Monday, December 10, 2007

യോദ്ധാവിന്റെ ധര്‍മസങ്കടങ്ങള്‍


ജപ്പാനില്‍ അന്യം നിന്നുപോയ ഒരു വര്‍ഗമാണ്‌ സമുറായിമാര്‍. ധീരയോദ്ധാക്കളായിരുന്നു അവര്‍. പന്ത്രണ്ടുമുതല്‍ പതിനെട്ടുവരെ നൂറ്റാണ്ട്‌ സമുറായിമാരുടെ പ്രതാപകാലമായിരുന്നു. കുടുംബത്തിനുവേണ്ടി, കുലത്തിനുവേണ്ടി, ദേശത്തിനുവേണ്ടി അവര്‍ പടപൊരുതി. സമൂഹത്തില്‍ സമുറായിമാര്‍ ബഹുമാന്യരായിരുന്നു. പല പ്രത്യേക അവകാശങ്ങളും അവര്‍ക്ക്‌ അനുവദിച്ചുകൊടുത്തിരുന്നു. സമുറായിമാര്‍ സമൂഹത്തെ കാത്തുരക്ഷിച്ചപ്പോള്‍ സമൂഹം അവരുടെ കുടുംബത്തിന്‍െറ സുരക്ഷ ഉറപ്പാക്കിയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും യോദ്ധാക്കളുടെ ആ വംശം കുറ്റിയറ്റു. സമുറായിമാരുടെ അസ്‌തമയകാലമാണ്‌ `ദ റ്റൈ്വലൈറ്റ്‌ സമുറായ്‌' എന്ന ജാപ്പനീസ്‌ സിനിമയുടെ പശ്ചാത്തലം.

പരമ്പരാഗതമായി വന്നുചേര്‍ന്ന സമുറായ്‌ എന്ന പദവിയില്‍ ഒട്ടും അഭിമാനമോ അഹങ്കാരമോ തീണ്ടാത്ത ശുദ്ധനായ സേബേ ഇഗുച്ചിയുടെ കഥയാണ്‌ സംവിധായകന്‍ യോജി യമാദ പറയുന്നത്‌. വ്യക്തിശുദ്ധിയും നന്മയും പോരാട്ടവീര്യവും പുരോഗമന ചിന്തയും ജീവിതത്തിലെന്നും നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു യോദ്ധാവിന്‍െറ ധര്‍മസങ്കടങ്ങളാണ്‌ ചിത്രത്തില്‍ നിറയുന്നത്‌. യാഥാര്‍ഥ്യങ്ങളിലേക്ക്‌ തിരിച്ചുവെച്ച ക്യാമറക്കണ്ണുകളില്‍ ജീവിതം നിഴലിക്കുന്നത്‌ കാണാം. വെറുപ്പും കാലുഷ്യവും പോരാട്ടവും പകയും സേ്‌നഹവുമെല്ലാം നമുക്ക്‌ അനുഭവിച്ചറിയാം. പഴയ കാലത്തെയും പുതിയ കാലത്തെയും മൂല്യങ്ങളുടെ താരതമ്യത്തിലേക്കും ഗുണദോഷവിചിന്തനത്തിലേക്കും അതു നമ്മെ നയിക്കുന്നു.

നേരും നെറിയുമുള്ള സമുറായിയാണ്‌ സേബേ ഇഗുച്ചി. ജപ്പാനിലെ ഉനസാക്ക വംശത്തില്‍പ്പെട്ടയാള്‍. സമുറായിമാര്‍ക്ക്‌ വലുതും ചെറുതുമായ രണ്ടുവാളുകള്‍ കൊണ്ടുനടക്കാന്‍ അവകാശമുണ്ട്‌. സമൂഹ വിരുദ്ധനെന്നു തോന്നിയാല്‍ ആരുടെയും തലയെടുക്കാനും അധികാരമുണ്ട്‌. ഇഗുച്ചിക്ക്‌ പക്ഷേ, പോരാട്ടത്തില്‍ ഒട്ടും കമ്പമില്ല. ആരുടെയെങ്കിലും ചോരചിന്താനും ഇഷ്‌ടമല്ല. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ്‌ സമാധാനപ്രിയനായ ഈ സമുറായ്‌ ശ്രമിക്കാറ്‌. അഥവാ, ഏറ്റുമുട്ടേണ്ടിവന്നാല്‍ ഒരു കുറുവടി മതി അയാള്‍ക്ക്‌.
ഒരു തുള്ളി രക്തം പൊടിയാതെ ശത്രുവിനെ മുട്ടുകുത്തിക്കും. മറ്റു സമുറായിമാരില്‍നിന്ന്‌ വിഭിന്നനാണ്‌ ഇഗുച്ചി. അയാള്‍ ഒരിക്കലും തന്‍െറ പോരാട്ടവീര്യത്തെക്കുറിച്ച്‌ പൊങ്ങച്ചം പറയാറില്ല. കൂട്ടം ചേര്‍ന്ന്‌ മദ്യപിക്കില്ല. കുടുംബസേ്‌നഹിയാണ്‌. ഭാര്യയുടെ രോഗം അയാളെ എന്നും കടക്കാരനാക്കി. അന്തസ്സിനൊത്തവിധം അവളുടെ ശവസംസ്‌കാരച്ചടങ്ങ്‌ നടത്താന്‍ അയാള്‍ക്ക്‌ സ്വന്തം വാള്‍ വിലേ്‌ക്കണ്ടിവന്നു. സമുറായിയായ അച്ഛന്‍ കൊടുത്തതായിരുന്നു ആ വലിയ വാള്‍.

യോദ്ധാവിനേക്കാളും ഒരു കൃഷിക്കാരനാകാനായിരുന്നു ഇഗുച്ചിക്ക്‌ താത്‌പര്യം. പാരമ്പര്യം അയാളെ ഈ വഴിയിലെത്തിച്ചതാണ്‌. ഒരു വേര്‍ഹൗസിലെ ഗുമസ്‌തപ്പണിയാണ്‌ അയാള്‍ക്ക്‌. അവിടത്തെ ജോലി കഴിഞ്ഞാല്‍ നേരെ വീട്ടിലെത്തും. അവിടെ, പ്രിയപ്പെട്ട പെണ്‍മക്കള്‍-കയോനോയും ഇതോയും- കാത്തിരിപ്പുണ്ടാവും. മാനസികാസ്വാസ്ഥ്യമുള്ള അമ്മയും വീട്ടിലുണ്ട്‌. മക്കള്‍ രണ്ടും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌. പഴയ ചിന്താഗതിയില്‍നിന്ന്‌ വഴിമാറിനടക്കുന്നവനാണ്‌ ഇഗുച്ചി. പെണ്‍കുട്ടികളും പഠിക്കണം എന്നയാള്‍ ആഗ്രഹിക്കുന്നു. ``വിദ്യാഭ്യാസം ചിന്തിക്കാന്‍ ശക്തി നല്‍കും. ചിന്താശക്തിയുണ്ടെങ്കില്‍ ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും''-ഇതാണ്‌ ഇഗുച്ചിയുടെ കാഴ്‌ചപ്പാട്‌. അത്യാഗ്രഹങ്ങളില്ലാത്ത, കാപട്യങ്ങളില്ലാത്ത മനുഷ്യനായിരുന്നു ഇഗുച്ചി. വസ്‌ത്രധാരണത്തിലൊന്നും അയാള്‍ക്ക്‌ വലിയ ശ്രദ്ധയില്ല. കീറിയ കിമോണയാണ്‌ ധരിക്കുന്നത്‌. അതാകട്ടെ മുഷിഞ്ഞു നാറുന്നതും.

ഇഗുച്ചിക്ക്‌ വീണ്ടും ഒരു വിവാഹാലോചനയുമായി അമ്മാവന്‍ വന്നപ്പോള്‍ അയാളത്‌ നിരസിക്കുന്നു. പത്തും അഞ്ചും വയസ്സായ തന്‍െറ മക്കളെ വളര്‍ത്താന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്ന്‌ അയാള്‍ പറയുന്നു. മക്കളുടെ ഓരോ ദിവസത്തെയും വളര്‍ച്ച കണ്ട്‌ ആഹ്ലാദിക്കുകയാണയാള്‍. പാടത്ത്‌ വിള മൂപ്പെത്തുന്നതുപോലെ, പൂവിരിയുന്നതുപോലെ അയാളാ കാഴ്‌ച കണ്ട്‌ സന്തോഷിക്കുന്നു. ഇനി തന്‍െറ ജീവിതത്തിലേക്കു വരുന്ന സ്‌ത്രീക്ക്‌ മക്കളെ സേ്‌നഹിക്കാന്‍ കഴിയുമെന്ന്‌ ഇഗുച്ചി വിശ്വസിക്കുന്നില്ല. ലിനുമ എന്ന സമുറായ്‌ സുഹൃത്ത്‌ ഇഗുച്ചിയെ ചക്രവര്‍ത്തിയുടെ രക്ഷാസൈന്യത്തില്‍ അംഗമാക്കാമെന്ന്‌ പറയുന്നു. ഇഗുച്ചിക്ക്‌ അതും സ്വീകാര്യമായിരുന്നില്ല. സമുറായ്‌പദവി ഉപേക്ഷിച്ച്‌ കൃഷിക്കാരനാകാനാണ്‌ തനിക്കിഷ്‌ടം എന്നയാള്‍ തുറന്നുപറയുന്നു.

ലിനുമയുടെ ഇളയ സഹോദരിയാണ്‌ തൊമായ. ഒരു സമുറായിയെയാണവള്‍ വിവാഹം കഴിച്ചത്‌. മുഴുക്കുടിയനാണയാള്‍. നിത്യവും അവള്‍ക്ക്‌ മര്‍ദനമേല്‍ക്കും. ഒടുവില്‍, ലിനുമ മുന്‍കൈയെടുത്ത്‌ അവരുടെ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നു.

ഒരു ദിവസം വൈകിട്ട്‌ ഇഗുച്ചി വീട്ടിലെത്തുമ്പോള്‍ തൊമായ അവിടെയുണ്ടായിരുന്നു. താനും ഇഗുച്ചിയും കളിക്കൂട്ടുകാരാണെന്ന്‌ അവള്‍ ഓര്‍മപ്പെടുത്തുന്നു. അവള്‍ കുട്ടിക്കാലത്തെ കഥകളെല്ലാം ഇഗുച്ചിയുടെ മക്കളോടും അമ്മയോടും പറയുന്നു. പാട്ടും ബഹളവുമായി ആ വീട്‌ ആഹ്ലാദത്തിലമര്‍ന്നു. രാത്രി തൊമായയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കുന്നു. അപ്പോളവിടെ തൊമായയുടെ ഭര്‍ത്താവ്‌ കലിയിളകി നില്‌പുണ്ടായിരുന്നു. അവളുടെ മേല്‍ വീണ്ടും അവകാശം സ്ഥാപിക്കാനെത്തിയതാണയാള്‍. തൊമായ അയാളെ തള്ളിപ്പറയുന്നു. അയാള്‍ ക്ഷുഭിതനായി തൊമായയെ മര്‍ദിക്കുന്നു. സമാധാനിപ്പിക്കാന്‍ മുതിര്‍ന്ന ഇഗുച്ചിയോടായി അയാളുടെ രോഷം. ഒരു പോരാട്ടത്തിനാണ്‌ അയാള്‍ വെല്ലുവിളിക്കുന്നത്‌. `നാളെയാവാം' എന്നു പറഞ്ഞ്‌ ഇഗുച്ചി ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ഹന്ന്യാജി ക്ഷേത്രത്തിനു പിന്നിലെ നദിക്കരയില്‍ അടുത്ത ദിവസം കാണാമെന്നു പറഞ്ഞ്‌ അവര്‍ അങ്കം കുറിക്കുന്നു.

സഹോദരീഭര്‍ത്താവ്‌ പേരെടുത്ത വാള്‍പ്പോരാളിയാണ്‌. തന്‍െറ കുടുംബത്തിനുവേണ്ടി ഇഗുച്ചി പോരാടുന്നതില്‍ ലിനുമയ്‌ക്ക്‌ വിഷമം തോന്നുന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇഗുച്ചി വഴങ്ങുന്നില്ല. പിറ്റേന്ന്‌, നദിക്കരയിലെ അങ്കത്തില്‍ വാളിനെ കുറുവടികൊണ്ടാണ്‌ ഇഗുച്ചി നേരിട്ടത്‌. ശത്രുവിന്‍െറ ഓരോ നീക്കത്തിനും കരുതലോടെയും കരുത്തോടെയും അയാള്‍ തടയിട്ടു. അടികൊണ്ട്‌ ശത്രു ബോധരഹിതനായി വീണുപോയി. അതോടെ, ഇഗുച്ചിയുടെ പേര്‌ പട്ടണമാകെ അറിയപ്പെട്ടു. വാളിനെ വടികൊണ്ട്‌ നേരിട്ട സമുറായിയെ സഹപ്രവര്‍ത്തകര്‍ അത്ഭുതത്തോടെ നോക്കിനിന്നു. അപ്പോഴും, പ്രശസ്‌തിയില്‍ കുലുങ്ങാതെ, ആരോടും പോരിന്‍െറ പൊങ്ങച്ചം വിളമ്പാതെ അയാള്‍ നിശ്ശബ്ദനായി കഴിഞ്ഞുകൂടി.

തൊമായ വീണ്ടും ഇഗുച്ചിയുടെ വീട്ടില്‍ വരുന്നു. കുട്ടികള്‍ക്ക്‌ അവളെ വലിയ ഇഷ്‌ടമായി. തനിക്കുവേണ്ടി ഇഗുച്ചി ചെയ്‌ത വീരകൃത്യത്തില്‍ അവള്‍ അഭിമാനം കൊണ്ടു. ആ വീട്ടിലെ തുണികളെല്ലാം അവള്‍ അലക്കും. മക്കളെ തുന്നാനും ഭക്ഷണമുണ്ടാക്കാനും അവള്‍ പഠിപ്പിച്ചു. അവര്‍ക്ക്‌ കഥകള്‍ പറഞ്ഞുകൊടുത്തു. ഉത്സവത്തിനു കൊണ്ടുപോയി.

തന്‍െറ കുടുംബത്തിന്‍െറ അഭിമാനം രക്ഷിച്ച ഇഗുച്ചിയോട്‌ ലിനുമയ്‌ക്ക്‌ ആരാധനയും സേ്‌നഹവും വര്‍ധിച്ചു. തൊമായയെ അയാള്‍ക്ക്‌ വിവാഹം കഴിച്ചുകൊടുക്കാന്‍ ലിനുമ ആഗ്രഹിച്ചു. ഉള്ളില്‍ മോഹമുണ്ടെങ്കിലും ഇഗുച്ചി വഴങ്ങുന്നില്ല. കുട്ടിക്കാലത്തേ തൊമായയെ ഇഗുച്ചിക്ക്‌ വലിയ ഇഷ്‌ടമായിരുന്നു. അവള്‍ തന്‍െറ ഭാര്യയാകുമെന്ന്‌ അയാള്‍ സ്വപ്‌നം കണ്ടിരുന്നു. വിവാഹിതനായശേഷവും ആ സ്വപ്‌നം ഇഗുച്ചിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ അയാളെ പിറകോട്ട്‌ വലിച്ചു. തൊമായയുടേത്‌ സമ്പന്ന കുടുംബമാണ്‌. തന്‍െറ ദാരിദ്ര്യത്തില്‍ പങ്കാളിയായാല്‍ അവള്‍ കഷ്‌ടപ്പെടും. സുഹൃത്തിന്‍െറ അഭ്യര്‍ഥന അയാള്‍ സേ്‌നഹപൂര്‍വം നിരസിക്കുന്നു. പിന്നീട്‌ തൊമായ ഇഗുച്ചിയുടെ വീട്ടില്‍ വരാതായി.

ഇതിനിടെ, ഉനാസാക്ക വംശത്തിന്‍െറ പന്ത്രണ്ടാം ഗുരു അഞ്ചാംപനി പിടിച്ച്‌ മരിക്കുന്നു. പിന്‍ഗാമിയെച്ചൊല്ലി തര്‍ക്കം രൂപം കൊണ്ടു. കലാപക്കൊടി ഉയര്‍ത്തിയ വിഭാഗത്തിന്‍െറ നേതാവായ ഷിമ ഹസെഗാവയോടും അനുയായികളോടും ഹരാകിരി (ആത്മഹത്യ) നടത്താന്‍ ഉനാസാക്കയിലെ കാരണവന്മാര്‍ ആവശ്യപ്പെട്ടു. ഷിമയുടെ പ്രധാന അനുയായിയായ സെനമോണ്‍ യോഗോ ഈ നിര്‍ദേശം അനുസരിക്കുന്നില്ല. സൈനിക മേധാവി ഇതുവരെ പറഞ്ഞതെല്ലാം അനുസരിച്ചിട്ടുണ്ട്‌. ഇനിയത്‌ പറ്റില്ല എന്നാണ്‌ അയാളുടെ വാശി. സമുദായ സംരക്ഷണത്തിന്‌ ഉഴിഞ്ഞുവെച്ച തന്‍െറ ജീവിതത്തില്‍ അയാള്‍ക്ക്‌ സമ്പാദ്യങ്ങളൊന്നുമില്ല. ഭാര്യയും 16 വയസ്സായ മകളും മരിച്ചു. സ്വയം വയര്‍ കുത്തിക്കീറി മരിക്കാന്‍ (ഹരാകിരി) തന്നെക്കിട്ടില്ലെന്നു പറഞ്ഞ്‌ അയാള്‍ നേതൃത്വത്തെ അറിയിക്കുന്നു. ``എന്നെ ആര്‍ക്കും വന്നു കൊല്ലാം. പക്ഷേ, ആത്മഹത്യ ചെയ്യുന്ന പ്രശ്‌നമില്ല''-അയാള്‍ നേതൃത്വത്തെ വെല്ലുവിളിച്ചു.

ഉനാസാക്ക നേതൃത്വം പരിഭ്രാന്തിയിലായി. യോഗോയെ നേരിടാന്‍ അയച്ച സമുറായിയെ അയാള്‍ കൊന്നു. മുറ്റത്ത്‌ കിടക്കുന്ന, ഈച്ചയാര്‍ക്കുന്ന ജഡം ഏറ്റെടുക്കാന്‍ പോലും യോഗോ ആരെയും അനുവദിക്കുന്നില്ല. അയാളെ കീഴടക്കാന്‍ ഇഗുച്ചിക്കു മാത്രമേ കഴിയൂ എന്ന നിഗമനത്തിലാണ്‌ നേതൃത്വം എത്തുന്നത്‌.

ഉനാസാക്ക നേതൃത്വം ഇഗുച്ചിയെ വിളിച്ചുവരുത്തി ദൗത്യം ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നു. പോരാട്ടത്തില്‍ ഒരു മനുഷ്യനെ കൊല്ലണമെങ്കില്‍ മൃഗത്തിന്‍െറ രൗദ്രതയും സ്വന്തം ജീവനെ പുല്ലുപോലെ അവഗണിക്കാനുള്ള മാനസികാവസ്ഥയും കൂടിയേ തീരൂവെന്ന്‌ ഇഗുച്ചക്കറിയാം. ആരെയെങ്കിലും കൊല്ലാന്‍ അയാള്‍ക്ക്‌ മടിയാണ്‌. പോരാടി മരിക്കാനും ഇപ്പോള്‍ താത്‌പര്യമില്ല. മക്കളുടെ ഭാവി അയാളെ അലോസരപ്പെടുത്തുന്നു. ഈ ദൗത്യം വലിയൊരു ബഹുമതിയാണ്‌. പക്ഷേ, താന്‍ അതിനര്‍ഹനല്ലെന്ന്‌ അയാള്‍ ക്ഷമാപണത്തോടെ കാരണവന്മാരോട്‌ പറയുന്നു. വര്‍ഷങ്ങളായുള്ള കഷ്‌ടപ്പാടുകള്‍ കാരണം തന്നിലെ പോരാളി മരിച്ചുപോയിരിക്കുന്നു. വാള്‍ പിടിക്കാന്‍ തനിക്കിപ്പോള്‍ ആഗ്രഹമില്ല. പെട്ടെന്ന്‌ ഒരു വാള്‍വീരനെ എതിരിടാന്‍ താന്‍ അശക്തനാണ്‌. ഒരുപക്ഷേ, ഒരു മാസത്തെ തയ്യാറെടുപ്പുകൊണ്ട്‌ അതു കഴിഞ്ഞേക്കാം. പകരം വേറെയാരെയെങ്കിലും കണ്ടെത്തണമെന്ന ഇഗുച്ചിയുടെ അഭ്യര്‍ഥന കാരണവന്മാരെ അരിശം കൊള്ളിക്കുന്നു. ആദ്യമൊക്കെ അവര്‍ നിര്‍ദേശമേ നല്‍കുന്നുള്ളൂ. പിന്നെ അത്‌ ഉത്തരവായി. ഒടുവില്‍ സമുദായത്തില്‍നിന്ന്‌ പുറത്താക്കുമെന്ന ഭീഷണിയായി. മറുപടി പറയാന്‍ ഒന്നുരണ്ടു ദിവസം കൂടി വേണമെന്ന അപേക്ഷയും നേതൃത്വം തള്ളുന്നു. ഗത്യന്തരമില്ലാതെ തന്‍െറ വംശമഹിമയ്‌ക്കായി വാളെടുക്കാന്‍ ഇഗുച്ചി തീരുമാനിക്കുന്നു.

രാത്രി വീട്ടിലെത്തിയ ഇഗുച്ചി തന്‍െറ ചെറിയ വാള്‍ പുറത്തെടുത്തു. വിളക്കിന്‍െറ അരണ്ട വെളിച്ചത്തില്‍ അയാളത്‌ രാകി മൂര്‍ച്ച കൂട്ടി. വാള്‍ മൂര്‍ച്ച കൂട്ടന്ന അപരിചിത ശബ്ദം കേട്ട്‌ ഇളയ മകള്‍ ഉണരുന്നു. അച്ഛനാകെ മാറിപ്പോയിരിക്കുന്നു. സേ്‌നഹനിധിയായ അച്ഛനെയല്ല, ക്രൗര്യം ഉറഞ്ഞുകൂടിയ ഒരു യോദ്ധാവിനെയാണവള്‍ അപ്പോള്‍ കാണുന്നത്‌.

പ്രഭാതമായി. അന്ന്‌ ഇഗുച്ചിയുടെ വിധി നിര്‍ണയിക്കുകയാണ്‌. നീണ്ടുകിടക്കുന്ന ജീവിതത്തിന്‍െറ വേരറുക്കാന്‍ മരണം യോഗോയുടെ രൂപത്തില്‍ തന്നെ കാത്തിരിക്കുകയാണെന്ന്‌ അയാള്‍ ഭയപ്പെട്ടു. മക്കള്‍ ഒന്നുമറിയുന്നില്ല. പതിവുപോലെ അച്ഛനെ വണങ്ങി അവര്‍ സ്‌കൂളിലേക്ക്‌ യാത്രയായി. അയാള്‍ തൊമായയെ വിളിച്ചുവരുത്തുന്നു. ``ഞാന്‍ ജീവന്മരണ പോരാട്ടത്തിനായി പുറപ്പെടുകയാണ്‌. നേരാംവണ്ണം വസ്‌ത്രംധരിക്കാനും മുടി കെട്ടിവെക്കാനും എനിക്കറിയില്ല. നീ സഹായിക്കണം''-അയാള്‍ അപേക്ഷിക്കുന്നു. അയാളുടെ ഉള്ളില്‍ പലതും വീര്‍പ്പുമുട്ടിക്കിടപ്പുണ്ടായിരുന്നു. അതവളോട്‌ പറയണം. പിന്നെ, അവസാനമായി ഒന്നു കാണുകയും വേണം.

വിജയിച്ചു തിരിച്ചുവന്നാല്‍ തന്‍െറ മക്കളുടെ അമ്മയായി ഈ വീട്ടിലേക്ക്‌ വരാമോ എന്നയാള്‍ ചോദിക്കുന്നു. അവള്‍ ആ ചോദ്യത്തിനു മുന്നില്‍ പകച്ചിരുന്നുപോയി. മറ്റൊരാളുമായുള്ള വിവാഹത്തിന്‌ അവള്‍ ഇതിനകം സമ്മതം മൂളിയിരുന്നു. ഹതാശനായെങ്കിലും പെട്ടെന്ന്‌ ഒരു പോരാളിയുടെ ദൃഢമനസ്സ്‌ അയാള്‍ വീണ്ടെടുക്കുന്നു. ചെയ്‌തുതന്ന എല്ലാറ്റിനും നന്ദി പറഞ്ഞ്‌ അയാള്‍ യാത്രയാകുന്നു.

പോരാട്ടത്തില്‍ ഇഗുച്ചി തന്നെ ജയിക്കുന്നു. മേലാകെ മുറിവേറ്റ്‌, പരവശനായി പിറ്റേന്നു കാലത്ത്‌ വീട്ടിലെത്തുമ്പോള്‍ തൊമായ അയാളെ കാത്തിരിക്കുകയായിരുന്നു. ആ വീട്ടില്‍ ആഹ്ലാദം നിറഞ്ഞു. തൊമായ-ഇഗുച്ചി ദാമ്പത്യം മൂന്നുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. ആഭ്യന്തരയുദ്ധത്തില്‍ ചക്രവര്‍ത്തിക്കെതിരെ വിമതപക്ഷത്തുനിന്നു പോരാടിയ ഇഗുച്ചി വെടിയേറ്റു മരിക്കുന്നു. രണ്ടുമക്കളെയും തൊമായ വളര്‍ത്തി. അവരെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവില്‍, ഇഗുച്ചിയുടെ ശവകുടീരത്തിനരികെ തൊമായയും അന്ത്യവിശ്രമത്തിലാണ്ടു.

പ്രശസ്‌ത ജപ്പാന്‍ സംവിധായകരായ അകിര കുറോസവയുടെയും ഇമാമുറയുടെയും പിന്‍മുറക്കാരനാണ്‌ താനെന്നു യോജി യമാദ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. ആഖ്യാന രീതിയിലും രംഗ കല്‌പനയിലും പാത്രാവിഷ്‌കാരത്തിലും എവിടെയും പാളിച്ച ചൂണ്ടിക്കാട്ടാനില്ല. ഇഗുച്ചിക്ക്‌ കൂടുതലിഷ്‌ടം ഇളയ മകള്‍ ഇതോയോടായിരുന്നു. അവളാണ്‌ അച്ഛന്‍െറ കഥ പറയുന്നത്‌. അച്ഛന്‍െറയും രണ്ടാനമ്മയുടെയും ശവകുടീരത്തിനരികെ നിന്ന്‌ അവള്‍ കഥ പറയുകയാണ്‌. അച്ഛനോടൊപ്പം കണ്ടതും കേട്ടതുമായ കാര്യങ്ങളേ മകള്‍ രേഖപ്പെടുത്തുന്നുള്ളൂ. കുടുംബനാഥനും സമൂഹരക്ഷകനും എന്ന നിലയില്‍ അച്ഛന്‍ അണിയേണ്ടിവന്ന മുള്‍മുടികളെക്കുറിച്ച്‌, അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തെക്കുറിച്ച്‌ അവള്‍ ഒതുക്കത്തോടെ സംസാരിക്കുന്നു. അയാള്‍ മക്കളെപ്പോലെത്തന്നെ സമൂഹത്തെയും സേ്‌നഹിച്ചിരുന്നു. ചെറുതെങ്കിലും സമ്പൂര്‍ണമായിരുന്നു ആ ജീവിതമെന്ന്‌ മകള്‍ സാക്ഷ്യപ്പെടുത്തുന്നു. സേ്‌നഹം കൊടുത്തും വാങ്ങിയും ദേശത്തിനു വേണ്ടി ത്യാഗം ചെയ്‌തും പൂര്‍ണമാക്കിയ ഒരു ജീവിതം, അത്തരത്തിലൊരു അച്ഛന്‍െറ മകളായതില്‍ താന്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്‌ അവള്‍ കഥ അവസാനിപ്പിക്കുന്നത്‌.

സേബേ ഇഗുച്ചിയെന്ന യോദ്ധാവിന്‍െറ ഇരട്ട ഭാവങ്ങളാണ്‌- പോരാളിയും ഗൃഹസ്ഥനും-സംവിധായകന്‍ ദൃശ്യവത്‌കരിക്കുന്നത്‌. കാലത്തിനനുസരിച്ച്‌ മാറിവരുന്ന മൂല്യങ്ങളിലേക്കും മൂല്യനിരാസങ്ങളിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുന്നു. നേതൃത്വത്തെ അന്ധമായി അനുസരിക്കലാണ്‌ ജീവിതം എന്ന സമുറായ്‌ചിന്താഗതിക്ക്‌ പാഠഭേദം തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്‌ ഇഗുച്ചിയും യോഗോയും. രണ്ടുപേരും നാട്ടുനടുപ്പിനെതിരാണ്‌. ഇഗുച്ചി നേതൃത്വത്തെ സൗമ്യനായി ചോദ്യം ചെയ്യുമ്പോള്‍ യോഗോ അക്രമാസക്തനായാണ്‌ അത്‌ നിര്‍വഹിക്കുന്നതെന്നുമാത്രം. ഒരര്‍ഥത്തില്‍, ഇഗുച്ചിയും മനസ്സുകൊണ്ട്‌ യോഗോയോടൊപ്പമാണ്‌. ദുരിതങ്ങള്‍ക്കിടയിലും വാള്‍ വീശി സമൂഹത്തിന്‍െറ അഭിമാനം കാക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ഏതു ധിക്കാരിക്കും കാതലായ ഒരു നിലപാടുണ്ടെന്ന സത്യത്തിലേക്കാണ്‌ യോഗോ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്‌. ആര്‍ക്കോ വേണ്ടിയുള്ള ജീവിതവും എന്തിനോവേണ്ടിയുള്ള മരണവുമാണ്‌ അയാള്‍ ചോദ്യം ചെയ്യുന്നത്‌. കരുണയോടെയാണ്‌ യോഗോ എന്ന സമുറായിയെ സംവിധായകന്‍ സമീപിക്കുന്നത്‌. അവസാന ഭാഗത്ത്‌, വീറുറ്റ വാള്‍വീശല്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ സംവിധായകന്‍ നിരാശപ്പെടുത്തുന്നു. വാള്‍ പിടിച്ച മനുഷ്യരുടെ ഹൃദയമാണ്‌ അദ്ദേഹം അനാവരണം ചെയ്യുന്നത്‌. എതിരാളിയുടെ തലയെടുക്കാന്‍ വന്നയാളാണ്‌ താനെന്ന്‌ ഇഗുച്ചി ചിലപ്പോള്‍ മറന്നുപോകുന്നു. യോഗോയുടെ ദുരന്തകഥ ക്ഷമയോടെ അയാള്‍ കേള്‍ക്കുന്നു. വര്‍ഷങ്ങളായി കരുതിവെച്ച മകളുടെ ചിതാഭസ്‌മം യോഗോ പുറത്തെടുക്കുമ്പോള്‍ ഇഗുച്ചിയുടെ വേദന പാരമ്യത്തിലെത്തുന്നു. തന്‍െറ ദാരിദ്ര്യത്തിന്‍െറ കഥകള്‍ ഇഗുച്ചിയും അയാളുമായി പങ്കിടുന്നു. ചിരപരിചിതരെപ്പോലെ, ആ തുല്യദുഃഖിതര്‍ അരണ്ട വെളിച്ചത്തില്‍ സംസാരിച്ചിരിക്കുന്നതു കാണുമ്പോള്‍ പോരാട്ടത്തെക്കുറിച്ചുള്ള ആകാംക്ഷ നമ്മളില്‍ കെട്ടടങ്ങുന്നു. `സമുറായികള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവരാണെന്ന' കുറോസവയുടെ നിരീക്ഷണത്തിന്‌ (സെവന്‍ സമുറായ്‌) ഇവിടെ അടിവരയിടുകയാണ്‌ യോജി യമാദയും.

രണ്ടുമണിക്കൂര്‍ നീണ്ട ഈ സിനിമ 2003-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌. ടോറ-സാന്‍ പരമ്പരയിലൂടെ പ്രശസ്‌തനായ സംവിധായകന്‍ യോജി യമാദയ്‌ക്ക്‌ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമാണ്‌ `ദ റ്റൈ്വലൈറ്റ്‌ സമുറായ്‌' .

സമുറായ്‌മാരുടെ ജീവിതം ആധാരമാക്കി എടുത്തിട്ടുള്ള മികച്ച ചിത്രം അകിര കുറോസവയുടെ `സെവന്‍ സമുറായ്‌' (1954) ആണ്‌. ഹോളിവുഡ്‌ നടന്‍ ടോം ക്രൂസ്‌ നായകനായ `ദ ലാസ്റ്റ്‌ സമുറായ്‌' (2003) എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌.

1 comment:

T Suresh Babu said...

ജപ്പാനില്‍ അന്യം നിന്നുപോയ ഒരു വര്‍ഗമാണ്‌ സമുറായിമാര്‍. ധീരയോദ്ധാക്കളായിരുന്നു അവര്‍. പന്ത്രണ്ടുമുതല്‍ പതിനെട്ടുവരെ നൂറ്റാണ്ട്‌ സമുറായിമാരുടെ പ്രതാപകാലമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും യോദ്ധാക്കളുടെ ആ വംശം കുറ്റിയറ്റു. സമുറായിമാരുടെ അസ്‌തമയകാലമാണ്‌ `ദ റ്റൈ്വലൈറ്റ്‌ സമുറായ്‌' എന്ന ജാപ്പനീസ്‌ സിനിമയുടെ പശ്ചാത്തലം.