
`കാണ്ഡഹാര്‍' എന്ന ഇറാനിയന്‍ ചിത്രം ഒരു യാത്രയുടെ കഥയാണ്. മൈനുകള്‍ പാകിയ മരണപ്പാടങ്ങളിലൂടെ സ്വന്തം സഹോദരിയെത്തേടി നഫാസ് എന്ന യുവതി നടത്തിയ അപൂര്‍ണ യാത്രയുടെ കഥ. പ്രതീക്ഷയുടെ വെയില്‍ത്തുണ്ടുകളില്‍നിന്ന് തുടങ്ങുന്ന യാത്ര അവസാനിക്കുന്നത് സൂര്യഗ്രഹണത്തിന്‍െറ തടവറയിലാണ്. ഈ യത്രയ്ക്കിടയില്‍ നഫാസ് കണ്ട അഭയാര്‍ഥികളുടെ മുഖങ്ങളാണ്, ആ മുഖങ്ങള്‍ക്കു പിന്നിലെ ജീവിതങ്ങളാണ് `കാണ്ഡഹാറി'നെ അസ്വസ്ഥമായ അനുഭവമാക്കിത്തീര്‍ക്കുന്നത്.
��താലിബാന് അധികാരത്തില്‍ വന്നപ്പോള്‍ അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍നിന്ന് കാനഡയിലേക്ക് രക്ഷപ്പെട്ട കുടുംബമാണ് നഫാസിന്‍േറത്. പക്ഷേ, ഇളയ സഹോദരി കാണ്ഡഹാറില്‍ത്തന്നെ കഴിയുകയാണ്. ജേര്‍ണലിസ്റ്റാണ് നഫാസ്. തീവ്രവാദികള്‍ പാകിയ മൈന്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഇളയസഹോദരിയില്‍നിന്ന് 1999-ന്‍െറ അവസാനത്തില്‍ നഫാസിന് ഒരു കത്തുകിട്ടുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ താലിബാന്‍െറ പീഡനങ്ങള്‍ സഹിക്കാനാവുന്നില്ലെന്നും ഇരുപതാം നൂറ്റാണ്ടിലെ അവസാന സൂര്യഗ്രഹണനാളില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു കത്തില്‍. സഹോദരിയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് നഫാസ് തീര്‍ച്ചയാക്കുന്നു. പാകിസ്താന്‍െറയും താജിക്കിസ്താന്‍െറയും അതിര്‍ത്തികളില്‍ ചെന്നുനോക്കിയെങ്കിലും അധികൃതര്‍ നഫാസിനെ തിരിച്ചയച്ചു. പിന്നീട്, ഇറാന് വഴി കാണ്ഡഹാറിലേക്കു കടക്കാനായി ശ്രമം. ഇറാന് അതിര്‍ത്തിയില്‍ എത്തിയ നഫാസ് തന്‍െറ യാത്ര ആരംഭിച്ചു.

ഒരു അഫ്ഗാന്‍കാരന്‍െറ കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അഫ്ഗാന്‍കാരന്‍െറ നാലാമത്തെ ഭാര്യ എന്ന വ്യാജേനയാണ് നഫാസ് സംഘത്തില്‍ ചേരുന്നത്. ഇതിനായി നൂറു ഡോളറാണ് അയാള്‍ക്ക് നല്‍കിയത്. മറ്റു സ്ത്രീകളെപ്പോലെ ബുര്‍ഖയണിഞ്ഞാണ് നഫാസും അവരോടൊപ്പം പോകുന്നത്. നിയമവിരുദ്ധമായി ജോലി ചെയ്തതിന് ഇറാനില്‍ പിടിക്കപ്പെട്ട അഫ്ഗാന്കാരന് സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകുകയാണ്. മരുഭൂമിയില്‍ കൊള്ളക്കാര്‍ അവരെ പിടികൂടുന്നു. എല്ലാം കവര്‍ന്നെടുത്ത് ഓട്ടോറിക്ഷയുമായി കൊള്ളക്കാര്‍ രക്ഷപ്പെടുന്നു. ഉടുതുണിയൊഴികെ എല്ലാം നഷ്ടപ്പെട്ട ആ കുടുംബം സങ്കടങ്ങളെല്ലാം ദൈവത്തോടുപറഞ്ഞ് വീണ്ടും അഭയാര്ഥികളാവാന് ഇറാനിലേക്ക് തിരിച്ചുപോവുകയാണ്. നഫാസിനു പക്ഷേ, തന്‍െറ യാത്ര തുടര്‍ന്നേ മതിയാവൂ. സൂര്യഗ്രഹണത്തിന് ഇനി മൂന്നുദിവസമേയുള്ളൂ. താലിബാന്‍െറ മദ്രസയില്‍നിന്നു പുറത്താക്കപ്പെട്ട ഖാക്ക് എന്ന പയ്യനായി പിന്നീട് നഫാസിന്‍െറ വഴികാട്ടി. ഖാക്കിന്‍െറ പിതാവ് മരിച്ചുപോയി. കഷ്ടപ്പെട്ട് കുടുംബത്തെ നോക്കുന്നത് അവനാണ്. അതുകൊണ്ട് മറ്റുകുട്ടികളെപ്പോലെ അവനു കൃത്യമായി സ്കൂളില്‍ പോകാന്‍ കഴിയാറില്ല. ഈ പത്തുവയസ്സുകാരന് അന്‍പതു ഡോളറാണ് നഫാസ് കൂലിയായി നല്‍കുന്നത്.
��യാത്രയ്ക്കിടയില്‍ വെള്ളം കുടിച്ച് അസുഖം ബാധിച്ച നഫാസ് മരുഭൂമിയിലെ ഡോക്ടറുടെ അടുത്തെത്തുന്നു. തബീബ് ഷഹീദ് എന്ന ഇയാള്‍ വൈദ്യശാസ്ത്ര പഠനമൊന്നും നടത്തിയിട്ടില്ല.
ആഫ്രിക്കന്‍ വംശജനായ ഈ അമേരിക്കക്കാരന് താന്‍ ദൈവത്തെ തേടുകയാണെന്നാണ് അവകാശപ്പെടുന്നത്. പയ്യന് കാണ്ഡഹാറിലേക്കുള്ള വഴി അറിയില്ലെന്നും പണം പിടുങ്ങാന്‍ പിന്നാലെ കൂടിയതാണെന്നും അയാള്‍ നഫാസിനോട് പറയുന്നു. അയാള്‍ കുതിരവണ്ടിയില്‍ നഫാസിനെ റെഡ്ക്രോസിന്‍െറ മെഡിക്കല്‍ ക്യാമ്പിലെത്തിക്കുന്നു. കാണ്ഡഹാറിലേക്കു പോകാന്‍ ഒരു വാഹനം സംഘടിപ്പിച്ചുതരണമെന്ന അഭ്യര്‍ഥന റെഡ്ക്രോസ് പ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാനാവുന്നില്ല. മറ്റൊരു അഫ്ഗാന്‍കാരന്‍െറ ഭാര്യയായി നടിച്ച് നഫാസ് കാണ്ഡഹാറിലേക്ക് പോകുന്ന ഒരു വിവാഹസംഘത്തില്‍ ചേരുന്നു. കാല്‍നടയായി പോകുന്ന വിവാഹസംഘത്തെ താലിബാന് തീവ്രവാദികള്‍ തടയുന്നു. അവരുടെ പിടിയിലാകുന്ന നഫാസിന്‍െറ കാണ്ഡഹാര്‍യാത്ര അതോടെ അവസാനിക്കുകയാണ്.


��അഫ്ഗാനിസ്താന് ഇതിവൃത്തമായി മഖ്മല്‍ ബഫ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് `കാണ്ഡഹാര്‍'. ഇറാനിലെ അഫ്ഗാന് അഭയാര്‍ഥിയായ നസീം മുഖ്യകഥാപാത്രമായുള്ള `ദ സൈക്കിളിസ്റ്റ്' ആണ് ആദ്യ ചിത്രം. രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി ഒരാഴ്ച സൈക്കിള്‍യജ്ഞം നടത്തുന്ന നസീമിനെ ഇറാന് അധികൃതര്‍ ചാരനായി മുദ്രകുത്തുന്നതും തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണിതില്‍. രണ്ടാമത്തെ ചിത്രത്തിലാവട്ടെ ഇതിവൃത്തം ഒന്നുകൂടി വിപുലമാവുന്നു. അഭയാര്‍ഥി പ്രശ്നത്തിനു പുറമെ താലിബാന് ഭരണത്തിനു കീഴിലെ സ്ത്രീകളുടെ ദുരവസ്ഥയും. അഫ്ഗാന് ജനസംഖ്യയില്‍ പകുതിയും സ്ത്രീകളാണ്. `ചത്തും കൊന്നും അടക്കി' അധീശത്വത്തിനു ശ്രമിക്കുന്ന ഗോത്രവര്‍ഗങ്ങള്‍ രാജ്യത്തിനു വരുത്തിവെക്കുന്ന ദുരിതങ്ങളും സിനിമയുടെ വിഷയങ്ങളായി മാറുകയാണ്.

��അഭയാര്‍ഥി ക്യാമ്പുകളിലേക്ക് ക്യാമറ തിരിക്കുമ്പോള്‍ മഖ്മല്‍ ബഫിലെ ചലച്ചിത്രകാരന് പിന്നിലേക്ക് മാറുന്നു. കാഴ്ചയിലെ നേരുകളാണ് അദ്ദേഹം പകര്‍ത്തുന്നത്. സിനിമ ഇവിടെ ഡോക്യുമെന്ററിയുടെ സ്വഭാവം കൈക്കൊള്ളുന്നു. ഈ പകര്‍ത്തിവെപ്പ് സിനിമയെ ഒട്ടും ദുര്‍ബലപ്പെടുത്തുന്നില്ല. മറിച്ച്, ഇതിവൃത്തത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. നിമിഷനേരം ഫ്രെയിമില്‍ നില്ക്കുന്ന മുഖങ്ങള്‍ പോലും നമുക്ക് പരിചിതമായി മാറുന്നു.
ക്യാമ്പില്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടികളുടെ മുഖങ്ങളിലെല്ലാം ഒരേ ഭാവമാണ്. അമ്പരപ്പാണ് ആ മുഖങ്ങളിലെപ്പോഴും. നാളെയെക്കുറിച്ചോര്‍ത്തുള്ള അമ്പരപ്പ്. ചുറ്റും മണല്‍ക്കൂമ്പാരം മാത്രമുള്ള ഒരു ലോകത്ത് അവര്‍ക്ക് പരിമിതമോഹങ്ങളേയുള്ളൂ. നിറമുള്ള വളകളിലും നെയില്‍പോളീഷിലും ഒതുങ്ങുന്നു ആ മോഹങ്ങള്‍. ഒരു പാവക്കുട്ടിയെ എടുത്തോമനിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. പാവക്കുട്ടികള്‍ അവര്‍ക്ക് ലാളിക്കാനുള്ളതല്ല. അവയെ നെഞ്ചോടു ചേര്‍ത്തുവെക്കാനുള്ളതല്ല. പാവക്കുട്ടിയുടെ നെഞ്ചിനകത്ത് ആരോ ഒളിച്ചുവെച്ച ബോംബുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. ആരുടെയൊക്കെയോ രക്തവും മാംസവും ചിതറിച്ച് പൊട്ടിത്തെറിക്കാന്‍ വിധിക്കപ്പെട്ടവയാണാ പാവക്കുട്ടികള്‍. മാതൃത്വത്തിന്‍െറ ആദ്യപാഠങ്ങളാണ് ഈ പെണ്‍കുട്ടികള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത്.
��റെഡ്ക്രോസിന്‍െറ ഹെലികോപ്റ്റവില്‍നിന്ന് പാരച്യൂട്ടില്‍ വന്നുവീഴുന്ന കൃത്രിമക്കാലുകള്‍ കാത്തിരിക്കുന കുറെ മനുഷ്യരെയും അഭയാര്‍ഥിക്യാമ്പുകളില്‍ കാണാം. പരസ്പരം തോല്പിക്കാന് തീവ്രവാദി ഗ്രൂപ്പുകള്‍ വിതച്ചിട്ട മൈനുകളാണ് അവരുടെ കാലുകള്‍ ഇല്ലാതാക്കിയത്. ഹെലികോപ്റ്ററിന്‍െറ മുരള്‍ച്ച കേള്‍ക്കുമ്പോഴേക്കും അവര്‍ വൈകല്യം മറന്ന് മത്സരത്തിനു തയ്യാറെടുക്കുന്നു. ആകാശത്തു നിന്നിറങ്ങിവരുന്ന കാലുകള്‍ അവര്‍ക്ക് ഭൂമിയിലെ താങ്ങാണ്. അത് സ്വന്തമാക്കാന്‍ അവര്‍ ഊന്നുവടിയില്‍ മത്സരിച്ചോടുന്ന ദൃശ്യം മറക്കാനാവില്ല.
��അഭയാര്‍ഥിയായും സംഭവങ്ങള്‍ക്കു സാക്ഷിയായും നിറഞ്ഞുനില്ക്കുന്ന നഫാസ് ആണ് ഈ സിനിമയിലെ മുഖ്യകഥാപാത്രം. അഫ്ഗാനിസ്താനില്‍നിന്ന് കാനഡയിലെത്തിയ ജേര്‍ണലിസം ബിരുദധാരിയായ വിലോഫര്‍ പസീറയാണ് നഫാസായി അഭിനയിക്കുന്നത്. അഫ്ഗാന് അഭയാര്‍ഥിയായി രൂപപ്പെടാന്‍ നിലോഫറിന് മുന്നൊരുക്കങ്ങളൊന്നും വേണ്ടിവന്നില്ല. അഭയാര്‍ഥിയുടെ മനസ്സറിയാം അവര്‍ക്ക്. കാബൂളില്‍ ജനിച്ചുവളര്‍ന്ന നിലോഫര്‍ 1989-ല്‍ കുടുംബത്തോടൊപ്പം അഫ്ഗാനിസ്താന് വിട്ടതാണ്. നടന്ന് പത്തുദിവസം കൊണ്ടാണ് അവര്‍ പാകിസ്താനിലെത്തിയത്. ഒരു വര്‍ഷം അവിടെ കഴിഞ്ഞു. പിന്നീടാണ് കാനഡയിലേക്കു പോയത്.

4 comments:
സുരേഷ് ബാബുവിന്റെ ലേഘനം നന്നായി. സിനിമ കണ്ട സംതൃപ്തി അത് കണ്ടാലേ ലഭിക്കൂ, പക്ഷെ കാതലായ വശം ഹൃദയ ഹാരിയായി തന്നെ മനസ്സിലാക്കി തന്നതിന് നന്ദി.
തുടരൂ.
നന്ദി സുഹൃത്തേ.
ഫസലിനും ഹാരിസിനും തുളസിക്കും നന്ദി
Post a Comment