ഹോങ്കോങ്ങില്‍നിന്നുവരുന്ന അടിപ്പടങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്‌തമാണ് വോങ് കര്‍-വായിയുടെ ചിത്രങ്ങള്‍. അവ കണ്ടുകഴിഞ്ഞ് മറക്കാനുള്ളതല്ല. ഓര്‍ത്തോര്‍ത്ത് പുതിയ അര്‍ഥതലങ്ങളിലേക്ക് എത്തിപ്പെടാനുള്ളതാണ്. ഓര്‍ത്തെടുത്ത് ആസ്വദിക്കാനും വേദനിക്കാനുമുള്ളതാണ്. കാരണം, മനുഷ്യരെക്കുറിച്ചാണ്, അവരുടെ സേ്‌നഹബന്ധങ്ങളെക്കുറിച്ചാണ് വോങ് വിഷാദസ്വരത്തില്‍ പറയുന്നത്. ഓരോ നിമിഷവും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് വോങ്ങിന്‍െറ കഥാപാത്രങ്ങള്‍. ജീവിച്ച ഓരോ നിമിഷവും ഓര്‍മകളില്‍ സൂക്ഷിക്കുന്നവരാണവര്‍. ഓര്‍മയുടെ പേരില്‍ പിന്നീട് വേദനിക്കുന്ന മനുഷ്യരാണവര്‍. നഷ്‌ടപ്പെട്ട ഓര്‍മകള്‍ മനസ്സിന്‍െറ മടക്കയാത്രയിലൂടെ തിരിച്ചുപിടിക്കാന്‍ അവര്‍ കൊതിക്കുന്നു. വോങ്ങിന് അവര്‍ പ്രിയംകരരാവുന്നു.
ഓര്‍മകളും സമയവും തിരിച്ചുപിടിക്കാനുള്ള മനുഷ്യന്‍െറ അദമ്യ മോഹങ്ങളെ കലാപരമായി മുദ്രപ്പെടുത്തുകയാണ് വോങ് എന്ന അന്‍പതുകാരന്‍. സൗഹൃദമാണ് ജീവിതത്തിന്‍െറ അടിസ്ഥാന വികാരം എന്ന വിശ്വാസക്കാരനാണ് വോങ്. ഒരു നിമിഷനേരത്തേക്ക് കണ്ടുമുട്ടുന്നവര്‍ക്കും സൗഹൃദം പങ്കുവെക്കാമെന്ന് അദ്ദേഹം പറയുന്നു. ``ഒരു മിനിറ്റു നേരത്തേക്ക് നമുക്ക് സുഹൃത്തുക്കളാകാം'' എന്നു പറയുന്നവരാണ് വോങ്ങിന്‍െറ കഥാപാത്രങ്ങള്‍. ഈ സൗഹൃദങ്ങളൊന്നും പക്ഷേ, നിത്യമല്ലെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ട്. എന്തിനും ഒരു കാലഹരണത്തീയതിയുണ്ട്. പ്രണയത്തിനും സൗഹൃദത്തിനുമൊക്കെ ഇത് ബാധകമാണെന്നും വോങ് പറയുന്നു.
1980 കളുടെ മധ്യത്തില്‍ രൂപംകൊണ്ട രണ്ടാം നവതരംഗത്തില്‍പ്പെട്ട ഹോങ്കോങ് സംവിധായകരില്‍ പ്രധാനിയാണ് വോങ് കര്‍-വായ്. 1984-ല്‍ ഒപ്പിട്ട ചൈന-ബ്രിട്ടീഷ് കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഉത്‌കണ്‌ഠയും പങ്കുവെക്കുന്നവരാണ് രണ്ടാം നവതരംഗ സംവിധായകര്‍. (ബ്രിട്ടീഷ് കോളണിയായ ഹോങ്കോങ്ങിനെ 1997-ല്‍ ചൈനയ്‌ക്ക് കൈമാറാം എന്ന കരാറാണ് 84-ല്‍ ഒപ്പിട്ടത്.)
ഹോങ്കോങ്ങിന്‍െറ ഭാവിയിലായിരുന്നു എല്ലാവര്‍ക്കും ഉത്‌കണ്‌ഠ. പാശ്ചാത്യ-ചൈനീസ് സംസ്‌കാരങ്ങള്‍ കൂടിച്ചേര്‍ന്ന ഇരട്ടവ്യക്തിത്വമാണ് ഹോങ്കോങ്ങിനുള്ളത്. ഇതിന്‍െറ പ്രതിഫലനം വോങ്ങിന്‍െറ ചിത്രങ്ങളില്‍ കാണാം. ഭൂതകാലവും വര്‍ത്തമാനവും തമ്മിലുള്ള സംഘര്‍ഷമാണ് വോങ്‌ചിത്രങ്ങളുടെ അടിസ്ഥാന ശക്തിയായി വര്‍ത്തിക്കുന്നത്. ഈ സംഘര്‍ഷത്തെ വ്യക്തികളിലേക്ക് സംക്രമിപ്പിച്ച് അദ്ദേഹം കലാപരമായി ദൃശ്യവത്‌കരിക്കുന്നു. സേ്‌നഹവും സേ്‌നഹനിരാസവും ഏകാകിതയും അന്യവത്‌കരണവുമൊക്കെ അനുഭവിക്കുന്നവരാണ് വോങ്ങിന്‍െറ കഥാപാത്രങ്ങളേറെയും. നഗരാഭിമുഖ്യമുള്ള ഈ കഥാപാത്രങ്ങള്‍ സ്വപ്‌നലോകത്തേക്ക് പോകാനാഗ്രഹിക്കുന്നവരാണ്. നഷ്‌ടനിമിഷങ്ങളെക്കുറിച്ചോര്‍ത്ത് വിഷാദിക്കുന്നവരാണവര്‍. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും ആ നിമിഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ വെമ്പല്‍കൊള്ളുകയാണവര്‍.
1960-കളിലെ ഹോങ്കോങ്ങിനെ പശ്ചാത്തലമാക്കി വോങ് എടുത്ത സിനിമാ ത്രയത്തിലെ മൂന്നാമത്തെ ചിത്രമാണ് `2046'. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (2004)യില്‍ കാണിച്ചതാണീ ചിത്രം. `ഡെയ്‌സ് ഓഫ് ബീയിങ് വൈല്‍ഡ്' (1991), `ഇന്‍ ദ മൂഡ് ഫോര്‍ ലവ്' (2000) എന്നിവയാണ് `2046'-ന്‍െറ മുന്‍ഗാമിച്ചിത്രങ്ങള്‍. `ആസ്‌ടിയേഴ്‌സ് ഗോ ബൈ' എന്ന ചിത്രത്തിലൂടെയാണ് വോങ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. രണ്ടാമത്തെ ചിത്രമാണ് `ഡെയ്‌സ് ഓഫ് ബീയിങ് വൈല്‍ഡ്'. ഗ്രാഫിക് ഡിസൈനിങ്ങില്‍ ഡിപ്ലോമ നേടിയിട്ടുള്ളയാളാണ് വോങ്. ദൃശ്യവത്‌കരണത്തില്‍ ഇതിന്‍െറ സ്വാധീനം ഏറെ പ്രകടമാണ്. ഹോങ്കോങ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം, സംവിധാനം എന്നിവയടക്കം അഞ്ച് അവാര്‍ഡുകളാണ് `ഡെയ്‌സ് ഓഫ് ബീയിങ് വൈല്‍ഡ്' എന്ന ചിത്രത്തിനു ലഭിച്ചത്. `ഇന്‍ ദ മൂഡ് ഫോര്‍ ലവ്' കാനില്‍ ടെക്‌നിക്കല്‍ സമ്മാനം നേടിയിട്ടുണ്ട്.
ഇന്‍ ദ മൂഡ് ഫോര്‍ ലവ്' റിലീസായ 2000-ത്തില്‍ത്തന്നെ മൂന്നാം ഭാഗമായ `2046'ന് വോങ് തുടക്കം കുറിച്ചിരുന്നു. പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷമെടുത്തു. കാനില്‍ `2046' പ്രദര്‍ശിപ്പിക്കുമ്പോള്‍ എഡിറ്റിങ് പൂര്‍ണമായിരുന്നില്ല. എഡിറ്റിങ് പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.
��സിനിമാ പ്രേമികളില്‍ ഏറെ തെറ്റിദ്ധാരണയുണ്ടാക്കിയ ശീര്‍ഷകമാണ് `2046'. ഭാവിയില്‍ നടക്കാനിരിക്കുന്ന ശാസ്‌ത്രനേട്ടങ്ങളെ ആധാരമാക്കിയുള്ള സയന്‍സ് ഫിക്‌ഷനാണോ ഇത് എന്നതായിരുന്നു ഒരു സംശയം. മറ്റൊന്ന് ഫോങ്കോങ്ങിനെക്കുറിച്ചായിരുന്നു. 1997-ലെ കൈമാറ്റ സമയത്ത് ഫോങ്കോങ്ങിന് അന്‍പതുവര്‍ഷത്തെ സ്വയംഭരണം ചൈന വാഗ്‌ദാനം ചെയ്‌തിരുന്നു. അതനുസരിച്ച് 2046ല്‍ ഈ കാലാവധി അവസാനിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള ഈ ഉത്‌കണ്‌ഠയാവാം ചിത്രത്തിന്‍െറ വിഷയം എന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍, രണ്ടുസംശയങ്ങള്‍ക്കും ചിത്രപ്രദര്‍ശനത്തോടെ ഉത്തരമായി.
`ഇന്‍ ദ മൂഡ് ഫോര്‍ ലവി'ല്‍ നായികാനായകന്മാരായ സു ലി-സെന്നും ചൗ മോ-വാനും കുങ്‌ഫു പരമ്പരയെഴുതാന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ നമ്പറാണ് 2046. `2046' എന്ന സിനിമയിലും ഈ നമ്പര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കഥാനായകന്‍ ഓറിയന്‍റല്‍ ഹോട്ടലിലെത്തി 2046-ാം നമ്പര്‍ മുറി ആവശ്യപ്പെടുന്നുണ്ടെങ്കിലും കിട്ടുന്നില്ല. തൊട്ടടുത്ത മുറിയായ 2047-ലാണയാള്‍ താമസിക്കുന്നത്. ലുലു, ബായ്‌ലിങ് എന്നീ രണ്ടു സ്‌ത്രീകഥാപാത്രങ്ങളാണ് 2046-ല്‍ കഴിയുന്നത്.
വോങ്ങിന് 2046 വെറുമൊരു നമ്പറല്ല. കഥാനായകനായ പത്രപ്രവര്‍ത്തകന്‍ എഴുതുന്ന ശാസ്‌ത്രകഥകളിലെ ഒരുവര്‍ഷവും സ്ഥലവുമാണത്. നഷ്‌ടപ്പെട്ട ഓര്‍മകള്‍ തിരിച്ചുപിടിക്കാന്‍ എല്ലാവരും 2046-ലേക്കാണ് ട്രെയിനില്‍ യാത്രയാവുന്നത്. 2046 എന്നത് ഒരു കാല സങ്കല്‌പമാകാം. സ്ഥലമാകാം. ഹോട്ടല്‍മുറിയാകാം. ഒരു കഥയുടെ ശീര്‍ഷകമാകാം. ഒരുതരം മാനസികാവസ്ഥയാകാം. അല്ലെങ്കില്‍, ഹോങ്കോങ്ങിന്‍െറ സ്വയം ഭരണം അവസാനിക്കുന്ന കൊല്ലവുമാകാം. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാന്‍ വോങ് അനുവദിക്കുന്നു. കേവലമൊരു നമ്പറില്‍നിന്ന് ഏറെ അര്‍ഥതലങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോവുകയാണ് 2046. ലളിതരീതിയിലുള്ള ആസ്വാദനമല്ല, അതിനപ്പുറത്തെ വിശകലനമാണ് വോങ് നമ്മളില്‍നിന്ന് ആവശ്യപ്പെടുന്നത്.
സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ് മൂന്നു ചിത്രങ്ങളിലെയും പ്രമേയം. ഫിലിപ്പീന്‍കാരനായ പ്ലേബോയ് യുഡ്‌ഡിയാണ് `ഡെയ്‌സ് ഓഫ് ബീയിങ് വൈല്‍ഡി'ലെ നായകന്‍. ഒട്ടേറെ യുവതികളുമായി അയാള്‍ക്ക് അടുപ്പമുണ്ട്. അതിലൊരുവളായ സുലി-സെന്നാണ് രണ്ടാമത്തെ ചിത്രമായ `ഇന്‍ ദ മൂഡ് ഫോര്‍ ലവി'ല്‍ നായിക. `ഡെയ്‌സ് ഓഫ് ബീയിങ് വൈല്‍ഡി'ല്‍ ഏതാനും മിനിറ്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ചൗമോ-വാന്‍ എന്ന കഥാപാത്രമാണ് പിന്നീടുള്ള രണ്ടു സിനിമകളിലെയും നായകന്‍. `ഇന്‍ ദ മൂഡ് ഫോര്‍ ലവി'ന്‍െറ തുടക്കത്തില്‍ സു ഹോങ്കോങ്ങിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റില്‍ ഭര്‍ത്താവുമൊത്ത് താമസിക്കുകയാണ്. തൊട്ടടുത്ത മുറിയില്‍ ചൗവും ഭാര്യയും താമസമാക്കുന്നു. സുവിന്‍െറ ഭര്‍ത്താവും ചൗവിന്‍െറ ഭാര്യയും ജോലി ആവശ്യാര്‍ഥം പുറത്തുപോവുകയാണ്. അടുത്തടുത്ത മുറികളില്‍ ഏകാന്തത അനുഭവിക്കുകയാണ് ചൗവും സുവും.
ഇടയ്‌ക്കിടയ്‌ക്കുള്ള കണ്ടുമുട്ടലും പരിചിതഭാവത്തിലുള്ള നോട്ടങ്ങളും ഒന്നോ രണ്ടോ വാക്കുകളിലുള്ള കുശലാന്വേഷണങ്ങളും വായനയിലുള്ള താത്‌പര്യവും അവരെ ക്രമേണ അടുപ്പിക്കുന്നു. തങ്ങളുടെ ഇണകള്‍ക്കിടയില്‍ അവിഹിത ബന്ധം വളര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതോടെ ചൗവും സുവും തുല്യദുഃഖിതരെന്ന നിലയില്‍ കൂടുതല്‍ അടുക്കുന്നു. ചൗവിന്‍െറ കുങ്‌ഫു പരമ്പരയെഴുതാന്‍ അവള്‍ സഹായിക്കുന്നു. ഇതിനായി അവര്‍ താമസിക്കുന്നത് 2046-ാം നമ്പര്‍ ഹോട്ടല്‍ മുറിയില്‍. തന്‍െറ ഉള്ളില്‍ താന്‍ തേടിക്കൊണ്ടിരുന്ന പെണ്‍കുട്ടി ഇവളാണെന്ന് ചൗവിനു തോന്നുന്നു. സിങ്കപ്പൂരിലേക്ക് പോകുമ്പോള്‍ അയാള്‍ സുവിനെയും ക്ഷണിക്കുന്നു. ഒരുമിച്ച് ജിവിക്കാമെന്നുള്ള ചൗവിന്‍െറ അഭ്യര്‍ഥന പക്ഷേ, സു നിരസിക്കുകയാണ്. നാലുവര്‍ഷങ്ങള്‍ക്കുശേഷം സു മകനുമൊത്ത് വീണ്ടും ഹോങ്കോങ്ങിലെത്തുന്നു. താന്‍ മുന്‍പ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്‍റ് വിലയ്‌ക്കുവാങ്ങി അവിടെ താമസം തുടങ്ങുന്നു. (ഈ മകന്‍ സു-ചൗ ബന്ധത്തില്‍ നിന്നുണ്ടായതാണെന്നാണ് അവസാനരംഗങ്ങളില്‍നിന്നു കിട്ടുന്ന സൂചന.) ചൗവും ഒരുദിവസം ഹോങ്കോങ്ങിലെ പഴയതാമസ സ്ഥലത്ത് വരുന്നുണ്ട്. അയാള്‍ക്ക് സുവിനെ കാണാന്‍ കഴിയുന്നില്ല. മറ്റാരോടും പങ്കിടാനാഗ്രഹിക്കാത്ത രഹസ്യം ഒരു മലമുകളിലെ മരപ്പൊത്തില്‍ ഭദ്രമായി സൂക്ഷിക്കുകയാണ് ചൗ. (പഴയകാലത്തെ ഒരു വിശ്വാസത്തെക്കുറിച്ച് `ഇന്‍ ദ മൂഡ് ഫോര്‍ ലൗ'വിലും `2046'-ലും ആവര്‍ത്തിക്കുന്നതുകാണാം. മറ്റുള്ളവരോട് പറയാനാഗ്രഹിക്കാത്ത വല്ല രഹസ്യവുമുണ്ടെങ്കില്‍ മലമുകളില്‍ പോയി ഒരു മരം കണ്ടെത്തുന്നു. ആ മരത്തില്‍ ഒരു ദ്വാരമുണ്ടാക്കി അതില്‍ തന്‍െറ രഹസ്യങ്ങള്‍ മന്ത്രിക്കുന്നു. എന്നിട്ട് ദ്വാരം മണ്ണുകൊണ്ടടയ്‌ക്കുന്നു. ഇങ്ങനെ ചെയ്‌താല്‍ ആ രഹസ്യം എന്നെന്നും അവിടെത്തന്നെ നിലനില്‌ക്കുമത്രെ.)
വോങ്ങിന്‍െറ ശില്‌പവൈഭവം കൂടുതല്‍ പ്രകടമാകുന്ന ചിത്രമാണ് `ഇന്‍ ദ മൂഡ് ഫോര്‍ ലവ്'. സമാനഹൃദയരായ രണ്ടുവ്യക്തികളില്‍ മാത്രമായി കഥ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ് വോങ്. ഗോസിപ്പുകളെ ഭയപ്പെടുന്ന നായികാനായകന്മാരുടെ ഒതുക്കിപ്പിടിച്ച പ്രണയഭാവങ്ങള്‍ ഈ ചിത്രത്തെ ഭാവഗീതമാക്കുന്നു. നൂലിഴകളില്‍ തുടങ്ങി, ശക്തിയായി പെയ്‌ത്, ആര്‍ദ്രതയോടെ മണ്ണിലേക്ക് ഉള്‍വലിയുന്ന മഴക്കാഴ്‌ചയുടെ സൗന്ദര്യമുണ്ടീ ചിത്രത്തിന്. (മഴ ഈ ചിത്രത്തില്‍ ഇടയ്‌ക്കിടെ കടന്നുവരുന്നുണ്ട്. കഥാഘടനയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട് മഴ.)
കാലക്രമമനുസരിച്ച് കഥ പറഞ്ഞുപോകുന്ന രീതിയല്ല വോങ് `2046'-ല്‍ പിന്തുടരുന്നത്. സുവിന്‍െറ ഓര്‍മകളില്‍ ജീവിക്കുന്ന ഒരു കഥാപാത്രമാണിതില്‍ ചൗ. അയാളുടെ ഓര്‍മകള്‍ക്ക് കാലക്രമം നഷ്‌ടപ്പെടുന്നുണ്ട്. കണ്ടുമുട്ടുന്ന ഓരോ യുവതിയിലും അയാള്‍ സുവിനെ തിരയുകയാണ്. പക്ഷേ, കണ്ടെത്താനാവുന്നില്ല. ഒടുവില്‍ അയാള്‍ക്ക് ഒരു കാര്യം വ്യക്തമാകുന്നു. സേ്‌നഹബന്ധത്തില്‍ ഒന്നും പകരം വെക്കാനാവില്ല. ഒരാളെ മറ്റൊരാളില്‍ കണ്ടെത്തുക പ്രയാസമാണ്.
`ഇന്‍ ദ മൂഡ് ഫോര്‍ ലവി'ല്‍നിന്ന് `2046'-ല്‍ എത്തുമ്പോള്‍ കഥാനായകന്‍െറ വീക്ഷണത്തില്‍ മാറ്റം വന്നതുകാണാം. ഒരു ബന്ധത്തിലും അയാള്‍ ഉറച്ചു നില്‌ക്കാനാഗ്രഹിക്കുന്നില്ല. അമ്മയൊഴികെ എല്ലാ സ്‌ത്രീകളെയും ഒരേപോലെയാണയാള്‍ കാണുന്നത്. അയാളുമായി ഹൃദയം പങ്കിടാന്‍ കൊതിച്ച ബായി ലിങ് എന്ന അഭിസാരികയോട് ഈ കാര്യം പറയുന്നുണ്ട്. ``എനിക്ക് മൊത്തക്കച്ചവടത്തില്‍ താത്‌പര്യമില്ല, റീട്ടെയില്‍ ഇടപാടേ വേണ്ടൂ'' എന്നു ചൗ തുറന്നടിക്കുന്നു. അതോടെ, ബായ്‌ലിങ് അയാളില്‍നിന്നകലുകയാണ്. താമസിക്കുന്ന ഹോട്ടലിന്‍െറ ഉടമയുടെ മകള്‍, ചൂതുകളിയില്‍ നഷ്‌ടപ്പെട്ട അയാളുടെ പണം മുഴുവന്‍ ചൂതുകളിയിലൂടെത്തന്നെ തിരിച്ചുവാങ്ങിക്കൊടുക്കുന്ന സു ലി-സെന്‍ (കാമുകിയുടെ അതേ പേര് തന്നെ) എന്നിവരടക്കം ഒട്ടേറെ യുവതികള്‍ ചൗവിന്‍െറ ജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്. പക്ഷേ, ഒന്നിലും അയാള്‍ക്ക് തന്‍െറ പ്രിയപ്പെട്ടവളെ കണ്ടെത്താനാവുന്നില്ല. ഭൂതകാലത്തെ അയാള്‍ക്ക് കാണാം. പക്ഷേ, തൊടാനാവുന്നില്ല എന്നെഴുതിക്കാണിച്ചുകൊണ്ടാണ് `2046' അവസാനിക്കുന്നത്.
`ഇന്‍ ദ മൂഡ് ഫോര്‍ ലവ്' എന്ന ചിത്രം കണ്ടാലേ `2046' പൂര്‍ണമായി ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും കഴിയൂ. രണ്ടിന്‍െറയും ഇതിവൃത്തം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. അന്തരീക്ഷത്തിലും പ്രമേയത്തിന്‍െറ ആവിഷ്‌കരണത്തിലും മാറ്റങ്ങളുണ്ടെങ്കിലും ഒന്ന് മറ്റൊന്നിന്‍െറ തുടര്‍ച്ച തന്നെയാണ്. ഹൃദയത്തോട് ചേര്‍ന്നു നില്‌ക്കുന്നതിനാല്‍ `ഇന്‍ ദ മൂഡ് ഫോര്‍ ലവ്' പൂര്‍ണമായും നമുക്കാസ്വദിക്കാനാവും. പക്ഷേ, `2046' അത്ര എളുപ്പം വഴങ്ങില്ല. `ഇന്‍ ദ മൂഡ് ഫോര്‍ ലവി'ല്‍ പ്രണയത്തിന്‍െറമുഗ്‌ദ്‌ധഭാവങ്ങള്‍ പകര്‍ത്തുന്ന വോങ്ങിന്‍െറ ക്യാമറ `2046'-ല്‍ ലൈംഗികതയുടെ അരാജകത്വമാണ് ലജ്ജയില്ലാതെ തുറന്നുകാട്ടുന്നത്.
പ്രണയവും സമയബോധവും വോങ്ങിന്‍െറ സിനിമകളിലെ പ്രധാന ഘടകമാണ്. നീങ്ങിക്കൊണ്ടിരിക്കുന്ന ഓരോ നിമിഷവും ഓര്‍മകളെ പിന്നോട്ടാക്കി ഇനി തിരിച്ചുകിട്ടാനാവാത്തവിധം നഷ്‌ടപ്പെടുകയാണെന്ന് അദ്ദേഹം വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു. `ഇന്‍ ദ മൂഡ് ഫോര്‍ ലവി'ല്‍ വലിയൊരു ക്ലോക്ക് പല രംഗങ്ങളിലും നമ്മുടെ മുന്നിലേക്ക് വരുന്നുണ്ട്. `2046'-ല്‍ ബായി ലിങ്ങിന് ചൗ സമ്മാനിക്കുന്നത് വാച്ചാണ്. നായകന്‍ കഥ അനാവരണം ചെയ്യുമ്പോള്‍ ഇടയ്‌ക്ക് സ്‌ക്രീനില്‍ വര്‍ഷങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ദിവസങ്ങളെ ചിലപ്പോള്‍ മണിക്കൂറുകളാക്കി എഴുതിക്കാണിക്കുന്നു.
`ആഷസ് ഓഫ് ടൈം, ചുങ്കിങ് എക്‌സ്‌പ്രസ്, ഫാളന്‍ എയ്‌ഞ്ചല്‍സ്, ഹാപ്പി ടുഗെദര്‍' എന്നിവയാണ് വോങ്ങിന്‍െറ മറ്റു സിനിമകള്‍.
1 comment:
എന്‍ പ്രഭാകരന്‍ എഴുതിയിരുന്നു സിനിമയെക്കുറിച്ച്. പെട്ടെന്നു മനസ്സിലാവാത്ത സിനിമ എന്നായിരുന്നു പൊതു അഭിപ്രായം. ഇപ്പോള്‍ ഈ ആസ്വാദനം വായിച്ച് ശേഷം സിനിമ കാണാമെന്നായിട്ടുണ്ട്. നോക്കട്ടെ
Post a Comment