Saturday, February 23, 2008

മടക്കയാത്ര


ബാവോ ഷിയുടെ `ദ റിമംബറന്‍സ്‌' എന്ന നോവലിനെ ആധാരമാക്കി സാങ്‌യിമോ സംവിധാനം ചെയ്‌ത ചൈനീസ്‌ ചിത്രമാണ്‌ `ദ റോഡ്‌ ഹോം' . 2000-ത്തിലെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ `സില്‍വര്‍ ബിയര്‍' അവാര്‍ഡ്‌ നേടിയ ചിത്രമാണിത്‌. കരുത്തുറ്റ പ്രണയത്തിന്‍െറയും പ്രസന്നമധുരമായ കുടുംബജീവിതം നിലനിര്‍ത്തിപ്പോരുന്ന ചൈനീസ്‌ ഗ്രാമീണജനതയുടെയും കഥ പറയുകയാണ്‌ `ദ റോഡ്‌ ഹോം'. നടന്നുവന്ന വഴികളെക്കുറിച്ച്‌, ആ വഴികള്‍ക്കിടയിലെ സാന്ത്വനങ്ങളെക്കുറിച്ച്‌, തണലുകളെക്കുറിച്ച്‌, ഇനിയും നടന്നുതീര്‍ക്കാനുള്ള ദൂരങ്ങളെക്കുറിച്ച്‌ ഓര്‍മപ്പെടുത്തുന്നു ഈ ചിത്രം. ഒരു ഭാവഗീതം പോലെ ഹൃദയത്തെ തൊട്ടാണ്‌ ഇതിലെ ദൃശ്യഖണ്ഡങ്ങള്‍ കടന്നുപോകുന്നത്‌.

വര്‍ത്തമാനകാലത്തില്‍നിന്ന്‌ നേരെ പഴയകാലത്തിലേക്കു തിരിച്ചു നടന്ന്‌ വീണ്ടും ഇന്നിലേക്ക്‌ എത്തുന്ന രീതിയിലാണ്‌ `ദ റോഡ്‌ ഹോമി'ന്‍െറ ശില്‌പഘടന.

അച്ഛന്‍െറ മരണവാര്‍ത്തയറിഞ്ഞ്‌ യുഷെങ്‌ എന്ന യുവാവ്‌ നഗരത്തിലെ ജോലിസ്ഥലത്തു നിന്നു സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുന്നതോടെയാണ്‌ സിനിമയുടെ തുടക്കം. അച്ഛന്‍ ലുവോ ചാങ്ങ്യൂ ആ ഗ്രാമത്തിലെ ഏകാധ്യാപകവിദ്യാലയത്തില്‍ അധ്യാപകനായിരുന്നു. ഇരുപതാം വയസ്സില്‍ എത്തിയതാണദ്ദേഹം. നാല്‌പത്‌ കൊല്ലം ഗ്രാമവാസികളെ പഠിപ്പിച്ചു. തൊട്ടടുത്ത നഗരത്തില്‍ നിന്നാണ്‌ ലുവോ അവിടെ എത്തിയത്‌. തീരെ അക്ഷരാഭ്യാസമില്ലാത്ത സാവോ ദി എന്ന പെണ്‍കുട്ടി അധ്യാപകന്‍െറ ഹൃദയം കീഴടക്കി. ഭരണകൂടത്തില്‍ നിന്നുണ്ടായ കടുപ്പമേറിയ ചില അനുഭവങ്ങള്‍ മറികടന്ന്‌ അവര്‍ വിവാഹിതരാകുന്നു. പിന്നെ, ലുവോ ആ ഗ്രാമത്തില്‍നിന്നെങ്ങോട്ടും പോയിട്ടില്ല. ഗ്രാമത്തിലെ ആദ്യത്തെ പ്രേമവിവാഹമായിരുന്നു അവരുടേത്‌.

ലുവോ-സാവോ ദമ്പതിമാരുടെ ഏകമകനാണ്‌ യുഷെങ്‌. ആ ഗ്രാമത്തില്‍നിന്ന്‌ ആദ്യമായി കോളേജില്‍ പോയത്‌ അവനാണ്‌. അധ്യാപക പരിശീലനം നേടിയിട്ടുണ്ടെങ്കിലും അവന്‍ തിരഞ്ഞെടുത്തരംഗം മറ്റൊന്നാണ്‌. കുറെക്കാലമായി നാട്ടില്‍ വന്നിട്ട്‌. മാതൃകാധ്യാപകനായ അച്ഛന്‍െറ മരണം ഓര്‍ക്കാപ്പുറത്തായിരുന്നു. സ്‌കൂളിനു നല്ലൊരു കെട്ടിടം പണിയാനുള്ള ബദ്ധപ്പാടിലായിരുന്നു അദ്ദേഹം. അതിനുള്ള പണപ്പിരിവിന്‌ ഇറങ്ങിത്തിരിച്ച ലുവോ ശീതക്കാറ്റില്‍പ്പെട്ട്‌ അസുഖബാധിതനാകുന്നു. ഹൃദ്രോഗിയായ അയാളെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. മൃതദേഹം താലൂക്കാസ്‌പത്രിയിലെ മോര്‍ച്ചറിയിലാണ്‌. അത്‌ വീട്ടിലെത്തിക്കണം. ഒരു കാറില്‍ കൊണ്ടുവരാനാണ്‌ ഗ്രാമത്തലവനും മറ്റും ആലോചിച്ചത്‌. പക്ഷേ, സാവോദിക്ക്‌ അതിനോട്‌ യോജിക്കാനാവുന്നില്ല. ഭര്‍ത്താവിന്‍െറ ശവമഞ്ചം ആള്‍ക്കാര്‍ ചുമന്ന്‌ വീട്ടിലെത്തിക്കണമെന്നാണ്‌ അവരുടെ ആഗ്രഹം. ഗ്രാമത്തിലെ ഓരോ തരി മണ്ണിനോടും പൂക്കളോടും മനുഷ്യരോടും തന്‍െറ ഭര്‍ത്താവിന്‌ യാത്രചോദിക്കാന്‍ കഴിയണം. അദ്ദേഹം ഈ ഗ്രാമത്തിലേക്ക്‌ ആദ്യം വന്ന നാട്ടുപാതയിലൂടെ അങ്ങനെ അവസാനയാത്രയും നടത്തണം. മൃതദേഹം കാല്‍നടയായി കൊണ്ടുവന്നാല്‍ മരിച്ച വ്യക്തിയുടെ ആത്മാവ്‌ സ്വന്തം വീട്ടിലേക്കുള്ള വഴി ഒരിക്കലും മറക്കില്ലെന്നാണ്‌ വിശ്വാസം. ഇതൊരു ഗ്രാമീണാചാരമാണ്‌. ഈ ആചാരത്തിലൂടെ ഭര്‍ത്താവിന്‍െറ സാമീപ്യം തനിക്കുണ്ടാകുമെന്ന്‌ സാവോദി വിശ്വസിക്കുന്നു.��അച്ഛനും അമ്മയും തമ്മിലുണ്ടായിരുന്ന ഗാഢബന്ധം യുഷെങ്ങിന്‌ നന്നായറിയാം. അമ്മയുടെ ആഗ്രഹം എങ്ങനെയെങ്കിലും നിറവേറ്റണമെന്ന്‌ അവന്‍ തീരുമാനിക്കുന്നു. പക്ഷേ, ഒരു തടസ്സം. മൃതദേഹം വഹിക്കാന്‍ കെല്‌പുള്ള ചെറുപ്പക്കാരാരും ആ ഗ്രാമത്തിലില്ല. അവരൊക്കെ ജോലി തേടി നഗരങ്ങളില്‍ ചേക്കേറിയിരിക്കുന്നു. ഒടുവില്‍, അടുത്ത ഗ്രാമത്തില്‍ നിന്ന്‌ ചെറുപ്പക്കാരെ കൂലിക്ക്‌ വിളിക്കാന്‍ തീരുമാനിച്ചു. 36 പേരെങ്കിലും വേണം. അത്രയും പേരുണ്ടെങ്കിലേ മാറിമാറി ചുമന്ന്‌ വീട്ടിലെത്തിക്കാനാവൂ.

ശവപ്പെട്ടി പുതയ്‌ക്കാന്‍ പുതിയ തുണിവേണം. പ്രായത്തിന്‍െറ അവശതയിലും സ്വന്തം തറിയില്‍ സാവോ ദി ആ തുണി നെയെ്‌തടുക്കുന്നു. ആ ഗ്രാമത്തില്‍, പഴമയുടെ ചിഹ്നംപോലെ അവശേഷിക്കുന്ന ഏക തറിയാണത്‌. ലുവോ ആദ്യമായി സ്‌കൂളിലെത്തിയപ്പോള്‍ സ്‌കൂളിന്‍െറ മേല്‍ത്തട്ടില്‍ വിരിക്കാനുള്ള ചുവന്ന തുണി നെയ്‌തുനല്‍കിയത്‌ സാവോ ദി ആയിരുന്നു. (കെട്ടിടങ്ങളുടെ മേല്‍ത്തട്ടില്‍ ചുവന്ന തുണി വിരിക്കുന്നത്‌ ഭാഗ്യത്തിന്‍െറ അടയാളമാണെന്നു ചൈനക്കാര്‍ കരുതുന്നു). തങ്ങളുടെ പ്രണയസാഫല്യത്തിന്‍െറ പ്രതീകമായി ആ പഴയ, പൊട്ടിപ്പൊളിഞ്ഞ തറി സാവോ ദി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.��ഗ്രാമത്തലവനും ഗ്രാമവാസികളും സാവോയും യുഷെങ്ങും ആസ്‌പത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങുന്നു. വിലാപയാത്ര തുടങ്ങവെ ആരോ വിളിച്ചുപറയുന്നു- ``ലുവോ നമ്മളിതാ ഗ്രാമത്തിലേക്ക്‌ മടങ്ങുകയാണ്‌''. എങ്ങും മഞ്ഞു പെയ്യുകയാണ്‌. അതു വകവയ്‌ക്കാതെ സാവോ ദി മകന്‍െറ കൂടെ ശവമഞ്ചത്തോടൊപ്പം നടന്നുനീങ്ങുന്നു. മല കയറിയിറങ്ങി, പുഴ മുറിച്ചുകടന്ന്‌, നാല്‍ക്കവലകള്‍ പിന്നിട്ട്‌ ആ വിലാപയാത്ര വടക്കന്‍ചൈനയിലെ ആ വിദൂര ഗ്രാമത്തിലേക്ക്‌ നീങ്ങുകയാണ്‌. നൂറോളം പേരുണ്ട്‌ വിലാപയാത്രയില്‍. അവരൊക്കെ ലാവോയുടെ പ്രിയശിഷ്യരാണ്‌. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്‍െറ മരണവാര്‍ത്തയറിഞ്ഞ്‌ അവര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഓടിയെത്തുകയായിരുന്നു. ശക്തമായ ശീതക്കാറ്റ്‌ കാരണം പലര്‍ക്കും എത്തിച്ചേരാനായില്ല. വന്നവരാകട്ടെ ആരുടെയും നിര്‍ദേശത്തിന്‌ കാത്തുനില്‍ക്കാതെ ആദരവോടെ ആ ശവമഞ്ചം തോളിലേറ്റി.

1958-ല്‍ ലുവോ ആദ്യമായി ആ ഗ്രാമത്തില്‍ വന്നത്‌ കുതിരവണ്ടിയിലാണ്‌. അതേ വഴിയിലൂടെയാണിപ്പോള്‍ വിലാപയാത്ര നീങ്ങുന്നത്‌. അക്ഷരം പഠിപ്പിച്ച അധ്യാപകനുള്ള ഗുരുദക്ഷിണപോലെ ശിഷ്യര്‍ ആ മൃതദേഹം ആദരവോടെ ഗ്രാമത്തിലെത്തിച്ചു. ഒരാളും കൂലിയായി ഒന്നും വാങ്ങിയില്ല. സാവോയുടെ ആഗ്രഹപ്രകാരം പഴയ കിണറിനടുത്താണ്‌ മൃതദേഹം സംസ്‌കരിച്ചത്‌. ഈ കുന്നില്‍മുകളില്‍നിന്ന്‌ നോക്കിയാല്‍ താഴെയുള്ള സ്‌കൂള്‍ ഭര്‍ത്താവിന്‌ നന്നായി കാണാനാവുമെന്ന്‌ സാവോ വിശ്വസിക്കുന്നു. സ്വന്തം വീടിനേക്കാളുപരി അദ്ദേഹം സ്‌കൂളിനെ സേ്‌നഹിച്ചിരുന്നു. മക്കളെപ്പോലെ തന്‍െറ ശിഷ്യരെയും സേ്‌നഹിച്ചിരുന്നു. സമയമാകുമ്പോള്‍ തന്നെയും അച്ഛന്‍െറയടുത്തുതന്നെ സംസ്‌കരിക്കണമെന്ന്‌ സാവോ മകനെ ഓര്‍മിപ്പിക്കുന്നു.

സ്‌കൂള്‍ പുതുക്കിപ്പണിയാന്‍ വീണ്ടും ആലോചന തുടങ്ങുന്നു. താന്‍ സ്വരൂപിച്ചുവെച്ച പണമെല്ലാം സാവോ ഗ്രാമത്തലവനെ ഏല്‌പിക്കുന്നു. മകന്‍ യുഷെങ്ങും നല്ലൊരു തുക നല്‍കുന്നു.

യുഷെങ്‌ നാളെ വീണ്ടും നഗരത്തിലേക്ക്‌ മടങ്ങുകയാണ്‌. അമ്മയും മകനും പൂട്ടിക്കിടക്കുന്ന സ്‌കൂളിലേക്കു പോകുന്നു. ക്ലാസ്‌മുറിയില്‍ ഭര്‍ത്താവിന്‍െറ മുഴങ്ങുന്ന, മധുരമുള്ള ശബ്ദം നിറഞ്ഞുനില്‌ക്കുന്നതായി സാവോദിക്ക്‌ തോന്നുന്നു. നാല്‌പത്‌ വര്‍ഷം താന്‍ ആരാധിച്ച, സേ്‌നഹിച്ച ശബ്ദം. തലമുറകളെ സംസ്‌കാരചിത്തരാക്കിയ ശബ്ദം. ആ ശബ്ദം കേള്‍ക്കാന്‍ വേണ്ടി സാവോ നിത്യവും സ്‌കൂള്‍ പരിസരത്ത്‌ എത്തുമായിരുന്നു.

ഇനി വരുമ്പോള്‍, നമുക്ക്‌ പരിചിതമായ ആ സ്‌കൂള്‍ കാണാനാവില്ലെന്ന്‌ അമ്മ മകനോട്‌ വേദനയോടെ പറയുന്നു. സ്‌കൂളിന്നകവും പുറവും പുതിയ അധ്യാപകന്‍െറയും കുട്ടികളുടെയും ശബ്ദുംകൊണ്ട്‌ നിറയും. അച്ഛന്‍െറ ശബ്ദം ഇനി തിരിച്ചെടുക്കാനാവില്ല. ക്ലാസ്‌മുറിയില്‍, പഴയ ഓര്‍മകളില്‍ ലയിച്ചുനില്‌ക്കവേ സാവോ മകനോട്‌ അച്ഛന്‍െറ ആഗ്രഹം വെളിപ്പെടുത്തുന്നു. മകന്‍ അധ്യാപകനാകണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആഗ്രഹം. തനിക്കുശേഷം ഗ്രാമത്തിലെ പുതുതലമുറയെ അവന്‍ പഠിപ്പിക്കണം. അധ്യാപകപരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും യുഷെങ്‌ ഒറ്റദിവസംപോലും അധ്യാപകനായിട്ടില്ല. `നീ ഒരുദിവസം ഇവിടെ പഠിപ്പിക്കണം. അത്‌ അച്ഛനെ സന്തോഷിപ്പിക്കും'-സാവോ മകനോട്‌ പറയുന്നു.

അന്നുരാത്രി അമ്മയും മകനും ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്‌. അമ്മയെ തന്‍െറ കൂടെ വരാന്‍ അവന്‍ നിര്‍ബന്ധിക്കുന്നു. പക്ഷേ, അവരതിന്‌ വഴങ്ങുന്നില്ല. ഭര്‍ത്താവിന്‍െറ സാന്നിധ്യമുള്ള, ശബ്ദം നിറഞ്ഞുനില്‌ക്കുന്ന ഈ വീട്ടില്‍, ഈ ഗ്രാമത്തില്‍ കഴിയാനാണ്‌ അവര്‍ക്ക്‌ താത്‌പര്യം. നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച്‌ തന്‍െറയടുത്ത്‌ കൊണ്ടുവരണമെന്ന്‌ അമ്മ മകനെ ഉപദേശിക്കുന്നു. `മക്കളെ എല്ലാ കാലത്തും വീട്ടില്‍ത്തന്നെ പിടിച്ചുനിര്‍ത്താനാവില്ല. പക്ഷേ, ഒന്നോര്‍ക്കണം. നിങ്ങളെ പോകാനനുവദിക്കുന്നത്‌ പൂര്‍ണസമ്മതത്തോടെയല്ല. നിങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ ഒരിക്കലും ഞങ്ങള്‍ക്ക്‌ അവസാനിക്കില്ല'-അമ്മ പറയുന്നു.

അടുത്ത പ്രഭാതം. സ്‌കൂളില്‍ ആരോ പഠിപ്പിക്കുന്ന ശബ്ദം സാവോയുടെ കാതിലെത്തുന്നു. അതേ ശബ്ദം. വശ്യമായ, മുഴക്കമുള്ള, സ്‌ഫുടമായ, മധുരമുള്ള ആ ശബ്ദം. സാവോദിയുടെ ശരീരമാകെ പ്രസരിപ്പ്‌ പടരുന്നു. അവര്‍ അവശത മറന്ന്‌ സ്‌കൂളിലേക്ക്‌ തിരക്കിട്ടു നടക്കുന്നു. ഗ്രാമവാസികള്‍ കുറെപ്പേര്‍ സ്‌കൂള്‍മുറ്റത്ത്‌ നില്‌പുണ്ട്‌. പുതിയ അധ്യാപകന്‍ വന്നതിന്‍െറ ആഹ്ലാദമാണവരുടെ മുഖത്ത്‌. ആകാംക്ഷയോടെ അധ്യാപകനെ കാണാന്‍ കൊതിച്ച സാവോ ദിയുടെ കണ്‍മുന്നില്‍ അതാ മകന്‍ യുഷെങ്‌. അവന്‍ കുട്ടികളെ പഠിപ്പിക്കുകയാണ്‌. അക്ഷരം പഠിക്കേണ്ടതിന്‍െറ ആവശ്യകതയെപ്പറ്റി, ഭൂതവും വര്‍ത്തമാനവും അറിഞ്ഞിരിക്കേണ്ടതിന്‍െറ പ്രാധാന്യത്തെപ്പറ്റി കുരുന്നുകളെ പറഞ്ഞ്‌ ബോധ്യപ്പെടുത്തുകയാണ്‌. അച്ഛന്‍ നിന്നിരുന്ന അതേ സ്ഥലത്താണ്‌ യുഷെങ്‌ നില്‌ക്കുന്നത്‌. 40 വര്‍ഷം അച്ഛന്‍ ചവിട്ടിനിന്ന ആ മണ്ണ്‌ അവനെയും സേ്‌നഹത്തോടെ സ്വീകരിച്ചു. തന്‍െറയും കുട്ടികളുടെയും ശബ്ദം അച്ഛന്‍ കേള്‍ക്കുന്നുണ്ടെന്ന്‌ അവന്‍ വിശ്വസിക്കുന്നു. അച്ഛന്‍ ആദ്യദിവസം പഠിപ്പിക്കാനുപയോഗിച്ച അതേ പുസ്‌തകമാണ്‌ അവന്‍െറ കൈയില്‍. ഇത്‌ വെറുമൊരു പുസ്‌തകമല്ലെന്ന്‌ ആ മകന്‍ പറയുന്നു. അച്ഛന്‍െറ ജീവിതഗ്രന്ഥമാണിത്‌- തലമുറകളെ പ്രകാശമാനമാക്കിയ ജീവിതഗ്രന്ഥം.

വികാരഭാരത്തോടെ സ്‌കൂള്‍ മുറ്റത്തുനിന്ന്‌ ആ രംഗം കാണുകയാണ്‌ സാവോ ദി. പൊടുന്നനെ അവരിലേക്ക്‌ യൗവനകാലത്തിന്‍െറ ചൈതന്യം പ്രവഹിക്കുന്നു. മുടി രണ്ടു വശങ്ങളിലേക്കും പിന്നിയിട്ട്‌, ചുവന്ന ജാക്കറ്റുമണിഞ്ഞ്‌, സദാ ചിരിച്ചാര്‍ത്ത്‌ ഓടിനടക്കുന്ന സുന്ദരിപ്പെണ്ണായി അവര്‍ മാറുന്നു. തന്‍െറ പ്രിയപ്പെട്ടവന്‍ സായാഹ്നങ്ങളില്‍ കുട്ടികളോടൊത്ത്‌ പാട്ടുപാടി, വര്‍ത്തമാനം പറഞ്ഞ്‌ നാട്ടുപാതയിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ അവരുടെ കണ്ണില്‍ തെളിയുന്നു. പഴയ വഴികളിലൂടെ തിരിഞ്ഞോടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളോടെ സിനിമ അവസാനിക്കുന്നു.

മകന്‍ യുഷെങ്‌ കഥ പറയുന്ന രീതിയിലാണ്‌ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്‌. മഞ്ഞുമൂടിയ താഴ്‌വരയിലൂടെ വരുന്ന കാറാണ്‌ നമ്മള്‍ ആദ്യം കാണുന്നത്‌. പിന്നെ, യുവാവിന്‍െറ ശബ്ദം കേള്‍ക്കുന്നു. `എന്‍െറ അച്ഛന്‍ പെട്ടെന്നു മരിച്ചു' എന്ന വാക്കുകളോടെയാണ്‌ തുടക്കം. ആത്മാര്‍ഥതയും ആദര്‍ശദാര്‍ഢ്യവും കൊണ്ട്‌ ഒരു ഗ്രാമത്തെയും അവിടത്തെ തലമുറകളെയും സ്വാധീനിച്ച ഒരധ്യാപകന്‍െറ ചിത്രമാണ്‌ മകന്‍െറ ഓര്‍മകളിലൂടെ പൂര്‍ത്തിയാവുന്നത്‌.

യുഷെങ്ങിന്‍െറ വരവോടെ തുടങ്ങുന്ന സിനിമയുടെ ആദ്യവും അവസാനവും കറുപ്പിലും വെളുപ്പിലുമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ലുവോയുടെ മരണം ഏല്‌പിച്ച ആഘാതത്തില്‍നിന്ന്‌ മുക്തമാകാത്ത കുടുംബവും ശിഷ്യന്മാരും ഗ്രാമവുമാണ്‌ ഈ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. മകന്‍െറ ഓര്‍മകളിലൂടെ അച്ഛനമ്മമാരുടെ പ്രണയകാലം വിവരിക്കുമ്പോഴാണ്‌ സംവിധായകന്‍ വര്‍ണങ്ങള്‍ ഉപയോഗിക്കുന്നത്‌. കളറിലേക്കുള്ള ഈ മാറ്റം സ്വാഭാവികമായ ഒരൊഴുക്കുപോലെ നമുക്കനുഭവപ്പെടും. വിഷാദാന്തരീക്ഷം വിട്ട്‌ തീക്ഷ്‌ണസ്വപ്‌നങ്ങളിലേക്കാണിവിടത്തെ യാത്ര. മകന്‍െറ ഓര്‍മകളില്‍ പുനര്‍ജനിക്കുന്നതിനാല്‍ പ്രണയരംഗങ്ങള്‍ ഒതുക്കത്തോടെയാണ്‌ കാണിക്കുന്നത്‌. കാതരമായ ചില നോട്ടങ്ങളിലും പുഞ്ചിരികളിലും ഏതാനും സംഭാഷണങ്ങളിലും നിയന്ത്രിച്ചുനിര്‍ത്തി തീവ്രമായ ഒരു ബന്ധത്തിന്‍െറ കഥ രേഖപ്പെടുത്തുകയാണ്‌. അധ്യാപകനായ ലുവോ അധികം രംഗങ്ങളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ല. പക്ഷേ ഇതിവൃത്തം വികാസം പ്രാപിക്കുന്തോറും ആ കഥാപാത്രം കൂടുതല്‍ കൂടുതല്‍ തിളക്കത്തോടെ നമ്മുടെ പ്രിയങ്കരനായി മാറുന്നു. ലുവോയുടെ വാര്‍ധക്യ രൂപം ചിത്രത്തില്‍ കാണിക്കുന്നേയില്ല. സാവോദിയുടെ മനസ്സില്‍ പച്ചപിടിച്ചുനില്‌ക്കുന്ന യുവാവായ ലുവോയെ മാത്രമേ സംവിധായകന്‍ കാട്ടിത്തരുന്നുള്ളൂ.

1966-76 കാലഘട്ടത്തില്‍ ചൈനയില്‍ അരങ്ങേറിയ `സാംസ്‌കാരിക വിപ്ലവ'ത്തിന്‍െറ സ്വാധീനം ഈ സിനിമയില്‍ കാണാനാവും. സേവനതല്‌പരനായ ലുവോ ഗ്രാമീണരെ പഠിപ്പിക്കാനെത്തുന്നത്‌ പാര്‍ട്ടി നിര്‍ദേശമനുസരിച്ചാണ്‌. സ്വന്തം മണ്ണിലേക്കും വേരുകളിലേക്കും ദൃഷ്‌ടിപായിക്കാന്‍ ആവശ്യപ്പെടുന്ന ഈ അധ്യാപകന്‍ നാളെയുടെ സ്വപ്‌നങ്ങള്‍ പാകാനുള്ള നിലമൊരുക്കുകയാണ്‌. രോഗബാധിതയായ സാവോയെ അനുമതിയില്ലാതെ കാണാനെത്തിയതിന്‌ ലുവോയെ പാര്‍ട്ടി ശിക്ഷിക്കുന്നുണ്ട്‌. രണ്ടുവര്‍ഷം ഇരുവരെയും തമ്മില്‍ക്കാണാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നില്ല. പഴയ ആചാരങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടതിനെപ്പറ്റി അമ്മ പറയുമ്പോള്‍ `സംസ്‌കാരികവിപ്ലവത്തോടെ അത്തരം അന്ധവിശ്വാസങ്ങളൊക്കെ പോയി' എന്നു മകന്‍ സൂചിപ്പിക്കുന്നതും ശ്രദ്ധേയമാണ്‌.

പ്രസന്നവും സൗമ്യവുമായ ചില ജീവിതചിന്തകള്‍ അവശേഷിപ്പിക്കുന്നു ഈ ചിത്രം. സേ്‌നഹത്തിലും വിശ്വാസത്തിലും അധിഷ്‌ഠിതമായ കുടുംബബന്ധത്തിന്‍െറ സജീവദൃശ്യങ്ങള്‍ നമ്മെ ആഹ്ലാദിപ്പിക്കും. ലളിതമാണ്‌ ആഖ്യാനരീതി. മുഴുവന്‍ പറയാതെ അവസാനരംഗം പൂരിപ്പിക്കാന്‍ പ്രേക്ഷകനു വിട്ടുകൊടുക്കകയാണ്‌ സംവിധായകന്‍. നേരിയൊരു സൂചന നല്‍കി ക്യാമറ പിന്‍വാങ്ങുന്നു. ഇതിവൃത്തത്തിന്‍െറ സ്വഭാവമനുസരിച്ച്‌ യുഷെങ്‌ അച്ഛന്‍െറ സ്ഥാനത്തേക്ക്‌ വരും. അയാളിനി നഗരത്തിലേക്ക്‌ തിരിച്ചുപോകാന്‍ സാധ്യതയില്ല. അങ്ങനെ വിശ്വസിച്ചോട്ടെ എന്ന മട്ടിലാണ്‌ ആഹ്ലാദകരമായ ഒരന്തരീക്ഷത്തില്‍ കൊണ്ടുപോയി നിര്‍ത്തി സിനിമ അവസാനിപ്പിക്കുന്നത്‌.

3 comments:

T Suresh Babu said...

കരുത്തുറ്റ പ്രണയത്തിന്‍െറയും പ്രസന്നമധുരമായ കുടുംബജീവിതം നിലനിര്‍ത്തിപ്പോരുന്ന ചൈനീസ്‌ ഗ്രാമീണജനതയുടെയും കഥ പറയുകയാണ്‌ `ദ റോഡ്‌ ഹോം'.

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായി ഈ പരിചയപ്പെടുത്തല്‍.

പാതാള ഭൈരവന്‍ said...

നന്നായിട്ടുന്ട്...