ചെറുപ്പത്തില്‍ അമ്മാവനില്‍നിന്നു കേട്ട ഒരു സംഭവകഥ സരിന്‍െറ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്നു. വിഭിന്ന മതങ്ങളില്‍പ്പെട്ട പ്രണയികളുടെതായിരുന്നു ആ കഥ. വെറുപ്പും ഭീതിയും കലര്‍ന്ന അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവന്ന അവര്‍ ഏതോ ഒരു അണക്കെട്ടില്‍ എല്ലാം അവസാനിപ്പിച്ചു. ഈ കമിതാക്കളെ മനസ്സില്‍ കണ്ടാണ് വിക്സരിന്‍ `പാര്ട്ടീഷന്' എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ഇരുപത് വര്‍ഷം മുമ്പ് തിരക്കഥയുടെ ആദ്യരൂപം ഒരുങ്ങി. കൂട്ടിയും കുറച്ചും മാറ്റിയെഴുതിയും അത് സിനിമയായി മാറിയത് ഇക്കൊല്ലമാണ്.
1940-കളാണ് ഈ സിനിമയുടെ പശ്ചാത്തലം. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി, വിഭജനം എന്നീ ചരിത്ര സംഭവങ്ങള്‍ സിനിമയുടെ കഥയിലേക്ക് കടന്നുവരുന്നു. ഈ സംഭവങ്ങളെയൊക്കെ പശ്ചാത്തലത്തില്‍ നിര്‍ത്തി തന്‍േറതായ വഴിയിലൂടെ ഒരു പ്രേമകഥയുമായി സഞ്ചരിക്കുകയാണ് സംവിധായകന്. പഞ്ചാബിലെ ഒരതിര്ത്തിഗ്രാമത്തില് ഉയിര്‍കൊള്ളുന്ന ദൃഢതയാര്‍ന്ന സേ്നഹബന്ധം ലാഹോറിലെ റെയില്‍പാളത്തില്‍ അപൂര്‍ണ്ണമായി അവസാനിക്കുന്നു. വിഭജനത്തിന്‍െറ മുറിവുകളില്‍ നിന്ന് അവര്‍ ഒന്നായി. അതിര്‍ത്തികളുടെ കാര്‍ക്കശ്യത്തില്‍ വേര്‍പെടുകയും ചെയ്തു. രാജ്യത്തിന്‍െറ വിഭജനത്തില്‍ മാത്രമല്ല സംവിധായകന് വേദനിക്കുന്നത്. മനസ്സിന്‍െറ വിഭജനവും അദ്ദേഹത്തെ ആകുലചിത്തനാക്കുന്നു. ചരിത്രദശാസന്ധികളിലെ വിപത്കരമായ ജീവിത യാഥാര്‍ഥ്യങ്ങളുടെ ദൃശ്യരേഖ കുറിച്ചിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
നായിക ഒഴികെയുള്ള പ്രധാന കഥാപാത്രങ്ങളെയെല്ലാം കാണിച്ചുകൊണ്ടാണ് `പാര്ട്ടീഷന്' എന്ന ഇംഗ്ലീഷ് സിനിമ തുടങ്ങുന്നത്. കൊല്ലം 1941. ബ്രിട്ടീഷ് സൈനികരായ ആന്‍ഡ്രൂ, ഗ്യാന്‍സിങ്, അവ്താര്‍സിങ് എന്നിവരെയും ആന്‍ഡ്രൂവിന്‍െറ സഹോദരി മാര്‍ഗരറ്റ്, സുഹൃത്ത് വാള്‍ട്ടര്‍ എന്നിവരെയും നമ്മള് ഡല്‍ഹി പോളോ ക്ലബില്‍ പരിചയപ്പെടുന്നു. സൈനികര്‍ പോളോ മത്സരത്തിലാണ്. മാര്‍ഗരറ്റിന്‍െറ കാഴ്ചയിലൂടെ, സുമുഖനായ ഗ്യാന്‍സിങ്ങിന്‍െറ മുഖം ഇടയ്ക്കിടെ ക്ലോസപ്പിലെത്തുന്നു. മാര്‍ഗരറ്റിന് ഗ്യാന്സിങ്ങിനോടുള്ള ചെറിയൊരു താല്പര്യത്തിന്െറ സൂചന ഇവിടെ ഇട്ടുവെയ്ക്കുകയാണ് സംവിധായകന്. മത്സരം കഴിഞ്ഞതും ആന്ഡ്രൂവിനൊരു കത്തുകിട്ടുന്നു. ഉടന്‍ ബര്‍മാ അതിര്‍ത്തിയിലേക്ക് പുറപ്പെടുക. മൂവരെയും പിന്നീട് കാണുന്നത് സൈനിക വേഷത്തിലാണ്. അവര്‍ യുദ്ധമുന്നണിയിലേക്ക് നീങ്ങുകയായി.
1946. ബര്‍മയിലെ പോരാട്ടത്തിനുശേഷം ഗ്യാന്‍സിങ് എത്തുന്നു. അയാള്‍ ഡല്‍ഹിയില്‍ ട്രെയിനിറങ്ങുന്നു. ആന്‍ഡ്രൂവിന്‍െറ വീട്ടില്‍ പോകണം. ആന്‍ഡ്രൂവിന്‍െറ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ മാര്‍ഗരറ്റിനെ ഏല്പിക്കണം. യുദ്ധം കഴിഞ്ഞുവന്നിട്ട് ഇംഗ്ലണ്ടില്‍ പോകണമെന്ന് ആന്‍ഡ്രൂ പറഞ്ഞിരുന്നു. പക്ഷേ, ബര്‍മയില്‍ വീരമൃത്യു വരിക്കാനായിരുന്നു അയാളുടെ വിധി. തിരിച്ചുപോരുമ്പോള്‍, അടച്ചിട്ട വാതിലിനപ്പുറം ഉയര്‍ന്നുകേട്ട മാഗരറ്റിന്െറ തേങ്ങല്‍ ഗ്യാന്‍സിങ്ങിനെ പിന്തുടര്ന്നു.
ബര്‍മയുദ്ധം കഴിഞ്ഞതോടെ ഗ്യാന്സിങും അവ്താറും സൈന്യത്തില്‍ നിന്നു പിരിഞ്ഞു. പാക് അതിര്‍ത്തിക്കടുത്തുള്ള പഞ്ചാബി ഗ്രാമത്തില്‍ കടുകു കൃഷിയുമായി കഴിയുകയാണ് ഗ്യാന്‍സിങ്. അവ്താര്‍ കൈക്കൊണ്ടത് മറ്റൊരു വേഷമാണ്. വര്‍ഗീയ വിദ്വേഷം കൊണ്ട് ദുഷിച്ച കണ്ണുകളുമായി ശത്രുക്കളെ പരതുകയാണയാള്‍. അയാളുടെ ആജ്ഞ അനുസരിക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാരും കൂടെയുണ്ട്.
1947. രാജ്യം സ്വതന്ത്രമായി. അതോടൊപ്പം വിഭജനവും നടന്നു. അഭയാര്‍ഥി സംഘങ്ങള്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നു പാകിസ്താനിലേക്കും ഒഴുകിക്കൊണ്ടിരിക്കുന്നു. കൂട്ടക്കൊലയുടെ നാളുകള്‍. വഴിയില്‍ നഷ്ടപ്പെടുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അയല്‍ക്കാരെയും ഉപേക്ഷിച്ച് അഭയാര്‍ഥികള്‍ അത്താണി തേടി നീങ്ങുകയാണ്. അവ്താറിന്െറയും കൂട്ടരുടെയും വാളുകള്‍ നിരപരാധികളുടെ നെഞ്ചില്‍ കയറിയിറങ്ങി. പാകിസ്താനിലേക്കു പോകുന്ന നസീം എന്ന യുവതിയെയും മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും അവര്‍ ആക്രമിക്കുന്നു. ഭയചകിതയായ നസീം ഓടി കടുകുപാടത്ത് ഒളിച്ചിരിക്കുന്നു. പിതാവിനെ അക്രമികള്‍ കൊല്ലുന്നു. മാതാവും സഹോദരങ്ങളും എങ്ങോ ഓടിയകന്നിരിക്കുന്നു. പിറ്റേന്ന്, നസീമിനെ ഗ്യാന്‍സിങ് കണ്ടെത്തുന്നു. സിഖ് അക്രമികളുടെ കണ്ണില്‍പ്പെടാതെ, സിഖ് യുവതിയുടെ വേഷം ധരിപ്പിച്ച് അവളെ തന്‍െറ വീട്ടിലേക്ക് കൊണ്ടുപോകുന്നു. പത്തായത്തിനകത്ത് അവളെ ഒളിപ്പിക്കുകയാണയാള്. പിന്നീട്, ഗ്രാമീണര്‍ അവളെ കണ്ടെത്തുന്നു. അവളെ പുറത്തിറക്കി വിടണമെന്നായിരുന്നു അവരുടെ ആവശ്യം. `അവള് നമ്മുടെ ഗ്രാമത്തെ അശുദ്ധമാക്കു'മെന്നായിരുന്നു അവ്താര്‍ സിങ്ങിന്‍െറ വാദം. നിരാശ്രയയായ നസീമിനെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഗ്യാന്‍സിങ് ഒരുക്കമായിരുന്നില്ല. അയാള്‍ നസീമിനെ വിവാഹം കഴിക്കുന്നു. അവര്‍ക്കൊരു കുഞ്ഞുപിറക്കുന്നു- വിജയ്.
സ്വന്തം കുടുംബത്തെപ്പറ്റി ഒന്നുമറിയാനാവാതെ സങ്കടപ്പെടുകയാണ് നസീം. ഇതിനിടെ, മാര്‍ഗരറ്റുമായി ഗ്യാന്‍സിങ് ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. ഒരുദിവസം ഗ്യാന്സിങ്ങിനെത്തേടി മാര്‍ഗരറ്റ് എത്തുന്നു. നസീമിന്‍െറ കുടുംബം ലാഹോറിലുണ്ടെന്ന് അറിയിക്കുന്നു. നസീമിന് പാകിസ്താനിലേക്കൊന്ന് പോകണം. കുടുംബത്തെക്കണ്ട് തിരിച്ചുവരണം. അതിനുവേണ്ട രേഖകളെല്ലാം ശരിയായി. ഒരു മാസത്തേക്കാണ് അനുമതി. വീട്ടിലെത്തിയപ്പോഴാണ് പിതാവ് കൊല്ലപ്പെട്ട വിവരം നസീം അറിയുന്നത്. നസീമിന്‍െറ പുനഃസമാഗമത്തില്‍ കുടുംബം ആഹ്ലാദത്തിലമര്‍ന്നു. പക്ഷേ, സിഖുകാരനായ ഗ്യാന്സിങ്ങിനെയും മകനെയും സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. തന്നെ മരണത്തില്‍ നിന്ന് രക്ഷിച്ചയാളാണ് ഗ്യാന്‍ എന്ന നസീമിന്‍െറ വാദമൊന്നും അവര്‍ പരിഗണിക്കുന്നില്ല. സിഖുകാരില്‍ നിന്ന് അനുഭവിച്ച ക്രൂരതകള്‍ അവര്‍ക്ക് മറക്കാനാവുന്നില്ല. നസീമിനെ തിരിച്ച് ഇന്ത്യയിലേക്ക് വിടില്ലെന്ന വാശിയിലാണവര്‍.
ഇതിനിടയില്‍, നസീമിന്‍െറ കത്തൊന്നും കാണാതെ ഗ്യാന്‍ മകനെയുംകൂട്ടി ഡല്‍ഹിയിലെത്തുന്നു. ഭാര്യയെ തിരിച്ചെത്തിക്കാന്‍ വഴിയൊന്നുമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്നു. നീണ്ടമുടി മുറിച്ച്, മതം മാറി, മുഹമ്മദ് ഹസ്സന് എന്ന് പേരുമാറ്റി ഗ്യാന്‍ അതിര്‍ത്തിയിലെത്തുന്നു. ഹൈക്കമ്മീഷനില്‍ നിന്നുള്ള ശരിയായ രേഖകളില്ലാത്തതിനാല്‍ പാകിസ്താനിലേക്ക് പോകാന്‍ കഴിയുന്നില്ല. ഗത്യന്തരമില്ലാതെ അയാള്‍ മകനുമൊത്ത് അതിര്ത്തിക്കമ്പിവേലി നൂണ്ടുകടന്ന് പാകിസ്താനിലെത്തുന്നു.
ലാഹോറില്‍ വാള്‍ട്ടറുടെയും മാര്ഗരറ്റിന്െറയും സഹായം ഗ്യാനിനുണ്ടായിരുന്നു. നസീമിനെ കണ്ടെങ്കിലും അവളെ കൊണ്ടുപോകാന്‍ സഹോദരന്മാര് സമ്മതിക്കുന്നില്ല. പോലീസ് ഗ്യാനിനെ കൊണ്ടുപോയി തടവിലിടുന്നു. എന്തുവന്നാലും നസീമിനെ കൂടാതെ മടങ്ങില്ലെന്ന് അയാള്‍ ഉറപ്പിക്കുന്നു. നസീമിനെ ഒരുവിധത്തിലും ഗ്യാനില്‍ നിന്നകറ്റാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട മാതാവ് അവളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു. സഹോദരന്മാര് ഇതറിയുന്നില്ല. നസീമിനെ തിരിച്ചുകിട്ടില്ലെന്ന സത്യം അംഗീകരിക്കാന്‍ ഗ്യാന്‍ നിര്‍ബന്ധിതനാവുന്നു. നസീം റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടയില്‍ത്തന്നെ ഗ്യാനും മകനും മാര്‍ഗരറ്റും വാള്‍ട്ടറും ഹതാശരായി അവിടേക്ക് പുറപ്പെടുന്നുണ്ട്. തിരിച്ചുപോവുകയാണ് ഗ്യാന്‍. റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഗ്യാനും നസീമും കണ്ടുമുട്ടുന്നു. അപ്പോഴേക്കും അവിടെയെത്തിയ നസീമിന്‍െറ സഹോദരങ്ങള്‍ അവരെ വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗ്യാന്‍ മേല്‍പ്പാലത്തില്‍ നിന്ന് പാളത്തിലേക്ക് വീഴുന്നു. ഓടിയെത്തുന്ന ട്രെയിനിനു മുന്നിലായിരുന്നു ആ വീഴ്ച. ഗ്യാന്‍സിങ്ങിന്‍െറ മൃതദേഹം ഉപേക്ഷിച്ച് മാര്ഗരറ്റിനോടൊപ്പം നസീമും മകനും ട്രെയിനില്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നു.
ഇന്ത്യാവിഭജനം പ്രമേയമാക്കി കാനഡയില്‍ നിന്നൊരു ചിത്രം കൂടി. ഈയൊരു വിശേഷണത്തിനേ `പാര്ട്ടീഷന്' അര്‍ഹതയുള്ളൂ. ദീപാമേത്തയുടെ `എര്‍ത്ത്' ആയിരുന്നു ഈ ഗണത്തില്‍ കാനഡയില്‍നിന്നെത്തിയ ആദ്യചിത്രം. എട്ടുവയസ്സുകാരിയായ ലെന്നി ബേബി എന്ന പാഴ്സി പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് `എര്‍ത്ത്' ദീപാമേത്ത അവതരിപ്പിച്ചത്. കാര്യമായ ശ്രദ്ധ നേടിയെടുക്കാന്‍ ആ ചിത്രത്തിനായില്ല. വിക്സരിന്െറ ചിത്രവും വളരെപ്പെട്ടെന്ന് മറവിയിലേക്ക് നീങ്ങാനാണ് സാധ്യത. വിഭജനം ഇതിവൃത്തമാക്കി ചെയ്ത ഇന്ത്യന്‍ ചിത്രങ്ങളില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന `ഗരംഹവ' (സംവിധാനം- എം.എസ്. സത്യു), `മമ്മോ' (ശ്യാംബെനഗല്‍) എന്നീ ചിത്രങ്ങളുടെ അടുത്തൊന്നും എത്തുന്നില്ല `പാര്ട്ടീഷന്'. ഈ ചിത്രം നിര്‍വികാരമായി നമുക്ക് കണ്ടിരിക്കാനാവും. `ഗരംഹവ'യും `മമ്മോ'യും കാണുമ്പോള്‍ നെഞ്ചില്‍ വിങ്ങലും വേദനയും നീറിപ്പിടിക്കുന്നത് നമുക്കു തിരിച്ചറിയാനാകും. അവയില്‍ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ, സാമൂഹിക നിലപാടുകളുണ്ടായിരുന്നു. സ്വപ്നങ്ങളും വരണ്ടുണങ്ങിയ കണ്ണീരുമുണ്ടായിരുന്നു. വിദൂരതയിലിരുന്ന് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സിദ്ധിയൊന്നും വിക്സരിനില്ല. സാമൂഹിക പ്രശ്നങ്ങളുടെ പുറന്തോടില്‍ ഒന്നു സ്പര്ശിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞിട്ടുള്ളൂ. വിഭജനത്തിന്‍െറ പശ്ചാത്തലം എടുത്തുകളഞ്ഞാല്‍ എവിടെയും ഏതുകാലത്തും ചേരുന്ന ഒരു പ്രേമകഥയുടെ ചട്ടക്കൂടിലേക്ക് ഇതിന്‍െറ ഇതിവൃത്തത്തെ ഒതുക്കാനാവും. കഥയുടെ പ്രയാണവും ഗ്യാന്‍സിങ്ങിന്‍െറ മരണത്തില്‍ അതു കൊണ്ടെത്തിച്ച രീതിയും പ്രഗല്ഭനായ ഒരു സംവിധായകന്‍െറ സാന്നിധ്യമല്ല വെളിപ്പെടുത്തുന്നത്. എന്തിനീ സിനിമ ദുരന്തത്തില്‍ അവസാനിപ്പിച്ചു എന്നത് ന്യായമായ സംശയമാണ്. നസീമിന്‍െറയും മകന്‍െറയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മാര്‍ഗരറ്റ് എന്ന വെള്ളക്കാരിയെ മഹത്ത്വവത്കരിക്കാന്‍ അവസരമൊരുക്കുകയാവണം ഇതിന്‍െറ ഉദ്ദേശ്യം.
ചിത്രത്തിന്‍െറ ശീര്‍ഷകം വിഭജനത്തിന്‍െറ ഇരുണ്ട ദിനങ്ങളിലേക്കാണ് നമ്മുടെ ഓര്‍മയെ പെട്ടെന്നു നയിക്കുക. തുടക്കം ആ വിധത്തിലാണുതാനും. കഥ മുന്നോട്ടുപോകവെ ചരിത്രപശ്ചാത്തലം സംവിധായകന് ഒരു ഭാരമായിത്തീരുന്നു. പാതിവഴിയില്‍ വെച്ച് അദ്ദേഹം ചരിത്രത്തെ ഉപേക്ഷിക്കുന്നു. പകരം, നിറംകെട്ട ഒരു ഹിന്ദിസിനിമയുടെ ചിരപരിചിതവൃത്തത്തിലേക്ക് കഥയെ രൂപം മാറ്റിയെടുക്കുന്നു.
ചിത്രം അവസാനിക്കുമ്പോള്‍, മഞ്ഞപ്പൂക്കള്‍ ചിരിച്ചാര്ത്തുനില്ക്കുന്ന കടുകുപാടങ്ങളുടെ വര്‍ണക്കാഴ്ചകളും ഗ്യാന്‍സിങ് എന്ന കഥാപാത്രവും മാത്രമേ നമ്മുടെ മനസ്സില്‍ അവശേഷിക്കൂ. ആയുസ്സിന്‍െറ പകുതിയും പട്ടാളത്തില്‍ ചെലവിട്ട ഗ്യാന്‍സിങ് താന്‍ ഇന്ത്യയ്ക്കു വേണ്ടിയാണ് യുദ്ധം ചെയ്തതെന്ന് അഭിമാനം കൊള്ളുന്നയാളാണ്. സിഖുകാര്‍ക്കു വേണ്ടി മാത്രമല്ല, മുസ്ലിംകള്ക്കും ഹിന്ദുക്കള്‍ക്കും കൂടി വേണ്ടിയായിരുന്നു തന്‍െറ പോരാട്ടം. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവരെ ഒരുമിച്ചു കാണാനാണയാള്‍ ആഗ്രഹിച്ചത്. കലാപത്തില്‍ പങ്കെടുക്കാനുള്ള സുഹൃത്തിന്‍െറ ക്ഷണം നിരസിക്കാന്‍ ഗ്യാന്സിങ്ങിന് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. വ്യക്തമായ നിലപാടുകളുണ്ട് ഈ കഥാപാത്രത്തിന്. പക്ഷേ, എവിടെയും അയാള്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നില്ല. ഉള്വലിയാനായിരുന്നു താത്പര്യം. ഈ കഥാപാത്രത്തെ വേണ്ടവിധം വികസിപ്പിച്ചെടുക്കാന്‍ സംവിധായകന് ശ്രദ്ധിച്ചിട്ടില്ല.
3 comments:
ചെറുപ്പത്തില്‍ അമ്മാവനില്‍നിന്നു കേട്ട ഒരു സംഭവകഥ സരിന്‍െറ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്നു. വിഭിന്ന മതങ്ങളില്‍പ്പെട്ട പ്രണയികളുടെതായിരുന്നു ആ കഥ. വെറുപ്പും ഭീതിയും കലര്‍ന്ന അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവന്ന അവര്‍ ഏതോ ഒരു അണക്കെട്ടില്‍ എല്ലാം അവസാനിപ്പിച്ചു. ഈ കമിതാക്കളെ മനസ്സില്‍ കണ്ടാണ് വിക്സരിന്‍ `പാര്ട്ടീഷന്' എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.
പരിചയപ്പെടുത്തലിനു നന്ദി!
നല്ലൊനല്ലൊരു ക്രിസ്തുമസ് ദിനവും നല്ല രണ്ടായിരത്തി എട്ടും വിഷ്ഷുന്നു.
രു സിനിമാ നിരൂ പണം നല്കിയതിന്ന് നന്ദി
www.kosrakkolli.blogspot.com
Post a Comment