ഇറാന്‍ സിനിമാരംഗത്ത് ചലനമുണ്ടാക്കിയ നവതരംഗ പ്രസ്ഥാനക്കാരില്‍പ്പെട്ട സമീറ മഖ്‌മല്‍ ബഫിന്‍െറ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് `ദ ആപ്പിള്‍' . ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ സമീറയുടെ പ്രായം പതിനേഴ്. പക്ഷേ, മുതിര്‍ന്നവരേക്കാള്‍ ജീവിതനിരീക്ഷണപാടവവും സഹജീവി സേ്‌നഹവും സിനിമയെന്ന മാധ്യമത്തിന്‍െറ ശക്തിയെക്കുറിച്ച് വ്യക്തമായ ധാരണയും അന്ന് അവര്‍ക്കുണ്ടായിരുന്നു. ഇതിന്‍െറ തെളിവാണ് `ദ ആപ്പിള്‍'.
യഥാര്‍ഥ സംഭവത്തെ ആധാരമാക്കിയുള്ളതാണീ സിനിമ. പ്രധാന അഭിനേതാക്കളെല്ലാം യഥാര്‍ഥ കഥാപാത്രങ്ങള്‍ തന്നെ. യഥാര്‍ഥ ലൊക്കേഷനില്‍ പോയി യഥാര്‍ഥ കഥാപാത്രങ്ങളെ കണ്ടുപിടിച്ച് അവരെക്കൊണ്ടുതന്നെ അഭിനയിപ്പിക്കുകയായിരുന്നു സമീറ. പക്ഷേ, അവരാരും ഇതില്‍ അഭിനയിക്കുന്നതായി തോന്നില്ല. ക്യാമറയുടെ സാന്നിധ്യമറിയാതെ, അറിഞ്ഞാല്‍ത്തന്നെ അത് ഭാവിക്കാതെ സ്വാഭാവികമായി പെരുമാറുകയാണവര്‍. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്, സുഗന്ധങ്ങളിലേക്ക്, ശബ്ദങ്ങളിലേക്ക് പ്രാഞ്ചി പ്രാഞ്ചി നീങ്ങുന്ന രണ്ടു പെണ്‍കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ചെറിയ ലോകമാണ് സമീറ വരച്ചുകാണിക്കുന്നത്. ദൈന്യത മറയാക്കി ഈ കുടുംബം സമൂഹത്തില്‍നിന്ന് സ്വയം ഒറ്റപ്പെടുകയായിരുന്നു. പക്ഷേ, സമൂഹം അവരെ തിരിച്ചുകൊണ്ടുവരുന്നു. ജീവിതം ആപ്പിള്‍പോലെ ചന്തവും മാധുര്യവുമുള്ളതാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നു.
മാനസിക, ശാരീരികവൈകല്യങ്ങളുള്ള സഹ്‌റ, മുസോമെ എന്നീ പെണ്‍കുട്ടികളില്‍ തീവ്രമായ ജീവിതാഭിനിവേശം നമുക്കുകാണാം. പിണങ്ങാനും ഇണങ്ങാനും അവര്‍ക്കു വേഗം കഴിയും. ജീവിക്കാന്‍ മറന്നുപോയ അവരുടെ നഷ്‌ടങ്ങളിലേക്കാണ് സമീറ വിരല്‍ ചൂണ്ടുന്നത്. നഷ്‌ടപ്പെട്ട ജീവിതവും പരിസരങ്ങളും തിരിച്ചുപിടിക്കാന്‍ ആ പെണ്‍കുട്ടികള്‍ എല്ലാ പരിമിതികളെയും മറികടന്ന് മുന്നോട്ടുവരിയാണ്. ക്രമേണ, അവര്‍ ഇടുങ്ങിയ തെരുവും പിന്നിട്ട് വിശാലമായ ലോകത്തിന്‍െറ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്നു
സഹ്‌റയും മുസോമെയും ഇരട്ട സഹോദരിമാരാണ്. അവര്‍ക്ക് പന്ത്രണ്ടു വയസ്സായി. പതിനൊന്നു വര്‍ഷമായി അവര്‍ വീടിന്‍െറ തടവറയിലാണ്. കുളിച്ച കാലം മറന്നു. അറുപത്തിയഞ്ചുകാരനായ പിതാവിനു ജോലിയൊന്നുമില്ല. സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും ദയയിലാണ് ആ കുടുംബം കഴിയുന്നത്. അമ്മ അന്ധയാണ്. സുരക്ഷിതത്വമോര്‍ത്താണ് അവര്‍ മക്കള്‍ക്ക് തടവറ തീര്‍ക്കുന്നത്. വീടിന്‍െറ ഗെയിറ്റും ഇരുമ്പഴികളുള്ള മുന്‍വാതിലും എപ്പോഴും അടഞ്ഞുകിടപ്പാണ്. അഴികള്‍ക്കിടയിലൂടെ കാണുന്ന ആകാശത്തുണ്ട് മാത്രമാണ് കുട്ടികളുടെ കാഴ്‌ച. അടുത്ത വീടുകളിലെ കുട്ടികളുടെ കലപില മാത്രമാണ് അവര്‍ കേള്‍ക്കുന്ന ശബ്ദം. അവര്‍ സ്‌കൂള്‍ കണ്ടിട്ടില്ല. ഒന്നിനോടും അവര്‍ക്ക് പ്രതികരിക്കാനാവില്ല. സംസാരിക്കുമ്പോള്‍ അവ്യക്ത ശബ്ദങ്ങളേ പുറത്തുവരൂ.
സഹ്‌റയുടെയും മുസോമെയുടെയും അവസ്ഥയില്‍ വേദനിക്കുന്ന അയല്‍ക്കാര്‍ സാമൂഹിക ക്ഷേമബോര്‍ഡിന് കൂട്ടനിവേദനം സമര്‍പ്പിക്കുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍, കാര്യങ്ങള്‍ തിരക്കാന്‍ വരുന്ന ഉദ്യോഗസ്ഥയാണ് മാറ്റത്തിനു പ്രേരണയായിത്തീരുന്നത്. പെണ്‍കുട്ടികള്‍ സമൂഹത്തിന്‍െറ വിലപിടിച്ച സ്വത്താണെന്ന് അവര്‍ കുട്ടികളുടെ പിതാവിനെ ബോധ്യപ്പെടുത്തുന്നു. കുട്ടികളെ അവര്‍ സ്‌കൂളിലാക്കുന്നു. മുടിമുറിച്ച്, കുളിപ്പിച്ച് അവരെ വൃത്തിയാക്കി എടുക്കുന്നു. ഇനിയൊരിക്കലും വീട്ടിനകത്ത് അടച്ചിടരുത് എന്ന കര്‍ശന വ്യവസ്ഥയോടെ കുട്ടികളെ രക്ഷിതാക്കള്‍ക്കു തന്നെ വിട്ടുകൊടുക്കുന്നു. ദിവസങ്ങള്‍ക്കുശേഷം ഉദ്യോഗസ്ഥ വീണ്ടും വന്നുനോക്കുമ്പോള്‍ അവസ്ഥ പഴയപടി തന്നെ. തന്നെയും മക്കളെയും പറ്റി ടെലിവിഷനിലും പത്രങ്ങളിലും വാര്‍ത്ത വന്നതറിഞ്ഞ് വൃദ്ധന്‍ ക്ഷുഭിതനാകുന്നു. താന്‍ മക്കളെ ചങ്ങലക്കിട്ടു എന്നുവരെ ആരോപണമുണ്ടായെന്ന് അയാള്‍ പറയുന്നു. സത്യത്തില്‍, നിസ്സഹായത കൊണ്ടാണ് അയാള്‍ പെണ്‍കുട്ടികളെ അടച്ചിടുന്നത്.
പെണ്‍കുട്ടികള്‍ പൂവുപോലെയാണെന്നയാള്‍ വിശ്വസിക്കുന്നു. പുരുഷനായ സൂര്യന്‍െറ തുറിച്ചുനോട്ടമേറ്റാല്‍ അവര്‍ വാടിപ്പോകും. അയല്‍പക്കത്തെ ആണ്‍കുട്ടികളില്‍നിന്ന് അവരെ അകറ്റിനിര്‍ത്തുകയാണയാള്‍. ആണ്‍കുട്ടികള്‍ കളിക്കുന്നതിനിടയില്‍ പന്ത് പലപ്പോഴും വീട്ടുമുറ്റത്ത് വന്നുവീഴും. അതെടുത്തുകൊടുക്കാന്‍ മക്കള്‍ പുറത്തിറങ്ങിയേക്കുമെന്ന് വൃദ്ധന്‍ ഭയപ്പെടുന്നു. ഭാര്യയ്‌ക്ക് ഒന്നിനും സഹായിക്കാന്‍ കഴിയില്ല. അതുകൊണ്ട്, ഭക്ഷണമുണ്ടാക്കുന്നത് അയാള്‍തന്നെ. കുട്ടികളെ പാചകം പഠിപ്പിക്കുന്നു അയാള്‍. അതുപോലെ, അലക്കാനും മുറ്റമടിക്കാനും പഠിപ്പിക്കുന്നു. ഇതൊക്കെ ചെയ്യുമ്പോഴും അയാള്‍ക്ക് ജീവിതം പരിഹരിക്കപ്പെടാതെ കിടക്കുന്ന സമസ്യയാണ്. എന്തിനിങ്ങനെയൊരു ജന്മം എന്നയാള്‍ സ്വയംചോദിക്കുന്നു. എല്ലാ ദുരിതങ്ങളില്‍ നിന്നും തന്നെ മോചിപ്പിക്കണമെന്ന് അയാള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ദൗര്‍ഭാഗ്യങ്ങളുടെയും ദാരിദ്ര്യത്തിന്‍െറയും തടവറയില്‍ കഴിയുന്ന തനിക്ക് മരണവാതില്‍ കാട്ടിത്തരൂ എന്നു യാചിക്കുന്നു.
ഒരു ദിവസം, വൃദ്ധന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്ത് സാമൂഹിക ക്ഷേമബോര്‍ഡ് ഉദ്യോഗസ്ഥ വീണ്ടും വരുന്നു. ഗെയിറ്റും വീടും അടച്ചിട്ടിരിക്കുകയാണ്. അയല്‍പക്കത്തെ ഒരു പയ്യന്‍െറ സഹായത്താല്‍ അവര്‍ ഗെയിറ്റ് തുറക്കുന്നു. അവര്‍ പെണ്‍കുട്ടികളുമായി സംസാരിക്കുന്നു. കുട്ടികള്‍ക്ക് ഏറ്റവുമിഷ്‌ടം ആപ്പിളാണെന്ന് മനസ്സിലാക്കുന്നു. രണ്ടുപേര്‍ക്കും അവര്‍ കണ്ണാടിയും ചീര്‍പ്പും നല്‌കുന്നു. കുട്ടികള്‍ക്ക് അതൊരു അത്ഭുത വസ്‌തുവായിരുന്നു. അവര്‍ ആദ്യമായാണ് സ്വന്തം രൂപം കാണുന്നത്. വൃദ്ധന്‍ തിരിച്ചുവന്നപ്പോള്‍ കുട്ടികളെ ഉദ്യോഗസ്ഥ തുറന്നു വിടുന്നു. തെരുവില്‍പ്പോയി മറ്റു കുട്ടികളുമൊത്ത് കളിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. കണ്ണാടിയും ചീര്‍പ്പുമെടുത്ത് ആഹ്ലാദത്തോടെ വീടുവിട്ടിറങ്ങിയ സഹ്‌റയും മുസോമെയും അല്‌പം കഴിഞ്ഞ് തിരിച്ചുവരുന്നു. തെരുവിലെ വെളിച്ചവുമായും ശബ്ദങ്ങളുമായും അപരിചിതരായ കുട്ടികളുമായും അവര്‍ക്ക് പെട്ടെന്ന് പൊരുത്തപ്പെടാനാവുന്നില്ല. പക്ഷേ, ഉദ്യോഗസ്ഥ അവരെ വീണ്ടും തെരുവിലേക്കു തന്നെ പറഞ്ഞയയ്‌ക്കുന്നു. കുട്ടികളെ വീടിനു പുറത്തേക്കയച്ചത് അമ്മയ്‌ക്ക് തീരെ ഇഷ്‌ടമായിട്ടില്ല. ഭര്‍ത്താവിനെ അവര്‍ വഴക്കുപറയുന്നു. ഭാര്യയ്‌ക്കും ഉദ്യോഗസ്ഥയ്‌ക്കുമിടയില്‍ അയാള്‍ നിസ്സഹായനായി നില്‌ക്കുന്നു
തെരുവില്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് സഹ്‌റയും മുസോമെയും. ഐസ്‌ക്രീം വില്‌ക്കുന്ന ഒരു പയ്യന്‍െറ പിന്നാലെ കൂടിയിരിക്കയാണവര്‍. അവര്‍ക്കും ഐസ്‌ക്രീം വേണം. പക്ഷെ, പണമില്ല. കുട്ടികള്‍ ഐസ്‌ക്രീമെടുത്ത് ഓടുന്നു. പയ്യന്‍ പിന്നാലെ ചെന്ന് അവരുമായി വഴക്കുണ്ടാക്കുന്നു. പെണ്‍കുട്ടികളുടെ അവസ്ഥ അറിയാവുന്ന ദയാലുവായ ഒരു സ്‌ത്രീ മൂന്നുപേര്‍ക്കും ഐസ്‌ക്രീം വാങ്ങാനുള്ള പണം നല്‌കുന്നു. പയ്യന്‍ തനിക്കവകാശപ്പെട്ട ഐസ്‌ക്രീം മുസൊമെക്ക് നല്‌കുന്നു
മറ്റൊരു പയ്യന്‍ ഒരു കളിപ്പാട്ടവും വലിച്ചുകൊണ്ട് തെരുവിലൂടെ നടക്കുകയാണ്. പെണ്‍കുട്ടികള്‍ കൗതുകത്തോടെ അതിനുപിന്നാലെ കൂടുന്നു. അപ്പോഴാണ് നൂലിന്‍െറ അറ്റത്തു കെട്ടിയ ഒരാപ്പിള്‍ താണുവരുന്നത് അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ കളിപ്പാട്ടം ഉപേക്ഷിച്ച് അവര്‍ ആപ്പിള്‍ പിടിക്കാനുള്ള ശ്രമത്തിലായി. വീട്ടിനുമുകളിലെ ജനാലയില്‍ കാലുകള്‍ തൂക്കിയിട്ട്‌ഒരു കൊച്ചുപയ്യനാണ് ആപ്പിള്‍ കാട്ടി വഴിയാത്രക്കാരെ കൊതിപ്പിക്കുന്നത്. കുട്ടികള്‍ ആപ്പിള്‍ പിടിക്കുമെന്ന ഘട്ടമെത്തുമ്പോള്‍ അവന്‍ നൂല്‍ മുകളിലേക്ക് വലിക്കും. കുതിരയേക്കാള്‍ ഉയരത്തില്‍ ചാടിയാലും നിങ്ങള്‍ക്കിത് പടിക്കാനാവില്ലെന്നാണ് അവന്‍ വീമ്പിളക്കുന്നത്. കുറെക്കഴിഞ്ഞ് പയ്യന്‍ വീട്ടില്‍ നിന്നിറങ്ങി പെണ്‍കുട്ടികളുടെ അടുത്തെത്തുന്നു. തോളില്‍ വെച്ച വടിയില്‍ കെട്ടിയിട്ട നൂലില്‍ അപ്പോഴും ആപ്പിള്‍ ആടിക്കളിക്കുന്നുണ്ട്. ``ആപ്പിള്‍ വേണമെങ്കില്‍ എന്‍െറ പിന്നാലെ വാ'' എന്നവന്‍ ആജ്ഞാപിക്കുന്നു. പയ്യന്‍ ഗമയില്‍ നഗരത്തിരക്കിലേക്ക് നീങ്ങുകയാണ്. ആപ്പിള്‍ കൈയെത്തിപ്പിടിക്കാന്‍ ആഞ്ഞുകൊണ്ട് സഹ്‌റയും മസോമെയും പിന്നാലെയുണ്ട്.
അവനിപ്പോള്‍ ഒരു നേതാവിന്‍െറ ഭാവത്തിലാണ്. കുട്ടികള്‍ക്കാവട്ടെ നഗരക്കാഴ്‌ചകളിലല്ല, ആപ്പിളിലാണ് ശ്രദ്ധ മുഴുവന്‍. മൂന്നുപേരും ഒരു പഴക്കടയില്‍ കയറി ആപ്പിളിന് വില ചോദിക്കുന്നു. അവന്‍െറ കൈയിലും കാശൊന്നുമില്ല. പെണ്‍കുട്ടികളുടെ പിതാവിനോട് പണം വാങ്ങിവരാം എന്നു പറഞ്ഞ് അവന്‍ അവരെയും കൂട്ടി വീട്ടിലേക്കു നടക്കുന്നു. ഇതിനിടെ, വെല്‍ഫേര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ വൃദ്ധനെയും ഭാര്യയെയും വീട്ടിനകത്തിട്ട് പൂട്ടിയിരുന്നു. പുറത്തുവരണമെങ്കില്‍ ഇരുമ്പഴികള്‍ അറുത്തോളൂ എന്നു പറഞ്ഞ് വൃദ്ധന് ഒരു കൈവാളും നല്‌കിയിരുന്നു. കുട്ടികള്‍ വീട്ടിലെത്തുമ്പോള്‍ വൃദ്ധന്‍ ഒരഴിയുടെ ഒരറ്റം മുറിച്ചിരുന്നു. `ആപ്പിള്‍ പയ്യന്‍' പെണ്‍കുട്ടികളുടെ ഡിമാന്‍ഡ് അവതരിപ്പിക്കുന്നു. വൃദ്ധന്‍ ആപ്പിള്‍ വാങ്ങാന്‍ അവന് പണം നല്‌കുന്നു. പയ്യന്‍ പ്രായോഗികബുദ്ധിക്കാരനാണ്. പണം രണ്ടുപേര്‍ക്കും നല്‌കി അവരോടുതന്നെ കടയില്‍പ്പോയി ആപ്പിള്‍ വാങ്ങിവരാന്‍ പറയുന്നു. കുട്ടികള്‍ പരസഹായമില്ലാതെ തെരുവും കടന്ന് നഗരത്തിലേക്കിറങ്ങുന്നു
നഗരത്തിലെ പാര്‍ക്കിലാണിപ്പോള്‍ സഹ്‌റയും മസോമെയും. അവരുടെ രണ്ടു കൈകളിലും ആപ്പിളുണ്ട്. സമപ്രായക്കാരായ മറ്റു രണ്ടു പെണ്‍കുട്ടികള്‍ കളങ്ങള്‍ വരച്ച് വട്ട് കളിക്കുകയാണ്. അവര്‍ സഹ്‌റയെയും മസോമെയെയും കൂട്ടുകാരായി സ്വീകരിക്കുന്നു. കളിനിയമങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നു. ഇണങ്ങിയും പിണങ്ങിയും ആപ്പിള്‍ തിന്നും ഊഞ്ഞാലാടിയും നാലുപേരും കളിക്കുകയാണ്. കൂട്ടുകാരുടെ വാച്ച് കണ്ടപ്പോള്‍ മസോമെക്കും അതുപോലെ ഒരെണ്ണം വേണം. ഉടനെ എല്ലാവരും വാച്ച് വാങ്ങാന്‍ പുറപ്പെടുന്നു. ആരുടെ കൈയിലും പണമില്ല. പരസ്‌പരം കൈകോര്‍ത്തു പിടിച്ച്, കലപില സംസാരിച്ച് അവര്‍ റോഡിലൂടെ നടക്കുന്നു. പിന്നെ, റെയല്‍പ്പാളത്തിലൂടെയായി നടത്തം. സഹ്‌റയ്‌ക്കും മസോമെക്കും കാലുകള്‍ നോവുന്നുണ്ട്. എന്നാലും, അതൊക്കെ മറന്ന് അവര്‍ ലോകം കണ്ടാസ്വദിക്കുകയാണ്.
വാച്ചിന്‍െറ പണം വാങ്ങാനായി നാലുപേരും വീട്ടലെത്തുമ്പോള്‍ വൃദ്ധന്‍ ക്ഷീണിച്ചവശനായിരുന്നു. മുഴുവന്‍ അഴികളും അയാള്‍ക്ക് മുറിച്ചുമാറ്റാനായിട്ടില്ല. വൈകുന്നേരത്തോടെ തീര്‍ക്കാം, തന്നെ തുറന്നുവിടണംഎന്ന അയാളുടെ അഭ്യര്‍ഥന ഉദ്യോഗസ്ഥ സ്വീകരിക്കുന്നില്ല. ``താക്കോല്‍ കുട്ടികള്‍ക്കു കൊടുക്കാം. അവര്‍ പറ്റുമെങ്കില്‍ തുറക്കട്ടെ'' എന്നുപറയുന്നു ഉദ്യോഗസ്ഥ. സഹ്‌റയും മസോമെയും മാറിമാറി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നു. ബലമില്ലാത്ത കൈകള്‍ വേദനിച്ചിട്ടും അവര്‍ വാശിയോടെ ശ്രമം തുടര്‍ന്നു. ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വാതില്‍ അതാ തുറക്കുന്നു. നാലു കുട്ടികളും ചേര്‍ന്ന് കൈപിടിച്ച് വൃദ്ധനെയുംകൊണ്ട് വാച്ചുവില്‌പനക്കാരന്‍െറ അടുത്തേക്കു പോകുന്നു. നിറമനസ്സോടെ, ആ കാഴ്‌ച കണ്ടുനില്‌ക്കുകയാണ് ഉദ്യോഗസ്ഥ
വീടിന്‍െറ ഗെയിറ്റും വാതിലും ഇപ്പോള്‍ തുറന്നുകിടക്കുകയാണ്. കുട്ടികളുടെ അമ്മ തപ്പിത്തടഞ്ഞ് പുറത്തേക്കു വരുന്നു. കുട്ടികളും ഭര്‍ത്താവും അവരുടെ വിളി കേള്‍ക്കുന്നില്ല. അവര്‍ പതുക്കെ വീടിനു പുറത്തിറങ്ങുന്നു. തെരുവില്‍ നമ്മുടെ കൊച്ചുപയ്യന്‍ അപ്പോഴും തന്‍െറ കുസൃതി തുടരുകയാണ്. ആപ്പിള്‍ കെട്ടിയ നൂല്‍ ഇടയ്‌ക്കിടെ വലിച്ച് അവന്‍ ആ സ്‌ത്രീയെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ പയ്യനെ തോല്‌പിച്ചുകൊണ്ട് അവര്‍ പെട്ടെന്ന് ആപ്പിളില്‍ കയറിപ്പിടിക്കുന്നു.
ഡോക്യു-ഫിക്‌ഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന സിനിമയാണിത്. ഇതൊരു യഥാര്‍ഥസംഭവമാണ്. പക്ഷേ, കുറച്ചൊക്കെ ഭാവന കലര്‍ത്തിയിരിക്കുന്നു. ജീവിതത്തെക്കുറിച്ച് ശുഭചിന്തകള്‍ പുലര്‍ത്തുന്ന ഒരു സംവിധായികയെ ഈ സിനിമയില്‍ നമുക്കു കാണാം. തുടക്കത്തില്‍ ഇരുളില്‍ നിലയുറപ്പിക്കുന്ന ക്യാമറ പതുക്കെപ്പതുക്കെ പ്രകാശമാര്‍ന്ന വഴികളിലൂടെ സഞ്ചരിക്കുകയാണ്.
വെയിലേറ്റു തളര്‍ന്ന ഒരു ചെടിയില്‍ വെള്ളമൊഴിക്കുന്ന ദുര്‍ബലമായ ഒരു കൈയാണ് ചിത്രത്തിന്‍െറ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്. പിന്നീട് കാണുമ്പോള്‍ ആ ചെടിയില്‍ ഒരു മഞ്ഞപ്പൂവ് പ്രകാശത്തിലേക്കു മിഴിതുറന്നു നില്‌ക്കുന്നുണ്ട്. സമീറ ഈ സിനിമയിലൂടെ നല്‌കുന്ന സന്ദേശമാണിത്.
ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ആപ്പിള്‍ ഈ സിനിമയിലെ പ്രധാന സാക്ഷിയും കഥാപാത്രവുമാണ്. തപ്പിത്തടഞ്ഞുനീങ്ങിയിരുന്ന വൃദ്ധന്‍െറ കുടുംബത്തിനു പ്രതീക്ഷയുടെ മാധുര്യം പകര്‍ന്നത് ആപ്പിളാണ്. മോഹിപ്പിക്കുന്ന ജീവിതത്തിന്‍െറ പ്രതീകമാണ് ആ കനി. തെരുവില്‍ നമ്മള്‍ കണ്ടുമുട്ടുന്ന മൂന്നു പയ്യന്മാരും പാര്‍ക്കിലെ പെണ്‍കുട്ടികളും സഹ്‌റയെയും മയോമെയെയും ജീവിതത്തിന്‍െറ വെളിച്ചത്തിലേക്കാണ് നയിക്കുന്നത്. സ്വയം പ്രകാശം പരത്തി അവര്‍ കൂട്ടുകാരെയും പ്രകാശത്തിലേക്കു നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. മനഃശാസ്‌ത്രജ്ഞന്‍െറയും വിജ്ഞാനഭാഷണത്തിന്‍െറയും പിന്‍ബലമില്ലാതെ ഒരു സങ്കീര്‍ണപ്രശ്‌നം അതിലളിതമായി കൈകാര്യം ചെയ്യുകയാണ് സമീറ മഖ്‌മല്‍ ബഫ്. സിനിമ വേദനിക്കാനും കണ്ണീര്‍പൊഴിക്കാനും മാത്രമുള്ളതല്ലെന്നു സമീറ ഓര്‍മപ്പെടുത്തുന്നു. അതു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം. നന്മയിലേക്കും അലിവിലേക്കും തുറന്നിടുന്ന വാതിലുകളാകണം സിനിമയെന്ന് അവര്‍ വിശ്വസിക്കുന്നു
പ്രശസ്‌ത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സന്‍ മഖ്‌മല്‍ബഫിന്‍െറ മകളാണ് സമീറ. ഏഴാം വയസ്സില്‍ പിതാവിന്‍െറ ചിത്രമായ `സൈക്കിളിസ്റ്റി'ല്‍ അഭിനയിച്ചുകൊണ്ടാണ് സമീറ സിനിമയുമായുള്ള ആത്മബന്ധം തുടങ്ങുന്നത്. 1998-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയ ചിത്രമാണ് `ദ ആപ്പിള്‍'. അക്കൊല്ലം കാനില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ സംവിധായികയായിരുന്നു സമീറ. അവരുടെ രണ്ടാമത്തെ ചിത്രം `ദ ബ്ലാക്ക്‌ബോര്‍ഡ്' ആണ്. `അറ്റ് ഫൈവ് ഇന്‍ ദ ആഫ്‌റ്റര്‍നൂണ്‍' ആണ് മൂന്നാമത്തെ ചിത്രം.
2 comments:
ഇറാന്‍ സിനിമാരംഗത്ത് ചലനമുണ്ടാക്കിയ നവതരംഗ പ്രസ്ഥാനക്കാരില്‍പ്പെട്ട സമീറ മഖ്‌മല്‍ ബഫിന്‍െറ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് `ദ ആപ്പിള്‍' . ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ സമീറയുടെ പ്രായം പതിനേഴ്. പക്ഷേ, മുതിര്‍ന്നവരേക്കാള്‍ ജീവിതനിരീക്ഷണപാടവവും സഹജീവി സേ്‌നഹവും സിനിമയെന്ന മാധ്യമത്തിന്‍െറ ശക്തിയെക്കുറിച്ച് വ്യക്തമായ ധാരണയും അന്ന് അവര്‍ക്കുണ്ടായിരുന്നു. ഇതിന്‍െറ തെളിവാണ് `ദ ആപ്പിള്‍'.
സമീറക്ക് ഭാവുകങ്ങള്‍.വ്വിവരണം നല്‍കിയതിന് താങ്കള്‍ക്കും
Post a Comment