Wednesday, April 23, 2008

എഴുത്തുകാരിയുടെ പശ്ചാത്താപം

കൗമാരത്തില്‍ ചെയ്‌തുപോയ ക്രൂരമായ തെറ്റിന്‌ എഴുപതാം വയസ്സില്‍ തന്‍െറ അവസാന നോവലിലൂടെ പ്രായശ്ചിത്തം ചെയ്യുന്ന എഴുത്തുകാരിയുടെ കഥയാണ്‌ `അറ്റോണ്‍മെന്‍റ്‌'. ഇക്കഴിഞ്ഞ ഓസ്‌കറിന്‌ ഏഴു നോമിനേഷനുകള്‍ നേടിയ ചിത്രമാണിത്‌. (പശ്ചാത്തല സംഗീതത്തിനു മാത്രമേ ഓസ്‌കര്‍ അവാര്‍ഡ്‌ ലഭിച്ചുള്ളൂ.) 2007-ലെ വെനീസ്‌, വാന്‍കൂവര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു `അറ്റോണ്‍മെന്‍റ്‌'.
പതിമ്മൂന്നാം വയസ്സില്‍ ചെയ്‌ത തെറ്റിനുള്ള പ്രായശ്ചിത്തമോ പാപപരിഹാരമോ ആണ്‌ ബ്രയണി ടെല്ലിസിന്‍െറ പില്‍ക്കാല ജീവിതം. ബ്രയണിയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ്‌ സംവിധായകന്‍ ജോ റൈറ്റ്‌ അനാവരണം ചെയ്യുന്നത്‌. യൗവനത്തിലും വാര്‍ധക്യത്തിലും ബ്രയണിയെ കൗമാരകാലം വേട്ടയാടുന്നതു കാണാം. അക്ഷരങ്ങളിലൂടെ സഹൃദയ ലോകം കീഴടക്കുന്ന ബ്രയണി തീവ്രവേദന ഉള്ളിലൊതുക്കിയാണ്‌ കഴിയുന്നത്‌. തന്‍േറതുള്‍പ്പെടെ മൂന്നു ജീവിതമാണ്‌ ബ്രയണി തകര്‍ക്കുന്നത്‌. അറിവില്ലായ്‌മയും വകതിരിവില്ലാത്ത കൗമാര പ്രണയത്തിന്‍െറ ലഹരിയും ചേര്‍ന്നപ്പോള്‍ അവള്‍ തെറ്റിലേക്ക്‌ നടന്നു കയറുകയായിരുന്നു. സേവനത്തിന്‍െറ വഴിയിലേക്ക്‌ സ്വന്തം ജീവിതം തിരിച്ചുവിട്ട്‌ ബ്രയണി തന്‍െറ പാപത്തിന്‍െറ ചെറിയൊരു പങ്ക്‌ കഴുകിക്കളയുന്നുണ്ട്‌. പക്ഷേ, അപ്പോഴും സ്വന്തം ചേച്ചിയുടെയും ചേച്ചിയുടെ കാമുകന്‍െറയും നഷ്‌ടജീവിതങ്ങളോട്‌ അവള്‍ക്ക്‌ കണക്കു പറയേണ്ടി വരുന്നുണ്ട്‌.
1935-ല്‍ ഇംഗ്ലണ്ടിലാണ്‌ കഥ തുടങ്ങുന്നത്‌. ഒരു സമ്പന്ന കുടുംബം. ബ്രയണി ടെല്ലിസ്‌ എന്ന പതിമ്മൂന്നുകാരിയെയാണ്‌ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്‌. അവള്‍ തിരക്കിട്ട്‌ ടൈപ്പ്‌ ചെയ്യുകയാണ്‌. ആദ്യത്തെ നാടകത്തിന്‍െറ ആഹ്ലാദത്തിലാണവള്‍. അന്ന്‌ വിട്ടിലെത്തുന്ന സഹോദരന്‍ ലിയോണിനുവേണ്ടി ബ്രയണി നാടകം തിരക്കിട്ട്‌ പൂര്‍ത്തിയാക്കുന്നു. `ദ ട്രയല്‍സ്‌ ഓഫ്‌ അറബല്ല' എന്നു പേരിട്ട നാടകം ആദ്യം വായിക്കുന്നത്‌ അമ്മയാണ്‌. അമ്മയ്‌ക്ക്‌ നല്ല അഭിപ്രായം.
ബ്രയണിയുടെ ചേച്ചിയാണ്‌ സിസിലിയ. തങ്ങളുടെ കാര്യസ്ഥന്‍െറ മകനായ റോബിയോട്‌ ബ്രയണിക്ക്‌ അല്‌പം താത്‌പര്യമുണ്ട്‌. പക്ഷേ, റോബിക്ക്‌ സമപ്രായക്കാരിയായ സിസിലിയയെ ആയിരുന്നു ഇഷ്‌ടം. ഡോക്ടറാകാനാണ്‌ റോബിക്ക്‌ മോഹം.
ഒരു ദിവസം വീട്ടിനു മുന്നിലെ ജലധാരയ്‌ക്കു സമീപം സിസിലിയയും റോബിയും ശണ്‌ഠകൂടുന്നു. പിടിവലിക്കിടയില്‍ സിസിലിയയുടെ കൈയിലിരുന്ന പൂപ്പാത്രം വീണു പൊട്ടുന്നു. മേല്‍ വസ്‌ത്രമൂരി സിസിലിയ വെള്ളത്തിലിറങ്ങി പൂപ്പാത്രത്തിന്‍െറ കഷ്‌ണം തപ്പിയെടുക്കുന്നു. തന്‍െറ കിടപ്പുമുറിയില്‍നിന്നു നോക്കുന്ന ബ്രയണി സിസിലിയയെ നനഞ്ഞൊട്ടിയ അടിവസ്‌ത്രങ്ങളോടെയാണ്‌ കാണുന്നത്‌. ഇരുവരെ ക്കുറിച്ചും ബ്രയണിയില്‍ മോശമായ ധാരണ രൂപമെടുക്കുന്നു.
ബ്രയണിയുടെ വീട്ടില്‍ മൂന്നു ബന്ധുക്കളുണ്ട്‌. വിവാഹമോചനത്തിന്‍െറ വക്കിലെത്തി നില്‍ക്കുന്ന ദമ്പതിമാരുടെ മൂന്നു മക്കള്‍. ഇരട്ടകളായ രണ്ടാണ്‍കുട്ടികളും ലോല എന്ന പെണ്‍കുട്ടിയും. സഹോദരന്‍ ലിയോണിനൊപ്പം കൂട്ടുകാരന്‍ പോള്‍ മാര്‍ഷലും അതിഥിയായെത്തുന്നു. ചോക്കലേറ്റ്‌ ഫാക്ടറി ഉടമയാണ്‌ പോള്‍ . ഹിറ്റ്‌ലറുടെ പടയോട്ടം ശ്രദ്ധിക്കുന്നയാളാണ്‌ പോള്‍. വന്‍യുദ്ധത്തിനുള്ള സാധ്യത അയാള്‍ മനസ്സില്‍ കാണുന്നു. അതില്‍നിന്നെങ്ങനെ ബിസിനസ്സുണ്ടാക്കാം എന്നതിലാണ്‌ അയാള്‍ക്ക്‌ കണ്ണ്‌. ബ്രിട്ടീഷ്‌ സൈനികര്‍ക്ക്‌ ചോക്കലേറ്റ്‌ വില്‍ക്കാനുള്ള ഒരു പദ്ധതി അയാളുടെ മനസ്സിലുണ്ട്‌.
സിസിലിയയോടുള്ള പെരുമാറ്റത്തില്‍ വിഷമം തോന്നിയ റോബി അവളോട്‌ മാപ്പുപറയാന്‍ തീരുമാനിക്കുന്നു. രണ്ടു കത്തുകള്‍ അവന്‍ തയ്യാറാക്കുന്നു. ഒന്ന്‌, മാപ്പിരന്നുകൊണ്ടുള്ളത്‌. മറ്റൊന്ന്‌, അവളോടുള്ള സേ്‌നഹം വെളിപ്പെടുത്തുന്നത്‌. അശ്ലീലപദങ്ങള്‍ കൊണ്ടാണ്‌ രണ്ടാമത്തെ കത്ത്‌ തയ്യാറാക്കിയിരുന്നത്‌. ബ്രയണിയുടെ കൈയില്‍ അവന്‍ കത്ത്‌ കൊടുത്തയയ്‌ക്കുന്നു. പക്ഷേ, അബദ്ധം പറ്റിയ കാര്യം പിന്നീടാണറിയുന്നത്‌. സിസിലിയയുടെ നനഞ്ഞ സൗന്ദര്യത്തെ അശ്ലീല വാക്കുകളാല്‍ വിശേഷിപ്പിക്കുന്ന കത്താണ്‌ കൊടുത്തയച്ചത്‌. ക്ഷമാപണക്കത്ത്‌ മേശപ്പുറത്തു തന്നെയുണ്ടായിരുന്നു. റോബിക്ക്‌ ജാള്യം തോന്നുന്നു. ബ്രയണി റോബിയുടെ കത്ത്‌ തുറന്നു വായിക്കുന്നു. അവനെക്കുറിച്ചുള്ള അവളുടെ ധാരണ ഒന്നുകൂടി ശക്തിപ്പെട്ടു. അവന്‍ വഷളനാണെന്ന്‌ അവളങ്ങ്‌ തീരുമാനിക്കുന്നു.
ബ്രയണി കത്തുവായിച്ചിട്ടുണ്ടെന്ന്‌ സിസിലിയ മനസ്സിലാക്കുന്നു. എങ്കിലും അവള്‍ക്ക്‌ നീരസമൊന്നുമില്ല. അവള്‍ക്ക്‌ റോബിയെയും ഇഷ്‌ടമായിരുന്നു. ലൈബ്രറിയില്‍ ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്നത്‌ ബ്രയണി ഒളിച്ചു നിന്നു കാണുന്നു. അതോടെ, റോബിയോട്‌ എന്തെന്നില്ലാത്ത പക അവളില്‍ രൂപംകൊള്ളുന്നു.
ഡിന്നറിനിടയിലാണ്‌ വിരുന്നുകാരായ ഇരട്ടകളെ കാണാനില്ലെന്ന വിവരമറിയുന്നത്‌. എല്ലാവരും തിരച്ചിലിനിറങ്ങുന്നു. ബ്രയണിയും കൂട്ടത്തിലുണ്ട്‌. തടാകക്കരയില്‍ ഒരാള്‍ ലോലയെ പീഡിപ്പിക്കുന്നത്‌ ബ്രയണി കാണുന്നു. റോബിയോട്‌ പകരം വീട്ടാനുള്ള അവസരമായി അവളിതിനെ കണക്കാക്കുന്നു. പീഡകന്‍െറ മുഖം ലോല കൃത്യമായി ഓര്‍ക്കുന്നില്ല. പക്ഷേ, അത്‌ റോബിയാണെന്ന്‌ ബ്രയണി ഉറപ്പിച്ചു പറയുന്നു. കാണാതായ കുട്ടികളുമായി റോബി തിരിച്ചെത്തുമ്പോള്‍ അവനില്‍ കുറ്റവാളിപ്പട്ടം ചാര്‍ത്തിക്കഴിഞ്ഞിരുന്നു. റോബിയെ പോലീസ്‌ അറസ്റ്റുചെയ്‌തു കൊണ്ടുപോകുന്നു. ബ്രയണിയുടെ സാക്ഷിമൊഴി കാരണം റോബി ശിക്ഷിക്കപ്പെടുന്നു.
നാലുവര്‍ഷത്തിനുശേഷം വടക്കന്‍ ഫ്രാന്‍സില്‍ നമ്മള്‍ വീണ്ടും റോബിയെ കണ്ടുമുട്ടുന്നു. അവനിപ്പോള്‍ ബ്രിട്ടീഷ്‌ സൈന്യത്തിലാണ്‌. രണ്ടാംലോക മഹായുദ്ധം നടക്കുകയാണ്‌. ബ്രിട്ടീഷ്‌ സേന ഫ്രാന്‍സില്‍നിന്നു പിന്മാറാന്‍ പോകുന്നു. ജര്‍മന്‍ സേന മുന്നേറിവരികയാണ്‌. ബലാത്സംഗ കുറ്റത്തിനു ശിക്ഷിക്കപ്പെട്ട റോബിയോട്‌ ജയില്‍വേണോ പട്ടാളത്തില്‍ ചേരുന്നോ എന്നതായിരുന്നു അധികൃതരുടെ ചോദ്യം. യുദ്ധ രംഗത്തെ വീരമരണമാണ്‌ റോബി ആഗ്രഹിച്ചത്‌. ഇതിനിടെ, സിസിലിയ റോബിയുമായി ബന്ധം പുലര്‍ത്തുന്നുണ്ട്‌. അവന്‍െറ നിരപരാധിത്വം അവള്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. ബ്രയണിയെ കണ്ണടച്ചു വിശ്വസിക്കാന്‍ സിസിലിയ തയ്യാറായിരുന്നില്ല. സിസിലിയയ്‌ക്ക്‌ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ല. നഴ്‌സായി പരിശീലനം നേടുകയാണവള്‍. വീണു കിട്ടുന്ന ഒഴിവിനൊക്കെ റോബി അവളെത്തേടിയെത്തും. കടല്‍ത്തീരത്ത്‌ ഒരു കോട്ടേജ്‌.അതായിരുന്നു അവരുടെ സ്വപ്‌നം. അവര്‍ പരസ്‌പരം കത്തുകളയയ്‌ക്കുന്നുണ്ട്‌. അതിലവന്‍ എപ്പോഴും സ്വപ്‌നങ്ങളെക്കുറിച്ചാണെഴുതുന്നത്‌. ``ശിക്ഷ കാലാവധി കഴിഞ്ഞ്‌ തിരിച്ചെത്തിയാല്‍ കുറ്റബോധമില്ലാതെ ആരുടെ മുന്നിലും നാണിക്കാതെ ഞാന്‍ നിന്നെ സ്വന്തമാക്കും'' എന്നവന്‍ എഴുതുന്നു.
കാംബ്രിഡ്‌ജില്‍ ഉപരിപഠനത്തിനു പോകാനുള്ള ശ്രമം ബ്രയണി ഉപേക്ഷിച്ചതായി അവളുടെ കത്തില്‍നിന്നു സിസിലിയ മനസ്സിലാക്കുന്നു. തന്‍െറ തെറ്റിനെക്കുറിച്ച്‌ ബ്രയണി മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. ലണ്ടനിലെ ഒരാസ്‌പത്രിയില്‍ ബ്രയണി നഴ്‌സായി പരിശീലനം നേടുകയാണ്‌. അപ്പോഴും അവളിലെ എഴുത്തുകാരി മരിച്ചിട്ടില്ല. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ അവളുടെ ടൈപ്പ്‌ റൈറ്റര്‍ ജീവന്‍ വെക്കും. അസ്വസ്ഥമായ മനസ്സില്‍നിന്ന്‌ വാക്കുകള്‍ കഥകളായി പുറത്തു വരും.
ഇതിനിടെ, പോള്‍ മാര്‍ഷല്‍ ലോലയെ വിവാഹം കഴിക്കുന്നു. അയാള്‍ ബ്രിട്ടനിലെ വന്‍വ്യവസായിയായി മാറിക്കഴിഞ്ഞിരുന്നു. വിവാഹത്തില്‍ ബ്രയണിയും പങ്കെടുക്കുന്നുണ്ട്‌. പോള്‍ പക്ഷേ, ബ്രയണിയെ കണ്ട ഭാവം നടിക്കുന്നില്ല. (ഇവിടെ, തടാകക്കരയിലെ പഴയ രംഗം ആവര്‍ത്തിക്കുന്നു. ബ്രയണി അന്നവിടെ വെച്ച്‌ കണ്ടത്‌ പോള്‍ മാര്‍ഷലിനെയായിരുന്നു.) ബ്രയണി സിസിലിയയുടെ അടുത്തെത്തി തനിക്ക്‌ കുറ്റങ്ങള്‍ ഏറ്റുചൊല്ലണമെന്ന്‌ പറയുന്നു. ഒരു ജഡ്‌ജിയുടെ മുന്നില്‍ എല്ലാം ഏറ്റുപറഞ്ഞ്‌ തന്‍െറ മൊഴി തിരുത്താന്‍ അവള്‍ തയ്യാറാണ്‌. സിസിലിയയുടെ വീട്ടില്‍ വെച്ച്‌ റോബിയെ അവള്‍ കണ്ടുമുട്ടുന്നു. ആദ്യമൊക്കെ ബ്രയണിയെ രോഷത്തോടെ ചോദ്യം ചെയ്യുന്ന റോബി സിസിലിയയുടെ സാന്ത്വനിപ്പിക്കലിനു മുന്നില്‍ ക്രമേണ ശാന്തനാകുന്നു. എത്രയും പെട്ടെന്നു കുറ്റവിമുക്തനാകണമെന്ന്‌ അവനും ആഗ്രഹമുണ്ട്‌. എല്ലാ കാര്യങ്ങളും എഴുതി നിയമപ്രകാരം അധികൃതര്‍ക്ക്‌ സമര്‍പ്പിക്കാന്‍ അവന്‍ ബ്രയണിയോടാവശ്യപ്പെടുന്നു.
ഇനി, അവസാന രംഗമാണ്‌. എഴുപതുകാരിയായ ബ്രയണിയാണ്‌ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്‌. അറിയപ്പെടുന്ന എഴുത്തുകാരിയാണവര്‍. അവരുടെ ഇരുപത്തിയൊന്നാമത്തെ നോവല്‍ `അറ്റോണ്‍മെന്‍റ്‌' ഉടനെ പ്രസിദ്ധീകരിക്കും. ബ്രയണിയുടെ പിറന്നാളിലാണ്‌ അത്‌ പുറത്തിറങ്ങുക. ഇതിന്‍െറ ഭാഗമായി, ടി.വി. ചാനലില്‍ ബ്രയണിയെ ഇന്‍റര്‍വ്യൂ ചെയ്യുകയാണ്‌. ഇത്‌ തന്‍െറ അവസാനനോവലാണെന്ന്‌ അവര്‍ പ്രഖ്യാപിക്കുന്നു. അതിനുള്ള കാരണവും വിശദമാക്കുന്നു. തനിക്ക്‌ സ്‌മൃതിനാശം ബാധിച്ചിരിക്കുന്നു. തലച്ചോര്‍ പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുകയാണ്‌. ക്രമേണ വാക്കുകള്‍ നഷ്‌ടപ്പെടും. ഓര്‍മ നശിക്കും. അതിനു മുമ്പേ എല്ലാം തുറന്നുപറയണമെന്നു തോന്നി. അങ്ങനെയാണ്‌ ആത്മകഥാപരമായ ഈ നോവല്‍ രൂപം കൊള്ളുന്നത്‌. തന്‍േറതടക്കം ആരുടെ പേരും മാറ്റിയിട്ടില്ല. എല്ലാ സംഭവങ്ങളും യഥാര്‍ഥം. പക്ഷേ, അവസാനത്തെ ചില രംഗങ്ങളില്‍ തന്‍െറ ഭാവന വിഹരിച്ചിട്ടുണ്ട്‌. യുദ്ധത്തിനിടയിലും റോബിയും സിസിലിയയും കണ്ടുമുട്ടുന്ന രംഗങ്ങളും സിസിലിയയെ കാണാന്‍ ബ്രയണി ചെല്ലുന്നതും ഭാവനയാണ്‌. അതൊക്കെ ബ്രയണിയുടെ ആഗ്രഹഫലമായി സൃഷ്‌ടിക്കപ്പെട്ടവയാണ്‌. താന്‍ കാരണം നിഷേധിക്കപ്പെട്ട ആനന്ദം ആ പ്രണയികള്‍ അനുഭവിച്ചു എന്നു കരുതുമ്പോഴുള്ള ആത്മസംതൃപ്‌തിക്കു വേണ്ടിയാണ്‌ ആ രംഗങ്ങള്‍ എഴുതിച്ചേര്‍ത്തത്‌. റോബിയുടെ അറസ്റ്റിനുശേഷം അവര്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. പരസ്‌പരം കാണാതെ മരിക്കുകയാണാ പ്രണയികള്‍.
രോഗബാധിതനായ റോബി ഒഴിച്ചുപോവലിന്‍െറ അവസാന ദിവസമായ 1940 ജൂണ്‍ ഒന്നിനാണ്‌ മരിക്കുന്നത്‌. അതേ കൊല്ലം ഒക്ടോബര്‍ പതിനഞ്ചിന്‌ ബല്‍ഹാമിലുണ്ടായ ബോംബാക്രമണത്തില്‍ സിസിലിയയും മരിക്കുന്നു. ദുഃഖസാന്ദ്രമായ ഇത്തരമൊരു അന്ത്യം വായനക്കാര്‍ ഇഷ്‌ടപ്പെടില്ലെന്ന്‌ ബ്രയണിക്കു തോന്നുന്നു. യഥാര്‍ഥ ജീവിതത്തില്‍ നഷ്‌ടപ്പെട്ടതെന്തോ അത്‌ ഭാവനയിലൂടെ തിരിച്ചു നല്‍കുകയാണ്‌ ബ്രയണി. വാക്കുകളും സംഭവങ്ങളും മറവിയിലേക്ക്‌ നീങ്ങും മുമ്പ്‌ പ്രായശ്ചിത്തം ചെയ്യുകയാണ്‌ ആ എഴുത്തുകാരി. തന്‍െറ മനസ്സ്‌ കൊതിച്ച പ്രത്യേകകാഴ്‌ചകള്‍ കാണിച്ചു തന്ന്‌ അവര്‍ നോവല്‍ അവസാനിപ്പിക്കുന്നു. കടല്‍ തീരത്ത്‌, തങ്ങളുടെ സ്വപ്‌ന ഭവനത്തിനു സമീപം സിസിലിയയും റോബിയും ആര്‍ത്തുല്ലസിക്കുന്നത്‌ കാണിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌.
``പ്രൈഡ്‌ ആന്‍ഡ്‌ പ്രെജുഡിസ്‌'' എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ ആളാണ്‌ സംവിധായകന്‍ ജോ റൈറ്റ്‌. ഇയാന്‍ മക്കീവന്‍സിന്‍െറ `അറ്റോണ്‍മെന്‍റ്‌' എന്ന നോവലാണ്‌ സിനിമയ്‌ക്കാധാരം. 2002 ലെ ബെസ്റ്റ്‌ സെല്ലറായിരുന്നു ഈ നോവല്‍.
എഴുത്തുകാരിയുടെ സങ്കീര്‍ണമായ മനസ്സിനെ വളരെ കണിശമായാണ്‌ ജോ റൈറ്റിന്‍െറ ക്യാമറ പിന്തുടരുന്നത്‌. സങ്കല്‌പവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന അവരുടെ ലോകം സൂക്ഷ്‌മമായി പകര്‍ത്താന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. പശ്ചാത്തലത്തില്‍, പ്രത്യേക താളത്തില്‍ ഇടയ്‌ക്കിടെ കേള്‍ക്കുന്ന ടൈപ്പ്‌റൈറ്ററിന്‍െറ ശബ്ദം എഴുത്തുകാരിയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.
ആദ്യരചനയുടെ അഭിമാനവും ഉള്‍പ്പുളകവും അനുഭവിക്കുന്ന ബ്രയണി എന്ന കൗമാരക്കാരിയില്‍ നിന്ന്‌ ജീവിത സായാഹ്നങ്ങളിലെത്തി നില്‍ക്കുന്ന, പാകം വന്ന എഴുത്തുകാരിയിലേക്കാണ്‌ ഇതിവൃത്തം സഞ്ചരിക്കുന്നത്‌.
റോബിയോട്‌ തോന്നിയ അടുപ്പം വെളിപ്പെടുത്തുന്നില്ല ബ്രയണി. ്‌ള്‌ളാഷ്‌ബാക്കായി കാണിക്കുന്ന ഒരു രംഗത്തു മാത്രമാണ്‌ ഇതിന്‍െറ സൂചനയുള്ളത്‌. വെള്ളത്തില്‍ വീണാല്‍ റോബി രക്ഷിക്കുമോ എന്നു ചോദിച്ച്‌ കുട്ടിക്കാലത്ത്‌ നദിയിലേക്ക്‌ എടുത്തുചാടുന്നുണ്ട്‌ ബ്രയണി. അവളന്ന്‌ അവന്‍െറ സേ്‌നഹം പരീക്ഷിക്കുകയായിരുന്നു. ബ്രയണിയെ രക്ഷിച്ചെങ്കിലും റോബിക്ക്‌ അത്‌ ഭീകരമായ ഓര്‍മയാണ്‌. വങ്കത്തിപ്പെണ്ണിന്‍െറ വിവരക്കേടായാണ്‌ അവനതിനെ കാണുന്നത്‌. രണ്ടുപേരും ഒഴുക്കില്‍പ്പെട്ട്‌ മരിച്ചേനെ എന്നു പറഞ്ഞ്‌ ശാസിക്കുകയാണവന്‍. ബ്രയണിയില്‍ ഈ സംഭവം ഒരു ലഹരിയായി കിടപ്പുണ്ടായിരുന്നു. കൂടുതല്‍ അവസരങ്ങളുണ്ടാക്കി അവനില്‍ പടര്‍ന്നുകയറാനായിരുന്നു അവളുടെ കൊതി. പക്ഷേ, അപ്പോഴേക്കും സഹോദരി സിസിലിയയില്‍ റോബി തന്‍െറ സഖിയെ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
സിനിമയുടെ ഇതിവൃത്തത്തെ പ്രധാനമായും രണ്ട്‌ ഘട്ടങ്ങളായി തിരിക്കാം. ഒന്ന്‌, പാപത്തിന്‍േറത്‌. മറ്റൊന്ന്‌, പാപപരിഹാരത്തിന്‍േറത്‌. ആദ്യത്തേതില്‍ പകയുടെ മിന്നല്‍പ്പിണരുകള്‍. രണ്ടാമത്തേതിലാകട്ടെ മനസ്സലിവിന്‍െറ പ്രശാന്തനിമിഷങ്ങള്‍. ഇതിവൃത്തത്തിലെ ഭാവം ഉള്‍ക്കൊണ്ടാണ്‌ സംവിധായകന്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും പിന്തുടരുന്നത്‌. ആദ്യഘട്ടങ്ങളില്‍ ബ്രയണിയുടെയും സിസിലിയയുടെയും റോബിയുടെയും നടത്തത്തിനുപോലും അതിവേഗമുണ്ട്‌. പിന്നീട്‌ നമ്മള്‍ കാണുമ്പോള്‍ ആ ചടുലത നഷ്‌ടപ്പെട്ടിരിക്കുന്നു. പരിമിത വൃത്തത്തിനകത്തെ അവരുടെ സഞ്ചാരം മന്ദഗതിയിലാണ്‌.

4 comments:

T Suresh Babu said...

കൗമാരത്തില്‍ ചെയ്‌തുപോയ ക്രൂരമായ തെറ്റിന്‌ എഴുപതാം വയസ്സില്‍ തന്‍െറ അവസാന നോവലിലൂടെ പ്രായശ്ചിത്തം ചെയ്യുന്ന എഴുത്തുകാരിയുടെ കഥയാണ്‌ `അറ്റോണ്‍മെന്‍റ്‌'.

വെള്ളെഴുത്ത് said...

ഡ്രാമാ എന്നടയാളപ്പെടുത്തിയ ഡിവിഡികള്‍ കാണുമ്പോള്‍ ഒരു മടുപ്പു തോന്നാറുണ്ട്. ഒരു പാട് പ്രാവശ്യം പറഞ്ഞു പഴകിയ ഒരു കഥയാണിതെന്നു വായിച്ചപ്പോള്‍ തോന്നുന്നു. ബ്രിട്ടീഷ് ചിത്രങ്ങള്‍ക്കെല്ലാം ഭൂതകാലത്തോട് ഒരഭിരുചിയുണ്ട്. അതു ചിത്രീകരിക്കുന്നതിലവര്‍ മിടുക്കരാണ്. ഓസ്കാര്‍ കിട്ടാതെ പോയതില്‍ വലിയ കുഴപ്പമില്ലെന്നു തോന്നുന്നു ഈ ചിത്രത്തിന്.

ശ്രീ said...

ചിത്രം കണ്ടിറങ്ങിയ പ്രതീതി.
:)

Anivar said...

പ്രിയ സുരേഷ് ബാബു,

നല്ല വിവരണം. രണ്ടാഴ്ച മുമ്പ് ഈ പടം ഡൌണ്‍ലോഡ് ചെയ്ത് കണ്ടിരുന്നു. ആദ്യഭാഗങ്ങളില്‍ പടം അല്പം മടുപ്പിച്ചിരുന്നു . എന്താന്നറിയില്ല. മൂലകൃതിയില്‍ വരിചേര്‍ന്നുപോകുന്നതിന്റെയായിരിക്കം. പക്ഷേ സംവിധാനം സൂക്ഷ്മമാണ്.

വെള്ളെഴുത്തേ, കഥ നോക്കിയാണോ ഓസ്കാര്‍ കിട്ടണോ വേണ്ടയോന്ന് തീരുമാനിക്കുന്നത് ? അതു നമ്മുടെ കേരളത്തിലെ രീതിയല്ലേ. ബാക്കി പറഞ്ഞതിനോടെല്ലാം യോജിക്കുന്നു.

കഴിഞ്ഞ ലൌ ഇന്‍ ദ ടൈം ഓഫ് കോളറയും കണ്ടിരുന്നു. പക്ഷേ പുസ്തകം വായിച്ച രസമൊന്നും കിട്ടിയില്ല. വരണ്ടുണങ്ങിയ മണ്ണും കാലാവസ്ഥയും കോളറയുടെ ഭീകരതയുമൊക്കെ ചോര്‍ന്നുപോയിരിക്കുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിലൂടെയുള്ള യാത്രയായി അത് ചുരുങ്ങി. അഭിനേതാക്കളിലേക്കുമാത്രമായി പടം ഒതുങ്ങി. അഭിനയം നന്നായിട്ടുമുണ്ട്.