Sunday, January 17, 2010

ഒരു കാളവേട്ട

ദാദാസാഹിബ് ഫാല്‍കെ, വി. ശാന്താറാം, ആചാര്യ പി.കെ. ആത്രെ, ഡോ. ജബ്ബാര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളാല്‍ സമ്പന്നമായ ഒരു ഭൂതകാലമുണ്ട് മറാത്തി സിനിമയ്ക്ക്. എന്നിട്ടും രണ്ടുതവണ മാത്രമേ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് മറാത്തി സിനിമയ്ക്ക് ലഭിച്ചിട്ടുള്ളൂ. 1954 ലായിരുന്നു ആദ്യത്തെ ബഹുമതി. ചിത്രം: ശ്യാം ചി ആയ്. സംവിധായകന്‍: ആചാര്യ പി.കെ. ആത്രെ. രണ്ടാമതും ഈയൊരു ബഹുമതി കിട്ടാന്‍ അരനൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. 2004' ല്‍ 'ശ്വാസ്' എന്ന ചിത്രമാണ് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയത്. സന്ദീപ് സാവന്താണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
ഈയടുത്ത കാലത്തായി വന്‍കിട നിര്‍മാണക്കമ്പനികള്‍ രംഗത്തുവന്നതോടെ മറാത്തി സിനിമ വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുതുസംവിധായകര്‍ക്ക് ഇപ്പോള്‍ അവസരം കിട്ടുന്നു. അവര്‍ സാങ്കേതികത്തികവോടെ പുത്തന്‍ ഇതിവൃത്തങ്ങള്‍ അവതരിപ്പിക്കുന്നു. 2008 ല്‍ മഹാരാഷ്ട്രയില്‍ ഹിറ്റായി മാറിയ 'വളു' എന്ന സിനിമയിലൂടെ ഉമേഷ് കുല്‍ക്കര്‍ണി എന്ന നവാഗത സംവിധായകന്‍ ശ്രദ്ധേയനായിക്കഴിഞ്ഞു. 'വളു' എന്നാല്‍ മുരട്ടുകാള എന്നര്‍ഥം. വികൃതിയായ ഒരു കാളക്കൂറ്റന്‍ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളും അവനെ പിടിച്ചുകെട്ടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് 'വളു'വിന്റെ ഇതിവൃത്തം. 2008 ല്‍ പുണെയില്‍ നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ബെര്‍ലിന്‍, റോട്ടര്‍ഡാം, വെനീസ് ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഉമേഷ് കുല്‍ക്കര്‍ണിയുടെ ആഖ്യാനശൈലി ലളിതമാണ്. ചിത്രത്തിലുടനീളം നര്‍മത്തിന്റെ സാന്നിധ്യമുണ്ട്. ഒറ്റപ്പെട്ടുകഴിയുന്ന കുസവഡെ എന്ന ഗ്രാമത്തിലെ ജീവിതത്തെ കൗതുകത്തോടെയാണ് സംവിധായകന്‍ സമീപിക്കുന്നത്. ചെറിയൊരു വിഷയം. ചെറിയ കുറേ സംഭവങ്ങള്‍. പക്ഷേ, ജീവിതക്കാഴ്ചകൊണ്ട് സമ്പന്നമാണീ ചിത്രം.
ഒരിക്കല്‍, ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ കാളക്കൂറ്റന്‍. അവര്‍ അവനെ ആരാധിച്ചു, സ്നേഹിച്ചു (ഗ്രാമക്ഷേത്രത്തില്‍ നന്ദികേശന്റെ കല്‍പ്രതിമയുണ്ട്). ഉത്സവങ്ങളില്‍ അവന്‍ തലയെടുപ്പോടെ ഗ്രാമീണരുടെ കൂടെ നടന്നു. വര്‍ഷങ്ങള്‍ നീണ്ട അടുപ്പം. പിന്നീടെപ്പോഴോ അവന്റെ സമനില തെറ്റി. ആദ്യം അവന്‍ വിള നശിപ്പിക്കാന്‍ തുടങ്ങി. പിന്നെ, വീടുകളുടെ നേര്‍ക്കായി പരാക്രമം. ഒടുവില്‍ ആള്‍ക്കാരെ ആക്രമിക്കാന്‍ തുടങ്ങി. അതോടെ, ഗ്രാമവാസികള്‍ ഇളകുന്നു. ഗ്രാമമുഖ്യന്‍ ഇടപെട്ടതോടെ സര്‍ക്കാര്‍തലത്തില്‍ നടപടി വരുന്നു. കാളയെ കീഴടക്കാന്‍ വനംവകുപ്പിലെ മൃഗസ്നേഹിയായ സ്വാനന്ദ് ഗഡ്ഡംവാര്‍ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നു. കാള വന്യജീവിയില്‍പ്പെടുന്നതല്ല എന്നുപറഞ്ഞ് ഗഡ്ഡംവാര്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ, അധികാരികള്‍ സമ്മതിച്ചില്ല. തോക്കും മയക്കുവെടിക്കുള്ള ഉപകരണങ്ങളും കയറുമായി ഗഡ്ഡംവാര്‍ ഗ്രാമത്തിലേക്ക് പുറപ്പെടുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. ഒരു കിടിലന്‍ ഡോക്യുമെന്ററി പിടിക്കാനുള്ള ഉത്സാഹത്തോടെ ഗഡ്ഡംവാറിന്റെ ഇളയ സഹോദരനും ഒപ്പംകൂടുന്നു. ഇവര്‍ ഗ്രാമത്തിലെത്തുന്നതു മുതല്‍ കാളക്കൂറ്റനെ ബന്ധനസ്ഥനാക്കി തിരിച്ചുപോകുന്നതുവരെയുള്ള രസകരമായ സംഭവങ്ങളാണ് ഉമേഷ് കുല്‍ക്കര്‍ണിയുടെ ക്യാമറ പിന്തുടരുന്നത്.

വീരനായകനെപ്പോലെ ഗ്രാമത്തിലെത്തുന്ന ഗഡ്ഡംവാറിന് ഗ്രാമമുഖ്യനും ഗ്രാമീണരും വന്‍സ്വീകരണമാണ് നല്‍കുന്നത്. ഇരയെ കീഴ്‌പ്പെടുത്തുന്നതിന് മുമ്പായി അതിന്റെ സ്വഭാവങ്ങളെല്ലാം പഠിക്കുകയാണ് ഗഡ്ഡംവാര്‍. രണ്ടുമണിക്കൂര്‍ നീണ്ട സിനിമയില്‍ 31-ാം മിനിറ്റുവരെ കേന്ദ്രകഥാപാത്രമായ കാള പ്രത്യക്ഷപ്പെടുന്നില്ല. കാള കാരണം ദുരിതമനുഭവിച്ചവരെക്കൊണ്ട് അനുഭവങ്ങള്‍ പറയിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതു ഡോക്യുമെന്ററിക്കുവേണ്ടി പകര്‍ത്തുന്നു. സിനിമയും ഡോക്യുമെന്ററിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തവരാണ് ഗ്രാമീണര്‍. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ മത്സരിക്കുകയാണവര്‍. പലരും കാളയെപ്പറ്റിയല്ല സ്വന്തം പ്രശ്‌നങ്ങളാണ് സംസാരിക്കുന്നത്. ക്ഷേത്രപൂജാരിയുടെ ഭാര്യ തങ്ങള്‍ക്ക് മാത്രമായി ഒരു കക്കൂസില്ലാത്തതിന്റെ സങ്കടമാണ് പങ്കുവെക്കുന്നത്. ശിവ എന്ന യുവാവാകട്ടെ തന്റെ പ്രണയത്തെക്കുറിച്ചാണ് വാചാലനാകുന്നത്. ഈ സന്ദര്‍ഭങ്ങളിലൊക്കെ ഗഡ്ഡംവാറിന്റെ നിസ്സഹായാവസ്ഥ കാണിച്ചുതന്ന് കുസൃതിച്ചിരിയുമായി മാറിനില്‍ക്കുകയാണ് സംവിധായകന്‍. നായകനായ ഗഡ്ഡംവാറിനെയും പരിഹസിക്കുന്നുണ്ട് സംവിധായകന്‍. കാളയെ പിടിക്കാന്‍ വന്ന ഗഡ്ഡംവാര്‍ വായിക്കുന്നത് നരഭോജികളായ കടുവകളെ വെടിവെച്ചുകൊന്ന പ്രസിദ്ധ വേട്ടക്കാരന്‍ ജിം കോര്‍ബറ്റിന്റെ പുസ്തകമാണ്. അവസാനഭാഗത്ത് ഗഡ്ഡംവാര്‍ ഗ്രാമത്തിന്റെ ബഹുമതി ഏറ്റുവാങ്ങുമ്പോള്‍ രംഗം കട്ടു ചെയ്യുന്നത് ബന്ധിതനായി തലകുനിച്ചു നില്‍ക്കുന്ന കാളക്കൂറ്റനിലേക്കാണ്. ഫോറസ്റ്റ് ഓഫീസറുടെ വീരകൃത്യത്തെ നിസ്സാരവത്കരിക്കുന്ന ദൈന്യമായ ഒരു നോട്ടമാണ് അപ്പോള്‍ കാളക്കൂറ്റനില്‍ നിന്നുണ്ടാകുന്നത്.

ഗ്രാമം വിട്ട് വിശാലലോകത്തേക്ക് ഒളിച്ചോടുന്ന പ്രണയികളായ ശിവയും സാംഗിയും, എന്തിനും പരിഹാരമായി പൂജാവിധി നിര്‍ദേശിച്ച് പണം പിടുങ്ങാന്‍ ശ്രമിക്കുന്ന പൂജാരി, ഗ്രാമമുഖ്യന്റെ പദവിയില്‍ കണ്ണുംനട്ടിരിക്കുന്ന ആബറനുഷ എന്ന യുവനേതാവ്, ഗ്രാമീണരുടെ എന്തു കാര്യത്തിനും രാപകല്‍ ഓടിനടക്കുന്ന ജീവന്‍ സുഖ്‌ദേവ് ചൗധരി എന്ന യുവാവ്, നാട്ടുകാര്‍ കൊല്ലാന്‍ നടക്കുമ്പോഴും കാളക്കൂറ്റന് ഭക്ഷണം നല്‍കുന്ന സ്ത്രീ, നാലുവയസ്സുള്ള മകളെ സിനിമാ നടിയാക്കണമെന്നുപറഞ്ഞ് ഭര്‍ത്താവിനോട് കലഹിക്കുന്ന യുവതി, കാളക്കൂറ്റനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മാനസികരോഗിയായ സ്ത്രീ എന്നിങ്ങനെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൊക്കെ നമ്മുടെ ഇഷ്ടം പിടിച്ചെടുക്കുന്നു. ഗ്രാമജീവിതത്തിലെ വ്യത്യസ്തമുഖങ്ങളിലേക്കാണ് സംവിധായകന്‍ ക്യാമറ തിരിച്ചുവെച്ചിരിക്കുന്നത്. നിഷ്‌കളങ്കതയും സ്നേഹവും വാത്‌സല്യവും ആരാധനയും കാപട്യവുമെല്ലാം ആ മുഖങ്ങളില്‍ കാണാം.

ഏതു പ്രതിസന്ധികള്‍ക്കും ദാരിദ്ര്യത്തിനുമിടയിലും ഗ്രാമജീവിതം മാറ്റമില്ലാതെ തുടര്‍ന്നുപോകുന്നു എന്നു സൂചിപ്പിക്കുന്നതാണ് അവസാനരംഗം. ഗഡ്ഡംവാറും സഹോദരനും കയറിയ ജീപ്പ് പൊടിപറത്തി അകന്നുപോകുമ്പോള്‍ ക്യാമറ ഗ്രാമത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. അവിടെ ഒരു പശുപ്രസവം നടക്കുകയാണ്. പശുവിനെ പരിചരിച്ചുകൊണ്ട് സ്ത്രീകള്‍ ചുറ്റും നില്‍ക്കുന്നു. ആശങ്ക പൊതിഞ്ഞ മുഖങ്ങളാണ് നമ്മള്‍ ആദ്യം കാണുന്നത്. പ്രസവം കഴിഞ്ഞതോടെ ആ മുഖങ്ങള്‍ തെളിയുന്നു. ലക്ഷണമൊത്ത ഒരു കാളക്കുട്ടി. അവരുടെ ആഹ്ലാദത്തിനതിരില്ല. കാളക്കുട്ടിയെ തൊട്ടുതലോടി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണാ സ്ത്രീകള്‍. കാളക്കൂറ്റന്റെ അടുത്ത തലമുറ വരികയാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് കാളക്കുട്ടിയുടെ ക്ലോസപ്പില്‍ സംവിധായകന്‍ സിനിമ അവസാനിപ്പിക്കുകയാണ്.
പ്രശസ്ത നടനായ അതുല്‍ കുല്‍ക്കര്‍ണിയാണ് ഗഡ്ഡംവാറിന്റെ വേഷത്തിലെത്തുന്നത്. നേരിയ ചമ്മലോടെയുള്ള അതുലിന്റെ അഭിനയം കാണാന്‍ രസമുണ്ട്.


9 comments:

T Suresh Babu said...

'വളു' എന്നാല്‍ മുരട്ടുകാള എന്നര്‍ഥം. വികൃതിയായ ഒരു കാളക്കൂറ്റന്‍ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളും അവനെ പിടിച്ചുകെട്ടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് 'വളു'വിന്റെ ഇതിവൃത്തം. 2008 ല്‍ പുണെയില്‍ നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ബെര്‍ലിന്‍, റോട്ടര്‍ഡാം, വെനീസ് ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കേളി കലാസാംസ്കാരിക വേദി said...

ഏതു പ്രതിസന്ധികള്‍ക്കും ദാരിദ്ര്യത്തിനുമിടയിലും ഗ്രാമജീവിതം

ശ്രീ said...

കൊള്ളാം മാഷേ

MOM said...

കാണാനെന്തു വഴി?

ഹന്‍ല്ലലത്ത് Hanllalath said...

ഇവിടുന്ന് കാണാന്‍ പറ്റുമോയെന്ന് നോക്കട്ടെ.
:)
നന്ദി.

Roby said...

seems interesting...!

നെറ്റ്ഫ്ലിക്സിൽ ക്യൂ ചെയ്തിട്ടുണ്ട്.

thanks for the post

Unknown said...

സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
സ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?

തുറന്ന ചര്‍ച്ച
സന്ദര്‍ശിക്കുക,
അഭിപ്രായം രേഖപ്പെടുത്തുക
Please Visit my ബ്ലോഗ്‌
http://sandeshammag.blogspot.com

Unknown said...

കഥ കേക്കാന്‍ തന്നെ രസം അപ്പൊ സിനിമ കാണാനോ ? നല്ല രസമാവും അല്ലേ

ഓ.ടോ

നാണമില്ലേ അമീന്‍ ! നല്ലൊരു പോസ്റ്റിനെപ്പറ്റി ഒരക്ഷരം മിണ്ടാതെ മതപ്രസംഗം നടത്താന്‍ !
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം !

Unknown said...
This comment has been removed by the author.