Monday, March 31, 2008

ഏകാകികളുടെ ലോകം

രണ്ട്‌ കൂട്ടുകാര്‍. ഇരുവര്‍ക്കും ഏതാണ്ട്‌ 55 വയസ്സ്‌ പ്രായം. നാലുകൊല്ലമായി ചൈനയിലെ ഒരു കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണവര്‍. നിത്യവും ഒരുമിച്ച്‌ മദ്യപിക്കും. നന്നായി മദ്യപിച്ച ഒരു ദിവസം അതിലൊരാള്‍ക്ക്‌ (സിനിമയിലെ നായകന്‌) കലശലായ ഭയം. താന്‍ മരിച്ചുകഴിഞ്ഞാല്‍ ശവം അനാഥമായിപ്പോവുമോ എന്ന്‌. സുഹൃത്ത്‌ ആശ്വസിപ്പിച്ചു: ``അക്കാര്യത്തില്‍ പേടിക്കേണ്ട. ഞാന്‍ എങ്ങനെയെങ്കിലും മൃതദേഹം വീട്ടിലെത്തിക്കും'' അതൊരു പരസ്‌പര ധാരണയായി അവര്‍ അംഗീകരിച്ചു. ആദ്യം മരിക്കുന്നത്‌ സുഹൃത്താണ്‌. അമിതമായ മദ്യപാനമായിരുന്നു കാരണം. വാക്കുപാലിക്കാനായി നായകന്‍ സുഹൃത്തിന്‍െറ ജഡവുമായി അയാളുടെ ജന്മനാട്ടിലേക്ക്‌ പുറപ്പെടുകയാണ്‌. മരിച്ചയാളുടെ കൈയില്‍ 5000 യുവാനുണ്ടായിരുന്നു. നായകന്‍െറ കൈയില്‍ 500 യുവാനും. സുഹൃത്തിന്‍െറ പണം ചെലവിനായി എടുക്കില്ലെന്ന്‌ അയാള്‍ തീരുമാനിക്കുന്നു. തന്‍െറ പണംകൊണ്ട്‌ ഒരു വാഹനം വിളിക്കാനാവില്ല. അയാള്‍ ബസ്സില്‍ പോകാന്‍ തീരുമാനിക്കുന്നു.

സാങ്‌യാങ്‌ സംവിധാനം ചെയ്‌ത `ഗെറ്റിങ്‌ ഹോം' എന്ന ചൈനീസ്‌ സിനിമ ഇവിടെ തുടങ്ങുന്നു. കടമ്പകള്‍ നിറഞ്ഞ യാത്രയില്‍ കഥാനായകന്‍ ഒട്ടേറെ മുഖങ്ങളെ കണ്ടുമുട്ടുന്നു. അവരിലെ നന്മയും തിന്മയും തിരിച്ചറിയുന്നു. മിക്കവരും ജീവിതയാത്രയില്‍ ഏകാകികളാണെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുന്നു. 2007-ല്‍ തിരുവനന്തപുരത്ത്‌ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണിത്‌.

ബസ്സില്‍, തന്‍െറ തൊട്ടടുത്ത സീറ്റിലിരുത്തിയാണ്‌ നായകന്‍ സുഹൃത്തിനെ കൊണ്ടുപോകുന്നത്‌. പാന്‍റ്‌സും ഷര്‍ട്ടും കൂളിങ്‌ഗ്ലാസും തൊപ്പിയും ധരിപ്പിച്ച്‌ അന്തസ്സോടെത്തന്നെയാണ്‌ സുഹൃത്തിനെ ഒരുക്കിയിരിക്കുന്നത്‌. മദ്യപിച്ച്‌ ബോധംകെട്ടുറങ്ങുകയാണെന്നേ ആളെ കണ്ടാല്‍ തോന്നൂ. വഴിക്കുവെച്ച്‌ കൊള്ളക്കാര്‍ കയറി ബസ്‌യാത്രികരെ കൊള്ളയടിക്കുന്നു. `സ്വര്‍ഗവും ഭൂമിയും ഞാന്‍ ഒരുപോലെ കൊള്ളയടിക്കും' എന്നാണ്‌ അല്‌പം സഹൃദയനെന്ന്‌ തോന്നിക്കുന്ന തലവന്‍െറ വീരവാദം. വേണ്ടതെന്തും താനെടുക്കും എന്നയാള്‍ പറഞ്ഞപ്പോള്‍ `മരിച്ചയാളുടെ പണവും എടുക്കുമോ?' എന്നായിരുന്നു നായകന്‍െറ ചോദ്യം. സുഹൃത്തിനോടുള്ള അയാളുടെ സേ്‌നഹവും കടപ്പാടും കൊള്ളത്തലവനെ സ്‌പര്‍ശിക്കുന്നു. കൊള്ളമുതലെല്ലാം നായകന്‌ സമ്മാനിച്ച്‌ തലവന്‍ സംഘാംഗങ്ങളോടൊപ്പം ബസ്സില്‍ നിന്നിറങ്ങിപ്പോകുന്നു. അവര്‍ പോകേണ്ട താമസം യാത്രക്കാരെല്ലാം തങ്ങളുടെ പണം തിരിച്ചെടുക്കുന്നു. ജീവനും പണവും തിരിച്ചുകിട്ടിയപ്പോഴാണ്‌ മരിച്ച ഒരാള്‍ക്കൊപ്പമാണ്‌ തങ്ങള്‍ യാത്രചെയ്യുന്നത്‌ എന്ന ചിന്ത അവരെ പിടികൂടുന്നത്‌. ബസ്സില്‍ ബഹളമായി. എല്ലാവര്‍ക്കും ബസ്സില്‍ നിന്നിറങ്ങണമെന്ന്‌ വാശി. ഒടുവില്‍ നായകനും സുഹൃത്തും ബസ്സില്‍ നിന്നു പുറത്താകുന്നു.

ജഡം പുറത്തേറ്റി അയാള്‍ റോഡിലൂടെ നടക്കുകയാണ്‌. കൈ കാണിച്ചിട്ടും വാഹനങ്ങളൊന്നും നിര്‍ത്തുന്നില്ല. ദയാലുവായ ഒരു ട്രാക്ടര്‍ഡ്രൈവര്‍ അയാളെ സഹായിക്കാന്‍ തയ്യാറാവുന്നു. `ഹൃദയാഘാതമാണ്‌, ഉടനെ ആസ്‌പത്രിയിലെത്തിക്കണം' എന്നാണ്‌ നായകന്‍ ഡ്രൈവറോട്‌ പറയുന്നത്‌. ആസ്‌പത്രിയിലെത്തിയതും ഡോക്ടറെ കാണാന്‍ പോകാതെ നായകന്‍ ജഡവുമായി മുങ്ങുന്നു. രാത്രി താമസിക്കാന്‍ ലോഡ്‌ജില്‍ മുറിയെടുക്കുന്നു. അവിടെ വെച്ച്‌ ആരോ അയാളുടെ പോക്കറ്റടിക്കുന്നു. പോലീസെത്തിയാല്‍ പൊല്ലാപ്പാകും എന്നു ഭയന്ന്‌ അയാള്‍ പരാതി കൊടുക്കുന്നില്ല.

പകല്‍. അയാള്‍ ജഡവുമേന്തി നടക്കുകയാണ്‌. തലേന്ന്‌ ലോഡ്‌ജില്‍ കണ്ട ഒരു ചെറുപ്പക്കാരന്‍ ഇരുവരെയും തന്‍െറ വാനില്‍ കയറ്റുന്നു. കുറെ ദൂരം ചെന്നപ്പോഴാണ്‌ യാത്രികരിലൊരാള്‍ പരേതനാണെന്ന്‌ ചെറുപ്പക്കാരന്‌ മനസ്സിലാവുന്നത്‌. പക്ഷേ, അപ്പോഴേക്കും നിഷ്‌കളങ്കമായ തന്‍െറ പെരുമാറ്റത്തിലൂടെ നായകന്‍ ചെറുപ്പക്കാരന്‍െറ സുഹൃത്തായി കഴിഞ്ഞിരുന്നു. നായകന്‍ ഉറക്കെ പാടുന്നു. നിത്യേന, സേ്‌നഹത്തിന്‍െറ പൂക്കളുമായി കാമുകിയെ കാത്തിരിക്കുന്ന വിരഹിയായ കാമുകന്‍െറ പാട്ടായിരുന്നു അത്‌. തന്നെ വഞ്ചിച്ച കാമുകിയുടെ ഓര്‍മ ഉണര്‍ന്നതോടെ ചെറുപ്പക്കാരന്‍ അസ്വസ്ഥനാകുന്നു. ഈ റോഡില്‍ വെച്ചാണ്‌ അവന്‍ അവളെ കണ്ടുമുട്ടിയത്‌. മൂന്നുലക്ഷം കി.മീറ്റര്‍ വാന്‍ ഓടിച്ച്‌ ധാരാളം പണമുണ്ടാക്കിക്കഴിഞ്ഞാല്‍ കൂടെ വരാം എന്നവള്‍ വാക്കു കൊടുത്തിരുന്നതാണ്‌. തന്‍െറ ലക്ഷ്യം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പക്ഷേ, കാമുകി വന്നില്ല. പൊട്ടിക്കരയുന്ന അവനെ നായകന്‍ ആശ്വസിപ്പിക്കുന്നു.

ഇരുവരെയും വഴിയിലൊരിടത്ത്‌ ഇറക്കി ചെറുപ്പക്കാരന്‍ വണ്ടി ഓടിച്ചുപോകുന്നു. രാത്രിയായി. നായകന്‌ വിശക്കുന്നുണ്ട്‌. കൈയിലാണെങ്കില്‍ സ്വന്തം പണമില്ല. തൊട്ടടുത്ത്‌ ഒരു സമ്പന്നന്‍െറ വീട്ടില്‍ മരണാനന്തര ചടങ്ങ്‌ നടക്കുകയാണ്‌. ശവപ്പെട്ടിക്കകത്ത്‌ ചുവന്ന കോടി പുതച്ച്‌ ഒരു വൃദ്ധന്‍. അയാളുടെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടിക്കൊണ്ട്‌ ആള്‍ക്കാര്‍ ആര്‍ത്തു കരയുന്നു . ഗത്യന്തരമില്ലാതെ നായകനും കരച്ചില്‍ സംഘത്തില്‍ ചേരുന്നു. അത്‌ കഴിഞ്ഞ്‌ കുശാലായ ഭക്ഷണം. ആര്‍ത്തിയോടെ തിന്നുകൊണ്ടിരിക്കെ `മരിച്ച' വൃദ്ധന്‍ എഴുന്നേറ്റ്‌ അയാളുടെ അടുത്തുവന്ന്‌ ഇരിക്കുന്നു. വൃദ്ധന്‍ നാടകം കളിക്കുകയായിരുന്നു. ചെറുപ്പത്തിലേ ഭാര്യ നഷ്‌ടപ്പെട്ടു. മക്കളുമില്ല. ജീവിതത്തില്‍ അയാള്‍ ഏകനാണ്‌. തന്‍െറ മരണം ജീവിച്ചിരിക്കേത്തന്നെ ആഘോഷിക്കുകയായിരുന്നു അയാള്‍. ആ കാഴ്‌ച ആസ്വദിക്കണമെന്ന്‌ അയാള്‍ക്ക്‌ തോന്നി. അവിടെ ആര്‍ത്തലച്ച്‌ കരഞ്ഞവരെല്ലാം അയാള്‍ പണം കൊടുത്ത്‌ വരുത്തിയവരാണ്‌. പക്ഷേ, നായകനെ മാത്രം അയാള്‍ക്ക്‌ മനസ്സിലാവുന്നില്ല. ബന്ധുവോ സുഹൃത്തോ ഒന്നുമല്ലാത്ത ഏതോ ഒരാള്‍.

നായകന്‍ സത്യം പറയുന്നു. വിശപ്പടക്കാന്‍ വന്നതാണ്‌. സുഹൃത്തിനെ തൊട്ടടുത്ത വയലില്‍ നോക്കുകുത്തിയെപ്പോലെ നിര്‍ത്തി പോന്നതാണ്‌. അയാളുടെ ആത്മാര്‍ഥത വൃദ്ധനെ സ്‌പര്‍ശിച്ചു. അയാളുടെ കരച്ചിലിലാണ്‌ ആത്മാര്‍ഥതയുടെ അംശം താന്‍ കണ്ടതെന്ന്‌ വൃദ്ധന്‍ പറയുന്നു. `നിങ്ങള്‍ക്കു വേണ്ടി, എനിക്കുവേണ്ടി, മരിച്ച സുഹൃത്തിനുവേണ്ടി' ഹൃദയം പൊട്ടിക്കരയുകയായിരുന്നു താന്‍ എന്ന്‌ നായകന്‍ സമ്മതിക്കുന്നു.വൃദ്ധന്‍ ഒരു കൈവണ്ടി സമ്മാനിക്കുന്നു. അതില്‍ പുല്ലുനിറച്ച്‌ ജഡം കിടത്തുന്നു. നായകന്‌ കുറച്ചാശ്വാസം തോന്നുന്നു. സുഹൃത്തിനെ പുറത്ത്‌ വലിച്ച്‌ കേറ്റേണ്ടല്ലോ? വഴിയില്‍വെച്ച്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ വണ്ടി കേടാവുന്നു. അതിനുശേഷം ട്രാക്ടറിന്‍െറ വലിയ ടയറിനകത്ത്‌ പുല്ലുനിറച്ച്‌ ഒളിപ്പിച്ചുവെച്ചാണ്‌ സുഹൃത്തിനെ കൊണ്ടുപോകുന്നത്‌. ടയറും നിയന്ത്രണംവിട്ട്‌ റോഡില്‍നിന്നു തെന്നിമാറി താഴേക്ക്‌ പതിക്കുന്നു. വീണ്ടും ജഡം പുറത്തേറ്റി അയാള്‍ നടക്കുകയാണ്‌. ഇടയ്‌ക്ക്‌ സുഹൃത്തിന്‍െറ ഷൂ ഊരിയെടുത്ത്‌ അയാള്‍ ഇടുന്നു. അപ്പോഴാണ്‌, ഷൂവിന്‍െറ സോളിന്നടിയില്‍ ഒളിച്ചുവെച്ച കുറേ പണം പുറത്തുവരുന്നത്‌. ഇനി ഏതായാലും കാറുപിടിച്ചാകാം യാത്ര എന്നു തീരുമാനിക്കുന്നു. സുഹൃത്തിന്‍െറ പണം ഉപയോഗിക്കുന്നതില്‍ അയാള്‍ക്ക്‌ കുറ്റബോധമുണ്ട്‌. എന്തായാലും ആ പണം താന്‍ തിരിച്ചുനല്‌കുമെന്ന്‌ അയാള്‍ സുഹൃത്തിന്‌ `വാക്കുകൊടുക്കുന്നു'.

ഒരു കാര്‍ ഏര്‍പ്പാടാക്കുന്നു. യാത്രയ്‌ക്കുമുമ്പ്‌ ഹോട്ടലില്‍ ചെന്ന്‌ നന്നായി ഭക്ഷണം കഴിക്കുന്നു. പണം കൊടുത്തപ്പോഴാണറിയുന്നത്‌ സുഹൃത്തിന്‍െറ കൈയിലുള്ളതില്‍ വലിയൊരു പങ്കും കള്ളനോട്ടാണെന്ന്‌. സത്യം പറഞ്ഞിട്ടും ഹോട്ടലുകാര്‍ അയാളെ മര്‍ദിക്കുന്നു. സങ്കടം സഹിക്കാനാവാതെ അയാള്‍ കൈയിലുള്ള കറന്‍സിയെല്ലാം കത്തിച്ചു കളയുന്നു.

സുഹൃത്തിനോടുള്ള വാക്കുപാലിക്കാന്‍ തനിക്കാവില്ലെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായി. എവിടെയും തടസ്സങ്ങളാണ്‌. കൈയില്‍ കാശുമില്ല. ജഡമാണെങ്കില്‍ മണക്കാനും തുടങ്ങിയിരിക്കുന്നു. ഹതാശനായ അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ, അവസാനനിമിഷം മനസ്സുമാറി പിന്തിരിയുന്നു.

അയാള്‍ കാല്‍നടയായി യാത്ര തുടരുകയാണ്‌. തേനീച്ച വളര്‍ത്തുന്ന ഒരു കുടുംബവും ബ്യൂട്ടി പാര്‍ലറിലെ പെണ്‍കുട്ടിയും അയാളുടെ നല്ല മനസ്സ്‌ തിരിച്ചറിഞ്ഞ്‌ സഹായിക്കുന്നുണ്ട്‌. പണമുണ്ടാക്കാനായി അയാള്‍ രക്തം കൊടുക്കാന്‍ പോകുന്നു. ടെസ്റ്റ്‌ ചെയ്‌തപ്പോള്‍ `ഹെപ്പറ്റൈറ്റിസ്‌-ബി'. അതിനാല്‍ രക്തം കൊടുക്കാന്‍ കഴിഞ്ഞില്ല. ഒരിടനിലക്കാരന്‍ വന്ന്‌ വ്യാജ ബ്ലഡ്‌ബാങ്കിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ നടന്ന പോലീസ്‌ റെയ്‌ഡില്‍ അയാളും അകപ്പെടുന്നു. ബ്ലഡ്‌ബാങ്കില്‍ വെച്ച്‌ ഒരു സ്‌ത്രീയെ പരിചയപ്പെടുന്നു. തെരുവ്‌ അടിച്ചുവാരലാണ്‌ ജോലി. അതില്‍നിന്നു കിട്ടുന്ന വരുമാനത്തിനു പുറമെ മൂന്നുമാസത്തിലൊരിക്കല്‍ രക്തവും വില്‍ക്കും. അവരുടെ മകന്‍ സര്‍വകലാശാലാ വിദ്യാര്‍ഥിയാണ്‌. അവനെ പഠിപ്പിച്ച്‌ വലിയ ആളാക്കണം. ഭര്‍ത്താവ്‌ നേരത്തെ മരിച്ചുപോയി. സ്‌ത്രീയും നായകനും മനസ്സുകൊണ്ട്‌ അടുക്കുന്നു. സുഹൃത്തിന്‍െറ മൃതദേഹം വീട്ടിലെത്തിച്ചു കഴിഞ്ഞാല്‍ താന്‍ തിരിച്ചുവരുമെന്ന്‌ അയാള്‍ പറയുന്നു. ജീവിതാവസാനം വരെ ഒപ്പമുണ്ടാകുമെന്ന്‌ ഉറപ്പുനല്‌കുന്നു. ഇതുപോലെ മധുരമുള്ള കാര്യം കേട്ടിട്ട്‌ എത്രയോ കാലമായി എന്നു പറഞ്ഞ്‌ ആ സ്‌ത്രീ ഹൃദയം തുറന്ന്‌ അയാളെ സ്വാഗതം ചെയ്യുന്നു. കൈയിലുള്ള നാന്നൂറ്‌ യുവാന്‍ ചെലവിലേക്ക്‌ എന്നുപറഞ്ഞ്‌ അയാളെ നിര്‍ബന്ധിച്ച്‌ ഏല്‌പിക്കുന്നു.

ഒരു ഡാമിനടുത്താണ്‌ സുഹൃത്തിന്‍െറ വീട്‌. ലോറിയിലും ജെ.സി.ബി.യിലും മറ്റുമായി അയാള്‍ ഒടുവില്‍ ഡാംസൈറ്റിലെത്തുന്നു. ജഡവും പുറത്തുകയറ്റി മലകയറുകയാണയാള്‍. ജനങ്ങള്‍ അയാളെ കാത്തുനില്‍ക്കുന്നുണ്ട്‌. സുഹൃത്തിനെ താഴെയിറക്കിയതും അയാള്‍ ബോധരഹിതനായി വീഴുന്നു.

നായകന്‍ ഇപ്പോള്‍ ആസ്‌പത്രിയിലാണ്‌. തൊട്ടരികെ ഒരു പോലീസുകാരന്‍. സുഹൃത്തിന്‍െറ കുടുംബവുമായി പോലീസിനു ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പോലീസുകാരന്‍െറ സാന്നിധ്യത്തില്‍ ശവം ദഹിപ്പിക്കുന്നു. ചിതാഭസ്‌മവും എല്ലുകളും ശേഖരിച്ച്‌ ഒരു പെട്ടിയിലാക്കി ചുവന്ന പട്ടില്‍ പൊതിയുന്നു. അതിനി സുഹൃത്തിന്‍െറ വീട്ടിലെത്തിക്കണം. പോലീസുകാരനുമൊത്ത്‌ അയാള്‍ പുറപ്പെടുന്നു. വീടൊക്കെ പൊളിഞ്ഞുവീണുകിടക്കുകയാണ്‌. ഒരുവാതില്‍ മാത്രമുണ്ട്‌ ബാക്കി. അവിടെ നിലത്തുകിടക്കുന്ന വാതില്‍പ്പൊളിയില്‍ സുഹൃത്തിന്‍െറ മകന്‍ പെയിന്‍റുകൊണ്ട്‌ അച്ഛന്‌ സന്ദേശം എഴുതിവെച്ചിരുന്നു. `അച്ഛാ, വര്‍ഷങ്ങളായി ഞങ്ങള്‍ അങ്ങയെ തേടുകയാണ്‌. അങ്ങയുടെ ഒരുവിളിപോലും വന്നില്ല. ഈചെയ്യുന്നത്‌ തെറ്റാണെന്നറിയാം. ഞങ്ങള്‍ ഈ വീട്ടില്‍ നിന്നുമാറുകയാണ്‌. പുതിയ വീട്ടില്‍ ഞങ്ങള്‍ അങ്ങയെകാത്തിരിക്കും.' യിച്ചാങ്‌ പ്രവിശ്യയിലുള്ള പുതിയ വീടിന്‍െറ വിലാസവും അതിനുകീഴെ കുറിച്ചിട്ടിരുന്നു.

തന്‍െറ കഷ്‌ടപ്പാടുകള്‍ വ്യര്‍ഥമായല്ലോ എന്നോര്‍ത്ത്‌ നായകന്‌ കരച്ചില്‍ വരുന്നു. പോലീസുകാരന്‍ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നു. `നമുക്ക്‌ പോകാം. യിച്ചാങ്ങിലെത്താന്‍ ഏഴ്‌മണിക്കൂര്‍ യാത്രയുണ്ട്‌, ചിതാഭസ്‌മവുമായി അവര്‍ പടികളിറങ്ങുമ്പോള്‍ സിനിമ അവസാനിക്കുന്നു.

അവിശ്വസനീയം എന്നുതോന്നുന്ന ഒരു സംഭവത്തില്‍ നിന്നാണ്‌ ഈ സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്‌. ഏതോ നഗരത്തിലെ ബാറില്‍ നിന്നും നായകന്‍െറ യാത്ര തുടങ്ങുന്നു. ഒപ്പമുള്ള സുഹൃത്ത്‌ `മൃതദേഹ'മാണെന്ന്‌ ആദ്യം നമുക്ക്‌ മനസ്സിലാവില്ല. അത്രയ്‌ക്ക്‌ സമര്‍ഥമായാണ്‌ ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്‌. നായകന്‍ പലപ്പോഴും സുഹൃത്തിനോട്‌ സംസാരിക്കുന്നത്‌ കാണാം. പിണങ്ങുന്നതും ക്ഷോഭിക്കുന്നതും കാണാം. ബസ്സില്‍ വെച്ച്‌ കൊള്ളത്തലവനോട്‌ ഏറ്റുപറയുമ്പോള്‍ മാത്രമാണ്‌ സുഹൃത്തിന്‍െറ രഹസ്യം പുറത്താവുന്നത്‌.

മറ്റേതെങ്കിലും സംവിധായകന്‍െറ കൈയില്‍ ഈ പ്രമേയം കിട്ടിയിരുന്നെങ്കില്‍ ഇതൊരു തമാശപ്പടമായി മാറിയേനെ. നര്‍മത്തിന്‌ അത്രക്ക്‌ സാധ്യതയുണ്ട്‌ ഓരോ കഥാസന്ദര്‍ഭത്തിലും. പക്ഷേ, സംവിധായകന്‍ സാങ്‌യാങ്‌ ഗൗരവത്തോടെത്തന്നെയാണ്‌ ഇതിവൃത്തത്തെ സമീപിക്കുന്നത്‌. ഗെറ്റിങ്‌ ഹോമിനെ ഹൃദയസ്‌പര്‍ശിയായ സിനിമയാക്കിമാറ്റാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

സ്വന്തം വീടും കുടുംബവും തേടിയുള്ള മനുഷ്യരുടെ അവസാനിക്കാത്ത യാത്രയാണീചിത്രം. മരിച്ചയാള്‍ക്കുമാത്രമേ ഈ സിനിമയില്‍ പേരുള്ളൂ. ജീവിക്കുന്നവര്‍ക്കൊന്നും പേരില്ല; നായകനുള്‍പ്പെടെ. സുഹൃത്തിനാവട്ടെ പേരുമാത്രമേയുള്ളൂ. കൃത്യമായ വിലാസമില്ല. ലക്ഷ്യസ്ഥാനം തേടി അലയുന്നതിനിടയില്‍ കഥാനായകന്‍ ഒരുപാട്‌ മനുഷ്യരെ കണ്ടുമുട്ടുന്നു. തന്നേക്കാളും സുഹൃത്തിനേക്കാളും വേദനിക്കുന്നവരാണ്‌ പലരുമെന്ന്‌ അയാള്‍ക്ക്‌ മനസ്സിലാവുന്നു. കഥാനായകന്‌ കുടുംബമുള്ളതായി സൂചനയൊന്നുമില്ല. നന്മയുടെ പൂമരമായി നില്‍ക്കുമ്പോഴും അയാള്‍ക്കൊന്നും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ദുരിത നാഴികകള്‍ താണ്ടി സുഹൃത്തിന്‍െറ നാട്ടിലെത്തിയപ്പോള്‍ അവിടെ നിരാശ. ഒരിടത്താവളത്തില്‍ പരിചയപ്പെട്ട സ്‌ത്രീയെ സ്വന്തം ഹൃദയത്തോടടുപ്പിച്ചു നിര്‍ത്തുന്നുണ്ടെങ്കിലും അവരുടെ വിലാസം ചോദിക്കാന്‍ അയാള്‍ മറന്നുപോകുന്നു. ആ സ്‌ത്രീയും ഒറ്റപ്പെട്ടവളാണ്‌. പഠിപ്പിച്ച്‌ വലുതാക്കുമ്പോള്‍ അവര്‍ക്ക്‌ മകനെത്തന്നെ നഷ്‌ടപ്പെടുകയാണ്‌. മകന്‌ അമ്മയുടെ പണം മാത്രം മതി. അവരുടെ അന്തസ്സില്ലാത്ത വിലാസം അവനുവേണ്ട. അവന്‍ അമ്മയെ കാണാന്‍പോലും വരുന്നില്ല.

കഥാപാത്ര സൃഷ്‌ടിയില്‍ പൂര്‍ണത കൈവന്നിട്ടുണ്ട്‌ഇതിലെ നായകന്‌. ആദ്യരംഗത്തുതന്നെ നമ്മുടെ മനസ്സില്‍ അയാള്‍ ഇടം നേടുന്നു. താന്‍ എന്തെങ്കിലും ത്യാഗം ചെയ്യുന്നതായി അയാള്‍ കരുതുന്നില്ല. ഒരപരാധിയെപ്പോലെ എപ്പോഴും തലകുനിക്കുന്നു അയാള്‍. ചെയ്യുന്നതെല്ലാം തെറ്റാണെന്ന മട്ടില്‍ വ്യഥ പേറുന്നു. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ അതിനെ നിസ്സാരവത്‌കരിച്ച്‌ വിശാലമായി ചിരിക്കുന്നു. മറക്കാനാവില്ല ഈ കഥാപാത്രത്തെ.

9 comments:

T Suresh Babu said...

സുഹൃത്തിന്റെ ജഡവുമായി അയാളുടെ ജന്മനാട്ടിലേക്ക്‌ യാത്രചെയ്യുന്ന നായകന്റെ യാത്രകളാണ്‌ ഗെറ്റിങ്‌ ഹോം എന്ന സിനിമ. 2007ല്‍ തിരുവനന്തപുരത്തുനടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്രമേളകളില്‍ ആസ്വാദകരെ വിസ്‌മയിപ്പിച്ച സിനിമയാണിത്‌

chithrakaran ചിത്രകാരന്‍ said...

സുരേഷ്‌ജി,
സ്നേഹത്തെ പരിപാവനമായി കരുതുന്ന മനുഷ്യന്റെ ദൈന്യത ഹൃദയസ്പര്‍ശിയായി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രത്തെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി.
ഓഫ്:കോഴിക്കോടുവച്ച് ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാല നടത്തുന്നുണ്ട് ഏപ്രില്‍ അവസാനമോ,മെയ് ആദ്യമോ ആയിരിക്കും. സുരേഷ്ജിയുടെ സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണം
.

chithrakaran ചിത്രകാരന്‍ said...

ഒരു സസ്നേഹം ചേര്‍ക്കാന്‍ വിട്ടുപോയി !!!
സസ്നേഹം,ചിത്രകാരന്‍.

annie said...

നന്ദി..
സിനിമ കാണണമല്ലോ..

വെള്ളെഴുത്ത് said...

ഫിലിം ഫെസ്റ്റിന് കണ്ട സിനിമകളിലൊന്നാണ് ഒരു ചൈനീസ് സത്യന്‍ അന്തിക്കാടു പടം എന്നാണ് തോന്നിയത്. സിനിമകളെക്കുറിച്ചുള്ള അറിവില്ലായ്മ തന്നെ. പക്ഷേ ആളുകള്‍ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. കുറേ ക്ലീഷേകളില്ലേ സിനിമയില്‍, ഒരൊറ്റ കാര്യം ശവശരീരവും ഏറ്റിനടക്കുന്ന ആ മനുഷ്യന്റെ അഭിനയവും അനുബന്ധ തമാശകളും ഒഴിച്ചാല്‍ സിനിമ ഒരു മീഡിയോക്രയല്ലേ?

Roby said...

വെള്ളെഴുത്ത് പറഞ്ഞതു കൂടാതെ, സമകാലീന ചൈനയെ പറ്റി, ആ അണക്കെട്ടും അതുകാരണമുള്ള കുടിയൊഴിക്കലുകളും സിനിമയില്‍ വരുന്നുണ്ട്.

എങ്കിലും ആദ്യഭാഗത്തെ ആ ബസ് കൊള്ള കണ്ടപ്പോള്‍ പ്രിയദര്‍ശന്‍-സത്യന്‍ പടങ്ങള്‍ ഓര്‍മ്മ വന്നു.
പിന്നെ പലപ്പോഴും...

കഥ വിവരിച്ച് പറയുന്നത് വായന വിരസമാക്കുന്നുവോ എന്നൊരു ശംശയം. ഒരു പക്ഷെ ഞാന്‍ സിനിമ കണ്ടതു കൊണ്ടായിരിക്കും

T Suresh Babu said...

പ്രിയ ചിത്രകാരന്‍,ആനി, വെള്ളെഴുത്ത്‌, റോബി
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.
വെള്ളെഴുത്തിന്റെയും റോബിയുടെയും അഭിപ്രായങ്ങളോട്‌ എനിക്ക്‌ ഒട്ടും വിയോജിപ്പില്ല. ' ഗെറ്റിങ്‌ ഹോം' മികച്ച സിനിമയൊന്നുമല്ല. പക്ഷേ, മലയാളത്തില്‍ ഇപ്പോഴിറങ്ങുന്ന നല്ലതെന്നു പറയുന്ന സിനിമകളേക്കാള്‍ എത്രയോ ഭേദമാണ്‌ ഈ ചൈനീസ്‌ സിനിമ. എന്നെ കൂടുതലായി ആകര്‍ഷിച്ചത്‌ അതിന്റെ ഇതിവൃത്തം തന്നെ. അവിശ്വസനീയമായ സംഭവം എന്നു തന്നെ സമ്മതിക്കാം. എങ്കിലും, പുതുമയുള്ള ഇത്തരമൊരു ഇതിവൃത്തം കണ്ടെത്തുന്നതില്‍ ഒരു മിടുക്കില്ലേ?. ഒരു ചരടില്‍ കോര്‍ത്ത്‌ ഈ ഇതിവൃത്തത്തെ ക്രമാനുഗതമായി വികസിപ്പിച്ചുകൊണ്ടുപോകുന്നതില്‍ ഒരു സംവിധായകന്റെ സാന്നിദ്ധ്യം പ്രകടമാകുന്നില്ലേ?. അതുപോലെ അനായാസമായി ഓരോ രംഗത്തും പെരുമാറുന്ന ആ നായകനടന്റെ അകൃത്രിമമായ അഭിനയം കണ്ടിരിക്കാന്‍ ഒരു സുഖമില്ലേ?. സാധാരണ മനുഷ്യന്റെ ഉത്‌കണ്‌ഠകളും ജീവിതത്തെക്കുറിച്ചുള്ള വ്യഥകളും ഒന്നു സസ്‌പര്‍ശിക്കാന്‍ ശ്രമിക്കുന്നില്ലേ ഈ സിനിമ?. ഇത്രയൊക്കെപ്പോരെ ഒരു ചിത്രം നമ്മുളെ ആഹ്ലാദിപ്പിക്കാന്‍?.
വിനയത്തോടെ ഞാന്‍ സമ്മതിക്കട്ടെ. ലോങ്‌ ഷോട്ട്‌സ്‌ സിനിമയെക്കുറിച്ചുള്ള പഠനമല്ല. അഭിപ്രായങ്ങള്‍ കേട്ടറിഞ്ഞും വായിച്ചും ഒരുപാട്‌ വിദേശ ചിത്രങ്ങള്‍ കാണുന്നുണ്ട്‌. അതില്‍, ശ്രദ്ധേയമെന്നു തോന്നുന്ന സിനിമകളെക്കുറിച്ച്‌്‌ ഒരു ആസ്വാദകന്റെ കാഴ്‌ചപ്പാടിലൂടെ എഴുതാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. വെറുമൊരു പരിചയപ്പെടുത്തല്‍ മാത്രം.

നജൂസ്‌ said...

തര്‍ജ്ജിമ്മയില്ലാതെയാണ് സിനിമ കണ്ടത്‌. എവിടെ വന്നപ്പോള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

പടത്തിന്റെ ഇതിവ്ര്‌ത്തം ഇഷ്ടായി. സംവിധാനത്തിലും നല്ല മികവ്‌ കാണിക്കുന്നു

Anonymous said...

സിനിമ കണ്ടില്ലെങ്കിലെന്താ വല്ലാതെ ഹൃദയത്തില്‍ കൊണ്ടു..