2013 ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം
നേടിയ 'ഷിപ്പ് ഓഫ് തെസ്യൂസി' നെപ്പറ്റി
കുട്ടിക്കാലത്ത് മാന്ത്രികനാകാനായിരുന്നു ആനന്ദ് ഗാന്ധിക്ക് മോഹം. പിന്നീട്, ഭൗതികശാസ്ത്രജ്ഞനാകണമെന്നായി. അവിടെയും നിന്നില്ല. തത്വചിന്തയോടായി പിന്നത്തെ ഭ്രമം. കോളേജ് വിദ്യാഭ്യാസം അപൂർണമായി അവസാനിപ്പിച്ച ആനന്ദ് ഒടുവിൽ എത്തിപ്പെട്ടത് സിനിമയിൽ. ഇതിന് അദ്ദേഹത്തിനു പറയാൻ ന്യായമുണ്ട്. ഒരേസമയം മാന്ത്രികനും തത്വചിന്തകനും എഴുത്തുകാരനും നടനുമെല്ലാം ആകാൻ പറ്റുന്നത് ചലച്ചിത്രകാരനാണെന്നാണ് ആനന്ദിന്റെ വാദം. തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെത്തന്നെ സിനിമാലോകത്തിന്റെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു ആനന്ദ് ഗാന്ധി. ഫ്രഷിപ്പ് ഓഫ് തെസ്യൂസ്' (Ship of Thesues) എന്ന ഹിന്ദിസിനിമയിൽ ഇരുത്തം വന്ന ഒരെഴുത്തുകാരനുണ്ട്. ജീവിത്തെക്കുറിച്ച്, അതിന്റെ മൂല്യത്തെയും നിരർഥകതയെയും കുറിച്ച് ആലോചിക്കുന്ന ഒരു തത്വചിന്തകനുണ്ട്. എല്ലാറ്റിനുമുപരി, സിനിമയെന്ന മാധ്യമത്തെ തന്റെ ചിന്താധാരകളിലൂടെ കൊണ്ടുപോകാൻ കെല്പുള്ള ഒരു മാന്ത്രികന്റെ സാന്നിധ്യവുമുണ്ട് ഈ സിനിമയിൽ.
സ്വത്വ( Identity )ത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിപരീതത്വമാണ് തെസ്യൂസിന്റെ കപ്പൽ. തെസ്യൂസിന്റെ പാരഡോക്സ് എന്നും ഇതറിയപ്പെടുന്നു. ഗ്രീക്ക് ചിന്തകനായ പഌട്ടാർക്കാണ് ഈ വിപരീതപ്രസ്താവം ആദ്യം രേഖപ്പെടുത്തിയത്. ഒരു കപ്പലിന്റെ ദ്രവിച്ച പലകകളെല്ലാം മാറ്റി പുതിയവ വെച്ചാൽ ആ കപ്പൽ പഴയ കപ്പൽ തന്നെയാകുമോ, അതോ പുതിയ കപ്പലാകുമോ എന്ന ദാർശനിക സമസ്യയാണ് പഌട്ടാർക്ക് ഉയർത്തി വിട്ടത്. ഈ ആശയത്തിന്റെ പിൻബലത്തിലാണ് ആനന്ദ് ഗാന്ധി ഫ്രഷിപ്പ് ഓഫ് തെസ്യൂസ്' സംവിധാനം ചെയ്തത്. അവയവങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന മൂന്നു കഥാപാത്രങ്ങൾ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമ രേഖപ്പെടുത്തുന്നത്. അന്യന്റെ അവയവങ്ങൾ സ്വീകരിക്കുന്നയാൾക്ക് പഴയ അതേ വ്യക്തിയായി തുടരാനാവുമോ അതോ പുതിയ ആളായി മാറുമോ എന്ന സന്ദേഹമാണ് സിനിമ ഉയർത്തുന്നത്.

വ്യത്യസ്തത പുലർത്തുന്ന മൂന്നു കഥകളാണ് സംവിധായകൻ പറയുന്നത്. മൂന്നിനും ഒറ്റയ്ക്ക് നിൽക്കാനുള്ള ശേഷിയുണ്ട്. എങ്കിലും, ഇതിവൃത്തത്തിന്റെ ഒഴുക്ക് ഒരേ ദിശയിലേക്കാണ്. ഒരേ ആശയത്തിലേക്കാണ്. തത്വചിന്താപരമായ യാത്രയാണ് തന്റേതെന്ന് സംവിധായകൻ പറയുന്നു. സത്യം, ശിവം, സുന്ദരം എന്ന ദാർശനികതലത്തിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. സത്യവും ധർമനീതിയും സൗന്ദര്യവും അന്വേഷിച്ചുള്ള യാത്രയാണത്. കഥാപാത്രങ്ങളിലൂടെ അത് സാക്ഷാത്കരിക്കാനാണ് ശ്രമം. മൂന്നു കഥാപാത്രങ്ങളിലും വെച്ച് അദ്ദേഹത്തിന് കൂടുതൽ ചായ്വ് രണ്ടാമത്തെ ഖണ്ഡത്തിലെ ജൈനസന്യാസിയോടാണ്. സംവിധായകന്റെ ആരാധ്യപുരുഷന്മാരുടെ സങ്കലനമാണ് മൈത്രേയൻ എന്ന സന്യാസി. മഹാത്മാ ഗാന്ധിയും ജൈനചിന്തകൻ ശ്രീമദ് രാജചന്ദ്രയും ആക്ടിവിസ്റ്റ് അഭയ് മേത്തയും പരിസ്ഥിതിവാദി സതീഷ്കുമാറും പിന്നെ തന്റെ ഒരു ഭാഗവും ചേർന്നതാണ് മൈത്രേയൻ എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാമത്തെ ഖണ്ഡത്തിലെ നായകൻ ലോകനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ജൈനസന്യാസി മൈത്രേയനാണ്. ഈ ലോകം മനുഷ്യർക്കു മാത്രം അവകാശപ്പെട്ടതല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചെറിയ ജീവജാലങ്ങൾക്കുപോലും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. മൃഗങ്ങളിൽ മരുന്നുപരീക്ഷണം നടത്തുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി കൊടുക്കുന്നത് അഹിംസാവാദിയായ ഈ സന്യാസിയാണ്. കോടതിയിലെ വാദം കേൾക്കാൻ നഗരത്തിലൂടെ മഴയത്ത് നഗ്നപാദനായി സഞ്ചരിക്കുന്ന മൈത്രേയനെയാണ് നമ്മളാദ്യം കാണുന്നത്. ജീവിതത്തിൽ നിന്നും മരണത്തിൽ നിന്നും യഥാർഥമോചനം നേടി മോക്ഷം പ്രാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കരൾവീക്കം വന്നിട്ടും രോഗശാന്തിക്കായി മരുന്നു കഴിക്കാൻ വിസമ്മതിക്കുന്നു അദ്ദേഹം. ഈ ചിന്താഗതിയിൽ നിന്ന് ഭിന്നനായ യുവസുഹൃത്ത് ചാർവാകൻ എന്ന വക്കീലിനെയാണ് പിന്നെ നമ്മൾ പരിചയപ്പെടുന്നത്. മരുന്നു കഴിക്കാതെ സ്വന്തം ശരീരത്തെ എന്തിനു സ്വയം പീഡിപ്പിക്കണം എന്നതാണ് മൈത്രേയനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ടുതന്നെ ചാർവാകന്റെ ചോദ്യം. ചികിത്സ വേണ്ടെന്നുവെച്ച് ഉപവാസത്തിലൂടെ നിർവാണം പൂകാനുള്ള മൈത്രേയന്റെ ശ്രമം പരാജയപ്പെടുകയാണ്. മൃതപ്രായനായി കിടക്കുമ്പോൾ ഒരു വയോധികൻ വന്ന് ഫ്രയഥാർഥത്തിൽ നമുക്ക് ആത്മാവുണ്ടോ' എന്നു ചോദിക്കുമ്പോൾ ഫ്രഎനിക്കറിഞ്ഞൂടാ' എന്നാണ് മൈത്രേയൻ നൽകുന്ന മറുപടി. മോക്ഷം നേടാൻ താൻ പ്രാപ്തനായിട്ടില്ലെന്ന് അദ്ദേഹത്തിന് സ്വയം ബോധ്യപ്പെടുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കീഴടങ്ങാനാണ് അദ്ദേഹം ഒടുവിൽ തീരുമാനിക്കുന്നത്.
വൃക്ക മാറ്റിവെക്കലിന് വിധേയനായ നവീൻ എന്ന ഓഹരി ദല്ലാളാണ് അവസാനഖണ്ഡത്തിലെ പ്രധാന കഥാപാത്രം. പണത്തിൽ മാത്രമേ അയാൾക്ക് താത്പര്യമുള്ളൂ. എന്നാൽ, അയാളുടെ മുത്തശ്ശി നേരെ തിരിച്ചാണ്. ആക്ടിവിസ്റ്റായ അവർ പേരക്കുട്ടിയുടെ പണക്കൊതിയെ കണക്കിന് വിമർശിക്കുന്നു. ജീവിതത്തിൽ ആകെ വേണ്ടത് സന്തോഷവും സഹാനുഭൂതിയുമാണെന്നാണ് അവരുടെ വാദം. നമ്മുടെ ജീവിതം കൊണ്ട് സമൂഹത്തിന് എന്തെങ്കിലുമൊരു പ്രയോജനം വേണം. എങ്കിലേ അത് ജീവിതമാകുന്നുള്ളൂ. അടിമത്തത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടിയ മൂന്നു തലമുറയുടെ പ്രതിനിധിയാണ് താനെന്ന് ആ വയോധിക അഭിമാനം കൊള്ളുന്നു. ഈ പോരാട്ടങ്ങളൊക്കെ നടത്തിയത് തന്റെ പേരക്കുട്ടി അമേരിക്കക്കാരന്റെ അടിമയായി മാറുന്നത് കാണാനായിരുന്നോ എന്ന് അവർ സങ്കടപ്പെടുന്നു. മുത്തശ്ശിയുടെ വാദഗതികളെ അസഹിഷ്ണുതയോടെ തള്ളുകയാണയാൾ. എങ്കിലും, അയാളിലും സഹാനുഭൂതിയുടെ അംശമുണ്ടെന്ന് പിന്നീടുള്ള കഥാഗതിയിൽ വ്യക്തമാകുന്നു. വൃക്കദാനത്തിലൂടെ വഞ്ചിക്കപ്പെട്ട ശങ്കറെന്ന തൊഴിലാളിയുടെ പ്രശ്നം നവീൻ ഏറ്റെടുക്കുകയാണ്. വൃക്ക സ്വീകരിച്ച വിദേശിയെ നിയമനടപടികളിലൂടെ മുട്ടുകുത്തിക്കാമെന്ന് നവീൻ പറയുമ്പോൾ ശങ്കർ എതിർക്കുന്നു. നീണ്ടുനീണ്ടുപോകുന്ന നിയമപ്പോരാട്ടത്തിലൂടെ നീതി തേടി ജീവിതം തുലയ്ക്കാൻ താനില്ലെന്ന് അയാൾ പറയുമ്പോൾ ആനന്ദ് ഗാന്ധി വിരൽ ചൂണ്ടുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മയിലേക്കാണ്.
പ്രത്യാശയുടെ ലോകത്തേക്ക് വെളിച്ചം തുറന്നിട്ടുകൊണ്ടാണ് ആനന്ദ് ഗാന്ധി സിനിമ അവസാനിപ്പിക്കുന്നത്. തെളിഞ്ഞ, വിശാലമായ നീലാകാശവും വെളിച്ചത്തിന്റെ സമൃദ്ധിയും പല രംഗങ്ങളിലും ആവർത്തിക്കുന്നതു കാണാം. അവയവദാനത്തിന്റെ മഹത്വം പ്രഘോഷിക്കാൻ സംവിധായകൻ മടിക്കുന്നില്ല. അവയവങ്ങൾ സ്വീകരിച്ചവർ ഒരു ഹാളിൽ ഒരുമിച്ചുകൂടി വിഡിയോ കാണുന്നിടത്താണ് സിനിമ അവസാനിപ്പിക്കുന്നത്. അലിയയെയും മൈത്രേയനെയും നവീനെയും നമ്മൾ ഒരുമിച്ച് കാണുന്നത് ഈ അവസാനദൃശ്യങ്ങളിലാണ്.
നമ്മുടെ നിയമ, ജീവിത, സാമൂഹികാവസ്ഥകളെ നിശിതമായി ചോദ്യംചെയ്യുന്നുണ്ട് സംവിധായകൻ. കോടതിയിലെ വിതണ്ഡവാദങ്ങളും മൈത്രേയനും ചാർവാകനും തമ്മിലുള്ള ചർച്ചയുമൊക്കെ അദ്ദേഹം അതിരുവിടാതെ, സൂക്ഷ്മതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. തന്റെ കാഴ്ചപ്പാടുകളെ കഥാപാത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നതിൽ അസാധാരണ വിജയമാണ് ആനന്ദ് ഗാന്ധി നേടിയിരിക്കുന്നത്. ഏതുസമയത്തും ബോറടിയിലേക്കു വീഴാവുന്നതാണ് സിനിമയിലെ മിക്ക കഥാസന്ദർഭങ്ങളും. അവിടെയൊക്കെ അതിരുകടക്കാതെ, തിരക്കഥയെ കൃത്യമായി നിയന്ത്രിക്കുന്നുണ്ട് ആനന്ദ്. താത്വിക ചർച്ചകളൊക്കെ കഥയുടെ സ്വാഭാവികമായ ഒഴുക്കിന്റെ ഭാഗമായി വന്നുചേരുകയാണ്. കഥാപാത്രങ്ങൾക്ക് മൈത്രേയൻ, ചാർവാകൻ, നവീൻ എന്നീ പേരുകളിട്ടതിൽപ്പോലും ഔചിത്യവും സൂക്ഷ്മശ്രദ്ധയും പ്രകടമാണ്.
തന്റെ കഥാപാത്രങ്ങളെ മുംബൈ നഗരപശ്ചാത്തലത്തിൽ കൊണ്ടുവന്നതിന് ആനന്ദിന് മറുപടിയുണ്ട്. ജൈനഭിക്ഷുവും അന്ധയായ ഫോട്ടോഗ്രാഫറും ഓഹരി ദല്ലാളുമൊന്നും ഈ ലോകത്തിനു പുറത്തുനിൽക്കുന്നവരല്ല. മുംബൈ പോലുള്ള നഗരത്തിൽ അവരെക്കാണാം. അവരെല്ലാം ഇവിടെയെവിടെയോ നമുക്ക് ചുറ്റുമുണ്ട് - അദ്ദേഹം പറയുന്നു.