Wednesday, December 31, 2008

അന്യരുടെ ലോകം

രണ്ട്‌ ജനതയും രണ്ടുസംസ്‌കാരവും. അവയുടെ ആശ്ലേഷവും അവ തമ്മിലുള്ള സംഘര്‍ഷവും. ഫതീഹ്‌ അകിന്‍ എന്ന മുപ്പത്തിയഞ്ചുകാരനായ ജര്‍മന്‍ സംവിധായകന്‍െറ സിനിമകളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത്‌ ഈ ലോകമാണ്‌. തുര്‍ക്കിയില്‍ നിന്നു കുടിയേറിയവരുടെ പരമ്പരയില്‍പ്പെട്ട 27 ലക്ഷം പേരാണ്‌ ഇപ്പോള്‍ ജര്‍മനിയിലുള്ളത്‌. രണ്ടു രാജ്യത്തും അവര്‍ക്ക്‌ വേരോട്ടമില്ല. സ്വന്തം രാജ്യത്തുനിന്നും സംസ്‌കാരത്തില്‍ നിന്നും അവര്‍ അകന്നുപോകുന്നു. അതുപോലെ, കുടിയേറിയ രാജ്യത്തും അവര്‍ അന്യരാക്കപ്പെടുന്നു. ഈ അന്യരുടെ വേദനയാണ്‌ തുര്‍ക്കിവംശജനായ ഫതീഹ്‌ അകിന്‍ തന്‍െറ സിനിമകളില്‍ പകര്‍ത്തുന്നത്‌. സ്വാനുഭവങ്ങളുടെ ചൂട്‌ കൂടി ആ വേദനയിലേക്ക്‌ പകരുമ്പോള്‍ അകിന്‍ സിനിമകള്‍ ആത്മാംശമുള്ളവയായി മാറുന്നു.

ഷോര്‍ട്ട്‌ ഷാര്‍പ്പ്‌ ഷോര്‍ട്ട്‌, ഇന്‍ ജൂലായ്‌, വീ ഫൊര്‍ഗോട്ട്‌ ടു ഗോ ബാക്ക്‌, സോളിനോ, ഹെഡ്‌ഓണ്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തിയിലേക്കുയര്‍ന്ന ഫതീഹ്‌ അകിന്‍െറ ആറാമത്തെ ചിത്രമാണ്‌ `ദ എഡ്‌ജ്‌ ഓഫ്‌ ഹെവന്‍'. 2007-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു.

മൂന്നു ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള `ദ എഡ്‌ജ്‌ ഓഫ്‌ ഹെവന്‍െറ' ഇതിവൃത്തം ആറ്‌ കഥാപാത്രങ്ങളിലൂടെയാണ്‌ വികസിക്കുന്നത്‌. നായകനായ പ്രൊഫ. നജദ്‌, അയാളുടെ പിതാവ്‌ അലി, അഭിസാരികയായ യെറ്റര്‍, യെറ്ററുടെ മകള്‍ എയ്‌റ്റന്‍ ഓസ
്‌തുര്‍ക്ക്‌, അവളുടെ കൂട്ടുകാരി ലോട്ടെ, ലോട്ടെയുടെ അമ്മ സൂസന്നെ സ്റ്റോബ്‌ എന്നിവരാണ്‌ ആറ്‌ കഥാപാത്രങ്ങള്‍. ഇവരുടെ ജീവിതത്തിലൂടെ കുടുംബബന്ധത്തിന്‍െറ, സേ്‌നഹബന്ധത്തിന്‍െറ ദൃഢതയാണ്‌ സംവിധായകന്‍ ഫതീഹ്‌ അകിന്‍ അനാവരണം ചെയ്യുന്നത്‌.

`യെറ്ററുടെ മരണം' എന്നാണ്‌ ആദ്യഖണ്ഡത്തിന്‍െറ ശീര്‍ഷകം. കഥയുടെ പ്രധാന വഴിത്തിരിവായ യെറ്ററുടെ മരണത്തോടെ ഈ ഖണ്ഡം അവസാനിക്കുന്നു. രണ്ടാമത്തെ ഖണ്ഡവും ഒരു മരണത്തിലാണ്‌ അവസാനിക്കുന്നത്‌. `ലോട്ടെയുടെ മരണം' എന്നാണിതിന്‍െറ ശീര്‍ഷകം. രണ്ടു മരണങ്ങള്‍ ഏല്‌പിച്ച ആഘാതത്തില്‍ നിന്നു മുക്തരാവുന്ന ബാക്കി നാലു കഥാപാത്രങ്ങള്‍ പരസ്‌പരം തിരിച്ചറിഞ്ഞ്‌ സേ്‌നഹത്തിന്‍െറ ലോകത്തേക്ക്‌ നടന്നടുക്കുന്നതാണ്‌ അവസാനഖണ്ഡത്തില്‍ നമ്മള്‍ കാണുന്നത്‌. സിനിമയുടെ ശീര്‍ഷകം തന്നെയാണ്‌ ഈ ഖണ്ഡത്തിനു നല്‌കിയിരിക്കുന്നത്‌.

തുര്‍ക്കിയിലും ജര്‍മനിയിലുമായാണ്‌ കഥ നടക്കുന്നത്‌. ജര്‍മനിയിലെ ഒരു സര്‍വകലാശാലയില്‍ ജര്‍മന്‍ പഠിപ്പിക്കുകയാണ്‌ പ്രൊഫ. നജദ്‌. തുര്‍ക്കി വംശജനാണിയാള്‍. നെജദിന്‌ ആറു മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അവിടുന്നങ്ങോട്ട്‌ പിതാവ്‌ അലിയാണ്‌ അയാള്‍ക്ക്‌ എല്ലാം. പെന്‍ഷന്‍ കൊണ്ട്‌ ജീവിക്കുന്ന അലി ചുവന്ന തെരുവിലെ സന്ദര്‍ശകനാണ്‌. ഒരിക്കല്‍ യെറ്റര്‍ എന്ന തുര്‍ക്കിക്കാരിയെ അയാള്‍ പരിചയപ്പെടുന്നു. ചുവന്ന തെരുവില്‍ നിന്നുണ്ടാക്കുന്ന വരുമാനമത്രയും താന്‍ നല്‍കിക്കോളാം എന്നു വാഗ്‌ദാനം ചെയ്‌ത്‌ അലി അവളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. യെറ്ററും വിധവയാണ്‌. അവളുടെ മകള്‍ എയ്‌റ്റന്‍ തുര്‍ക്കിയില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്‌. മകളുടെ പഠിപ്പിനുവേണ്ട പണം കണ്ടെത്താനാണ്‌ യെറ്റര്‍ ശരീരം വില്‍ക്കുന്നത്‌. ജര്‍മനിയിലെ ബ്രെമന്‍ എന്ന സ്ഥലത്ത്‌ ഷൂ വില്‌പനശാലയില്‍ ജോലിക്കാരിയാണ്‌ എന്നാണവള്‍ മകളെ ധരിപ്പിച്ചിരിക്കുന്നത്‌. വിഷയലമ്പടനായ അലിക്ക്‌ യെറ്ററെയും മകനെയും സംശയമാണ്‌. നന്നായി മദ്യപിച്ച ഒരു ദിവസം അലിയുടെ അടിയേറ്റ്‌ യെറ്റര്‍ മരിക്കുന്നു. യെറ്ററുടെ ആത്മത്യാഗത്തിന്‍െറ കഥയറിയാവുന്ന നെജദ്‌ അവളുടെ മകളെ കണ്ടെത്താന്‍ ശ്രമം തുടങ്ങുന്നു. എയ്‌റ്റന്‍െറ വിദ്യാഭ്യാസത്തിനു വേണ്ട പണം നല്‍കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. അറിവും വിദ്യാഭ്യാസവും മനുഷ്യാവകാശങ്ങളാണെന്നു വിശ്വസിക്കുന്ന നെജദ്‌ എയ്‌റ്റനെത്തേടി തുര്‍ക്കിയിലെത്തുന്നു.

കഥയുടെ രണ്ടാം ഖണ്ഡത്തില്‍ നമ്മള്‍ ബാക്കി മൂന്നുപേരെ കൂടി പരിചയപ്പെടുന്നു. തുര്‍ക്കിയിലെ ഇസ്‌താംബുളിലാണ്‌ എയ്‌റ്റന്‍ പഠിക്കുന്നത്‌. ഒരു തീവ്രവാദ സംഘടനയിലെ സജീവാംഗമാണവള്‍. കൂട്ടുകാരോടൊപ്പം അവള്‍ പോലീസുമായി ഏറ്റുമുട്ടുന്നു. മൂന്നു പെണ്‍കുട്ടികള്‍ അറസ്റ്റിലാവുന്നു. എയ്‌റ്റന്‍ അവിടെ നിന്നു രക്ഷപ്പെട്ട്‌ കള്ളപാസേ്‌പാര്‍ട്ടില്‍ ജര്‍മനിയിലെത്തുന്നു. അവിടെവെച്ച്‌ ജര്‍മന്‍ വിദ്യാര്‍ഥിനിയായ ലോട്ടെയെ പരിചയപ്പെടുന്നു. ഇരുവരും പ്രണയികളായി മാറുന്നു. അമ്മ യെറ്ററെത്തേടി ബ്രെമനിലേക്കു പുറപ്പെടുന്ന എയ്‌റ്റന്‍പോലീസ്‌ പിടിയിലാകുന്നു. ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടാനുള്ള അവളുടെ ശ്രമം ഫലിക്കുന്നില്ല. അവളെ തുര്‍ക്കിയിലേക്ക്‌ തിരിച്ചയയ്‌ക്കുന്നു. ഇരുപതോ മുപ്പതോ വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്‌ തുര്‍ക്കി ഗവണ്മെന്‍റ്‌ ചുമത്തുന്നത്‌. അമ്മയുടെ വിലക്ക്‌ വകവെക്കാതെ എയ്‌റ്റനെ സഹായിക്കാന്‍ ലോട്ടെ തുര്‍ക്കിയിലെത്തുന്നു. എയ്‌റ്റന്‍ ഒരിടത്ത്‌ ഒളിപ്പിച്ചുവെച്ച തോക്ക്‌ കണ്ടെടുത്തെങ്കിലും ബാഗിലാക്കി മടങ്ങവെ മൂന്നു തെരുവു പിള്ളേര്‍ അത്‌ തട്ടിപ്പറിക്കുന്നു. അവരെ പിന്തുടര്‍ന്ന ലോട്ടെ വെടിയേറ്റു മരിക്കുന്നു.

മകളുടെ മരണകാരണമന്വേഷിച്ച്‌ ലോട്ടെയുടെ അമ്മ സുസന്നെ തുര്‍ക്കിയിലെത്തുന്നു. എയ്‌റ്റനോട്‌ മകള്‍ക്കുണ്ടായിരുന്ന ഗാഢബന്ധം സുസന്നെയെ സ്‌പര്‍ശിക്കുന്നു. അതോടെ, എയ്‌റ്റനെ ജയിലില്‍ നിന്നു രക്ഷിക്കാന്‍ അവര്‍ ശ്രമം തുടങ്ങുകയാണ്‌. ഒടുവില്‍, ജയില്‍ മോചിതയാകുന്ന എയ്‌റ്റനെ അവര്‍ മകളെപ്പോലെ സ്വീകരിക്കുന്നു. `കൊലപാതകിയായ അച്ഛനെ കാണേണ്ട' എന്നു തള്ളിപ്പറഞ്ഞ പ്രൊഫ. നെജദ്‌ എല്ലാം മറന്ന്‌ അലിയെ സേ്‌നഹിക്കാന്‍ തുടങ്ങുന്നതോടെ സിനിമ തീരുന്നു.

പശ്ചാത്താപവിവശനായ പ്രൊഫ. നെജദ്‌ പിതാവിനെത്തേടി കരിങ്കടല്‍തീരത്തെ ജന്മനാട്ടില്‍ എത്തുന്നതോടെയാണ്‌ 110 മിനിറ്റ്‌ നീണ്ട ഈ സിനിമ തുടങ്ങുന്നത്‌. അവിടെ നിന്ന്‌ പിറകിലേക്ക്‌ സഞ്ചരിച്ച്‌ വീണ്ടും വര്‍ത്തമാനകാലത്ത്‌ എത്തിച്ചേരുന്നു. ഓളങ്ങളുടെ ശാന്തസംഗീതം കേട്ട്‌, ഇളകിക്കളിക്കുന്ന ഒറ്റവഞ്ചിക്കു സമീപം നെജദ്‌ കാത്തിരിക്കുകയാണ്‌ അവസാനദൃശ്യത്തില്‍. മകനെ സംരക്ഷിക്കാന്‍ ദൈവത്തെപ്പോലും ശത്രുവാക്കുമെന്നു പറഞ്ഞ സേ്‌നഹവാനായ പിതാവിനു വേണ്ടിയാണ്‌ ഈ കാത്തിരിപ്പ്‌.

തന്‍െറ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക കാഴ്‌ചപ്പാടുകള്‍ മറയില്ലാതെ വെളിപ്പെടുത്തുന്നുണ്ട്‌ സംവിധായകന്‍. ചിലപ്പോള്‍ സൗമ്യമായി, മറ്റു ചിലപ്പോള്‍ പരുഷമായി അത്‌ അവതരിപ്പിക്കുന്നു. ചെര്‍ണോബില്‍ ആണവച്ചോര്‍ച്ചയുടെ ദുരന്തഫലവും യൂറോപ്യന്‍ യൂണിയനോടുള്ള തുര്‍ക്കിക്കാരുടെ എതിര്‍പ്പും ആഗോളീകരണത്തിന്‍െറ ദൂഷ്യവശങ്ങളുമൊക്കെ ചര്‍ച്ചയ്‌ക്ക്‌ വിഷയമാക്കുന്നു സംവിധായകന്‍.

Friday, December 12, 2008

തുയയുടെ കണ്ണുനീര്‍


‍പുറംലോകത്തെ മോടികളില്‍നിന്ന്‌ അകന്ന്‌ അതിജീവനത്തിന്‍െറ പാതയിലൂടെ ചരിക്കുന്ന കുറെ മനുഷ്യരുടെ കഥയാണ്‌ ചൈനീസ്‌ ചിത്രമായ `തുയാസ്‌ മാര്യേജ്‌'. 2007-ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' പുരസ്‌കാരം ഈ സിനിമയ്‌ക്കായിരുന്നു. വാങ്‌ ക്വാന്‍ ആന്‍ സംവിധാനം ചെയ്‌ത ഈ സിനിമയില്‍ നായികയായി വേഷമിട്ട യു നാന്‍ ചിക്കാഗോ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്‌.

നമുക്ക്‌ തീര്‍ത്തും അപരിചിതമായ ഭൂഭാഗം. അപരിചിതമായ ജീവിത സാഹചര്യങ്ങള്‍. എന്നിട്ടും നമ്മളീചിത്രം വല്ലാതെ ഇഷ്‌ടപ്പെട്ടുപോകും. കഠിനവഴികളിലൂടെ നീങ്ങുമ്പോഴും ജീവിതത്തെ മുറുകെപ്പിടിക്കുന്നവരാണിതിലെ കഥാപാത്രങ്ങള്‍. അവരുടെ കഥ പറയുന്നതാകട്ടെ ലളിതമായ ശൈലിയിലും.

മംഗോളിയയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലാണ്‌ കഥനടക്കുന്നത്‌. ഒരു ചെടിപോലും മുളയ്‌ക്കാത്ത പാഴ്‌ഭൂമിയാണ്‌ സിനിമയുടെ പശ്ചാത്തലം. മരവിപ്പിക്കുന്ന തണുപ്പാണ്‌ എപ്പോഴും. വെള്ളം അവിടെ അപൂര്‍വവസ്‌തുവാണ്‌. പ്രകൃതിയെയും മനുഷ്യരെയും സേ്‌നഹിച്ച്‌, പ്രതികൂല സാഹചര്യങ്ങളിലും നാഗരികതയിലേക്ക്‌ മനസ്സ്‌ തെന്നിപ്പോകാതെ ജീവിക്കുന്ന തുയ എന്ന യുവതിയുടെയും അവളുമായി ബന്ധപ്പെട്ടുകഴിയുന്ന കുറേ മനുഷ്യരുടെയും കഥയാണിത്‌.

സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെ ഇതിവൃത്ത സൂചനയുണ്ട്‌. തുയയുടെ വിവാഹച്ചടങ്ങിലാണ്‌ കഥയാരംഭിക്കുന്നത്‌. തുയയുടെ രണ്ടാം വിവാഹമാണത്‌. അവള്‍ക്കിഷ്‌ടമുണ്ടായിട്ടല്ല. ഭര്‍ത്താവുണ്ടായിരിക്കെ രണ്ടാമതൊരു വിവാഹത്തിന്‌ അവള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഭര്‍ത്താവ്‌ ബാത്തര്‍ അവശനാണ്‌. വീടിന്നടുത്ത്‌ കിണര്‍ കുഴിക്കാനുള്ള ശ്രമത്തിനിടെ പരിക്കുപറ്റിയതാണ്‌. കിണറ്റില്‍ വെള്ളം കാണുന്നതിനു തൊട്ടുമുമ്പാണ്‌ അയാള്‍ വീണുപോയത്‌.

കുറച്ചുവെള്ളം കിട്ടണമെങ്കില്‍ പതിനഞ്ച്‌ കിലോമീറ്റര്‍ നടക്കണം. കാനുകളിലാക്കി ഒട്ടകപ്പുറത്ത്‌ വെള്ളം കൊണ്ടുവരേണ്ട ജോലികൂടി തുയ ചെയ്യണം. രണ്ട്‌ മക്കളാണവര്‍ക്ക്‌. മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥി. അതിനുതാഴെ ഒരു കൊച്ചുപെണ്‍കുട്ടി. നൂറോളം ചെമ്മരിയാടുകളാണ്‌ ആകെയുള്ള വരുമാനമാര്‍ഗം.

തുയയുടെ കഠിനമായ അവസ്ഥകണ്ട്‌ ബാത്തര്‍തന്നെയാണ്‌ രണ്ടാമതൊരു വിവാഹത്തിനുള്ള നിര്‍ദേശം മുന്നോട്ട്‌ വെച്ചത്‌. `അപ്പോള്‍ ബാത്തര്‍ എങ്ങോട്ടുപോകും' എന്നതായിരുന്നു അവളുടെ ചോദ്യം. ഭര്‍ത്താവ്‌ നഷ്‌ടപ്പെട്ട, ആറുമക്കളുള്ള സഹോദരിയുടെ കൂടെ താന്‍ കഴിഞ്ഞോളാം എന്നയാള്‍ മറുപടി നല്‍കുന്നു. അത്‌ തുയയ്‌ക്ക്‌ സമ്മതമായിരുന്നില്ല. ബാത്തറെക്കൂടി തന്‍െറയൊപ്പം നിര്‍ത്താന്‍ സമ്മതിക്കുന്ന ഒരു പുരുഷന്‍െറ കൂടെയേ താന്‍ പോകൂവെന്ന്‌ അവള്‍ തീരുമാനിക്കുന്നു. അവര്‍ കമ്യൂണിസ്റ്റ്‌പാര്‍ട്ടി നേതാവിനെ സമീപിച്ച്‌ തങ്ങളുടെ തീരുമാനം അറിയിക്കുന്നു. പിന്നെ, തുയയുടെ കാത്തിരിപ്പാണ്‌. പലരും അവളെ കാണാനെത്തി. പക്ഷേ, ആര്‍ക്കും ബാത്തറുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വയ്യ. സ്‌കൂളില്‍ സഹപാഠിയായിരുന്ന എണ്ണപ്പണക്കാരന്‍ എല്ലാ നിബന്ധനകളും പാലിക്കാമെന്ന ഉറപ്പില്‍ അവളെ സമീപിച്ചു. തന്‍െറ ശരീരമേ അയാള്‍ക്ക്‌ വേണ്ടൂ, ബാത്തറെ സംരക്ഷിക്കാന്‍ വയ്യ എന്നറിഞ്ഞതും അവള്‍ ആ ബന്ധത്തില്‍നിന്ന്‌ പിന്മാറുന്നു.

തുയയുടെ അയല്‍ക്കാരനാണ്‌ ഷെന്‍ഗ എന്ന യുവാവ്‌. കഠിനാധ്വാനിയാണ്‌. അവനുണ്ടാക്കുന്ന പണം മുഴുവന്‍ ഭാര്യ ധൂര്‍ത്തടിക്കുകയാണ്‌. അവള്‍ ഇടയ്‌ക്കിടെ മറ്റാരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്യും. ഷെന്‍ഗയ്‌ക്ക്‌ തുയയെ കെട്ടണമെന്നുണ്ട്‌. അവള്‍ക്കായി അയാള്‍ ഒരു കിണര്‍ കുഴിച്ചുതുടങ്ങുന്നു. തുയയുടെ വീട്ടിനു പിറകിലാണത്‌. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ തുയ ഷെന്‍ഗയെ കെട്ടാന്‍ സമ്മതിക്കുന്നു. വിവാഹദിവസം ബാത്തര്‍ക്ക്‌ സങ്കടം സഹിക്കാനാവുന്നില്ല. ഷെന്‍ഗയുടെ സാന്ത്വനിപ്പിക്കല്‍ ബാത്തറെ രോഷാകുലനാക്കുന്നു. അയാള്‍ ഷെന്‍ഗയെ കൈയേറ്റം ചെയ്യുന്നു. `നിനക്ക്‌ രണ്ടച്ഛന്മാരുണ്ടെന്ന്‌ പറഞ്ഞ പയ്യനെ തുയയുടെ മകന്‍ തല്ലുന്നു. ഇതെല്ലാംകണ്ട്‌ തുയ വേദനിച്ചു. വിവാഹവേദിയില്‍ നിന്നിറങ്ങിയ അവള്‍ മുറിയില്‍ അടച്ചിട്ടിരുന്നു കണ്ണീരൊഴുക്കുന്നു. ആരുവിളിച്ചിട്ടും അവള്‍ പുറത്തിറങ്ങുന്നില്ല. അവളുടെ വിലാപത്തിന്‌ ശക്തികൂടവെ സിനിമ അവസാനിക്കുന്നു.

നാഗരികതയുടെ കടന്നുകയറ്റത്തില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമത്തനിമയുടെ കണ്ണീര്‍ വീഴുന്നുണ്ടീ ചിത്രത്തില്‍. തിരിച്ചെടുക്കാനാവാത്ത വിധം കൈവിട്ടുപോകുന്ന സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഓര്‍ത്ത്‌ വേദനിക്കുകയാണ്‌ സംവിധായകന്‍. യാത്ര ചെയ്യാന്‍ ഒട്ടകവും കുതിരയും മാത്രമുള്ള ഗ്രാമപ്പാതയിലേക്ക്‌ ഇരമ്പലോടെ ട്രാക്ടറും മോട്ടോര്‍ബൈക്കും കാറും കടന്നുവരുന്നത്‌ ആശങ്കയോടെയാണ്‌ സംവിധായകന്‍ കാണുന്നത്‌.��തുയയുടെ സ്വഭാവദാര്‍ഢ്യത്തിന്‍െറയും കുടുംബസേ്‌നഹത്തിന്‍െറയും തിളക്കം കൂട്ടാന്‍ മറ്റ്‌ രണ്ട്‌ യുവതികളുടെ കഥ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്‌. സുഖസൗകര്യങ്ങള്‍ തേടിപ്പോകുന്ന പുതുതലമുറയുടെ പ്രതിനിധികളാണവര്‍. അവര്‍ക്ക്‌ മരുഭൂമിയിലെ വിരസജീവിതം വേണ്ട. പുതിയ ബന്ധങ്ങളിലേക്ക്‌ പടര്‍ന്നുകയറി ജീവിതം ആസ്വദിക്കാനാണവര്‍ കൊതിക്കുന്നത്‌.

ഈ സിനിമയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകുന്നത്‌ വെള്ളമാണ്‌. വെള്ളം കിട്ടാനാണ്‌ ഗ്രാമീണര്‍ കഷ്‌ടപ്പെടുന്നതും. സ്വന്തമായി ഒരു കിണര്‍ അവര്‍ സ്വപ്‌നം കാണുന്നു. പക്ഷേ, അവരുടെ അപൂര്‍ണജീവിതംപോലെയാണ്‌ കിണറും. എത്ര കുഴിച്ചാലും അതൊരിക്കലും പൂര്‍ത്തിയാകുന്നില്ല.

Monday, December 1, 2008

ശരീരം തടവറയാകുമ്പോള്‍

ഫഞ്ച്‌ ഫാഷന്‍ മാസികയായ `എല്ലെ'യുടെ ഊര്‍ജസ്വലനായ എഡിറ്ററാണ്‌ ഴാങ്‌ ഡൊമിനിക്‌ ബോബി എന്ന നാല്‌പത്തിരണ്ടുകാരന്‍. വിശ്രമമില്ലാത്ത, ചടുലമായ ജീവിതം. പ്രശസ്‌തിയുടെ നെറുകയില്‍ നിലെ്‌ക്ക 1995-ല്‍ ബോബിക്ക്‌ പക്ഷാഘാതം പിടിപെടുന്നു. മൂന്നാഴ്‌ച അബോധാവസ്ഥയില്‍ കിടന്നു. പിന്നീട്‌ പാരീസില്‍നിന്ന്‌ ബര്‍ക്കിലുള്ള നാവികാസ്‌പത്രിയിലേക്ക്‌ അയാളെ കൊണ്ടുവന്നു.
ബോധം വീണ്ടെടുത്തെങ്കിലും ഒരു കണ്ണൊഴികെ ശരീരം പൂര്‍ണമായും ചലനമറ്റുപോയി. ബോബിക്ക്‌ എല്ലാം കേള്‍ക്കാം. പക്ഷേ, ശബ്ദിക്കാനാവില്ല. ചുണ്ട്‌ ഇടത്തോട്ട്‌ കോടിപ്പോയി. പക്ഷേ, ഇടത്തെ കണ്ണ്‌മാത്രം ചലിക്കും. അതും നേരേയുള്ള കാഴ്‌ചമാത്രം. വശങ്ങളിലേക്ക്‌ കാഴ്‌ച കിട്ടില്ല. ആസ്‌പത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റും സ്‌പീച്ച്‌ തെറാപ്പിസ്റ്റും ബോബിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്‌. ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്‌.
യുവതിയായ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ അയാള്‍ക്കു മാത്രമായി ഒരു സംസാരരീതി വികസിപ്പിച്ചെടുക്കുന്നു. അക്ഷരമാലയിലെ ഓരോ അക്ഷരവും അവള്‍പറഞ്ഞുകൊണ്ടിരിക്കും. താനുദ്ദേശിക്കുന്ന വാക്കിനാവശ്യമായ അക്ഷരങ്ങള്‍ ബോബി തിരഞ്ഞെടുക്കണം. ഒരു തവണ കണ്ണുചിമ്മിയാല്‍ `അതേ' എന്നാണര്‍ഥം. രണ്ടു തവണ കണ്ണുചിമ്മിയാല്‍ `അല്ല' എന്നും. ക്ഷമയോടെ , അര്‍പ്പണബുദ്ധിയോടെ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ ഓരോ വാക്കിലൂടെ, വാചകത്തിലൂടെ ബോബിയുടെ മനസ്സിലെ ആശങ്കകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും പുറത്തുകൊണ്ടുവരികയാണ്‌.
രോഗാവസ്ഥയില്‍ വീഴും മുമ്പ്‌ അയാള്‍ ഒരു പുസ്‌തകമെഴുതാന്‍ ഒരു പ്രസാധകസ്ഥാപനവുമായി കരാറൊപ്പിട്ടിരുന്നു. വിജനസ്ഥലത്ത്‌ ഒറ്റപ്പെട്ടുപോയ തന്‍െറ അവസ്ഥയിലും പുസ്‌തകമെഴുത്ത്‌ ഒരു വെല്ലുവിളിയായി ബോബി സ്വീകരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്‍െറ ഗ്രന്ഥം അയാള്‍ പൂര്‍ത്തിയാക്കുന്നു. അതിന്‍െറ പേര്‌ `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍ഫ്‌ളൈ'.

പ്രശസ്‌തനായ ജൂലിയന്‍ ഷ്‌നോബെല്‍ 2007ല്‍ സംവിധാനം ചെയ്‌ത `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍്‌ൈള്‌ള' എന്ന ഫ്രഞ്ച്‌ സിനിമ അപൂര്‍വമായ ഒരനുഭവമാണ്‌. നായകനായ ബോബിയുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. അയാളുടെ സ്വപ്‌നങ്ങള്‍, വേവലാതികള്‍, കുടുംബബന്ധങ്ങള്‍, ഒറ്റപ്പെടലിലെ നിസ്സഹായത എന്നിവയൊക്കെ വ്യത്യസ്‌തമായ ക്യാമറാ ആംഗിളുകളിലൂടെ നമ്മള്‍ കാണുന്നു.
ഭംഗിയുള്ള ഫ്രെയിമുകള്‍ ഈ സിനിമയില്‍ കുറവാണ്‌, തുടക്കത്തില്‍ ബോബിയുടെ അസ്വസ്ഥത മുഴുവന്‍ പ്രകടമാകും വിധത്തിലാണ്‌ ക്യാമറയുടെ സഞ്ചാരം. അയാളുടെ ഒറ്റക്കണ്ണിന്‌ കാണാവുന്നിടത്തേക്ക്‌ നമ്മുടെ കാഴ്‌ചയും പരിമിതപ്പെടുത്തുന്നു. മങ്ങിയ രൂപങ്ങളും കണ്ണിലേക്ക്‌ കുത്തിക്കയറുന്ന വെളിച്ചവും ഏങ്കോണിച്ചു നില്‍ക്കുന്ന ഫ്രെയിമുകളും നമ്മെ അലോസരപ്പെടുത്തും.

സ്വന്തം ശരീരത്തിനകത്ത്‌ ബന്ധിതനായിത്തീരുന്ന ബോബിയുടെ ചിന്തകള്‍ക്ക്‌ വളരെ കണിശതയോടെയാണ്‌ സംവിധായകന്‍ ദൃശ്യരൂപം നല്‍കുന്നത്‌. കണ്ണുചിമ്മി, അക്ഷരങ്ങള്‍ തിരഞ്ഞെടുത്ത്‌ വാക്കുകളായി രൂപപ്പെടുത്താന്‍ പഠിക്കുന്ന ബോബി ആദ്യം ആവശ്യപ്പെടുന്നത്‌ `മരണ'മാണ്‌. നിശ്ചേതനമായ ഏകാന്തത അയാളെ വേട്ടയാടുന്നു. നഷ്‌ടപ്പെടലിന്‍െറ സമാഹാരമാണ്‌ തന്‍െറ ജീവിതമെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. സേ്‌നഹിക്കാന്‍ കഴിയാതെ പോയ യുവതിയെയും പിടിച്ചെടുക്കാന്‍ പറ്റാതെപോയ അവസരങ്ങളെയും പുറംകാലുകൊണ്ട്‌ തട്ടിയെറിഞ്ഞ സന്തോഷനിമിഷങ്ങളെയും കുറിച്ചുള്ള ചിന്ത അയാളെ ഭയാനകമായ അവസ്ഥയിലെത്തിക്കുന്നു. തീരം അപ്രത്യക്ഷമാകുന്നത്‌ വേദനയോടെ നോക്കിനില്‍ക്കുന്ന നാവികനെപ്പോലെയാണ്‌ താനെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. എത്രയും പെട്ടെന്ന്‌ മരണത്തെ ആശ്ലേഷിക്കാന്‍ അയാള്‍ വെമ്പുന്നു. പക്ഷേ, അയാളെ അത്രവേഗം മരണത്തിനു വിട്ടുകൊടുക്കാന്‍ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ തയ്യാറാകുന്നില്ല. തന്നെ സേ്‌നഹിക്കുന്നവര്‍ ചുറ്റിലുമുള്ളപ്പോള്‍ മരണത്തെക്കുറിച്ച്‌ ഓര്‍ക്കരുതെന്ന്‌ അവള്‍ ശാസിക്കുന്നു.
സ്വയം സഹതപിക്കുന്ന അവസ്ഥയില്‍നിന്ന്‌ ക്രമേണ ബോബി പിന്മാറുകയാണ്‌. തന്നിലുള്ള ഭാവനാശേഷിയും ഓര്‍മശക്തിയും മരവിച്ചിട്ടില്ലെന്ന്‌ അയാള്‍ മനസ്സിലാക്കുന്നു. മുങ്ങല്‍ വേഷത്തിനകത്ത്‌ ശ്വാസംമുട്ടിക്കഴിയുന്ന തനിക്ക്‌ അതില്‍നിന്ന്‌ പുറത്തുകടക്കാനാവും. ഒരു പൂമ്പാറ്റയെപ്പോലെ താന്‍ പാറി നടക്കും. ഭാര്യയായി കഴിയുന്ന സെലിനും മൂന്നു മക്കളും പിതാവും സുഹൃത്തും കാമുകിയുമൊക്കെ അയാളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണ്‌. ക്ലോഡ്‌ മെന്‍ഡി ബില്‍ എന്ന കേട്ടെഴുത്തുകാരിയുടെ സഹായത്തോടെ ബോബി തന്‍െറ പുസ്‌തകം പൂര്‍ത്തിയാക്കുന്നു. (ഏകാന്തതയുടെ തീരങ്ങളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യന്‍െറ നിശ്ചലമായ യാത്രക്കുറിപ്പുകളാണ്‌ താനെഴുതുന്നത്‌ എന്നാണ്‌ ബോബി ആമുഖമായി പറയുന്നത്‌.) വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ നേടിയ പുസ്‌തകം പ്രസിദ്ധീകരിച്ച്‌ പത്താം ദിവസം ബോബി മരണത്തിന്‌ കീഴടങ്ങുന്നു.

ചടുല ജീവിതത്തില്‍നിന്ന്‌ ആവര്‍ത്തനവിരസമായ ദിനചര്യകളിലേക്ക്‌ വഴുതിവീഴുന്ന മനുഷ്യരുടെ കഥകളാണ്‌ 103 മിനിറ്റ്‌ നീണ്ട ഈ ചിത്രത്തില്‍ അനാവരണം ചെയ്യുന്നത്‌. ബോബിയുടെ സീറ്റ്‌ കടംവാങ്ങി വിമാനത്തില്‍ യാത്രചെയ്യവേ തീവ്രവാദികളാല്‍ ബന്ദിയാക്കപ്പെടുന്ന സുഹൃത്തും (ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ നാലുവര്‍ഷമാണ്‌ ഇയാള്‍ ബെയ്‌റൂത്തില്‍ തടവുകാരനായി കഴിഞ്ഞത്‌). വാര്‍ധക്യത്തിന്‍െറ അവശതയില്‍ വീട്ടിലെ മുറിക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന ബോബിയുടെ പിതാവും നായകന്‍െറ അവസ്ഥ പങ്കിടുന്നവരാണ്‌. ഇവര്‍ക്കൊക്കെ ശരീരം തന്നെയാണ്‌ സ്വയം തടവറ തീര്‍ക്കുന്നത്‌.
2007-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂലിയന്‍ ഷ്‌നാബലിന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍ ്‌ൈള്‌ള.' അക്കൊല്ലം, നാല്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കും ഈ ചിത്രം നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
ഴാങ്‌ ഡൊമിനിക്‌ ബോബി എന്ന പത്രാധിപരുടെ ആത്മകഥയാണ്‌ ഈ സിനിമക്കാധാരം. 1995 ഡിസംബര്‍ എട്ടിനാണ്‌ അദ്ദേഹം പക്ഷാഘാതത്താല്‍ തളര്‍ന്നുപോയത്‌. ഒറ്റക്കണ്ണുമാത്രം ചലിക്കുന്ന അവസ്ഥയിലും രണ്ടുമാസം കൊണ്ട്‌ പുസ്‌തകം പൂര്‍ത്തിയാക്കി. 139 പേജുള്ള പുസ്‌തകം 1997 മാര്‍ച്ച്‌ ആറിന്‌ പുറത്തിറങ്ങി. ആദ്യത്തെ ആഴ്‌ച തന്നെ യൂറോപ്പില്‍ ഒന്നര ലക്ഷം കോപ്പികളാണ്‌ വിറ്റുപോയത്‌. (ഓരോ വാക്കും തിരഞ്ഞെടുക്കാന്‍ ബോബിക്ക്‌ ശരാശരി രണ്ടു മിനിറ്റ്‌ വേണ്ടിവന്നു എന്നാണ്‌ കണക്ക്‌. പുസ്‌തകരചനയ്‌ക്കു വേണ്ടി മൊത്തം രണ്ടു ലക്ഷം തവണ ബോബിക്ക്‌ കണ്ണ്‌ ചിമ്മേണ്ടിവന്നു.) ന്യൂമോണിയ പിടിപെട്ട ബോബി പുസ്‌തകമിറങ്ങി പത്താമത്തെ ദിവസം മരിച്ചു.
ബോബിയുടെ ജീവിതകാലത്തുതന്നെ 25 മിനിറ്റുള്ള മറ്റൊരു സിനിമ പുറത്തിറങ്ങിയിരുന്നു. പേര്‌ `ഹൗസ്‌ അറസ്റ്റ്‌'. സംവിധായകന്‍ ഴാങ്‌ ജാക്‌സ്‌ ബീനിഷ്‌.

Wednesday, November 19, 2008

മേല്‍വിലാസമില്ലാത്തവര്‍

സിനിമയുടെ ലാവണ്യ സങ്കല്‌പങ്ങളെ പരിഹസിച്ച ചിത്രമാണ്‌ ഫെര്‍ണാണ്ടോ മീറെല്ലസ്‌ സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ ഗോഡ്‌' .പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ഈ ബ്രസീലിയന്‍ ചിത്രം 2002 ലാണ്‌ പുറത്തുവന്നത്‌. പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ സ്‌തബ്‌ധരാക്കിയ ചിത്രമാണിത്‌. അനുസരണയില്ലാത്ത ക്യാമറയും ചേരിയില്‍ നിന്നു നേരെ ക്യാമറയ്‌ക്കു മുന്നില്‍ വന്നു നിന്ന അഭിനേതാക്കളും കൃത്രിമത്വമില്ലാത്ത അവരുടെ പെരുമാറ്റങ്ങളും നിയമങ്ങളെ കാറ്റില്‍ പറത്തിയ എഡിറ്റിങ്‌ രീതിയുമൊക്കെ ഈ സിനിമയെ വ്യത്യസ്‌തമാക്കി.
1970 കളിലും എണ്‍പതുകളിലും ബ്രസീലില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും അധോലോക സംസ്‌കാരത്തിന്‍െറ വ്യാപനവുമാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ നമ്മള്‍ കണ്ടത്‌. അക്രമവും മയക്കുമരുന്നു വ്യാപാരവും തഴച്ചുവളര്‍ന്ന ചേരികളാണ്‌ ആ ചിത്രത്തില്‍ നിറഞ്ഞുനിന്നത്‌. ബാല്യത്തിന്‍െറ നിഷ്‌കളങ്കതയും സേ്‌നഹവും നഷ്‌ടപ്പെട്ട കുട്ടികള്‍ തെരുവിന്‍െറ ഇരുട്ടിലേക്കാണിറങ്ങുന്നത്‌. അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്‌ചയാണത്‌. ഇരുട്ടില്‍ ഇരപിടിക്കാന്‍ കാത്തു നിന്ന അധോലോകസംഘങ്ങള്‍ക്ക്‌ ആ കുട്ടികള്‍ തങ്ങളുടെ ജീവിതം പണയം വെച്ചു. അവരുടെ കൈയില്‍ മയക്കുമരുന്നെത്തി, പണമെത്തി, തോക്കുകളുമെത്തി. മൃദുലചിന്തകള്‍ അവര്‍ക്ക്‌ അന്യമായി. ആരെയും ഒന്നിനെയും ഭയമില്ലാതായി. ചോരയുടെ മണം അവരെ ഉന്മത്തരാക്കി. ഇരുപത്‌ വയസ്സിനപ്പുറത്തെ ജീവിതം അവര്‍ക്ക്‌ ബോണസ്‌ പോലെയായി. `ചത്തും കൊന്നും' അടക്കാന്‍ ഇറങ്ങിയ അവരുടെ കൗമാരവും യൗവനവും തെരുവിലൊടുങ്ങിത്തീര്‍ന്നതിന്‍െറ ദുരന്തകഥയാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌' പറഞ്ഞു തന്നത്‌.

ലോകത്ത്‌ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച നൂറ്‌ സിനിമകളില്‍ ഒന്നായാണ്‌ `ടൈം' വാരിക `സിറ്റി ഓഫ്‌ ഗോഡി'നെ വിശേഷിപ്പിച്ചത്‌. അധോലോകത്തിന്‍െറ പ്രലോഭനങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറി പ്രസ്‌ ഫോട്ടോഗ്രാഫറായി മാറുന്ന റോക്കറ്റ്‌, തിന്മയുടെ ആള്‍ രൂപമായ ലിറ്റില്‍ ഡിസ്‌ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രണ്ടു വഴികളിലൂടെയാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ ഇതിവൃത്തം മുന്നോട്ടു കൊണ്ടുപോയത്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഇതിന്‍െറ തുടര്‍ച്ചപോലെ ഒരു ടി.വി. പരമ്പര വന്നു. ആ പരമ്പരയാണ്‌ 2007 ല്‍ പുറത്തിറങ്ങിയ `സിറ്റി ഓഫ്‌ മെന്‍' എന്ന സിനിമയ്‌ക്ക്‌ ആധാരം. `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറല്ലെസ്‌ നിര്‍മിച്ച ഈ ചിത്രത്തിന്‍െറ സംവിധായകന്‍ അദ്ദേഹത്തിന്‍െറ സുഹൃത്തായ പൗലോ മൊറെല്ലിയാണ്‌. മീറെല്ലസിനെപ്പോലെ അതിരുകടന്ന സ്വാതന്ത്ര്യമനുഭവിക്കാനൊന്നും മൊറെല്ലിക്ക്‌ കഴിഞ്ഞിട്ടില്ല. സിനിമയുടെ ഫ്രെയിമിനകത്തു തന്നെയാണ്‌ അദ്ദേഹത്തിന്‍െറ നില്‍പ്പ്‌.

അനാഥത്വത്തിന്‍െറ വേദനയും വിഷാദവും രോഷവുമാണ്‌ `സിറ്റി ഓഫ്‌ മെന്നി'ന്‍െറ പ്രമേയം . അച്ഛന്‍െറ സേ്‌നഹം ലഭിക്കാതെ, മേല്‍വിലാസമില്ലാത്തവരായി വളരേണ്ടിവന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണിത്‌. കുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ നഷ്‌ടപ്പെട്ട എയ്‌സാണ്‌ ഒരു കഥാപാത്രം. അവന്‍െറ കൂട്ടുകാരന്‍ വാലസ്‌. വാലസിന്‌ അച്ഛനാരെന്ന്‌ അറിഞ്ഞുകൂടാ. രണ്ടുപേര്‍ക്കും 18 വയസ്സ്‌ തികയുകയാണ്‌. സമൂഹം അവരെ പുരുഷന്മാരായി അംഗീകരിക്കാന്‍ പോവുകയാണ്‌. വാലസ്‌ അച്ഛനെക്കുറിച്ചോര്‍ത്ത്‌ സങ്കടപ്പെടുന്നത്‌ ഈ സമയത്താണ്‌. തന്‍െറ തിരിച്ചറിയല്‍ കാര്‍ഡില്‍ `അച്ഛന്‍ അജ്ഞാതന്‍' എന്ന കറുത്ത മുദ്ര പതിയാന്‍ പോകുന്നു. അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചേ മതിയാവൂ.


പതിനേഴാം വയസ്സില്‍ അച്ഛനാവേണ്ടിവന്നവനാണ്‌ എയ്‌സ്‌. അച്ഛന്‍െറ പദവിക്ക്‌ താനര്‍ഹനല്ലെന്ന്‌ അവന്‌ തോന്നുന്നു. എയ്‌സ്‌ ആഗ്രഹിക്കാതെ ജനിച്ച കുഞ്ഞാണ്‌ ക്ലേടണ്‍. അവനെ എങ്ങനെ വളര്‍ത്തണമെന്ന്‌ എയ്‌സിനറിയില്ല. ഭാര്യ ക്രിസ്റ്റീന നല്ലൊരു ജീവിതസാഹചര്യം സ്വപ്‌നം കണ്ട്‌ മറ്റൊരു ജോലി തേടി സ്ഥലം വിടുന്നു. ക്ലേടനെ ഒറ്റയ്‌ക്ക്‌ വളര്‍ത്തേണ്ട കാര്യമോര്‍ത്ത്‌ എയ്‌സ്‌ പകച്ചുനില്‍ക്കുന്നു.


എയ്‌സിന്‍െറ ശ്രമഫലമായി വാലസിന്‍െറ അച്ഛനെ കണ്ടെത്തുന്നു. പേര്‌ ഹെരാള്‍ഡോ. പരുക്കന്‍ മട്ടാണയാള്‍ക്ക്‌. ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ പേറ്റുനോവനുഭവിക്കുമ്പോള്‍ നേരെ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക്‌ പോയ ആളാണ്‌ കക്ഷി. പിന്നെയാരും ഹെരാള്‍ഡോയെ കണ്ടിട്ടില്ല. ഒരു കൊലക്കേസില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു. ശിക്ഷാകാലാവധി 20 വര്‍ഷമായിരുന്നു. 15 വര്‍ഷത്തിനുശേഷം അയാള്‍ പരോളിലിറങ്ങി. മകനു കൊടുക്കാന്‍ ഹെരാള്‍ഡോയുടെ കൈയിലൊന്നുമുണ്ടായിരുന്നില്ല. വാലസിന്‌ മറ്റൊന്നും വേണ്ട. തനിക്ക്‌ അച്ഛനുണ്ടെന്ന സത്യം മാത്രംമതി അവന്‌ ആഹ്ലാദിക്കാന്‍.

ഇതിനിടെ, എയ്‌സ്‌ യാദൃച്ഛികമായി മിഡ്‌നൈറ്റ്‌ എന്ന യുവാവിന്‍െറ അധോലോകസംഘത്തില്‍ അംഗമായിത്തീരുന്നു. മനസ്സില്ലാ മനസ്സോടെ അവനും തോക്കേന്തി ഓപ്പറേഷനില്‍ പങ്കെടുക്കുന്നു. തന്‍െറ അച്ഛനെ കൊന്നത്‌ വാലസിന്‍െറ അച്ഛന്‍ ഹെരോള്‍ഡോ ആണെന്ന്‌ എയ്‌സ്‌ മനസ്സിലാക്കുന്നു. പക വീട്ടാനായി അവന്‍െറ മനസ്സ്‌ പിടഞ്ഞു. പരോളിലിറങ്ങി മുങ്ങിയ ഹെരാള്‍ഡോ അപ്പോഴേക്കും പോലീസ്‌ പിടിയിലായിക്കഴിഞ്ഞിരുന്നു. വാലസിന്‍െറ നിഷ്‌ക്കളങ്കതയ്‌ക്കും സൗഹൃദത്തിനും സേ്‌നഹത്തിനും മുന്നില്‍ എയ്‌സ്‌ അടിയറവ്‌ പറഞ്ഞു. ക്ലേടനെ നന്നായി വളര്‍ത്തുമെന്ന പ്രതിജ്ഞയോടെ രണ്ടു സുഹൃത്തുക്കളും ജന്മനഗരം വിടുന്നു.


`സിറ്റി ഓഫ്‌ ഗോഡി'ലെ അന്തരീക്ഷം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും `സിറ്റി ഓഫ്‌ മെന്നി'ലെ ഇതിവൃത്തത്തിന്‌ കാര്യമായ മാറ്റമുണ്ട്‌. അധോലോകസംഘം കഥാഘടനയെ നിയന്ത്രിക്കുന്ന അവസ്ഥയല്ല പുതിയ ചിത്രത്തില്‍. അനാഥജന്മങ്ങളാകേണ്ടിവന്ന എയ്‌സിന്‍െറയും വാലസിന്‍െറയും വിവര്‍ണമുഖങ്ങളിലാണ്‌ ക്യാമറക്കണ്ണ്‌ പ്രധാനമായും പതിയുന്നത്‌. ഇവരുടെ കഥയെ്‌ക്കാപ്പം അധോലോകപശ്ചാത്തലം സമാന്തരമായി കൊണ്ടുപോകുന്നു എന്നേയുള്ളൂ.


വെടിയൊച്ച നിലയ്‌ക്കാത്ത റിയോ ഡി ജനീറോ എന്ന `ദൈവത്തിന്‍െറ നഗര'മാണ്‌ ആദ്യചിത്രത്തിന്‍െറ അവസാനം നമ്മള്‍ കണ്ടത്‌. പുതിയ അവതാരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു അധോലോകം. `പുരുഷന്മാരുടെ നഗരത്തി'ന്‍െറ അവസാനത്തിലാകട്ടെ പ്രതീക്ഷയുടെയും നന്മയുടെയും പ്രകാശമുണ്ട്‌. പഴയ വഴികളുപേക്ഷിച്ച്‌ പുതുപാതകള്‍ തേടുന്ന ദൃഢചിത്തരായ രണ്ട്‌ ചെറുപ്പക്കാരുടെ കൈപിടിച്ച്‌ മന്ദം മന്ദം നടക്കുന്ന ക്ലേടണ്‍ എന്ന കൊച്ചുകുഞ്ഞിനെ കാണിച്ച്‌ നാളെയുടെ നല്ല ചിത്രമാണ്‌ സംവിധായകന്‍ വരച്ചിടുന്നത്‌. ഇരുട്ടിനെ പിന്നിലാക്കി അവര്‍ നടന്നു നീങ്ങുന്നു. റോഡ്‌ മുറിച്ചുകടക്കും മുമ്പ്‌ ഇരുവശത്തേക്കും നോക്കണമെന്ന്‌ എയ്‌സ്‌ മകനെ ഉപദേശിക്കുന്നതോടെയാണ്‌ നൂറ്‌ മിനിറ്റ്‌ നീണ്ട `സിറ്റി ഓഫ്‌ മെന്‍' അവസാനിക്കുന്നത്‌.

Tuesday, November 4, 2008

സംഗീതം ജീവിതം മരണം

ഇറാന്‍ കാരനായ കുര്‍ദിഷ്‌ സംവിധായകന്‍ ബഹ്‌മാന്‍ ഗൊബാദി കുര്‍ദ്‌ ദേശീയതയുടെ വക്താവാണ്‌. ഏതാണ്ട്‌ 30-35 ലക്ഷം വരും കുര്‍ദ്‌ ജനസംഖ്യ. ഇറാന്‍, ഇറാഖ്‌, തുര്‍ക്കി, സിറിയ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്‌ ഈ ജനസമൂഹം. സ്വന്തം ഭാഷയും സംസ്‌കാരവുമുണ്ട്‌ കുര്‍ദുകള്‍ക്ക്‌. എന്നും സദ്ദാം വിരുദ്ധരാണ്‌ കുര്‍ദ്‌ ജനത. അതിര്‍ത്തികള്‍ കുര്‍ദ്‌ ജനതയെ അകറ്റി നിര്‍ത്തുന്നത്‌ കാണുമ്പോള്‍ ഗൊബാദിയുടെ മനസ്സ്‌ വേദനിക്കുന്നു.
നാല്‌ ഫീച്ചര്‍ സിനിമകളാണ്‌ ഗൊബാദി സംവിധാനം ചെയ്‌തിട്ടുള്ളത്‌. `എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്‌സസ്‌', `മറൂണ്‍ഡ്‌ ഇന്‍ ഇറാഖ്‌' , `ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ' , `ഹാഫ്‌ മൂണ്‍' എന്നിവയാണീ ചിത്രങ്ങള്‍. വിദേശ ചലച്ചിത്ര മേളകളില്‍ ഒട്ടേറെ അവാര്‍ഡിന്നര്‍ഹമായിട്ടുണ്ട്‌ നാല്‌ ചിത്രങ്ങളും. കുര്‍ദിഷ്‌ ജനസമൂഹത്തിന്‍െറ കഥയാണ്‌ ഗൊബാദി ഇവയിലെല്ലാം പറയുന്നത്‌. യുദ്ധവും ദാരിദ്ര്യവും രോഗവും അവഗണനയും തകര്‍ത്തെറിഞ്ഞ ജീവിതങ്ങളിലൂടെയാണ്‌ ക്യാമറ സഞ്ചരിക്കുന്നത്‌. എല്ലാ ദുരിതങ്ങള്‍ക്കിടയിലും അവര്‍ കൊച്ചു തമാശകള്‍ പറയുന്നു. സംഗീതമാസ്വദിക്കുന്നു. പരസ്‌പരസേ്‌നഹത്തിന്‍െറ തണലില്‍ അഭയം കണ്ടെത്തുന്നു.

2006 അവസാനം പുറത്തിറങ്ങിയ ഗൊബാദി ചിത്രമായ `ഹാഫ്‌ മൂണി'ല്‍ സംഗീതവും ജീവിതവും മരണവും നിറഞ്ഞുനില്‌ക്കുന്നു. വിഖ്യാത സംഗീതജ്ഞനായ മാമു എന്ന വൃദ്ധന്‍ `സ്വാതന്ത്ര്യഗീതം' എന്നപേരിലുള്ള സംഗീത പരിപാടി നടത്താനായി സംഗീതകാരന്മാരായ ആണ്‍മക്കളോടൊപ്പം ഇറാഖിലെ കുര്‍ദിസ്‌താനിലേക്ക്‌ പോകുന്നതാണ്‌ ഇതിവൃത്തം. മലകളും മഞ്ഞുമല്ല, ഇറാനിലെ കര്‍ക്കശ നിയമങ്ങളാണ്‌ മാമുവിന്‍െറ സ്വപ്‌നയാത്ര തടസ്സപ്പെടുത്തുന്നത്‌. സ്‌ത്രീശബ്ദമില്ലാതെ സംഗീതം അപൂര്‍ണമാണെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ മാമു. ഇറാനില്‍ സ്‌ത്രീകള്‍ക്ക്‌ പൊതുവേദിയില്‍ പാടുന്നതിന്‌ വിലക്കുണ്ട്‌. ഹെഷോ എന്ന ഗായികയെ തങ്ങളുടെ ബസ്സില്‍ ഒളിച്ചുകടത്താനുള്ള സംഘത്തിന്‍െറ ശ്രമം വിജയിക്കുന്നില്ല. ഇറാഖിലേത്‌ തന്‍െറ അവസാനത്തെ കച്ചേരിയാണെന്ന്‌ മാമുവിന്‌ നല്ല ബോധ്യമുണ്ട്‌. 37 വര്‍ഷമായി ഇറാഖിലെ കുര്‍ദിസ്‌താനില്‍ ഒരു കച്ചേരി നടത്തിയിട്ട്‌. സദ്ദാം ഭരണത്തിന്‍െറ വീഴ്‌ചയോടെ സംഗീതനിശയ്‌ക്ക്‌ അനുമതി ലഭിച്ചിരിക്കയാണ്‌. അപ്പോഴാണ്‌ ഗായികയുടെ പ്രശ്‌നം ഉയരുന്നത്‌. ഇറാന്‍, തുര്‍ക്കി സൈനികര്‍ ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ ഓരോന്നായി തരണം ചെയ്‌ത്‌ ഗായകസംഘം കുര്‍ദിസ്‌താനില്‍ കച്ചേരി അവതരിപ്പിക്കുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌.

സംഗീതത്തിന്‍െറ അകമ്പടിയോടെയുള്ള കോഴിപ്പോരിന്‍െറ ദൃശ്യത്തില്‍ നിന്നാണ്‌ സിനിമയുടെ തുടക്കം. തമാശക്കാരനായ അനൗണ്‍സര്‍ പെട്ടെന്ന്‌ ഗൗരവക്കാരനാവുന്നു. ഡാനിഷ്‌ ചിന്തകന്‍ കിര്‍ക്കെഗാര്‍ഡ്‌ മരണത്തെക്കുറിച്ച്‌ നല്‍കിയ നിര്‍വചനം അനൗണ്‍സര്‍ ഉദ്ധരിക്കുമ്പോള്‍ത്തന്നെ കഥാസൂചന നമുക്കു ലഭിക്കുന്നു. `നേട്ടവും നഷ്‌ടവും മരണത്തേക്കാള്‍ പ്രധാനപ്പെട്ടതല്ല' എന്നു പറഞ്ഞ്‌ അനൗണ്‍സര്‍ കോഴിപ്പോരിനെ ജീവിതത്തിന്‍െറ നിരര്‍ഥകതയിലേക്ക്‌ ബന്ധിപ്പിക്കുകയാണ്‌.

മാമുവിനെ നമ്മള്‍ ആദ്യം കാണുമ്പോള്‍ത്തന്നെ മരണചിന്ത തെളിയുന്നു. ഒരു കുഴിയില്‍ മലര്‍ന്നുകിടക്കുകയാണദ്ദേഹം. നീലാകാശത്ത്‌ അര്‍ധചന്ദ്രന്‍. ഇവിടെനിന്ന്‌ , സംഗീതത്തിന്‍െറ അമരത്വം അന്വേഷിച്ചിറങ്ങുകയാണ്‌ മാമു. മരണം ആസന്നമാണെന്നറിഞ്ഞിട്ടും അദ്ദേഹം യാത്ര തുടരുകയാണ്‌. (ചിത്രത്തിലെ മരണദൃശ്യങ്ങളെ പ്രശസ്‌ത ഓസ്‌ട്രിയന്‍ സംഗീതജ്ഞനായ മൊസാര്‍ട്ടിന്‍െറ ജീവിതവുമായാണ്‌ സംവിധായകന്‍ ബന്ധപ്പെടുത്തുന്നത്‌. മൊസാര്‍ട്ടിന്‍െറ 250-ാം ജന്മദിനവാര്‍ഷികത്തിന്‍െറ ഭാഗമായാണ്‌ `ഹാഫ്‌മൂണ്‍' നിര്‍മിച്ചത്‌. 35-ാമത്തെ വയസ്സില്‍ അന്തരിച്ച മൊസാര്‍ട്ട്‌ തന്‍െറ അന്ത്യത്തിനു തൊട്ടുമുമ്പ്‌ ഒരു ചരമഗീതം രചിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌). മീസാന്‍ കല്ലുകള്‍, ശവക്കുഴി, ശവപ്പെട്ടി, മഞ്ഞുമലയില്‍ ഇല കൊഴിഞ്ഞ്‌ ഒറ്റപ്പെട്ടുനില്‍ക്കുന്ന മരം തുടങ്ങിയ മരണ സൂചകങ്ങള്‍ ഇടയെ്‌ക്കാക്കെ പ്രത്യക്ഷപ്പെടുന്നതുകാണാം. ചാന്ദ്രമാസത്തിലെ പതിന്നാലാം രാവില്‍ അശുഭമായതെന്തോ തനിക്കുസംഭവിക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പ്‌ ധീരമായിത്തന്നെയാണ്‌ മാമു നേരിടുന്നത്‌. മരണത്തെക്കുറിച്ചല്ല, ഭാഷയും അതിര്‍ത്തികളും കടന്ന്‌ സംഗീതം എങ്ങും മഞ്ഞുമഴയായി പെയ്യുന്ന ശുഭദിനത്തെക്കുറിച്ചാണ്‌ മാമുവിന്‍െറ ചിന്ത.

സ്വാതന്ത്ര്യത്തിന്‍െറ , സൗഹൃദത്തിന്‍െറ, സൗന്ദര്യത്തിന്‍െറ സംഗീതയാത്രയാണ്‌ മാമു നടത്തുന്നത്‌. ഇറാനില്‍ ഞെരിച്ചുകൊന്ന സ്‌ത്രീ ശബ്ദവും തന്‍െറ കച്ചേരിയില്‍ കേള്‍പ്പിക്കാനദ്ദേഹം ആഗ്രഹിക്കുന്നു. ഇറാനില്‍ നിരോധനത്തിനു വിധേയരായി നാടുകടത്തപ്പെട്ട 1334 ഗായികമാര്‍ ഒരുമിച്ചു താമസിക്കുന്ന പ്രദേശത്ത്‌ ഹെഷോ എന്ന ഗായികയെത്തേടി മാമു എത്തുന്ന മനോഹരദൃശ്യം മറക്കാനാവില്ല. തന്നെ സ്വാഗതം ചെയ്‌തുകൊണ്ട്‌ അവര്‍ പാടുന്ന പാട്ടിന്‌ ഒറ്റ ശബ്ദമേയുള്ളൂ എന്ന്‌ മാമുപറയുന്നു. എല്ലാശബ്ദവും ലയിച്ചുചേര്‍ന്ന്‌, സ്‌ത്രീയുടെ വശ്യമധുരമായ ഏകസ്വരമായി അത്‌ മാറുകയാണ്‌. സംവിധായകന്‍ ഗൊബാദിക്ക്‌ വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്‌. അത്‌ തന്‍െറ ചിത്രങ്ങളില്‍ ശക്തമായി പ്രകടിപ്പിക്കുന്നുമുണ്ട്‌ അദ്ദേഹം. സദ്ദാം വിരുദ്ധ പരാമര്‍ശങ്ങള്‍ എല്ലാ ഗൊബാദി ചിത്രങ്ങളിലും സുലഭമാണ്‌. സദ്ദാമിന്‍െറ പ്രതിമ അമേരിക്കന്‍ സൈനികര്‍ തകര്‍ക്കുന്ന ദൃശ്യം `ടര്‍ട്ട്‌ല്‍സ്‌ കാന്‍്‌ൈള്‌ള' എന്ന ചിത്രത്തില്‍ കാണാം.

സാന്‍സബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ (2006) ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌ `ഹാഫ്‌ മൂണാ'ണ്‌. ഇസ്‌താംബുള്‍ ഫെസ്റ്റിവലില്‍ (2007) പീപ്പിള്‍സ്‌ ചോയ്‌സ്‌ അവാര്‍ഡും ഈ സിനിമയ്‌ക്കായിരുന്നു.

`ഹാഫ്‌ മൂണി'ന്‍െറ പ്രമേയഘടനയ്‌ക്ക്‌ ഗൊബാദിയുടെ രണ്ടാമത്തെ ചിത്രമായ `മറൂണ്‍ഡ്‌ ഇന്‍ ഇറാഖു'മായി സാദൃശ്യമുണ്ട്‌. മിര്‍സ എന്ന വൃദ്ധഗായകനാണ്‌ `മറൂണ്‍ഡ്‌ ഇന്‍ ഇറാഖി'ലെ മുഖ്യ കഥാപാത്രം. ഇയാള്‍ക്ക്‌ രണ്ട്‌ ആണ്‍മക്കള്‍. രണ്ടും ഗായകരാണ്‌. ഇറാനില്‍ ഗായികമാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനത്തെത്തുടര്‍ന്ന്‌ 23 വര്‍ഷം മുമ്പ്‌ ഇറാഖിലേക്ക്‌ തന്‍െറ സുഹൃത്തിനൊപ്പം രക്ഷപ്പെട്ട ഗായികയായ മുന്‍ഭാര്യയെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയാണ്‌ മിര്‍സ. കൂട്ടിന്‌ മക്കളെയും കൂട്ടുന്നു. മോട്ടോര്‍ ബൈക്കിലാണ്‌ യാത്ര. മലകളിലൂടെ, മഞ്ഞിലൂടെ, ചീറിപ്പായുന്ന യുദ്ധവിമാനങ്ങള്‍ക്കു കീഴെ ഇറാഖിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ മുന്‍ഭാര്യയെ അന്വേഷിച്ചുള്ള യാത്രയാണ്‌ ഈ സിനിമയുടെ ഇതിവൃത്തം.

Thursday, October 23, 2008

പ്രസാദചിന്തകളുടെ യാത്ര

ലളിതരേഖകളിലൂടെ സിനിമയില്‍ ജീവിതത്തെ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നവരാണ്‌ ഇറാനിയന്‍ സംവിധായകര്‍. രാഷ്ട്രീയ, സാമൂഹിക വിലക്കുകള്‍ക്കിടയിലും അവര്‍ ശുദ്ധ സിനിമകള്‍ സൃഷ്‌ടിക്കുന്നു. ചുറ്റിലുമുള്ള ജീവിതമാണ്‌ അവര്‍ സിനിമയ്‌ക്ക്‌ വിഷയമാക്കുന്നത്‌. ദാരിദ്ര്യവും യുദ്ധവും അഭയാര്‍ഥി പ്രശ്‌നവും സമൂഹത്തിലെ ഇരുട്ടും കൊഴിഞ്ഞുവീഴുന്ന ദാമ്പത്യ ബന്ധങ്ങളുമൊക്കെ ഇറാനിയന്‍ സിനിമകളില്‍ അടിസ്ഥാന പ്രമേയമായി മാറുന്നു. മൊഹ്‌സന്‍ മഖ്‌മല്‍ ബഫ്‌, മകള്‍ സമീറ മഖ്‌മല്‍ ബഫ്‌, മജീദ്‌ മജീദി, അബ്ബാസ്‌ കിരോസ്‌തമി, ജാഫര്‍ പനാഹി തുടങ്ങിയ സംവിധായകര്‍ ഇറാനിയന്‍ സിനിമകളെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചവരാണ്‌. ഇവരുടെ ഗണത്തിലേക്കുയരുകയാണ്‌ നടികൂടിയായ മാനിയ അക്‌ബറി എന്ന സംവിധായിക. 2005ല്‍ ആദ്യത്തെ ഫീച്ചര്‍ സിനിമയിലൂടെ (20 ഫിംഗേഴ്‌സ്‌)ത്തന്നെ മാനിയ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2007ല്‍ സംവിധാനം ചെയ്‌ത `10 + 4' എന്ന ചിത്രത്തിലൂടെ അവര്‍ പ്രശസ്‌തരുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു.
അബ്ബാസ്‌ കിരോസ്‌തമിയുടെ `ടെന്‍' എന്ന ചിത്രത്തിന്‍െറ തുടര്‍ച്ചയാണ്‌ `10 + 4'. തൊണ്ണൂറുമിനിറ്റ്‌ നീളുന്ന കാര്‍ യാത്രയുടെ പശ്ചാത്തലത്തിലാണ്‌ `ടെന്‍' രൂപംകൊണ്ടത്‌. 2002ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്‌ `ടെന്‍'. മാനിയ അക്‌ബറിയായിരുന്നു അതിലെ നായിക. `10 + 4'ലും നായിക മാനിയതന്നെ. സംവിധായികയുടെ ആത്മാംശമുള്ള `10 + 4' ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന പന്ത്രണ്ടാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അര്‍ജന്‍റീനയില്‍ നിന്നുള്ള `ന്ദന്ദള്‍' ക്കൊപ്പം മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പങ്കിട്ട സിനിമയാണ്‌. മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും മാനിയ ആണ്‌ നേടിയത്‌.

(സേ്‌നഹബന്ധങ്ങള്‍ നഷ്‌ടപ്പെടുമ്പോഴുള്ള വേദനയുടെ ആഴമാണ്‌ കിരോസ്‌തമിയുടെ ക്യാമറ `ടെന്‍' എന്ന ചിത്രത്തില്‍ അന്വേഷിക്കുന്നത്‌. എപ്പോഴും ഡ്രൈവിങ്‌ സീറ്റിലിരിക്കുന്ന നായിക, പന്ത്രണ്ടു വയസ്സായ മകന്‍, ഇടയ്‌ക്ക്‌ കയറിവരുന്ന സുഹൃത്തുക്കളും അപരിചിതരുമായ അഞ്ച്‌ സ്‌ത്രീകള്‍, പിന്നെ എല്ലാറ്റിനും സാക്ഷിയായി അവര്‍ സഞ്ചരിക്കുന്ന കാറും. അപൂര്‍വമായ സിനിമാനുഭവമാണ്‌ `ടെന്‍'. കാറിന്‍െറ മുന്‍സീറ്റുകളിലെ യാത്രക്കാരുടെ മുഖങ്ങളില്‍ നിന്നാണ്‌, അവരുടെ സംഭാഷണങ്ങളില്‍ നിന്നാണ്‌ ഈ സിനിമ രൂപം കൊള്ളുന്നത്‌. കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ മാത്രമേ ഇതില്‍ കാണിക്കുന്നുള്ളൂ. കാറിന്‍െറ ഡാഷ്‌ബോര്‍ഡില്‍ വെച്ച രണ്ട്‌ ഡിജിറ്റല്‍ ക്യാമറകളാണ്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌. കാറിനു പുറത്തേക്ക്‌ ക്യാമറക്കണ്ണുകള്‍ പോകുന്നേയില്ല.)

മാറിടത്തിലെ ക്യാന്‍സറിനെ മനോധൈര്യം കൊണ്ട്‌ അതിജീവിച്ച നടിയാണ്‌ മാനിയ അക്‌ബറി. മുപ്പത്‌ വയസ്സിനിടയില്‍ അവര്‍ നേരിട്ട ജീവിതാനുഭവങ്ങളുടെ ചൂടില്‍ നിന്നാണ്‌ `10+4ന്‍െറ ജനനം. `ടെന്നി'നും 10+4യ്‌ത്തനുമിടയ്‌ക്കുള്ള നാലുവര്‍ഷങ്ങളെ സൂചിപ്പിക്കുന്നതാണ്‌ സിനിമയുടെ ശീര്‍ഷകം. പ്രധാനമായും കാര്‍യാത്രതന്നെയാണ്‌ ഈ സിനിമയിലും പശ്ചാത്തലമായി സ്വീകരിച്ചിരിക്കുന്നത്‌. നായികയും മകനായി അഭിനയിക്കുന്ന നടനും വ്യത്യാസമില്ലാതെ തുടരുന്നു. സ്വന്തം പേരു തന്നെയാണ്‌ മാനിയ നായികയ്‌ക്ക്‌ നല്‌കിയിരിക്കുന്നത്‌.

`ടെന്‍' എന്ന ചിത്രത്തില്‍ നമ്മള്‍കണ്ട ആദ്യരംഗത്തോടെയാണ്‌ 10+4യ്‌ത്തതുടങ്ങുന്നത്‌ (മകന്‍ അമീന്‍ അമ്മയോട്‌ വഴക്കടിക്കുന്ന രംഗം). അടുത്ത രംഗത്തില്‍ കാറിന്‍െറ മുന്‍സീറ്റില്‍ വീണ്ടും അമീന്‍. അവന്‍ വളര്‍ന്നിരിക്കുന്നു. കൗമാരംവിട്ടുകഴിഞ്ഞു. അവനിപ്പോള്‍ ശാന്തനാണ്‌. അമ്മയോട്‌ തര്‍ക്കിക്കുന്നില്ല. വിവാഹമോചിതയായ അമ്മയുടെ രോഗാവസ്ഥ അവനെ വേദനിപ്പിക്കുന്നു. സുന്ദരിയായ അമ്മയുടെ മുടി കീമോതെറാപ്പി കാരണം പാടെ കൊഴിഞ്ഞതില്‍ അവന്‌ സങ്കടമുണ്ട്‌. പത്തുമിനിറ്റ്‌ നീളുന്ന ഈ ആദ്യ ദൃശ്യത്തില്‍ കഥാനായികയെ ഒരിക്കല്‍പ്പോലും കാണിക്കുന്നില്ല. മകന്‍െറ ക്ലോസപ്പ്‌ ഷോട്ടുകളാണ്‌ മുഴുവന്‍. നായികയുടെ സംഭാഷണം മാത്രമേ നമുക്ക്‌കേള്‍ക്കാനാവൂ.`ടെന്‍' കണ്ടിട്ടുള്ളവര്‍ക്ക്‌ പക്ഷേ, നായികയെ ഊഹിക്കാനാവും. രണ്ടാമത്തെ രംഗത്തിലാണ്‌ നായികയെ കാണുന്നത്‌. റോയ എന്ന കൂട്ടുകാരിയാണ്‌ അവരുടെ സഹയാത്രിക. കാന്‍സര്‍ ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ അവളാണ്‌ മാനിയയ്‌ക്ക്‌ കൂട്ടുണ്ടായിരുന്നത്‌. കൂട്ടുകാരിയുടെ മുന്നില്‍ ഒരിക്കല്‍പ്പോലും കരയാതിരിക്കാന്‍ റോയ അന്ന്‌ ശ്രദ്ധിച്ചിരുന്നു. മൂന്നുമാസം അവള്‍ കൂടെയുണ്ടായിരുന്നു; മാനിയയുടെ ജീവിതത്തിന്‍െറ ഓരോനിമിഷവും ശ്രദ്ധിച്ചുകൊണ്ട്‌. ജീവിതത്തെ മാനിയ എന്തുമാത്രം സേ്‌നഹിച്ചിരുന്നു എന്ന്‌ അവള്‍ക്ക്‌ ബോധ്യമായ നാളുകളായിരുന്നു അത്‌.

മാനിയയുടെ ജീവിതവീക്ഷണം വെളിപ്പെടുത്താനാണ്‌ ഈ കൂട്ടുകാരിയെത്തന്നെ ആദ്യം അവതരിപ്പിക്കുന്നത്‌.രോഗം ദൈവകോപമായല്ല മാനിയ കണ്ടിരുന്നത്‌. മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന ഓരോ നിമിഷത്തിലും അവള്‍ ജീവിതത്തെ കൂടുതല്‍ സേ്‌നഹിക്കുകയായിരുന്നു. ജീവിതം ആസ്വദിക്കാനുള്ളതാണെന്നും സേ്‌നഹം പങ്കിടാനുള്ളതാണെന്നും അവള്‍ തിരിച്ചറിയുന്നു. ഒമര്‍ഖയ്യാമിന്‍െറ കവിതകളെ അവള്‍ കൂടുതലായി ഇഷ്‌ടപ്പെടുന്നു. പ്രണയം മറക്കുന്ന ചെറുപ്പക്കാരെപ്പറ്റി വ്യാകുലപ്പെടുന്നു. കടുത്ത വേദനയില്‍നിന്നു മോചനം കിട്ടുമ്പോഴൊക്കെ കാറുമായി അവള്‍ നഗരത്തിലേക്കിറങ്ങുന്നു. ചുറ്റുമുള്ള ജീവിതം കാണാന്‍, മനുഷ്യരെ കാണാന്‍.


കാന്‍സറാണെന്നറിഞ്ഞ ആദ്യ ദിനങ്ങളെപ്പറ്റി നിര്‍വികാരയായി മാനിയ സംസാരിക്കുന്നുണ്ട്‌. സ്വന്തം ശരീരം കണ്ണാടിയില്‍ കണ്ടപ്പോള്‍ ചെന്നായയെപ്പോലെ അലറിക്കരഞ്ഞത്‌ അവള്‍ ഓര്‍ക്കുന്നു. പിന്നെപ്പിന്നെ, രോഗാവസ്ഥയോട്‌ അവള്‍ പൊരുത്തപ്പെടുകയായിരുന്നു. ജീവിതത്തോടും മരണത്തോടും സല്ലപിച്ചുകൊണ്ട്‌, പൂക്കള്‍കൊണ്ടലങ്കരിച്ച മനോഹരമായ ഒരു വീട്‌ സ്വപ്‌നംകണ്ടുകൊണ്ട്‌, സേ്‌നഹവും സൗന്ദര്യവും എന്തെന്ന്‌ തിരിച്ചറിയാനാവുന്ന ദയാലുവായ ഒരു പുരുഷനെ ആഗ്രഹിച്ചുകൊണ്ട്‌ അവളങ്ങനെ മുന്നോട്ടുപോകുന്നു.

മാരകമായ രോഗാവസ്ഥയ്‌ക്കിടയിലും ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുന്നു എന്നതാണ്‌ `10+4'ന്‍െറ സവിശേഷത. രോഗം ജീവിതത്തിന്‍െറ അവസാനമല്ലെന്ന ശുഭചിന്തയാണീ ചിത്രം നല്‌കുന്നത്‌.

ശില്‌പപരമായി `ടെന്‍' എന്ന ചിത്രത്തിനു താഴെയാണ്‌ `10+4'ന്‍െറ സ്ഥാനം. മുഴുവന്‍ സമയവും കാര്‍ യാത്രയെ ആശ്രയിച്ചാണ്‌ `ടെന്നി'ല്‍ കിരോസ്‌തമി കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ആ ശില്‌പസൗന്ദര്യം `10+4'ല്‍ കാണാനാവില്ല. ആദ്യത്തെ മൂന്നു രംഗങ്ങള്‍ കഴിഞ്ഞാല്‍ നായിക ഡ്രൈവിങ്‌ സീറ്റില്‍നിന്ന്‌ പിന്‍സീറ്റിലേക്കു മാറുകയാണ്‌.

Tuesday, October 7, 2008

സംഘര്‍ഷഭൂമിയിലെ ശാന്തിഗീതം

പകയുടെ ശോണിമ പടര്‍ന്ന്‌ കലുഷമായ ഭൂഭാഗം. അവിടെ നിന്നുവരുന്ന ഡോക്യുമെന്‍ററി ഫിലിം സമാധാനത്തിന്‍െറ ഭാഷ സംസാരിക്കുമ്പോള്‍ നമുക്ക്‌ അത്ഭുതം തോന്നും. മഹാത്മാഗാന്ധിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തെയും യുവാക്കള്‍ ആദരവോടെ സ്‌മരിക്കുമ്പോള്‍ അത്ഭുതം ഇരട്ടിക്കുന്നു. ആറ്‌ പതിറ്റാണ്ടായി സമാധാനം അകന്നുനില്‍ക്കുന്ന പലസ്‌തീന്‍- ഇസ്രായേല്‍ മേഖലയെക്കുറിച്ചുള്ള `എന്‍കൗണ്ടര്‍ പോയന്‍റ്‌' എന്ന ഡോക്യുമെന്‍ററി ഫിലിം ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയ്‌ക്കുള്ള വിദൂര പ്രണാമമാണ്‌. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്മേല്‍ ആധുനികലോകം ഒരിക്കല്‍ക്കൂടി കൈയൊപ്പ്‌ ചാര്‍ത്തുകയാണ്‌. ആഗോളീകരണകാലത്ത്‌ `വിശാലമായി'ക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ മനസ്സില്‍ നിന്ന്‌ ഗാന്ധിജിയും ഗാന്ധിയന്‍ മൂല്യങ്ങളും പുറത്തുകടക്കുമ്പോള്‍ ആ മൂല്യങ്ങളെ സ്വീകരിക്കാന്‍ തയ്യാറായ കുറേ ചെറുപ്പക്കാരെയാണ്‌ ഈ ഡോക്യുമെന്‍ററി പരിചയപ്പെടുത്തുന്നത്‌.

പലസ്‌തീന്‍- ഇസ്രായേല്‍ ജനതയ്‌ക്കിടയില്‍ ശാശ്വതസമാധാനത്തിനായി യത്‌നനിക്കുന്ന `ജസ്റ്റ്‌ വിഷന്‍' എന്ന സന്നദ്ധ സംഘടന നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്‌തത്‌ റോണിത്‌ അവ്‌നി, ജൂലിയബച്ച എന്നീ വനിതകളാണ്‌. നാലുവര്‍ഷം കൊണ്ട്‌ നിര്‍മിച്ച `എന്‍കൗണ്ടര്‍ പോയന്‍റ്‌' 2006-ല്‍ ഒട്ടേറെ അന്താരാഷ്ട്രചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്‌. 2007-ല്‍ ഇസ്രായേലിലെ എല്ലാതിയേറ്ററുകളിലും ടെലിവിഷനിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

പലസ്‌തീന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഉറ്റവര്‍ നഷ്‌ടപ്പെട്ട ഏതാനും സാധാരണക്കാര്‍ ചേര്‍ന്നു രൂപം കൊടുത്ത `ബിറീവ്‌ഡ്‌ ഫാമിലീസ്‌ ഫോറം' എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചാണീ സിനിമ പ്രധാനമായും സംസാരിക്കുന്നത്‌. ഇരുഭാഗത്തു നിന്നുമായി അഞ്ഞൂറ്‌ കുടുംബങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്‌. തുല്യ ദുഃഖിതരുടെ അഭയകേന്ദ്രമാണിത്‌. പലസ്‌തീനികളും ഇസ്രായേലികളും ഒരു പോലെ ദേശഭാഷകള്‍ മറന്ന്‌ ഒരുമിച്ചുകൂടുന്നു, പരസ്‌പരം ആശ്വസിപ്പിക്കുന്നു, നഷ്‌ടങ്ങളും വേദനകളും പങ്കുവെക്കുന്നു. വെടിവെപ്പിലും ബോംബാക്രമണങ്ങളിലും മരിച്ചവര്‍ക്കുവേണ്ടി അവര്‍ ഒരുമിച്ച്‌ പ്രാര്‍ഥിക്കുന്നു. സമാധാനറാലികള്‍ നടത്തുന്നു. വെറുപ്പിന്‍െറ ലോകത്തല്ല അവരുടെ സഞ്ചാരം. തങ്ങളെപ്പോലെ ഇനിയാര്‍ക്കും മക്കളെയും ഭര്‍ത്താക്കന്മാരെയും സഹോദരങ്ങളെയും അകാലത്തില്‍ നഷ്‌ടപ്പെടരുതേ എന്നാണ്‌ അവരുടെ പ്രാര്‍ത്ഥന.

ഉറ്റവര്‍ തോക്കുകള്‍ക്കും ബോംബുകള്‍ക്കും ഇരയായപ്പോഴും ശാപവചനങ്ങള്‍ ചൊരിയാത്ത ആര്‍ദ്രചിത്തരായ കുറേ മനുഷ്യരെയാണ്‌ നമ്മള്‍ കാണുന്നത്‌. അവരെ ഒരുമിപ്പിക്കാന്‍ യാതനാ പര്‍വങ്ങള്‍ താണ്ടുന്ന ഏതാനും സാമൂഹികപ്രവര്‍ത്തകരെയും ചിത്രം കാട്ടിത്തരുന്നു. അലി അബു അവ്വദ്‌ എന്ന പലസ്‌തീന്‍ യുവാവാണ്‌ അവരില്‍ പ്രധാനി. സ്വന്തം ഗ്രാമത്തില്‍ വെച്ചാണ്‌ അലിയുടെ സഹോദരനെ ഒരു ഇസ്രായേലി ഭടന്‍ വെടിവെച്ചുകൊന്നത്‌. ഇസ്രായേലിനെതിരെ ആദ്യകാലത്ത്‌ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌ അലി. അത്‌ പതിനാറാം വയസ്സിലായിരുന്നു. അന്ന്‌ കാലിനുവെടിയേറ്റു. നാലുകൊല്ലം ജയിലിലുംകിടന്നു. അലിയുടെ അമ്മയും സമരോത്സുകയായിരുന്നു. അവരും കിടന്നിട്ടുണ്ട്‌ ജയിലില്‍. പക്ഷേ, ഇപ്പോള്‍ അലി അതൊന്നും ഓര്‍ക്കുന്നില്ല. ദുഃഖിതരുടെ സഞ്ചയത്തെ ഒരുമിപ്പിക്കുന്ന പ്രധാന ശക്തി അലിയാണ്‌. ഗാന്ധിയെയും മണ്ടേലയെയും കുറിച്ച്‌ പഠിച്ചാണ്‌ അലി ശാന്തിയുടെ വഴി തിരഞ്ഞെടുത്തത്‌. സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അലി ഗാന്ധിവചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ നമുക്ക്‌ അഭിമാനം തോന്നും.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ `ഭീകര പ്രവര്‍ത്തന'മായാണ്‌ മുദ്രകുത്തുന്നതെന്ന്‌ അലി പറയുന്നു. തങ്ങള്‍ ഭീകരരല്ല എന്നു ലോകത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ പലസ്‌തീന്‍കാരനുമുണ്ടെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. അതിന്‌ മഹാത്മാവിന്‍െറ മാര്‍ഗമാണ്‌ അലി അവലംബിക്കുന്നത്‌. അഹിംസാസിദ്ധാന്തം ഇന്ത്യയില്‍ വിജയം കണ്ടതിനെപ്പറ്റി കൂട്ടുകാരോട്‌ അലി സംസാരിക്കുന്നു. സമാധാനമല്ല, ചെറുത്തുനില്‍പ്പും യുദ്ധവുമാണ്‌ വേണ്ടതെന്ന്‌ പറഞ്ഞ്‌ തന്നോട്‌ രോഷം കൊള്ളുന്ന പലസ്‌തീന്‍ യുവാക്കളെ നോക്കി അലി സൗമ്യമായി ചിരിക്കുന്നു. അപ്പോള്‍ ഉത്തമനായ ഒരു ഗാന്ധിശിഷ്യന്‍െറ ഭാവമാണാമുഖത്ത്‌.

1967-ലെ യുദ്ധത്തെത്തുടര്‍ന്ന്‌ ജൂതമേഖലയില്‍ നിന്നുപുറത്താക്കപ്പെട്ട സമി അല്‍ ജൂന്‍ഡിയാണ്‌ ഗാന്ധി മാര്‍ഗത്തിന്‍െറ പ്രായോഗികതയില്‍ വിശ്വാസമര്‍പ്പിക്കുന്ന മറ്റൊരു പലസ്‌തീന്‍ യുവാവ്‌. പത്തുവര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്‌ സമി. അക്കാലത്ത്‌ പുസ്‌തകങ്ങള്‍ വായിച്ചുതള്ളി. വായനയില്‍ അവന്‍െറ ലോകം വിശാലമായി. ഗാന്ധിജിയും മണ്ടേലയും മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങും ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനുമൊക്കെ സമിയുടെ ആരാധ്യരായി.

നഷ്‌ടപ്പെട്ട ഏകമകനെയോര്‍ത്ത്‌ കണ്ണീരൊഴുക്കുമ്പോഴും മറ്റ്‌ അമ്മമാര്‍ക്ക്‌ മക്കള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ സമാധാന ശ്രമങ്ങളോടൊപ്പം ചേരുന്ന റോബി ഡാമ്‌ലിന്‍ എന്ന ഇസ്രായേലി വൃദ്ധയെ മറക്കാനാവില്ല. റോബിയുടെ മകന്‍ ഡേവിഡ്‌ സൈനികനായിരുന്നു. പലസ്‌തീന്‍ അതിര്‍ത്തി പ്രദേശത്തെ കുടിയേറ്റ കേന്ദ്രം സംരക്ഷിക്കവെ അവന്‍ വെടിയേറ്റു മരിച്ചു. തന്‍െറ മകന്‍െറ പേരില്‍ ഇനിയാരും പ്രതികാരത്തിനു മുതിരരുതേ എന്നായിരുന്നു ആ അമ്മയുടെ ആദ്യത്തെ അപേക്ഷ. ഡേവിഡിന്‍െറ കൊലയാളിയുടെ വീട്ടിലേക്ക്‌ ശാന്തി സന്ദേശമടങ്ങിയ കത്തയച്ചും അവര്‍ മറ്റുള്ളവര്‍ക്ക്‌ മാതൃക കാട്ടുന്നു. എല്ലാ സമാധാനറാലികളിലും റോബി മുന്നില്‍ത്തന്നെയുണ്ട്‌. യുദ്ധത്തിനെതിരായ ടി.വി. പരിപാടികളില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നു.

മകളുടെ മരണമാണ്‌ സ്‌വിക്ക ഷഹാക്ക്‌ എന്ന മുന്‍ ഇസ്രായേല്‍ ഭടന്‍െറ മനഃപരിവര്‍ത്തനത്തിന്‌ കാരണമായത്‌. 1996-ല്‍ ടെല്‍ അവീവിലെ സേ്‌ഫാടനത്തിലാണ്‌ മകള്‍ ബാറ്റ്‌ ചെന്‍ മരിച്ചത്‌. അവളുടെ പതിനഞ്ചാം പിറന്നാളിലായിരുന്നു മരണം. അവളുടെ ഡയറിയില്‍ നിറയെ കവിതകളായിരുന്നു. സമാധാനത്തിന്‍െറ കവിതകള്‍. പലസ്‌തീന്‍കാരും ഇസ്രായേലികളും സുഹൃത്തുക്കളായി കഴിയുന്ന നാളുകളെക്കുറിച്ചാണവള്‍സ്വപ്‌നം കണ്ടിരുന്നത്‌. കവിതകളിലൂടെ അവളത്‌ ലോകത്തോട്‌ പറയാനാഗ്രഹിച്ചു. സമാധാന പ്രവര്‍ത്തകരായി മാറിയ ഷഹാക്കും ഭാര്യയും മകളുടെ കവിതകള്‍ ആദ്യം അറബിയിലും ഹീബ്രുവിലും പ്രസിദ്ധീകരിച്ചു. പിന്നീട്‌ ജര്‍മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്‌ ഭാഷകളിലും പ്രസിദ്ധീകരിച്ചു. ഇക്കൊല്ലം ഇംഗ്ലീഷിലുംആ കവിതകള്‍ പുറത്തിറങ്ങും.

കമ്പനിയുദ്യോഗം രാജിവെച്ച്‌ സമാധാന പ്രവര്‍ത്തകനായി മാറിയ ഷ്‌ലോമോ സഗ്‌മാന്‍ എന്നഇസ്രായേലി, സംയുക്ത പലസ്‌തീന്‍-ഇസ്രായേലി യൂത്ത്‌ മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന വിന്‍ഡോസ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ റൂട്ടി അട്‌സ്‌ മോന്‍ , അസീസ്‌ ടാന്‍ജി, വെടിയേറ്റു മരിച്ച മകളുടെ ഓര്‍മയ്‌ക്കായി സമാധാന പ്രവര്‍ത്തനത്തിനിറങ്ങുന്ന ജോര്‍ജ്‌ സാദെഹ്‌, മിസൈലാക്രമണത്തില്‍ തകര്‍ന്ന കാല്‍മുട്ടില്‍ അമ്പതു തവണ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ യൂസഫ്‌ തുടങ്ങി ഒട്ടേറെ പേരെ എന്‍കൗണ്ടര്‍ പോയന്‍റില്‍ നമ്മള്‍ കണ്ടുമുട്ടുന്നു.

80 മിനിറ്റു നീണ്ട ഈ ഡോക്യുമെന്‍ററി പലസ്‌തീന്‍ -ഇസ്രായേല്‍ സംഘര്‍ഷത്തിന്‍െറ രാഷ്ട്രീയചരിത്രം സ്‌പര്‍ശിക്കുന്നേയില്ല. രാഷ്ട്രീയക്കാരുടെ അഭിപ്രായവും തേടുന്നില്ല. വിശുദ്ധമായ മണ്ണില്‍ ഇനിയും യുവത്വങ്ങളെ കുരുതികൊടുക്കരുതേ എന്നാണ്‌ ചിത്രം വിളിച്ചു പറയുന്നത്‌. കേള്‍ക്കേണ്ടവരുടെ കാതില്‍ ഈ വിലാപമെത്തുമെന്ന്‌ അലിയും കൂട്ടുകാരും വിശ്വസിക്കുന്നു. അവര്‍ ആ നല്ല നാളിനായി കാത്തിരിക്കുന്നു.

Thursday, September 18, 2008

അന്വേഷകന്റെ നേര്‍വഴികള്‍

1980കളിലെ കിഴക്കന്‍ ജര്‍മനി. സ്റ്റാസി എന്ന രഹസ്യപ്പോലീസിന്‍െറ നിരീക്ഷണത്തിലാണ്‌ ജനങ്ങള്‍. ഒരുലക്ഷത്തോളം വരുന്ന സ്റ്റാസി ഉദ്യോഗസ്ഥരും രണ്ടുലക്ഷത്തോളം ചാരന്മാരും ഭരണകൂടത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ്‌. `എല്ലാം അറിയുക' എന്നതായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം. `സോഷ്യലിസത്തിന്‍െറ ശത്രുക്കളെ' നിരീക്ഷിക്കലും തകര്‍ക്കലുമായിരുന്നു അവരുടെ ജോലി. സ്വതന്ത്ര ചിന്താഗതിക്കാരായ എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും എന്നും നോട്ടപ്പുള്ളികളായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കായിരുന്നു എപ്പോഴും രഹസ്യാന്വേഷകരുടെ കണ്ണ്‌. ഇരുമ്പുമറയ്‌ക്കകത്തെ ഈ ലോകമാണ്‌ ജര്‍മന്‍ ചിത്രമായ `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' കലാഭംഗിയോടെ, തീക്ഷ്‌ണതയോടെ അനാവരണം ചെയ്യുന്നത്‌.
ജര്‍മന്‍ മതില്‍ തകര്‍ക്കുന്നതിനെക്കുറിച്ചോ ജര്‍മനികളുടെ പുനരേകീകരണത്തെക്കുറിച്ചോ ആരും ഉറക്കെ ചിന്തിക്കാതിരുന്ന കാലം. ആ കാലഘട്ടത്തിലെ ഭരണകൂടത്തിന്‍െറ രൗദ്രതയിലേക്കാണ്‌ ഈ സിനിമ കടന്നുനോക്കുന്നത്‌. (28 വര്‍ഷം കിഴക്കന്‍, പടിഞ്ഞാറന്‍ ജര്‍മനികളെ അകറ്റി നിര്‍ത്തിയിരുന്ന ജര്‍മന്‍ മതില്‍ തകര്‍ന്നുവീണത്‌ 1989 നവംബറിലാണ്‌. 1990 ഒക്ടോബറില്‍ ജര്‍മനികളുടെ പുനരേകീകരണവും നടന്നു.) എഴുത്തുകാരന്‍ കൂടിയായ ഫേ്‌ളാറിയാന്‍ ഹെങ്കല്‍ വോണ്‍ ഡോണര്‍മാര്‍ക്ക്‌ സംവിധാനം ചെയ്‌ത `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്‌. 2007 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ ഈ സിനിമയ്‌ക്കായിരുന്നു.

ജോര്‍ജ്‌ ഡ്രെയ്‌മാന്‍ എന്ന നാടകകൃത്തിനെ നിരീക്ഷിക്കാന്‍ നിയുക്തനായ ജെര്‍ഡ്‌ വീസ്‌ലര്‍ എന്ന സ്റ്റാസി ഓഫീസറാണ്‌ ഈ ചിത്രത്തിലെ നായകന്‍. അന്വേഷണത്തിന്‍െറ ഒരു ഘട്ടത്തില്‍ വെച്ച്‌ ഇരയുടെ പക്ഷത്തേക്ക്‌ മാറുകയാണ്‌ ഈ ഉദ്യോഗസ്ഥന്‍. അതിന്‌ അദ്ദേഹത്തിന്‌ വലിയ വില കൊടുക്കേണ്ടിവന്നു. നേര്‍ വഴിയാഗ്രഹിച്ച വീസ്‌ലറുടെ ധര്‍മസങ്കടങ്ങളിലൂടെയാണ്‌ കിഴക്കന്‍ ജര്‍മനിയിലെ ഇരുണ്ട ഒരു കാലഘട്ടം ഈ സിനിമയില്‍ തെളിയുന്നത്‌.

പടിഞ്ഞാറന്‍ ജര്‍മനിയിലും ഒട്ടേറെ ആരാധകരുണ്ട്‌ ഡ്രെയ്‌മാന്‌. പ്രമുഖ നാടകനടി ക്രിസ്‌തമറിയ സീലെന്‍ഡ്‌ ആണ്‌ ഡ്രെയ്‌മാന്‍െറ കാമുകി. കിഴക്കന്‍ ജര്‍മനിയാണ്‌ ലോകത്തിലെ മഹത്തായ രാഷ്ട്രം എന്നു വിശ്വസിക്കുന്നയാളാണീ നാടകകൃത്ത്‌. പക്ഷേ, ഭരണകൂടം എഴുത്തുകാരോടും കലാകാരന്മാരോടും കാണിക്കുന്ന അവജ്ഞയെ, നെറികേടിനെ അദ്ദേഹം എതിര്‍ത്തുപോന്നു. മന്ത്രിയായ ഹെംബിന്‌ ക്രിസ്‌തമറിയയില്‍ കണ്ണുണ്ട്‌. അവളെ സ്വന്തമാക്കാന്‍ ഡ്രെയ്‌മാനെ അകറ്റിയേ മതിയാവൂ. സ്റ്റാസി തലവനായ ഗ്രൂബിറ്റ്‌സിന്‍െറ സഹായത്താല്‍ ഡ്രെയ്‌മാനെ കുടുക്കാന്‍ വലവീശുകയാണ്‌ മന്ത്രി. ഗ്രൂബിറ്റ്‌സിന്‍െറ സഹപാഠിയായ ജെര്‍ഡ്‌ വീസ്‌ലര്‍ക്കാണ്‌ നിരീക്ഷണച്ചുമതല കിട്ടുന്നത്‌. ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ ഒളിച്ചുകയറുന്ന സ്റ്റാസി സംഘം അവിടെ രഹസ്യം ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു. രഹസ്യകേന്ദ്രത്തിലിരുന്ന്‌ വീസ്‌ലര്‍ രാവും പകലും ഡ്രെയ്‌മാന്‍െറ ജീവിതത്തിലെ ഓരോ ചലനവും രേഖപ്പെടുത്തുന്നു. നിരീക്ഷണത്തിനു പിന്നില്‍ മന്ത്രിയുടെ താത്‌പര്യമാണെന്നറിഞ്ഞതോടെ വീസ്‌ലറുടെ അനുഭാവം ഡ്രെയ്‌മാനോടാവുന്നു. ഗ്രൂബിറ്റ്‌സിനെപ്പോലെ മുരടനല്ല വീസ്‌ലര്‍. മനഃസാക്ഷിക്കുത്തുണ്ട്‌. നല്ലൊരു വായനക്കാരന്‍ കൂടിയാണയാള്‍. ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പല നീക്കങ്ങളും വീസ്‌ലര്‍ രേഖപ്പെടുത്താതെ വിടുന്നു. ചിലപ്പോഴൊക്കെ മേലധികാരിയോട്‌ കള്ളം പറയാനും അയാള്‍ തയ്യാറാവുന്നു.

കിഴക്കന്‍ ജര്‍മനിയില്‍ പെരുകിവരുന്ന ആത്മഹത്യയെക്കുറിച്ച്‌ ഡ്രെയ്‌മാന്‍ ഒരു ലേഖനം തയ്യാറാക്കുന്നു. ഒരു സുഹൃത്ത്‌ കടത്തിക്കൊണ്ടുവന്ന ചെറിയ ടൈപ്പ്‌റൈറ്ററിലാണിത്‌ അടിക്കുന്നത്‌. ഈ ലേഖനം പടിഞ്ഞാറന്‍ ജര്‍മനിയിലെ `സ്‌പീഗല്‍' മാസിക പ്രസിദ്ധീകരിക്കുന്നു. (ജര്‍മനിയുടെ 40-ാം വാര്‍ഷികത്തിന്‌ ഡ്രെയ്‌മാന്‍ നാടകമെഴുതുന്നു എന്നാണ്‌ വീസ്‌ലര്‍ ഇതേപ്പറ്റി രേഖപ്പെടുത്തിവെച്ചിരുന്നത്‌). ഡ്രെയ്‌മാനു ചുറ്റും മന്ത്രിയുടെ വല മുറുകുന്നു. അറസ്റ്റിലാകുന്ന കാമുകി ക്രിസ്‌ത എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്നു. വീട്ടില്‍ ഒളിപ്പിച്ചുവെച്ച ടൈപ്പ്‌ റൈറ്റര്‍ തേടി സ്റ്റാസി സംഘം എത്തുമ്പോള്‍ കുറ്റബോധത്താല്‍ ക്രിസ്‌ത ആത്മഹത്യചെയ്യുന്നു. ഡ്രെയ്‌മാനെ രക്ഷിക്കാനായി വീസ്‌ലര്‍ അതിനിടെ ടൈപ്പ്‌റൈറ്റര്‍ എടുത്തുമാറ്റിയിരുന്നു. വീസ്‌ലര്‍ സ്റ്റാസി തലവന്‍െറ നോട്ടപ്പുള്ളിയായി. അയാള്‍ തപാല്‍ വിഭാഗത്തിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ടു.

ജര്‍മനികളുടെ ഏകീകരണം നടന്നു. തന്‍െറ താമസസ്ഥലം സ്റ്റാസികളുടെ നിരീക്ഷണത്തിലായിരുന്നു എന്ന്‌ ഡ്രെയ്‌മാന്‍ മനസ്സിലാക്കുന്നത്‌ വളരെ വൈകിയാണ്‌. തന്‍െറ ഓരോ വാക്കും നിശ്വാസവും പകര്‍ത്തിയ വീസ്‌ലറുടെ റിപ്പോര്‍ട്ടുകള്‍ ഡ്രെയ്‌മാന്‍ വായിക്കുന്നു. തന്നെ രക്ഷിക്കാന്‍ ഓരോ സന്ദര്‍ഭത്തിലും വീസ്‌ലര്‍ പ്രയോഗിച്ച കള്ളങ്ങള്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നു. വീസ്‌ലറുടെ ത്യാഗം ഡ്രെയ്‌മാനെ സ്‌പര്‍ശിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം ഡ്രെയ്‌മാന്‍െറ പുതിയ നോവല്‍-സൊണാറ്റ ഫോര്‍ എ ഗുഡ്‌മാന്‍- പുറത്തിറങ്ങുന്നു. നല്ലവനായ വീസ്‌ലര്‍ക്കാണ്‌ നന്ദിപൂര്‍വം ഈ നോവല്‍ സമര്‍പ്പിക്കുന്നത്‌.

ജര്‍മന്‍മതിലിന്‍െറ വീഴ്‌ച അനിവാര്യമായിരുന്നു എന്നു ബോധ്യപ്പെടുത്തുന്ന ഒരു ചരിത്രരേഖയാണീ സിനിമ. ചരിത്രവഴിയിലൂടെ കടന്നുപോയ ഇരുണ്ട ദൃശ്യങ്ങളൊന്നും മറക്കാനുള്ളതല്ലെന്ന്‌ `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' ഓര്‍മപ്പെടുത്തുന്നു. മതില്‍കെട്ടി വേര്‍തിരിച്ച മനസ്സുകളുടെ വീര്‍പ്പുമുട്ടല്‍ നമുക്ക്‌ അനുഭവിച്ചറിയാം ഈ ചിത്രത്തില്‍.

ഗൂഢനീക്കങ്ങളും അതിനുപിറകെയുള്ള പോലീസ്‌ അന്വേഷണവുമെല്ലാം ചേര്‍ന്ന്‌ ഈ സിനിമയ്‌ക്ക്‌ ഒരു സസെ്‌പന്‍സ്‌ ചിത്രത്തിന്‍െറ ഭാവം കൈവരുന്നുണ്ട്‌. ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന സ്റ്റാസികളുടെയും എഴുത്തുകാരുടെയും ലോകം കണിശതയോടെ ആവിഷ്‌കരിക്കുന്നുണ്ട്‌ സംവിധായകന്‍. വെളിച്ചം നിറഞ്ഞുനില്‍ക്കുന്ന ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ നിന്ന്‌ ഇരുട്ടിന്‍െറ താവളമായ വീസ്‌ലറുടെ രഹസ്യമുറിയിലേക്കുള്ള ക്യാമറയുടെ സഞ്ചാരം വളരെ കൃത്യതയോടെ രേഖപ്പെടുത്തുന്നുണ്ടിതില്‍. 130 മിനിറ്റു നീണ്ട ഈ ചിത്രത്തില്‍ പല ദൃശ്യങ്ങളും കണിശമായ എഡിറ്റിങ്ങിലൂടെ ചടുലഭാവമാര്‍ജിക്കുന്നു.

Thursday, August 28, 2008

സ്‌ത്രീസുഗന്ധം തേടിയ കൊലയാളി

ജോണ്‍ ബാപ്‌റ്റിസ്‌ ഗ്രെനവി. ഫ്രാന്‍സിലെ പാരീസില്‍ മീന്‍മാര്‍ക്കറ്റിലാണ്‌ അമ്മ അവനെ പെറ്റിട്ടത്‌. പെറ്റദിവസം തന്നെ ഉപേക്ഷിക്കുകയും ചെയ്‌തു. വൃത്തികെട്ട മണം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. പക്ഷേ, ആ കുഞ്ഞിന്‍െറ മൂക്കു വിടര്‍ന്നത്‌ ദുര്‍ഗന്ധത്തിലേക്കായിരുന്നില്ല, ഭൂമിയുടെ സുഗന്ധത്തിലേക്കായിരുന്നു. ഏത്‌ ആള്‍ക്കൂട്ടത്തിലും വിജനതയിലും അവന്‍ തിരഞ്ഞത്‌ സുഗന്ധമാണ്‌. എത്ര അകലെ നിന്നും ഒരു വസ്‌തുവിന്‍െറ മണം പിടിച്ചെടുക്കാന്‍ ഗ്രെനവിക്ക്‌ അപാര സിദ്ധിയുണ്ടായിരുന്നു. അഞ്ചുവയസ്സുവരെ അവന്‍ സംസാരിച്ചിരുന്നില്ല. വാക്കുകള്‍ അവനെ വിട്ടകന്നു നിന്നു. കിട്ടുന്നതെല്ലാം അവന്‍ മണത്തുനോക്കി. ആ മണം ഓര്‍മയിലെവിടെയോ കുറിച്ചിട്ടു.
അനാഥാലയത്തിലായിരുന്നു ഗ്രെനവിയുടെ ബാല്യം. പതിമ്മൂന്നാം വയസ്സില്‍ അനാഥാലയ നടത്തിപ്പുകാരി അവനെ വിറ്റു. തുകല്‍ ഊറയ്‌ക്കിടുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ്‌ അവനെ വാങ്ങിയത്‌. വേനലിലും ശൈത്യത്തിലും ഒരുപോലെ അവന്‍ നിത്യവും പതിനഞ്ചും പതിനാറും മണിക്കൂര്‍ പണിയെടുത്തു. ഇപ്പോഴവന്‌ സംസാരിക്കാനറിയാം. അകലെയുള്ള മരം, പുല്ല്‌, വെള്ളം, വെള്ളത്തിലെ കല്ലില്‍ പതുങ്ങിയിരിക്കുന്ന തവള എന്നിവയെയൊക്കെ അവന്‍ ഘ്രാണശക്തിയിലൂടെ തിരിച്ചറിയും. തുകല്‍ ഫാക്ടറിയില്‍ ഒടുങ്ങാനുള്ളതല്ല തന്‍െറ ജീവിതമെന്ന്‌ ക്രമേണ അവനു ബോധ്യമാവുന്നു. ഇറ്റാലിയന്‍ സുഗന്ധ വ്യാപാരിയായ ഗിസപ്‌ ബാള്‍ഡീനിയുടെ സഹായിയായി മാറുന്നു അവന്‍. പരിമളം വിറ്റ്‌ സമ്പത്ത്‌ കൊയ്‌തയാളാണ്‌ ബാള്‍ഡീനി. ഇപ്പോളയാളുടെ സുഗന്ധ തൈലങ്ങള്‍ക്ക്‌ മാര്‍ക്കറ്റില്ല. പുതിയൊരു സുഗന്ധക്കൂട്ട്‌ നിര്‍മിക്കാനുള്ള ശ്രമത്തിലാണയാള്‍. സെന്‍സേഷണലായ ഒരു പെര്‍ഫ്യൂം. താനത്‌ ഉണ്ടാക്കിക്കൊടുക്കാമെന്ന്‌ ഗ്രെനവി ഏല്‍ക്കുന്നു. ആരെയും മദിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ആ സുഗന്ധതൈലം അവന്‍ ഉണ്ടാക്കിക്കൊടുക്കുന്നു. ബാള്‍ഡീനിയില്‍ നിന്ന്‌ അവനൊരു കാര്യം പഠിക്കേണ്ടിയിരുന്നു. തന്‍െറ ഉള്ളിലേക്ക്‌ ആവാഹിച്ചെടുക്കുന്ന ഗന്ധം എങ്ങനെ ഒരിക്കലും നഷ്‌ടപ്പെടാതെ സൂക്ഷിച്ചുവെക്കാം എന്ന കാര്യം. പക്ഷേ, ബാള്‍ഡീനിക്ക്‌ അതിനു മറുപടിയില്ലായിരുന്നു. സുഗന്ധങ്ങളുടെ നിഗൂഢത തനിക്കിപ്പോഴും അന്യമാണെന്ന്‌ അയാള്‍ തുറന്നുപറയുന്നു.

ഗ്രെനവി ബാള്‍ഡീനിയെ വിട്ട്‌ തന്‍െറ യാത്ര തുടങ്ങുകയാണ്‌. സുഗന്ധങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന ഗാസ്‌ എന്ന പട്ടണത്തിലേക്കായിരുന്നു ആ യാത്ര. പരിമളങ്ങളുടെ വാഗ്‌ദത്ത ഭൂമിയായിരുന്നു ഗാസ്‌. സുഗന്ധ തൈലമുണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ അവന്‍ ജോലി നേടുന്നു. പുതിയ പുതിയ ഗന്ധങ്ങള്‍ക്കു പിന്നാലെ അവന്‍ നടന്നു. സുന്ദരിമാരായ യുവതികളുടെ ശരീരസുഗന്ധം അവനെ ആകര്‍ഷിച്ചു. അവരുടെ ശരീരത്തോട്‌ അവനൊട്ടും അഭിനിവേശമുണ്ടായിരുന്നില്ല. തലയ്‌ക്കടിച്ചുകൊന്നശേഷം സുഗന്ധം പകര്‍ന്നെടുത്ത്‌ അവന്‍ ആ നഗ്‌നനശരീരങ്ങള്‍ ഉപേക്ഷിച്ചു. സ്‌ത്രീഗന്ധം ഊറ്റിയെടുത്ത്‌ പല ചേരുവകള്‍ ചേര്‍ത്ത്‌ വാറ്റി അവന്‍ പുതിയ സുഗന്ധക്കൂട്ടുകള്‍ നിര്‍മിച്ചു. മനുഷ്യരാശിയെ ഉന്മാദം കൊള്ളിക്കുന്ന പുതിയൊരു സുഗന്ധതൈലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയതും ഭരണകൂടം അവനു വിലങ്ങിട്ടു.

വധശിക്ഷയാണ്‌ അവനു വിധിച്ചത്‌. പക്ഷേ, വിധി നടപ്പാക്കുന്ന ദിവസം ജനം അവനെ തിരിച്ചറിയുന്നു. താന്‍ നിര്‍മിച്ച എല്ലാ സുഗന്ധ തൈലങ്ങളും ചേര്‍ത്തുണ്ടാക്കിയ പുതിയ പരിമളം തൂവാലയില്‍ പകര്‍ന്ന്‌ അവന്‍ ജനക്കൂട്ടത്തിനു നല്‌കുന്നു. അതിന്‍െറ ലഹരിയില്‍ ജനം സ്വയം മറക്കുന്നു. `ചെകുത്താന്‍' എന്ന്‌ ആക്രോശിച്ച അവര്‍ അവനെ `മാലാഖ' എന്ന്‌ വാഴ്‌ത്തി. പരിസരബോധം നഷ്‌ടപ്പെട്ട അവര്‍ ആനന്ദനിര്‍വൃതിയില്‍ ഇണകളെ ആലിംഗനം ചെയ്‌തു. തുറസ്സായ സ്ഥലത്ത്‌, ഉന്മാദത്തോടെ അവര്‍ രതിക്രീഡയിലേര്‍പ്പെട്ടു. ഭരണകൂടം തെറ്റുതിരുത്തി അവനെ മോചിപ്പിക്കുന്നു.
130 മിനിറ്റു നീണ്ട `പെര്‍ഫ്യൂം: ദ സ്റ്റോറി ഓഫ്‌ എ മര്‍ഡറര്‍ എന്ന ഹോളിവുഡ്‌ സിനിമ ഈ പതിറ്റാണ്ടിലെ മികച്ച ചിത്രങ്ങളിലൊന്നാണ്‌. ജര്‍മന്‍കാരനായ ടോം ടൈക്‌വെര്‍ ആണ്‌ സംവിധായകന്‍. പ്രശസ്‌ത ജര്‍മന്‍ എഴുത്തുകാരനായ പാട്രിക്‌ സസ്‌കിന്‍ഡ്‌ 1985 ല്‍ എഴുതിയ `പെര്‍ഫ്യൂം' എന്ന നോവലിന്‍െറ ദൃശ്യസാക്ഷാത്‌കാരമാണീ സിനിമ. ബെസ്റ്റ്‌ സെല്ലറായിരുന്നു ഈ നോവല്‍. 45 ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. എന്നിട്ടും ഇതിന്‍െറ ചലച്ചിത്രാവിഷ്‌ക്കാരം നടന്നത്‌ 2006 ന്‍െറ ഒടുവിലാണ്‌.��സിനിമയില്‍ ദൃശ്യവത്‌കരിക്കാന്‍ കഴിയാത്ത ഒന്നാണ്‌ ഗന്ധം. അതുകൊണ്ടുതന്നെ തന്‍െറ കൃതി സിനിമയാക്കുന്നതില്‍ നോവലിസ്റ്റിന്‌ ഏറെ ആശങ്കയുണ്ടായിരുന്നു. `റണ്‍ ലോല റണ്‍' എന്ന സിനിമയിലൂടെ പ്രശസ്‌തനായ ടോം ടൈക്‌വെര്‍ പക്ഷേ, നോവലിസ്റ്റിന്‍െറ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കളഞ്ഞു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ പെരുമാറ്റങ്ങളിലൂടെ, ക്യാമറയുടെ ചലനങ്ങളിലൂടെ, പശ്ചാത്തല സംഗീതത്തിലൂടെ ഗന്ധത്തിന്‍െറ സാന്നിധ്യം പ്രേക്ഷകര്‍ അനുഭവിച്ചറിയുന്നുണ്ട്‌. സെക്‌സ്‌, ക്രൈം, സസെ്‌പന്‍സ്‌ എന്നിവയെല്ലാം ചേര്‍ന്ന ഈ സിനിമ പതിവ്‌ ഹോളിവുഡ്‌ മസാലക്കൂട്ടില്‍ നിന്നും വ്യത്യസ്‌തമാണ്‌.

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിലാണ്‌ കഥ നടക്കുന്നത്‌. ജോണ്‍ ബാപ്‌റ്റിസ്‌ഗ്രെനവി എന്ന ചെറുപ്പക്കാരന്‍െറ ഇരുട്ടിലാണ്ട മുഖദൃശ്യത്തില്‍ നിന്ന്‌ സിനിമ തുടങ്ങുന്നു. അവന്‍െറ മൂക്കുമാത്രം നമുക്കുകാണാം. ദുര്‍ഗന്ധത്തില്‍ പിറന്ന അവന്‍െറയാത്ര ജീവന്‍െറ സുഗന്ധം തേടിയായിരുന്നു. വിശിഷ്‌ടമായ ഒരു പരിമളം ലോകത്തിന്‌ സമ്മാനിച്ചാണ്‌ അവന്‍ തന്‍െറ ജീവിതദൗത്യം പൂര്‍ത്തിയാക്കുന്നത്‌. തനിക്ക്‌ ജന്മമേകിയ മീന്‍മാര്‍ക്കറ്റിലാണവന്‍ അവസാനം തിരിച്ചെത്തുന്നത്‌. കൈയില്‍ കരുതിവെച്ച സുഗന്ധതൈലം തലയിലൊഴിക്കുന്നു അവന്‍. അതോടെ ആള്‍ക്കൂട്ടം അവനെ ആലിംഗനം ചെയ്യുകയായി. ആ ആലിംഗനത്തിന്‍െറ ഒടുവില്‍ അവന്‍െറ ദേഹം അപ്രത്യക്ഷമാകുന്നു. വീണുകിടക്കുന്ന സുഗന്ധ തൈലക്കുപ്പിയില്‍ അവശേഷിക്കുന്ന ഒരുതുള്ളി ഭൂമിയില്‍ പതിക്കുന്നു. ഇവിടെ സിനിമയ്‌ക്ക്‌ ഒരാത്മീയതലം കൂടികൈവരുന്നു. സ്വന്തം അസ്‌തിത്വം മറന്ന്‌ ഭൂമിയുടെ സുഗന്ധമാവാന്‍ ആഗ്രഹിച്ച ഒരാളുടെ സ്വയം നഷ്‌ടപ്പെടലാണ്‌ ഇവിടെ നടക്കുന്നത്‌.

Saturday, August 9, 2008

വീടും തടവറയും

അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രിയംകര സാന്നിധ്യമാണ്‌ കിം കി ഡുക്കിന്‍െറ സിനിമകള്‍. 1996-ല്‍ `ക്രൊക്കഡൈല്‍' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ തെക്കന്‍ കൊറിയക്കാരന്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചലച്ചിത്ര മേളകളില്‍ എത്തിക്കാറുണ്ട്‌. സാധാരണ മനുഷ്യരുടെ വേദനകള്‍ അസാധാരണമായ ഉള്‍ക്കാഴ്‌ചയോടെ രേഖപ്പെടുത്തുന്നു ഈ ചിത്രങ്ങള്‍.

ജീവിതവും മരണവും സേ്‌നഹവും സേ്‌നഹനിരാസവും ബന്ധവും ബന്ധനങ്ങളും ആത്മീയതയും വയലന്‍സും രതിയുമൊക്കെ കിമ്മിന്‍െറ ക്യാമറക്കണ്ണില്‍ കടുത്ത ചായങ്ങളോടെ പതിയുന്നു. ഇതൊക്കെയാണെങ്കിലും ജന്മനാട്ടില്‍ കിം അത്ര ജനപ്രിയനല്ല. തങ്ങള്‍ക്ക്‌ അഹിതമായ ചില ഘടകങ്ങള്‍ അവര്‍ കിമ്മിന്‍െറ ചിത്രങ്ങളില്‍ കണ്ടെത്തുന്നു. തങ്ങളുടെ ജീവിതമല്ല കിം പകര്‍ത്തുന്നതെന്ന്‌ അവര്‍ക്ക്‌ തോന്നുന്നു. കിം ചിത്രങ്ങളിലെ കടുത്ത രതിരംഗങ്ങളും സ്‌ത്രീവിരുദ്ധമെന്ന്‌ ആരോപിക്കപ്പെടുന്ന നിലപാടും അവര്‍ക്ക്‌ ഉള്‍ക്കൊള്ളാനാവുന്നില്ല. തെക്കന്‍ കൊറിയക്കാരുടെ തോന്നലുകള്‍ ഒരര്‍ഥത്തില്‍ ശരിയാണ്‌. ഏതെങ്കിലുമൊരു പ്രത്യേക ജനവിഭാഗത്തിന്‍െറ കഥയല്ല കിം തന്‍െറ ചിത്രങ്ങളില്‍ പറയുന്നത്‌. കഥാപാത്രങ്ങള്‍ക്ക്‌ കൊറിയന്‍ മുഖങ്ങളുണ്ടെന്നേയുള്ളൂ. അവര്‍ ജീവിക്കുന്നത്‌ കൊറിയയില്‍നിന്ന്‌ ഏറെ അകലമുള്ള വ്യത്യസ്‌തമായ പരിസരങ്ങളിലാണ്‌.

മനുഷ്യബന്ധങ്ങളിലെ അടുപ്പങ്ങളും അകല്‍ച്ചകളും ഏതോ അദൃശ്യ ശക്തിയുടെ ചരടുവലികളാണെന്ന്‌ വിശ്വസിക്കാനാണ്‌ കിമ്മിനിഷ്‌ടം. ഈ വിശ്വാസമാണ്‌ `ബ്രെത്ത്‌' എന്ന ചിത്രത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്‌. 2007-ല്‍ കാന്‍ ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌.

ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന യുവാവും അയാളോട്‌ സേ്‌നഹം തോന്നുന്ന വീട്ടമ്മയായ യുവതിയും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്‍െറ കഥയാണ്‌ `ബ്രെത്ത്‌'. ഭാര്യയെയും രണ്ടുമക്കളെയും കൊന്നതാണ്‌ ജാങ്‌ ജിന്‍ എന്ന യുവാവിന്‍െറ പേരിലുള്ള കുറ്റം. മരണം കാത്തുള്ള കിടപ്പ്‌ അവനെ അസ്വസ്ഥനാക്കുന്നു. സ്വയം വിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണവന്‍. തന്‍െറ സെല്ലിലെ ചിത്രകാരന്‍െറ അറ്റം കൂര്‍ത്ത ടൂത്ത്‌ ബ്രഷ്‌ കഴുത്തില്‍ കുത്തിയിറക്കി ജാങ്‌ മരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ശ്രമം വിജയിക്കുന്നില്ല. ടെലിവിഷനില്‍ വാര്‍ത്തയിലൂടെയാണ്‌ യുവതി ജാങ്ങിന്‍െറ കഥയറിയുന്നത്‌. അവള്‍ ജയിലില്‍ അവനെ കാണാനെത്തുന്നു. അവന്‍െറ മുന്‍ കാമുകി എന്നു വിശേഷിപ്പിച്ചാണ്‌ അവള്‍ സന്ദര്‍ശനാനുമതി നേടുന്നത്‌. കഴുത്തില്‍ ആഴത്തിലേറ്റ മുറിവു കാരണം ജാങ്ങിന്‍െറ സംസാരശേഷി നഷ്‌ടപ്പെട്ടിരുന്നു.
ആദ്യത്തെ കാഴ്‌ചയില്‍ത്തന്നെ അവള്‍ സംസാരിച്ചത്‌ മരണത്തെക്കുറിച്ചാണ്‌. ഒന്‍പതു വയസ്സുള്ളപ്പോള്‍ വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ചുനിന്ന്‌ അഞ്ചു മിനിറ്റുനേരം മരണത്തെ മുഖാമുഖം കണ്ട അനുഭവം. ഒന്നും ശബ്ദിക്കാനാവാതെ അവന്‍ അവളുടെ സംസാരം കേട്ടിരുന്നു. അവള്‍ വീണ്ടും വീണ്ടും അവനെ കാണാനെത്തി. ജയിലഴികള്‍ക്കു പുറത്ത്‌ മറ്റൊരു മുറിയില്‍ അദൃശ്യനായ ഒരു ജയിലധികാരിയുടെ വീഡിയോ നേത്രങ്ങള്‍ക്കു ചുവടെ അവര്‍ പരസ്‌പരം അടുക്കുന്നു. തന്‍െറ ഭര്‍ത്താവ്‌ പഴയ കാമുകിയുമായി ഇപ്പോഴും തുടര്‍ന്നുവരുന്ന ബന്ധമാണ്‌ യുവതിയെ പ്രകോപിതയാക്കുന്നത്‌. ഭര്‍ത്താവറിഞ്ഞിട്ടും അവള്‍ ജയില്‍ സന്ദര്‍ശനം നിര്‍ത്തുന്നില്ല. അവസാനം, കുടുംബത്തിന്‍െറ തണലിലേക്കും സാന്ത്വനത്തിലേക്കും ആഹ്ലാദത്തിലേക്കും ഭാര്യയും ഭര്‍ത്താവും തിരിച്ചുപോകുന്നതോടെ സിനിമ അവസാനിക്കുന്നു

രണ്ടു പശ്ചാത്തലങ്ങളേ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഒന്ന്‌ വീടാണ്‌. മറ്റൊന്ന്‌ തടവറയും. കഥാനായികയുടെ വീക്ഷണത്തില്‍ വീടും തടവറയും ഒന്നാണ്‌. അവിശ്വസ്‌തനായ ഭര്‍ത്താവിന്‍െറ വഞ്ചനയാണ്‌ അവളെ മറ്റൊരു ബന്ധത്തിനു പ്രേരിപ്പിക്കുന്നത്‌. ചിത്രകാരിയും ശില്‌പിയുമാണവള്‍. എപ്പോഴും അസ്വസ്ഥമാണ്‌ അവളുടെ മനസ്സ്‌. കുട്ടിക്കാലത്ത്‌ നോട്ടുപുസ്‌തകങ്ങളില്‍ ചിത്രം വരച്ചതിന്‌ അച്ഛന്‍ അവളെ തല്ലുമായിരുന്നു. ഇപ്പോള്‍ അരസികനായ ഭര്‍ത്താവും അവളുടെ കലാവാസനയെ നികൃഷ്‌ടമായാണ്‌ കാണുന്നത്‌. കളിമണ്ണില്‍ ശില്‌പമുണ്ടാക്കുന്ന നേരംകൊണ്ട്‌ പുറത്തിറങ്ങി നാലാളെ കണ്ടുകൂടേ എന്നാണയാളുടെ ഉപദേശം

ഓരോ രംഗവും സൂക്ഷ്‌മമായി അടുക്കിവെച്ച്‌ തടവറയിലെ പ്രണയം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നത്‌ കിം നമുക്ക്‌ കാണിച്ചുതരുന്നു. ആദ്യം, ഒരു ചില്ലുമതിലിന്നിപ്പുറവും അപ്പുറവുമായാണ്‌ ജാങ്ങിന്‍െറയും യുവതിയുടെയും കൂടിക്കാഴ്‌ച. ചില്ലിലെ ചെറിയ ദ്വാരത്തിലൂടെ അവളുടെ ഒരു മുടിയിഴ പറിച്ചെടുത്ത്‌, ചില്ലിന്മേല്‍ ഒരു ചുംബനവും പതിച്ച്‌ അവന്‍ തടവറയിലേക്കു തിരിച്ചുപോകുന്നു. വീണ്ടും അവള്‍ വരുമ്പോള്‍ അവര്‍ക്കിടയില്‍ ചില്ലുമതിലില്ല. ഒരു മുറിയിലാണവരുടെ തുടര്‍ന്നുള്ള കൂടിക്കാഴ്‌ചകള്‍. മരണത്തിലേക്ക്‌ നടന്നടുക്കുന്ന തടവുകാരനില്‍ ഋതുഭേദങ്ങളെക്കുറിച്ചും സേ്‌നഹത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും രതിയെക്കുറിച്ചുമുള്ള ചിന്തകളുണര്‍ത്തുകയാണ്‌ സംവിധായകന്‍. ഓരോ തവണയും ചുമരില്‍ പതിക്കാനുള്ള ചിത്രങ്ങളുമായെത്തുന്ന യുവതി ആ കൊച്ചുമുറിയില്‍ അവനുവേണ്ടി വസന്തവും ഗ്രീഷ്‌മവും ശരത്‌കാലവും സൃഷ്‌ടിക്കുന്നു. സിയോറാക്‌ മലയില്‍ പൂക്കളെ സേ്‌നഹിച്ചു നടന്ന പെണ്‍കുട്ടിയുടെ കാമുകനെക്കുറിച്ചും ഭര്‍ത്താവായപ്പോള്‍ അയാളെ തനിക്കു നഷ്‌ടപ്പെട്ടതിനെക്കുറിച്ചും അവള്‍ പറയുന്നു. ആദ്യസന്ദര്‍ശനത്തില്‍ ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രമാണ്‌ അവള്‍ ജാങ്ങിനു നല്‍കുന്നത്‌. പിന്നീടത്‌ യുവതിയുടെ ചിത്രമായി. ഒടുവില്‍, ഒട്ടോമാറ്റിക്‌ ക്യാമറയില്‍ പകര്‍ത്തിയ തന്‍െറ നഗ്‌നനചിത്രമാണവള്‍ നല്‍കാന്‍ ശ്രമിക്കുന്നത്‌. എല്ലാം ഒരു സ്വപ്‌നം എന്നു വിശ്വസിക്കാന്‍ പ്രേരിപ്പിച്ച്‌ കിം സിനിമ അവസാനിപ്പിക്കുന്നു. തടവറയിലെ ചുമരില്‍ ടൂത്ത്‌ ബ്രഷ്‌ കൊണ്ട്‌ ചിത്രം വരയ്‌ക്കുന്നതിന്‍െറ ദൃശ്യം കാണിച്ചുകൊണ്ട്‌ തുടങ്ങുന്ന സിനിമ തടവറയില്‍ത്തന്നെയാണ്‌ അവസാനിക്കുന്നതും.
(അവസാന രംഗം: മഞ്ഞ്‌ പെയ്‌തുകൊണ്ടിരിക്കെ യുവതിയും ഭര്‍ത്താവും മകളും കാറില്‍ വീട്ടിലേക്ക്‌ മടങ്ങുകയാണ്‌. അവളപ്പോള്‍ പാടുന്നത്‌ തന്‍െറ സ്വപ്‌നങ്ങളില്‍ പടര്‍ന്നുകയറിയ ഊഷ്‌മളമായ പുഞ്ചിരിയെക്കുറിച്ചാണ്‌. ക്യാമറ തടവറയിലേക്ക്‌ നീങ്ങുമ്പോള്‍ നമ്മള്‍ കാണുന്നത്‌ സഹതടവുകാരന്‍ പിന്നിലൂടെ ജാങ്ങിന്‍െറ കഴുത്തില്‍ കൈയിട്ട്‌ ഞെരിക്കുന്നതാണ്‌. അടുത്ത രംഗത്തില്‍ കാര്‍ നമുക്കഭിമുഖമായി വരുന്നു. വീണ്ടും തടവറ. നാലു തടവുകാരും വട്ടത്തില്‍ ചുരുണ്ടുകൂടിക്കിടക്കുകയാണ്‌. അതില്‍ രണ്ടുപേര്‍ ഉരുണ്ട്‌ പിന്നിലേക്ക്‌ മാറുന്നു. ഇപ്പോള്‍, ക്ലോസപ്പില്‍ ജാങ്‌ ജിന്നും സഹതടവുകാരനും മാത്രം.

2004-ല്‍ കിം കി ഡുക്ക്‌ സംവിധാനം ചെയ്‌ത `3-അയേണ്‍' എന്ന ചിത്രവുമായി `ബ്രെത്തി'നു സമാനതകളുണ്ട്‌. രണ്ടു ചിത്രങ്ങളിലും കഥാനായകന്മാര്‍ സംസാരിക്കുന്നില്ല. ആറു വീടുകളും തടവറയുമാണ്‌ `3-അയേണി'ല്‍ പ്രത്യക്ഷപ്പെടുന്നത്‌. ആറു വീടുകളും ഒരര്‍ഥത്തില്‍ അസംതൃപ്‌തരുടെ ലോകമാണ്‌. അടച്ചിട്ട ആ വീടുകളില്‍ അതിക്രമിച്ചുകയറി ഒന്നോ രണ്ടോ ദിവസം അവിടെ താമസിക്കുന്ന ടോ-സുക്ക്‌ എന്ന ചെറുപ്പക്കാരനാണ്‌ `3-അയേണി'ലെ നായകന്‍. ഒരു സമ്പന്നന്‍െറ അസംതൃപ്‌തയായ ഭാര്യയെയും അവന്‍ സ്വന്തമാക്കുന്നു.

Sunday, July 27, 2008

ഏകാധിപതിയുടെ അന്ത്യദിനങ്ങള്‍

1940-നു ശേഷം അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ കഥാപാത്രമായുള്ള നൂറോളം സിനിമകള്‍ വിവിധ ഭാഷകളില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. ആ കണ്ണിയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ `ഡൗണ്‍ ഫാള്‍' എന്ന ജര്‍മന്‍ ചിത്രം. ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ ഇത്‌ പതനത്തിന്റെ കഥയാണ്‌. രാക്ഷസരൂപിയായ ഒരു ഏകാധിപതിയുടെ അനിവാര്യമായ പതനത്തിന്റെ കഥ.
ഹിറ്റ്‌ലറുടെ അവസാനനാളുകളെക്കുറിച്ച്‌ ചരിത്രകാരനായ ജോഷിം ഫെസ്‌റ്റ്‌ എഴുതിയ `ഇന്‍സൈഡ്‌ ഹിറ്റ്‌ലേഴ്‌സ്‌ ബങ്കര്‍' എന്ന ഗ്രന്ഥമാണ്‌ ഈ സിനിമയ്‌ക്കാധാരം. ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ ഏകാധിപതിയുടെ അന്ത്യനാളുകള്‍ ഭൂമിക്കടിയിലെ നിലവറയില്‍ ഒതുങ്ങിപ്പോയതിലെ വൈരുധ്യമാകണം സംവിധായകന്‍ ഒളിവര്‍ ഹിര്‍ഷ്‌ബീഗലിനെ ആകര്‍ഷിച്ചത്‌. ബങ്കറിനു വെളിയില്‍ തന്റെ സാമ്രാജ്യം ഒന്നൊന്നായി തകര്‍ന്നുവീഴുന്നത്‌ ഹിറ്റ്‌ലര്‍ അറിയുന്നതേയില്ല. ഹിറ്റ്‌ലറുടെ 56ാം ജന്‍മദിനമായ 1945 ഏപ്രില്‍ ഇരുപതിന്‌ േസാവിയറ്റ്‌ പട ബര്‍ലിന്‍ നഗരത്തിന്‌ 12 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു. ജന്മദിനം തൊട്ട്‌ ആത്മഹത്യാദിനം വരെയുള്ള പത്തുനാളുകളാണ്‌ ഈ സിനിമയുടെ ഇതിവൃത്തം.

ഹിറ്റ്‌ലറുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ട്രോഡ്‌ല്‍ജങ്‌ എന്ന വനിത പഴയകാലം ഓര്‍ക്കുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌. 1942-ലാണ്‌ ഹിറ്റ്‌ലറെ ആദ്യമായി അവര്‍ കാണുന്നത്‌. ഇന്റര്‍വ്യൂ വേളയിലായിരുന്നു അത്‌. മ്യൂണിച്ചില്‍ നിന്നാണ്‌ വരുന്നത്‌ എന്നു പറഞ്ഞപ്പോള്‍ തന്നെ ഹിറ്റ്‌ലര്‍ക്ക്‌ ട്രോഡിലിനോട്‌ പിതൃതുല്യമായ ഒരടുപ്പം തോന്നിയിരുന്നു. പരിഭ്രമത്തില്‍ ട്രോഡിലിന്‌ ടൈപ്പിങ്ങില്‍ പറ്റുന്ന തെറ്റുകള്‍ ക്ഷമയോടെ പൊറുക്കുന്ന ഹിറ്റ്‌ലറെ നാം ആദ്യരംഗങ്ങളില്‍ കാണുന്നു. പിന്നീട്‌ ക്യാമറ നീങ്ങുന്നത്‌ ഏകാധിപതിയുടെ അന്ത്യദിനങ്ങളിലേക്കാണ്‌.

പതനം ആസന്നമാണെന്നു വിശ്വസിക്കാന്‍ ഹിറ്റ്‌ലര്‍ മടിച്ചിരുന്നു. കീഴടങ്ങാനോ ബര്‍ലിനില്‍ നിന്ന്‌ രക്ഷപ്പെടാനോ അയാള്‍ ശ്രമിച്ചില്ല. പൊരുതാനായിരുന്നു ആഗ്രഹം. വിശ്വസ്‌തരായ ഏതാനും സൈനിക മേധാവികളും പ്രചരണമന്ത്രി ജോസഫ്‌ ഗീബല്‍സും കുടുംബവും വെപ്പാട്ടി ഈവാ ബ്രൗണും വനിതാ സെക്രട്ടറിമാരുമടങ്ങുന്നതായിരുന്നു ബങ്കറിനകത്തെ ലോകം.

തന്റെ ലോകം ചുരുങ്ങിച്ചുരുങ്ങി വരുേമ്പാഴും ഹിറ്റ്‌ലര്‍ക്ക്‌ താന്‍ വലിയവന്‍ തന്നെയായിരുന്നു. അനുസരിക്കാന്‍ ആരുമില്ലെങ്കിലും അയാള്‍ സൈന്യത്തിന്‌ ആജ്ഞകള്‍ കൊടുത്തുകൊണ്ടിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നു തോന്നുമ്പോള്‍ അസ്വസ്ഥനായി. പലപ്പോഴും ആക്രോശത്തിലൂടെ തന്റെ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഏകാകിയുടെ ഇത്തിരിവട്ടത്തിലേക്ക്‌ ചുരുങ്ങിപ്പോകുന്ന സ്വേച്ഛാധിപതിയുടെ വീഴ്‌ച അതിഭാവുകത്വമില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു. ലോകം അടക്കിവാഴാന്‍ കൊതിച്ച ഒരു മനുഷ്യന്റെ അഹംബോധത്തിന്റെ അടരുകള്‍ ഒന്നൊന്നായി പിടഞ്ഞ്‌, കൊഴിഞ്ഞുവീഴുന്നത്‌ നാം അനുഭവിച്ചറിയുന്നു. ഒടുവില്‍ എല്ലാ മോഹവും ക്രോധവുമടങ്ങി ശാന്തനായി മരണത്തിലേക്ക്‌ അപ്രത്യക്ഷനാവുകയാണ്‌ ഹിറ്റ്‌ലര്‍.

പുറത്ത്‌, രണ്ടാം ലോകമഹായുദ്ധം മുറുകുമ്പോഴും അതിലെ കാഴ്‌ചകളില്‍ അഭിരമിക്കുന്നില്ല സംവിധായകന്റെ ക്യാമറ. വേണമെങ്കില്‍, ഡൗണ്‍ ഫാളിനെ ഹോളിവുഡ്‌ മാതൃകയില്‍ ഒരു യുദ്ധചിത്രമാക്കി മാറ്റാമായിരുന്നു. പക്ഷേ, തന്റെ വഴി നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു സംവിധായകന്‍. ഏറെ സമയവും ബങ്കറിനുള്ളില്‍ തന്നെ ചുറ്റിത്തിരിയുകയാണ്‌ ക്യാമറ. ഹിറ്റ്‌ലറെ അമിതമായി വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ദയാരഹിതമായ വിധി പകര്‍ത്തലും സംവിധായകന്റെ ദൗത്യമായിരുന്നു.അന്തിമ വിജയത്തെക്കുറിച്ചുള്ള അവിശ്വാസമാണ്‌ ബങ്കറില്‍ കണ്ടെത്തുന്ന ഓരോ മുഖത്തും. അവിടെ, വിശ്വാസം മാത്രമുള്ള ഒരു വ്യക്തിയെ നാം കാണുന്നു-ഗീബല്‍സിനെ. അയാളുടെ ഭാര്യയ്‌ക്കും അമിതവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കീഴടങ്ങാനോ ഒളിച്ചോടാനോ അവര്‍ തയ്യാറാകുന്നില്ല. പക്ഷേ, പ്രതീക്ഷകള്‍ അസ്‌തമിക്കുകയായിരുന്നു. അപ്പോഴും, വിശ്വസ്‌ത നായകന്റെ വഴി പിന്തുടരാനായിരുന്നു അവര്‍ക്കാഗ്രഹം.

ഹിറ്റലറുടെ ആശയസംഹിതയായ നാഷണല്‍ സോഷ്യലിസം ഇല്ലാത്ത ഒരു ലോകത്ത്‌ തങ്ങളും മക്കളും ജീവിക്കേണ്ട എന്നാണ്‌ അവര്‍ തീരുമാനിക്കുന്നത്‌. ആറു മക്കള്‍ക്കും ഗീബല്‍സിന്‍െ ഭാര്യ മഗ്‌ദ വിഷം കൊടുക്കുന്ന രംഗം സംവിധാനകലയുടെ കൈയടക്കത്തിന്റെ ഉദാഹരണമാണ്‌. മരുന്നെന്ന്‌ പറഞ്ഞ്‌ മോര്‍ഫിന്‍ കൊടുത്ത്‌ മയക്കിക്കിടത്തിയ ശേഷമാണ്‌ കുഞ്ഞുങ്ങളുടെ വായില്‍ സൈനൈഡ്‌ വെച്ചു കൊല്ലുന്നത്‌. മൂത്തവള്‍ ഹെല്‍ഗ സുസന്നെ(12) ക്കു മാത്രമാണ്‌ സംഭവത്തില്‍ സംശയം തോന്നുന്നത്‌. അവള്‍ വിഷം കഴിക്കാന്‍ വിസമ്മതിക്കുന്നു. മഗ്‌ദയും സഹായിയും ചേര്‍ന്ന്‌ ബലം പ്രയോഗിച്ച്‌ വായ തുറപ്പിക്കുമ്പോള്‍ ഹെല്‍ഗ `പപ്പ' എന്നുറക്കെ വിളിക്കുന്നു. (ഗീബല്‍സിന്‌ ഏറ്റവുമിഷ്ടം ഹെല്‍ഗയോടായിരുന്നു) ആ രംഗം കാണാനാകാതെ അവളുടെ പപ്പ മുറിക്ക്‌ പുറത്ത്‌ നില്‍ക്കുകയായിരുന്നു.

ഓരോരുത്തരുടേയും നെറ്റിയിലൊരു ചുംബനം നല്‍കി മഗ്‌ദ പുതപ്പ്‌ തലയിലേക്ക്‌ വലിച്ചിടുമ്പോള്‍ ഒരു കുഞ്ഞിനരികെ കണ്ണുകള്‍ തുറന്നിരിക്കുന്ന പാവക്കുട്ടിയിലേക്കാണ്‌ ക്യാമറ അനുതാപത്തോടെ നോക്കുന്നത്‌. വേദനിപ്പിക്കുന്ന നിശ്ശബ്ദതയാണ്‌ ഈ രംഗത്താകെ നിറഞ്ഞുനില്‍ക്കുന്നത്‌. നിരാശയില്‍നിന്ന്‌ ജീവിതനിരാസത്തിലേക്ക്‌ നീങ്ങുന്ന മഗ്‌ദയും ജീവിക്കാന്‍ ആസക്തി പ്രകടിപ്പിക്കുന്ന ഹെല്‍ഗയും മറക്കാനാവാത്ത മുഖങ്ങളായി മാറുന്നു. (ഭാര്യ മഗ്‌ദയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ചുമരിക്കുകയാണ്‌ ഗീബല്‍സ്‌).

`ഡൗണ്‍ ഫോള്‍' റിലീസായപ്പോള്‍ ജര്‍മനിയില്‍ ഉയര്‍ന്ന പ്രധാന ആരോപണം ഹിറ്റ്‌ലറെ ഈ ചിത്രം മഹത്വവത്‌ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു. ആരോപണം ശരിയാണെന്ന്‌ നമുക്കും തോന്നും. പക്ഷേ, ഇവിടെ സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നമുക്ക്‌ നിരാകരിക്കാനാകില്ല. ഹിറ്റ്‌ലറുടെ ക്രൂരതകളിലേക്ക്‌ തിരിഞ്ഞുനോക്കാനല്ല, ആ മനുഷ്യന്റെ ഇരട്ട വ്യക്തിത്വത്തിലേക്ക്‌ ചുഴിഞ്ഞിറങ്ങി അവിടെ കണ്ട സ്‌നേഹവും വിദ്വേഷവും ആശയും നിരാശയുമൊക്കെ ആവിഷ്‌കരിക്കാനാണ്‌ സംവിധായകന്‍ ശ്രമിച്ചത്‌.

ലോകം വെറുത്ത ഒരു ചരിത്രപുരുഷന്റെ മനസിലേക്കാണ്‌ സംവിധായകന്‍ നോക്കിയത്‌. ഒരു കാര്യം വ്യക്തം. ഹിറ്റ്‌ലറെ മനുഷ്യവത്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മഹത്വവത്‌ക്കരിക്കാന്‍ സംവിധായകന്‍ തുനിഞ്ഞിട്ടില്ല. ഇനിയൊരു ഹിറ്റ്‌ലറെ ലോകത്തിന്‌ ആവശ്യമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്നുണ്ട്‌ അദ്ദേഹം. മിക്ക ജര്‍മന്‍കാരുടെയും ചിന്താഗതി തന്നെ സംവിധായകന്‍ ഒളിവറിനും. `പിന്നോട്ടല്ല, മുന്നോട്ടു നോക്കുക' എന്നാണവരുടെ വാദം.

ആറു പതിറ്റാണ്ടു മുമ്പത്തെ ബീഭത്സമായ ചരിത്രവും അതിലെ നായകനും മറക്കേണ്ട അധ്യായമാണെന്ന്‌ അവര്‍ കരുതുന്നു. ``ഹിറ്റ്‌ലറെ ചിത്രീകരിച്ച്‌ സിനിമകളില്‍ വെച്ച്‌ എനിക്ക്‌ നന്നായി ബോധിച്ച ചിത്രം എന്നാണ്‌ ഹിറ്റ്‌ലറുടെ ജീവചരിത്രകാരനും പ്രമുഖ ബ്രിട്ടീഷ്‌ ചരിത്രകാരനുമായ ഇയാന്‍ കെര്‍ഷോ `ഡൗണ്‍ ഫാളിനെക്കുറിച്ചു പറയുന്നത്‌.`മരണനഗര'ത്തിലെ നായകനായ ഹിറ്റ്‌ലറായി അഭിനയിച്ചത്‌ ബ്രൂണോ ഗാന്‍സ്‌ ആണ്‌. നന്നായി ജര്‍മന്‍ സംസാരിക്കുന്ന സ്വിസ്‌ നടനാണ്‌ ഗാന്‍സ്‌. ഹിറ്റ്‌ലറെപോലൊരു ഭീകരനെ അവതരിപ്പിക്കുക എളുപ്പമല്ലെന്ന്‌ ഗാന്‍സ്‌ തുടക്കത്തിലേ മനസിലാക്കിയിരുന്നു.

ഹിറ്റലറുടെ ചേഷ്ടകളും സംഭാഷണരീതിയും ചലനങ്ങളുമൊക്കെ പുന:സൃഷ്ടിക്കുക എന്നത്‌ ഏതൊരു നടനും വെല്ലുവിളിയാണ്‌. ആ വെല്ലുവിളിയെ ധീരമായി നേരിട്ടു ഗാന്‍സ്‌. ഹിറ്റലറുടെ സംഭാഷണരീതി, നടത്തം, തീറ്റ, ചുമ എന്നിവയെപ്പറ്റിയെല്ലാം ആവുന്നത്ര പഠിച്ചശേഷമാണ്‌ ഗാന്‍സ്‌ ക്യാമറയ്‌ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ വന്നുനിന്നത്‌.സംഭാഷണരീതിയെപ്പറ്റി മനസിലാക്കാന്‍ ആകെ ലഭിച്ചത്‌ ഒരു ടേപ്പാണ്‌. 1942-ല്‍ റെക്കോഡ്‌ ചെയ്‌തതാണിത്‌. ഫിന്നിഷ്‌ സൈനിക കമാന്‍ഡറായ മാര്‍ഷല്‍ കാള്‍ ഗുസ്‌താവുമായി ഹിറ്റല്‌ര്‍ നടത്തിയ സംഭാഷണമാണിതിലുള്ളത്‌. യുദ്ധമുന്നണിയിലെ വിജയങ്ങളെയും തിരിച്ചടികളെയും കുറിച്ചുള്ള ഈ സംഭാഷണത്തില്‍നിന്ന്‌ ഹിറ്റലറുടെ ശബ്ദനിയന്ത്രണത്തെയും ഭാഷാപ്രയോഗത്തെയും കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങളാണ്‌ ഗാന്‍സിനു ലഭിച്ചത്‌.

ഹിറ്റലറുടെ അവസാനത്തെ പത്തുനാളുകള്‍ ഇതിവൃത്തമാക്കി എടുക്കുന്ന മൂന്നാമത്തെ സിനിമയാണ്‌ `ഡൗണ്‍ഫാള്‍'. ഈ ഗണത്തില്‍പെട്ട ആദ്യചിത്രം 1955-ല്‍ പുറത്തിറങ്ങിയ `ദ ലാസ്‌റ്റ്‌ ആക്ട്‌' ആണ്‌. ജി.ഡബ്‌ള്യു. പാബ്‌സ്‌റ്റ്‌ ആണ്‌ ഈ ഓസ്‌ട്രിയന്‍ ചിത്രത്തിന്റെ സംവിധായകന്‍. ന്യൂറംബര്‍ഗ്‌ വിചാരണയില്‍ ജഡ്‌ജിയായിരുന്ന മൈക്കല്‍ എമുസ്‌മുന്നോയുടെ പുസ്‌തകത്തെ ആധാരമാക്കിയാണിത്‌ നിര്‍മിച്ചത്‌. `ഹിറ്റ്‌ലര്‍-ദ ലാസ്‌റ്റ്‌ ടെന്‍ ഡെയ്‌സ്‌' എന്ന പേരില്‍ 1973-ല്‍ ഇറങ്ങിയ ചിത്രമാണ്‌ രണ്ടാമത്തേത്‌. 2005-ലെ മികച്ച വിദേശഭാഷാചിത്രമായി ഓസ്‌കറിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌ `ഡൗണ്‍ഫോള്‍'. മികച്ച വിദേശഭാഷാ ചിത്രത്തിനും നടനുമുള്ള പതിനഞ്ചോളം അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ `ഡൗണ്‍ഫോള്‍' നേടിയിട്ടുണ്ട്‌.

Friday, July 4, 2008

യുദ്ധഭൂമിയില്‍ ഒരമ്മ

'ഗൗരവസിനിമയുടെ രക്ഷകരിലൊരാള്‍' എന്ന വിശേഷണം അര്‍ഹിക്കുന്നയാളാണ്‌ പ്രശസ്‌ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ്‌. അദ്ദേഹത്തിന്‍െറ ഒരു ചിത്രവും അലസമായി കണ്ട്‌ മറവിയിലേക്ക്‌ തള്ളാനുള്ളതല്ല. ഗൗരവമാര്‍ന്ന ചിന്ത ആവശ്യപ്പെടുന്നവയാണ്‌ ഓരോ ചിത്രവും. ലെനിന്‍, ഹിറ്റ്‌ലര്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നിവരും സാധാരണക്കാരും ഒരുപോലെ സൊഖുറോവ്‌ ചിത്രങ്ങളില്‍ നായകകഥാപാത്രങ്ങളായിട്ടുണ്ട്‌. സൊഖുറോവ്‌ സ്വീകരിക്കുന്ന ഓരോ പ്രമേയവും നൂതനമാണ്‌. കാട്ടിത്തരുന്ന ഓരോ കാഴ്‌ചയും വ്യത്യസ്‌തമാണ്‌. അവ നേരിട്ട്‌ നമ്മുടെ ഹൃദയത്തിലേക്കാണ്‌ കടക്കുന്നത്‌.
മദര്‍ ആന്‍ഡ്‌ സണ്‍' (1997), `ഫാദര്‍ ആന്‍ഡ്‌ സണ്‍' (2003) എന്നിവയ്‌ക്കുശേഷം രക്തബന്ധത്തിന്‌ ഊന്നല്‍ നല്‍കി സൊഖുറോവ്‌ സംവിധാനം ചെയ്‌ത റഷ്യന്‍ സിനിമയാണ്‌ `അലക്‌സാന്‍ഡ്ര' (2007). ഒരമ്മയും മകനും തമ്മിലുള്ള ഗാഢസേ്‌നഹവും മരണത്തിന്‍െറ സദാസാന്നിധ്യവുമാണ്‌ ആദ്യചിത്രത്തില്‍. ആസന്നമരണയായ അമ്മയാണിതിലെ മുഖ്യകഥാപാത്രം. രണ്ടാമത്തേതില്‍, മകനോട്‌ അതീവ വാത്സല്യം പുലര്‍ത്തുന്ന ഒരച്ഛനാണ്‌ പ്രധാന കഥാപാത്രം. സൈനിക പരിശീലനത്തിനുശേഷം യുദ്ധമുന്നണിയിലേക്ക്‌ പോകാനൊരുങ്ങുകയാണ്‌ മകന്‍. അച്ഛന്‍ മുന്‍ സൈനികനും. `അലക്‌സാന്‍ഡ്ര'യിലാവട്ടെ, എണ്‍പത്‌ പിന്നിട്ട ഒരമ്മൂമ്മയാണ്‌ നായികാസ്ഥാനത്ത്‌. ഓഫീസറായ കൊച്ചുമകനെ കാണാന്‍ ചെച്‌നിയയിലെ യുദ്ധഭൂമിയില്‍ എത്തുകയാണവര്‍. രണ്ടു ദിവസം ഈ അമ്മ കാണുന്നതേ ഈ സിനിമയിലുള്ളൂ. ഈ അമ്മയുടെ സഞ്ചാരപഥങ്ങളിലൂടെ ക്യാമറ നീങ്ങുകയാണ്‌. തീര്‍ത്തും അപരിചിതമായ സൈനിക ക്യാമ്പ്‌ പരിസരത്ത്‌ തീവണ്ടിയിറങ്ങുന്ന അലക്‌സാന്‍ഡ്ര നിക്കോലേവ്‌ന എന്ന വൃദ്ധ രണ്ടു ദിവസത്തിനുശേഷം തീവണ്ടിയില്‍തന്നെ മടങ്ങുകയാണ്‌. അപ്പോഴേക്കും റഷ്യന്‍ സൈനികര്‍ക്കും ചെചന്‍ വനിതകള്‍ക്കും അവര്‍ അമ്മയായിത്തീര്‍ന്നിരുന്നു. സേ്‌നഹിക്കുകയും കലഹിക്കുകയും ശാസിക്കുകയും ചെയ്യുന്ന അമ്മ.

മൂന്നു സിനിമകളിലും കഥ നടക്കുന്നത്‌ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്‌. പല രംഗങ്ങള്‍ക്കും സാദൃശ്യം കാണാം. ഉപയോഗിച്ചിരിക്കുന്ന വര്‍ണങ്ങള്‍ക്കും സമാനതയുണ്ട്‌. ഷോട്ടുകളുടെ ക്രമീകരണത്തിലും അവതരണശൈലിയിലും ഒരേ സ്വഭാവം കാണാം. മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌- മൂന്നു ചിത്രങ്ങളിലും പെണ്‍മക്കള്‍ കഥാപാത്രങ്ങളാകുന്നില്ല.

`ഫാദര്‍ ആന്‍ഡ്‌ സണ്‍' എന്ന ചിത്രത്തിന്‍െറ തുടര്‍ച്ച അവകാശപ്പെടാവുന്ന ചിത്രമാണ്‌ അലക്‌സാന്‍ഡ്ര. ഫാദര്‍ ആന്‍ഡ്‌ സണ്ണില്‍ യുദ്ധത്തിന്‍െറ കെടുതികളെക്കുറിച്ച്‌ പരാമര്‍ശങ്ങളേയുള്ളൂ. അലക്‌സാന്‍ഡ്രയിലാവട്ടെ സൊഖുറോവ്‌ നമ്മെ കൊണ്ടുപോകുന്നത്‌ യുദ്ധമുന്നണിയിലേക്കുതന്നെയാണ്‌. പക്ഷേ, യുദ്ധരംഗത്ത്‌ നിലയുറപ്പിക്കുമ്പോഴും സൊഖുറോവിന്‍െറ ക്യാമറ കബന്ധങ്ങളുടെ ദാരുണദൃശ്യങ്ങളിലേക്ക്‌ ഒരിക്കല്‍പോലും കണ്ണുതുറക്കുന്നില്ല. കനത്ത ബൂട്ടുകളുടെ ശബ്ദവും കവചിതവാഹനങ്ങളുടെയും പോര്‍വിമാനങ്ങളുടെയും ഇരമ്പലും മതി സൊഖുറോവിന്‌ യുദ്ധപ്രതീതി സൃഷ്‌ടിക്കാന്‍. യുദ്ധം തകര്‍ത്തെറിയുന്ന ജീവിതങ്ങളെയാണ്‌ അദ്ദേഹം ക്യാമറയ്‌ക്കു മുന്നില്‍ നിര്‍ത്തുന്നത്‌. യുദ്ധങ്ങള്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്ന മനുഷ്യസേ്‌നഹികളുടെ സന്ദേഹത്തില്‍ അദ്ദേഹവും പങ്കാളിയാവുന്നു.

പ്രശ്‌നഭരിതമായ വര്‍ത്തമാനകാലമാണ്‌ സൊഖുറോവിനു മുന്നിലുള്ളത്‌. ഇന്നിന്‍െറ വിഷാദങ്ങളും കാലുഷ്യങ്ങളുമാണ്‌ അദ്ദേഹത്തെ വേവലാതിപ്പെടുത്തുന്നത്‌. യുദ്ധത്തില്‍ കവിതയില്ല; സൗന്ദര്യവുമില്ല. അതുകൊണ്ടുതന്നെ യുദ്ധം കാവ്യാത്മകമായി ചിത്രീകരിക്കാനാവില്ലെന്ന്‌ സൊഖുറോവ്‌ വിശ്വസിക്കുന്നു. കഠിനപദങ്ങളും ബിംബങ്ങളുംതന്നെ വേണമതിന്‌.

`അലക്‌സാന്‍ഡ്ര'യില്‍ റഷ്യന്‍-ചെച്‌നിയന്‍ സംഘര്‍ഷമേഖലയിലാണ്‌ സൊഖുറോവിന്‍െറ നില്‌പ്‌. ഈ പോരാട്ടഭൂമിയെ ഇറാഖ്‌ യുദ്ധവുമായി താരതമ്യപ്പെടുത്താനാണ്‌ താനാഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹം ഒരഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. യുദ്ധമുന്നണിയിലുള്ള തങ്ങളുടെ മക്കളെ, അച്ഛന്മാരെ, ഭര്‍ത്താക്കന്മാരെ, സഹോദരന്മാരെ കാണാന്‍ ഒരുപാട്‌ അമേരിക്കന്‍ അമ്മമാരും അമ്മൂമ്മമാരും മക്കളും ഭാര്യമാരും സഹോദരിമാരും കൊതിക്കുന്നുണ്ടാവാമെന്ന്‌ സൊഖുറോവ്‌ കരുതുന്നു. അവരുടെകൂടി ഉത്‌കണ്‌ഠകളും കാത്തിരിപ്പുമാണ്‌ അദ്ദേഹം പകര്‍ത്തുന്നത്‌.

റഷ്യന്‍-ചെച്‌നിയന്‍ ആഭ്യന്തര യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍നിന്നാണ്‌ 90 മിനിറ്റ്‌ നീണ്ട അലക്‌സാന്‍ഡ്രയുടെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്‌. ഒരു ഡോക്യുമെന്‍ററിയുടെ കാഴ്‌ചവട്ടത്തിലാണ്‌ സിനിമ തുടങ്ങുന്നത്‌. ദൃശ്യങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കെ, ആദ്യം തോന്നിയേക്കാവുന്ന വിരസത നമ്മെ വിട്ടകലുന്നു. പട്ടാളക്യാമ്പ്‌ കാണാനെത്തുന്ന ഒരമ്മയുടെ കൗതുകക്കാഴ്‌ചകളില്‍നിന്ന്‌ ക്രമേണ പിന്മാറുന്ന ക്യാമറ അവര്‍ പരിചയപ്പെടുന്ന ഓരോ കഥാപാത്രത്തിന്‍െറയും മനസ്സിന്‍െറ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു. മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള ഗാഢമായ സേ്‌നഹബന്ധം മാത്രമല്ല ദൃശ്യഖണ്ഡങ്ങളായി പ്രത്യക്ഷപ്പെടുന്നത്‌. പട്ടാളച്ചിട്ടയോടെ മരണത്തിനു മുന്നിലേക്ക്‌ ചിരിച്ചുകൊണ്ട്‌ കടന്നുചെല്ലുന്ന യൗവനങ്ങളെക്കുറിച്ചും എല്ലാം തകര്‍ന്നടിഞ്ഞിട്ടും ആരോടും പകയില്ലാതെ ജീവിക്കാന്‍ കൊതിക്കുന്ന സാധാരണ മനുഷ്യരെക്കുറിച്ചും യുദ്ധത്തിന്‍െറ നിരര്‍ഥകതയെക്കുറിച്ചും ദൃശ്യങ്ങള്‍ നമ്മോട്‌ സംസാരിക്കുന്നു.

റഷ്യയിലെ സ്റ്റാവ്‌റോപോളിലാണ്‌ അലക്‌സാന്‍ഡ്ര താമസിക്കുന്നത്‌. ഒറ്റയ്‌ക്കാണവര്‍. ഭര്‍ത്താവ്‌ രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചു. മരണം അടുത്തെത്തിയിരിക്കുന്നു എന്ന്‌ അലക്‌സാന്‍ഡ്രയ്‌ക്ക്‌ തോന്നുന്നു. തന്‍െറയടുത്ത്‌ ആരെങ്കിലും ഉണ്ടാവണമെന്ന വിചാരം അവരെ അലട്ടുന്നു. ഏഴു വര്‍ഷമായി മകളുടെ മകന്‍ ഡെന്നീസിനെ കണ്ടിട്ട്‌. ഇരുപത്തേഴുകാരനായ ഡെന്നീസ്‌ സൈന്യത്തില്‍ ഓഫീസറാണ്‌. അവന്‍െറ വിശേഷങ്ങള്‍ നേരിട്ടറിയണം. പറ്റുമെങ്കില്‍ അവന്‍െറ വിവാഹക്കാര്യം ഉറപ്പിക്കുകയും വേണം. ഇതിനാണ്‌ അലക്‌സാന്‍ഡ്ര യാത്രതിരിക്കുന്നത്‌. പക്ഷേ, അവരുടെ മോഹം പൂര്‍ത്തിയാകുമെന്ന സൂചനയില്ലാതെയാണ്‌ സിനിമ അവസാനിക്കുന്നത്‌. ഡെന്നീസ്‌ വീണ്ടും യുദ്ധരംഗത്തേക്ക്‌ നീങ്ങവേ അലക്‌സാന്‍ഡ്ര നാട്ടിലേക്ക്‌ മടങ്ങിപ്പോവുകയാണ്‌. കൊച്ചുമകന്‍െറ യൂണിഫോമിലെ നക്ഷത്രചിഹ്നങ്ങളില്‍ വിരലോടിച്ച്‌ അഭിമാനംകൊണ്ട അലക്‌സാന്‍ഡ്രയ്‌ക്ക്‌ സൈനികജീവിതം എത്ര കഠിനമാണെന്ന്‌ രണ്ടു ദിവസംകൊണ്ടുതന്നെ ബോധ്യമാവുന്നുണ്ട്‌.

വെളിച്ചത്തിലേക്കു നോക്കി പിന്തിരിഞ്ഞു നില്‍ക്കുന്ന അലക്‌സാന്‍ഡ്രയുടെ രൂപമാണ്‌ ചിത്രത്തിന്‍െറ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്‌. ചിത്രം അവസാനിക്കുമ്പോള്‍, അവര്‍ തിരിച്ചുപോവുകയാണ്‌. തിവണ്ടി വേഗം കൂട്ടവേ അവര്‍ ബോഗിയിലെ ഇരുട്ടിലേക്ക്‌ നീങ്ങിനില്‍ക്കുന്നു. ദുഃഖസാന്ദ്രമാണ്‌ ആ മുഖം. ഡെന്നീസിന്‍െറയും അങ്ങാടിയിലെ സന്ദര്‍ശനത്തിനിടയില്‍ പരിചയപ്പെട്ട ചെചന്‍ വനിതകളുടെയും അനുഭവങ്ങള്‍ ആ വൃദ്ധമനസ്സിനെ വല്ലാതെ പൊള്ളിച്ചിട്ടുണ്ട്‌. അനിശ്ചിതമായി നീളുന്ന തന്‍െറ ഒറ്റപ്പെടലും അവരെ വേട്ടയാടുന്നുണ്ട്‌ (ഗലീന വിഷ്‌നെവസ്‌കായ എന്ന എണ്‍പതുകാരി ഓപ്പറ ഗായികയാണ്‌ അലക്‌സാന്‍ഡ്രയായി ഈ ചിത്രത്തില്‍ ജീവിക്കുന്നത്‌.).

യുദ്ധം കാരണം ഇവിടെ തകര്‍ന്നത്‌ വീടുകള്‍ മാത്രമല്ല, ജീവിതങ്ങള്‍ കൂടിയാണ്‌'' എന്നു പറയുന്നത്‌ മലീക എന്ന ചെചന്‍ വനിതയല്ല, സൊഖുറോവ്‌ തന്നെയാണ്‌.