പകയുടെ ശോണിമ പടര്‍ന്ന് കലുഷമായ ഭൂഭാഗം. അവിടെ നിന്നുവരുന്ന ഡോക്യുമെന്‍ററി ഫിലിം സമാധാനത്തിന്‍െറ ഭാഷ സംസാരിക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. മഹാത്മാഗാന്ധിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തെയും യുവാക്കള്‍ ആദരവോടെ സ്‌മരിക്കുമ്പോള്‍ അത്ഭുതം ഇരട്ടിക്കുന്നു. ആറ് പതിറ്റാണ്ടായി സമാധാനം അകന്നുനില്‍ക്കുന്ന പലസ്‌തീന്‍- ഇസ്രായേല്‍ മേഖലയെക്കുറിച്ചുള്ള `എന്‍കൗണ്ടര്‍ പോയന്‍റ്' എന്ന ഡോക്യുമെന്‍ററി ഫിലിം ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയ്‌ക്കുള്ള വിദൂര പ്രണാമമാണ്. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്മേല്‍ ആധുനികലോകം ഒരിക്കല്‍ക്കൂടി കൈയൊപ്പ് ചാര്‍ത്തുകയാണ്. ആഗോളീകരണകാലത്ത് `വിശാലമായി'ക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ മനസ്സില്‍ നിന്ന് ഗാന്ധിജിയും ഗാന്ധിയന്‍ മൂല്യങ്ങളും പുറത്തുകടക്കുമ്പോള്‍ ആ മൂല്യങ്ങളെ സ്വീകരിക്കാന്‍ തയ്യാറായ കുറേ ചെറുപ്പക്കാരെയാണ് ഈ ഡോക്യുമെന്‍ററി പരിചയപ്പെടുത്തുന്നത്.
പലസ്‌തീന്‍- ഇസ്രായേല്‍ ജനതയ്‌ക്കിടയില്‍ ശാശ്വതസമാധാനത്തിനായി യത്‌നനിക്കുന്ന `ജസ്റ്റ് വിഷന്‍' എന്ന സന്നദ്ധ സംഘടന നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്‌തത് റോണിത് അവ്‌നി, ജൂലിയബച്ച എന്നീ വനിതകളാണ്. നാലുവര്‍ഷം കൊണ്ട് നിര്‍മിച്ച `എന്‍കൗണ്ടര്‍ പോയന്‍റ്' 2006-ല്‍ ഒട്ടേറെ അന്താരാഷ്ട്രചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്. 2007-ല്‍ ഇസ്രായേലിലെ എല്ലാതിയേറ്ററുകളിലും ടെലിവിഷനിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പലസ്‌തീന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഉറ്റവര്‍ നഷ്‌ടപ്പെട്ട ഏതാനും സാധാരണക്കാര്‍ ചേര്‍ന്നു രൂപം കൊടുത്ത `ബിറീവ്‌ഡ് ഫാമിലീസ് ഫോറം' എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചാണീ സിനിമ പ്രധാനമായും സംസാരിക്കുന്നത്. ഇരുഭാഗത്തു നിന്നുമായി അഞ്ഞൂറ് കുടുംബങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. തുല്യ ദുഃഖിതരുടെ അഭയകേന്ദ്രമാണിത്. പലസ്‌തീനികളും ഇസ്രായേലികളും ഒരു പോലെ ദേശഭാഷകള്‍ മറന്ന് ഒരുമിച്ചുകൂടുന്നു, പരസ്‌പരം ആശ്വസിപ്പിക്കുന്നു, നഷ്‌ടങ്ങളും വേദനകളും പങ്കുവെക്കുന്നു. വെടിവെപ്പിലും ബോംബാക്രമണങ്ങളിലും മരിച്ചവര്‍ക്കുവേണ്ടി അവര്‍ ഒരുമിച്ച് പ്രാര്‍ഥിക്കുന്നു. സമാധാനറാലികള്‍ നടത്തുന്നു. വെറുപ്പിന്‍െറ ലോകത്തല്ല അവരുടെ സഞ്ചാരം. തങ്ങളെപ്പോലെ ഇനിയാര്‍ക്കും മക്കളെയും ഭര്‍ത്താക്കന്മാരെയും സഹോദരങ്ങളെയും അകാലത്തില്‍ നഷ്‌ടപ്പെടരുതേ എന്നാണ് അവരുടെ പ്രാര്‍ത്ഥന.
ഉറ്റവര്‍ തോക്കുകള്‍ക്കും ബോംബുകള്‍ക്കും ഇരയായപ്പോഴും ശാപവചനങ്ങള്‍ ചൊരിയാത്ത ആര്‍ദ്രചിത്തരായ കുറേ മനുഷ്യരെയാണ് നമ്മള്‍ കാണുന്നത്. അവരെ ഒരുമിപ്പിക്കാന്‍ യാതനാ പര്‍വങ്ങള്‍ താണ്ടുന്ന ഏതാനും സാമൂഹികപ്രവര്‍ത്തകരെയും ചിത്രം കാട്ടിത്തരുന്നു. അലി അബു അവ്വദ് എന്ന പലസ്‌തീന്‍ യുവാവാണ് അവരില്‍ പ്രധാനി. സ്വന്തം ഗ്രാമത്തില്‍ വെച്ചാണ് അലിയുടെ സഹോദരനെ ഒരു ഇസ്രായേലി ഭടന്‍ വെടിവെച്ചുകൊന്നത്. ഇസ്രായേലിനെതിരെ ആദ്യകാലത്ത് പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് അലി. അത് പതിനാറാം വയസ്സിലായിരുന്നു. അന്ന് കാലിനുവെടിയേറ്റു. നാലുകൊല്ലം ജയിലിലുംകിടന്നു. അലിയുടെ അമ്മയും സമരോത്സുകയായിരുന്നു. അവരും കിടന്നിട്ടുണ്ട് ജയിലില്‍. പക്ഷേ, ഇപ്പോള്‍ അലി അതൊന്നും ഓര്‍ക്കുന്നില്ല. ദുഃഖിതരുടെ സഞ്ചയത്തെ ഒരുമിപ്പിക്കുന്ന പ്രധാന ശക്തി അലിയാണ്. ഗാന്ധിയെയും മണ്ടേലയെയും കുറിച്ച് പഠിച്ചാണ് അലി ശാന്തിയുടെ വഴി തിരഞ്ഞെടുത്തത്. സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അലി ഗാന്ധിവചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ നമുക്ക് അഭിമാനം തോന്നും.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ `ഭീകര പ്രവര്‍ത്തന'മായാണ് മുദ്രകുത്തുന്നതെന്ന് അലി പറയുന്നു. തങ്ങള്‍ ഭീകരരല്ല എന്നു ലോകത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ പലസ്‌തീന്‍കാരനുമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിന് മഹാത്മാവിന്‍െറ മാര്‍ഗമാണ് അലി അവലംബിക്കുന്നത്. അഹിംസാസിദ്ധാന്തം ഇന്ത്യയില്‍ വിജയം കണ്ടതിനെപ്പറ്റി കൂട്ടുകാരോട് അലി സംസാരിക്കുന്നു. സമാധാനമല്ല, ചെറുത്തുനില്‍പ്പും യുദ്ധവുമാണ് വേണ്ടതെന്ന് പറഞ്ഞ് തന്നോട് രോഷം കൊള്ളുന്ന പലസ്‌തീന്‍ യുവാക്കളെ നോക്കി അലി സൗമ്യമായി ചിരിക്കുന്നു. അപ്പോള്‍ ഉത്തമനായ ഒരു ഗാന്ധിശിഷ്യന്‍െറ ഭാവമാണാമുഖത്ത്.
1967-ലെ യുദ്ധത്തെത്തുടര്‍ന്ന് ജൂതമേഖലയില്‍ നിന്നുപുറത്താക്കപ്പെട്ട സമി അല്‍ ജൂന്‍ഡിയാണ് ഗാന്ധി മാര്‍ഗത്തിന്‍െറ പ്രായോഗികതയില്‍ വിശ്വാസമര്‍പ്പിക്കുന്ന മറ്റൊരു പലസ്‌തീന്‍ യുവാവ്. പത്തുവര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട് സമി. അക്കാലത്ത് പുസ്‌തകങ്ങള്‍ വായിച്ചുതള്ളി. വായനയില്‍ അവന്‍െറ ലോകം വിശാലമായി. ഗാന്ധിജിയും മണ്ടേലയും മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങും ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനുമൊക്കെ സമിയുടെ ആരാധ്യരായി.
നഷ്‌ടപ്പെട്ട ഏകമകനെയോര്‍ത്ത് കണ്ണീരൊഴുക്കുമ്പോഴും മറ്റ് അമ്മമാര്‍ക്ക് മക്കള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ സമാധാന ശ്രമങ്ങളോടൊപ്പം ചേരുന്ന റോബി ഡാമ്‌ലിന്‍ എന്ന ഇസ്രായേലി വൃദ്ധയെ മറക്കാനാവില്ല. റോബിയുടെ മകന്‍ ഡേവിഡ് സൈനികനായിരുന്നു. പലസ്‌തീന്‍ അതിര്‍ത്തി പ്രദേശത്തെ കുടിയേറ്റ കേന്ദ്രം സംരക്ഷിക്കവെ അവന്‍ വെടിയേറ്റു മരിച്ചു. തന്‍െറ മകന്‍െറ പേരില്‍ ഇനിയാരും പ്രതികാരത്തിനു മുതിരരുതേ എന്നായിരുന്നു ആ അമ്മയുടെ ആദ്യത്തെ അപേക്ഷ. ഡേവിഡിന്‍െറ കൊലയാളിയുടെ വീട്ടിലേക്ക് ശാന്തി സന്ദേശമടങ്ങിയ കത്തയച്ചും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃക കാട്ടുന്നു. എല്ലാ സമാധാനറാലികളിലും റോബി മുന്നില്‍ത്തന്നെയുണ്ട്. യുദ്ധത്തിനെതിരായ ടി.വി. പരിപാടികളില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നു.
മകളുടെ മരണമാണ് സ്‌വിക്ക ഷഹാക്ക് എന്ന മുന്‍ ഇസ്രായേല്‍ ഭടന്‍െറ മനഃപരിവര്‍ത്തനത്തിന് കാരണമായത്. 1996-ല്‍ ടെല്‍ അവീവിലെ സേ്‌ഫാടനത്തിലാണ് മകള്‍ ബാറ്റ് ചെന്‍ മരിച്ചത്. അവളുടെ പതിനഞ്ചാം പിറന്നാളിലായിരുന്നു മരണം. അവളുടെ ഡയറിയില്‍ നിറയെ കവിതകളായിരുന്നു. സമാധാനത്തിന്‍െറ കവിതകള്‍. പലസ്‌തീന്‍കാരും ഇസ്രായേലികളും സുഹൃത്തുക്കളായി കഴിയുന്ന നാളുകളെക്കുറിച്ചാണവള്‍സ്വപ്‌നം കണ്ടിരുന്നത്. കവിതകളിലൂടെ അവളത് ലോകത്തോട് പറയാനാഗ്രഹിച്ചു. സമാധാന പ്രവര്‍ത്തകരായി മാറിയ ഷഹാക്കും ഭാര്യയും മകളുടെ കവിതകള്‍ ആദ്യം അറബിയിലും ഹീബ്രുവിലും പ്രസിദ്ധീകരിച്ചു. പിന്നീട് ജര്‍മന്‍, ഇറ്റാലിയന്‍, ജാപ്പനീസ് ഭാഷകളിലും പ്രസിദ്ധീകരിച്ചു. ഇക്കൊല്ലം ഇംഗ്ലീഷിലുംആ കവിതകള്‍ പുറത്തിറങ്ങും.
കമ്പനിയുദ്യോഗം രാജിവെച്ച് സമാധാന പ്രവര്‍ത്തകനായി മാറിയ ഷ്‌ലോമോ സഗ്‌മാന്‍ എന്നഇസ്രായേലി, സംയുക്ത പലസ്‌തീന്‍-ഇസ്രായേലി യൂത്ത് മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന വിന്‍ഡോസ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ റൂട്ടി അട്‌സ് മോന്‍ , അസീസ് ടാന്‍ജി, വെടിയേറ്റു മരിച്ച മകളുടെ ഓര്‍മയ്‌ക്കായി സമാധാന പ്രവര്‍ത്തനത്തിനിറങ്ങുന്ന ജോര്‍ജ് സാദെഹ്, മിസൈലാക്രമണത്തില്‍ തകര്‍ന്ന കാല്‍മുട്ടില്‍ അമ്പതു തവണ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ യൂസഫ് തുടങ്ങി ഒട്ടേറെ പേരെ എന്‍കൗണ്ടര്‍ പോയന്‍റില്‍ നമ്മള്‍ കണ്ടുമുട്ടുന്നു.
80 മിനിറ്റു നീണ്ട ഈ ഡോക്യുമെന്‍ററി പലസ്‌തീന്‍ -ഇസ്രായേല്‍ സംഘര്‍ഷത്തിന്‍െറ രാഷ്ട്രീയചരിത്രം സ്‌പര്‍ശിക്കുന്നേയില്ല. രാഷ്ട്രീയക്കാരുടെ അഭിപ്രായവും തേടുന്നില്ല. വിശുദ്ധമായ മണ്ണില്‍ ഇനിയും യുവത്വങ്ങളെ കുരുതികൊടുക്കരുതേ എന്നാണ് ചിത്രം വിളിച്ചു പറയുന്നത്. കേള്‍ക്കേണ്ടവരുടെ കാതില്‍ ഈ വിലാപമെത്തുമെന്ന് അലിയും കൂട്ടുകാരും വിശ്വസിക്കുന്നു. അവര്‍ ആ നല്ല നാളിനായി കാത്തിരിക്കുന്നു.
5 comments:
പകയുടെ ശോണിമ പടര്‍ന്ന് കലുഷമായ ഭൂഭാഗം. അവിടെ നിന്നുവരുന്ന ഡോക്യുമെന്‍ററി ഫിലിം സമാധാനത്തിന്‍െറ ഭാഷ സംസാരിക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. മഹാത്മാഗാന്ധിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തെയും യുവാക്കള്‍ ആദരവോടെ സ്‌മരിക്കുമ്പോള്‍ അത്ഭുതം ഇരട്ടിക്കുന്നു. ആറ് പതിറ്റാണ്ടായി സമാധാനം അകന്നുനില്‍ക്കുന്ന പലസ്‌തീന്‍- ഇസ്രായേല്‍ മേഖലയെക്കുറിച്ചുള്ള `എന്‍കൗണ്ടര്‍ പോയന്‍റ്' എന്ന ഡോക്യുമെന്‍ററി ഫിലിം ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയ്‌ക്കുള്ള വിദൂര പ്രണാമമാണ്.
കാണാം. ഇതു പരിചയപ്പെടുത്തിയതിന് നന്ദി.
മറ്റൊന്നും പറയാനില്ല. വായിച്ചു തീര്‍ന്നപ്പോഴേക്കും കണ്ണു നിറഞ്ഞിരുന്നു എന്നതൊഴികെ!
വളരെ വളരെ നന്ദി.
മാനവികമായ ബോധം ശക്തിപ്പെടട്ടെ.
ഈ പരിചയപ്പെടുത്തലിനു നന്ദി. സമാധാനത്തിന്റെ ഭാഷ സംസാരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ ഗാന്ധിജിയുടെയും അതിർത്തി ഗാന്ധിയുടേയുമൊക്കെ കർമ്മമാർഗ്ഗങ്ങൾ മാതൃകകളായി ഉദ്ധരിക്കപ്പെടുമ്പോൾ അഭിമാനം തോന്നുന്നു. എന്നാൽ ഇപ്പോഴത്തെ ഇൻഡ്യയുടെ അവസ്ഥ...
Post a Comment