Sunday, May 31, 2009

സത്യത്തിന്‍െറ കണ്ണ്‌ പൊത്തുമ്പോള്‍

നദിയുടെ ഉദ്‌ഭവം പോലെയാണ്‌ ഒരു തിരക്കഥയുടെ തുടക്കം. ആദ്യം ഏതാനും ജലകണങ്ങള്‍. അവ കൂടിച്ചേര്‍ന്ന്‌ കൊച്ചരുവിയായി രൂപാന്തരപ്പെടുന്നു. ഒട്ടേറെ കൊച്ചരുവികള്‍ ഒരുമിച്ച്‌ നദിയായി മാറുന്നു-തുര്‍ക്കി സിനിമയെ അന്താരാഷ്‌ട്രതലങ്ങളിലേക്കുയര്‍ത്തിയ നൂറി ബില്‍ജി സെലാന്‍ എന്ന സംവിധായകന്‍ തന്‍െറ സിനിമകളുടെ ജന്മത്തെപ്പറ്റി മനസ്സു തുറക്കുകയാണിവിടെ. ഒരു ജലകണമായി മനസ്സില്‍ പതിക്കുന്ന ആശയം ജീവിതത്തെ തഴുകിയുണര്‍ത്തുന്ന മഹാനദിയായി കടന്നുപോവുകയാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ സെലാന്‍ 1997-ല്‍ `കസാബ' എന്ന സിനിമയിലൂടെയാണ്‌ സംവിധാനരംഗത്തേക്ക്‌ കടക്കുന്നത്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു സിനിമകള്‍ ചെയ്‌തു. 99-ല്‍ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌', 2002-ല്‍ `ഡിസ്റ്റന്‍റ്‌', 2006-ല്‍ `ക്ലൈമെറ്റ്‌സ്‌', 2008-ല്‍ `ത്രീ മങ്കീസ്‌'. അവ ഓരോന്നും പ്രേക്ഷകരും നിരൂപകരും ശ്രദ്ധിച്ചു.

2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ സെലാന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ത്രീ മങ്കീസ്‌'. 2008-ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ മത്സരിച്ചിട്ടുണ്ട്‌ `ത്രീ മങ്കീസ്‌'.

`തിന്മ കാണരുത്‌, കേള്‍ക്കരുത്‌, പറയരുത്‌' എന്ന ആദര്‍ശചിന്തയെ സൂചിപ്പിക്കുന്നു മൂന്നു കുരങ്ങന്മാര്‍ എന്ന ശീര്‍ഷകം. ഒരു കുടുംബത്തിലെ അച്ഛന്‍, അമ്മ, മകന്‍ എന്നീ മൂന്നു വ്യക്തികളെയും ഈ ശീര്‍ഷകം പ്രതിനിധാനം ചെയ്യുന്നു. ജീവിത സമ്മര്‍ദങ്ങളെ താങ്ങാനാവാതെ തിന്മയിലേക്ക്‌ വഴുതിപ്പോകുന്ന മൂന്നുപേരെയാണ്‌ ഈ സിനിമയില്‍ നമ്മള്‍ കാണുന്നത്‌. ആത്മസംഘര്‍ഷമനുഭവിക്കുന്ന ഈ കഥാപാത്രങ്ങള്‍ സത്യത്തിനു നേരേ കണ്ണും കാതും വായും പൊത്താന്‍ നിര്‍ബന്ധിതരാകുന്നു.

ആകെ അഞ്ചു കഥാപാത്രങ്ങളാണിതിലുള്ളത്‌. മധ്യവയസ്‌കനായ ഒരു രാഷ്‌ട്രീയക്കാരന്‍, അയാളുടെ വിശ്വസ്‌തനായ ഡ്രൈവര്‍, ഡ്രൈവറുടെ ഭാര്യ, മകന്‍, റസ്റ്റോറന്‍റിലെ അനാഥ യുവാവ്‌ എന്നിവരാണീ അഞ്ചു കഥാപാത്രങ്ങള്‍. പ്രായോഗികവാദിയും കൗശലക്കാരനുമായ രാഷ്‌ട്രീയ നേതാവാണ്‌ സെര്‍വറ്റ്‌. ഒരു രാത്രി അയാളുടെ കാറിടിച്ച്‌ ഒരു കാല്‍നടയാത്രക്കാരന്‍ മരിക്കുന്നു. കേസില്‍പ്പെടാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. തന്‍െറ രാഷ്‌ട്രീയജീവിതം അതോടെ തകരും എന്നയാള്‍ക്കറിയാം. തന്‍െറ ഡ്രൈവര്‍ എയൂബിനോട്‌ ആ കുറ്റം ഏറ്റെടുക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. കുടുംബത്തിനുള്ള പണം എല്ലാ മാസവും അയാള്‍ എത്തിക്കും. ജയില്‍ശിക്ഷ കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ നല്ലൊരു തുകയും നല്‍കാമെന്ന്‌ അയാള്‍ പറയുന്നു. എയൂബ്‌ കുറ്റം ഏറ്റെടുത്ത്‌ ജയിലില്‍ പോകുന്നു. എയൂബിന്‍െറ മകന്‍ ഇസ്‌മയില്‍ കോളേജ്‌ വിദ്യാര്‍ഥിയാണ്‌. അവന്‍ പരീക്ഷയില്‍ തോല്‍ക്കുന്നു. അവനൊരു കാര്‍ വേണം. ജയിലില്‍നിന്നു തിരിച്ചു വരുമ്പോള്‍ നല്‍കാമെന്നേറ്റ പണത്തിന്‍െറ പകുതി കിട്ടിയാല്‍ ഒരു കാര്‍ വാങ്ങാം. മകന്‍െറ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ ഹാസര്‍ സെര്‍വറ്റിനെ കാണാന്‍ പോകുന്നു. അയാള്‍ സഹായിക്കാമെന്നേറ്റു. ഇതിനിടയില്‍ ഹാസറും സെര്‍വറ്റും തമ്മില്‍ അടുക്കുന്നു. ഈ ബന്ധം മനസ്സിലാക്കുന്ന ഇസ്‌മയില്‍ അമ്മയെ ശകാരിക്കുകയും തല്ലുകയും ചെയ്യുന്നു.

ഒന്‍പതുമാസത്തെ ജയില്‍ വാസത്തിനുശേഷം എയൂബ്‌ തിരിച്ചെത്തുന്നു. തന്നോടാലോചിക്കാതെ കാര്‍ വാങ്ങിയതില്‍ അയാള്‍ രോഷാകുലനാകുന്നു. ഭാര്യയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങള്‍ അയാളെ സംശയാലുവാക്കി. മകന്‍ പറയാതെ തന്നെ എയൂബിന്‌ കാര്യങ്ങള്‍ വ്യക്തമാകുന്നു. സെര്‍വറ്റിന്‌ ഒരു താത്‌കാലിക കൗതുകം മാത്രമേ ഹാസറിനോടുണ്ടായിരുന്നുള്ളൂ. പക്ഷേ, ഹാസര്‍ ആ ബന്ധം നഷ്‌ടപ്പെടാനാഗ്രഹിക്കുന്നില്ല. തന്നെ സ്വീകരിക്കണമെന്ന അവളുടെ അഭ്യര്‍ഥന സെര്‍വറ്റ്‌ തള്ളുന്നു.

ദിവസങ്ങള്‍ക്കകം സെര്‍വറ്റ്‌ കൊലചെയ്യപ്പെടുന്നു. പോലീസിനു ഹാസറെയായിരുന്നു സംശയം. പക്ഷേ, കൊന്നത്‌ മകന്‍ ഇസ്‌മയിലായിരുന്നു. മകനെ രക്ഷിക്കാനായി എയൂബ്‌ റസ്റ്റോറന്‍റിലെ അനാഥ യുവാവിനെ സമീപിക്കുന്നു. താനൊരിക്കല്‍ ഇരയായ അതേ ആവശ്യത്തിനുവേണ്ടി. കൊലപാതകക്കുറ്റം ഏറ്റെടുത്താല്‍ നല്ലൊരു സംഖ്യ നല്‍കാമെന്ന്‌ അയാള്‍ വാഗ്‌ദാനം ചെയ്യുന്നു.

വിജനമായ പാതയിലൂടെ രാത്രി ഒറ്റയ്‌ക്ക്‌ കാറോടിച്ചുപോകുന്ന സെര്‍വറ്റിനെ കാണിച്ചുകൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. മനോഹരമായ ഒരു ലോങ്‌ഷോട്ടില്‍, ഇരുട്ടിനെ വകഞ്ഞുമാറ്റി ആ കാര്‍ ഒരു പൊട്ടുപോലെ അപ്രത്യക്ഷമാകുന്നു. പിന്നെ നമ്മള്‍ കാണുന്നത്‌ അപകട രംഗമാണ്‌. മകന്‍െറ സമപ്രായമുള്ള ഒരനാഥനെ ബലിയാടാക്കുന്നതില്‍ ഖിന്നതയുള്ള എയൂബിന്‍െറ മാനസികാസ്വസ്ഥത നമ്മളിലേക്ക്‌ പകര്‍ന്നു തന്നാണ്‌ സെലാന്‍ `ത്രീ മങ്കീസ്‌' അവസാനിപ്പിക്കുന്നത്‌. തിന്മയുടെ ആധിപത്യം തുടരും എന്നു സൂചിപ്പിക്കുകയാണ്‌ സംവിധായകന്‍. പശ്ചാത്തല ശബ്ദങ്ങള്‍ മാത്രമേ ഈ ചിത്രത്തിലുള്ളൂ. തീവണ്ടി കടന്നുപോകുന്ന ശബ്ദം ഇടയ്‌ക്കിടെ സംവിധായകന്‍ കേള്‍പ്പിക്കുന്നുണ്ട്‌. കഥാപാത്രങ്ങളുടെ വൈകാരിക തലം സൂചിപ്പിക്കാനാണിത്‌. ഹാസറുടെ മൊബൈല്‍ ഫോണില്‍ നിന്നുയരുന്ന റിങ്‌ടോണ്‍ മാത്രമാണ്‌ ഈ സിനിമയിലുള്ള സംഗീതം. ആ റിങ്‌ടോണ്‍ ഉയരുമ്പോള്‍ ഹാസറിന്‍െറ നെഞ്ചിടിപ്പു കൂടുന്നത്‌ നമുക്കു മനസ്സിലാക്കാം. ഭര്‍ത്താവ്‌ എയൂബിനാകട്ടെ അതു കേള്‍ക്കുമ്പോള്‍ ആകെ അസ്വസ്ഥതയും രോഷവുമാണ്‌. ഒരാള്‍ക്കത്‌ പ്രതീക്ഷയുടെ മണിമുഴക്കമാണ്‌; മറ്റേയാള്‍ക്ക്‌ നഷ്‌ടപ്പെടലിന്‍െറയും.

രംഗങ്ങള്‍ക്ക്‌ ഭാവതീവ്രത പകരാന്‍ ലോങ്‌ഷോട്ടുകളും ക്ലോസപ്പുകളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്‌ സംവിധായകന്‍. രാഷ്ട്രീയ നേതാവും ഹാസറും അവസാനമായി കാണുന്ന രംഗം ഒരു വിദൂര ദൃശ്യത്തിലാണ്‌ ഒരുക്കുന്നത്‌. മഴമേഘങ്ങള്‍ പെയ്യാനൊരുങ്ങി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ദൃശ്യത്തിന്‌ അപൂര്‍വ ചാരുതയുണ്ട്‌. (ഏതാണ്ട്‌ മൂന്നു മിനിറ്റ്‌ നീണ്ടതാണ്‌ ഈ ദൃശ്യം.) അവസാനരംഗത്ത്‌, എയൂബിനെ സാക്ഷിനിര്‍ത്തി ഈ മഴമേഘങ്ങള്‍ ആര്‍ത്തലച്ച്‌ പെയ്‌തു തുടങ്ങുന്നു.

ഈ സിനിമയുടെ വിജയത്തില്‍ അഭിനേതാക്കള്‍ക്കും കാര്യമായ പങ്കുണ്ട്‌. നാലു മുഖ്യകഥാപാത്രങ്ങളും ശ്രദ്ധേയരായിത്തീരുന്നത്‌ അഭിനയത്തികവുകൊണ്ടാണ്‌. ഭാര്യയോടുള്ള സേ്‌നഹവും പകയും മാറി മാറി പ്രകടിപ്പിക്കുന്ന എയൂബിന്‍െറ റോളാണ്‌ മികച്ചു നില്‍ക്കുന്നത്‌. മൗനത്തിന്‍െറ അപാര സാധ്യതകളാണ്‌ യാവുസ്‌ ബിങ്കോള്‍ എന്ന നടന്‍ കാണിച്ചുതരുന്നത്‌. ഭാവങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ എറ്റിസ്‌ എസ്‌ലാന്‍ എന്ന നടിയും (ഹാസറുടെ റോള്‍) വിജയിച്ചിട്ടുണ്ട്‌.

8 comments:

T Suresh Babu said...

2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ സെലാന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ത്രീ മങ്കീസ്‌'. 2008-ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ മത്സരിച്ചിട്ടുണ്ട്‌ `ത്രീ മങ്കീസ്‌'.

Nat said...

ഇതിന്റെ അവസാന സീന്‍ ഓര്‍ക്കുന്നുണ്ടോ? മഴ മേഘങ്ങള്‍ ഉരുണ്ടുകൂടി, ആദ്യം ഇടിമിന്നലും പിന്നീട് മഴയും ഉണ്ടാകുന്നത് വരെയുള്ള ഒരു ഒറ്റ ഷോട്ടായിരുന്നു അത്. വിവരണാതീതമായ ഭംഗിയുണ്ടതിന്. ഈ സിനിമ കണ്ടത് ഒരു നഷ്ടമായില്ല എന്നു തോന്നിയത് ആ സീന്‍ കണ്ടപ്പോഴായിരുന്നു.
സിനിമയുടെ കഥ മുഴുവന്‍ നിരൂപണത്തില്‍ എഴുതേണ്ട കാര്യമുണ്ടോ? ഈ സിനിമയും ചെറിയ രീതിയില്‍ ഒരു ത്രില്ലറാണെന്നാണ് എനിക്ക് തോന്നുന്നത്.

Haree said...

ഒരു സാധാരണ പ്രമേയം, പലപ്പോഴും കണ്ടിട്ടുള്ളത്... വ്യത്യസ്തമായ അവതരണവും അതിനുപരിയായി അഭിനേതാക്കളുടെ മികച്ച പ്രകടനവും. കഴിഞ്ഞ IFFK-യില്‍ ആശ്വാസം തോന്നിയ ഒരു ചിത്രമായിരുന്നു ഇത്.

ഓര്‍മ്മപ്പെടുത്തലിനു നന്ദി. :-)
--

ഹന്‍ല്ലലത്ത് Hanllalath said...

...തിരക്കുകള്‍ക്കിടയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്ന വിഷയങ്ങള്‍..
....നന്ദി...നിലവാരമുള്ള പോസ്റ്റിന്..

സുജനിക said...

ഇന്നേ കണ്ടുള്ളൂ....നല്ല പ്രയത്നം.....നന്ന്...നന്ദി.

Anonymous said...

ക്ലാസിക്കായ ഒരു സിനിമ തന്നെയാണ് ‘ത്രീ മങ്കീസ്’ സിനിമയുടെ അവസാനത്തെ കുറച്ചു നല്ല ഷോട്സ് വച്ചല്ല ഇത് വിലയിരുത്തേണ്ടത്.

മനുഷ്യ മനസ്സിലേക്കു തന്നെയാണ് ആഴത്തില്‍ ക്യാമറ വച്ചിരിക്കുന്നത്.

Anonymous said...

അസ്വസ്ഥതയുടെ പെരുംകടല്‍ മനസ്സില്‍ നിറച്ച വല്ലാത്തൊരു സിനിമ...
നന്ദി സുഹൃത്തേ...നല്ല നിരൂപണത്തിന്,,,,

സാദാ പ്രേക്ഷകന്‍ said...

അസ്വസ്ഥതയുടെ പെരുംകടല്‍ മനസ്സില്‍ നിറച്ച വല്ലാത്തൊരു സിനിമ...
നന്ദി സുഹൃത്തേ...നല്ല നിരൂപണത്തിന്,,,,