മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് 'ഡിപ്പാര്‍ച്ചേഴ്സ്' . യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.
2009ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര് അവാര്‍ഡ് നേടിയ ചിത്രമാണ് 'ഡിപ്പാര്‍ച്ചേഴ്സ്'. സംഗീതത്തിന്റെ ലോകത്തുനിന്ന് മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലിലേക്ക് എത്തിപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് ഇതിന്റെ പ്രമേയം. ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ സിനിമ.
ജപ്പാനില്‍ ശവസംസ്കാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് 'നൊകാന്‍ഷി'. ശവസംസ്കാരത്തിനായി മൃതദേഹം ഒരുക്കല്‍/ മൃതദേഹ ശുശ്രൂഷ എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ദുഃഖാര്‍ത്തരായ ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. മുഖവും കൈകാലുകളുമൊഴികെ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളൊന്നും പുറത്തുകാണിക്കാതെ വളരെ ശ്രദ്ധയോടും കരുണയോടും ആദരവോടും കൂടി ചെയ്യേണ്ടതാണ് ഈ കര്‍മം. മുട്ടുകുത്തിനിന്നുവേണം ഇത് ചെയ്യാന്‍. ആദ്യം ഒരു തുണികൊണ്ട് മൂടി ശരീരത്തിലെ വസ്ത്രങ്ങള്‍ പതുക്കെ ഊരിയെടുക്കുന്നു. അതിനുശേഷം നനഞ്ഞ തുണികൊണ്ട് ദേഹമാകെ തുടയ്ക്കുന്നു. തുടര്‍ന്ന് മേക്കപ്പിട്ട് പുതുവസ്ത്രം ധരിപ്പിക്കുന്നു. പൂക്കള്‍ വിതറിയ ശവപ്പെട്ടിയില്‍ കിടത്തുമ്പോള്‍ മരിച്ചവരൊക്കെ സുന്ദരികളും സുന്ദരന്മാരുമായി മാറിയിട്ടുണ്ടാകും.
ടോക്കിയോവിലെ പ്രശസ്ത ഓര്‍ക്കസ്ട്രയില്‍ അംഗമായിരുന്ന ദീഗോ കൊബയാഷി എന്ന മുപ്പത്താറുകാരനാണ് 'ഡിപ്പാര്‍ച്ചേഴ്സി'ലെ നായകന്. ചെല്ലോ (വയലിന് പോലുള്ള തന്ത്രിവാദ്യം) വാദകനാണ് ദീഗോ. കുഞ്ഞുന്നാളില്‍ അച്ഛനാണ് അവന് സംഗീതത്തിന്റെ വഴി കാണിച്ചുകൊടുത്തത്. അവന് ആറു വയസ്സുള്ളപ്പോള്‍ അച്ഛന് ഉപേക്ഷിച്ചുപോയതാണ്. തങ്ങളുടെ കഫേയിലെ വിളമ്പുകാരിയുമൊത്താണ് അച്ഛന് സ്ഥലംവിട്ടതെന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവന് അച്ഛനോടുള്ള വെറുപ്പ്. അമ്മയാണവനെ കഷ്ടപ്പെട്ടു വളര്‍ത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് അമ്മ മരിച്ചു. വേണ്ടത്ര പരിപാടികള്‍ കിട്ടാത്തതിനാല്‍ പെട്ടെന്നൊരു ദിവസം ഉടമ ഓര്‍ക്കസ്ട്ര പിരിച്ചുവിടുന്നു. വെബ്ഡിസൈനറായ ഭാര്യയുമൊത്ത് ദീഗോ നാട്ടിന്‍പുറത്തെ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. സംഗീതവും അമ്മയുടെയും അച്ഛന്റെയും ഓര്‍മകളും നിറഞ്ഞുനില്ക്കുന്ന വീട് അവനെ പലപ്പോഴും കുട്ടിക്കാലത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നു.
ഇതിനിടെ, പത്രത്തില്‍ വന്ന ഒരു പരസ്യം അവന്റെ ശ്രദ്ധയില്‍ പെടുന്നു. ഉയര്‍ന്ന ശമ്പളം, പ്രായപരിധിയില്ല, കുറഞ്ഞ സമയത്തെ ജോലി, മുന്‍പരിചയം ആവശ്യമില്ല എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ടുള്ള പരസ്യം. 'യാത്രകളില്‍ സഹായിക്കുന്ന ജോലി' എന്ന് പരസ്യത്തിലുണ്ടായിരുന്നു. ഏതോ ടൂര്‍ ഗൈഡിന്റെ ഒഴിവാണെന്നാണ് ദീഗോ കരുതിയത്. ഇന്റര്‍വ്യൂവിനു ചെന്നപ്പോഴാണ് അന്ത്യയാത്രയെ സഹായിക്കലാണ് തന്റെ ജോലി എന്നവനു മനസ്സിലാകുന്നത്. സ്ഥാപന ഉടമ സസാക്കിക്ക് അവനെ നന്നേ ബോധിച്ചു. 'പറ്റില്ല എന്നു തോന്നുമ്പോള്‍ ഉപേക്ഷിച്ചോളൂ' എന്ന ഉപദേശത്തോടെ ബോസ് അവനെ സഹായിയായി നിയമിക്കുന്നു. ജോലിയുടെ സ്വഭാവം ദീഗോ ഭാര്യയില്‍നിന്ന്മറച്ചുപിടിച്ചു. ജോലി ഉപേക്ഷിക്കാന്‍ അവന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കിട്ടുന്ന ഉയര്‍ന്ന വരുമാനം അവനെ പ്രലോഭിപ്പിക്കുന്നു. ബോസിന്റെ ഫോണ്‍വിളികള്‍ അവന് നിരസിക്കാനാവുന്നില്ല. ക്രമേണ, അവന് തന്റെ ജോലിയുടെ മഹത്ത്വം തിരിച്ചറിഞ്ഞുതുടങ്ങുന്നു. ജോലിയുടെ രഹസ്യം മനസ്സിലാക്കിയ ഭാര്യ പിണങ്ങിപ്പോയിട്ടും ദീഗോ തന്റെ കര്‍മത്തില്‍ നിന്ന് പിന്മാറുന്നില്ല. ഏറ്റവുമൊടുവില്‍ അച്ഛന്റെ മൃതദേഹം ഒരുക്കുമ്പോള്‍ അവന് ജീവിതം സഫലമായതിന്റെ ആഹ്ലാദത്തിലാണ്.
ആറ് വീടുകളിലെ ശവസംസ്കാരച്ചടങ്ങുകളുടെ വിശദമായ കാഴ്ചകളിലൂടെയാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്. ഓരോ മരണവും ദീഗോവിന് നല്‍കുന്നത് ഓരോ പുതിയ ജീവിതപാഠമാണ്. സ്നേഹത്തിന്റെ, വൈരാഗ്യത്തിന്റെ, പശ്ചാത്താപത്തിന്റെ, തിരിച്ചറിയലിന്റെ പാഠങ്ങള്‍. ഓരോ മരണവും അവനെ ജീവിതത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ്. മരിച്ചവരോടൊപ്പം മറുലോകത്തേക്ക് താനും അനുയാത്ര ചെയ്യുകയാണെന്ന് അവനു തോന്നുന്നു. ഈ ലോകത്തിന്റെ സകല ക്ലേശങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മോഹങ്ങളില്‍ നിന്നും താനവരെ വിമുക്തരാക്കുകയാണ്. മനുഷ്യബന്ധങ്ങളുടെ ശക്തിയോടൊപ്പം സ്വപ്നങ്ങളുടെ നിരര്‍ഥകതയും അവനു ബോധ്യപ്പെടുന്നു.
നായകനായ ദീഗോയേക്കാള്‍ നമ്മളെ കൂടുതല്‍ ആകര്‍ഷിക്കുന്ന കഥാപാത്രം സസാക്കി എന്ന ബോസാണ്. ഒരനുഷ്ഠാനംപോലെയാണ് അയാള്‍ക്ക് തന്റെ തൊഴില്‍. സൗമ്യവും ശാന്തവുമായ മുഖം. മുട്ടുകുത്തിനിന്ന് മൃതദേഹത്തെ വന്ദിച്ച ശേഷമേ അയാള്‍ തന്റെ കര്മത്തിലേക്ക് കടക്കൂ. കരുണയോടെയാണ് അയാളുടെ ഓരോ സമീപനവും. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹത്തിനു മുന്നില്‍പ്പോലും അയാളുടെ മുഖം ചുളിയില്ല. ദീഗോയിലെ നന്മയെ ആദ്യനോട്ടത്തില്‍ത്തന്നെ ബോസ് തിരിച്ചറിയുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് ബോസ് ഈ തൊഴിലിലേക്ക് കടക്കുന്നത്. ആദ്യത്തെ ക്ലയന്റ് അയാളുടെ ഭാര്യതന്നെയായിരുന്നു. അവളെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയിട്ടാണ് ശ്മശാനത്തിലേക്ക് അയച്ചത്. ഒരു മരണവീട്ടില്‍ ബോസിന്റെ കരവിരുതിനെ ശ്ലാഘിക്കുന്ന ഗൃഹനാഥനെ നമുക്ക് കാണാം. അയാളുടെ ഭാര്യയാണ് മരിച്ചത്. എത്താന്‍ വൈകിയതിന് ആദ്യം അയാള്‍ ബോസിനെ വഴക്കുപറയുന്നുണ്ട്. ചടങ്ങുകഴിഞ്ഞപ്പോള്‍ പക്ഷേ, അയാള്‍ക്ക് അത്ഭുതമായി. ഭാര്യയെ ഇത്ര സുന്ദരിയായി താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അയാള്‍ പറയുന്നു. പിതൃ-പുത്രബന്ധത്തിലെ കയറ്റിറക്കങ്ങളെ ഹൃദയസ്പര്‍ശിയായി കാണിച്ചുകൊണ്ടാണ് രണ്ടു മണിക്കൂര്‍ നീണ്ട സിനിമ അവസാനിക്കുന്നത്.
ഒരു ദിവസം ദീഗോയുടെ അമ്മയുടെ പേരില്‍ ടെലഗ്രാം വരുന്നു: 'നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. വന്ന് മൃതദേഹം ഏറ്റുവാങ്ങുക'. അവന് അച്ഛനെ കാണാന്‍ തീരെ ആഗ്രഹമില്ലായിരുന്നു. ഭാര്യയും ബോസും സഹപ്രവര്‍ത്തകയും നിര്‍ബന്ധിച്ചിട്ടാണ് അവന് പോകാന്‍ തീരുമാനിക്കുന്നത്. ശാന്തനായ മനുഷ്യന് ഒറ്റയ്ക്കായിരുന്നു താമസം എന്ന് അച്ഛന്റെ അയല്ക്കാരന് പറഞ്ഞപ്പോള്‍ ദീഗോ അച്ഛനെ കുറേശ്ശെ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു. 70 വയസ്സ് പിന്നിട്ട അച്ഛന് എല്ലാ അഹങ്കാരങ്ങളും നഷ്ടപ്പെട്ടവനെപ്പോലെ നിശ്ചലനായി കിടക്കുന്നു. തൊട്ടരികെയുള്ള ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ എല്ലാ സമ്പാദ്യവും. തുണിമാറ്റി അവന് അച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛനെ തിരിച്ചറിയാനാവുന്നില്ല. മൃതദേഹത്തെ ഒരുക്കാനായി വന്നവരുടെ തിടുക്കവും മര്യാദയില്ലാത്ത പെരുമാറ്റവും അവനെ അസ്വസ്ഥനാക്കുന്നു. അച്ഛനെ ഒരുക്കുന്ന കര്‍മം അവന്‍തന്നെ ഏറ്റെടുക്കുകയാണ്. മിനുസമുള്ള ഒരു ചെറിയ കല്ല് അച്ഛന് വലതുകൈയില്‍ മുറുകെപ്പിടിച്ചിരുന്നു. അവന് കുട്ടിയായിരുന്നപ്പോള്‍ അച്ഛന് സമ്മാനിച്ചതായിരുന്നു ആ കല്ല്. ഷേവ് ചെയ്തപ്പോള്‍ അച്ഛന്റെ മുഖം തെളിഞ്ഞുവന്നു. കുട്ടിക്കാലത്ത് താന്‍ കണ്ട, സ്നേഹം നിറഞ്ഞ മുഖം. 'അച്ഛാ' എന്ന് വിളിച്ച് അവന് കരയുമ്പോള്‍ അലിഞ്ഞുപോയത് 30 വര്‍ഷത്തെ വെറുപ്പും വൈരാഗ്യവുമാണ്.
'മരണം ഒരു പ്രവേശനകവാടമാണ്. അത് അവസാനമല്ല. ഇഹലോകത്തുനിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്രയിലെ പ്രവേശനകവാടം മാത്രമാണ് മരണം'-ശ്മശാനം ജീവനക്കാരനായ വൃദ്ധന്റെ ഈ വിശ്വാസധാരയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
7 comments:
മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് 'ഡിപ്പാര്‍ച്ചേഴ്സ്' . യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.
വായിച്ചപ്പോള്‍ ഈ സിനിമ ഉടന്‍ കാണണമെന്നു തോന്നുന്നു.പരിചയപ്പെടുത്തിയതിനു നന്ദി.
കാണാന്‍ സാധിച്ചിട്ടില്ല...കൊബയാഷി എന്ന പേര് കേട്ടപ്പോള്‍ യുഷ്വല് സസ്പെക്ടിലെ കെവിന് സ്പേസിയെ ഓര്‍മ്മ വന്നു.
ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള അമൂല്യ ദര്‍ശനമുള്ള ഈ സിനിമ പരിചയപ്പെടുത്തിയതില്‍ നന്ദി പറയുന്നു.
ശ്രദ്ധിക്കപ്പെടേണ്ട ഈ ബ്ലോഗ് കൂടുതല്‍ ബ്ലോഗ് വായനക്കാരുടെ വായനക്ക് പാത്രീഭവിക്കാനായി ജാലകം ബ്ലോഗ് അഗ്രഗേറ്ററില് റജിസ്റ്റെര്‍ ചെയ്യുകയും ജാലകം വിജെറ്റ് ബ്ലോഗ് പേജില്‍ ചേര്‍ക്കാനും ചിത്രകാരന് അഭ്യര്‍ത്ഥിക്കുന്നു.(അഗ്രഗേറ്ററിലെ ലിസ്റ്റില്‍ ക്ലിക്ക് ചെയ്താണ് വായനക്കാര്‍ പൊതുവെ ബ്ലോഗ് വായനക്ക് എത്തിച്ചേരുന്നത്.)ജാലകം അഗ്രഗേറ്ററിന്റെ ലിങ്ക് ഇവിടെ നല്കുന്നു. jalakam malayalam blog agragator വേറെയും അഗ്രഗേറ്ററുകളുണ്ട്. അവയും ട്രൈ ചെയ്യുക. കൂടുതല്‍ പേര് ഈ നല്ല പോസ്റ്റുകള്‍ വായിക്കട്ടെ!
ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!
ഒരുപാട് ഓർമ്മപ്പെടുത്തലുകൽ മനസ്സിനെ വീണ്ടും കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോകുന്നു. നല്ല എഴുത്ത്, നന്ദി
കുറെ നാള് മുന്‍പ് കണ്ടതാണ് ഈ സിനിമ. വളരെ ഇഷ്ടപെടുകയും ചെയ്തു.
Post a Comment