Tuesday, April 27, 2010

മരണവ്യാപാരികള്‍

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ. 1990 മുതല്‍ 2003 വരെ ആഭ്യന്തര യുദ്ധത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. രണ്ടരലക്ഷം പേരാണ് ആ യുദ്ധത്തില്‍ മരിച്ചത്. അവിടത്തെ സംഘര്‍ഷത്തിന്റെ അന്ത്യനാളുകളെ പശ്ചാത്തലമാക്കി പ്രശസ്ത ഫ്രഞ്ച് തിരക്കഥാകൃത്തും സിനിമാട്ടോഗ്രാഫറുമായ ഴാങ് സ്റ്റെഫാന്‍ സോവെയര്‍ സംവിധാനം ചെയ്ത സിനിമയാണ് 'ജോണി മാഡ് ഡോഗ്'.
ഴാങ്ങിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണിത്. 2008ലെ കാന്‍ ചലച്ചിത്രമേളയില്‍ ''പ്രൈസ് ഓഫ് ഹോപ്‌സ്' അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. ഡ്യൂവില്ലെ, സ്റ്റോക്ക് ഹോം, ഇസ്താംബൂള്‍ മേളകളിലുംശ്രദ്ധിക്കപ്പെട്ടതാണീ ചിത്രം. കോംഗോക്കാരനായ ഇമാനുവല്‍ ഡോംഗള എന്ന എഴുത്തുകാരന്റെ നോവലാണ് ഈ സിനിമയ്ക്ക് അവലംബം. ലൈബീരിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത കുട്ടിപ്പട്ടാളക്കാരെ കേന്ദ്രീകരിച്ചാണ് ഇതിന്റെ ഇതിവൃത്തം. മുന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലറാണ് ലൈബീരിയയില്‍ കുട്ടിപ്പട്ടാളത്തെ സൃഷ്ടിച്ചത്. ഇയാളെ അധികാര ഭ്രഷ്ടനാക്കാന്‍ പൊരുതിയ കലാപകാരികളും ഇതേ മാര്‍ഗം പിന്തുടര്‍ന്ന് കുട്ടിപ്പട്ടാളത്തെ ഒരുക്കി. 11നും 15നുമിടക്ക് പ്രായമുള്ള കൗമാരക്കാരാണിതിലെ അംഗങ്ങള്‍. മദ്യത്തിനും മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും അടിമകളായിരുന്നു ഈ കുട്ടികള്‍. ''പിന്മാറ്റമില്ല, കീഴടങ്ങലില്ല, അച്ഛനില്ല, അമ്മയില്ല, പോരാട്ടം മാത്രം''- ഈയൊരാവേശം സിരകളില്‍ കുത്തിവെച്ചാണ് കുട്ടിപ്പട്ടാളത്തെ സംഘര്‍ഷ ഭൂമിയിലേക്ക് വിടുന്നത്. അധികാരത്തെയും വംശീയമേല്‍ക്കോയ്മയെയും കുറിച്ചുള്ള വ്യാജബോധങ്ങളില്‍ അവര്‍ അഭിരമിച്ചു. ഉന്മത്തരായ മുതിര്‍ന്ന സൈനികര്‍ ചെയ്തുകൂട്ടുന്ന എല്ലാ അതിക്രമങ്ങളും ഈ കുട്ടിപ്പട്ടാളക്കാരും ചെയ്യുന്നു. കൊള്ളയും കൊലയും ബലാത്സംഗവും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണവര്‍ ചെയ്യുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ അവര്‍ ലൈംഗിക അടിമകളാക്കി സൈന്യത്തോടൊപ്പം നിലനിര്‍ത്തി. 14 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ കലാപകാരികളും ഗവണ്‍മെന്റ് സേനയും ഒരുപോലെ നിഷ്ഠുരതകളില്‍ രസം കണ്ടെത്തി. എതിര്‍ഗോത്രത്തെ സംഭീതരാക്കാനും നശിപ്പിക്കാനും ഇരുകൂട്ടരും ബലാത്സംഗത്തെ പ്രധാന ആയുധമാക്കി.


തിരക്കഥയെഴുത്തു മുതല്‍ ചിത്രീകരണം വരെ അഞ്ചു കൊല്ലമെടുത്തു ഈ സിനിമ പൂര്‍ത്തിയാക്കാന്‍. ലൈബീരിയയിലാണ് കഥ നടക്കുന്നത് എന്ന്‌സംവിധായകന്‍ വ്യക്തമാക്കുന്നില്ല. ഏതോ ആഫ്രിക്കന്‍ രാജ്യം എന്ന സൂചനയേയുള്ളൂ.90 മിനിറ്റുള്ള ഈ സിനിമയില്‍ നമ്മളൊരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചകളാണ് ക്യാമറക്കണ്ണിലൂടെ തെളിയുന്നത്. സിനിമ ആഹ്ലാദിപ്പിക്കാനുള്ളതല്ലെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. കുട്ടികളുടെ കണ്ണിലൂടെ വിനാശകരമായ യുദ്ധത്തെ കാണാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. രസിക്കാത്ത സത്യങ്ങളാണ് അദ്ദേഹം പകര്‍ത്തുന്നത്.ലൈബീരിയയിലെ കുട്ടിപ്പട്ടാളത്തിലുണ്ടായിരുന്ന 15 കൗമാരക്കാരാണ് ഈ സിനിമയില്‍ അഭിനയിച്ചത്. പതിനഞ്ചുകാനായ ജോണി മാഡ്‌ഡോഗാണ് നായക കഥാപാത്രം. പത്താംവയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നതാണവന്‍. കണ്ണീരും ചോരയും കണ്ടാല്‍ മനസ്സിളകാത്തവന്‍. എന്ത് അതിക്രമവും അവനും സംഘവും കാണിക്കും. മുതിര്‍ന്ന കലാപകാരികളുടെ ലൈസന്‍സുണ്ടവര്‍ക്ക്.തന്റെ മുന്നില്‍ നിസ്സഹായതയോടെ നില്ക്കുന്ന ഇരയെ നിസ്സംഗനായി ആപാദചൂഡം നിരീക്ഷിക്കുന്ന ജോണിയുടെ ക്ലോസപ്പില്‍നിന്നാണ് സിനിമയുടെ തുടക്കം. അവന്റെ നേതൃത്വത്തില്‍ കുട്ടിപ്പട്ടാളം ഒരു വീടാക്രമിക്കുകയാണ്. തങ്ങളേക്കാള്‍ വലിയ യന്ത്രത്തോക്കുകളാണവരുടെ കൈയില്‍. വൃദ്ധരോടുപോലും അവര്‍ ദാക്ഷിണ്യം കാണിക്കുന്നില്ല. ഒരു പയ്യനെ പിടിച്ച് കൈയില്‍ തോക്കുകൊടുത്ത് അച്ഛനെ വെടിവെച്ചുകൊല്ലാന്‍ അവര്‍ ആക്രോശിക്കുന്നു.

പിതൃഹത്യയ്ക്കുശേഷം ആ പയ്യനെ തങ്ങളുടെ സംഘത്തില്‍ ചേര്‍ത്ത് വിജയലഹരിയില്‍ അവര്‍ നീങ്ങുന്നു. മരണവ്യാപാരികളാണവര്‍. ജീവനുവേണ്ടി യാചിക്കുന്നവരെ അവര്‍ കൊല്ലും. ഓരോ മരണവും ആ നികൃഷ്ടര്‍ക്ക് ആഘോഷമാണ്.നഗരത്തിലേക്ക് നീങ്ങിയ കുട്ടിസൈനികര്‍ ടെലിവിഷന്‍ കേന്ദ്രത്തില്‍ ഇരച്ചുകയറുന്നു. കണ്ണില്‍ക്കണ്ടവരെയൊക്കെ കൊല്ലുന്നു. വനിതാ ന്യൂസ് റീഡറെ പരസ്യമായി മാനഭംഗപ്പെടുത്തുന്നു. 'ജനങ്ങളെ കൊല്ലാന്‍ നടക്കുന്ന കലാപകാരികള്‍' എന്ന് വാര്‍ത്തയില്‍ വിശേഷിപ്പിച്ചതിനാണ് ആ യുവതി ക്രൂരശിക്ഷ ഏറ്റുവാങ്ങുന്നത്. അമ്പത് പിന്നിട്ട ഒരധ്യാപികയെയും ഭര്‍ത്താവിനെയും വിവസ്ത്രരാക്കിയശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു.ആഭ്യന്തരയുദ്ധം അന്ത്യത്തോടടുക്കുന്നു. ഇപ്പോള്‍ തലസ്ഥാന നഗരം കലാപകാരികളുടെ പിടിയിലാണ്. പുതിയ ഭരണകൂടം നിലവില്‍ വന്നു. എങ്ങും തകര്‍ച്ചയുടെ, മരണത്തിന്റെ ചിത്രങ്ങള്‍.

എല്ലാം മറന്നുപൊരുതിയ കുട്ടിപ്പടയാളികള്‍ വിജയലഹരി കെട്ടടങ്ങിയപ്പോള്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. വിജയത്തിന്റെ അവകാശികള്‍ മറ്റാരോ ആണ്. വാഗ്ദാനം ചെയ്തിരുന്ന പണമോ സഹായമോ കുട്ടിപ്പട്ടാളക്കാര്‍ക്ക് കിട്ടുന്നില്ല. സമൂഹത്തിലും കുടുംബത്തിലും നിന്ന് അവര്‍ നിഷ്‌കാസിതരാകുന്നു. അധികാരപ്പോരാട്ടത്തില്‍ തങ്ങളും ഇരകളായിത്തീര്‍ന്നു എന്നവര്‍ നിരാശയോടെ തിരിച്ചറിയുന്നു.രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. ഒരാള്‍ വേട്ടക്കാരനെ പ്രതിനിധാനം ചെയ്യുന്നു. മറ്റൊരാള്‍ ഇരയെയും. ജോണി എന്ന പേപിടിച്ച കൗമാരപ്രായക്കാരനാണ് വേട്ടക്കാരന്റെ ഭീകര രൂപമായി നില്‍ക്കുന്നത്. അടിക്കടി ദുരന്തങ്ങള്‍ വന്നുപെടുമ്പോഴും പ്രത്യാശയോടെ ജീവിതത്തിലേക്ക് നോക്കുന്ന ഒരു പതിമ്മൂന്നുകാരിയാണ് ഇരയെ പ്രതിനിധാനം ചെയ്യുന്നത്. വികലാംഗനായ അച്ഛനെയും അനിയനെയും സംരക്ഷിക്കുകയും കുടുംബത്തിന്റെ ഭാരം ചുമക്കുകയും ചെയ്യുന്നവളാണീ പെണ്‍കുട്ടി. പോരാട്ടവും അതിജീവനവും മരണവും ജനനവുമൊക്കെ കാണുന്നു അവള്‍. യുദ്ധത്തിന്റെ സാക്ഷിയാണവള്‍. അച്ഛന്‍ വെടിയേറ്റു മരിച്ചിട്ടും അനിയനെ കാണാതായിട്ടും ജീവിക്കാന്‍ ശ്രമിക്കുകയാണാപെണ്‍കുട്ടി. യുദ്ധം അനാഥയാക്കിയ ഒരു കൊച്ചു പെണ്‍കുട്ടിക്ക് അവള്‍ അഭയം നല്കുന്നു. പിങ്ക് ഷമ്മീസും ജീന്‍സും ധരിച്ച അവളെ എല്ലായിടത്തും നമുക്ക് തിരിച്ചറിയാം. മൃതപ്രായനായ അച്ഛനെ കൈവണ്ടിയിലിരുത്തി അവള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നത് ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്ക് നടുവിലൂടെയാണ്. ജോണിയുടെ കുത്സിത മോഹങ്ങള്‍ക്ക് വഴങ്ങുന്നില്ല ഈ പെണ്‍കുട്ടി. അവനെ തോക്കുകൊണ്ട് ഇടിച്ചുവീഴ്ത്താന്‍ അവള്‍ ധൈര്യം കാട്ടുന്നു. തോക്കുയര്‍ത്തിപ്പിടിച്ച്, കണ്ണീരൊലിപ്പിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

'സിറ്റി ഓഫ്‌ഗോഡ്', 'സിറ്റിഓഫ് മെന്‍', 'എലൈറ്റ് സ്‌ക്വാഡ്' എന്നീ സിനിമകള്‍ ജോണിമാഡ് ഡോഗി'ന്റെ സംവിധായകനെ സ്വാധീനിച്ചിട്ടുണ്ടെന്നു തീര്‍ച്ച. സിനിമയുടെ ലാവണ്യ സങ്കല്പങ്ങളോട് കലഹിച്ച ഈ ബ്രസീലിയന്‍ ചിത്രങ്ങളില്‍ ചേരികളില്‍ പൊട്ടിവിരിഞ്ഞ് അസ്തമിക്കുന്ന അധോലോക സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രീകരിക്കുന്നത്. ക്രൂര ചിന്തകളും ചെയ്തികളുമാണ് ഈ ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

2 comments:

T Suresh Babu said...

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ. 1990 മുതല്‍ 2003 വരെ ആഭ്യന്തര യുദ്ധത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. രണ്ടരലക്ഷം പേരാണ് ആ യുദ്ധത്തില്‍ മരിച്ചത്. അവിടത്തെ സംഘര്‍ഷത്തിന്റെ അന്ത്യനാളുകളെ പശ്ചാത്തലമാക്കി പ്രശസ്ത ഫ്രഞ്ച് തിരക്കഥാകൃത്തും സിനിമാട്ടോഗ്രാഫറുമായ ഴാങ് സ്റ്റെഫാന്‍ സോവെയര്‍ സംവിധാനം ചെയ്ത സിനിമയാണ് 'ജോണി മാഡ് ഡോഗ്'.

ദിലീപ് വിശ്വനാഥ് said...

കൊന്ഗോയിലെ വംശീയ കലാപങ്ങള്‍ കാണിച്ച ഹോട്ടല്‍ റ്വാണ്ട എന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. പക്ഷെ ജോണി മാഡ് ഡോഗ് കൂടുതലും അരാജകത്വം കാണിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു എന്നൊരു കുറവ് ഉണ്ട്.