Sunday, January 27, 2008

ഗ്വാണ്ടനാമോയിലേക്ക്‌ നീളുന്ന പാതകള്‍

ക്യൂബന്‍ തീരത്തുള്ള ഗ്വാണ്ടനാമോ ഒരു പ്രതീകമാണ്‌. അടിച്ചമര്‍ത്തലിന്‍െറ, നീതി നിഷേധത്തിന്‍െറ, മനുഷ്യത്വ രാഹിത്യത്തിന്‍െറ പ്രതീകം. `ആഗോള ഭീകരത' എന്ന ഭീഷണി ഉയര്‍ത്തിക്കാട്ടി,`ഭരണകൂട ഭീകരത' നടപ്പാക്കുന്ന ഇരുട്ടറകളുടെ കേന്ദ്രം. ആ തടവറകളില്‍ കുറ്റം ചുമത്തപ്പെടാതെ, വിചാരണയില്ലാതെ, കാരുണ്യലേശമില്ലാതെ , ഭീതിയുടെ മുള്‍മുനയില്‍ നരകം കണ്ടുമടങ്ങിയ മൂന്നു ചെറുപ്പക്കാരുടെ അനുഭവങ്ങളാണ്‌. `ദ റോഡ്‌ റ്റു ഗ്വാണ്ടനാമോ' എന്ന ബ്രിട്ടീഷ്‌ ചിത്രം.
2001 സപ്‌തംബര്‍ പതിനൊന്നിനുശേഷം അമേരിക്കയുടെ ചിന്തയിലേക്കു കടന്നുവന്ന ഭീതിയുടെ നീതിശാസ്‌ത്രമാണ്‌ ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്‌. ആരെയും താലിബാന്‍കാരും, അല്‍ഖ്വെയ്‌ദയുമാക്കുന്ന ആ നീതി ശാസ്‌ത്രത്തിന്‍െറ കാടത്തമാണ്‌ ചിത്രം ചോദ്യം ചെയ്യുന്നത്‌. രണ്ട്‌ ബ്രിട്ടീഷ്‌ സംവിധായകര്‍ തന്നെ അതിനു മുതിര്‍ന്നു എന്നതാണ്‌ `ദ റോഡ്‌ റ്റു ഗ്വാണ്ടനാമോ' യുടെ പ്രത്യേകത.

സാധാരണപോലെ, ഉള്‍പ്പിരിവുകളുള്ള ഒരു കഥയോ, കഥാഗതിയെ മാറ്റിമറിക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളോ ഇതില്‍ കാണാനാവില്ല. ഉള്ളത്‌ അനുഭവങ്ങളുടെ കുറെ സത്യങ്ങള്‍ മാത്രം. `ടിപ്‌റ്റന്‍ ത്രയം' എന്നറിയപ്പെടുന്ന ചെറുപ്പക്കാരുടെ തീഷ്‌ണയൗവനത്തില്‍ നിന്നു ചോര്‍ന്നുപോയ രണ്ടുമൂന്നുവര്‍ഷങ്ങളുടെ രേഖാ ചിത്രം. ബ്രിട്ടനിലെ ടിപ്‌റ്റണില്‍ ജീവിക്കുന്ന പാക്‌ വംശജരാണ്‌ ആസിഫ്‌ ഇഖ്‌ബാല്‍, റുഹേല്‍ അഹമ്മദ്‌, ഷഫീഖ്‌ റസൂല്‍ എന്നിവര്‍. എല്ലാവര്‍ക്കും ഇരുപതിനടുത്ത്‌ പ്രായം. ആസിഫിന്‍െറ മാതാവ്‌ ഇസ്‌ലാമാബാദില്‍ അവന്‌ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു. അവളെ ആസിഫിന്‌ ഒന്നു കാണണം. അതിനായി പാകിസ്‌താനിലേക്ക്‌ പുറപ്പെടുകയാണവന്‍. 2001 സപ്‌തംബര്‍ 28നാണ്‌ യാത്ര തുടങ്ങുന്നത്‌. സുഹൃത്തുക്കളായ റുഹേലും ഷഫീഖും മുനീറും അവനൊപ്പം കൂടുന്നു കറാച്ചിയും ക്വറ്റയും കടന്ന്‌ അവര്‍ അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയിലെത്തുന്നു. അപ്പോഴേക്കും അഫ്‌ഗാനിസ്‌താനില്‍ അമേരിക്കന്‍ സേന കടുത്ത ആക്രമണം തുടങ്ങിയിരുന്നു. യുദ്ധാവസ്ഥ കാണാന്‍ അഫ്‌ഗാനിസ്‌താനിലേക്ക്‌ പോകുന്നു നാല്‍വരും.
താലിബാന്‍െറ ഹൃദയഭൂമിയായ കാണ്ഡഹാറിലാണ്‌ ആദ്യമെത്തുന്നത്‌. യുദ്ധം കനത്തതോടെ അവര്‍ അവിടം വിടുന്നു കാബൂളിലെ്‌തതിയതും എങ്ങനെയെങ്കിലും ജന്മനാട്ടിലേക്ക്‌ പോകാനായി ശ്രമം. കുണ്ടൂസ്‌ പ്രവിശ്യയില്‍ വെച്ച്‌ കൂട്ടത്തിലുള്ള മുനീറിനെ കാണാതാവുന്നു. ബാക്കി മൂന്നുപേരും വടക്കന്‍ സഖ്യത്തില്‍പ്പെട്ട സൈനികരുടെ പിടിയിലാവുന്നു. അവര്‍ മൂവരേയുമ അമേരിക്കന്‍ സേനക്ക്‌ കൈമാറുന്നു. അവിടെ നിന്ന്‌ ഗ്വാണ്ടനാമോ തടവറയിലേക്കുള്ള ദുരിതപാത തുടങ്ങുകയായി. അല്‍ ഖ്വെയ്‌ദക്കാരെന്നു മുദ്രകുത്തപ്പെട്ട അവര്‍ പീഢനത്തിന്‍െറയും അവഹേളനത്തിന്‍െറയും ദിനരാത്രങ്ങളിലൂടെ കടന്നുപോവുകയാണ്‌. രണ്ടര വര്‍ഷത്തോളം വിചാരണയില്ലാതെ ഗ്വാണ്ടനാമോയില്‍ കഴിഞ്ഞു. ഒടുവില്‍ , 2004 ല്‍ മൂവരും മോചിതരാക്കപ്പെട്ടു.

യു.എസ്‌. പ്രസിഡന്‍റ്‌ ജോര്‍ജ്ജ്‌ ബുഷിന്‍െറ വാചകമടിയോടെയാണ്‌ ചിത്രം തുടങ്ങുന്നത്‌. ഗ്വാണ്ടനാമോയിലെ പൈശാചികതയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുകയാണദ്ദേഹം. ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്നവരെല്ലാം `ചീത്ത ആള്‍ക്കാരാണ്‌' എന്നാണ്‌ ബുഷിന്‍െറ ന്യായവാദം. ഇതംഗീകരിക്കും മട്ടില്‍ , ബുഷിന്‍െറ വലംകയ്യായ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണിബ്ലെയറെയും അടുത്ത ദൃശ്യത്തില്‍ നാം കാണുന്നു. ഈരംഗം കട്ട്‌ചെയ്യുന്നത്‌ ആസിഫ്‌ ഇഖ്‌ബാല്‍ എന്ന ചെറുപ്പക്കാരനിലേക്കാണ്‌. പ്രതീക്ഷയോടെ ജന്മനാട്ടിലേക്കു പോകാന്‍ ഒരുക്കങ്ങള്‍ നടത്തുകയാണവന്‍. ബുഷിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ ആ `ചീത്തപ്പയ്യന്‍' ഗ്വാണ്ടനാമോയിലേക്കുള്ള തന്‍െറ യാത്രക്ക്‌ തുടക്കം കുറിക്കുകയായിരുന്നു.ഈ സിനിമയുടെ ഇതിവൃത്തവുമായി ഇഴുകിച്ചേര്‍ന്ന്‌ കിടക്കുന്ന ഒരു ഘടകമാണ്‌ യാത്ര. ആസിഫിന്‍െറയും കൂട്ടുകാരുടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നത്‌ യാത്രയാണ്‌. തുടക്കം ആഹ്ലാദാരവങ്ങളോടെ. പിന്നീടത്‌ ദുരന്തത്തിലേക്ക്‌ വഴിമാറിപ്പോകുന്നു. പാകിസ്‌താനിലൂടെ, അഫ്‌ഗാനിസ്‌താനിലൂടെ മലമ്പാതകളും നഗരങ്ങളും താണ്ടി അവര്‍ കടന്നു പോകുന്നുണ്ട്‌. ആദ്യം ബസ്സില്‍, പിന്നെ ടൊയോട്ടയില്‍. കുണ്ടൂസിലെത്തിയപ്പോള്‍ യാത്രയുടെ മട്ടുമാറുന്നു. സ്വതന്ത്ര്യത്തില്‍ നിന്ന്‌ വിലങ്ങുകളിലേക്കാണവര്‍ കിതച്ചെത്തുന്നത്‌. ഇവിടുന്ന്‌ തുറന്ന ലോറികളിലും വായു കടക്കാതെ അടച്ചിട്ട കണ്ടെയ്‌നറുകളിലും ഒടുവില്‍ ബന്ധനസ്ഥനാക്കപ്പെട്ട്‌ വിമാനത്തിലും യാത്ര തുടരുന്നു. ഇവിടെ, ആഹ്ലാദം ഭീതിക്കുന മൗനത്തിനും വഴിമാറിക്കൊടുക്കുന്നു.

യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കി എടുത്തിട്ടുള്ളതിനാല്‍ ഈ ചിത്രത്തിന്‌ പൊതുവെ ഡോക്യുമെന്‍ററിയുടെ സ്വഭാവമുണ്ട്‌. തടവറയില്‍ നിന്നു പുറത്തുവന്ന ആസിഫിന്‍െറയും റുഹേലിന്‍െറയും ഷഫീഖിന്‍െറയും വാക്കുകളിലൂടെത്തന്നെയാണ്‌ അവരുടെ ദുരനുഭവങ്ങള്‍ നാം കേള്‍ക്കുന്നത്‌. അവ ദൃശ്യഖണ്ഡങ്ങളായി നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോകുന്നു. ഇതിലെ നടന്മാരാരും അഭിനയിക്കുന്നില്ല. ഓരോ അനുഭവവും സ്വന്തമാക്കിമാറ്റി അവര്‍ സ്വാഭാവികമായി പെരുമാറുക മാത്രമാണ്‌ ചെയ്യുന്നത്‌.

മൈക്കിള്‍ വിന്‍റര്‍ബോട്ടം, മാറ്റ്‌ വൈറ്റ്‌ക്രോസ്‌ എന്നീ ബ്രിട്ടീഷുകാരാണ്‌ `ഗ്വാണ്ടനാമോ'യുടെ സംവിധായകര്‍. 2003ല്‍ ബര്‍ലിന്‍ അന്താരാഷ്ര്‌ട ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡിന്നര്‍ഹമായ `ഇന്‍ ദിസ്‌ വേള്‍ഡി'ന്‍െറ സംവിധായകനാണ്‌ വിന്‍റര്‍ബോട്ടം. അഫ്‌ഗാനിസ്‌താന്‍ തന്നെയായിരുന്നു ഈ ചിത്രത്തിലെയും പ്രമേയം. അഫ്‌ഗാന്‍ അഭയാര്‍ഥികളായിരുന്നു ഇതിലെ അഭിനേതാക്കള്‍.

2006ലെ ബര്‍ലിന്‍ അന്താരാഷ്ര്‌ട ചലച്ചിത്രമേളയില്‍ `ദ റോസ്‌ ടു ഗ്വാണ്ടനാമോ' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. തന്‍െറ സിനിമക്കു പിന്നില്‍ രാഷ്ര്‌ടീയമൊന്നുമില്ലെന്ന്‌ വിന്‍റര്‍ബോട്ടം പറയുന്നു. `മൂവരുടെയും അനുഭവങ്ങള്‍ കേട്ടപ്പോള്‍ അത്‌ സിനിമയാക്കാന്‍ താല്‍പര്യം തോന്നി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി പകര്‍ത്തിവെക്കാനേ ശ്രമിച്ചിട്ടുള്ളൂ'-അദ്ദേഹം വ്യക്തമാക്കുന്നു.

കൂടുതല്‍ പേര്‍ തങ്ങളുടെ ചിത്രം കാണണമെന്ന്‌ സംവിധായകര്‍ ആഗ്രഹിച്ചു. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും മുമ്പ്‌ തന്നെ `ചാനല്‍ ഫോറി'ല്‍ കാണിച്ചു. പിന്നീട്‌, തിയേറ്ററിനൊപ്പം ഇന്‍റര്‍നെറ്റിലും കാണിച്ചു. ഇതിന്‍െറ ഡി.വി.ഡിയും പുറത്തിറങ്ങി. ഇംഗ്ലണ്ട്‌, അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍, ഇറാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഗ്വാണ്ടനാമോ തടവറ രൂപപ്പെടുത്തിയത്‌ ഇറാനിലാണ്‌.

കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടങ്കല്‍ പാളയത്തിന്‍െറ ഉള്ളറകളിലേക്ക്‌ നോക്കുന്ന ആദ്യചിത്രം എന്നാണ്‌ പല നിരൂപകരും `ദ റോഡ്‌ ടു ഗ്വാണ്ടനാമോ'യെ വിശേഷിപ്പിക്കുന്നത്‌. `അതിശക്തം. ഓരോ അമേരിക്കന്‍ വോട്ടറും കണ്ടിരിക്കേണ്ട ചിത്രം' എന്നാണ്‌ ബുഷിനെറ കടുത്ത വിമര്‍ശകനായ അമേരിക്കന്‍ സംവിധായകന്‍ മൈക്കിള്‍മൂര്‍ അഭിപ്രായപ്പെടുന്നത്‌.

`ദ റോഡ്‌ ടു ഗ്വാണ്ടനാമോ' യാഥാര്‍ഥ്യങ്ങളോട്‌ നീതി പുലര്‍ത്തുന്ന നല്ലൊരു ചിത്രമാണെന്നാണ്‌ ആ തടവറകളില്‍ ഏറെക്കാലം കഴിച്ചുകൂട്ടേണ്ടിവന്ന മുരാട്‌ കര്‍നാസ്‌ പറയുന്നത്‌. ഗ്വാണ്ടനാമോയില്‍ അരങ്ങേറുന്ന പൈശാചികതയുടെ ഇരുപതു ശതമാനമേ ചിത്രത്തിലുള്ളൂ എന്നാണ്‌ മുരാടിന്‍െറ പക്ഷം. അവിടെ നടക്കുന്നതെല്ലാം ഒറ്റച്ചിത്രത്തില്‍ ഒതുക്കാനാവില്ല എന്നാണ്‌ അദ്ദേഹത്തിന്‍െറ അഭിപ്രായം.

`ദ വാലി ഓഫ്‌ ദ വൂള്‍വ്‌സ്‌ ഇറാഖ്‌' എന്ന തുര്‍ക്കിചിത്രവുമായി ഗ്വാണ്ടനാമോക്ക്‌ കുറച്ചൊക്കെ സാമ്യമുണ്ട്‌. ഇറാഖി ജനത ഏറ്റുവാങ്ങേണ്ട വരുന്ന പീഡനങ്ങളാണ്‌ തുര്‍ക്കിചിത്രത്തിന്‍െറ വിഷയം. അവിടത്തെ അബുഗരെബ്‌ തടവറയിലും ഗ്വാണ്ടനാമോയിലും നാം കാണുന്ന രംഗങ്ങള്‍ക്ക്‌ ഒരേ സ്വഭാവമാണ്‌. വേട്ടക്കാര്‍ ഒന്നുതന്നെയാകുമ്പോള്‍ അവരുടെ ക്രൂരതകള്‍ക്കും ഒരേ മുഖം കൈവരുന്നത്‌ സ്വാഭാവികം മാത്രം.

മനുഷ്യവകാശങ്ങള്‍ ചവിട്ടിമെതിയ്‌ക്കുന്ന ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടണമെന്ന ആവശ്യം ലോകമെങ്ങും ഉയരുന്ന സന്ദര്‍ഭത്തിലാണ്‌ ഇത്തരമൊരു സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌ എന്ന കാര്യം ശ്രദ്ധേയമാണ്‌. 2002 ജനവരി പതിനൊന്നിനാണ്‌ ക്യൂബയിലെ അമേരിക്കന്‍ നാവികത്താവളത്തിന്‍െറ ഭാഗമായി ഈ തടവറ തുറന്നത്‌. സംശയത്തിന്‍െറ നിഴലിലുള്ളവരെല്ലാം ഗ്വാണ്ടനാമോയിലേക്കുള്ള പാതയിലാണ്‌. താലിബാന്‍, അല്‍ഖ്വെയ്‌ദ തീവ്രവാദികളെന്നു കരുതുന്നുവരെയാണ്‌ ഇവിടേക്കു കൊണ്ടുവരുന്നത്‌. മുപ്പത്‌ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ തടവുകാരായി ഉണ്ടെന്നാണ്‌ കണക്ക്‌. കുറ്റപത്രമില്ലാതെ, വിചാരണയില്ലാതെ അവരുടെ തടവ്‌ അനിശ്ചിതമായി നീളുകയാണ്‌.

4 comments:

T Suresh Babu said...
This comment has been removed by the author.
T Suresh Babu said...

തടവറകളില്‍ കുറ്റം ചുമത്തപ്പെടാതെ, വിചാരണയില്ലാതെ, കാരുണ്യലേശമില്ലാതെ , ഭീതിയുടെ മുള്‍മുനയില്‍ നരകം കണ്ടുമടങ്ങിയ മൂന്നു ചെറുപ്പക്കാരുടെ അനുഭവങ്ങളാണ്‌. `ദ റോഡ്‌ റ്റു ഗ്വാണ്ടനാമോ' എന്ന ബ്രിട്ടീഷ്‌ ചിത്രം

siva // ശിവ said...

`ദ റോഡ്‌ റ്റു ഗ്വാണ്ടനാമോ' വായിച്ചു.....നല്ല ലേഖനം

വെള്ളെഴുത്ത് said...

ഇവിടെ പ്രദര്‍ശിപ്പിച്ചപ്പോള്‍ കണ്ട ചിത്രമാണിത്. ചിത്രങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ഇങ്ങനെയൊരു ചിത്രം കണ്ടകാര്യം കൂടി മറന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി.