പ്രമേയത്തിലും ആവിഷ്‌കാര രീതിയിലും ശീര്‍ഷകത്തിലും സമാനതകളുണ്ട് ഈ ചിത്രങ്ങള്‍ക്ക് . സേ്‌നഹം മാത്രമല്ല, വ്യാകുലതകളും ഏകാന്തതയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു സിനിമകളും നമ്മെ ആഴത്തില്‍ സ്‌പര്‍ശിക്കുന്നു. സുഖുറോവിന്‍െറ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍-``സേ്‌നഹവും ഉത്‌കണ്‌ഠയും വേദനയും കുറ്റബോധവുമൊക്കെ നമുക്ക് തോന്നുന്നത് അടുപ്പമുള്ളവരെക്കുറിച്ചാണ്. സേ്‌നഹിക്കപ്പെടാന്‍ വിധിക്കപ്പെട്ട കുടുംബാംഗങ്ങളാണ് നമ്മുടെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നത്.''
ആദ്യ ചിത്രമായ `മദര്‍ ആന്‍ഡ് സണ്ണില്‍' രണ്ടു കഥാപാത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ, ഏതോ വിദൂര ഗ്രാമത്തില്‍ മരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീടും കുറെ പൂക്കളും പച്ചപ്പു നിറഞ്ഞ ഗ്രാമവീഥികളും. `ഫാദര്‍ ആന്‍ഡ് സണ്ണി'ല്‍ പ്രകൃതി ഒരു സജീവ സാന്നിധ്യമല്ല. പ്രകൃതിയിലേക്ക് ക്യാമറ തിരിയുന്നത് പ്രധാനമായും അവസാന രംഗങ്ങളിലാണ്. പേരില്ലാത്ത ഒരു നഗരത്തിലാണ് കഥ നടക്കുന്നത്. എന്നും ഒരേ താളത്തില്‍ ചലിക്കുന്ന ജീവിതമാണ് അവിടത്തേത്.
മുഖ്യകഥാപാത്രങ്ങളിലൊരാളായ അച്ഛനു പേരില്ല. ഏതാണ്ട് 40 വയസ്സു പ്രായം, ഉറച്ച ശരീരം, സുന്ദരന്‍. സൈന്യത്തില്‍നിന്നു പിരിഞ്ഞ ആളാണ്. മകന്‍െറ പേര് അലക്‌സി. 20 വയസ്സുവരും. സൈനിക അക്കാദമിയില്‍ പഠിക്കുന്നു. അലക്‌സിയുടെ അമ്മ നേരത്തേ മരിച്ചു. കുട്ടിക്കാലത്തെ ഓര്‍മകളോടൊന്നും അലക്‌സിക്ക് താത്‌പര്യമില്ല. അച്ഛനെന്ന അഭയകേന്ദ്രത്തെ തിരിച്ചറിഞ്ഞ നാള്‍ തൊട്ടുള്ള ഓര്‍മകളാണ് അവനിഷ്‌ടം. തന്‍െറ അമ്മയും സഹോദരനും സുഹൃത്തും എല്ലാമാണ് അച്ഛന്‍. സൈനിക അക്കാദമിയിലെ പഠനം കഴിഞ്ഞാല്‍ അദ്ദേഹത്തെ വിട്ടുപിരിയേണ്ടിവരുമെന്നതാണ് അവന്‍െറ ദുഃഖം. `വശ്യമധുരമായി ചിരിക്കുന്ന' അച്ഛനെ ഏകാന്തതയുടെ തടവുകാരനായി സങ്കല്‌പിക്കാന്‍ അവനു വയ്യ.
ഭാര്യ കോല്യയെക്കുറിച്ച് എപ്പോഴും ഓര്‍ക്കുന്നുണ്ട് ആ മുന്‍ സൈനികന്‍. ഇടയെ്‌ക്കാക്കെ ആല്‍ബം എടുത്തുനോക്കും. ചിലപ്പോള്‍ അയാള്‍ ഭാര്യയുമായി സംസാരിക്കുന്നതും കാണാം.
മകന് ഒരു കാമുകിയുണ്ട്. ആ ബന്ധം തകരാന്‍ പോവുകയാണ്. അലക്‌സി ഇപ്പോഴും അച്ഛന്‍െറ തണലില്‍ കഴിയുന്ന വെറും പയ്യനാണെന്നാണ് കാമുകിയുടെ അഭിപ്രായം. അവള്‍ മറ്റൊരുത്തനെ കണ്ടുവെച്ചിട്ടുണ്ട്. അലക്‌സിയേക്കാളും പ്രായമുള്ള ഒരുത്തനെ.
മകന്‍െറ പ്രണയബന്ധം തകരുന്നതില്‍ അച്ഛനു വിഷമമുണ്ട്. പക്ഷേ, തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത കാമുകിയെ തനിക്കു വേണ്ടെന്ന ഉറച്ച നിലപാടിലാണ് അലക്‌സി. അച്ഛനേക്കാളും വലുതല്ല മറ്റാരും. അച്ഛന്‍ ഒരു വൃക്ഷംപോലെയാണ് അവന്. തനിക്കു തണലും ശാന്തിയും നല്‍കുന്ന തണല്‍മരം. ദുഃസ്വപ്‌നങ്ങള്‍ കാണുമ്പോള്‍ തലോടി ആശ്വസിപ്പിക്കാന്‍ അച്ഛനുണ്ട്. ഭക്ഷണമൊരുക്കി കാത്തിരിക്കാനും സൈനിക അക്കാദമിയില്‍ വന്ന് തന്‍െറ പരിശീലനം കണ്ട് അഭിമാനിക്കാനും അച്ഛനുണ്ട്. അച്ഛന്‍െറ കരവലയത്തില്‍ അവന്‍ കുഞ്ഞിനെപ്പോലെ ഒതുങ്ങിക്കൂടുന്നു. ആ നെഞ്ചില്‍ മുഖമമര്‍ത്തി പറ്റിക്കിടക്കുന്നു. അവര്‍ ഏറെ നേരം പരസ്‌പരം കണ്ണിലേക്കു നോക്കി നില്‍ക്കും. ഒന്നും സംസാരിക്കില്ല. അവരുടെ മുറിയിലെപ്പോഴും അരണ്ട വെളിച്ചമേയുള്ളൂ. ``ഇതെന്‍െറ അച്ഛനാണ്, ചങ്ങാതിയാണ്. ഞാന്‍ അച്ഛനെ ഏറെ സേ്‌നഹിക്കുന്നു''- അച്ഛനെ അലക്‌സി കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.
അച്ഛന്‍െറ സേ്‌നഹത്തെക്കുറിച്ച്, സൗന്ദര്യത്തെക്കുറിച്ച് അലക്‌സിക്ക് അഭിമാനമാണ്. പക്ഷേ, തനിക്ക് ആ സേ്‌നഹം തിരിച്ചു നല്‍കാനാവില്ലെന്ന് അവനറിയാം. അക്കാദമിയില്‍നിന്ന് ബിരുദം നേടിക്കഴിഞ്ഞാല്‍ താന്‍ സ്ഥലം വിടും. അതോടെ അച്ഛന്‍ ഏകനാകും. ദുഃസ്വപ്‌നങ്ങള്‍ അലക്‌സിയെ വേട്ടയാടുന്നു. അച്ഛനെ കൊല്ലുന്നതായിപ്പോലും അവന്‍ സ്വപ്‌നം കാണുന്നു. അതവന് ഓര്‍ക്കാന്‍ വയ്യ. അതുകൊണ്ട് രാത്രി ഉറങ്ങാന്‍ അവന്‍ ഭയപ്പെടുന്നു.
യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സിനിമയില്‍ ഇടയ്‌ക്കു കടന്നുവരുന്നുണ്ട്. അലക്‌സിയുടെ അച്ഛന്‍െറ സുഹൃത്തായ ഒരാളെ സൈന്യത്തില്‍നിന്നു കാണാതാവുന്നു. അയാളെ തിരക്കി മകന്‍ അലക്‌സിയുടെ അച്ഛന്‍െറ അടുത്തെത്തുന്നു. അവന്‍െറ അച്ഛനും അമ്മയും ബന്ധം വേര്‍പിരിഞ്ഞവരാണ്. എന്താണതിനു കാരണമെന്ന് അവനറിയില്ല. അമ്മയോട് അവന്‍ കാരണം തിരക്കിയതാണ്. അപ്പോള്‍ അച്ഛനോട് ചോദിക്കാന്‍ പറഞ്ഞു. യുദ്ധത്തിനുശേഷം താന്‍ മറ്റൊരാളായി മാറി എന്നാണയാള്‍ മകനു നല്‍കിയ വിശദീകരണം. എങ്ങനെ വ്യത്യസ്‌തനായി എന്ന ചോദ്യത്തിന് അച്ഛന്‍ മറുപടി പറഞ്ഞില്ല. അതിനുള്ള ഉത്തരം തേടിയാണ് അവന്‍ അലക്‌സിയുടെ അച്ഛന്‍െറയടുത്തെത്തുന്നത്.
അലക്‌സിയുടെ അച്ഛനും വ്യക്തമായ മറുപടി പറയാനാവുന്നില്ല. അച്ഛന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടാവും എന്നാണ് മകന്‍ വിശ്വസിക്കുന്നത്. നിയമത്തിന്‍െറ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ അപ്രത്യക്ഷനായതാവാം. അയാള്‍ക്ക് ആരെയും കൊല്ലാനാവില്ലെന്ന് പറഞ്ഞ് അലക്‌സിയുടെ അച്ഛന്‍ അവനെ സമാധാനിപ്പിക്കുന്നു. അത്രയ്‌ക്ക് നല്ലവനാണയാള്‍. ഇനി അഥവാ അച്ഛന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ത്തന്നെ താന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്ന് മകന്‍ പറയുന്നു. അച്ഛനെ ഒന്നു കണ്ടുകിട്ടണം. അവനത്രയേ വേണ്ടൂ
സൈനികന്‍െറ ദുരൂഹമായ തിരോധാനത്തെപ്പറ്റി അച്ഛന് എന്തോ അറിയാമെന്ന് അലക്‌സി വിശ്വസിക്കുന്നു. അതു സത്യമായിരുന്നു. സുഹൃത്തിന്‍െറ മകനോട് പറയാത്ത ആ രഹസ്യം അയാള്‍ അലക്‌സിയോട് വെളിപ്പെടുത്തുന്നു. 1998-ല്‍ തന്‍െറ സുഹൃത്തിന് അപകടം പിടിച്ച ഒരു ദൗത്യം ഏറ്റെടുക്കേണ്ടിവന്നു. ആ ദൗത്യത്തില്‍ അയാളുടെ കൂടെയുണ്ടായിരുന്ന സൈനികരെല്ലാം മരിച്ചു. അന്നു മുതല്‍ അയാള്‍ ഒരുതരം ഉന്മാദാവസ്ഥയിലായിരുന്നു. തനിക്ക് ഉത്തരവു തന്ന മേലധികാരിയെ കൊല്ലണം എന്ന വാശിയിലായിരുന്നു അയാള്‍. താന്‍ പിരിയുന്നതിനു മുമ്പേ അയാള്‍ സൈനിക ക്യാമ്പില്‍നിന്ന് അപ്രത്യക്ഷനായെന്ന് അച്ഛന്‍ അലക്‌സിയോട് പറയുന്നു. അതിനുശേഷം താന്‍ അയാളെ കണ്ടിട്ടില്ല.
കാണാതായ അച്ഛനെക്കുറിച്ച് കുത്തിക്കുത്തി ചോദിച്ച് യുവാവ് തന്‍െറ അച്ഛനെ ശല്യപ്പെടുത്തുന്നതില്‍ ആദ്യമൊക്കെ അലക്‌സിക്ക് ദേഷ്യം തോന്നിയിരുന്നു. ഇപ്പോഴത് മാഞ്ഞുപോയി. അവനില്‍ സഹതാപം മുളപൊട്ടുന്നു. അച്ഛന്‍െറ തിരോധാനം യുവാവിനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് അലക്‌സിക്ക് ബോധ്യപ്പെടുന്നു. അച്ഛന്‍െറ സാമീപ്യവും സേ്‌നഹവും നഷ്‌ടപ്പെടുന്നത് എത്രമാത്രം വേദനാജനകമാണെന്ന് അവനറിയാം.
യുവാവിനെയും കൂട്ടി അലക്‌സി നഗരം കാണാനിറങ്ങുന്നു. ഇതുവരെ വീട്ടിനുള്ളില്‍ മാത്രം കറങ്ങിത്തിരിഞ്ഞിരുന്ന ക്യാമറ പഴയ ആ നഗരത്തിന്‍െറ കാഴ്‌ചകളിലേക്കിറങ്ങുന്നു. യാത്രയ്‌ക്കിടയില്‍ യുവാവ് അച്ഛനെപ്പറ്റി വാചാലനാവുന്നു. അയാള്‍ അവനൊരു താക്കോല്‍ നല്‍കിയിട്ടുണ്ട്. അച്ഛനെ കാണണമെന്ന് തോന്നുമ്പോഴൊക്കെ അവന്‍ അതില്‍ നോക്കും. യുദ്ധത്തിനുശേഷം മുഴുക്കുടിയനായി മാറിയ അച്ഛനെ അമ്മ നിര്‍ദാക്ഷിണ്യം വീട്ടില്‍നിന്നിറക്കി വിട്ടു എന്നവന്‍ ദുഃഖത്തോടെ അലക്‌സിയെ അറിയിക്കുന്നു. അമ്മ അച്ഛനെ ഒരിക്കലും സേ്‌നഹിച്ചിരുന്നില്ല.
താന്‍ എത്ര ഭാഗ്യവാനാണെന്ന് അലക്‌സിക്ക് മനസ്സിലാവുന്നു. ഇപ്പോഴും അമ്മയുടെ ഓര്‍മകളില്‍ ആര്‍ദ്രചിത്തനാവുന്ന, നിഴല്‍പോലെ തനിക്ക് രക്ഷാകവചം തീര്‍ത്ത് ഇപ്പോഴും കൂടെ നടക്കുന്ന അച്ഛന്‍. അധികമാരും കടന്നുവരാത്ത, കോട്ടപോലുള്ള ഈ വീട്ടില്‍ അച്ഛന്‍ തനിച്ചാവാന്‍ പോവുകയാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ വിവാഹം കഴിക്കണമെന്ന നിര്‍ദേശം അച്ഛന്‍ തള്ളുന്നു. ``നീ നിന്‍െറ അമ്മയെപ്പോലെത്തന്നെയാണ്. ദൈവമാണ് നിന്നെ എന്‍റടുത്തേക്കയച്ചത്. നിന്നെക്കുറിച്ചുള്ള എല്ലാ ഓര്‍മകളും എനിക്ക് പ്രധാനപ്പെട്ടതാണ്''- അച്ഛന്‍ മനുസ്സുതുറക്കുന്നു.
അസ്വസ്ഥമായ ഒരു രാവിലൂടെ അവര്‍ കടന്നുപോകുന്നു. മകന്‍െറ സ്വപ്‌നത്തില്‍ കുന്നില്‍ ചെരിവിലെ മരം വീണ്ടും പ്രത്യക്ഷപ്പെടുന്നു. ആദ്യരംഗത്ത് അവിടെ മകനുണ്ടായിരുന്നു. അവന്‍ മഴ കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ മകനില്ല. മഴയുമില്ല.
അവസാനരംഗത്ത് സിനിമയുടെ അന്തരീക്ഷം പാടേ മാറുന്നു. മഞ്ഞ് പെയ്‌തുകൊണ്ടേയിരിക്കുകയാണ്. ടെറസ്സിലെ വാതില്‍ തുറന്ന് അച്ഛന്‍ പുറത്തു വരുന്നു. മഞ്ഞിലൂടെ നടക്കുന്നു. മകനോടയാള്‍ സംസാരിക്കുന്നതുകേള്‍ക്കാം. ``ഞാനിവിടെ ഏകനാണ്'' എന്നു പറയുന്നതോടെ സിനിമ അവസാനിക്കുന്നു.??80 മിനിറ്റുള്ള ഈ സിനിമയ്‌ക്ക് വിശേഷിച്ച് ഒരു കഥാരേഖയില്ല. അച്ഛനും മകനും പിന്നെ, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് കടന്നുവരുന്ന മൂന്നു ചെറുപ്പക്കാരും. അലക്‌സിയുടെ കാമുകി, തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സാഷ എന്ന യുവാവ്, കാണാതായ സൈനികന്‍െറ മകന്‍. ഇത്രയും പേരാണ് പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്. അച്ഛനും മകനും ഒഴികെയുള്ള കഥാപാത്രങ്ങള്‍ രണ്ടോ മൂന്നോ തവണ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും അവരൊക്കെ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്.
സ്വപ്‌നദൃശ്യങ്ങളിലാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ദുഃസ്വപ്‌നത്തോടെയാണ് തുടക്കം. അടക്കിപ്പിടിച്ച സംസാരത്തിന്‍െറയും കിതപ്പിന്‍െറയും ശബ്ദം. രണ്ടു പുരുഷ ശരീരങ്ങള്‍ പിണയുന്നു. ``അതുകഴിഞ്ഞു, അതു കഴിഞ്ഞു'' എന്നു പറഞ്ഞ് മകനെ ആശ്വസിപ്പിക്കുകയാണ് അച്ഛന്‍. അവനെ ദുഃസ്വപ്‌നത്തില്‍ നിന്ന് തിരികെ കൊണ്ടുവരികയാണയാള്‍. അച്ഛനും മകനും തമ്മിലുള്ള അടുപ്പത്തിന്‍െറ സൂചനകളാണിവിടെ നല്‌കുന്നത്. `മദര്‍ ആന്‍ഡ് സണ്‍' എന്ന സിനിമയുടെ ആദ്യദൃശ്യത്തിലും സ്വപ്‌നം കടന്നുവരുന്നുണ്ട്. അതില്‍ മരണമാണ് മകന്‍െറ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അച്ഛനും മകനും തമ്മിലുള്ള ആശ്ലേഷരംഗങ്ങളും ആദ്യസിനിമയെ ഓര്‍മിപ്പിക്കുന്നു.
ഉണര്‍വിലേക്ക് വന്നിട്ടും മകന്‍ കണ്ണടച്ചു കിടക്കുന്നു. മഴപെയ്യുന്ന കുന്നിന്‍ ചെരിവും മരവും പാതയും അവിടെ ഏകനായി നില്‍ക്കുന്ന മകനുമാണ് അടുത്ത ദൃശ്യത്തില്‍. ഏതാണ്ട് ഇതിനു സമാനമാണ് അവസാനരംഗവും. മഞ്ഞുപൊഴിയുന്ന ആ രംഗത്ത് ആദ്യരംഗത്തിലെ സംഭാഷണങ്ങള്‍ ചിലതൊക്കെ ആവര്‍ത്തിക്കുന്നുണ്ട്. മകന്‍െറ സ്ഥാനത്ത് അച്ഛനാണെന്നുമാത്രം.
രക്തബന്ധത്തിന്‍െറയും സേ്‌നഹത്തിന്‍െറയും അനശ്വരതയെക്കുറിച്ചും മരണത്തിന്‍െറയും ഒറ്റപ്പെടലിന്‍െറയും വേദനകളെക്കുറിച്ചുമാണ് `മദര്‍ ആന്‍ഡ് സണ്‍', `ഫാദര്‍ ആന്‍ഡ്‌സണ്‍' എന്നീ ചിത്രങ്ങളിലൂടെ സുഖുറോവ് സംസാരിക്കുന്നത്. രണ്ടുചിത്രങ്ങളിലും കുടുംബത്തിലെ ഒരു പ്രധാന കണ്ണിയെ വിട്ടുകളയുന്നുണ്ട് സംവിധായകന്‍. ആദ്യത്തേതില്‍ അച്ഛനെ നമ്മള്‍ കാണുന്നില്ല. രണ്ടാമത്തേതില്‍ അമ്മയെയും. രണ്ടുസിനിമകളിലും പെണ്‍മക്കളെ ഒഴിവാക്കിയിരിക്കുന്നു. ആണ്‍മക്കളുടെ കാഴ്‌ചപ്പാടിലൂടെ കുടുംബബന്ധത്തിന്‍െറ ദൃഢത പരിശോധിക്കാനാണ് സുഖുറോവ് താത്‌പര്യം കാട്ടുന്നത്.
`ഒരു പിതാവിന്‍െറ സേ്‌നഹം മകനെ കുരിശിലേറ്റി; ഒരു മകന്‍െറ സേ്‌നഹം അവനെ സ്വയം കുരിശാരോഹിതനാക്കി' എന്ന വാചകം `ഫാദര്‍ ആന്‍ഡ് സണ്ണി'ല്‍ മകന്‍ അലക്‌സി രണ്ടുതവണ ആവര്‍ത്തിക്കുന്നുണ്ട്. ബൈബിള്‍ ഭാഷയ്‌ക്ക് സമാനമായ ഈ വാചകത്തിലൂടെ പിതൃ-പുത്ര ബന്ധത്തിന് ആത്മീയതലംകൂടി നല്‍കാന്‍ ശ്രമിക്കുന്നുണ്ട് സുഖുറോവ്. അച്ഛന്‍െറ സേ്‌നഹത്തെക്കുറിച്ചും തണലിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം നേരിടാന്‍ പോകുന്ന ഏകാന്തതയെക്കുറിച്ച് അലക്‌സി ഉത്‌കണ്‌ഠപ്പെടുന്നുമുണ്ട്. കാണാതായ അച്ഛനെ തിരയുന്ന യുവാവിന്‍െറ വ്യഥ കാണുമ്പോഴാണ് അച്ഛന്‍ നിത്യവും ഒരുക്കിത്തരുന്ന കൈത്തലത്തിന്‍െറ സാന്ത്വനത്തെപ്പറ്റി അലക്‌സി കൂടുതല്‍ ബോധവാനാകുന്നത്. എന്നിട്ടും, ഒടുവില്‍ അച്ഛനെ തനിച്ചാക്കേണ്ടിവന്നു അവന്.
പശ്ചാത്തലങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും പ്രമേയത്തിലും ആവിഷ്‌കാരത്തിലും ദൃശ്യസംവിധാനത്തിലും രണ്ടു സിനിമകള്‍ക്കും കുറെയൊക്കെ സമാനതകളുണ്ട്. വീട്ടിനകത്തെ ദൃശ്യങ്ങളില്‍ വെളിച്ചത്തിന് പ്രാധാന്യം തീരെയില്ല. `ഫാദര്‍ ആന്‍ഡ് സണ്ണി'ല്‍ ആദ്യപകുതിവരെ ഇളംമഞ്ഞ നിറത്തിനാണ് പ്രാമുഖ്യം. പിന്നീടങ്ങോട്ട് ചാരനിറമാണ്. അമ്മയെ കൈകളില്‍ താങ്ങിയെടുത്ത് ഗ്രാമവീഥികളിലൂടെ നടന്നുനീങ്ങുന്ന മകന്‍ `മദര്‍ ആന്‍ഡ് സണ്ണി'ലെ ഹൃദ്യമായ കാഴ്‌ചയാണ്. അതിനെ ഓര്‍മിപ്പിക്കുന്ന ഒരു ദൃശ്യം `ഫാദര്‍ ആന്‍ഡ് സണ്ണി'ലുമുണ്ട് (അച്ഛന്‍െറ ചുമലില്‍ കയറിയിരുന്ന് അലക്‌സി പുറംകാഴ്‌ചകള്‍ കാണാന്‍ ശ്രമിക്കുന്ന ദൃശ്യം).
ജീവിതത്തിലെ ഹ്രസ്വമായ ചില അപൂര്‍വ നിമിഷങ്ങളെടുത്ത് ഹൃദയസ്‌പര്‍ശിയായ സിനിമകളുണ്ടാക്കാന്‍ കഴിവുള്ള സംവിധായകനാണ് സുഖുറോവ്. `മദര്‍ ആന്‍ഡ് സണ്‍', ഫാദര്‍ ആന്‍ഡ് സണ്‍' എന്നീ ചിത്രങ്ങള്‍ അതിന്‍െറ സാക്ഷ്യപത്രങ്ങളാണ്. സംവിധായകന്‍െറ കലയാണ് സിനിമ എന്ന് ധൈര്യത്തോടെ അവകാശപ്പെടാന്‍ കഴിയുന്ന ആളാണ് സുഖുറോവ്.
1 comment:
അലക്‌സാണ്ടര്‍ സുഖുറോവ് `മദര്‍ ആന്‍ഡ് സണ്‍' എന്ന റഷ്യന്‍ ചിത്രം സംവിധാനം ചെയ്‌തത് 1997-ലാണ്. ആറു വര്‍ഷത്തിനുശേഷം സമാനമായ ഒരു ചിത്രം സുഖുറോവ് സംവിധാനം ചെയ്‌തു. ഒരച്ഛനും മകനും തമ്മിലുള്ള ഹൃദയൈക്യത്തിന്‍െറ ചിത്രം. പേര്: `ഫാദര്‍ ആന്‍ഡ് സണ്‍'
Post a Comment