ആറുപതിറ്റാണ്ടു മുമ്പത്തെ ലണ്ടന്‍ നഗരം. അവിടെ, ഒരു കോടതിയില്‍ ഒരു കേസിന്‍െറ വിധിപറയാന്‍ പോവുകയാണ്. വേര റോസ് ഡ്രെയ്‌ക്ക് എന്ന വീട്ടമ്മയാണ് പ്രതി. അമ്പത് പിന്നിട്ട ഒരു പാവം സ്‌ത്രീ. വീട്ടുജോലിക്കാരിയാണവര്‍. വേരയുടെ കുടുംബാംഗങ്ങളെല്ലാം വിധി കേള്‍ക്കാന്‍ എത്തിയിട്ടുണ്ട്. മെക്കാനിക്കായ ഭര്‍ത്താവ് സ്റ്റാന്‍ലി, ബള്‍ബുണ്ടാക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന മകള്‍ എത്തല്‍, തയ്യല്‍ക്കാരനായ മകന്‍ സിഡ്, എത്തലിന്‍െറ ഭാവിവരന്‍ റെജ്, സ്റ്റാന്‍ലിയുടെ സഹോദരന്‍ ഫ്രാങ്ക്‌എന്നിവരെല്ലാം കോടതിയിലുണ്ട്. പ്രതിഭാഗത്തിന്‍െറ അന്തിമവാദം കേട്ടശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി വേരയോട് ചോദിക്കുന്നു. ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി. ശിക്ഷ ഏറ്റുവാങ്ങാന്‍ വേര തയ്യാറായിക്കഴിഞ്ഞിരുന്നു. വേരയുടെയുംകുടുംബാംഗങ്ങളുടേയും മരവിച്ച മുഖങ്ങള്‍ കണ്ടാലറിയാം പ്രതീക്ഷയ്‌ക്ക് ഒട്ടും വകയില്ലെന്ന്. കാരണം, എല്ലാവര്‍ക്കും നന്മമാത്രം ചെയ്‌ത വേരയ്‌ക്കുവേണ്ടി സാക്ഷിപറയാന്‍ ഒരാള്‍പോലും കോടതിയില്‍ എത്തിയിരുന്നില്ല. തന്‍െറ കര്‍മകാണ്ഡത്തിലെ ഒരേയൊരു പിഴവിന് ശിക്ഷയേല്‍ക്കാന്‍ വേര ഒരുങ്ങിക്കഴിഞ്ഞു. കോടതി വേരയെ 30 മാസത്തെ തടവിന് ശിക്ഷിക്കുന്നു. വേര ചെയ്‌ത കുറ്റം: നിയമവിരുദ്ധവും ആപത്‌ക്കരവുമായ മാര്‍ഗത്തിലൂടെ പമേല ബാണ്‍സ് എന്ന യുവതിയെ ഗര്‍ഭഛിദ്രം നടത്തി മൃതപ്രായയാക്കി. വ്യക്തി നിയമത്തിലെ സെക്‌ഷന്‍ 81 അനുസരിച്ച് ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
മൈക്ക് ലീ സംവിധാനം ചെയ്‌ത `വേര ഡ്രെയ്‌ക്ക്' എന്ന ബ്രിട്ടീഷ് ചിത്രത്തിന്‍െറ അവസാന ഭാഗത്താണ് ഈ കോടതി രംഗമുള്ളത്. 1967 ല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനു മുമ്പുള്ള അമ്പതുകളിലാണ് കഥ നടക്കുന്നത്. ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ അന്നും ക്ലിനിക്കുകളില്‍ ചെന്ന് ഗര്‍ഭഛിദ്രം നടത്താം. സൈക്യാട്രിസ്റ്റിന്‍െറ കൂടി സമ്മതമുണ്ടെങ്കിലേ ഡോക്ടര്‍മാര്‍ ഇത് നടത്തുകയുള്ളൂ. ഗര്‍ഭഛിദ്രത്തിന് ഭീമമായ ചാര്‍ജാണ് ക്ലിനിക്കുകള്‍ ഈടാക്കിയിരുന്നത്. 150 പൗണ്ടുവരെയായിരുന്നു ചാര്‍ജ്ജ്. ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ക്ലിനിക്കുകള്‍ അപ്രാപ്യമായ കാലമായിരുന്നു അത്. അത്തരമൊരു അവസ്ഥയിലാണ് വേര ഡ്രെയ്‌ക്ക് എന്ന സാദാ വീട്ടമ്മ നൂറു കണക്കിനു പെണ്‍കുട്ടികളുടെ രക്ഷകയായി മാറുന്നത്. പ്രതിഫലമൊന്നും വാങ്ങാതെയാണ് വേര പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും അപമാനത്തില്‍ നിന്നു രക്ഷിച്ചിരുന്നത്. ബുദ്ധിമുട്ടുന്നവര്‍ക്ക് താനൊരു സഹായം ചെയ്യുന്നൂ എന്നേ വേര വിശ്വസിച്ചിരുന്നുള്ളൂ. ഇരുപത് വര്‍ഷത്തിലധികം കാലം തുടര്‍ന്നുപോന്ന ഈ നിശ്ശബ്ദ സേവനത്തെപ്പറ്റി അവര്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നില്ല. പോലീസ് വേരയെ അറസ്റ്റുചെയ്‌തപ്പോള്‍ മാത്രമാണ് എല്ലാവരും ആ രഹസ്യമറിയുന്നത്.
125 മിനിറ്റ് നീണ്ട ഈ സിനിമ വേരയുടെ കുടുംബാംഗങ്ങളെപ്പോലെ നമ്മളെയും അസ്വസ്ഥരാക്കും. ഒരു കുടുംബത്തില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ട് വലിയൊരു സാമൂഹികപ്രശ്‌നമാണ് സംവിധായകന്‍ ചര്‍ച്ചയ്‌ക്ക് വിഷയമാക്കുന്നത്. നല്ലൊരു ഭാര്യയും കുടുംബിനിയുമായ സ്‌ത്രീ എങ്ങനെ നിയമത്തിന്‍െറ കണ്ണില്‍ കുറ്റവാളിയായി എന്നു കാണിച്ചുതരികയാണദ്ദേഹം. വ്യക്തി, കുടുംബം, സമൂഹം- ഈ മൂന്നു ഘടകങ്ങളില്‍ ഊന്നിയാണ് ചര്‍ച്ച. നിഷിദ്ധമെന്നു കല്‌പിക്കപ്പെട്ട ഒരു പ്രവൃത്തി ഒരാള്‍ സദുദ്ദേശത്തോടെ ചെയ്യുമ്പോള്‍ കുടുംബവും സമൂഹവും ആ വ്യക്തിയെ എങ്ങനെ വിലയിരുത്തുന്നു എന്ന് അടുത്തറിയാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍.
വീട്ടുജോലിക്കാരിയായ വേരയുടെ ഒരു ദിവസം കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. പ്രസന്നതയോടെ ഓരോ വീട്ടിലും കയറിച്ചെല്ലുന്ന വേരയെ നാം കാണുന്നു. കാണുന്നവരോടെല്ലാം കുശലം പറയും. രോഗികളെ പരിചരിക്കുന്നത് ഒരു നഴ്‌സിന്‍െറ ശുഷ്‌കാന്തിയോടും കാരുണ്യത്തോടും കൂടിയാണ്. സ്വന്തം വീട്ടിലും വേര പ്രിയങ്കരി തന്നെ.
തന്‍േറതായ ചില ഉപകരണങ്ങള്‍ കൊണ്ടാണ് വേര ഗര്‍ഭഛിദ്രം നടത്തുന്നത്. സിറിഞ്ചിലൂടെ സോപ്പുവെള്ളം പമ്പുചെയ്‌താണ് അവര്‍ പെണ്‍കുട്ടികളെ പരിശുദ്ധകളായി മാറ്റിയെടുക്കുന്നത്. മക്കളെപ്പോലെയാണ് ഈ പെണ്‍കുട്ടികളോടുള്ള പെരുമാറ്റം. അവരുടെ ആശങ്കയകറ്റിയശേഷമേ കൃത്യത്തിലേക്ക് കടക്കൂ. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ചേ തിരിച്ചുപോകൂ. ഒരിക്കല്‍പോലും വേരയ്‌ക്ക് അബദ്ധം പിണഞ്ഞിട്ടില്ല. ഒരേയൊരു നീചകഥാപാത്രമേ ഇതിലുള്ളൂ. ലില്ലി എന്ന സ്‌ത്രീയാണത്. വേരയെ പെണ്‍കുട്ടികളുടെ വീട്ടുകാരുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നത് ലില്ലിയാണ്. യുദ്ധാനന്തരകാലത്തെ ക്ഷാമം മുതലെടുത്ത് വീട്ടുസാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റ് കാശുണ്ടാക്കുന്നവളാണ് ലില്ലി. ഗര്‍ഭഛിദ്രവും അവര്‍ക്ക് വരുമാനമാര്‍ഗമാണ്. ഇടനിലക്കാരിയായി നിന്ന് ലില്ലി കാശുവാങ്ങും. വേരയോട് പക്ഷേ, അക്കാര്യമൊന്നും പറയില്ല. വേര ഇതൊന്നുമറിയുന്നുമില്ല.
പമേല ബാണ്‍സ് എന്ന യുവതിയുടെ കാര്യത്തിലാണ് വേരക്ക് പിഴവു പറ്റിയത്. അവശനിലയിലായ പമേല ആസ്‌പത്രിയിലെത്തുന്നു. ഡോക്ടറാണ് വേരക്കെതിരെ പരാതി നല്‍കുന്നത്. റിജുമായി എത്തലിന്‍െറ വിവാഹം നിശ്ചയിക്കുന്ന ദിവസമാണ് ഡിറ്റക്ടീവ് ഇന്‍സെ്‌പക്ടര്‍ വെബ്‌സ്റ്ററും രണ്ട് പോലീസുകാരും വീട്ടിലെത്തുന്നത്. വീട്ടുകാര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല. പക്ഷേ, വേരക്ക് കാര്യം മനസ്സിലായി. ``എനിക്കറിയാം നിങ്ങള്‍ എന്തിനാണ് വന്നതെന്ന്'' എന്നു പറഞ്ഞ് തന്‍െറ പാപഭാരം ഇറക്കിവെക്കുകയാണ് വേര. മക്കളെ വിവരമറിയിക്കരുതെന്നു മാത്രമായിരുന്നു വേരയുടെ അഭ്യര്‍ഥന. ആരെയും കുറ്റപ്പെടുത്താതെ പോലീസിനും കോടതിക്കും മുന്നില്‍ തന്‍െറ തെറ്റ് സമ്മതിക്കുകയായിരുന്നു വേര. നല്ല വക്കീലിനെവെച്ച് വാദിച്ചിട്ടും രക്ഷകിട്ടിയില്ല. ജയില്‍ വസ്‌ത്രമണിഞ്ഞ് തന്‍െറ തടവറയിലേക്ക് പതുക്കെ നടന്നു നീങ്ങുന്ന വേരയെയും തീന്‍മേശക്കു ചുറ്റും മൂകരായി ഇരുന്ന് ചായ കഴിക്കുന്ന കുടുംബാംഗങ്ങളെയും കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.
വേരയുടെ നടപടിയോടുള്ള സമൂഹത്തിന്‍െറ പ്രതികരണം നേരിട്ട് നമ്മളെ കാണിക്കുന്നില്ല. പക്ഷേ കുടുംബാംഗങ്ങളുടെ മനോഭാവത്തിലൂടെ അത് പരോക്ഷമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വേരയുടെ മകനായ സിഡ്‌ഡിലൂടെ സമൂഹത്തിന്‍െറ ധാര്‍മിക ചിന്തകളാണ് പുറത്തുവരുന്നത്. കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നു ചിന്തിക്കുന്ന സിഡ് അമ്മയെ തള്ളിപ്പറയാനാണ് ശ്രമിക്കുന്നത്. അമ്മയ്‌ക്ക് മാപ്പു കൊടുക്കാന്‍ അവന്‍ തയ്യാറാവുന്നില്ല. സമൂഹത്തെ അവന്‍ ഭയപ്പെടുന്നു. ആള്‍ക്കാരുടെ ചോദ്യശരങ്ങളെ എങ്ങനെ നേരിടും എന്നതാണവന്‍െറ പ്രശ്‌നം. പക്ഷേ, അച്ഛന്‍െറ വാദഗതികള്‍ക്കു മുന്നില്‍ അവന് ഉത്തരം മുട്ടുന്നു. ``മക്കളുടെ എല്ലാ തെറ്റുകളും പൊറുക്കുന്നവളാണ് അമ്മ. ആ അമ്മ ഒരു തെറ്റ് ചെയ്‌തിരിക്കുന്നു. അതും സ്വാര്‍ഥലാഭത്തിനു വേണ്ടിയല്ല. മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി. ആ തെറ്റിന് മക്കള്‍ മാപ്പു കൊടുക്കേണ്ടതാണ്. മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കാരുണ്യമാണ് അമ്മയെക്കൊണ്ട് തെറ്റ് ചെയ്യിച്ചത്. അവരെ നമുക്ക് ഉപേക്ഷിക്കാനാവില്ല'' - സ്റ്റാന്‍ലിയുടെ ഈ ഉറച്ച അഭിപ്രായത്തിനു മുന്നില്‍ സിഡ് നിശ്ശബ്ദനാകുന്നു. തന്‍െറ സേ്‌നഹമയിയായ അമ്മയെ സമൂഹത്തിനും മുകളില്‍ പ്രതിഷ്‌ഠിക്കാന്‍ അവന്‍ തയ്യാറാവുന്നു. ഫ്രാങ്കിന്‍െറ ഭാര്യ ജോയ്‌സ് ഒഴികെ മറ്റ് കുടുംബാംഗങ്ങളെല്ലാം സ്റ്റാന്‍ലിയുടെ അഭിപ്രായക്കാരാണ്. ഫ്രാങ്കും റെജും എത്തലും ഒരു നോട്ടംകൊണ്ടുപോലും വേരയെ കുറ്റപ്പെടുത്തുന്നില്ല. സമൂഹത്തെ അവരാരും ഭയപ്പെടുന്നില്ല. (കോടതിപോലും വേരയുടെ പ്രതിബദ്ധതയെ പരോക്ഷമായി പരാമര്‍ശിക്കുന്നുണ്ട്. ``സഹജീവികളോടുള്ള താല്‌പര്യം കൊണ്ടാണ് വേര ഗുരുതരമായ കുറ്റങ്ങളിലൊന്ന് ചെയ്‌തത്'' എന്നാണ് വിധിന്യായത്തില്‍ പറയുന്നത്).
സംഭവങ്ങള്‍ ക്രമാനുഗതമായി അടുക്കിവെച്ച് ഋജുവായി, ലളിതമായി കഥ പറഞ്ഞുപോവുകയാണ് സംവിധായകന്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ പശ്ചാത്തല സംഗീതമുള്ളൂ. കഥാപാത്രങ്ങളുടെ മാനസിക പിരിമുറുക്കം നിശ്ശബ്ദതയിലും നമുക്ക് അനുഭവിക്കാനാവും. വേരയുടെ വീട്ടിലെ തീന്‍മേശക്ക് ചുറ്റും എപ്പോഴും ആഹ്ലാദവും പൊട്ടിച്ചിരിയും ചര്‍ച്ചകളുമായിരുന്നു. അവസാനരംഗത്ത് പക്ഷേ, അവിടം നിശ്ശബ്ദമാണ്. തുറന്ന ചിരിയോടെ എല്ലാറ്റിനെയും സമീപിക്കുന്ന വേരയുടെ അസാന്നിധ്യം എല്ലാവരുമറിയുന്നു. ചായക്കപ്പ് എടുക്കുന്നതിന്‍െറയും തിരികെ വെക്കുന്നതിന്‍െറയും ശബ്ദം മാത്രം. ക്രമേണ ആ രംഗം മാഞ്ഞുപോവുകയാണ്. ഇനിയുള്ള രണ്ടരവര്‍ഷം ആ കുടുംബം അനുഭവിക്കാന്‍ പോകുന്ന ഇരുളിനെ സൂചിപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.
നിയമവ്യവസ്ഥയില്‍ അചഞ്ചലവിശ്വാസം പ്രകടിപ്പിക്കുന്ന സംവിധായകന്‍, വ്യക്തിനന്മയും കുടുംബഭദ്രതയും തന്‍െറ സന്ദേശമായി ഈ ചിത്രത്തില്‍ അടയാളപ്പെടുത്തുന്നു. തന്‍െറ പ്രവൃത്തി തുറന്നു സമ്മതിക്കുന്ന വേര നിയമത്തിനു കീഴ്‌പ്പെടാനാണ് ആഗ്രഹിക്കുന്നത്. അപ്പോഴും വേരയിലെ വ്യക്തിനന്മയെ സംവിധായകന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. കുടുംബത്തിന്‍െറ കെട്ടുറപ്പിന് വേര നിര്‍വഹിച്ച പങ്കും അദ്ദേഹം എടുത്തുകാട്ടുന്നു. 27 വര്‍ഷത്തെ ദാമ്പത്യത്തിന്നിടയില്‍ ഇരുപത് വര്‍ഷവും ഒരു രഹസ്യം പേറിയാണ് വേര നടന്നിരുന്നത് എന്നറിയുന്ന നിമിഷം സ്റ്റാന്‍ലി പൊട്ടിത്തെറിക്കാതിരുന്നത് ഭാര്യയുടെ മനസ്സ് അടുത്തറിയാവുന്നതു കൊണ്ടാണ്. ജയിലില്‍ വെച്ച് വിവാഹമോതിരം ഊരാന്‍ പറയുമ്പോള്‍ 27 വര്‍ഷത്തിനിടയില്‍ ഇതൊരിക്കലും ഊരിയിട്ടില്ലെന്നു പറഞ്ഞ് വേര വിങ്ങിക്കരയുന്ന രംഗത്ത് പരസ്‌പരവിശ്വാസത്തിന്‍െറ, സേ്‌നഹത്തിന്‍െറ ശക്തിയിലാണ് സംവിധായകന്‍ ഊന്നുന്നത്.
2005 ല്‍ മൂന്നു അക്കാദമി അവാര്‍ഡുകള്‍ക്ക് (മികച്ച നടി, സംവിധായകന്‍, തിരക്കഥ) ഈ ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2004 ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും നടിക്കുമുള്ള അവാര്‍ഡ് `വേര ഡ്രെയ്‌ക്കി'നായിരുന്നു. വേര ഡ്രെയ്‌ക്കായി രംഗത്തുവരുന്ന ഇമെല്‍ഡ സ്റ്റോന്‍ഡന്‍ എന്ന നടിയാണ് ഈ ചിത്രമാകെ നിറഞ്ഞുനില്‍ക്കുന്നത്. അവരുടെ നോട്ടം, സ്‌പര്‍ശം, പെരുമാറ്റം എന്നിവയിലെല്ലാം സ്വാഭാവികത മാത്രമേയുള്ളൂ. ആയാസരഹിതമായാണ് ആ മുഖത്ത് ഭാവങ്ങള്‍ എത്തിനോക്കുന്നത്. തന്നെ എന്തിനാണ് അറസ്റ്റു ചെയ്‌തതെന്ന് പോലീസ് സ്റ്റേഷനില്‍ വെച്ച് ഭര്‍ത്താവിനോട് പറയുന്ന രംഗം മാത്രം മതി ഇമല്‍ഡയുടെ അഭിനയസിദ്ധി അളക്കാന്‍. അവരുടെ ഒരു വാക്കുപോലും പുറത്തേക്കു വരുന്നില്ല. പക്ഷേ, എല്ലാം അവര്‍ പറയുന്നുണ്ട്. സ്റ്റാന്‍ലിയെപ്പോലെ നമ്മളും അതനുഭവിക്കുന്നുണ്ട്.
2 comments:
2005ല്‍ മൂന്ന് അക്കാദമി അവാര്‍ഡുകള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട, മൈക്ക് ലീ സംവിധാനം ചെയ്‌ത വെര ഡ്രെയ്‌ക് എന്ന സിനിമയെക്കുറിച്ച്
വളരെ നന്നായിട്ടുണ്ട്. നല്ല...നല്ല... ജീവിതചിത്രങ്ങള്‍ ......ഇനിയും പ്രതീക്ഷിക്കുന്നു.....
Post a Comment