1939 മുതല്‍ 45 വരെ ചെക്കോസ്ലോവാക്യ നാസി ജര്‍മനിയുടെ കീഴിലായിരുന്നു. ജര്‍മന്‍ അധിനിവേശ കാലത്ത് 2,70,000 പേരാണ് ചെക്കോസ്ലോവാക്യയില്‍ കൊലചെയ്യപ്പെട്ടത്. ഭീതിദമായ അന്നത്തെ ഓര്‍മകളില്‍ നിന്നാണ് `സെലാരി' രൂപംകൊണ്ടത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിധിക്കപ്പെട്ട ഹാന-ജോസമാരുടെ അസാധാരണമായ അനുഭവങ്ങളുടെ രേഖപ്പെടുത്തലാണീചിത്രം. ഒപ്പം, സിലാരി എന്ന ഗ്രാമത്തിന്‍െറ അതിജീവനത്തിന്‍െറ ദൃശ്യഖണ്ഡങ്ങളും അടുക്കിവെച്ചിരിക്കുന്നു.��ആറുവര്‍ഷം നീണ്ട ജര്‍മന്‍ അധിനിവേശത്തിലെ അവസാനത്തെ രണ്ടുവര്‍ഷങ്ങളാണ് സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നത്. നാസി രഹസ്യപ്പോലീസായ `ഗസ്റ്റപ്പോ'യുടെ ചാരക്കണ്ണുകളാണെങ്ങും. അധിനിവേശത്തെ എതിര്‍ക്കുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും പോരാടുന്നുണ്ട്. ഇത്തരത്തില്‍പ്പെട്ട ചെറുത്തുനില്പു സംഘത്തില്‍പ്പെട്ടവരാണ് പ്രാഗിലെ ആസ്പത്രിയില്‍ ഡോക്ടര്‍മാരായ റിച്ചാര്‍ഡും സ്ലാവാക്കും നഴ്സായ എലിഷ്കയും. റിച്ചാര്‍ഡും എലിഷ്കയും പ്രണയബദ്ധരാണ്. ഈര്‍ച്ചമില്ലില്‍ പണിയെടുക്കവെ പരിക്കേറ്റ ജോസ എന്ന തൊഴിലാളിയെ ഒരു ദിവസം ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നു. ഇയാളുടെ ശസ്ത്രക്രിയയ്ക്ക് അടിയന്തരമായി രക്തം വേണ്ടിവന്നു. എലിഷ്കയാണ് രക്തം നല്‍കുന്നത്. ഈയൊരു `രക്തബന്ധ'ത്തിന്‍െറ ചുവടുപിടിച്ചാണ് `സിലാരി'യുടെ കഥ മുന്നോട്ടു പോകുന്നത്.
ഗസ്റ്റപ്പോയുടെ കണ്ണുകള്‍ ഡോ. റിച്ചാര്ഡിലും എലിഷ്കയിലും പതിഞ്ഞു. എലിഷ്കയോട് വിവരം പറയാന്‍പോലും കാത്തു നില്‍ക്കാതെ റിച്ചാര്‍ഡ് രാജ്യം വിടുന്നു. റിച്ചാര്‍ഡുമായുള്ള അടുപ്പത്തിന്‍െറ പേരില്‍ എലിഷ്കയെയും ചോദ്യം ചെയേ്തക്കാമെന്ന് ഡോ. സ്ലാവാക് ഭയപ്പെടുന്നു. അയാള്‍ എലിഷ്കയുടെ ഒളിവുജീവിതത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നു. പരിക്ക് ഭേദപ്പെട്ടതിനെത്തുടര്‍ന്ന് ജോസ ഡിസ്ചാര്‍ജായി. ഇയാളോടൊപ്പമാണ് എലിഷ്ക യാത്രയാകുന്നത്. പുതിയ പാസേ്പാര്ട്ടും പുതിയ പേരുമായാണ് അവളുടെ യാത്ര. ചെക്കോസ്ലോവാക്യയിലെ മലയോര ഗ്രാമമായ സിലാരിയാണ് ജോസയുടെ ജന്മനാട്. അവിടെ ഒളിവില്‍ കഴിയാനാണ് നിര്‍ദേശം. എലിഷ്ക എന്ന പേര് അവള് മറക്കുന്നു. ഹാനാ ഹോഫ്മനോവ എന്നാണ് പുതിയ പേര്.
സേ്നഹിക്കാന്‍ മാത്രമറിയാവുന്ന ശുദ്ധനായ ഗ്രാമീണനാണ് ജോസ. മധ്യവയസ്കന്. വിദ്യാഭ്യാസമില്ല. ഒറ്റത്തടിയാണ്. വീട്ടില്‍ ഒരു സൗകര്യവുമില്ല. മരം കൊണ്ടുണ്ടാക്കിയ വീട്. അവിടെ വൈദ്യുതി പോലുമില്ല. ഈ അസൗകര്യങ്ങളിലേക്കാണ് നഗരജീവിയായ ഹാന എത്തിപ്പെടുന്നത്. ഗ്രാമത്തിലെ സ്കൂള്‍ പ്രിന്‍സിപ്പലിനും പള്ളിയിലെ പുരോഹിതനും ഹാനയുടെ രഹസ്യമറിയാം. തുടക്കത്തില്‍ സിലാരിയിലെ ജീവിതം ഹാനയെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. വീടിനകത്തുതന്നെ കഴിയണമെന്ന് പ്രിന്‍സിപ്പല്‍ അവളെ നിര്‍ബന്ധിക്കുന്നു. ഒരിക്കലും പുറത്തുകാണരുത്. അതുപോലെ കുട്ടികളോട് അധികം സംസാരിക്കരുത്. കാരണം, അവര്‍ക്ക് രഹസ്യം സൂക്ഷിക്കാനറിയില്ല. മറ്റു ഗ്രാമീണര്‍ക്കോ പട്ടാളക്കാര്‍ക്കോ സംശയത്തിനിടകൊടുക്കരുത്. പിടിക്കപ്പെട്ടാല്‍ തന്നെ സഹായിച്ച എല്ലാവരെയും നാസികള്‍ ശിക്ഷിക്കുമെന്ന് ഹാനയ്ക്കറിയാം. ജോസയെ വിവാഹം കഴിച്ച് നാട്ടുകാരിലൊരാളായി ജീവിക്കാനാണ് സംഘടനയില്‍ നിന്ന് അവള്‍ക്ക് ലഭിക്കുന്ന നിര്‍ദേശം.
പ്രിന്‍സിപ്പലും പുരോഹിതനും മുന്‍കൈയെടുത്ത് അവരുടെ വിവാഹം നടത്തുന്നു. ദാമ്പത്യത്തോട് പൊരുത്തപ്പെടാന്‍ ഹാനയ്ക്ക് കഴിയുന്നില്ല. പക്ഷേ, ഒളിവുജീവിതത്തില്‍ തന്‍െറ വിധി നിര്‍ണയിക്കാന്‍ തനിക്കവകാശമില്ലെന്ന് അവള്‍ക്ക് ബോധ്യപ്പെടുന്നു. പുരോഹിതന് വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്. സിലാരിയില്‍ ഹാനയെ സംരക്ഷിക്കണമെങ്കില്‍ അദ്ദേഹത്തിന് കളവു പറഞ്ഞേ മതിയാകൂ. ജനനസര്‍ട്ടിഫിക്കറ്റു പോലും ഹാനയുടെ കയ്യിലുണ്ടായിരുന്നില്ല. പുരോഹിതനും പ്രിന്‍സിപ്പലും മാത്രമല്ല ജോസയും നാട്ടുകാരുമെല്ലാം സ്വന്തം ജീവിതങ്ങള്‍ പണയപ്പെടുത്തിയാണ് ആ സ്വര്‍ണത്തലമുടിക്കാരിയെ സംരക്ഷിക്കുന്നത്.
സാഹചര്യങ്ങളുടെ ഇരകളാണിവിടെ ഹാനയും ജോസയും. രണ്ടുപേര്‍ക്കും താത്പര്യമുള്ളതല്ല ഈ വിവാഹം. എങ്കിലും അവര്‍ അതില്‍ ബന്ധിക്കപ്പെടുകയായിരുന്നു. അവരുടെ ആദ്യരാത്രി ഹാനയുടെ കണ്ണീരില്‍ കലങ്ങി. അവളുടെ സമ്മതത്തോടെ ജോസ ആ മുറിയില്‍, അവളെ തൊടാതെ കിടന്നുറങ്ങുന്നു.��തന്‍െറ കൈയില്‍ സൂക്ഷിക്കാന്‍ ആരോ തന്ന നിധി. ഹാനയെപ്പറ്റി ജോസയ്ക്ക് ഇത്രയേ അറിയാവൂ. അവള്‍ക്കുവേണ്ടി ആരോ ഒരാള്‍ കാത്തിരിപ്പുണ്ട്. അവളെ എന്നെങ്കിലും തിരിച്ചുകൊടുത്തേ മതിയാകൂ.
ദിവസങ്ങള്‍ കടന്നുപോകുന്നു. ജോസ അവളുടെ ഓരോ ചെറിയ കാര്യത്തിലും അതീവ താത്പര്യമെടുക്കുന്നു. വായിക്കാന്‍ പുസ്തകങ്ങള്‍ കൊണ്ടുക്കൊടുക്കുന്നു. മരം കൊണ്ട് വീടിന്‍െറ തറപാകുന്നു. വിദൂരത്തുള്ള പട്ടണത്തില്‍ പോകുമ്പോള്‍ അവള്‍ക്കാവശ്യമുള്ളതൊക്കെ വാങ്ങിക്കൊണ്ട് വരുന്നു. പതുക്കെ കൈവരുന്ന കൊച്ചുകൊച്ചു സൗകര്യങ്ങളില്‍ ഹാനയും ഇപ്പോള്‍ ആഹ്ലാദം കണ്ടെത്തുന്നുണ്ട്. നഗരജീവിതം അവള് മറന്നു തുടങ്ങി. സിലാരിയിലെ പ്രകൃതിയോടും ജനങ്ങളോടും ദരിദ്ര ജീവിത സാഹചര്യങ്ങളോടും അവള് സമരസപ്പെടുന്നു. കണ്ടുകണ്ട്, അടുത്തിണങ്ങിക്കഴിയവെ മധ്യവയസ്കനായ ജോസയിലും സൗന്ദര്യം കണ്ടെത്താന്‍ അവള്‍ക്ക് കഴിയുന്നു. ഒരു ദിവസം രാത്രി ജോസ അവള്‍ക്കഭിമുഖമായി കിടക്കുന്നു. മടിച്ചു മടിച്ച് സേ്നഹത്തോടെ അയാള്‍ ചോദിക്കുന്നു: ``ഞാനൊന്നു തൊട്ടോട്ടെ!'' അവളും അത് കൊതിച്ചിരിക്കുകയായിരുന്നു. അയാളുടെ ഹൃദയനൈര്‍മല്യം അവളെ സ്പര്‍ശിച്ചു തുടങ്ങിയിരുന്നു. ജീവിതത്തിന്‍െറ അനിശ്ചിതത്വവും ദാമ്പത്യബന്ധത്തില്‍ സ്വയം ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ അഴിക്കാന്‍ അവളെ പ്രേരിപ്പിച്ചു. ആ രാത്രി, ഹാന- ജോസമാരുടെ ദാമ്പത്യത്തിന്‍െറ തുടക്കത്തിനു സാക്ഷ്യം വഹിച്ചു.
തന്നിലെ എലിഷ്കയെ ഹാന പൂര്‍ണമായും മറന്നു കഴിഞ്ഞു. പുറംലോകത്തെ വര്‍ത്തമാനങ്ങള്‍ അവള്‍ക്ക് കിട്ടാതായി. സിലാരിയും അവിടത്തെ മനുഷ്യരും ജോസയും മാത്രമായി അവളുടെ ലോകം. ഹാന ഗ്രാമത്തിന്‍െറ `ഡോക്ടറാ'യി മാറി. ഏതുസമയത്തും രോഗികളെ ശുശ്രൂഷിക്കാനും സഹായിക്കാനും ഹാനയും ജോസയും റെഡി. ഗ്രാമം പരിചിതമായതോടെ ഹാന വിലക്കുകള്‍ മറന്നു. അവള് കാടും പുല്‍മേടുകളും കയറിയിറങ്ങി. ഒരു ദിവസം കനത്ത മഴയില്‍, പഴങ്ങള്‍ ശേഖരിച്ച് വീട്ടിലേക്ക് മടങ്ങവെ ഹാന ആ രംഗം കണ്ടു. ഒരു വീടിനു തീവെച്ചിരിക്കുന്നു. അതിനു മുന്നില്‍ മൂന്നു പേര് തൂങ്ങിമരിച്ച നിലയില്‍. ജര്‍മന്‍ സൈനികരാണ് ആ ക്രൂരത ചെയ്തത്. നാസിവിരുദ്ധ പ്രവര്‍ത്തകരെ ഒളിവില്‍ പാര്‍പ്പിച്ച വീടാണ് തീയിട്ടത്. ആ വീട്ടിലെ മൂന്നംഗങ്ങളെ കൊന്നു കെട്ടിത്തൂക്കുകയും ചെയ്തു. ഹാനയുടെ ആഹ്ലാദമെല്ലാം ഈ കാഴ്ചയില്‍ കെട്ടടങ്ങി. യാഥാര്‍ഥ്യങ്ങളുടെ ഇരുളടഞ്ഞ ലോകത്തേക്ക് തന്‍െറ യാത്ര തുടങ്ങുകയാണെന്ന് അവള് ഭയന്നു. നാളെ തനിക്കും പ്രിയപ്പെട്ട ജോസയ്ക്കും ഗ്രാമവാസികള്‍ക്കും ഇതല്ലേ സംഭവിക്കുക? ജോസ അവളെ സാന്ത്വനിപ്പിച്ചു. സ്വന്തം ജീവിതം കൊണ്ടാണ് അയാള്‍ അവള്‍ക്ക് സുരക്ഷാകവചം തീര്‍ക്കുന്നത്. പുതിയ ജീവിതം ഹാന ആസ്വദിച്ചു തുടങ്ങിയതേയുള്ളൂ. ഇപ്പോള്‍ അവള്‍ക്ക് മരിക്കണമെന്നില്ല.
മഞ്ഞുകാലമെത്തി. ഗ്രാമം എപ്പോഴും വെള്ളപുതച്ചുറങ്ങുകയാണ്. കൃഷിപ്പണി വയ്യ. ജോസയുടെ ഈര്‍ച്ചമില്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുന്നു.
1945. ഹാന സിലാരിയില്‍ എത്തിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. നാസി ഭീകരത ഒഴിഞ്ഞുപോയിരിക്കുന്നു. ചെക്കോസ്ലോവാക്യ ഇപ്പോള്‍ സ്വതന്ത്രമാണ്. ഗ്രാമത്തില്‍ ഇടയ്ക്കിടെ പട്ടാളക്കാര്‍ എത്തുന്നുണ്ട്. ഗ്രാമീണരുടെ സല്‍ക്കാരങ്ങള്‍ ഏറ്റുവാങ്ങുന്ന അവര്‍ക്ക് പക്ഷേ, എല്ലാവരെയും സംശയമാണ്. ജര്‍മന്‍കാരെന്ന് തോന്നിയാല്‍ മതി അവര്‍ ആരെയും കൊന്നുതള്ളും. പള്ളിയില്‍ വെച്ച് പ്രിന്‍സിപ്പലിനെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന പുരോഹിതനെ സൈനികര്‍ വെടിവെച്ചുകൊല്ലുന്നു. അദ്ദേഹം ജര്‍മന്‍കാരനാണെന്ന് സംശയിച്ചിട്ടായിരുന്നു ഈ അറുകൊല. സൈനികരുടെ ക്രൂരതകള്‍ അവിടെയും അവസാനിച്ചില്ല. പ്രസവിച്ചു കിടന്ന സ്ത്രീകളെപ്പോലും അവര്‍ കാമദാഹത്തിനിരയാക്കി. വൃദ്ധകളെപ്പോലും അവര്‍ ലജ്ജയില്ലാതെ സമീപിച്ചു.
ഗ്രാമീണരെല്ലാം വീടുകളുപേക്ഷിച്ച് ഒരുമിച്ച് ഒരിടത്ത് താവളമുറപ്പിക്കുന്നു. താഴ്വരയിലെങ്ങും വെടിയൊച്ച മുഴങ്ങുകയാണ്. വെടിയേറ്റ സുഹൃത്തിനെ രക്ഷിക്കാന്‍ മരങ്ങളുടെ മറപറ്റി ജോസ നീങ്ങുന്നു. അയാളെ വലിച്ചിഴച്ച് ജോസ താവളത്തിലെത്തിക്കുന്നു. ഒരു പട്ടാളക്കാരനെ വെടിവെച്ചുകൊന്നശേഷം തോക്കുമായി ഒളിവില്‍പ്പോയ ഒരു ചെറുപ്പക്കാരനെ തേടിയിറങ്ങുന്നു ജോസ. ജോസയുടെ നിഴല്‍ കണ്ട് പരിഭ്രാന്തനായ ചെറുപ്പക്കാരന് ഇരുട്ടിലേക്ക് വെടിവെക്കുന്നു. ജോസയുടെ പട്ടി അടുത്തുവന്നു സേ്നഹം കാണിച്ചപ്പോഴാണ് താന്‍ വെടിവെച്ചത് ജോസയെ ആണെന്ന് അവന് തിരിച്ചറിയുന്നത്. വയറ്റില്‍ വെടിയേറ്റിട്ടും ജോസ ചെറുപ്പക്കാരനുമൊത്ത് നടന്നു നീങ്ങുന്നു. അവനെ ഗ്രാമീണരുടെ അടുത്തെത്തിക്കുന്ന ജോസ വഴിയില്‍ കുഴഞ്ഞുവീണു മരിക്കുന്നു. അയാളുടെ പ്രകാശമാര്‍ന്ന മുഖത്ത് ഹാന പതുക്കെ തലോടുന്നു. ജീവന് കൊടുത്തും ഹാനയെ സംരക്ഷിച്ച ചാരിതാര്‍ഥ്യത്തോടെയാണ് ജോസ മരണത്തിനു കീഴടങ്ങിയത്. ജോസയുടെ കഥ ഇവിടെ തീരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം, ഒരു മഞ്ഞുകാലം. സിലാരി കുറച്ചൊക്കെ മാറിപ്പോയിരിക്കുന്നു. ഒരു കാര്‍ വരികയാണങ്ങോട്ട്. ഹാനയും പഴയ കാമുകന് ഡോ. റിച്ചാര്ഡുമാണതില്. ജീവിതം അവരോട് കരുണ കാണിച്ചിരിക്കുന്നു. ഹാനയ്ക്ക് റിച്ചാര്‍ഡിനെ തിരിച്ചുകിട്ടി. ഗ്രാമത്തില്‍ മഞ്ഞ് പൊഴിയുകയാണ്. ഹാനയുടെ മനസ്സിലും ഓര്‍മകളായി മഞ്ഞ് പൊഴിയുന്നുണ്ട്. ദാമ്പത്യത്തിന്‍െറ മറവില്‍ തനിക്ക് സുരക്ഷയുടെ ഇടത്താവളമൊരുക്കിത്തന്ന ജോസയുടെ വീടിനു മുന്നില്‍ കാര്‍ നില്ക്കുന്നു. വീട് ജീര്‍ണിച്ചിട്ടുണ്ട്.ലൂക്ക എന്ന വൃദ്ധ ഹാനയുടെ അടുത്തെത്തുന്നു. അവിശ്വസനീയതയും അമ്പരപ്പും പതുക്കെ മാഞ്ഞുപോകവേ ലൂക്ക സന്തോഷം കൊണ്ട് ആര്‍ത്തു ചിരിക്കുന്നു. എല്ലാറ്റിനെയും അതിജീവിച്ചതിലുള്ള ആഹ്ലാദമാണ് വാര്‍ധക്യത്തിലും ഇങ്ങനെ ചിരിക്കാന്‍ അവര്‍ക്ക് കരുത്തേകുന്നത്. കണ്ണീരിലൂടെ ഹാനയും ചിരിക്കാന്‍ ശ്രമിക്കുന്നു.
നാസി ഭീകരതയെ്ക്കതിരെ നിശ്ശബ്ദമായി പൊരുതിനിന്ന ഒരു ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ ജീവിതമാണ് രണ്ടര മണിക്കൂര്‍ നീണ്ട ഈ ചിത്രത്തില്‍ നമ്മള് കാണുന്നത്. ജോസ, ഹാന, പ്രിന്‍സിപ്പല്‍, പുരോഹിതന്, ലൂക്ക തുടങ്ങിയ കഥാപാത്രങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് കഥ പറയുന്നത്. നാടകീയ മുഹൂര്‍ത്തങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ലളിതമായ കഥനരീതി. നമ്മുടെ ഊഹങ്ങള്ക്കപ്പുറത്തേക്ക് കടക്കാത്ത സംഭവങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. എന്നിട്ടും ഈ സിനിമ ആകാംക്ഷയോടെ, കൗതുകത്തോടെ കണ്ടിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. കാരണം, ഈ സിനിമയില്‍ പ്രകൃതിയുണ്ട്, മനുഷ്യരുണ്ട്, അവരുടെ സത്യസന്ധമായ ജീവിതവുമുണ്ട്. ഓരോ ഋതുവിലും പ്രകൃതിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കഥയുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഒരുക്കിവെച്ച സംവിധായകന് അസാധാരണ വൈഭവമൊന്നും പ്രകടിപ്പിക്കുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടു കഴിയുമ്പോഴും തങ്ങളുടെ സ്വത്വം മറക്കാത്ത ജനതയുടെ വേവലാതികളില്ലാത്ത ജീവിതം നമുക്ക് കാണിച്ചു തരുന്നു അദ്ദേഹം. ത്യാഗത്തെക്കുറിച്ച് ആരുമിവിടെ പ്രഭാഷണം നടത്തുന്നില്ല. പക്ഷേ, ആ ഗ്രാമത്തെ ഒന്നിപ്പിക്കുന്നത് വാക്കുകളായി പുറത്തേക്കു വരാത്ത ത്യാഗചിന്തയാണ്. ഏതുസമയത്തും ഒരു വെടിയുണ്ട കൊണ്ട് ചിതറിപ്പോകാവുന്നതേയുള്ളൂ ആ ജീവിതങ്ങള്‍. എന്നിട്ടും അവര്‍ തന്േറടത്തോടെ അധിനിവേശത്തെ ചെറുത്തുനിന്നു.
2001ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കര് അവാര്‍ഡ് നേടിയ `നോവേര്‍ ഇന്‍ ആഫ്രിക്ക' എന്ന ജര്‍മന്‍ സിനിമയുടെ ഇതിവൃത്തവുമായി `സിലാരി'ക്ക് ചെറിയ സാദൃശ്യമുണ്ട്. ജര്‍മനിയില്‍ പീഡനം സഹിക്കാനാവാതെ കെനിയയിലേക്ക് പലായനം ചെയ്യുന്ന ഒരു ജര്‍മന്‍ ജൂതകുടുംബത്തിന്‍െറ കഥയാണ് `നോവേര്‍ ഇന്‍ ആഫ്രിക്ക'.
2 comments:
ചെക്കോസ്ലോവാക്യന്‍ ജനത മറക്കാന്‍ ശ്രമിക്കുന്ന നാസി അധിനിവേശത്തിന്റെ ഇരുണ്ട കാലഘട്ടമാണ് 'സിലാരി' എന്ന
സിനിമയുടെ പശ്ചാത്തലം. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിധിക്കപ്പെട്ട ഹാന-ജോസമാരുടെ അസാധാരണമായ അനുഭവങ്ങളുടെ രേഖപ്പെടുത്തലാണീചിത്രം
സിനിമ കാണുന്ന പോലെ വിവരണവും. അഭിനന്ദനങ്ങള്‍
Post a Comment