Thursday, October 1, 2009

അന്ധതയുടെ നഗരം

അസാധ്യതയുടെ സാധ്യതയും സ്വപ്‌നങ്ങളും മിഥ്യകളുമാണ്‌ എന്‍െറ നോവലുകളുടെ വിഷയം'' എന്ന്‌ പ്രഖ്യാപിച്ച പോര്‍ച്ചുഗീസ്‌ എഴുത്തുകാരനാണ്‌ ഷൂസെ സാരമാഗോ. 1995-ല്‍ അദ്ദേഹം പോര്‍ച്ചുഗീസ്‌ ഭാഷയില്‍ എഴുതിയ `ബ്ലൈന്‍ഡ്‌നെസ്‌' (അന്ധത) എന്ന നോവല്‍ വിചിത്രാനുഭവങ്ങളുടെ ലോകമാണ്‌ തുറന്നിടുന്നത്‌. ഈ നോവല്‍ സിനിമയാക്കുന്നതിനോട്‌ സാരമാഗോവിനു തീരെ സമ്മതമുണ്ടായിരുന്നില്ല. സിനിമ വഴങ്ങാത്ത ഏതെങ്കിലും സംവിധായകന്‍െറ കൈകളില്‍ എത്തിപ്പെട്ടാല്‍ നോവലിന്‍െറ ജീവന്‍ നഷ്‌ടപ്പെട്ടുപോകുമെന്ന്‌ അദ്ദേഹം ഭയന്നിരുന്നു. ഒടുവില്‍ താനുന്നയിച്ച വ്യവസ്ഥകളെല്ലാം പാലിക്കുമെന്ന്‌ ഉറപ്പു കിട്ടിയപ്പോഴാണ്‌ സാരമാഗോ `ബ്ലൈന്‍ഡ്‌നെസ്സി'ന്‍െറ ചലച്ചിത്രഭാഷ്യത്തിനു സമ്മതം മൂളിയത്‌. സിനിമയാക്കാമെന്ന്‌ ഏറ്റത്‌ പ്രശസ്‌ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറെല്ലസ്‌ ആണ്‌.

പ്രേക്ഷകര്‍ മറക്കാനിടയില്ല ഈ സംവിധായകന്‍െറ പേര്‌. `സിറ്റി ഓഫ്‌ ഗോഡ്‌' എന്ന `തലതിരിഞ്ഞ' ചിത്രമെടുത്ത്‌ പ്രേക്ഷകരെയും നിരൂപകരെയും ഞെട്ടിച്ചയാളാണ്‌ മീറെല്ലസ്‌. (2002-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച `സിറ്റി ഓഫ്‌ ഗോഡ്‌' പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ചിത്രമാണ്‌. സിനിമയുടെ സൗന്ദര്യശാസ്‌ത്ര സങ്കല്‌പങ്ങളെ പാടെ നിരാകരിച്ച ഈ സിനിമ 1970-കളില്‍ ബ്രസീലിലെ റിയോ ഡി ജനീറോവില്‍ തഴച്ചുവളര്‍ന്നിരുന്ന ചേരികളിലെ കുടിപ്പകയുടെ കഥ പറയുന്നു. തെരുവില്‍നിന്ന്‌ കണ്ടെടുത്ത അറുപതോളം യുവാക്കളായിരുന്നു ഇതിലെ അഭിനേതാക്കള്‍.)

2008-ലാണ്‌ `ബ്ലൈന്‍ഡ്‌നെസ്‌' സിനിമയാകുന്നത്‌. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു ഇത്‌. `സിറ്റി ഓഫ്‌ ഗോഡ്‌' പോലെത്തന്നെ അപൂര്‍വമായ ഒരനുഭവമാണ്‌ `ബ്ലൈന്‍ഡ്‌നെസ്സും'. `അസാധ്യതയുടെ സാധ്യത'യെ അക്ഷരങ്ങളില്‍ നിന്ന്‌ ദൃശ്യഖണ്ഡങ്ങളായി വിജയകരമായി പകര്‍ത്തിയിരിക്കയാണ്‌ മീറെല്ലസ്‌.

പേരില്ലാത്ത ഏതോ രാജ്യത്തെ ഏതോ നഗരത്തിലാണ്‌ കഥ നടക്കുന്നത്‌. അന്ധത പകര്‍ച്ചവ്യാധിയായി അവിടെ പ്രത്യക്ഷപ്പെടുന്നു. പൊടുന്നനെയാണ്‌ ആള്‍ക്കാരുടെ കാഴ്‌ച നഷ്‌ടപ്പെടുന്നത്‌. രോഗിയുമായി ബന്ധപ്പെടുന്നവരൊക്കെ അന്ധരായി മാറുന്നു. ഭീതിദമായ ഈ അത്ഭുതപ്രതിഭാസത്തെ ശാസ്‌ത്രലോകത്തിനു വ്യാഖ്യാനിക്കാനാവുന്നില്ല. നിരത്തില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടുന്നു. ആകാശത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നു. അപകടം പേടിച്ചാരും വാഹനങ്ങള്‍ നിരത്തിലിറക്കാതായി. ഭരണകൂടം ഉണര്‍ന്നു. രോഗബാധിതരെയെല്ലാം മറ്റുള്ളവരില്‍ നിന്നകറ്റി പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായി. നഗരത്തിലെ ഡോക്ടറെയും രോഗം ബാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍െറ ഭാര്യ രോഗത്തില്‍നിന്ന്‌ രക്ഷപ്പെടുന്നു. താനും അന്ധയാണെന്ന്‌ പറഞ്ഞ്‌ അവരും ഡോക്ടറെ അനുഗമിക്കുന്നു. സെല്ലിലെത്തുന്ന രോഗികള്‍ക്ക്‌ സഹായിയായി മാറുകയാണ്‌ ആ വനിത. കാഴ്‌ചയില്ലാത്തവരുടെ ലോകത്തില്‍ എല്ലാറ്റിനും സാക്ഷിയാകേണ്ടിവരുന്നു അവര്‍ക്ക്‌.

രോഗികള്‍ വര്‍ധിച്ചതോടെ സെല്ലുകളില്‍ അസ്വസ്ഥത പടരുന്നു. അരക്ഷിതാവസ്ഥ അവരെ വേട്ടയാടുന്നു. പക്ഷേ, അന്ധതയുടെ ലോകത്തും അവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ല. സഹാനുഭൂതിയും സേ്‌നഹവും മാത്രമല്ല പകയും അധികാരത്തര്‍ക്കവും നിലനില്‌പിനായുള്ള പോരാട്ടവും ലൈംഗികചൂഷണവും അവിടെ നമ്മള്‍ കാണുന്നു. പുറംലോകത്തിന്‍െറ നേര്‍പ്പതിപ്പായി മാറുന്നു അകംലോകവും.

എവിടെയും ഏതവസ്ഥയിലും മനുഷ്യന്‍െറ അടിസ്ഥാനചോദനകളും സ്വഭാവങ്ങളും മാറുന്നില്ല എന്ന്‌ രേഖപ്പെടുത്തുകയാണ്‌ സാരമാഗോ. നമ്മുടെയൊക്കെ സംസ്‌കാരം എത്ര ലോലമാണെന്നും എത്ര എളുപ്പത്തിലാണ്‌ അത്‌ തകര്‍ന്നുവീഴുന്നതെന്നുമുള്ള നോവലിസ്റ്റിന്‍െറ ദര്‍ശനമാണ്‌ തന്നെ ആകര്‍ഷിച്ചതെന്ന്‌ സംവിധായകന്‍ മീറെല്ലസ്‌ പറയുന്നു. (ആത്മീയതയില്‍ നിന്നകന്നുപോയ ഒരു ജനതയ്‌ക്ക്‌ സ്വാഭാവികമായി ഏല്‍ക്കേണ്ടിവന്ന ശിക്ഷയാണ്‌ നോവലില്‍ പരാമര്‍ശിക്കുന്നതെന്നും വ്യാഖ്യാനിക്കാവുന്നതാണ്‌).

കഥാപാത്രങ്ങളുടെ കാഴ്‌ച നഷ്‌ടപ്പെടുന്ന രീതി വിചിത്രമാണ്‌. ഇവിടെ അന്ധത എന്നത്‌ ഇരുട്ടല്ല, കടുംവെളിച്ചമാണ്‌. വെളിച്ചത്തിന്‍െറ ഒരു സമുദ്രം അവരുടെ കണ്ണുകളിലേക്ക്‌ കുത്തിക്കയറുകയാണ്‌. മുന്നിലെ തീക്ഷ്‌ണപ്രകാശത്തില്‍ അവര്‍ക്ക്‌ കാഴ്‌ച അസാധ്യമാകുന്നു. (വൈറ്റ്‌ സിക്ക്‌നസ്‌ എന്നാണ്‌ സര്‍ക്കാര്‍വക്താവ്‌ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്‌).

നഗരത്തിലെ തിരക്കേറിയ ജങ്‌ഷനില്‍ തന്‍െറ കാറില്‍ സിഗ്‌നനല്‍ കാത്തുകിടക്കുന്ന ഒരു യുവാവിന്‍െറ കാഴ്‌ച നഷ്‌ടപ്പെടുന്നതോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. പിന്നെ, യുവാവിനെ പരിശോധിച്ച ഡോക്ടറുടെയും യുവാവിനെ സഹായിച്ച കാര്‍മോഷ്‌ടാവിന്‍െറയും കാഴ്‌ച പോകുന്നു. ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ ഒരു `അന്ധകുടുംബം' രൂപംകൊള്ളുകയാണ്‌ അവസാനരംഗത്തില്‍. അപ്പോഴേക്കും ആദ്യം രോഗബാധിതനായ യുവാവിന്‌ കാഴ്‌ച തിരിച്ചുകിട്ടുന്നു. അവിടെ ആഹ്ലാദത്തിന്‍െറയും പ്രതീക്ഷയുടെയും ആരവം. എല്ലാവര്‍ക്കും കാഴ്‌ച വീണ്ടുകിട്ടുമെന്ന്‌ സൂചന നല്‍കിക്കൊണ്ടാണ്‌ 115 മിനിറ്റ്‌ നീണ്ട സിനിമ അവസാനിക്കുന്നത്‌. (ബ്ലൈന്‍ഡ്‌നെസ്സി'ന്‌ 2004-ല്‍ സാരമാഗോ തുടര്‍ച്ച എഴുതിയിട്ടുണ്ട്‌. `സീയിങ്‌' (കാഴ്‌ച) എന്നാണീ നോവലിന്‍െറ പേര്‍).

നോവലിലെപ്പോലെ സിനിമയിലും കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല. യുവാവ്‌, കറുത്ത കണ്ണട ധരിച്ച യുവതി, ഡോക്ടര്‍, ഡോക്ടറുടെ ഭാര്യ, കാര്‍മോഷ്‌ടാവ്‌, എന്‍ജിനീയര്‍, ഫാര്‍മസിസ്റ്റ്‌, വൃദ്ധന്‍, പയ്യന്‍ തുടങ്ങിയവരൊക്കെയാണ്‌ കഥാപാത്രങ്ങള്‍. വിഷയത്തിനനുയോജ്യമായ രീതിയിലാണ്‌ ഛായാഗ്രഹണം. പല രംഗങ്ങളും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമയിലേതുപോലെയാണ്‌. വെളുപ്പിനാണ്‌ പ്രാധാന്യം. ഇടയ്‌ക്കിടെ സ്‌ക്രീനില്‍ വെളുപ്പ്‌ പടരുന്നു. അവ്യക്തമായ നിഴല്‍രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ഈ സിനിമയെ്‌ക്കതിരെ ചില വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്‌. അമേരിക്കയിലെ `നാഷണല്‍' ഫെഡറേഷന്‍ ഓഫ്‌ ദ ബ്ലൈന്‍ഡ്‌' എന്ന സംഘടനയാണ്‌ പ്രതിഷേധസ്വരമുയര്‍ത്തിയത്‌. അന്ധസമൂഹത്തെ മോശക്കാരായി ചിത്രീകരിക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. സംവിധായകന്‌ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുണ്ട്‌: ``അന്ധരെക്കുറിച്ചുള്ള സിനിമയല്ലിത്‌. മനുഷ്യസ്വഭാവത്തെക്കുറിച്ചാണിതില്‍ പറയുന്നത്‌.''

7 comments:

T Suresh Babu said...

2008-ലാണ്‌ `ബ്ലൈന്‍ഡ്‌നെസ്‌' സിനിമയാകുന്നത്‌. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു ഇത്‌. `സിറ്റി ഓഫ്‌ ഗോഡ്‌' പോലെത്തന്നെ അപൂര്‍വമായ ഒരനുഭവമാണ്‌ `ബ്ലൈന്‍ഡ്‌നെസ്സും'. `അസാധ്യതയുടെ സാധ്യത'യെ അക്ഷരങ്ങളില്‍ നിന്ന്‌ ദൃശ്യഖണ്ഡങ്ങളായി വിജയകരമായി പകര്‍ത്തിയിരിക്കയാണ്‌ മീറെല്ലസ്‌.

Haree said...

വളരെ നല്ലൊരു ചലച്ചിത്രാനുഭവമാണ് ‘ബ്ലൈന്‍ഡ്‌നെസ്’ നല്‍കിയത്. അന്ധതബാധിക്കുന്നതോടെ, അടുക്കും ചിട്ടയും നഷ്ടപ്പെട്ട തെരുവിന്റെയൊരു വിദൂരദൃശ്യം ഇടയ്ക്ക് വരുന്നുണ്ട്. എത്ര രസകരമായാണ് ആ തെരുവ് ചിത്രീകരിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ അന്ധത പടര്‍ന്നിരിക്കുമ്പോഴും, തങ്ങളുടെ ലോകത്തെ കെട്ടുകള്‍ പൊട്ടിച്ച് പുറത്തുവരുവാന്‍ ശ്രമിക്കാതെ ഉള്ളില്‍ കിടക്കുകയാണ് അകത്തുള്ളവര്‍. പിന്നീട് പുറത്തെത്തുമ്പോഴാണ് മനസിലാവുന്നത്, തങ്ങളുടെ അവസ്ഥയില്‍ തന്നെയായിരുന്നു പുറത്തുണ്ടായിരുന്നവരുമെന്ന്‍. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഒടുവില്‍ എല്ലാവര്‍ക്കും കാഴ്ച തിരിച്ചു കിട്ടുമ്പോള്‍, സാക്ഷിയായി കാഴ്ച നഷ്ടപ്പെടാതിരുന്ന യുവതിക്ക് തന്റെ ഔന്നിത്യം കുറയുന്നതില്‍ ഉള്ളിലെവിടെയോ ഒരു സങ്കടമില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അവരുടെ മുഖഭാവത്തില്‍ നിന്നും എനിക്കങ്ങിനെ തോന്നി.
--

Anil cheleri kumaran said...

good venture.

(kindly remove the word verification, that can helpful to comment easily)

Roby said...

പ്രശസ്തമായ സാഹിത്യകൃതികൾ സിനിമയാക്കുമ്പോഴുള്ള പ്രശ്നം സിനിമ പുസ്തകവുമായി നമ്മൾ അറിയാതെ താരതമ്യപ്പെടുത്തും എന്നതാണെന്നു തോന്നുന്നു. പുസ്തകവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സിനിമ ഒന്നുമല്ല, അതു മാത്രമല്ല താരതമ്യപ്പെടുത്തിയില്ലെങ്കിലും ഒരുപാടു പ്രശ്നങ്ങൾ ഉള്ളതായി തോന്നി.

മിസ്‌കാസ്റ്റിംഗിനു ഒരു നല്ല ഉദാഹരണമായിരിക്കും ഈ സിനിമ.
ജൂലിയൻ മൂറിനെപോലെ ഒരു പോളിഷ്ഡ് ഫേസ് ഈ സിനിമയ്ക്കു ചേർന്നതല്ല എന്നത് ഒന്നാമത്തേത്. ഹൂലിയറ്റ് ബിനോഷെയോ മറ്റോ ആയിരുന്നെങ്കിൽ എന്ന് ഇനിയും കൊതിച്ചു പോകുന്നു. അതുപോലെ 'കിങ് ഓഫ് വാർഡ് 3' ആയി അഭിനയിച്ച ഗായേൽ ഗാർസിയ ബെർണാൽ. ബെർണാൽ മികച്ചൊരു നടനാണെങ്കിലും ഈ കഥാപാത്രം വെറുമൊരു പ്ലാസ്റ്റിക് കഥാപാത്രം പോലെയായി.
പിന്നെ, ഇതുപോലെ ഒരു സിനിമ അമേരിക്കൻ പ്രൊഡക്ഷൻ ആയതേ പാളി. അമേരിക്കക്കാർ അവരുടെ പോളിഷ്ഡ് മൊറാലിറ്റിയെ അറിയാതെ സിനിമയിൽ അടിച്ചേല്പിച്ചുകൊണ്ടിരിക്കും.

It would have been hell of a movie if it were a european production with someone like Haneke.

Unknown said...

ബ്ലൈന്‍റ്നെസ് കാണാന്‍ പ്രേരിപ്പിച്ചതിന് ഒരുപാട് നന്ദി. സിറ്റിഓഫ് ഗോഡ് പലതവണ കണ്ടിട്ടുണ്ട്. സുബ്രഹ്മണ്യപുരത്തിനുശേഷം വീണ്ടും കണ്ടു. ശശികുമാറിനെ മീറെല്ലസ് ബാധിച്ചത് ശ്രദ്ധിച്ചിരുന്നുവോ. ആരും അത് ചൂണ്ടിക്കാട്ടിക്കണ്ടില്ല

Nat said...

നോവെലുമായി തട്ടിച്ചു നോക്കുമ്പോള്‍ സിനിമ ഒന്നുമല്ല എന്നു പറയേണ്ടി വരും, രണ്ടും രണ്ടു മാധ്യമങ്ങളാണെങ്കില്‍ കൂടി. അങ്ങനെ ഒരു താരതമ്യത്തിനു മറ്റൊരു കാരണം കൂടിയുണ്ട്, കഥ പറയുന്നതിനപ്പുറത്തേക്ക് സിനിമയുടെ ദ്രുശ്യ-ശ്രാവ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ പലപ്പോഴും സംവിധായകന്‍ പരാജയപ്പെടുന്നുണ്ട്. ബെര്‍ണാല്‍, എത്ര മനോഹരമായി അഭിനയിക്കാന്‍ കഴിവുള്ള നടനാണയാള്‍, എന്നിട്ടും ഇതിലെ കഥാപത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ വെറുതെ വന്നു പോകുക മാത്രം ചെയ്യുന്നു. എങ്കിലും ഈ വീഡിയോ മറ്റു പറയുന്നത് മറ്റു ചിലതാണ്;
http://www.youtube.com/watch?v=7XzBkM_LdAk
സാരമാഗു കരഞ്ഞത് എന്തിനായിരിക്കും? :)

ശ്രീ said...

എന്തായാലും കാണുന്നുണ്ട്, ഈ ചിത്രം .