിലെ കോളിങ് ബെല്‍ അമര്‍ത്തുന്നു. മുന്നൊരുക്കം ആവശ്യമില്ലാത്ത ഒരു കവര്‍ച്ചയുടെ സാധ്യത സോറ്റ്സി മനസ്സില്‍കണ്ടു.
സ്ത്രീയെ കാലിന് വെടിവെച്ച് പരിക്കേല്പിച്ചശേഷം അവന് കാറുമായി രക്ഷപ്പെടുന്നു.കാറിന്‍െറ പിന്‍സീറ്റില്‍ ഒരു കുഞ്ഞുണ്ടായിരുന്നു. അവനെ ഉപേക്ഷിക്കാന്‍ സോറ്റ്സിക്ക് മനസ്സുവരുന്നില്ല. കുഞ്ഞിനെയുമെടുത്ത് തന്‍െറ കുടിലിലെത്തുന്നു. സംഘാംഗങ്ങളില്‍ നിന്ന് അവന് കുഞ്ഞിന്‍െറ കാര്യം മറച്ചുപിടിക്കുന്നു. സംഘത്തലവന് മൃദുവികാരങ്ങള്ക്കടിമപ്പെട്ടെന്ന് അവര്‍ കരുതിയാലോ എന്നായിരുന്നു പേടി. കുപ്പിപ്പാലും മറ്റും കൊടുത്ത് കുഞ്ഞിനെ സോറ്റ്സി നന്നായി നോക്കുന്നു. ഇതിനിടയില്‍ പോലീസ് കുഞ്ഞിനെ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു.കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലാണ് പ്രധാനം എന്ന് സോറ്റ്സി മനസ്സിലാക്കുന്നു. താന്‍ ബാല്യം പിന്നിട്ട ചേരിയിലെത്തി തോക്കിന്മുനയില് ഭീഷണിപ്പെടുത്തി മിറിയം എന്ന യുവതിയെക്കൊണ്ട് മുലയൂട്ടിക്കുന്നു. കുഞ്ഞ് തന്േറതാണെന്നാണ് സോറ്റ്സി അവളോടു പറയുന്നത്. ഭര്‍ത്താവ് മരിച്ചുപോയ മിറിയത്തിനും ഒരു കുഞ്ഞുണ്ട്. തന്‍െറ കുഞ്ഞിനെപ്പോലെതന്നെ അവള് മറ്റേ കുഞ്ഞിനെയും നോക്കുന്നു. ദിവസങ്ങള്‍ക്കുശേഷം പത്രത്തില്‍നിന്ന് മോഷണക്കഥ അറിയുന്ന മിറിയം സോറ്റ്സിയോട് കുഞ്ഞിനെ തിരിച്ചേല്പിക്കാന് പറയുന്നു. കുഞ്ഞിനെയുമെടുത്ത് സോറ്റ്സി പണക്കാരന്‍െറ വീട്ടിനുമുന്നിലെത്തുന്നു. തിരിച്ചേല്പിക്കാന് ഒരുങ്ങുമ്പോഴേക്കും പോലീസ് കുതിച്ചെത്തുകയായി. കുഞ്ഞിനെ അവന്‍െറ അച്ഛനു കൈമാറിയശേഷം സോറ്റ്സി പോലീസിനു കീഴടങ്ങുകയാണ്.

1950 കളില്‍ വര്‍ണവിവേചനം കൊടികുത്തി വാണിരുന്ന കാലത്ത് ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ അത്തോള് ഫുഗാര്‍ഡ് രചിച്ച `സോറ്റ്സി' എന്ന നോവലാണ് ഈ സിനിമയ്ക്കാധാരം. ഫുഗാര്‍ഡിന്‍െറ കൃതിയെ താന്‍ പുതിയ കാലത്തേക്ക് പറിച്ചുനട്ടു എന്നാണ് സംവിധായകന് ഹൂഡ് പറയുന്നത്. വംശീയതയില്‍ ഊന്നാതെ വര്‍ഗപരമായ ഉച്ചനീചത്വങ്ങളാണ് സംവിധായകന് എടുത്തുകാട്ടുന്നത്.
മികച്ച വിദേശ ഭാഷാചിത്രങ്ങളുടെ വിഭാഗത്തില്‍ ഓസ്കര് നോമിനേഷന് കിട്ടിയ രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ചിത്രമാണ് സുലു ഭാഷയിലുള്ള `സോറ്റ്സി'. ആദ്യചിത്രം `യസ്റ്റര്‍ഡേ' ആണ്. ഡറില് ജയിംസ് റൂഡ് സംവിധാനംചെയ്ത `യസ്റ്റര്ഡെ'ക്ക് 2004 ല്‍ ആണ് നോമിനേഷന് ലഭിച്ചത്. എയ്ഡ്സ് ബാധിച്ച യുവതി ഏഴുവയസ്സുകാരിയായ മകളെ വളര്‍ത്താന്‍ സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ഇതിലെ ഇതിവൃത്തം. ഈ ചിത്രവും സുലു ഭാഷയില്തന്നെയാണ്.

പരുക്കന്‍ ദൃശ്യങ്ങളാണ് ചിത്രത്തിന്‍െറ തുടക്കത്തില്‍ നാം കാണുന്നത്. പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്താന്‍ ഇവ അനിവാര്യമാണ്. കഥ മുന്നോട്ടുപോകവേ ക്രമേണ പരുക്കന്‍ മട്ടുവിട്ട് സിനിമയെ്ക്കാരു സൗമ്യഭാവം കൈവരുന്നു. രംഗങ്ങളില്‍ ഇരുള് കുറഞ്ഞ് വെളിച്ചം തിരിനീട്ടുന്നു. ഇരുകൈകളുമുയര്‍ത്തി പിന്തിരിഞ്ഞു നില്ക്കുന്ന സോറ്റ്സിയുടെ ഷര്‍ട്ടിന്‍െറ വെണ്മയില് ദൃഷ്ടിയുറപ്പിച്ചാണ് ക്യാമറ പിന്‍വാങ്ങുന്നത്.
ഇരുണ്ട ഇന്നലെകളില്‍നിന്ന് പ്രതീക്ഷയുടെ ലോകത്തേക്ക് സോറ്റ്സി പതുക്കെ നടന്നുകയറുന്ന ദൃശ്യങ്ങള്‍ ആഹ്ലാദകരമാണ്. നാളെയെക്കുറിച്ച് ഓര്‍ക്കാത്ത അവന്‍െറ ജീവിതം പൊടുന്നനെ ഗതിമാറുന്നത് കുഞ്ഞിനെ കിട്ടുമ്പോഴാണ്. ഇവിടെ അവന് തന്‍െറ ബാല്യത്തെ തിരിച്ചുപിടിക്കുകയാണ്. കുഞ്ഞ് ശാന്തനായി ഉറങ്ങുമ്പോള്‍ സോറ്റ്സിയുടെ ഉള്ളിലെ ബാല്യം പുനര്‍ജനിക്കുന്നു. അവന് അമ്മയെയും അച്ഛനെയും പ്രിയപ്പെട്ട പട്ടിയെയും സ്വപ്നം കാണുന്നു. മറന്നുകളഞ്ഞ ഭൂതകാലത്തില്‍ നിന്ന് തന്‍െറ പേരും അവന് ഓര്‍ത്തെടുക്കുന്നു. പിന്നീട് കുഞ്ഞിന് ആ പേരാണ്-ഡേവിഡ്-അവനിടുന്നത്. തെമ്മാടി എന്ന അഭിസംബോധന അവന് വെറുക്കുന്നതിന്‍െറ സൂചനയാണിത്.
സോറ്റ്സിയില് ഉറങ്ങിക്കിടന്നിരുന്ന മൃദുഭാവങ്ങളെ തട്ടിയുണര്‍ത്തുന്നത് ആ കുഞ്ഞാണ്. തന്‍െറ അടികൊണ്ട് പരിക്കേറ്റ് അവശനായി കഴിയുന്ന ബോസ്റ്റനോട് മാപ്പുപറയാന്‍ അവന് തയ്യാറാവുന്നു. അധ്യാപകനാകാനുള്ള മോഹം സാധിച്ചുകൊടുക്കാമെന്ന് വാക്കുകൊടുക്കുന്നു. ബോസ്റ്റനെ മദ്യശാലാ നടത്തിപ്പുകാരിയില്‍ നിന്നു മോചിപ്പിച്ച് തന്‍െറ കുടിലിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു അവന്.
സോറ്റ്സി, മിറിയം എന്നിവരിലൂടെ ഒരപൂര്‍വ ബന്ധത്തിന്‍െറ കഥയാണ് സംവിധായകന് പറയുന്നത്. തോക്കിന് മുനയിലാണ് അതിന്‍െറ തുടക്കം. ക്രമേണ അത് വളര്‍ന്ന് ഗാഢസൗഹൃദമായിമാറുന്നു. കുഞ്ഞിനെ അവന്‍െറ അമ്മയെ ഏല്പിക്കണമെന്ന് ആവശ്യപ്പെടുന്നത് മിറിയമാണ്. ഒരുമോഹം ബാക്കിവെച്ചാണ് മിറിയം സോറ്റ്സിയെ യാത്രയാക്കുന്നത്. സോറ്റ്സിയുടെ ഒരു ക്ഷണമേ അവള്ക്കുവേണ്ടിയിരുന്നുള്ളൂ. പക്ഷേ, അതുണ്ടായില്ല.
സോറ്റ്സി-മിറിയം കൂടിക്കാഴ്ചകളില്‍ കഥ വഴിതിരിഞ്ഞുപോകാവുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടാകുന്നുണ്ട്. അവരുടെ ആദ്യത്തെ കണ്ടുമുട്ടലില്‍ത്തന്നെ അത്തരമൊരു വഴിത്തിരിവ് ഉണ്ടാക്കാമായിരുന്നു. ഭീഷണിപ്പെടുത്തി അന്ന് സോറ്റ്സിക്ക് എന്തുംനേടാമായിരുന്നു. പക്ഷേ, മാറിടംതുറന്നിട്ടുകൊണ്ടുള്ള മുലയൂട്ടലില്‍ ക്യാമറക്കണ്ണുകള്‍ അവനു സമ്മാനിക്കുന്നത് അമ്മയെക്കുറിച്ചുള്ള ഓര്‍മകളാണ്. പിന്നീടൊരിക്കലും അവളെ അവന് ഭീഷണിപ്പെടുത്തേണ്ടിവരുന്നില്ല. ആ കുഞ്ഞിന്‍െറ മാതൃസ്ഥാനം സ്വമേധയാ മിറിയം ഏറ്റെടുക്കുകയായിരുന്നു. അവന്‍വെച്ചു നീട്ടുന്ന പണം കടുത്ത ദാരിദ്ര്യത്തിനിടയിലും അവള് സേ്നഹത്തോടെ നിരസിക്കുന്നു. അവന്‍െറ നിത്യ സൗഹൃദമാണവള് കൊതിക്കുന്നതെന്ന് ചില സൂചനകളിലൂടെ സംവിധായകന് വ്യക്തമാക്കുന്നു. സോറ്റ്സി കുഞ്ഞിനെയുമെടുത്ത് യാത്രയാകുമ്പോള്‍ അവന്‍െറ തിരിച്ചുവരവ് അവള് പ്രതീക്ഷിക്കുന്നുണ്ട്. ഈയൊരു സാധ്യതയിലേക്ക് വാതില്‍ തുറന്നിടാനാണ് സംവിധായകന് ചിത്രാന്ത്യം നോവലില്‍ നിന്ന് വ്യത്യസ്തമാക്കിയത്.(ഫുഗാര്‍ഡിന്‍െറ കൃതിയില്‍ അവസാനം സോറ്റ്സി വെടിയേറ്റു മരിക്കുകയാണ്.)
തട്ടിക്കൊണ്ടുപോകപ്പെട്ട കുഞ്ഞിന്‍െറ മാതാപിതാക്കള്‍പോലും സോറ്റ്സിക്ക് മാപ്പുനല്കാന് തയ്യാറാവുന്നുണ്ട്. വെടിവെക്കാനൊരുങ്ങുന്ന പോലീസുകാരെ അതില്‍ നിന്ന് വിലക്കുന്നത് കുഞ്ഞിന്‍െറ അച്ഛനാണ്. കുഞ്ഞിനെ വിട്ടുപിരിയുന്നതില്‍ സോറ്റ്സി അനുഭവിക്കുന്ന വേദന അയാള്‍ നന്നായി മനസ്സിലാക്കുന്നുണ്ട്.

1 comment:
2005 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര് അവാര്‍ഡ് ദക്ഷിണാഫ്രിക്കന്‍ ചിത്രത്തിനായിരുന്നു. ഗവിന്‍ ഹൂഡ് സംവിധാനം ചെയ്ത സോറ്റ്സി (Tsotsi)യാണ് ഈ നേട്ടത്തിന് അര്‍ഹമായത്.
Post a Comment