Friday, February 1, 2013

സിനിമയുടെ ലോകങ്ങള്‍




സമകാല ലോകസിനിമയിലെ ക്ലാസിക്കുകളെക്കുറിച്ചുള്ള 50 പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് കാഴ്ചയുടെ ഭൂപടം. ഇന്നത്തെ ലോകസിനിമ എന്താണെന്നും അതിന്റെ പരിഗണനകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന പുസ്തകം. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ജാഗ്രതയും എഴുത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും എടുത്തു പറയേണ്ടതാണ്.

 ബിജു സി.പി.

സിനിമ നമുക്കൊരു വികാരമാണിന്ന്. ആധുനിക മനുഷ്യന്റെ ആവിഷ്‌കാരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സമഗ്രതയാര്‍ജിച്ച മഹത്തായ കല. അത് വെറുമൊരു നേരമ്പോക്കല്ല. ജീവിതത്തിന്റെ സകല തലങ്ങളെയും നിരന്തരം നവീകരിച്ചു കൊണ്ട് മനുഷ്യസമൂഹത്തെയാകെ പുതിയ വളര്‍ച്ചകളിലേക്കും വികാസത്തിലേക്കും നയിക്കുന്ന മുന്നേറ്റമാണ്. സിനിമ ഇന്ന്, മറ്റേതൊരു ആവിഷ്‌കാരത്തെക്കാളും അധികമായി മനുഷ്യനെ ഒരു സമൂഹമെന്ന നിലയില്‍ ഏകോപിപ്പിക്കുന്നുണ്ട്. അത് ഒരേ സമയം സാംസ്‌കാരിക മുന്നേറ്റവും സാംസ്‌കാരിക പ്രതിനിധാനവുമാകുന്നു. വികാരങ്ങളുടെ ആവിഷ്‌കാരവും വിചാരങ്ങളുടെ വിളനിലവുമാകുന്നു.മുഴുവന്‍ മനുഷ്യരാശിയോടും ഒരുപോലെ സംവദിക്കുന്ന ഈ മഹത്തായ കലാസൃഷ്ടികളെയാണ് നാം ലോകസിനിമ എന്നു വിളിക്കുന്നത്. ഭാഷയുടെയും പ്രാദേശികതയുടെയും അതിരുകള്‍ക്കപ്പുറത്ത് മനുഷ്യകുലത്തിന്റെ മഹാവലിപ്പങ്ങളിലേക്ക് ഓരോ വ്യക്തിയെയും ചേര്‍ത്തു നിര്‍ത്തുന്ന സാംസ്‌കാരികപ്പശിമ. അതിവിശാലവും ബൃഹത്തുമായ ലോകസിനിമയുടെ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തി ലോകസിനിമയെക്കുറിച്ച് പരിചയപ്പെടുത്തുന്ന പുസ്തകമാണ് കാഴ്ചയുടെ ഭൂപടം. 
സിദ്ധാന്തങ്ങള്‍ പറയുന്ന പാതിവെന്ത രചനകളും വിവര്‍ത്തനങ്ങളുമല്ലാതെ സിനിമ ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് സിനിമയെക്കുറിച്ച് അറിയാനും ആസ്വദിക്കാനും സഹായിക്കുന്ന പുസ്തകങ്ങള്‍ ഏറെയൊന്നുമില്ല മലയാളത്തില്‍. ലോകസിനിമയിലെ ഏറ്റവും മികച്ച അമ്പതു സിനിമകളെക്കുറിച്ച് ലളിതമായും സൂക്ഷ്മമായും വിശദീകരിക്കുന്നു കാഴ്ചയുടെ ഭൂപടം. സിനിമ എടുക്കുന്നതില്‍ മാത്രമല്ല, അത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നതിലും ഒരു സംസ്‌കാരമുണ്ടെന്ന തിരിച്ചറിവ് ഗ്രന്ഥകാരന്‍ ആമുഖത്തില്‍തന്നെ വ്യക്തമാക്കുന്നു. സിനിമയെ സ്‌നേഹിക്കുകയും മഹിതമായ ഒരു ചലച്ചിത്ര സംസ്‌കാരത്തിന്റെ  ഊര്‍ജത്തില്‍ നിന്നു കൊണ്ട് സിനിമ കാണുകയും ലളിതമായി എഴുതുകയും ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. 
ഓരോ സിനിമയെക്കുറിച്ചും എഴുതുമ്പോള്‍ അതതു സിനിമയുടെ സംവിധായകര്‍ മുന്നോട്ടുവെക്കുന്ന ചലച്ചിത്രസംസ്‌കാരത്തെക്കുറിച്ചും അവരുടെ ഇതര സിനിമകളെക്കുറിച്ചും സാമാന്യേന പറഞ്ഞു പോകുന്നുണ്ട്. ഒരു ലേഖനവും ഒരൊറ്റ സിനിമയെക്കുറിച്ചുള്ള കുറിപ്പു മാത്രമായി നില്‍ക്കുന്നില്ല. ഒരു സിനിമയെ മുഖ്യമായി പരാമര്‍ശിച്ച് ആ സംവിധായകന്റെ ചലച്ചിത്രലോകത്തെക്കുറിച്ചുള്ള വിശകലനമായി മാറുന്നു മിക്ക ലേഖനങ്ങളും. വിശാലമായ ഒരു സിനിമാസംസ്‌കാരത്തിലേക്ക് വായനക്കാരെ നയിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ലോകസിനിമ എന്നു പറഞ്ഞു തുടങ്ങുന്നവരൊക്കെ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍, ബൈസിക്കിള്‍ തീവ്‌സ്, റാഷമോണ്‍ തുടങ്ങി ദശാബ്ദങ്ങള്‍ക്കുമുമ്പുള്ള കുറേ ക്ലാസിക്കുകളെക്കുറിച്ചു മാത്രമാണ് പറയാറുള്ളത്. എന്നാല്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്ന സിനിമകളെല്ലാംതന്നെ സമകാല ലോകസിനിമയിലെ ക്ലാസിക്കുകളാണ്. ഇന്നത്തെ ലോകസിനിമ എന്താണ് എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നു എന്നതാണ് കാഴ്ചയുടെ ഭൂപടത്തിന്റെ ഏറ്റവും വലിയ മേന്മ. 2011ല്‍ പുറത്തു വന്ന ദേവൂള്‍, ദ മില്‍ ആന്‍ഡ് ദ ക്രോസ്സ് തുടങ്ങിയ സിനിമകളൊക്കെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. 
ഇസ്രായേലിന്റെയും റുമാനിയയുടെയും തുര്‍ക്കിയുടെയും അമേരിക്കയുടെയും റഷ്യയുടെയും ജര്‍മനിയുടെയുമൊക്കെ രാഷ്ട്രീയ പരിണാമങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ അധികാര വെറിയെക്കുറിച്ചുമൊക്കെയുള്ള തിരിച്ചറിവുകളിലേക്ക് എങ്ങനെയാണ് സിനിമ പ്രേക്ഷകരെ തോറ്റിയുണര്‍ത്തുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്നു പുസ്തകം. സിനിമാ പാരഡീസോയിലൂടെ വിശ്വപ്രസിദ്ധനായ ജൂസെപ്പെ ടൊര്‍ണത്തോറെയുടെ ദ അണ്‍നോണ്‍ വുമണ്‍ എന്ന സിനിമയെക്കുറിച്ച് വിവരിക്കുന്ന അജ്ഞാത എന്ന ലേഖനമാണ് പുസ്തകത്തില്‍ ആദ്യം. മാര്‍കേസിന്റെ കോളറാ കാലത്തെ പ്രണയം എന്ന നോവലിനെ ഉപജീവിച്ച് അതേ പേരില്‍ വന്ന സിനിമ, രാംചന്ദ് പാകിസ്താനി എന്ന പാക് സിനിമ, എന്നു തുടങ്ങി പൊളാന്‍സ്‌കിയുടെ ഗോസ്റ്റ് റൈറ്റര്‍ വരെ 50 ലേഖനങ്ങളിലൂടെ നൂറോളം സിനിമകളെ പരിചയപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. സമകാല ലോകസിനിമ എന്താണെന്നു മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു കൈപ്പുസ്തകം പോലെ പ്രയോജനപ്പെടുത്താവുന്നതാണ് കാഴ്ചയുടെ ഭൂപടം.
പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും മുന്നണിയില്‍ നില്‍ക്കുന്ന സിനിമകളാണ് പരാമര്‍ശിക്കപ്പെടുന്നവയിലേറെയും. ഒപ്പം, ഡിസ്റ്റന്റ്, ദ ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജര്‍, കിം കി ഡൂക്കിന്റെ ബ്രെത്ത് തുടങ്ങി മനുഷ്യാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന നിരവധി സിനിമകളും. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തിയിട്ടുള്ള രാഷ്ട്രീയജാഗ്രത എടുത്തു പറയേണ്ടതാണ്. 
    പത്രപ്രവര്‍ത്തകന്‍ കൂടിയായ ടി.സുരേഷ് ബാബുവിന്റെ രചനാ ശൈലി ലളിതവും ഹൃദയഹാരിയുമാണ്.

No comments: