നാല് ഫീച്ചര്‍ സിനിമകളാണ് ഗൊബാദി സംവിധാനം ചെയ്‌തിട്ടുള്ളത്. `എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്‌സസ്', `മറൂണ്‍ഡ് ഇന്‍ ഇറാഖ്' , `ടര്‍ട്ട്‌ല്‍സ് കാന്‍ ഫ്‌ളൈ' , `ഹാഫ് മൂണ്‍' എന്നിവയാണീ ചിത്രങ്ങള്‍. വിദേശ ചലച്ചിത്ര മേളകളില്‍ ഒട്ടേറെ അവാര്‍ഡിന്നര്‍ഹമായിട്ടുണ്ട് നാല് ചിത്രങ്ങളും. കുര്‍ദിഷ് ജനസമൂഹത്തിന്‍െറ കഥയാണ് ഗൊബാദി ഇവയിലെല്ലാം പറയുന്നത്. യുദ്ധവും ദാരിദ്ര്യവും രോഗവും അവഗണനയും തകര്‍ത്തെറിഞ്ഞ ജീവിതങ്ങളിലൂടെയാണ് ക്യാമറ സഞ്ചരിക്കുന്നത്. എല്ലാ ദുരിതങ്ങള്‍ക്കിടയിലും അവര്‍ കൊച്ചു തമാശകള്‍ പറയുന്നു. സംഗീതമാസ്വദിക്കുന്നു. പരസ്‌പരസേ്‌നഹത്തിന്‍െറ തണലില്‍ അഭയം കണ്ടെത്തുന്നു.
2006 അവസാനം പുറത്തിറങ്ങിയ ഗൊബാദി ചിത്രമായ `ഹാഫ് മൂണി'ല്‍ സംഗീതവും ജീവിതവും മരണവും നിറഞ്ഞുനില്‌ക്കുന്നു. വിഖ്യാത സംഗീതജ്ഞനായ മാമു എന്ന വൃദ്ധന്‍ `സ്വാതന്ത്ര്യഗീതം' എന്നപേരിലുള്ള സംഗീത പരിപാടി നടത്താനായി സംഗീതകാരന്മാരായ ആണ്‍മക്കളോടൊപ്പം ഇറാഖിലെ കുര്‍ദിസ്‌താനിലേക്ക് പോകുന്നതാണ് ഇതിവൃത്തം. മലകളും മഞ്ഞുമല്ല, ഇറാനിലെ കര്‍ക്കശ നിയമങ്ങളാണ് മാമുവിന്‍െറ സ്വപ്‌നയാത്ര തടസ്സപ്പെടുത്തുന്നത്. സ്‌ത്രീശബ്ദമില്ലാതെ സംഗീതം അപൂര്‍ണമാണെന്ന് വിശ്വസിക്കുന്നയാളാണ് മാമു. ഇറാനില്‍ സ്‌ത്രീകള്‍ക്ക് പൊതുവേദിയില്‍ പാടുന്നതിന് വിലക്കുണ്ട്. ഹെഷോ എന്ന ഗായികയെ തങ്ങളുടെ ബസ്സില്‍ ഒളിച്ചുകടത്താനുള്ള സംഘത്തിന്‍െറ ശ്രമം വിജയിക്കുന്നില്ല. ഇറാഖിലേത് തന്‍െറ അവസാനത്തെ കച്ചേരിയാണെന്ന് മാമുവിന് നല്ല ബോധ്യമുണ്ട്. 37 വര്‍ഷമായി ഇറാഖിലെ കുര്‍ദിസ്‌താനില്‍ ഒരു കച്ചേരി നടത്തിയിട്ട്. സദ്ദാം ഭരണത്തിന്‍െറ വീഴ്‌ചയോടെ സംഗീതനിശയ്‌ക്ക് അനുമതി ലഭിച്ചിരിക്കയാണ്. അപ്പോഴാണ് ഗായികയുടെ പ്രശ്‌നം ഉയരുന്നത്. ഇറാന്‍, തുര്‍ക്കി സൈനികര്‍ ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ ഓരോന്നായി തരണം ചെയ്‌ത് ഗായകസംഘം കുര്‍ദിസ്‌താനില്‍ കച്ചേരി അവതരിപ്പിക്കുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
സംഗീതത്തിന്‍െറ അകമ്പടിയോടെയുള്ള കോഴിപ്പോരിന്‍െറ ദൃശ്യത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. തമാശക്കാരനായ അനൗണ്‍സര്‍ പെട്ടെന്ന് ഗൗരവക്കാരനാവുന്നു. ഡാനിഷ് ചിന്തകന്‍ കിര്‍ക്കെഗാര്‍ഡ് മരണത്തെക്കുറിച്ച് നല്‍കിയ നിര്‍വചനം അനൗണ്‍സര്‍ ഉദ്ധരിക്കുമ്പോള്‍ത്തന്നെ കഥാസൂചന നമുക്കു ലഭിക്കുന്നു. `നേട്ടവും നഷ്‌ടവും മരണത്തേക്കാള്‍ പ്രധാനപ്പെട്ടതല്ല' എന്നു പറഞ്ഞ് അനൗണ്‍സര്‍ കോഴിപ്പോരിനെ ജീവിതത്തിന്‍െറ നിരര്‍ഥകതയിലേക്ക് ബന്ധിപ്പിക്കുകയാണ്.
മാമുവിനെ നമ്മള്‍ ആദ്യം കാണുമ്പോള്‍ത്തന്നെ മരണചിന്ത തെളിയുന്നു. ഒരു കുഴിയില്‍ മലര്‍ന്നുകിടക്കുകയാണദ്ദേഹം. നീലാകാശത്ത് അര്‍ധചന്ദ്രന്‍. ഇവിടെനിന്ന് , സംഗീതത്തിന്‍െറ അമരത്വം അന്വേഷിച്ചിറങ്ങുകയാണ് മാമു. മരണം ആസന്നമാണെന്നറിഞ്ഞിട്ടും അദ്ദേഹം യാത്ര തുടരുകയാണ്. (ചിത്രത്തിലെ മരണദൃശ്യങ്ങളെ പ്രശസ്‌ത ഓസ്‌ട്രിയന്‍ സംഗീതജ്ഞനായ മൊസാര്‍ട്ടിന്‍െറ ജീവിതവുമായാണ് സംവിധായകന്‍ ബന്ധപ്പെടുത്തുന്നത്. മൊസാര്‍ട്ടിന്‍െറ 250-ാം ജന്മദിനവാര്‍ഷികത്തിന്‍െറ ഭാഗമായാണ് `ഹാഫ്‌മൂണ്‍' നിര്‍മിച്ചത്. 35-ാമത്തെ വയസ്സില്‍ അന്തരിച്ച മൊസാര്‍ട്ട് തന്‍െറ അന്ത്യത്തിനു തൊട്ടുമുമ്പ് ഒരു ചരമഗീതം രചിച്ചു എന്നാണ് പറയപ്പെടുന്നത്). മീസാന്‍ കല്ലുകള്‍, ശവക്കുഴി, ശവപ്പെട്ടി, മഞ്ഞുമലയില്‍ ഇല കൊഴിഞ്ഞ് ഒറ്റപ്പെട്ടുനില്‍ക്കുന്ന മരം തുടങ്ങിയ മരണ സൂചകങ്ങള്‍ ഇടയെ്‌ക്കാക്കെ പ്രത്യക്ഷപ്പെടുന്നതുകാണാം. ചാന്ദ്രമാസത്തിലെ പതിന്നാലാം രാവില്‍ അശുഭമായതെന്തോ തനിക്കുസംഭവിക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് ധീരമായിത്തന്നെയാണ് മാമു നേരിടുന്നത്. മരണത്തെക്കുറിച്ചല്ല, ഭാഷയും അതിര്‍ത്തികളും കടന്ന് സംഗീതം എങ്ങും മഞ്ഞുമഴയായി പെയ്യുന്ന ശുഭദിനത്തെക്കുറിച്ചാണ് മാമുവിന്‍െറ ചിന്ത.
സ്വാതന്ത്ര്യത്തിന്‍െറ , സൗഹൃദത്തിന്‍െറ, സൗന്ദര്യത്തിന്‍െറ സംഗീതയാത്രയാണ് മാമു നടത്തുന്നത്. ഇറാനില്‍ ഞെരിച്ചുകൊന്ന സ്‌ത്രീ ശബ്ദവും തന്‍െറ കച്ചേരിയില്‍ കേള്‍പ്പിക്കാനദ്ദേഹം ആഗ്രഹിക്കുന്നു. ഇറാനില്‍ നിരോധനത്തിനു വിധേയരായി നാടുകടത്തപ്പെട്ട 1334 ഗായികമാര്‍ ഒരുമിച്ചു താമസിക്കുന്ന പ്രദേശത്ത് ഹെഷോ എന്ന ഗായികയെത്തേടി മാമു എത്തുന്ന മനോഹരദൃശ്യം മറക്കാനാവില്ല. തന്നെ സ്വാഗതം ചെയ്‌തുകൊണ്ട് അവര്‍ പാടുന്ന പാട്ടിന് ഒറ്റ ശബ്ദമേയുള്ളൂ എന്ന് മാമുപറയുന്നു. എല്ലാശബ്ദവും ലയിച്ചുചേര്‍ന്ന്, സ്‌ത്രീയുടെ വശ്യമധുരമായ ഏകസ്വരമായി അത് മാറുകയാണ്. സംവിധായകന്‍ ഗൊബാദിക്ക് വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്. അത് തന്‍െറ ചിത്രങ്ങളില്‍ ശക്തമായി പ്രകടിപ്പിക്കുന്നുമുണ്ട് അദ്ദേഹം. സദ്ദാം വിരുദ്ധ പരാമര്‍ശങ്ങള്‍ എല്ലാ ഗൊബാദി ചിത്രങ്ങളിലും സുലഭമാണ്. സദ്ദാമിന്‍െറ പ്രതിമ അമേരിക്കന്‍ സൈനികര്‍ തകര്‍ക്കുന്ന ദൃശ്യം `ടര്‍ട്ട്‌ല്‍സ് കാന്‍്‌ൈള്‌ള' എന്ന ചിത്രത്തില്‍ കാണാം.
സാന്‍സബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ (2006) ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് `ഹാഫ് മൂണാ'ണ്. ഇസ്‌താംബുള്‍ ഫെസ്റ്റിവലില്‍ (2007) പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡും ഈ സിനിമയ്‌ക്കായിരുന്നു.
`ഹാഫ് മൂണി'ന്‍െറ പ്രമേയഘടനയ്‌ക്ക് ഗൊബാദിയുടെ രണ്ടാമത്തെ ചിത്രമായ `മറൂണ്‍ഡ് ഇന്‍ ഇറാഖു'മായി സാദൃശ്യമുണ്ട്. മിര്‍സ എന്ന വൃദ്ധഗായകനാണ് `മറൂണ്‍ഡ് ഇന്‍ ഇറാഖി'ലെ മുഖ്യ കഥാപാത്രം. ഇയാള്‍ക്ക് രണ്ട് ആണ്‍മക്കള്‍. രണ്ടും ഗായകരാണ്. ഇറാനില്‍ ഗായികമാര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെത്തുടര്‍ന്ന് 23 വര്‍ഷം മുമ്പ് ഇറാഖിലേക്ക് തന്‍െറ സുഹൃത്തിനൊപ്പം രക്ഷപ്പെട്ട ഗായികയായ മുന്‍ഭാര്യയെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയാണ് മിര്‍സ. കൂട്ടിന് മക്കളെയും കൂട്ടുന്നു. മോട്ടോര്‍ ബൈക്കിലാണ് യാത്ര. മലകളിലൂടെ, മഞ്ഞിലൂടെ, ചീറിപ്പായുന്ന യുദ്ധവിമാനങ്ങള്‍ക്കു കീഴെ ഇറാഖിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ മുന്‍ഭാര്യയെ അന്വേഷിച്ചുള്ള യാത്രയാണ് ഈ സിനിമയുടെ ഇതിവൃത്തം.
4 comments:
2006 അവസാനം പുറത്തിറങ്ങിയ ഗൊബാദി ചിത്രമായ `ഹാഫ് മൂണി'ല്‍ സംഗീതവും ജീവിതവും മരണവും നിറഞ്ഞുനില്‌ക്കുന്നു. വിഖ്യാത സംഗീതജ്ഞനായ മാമു എന്ന വൃദ്ധന്‍ `സ്വാതന്ത്ര്യഗീതം' എന്നപേരിലുള്ള സംഗീത പരിപാടി നടത്താനായി സംഗീതകാരന്മാരായ ആണ്‍മക്കളോടൊപ്പം ഇറാഖിലെ കുര്‍ദിസ്‌താനിലേക്ക് പോകുന്നതാണ് ഇതിവൃത്തം.
താങ്കളുടെ ഈ ബ്ലോഗ് മുടങ്ങാതെ വായിക്കാറുണ്ട്. ലോകസിനിമയെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്നുണ്ട് ഈ ബ്ലോഗ്. ഒട്ടുമിക്ക സിനിമകളും കാണാന്‍ ശ്രമിക്കുന്നുണ്ട്.
നന്ദി
അനീഷ്
ഹാഫ് മൂണ്‍ കണ്ടിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി അവതരിപ്പിക്കുവാന്‍ സിനിമയെ ഉപയോഗിക്കുന്ന സംവിധായകന്‍ പക്ഷേ തന്റെ മാധ്യമ്ത്തിന്മേലുള്ള കയ്യൊതുക്കവും പ്രകടിപ്പിക്കുന്നുണ്ട്.
സംഗീതം, ക്ലൈമാക്സ്, കാസ്റ്റിങ് , ഫോട്ടോഗ്രാഫി എന്നിവ ശ്രദ്ധേയം.
ലോക സിനിമയെ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗിന് നന്ദി.
ലോകസിനിമയുടെ പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി.
മിക്കവയുടെയും റിവ്യൂ വായിച്ചാലുടന്‍ സിനിമയുടെ ടോറന്റ് തപ്പാറുണ്ട്. ഈ സിനിമ റിവ്യൂ വായിച്ച്, ഡൌണ്‍ലോഡ് ചെയ്തെങ്കിലും ഇന്നലെയാണ് കണ്ടത്.
വളരെ സുന്ദരമായ സിനിമ. സംഗീതത്തിന്റെ കൃത്യമായ ചേര്‍ക്കല്‍ സിനിമയെ ഒരു അനുഭവമാക്കി മാറ്റുന്നു. ഹെഷോയെ തേടീയെത്തുന്ന രംഗം ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. മാമൊ, ഡ്രൈവര്‍ കാകോ, ഗായിക പൂപ്പിള്‍സ് തുടങ്ങിയവരുടെ പ്രകടനം സിനിമയെ മികവുറ്റതാക്കുന്നു.
Post a Comment