2009-ല്‍ കാന്‍, മിയാമി, സാവോപോളോ, ടോക്കിയോ ഫിലിംമേളകളില്‍ അവാര്‍ഡ് നേടിയ ചിത്രമാണ് `നോ വണ്‍ നോസ് എബൗട്ട് പേര്‍ഷ്യന്‍ ക്യാറ്റ്സ്'.
ഇറാനിലെ കുര്‍ദിഷ് സംവിധായകന് ബഹ്മാന് ഗൊബാദി സദാ അസ്വസ്ഥനാണ്. പുതിയൊരു സിനിമയെപ്പറ്റി ആലോചിക്കുമ്പോഴേ അദ്ദേഹത്തിന് ആധി തുടങ്ങും. തിരക്കഥ രൂപപ്പെട്ടുകഴിഞ്ഞാല്‍ നേരെയങ്ങ് ഷൂട്ടിങ് തുടങ്ങാനാവില്ല. തിരക്കഥയ്ക്ക് അധികാരികളുടെ അംഗീകാരം നേടണം. ചിലപ്പോള്‍ അവര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കേണ്ടിവരും. സ്വതന്ത്രമായ മനസ്സോടെയല്ല താന്‍ തിരക്കഥ രചിക്കുന്നതെന്ന് ഗൊബാദി പറയുന്നു. വിലക്കുകളാണ് വാക്കുകള്‍ക്ക് മുമ്പേ മനസ്സില്‍ കടന്നുവരിക. തിരക്കഥയുടെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എപ്പോഴും അദ്ദേഹത്തിന്റെ വേവലാതി. തിരക്കഥയുമായി നിത്യവും സാംസ്കാരിക മന്ത്രാലയത്തില്‍ പോകേണ്ടിവരും. പത്തുമണിക്കൂര്‍ വരെ ചിലപ്പോള്‍ ഉദ്യോഗസ്ഥരുടെ ദയാകടാക്ഷത്തിനായി കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും ഗൊബാദി സിനിമയെടുക്കുന്നു; ആത്മരോഷം ഉള്ളിലടക്കിക്കൊണ്ട്.
തിരക്കഥയ്ക്ക് അംഗീകാരം വാങ്ങാതെയാണ് അദ്ദേഹം ഏറ്റവുമൊടുവിലത്തെ ചിത്രമായ `നോ വണ്‍ നോസ് എബൗട്ട് പേര്‍ഷ്യന്‍ ക്യാറ്റ്സ്' (No one knows about Persian cats) എടുത്തത്. 17 ദിവസം കൊണ്ട് വളരെ രഹസ്യമായാണ് ടെഹ്റാനില്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്.
എല്ലാ കുര്‍ദുകളെയുംപോലെ കടുത്ത സദ്ദാംവിരുദ്ധനാണ് ഗൊബാദി. നാലഞ്ച് രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന 40 ലക്ഷം കുര്‍ദുകളുടെ പ്രതിനിധിയാണദ്ദേഹം. എല്ലായിടത്തും കുര്‍ദുകളുടെ മുന്നില്‍ മതിലുകളുണ്ട്. എങ്കിലും അവര്‍ ജീവിതത്തെ സ്നേഹിക്കുന്നു. സംഗീതം ഏറെ ഇഷ്ടപ്പെടുന്നു. അവരുടെ ജീവിതത്തില്‍നിന്നാണ് ഗൊബാദി തന്റെ സിനിമകള്‍ രൂപപ്പെടുത്തുന്നത്. അതിര്‍ത്തികളില്ലാത്ത ഒരു ലോകമാണ് ഗൊബാദിയുടെ ആഗ്രഹം. അവിടെ, വിലക്കുകളില്ലാതെ സംഗീതവുമുണ്ടെങ്കില്‍ ജീവിതം പൂര്‍ണമായി.
??നാല്‍പ്പത്തിരണ്ടുകാരനായ ഗൊബാദി പതിനെട്ടാംവയസ്സില്‍ തുടങ്ങിയതാണ് സിനിമാസംവിധാനം. ആകെ അഞ്ച് ഫീച്ചര്‍ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹ്രസ്വചിത്രത്തിലായിരുന്നു തുടക്കം. രണ്ടായിരത്തില്‍ ആദ്യത്തെ ഫീച്ചര്‍ചിത്രം പുറത്തുവന്നു. പേര്: `എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്സസ്' (A time for drunken horses ). മാതാപിതാക്കളുടെ മരണശേഷം കുടുംബഭാരം തലയില്‍ വീഴുന്ന അയൂബ് എന്ന കുര്‍ദ് ബാലന്റെ കഠിനജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. 2004-ല്‍ ഇറങ്ങിയ `ടര്‍ട്ട്ല്‍സ് കാന്‍ ഫ്ളൈ' (Turtles can fly) എന്ന സിനിമയും കുട്ടികളുടെ യാതനാപര്‍വത്തിലൂടെയാണ് കടന്നുപോകുന്നത്. 2003-ല്‍ അമേരിക്ക ഇറാഖില്‍ നടത്തിയ ആക്രമണത്തിന് തൊട്ടുമുമ്പുള്ള ഒരു കുര്‍ദ് അഭയാര്‍ഥിക്യാമ്പാണ് ഇതിന്റെ പശ്ചാത്തലം. യുദ്ധത്തിനിരയാകുന്ന കുട്ടികളിലൂടെ ഒരു ജനതയുടെ ജീവിതസമരം ആവിഷ്കരിക്കുകയായിരുന്നു ഗൊബാദി ഈ ചിത്രങ്ങളില്‍. അടുത്ത ചിത്രംതൊട്ട് ഗൊബാദിയുടെ സഞ്ചാരവഴി മാറുന്നു. സംഗീതത്തിന് പ്രമേയത്തില്‍ മുന്‍തൂക്കം കൈവരുന്നു. പക്ഷേ, അപ്പോഴും ജനതയുടെ ജീവിതയാതനകളെ ചിത്രത്തിന്റെ പശ്ചാത്തലമായി നിര്‍ത്തുന്നുണ്ടദ്ദേഹം. 2005-ലെ ' മറൂണ്‍ഡ് ഇന്‍ ഇറാഖ് ' (Marooned in Iraq ) മിര്‍സ എന്നവൃദ്ധഗായകന്‍ ഗായകരായ തന്റെ രണ്ട് ആണ്‍മക്കളുമൊത്ത് ഇറാഖിലേക്ക് നടത്തുന്ന അന്വേഷണയാത്രയുടെ കഥ പറയുന്നു. ഗായികമാര്‍ക്ക് ഇറാനില്‍ വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തന്റെ സുഹൃത്തിനൊപ്പം ഇറാഖിലേക്ക് രക്ഷപ്പെട്ട മുന്‍ഭാര്യയെ കണ്ടെത്താനാണ് മിര്‍സ അഭയാര്‍ഥിക്യാമ്പുകള്‍ തോറും അന്വേഷണം നടത്തുന്നത്. 2006-ലെ `ഹാഫ് മൂണ്‍' എന്ന ചിത്രത്തിലും ഒരു വൃദ്ധഗായകനാണ് പ്രധാന കഥാപാത്രം. കുര്‍ദിസ്താനില്‍ തന്റെ അവസാന കച്ചേരി നടത്താന്‍ യാത്രയാകുന്ന മാമു എന്ന ഗായകനും സംഗീതകാരന്മാരായ ആണ്മക്കളാണ് കൂട്ട്. ഏറ്റവും അവസാനത്തെ ചിത്രമായ `നോ വണ്‍ നോസ് എബൗട്ട് പേര്‍ഷ്യന്‍ ക്യാറ്റ്സ്' ഏതു പ്രതിസന്ധിയിലും സംഗീതത്തെ ഉപാസിക്കാന്‍ തയ്യാറാവുന്ന കുറെ മനുഷ്യരുടെ കഥ അനാവരണം ചെയ്യുന്നു.
?ആദ്യത്തെ നാലു ചിത്രങ്ങളിലും ഗ്രാമകേന്ദ്രീകൃതമായ പ്രമേയങ്ങളാണ് ഗൊബാദി സ്വീകരിച്ചിരുന്നത്. `നോ വണ്‍ നോസി'ലെത്തുമ്പോള്‍ ഗൊബാദി നഗരത്തിലേക്ക് കടക്കുന്നു. ടെഹ്റാന് നഗരമാണ് പശ്ചാത്തലം. പക്ഷേ, നഗരജീവിതത്തിന്റെ രേഖാചിത്രമൊന്നുമല്ല കാണിക്കുന്നത്. ഇറാന്റെ അനുസ്യൂതമായ സംഗീത പാരമ്പര്യം ഉയര്‍ത്തിക്കാണിക്കുകയാണ് ഗൊബാദി. ഭരണകൂടത്തിന്റെ വിലക്കുകള്‍ ലംഘിച്ചും പാശ്ചാത്യ, ഇറാനിയന്‍ സംഗീതധാരകളെ സമന്വയിപ്പിക്കാന്‍ പരിശ്രമിക്കുന്ന കുറെ സംഗീതകാരന്മാരെയാണ് അദ്ദേഹം ഈ ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത്.
പാശ്ചാത്യസംഗീതത്തിന് ഇറാനില്‍ വിലക്കുണ്ട്. 2005-ലാണ് നിരോധനം വന്നത്. എന്നിട്ടും ഈ നിരോധനം ലംഘിച്ച് 2500-ഓളം പോപ് സംഗീതട്രൂപ്പുകള്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. എല്ലാം ഒളിവില്‍. അവര്‍ രഹസ്യമായി നടത്തുന്ന സംഗീതക്കച്ചേരികളിലേക്ക് ആസ്വാദകര്‍ എത്തുന്നു. ഏതുനിമിഷവും അവിടേക്ക് പോലീസ് വരാം. സംഗീതകാരന്മാര് അറസ്റ്റിലാകാം. പിന്നെ ജയില്‍വാസം. ഒരിക്കല്‍ ഇങ്ങനെ നിയമം ലംഘിച്ചതിന് ജയിലില്‍ പോയ അഷ്കാന്‍ എന്ന യുവാവും അവന്റെ കൂട്ടുകാരി നെഗറുമാണ് `നോ വണ്‍ നോസി'ലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവരും ജയിലില്‍ നിന്ന് തിരിച്ചെത്തുമ്പോഴാണ് കഥ തുടങ്ങുന്നത്. അവര്‍ക്ക് എങ്ങനെയെങ്കിലും രാജ്യം വിടണം. ലണ്ടനില്‍നിന്ന് ക്ഷണം വന്നിട്ടുണ്ട്. അവിടെ സംഗീതപരിപാടി അവതരിപ്പിക്കണം. അതിനായി ഒരു ബാന്‍ഡുണ്ടാക്കണം. ഗിത്താര്‍ വാദകരെയും ഡ്രമ്മറെയും ഒരു ഗായികയെയും കണ്ടെത്തണം. ഇവര്‍ക്കൊക്കെ പാസ്പോര്‍ട്ടും വിസയും സംഘടിപ്പിക്കണം. ഇതിനൊക്കെ സഹായിയായി നദര്‍ എന്ന രസികന്‍ പാട്ടുകാരനും ഇവരോടൊപ്പമുണ്ട്. സംഗീതകാരന്മാരുടെ രഹസ്യകേന്ദ്രങ്ങളില്‍ അവര്‍ സന്ദര്‍ശനം നടത്തുന്നു. വ്യാജമായി പാസ്പോര്‍ട്ടുണ്ടാക്കുന്ന സംഘത്തെയും സമീപിക്കുന്നു. ഒടുവില്‍, എല്ലാം നിഷ്ഫലമാകുന്നു.
ഗൊബാദിയുടെ മറ്റ് ചിത്രങ്ങളെപ്പോലെ നമ്മളെ ആഴത്തില്‍ തൊടുന്നില്ല ഈ ചിത്രം. എല്ലാം സംഗീതത്തിലേക്കൊതുക്കുന്ന ഇതിവൃത്തത്തിന് ജനജീവിതത്തിന്റെ സജീവ താളക്രമമില്ല. കഥാപാത്രങ്ങളെല്ലാം സംസാരിക്കുന്നത് സംഗീതത്തെക്കുറിച്ചാണ്. ചടുലമാണ് ആവിഷ്കാരരീതി. പാട്ടുകളുടെ ദൃശ്യവത്കരണവും ആകര്‍ഷണീയമാണ്. എങ്കിലും ഒരേ രേഖയിലൂടെയാണ് ഇതിവൃത്തത്തിന്റെ സഞ്ചാരം. കഥാഖ്യാനരീതിക്ക് ഡോക്യുമെന്ററിയുടെ സ്വഭാവമുണ്ട്. സിനിമയുടെ പാതിവഴിയില്‍ത്തന്നെ കഥയുടെ സ്വാഭാവികപരിണാമം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പരാജയപ്പെടാനുള്ള കലാകാരന്റെ വിധിയിലേക്കാണ് സംഭവങ്ങള്‍ ഒന്നൊന്നായി ചെന്നെത്തുന്നത്.
`പേര്‍ഷ്യന്‍ പൂച്ചകളെപ്പറ്റി ആര്‍ക്കും ഒന്നുമറിഞ്ഞൂടാ' എന്ന വിചിത്രമായ ശീര്‍ഷകത്തിലൂടെ തന്റെ രോഷമാണ് ഗൊബാദി പ്രകടിപ്പിക്കുന്നത്. ഇറാനിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയാവസ്ഥകളെപ്പറ്റി പുറംലോകം അജ്ഞരാണെന്ന് സൂചിപ്പിക്കുകയാണ് അദ്ദേഹം. സൗമ്യരാണ് പേര്‍ഷ്യന്‍പൂച്ചകള്‍. പക്ഷേ, അവയ്ക്ക് വീട്ടിനകമേ വിധിച്ചിട്ടുള്ളൂ. പൊതുസ്ഥലത്ത് അവയ്ക്ക് പ്രവേശനമില്ല. പാശ്ചാത്യസംഗീതത്തിനും ഇറാനില്‍ ഇതാണ് ഗതി.
സിനിമയുടെ പ്രമേയത്തിന് ഗൊബാദിയുടെ ജീവിതവുമായി സാമ്യമുണ്ട്. കൂട്ടുകാരിയും പത്രപ്രവര്‍ത്തകയുമായ റൊക്സാന സബേരിയും തിരക്കഥാരചനയില്‍ അദ്ദേഹത്തോടൊപ്പം പങ്കാളിയായിട്ടുണ്ട്.
ചാരപ്പണിക്കുറ്റം ആരോപിച്ച് റൊക്സാനയെ ഇറാന് സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുറവിളി ഉയര്‍ത്തിയപ്പോഴാണ് അവരെ വിട്ടയച്ചത്. സിനിമാവഴിയില്‍ സഞ്ചരിക്കുന്ന ഗൊബാദിയുടെയും കൂട്ടുകാരിയുടെയും പ്രതിരൂപങ്ങളാണ് `നോ വണ്‍ നോസി'ലെ മുഖ്യ കഥാപാത്രങ്ങള്‍.
2 comments:
2009-ല്‍ കാന്‍, മിയാമി, സാവോപോളോ, ടോക്കിയോ ഫിലിംമേളകളില്‍ അവാര്‍ഡ് നേടിയ ചിത്രമാണ് `നോ വണ്‍ നോസ് എബൗട്ട് പേര്‍ഷ്യന്‍ ക്യാറ്റ്സ്'.
I think it's high time Iranians think about democracy and they can benefit a lot from it!
Post a Comment