വോങ്‌കര്‍ വായി എന്ന ചൈനീസ് സംവിധായകന് `റൊമാന്‍റിക് സംവിധായകന്‍' എന്ന വിശേഷണമാണ് ചേരുക. `ഡെയ്‌സ് ഓഫ് ബീയിങ് വൈല്‍ഡ്' (1991), `ഇന്‍ ദ മൂഡ് ഫോര്‍ ലവ്' (2000), `2046' (2004) എന്നീ സിനിമാത്രയം വോങ്ങിന് ഏറെ പ്രശസ്‌തി നേടിക്കൊടുത്തിട്ടുണ്ട്. സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ് ഈ ചിത്രങ്ങളിലെ വിഷയം. സൗഹൃദമാണ് ജീവിതത്തിന്‍െറ അടിസ്ഥാനം എന്ന വിശ്വാസക്കാരനാണ് ഈ സംവിധായകന്‍. അദ്ദേഹത്തിന്‍െറ ആദ്യത്തെ ഇംഗ്ലീഷ് ചിത്രമായ `മൈ ബ്ലൂബറി നൈറ്റ്‌സി'ലും ഇതേ ആശയത്തിനാണ് ഊന്നല്‍. 2007 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്. അടുപ്പവും അകല്‍ച്ചയും സമ്മാനിക്കുന്ന വേദന തന്നെ ഇതിലും വിഷയം. രണ്ട് കഫെകള്‍, ഒരു ബാര്‍, ഒരു കാസിനോ (ചൂതാട്ടകേന്ദ്രം) എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതിവൃത്തം വികസിക്കുന്നത്. പ്രധാന കഥാപാത്രങ്ങള്‍ ആറ്. നാടകീയതയൊന്നുമില്ലാത്ത സംഭവങ്ങള്‍. പക്ഷേ, വോങ്ങിന്‍െറ തനതായ സംവിധാനശൈലി സിനിമയ്‌ക്ക് അപൂര്‍വചാരുത പകരുന്നു.
ന്യൂയോര്‍ക്കില്‍ കഫെ നടത്തുന്ന ജറമി എന്ന ബ്രിട്ടീഷ് യുവാവും കഫെയില്‍ പതിവായിവരുന്ന എലിസബത്ത് എന്ന അമേരിക്കന്‍ യുവതിയും സുഹൃത്തുക്കളായി മാറുന്നു. ഇരുവരും തുല്യദുഃഖിതരാണ്. തകര്‍ന്ന പ്രണയങ്ങളെ താലോലിക്കുന്നവരാണിവര്‍. അകന്നു നില്‌ക്കുമ്പോള്‍ ഇവര്‍ക്കിടയിലുണ്ടാകുന്ന അടുപ്പമാണ് `മൈ ബ്ലൂബറി നൈറ്റ്‌സി'ന്‍െറ ഇതിവൃത്തം.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സ്വദേശിയാണ് ജറമി. മാരത്തോണില്‍ ഓടുക എന്നതായിരുന്നു അവന്‍െറ സ്വപ്‌നം. പക്ഷേ, ഒടുവില്‍ എത്തിപ്പെട്ടത് ന്യൂയോര്‍ക്കിലെ കഫെയിലാണ്. താക്കോലുകള്‍ ശേഖരിക്കുന്നതിലും സൂര്യാസ്‌തമയം കാണുന്നതിലും താത്‌പര്യം കാണിച്ച കാത്യ എന്ന റഷ്യന്‍ പെണ്‍കുട്ടിയുമായി അവനടുത്തു. ഒരു ദിവസം ഒന്നും പറയാതെ അവള്‍ അപ്രത്യക്ഷയായി. എലിസബത്ത് എന്ന ലിസിയുടെ അനുഭവവും ഏതാണ്ടിതുതന്നെ. മറ്റൊരു പെണ്‍കുട്ടിയോടൊപ്പം അവളുടെ കാമുകന്‍ സ്ഥലംവിട്ടു. എപ്പോഴെങ്കിലും തന്നെത്തേടിയെത്തുന്ന കാമുകനു നല്‌കാനായി താക്കോല്‍ക്കൂട്ടം ജറമിയെ ഏല്‌പിച്ച് ലിസി ന്യൂയോര്‍ക്ക് വിടുന്നു. ഏറെയകലെ, ടെന്നസിയിലെ മെംഫിസില്‍ എത്തുന്ന ലിസി പകലും രാത്രിയും ജോലി ചെയ്‌ത് തന്‍െറ ദുഃഖം മറക്കാന്‍ ശ്രമിക്കുന്നു. പകല്‍ ഒരു കഫെയിലും രാത്രി ഒരു ബാറിലും വെയിട്രസ്സായി അവള്‍ പണിയെടുക്കുന്നു. ഒരു കാര്‍ സ്വന്തമാക്കുക എന്നതായിരുന്നു അവളുടെ മോഹം. വിലാസമോ ഫോണ്‍ നമ്പറോ വെക്കാതെ ലിസി ജറമിനു കത്തുകളെഴുതുന്നു. ജോലിക്കിടയിലെ അനുഭവങ്ങളെപ്പറ്റി, കണ്ടുമുട്ടിയ മനുഷ്യരെപ്പറ്റി. ഒരു വര്‍ഷത്തിനുശേഷം, താന്‍ സമ്പാദിച്ച കാറുമായി അവള്‍ തിരിച്ചെത്തുമ്പോള്‍ ജറമി സേ്‌നഹത്തോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വേര്‍പിരിയലിന്‍െറ വേദന മറക്കാനാണ് ലിസി യാത്ര തുടങ്ങുന്നത്. ജീവിതത്തിന്‍െറ പുതിയ മുഖങ്ങള്‍, പുതിയ സൗഹൃദങ്ങള്‍ തേടിക്കൊണ്ടായിരുന്നു യാത്ര. നിരാശയില്‍ നിന്നാണ് യാത്രയുടെ തുടക്കം. മടക്കയാത്രയാവട്ടെ ശുഭാപ്‌തിവിശ്വാസത്തിലേക്കാണ്. തനിക്കുവേണ്ടി കാത്തിരിക്കുന്ന ജറമിയിലേക്കാണവള്‍ തിരിച്ചെത്തുന്നത്.
ലിസിയുടെ യാത്രയില്‍ കണ്ടുമുട്ടുന്നവരൊക്കെ സേ്‌നഹം നഷ്‌ടപ്പെട്ടവരാണ്. രാത്രി ഏറെ വൈകിയും ഏകനായി ബാറിലിരുന്ന് മദ്യപിക്കുന്ന അര്‍നി എന്ന പോലീസ് ഓഫീസര്‍, അയാളില്‍ നിന്ന് വിവാഹമോചനം നേടി കാമുകനോടൊപ്പം പോകുന്ന ഭാര്യ സൂലിന്‍, പിതാവിന്‍െറ മരണവാര്‍ത്ത പോലും തമാശയായി തള്ളിക്കളയാന്‍ ശ്രമിക്കുന്ന യുവതിയായ പോക്കര്‍ (ഒരുതരം ശീട്ടുകളി) കളിക്കാരി എന്നിവരൊക്കെ ജീവിതത്തില്‍ നിരാശരാണ്. ഇവരുമായുള്ള സൗഹൃദം ജീവിതത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ ലിസിയെ പ്രേരിപ്പിക്കുന്നു. സൗഹൃദങ്ങള്‍ കണ്ണാടി പോലെയാണെന്ന് ലിസി പറയുന്നു. നമ്മള്‍ ആരെന്ന് സ്വയം തിരിച്ചറിയാന്‍ ഈ കണ്ണാടി നമ്മെ സഹായിക്കുന്നു.
ചിത്രത്തിന്‍െറ തുടക്കത്തിലും ഒടുക്കത്തിലും കാണുന്ന ഒരു സമാനദൃശ്യമുണ്ട്. ബ്ലൂബറിപ്പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന കേക്കില്‍ ഐസ്‌ക്രീമിന്‍െറ പാല്‍പ്പത പടര്‍ന്നു കയറുന്ന ദൃശ്യം. ക്ലോസപ്പിലുള്ള ഈ രണ്ട് ദൃശ്യങ്ങള്‍ക്കിടയില്‍ വോങ് തനിക്ക് പറയാനുള്ളതെല്ലാം പറയുന്നു. കാല്‌പനികമായ ചലച്ചിത്രഭാഷയാണ് വോങ്ങിന്‍േറത്. അദ്ദേഹത്തിന് ചില ഇഷ്‌ടബിംബങ്ങളുണ്ട്. അവ തന്‍െറ സിനിമകളില്‍ ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം മടി കാണിക്കാറില്ല. ചുമരിലെ ക്ലോക്ക്, പച്ചവെളിച്ചത്തിന്‍െറ ചതുരക്കട്ടകളായി ഇരുട്ടിലൂടെ പാഞ്ഞുപോകുന്ന തീവണ്ടി, താക്കോല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ ബിംബങ്ങള്‍ വോങ് സമൃദ്ധമായി ഉപയോഗിക്കുന്നു. കടുത്തവര്‍ണങ്ങളോടാണ് വോങ്ങിനു പ്രിയം. അതുപോലെ, വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സ്ലോമോഷനിലാണ് രംഗങ്ങള്‍ ഒരുക്കുന്നത്.
ഈ ചിത്രത്തില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന ബിംബമാണ് താക്കോല്‍ക്കൂട്ടം. ഓര്‍മകളിലേക്കുള്ള വാതിലാണ് ഈ താക്കോല്‍ക്കൂട്ടങ്ങള്‍. കഫെയില്‍ അതിഥികള്‍ മറന്നുവെച്ചുപോകുന്ന താക്കോലുകളുടെ സൂക്ഷിപ്പുകാരനാണ് കഥാനായകന്‍ ജറമി. അവയെല്ലാം അവന്‍ ഒരു ജാറില്‍ ഇട്ടുവെക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെന്നു തിരിച്ചുവാങ്ങാം. ജാറില്‍ അനാഥമായിക്കിടക്കുന്ന താക്കോല്‍ക്കൂട്ടങ്ങള്‍ എത്രയെങ്കിലുമുണ്ട്. ചിലത് വര്‍ഷങ്ങളായി അതില്‍ത്തന്നെ കിടക്കുകയാണ്. അവ തിരിച്ചുവാങ്ങാന്‍ ആരും വരുന്നില്ല. ചിലര്‍ ഏതാനും ദിവസത്തിനുള്ളില്‍ത്തന്നെ താക്കോല്‍തിരിച്ചെടുക്കും. മറ്റു ചിലര്‍ ആഴ്‌ചകള്‍ കഴിഞ്ഞ്, ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ്. ഉപേക്ഷിക്കപ്പെട്ട താക്കോലുകള്‍ ജറമി നിധിപോലെ സൂക്ഷിക്കുന്നു. അവ ആരെയോ കാത്തിരിക്കുന്നു. അവയേ്‌ക്കാരോന്നിനും പറയാന്‍ കഥകളുണ്ട്, ജീവിതമുണ്ട്. ചില താക്കോല്‍ക്കൂട്ടങ്ങളില്‍ മരണഗന്ധം തങ്ങിനില്‌ക്കുന്നു. എന്നാലും ജറമി അവ ഉപേക്ഷിക്കാറില്ല. വഞ്ചനയുടെ, കീഴ്‌പ്പെടുത്തലിന്‍െറ, വിരഹത്തിന്‍െറ, പ്രതീക്ഷയുടെ കഥ പറയുന്ന താക്കോല്‍ക്കൂട്ടങ്ങള്‍ ഇടയ്‌ക്കിടെ ക്ലോസപ്പിലാണ് വോങ് നമുക്ക് കാണിച്ചുതരുന്നത്. ചിത്രത്തിന്‍െറ അവസാനത്തില്‍ ജാറില്‍ താക്കോലുകളില്ല. പകരം, പൂക്കളാണതില്‍ വെച്ചിരിക്കുന്നത്. പ്രതീക്ഷയുടെ പൂക്കള്‍. വോങ്ങിന്‍െറ ക്യാമറ അപൂര്‍വമായേ പുറംകാഴ്‌ചകളിലേക്ക് നീങ്ങുന്നുള്ളൂ. ഓരോ കഥാപാത്രത്തിന്‍െറയും ഉള്ളിലേക്കാണ് വോങ് നോക്കുന്നത്. സേ്‌നഹവും ദൈന്യതയും രോഷവും ആത്മനിന്ദയും പകര്‍ത്തിക്കാട്ടി ക്യാമറ അവര്‍ക്കു ചുറ്റും കറങ്ങുകയാണ്. ക്ലോസപ്പ് ഷോട്ടുകളാണേറെയും.
പ്രശസ്‌ത പോപ്പ് ഗായികയും പാട്ടെഴുത്തുകാരിയുമായ നോറ ജോണ്‍സാണ് `ബ്ലൂബറി'യിലെ നായിക. സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്‍െറ മകളായ നോറയുടെ ആദ്യസിനിമയാണിത്. തന്‍െറ വേഷം നന്നായി ചെയ്യാന്‍ നോറ ശ്രമിച്ചിട്ടുണ്ട്.
7 comments:
വോങ്‌കര്‍ വായി എന്ന ചൈനീസ് സംവിധായകന് `റൊമാന്‍റിക് സംവിധായകന്‍' എന്ന വിശേഷണമാണ് ചേരുക. `ഡെയ്‌സ് ഓഫ് ബീയിങ് വൈല്‍ഡ്' (1991), `ഇന്‍ ദ മൂഡ് ഫോര്‍ ലവ്' (2000), `2046' (2004) എന്നീ സിനിമാത്രയം വോങ്ങിന് ഏറെ പ്രശസ്‌തി നേടിക്കൊടുത്തിട്ടുണ്ട്. സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ് ഈ ചിത്രങ്ങളിലെ വിഷയം. സൗഹൃദമാണ് ജീവിതത്തിന്‍െറ അടിസ്ഥാനം എന്ന വിശ്വാസക്കാരനാണ് ഈ സംവിധായകന്‍. അദ്ദേഹത്തിന്‍െറ ആദ്യത്തെ ഇംഗ്ലീഷ് ചിത്രമായ `മൈ ബ്ലൂബറി നൈറ്റ്‌സി'ലും ഇതേ ആശയത്തിനാണ് ഊന്നല്‍
സന്തോഷം ഈ പരിചയപ്പെടുത്തലിൽ
നന്ദി...
വോങ്‌കര്‍ വായി-യുടെ മൂന്നു സിനിമയും കണ്ടിട്ടില്ലല്ലോ സുരേഷേട്ടാ, ടോരെന്റ്റ് കാണുമല്ലോ..നോക്കട്ടെ. എന്നത്തേയും പോലെ നല്ല എഴുത്ത് ..വളരെ നന്ദി
ഈ സിനിമ നല്ലൊരു അനുഭവമായിരുന്നു.... ദുര്‍മ്മേദസില്ലാത്ത ഒരു ചിത്രം....
ഈ സിനിമ കണ്ടില്ല. 2046 തകര്‍പ്പന്‍ സിനിമയായിരുന്നു കേട്ടോ. പല ലെയറുകളുള്ള ഒന്ന്.
തക൪പ്പ൯ വിവരണ൦ ഇനി സിനിമ എന്തിന് കാണണ൦
Post a Comment