Wednesday, July 21, 2010
ജീവിതത്തിലേക്ക് വീണ്ടും
മാരകരോഗത്തിനടിമയായ ആറുവയസ്സുകാരനായ മകനെ ദയാവധം നടത്തിയതിന് തടവുശിക്ഷ അനുഭവിച്ച് പുറത്തുവരുന്ന ഒരമ്മ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ കഥപറയുന്ന 'ഐ ഹാവ് ലവ്‌ഡ് യു സോ ലോങ്' എന്ന ഫ്രഞ്ച് സിനിമയെക്കുറിച്ച്
ഫ്രഞ്ച് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഫിലിപ്പ് ക്ലോഡല്‍ ആദ്യമായി സംവിധാനം ചെയ്‌ത ഫീച്ചര്‍ ചിത്രമാണ് 'ഐ ഹാവ് ലവ്‌ഡു യു സോ ലോങ്'. 2008 ല്‍ ബര്‍ലിന്‍, ടൊറന്റോ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്. മാരകരോഗത്തിനടിമയായ ആറു വയസ്സുകാരനായ മകനെ ദയാവധത്തിലൂടെ ദുരിതത്തില്‍നിന്നു മോചിപ്പിച്ച ഒരുവനിതാ ഡോക്ടറുടെ തീവ്രവേദനയാണിതില്‍ ആവിഷ്‌കരിക്കുന്നത്. ജയില്‍ ശിക്ഷയ്‌ക്കുശേഷം പുറത്തുവരുമ്പോള്‍ തിരസ്‌കൃതയാകുമെന്നവര്‍ ഭയന്നിരുന്നു. പക്ഷേ, ഇളയ സഹോദരിയും അവളുടെ കുടുംബവും പിന്നെ സമൂഹവും അവരെ തങ്ങളിലൊരാളായി പരിഗണിച്ച് വീണ്ടും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. വിഷാദസാന്ദ്രമായ അന്തരീക്ഷത്തില്‍ നിന്ന് പ്രസാദാത്മകതയിലേക്കാണ് സിനിമയുടെ സഞ്ചാരം. 'സ്‌ത്രീ ശക്തി'യുടെ സിനിമയാണിതെന്ന് സംവിധായകന്‍ പറയുന്നു. ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കരുത്തു നേടുന്ന സ്‌ത്രീയെക്കുറിച്ചുള്ള സിനിമ.
നാല്‌പത് വയസ്സ് പിന്നിട്ട ജൂലിയറ്റ് എന്ന ഡോക്ടറാണിതിലെ നായിക. 15 വര്‍ഷത്തെ തടവിന് ശേഷം അവര്‍ വിമോചിതയാവുന്നു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള ലോഞ്ചില്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന ജൂലിയറ്റിനെയാണ് നമ്മളാദ്യം കാണുന്നത്. ലോഞ്ചില്‍ മറ്റാരുമില്ല. ജൂലിയറ്റിന്റെ ഒറ്റപ്പെടല്‍ ആദ്യത്തെ ഷോട്ടുകളില്‍ത്തന്നെ ദൃശ്യമാണ്. കുറച്ചുകഴിയുമ്പോള്‍ അവരുടെ അനിയത്തി ലിയ ഓടിക്കിതച്ചെത്തുന്നു. ഇവിടെ നിന്ന് ജൂലിയറ്റിന്റെ കഥ തുടങ്ങുകയാണ്. കടുത്ത കുറ്റബോധത്തില്‍ നിന്ന് പതുക്കെപ്പതുക്കെ സ്വതന്ത്രയാവുന്ന ജൂലിയറ്റിനെയാണ് സംവിധായകന്‍ പിന്തുടരുന്നത്.
സര്‍വകലാശാലാ അധ്യാപികയായ ലിയ, ഭര്‍ത്താവ് ലൂക്ക്, ദത്തെടുക്കപ്പെട്ട രണ്ട് മക്കള്‍, ലൂക്കിന്റെ പിതാവ്, ലിയയുടെ സഹപ്രവര്‍ത്തകനായ മിഷേല്‍ എന്നിവരുമായുള്ള ഇടപെടലുകളിലൂടെയാണ് ജൂലിയറ്റ് നഷ്ടജീവിതം തിരിച്ചുപിടിക്കുന്നത്. അവസാനരംഗത്ത്, ഉള്ളിലെ കാര്‍മേഘങ്ങളെല്ലാം പെയെ്‌താഴിഞ്ഞ് ജൂലിയറ്റ് ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ വിളിയുമായി മിഷേല്‍ എത്തുന്നത്. മിഷേലിന്റെ ശബ്ദം മാത്രമേ സംവിധായകന്‍ കേള്‍പ്പിക്കുന്നുള്ളൂ. 'ജൂലിയറ്റ്' എന്നയാള്‍ വിളിക്കുമ്പോള്‍ ജൂലിയറ്റിന്റെ മുഖം വിടരുന്നു. ''ഞാനിവിടെയുണ്ട്'' എന്ന മറുപടിയിലൂടെ ജീവിതത്തിലേക്ക് വീണ്ടും പടര്‍ന്നുകയറാനുള്ള മോഹമാണവര്‍ പ്രകടമാക്കുന്നത്.
ഘട്ടംഘട്ടമായാണ് ജൂലിയറ്റിന്റെ രഹസ്യം അനാവരണം ചെയ്യപ്പെടുന്നത്. അവരുടെ ദുഃഖത്തിന്റെയും ഒറ്റപ്പെടലിന്റെയും കാരണങ്ങള്‍ ആദ്യമൊന്നും വ്യക്തമാക്കുന്നില്ല. ''ഞാനൊരു ദീര്‍ഘയാത്രയിലായിരുന്നു'' എന്നാണ് ജൂലിയറ്റ് തന്റെ ജയില്‍വാസത്തെ വിശേഷിപ്പിക്കുന്നത്. ഇരുപതാം മിനിറ്റില്‍ പ്രത്യക്ഷപ്പെടുന്ന വെല്‍ഫെയര്‍ ഓഫീസറുടെ സംസാരത്തില്‍ നിന്നാണ് അവര്‍ ജയിലായിരുന്നു എന്നു നമ്മള്‍ അറിയുന്നത്. അപ്പോഴും ചെയ്‌ത കുറ്റമെന്തെന്ന വിശദീകരണത്തിലേക്ക് കടക്കുന്നില്ല. ലിയയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ''ഞാന്‍ 15 കൊല്ലം ജയിലിലായിരുന്നു'' എന്ന് ജൂലിയറ്റ് പറഞ്ഞപ്പോള്‍ ലിയയുടെ സുഹൃത്തുക്കളാരും അത് വിശ്വസിക്കുന്നില്ല. ഒരു ഫലിതമെന്നമട്ടില്‍ സദസ്സ് അതു തള്ളുകയാണ്. കഥ മുന്നോട്ടുനീങ്ങവെ ജൂലിയറ്റ് ആരാണെന്ന് കുറേശ്ശെ മനസ്സിലായിത്തുടങ്ങുന്നു. അവരെ പൂര്‍ണമായും അറിയാനുള്ള വെമ്പലാണ് പിന്നെ നമുക്ക്.
കടുത്ത ഏകാന്തതയില്‍ നിന്ന് അനിയത്തിയുടെ വീട്ടിലെ ആഹ്ലാദാന്തരീക്ഷത്തിലെത്തിയപ്പോള്‍ ജൂലിയറ്റ് അസ്വസ്ഥയായിരുന്നു. അനിയത്തിയുടെ കുടുംബവും സുഹൃത്തുക്കളും തന്നെ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു ജൂലിയറ്റിന്റെ ആശങ്ക. ജയിലില്‍ അവരെക്കാണാന്‍ ആരും ചെന്നിരുന്നില്ല. മാതാപിതാക്കളും ഭര്‍ത്താവും വിചാരണവേളയില്‍ത്തന്നെ ജൂലിയറ്റിനെ തള്ളിപ്പറഞ്ഞിരുന്നു. ലിയ ആകട്ടെ അന്ന് കൊച്ചു കുഞ്ഞായിരുന്നു. വിചാരണവേളയില്‍ ജൂലിയറ്റ് മൗനം പൂണ്ടു. ശിക്ഷ ഏറ്റുവാങ്ങാന്‍ സ്വയം പാകപ്പെടുകയായിരുന്നു അവര്‍. നീതിപീഠത്തോട് അവര്‍ ദയയ്‌ക്കായി യാചിച്ചില്ല. പരമാവധി ശിക്ഷ കൊണ്ടേ തന്റെ പാപത്തിനു പരിഹാരമാകൂ എന്നവര്‍ വിശ്വസിച്ചു.
ജീവിതത്തിലേക്ക് വീണ്ടും കടന്നുചെല്ലാന്‍ പ്രേരണ കിട്ടിയ നിമിഷങ്ങളെക്കുറിച്ച് ജൂലിയറ്റ് മിഷേലിനോട് പറയുന്നുണ്ട്. ജയില്‍മോചനം അടുത്തസമയം. ഒരു യുവതി തന്നെ കാണാന്‍ വരുന്നു. അത് ലിയ ആയിരുന്നു. വീണ്ടും വരാമെന്ന് പറഞ്ഞാണ് അവള്‍ പോയത്. അന്നുരാത്രി ജൂലിയറ്റ് തന്റെ അനിയത്തി കൊച്ചുകുഞ്ഞായിരുന്ന നാളുകള്‍ ഓര്‍ത്തെടുത്തു. കുഞ്ഞിപ്പല്ലുകള്‍ കാട്ടിയുള്ള അവളുടെ ചിരി ജൂലിയറ്റിന്റെ ഓര്‍മകളില്‍ തിളങ്ങി. തടവറയുടെ ഇരുട്ടിലൂടെ ആ കുഞ്ഞിക്കൈകള്‍ നീണ്ടുവന്ന് തന്റെ ഹൃദയത്തില്‍ തൊട്ടതായി അവര്‍ക്കനുഭവപ്പെടുന്നു.
ജൂലിയറ്റിനെ വര്‍ത്തമാനകാലത്തോട് അടുപ്പിച്ചു നിര്‍ത്തിയാണ് സംവിധായകന്‍ കഥ പറയുന്നത്. ഭൂതകാലം ഓര്‍ത്തെടുക്കാന്‍ ജൂലിയറ്റിന് ഇഷ്ടമില്ല. അതുകൊണ്ടു ക്യാമറയുടെ സഞ്ചാരം എപ്പോഴും നടപ്പുകാലത്തിലൂടെയാണ്. ജൂലിയറ്റ് മറക്കാനാഗ്രഹിക്കുന്ന ദൃശ്യങ്ങളൊന്നും സംവിധായകന്‍ കാണിക്കുന്നില്ല. ഫ്‌ളാഷ് ബാക്ക് പാടെ ഒഴിവാക്കിയിരിക്കുന്നു. തടവറയിലെ ഏകാന്തതയോ മകന്റെ കുസൃതികളോ അവന്റെ അന്ത്യനിമിഷങ്ങളോ ഒന്നും നമ്മള്‍ കാണുന്നില്ല. എല്ലാം നമ്മള്‍ അനുഭവിച്ചറിയുന്നത് ജൂലിയറ്റിന്റെ ആര്‍ദ്രമായ വാക്കുകളിലൂടെയാണ് (അവസാന ഭാഗത്ത് മകന്റെ ഒരു ഫോട്ടോ മാത്രം കാണിക്കുന്നുണ്ട്).
മകന്‍ പിയറിയെ എല്ലാ വേദനകളില്‍ നിന്നും താന്‍ മോചിപ്പിച്ച നിമിഷങ്ങളെപ്പറ്റി ജൂലിയറ്റ് പറയുന്നതിങ്ങനെ: ''ആ രാത്രി വലിയൊരു പാര്‍ട്ടി നടത്തി. അവനന്ന് കഷ്ടിച്ച് അനങ്ങാനേ കഴിഞ്ഞിരുന്നുള്ളൂ. ഞങ്ങള്‍ ഒരുമിച്ച് പാട്ടുപാടി. പൊട്ടിച്ചിരിച്ചു. അവന് ഏറ്റവും പ്രിയപ്പെട്ട കഥകളെല്ലാം ഞാന്‍ വായിച്ചുകൊടുത്തു. പിന്നെ, സാവകാശം കിടത്തി. ഞാനവനെ അതിയായി സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ഒരു ഇഞ്ചക്ഷന്‍ കൊടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. നേരം വെളുക്കും വരെ ഞാനവന്റെ അരികില്‍ത്തന്നെ ഉണ്ടായിരുന്നു.'' ഇവിടെ ദൃശ്യങ്ങള്‍ അധികപ്പറ്റാണെന്ന് നമുക്ക് തോന്നും. അതാണ് സംവിധായകന്റെ മിടുക്ക്.
110 മിനിറ്റ് നീണ്ട ഈസിനിമയുടെ ശക്തി ജൂലിയറ്റ് എന്ന കഥാപാത്രമാണ്. അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്കാണ് ക്യാമറ ഇറക്കിവെച്ചിരിക്കുന്നത്. എത്ര കഠിനവ്യഥയാണ് അവര്‍ അനുഭവിച്ചതെന്ന് ഓരോ ദൃശ്യഖണ്ഡവും സാക്ഷ്യപ്പെടുത്തുന്നു. അപാരമായ അഭിനയ സിദ്ധിയുണ്ടെങ്കിലേ ഈ കഥാപാത്രത്തെ വിജയിപ്പിക്കാനാവൂ. ഫ്രഞ്ച് പൗരത്വമുള്ള ബ്രിട്ടീഷ് നടി ക്രിസ്റ്റീന്‍ എ. സ്‌കോട്ട് തോമസിനെയാണ് ജൂലിയറ്റിന്റെ വേഷം സംവിധായകന്‍ ഏല്‌പിച്ചിരിക്കുന്നത്. അതവര്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. 'ബിറ്റര്‍ മൂണ്‍', 'ഫോര്‍ വെഡിങ്‌സ് ആന്‍ഡ് എ ഫ്യൂണറല്‍', 'ദ ഇംഗ്ലീഷ് പേഷ്യന്റ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അംഗീകാരം നേടിയിട്ടുള്ള നടിയാണ് ക്രിസ്റ്റീന്‍.
Subscribe to:
Post Comments (Atom)
2 comments:
പക്ഷേ ഇതിൽ ആദ്യം മുതൽ അവസാനം വരെ ഒരേ ദുഃഖമുഖത്തോടെ അവരെ കാണുമ്പോൾ, എന്തോ ഒരു ആകാശദൂത് പോലെയെല്ലാം, നിർബന്ധിച്ച് വികാരമുണ്ടാക്കാൻ സംവിധായകൻ ശ്രമിക്കുന്ന പോലെ തോന്നും
സിനിമ കണ്ടില്ല...സിനിമ കണ്ട അനുഭവം വായിച്ചപ്പോൾ തന്നെ ഉണ്ടായി..നന്ദി
Post a Comment