Friday, November 16, 2007

അതിര്‍ത്തികള്‍ മായുമ്പോള്‍


ലോകമെങ്ങും അഞ്ചുകോടി മനുഷ്യര്‍ അഭയാര്‍ഥികളായുണ്ടെന്നാണു കണക്ക്‌. യുദ്ധം, ആഭ്യന്തരകലാപം, വംശീയപീഡനം, ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥത എന്നിവ കാരണം എന്നും എവിടെയും മനുഷ്യര്‍ അഭയാര്‍ഥികളായി മാറുന്നു. തീരാത്തൊരു പ്രവാഹമാണത്‌. ഇവര്‍ക്കാവശ്യമുള്ളതൊന്നും നല്‍കാന്‍ സമൂഹത്തിനോ ഭരണകൂടങ്ങള്‍ക്കോ ആവുന്നില്ല. എവിടെയും വേരുകള്‍ ആഴ്‌ത്താനാവാതെ, പാഴ്‌ച്ചെടിയായി അഭയാര്‍ഥികള്‍ മണ്ണില്‍ വീണടിയുന്നു. നമ്മള്‍ മനസ്സിന്‍െറ വാതിലുകള്‍ അവര്‍ക്കുനേരെ കൊട്ടിയടയ്‌ക്കുന്നു. ഫണ്ടിന്‍െറ അഭാവം മൂലം അഭയാര്‍ഥികളില്‍ പകുതി പേര്‍ക്കും ഒരു സഹായവും കിട്ടുന്നില്ല. ഈ നരകജീവിതങ്ങളിലേക്കാണ്‌ കരുണയുടെ ചില കരങ്ങള്‍ നീളുന്നത്‌. അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്ന്‌, ഭാഷകള്‍ മറന്ന്‌, തൊലിയുടെ നിറംനോക്കാതെ നീളുന്ന സഹായഹസ്‌തങ്ങള്‍. എത്യോപ്യയില്‍, ചെച്‌നിയയില്‍, സുഡാനില്‍, ഇറാഖില്‍, ശ്രീലങ്കയില്‍, അഫ്‌ഗാനിസ്‌താനില്‍-പട്ടിണിയും മരണവും കൂടിക്കുഴഞ്ഞ, ഇരുണ്ട ദുരിതാശ്വാസ ക്യാമ്പുകളുള്ള എല്ലായിടത്തും അവരെത്തുന്നു. അവര്‍ക്കൊരു ഭരണകൂടത്തിന്‍െറയും സഹായമില്ല. പ്രശസ്‌തിയോ പ്രതിഫലമോ അവരാഗ്രഹിക്കുന്നില്ല. സമ്പന്നതയില്‍നിന്ന്‌, നഗരജീവിതത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന്‌ അഭയാര്‍ഥി ക്യാമ്പുകളിലെ ഇല്ലായ്‌മകളിലേക്ക്‌ സ്വയം പറിച്ചുനട്ടവരാണവര്‍. ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍. മാര്‍ട്ടിന്‍ കാംപെല്‍ സംവിധാനം ചെയ്‌ത ഹോളിവുഡ്‌ ചിത്രമായ `ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌' വ്യത്യസ്‌തരായ ഈ മനുഷ്യരെയാണ്‌ അവതരിപ്പിക്കുന്നത്‌. ഭയാനകമായ അന്തരീക്ഷത്തില്‍പ്പോലും സമചിത്തതയും മനുഷ്യത്വവും കൈവിടാതെ രോഗങ്ങളോടും മരണത്തോടും പൊരുതി നില്‍ക്കുന്നു ഈ മനുഷ്യര്‍. ഇവര്‍ക്കിടയിലെ ഒത്തിണക്കവും സംഘാടക വൈഭവവും സഹജീവിസേ്‌നഹവും ലക്ഷ്യപ്രാപ്‌തിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠയും ഭിന്നതകളും അടയാളപ്പെടുത്തുകയാണ്‌ `ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌'. ഒപ്പം, ബഹളങ്ങളോ വര്‍ണപ്പകിട്ടോ ഇല്ലാതെ ഒരു പ്രണയകഥയും ഇതിവൃത്തത്തോടു ചേര്‍ത്തുവെക്കുന്നു. ആഞ്‌ജലീന ജൂലിയും ക്ലൈവ്‌ ഓവനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം 2003ലാണ്‌ റിലീസ്‌ ചെയ്‌തത്‌.

1984ല്‍ ലണ്ടനില്‍നിന്നു തുടങ്ങുന്ന സിനിമ പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം ലണ്ടനില്‍ത്തന്നെ അവസാനിക്കുന്നു. ചിത്രകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ സാറാ ബൊഫോര്‍ഡിന്‍െറ ജീവിതത്തിലെ പതിനൊന്നു വര്‍ഷങ്ങള്‍. സാറ കണ്ടതും അനുഭവിച്ചതുമായ ഒരു ദുരിതലോകവും ഏതാനും പ്രണയനിമിഷങ്ങളും ഈ സംവത്സരങ്ങളിലൂടെ നമ്മെ കടന്നുപോകുന്നു.

1984. ലണ്ടന്‍ നഗരത്തിലെ ഒരു രാത്രി. അവിടെ ഒരു ഹോട്ടലില്‍ അനുമോദനച്ചടങ്ങ്‌ നടക്കുകയാണ്‌. `എയ്‌ഡ്‌ റിലീഫ്‌ ഇന്‍റര്‍നാഷണല്‍' എന്ന സന്നദ്ധസംഘടനയുടെ ചെയര്‍മാന്‍ എന്ന നിലയ്‌ക്ക്‌ ലോറന്‍സ്‌ ബൊഫോര്‍ഡ്‌ ചെയ്‌ത സേവനങ്ങളെ ആദരിക്കാനാണ്‌ ചടങ്ങ്‌. പാട്ടും നൃത്തവും തകര്‍ക്കുന്ന വേദിയിലേക്ക്‌ ഡോ. നിക്കളസ്‌ കല്ലഗന്‍ എന്ന നിക്ക്‌ ഇരച്ചുകയറുന്നു. ക്ഷുഭിതനാണയാള്‍. ദരിദ്രബാലനായ ജോജോയുടെ കൈപിടിച്ചാണ്‌ നിക്കിന്‍െറ വരവ്‌. മൂന്നാംലോക രാജ്യങ്ങളിലെ അശരണര്‍ക്കായി സമര്‍പ്പിച്ചതാണാ ഡോക്ടറുടെ ജീവിതം. അയാളുടെ സന്നദ്ധസംഘടന എത്യോപ്യയിലാണിപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നത്‌. മുപ്പതിനായിരം പേരാണ്‌ ക്യാമ്പിലുള്ളത്‌. മരുന്നില്ലാതെ, ഭക്ഷണം കിട്ടാതെ നിത്യേന നാല്‌പതു പേര്‍ ആ മരുഭൂമികളില്‍ മരിച്ചുവീഴുന്നു. ജോജോയെപ്പോലുള്ള രണ്ടായിരം കുട്ടികളാണ്‌ ക്യാമ്പിലുള്ളത്‌. ഒരുഭാഗത്ത്‌ ദുരിതമനുഭവിക്കുമ്പോള്‍ ഇത്തരം ധൂര്‍ത്ത്‌ മഹാപാതകമല്ലേ എന്നായിരുന്നു സദസ്സില്‍ നിക്ക്‌ എറിഞ്ഞുകൊടുത്ത ചോദ്യം. സംഘാടകര്‍ക്ക്‌ നിക്കിന്‍െറ കടന്നുകയറ്റം സഹിക്കാനായില്ല.അവര്‍ അയാളെ തല്ലിപ്പുറത്താക്കുന്നു. പയ്യനെ പോലീസില്‍ ഏല്‌പിക്കുന്നു. വികാരജീവിയായ സാറയില്‍ നിക്കിന്‍െറ ഓരോ വാക്കും ചെന്നു തറയ്‌ക്കുന്നു. വല്ലാത്ത കുറ്റബോധം തോന്നുന്നു സാറയ്‌ക്ക്‌. അവളുടെ ഭര്‍ത്താവ്‌ ഹെന്‍റി ഓഹരി ദല്ലാളാണ്‌. ഒരു മകനാണവര്‍ക്ക്‌-ജിമ്മി. ഹെന്‍റിയുടെ അച്ഛനെ അനുമോദിക്കാനായിരുന്നു അന്നത്തെ ചടങ്ങ്‌. അന്നു രാത്രി സാറയ്‌ക്ക്‌ ഉറക്കം വരുന്നില്ല. നിക്കിന്‍െറ ആത്മാര്‍ഥത അവളെ സ്‌പര്‍ശിച്ചു. എത്യോപ്യയിലെ സ്‌ത്രീകളും കുട്ടികളും അവളുടെ വേദനയായി മാറി. തന്‍െറ എല്ലാ സമ്പാദ്യവും സാറ പിന്‍വലിക്കുന്നു. 40,000 പൗണ്ടിന്‍െറ ആഹാരസാധനങ്ങളും മരുന്നും എത്യോപ്യയില്‍ എത്തിക്കാന്‍ അവള്‍ തീരുമാനിക്കുന്നു. സഹായിക്കാം, പക്ഷേ, അതിന്‌ സ്വയം കഷ്‌ടപ്പെടുന്നതെന്തിന്‌ എന്നായിരുന്നു ഭര്‍ത്താവ്‌ ഹെന്‍റിയുടെ ചോദ്യം. നഗരസൃഷ്‌ടിയായിരുന്നു അയാള്‍. പണം കണ്ടെത്താന്‍ സഹായിക്കാം. പക്ഷേ, എത്യോപ്യയിലേക്കൊന്നും പോകാന്‍ വയ്യ.

അടുത്ത രംഗം എത്യോപ്യ. ഭക്ഷണവും മരുന്നുമായി നാല്‌ ട്രക്കുകള്‍ മരുഭൂമിയിലൂടെ നീങ്ങുകയാണ്‌. ചുറ്റിലും ദീനക്കാഴ്‌ചകള്‍. നൂറുകണക്കിനു ടെന്‍റുകള്‍. അവയില്‍, മൃതപ്രായരായ ആളുകള്‍. മൂന്നുവര്‍ഷമായി അവിടെ മഴപെയ്‌തിട്ട്‌. വരണ്ട ഭൂമിയില്‍ പൊടിക്കാറ്റു മാത്രം. സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചുകൊടുക്കുന്ന ഭക്ഷണവും വെള്ളവും മരുന്നുമാണ്‌ അഭയാര്‍ഥികള്‍ക്കാശ്രയം. ഓരോ ട്രക്ക്‌ വരുമ്പോഴും അവര്‍ ഭക്ഷണത്തിനായി ആര്‍ത്തിയോടെ ഓടിക്കൂടുന്നു. എല്ലിന്‍കൂടായി വഴിയില്‍ ഒരു ബാലന്‍. മരണം ഏതുനിമിഷവും ആ എല്ലിന്‍കൂട്ടില്‍ കയറാം. പ്രതീക്ഷയോടെ, ഒരു കഴുകന്‍ അവനു തൊട്ടടുത്ത്‌. സാറ വണ്ടിനിര്‍ത്തി ഓടിയിറങ്ങി ആ ബാലനെ തുണിയില്‍ പൊതിഞ്ഞെടുക്കുന്നു. അവന്‍െറ അമ്മ തൊട്ടടുത്ത്‌ മുറിവേറ്റു കിടക്കുന്നുണ്ട്‌. ഇരുവരെയും സാറ ട്രക്കില്‍ കൊണ്ടുപോകുന്നു. സാറ ആദ്യമായി ജീവിതം കാണുകയായിരുന്നു. വരണ്ട കാറ്റ്‌ അവളുടെ കാതില്‍ ദീനവിലാപങ്ങളോതി. റിലീഫ്‌ സംഘത്തിന്‍െറ നേതാവായ ഡോ. നിക്ക്‌ അവിടെ ഓടിനടന്ന്‌ സേവനം നടത്തുകയാണ്‌. വലംകൈയായ എലിയട്ടും ഏതാനും സഹപ്രവര്‍ത്തകരും എന്തിനും തയ്യാറായി കൂട്ടിനുണ്ട്‌. സാറയെ ഒറ്റനോട്ടത്തില്‍ നിക്കിന്‌ പിടിക്കുന്നില്ല. കൗതുകക്കാഴ്‌ചയിലുള്ള താത്‌പര്യമാണ്‌ സാറയെ അവിടെയെത്തിച്ചതെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. പ്രതീക്ഷയ്‌ക്ക്‌ വകയില്ലാത്ത ആ പയ്യനെയും അമ്മയെയും സാറയുടെ നിര്‍ബന്ധപ്രകാരം ഡോ. നിക്ക്‌ ചികിത്സിക്കുന്നു. രാത്രി ഉറക്കമിളച്ചും സാറ പയ്യനെ പരിചരിക്കുന്നു. അവളുടെ ആത്മാര്‍ഥത നിക്കിന്‌ ബോധ്യപ്പെടുന്നു. അമ്മയെ രക്ഷിക്കാനായില്ലെങ്കിലും പയ്യനെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. തന്‍െറ ദൗത്യം പൂര്‍ത്തിയാക്കി സാറ ലണ്ടനിലേക്ക്‌ മടങ്ങുന്നു.

1989. ലണ്ടന്‍. സാറ ഇപ്പോള്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുകയാണ്‌. ഹെന്‍റിയുമായുള്ള ദാമ്പത്യം അത്ര സുഖകരമല്ലെന്ന്‌ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌ സംവിധായകന്‍. സാമ്പത്തികമായി അവര്‍ തളര്‍ന്നിരിക്കുകയാണ്‌. ഓഹരിവിപണിയിലെ തകര്‍ച്ച ഹെന്‍റിയെ ഉലച്ചിട്ടുണ്ട്‌. എത്യോപ്യന്‍ ക്യാമ്പിലുണ്ടായിരുന്ന എലിയട്ട്‌ ഒരു ദിവസം സാറയെ കാണാന്‍ എത്തുന്നു. ആഭ്യന്തരയുദ്ധം കൊണ്ട്‌ ദുരിതമനുഭവിക്കുന്ന കമ്പോഡിയയിലാണ്‌ നിക്കും എലിയട്ടും സഹപ്രവര്‍ത്തകരും ഇപ്പോള്‍ കര്‍മനിരതരായിരിക്കുന്നത്‌. ഖമറൂഷ്‌ ഭരണകൂടത്തിന്‍െറ ക്രൂരതയ്‌ക്ക്‌ കീഴില്‍ അമ്പതുലക്ഷം ജനങ്ങളാണ്‌ അവിടെ നരകയാതന അനുഭവിക്കുന്നത്‌. ഓരോ ക്യാമ്പിലും 15-20 പേര്‍ നിത്യവും മരിക്കുന്നു. ഓരോ ഗ്രാമവും മൈനുകളാല്‍ സമ്പന്നം. അവ പൊട്ടിത്തെറിച്ച്‌ കാലുകള്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം ആയിരക്കണക്കിനാണ്‌. കമ്പോഡിയയിലേക്ക്‌ കുറെ മരുന്നുകള്‍ അയയ്‌ക്കണം. അതിന്‌ ഐക്യരാഷ്ട്രസഭയുടെ സഹായം വേണം. ഐക്യരാഷ്ട്രസഭയുടെ സഹായമെന്ന നിലയില്‍ ഒരു കപ്പലില്‍ മരുന്നുകളയക്കാന്‍ സാറയുടെ സഹായം തേടി എത്തിയതാണ്‌ എലിയട്ട്‌. സാറ സസന്തോഷം അക്കാര്യം ചെയ്‌തുകൊടുക്കുന്നു. മരുന്നുപെട്ടികള്‍ക്കൊപ്പം കമ്പോഡിയയിലേക്ക്‌ കപ്പല്‍ കയറാനും അവള്‍ തീരുമാനിക്കുന്നു.

ഇനിയത്തെ പശ്ചാത്തലം കമ്പോഡിയയിലെ നോംപെന്‍ ആണ്‌. മൂന്ന്‌ ട്രക്കുകളിലായി പെട്ടികള്‍ നീങ്ങുകയാണ്‌. കമ്പോഡിയന്‍ പട്ടാളം ട്രക്കുകള്‍ തടയുന്നു. പണം കൊടുത്തിട്ടും കേണല്‍ പെട്ടികള്‍ പരിശോധിക്കുന്നു. ഒരു പെട്ടിയില്‍ ഒളിപ്പിച്ചുവെച്ച ലാപ്‌ടോപ്പും ചില രഹസ്യരേഖകളും തോക്കുകളും സൈന്യം കണ്ടെത്തുന്നു. കലാപകാരികള്‍ക്ക്‌ നല്‍കാനായിരുന്നു ആ തോക്കുകള്‍. സി.ഐ.എ. ഏജന്‍റായ സ്റ്റെയ്‌ഗര്‍ നിക്കിന്‍െറ അറിവോടെ അയച്ചതാണാ പെട്ടി. നിക്കിനെ കേണല്‍ കഠിനമായി മര്‍ദിക്കുന്നു. താന്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നിയ സാറയും അയാളെ നിലത്തിട്ടു ചവിട്ടുന്നു. എല്ലാം നിക്ക്‌ സഹിച്ചു. അന്നാട്ടുകാരെ സഹായിക്കാനാണ്‌ താനത്‌ ചെയ്‌തതെന്ന്‌ അയാള്‍ സാറയോട്‌ സമ്മതിക്കുന്നു. ഇന്‍റലിജന്‍സ്‌ ഫയലുകളും തോക്കുകളും പിടിച്ചെടുത്ത സ്ഥിതിക്ക്‌ ഉടനെ അവിടം വിടണമെന്ന്‌ എലിയട്ട്‌ നിര്‍ദേശിക്കുന്നു. ആരു പോയാലും താന്‍ കമ്പോഡിയ വിടില്ലെന്ന്‌ നിക്ക്‌ വാശി പിടിക്കുന്നു. അവിടെയും അയാള്‍ ആസ്‌പത്രി തുറന്നിട്ടുണ്ട്‌. കാലുകള്‍ നഷ്‌ടപ്പെട്ട, മാരകരോഗങ്ങള്‍ പിടിപെട്ട ആയിരങ്ങളാണ്‌ തന്നില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്നത്‌. അവരെ ഉപേക്ഷിക്കാന്‍ നിക്കിനാവില്ല. പെട്ടെന്ന്‌ ഏതാനും കമ്പോഡിയന്‍ സൈനികര്‍ അവിടെ എത്തുന്നു. വിയറ്റ്‌നാമിനുവേണ്ടി പണിയെടുക്കുന്ന സി.ഐ.എ. ചാരന്മാരാണ്‌ നിക്കും കൂട്ടരുമെന്ന്‌ അവര്‍ മുദ്രകുത്തുന്നു. മൈന്‍ കൈയില്‍ കളിക്കാന്‍ കൊടുത്ത്‌ കൊല്ലാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍ എലിയട്ട്‌ വെടിയേറ്റു മരിക്കുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സന്നദ്ധപ്രവര്‍ത്തകരും അഭയാര്‍ഥികളും ചേര്‍ന്ന്‌ സൈനികരെ തുരത്തിയോടിക്കുന്നു. പെരുമഴയത്ത്‌ കാട്ടിലൂടെ അവര്‍ മറ്റൊരു ക്യാമ്പിലേക്ക്‌ നീങ്ങുന്നു.

രാത്രി. നിക്ക്‌ ആകെ അസ്വസ്ഥനാണ്‌. എലിയട്ടില്ലാതെ തന്‍െറ ദൗത്യം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന്‌ അയാള്‍ക്കറിയാം. എലിയട്ടിനെ ശരിയാംവണ്ണം സംസ്‌കരിക്കാന്‍പോലും തനിക്കായില്ലല്ലോ എന്നോര്‍ത്ത്‌ അയാള്‍ വിലപിക്കുന്നു. നിക്കിനെ ആശ്വസിപ്പിക്കാന്‍ സാറ അവിടെ എത്തിയിരുന്നു. നിക്ക്‌ കാണാതെപോയ തന്‍െറ മനസ്സ്‌ തുറന്നു കാണിക്കാനാണ്‌ അവള്‍ വന്നത്‌. നാലുവര്‍ഷമായി തന്‍െറ ഹൃദയത്തിലുള്ള നിക്കിനെപ്പറ്റി അവള്‍ പറയുന്നു. നിക്കിന്‌ എന്തു സംഭവിക്കും എന്നോര്‍ത്താണ്‌ ഓരോ ദിവസവും അവള്‍ തള്ളിനീക്കിയിരുന്നത്‌. നിക്കിന്‌ സാറയെ പൂര്‍ണമായും മനസ്സിലാവുന്നത്‌ അപ്പോഴാണ്‌. അപകടങ്ങളുടെ അഗ്‌നനിപഥത്തിലൂടെ തന്നോടൊപ്പം സഞ്ചരിക്കാനെത്തിയ ആ യുവതിയെ നിക്കിന്‌ തിരസ്‌കരിക്കാനാവുന്നില്ല. ചുറ്റും ലോകം നിശ്ചലമാവുന്നു. ആ രാത്രി അവരുടേതായി മാറുന്നു.��പിറ്റേന്ന്‌, നിക്കിലെ ദുരിതാശ്വാസപ്രവര്‍ത്തകന്‍ പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്തെണീക്കുന്നു. അയാള്‍ ന്യൂയോര്‍ക്കിലേക്ക്‌ പോവുകയാണ്‌. എലിയട്ടിന്‍െറ മാതാപിതാക്കളെക്കണ്ട്‌ കാര്യങ്ങള്‍ ധരിപ്പിക്കണം. ഹൃദയത്തില്‍ നിറഞ്ഞുനില്‌പുണ്ടെങ്കിലും സാറയെ കൂടെക്കൊണ്ടുപോകാന്‍ അയാള്‍ തയ്യാറാവുന്നില്ല. ഈ ജീവിതത്തിന്മേല്‍ തനിക്ക്‌ ഒരു നിയന്ത്രണവുമില്ലെന്ന്‌ നിക്കിനു ബോധ്യമുണ്ട്‌. ഇത്‌ അശരണര്‍ക്കുള്ളതാണ്‌. അവര്‍ക്കു വേണ്ടി മാത്രം. കുടുംബത്തോടൊപ്പം പോകാന്‍ നിക്ക്‌ സാറയെ ഉപദേശിക്കുന്നു. ഒരു ദീര്‍ഘചുംബനത്തോടെ ആ പ്രണയികള്‍ വേര്‍പിരിയുന്നു.

ലണ്ടന്‍. 1995. സാറയുടെ വീട്‌. അവിടെ സാറയുടെ പിറന്നാളാഘോഷമാണ്‌. മകന്‍ ജിമ്മി കേക്കും മെഴുകുതിരികളുമായി വരുന്നു. മകള്‍ അന്ന പിയാനോ വായിക്കുന്നു. ഈ ദൃശ്യം മുറിച്ചുചേര്‍ക്കുന്നത്‌ ഒരു സമ്മേളനഹാളിലേക്കാണ്‌. യു.എന്‍.എച്ച്‌.സി.ആറിന്റെ സമ്മേളനമാണത്‌. ബ്രിട്ടനിലെ വക്താവായി സാറയെ നിയമിച്ച വിവരം പ്രഖ്യാപിക്കുകയാണവിടെ.



നിക്ക്‌ ചെച്‌നിയയിലുണ്ടെന്ന്‌ പത്രപ്രവര്‍ത്തകയായ സഹോദരി ഷാര്‍ലറ്റ്‌ സാറയെ അറിയിക്കുന്നു. സാറ അവിടേക്കു പുറപ്പെടുന്നു. ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കു നടുവിലൂടെയാണാ യാത്ര. നിക്കിനെ കലാപകാരികള്‍ മലമുകളില്‍ ബന്ദിയാക്കിയിരിക്കയാണ്‌. കനത്ത മോചനദ്രവ്യം കൊടുത്തെങ്കിലേ വിടൂ. സി.ഐ.എ. ഏജന്‍റ്‌ സ്റ്റെയ്‌ഗര്‍ ചെച്‌നിയയിലും എത്തിയിരുന്നു. സാറയുടെ പ്രണയത്തിന്‍െറ തീവ്രത അയാളെ ഹൃദയാലുവാക്കുന്നു. സ്റ്റെയ്‌ഗര്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒരു സുഹൃത്ത്‌ സാറയെ മഞ്ഞുമൂടിയ മലമുകളില്‍ എത്തിക്കുന്നു. കലാപകാരികള്‍ക്ക്‌ പണം കൊടുത്ത്‌ അവര്‍ തടവറയില്‍ച്ചെന്ന്‌ നിക്കിനെ കാണുന്നു. നിക്കിന്‍െറ മകളാണ്‌ അന്ന എന്ന സത്യം അയാളെ അറിയിക്കുന്നു. പെട്ടെന്ന്‌ തടവറയ്‌ക്കു പുറത്ത്‌ ഏറ്റുമുട്ടല്‍. ഈ അവസരം പ്രയോജനപ്പെടുത്തി ഇരുവരും രക്ഷപ്പെട്ടോടുന്നു. നിക്കിനു വെടിയേല്‍ക്കുന്നു. സാറയോട്‌ അയാള്‍ രക്ഷപ്പെടാനാവശ്യപ്പെടുന്നു. ഒരു മൈന്‍ പൊട്ടി സാറ മരിക്കുന്നു. നിക്കിനെ റെഡ്‌ക്രോസുകാര്‍ രക്ഷപ്പെടുത്തുന്നു.

അവസാനരംഗം. ലണ്ടന്‍ നഗരം. നിക്ക്‌ സാറയുടെ വീട്ടിലേക്കുള്ള യാത്രയിലാണ്‌. അയാള്‍ സാറയുടെ അവസാനത്തെ കത്ത്‌ വായിക്കുകയാണ്‌. കാര്‍ വീടിനു മുന്നിലെത്തുമ്പോള്‍ ജനലിലൂടെ നമുക്ക്‌ അന്നയെ കാണാം. അവള്‍ പിയാനോ വായിക്കുകയാണ്‌. നിക്ക്‌ മകളെ ആദ്യം കാണുകയാണ്‌. അയാള്‍ മകളെ കണ്‍നിറയെ കണ്ട്‌, മനസ്സിലെടുത്ത്‌ താലോലിക്കുന്നു. പിയാനോയുടെ മധുരശബ്ദം ക്രമേണ അലിഞ്ഞില്ലാതാവുന്നു.

ലോകത്തെങ്ങുമുള്ള ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്കും യുദ്ധത്തിന്‍െറയും പീഡനങ്ങളുടെയും ഇരകളായ ദശലക്ഷക്കണക്കിന്‌ അഭയാര്‍ഥികള്‍ക്കുമാണ്‌ 125 മിനിറ്റ്‌ നീണ്ട ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. ലണ്ടനില്‍, സാറയുടെ വീട്ടിലെ സുന്ദരമായ അകത്തളങ്ങളില്‍നിന്ന്‌ പടിയിറങ്ങുന്ന ക്യാമറ തുറന്ന ആകാശത്തിനു കീഴിലെ എത്യോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളിലും കമ്പോഡിയയിലെയും ചെച്‌നിയയിലെയും കലാപഭൂമികളിലും ചുറ്റിത്തിരിഞ്ഞ്‌ സാറയുടെ വീട്ടില്‍ത്തന്നെ തിരിച്ചെത്തുകയാണ്‌. ഇതിനിടയ്‌ക്ക്‌ ആ ഫ്രെയിമുകളില്‍ പതിയുന്നത്‌ ജീവിതത്തിന്‍െറ തീക്‌ഷ്‌ണചിത്രങ്ങളാണ്‌. അവയില്‍ ചിലത്‌ നമുക്കൊരിക്കലും മറക്കാനാവില്ല. കഴുകന്‍ചുണ്ടുകളില്‍ നിന്ന്‌ ആ എത്യോപ്യന്‍ ബാലനെ സാറ രക്ഷിക്കുന്ന രംഗം കാണുമ്പോള്‍ മരവിച്ചിരുന്നുപോകും. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പത്രങ്ങള്‍ പുറത്തുവിട്ട ആ ദൃശ്യം (എല്ലുകള്‍ മാത്രമായി, മൃതപ്രായനായിക്കിടക്കുന്ന ഒരു മനുഷ്യന്‍െറ ചലനം നിശ്ചലമാകുന്നതും കാത്തിരിക്കുന്ന കഴുകന്‍െറ ദൃശ്യം) ഇവിടെ പുനര്‍ജനിക്കുന്നു. തന്‍െറ കൈയിലിരിക്കുന്നത്‌ മൈനാണെന്നറിയാതെ പകച്ചിരിക്കുന്ന കമ്പോഡിയന്‍ കുഞ്ഞും അഭിജാതരുടെ സദസ്സില്‍ ഒരു പഴത്തിനുവേണ്ടി കുരങ്ങന്‍െറ ചേഷ്‌ടകള്‍ അനുകരിക്കുന്ന ആഫ്രിക്കന്‍ ബാലനും ദൈന്യതയുടെ അടയാളങ്ങളാണ്‌.



സാറയായി അഭിനയിക്കുന്ന പ്രശസ്‌ത നടി ആഞ്‌ജലീന ഷൊലിയുടെ ആത്മകഥാംശം കൂടി ഈ ചിത്രത്തിലുണ്ട്‌. 2001 മുതല്‍ യു.എന്‍.എച്ച്‌.സി.ആറിന്റെ ഗുഡ്‌വില്‍ അംബാസഡറാണ്‌ ആഞ്‌ജലീന. അഭയാര്‍ഥികള്‍ക്കായുള്ള ഫണ്ട്‌ പിരിവിനും സേവനപ്രവര്‍ത്തനങ്ങള്‍ക്കുമായി അവര്‍ സമയം കണ്ടെത്തുന്നു. ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുപതോളം രാജ്യങ്ങങ്ങളില്‍ ആഞ്‌ജലീന സേവനപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്‌. തന്‍െറ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി 2003ല്‍ അവര്‍ ഒരു പുസ്‌തകവും പ്രസിദ്ധീകരിച്ചു. (`ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌' എന്ന സിനിമ ഇറങ്ങിയതും 2003 ല്‍ത്തന്നെ). ക്ലൈവ്‌ ഓവനാണ്‌ ഡോ. നിക്കിന്‍െറ വേഷംചെയ്യുന്നത്‌.

കലാമൂല്യത്തിന്‍െറ തട്ടില്‍വെച്ചു നോക്കുമ്പോള്‍ മഹത്തായ സിനിമയൊന്നുമല്ല `ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌'. കൃത്രിമമായ അന്തരീക്ഷസൃഷ്‌ടിയും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും ചിലയിടത്തെങ്കിലും കാണാം. എങ്കിലും, ഈ പരിമിതികളെയൊക്കെ മറികടക്കുന്ന വിലപ്പെട്ടൊരു സന്ദേശം വഹിക്കുന്നുണ്ട്‌ ഈ സിനിമ. അതിരുകളില്ലാത്ത കാരുണ്യത്തിന്‍േറതാണ്‌ ആ സന്ദേശം. യാതനയനുഭവിക്കുന്ന ഓരോ അഭയാര്‍ഥിയുടെയും ഹൃദയത്തിലേലക്ക്‌ ദേശ, ഭാഷകള്‍ മറികടന്ന്‌ ആ സന്ദേശമെത്തുന്നു. അവരുടെ ദുഃഖം പകുത്തെടുക്കാന്‍ ഏതെല്ലാമോ കോണില്‍നിന്ന്‌ ചില മനുഷ്യരെത്തുന്നു. അവര്‍ക്കൊപ്പം ഭക്ഷണമെത്തുന്നു, മരുന്നെത്തുന്നു. കരുണയുടെ, സഹനത്തിന്‍െറ, ഇല്ലായ്‌മയോടുള്ള പോരാട്ടത്തിന്‍െറ പ്രതിനിധികളാണിവര്‍. ലോകത്തിന്‍െറ പ്രതീക്ഷയാണിവര്‍.

1 comment:

T Suresh Babu said...

ലക്ഷ്യപ്രാപ്‌തിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠയും ഭിന്നതകളും അടയാളപ്പെടുത്തുകയാണ്‌ `ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌'. ഒപ്പം, ബഹളങ്ങളോ വര്‍ണപ്പകിട്ടോ ഇല്ലാതെ ഒരു പ്രണയകഥയും ഇതിവൃത്തത്തോടു ചേര്‍ത്തുവെക്കുന്നു. ആഞ്‌ജലീന ജൂലിയും ക്ലൈവ്‌ ഓവനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം 2003ലാണ്‌ റിലീസ്‌ ചെയ്‌തത്‌