മനുഷ്യക്കുഞ്ഞുങ്ങളെ കടത്തുന്ന ഭീകര സംഘത്തില്‍ അകപ്പെട്ടുപോയ ഇറേന യാരോ ഷെങ്കോ എന്ന യുക്രൈനിയന്‍ യുവതി തന്‍െറ അവസാനത്തെ കുഞ്ഞിനെ കണ്ടെത്താന്‍ നടത്തുന്ന അപൂര്‍ണയാത്രയാണ് `ദ അണ്‍നോണ്‍ വുമണി'ല്‍ അനാവരണം ചെയ്യുന്നത്.
സെക്സ് മാഫിയ മനുഷ്യക്കുഞ്ഞങ്ങളെ കടത്തുന്നതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ജുസെപ്പെക്ക് ലഭിക്കുന്നത് ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പാണ്. അക്കാലത്തു തന്നെ ഒരു തിരക്കഥയും തയ്യാറാക്കി വെച്ചു. ഇടയെ്ക്കാക്കെ ചിന്തകളില്‍ ഉയിര്‍ത്തെഴുന്നേറ്റും വീണ്ടും വിസ്മരിക്കപ്പെട്ടും ആ തിരക്കഥ അങ്ങനെ കിടന്നു. 2006 ന്‍െറ ഒടുവിലാണ് `ദ അണ്‍നോണ്‍ വുമണ്‍' സിനിമയാക്കാന്‍ സംവിധായകന്‍െറ മനസ്സ് പാകപ്പെട്ടത്.
വേട്ടയാടുന്ന ഭൂതകാലത്തില്‍ നിന്ന് മോചനമാഗ്രഹിച്ച് ഇറ്റലിയിലെത്തുന്ന ഇറേനയാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. അവളുടെ വരവിന് നിഗൂഢമായ ഒരു ലക്ഷ്യമുണ്ട്. തിയ എന്ന നാലുവയസ്സുകാരിയുടെ ജന്മരഹസ്യം തേടുകയാണ് ഇറേന. സ്വര്‍ണാഭരണ ബിസിനസ്സുകാരായ ആദാക്കര്‍ കുടുംബത്തിന്‍െറ അരുമയാണ് തിയ. ആ പെണ്‍കുട്ടിക്ക് പ്രതിരോധശേഷി കുറവാണ്. നിലത്തു വീണാല്‍ അവള്‍ക്ക് സ്വയം എഴുന്നേല്ക്കാനാവില്ല. ആരെങ്കിലും തല്ലിയാല്‍ തിരിച്ചു തല്ലാന്‍ കഴിയില്ല. തിയയുടെ വീട്ടില്‍ പരിചാരികയായി ഇറേന ജോലി നേടുന്നു. വീട്ടുകാരുടെ പ്രിയം നേടിയെടുക്കുന്ന ഇറേന തിയയുമായി അടുക്കുന്നു. അവള് പെണ്‍കുട്ടിയെ പ്രതിരോധ മുറകള്‍ പഠിപ്പിക്കുന്നു. അവളെ താരാട്ടുപാടി ഉറക്കുന്നു. ഇറേനയുടെ നീക്കങ്ങളില്‍ സംശയാലുവായ തിയയുടെ അമ്മ അവളെ പിരിച്ചു വിടുന്നു. എന്നിട്ടും ഇറേന നാട്ടിലേക്ക് തിരിച്ചു പോകുന്നില്ല. തിയ തന്‍െറ മകളാണെന്നാണ് അവളുടെ വിശ്വാസം. തിയയെ തനിക്ക് അടുത്തുനിന്നു കാണണം. അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കാണണം. ഇതേ ഇറേന ആഗ്രഹിച്ചുള്ളൂ. തിയയുടെ അമ്മ കാറപകടത്തില്‍ മരിക്കുന്നു. തിയയുടെ അച്ഛന് ഇറേനയെ വീണ്ടും തന്‍െറ വീട്ടിലേക്ക് ക്ഷണിക്കുന്നു. തിയയും അച്ഛനും പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറിയ ദിവസം തന്നെ ഇറേനയെത്തേടി പോലീസ് എത്തുന്നു. തിയയുടെ അമ്മയുടെ മരണത്തില്‍ പോലീസിന് സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇറേന മറ്റൊരു കഥയാണ് വെളിപ്പെടുത്തുന്നത്. തന്‍െറ ദുരിതാവസ്ഥയ്ക്ക് കാരണക്കാരനായ മാഫിയാത്തലവനെ അവള് കൊന്നു കുഴിച്ചുമൂടിയിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്ന ഇറേന വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുമ്പോള്‍ യുവതിയായ തിയ അവളെ സ്വീകരിക്കാന്‍ എത്തുന്നു.
ഒരു സസ്പെന്‍സ് സിനിമയുടെ പിരിമുറുക്കമുണ്ട് ഈ സിനിമയ്ക്ക്. അവിടവിടെ ഓരോ കണ്ണി ഇട്ടേച്ചാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. ഉചിതസന്ദര്‍ഭങ്ങളില്‍ ഈ കണ്ണികള്‍ അതിമനോഹരമായി കൂട്ടിയോജിപ്പിക്കുന്നു സംവിധായകന്. കഥാസന്ദര്‍ഭങ്ങളുടെ വിശദാംശങ്ങളില്‍ പുലര്‍ത്തുന്ന കണിശതയും സൂക്ഷ്മതയും ശ്രദ്ധേയമാണ്. ഓരോ രംഗത്തും പ്രത്യക്ഷപ്പെടുന്ന നിസ്സാരവസ്തുക്കള്‍ക്കുപോലും കഥാഗതിയില്‍ നിര്‍ണായകപങ്കുണ്ട്. തിയേറ്ററിലെ പ്രൊജക്ഷന് റൂമില്‍ ചുമരില്‍ പതിക്കുന്ന ഓരോ തുണ്ട് കടലാസിനും മുറിച്ചുമാറ്റിയിടുന്ന ഓരോ തുണ്ട് ഫിലിമിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് `സിനിമാ പാരഡീസോ'യില്‍ നമ്മള് കണ്ടതാണ്. അതുപോലെ `അണ്‍നോണ്‍ വുമണി'ലെ വളഞ്ഞുപിരിഞ്ഞുപോകുന്ന ഗോവണിപ്പടികളും ഇടയ്ക്ക് പൂത്തും കരിഞ്ഞും നില്ക്കുന്ന പൂച്ചെടികളും മുറിയില്‍ അലസമായി ഇട്ടിരിക്കുന്ന കത്രികയുമൊക്കെ സജീവബിംബങ്ങളായി മാറുകയാണ്.
അസാധാരണമായ ആകര്‍ഷകശക്തിയാണ് ഈ സിനിമയ്ക്കുള്ളത്. കഥാനായികയുടെ ഓര്‍മകള്‍ ശിഥിലമാണ്. അസ്വസ്ഥമായ മനസ്സില്‍ നിന്ന് അടുക്കും ചിട്ടയുമില്ലാതെയാണ് ഓര്‍മകള്‍ കടന്നുവരുന്നത്. ഇറ്റലിയിലെ ജീവിതത്തിലുണ്ടാകുന്ന ഓരോ അനുഭവവും സമാനമായ ഭൂതകാലാനുഭവത്തിലേക്ക് പോകാന്‍ ഇറേനയെ പ്രേരിപ്പിക്കുന്നു. അവളുടെ പീഡിതമായ ഭൂതകാലം ഒറ്റ ഫ്ളാഷ്ബാക്കിലൊതുക്കുകയല്ല സംവിധായകന്. സന്ദര്‍ഭങ്ങളാണ് അവളുടെ ഓര്‍മകളെ പിറകിലേക്ക് വലിക്കുന്നത്. തീക്ഷ്ണമായ മഞ്ഞനിറത്തിലാണ് പൂര്‍വകാലം സംവിധായകന് ആവിഷ്കരിക്കുന്നത്. അഗ്നനിയുടെ തിളക്കവും പ്രഹരശേഷിയുമുണ്ട് ഈ ഫ്ളാഷ്ബാക്ക് രംഗങ്ങള്‍ക്ക്. അവയില്‍ സേ്നഹസ്പര്‍ശമുള്ള നിമിഷങ്ങള്‍ വളരെക്കുറവാണ്. തന്‍െറ കാമുകനെക്കുറിച്ചുള്ള ചിതറിയ ചില സുഖാനുഭവങ്ങള്‍ മാത്രമാണ് ഇറേനയ്ക്കുള്ളത്. ബാക്കിയെല്ലാം പേടിസ്വപ്നങ്ങളാണ്. അതവളെ നിരന്തരം വേട്ടയാടുകയാണ്.
ക്രൂരനായ ലൈംഗികക്കച്ചവടക്കാരന് ഇരയായിപ്പോയവളാണ് ഇറേന. ദാരിദ്ര്യമാണ് അവളെ അവിടെ എത്തിച്ചത്. അടിമയെപ്പോലെയായിരുന്നു അവളുടെ ജീവിതം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒമ്പത് കുഞ്ഞുങ്ങളെ ഇറേന പ്രസവിച്ചു. കുഞ്ഞുങ്ങളെ ഒറ്റത്തവണ കാണാനേ അവള്‍ക്കവകാശമുള്ളൂ. പിന്നെ എന്നന്നേക്കുമായി മറന്നോളണം. കുഞ്ഞിനെ പെട്ടെന്നുതന്നെ ദത്തെടുക്കാന്‍ തയ്യാറായി വരുന്ന ദമ്പതിമാര്‍ക്ക് മാഫിയത്തലവന്‍ കൈമാറും.
അവസാനം പ്രസവിച്ച കുഞ്ഞിനെ മാത്രമാണ് ഇറേന സ്വന്തമാക്കാനാഗ്രഹിച്ചത്. അവളുടെ അച്ഛനാരെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പ്രിയ കാമുകനെക്കുറിച്ചുള്ള ഓര്മ നിലനിര്‍ത്താന്‍ ആ കുഞ്ഞിനെ വിട്ടുകിട്ടാന്‍ അവള് മോഹിച്ചു. ആ മോഹമാണ് അവളെ ഇറ്റലിയിലെത്തിച്ചത്. തിയ തന്‍െറ അവസാനത്തെ കുഞ്ഞാണെന്നാണ് അവള് കരുതിയത്. പക്ഷേ, ഡി.എന്‍.എ. ടെസ്റ്റിന്‍െറ വിധി അവള്‍ക്കെതിരായിരുന്നു.
`അജ്ഞാത' എന്ന സിനിമാ ശീര്‍ഷകം പ്രാധാന്യമര്‍ഹിക്കുന്നു. സിനിമയുടെ അവസാനഘട്ടം വരെ ഇറേന ആരാണ് എന്ന് നമ്മള് അറിയുന്നില്ല. യുക്രൈനില്‍ നിന്ന് വരുന്നു എന്നതല്ലാതെ ഇറേനയുടെ കുടുംബ പശ്ചാത്തലമൊന്നും വിശദീകരിക്കുന്നില്ല. മറ്റു കഥാപാത്രങ്ങള്‍ക്കെല്ലാം അവളൊരു പ്രഹേളികയാണ്. തിയയുടെ മുന്നില്‍ അവള് അമ്മയായി പെരുമാറുന്നേയില്ല. അവിടെ അവള് ആയതന്നെയാണ്. കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ എപ്പോഴും വന്നുംപോയും കൊണ്ടിരിക്കുന്ന മുഖമില്ലാത്ത മനുഷ്യരിലൊരാള്‍. തിയ തന്‍െറ മകളാണെന്ന് ഒടുവില്‍ പോലീസിനോടു മാത്രമാണ് അവള് തുറന്നു പറയുന്നത്. ഒരവസരത്തിലും ഒരമ്മയുടെ ആവേശത്തോടെ, അധികാരത്തോടെ അവള് തിയയെ സമീപിക്കുന്നില്ല. തിയയുടെ അനിഷ്ടം സമ്പാദിച്ചും അവളെ സുധീരയാക്കാനാണ് ഇറേന ശ്രമിക്കുന്നത്. തന്‍െറ ദുരനുഭവങ്ങളാണ് അവളെ അതിന് പ്രേരിപ്പിക്കുന്നത്. സ്വയം പ്രതിരോധിക്കാനുള്ള ശേഷി ആ പെണ്‍കുട്ടിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവള് വിജയിക്കുന്നു. ഒമ്പത് മക്കള്‍ക്കും ഇറേന എന്ന അമ്മ അജ്ഞാതയാണ്. തന്‍െറ മക്കളെ ആ അമ്മയ്ക്കുമറിയില്ല. മകളല്ലെങ്കിലും തിയയുമായി ആത്മബന്ധം സ്ഥാപിക്കുന്നുണ്ട് ഇറേന. ജയിലില്‍ കഴിയുമ്പോള്‍ അവര്‍ തമ്മില്‍ കത്തിടപാടുകള്‍ നടന്നതായി സൂചനയുണ്ട്. 110 മിനിറ്റ് നീണ്ട സിനിമ അവസാനിക്കുമ്പോള്‍ ഇരുവരും വീണ്ടും ഒരുമിക്കുന്നതാണ് നമ്മള് കാണുന്നത്.
5 comments:
സ്ത്രീ സഹനത്തിന്‍െറ തീവ്രമായ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ഇറ്റാലിയന്‍ സിനിമയാണ് `ദ അണ്‍നോണ്‍ വുമണ്‍'. സിനിമാ പാരഡീസോ, മലീന എന്നീ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആസ്വാദകരെ നേടിയെടുത്ത ജുസെപ്പെ ടോര്‍ണത്തോറെയാണ് `അണ്‍നോണ്‍ വുമണി'ന്‍െറ സംവിധായകന്.
കാണണം അപ്പോള്‍.
റിവ്യൂവിന് നന്ദി
ഇത് കഴിഞ്ഞ വർഷം കണ്ടിരുന്നു.
Tornatore-യുടെ മലേന, സിനിമാ പാരഡീസോ, സ്റ്റാർ മേക്കർ തുടങ്ങിയ ജനപ്രീതി നേടിയ ചിത്രങ്ങളെ അപേക്ഷിച്ച്, സങ്കീർണ്ണമായ ആഖ്യാനം കാരണമാണെന്നു തോന്നുന്നു, ആഗോളതലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൂടാതെ അദ്ദേഹം തന്റെ സിനിമകളിൽ സമർഥമായി ഉപയോഗിക്കാറുള്ള നൊസ്റ്റാൾജിയയുടെ അഭാവവും കാരണമാണെന്നു തോന്നുന്നു.
സിനിമാ പാരഡൈസോ കണ്ടു കഴിഞ്ഞപ്പോഴേക്കും ടൊറണോടേര എന്റെ പ്രിയപ്പെട്ട സംവിധായകനായിരുന്നു,റിവ്യൂവിന് നന്ദി. പടം ഡൌണ്‍ലോഡ് ചെയ്യാന്‍ പോണു...
നല്ല റിവ്യൂ. സിനിമാ പാരഡീസോയും മലേനയും ഒരിക്കലും മറക്കാനാവാത്ത സിനിമകളാണ്. അടുത്തുള്ള വീഡിയോഷോപ്പില്‍ പോയി നോക്കട്ടെ "അജ്ഞാതയായ അമ്മ"യുടെ യു.എസ്. എഡിഷനെങ്കിലും കിട്ടുമോ എന്ന്.
സസ്നേഹം
ദൃശ്യന്‍
Post a Comment