Monday, November 19, 2007

നേടുന്നവരും നഷ്ടപ്പെടുന്നവരും


ആറ്‌ സ്‌ത്രീ കഥാപാത്രങ്ങള്‍, പത്തുപന്ത്രണ്ടു വയസ്സായ ഒരു ബാലന്‍, പിന്നെ ഒരു കാറും. പ്രശസ്‌ത ഇറാനിയന്‍ സംവിധായകനായ അബ്ബാസ്‌ കിരോസ്‌തമിയുടെ `ടെന്‍' എന്ന ചിത്രത്തിലാണ്‌ ഈ അപൂര്‍വത. പുരുഷ കഥാപാത്രങ്ങളില്ലാതെ തന്നെ ഇതില്‍ പുരുഷന്‍െറ വിവിധ മുഖങ്ങള്‍ തെളിഞ്ഞുവരുന്നു. ബാലനൊഴികെ മറ്റാര്‍ക്കും പേരില്ല. കാര്‍ യാത്രയ്‌ക്കിടയില്‍ കയറിവരുന്ന അതിഥികളാണ്‌ അവര്‍. അതില്‍, കാര്‍ ഡ്രൈവറായ യുവതിയുടെ സഹോദരിയുണ്ട്‌. കൂട്ടുകാരികളുണ്ട്‌. ഭക്തയായ വൃദ്ധയുണ്ട്‌. ദുര്‍ന്നടത്തക്കാരിയുണ്ട്‌. ഇവരുമായുള്ള സംഭാഷണങ്ങളിലൂടെയാണ്‌ സിനിമ മുന്നോട്ടുനീങ്ങുന്നത്‌. കാറിന്‍െറ ഡാഷ്‌ബോര്‍ഡില്‍വെച്ച രണ്ട്‌ ഡിജിറ്റല്‍ ക്യാമറകള്‍ എല്ലാം പകര്‍ത്തിവെക്കുന്നു. കാറിലെ മുന്‍സീറ്റുകളിലുള്ള യാത്രക്കാരുടെ മുഖങ്ങളില്‍ നിന്നാണ്‌, അവരുടെ സംഭാഷണങ്ങളില്‍ നിന്നാണ്‌ `ടെന്‍' രൂപം കൊള്ളുന്നത്‌. കഥാപാത്രങ്ങളുടെ ക്ലോസപ്പ്‌ ഷോട്ടുകള്‍ മാത്രമേയുള്ളൂ. അതും രണ്ട്‌ ആംഗിളില്‍ നിന്നു മാത്രം. കാറിനുപുറത്തെ ശബ്ദങ്ങള്‍ നമുക്ക്‌ കേള്‍ക്കാം. പക്ഷേ, അവിടത്തെ കാഴ്‌ചകള്‍ക്കുനേരെ ക്യാമറ കണ്ണടയ്‌ക്കുന്നു. തൊണ്ണൂറുമിനിറ്റു നീണ്ട ഈ ഇറാനിയന്‍ സിനിമ അസുലഭമായ ഒരു ചലച്ചിത്രാനുഭവമാണ്‌.

പത്തുദൃശ്യഖണ്ഡങ്ങളായി തിരിച്ചാണ്‌ കഥ പറയുന്നത്‌. ഓരോ ഖണ്ഡത്തിലും ഒരു രംഗം മാത്രം. കട്ടില്ലാതെ ഓരോരംഗവും ഒറ്റഷോട്ടില്‍ ഒതുക്കിയിരിക്കുന്നു. എല്ലാറ്റിലും പ്രത്യക്ഷപ്പെടുന്നത്‌ കഥാനായികയും കാറും മാത്രം. ഡ്രൈവിങ്‌ സീറ്റിലേ നായികയെ നമ്മള്‍ കാണൂ. ഒന്നോരണ്ടോ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ യുവതി കാറില്‍ നിന്നിറങ്ങുന്നുള്ളൂ.
കിരോസ്‌തമി കഥ തുടങ്ങുന്നത്‌ പത്താംഖണ്ഡത്തില്‍ നിന്നാണ്‌. ചിത്രത്തിലെ ഏറ്റവും നീളമേറിയ രംഗവും ഇതുതന്നെ. അമ്മയും മകനും തമ്മിലുള്ള സംഭാഷണമുള്‍ക്കൊള്ളുന്ന ഈ രംഗം 19 മിനിറ്റാണുള്ളത്‌.

കഥാപാത്രങ്ങള്‍ക്കൊപ്പം നമ്മളും കാര്‍യാത്ര തുടങ്ങുകയാണ്‌. നഗരത്തിരക്കിലൂടെയാണ്‌ യാത്ര. യുവതിയും മകന്‍ അമീനുമാണ്‌ കാറില്‍. ആദ്യത്തെ പതിനേഴ്‌ മിനിറ്റും നമ്മള്‍ പയ്യനെ മാത്രമേ കാണുന്നുള്ളൂ. കഥാനായിക അദൃശ്യയാണ്‌. കാര്‍ ഓടുന്നുണ്ട്‌, അവളുടെ വര്‍ത്തമാനവും നമുക്കുകേള്‍ക്കാം. പക്ഷേ, കഥാപാത്രത്തെ സംവിധായകന്‍ കാണിച്ചുതരുന്നത്‌ പയ്യന്‍ കാറില്‍ നിന്നിറിങ്ങിപ്പോകുമ്പോള്‍ മാത്രമാണ്‌. ആധുനിക വേഷത്തിലാണ്‌ യുവതി. സ്വാതന്ത്ര്യദാഹിയാണ്‌. സേ്‌നഹിക്കാന്‍ എന്നപോലെ സേ്‌നഹിക്കപ്പെടാനും കൊതിക്കുന്നവള്‍. ഭര്‍ത്താവില്‍ സേ്‌നഹിതനെയും നല്ലൊരു സഹചാരിയെയും തേടുന്നവള്‍. ആദ്യ ഭര്‍ത്താവില്‍ അവള്‍ക്കത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍, അയാളെ ഉപേക്ഷിച്ച്‌ മറ്റൊരാളെ സ്വീകരിച്ചു. ആദ്യബന്ധത്തില്‍ ഒരു മകനുണ്ട്‌. അവനാണ്‌ അമീന്‍. സ്‌കൂളില്‍ പഠിക്കുന്നു. അവനെ നീന്തല്‍ക്കുളത്തില്‍ എത്തിക്കാനുള്ളതാണീ യാത്ര. അവിടെ സമയത്തിനെത്താനാവാത്തതിന്‍െറ രോഷം പയ്യന്‍െറ വാക്കിലും പെരുമാറ്റത്തിലും പ്രകടമാണ്‌. എങ്കിലുംപ്രധാനകാരണം ഇതൊന്നുമല്ല എന്ന്‌ അവരുടെ സംഭാഷണം മുന്നോട്ടുപോകവെ നമുക്കു മനസ്സിലാകുന്നു. വിവാഹമോചനകാരണങ്ങള്‍ സ്വയം ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും മകനെ ബോധ്യപ്പെടുത്താന്‍ യുവതിക്കു കഴിഞ്ഞിട്ടില്ല. പിതാവ്‌ മാത്രം തെറ്റുകാരന്‍ എന്ന മട്ടിലാണ്‌ അമ്മ എപ്പോഴും സംസാരിക്കുന്നതെന്ന്‌ അവന്‍ തുറന്നടിക്കുന്നു. ഈ കുറ്റപ്പെടുത്തല്‍ എത്രയോതവണ കേട്ടിരിക്കുന്നു. അതിന്‍െറ ഈര്‍ഷ്യ അവന്‍ മറച്ചുവെക്കുന്നില്ല. ഒച്ചവെച്ചും ഇടയ്‌ക്ക്‌ ചെവിപൊത്തിയും തന്‍െറ അസഹിഷ്‌ണുത അവന്‍ ശക്തമായിത്തന്നെ പ്രകടിപ്പിക്കുന്നുണ്ട്‌. നിശ്ചലമായ തടാകമായിരുന്നു താന്‍ എന്ന്‌ യുവതി അവനോട്‌ ന്യായവാദം പറയുന്നു. ഒഴുക്കില്ലാതെ അതങ്ങനെ നശിക്കുകയായിരുന്നു. അപ്പോഴാണ്‌ ധീരമായ ഒരു തീരുമാനമെടുത്തത്‌. ഇപ്പോള്‍ ഒഴുകുന്ന നദിപോലെയാണ്‌ താന്‍. പക്ഷേ, അവനതൊന്നും കേള്‍ക്കേണ്ട. വിവാഹമോചനത്തിനുള്ള ന്യായീകരണം എഴുന്നള്ളിച്ച്‌ അമ്മ എപ്പോഴും തന്നെ ബോറടിപ്പിക്കുകയാണെന്ന്‌ അവന്‍ കുറ്റപ്പെടുത്തുന്നു.അമ്മയുടെ പുതിയ ഭര്‍ത്താവിനെ അംഗീകരിക്കുന്നില്ല അവന്‍. അയാളെ വെറുപ്പാണവന്‌. അതുകൊണ്ട്‌ പിതാവിന്‍െറ കൂടെയാണ്‌ താമസം. വിവാഹമോചനം കിട്ടാന്‍ അമ്മ കള്ളംപറഞ്ഞതിലും അമീന്‌ സങ്കടവും കോപവുമുണ്ട്‌. (ഭര്‍ത്താവ്‌ മയക്കുമരുന്നിനടിമയാണെന്നു പറഞ്ഞാണ്‌ യുവതി വിവാഹമോചനം നേടിയെടുക്കുന്നത്‌.)

അടുത്തരംഗം. നിര്‍ത്തിയിട്ട കാറിന്‍െറ മുന്‍സീറ്റില്‍ ഒരു സ്‌ത്രീ. കഥാനായികയുടെ സഹോദരിയാണിവര്‍. അവര്‍ യുവതിയെ കാത്തിരിക്കുകയാണ്‌. കുറെ പഴങ്ങളുമായി യുവതി എത്തി. കാര്‍ നഗരത്തിരക്കിലേക്ക്‌ ഇറങ്ങുന്നു. അധ്യാപികയാണ്‌ സഹോദരി. ഒരു മകനുണ്ട്‌. അമീനില്‍ നിന്ന്‌ താന്‍ നേരിടുന്ന അവഗണനയെപ്പറ്റിയായി യുവതിയുടെ പരിഭവം പറച്ചില്‍. താന്‍ നല്ല അമ്മയല്ലെന്നാണ്‌ അവന്‍െറ ആവലാതി എന്നവള്‍ പറയുന്നു. അമീന്‍ അസന്തുഷ്‌ടനും ശുണ്‌ഠിക്കാരനുമാണെന്ന്‌ സഹോദരിയും ശരിവെക്കുന്നു. അവനെ മുഴുവന്‍ സമയവും പിതാവിനൊപ്പം തന്നെ വിട്ടേക്കാനാണ്‌ സഹോദരി ഉപദേശിക്കുന്നത്‌. അവന്‍ പുരുഷനായിക്കൊണ്ടിരിക്കുകയാണ്‌. ഈ സമയത്ത്‌ പിതാവിന്‍െറ കൂട്ടാണ്‌ വേണ്ടത്‌. സഹോദരി ഇറങ്ങിപ്പോകുന്നതോടെ ഈ രംഗം തീരുന്നു.


ഇനി എട്ടാംഖണ്ഡം. ഡ്രൈവറുടെ സീറ്റില്‍ യുവതിയുണ്ട്‌. ഒരിടത്ത്‌ നിര്‍ത്തി ഒരു വൃദ്ധയോട്‌ വഴി ചോദിക്കുന്നു. ഒരു വിശുദ്ധന്‍െറ ഖബറിടത്തിലേക്ക്‌ പോവുകയാണാ സ്‌ത്രീ. അവരെ കാറില്‍ കയറ്റുന്നു. പിന്‍സീറ്റിലിരിക്കുന്ന അവരെ നാം കാണുന്നില്ല. അവശമായ സംസാരം മാത്രം കേള്‍ക്കാം. ദിവസം മൂന്നുനേരം അവര്‍ പ്രാര്‍ഥിക്കാന്‍ ഈ പുണ്യസ്ഥലത്ത്‌ പോകാറുണ്ട്‌. ചിലപ്പോള്‍ ആരെങ്കിലും വാഹനത്തില്‍ വിളിച്ചുകയറ്റും. അല്ലെങ്കില്‍ നടന്നുപോകും. ഭര്‍ത്താവ്‌ മരിച്ചു. 12 വയസ്സായ മകനും മരിച്ചു. ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാനാണവര്‍ പോകുന്നത്‌. സിറിയയില്‍ തീര്‍ഥാടനത്തിന്‌ പോകാനായി അവര്‍ വീടുവിറ്റു. പുണ്യസ്ഥലങ്ങളില്‍ നിന്നു വാങ്ങിയ ജപമാലകള്‍ മാത്രമേ ഇപ്പോള്‍ സ്വത്തായുള്ളൂ. ഒരു മകളുണ്ട്‌ ഈ സ്‌ത്രീക്ക്‌. അവള്‍ക്ക്‌ ഏഴുകുട്ടികള്‍. മകള്‍ക്ക്‌ വയറ്റില്‍ ട്യൂമറാണ്‌. ശസ്‌ത്രക്രിയയെ ഭയമാണവള്‍ക്ക്‌. ഇങ്ങനെ ദുരിതകഥകള്‍ നിരത്തിയ വൃദ്ധ യുവതിയെ വീണ്ടും വീണ്ടും അനുഗ്രഹിച്ചശേഷം ഇറങ്ങിപ്പോകുന്നു.

ഏഴാം ഖണ്ഡം. രാത്രിയാണ്‌. കാര്‍ ഓടുകയാണ്‌. യുവതി ഇപ്പോള്‍ ഗൗരവത്തിലല്ല. ആഹ്ലാദവതിയാണ്‌. പിന്‍സീറ്റില്‍ ഒരു യുവതിയുണ്ട്‌. അവളോട്‌ സംസാരിക്കുകയാണ്‌. അബദ്ധത്തില്‍ ഈ കാറില്‍ വന്നുപെട്ടതാണ്‌ ആ ദുര്‍ന്നടപ്പുകാരി. ഒരു മെര്‍സിഡസ്‌ കാറില്‍ നഗരത്തില്‍ വന്നിറങ്ങിയതേയുള്ളൂ. ഏതോ പുരുഷനാകാം എന്നു കരുതി കാറിനു കൈകാണിച്ചതാണ്‌. യുവതിക്ഷണിച്ചപ്പോള്‍ കയറിയിരുന്നു. അത്‌ അബദ്ധമായെന്ന്‌ അവള്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്‌. കാറില്‍ നിന്നിറങ്ങണമെന്ന്‌ അവള്‍ ഇടയ്‌ക്കിടെ ആവശ്യപ്പെടുന്നുണ്ട്‌. വ്യത്യസ്‌തയായ ഒരാളെ , ചൂടുള്ള അനുഭവങ്ങളുള്ള ഒരാളെ കിട്ടിയതിന്‍െറ ആവേശത്തിലാണ്‌ കഥാനായിക. തെറ്റായ വഴിയിലൂടെ ജീവിക്കുന്നതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഞെട്ടിപ്പിക്കുന്ന മറുപടിയാണ്‌ കിട്ടുന്നത്‌. വളരെ അന്തസ്സുള്ള ജോലിയാണ്‌ തന്‍േറത്‌ എന്നവകാശപ്പെടുന്ന ദുര്‍ന്നടപ്പുകാരി സ്വയം പരിഹസിച്ച്‌ ആത്മനിന്ദയോടെ പൊട്ടിച്ചിരിക്കുന്നു. തന്‍െറയൊപ്പം വരുന്ന പുരുഷന്മാര്‍ ഭാര്യമാരെ വഞ്ചിക്കുന്നതിനെക്കുറിച്ചവള്‍ പറയുന്നു. എല്ലാ ബന്ധങ്ങളും, ഭാര്യ - ഭര്‍ത്തൃ ബന്ധം പോലുംവാങ്ങലും കൊടുക്കലുമാണെന്ന്‌ അവള്‍ തുറന്നടിക്കുന്നു. ദാമ്പത്യത്തിലെ സേ്‌നഹം എന്നത്‌ കാപട്യമാണെന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുകയാണവള്‍. തിരക്കുള്ള ഒരിടത്ത്‌ കാര്‍ നിര്‍ത്തുമ്പോള്‍ അവള്‍ ഇറങ്ങിപ്പോകുന്നു. മറ്റൊരു കാറിനു കൈകാട്ടി അതില്‍ കയറുന്നു.

ആറാം ഖണ്ഡം തുടങ്ങുന്നു. യുവതി കാറോടിക്കുകയാണ്‌. വിശുദ്ധന്‍െറ ഖബറിടത്തില്‍ പോയി മടങ്ങുകയാണവള്‍. മറ്റൊരുത്തി കാറില്‍ കയറുന്നു. യുവതിയുടെ കൂട്ടുകാരിയാണ്‌. ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ അവള്‍ അവിടെ പോകാറുണ്ട്‌. പുണ്യസ്ഥലങ്ങളില്‍ പോകുന്നത്‌ തനിക്കിപ്പോഴും ഒരു ശീലമായിട്ടില്ലെന്ന്‌ കഥാനായിക കുറ്റബോധത്തോടെ പറയുന്നു. ഇതുവരെ മനഃസമാധാനം കിട്ടിയിട്ടില്ല. ഒരു ദിവസം കിട്ടുമായിരിക്കും എന്നവള്‍ ആശ്വസിക്കുന്നു. തന്‍െറ വിവാഹം നടന്നുകിട്ടാനാണ്‌ കൂട്ടുകാരി പ്രാര്‍ഥിക്കാന്‍ പോയത്‌. ഭാവിവരന്‍െറ മനസ്സ്‌ ചാഞ്ചാടുകയാണ്‌. വിവാഹം നടക്കുമോ എന്നവള്‍ക്ക്‌ ഉറപ്പില്ല.

അഞ്ചാം ഖണ്ഡം ആദ്യരംഗത്തിന്‍െറ ആവര്‍ത്തനമായി തോന്നും. യുവതിയും മകനുമാണ്‌ കാറിലുള്ളത്‌. തന്നെ മുത്തശ്ശിയുടെ അടുക്കലേക്കുകൊണ്ടുപോകാനാണ്‌ അവന്‍ ആവശ്യപ്പെടുന്നത്‌. അന്നുരാത്രി തന്‍െറയൊപ്പം കഴിഞ്ഞുകൂടെ എന്നവള്‍ ചോദിക്കുന്നു. അവനതില്‍ ഒട്ടും താത്‌പര്യമില്ല. നീണ്ടൊരു കോട്ടുവായില്‍ അവന്‍ തന്‍െറ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നു. ഐസ്‌ക്രീം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞതും അവന്‍ നിരസിക്കുന്നു. അവനിപ്പോഴും അമ്മയോട്‌ അകല്‍ച്ചയുണ്ട്‌, അനിഷ്‌ടവുമുണ്ട്‌. അത്‌ അവന്‍െറ ഓരോവാക്കിലും നോക്കിലും നമുക്ക്‌ തിരിച്ചറിയാം. യുവതിയുടെ മനസ്സ്‌ അസ്വസ്ഥമാണ്‌. അവള്‍ അവനോട്‌ തര്‍ക്കിക്കുന്നില്ല ഇപ്പോള്‍. ആദ്യരംഗത്തില്‍ നിന്ന്‌ വ്യത്യസ്‌തയാണവള്‍. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടവള്‍. കാറിപ്പോള്‍ നല്ല വേഗത്തിലാണ്‌. അവളുടെ കലങ്ങിമറിഞ്ഞ മനസ്സിന്‍െറ വേഗം തന്നെയാണത്‌.


നാലാം ഖണ്ഡം. രാത്രിയാണ്‌. കാറില്‍ ഒരു യുവതി കയറുന്നു. അവളുടെ മുഖം അത്രവ്യക്തമല്ല. തെരുവിലെ ഇരുട്ട്‌ മുഴുവന്‍ വീഴുന്നത്‌ ആ മുഖത്താണ്‌. ഈയടുത്ത്‌ വിവാഹമോചിതയായവളാണ്‌. ഏഴുവര്‍ഷം ഒരുമിച്ചു കഴിഞ്ഞതാണ്‌. അയാളെ നഷ്‌ടപ്പെട്ടു. അതോര്‍ത്ത്‌ വിങ്ങിക്കരയുകയാണവള്‍. അയാളെ അവള്‍ക്കത്ര ഇഷ്‌ടമായിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌ കഥാനായിക. ``നമ്മള്‍ സ്‌ത്രീകള്‍ അസംതൃപ്‌തരാണ്‌. നമ്മള്‍ നമ്മളെ സേ്‌നഹിക്കുന്നില്ല. ജീവിതം എത്ര വിശാലമാണ്‌. എന്നിട്ടും നമ്മളെന്തിന്‌ ഒരാളെ മാത്രം ആശ്രയിച്ചു കഴിയുന്നു? ഇതൊന്നും സേ്‌നഹമല്ല. വെറും തോന്നലാണ്‌. ആദ്യം നമ്മള്‍ നമ്മളെത്തന്നെ സേ്‌നഹിക്കുക. നമ്മള്‍ എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നു'' -ഇങ്ങനെയാണ്‌ അവളുടെ വാദങ്ങള്‍. ഇതൊന്നും കൂട്ടുകാരിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒന്നും നഷ്‌ടപ്പെടാതെ ആര്‍ക്കും ഒന്നും നേടാനാവില്ലെന്ന്‌ പറഞ്ഞ്‌ യുവതി വീണ്ടും അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ``നമ്മള്‍ ജനിച്ചത്‌ അതിനാണ്‌. ജയിക്കാനും നഷ്‌ടപ്പെടാനും!''

മൂന്നാം ഖണ്ഡത്തിലും അമീനും അമ്മയുമാണ്‌ യാത്രികര്‍. സംഭവങ്ങള്‍ കുറേ മുന്നോട്ടുപോയെന്ന്‌ അവരുടെ സംഭാഷണത്തില്‍ നിന്നു വ്യക്തമാണ്‌. മുന്‍രംഗങ്ങളില്‍ കണ്ടതുപോലെ രോഷാകുലനല്ല അമീന്‍. അവന്‍ സന്തോഷത്തിലാണ്‌. അമ്മ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും അവന്‍ അസഹിഷ്‌ണുത കാട്ടുന്നില്ല. അവന്‍െറ പിതാവ്‌ വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നു. വിവാഹം കഴിക്കണമെന്നുപറഞ്ഞത്‌ അമീന്‍തന്നെയാണ്‌. അമ്മയേക്കാളും സുന്ദരിയാണ്‌ രണ്ടാനമ്മയെന്ന്‌ അവന്‍ പറയുന്നത്‌ അവള്‍ക്ക്‌ സഹിക്കാനാവുന്നില്ല. അതുമാത്രമല്ല, പുതിയ അമ്മ വന്നാല്‍ എന്നും ഒരേ ഭക്ഷണം തന്നെ കഴിക്കേണ്ടിവരില്ലല്ലോ എന്നും അവന്‍ ആശ്വസിക്കുന്നു. അമ്മ പറയുന്ന തമാശകളെല്ലാം അവനിപ്പോള്‍ ആസ്വദിക്കുന്നുണ്ട്‌. അതില്‍ ഇടപെടാനോ ബഹളംവെക്കാനോ മുതിരുന്നില്ല. അവന്‍ മുത്തശ്ശിയുടെ അടുക്കലേക്ക്‌ പോവുകയാണ്‌. ``ഞാനും ഇന്നു നിന്‍െറ കൂടെ വന്നു താമസിക്കട്ടെ'' എന്ന അമ്മയുടെ അപേക്ഷ അവനിഷ്‌ടപ്പെടുന്നില്ല. ഒന്നിനും നേരമില്ലാത്ത അമ്മ തന്‍െറ കൂടെ വരേണ്ട എന്നവന്‍ തീര്‍ത്തുപറയുന്നു. വണ്ടിനിര്‍ത്തിയതും അവനിറങ്ങിപ്പോകുന്നു.

രണ്ടാം ഖണ്ഡം ആറാം ഖണ്ഡത്തിന്‍െറ തുടര്‍ച്ചയാണ്‌. കഥാനായികയുടെ കൂട്ടുകാരിയാണ്‌ വീണ്ടും കാറില്‍കയറുന്നത്‌. വേഷത്തില്‍ കാര്യമായ മാറ്റം കാണാം. ആറാം ഖണ്ഡത്തില്‍ സന്തോഷവതിയായിരുന്നു അവള്‍. ആധുനിക വേഷത്തിലുമായിരുന്നു. ഇപ്പോള്‍ കറുത്തവേഷമാണ്‌. തലയില്‍ വെളുത്ത സ്‌കാര്‍ഫ്‌. മുഖത്തെ പ്രസരിപ്പ്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. തലമൊട്ടയടിച്ച്‌ സൗന്ദര്യം കെടുത്തിക്കളഞ്ഞു. ആഗ്രഹിക്കുന്നതെന്തും നടക്കുമെന്ന്‌ അവള്‍ അഹങ്കരിച്ചിരുന്നു. തന്‍െറ വിവാഹം നടക്കില്ലെന്ന്‌ അയാള്‍ അറിയിച്ചിരിക്കുന്നു. അയാള്‍ തള്ളിപ്പറഞ്ഞതില്‍ അവള്‍ക്ക്‌ സങ്കടമുണ്ട്‌. അയാള്‍ മറ്റാരെയോ കണ്ടുവെച്ചിരിക്കയാണ്‌. അത്‌ തന്‍െറ വ്യക്തിത്വത്തോടുള്ള വെല്ലുവിളിയായാണ്‌ അവള്‍ക്കു തോന്നുന്നത്‌.


അവസാനരംഗം. യുവതി കാറുമായി കാത്തുനില്‍ക്കുകയാണ്‌. അമീന്‍ കയറുന്നു. മുത്തശ്ശിയുടെ അടുത്തുപോകണമെന്നതാണ്‌ അവന്‍െറ ഡിമാന്‍ഡ്‌. എതിരൊന്നും പറയാതെ അവള്‍ സമ്മതം മൂളുന്നു. വെറും രണ്ടുമിനിറ്റില്‍ ദൃശ്യം അവസാനിക്കുകയാണ്‌.
2002ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു `ടെന്‍'. ഇതിന്‍െറ ഇതിവൃത്തവും ട്രീറ്റ്‌മെന്‍റും ആഗോള ശ്രദ്ധ നേടിയെടുക്കുകയുണ്ടായി. അടഞ്ഞുപോയ ഒരു സമൂഹത്തിന്‍െറ ചെറിയൊരു കാഴ്‌ചമാത്രമാണ്‌ സംവിധായകന്‍ ഒന്നരമണിക്കൂറില്‍ നല്‍കുന്നത്‌. വേണ്ടത്ര കാറ്റോട്ടമില്ലാത്ത ജീവിത പരിതസ്ഥിതികളിലേക്കാണ്‌ അദ്ദേഹം ക്യാമറ തുറന്നുവെക്കുന്നത്‌. ഇതിലെ കഥ ഏതെങ്കിലും ഒരു രാജ്യത്തുമാത്രമായി നടക്കുന്നതല്ല. ഇത്‌ ലോകത്തെങ്ങുമുള്ള മനുഷ്യരുടെ വേദനയുടെ കഥയാണ്‌. നഷ്‌ടപ്പെടുമ്പോഴുള്ള വേദനയുടെ ആഴമാണ്‌ കിരോസ്‌തമിയുടെ ക്യാമറ അന്വേഷിക്കുന്നത്‌. `ഒരാളെത്തന്നെയോര്‍ത്ത്‌ എന്തിനു ജീവിതം തുലയ്‌ക്കണം' എന്നു മറ്റുള്ളവരെ ഉപദേശിക്കുമ്പോള്‍പ്പോലും നായികയുടെ മനസ്സില്‍ മുന്‍ഭര്‍ത്താവിന്‍െറ രൂപം പതിഞ്ഞുകിടപ്പുണ്ട്‌. അയാളെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോഴും `സ്വന്തം' എന്ന അവകാശബോധം സ്ഥാപിച്ചെടുക്കുന്നുണ്ടവള്‍. താന്‍ സുന്ദരിയാണെന്നും തന്നേക്കാള്‍ സൗന്ദര്യമുള്ളവള്‍ അയാളുടെ ജീവിതത്തിലേക്കു വരരുതെന്നും അവള്‍ ഗൂഢമായി ആഗ്രഹിക്കുന്നുണ്ട്‌.

പത്തുദൃശ്യഖണ്ഡങ്ങളില്‍ ആദ്യത്തേതിന്‌ കൂടുതല്‍ സമയം അനുവദിക്കുന്നത്‌ മനഃപൂര്‍വമാണ്‌. കഥയുടെ വിശാല പശ്ചാത്തലമൊരുക്കുകയാണിവിടെ. അമ്മയും മകനും തമ്മിലുള്ള ദീര്‍ഘമായ ആ സംഭാഷണത്തില്‍ കുടുംബം മാത്രമല്ല സമൂഹവും നീതിവ്യവസ്ഥയും വിശദമായ ചര്‍ച്ചയ്‌ക്ക്‌ വിഷയമാകുന്നുണ്ട്‌. പ്രധാന കഥാപാത്രങ്ങളുടെ അകവും പുറവും വളരെ വ്യക്തമായി പ്രേക്ഷകനു ബോധ്യപ്പെടുന്നു. കൂടുതല്‍ ദൃശ്യങ്ങളിലേക്ക്‌ എത്തിപ്പെടുമ്പോള്‍ ആ കാറില്‍ നിന്ന്‌ യാത്രയുടെ താളത്തിനൊപ്പം നേരിയൊരു വിലാപവും നമുക്കു കേള്‍ക്കാനാവും. സേ്‌നഹവും സ്വാതന്ത്ര്യവും കൊതിക്കുന്ന സ്‌ത്രീ മനസ്സിന്‍െറ വിലാപമാണത്‌. സ്‌ത്രീ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയില്‍ നിറയുന്നത്‌ പുരുഷാധിപത്യത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠകളാണ്‌. വളരെ ധീരയെന്നു തോന്നിക്കും മട്ടില്‍ തുടക്കത്തില്‍ പെരുമാറുന്ന നായിക ക്രമേണ ആത്മവീര്യം ചോര്‍ന്ന്‌ ഭക്തിയില്‍ അഭയം തേടുകയാണ്‌. മനുഷ്യബന്ധങ്ങളുടെ ഉള്‍പ്പിരിവുകള്‍ വ്യാഖ്യാനിക്കാനാവാതെ അവള്‍ പലപ്പോഴും അന്തം വിടുന്നു. ജയിക്കാനും നഷ്‌ടപ്പെടാനുമുള്ളതാണ്‌ ലോകം എന്നുപറയുമ്പോഴും തന്‍െറ നഷ്‌ടത്തെക്കുറിച്ച്‌ അവള്‍ ഇടയെ്‌ക്കങ്കിലും വ്യാകുലപ്പെടുന്നുണ്ട്‌. ജീവിതത്തില്‍ പുതിയ കൂട്ട്‌ കിട്ടിയെങ്കിലും അവള്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ മകന്‍െറ സാമീപ്യമാണ്‌.

സിനിമയുടെ ട്രീറ്റ്‌മെന്‍റിലെ സൂക്ഷ്‌മത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ പുലര്‍ത്തുന്നുണ്ട്‌. ഓരോ കഥാപാത്രവും നായികയുടെ വിഹ്വലമനസ്സിലേക്ക്‌ ഓരോ വികാരമായാണ്‌ കുടിയേറുന്നത്‌. മകന്‍ വാത്സല്യമായും സഹോദരി സാന്ത്വനമായും വൃദ്ധ ഭക്തിയായും ദുര്‍നടപ്പുകാരി രതി ചിന്തയായും അവളില്‍ നിറയുന്നു.

4 comments:

T Suresh Babu said...

കാറിന്‍െറ ഡാഷ്‌ബോര്‍ഡില്‍വെച്ച രണ്ട്‌ ഡിജിറ്റല്‍ ക്യാമറകള്‍ എല്ലാം പകര്‍ത്തിവെക്കുന്നു. കാറിലെ മുന്‍സീറ്റുകളിലുള്ള യാത്രക്കാരുടെ മുഖങ്ങളില്‍ നിന്നാണ്‌, അവരുടെ സംഭാഷണങ്ങളില്‍ നിന്നാണ്‌ `ടെന്‍' രൂപം കൊള്ളുന്നത്‌. കഥാപാത്രങ്ങളുടെ ക്ലോസപ്പ്‌ ഷോട്ടുകള്‍ മാത്രമേയുള്ളൂ. അതും രണ്ട്‌ ആംഗിളില്‍ നിന്നു മാത്രം. കാറിനുപുറത്തെ ശബ്ദങ്ങള്‍ നമുക്ക്‌ കേള്‍ക്കാം. പക്ഷേ, അവിടത്തെ കാഴ്‌ചകള്‍ക്കുനേരെ ക്യാമറ കണ്ണടയ്‌ക്കുന്നു. തൊണ്ണൂറുമിനിറ്റു നീണ്ട ഈ ഇറാനിയന്‍ സിനിമ അസുലഭമായ ഒരു ചലച്ചിത്രാനുഭവമാണ്‌.

ദിലീപ് വിശ്വനാഥ് said...

ഒരു കാര്യം തീരുമാനിച്ചു. ഇവിടെ പറഞ്ഞിരിക്കുന്ന ചിത്രങ്ങളെല്ലാം കാണുക എന്നുള്ളത്.
ലൈബ്രറിയില്‍ ബുക്ക് ചെയ്തിട്ടുണ്ട്. കണ്ടു കഴിഞ്ഞിട്ടു ഒരിക്കല്‍ കൂടി കമന്റ് ഇടാം.

T Suresh Babu said...

നന്ദി. ഇനിയും എഴുതുക

Roby said...

കിയരൊസ്താമിയുടെ സിനിമകള്‍ക്ക് ഒരു മാന്ത്രികമായ തലമുണ്ടെന്നാണ്‌ തോന്നിയിട്ടുള്ളത്. വഹനങ്ങളും യാത്രയും അദ്ദേഹത്തിന്റെ സിനിമകളില്‍ ഒരു ടെക്നിക് ആയോ കഥാപാത്രമായോ ഉപയോഗിക്കാറുണ്ട്. പിന്നെ സംസാരത്തിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതി.

അദ്ദേഹത്തിന്റെ സിനിമകള്‍ പെട്ടെന്നൊന്നും എനിക്ക് മനസ്സിലാകാറില്ല. കുറെ നളുകള്‍ക്ക്‌ ശേഷം ഒരു വെളിപാടു പോലെ അതു മനസ്സിലേക്കു വരും. പിന്നെ ചിന്തിച്ചാല്‍ എല്ലാം മനസ്സിലാവും.
ഈയടുത്ത് wind will carry us കണ്ടിരുന്നു...വെളിപാടിനായി കാത്തിരിക്കുന്നു.
ടെന്‍ കണ്ടിട്ടില്ല.