ലോകത്തെവിടെയും വനിതകള്‍ അഗവണിക്കപ്പെട്ടവരാണെന്ന വിശ്വാസക്കാരിയാണ് ഇറാനിയന്‍ സംവിധായിക സമീറ മഖ്മല്‍ ബഫ്. കുടുംബത്തിന്റെ, സമുദായത്തിന്റെ, രാഷ്ട്രീയത്തിന്റെ, ഭരണകൂടത്തിന്റെ തടവറയിലാണ് വനിതകള്‍. ഇതില്‍നിന്നൊരു മോചനം പലരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും അത് സാധിക്കുന്നില്ല. സാമൂഹിക ജീവി എന്ന നിലയില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനും തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാനും അവര്‍ക്ക് കഴിയുന്നില്ല.
വെളിച്ചം കൊട്ടിയടയ്ക്കുന്ന വിശ്വാസങ്ങളോടുള്ള കലഹമായിരുന്നു സമീറയുടെ ആദ്യചിത്രമായ 'ദ ആപ്പിള്‍'. പതിനേഴാം വയസ്സിലാണ് സമീറ ഈ ചിത്രം സംവിധാനം ചെയ്തത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ, മാനസിക വളര്‍ച്ചയെത്താത്ത രണ്ട് പെണ്‍കുട്ടികളെയും വ്യഥ പേറുന്ന മാതാപിതാക്കളെയും ക്യാമറയുടെ മുന്നിലെത്തിക്കാന്‍ ധൈര്യം കാട്ടി സമീറ. അവരെ ജീവിതത്തിന്റെ പ്രതീക്ഷയിലേക്ക് കൈപിടിച്ച് പതുക്കെ നടത്തി ഈ സംവിധായിക. സമീറയുടെ രണ്ടാമത്തെ ചിത്രം 'ബ്ലാക്ക് ബോര്‍ഡ്'. മൂന്നാമത്തേത് 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' (At five in the afternoon).
ഒരു സിനിമയെടുക്കുമ്പോള്‍ താനൊരു പ്രസ്താവന നടത്താനല്ല പോകുന്നതെന്ന് സമീറ വിശ്വസിക്കുന്നു. തന്റെ ഉള്ളില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് തന്റെ സിനിമകള്‍. സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതാവസ്ഥയാണ് സമീറയെ ഏറെ വേദനിപ്പിക്കുന്നത്. ഇതിനാരാണ് ഉത്തരവാദികള്‍ എന്നന്വേഷിക്കുകയും അവരെ കണ്ടെത്തുകയുമാണ് സമീറ ചെയ്യുന്നത്. ആഭ്യന്തര കലാപങ്ങളുടെയും യുദ്ധത്തിന്റെയും മുറിവുകള്‍ ഏറെയും ഏറ്റുവാങ്ങുന്നത് സ്ത്രീകളും കൂട്ടികളുമാണ്. യുദ്ധകാലത്ത് ഭീതിയും യുദ്ധാനന്തരം ഭാവിയെക്കുറിച്ചുള്ള നിരന്തര സന്ദേഹങ്ങളും അവരെ വേട്ടയാടുന്നു. ആകെയുളള്ള നിസ്വജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ബദ്ധപ്പാടില്‍ വിദ്യാഭ്യാസം അവര്‍ക്ക് അന്യമാകുന്നു. പഠിക്കാനവര്‍ക്ക് അവസരം കിട്ടുന്നില്ല. ഓരോ ദിവസവും ജീവന്‍ നിലനിര്‍ത്താനുള്ള പലായനത്തിനിടയില്‍ പാഠപുസ്തകങ്ങള്‍ അവരുടെ ചിന്തയിലേക്ക് വരുന്നില്ല. അതിജീവനം മാത്രമാകുന്നു അവരുടെ ലക്ഷ്യം.
കടുത്ത ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരം തേടലുമാണ് 2003-ല്‍ ഇറങ്ങിയ 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' എന്ന സിനിമ.
പിതാവ് മഹ്‌സിന്‍ മഖ്മല്‍ബഫിന്റെ 'കാണ്ഡഹാര്‍' എന്ന സിനിമയുടെ തുടര്‍ച്ച എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. മൈനുകള്‍ പാകിയ മരണപ്പാടങ്ങളിലൂടെ സ്വന്തം സഹോദരിയെത്തേടി നഫാസ് എന്ന യുവതി കാണ്ഡഹാറിലേക്ക് നടത്തുന്ന അപൂര്‍ണ യാത്രയാണ് 'കാണ്ഡഹാറി'ന്റെ ഇതിവൃത്തം. താലിബാന്റെ ഭരണകാലമാണ് അതിന്റെ പശ്ചാത്തലം. 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണി'ലാവട്ടെ താലിബാന്റെ പതനത്തിനുശേഷമുള്ള കാലമാണ് പശ്ചാത്തലമായി വരുന്നത്. രണ്ടു സിനിമകളിലും അഭയാര്‍ഥികളുടെ കണ്ണീരാണ് നമ്മളെ അസ്വസ്ഥരാക്കുന്നത്.
വനിതകളുടെ ശക്തിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധ്യമുള്ള നോഗ്ര എന്ന അഫ്ഗാന്‍ യുവതിയുടെ കാഴ്ചപ്പാടിലൂടെയാണ് 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണി'ന്റെ ഇതിവൃത്തം വികസിക്കുന്നത്. കാബൂളിലെ അഭയാര്‍ഥിക്യാമ്പുകളില്‍ മാറിമാറി കഴിയുകയാണ് നോഗ്രയുടെ കുടുംബം. പിതാവും സഹോദരഭാര്യയും കുഞ്ഞുമാണ് അവരോടൊപ്പമുള്ളത്. ട്രക്ക്‌ഡ്രൈവറായ സഹോദരന്‍ ചരക്കുമായി കാണ്ഡഹാറിലേക്കു പോയതാണ്. ഒരു വിവരവും കിട്ടുന്നില്ല അവനെപ്പറ്റി. ബോംബേറില്‍ തകര്‍ന്ന കെട്ടിടങ്ങളും വെടിവെച്ചിട്ട വിമാനങ്ങളുമാണ് അവര്‍ക്ക് അഭയകേന്ദ്രങ്ങളാകുന്നത്. ഭക്ഷണമോ മരുന്നോ ആവശ്യത്തിനും സമയത്തിനും കിട്ടാത്ത അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ അഭയകേന്ദ്രങ്ങളില്‍ പിഞ്ഞിക്കീറിയ തുണികള്‍ മറയാക്കി കുടുംബങ്ങള്‍ അതിരുകള്‍ വരയ്ക്കുന്നു. തലചായ്ക്കാന്‍ ഇടംതന്നവരോട് കയര്‍ക്കാനും അവരെ പരിഹസിക്കാനും മുതിരുന്നു ചിലര്‍.
പിതാവിനെ അറിയിക്കാതെ നോഗ്ര ഒരു വിദ്യാലയത്തില്‍ പഠിക്കാന്‍ പോകുന്നു. എല്ലാ പ്രായത്തില്‍പ്പെട്ട പെണ്‍കുട്ടികളുമുണ്ടവിടെ. നോഗ്രമാത്രം സ്‌കൂള്‍ യൂണിഫോം അണിയുന്നില്ല. അണിഞ്ഞാല്‍, യാഥാസ്ഥിതികനായ പിതാവിനു മനസ്സിലാകും. അതോടെ നിലയ്ക്കും അവളുടെ വിദ്യാഭ്യാസം. പുസ്തകങ്ങളും ഹൈഹീലുള്ള വെള്ള ചെരിപ്പും ബാഗില്‍ ഒളിച്ചുവെച്ചാണ് അവള്‍ പുറത്തിറങ്ങുന്നത്. സ്‌കൂളിലെത്താനാകുമ്പോള്‍ പഴയ ചെരിപ്പ് ബാഗിലിട്ട് ഹൈഹീല്‍ ചെരിപ്പ് ധരിക്കുന്നു. ക്ലാസ്സിലെത്തിയാല്‍ നോഗ്ര വാചാലയാകും. അവളുടെ മനസ്സു തുറക്കുന്നതവിടെയാണ്. തന്റെ ആശയങ്ങളോട് യോജിക്കുന്ന ചിലരെ അവള്‍ക്ക് കൂട്ടിനു കിട്ടുന്നുമുണ്ട്.
സ്‌കൂളിലും അഭയാര്‍ഥിക്യാമ്പുകളിലുമായി ചുറ്റിത്തിരിയുന്ന ക്യാമറ ഒരുനാള്‍ ക്ലാസ്ടീച്ചറില്‍ ഫോക്കസ് ചെയ്യുന്നു. (ഇവിടെ സമീറ തന്റെ പ്രധാന ചോദ്യം ഉന്നയിക്കുകയാണ്.). വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഒരു ചോദ്യാവലി സ്‌കൂളിലെത്തിയ വിവരം അറിയിക്കുകയാണ് ക്ലാസ്ടീച്ചര്‍. ഓരോരുത്തരും എന്താകാനാഗ്രഹിക്കുന്നു എന്നതാണ് അതിലെ പ്രധാന ചോദ്യം. അധ്യാപകര്‍, എന്‍ജിനീയര്‍, ഡോക്ടര്‍. തീര്‍ന്നു. കുട്ടികളുടെ അറിവില്‍ മറ്റു തൊഴിലുകളൊന്നുമില്ല. പെട്ടെന്നാണ് അധ്യാപിക അസാധാരണമായ ഒരു ചോദ്യം അവരുടെ മുന്നിലേക്ക് എറിയുന്നത്. 'അഫ്ഗാനിസ്താന്റെ പ്രസിഡന്റാകാന്‍ താത്പര്യമുള്ളവര്‍ ആരൊക്കെ' എന്നതായിരുന്നു ആ ചോദ്യം. ആര്‍ക്കും മിണ്ടാട്ടമില്ല. ഇങ്ങനെയൊരു സ്വപ്നംകാണല്‍ ഓരോ അഫ്ഗാന്‍കാരനും അവകാശപ്പെട്ടതാണെന്ന തോന്നല്‍പോലും അവര്‍ക്കുണ്ടായിരുന്നില്ല. രാജ്യത്തിന്റെ പരമോന്നത പദവി അവരുടെ സങ്കല്പങ്ങള്‍ക്ക് അപ്പുറത്തായിരുന്നു. ഏറെ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഒരു പെണ്‍കുട്ടി എഴുന്നേല്‍ക്കുന്നു. തുടര്‍ന്ന് നോഗ്രയും മറ്റൊരു പെണ്‍കുട്ടിയും.
തന്റെ ആശയത്തിലേക്ക് ചിലരെങ്കിലും കടന്നു വന്നതില്‍ അധ്യാപികയ്ക്ക് ആഹ്ലാദം. തുടര്‍ന്ന്, ക്ലാസ്സിലെ ചര്‍ച്ച പ്രസിഡന്റ് പദവിയെക്കുറിച്ചായി. ഇത്തരമൊരു ചിന്തതന്നെ അസംബന്ധമാണെന്ന മട്ടിലാണ് ഭൂരിപക്ഷത്തിന്റെയും ഇരിപ്പ്. ധൈര്യവും ധിഷണയുമുള്ള പെണ്‍കുട്ടിക്ക് സ്വന്തം തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്ന് സമര്‍ഥിച്ചുകൊണ്ട് മിന എന്ന തീപ്പൊരിപ്പെണ്‍കൊടി ക്ലാസ്സിനെ ഞെട്ടിക്കുന്നു. തനിക്ക് പിതാവും സഹോദരനും നഷ്ടപ്പെട്ടത് സ്ത്രീകള്‍ ഭരിച്ചപ്പോഴല്ലാ, പുരുഷ ഭരണകാലത്തായിരുന്നു എന്നു പറഞ്ഞ് അവള്‍ പൊട്ടിത്തെറിക്കുന്നു. പാകിസ്താനില്‍ കഴിയേണ്ടിവന്ന നോഗ്രയും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. അവിടെ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിട്ടുണ്ട്. തൊട്ടടുത്ത് ഇന്ത്യ. അവിടെ ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിയായിട്ടുണ്ട്. എന്തുകൊണ്ട് അഫ്ഗാനിസ്താനില്‍ വനിതാ ഭരണാധികാരി ഉണ്ടായിക്കൂടാ എന്നാണ് നോഗ്രയുടെ ചൂടുള്ള ചോദ്യം.
തുടര്‍ന്ന്, ക്ലാസ്സില്‍ ഇതേപ്പറ്റി സജീവ ചര്‍ച്ച നടക്കുന്നു. സംവിധായിക തന്റെ സിനിമയുടെ കേന്ദ്രബിന്ദുവിലേക്ക് പ്രേക്ഷകനെ കൊണ്ടുപോവുകയാണ്. സമീറ ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യവിഷയം സ്ത്രീശാക്തീകരണമാണ്. എന്തുകൊണ്ട് പുരുഷനൊപ്പം സ്ത്രീക്ക് എത്തിക്കൂടാ? പിതാവ് ഉള്‍പ്പെടെ നോഗ്രയുടെ പരിചിതവലയത്തിലുള്ള പുരുഷന്മാരെല്ലാം സ്ത്രീവിരുദ്ധരാണ്. നോഗ്രയുടെ അടുത്ത സുഹൃത്തായി മാറുന്ന, അഭയാര്‍ഥിയായ കവിപോലും പ്രസിഡന്റാകാനുള്ള നോഗ്രയുടെ ആഗ്രഹത്തെ തമാശയായാണ് കാണുന്നത്.
തന്റെ ആശയം സിനിമയിലേക്ക് സന്നിവേശിപ്പിക്കുമ്പോഴും യാഥാര്‍ഥ്യത്തിന്റെ ഭൂമിക വിടുന്നില്ല സംവിധായിക. അഭയാര്‍ഥിയുടെ കഠിനപര്‍വങ്ങള്‍ താണ്ടുന്ന മനുഷ്യരുടെ ഉത്ക്കണ്ഠ മുഴുവന്‍ ഇന്നിനെക്കുറിച്ചാണെന്ന് അവര്‍ മനസ്സിലാക്കുന്നു. തൊട്ടുമുന്നിലുള്ളത് പരുക്കന്‍ യാഥാര്‍ഥ്യങ്ങളാണ്. അതിനിടയിലെവിടെ താത്വിക ചര്‍ച്ചകള്‍ക്കും സ്വപ്നം കാണലിനും നേരം? ഏതു സമയത്തും വന്നുവീഴാവുന്ന ബോംബുകള്‍ പേറി പോര്‍വിമാനങ്ങള്‍ ചീറിപ്പായുമ്പോള്‍ അവരാലോചിക്കുന്നത് അന്നന്നത്തെ ജീവന്റെ തുടിപ്പിനെക്കുറിച്ചാണ്. അവരൊക്കെ ജീവിത പരാജയങ്ങളുടെ വലിയ ഭാണ്ഡം പേറുന്നവരാണ്. നോഗ്രയോട് ഇഷ്ടം തോന്നി എപ്പോഴും പിറകെ കൂടുന്ന കവിപോലും അവളുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നില്ല. രാഷ്ട്രീയത്തോടും ഭരണകൂടങ്ങളോടും മറ്റെല്ലാവരെയും പോലും അയാള്‍ക്കും വെറുപ്പാണ്. ആരാണ് ഭരണാധികാരി എന്നതുപോലും അയാള്‍ക്ക് പ്രശ്‌നമാകുന്നില്ല.
തന്റെ മൂന്നു സഹോദരന്മാരും കൊല്ലപ്പെട്ടതാണ്. ഒരാളെ റഷ്യക്കാര്‍ കൊന്നു. മറ്റൊരാള്‍ ആഭ്യന്തരയുദ്ധത്തില്‍ മരിച്ചു. മൂന്നാമനെ തീവ്രവാദികളും കൊന്നു. ബാക്കിയായത് താന്‍ മാത്രം. ഇതെന്തൊരു ജീവിതമാണ് എന്നതാണ് അയാളുടെ നിലപാട്. പ്രായമായ അമ്മയെയും കൊണ്ട് അഭയാര്‍ഥിക്യാമ്പുകളിലൂടെ അലയുകയാണയാള്‍. ഇവിടെ ജീവിതമാണ് പ്രശ്‌നം. രാഷ്ട്രീയമോ ഭരണകൂടമോ അധികാര ചിന്തയോ ഒന്നും ആ മനസ്സിലേക്ക് കടന്നുവരുന്നില്ല.
സിനിമയെ പൂര്‍ണമായും സ്ത്രീപക്ഷ ചര്‍ച്ചയ്ക്ക് വിട്ടുകൊടുക്കുന്നില്ല സമീറ. കാബൂളിലെ തകര്‍ന്ന കെട്ടിടങ്ങളില്‍ അവശേഷിക്കുന്ന അരച്ചുമരുകള്‍ക്ക് അപ്പുറവും ഇപ്പുറവുമായി വീണ്ടും ജീവിതം കെട്ടിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരിലേക്കാണ് ഏറെ നേരവും സമീറയുടെ ക്യാമറ വേദനയോടെ കണ്ണുതുറക്കുന്നത്. അതിര്‍ത്തിപ്രദേശത്തുനിന്ന് ലോറികളിലും കാല്‍നടയായും വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥിസംഘങ്ങളെ ക്യാമറ പിന്തുടരുന്നു. ജീവിക്കാനുള്ള അവരുടെ മോഹങ്ങളെ കരുണയോടെ ഉള്‍ക്കൊള്ളുന്നു. ''എല്ലാം തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു, ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരിടവുമില്ല'' എന്ന് ഒരു പെണ്‍കുട്ടി നോഗ്രയോട് സങ്കടത്തോടെ പറയുന്നു. കാബൂളിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നായിരുന്നു നോഗ്രയുടെ മറുപടി. ''ഇവിടെ അവശിഷ്ടങ്ങള്‍ മാത്രമേയുള്ളൂ. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ നമുക്ക് ജീവിക്കാം'' -അവള്‍ സമാശ്വസിപ്പിക്കുന്നു.
അവസാന ഭാഗങ്ങളില്‍ നോഗ്രയുടെ കുടുംബത്തിലേക്കാണ് സമീറയുടെ ശ്രദ്ധ പതിയുന്നത്. ആ കുടുംബത്തിന് നേരിടേണ്ടിവരുന്ന ആഘാതങ്ങളിലൂടെ അഭയാര്‍ഥികളുടെ മൊത്തം അവസ്ഥയിലേക്കാണ് സംവിധായിക വിരല്‍ചൂണ്ടുന്നത്. അഭയാര്‍ഥി ക്യാമ്പില്‍ ഒന്നും കിട്ടാനില്ല. ഭക്ഷണം കഴിക്കാഞ്ഞ് നോഗ്രയുടെ സഹോദരഭാര്യയുടെ മുലപ്പാല്‍ വറ്റുന്നു. കുഞ്ഞിന് മറ്റൊന്നും കൊടുക്കാനില്ല. ആ കുടുംബത്തിന് ആകെയുള്ളത് ഒരു കോഴിയാണ്. അത് മുട്ടയിടുന്നില്ല. വിശന്നിട്ടും കരയാന്‍പോലും ത്രാണിയില്ല ആ കുഞ്ഞിന്. തകര്‍ന്ന കെട്ടിടത്തില്‍നിന്ന് പുറത്തുപോരേണ്ടിവന്ന ആ കുടുംബം പിന്നീട് അഭയം തേടുന്നത് തകര്‍ന്നുകിടക്കുന്ന ഒരു വിമാനത്തിന്റെ പള്ളയിലാണ്. അവിടെയും സ്വസ്ഥത കിട്ടുന്നില്ല. നിരന്തരം ശല്യംചെയ്ത് ആ കുടുംബത്തെ ചിലര്‍ ആട്ടിയോടിക്കുകയാണ്.
നഗരം വിട്ട് ഉള്ളിലേക്ക് കടന്നതോടെ നോഗ്രയുടെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു. ട്രക്ക് ഡ്രൈവറായ ഭര്‍ത്താവ് തിരിച്ചുവന്നാല്‍ തങ്ങളെക്കാണാതെ വിഷമിക്കുമല്ലോ എന്നോര്‍ത്ത് നോഗ്രയുടെ സഹോദര ഭാര്യയ്ക്ക് ദുഃഖം. അവന്‍ മൈന്‍സേ്ഫാടനത്തില്‍ മരിച്ച വിവരം വൃദ്ധന്‍ അവളോട് പറയുന്നില്ല. ദുഃഖം ഉള്ളിലൊതുക്കി അയാള്‍ പെട്ടെന്ന് വിഷയം മാറ്റുന്നു.
അന്നു രാത്രി, നോഗ്രയുടെ സഹോദര ഭാര്യ വേവലാതിയോടെ വൃദ്ധനോട്: കുഞ്ഞ് കരയുന്നേയില്ല. വൃദ്ധന്‍: അവനുറങ്ങുകയാണ്.
യുവതി: അവന്‍ അനങ്ങുന്നേയില്ലല്ലോ? അയാള്‍ക്ക് എല്ലാം മനസ്സിലായിരുന്നു. ഒരു തുള്ളി മുലപ്പാല്‍ കിട്ടാതെ, മരുന്നു കിട്ടാതെ, ആ കുഞ്ഞ് ജീവിതത്തില്‍നിന്ന് തിരിച്ചുപോയിരിക്കുന്നു. ഒടുവില്‍, മരുഭൂമിയില്‍ ആ വൃദ്ധകരങ്ങള്‍ തന്നെ അവന് കുഴിമാടമൊരുക്കുന്നു.
ചുറ്റും നടക്കുന്നതൊന്നുമറിയാതെ ജീവിക്കുന്ന മറ്റൊരു വൃദ്ധനെ മരുഭൂമിയില്‍ നമ്മള്‍ കണ്ടെത്തുന്നു. അയാളുടെ കുതിര തൊട്ടടുത്ത് അവശനായി വീണു കിടപ്പുണ്ട്. ദിവസങ്ങളായി അതിന് എന്തെങ്കിലും കിട്ടിയിട്ട്. മരുഭൂമിയില്‍ തുള്ളി വെള്ളംപോലും കിട്ടാനില്ല. നാലു മാസമായി കുതിരയുമായി അയാള്‍ യാത്ര തുടങ്ങിയിട്ട്. കാണ്ഡഹാറിലേക്ക് പോവുകയാണ്. ഭരണം മാറിയതൊന്നും അയാള്‍ അറിഞ്ഞിട്ടില്ല. നോഗ്രയുടെ പിതാവില്‍ നിന്ന് അക്കാര്യമറിഞ്ഞപ്പോള്‍ അയാള്‍ നിരാശനാവുന്നു. യാത്ര പാഴായിരിക്കുന്നു. ഇനി കാണ്ഡഹാറിലേക്ക് പോകുന്നില്ല. 'ഞാനിനി ഇവിടെത്തന്നെ ഇരിക്കട്ടെ' എന്നയാള്‍ നിര്‍വികാരതയോടെ പറയുന്നു.
താലിബാന്റെ പതനത്തിനുശേഷം കാബൂളില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. 2003-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പ്രൈസ് നേടിയിട്ടുണ്ട്. യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ എത്രയെങ്കിലും സമീറയുടെ ഫ്രെയിമുകളില്‍ കടന്നുവരുന്നുണ്ട്. നമുക്കഭിമുഖമായി ഒരു കുതിരയും രണ്ട് സ്ത്രീകളും നടന്നുവരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. അവര്‍ തിരിച്ചുപോകുന്ന രംഗത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍, മനുഷ്യവ്യഥകളുടെ ഒരു ക്ലോസപ്പ് ഒരുക്കാനാണ് സമീറ മഖ്മല്‍ ബഫ് ശ്രമിച്ചിരിക്കുന്നത്. ആ ശ്രമത്തില്‍ അവര്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എങ്കിലും, 'കാണ്ഡഹാര്‍' പോലെ അത്ര ശക്തമോ 'ദ ആപ്പിള്‍' പോലെ അത്ര ഹൃദയസ്പര്‍ശിയോ ആയിട്ടില്ല 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍ നൂണ്‍'. ആശയപ്രചാരണ വ്യഗ്രതയില്‍ ഇതിവൃത്തത്തിന് എവിടെയൊക്കെയോ താളപ്പിഴ വന്നുപോയിട്ടുണ്ട്.
സ്പാനിഷ് കവിയായ ഫെഡറികോ ഗാര്‍ഷ്യ ലോര്‍ക്കയുടെ ഒരു കവിതയില്‍ നിന്നാണ് സിനിമയുടെ ശീര്‍ഷകം എടുത്തിരിക്കുന്നത്. മൃഗങ്ങളെയും കവിതയെയും ഒരുപോലെ സ്നേഹിച്ചിരുന്ന കവി എന്നുവിശേഷിപ്പിച്ചുകൊണ്ട് സിനിമയിലെ കവിയാണ് നോഗ്രയ്ക്ക് ഈ കവിത പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഒരു കാളക്കൂറ്റന്റെ മരണത്തെക്കുറിച്ചാണ് ഗാര്‍ഷ്യ ഇതില്‍ വിലപിക്കുന്നത്. (1936- ല്‍ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ തുടക്കത്തില്‍ 38-ാം വയസ്സില്‍ ഗാര്‍ഷ്യ കൊലചെയ്യപ്പെട്ടു. സ്‌പെയിനിലെ ഫ്രാങ്കോ എന്ന ഏകാധിപതി ഗാര്‍ഷ്യയുടെ കൃതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 1975-ല്‍ ഫ്രാങ്കോയുടെ മരണശേഷമാണ് ഗാര്‍ഷ്യയുടെ ജീവിതവും മരണവും സ്‌പെയിനില്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ടത്.)
3 comments:
കടുത്ത ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരം തേടലുമാണ് സമീറ മഖ്മല്‍ ബഫ് സംവിധാനം ചെയ്‌ത 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' എന്ന സിനിമയുടെ ഉള്ളടക്കം
K G S ഒരു കവിതയില്‍ ഈ ശീര്‍ഷകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട് അതാണ് പെട്ടെന്നോര്‍ത്തത്. ഫാസിസം ജയിച്ചു; സ്നേഹം മരിച്ചു എന്നു ലോര്‍ക്കയുടെ കവിത. (ആധുനികതയും കാളയും - ഒരു സംവാദം) കാണണമെന്നു വിചാരിക്കുന്ന ഒരു സിനിമയാണ് ഇതിതു വരെ പറ്റിയിട്ടില്ല.
കാളക്കൂറ്റന്റെയല്ല,കാളപ്പോരുകാരന്റെ മരണത്തെക്കുറിച്ചാണ് ലോര്‍ക്കയുടെ കവിത..പെട്ടെന്നെഴുതിയപ്പോള്‍ തെറ്റിയതാകും.
Post a Comment