Thursday, March 5, 2009

യുദ്ധം ബാക്കിവെക്കുന്നത്‌

ഏതൊരു യുദ്ധത്തിലും സത്യമാണ്‌ ആദ്യം മരിച്ചു വീഴുന്നതെന്നു പറയാറുണ്ട്‌. ഏറ്റവുമൊടുവില്‍, അമേരിക്ക ഇടപെട്ട ഇറാഖ്‌ യുദ്ധത്തിലും നമ്മളത്‌ കണ്ടു. ഓരോ യുദ്ധവും ഒരുപാട്‌ ചോരയും കണ്ണീരും അവശേഷിപ്പിക്കുന്നു. ഒപ്പം, കുറെയേറെ വിവാദങ്ങളും വ്യാജപ്രചാരണങ്ങളും അത്‌ ബാക്കിവെക്കുന്നു. ഇതിനിടയില്‍ സത്യം എവിടെയോ ചാരം മൂടിപ്പോകുന്നു. യുദ്ധത്തില്‍ മരിച്ചുവീഴുന്ന സത്യത്തിന്‍െറ മുഖം കണ്ടെത്താനാണ്‌ അമേരിക്കന്‍ സംവിധായകനായ ബ്രയാന്‍ ഡി പാമ `റിഡാക്‌റ്റഡ്‌' എന്ന ഇംഗ്ലീഷ്‌ സിനിമയിലൂടെ ശ്രമിക്കുന്നത്‌.


സ്വന്തം രാജ്യത്തിന്‍െറ അധിനിവേശമോഹങ്ങളെ എതിര്‍ത്തുപോന്നിട്ടുള്ള ചലച്ചിത്രകാരനാണ്‌ പാമ. 1989-ല്‍ പുറത്തിറങ്ങിയ `കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാര്‍' എന്ന ചിത്രത്തിലൂടെ നമ്മളത്‌ അറിഞ്ഞിട്ടുള്ളതാണ്‌. വിയറ്റ്‌നാം യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ള ഈ സിനിമ മികച്ച `യുദ്ധവിരുദ്ധ' ചിത്രങ്ങളിലൊന്നാണ്‌. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം `റിഡാക്‌റ്റഡി'ല്‍ എത്തുമ്പോഴും പാമയുടെ നിലപാടിനു മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ നമുക്കു ബോധ്യമാവും.


2007-ലെ വെനീസ്‌, ടൊറന്‍െറാ, ന്യൂയോര്‍ക്ക്‌ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രമാണ്‌ `റിഡാക്‌റ്റഡ്‌'. വെനീസില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം പാമയ്‌ക്ക്‌ നേടിക്കൊടുത്തത്‌ ഈ ചിത്രമാണ്‌. 40 വര്‍ഷമായി സിനിമാരംഗത്തുണ്ട്‌ ഈ സംവിധായകന്‍. `ഡ്രസ്‌ഡ്‌ ടു കില്‍', `സ്‌കാര്‍ഫേസ്‌', `ദ അണ്‍ ടച്ചബിള്‍സ്‌', `മിഷന്‍: ഇംപോസിബിള്‍' തുടങ്ങിയ ബോകേ്‌സാഫീസ്‌ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനാണ്‌ പാമ.


`കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാറി'ലെപ്പോലെ ഒരു യഥാര്‍ഥ സംഭവത്തില്‍നിന്നാണ്‌ `റിഡാക്‌റ്റഡി'ന്‍െറ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്‌. രണ്ടു സിനിമകളിലും പശ്ചാത്തലങ്ങള്‍ക്കു മാത്രമേ മാറ്റമുള്ളൂ. സംഭവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും സമാന സ്വഭാവമാണ്‌. 2006-ല്‍ ഇറാഖില്‍ നടന്ന ഒരു സംഭവമാണ്‌ `റിഡാക്‌റ്റഡി'നാധാരം. ഒരു പതിനഞ്ചുകാരിയോടും അവളുടെ കുടുംബത്തോടും അമേരിക്കന്‍ സൈനികര്‍ കാണിച്ച കൊടുംക്രൂരത ലോകമനഃസാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം പെണ്‍കുട്ടിയെ സൈനികര്‍ കത്തിച്ചുകളയുന്നു. ഒപ്പം, അവളുടെ അമ്മയെയും ഇളയ സഹോദരിയെയും മുത്തച്ഛനെയും വെടിവെച്ചു കൊല്ലുന്നു. ഈ നിഷ്‌ഠുരത മൂടിവെക്കാനുള്ള തന്ത്രങ്ങളെയാണ്‌ പാമ ചോദ്യം ചെയ്യുന്നത്‌. മനുഷ്യത്വം നശിക്കാത്ത, നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്ന രണ്ടു സൈനികരിലൂടെയാണ്‌ സത്യം പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം സംവിധായകന്‍ നടത്തുന്നത്‌. ഇറാഖിലെ സമാറയില്‍ ചെക്‌പോയന്‍റില്‍ കാവല്‍ നില്‍ക്കുന്ന ഏതാനും യു.എസ്‌. സൈനികരെ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌.
ഫിലിം സ്‌കൂളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എയ്‌ഞ്ചല്‍ സലാസര്‍ എന്ന സൈനികനെയാണ്‌ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്‌. നായക കഥാപാത്രമായ സലാസര്‍ എല്ലാറ്റിനും ദൃക്‌സാക്ഷിയാണ്‌. അര്‍പ്പണ ബോധമുള്ള റിപ്പോര്‍ട്ടറാണവന്‍. ഒരു യുദ്ധ ഡയറി തയ്യാറാക്കുകയാണ്‌ സലാസര്‍. തന്‍െറ വീഡിയോ ക്യാമറ ഉപയോഗിച്ച്‌ അവന്‍ എല്ലാ സംഭവങ്ങളും ചിത്രീകരിക്കുകയാണ്‌. താന്‍ മരിച്ചുപോയാലും വീഡിയോ പുറംലോകത്തെ കാണിക്കണമെന്ന്‌ അവന്‍ കൂട്ടുകാരനോട്‌ ആവശ്യപ്പെടുന്നുണ്ട്‌. പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രി നടന്ന റെയ്‌ഡും അവന്‍ ചിത്രീകരിക്കുന്നു. അന്നവിടെ അരങ്ങേറിയ ക്രൂരതകള്‍ കണ്ട്‌ അവന്‍ സ്‌തബ്‌ധനായി. മേലധികാരികളോട്‌ എല്ലാം തുറന്നുപറഞ്ഞ്‌ മനസ്സിലെ ഭാരം ഇറക്കിവെക്കണമെന്ന്‌ അവനാഗ്രഹിക്കുന്നു. പക്ഷേ, അതിനു മുമ്പേ കലാപകാരികള്‍ അവനെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നു.


ഈ ചിത്രത്തിലെ സലാസറും മക്കോയ്‌ എന്ന സൈനികനും പാമയ്‌ക്കുവേണ്ടിയാണ്‌ സംസാരിക്കുന്നത്‌. സത്യം വിളിച്ചുപറയാനാവുന്നില്ലെന്ന്‌ അവര്‍ സങ്കടപ്പെടുന്നു. `കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാറി'ലെ എറിക്‌സണ്‍ എന്ന സൈനികനും പാമയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. തന്‍െറ സഹപ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തി വെടിവെച്ചുകൊല്ലുന്ന വിയറ്റ്‌നാം പെണ്‍കുട്ടിയുടെ ദുരന്തം മേലധികാരികളെ അറിയിക്കുന്നത്‌ എറിക്‌സണാണ്‌.


സത്യം കാണാന്‍ ഭയപ്പെടുന്ന ലോകത്ത്‌ ചലച്ചിത്രകാരന്മാര്‍ ധര്‍മസങ്കടം അനുഭവിക്കുകയാണെന്ന്‌ ബ്രയാന്‍ പാമ പറയുന്നു. നിയമക്കുരുക്കുകളെ ഭയന്ന്‌ പലപ്പോഴും യഥാര്‍ഥസംഭവങ്ങളെ കെട്ടുകഥയായി ചിത്രീകരിക്കേണ്ടിവരുന്നു. എഡിറ്റ്‌ ചെയ്യപ്പെട്ടതാണ്‌ തന്‍െറ സിനിമ എന്നദ്ദേഹം തുറന്നുസമ്മതിക്കുന്നു. `റിഡാക്‌റ്റഡി'ന്‍െറ തുടക്കത്തില്‍ത്തന്നെ ഇതൊരു കെട്ടുകഥ ആണെന്ന്‌ പരിഹാസം കലര്‍ന്ന മട്ടില്‍ അദ്ദേഹം എഴുതിക്കാണിക്കുന്നു. `ഇറാഖില്‍ നടന്നതായി വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഒരുസംഭവത്തില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ തയ്യാറാക്കിയ ഈ ചിത്രം പൂര്‍ണമായും കെട്ടുകഥയാണെന്ന' വാചകമാണ്‌ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്‌. പിന്നീട്‌ ഓരോവാക്കും പാമ മായ്‌ച്ചുകളയുന്നു. ആദ്യം മായ്‌ക്കുന്നത്‌ ഫിക്‌ഷന്‍ എന്ന വാക്കാണ്‌. ഇതുവഴി ഈ കഥ ഭാവനാസൃഷ്‌ടിയല്ല, യാഥാര്‍ഥ്യം തന്നെ എന്നു സമര്‍ഥമായി ധ്വനിപ്പിക്കാന്‍ പാമയ്‌ക്കു കഴിയുന്നു. ഒടുവില്‍ എല്ലാ വാക്കുകളും മായ്‌ച്ചുകളഞ്ഞാണ്‌ `റിഡാക്‌റ്റഡ്‌' (പ്രസിദ്ധീകരണയോഗ്യമാക്കിയത്‌) എന്ന ശീര്‍ഷകം എഴുതിക്കാണിക്കുന്നത്‌. ശീര്‍ഷകത്തില്‍പ്പോലും അധികാരിവര്‍ഗത്തോടുള്ള രോഷം വെളിപ്പെടുത്തുന്നു പാമ.


തുടക്കത്തില്‍ കാണുന്ന മായ്‌ച്ചുകളയല്‍ തന്ത്രം ചിത്രത്തിന്‍െറ അവസാനത്തിലും പാമ പ്രയോഗിക്കുന്നു. ഇറാഖ്‌യുദ്ധത്തില്‍നിന്നുള്ള യഥാര്‍ഥ ചിത്രങ്ങള്‍ എന്നു പറഞ്ഞ്‌ കുറെ സ്റ്റില്‍ ഫോട്ടോകള്‍ കാണിക്കുന്നു. ആസ്‌പത്രിയില്‍, വാഹനങ്ങളില്‍, നിരത്തുകളില്‍ ചിതറിക്കിടക്കുന്ന ഇറാഖികളുടെ ജഡങ്ങള്‍. അവരിലേറെയും കുട്ടികളും സ്‌ത്രീകളുമാണ്‌. അവരുടെ കണ്ണുകളില്‍ കറുപ്പടിച്ച്‌ വ്യക്തികളെ തിരിച്ചറിയാതാക്കുന്നു സംവിധായകന്‍. സെന്‍സറിങ്ങിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണിവിടെ പാമ. തങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്‍െറ നിഷ്‌ഫലതയെക്കുറിച്ച്‌ ബോധവാന്മാരാണ്‌ മിക്ക സൈനികരുമെന്ന്‌ ഈ ചിത്രം വിളിച്ചുപറയുന്നു. നേര്‍ക്കുനേര്‍ പോരാട്ടമല്ല അവര്‍ നേരിടുന്നത്‌. ചാവേറിന്‍െറ രൂപത്തില്‍ ഏതു സമയത്തും മരണം തങ്ങളെ സമീപിക്കാം എന്നവര്‍ ഭയപ്പെടുന്നു. ഈ അരക്ഷിത ബോധത്തില്‍ നിന്നാണ്‌ ഗര്‍ഭിണികളെപ്പോലും വെടിവെച്ചുകൊല്ലാന്‍ അവര്‍ മുതിരുന്നത്‌. ``ആളെക്കൊല്ലാന്‍ എങ്ങോട്ടെങ്കിലും വിടുമ്പോള്‍ വിശ്വസനീയമായ ഒരു നല്ല കാരണം കൂടി കണ്ടെത്തിയിരുന്നെങ്കില്‍ നന്നായിരുന്നു'' എന്ന്‌ മക്കോയ്‌ എന്ന സൈനികന്‍ പറയുമ്പോള്‍ അത്‌ ഇറാഖ്‌ യുദ്ധം സൃഷ്‌ടിച്ചവരോടുള്ള പ്രതിഷേധമായി മാറുന്നു. സമീപകാലത്തെ പ്രശസ്‌ത യുദ്ധവിരുദ്ധ ചിത്രങ്ങളായ അലക്‌സാന്‍ഡ്ര (റഷ്യന്‍. സംവിധാനം: അലക്‌സാണ്ടര്‍ സൊഖുറോവ്‌), ഇന്നസന്‍റ്‌ വോയ്‌സസ്‌ (സ്‌പാനിഷ്‌. സംവിധാനം: ലൂയി മന്‍ഡോക്കി), ബുഫോ (ഇസ്രായേല്‍. സംവിധാനം: ജോസഫ്‌ സിഡാര്‍) എന്നിവയുടെ ശ്രേണിയിലേക്ക്‌ സധൈര്യം കടന്നിരിക്കാന്‍ യോഗ്യതയുള്ള സിനിമയാണ്‌ `റിഡാക്‌റ്റഡ്‌'.

3 comments:

T Suresh Babu said...

ഏതൊരു യുദ്ധത്തിലും സത്യമാണ്‌ ആദ്യം മരിച്ചു വീഴുന്നതെന്നു പറയാറുണ്ട്‌. ഏറ്റവുമൊടുവില്‍, അമേരിക്ക ഇടപെട്ട ഇറാഖ്‌ യുദ്ധത്തിലും നമ്മളത്‌ കണ്ടു. യുദ്ധത്തില്‍ മരിച്ചുവീഴുന്ന സത്യത്തിന്‍െറ മുഖം കണ്ടെത്താനാണ്‌ അമേരിക്കന്‍ സംവിധായകനായ ബ്രയാന്‍ ഡി പാമ `റിഡാക്‌റ്റഡ്‌' എന്ന ഇംഗ്ലീഷ്‌ സിനിമയിലൂടെ ശ്രമിക്കുന്നത്‌.

Melethil said...

Excellent writing Suresh, I really appreciate your efforts in reviewing these movies and more importantly blogging about them. Thanks a lot. It is not the number of comments that matters always, but the content.

mumsy-മുംസി said...

നന്ദി സുരേഷ്, ഇത് എനിക്ക് കാണണം.