Sunday, April 7, 2013

ങ്ങക്ക് കുര്‍ത്തോണ്ട ഈ മൂട്


ഏഴ് ഭാഷകള്‍ കൂടിച്ചേര്‍ന്ന് കാസറഗോഡിന് നല്‍കിയ
സവിശേഷ നാട്ടുഭാഷയെ അതിന്റെ 
തനിമയോടെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് 
അപ്‌സര പബ്‌ളിക് സ്‌കൂളിലെ ' മാതൃഭൂമി സീഡ് ' പ്രവര്‍ത്തകര്‍


നടന്‍ സുരേഷ് ഗോപിയോടാണ് ചോദ്യം. ' ങ്ങക്ക് കുര്‍ത്തോണ്ട ഈ മൂട് ? ' കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഒരു വനിതാംഗമാണ് സ്‌നേഹത്തോടെ ഇങ്ങനെ ചോദിച്ചത്. ഡയലോഗ് വീരനായ നടന് ഒന്നും തിരിഞ്ഞില്ല. ' നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ഈ മുഖം ' എന്നാണ് വനിതാംഗം ഉദ്ദേശിച്ചത് എന്ന് ഒരാള്‍ നടന് പറഞ്ഞുകൊടുത്തു. തന്റെ അതിപ്രശസ്തമായ ഡയലോഗിന്റെ കാസറഗോഡന്‍ പരിഭാഷ കേട്ട് സുരേഷ് ഗോപി ചിരിച്ചു. 
    കാസര്‍കോട് പരവനടുക്കത്തെ അപ്‌സര പബ്‌ളിക് സ്‌കൂളിലെ പത്താംതരം ബി. ക്‌ളാസിലെ ' പുള്ളര്‍ ' തയാറാക്കിയ നാട്ടുഭാഷാ കൈപ്പുസ്തകത്തിലാണ് ഈ അനുഭവകഥയുള്ളത്. സുരേഷ്‌ഗോപിയെ മാത്രമല്ല പലരെയും പരിഭ്രമിപ്പിച്ചിട്ടുണ്ട് കാസറഗോഡന്‍ ഭാഷ. ഉത്തരകേരളത്തിലെ ഏഴ് ഭാഷകളുടെ സങ്കരമാണ് കാസറഗോഡന്‍ ശൈലി. 'ഉടുത്ത ഭാഷ ഒന്നിനും കൊള്ളില്ല ' എന്ന കുഞ്ഞുണ്ണിമാഷുടെ മൊഴിയാണ് അപ്‌സരയിലെ കുട്ടികള്‍ക്ക് വഴികാട്ടിയായത്. അവര്‍ കാസറഗോഡന്‍ നാട്ടുഭാഷയുടെ തനിമയും തെളിമയും മാലോകരെ അറിയിക്കുകയാണ്. വാക്കുകളുടെ മേല്‍ പൊതിഞ്ഞുവെച്ച കൃത്രിമത്വത്തിന്റെ ആടകള്‍ അവര്‍ അഴിച്ചെറിയുന്നു. 

  ഏറ്റവും കൂടുതല്‍ ഭാഷകള്‍ മ്ണ്ട്ന്ന ജില്ലയാണ് കാസറഗോഡ് എന്ന് കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു. ഏയ് തരം ഭാഷകളാണ് ഇവിടെ മ്ണ്ട്ന്നത്. കന്നഡ, തുളു, ബ്യാരി, മലയാളം, ഹിന്ദി, മറാത്തി, കൊങ്കണി എന്നിവ. കേരളത്തിലെ വടക്കേ മൂലയില്‍ പൈമൂന്ന് ലച്ചത്തോളം ആള്‍ക്കാര്‍ ചേയിക്ക്ന്ന ജില്ലേന്റെ ഉസാര്‍ അടിത്തട്ട്ന്ന് തൊട്ങ്ങണംന്നാണ് അവരുടെ അഭിപ്രായം. 
 സ്‌കൂളിലെ ' മാതൃഭൂമി സീഡ് ' ക്‌ളബ്ബില്‍പ്പെട്ട കുട്ടികളാണ് ' ആദിലേ പൂദിലേ ' എന്ന കൈപ്പുസ്തകത്തിന്റെ അവതാരകര്‍. ' ആദിലേ പൂദിലേ ' എന്നാല്‍ ' ആദ്യം തൊട്ടേ ' എന്നര്‍ഥം. ( സമാനമായ പ്രയോഗം കണ്ണൂരും കോഴിക്കോട്ടുമുണ്ട്. ' ആദീം പൂതീം ' എന്നാണ് കണ്ണൂരുകാര്‍ പറയുക. ' ആദ്യോം പൂദ്യോം ' എന്ന് കോഴിക്കോട്ടുകാരും) . കാസറഗോഡന്‍ ഭാഷയുടെ സംരക്ഷണത്തിന് ആദ്യം തൊട്ടേ തുടങ്ങാം എന്നാണ് അപ്‌സരയിലെ കുട്ടികള്‍ പറയുന്നത്. സീഡിന്റെ മുന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.പി. സജിരാഗാണ് 66 താളുകളുള്ള പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. അയിഷ കാപ്പില്‍ സ്റ്റൂഡന്റ് എഡിറ്ററും. ഈ ഭൂമിയുടെ മാത്രമല്ല, നാട്ടുഭാഷയുടെയും സംരക്ഷകരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് അപ്‌സരയിലെ സീഡ് പ്രവര്‍ത്തകര്‍. 
 ഈ പ്രാദേശികഭാഷാ മാഗസിന്‍ ഭാഷാഭൂപടത്തില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍. കെ. വിജയന്‍ കരിപ്പാളിന് സംശയമൊന്നുമില്ല. ' ഇംഗ്‌ളീഷ് ചെടിയിലെ നാട്ടുപൂവ് ' എന്നാണ് അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. 
 മണ്ണിന്റെ രുചിയറിഞ്ഞ നാവില്‍ നിന്ന് തുളുമ്പുന്ന ഭാഷാഭേദങ്ങള്‍. ഇവ വെറും കെട്ടുകാഴ്ചയല്ലെന്ന് ' ആദിലേ പൂദിലേ ' യുടെ അണിയറ ശില്പികള്‍ തിരിച്ചറിയുന്നു. ഭാഷാ അധിനിവേശത്തിന്റെ കാലത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്നും അവര്‍ക്കറിയാം. പ്രാദേശികഭാഷകളെ നിലംപരിശാക്കുന്ന ഭാഷാ ആക്രമണങ്ങളെ കുഞ്ഞുകൈകള്‍ കൊണ്ട് തടയാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് മുഖത്തെഴുത്തില്‍ കുട്ടികള്‍ പറയുന്നു. സ്വന്തം എന്ന വാക്കിനെ അടിച്ചൊതുക്കി, അവകാശപ്പെടാന്‍ ഓര്‍മകള്‍ മാത്രമായി കഴിയാന്‍ വിധിക്കപ്പെട്ട മലയാളികളായി നാം മാറുന്നു എന്നതാണ് അവരുടെ ദു:ഖം. ആ ദു:ഖത്തില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. 
 കുമ്പളക്കും കാഞ്ഞങ്ങാടിനുമിടയില്‍ പ്രചാരത്തിലുള്ള വാക്കുകളാണ് ' ആദിലേ പൂദിലേ ' യിലുള്ളത്. തങ്ങള്‍ക്ക് പരിചിതമായ ഇടങ്ങളില്‍ നിന്നാണ് കുട്ടികള്‍ വാക്കുകള്‍ ശേഖരിച്ചത്.കിട്ടിയ വാക്കുകള്‍ ഉപയോഗിച്ച് അവര്‍ കഥകളെഴുതി. കവിതകളും ഓര്‍മക്കുറിപ്പും പാചകക്കുറിപ്പും ഒറ്റമൂലിയും എഴുതി.കാസറഗോഡ് ജില്ലയുടെ വിശേഷങ്ങളെഴുതി. എന്തിനേറെ, ടിന്റുമോന്റെ ഫലിതങ്ങള്‍പോലും നാട്ടുഭാഷയിലാക്കി.       ഇംഗ്‌ളീഷ് മീഡിയത്തിലെ ഭാഷാപരമായ അണിഞ്ഞൊരുങ്ങലുകള്‍ക്ക് അപ്പുറം തങ്ങളുടെ ഭാഷയുടെ തനിമയെ ആവിഷ്‌കരിക്കാനുള്ള ശ്രമം ഭാഷയില്‍ പൊതുവെ നടത്തുന്ന അഴിച്ചുപണിയുടെ ഭാഗം തന്നെയാണെന്നാണ് എന്‍. സന്തോഷ് കുമാര്‍ അവതാരികയില്‍ നിരീക്ഷിക്കുന്നത്. 
 ഉള്‍പ്പേജുകളിലെ വിഷയവിവരത്തില്‍ നിന്നേ തുടങ്ങുന്നു കാസറഗോഡന്‍ ഭാഷയുടെ തനിമ. ' ഉള്ളിലെ ബിസ്യം ' ആണ് അവര്‍ക്ക് ഉള്ളടക്ക സൂചിക. കുട്ടിച്ചിത്രങ്ങളുടെ അകമ്പടിയോടെ വിഷയങ്ങള്‍ ഒന്നൊന്നായി താളുകളില്‍ നിറയുന്നു. അയിഷ കാപ്പിലിന്റെ കവിതയിലാണ് തുടക്കം. ' മടിയാ , പണി എട്ക്ക് ' എന്ന കവിതയില്‍ മടിയനായ ആനയെ പണിയെടുപ്പിക്കുകയാണ് ആനക്കാരന്‍. അയാളുടെ വര്‍ത്തമാനം കേട്ടോളൂ: 
 

' കുന്നോളം ചോറ് ബെയ്ച്ചിറ്റ് 
ഒരു കൊല ബായക്ക തുന്നിറ്റ് 
നീ ബെര്‍ദെ നിക്ക്ന്നാ ആനക്കൊമ്പാ ? 
മരക്കണ്ടം കാണ്‍ന്നില്ലേ നിന്റെ മുമ്പില്
ബെഡ്ഡാ, നിനക്ക് കണ്ണ് കാണ്‍ന്നില്ലേ
മടിയാമറ്റം നീ കാണ്‍ച്ചങ്ക്
അന്റെ കൈല്‍ള്ള കത്തി 
ഇട്ടിറ്റ് ഞാന്‍ ചങ്ക് അര്‍ക്കും 
 പൗത്ത മാങ്ങ കൊണ്ട് എങ്ങനെ ജാമുണ്ടാക്കാം എന്നാണ് റിയാസിനി റംഷ വിവരിക്കുന്നത്. അതിങ്ങനെ : പൗത്ത മാങ്ങ - രണ്ട് കിലോ, പഞ്ചാര - മാങ്ങേന്റെ മധുരം അന്‌സരിച്ചിറ്റ് ബേണം പഞ്ചാരേ ഇടാന് , ബള്ളം - രണ്ട് ക്‌ളാസ് , നാരങ്ങ - എട്ട്. ഇണ്ടാക്കേണ്ടത് ഇങ്ങനെ : മാങ്ങ ഒപ്പിടി കണ്ടം ആക്കീറ്റ് നല്ല ഒര്‍പ്പ്ള്ള ഒരു പാത്രത്തില്‍ ഇട്ണം. അന്നിറ്റ് ഈലേക്ക് രണ്ട് ക്‌ളാസ് ബള്ളം പോര്‍ന്നിറ്റ് അട്പ്പില് ബെക്കണം. കൊര്‍ച്ച് നേരം കയിഞ്ഞിറ്റ് തള്ച്ച്റ്റായിറ്റ് പഞ്ചാരേം നാരങ്ങന്റെ നീരും ഒക്കെയാക്കീറ്റ് എള്‍ക്കിക്കൊണ്ടെന്നെ ഇരിക്കണം. ഇത് ജാമ് പോലെ ആയിറ്റ് കണ്ടങ്ക് ഒരു കുപ്പിയില്‍ ആക്കീറ്റ് ബക്കണം. 
 കാസറഗോഡ് ശൈലിയിലുള്ള ടിന്റുമോന്റെ ബിറ്റ് വായിക്കാനും രസമാണ്. ഒരു സാമ്പിള്‍: ടിന്റു : ഇന്നലെ ഞാന്‍ ഞമ്മളെ ലൗവിനെക്കുറിച്ചിറ്റ് മെല്ലെ പൊരേല് പറഞ്ഞിന്. ചിഞ്ചു : ഗുഡ്. അന്നിറ്റ് നിന്റെ ഉപ്പാ എന്ത് പറ്ഞ്ഞ് ? ടിന്റു : മെല്ലെ പര്‍ഞ്ഞോണ്ട് ആര്ക്കും കേട്ടില്ല. 
 ആര്ക്കും കേറാന്‍ കയ്യാത്ത കാറേത് എന്ന കുസൃതിച്ചോദ്യമാണ് റിസ്‌വാന ചോദിക്കുന്നത്. ഉത്തരം മഴക്കാറ്. നിങ്ങക്ക് മറ്റോര്‍ക്ക് കൊട്ക്കാന്‍ കയ്ന്ന ശ്വാസം ഏതെന്നും അവള്‍ ചോദിക്കുന്നു. ആശ്വാസം എന്ന് മറുപടി. കാസ്‌റോഡ് ബാര്‍ത്തയില്‍ കാസറോഡ് പാര്‍ട്ടി പുള്ളറും ക്‌ളബ്ബ് പുള്ളറും തല്ലായ ബാര്‍ത്തയാണ് ജസീനയും ജസീമും നല്‍കുന്നത്. 
 ഹാഷിര്‍ അബ്ദുള്‍ ഖാദറിന്റെ സംഭാവന പഴഞ്ചൊല്ലുകളാണ്. മത്തങ്ങ കുത്തിയങ്ക് കുമ്പളങ്ങ മൊള്‍ക്ക്വോ? എന്നാണ് ഹാഷിറിന്റെ ചോദ്യം. ചേന കട്ടോനും ആന കട്ടോനും കള്ളനെന്നെ എന്നും ഹാഷിര്‍ ഓര്‍മപ്പെടുത്തുന്നു. ഇഫ്‌റാന ശേഖരിച്ചത് ഏതാനും കടംകഥകളാണ്. ഉള്ളില്‍ പോമ്പോ പച്ചെ , ബയ്‌ലോട്ട് ബെര്‌മ്പോ ചോപ്പ് . വല്ലതും പിടി കിട്ടിയോ? ഇല്ലങ്കില്‍ ഉത്തരം ഇതാ: ബെത്തലെ ( വെറ്റില ). 

ഉപ്പ ബീഡി ബലിക്ക്ന്ന്  ഉമ്മ നനക്ക്ന്ന് ക്ടാവ് കരീന്ന്. ഉത്തരം : തീബണ്ടി. 
  സര്‍ദാര്‍ജി ഫലിതത്തിനും കാസറഗോഡന്‍ ഭാഷാഭേദമുണ്ട്. ചേലുള്ള ഒരു പെണ്ണ് നടന്നിറ്റ് പോമ്പോ സര്‍ദാര്‍ജി കെട്ടിപ്പിടിച്ച്, ബിടിന്നേയില്ല. പെണ്‍കുട്ടി : ശ്ശി , നിങ്ങോ എന്ത് ചെയ്‌ന്നേ ? സര്‍ദാര്‍ജി : ഞാനിപ്പോ എം.ബി. എ. പടിച്ചോണ്ട്ണ്ട്. ഏതാനും കാസറഗോഡന്‍ പഴഞ്ചൊല്ല് ഇതാ : ബജാറില് പൊട്ടിയേന് ഉമ്മാനോട്. കാക്ക മറേല്‍പ്പോയാല് കൊക്കായീല. കുന്തം പോയാ ചട്ടീലും പെര്തണം. ആനക്ക് അയിന്റെ ബെല്‍പ്പം അറീല. 
 എ. മുബസ്സിറ ഏതാനും മൊബൈല്‍ പഴഞ്ചൊല്ലാണ് അവതരിപ്പിക്കുന്നത്. അവയില്‍ ചിലത്: ആരാന്റെ സിം ബ്‌ളോക്കായാല്‍ കാണാന്‍ നല്ല പാങ്ങ്. ഹാന്റ്‌സെറ്റ് ചാരിനിന്നോന്‍ സിമ്മ് കൊണ്ടോയി. റേഞ്ച് പോയാലേ റേഞ്ചിന്റെ ബെലേയറിയൂ. കരീന്ന മൊബൈല്‍നേ ചാര്‍ജുള്ളു. 
  ഏറ്റവും അവസാനം ഭാഷാ വഴികാട്ടിയാണ്. കാസറഗോഡ് മാത്രം ഉപയോഗിക്കുന്ന നൂറോളം വാക്കുകളുടെ അര്‍ഥമാണ് ഈ ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഏതാനും ഉദാഹരണങ്ങള്‍ ഇതാ: ഓട്ത്തു (എവിടെ), കലമ്പുക (വഴക്ക് കൂടുക), കുച്ചില് (അടുക്കള) , ചാച്ച (മാമന്‍ / ഇക്കാക്ക) , ചെല്ലി (പറഞ്ഞു) , ജാകെ (സ്ഥലം) , ഞമ്മ (ഞങ്ങള്‍) , തണാറ് (മുടി) , തമ്പിച്ചു (സമ്മതിച്ചു) , തൊപ്പന്‍ (കുറെയധികം) , തൊണ്ടമ്മാര്‍ (വൃദ്ധര്‍) , തൈക്കണ്ട (അടിക്കണ്ട) , നൊമ്പലം (വേദന) , പ്ടിയെ (കട) , പ്‌റ്ക്ക് (കൊതുക് / പ്രാണികള്‍) , പിര്‌സം (ഇഷ്ടം) , പുള്ളര്‍ (കുട്ടികള്‍) , പൊഞ്ഞാറ് (വിഷമം) , പൊണ്ടം (ഇളനീര്) , പൊയ്യ (പൂഴി) , പൈക്ക്ന്ന് (വിശക്കുന്നു) , ബണ്ണെ (വെറുതെ) , ബദ്ക്കുക (ജീവിക്കുക) , ബയ്ട്ട് (വൈകുന്നേരം) , ബയിലം (കരച്ചില്‍) , ബയ്യത്തി (ഓടിച്ചു / വഴക്കു പറഞ്ഞു) , ബറാബറായി (കണക്കായി / ഒരേപോലെ) ,ബാണം (വേണം) , ബിസ്യം (വര്‍ത്തമാനം) , ബെരുത്തം (രോഗം) , ബോണി (പാത്രം / ആദ്യം ) , മനാരം (വൃത്തി) , മുദ്മന്‍ (മുഴുവന്‍) ,മൂട് (അടപ്പ് / മുഖം). 
 കാസറഗോഡിന്റെ സവിശേഷമായ സംസ്‌കാരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നാട്ടുഭാഷയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപ്‌സര പബ്‌ളിക് സ്‌കൂളിലെ കുട്ടികളെ പിശുക്കില്ലാതെ നമുക്ക് അഭിനന്ദിക്കാം.  


1 comment:

vrindaambatt said...

അപ്സര പബ്ലിക്‌ സ്കൂൾ ലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ . ഇത് പോസ്റ്റ്‌ ചെയ്ത ചെയ്ത ടി . സുരേഷിനും അഭിനന്ദനങ്ങൾ .