Sunday, January 19, 2014

ദ ഗ്രാൻഡ് മാസ്റ്റർ




കുങ്ഫു എന്ന ആയോധനകലയ്ക്ക് 
പ്രചാരം നേടിക്കൊടുത്ത ഐപ്മാൻ 
എന്ന ഗ്രാൻഡ് മാസ്റ്ററിലൂടെ ചൈനയിലെ
 ഒരു നിർണായക കാലഘട്ടത്തെയാണ് 
വോങ് കർ വായിയുടെ പുതിയ സിനിമ 
ഓർമയിലേക്ക് കൊണ്ടുവരുന്നത്. 

1980 കളുടെ മധ്യത്തിൽ രൂപം കൊണ്ട രണ്ടാം നവതരംഗത്തിൽപ്പെട്ട ഹോങ്കോങ് സംവിധായകരിൽ പ്രമാണിയാണ് വോങ് കർ വായ്. പ്രണയോപാസകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ സിനിമകൾക്കും റൊമാന്റിക് സ്പർശമുണ്ട്. കാല്പനികമായ ചലച്ചിത്രഭാഷയാണ് വോങ്ങിന്റേത്.  എത്ര ആവർത്തിച്ചാലും അദ്ദേഹത്തിന് മടുക്കാത്ത വികാരമാണ് പ്രണയം.  ഏതു വിഷയം കൈകാര്യം ചെയ്താലും അവസാനം വോങ്ങിന്റെ സിനിമ ചെന്നെത്തുന്നത് പ്രണയസാഫല്യത്തിലോ നിരാസത്തിലോ ആയിരിക്കും.



ഷാങ്ഹായിയിൽ ജനിച്ച വോങ് കർ വായ് അഞ്ചാമത്തെ വയസ്സിൽ ഹോങ്കോങ്ങിൽ എത്തിപ്പെട്ടു. ഇപ്പോൾ 55 വയസ്സായി. അമ്മ നല്ല സിനിമാ ആസ്വാദക ആയിരുന്നു. മിക്ക ദിവസവും അവർ സിനിമക്ക് പോകുമായിരുന്നു. അപ്പോഴൊക്കെ വോങ്ങിനെയും കൂട്ടും. അമ്മയിൽ നിന്നാണ് സിനിമ തന്റെ രക്തത്തിലേക്ക് പകർന്നത് എന്ന് വോങ് പറയാറുണ്ട്.  ആകെ 10 ഫീച്ചർ സിനിമകൾ ചെയ്തു. ' ഹാപ്പി ടുഗെദർ ' എന്ന ചിത്രത്തിന് 1997 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടി. ഈ നൂറ്റാണ്ടിലെ ലോകത്തെ മികച്ച പത്ത് സംവിധായകരിൽ ഒരാളായാണ് വോങ്ങിനെ ചില നിരൂപകർ പരിഗണിക്കുന്നത്. 1988 ൽ ' ആസ് ടിയേഴ്‌സ് ഗോ ബൈ ' എന്ന സിനിമയിലാണ് തുടക്കം. ഡെയ്‌സ് ഓഫ് ബീയിങ് വൈൽഡ് ( 1990 ) , ചുങ്കിങ് എക്‌സ്പ്രസ് , ആഷസ് ഓഫ് ടൈം ( 94 ), ഫാളൻ ഏഞ്ചൽസ് ( 95 ) , ഹാപ്പി ടുഗെദർ ( 97 ) , ഇൻദ മൂഡ് ഫോർ ലവ് ( 2000 ) , 2046 ( 2004 ) , മൈ ബഌബറി നൈറ്റ്‌സ് ( 2007 ), ഗ്രാൻഡ് മാസ്റ്റർ (2013 ) എന്നിവയാണ് വോങ് സംവിധാനം ചെയ്ത സിനിമകൾ. 47 കാരനായ ടോണി ല്യൂങ് എന്ന നടനാണ് അദ്ദേഹത്തിന്റെ സ്ഥിരം നായകൻ. കുങ്ഫു ഒട്ടും വശമില്ലാത്തയാളായിരുന്നു ടോണി. ' ദ ഗ്രാൻഡ് മാസ്റ്റർ ' എന്ന പടത്തിനുവേണ്ടി 18 മാസമാണ് ഈ നടൻ കുങ്ഫു പരിശീലിച്ചത്.

കുങ്ഫു എന്ന ചൈനീസ് ആയോധനകലയുടെ പ്രാമാണികതയും സംശുദ്ധിയും വിളംബരം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വോങ്ങിന്റെ പത്താമത്തെ സിനിമയായ ' ദ ഗ്രാൻഡ്മാസ്റ്റർ '. ഒപ്പം, ചൈനക്കാർ മറക്കാൻ ശ്രമിക്കുന്ന ഒരു ദുരിതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും കൂടിയാണ് ഈ സിനിമ. ഇതിനു മുമ്പ് വോങ് ഒരു ആക്ഷൻ ചിത്രമേ ചെയ്തിട്ടുള്ളു. 1994 ൽ ഇറങ്ങിയ ' ആഷസ് ഓഫ് ടൈം ' ആണീ ചിത്രം.

ചൈനയിലെ ഐപ്മാൻ എന്ന വിഖ്യാത കുങ്ഫു വിദഗ്ദന്റെ ജീവിതം ആധാരമാക്കിയാണ് 2013 ൽ വോങ് ' ദ ഗ്രാൻഡ്മാസ്റ്റർ ' സംവിധാനം ചെയ്തത്. ജപ്പാൻ അധിനിവേശകാലത്തെ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങൾ ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്. ' വിങ്ചുൻ ' എന്ന സ്റ്റൈലിന്റെ ഉപജ്ഞാതാവാണ് ഐപ്മാൻ. കുങ്ഫു സിനിമകളിലൂടെ ലോകമെങ്ങും അറിയപ്പെട്ട നടൻ ബ്രൂസ്‌ലിയുടെ പരിശീലകനാണദ്ദേഹം. 1972 ഡിസംബർ രണ്ടിന് 72 ാമത്തെ വയസ്സിലാണ് ഐപ്മാൻ മരിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി 2008 ലും 2010 ലും ഓരോ ഹോങ്കോങ് സിനിമ ഇറങ്ങിയിട്ടുണ്ട്. 2013 ൽത്തന്നെ മറ്റൊരു ചിത്രവും വന്നു. എന്നാൽ, വോങ്ങിന്റെ സിനിമയാണ് പ്രേക്ഷകലോകം ചർച്ച ചെയ്തത്.


1936 മുതൽ 56 വരെയുള്ള കാലത്തെ ചൈനയാണ് സിനിമയുടെ ഇതിവൃത്തത്തിൽ കടന്നുവരുന്നത്. രണ്ടാം ചൈന - ജപ്പാൻ യുദ്ധം ഈ കാലയളവിലാണ് നടക്കുന്നത് (1937 മുതൽ 45 വരെ) . ജപ്പാന്റെ പ്രലോഭനങ്ങളിൽ വീഴാത്ത ആദർശശാലിയായ കുങ്ഫു മാസ്റ്ററാണ് ഐപ്മാൻ. പട്ടിണി കിടന്നാലും ജപ്പാനുമായി സഹകരിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നുണ്ട് ഐപ്മാൻ. അച്ഛൻ ബിസിനസ്സുകാരൻ. അദ്ദേഹം ഹോങ്കോങ്ങിലേക്ക് ചരക്കുകൾ കയറ്റിയയച്ചിരുന്നു. 40 വയസ്സുവരെ തന്റെ ജീവിതം സുഖകരമായിരുന്നു എന്ന് ഐപ്മാൻ പറയുന്നു. ജപ്പാന്റെ അധിനിവേശത്തോടെ എല്ലാം തകിടം മറിഞ്ഞു.  വസന്തകാലത്തിൽ നിന്ന് പൊടുന്നനെ ശൈത്യകാലത്തേക്ക് എടുത്തെറിയപ്പെട്ടപോലെ. ഏഴാം വയസ്സിൽ കുങ്ഫു പഠനം തുടങ്ങിയ ആളാണ് അദ്ദേഹം. സ്വന്തം നാടായ ഫോഷാൻ 1938 ൽ ജപ്പാൻ കീഴടക്കിയപ്പോൾ തെക്കൻ ചൈനയിലേക്ക് വരികയാണ് ഐപ്മാൻ. അവിടത്തെ കുങ്ഫു ഗുരു തനിക്കൊരു പിൻഗാമിയെ തിരയുകയായിരുന്നു അപ്പോൾ. കുങ്ഫുവിൽ പ്രാവീണ്യം നേടിയ തന്റെ മകളെ പിൻഗാമിയാക്കാൻ അദ്ദേഹം മടിച്ചു. അവളെ കുടുംബബന്ധത്തിലേക്ക് വഴിതിരിച്ചുവിടാനാണ് ആ അച്ഛൻ ആഗ്രഹിച്ചത്. . ഡോക്ടറായി പ്രാക്ടീസ് ചെയ്ത് ക്രമേണ അവൾ വീട്ടമ്മയാകുന്നത് അദ്ദേഹം സ്വപ്നം കണ്ടു.തന്റെ പിതാവ് ഒരിക്കലും ആരോടും  തോറ്റിട്ടില്ലെന്ന് അഭിമാനത്തോടെ പറയുന്നവളാണ് മകൾ ഗോങ് എർ. എന്തുകൊണ്ടോ അവൾക്ക് തുടക്കത്തിൽ ഐപ്മാനെ അത്ര പിടിക്കുന്നില്ല. പിതാവിന്റെ സ്ഥാനത്തിരിക്കാൻ അയാൾ യോഗ്യനല്ല എന്നായിരുന്നു അവളുടെ മനോഭാവം.  വിമ്മിഷ്ടത്തോടെയാണ് അവൾ ഐപ്മാനെ ഒടുവിൽ അംഗീകരിക്കാൻ തയ്യാറാവുന്നത്. പിന്നീട് അതൊരു ദൃഢബന്ധമായി മാറുന്നതാണ് ചിത്രാവസാനത്തിൽ നമ്മൾ കാണുന്നത്. ഐപ്മാനെ വാഴ്ത്തിക്കൊണ്ടാണ് വോങ് സിനിമ അവസാനിപ്പിക്കുന്നത്. ' വിങ് ചുൻ ' എന്ന കുങ്ഫു സ്റ്റൈലിന് ലോകമെങ്ങും പ്രചാരം കിട്ടാനിടയായത് ഐപ്മാൻ കാരണമാണെന്നാണ് സംവിധായകൻ പറയുന്നത്.

പഴയ സുവർണകാലത്തിന്റെ ഓർമകളും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും വഞ്ചനയും നഷ്ടപ്പെടലും പോരാട്ടവും പകവീട്ടലുമൊക്കെ വോങ് തന്റെ സിനിമയിൽ പകർത്തുന്നു. ജപ്പാന്റെ അധിനിവേശത്തിലും കുങ്ഫുവിനെ വരുംതലമുറകൾക്കുവേണ്ടി നിലനിർത്താൻ ആത്മാഭിമാനത്തോടെ പൊരുതിനിൽക്കുന്നവരെയാണ് വോങ് ഉയർത്തിക്കാട്ടുന്നത്. ജപ്പാൻകാരുമായി സന്ധി ചെയ്യുന്നതിലും ഭേദം പട്ടിണി കിടന്നു മരിക്കുകയാണെന്ന് ഐപ്മാൻ ഒരിക്കൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, സ്ഥാനമാനങ്ങൾക്കുവേണ്ടി ഗുരുവിനെ ഒറ്റുകൊടുത്ത് മറുകണ്ടം ചാടുന്ന മാ സാനിനെപ്പോലുള്ള ചെറുപ്പക്കാരും അക്കാലത്തുണ്ടായിരുന്നു എന്ന് സംവിധായകൻ സൂചിപ്പിക്കുന്നു.


യഥാർഥ ഐപ്മാന്റേത് വിശ്രമമില്ലാത്ത ജീവിതമായിരുന്നു. പ്രണയചിന്ത അവിടേക്ക് കടന്നുവന്നിരുന്നില്ല. പക്ഷേ, വോങ്ങിന് പ്രണയമില്ലാതെ എന്തു സിനിമ ? ഗുരുവിന്റെ മകൾ ഗോങ് എറിന് ഐപ്മാനോടു തോന്നുന്ന നിശ്ശബ്ദാനുരാഗം താൻ കൂട്ടിച്ചേർത്തതാണെന്ന് വോങ് പറയുന്നു.  ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞിട്ടും ഗോങ് ഐപ്മാനെ ഇഷ്ടപ്പെടുന്നു. പ്രണയിക്കുന്നത്  ഒരു കുറ്റമല്ലെന്നാണ് അവൾ ഇതിനു പറയുന്ന ന്യായം. അച്ഛനെപ്പോലെ മകളും ഒരു പോരാട്ടത്തിലും ആരോടും തോറ്റിട്ടില്ലെന്ന് ഐപ്മാൻ പറയുന്നു. ഒടുവിൽ അവൾ തോറ്റത് തന്നോടുതന്നെയാണ്. മരണംവരെ അവൾ അവിവാഹിതയായി കഴിഞ്ഞു.

ഓർമകളുടെ പേരിൽ വേദനിക്കുന്ന മനുഷ്യരെയാണ് വോങ്ങിന്റെ സിനിമകളിൽ നമ്മൾ കണ്ടുമുട്ടുന്നത്. ജീവിതത്തിന്റെ അടിസ്ഥാനവികാരം സൗഹൃദമാണെന്ന വിശ്വാസക്കാരനാണ് ഈ സംവിധായകൻ. എങ്കിലും, എന്തിനും ഒരു കാലഹരണത്തീയതിയുണ്ട്. പ്രണയത്തിനും സൗഹൃദത്തിനും ഇത് ബാധകമാണെന്ന് വോങ് പറയുന്നു. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഓർമകളാണെന്ന് '  ആഷസ് ഓഫ് ടൈമി' ൽ ഒരു കഥാപാത്രം പറയുന്നുണ്ട്. ഭൂതകാലം മറക്കാൻ സഹായിക്കുന്ന ഒരു പ്രത്യേകതരം വൈനിനെക്കുറിച്ചും  ഇതേ ചിത്രത്തിൽ പറയുന്നുണ്ട്. ഈ വൈൻ കുടിച്ചാൽ പിന്നെ പഴയതൊന്നും ഓർമയുണ്ടാവില്ല. ഓരോ ദിവസവും പുതിയൊരു ജീവിതം.

മൂന്നരക്കോടി ആളുകളുടെ മരണത്തിൽ കലാശിച്ച രണ്ടാം ചൈന - ജപ്പാൻ യുദ്ധം ഓർക്കാനിഷ്ടപ്പെടാത്തവരാണ് ചൈനീസ് ജനത. പക്ഷേ, ആ കാലഘട്ടത്തെ ഓർമയിൽ നിന്ന് പൂർണമായി തമസ്‌കരിക്കാൻ അവർക്കാവില്ലെന്ന് വേദനയോടെ സാക്ഷ്യപ്പെടുത്തുകയാണ് വോങ് കർ വായ്.

മഴയുടെ ആരാധകനാണ് വോങ്. മിക്ക ചിത്രങ്ങളിലും മഴയുടെ സൗന്ദര്യം പകർത്താറുണ്ട് അദ്ദേഹം. ' ഗ്രാൻഡ് മാസ്റ്ററു ' ടെ തുടക്കത്തിൽത്തന്നെ മഴയുണ്ട്. തകർത്തുപെയ്യുന്ന മഴയിലാണ്  ആദ്യത്തെ കുങ്ഫു ഫൈറ്റ് കാണിക്കുന്നത്. സമയബോധത്തിന്റെ സൂചനയായി ക്‌ളോക്കുകൾ കാണിക്കുന്ന രീതിയുമുണ്ട് വോങ്ങിന്. പല രംഗങ്ങളിലും ഈ സമയബിംബം അദ്ദേഹം ആവർത്തിക്കാറുണ്ട്. ' ഗ്രാൻഡ് മാസ്റ്ററി ' ൽ റെയിൽവേ സ്റ്റേഷനിലെ സംഘട്ടനരംഗത്ത് ക്‌ളോക്കിന്റെ സാന്നിധ്യം കാണാം. ഇരുട്ടിനെ കീറിമുറിച്ച് , വെളിച്ചത്തിന്റെ ചതുരക്കട്ടകൾ തീർത്ത് പാഞ്ഞുപോകുന്ന തീവണ്ടിയും വോങ്ങിന്റെ ഇഷ്ടബിംബങ്ങളിലൊന്നാണ്.

വരുന്ന ഓസ്‌കർ അവാർഡിന് വിദേശഭാഷാചിത്ര വിഭാഗത്തിൽ മത്സരിക്കുന്നുണ്ട് ഈ ചൈനീസ് സിനിമ.



1 comment:

T Suresh Babu said...

കുങ്ഫു എന്ന ആയോധനകലയ്ക്ക്
പ്രചാരം നേടിക്കൊടുത്ത ഐപ്മാൻ
എന്ന ഗ്രാൻഡ് മാസ്റ്ററിലൂടെ ചൈനയിലെ
ഒരു നിർണായക കാലഘട്ടത്തെയാണ്
വോങ് കർ വായിയുടെ പുതിയ സിനിമ
ഓർമയിലേക്ക് കൊണ്ടുവരുന്നത്.