Saturday, November 3, 2007

ചില ജീവിത ചിത്രങ്ങള്‍സിനിമയ്‌ക്ക്‌ എന്തും വിഷയമാക്കാം. പക്ഷേ, അതില്‍ ജീവിതമുണ്ടായിരിക്കണം. കലയുടെ സ്‌പര്‍ശവുമുണ്ടാകണം. വളരെ നിസ്സാരമെന്നു തോന്നാവുന്ന ജീവിതമുഹൂര്‍ത്തങ്ങളില്‍നിന്ന്‌ ചിലപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടാകാറുണ്ട്‌. മനസ്സിന്‍െറ ആഴങ്ങളില്‍ ചെന്നു തൊടുന്ന സിനിമകള്‍. അത്തരത്തിലൊന്നാണ്‌ തെക്കന്‍ കൊറിയന്‍ ചിത്രമായ `ദ വേ ഹോം'. മുന്‍പൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത അമ്മൂമ്മയും പേരക്കുട്ടിയും തമ്മില്‍ കണ്ടുമുട്ടുന്നതും അവര്‍ക്കിടയില്‍ പിണക്കങ്ങളും ഇണക്കങ്ങളും ഉടലെടുക്കുന്നതും ലളിതമായി ആവിഷ്‌കരിച്ചിരിക്കയാണ്‌ ഈ ചിത്രത്തില്‍. വിരസമായ ഒരു പശ്ചാത്തലത്തില്‍നിന്ന്‌ മനുഷ്യബന്ധങ്ങളുടെയും സേ്‌നഹംകൊണ്ടു തീര്‍ക്കുന്ന അടുപ്പങ്ങളുടെയും കഥ കണ്ടെത്തിയിരിക്കയാണ്‌ സംവിധായിക ജിയോങ്‌-ഹ്യാങ്‌ ലീ.

മുപ്പത്തിരണ്ടുകാരിയായ ഒരമ്മ (ഇവര്‍ക്ക്‌ പേരില്ല) തെക്കന്‍ കൊറിയയുടെ തലസ്ഥാനമായ സോളില്‍നിന്ന്‌ നാട്ടിലേക്ക്‌ വരികയാണ്‌. ഏഴു വയസ്സുള്ള മകന്‍ സാങ്‌വൂ കൂടെയുണ്ട്‌. മലമുകളിലാണ്‌ അവരുടെ വീട്‌. വീടെന്നു പറയാനില്ല. ദാരിദ്ര്യം വിളിച്ചോതുന്ന, ജീര്‍ണിച്ച ഒരു കുടില്‍. അവിടെ, എഴുപത്തഞ്ചുകാരിയായ അമ്മ മാത്രമേയുള്ളൂ. ഊമയാണവര്‍. പതിനേഴാം വയസ്സില്‍ കാമുകനുമൊത്ത്‌ ഒളിച്ചോടിയതാണ്‌ യുവതി. അതിനുശേഷം നാട്ടില്‍ വന്നിട്ടില്ല. അമ്മയെ ഒരിക്കല്‍പ്പോലും അവള്‍ കണ്ടിട്ടുമില്ല. ഇപ്പോള്‍ അവള്‍ ദുഃഖിതയാണ്‌. ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞു. ഒരു കടയുണ്ടായിരുന്നു. അതിലെ കച്ചവടം നഷ്‌ടത്തില്‍ കലാശിച്ചു. കടം മാത്രമുണ്ട്‌ ബാക്കി. എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്തണം. മകനെ അമ്മയുടെ അടുത്തുനിര്‍ത്തി സോളിലേക്ക്‌ തിരിച്ചുപോകണം. അവിടെ ജോലി അന്വേഷിക്കണം. ശരിയായിക്കഴിഞ്ഞാല്‍ തിരിച്ചുവന്ന്‌ മകനെ കൊണ്ടുപോകണം-ഇതാണ്‌ യാത്രോദ്ദേശ്യം.

ആരോടും ഒരു പരിഭവവുമില്ലാതെ, ഏതുനിമിഷവും നിലംപൊത്താറായ കുടിലില്‍ പ്രകൃതിയോടിണങ്ങിക്കഴിയുകയാണ്‌ യുവതിയുടെ അമ്മ. അവരുടെ നടു നിവരില്ല. വടി കുത്തിപ്പിടിച്ച്‌ കൂനിക്കൂനിയാണ്‌ നടത്തം. എങ്കിലും, എല്ലാ ജോലിയും ചെയ്യും. മലയിറങ്ങിപ്പോയി ഒറ്റയ്‌ക്ക്‌ വെള്ളം കൊണ്ടുവരും. കൃഷി ചെയ്യും. അകലെയുള്ള ചന്തയില്‍ പോകും. ഈ അമ്മയുടെ പരിതാപകരമായ ജീവിതാവസ്ഥയിലേക്കാണ്‌ മകള്‍ പേരക്കുട്ടിയുമായി എത്തുന്നത്‌. പിസ്സയും കോളയും കെന്‍റകി ചിക്കനും മാത്രം കഴിക്കുന്ന, നഗരക്കാഴ്‌ചകള്‍ മാത്രം കണ്ടിട്ടുള്ള മകനെ അവള്‍ രണ്ടുമാസത്തേക്ക്‌ അമ്മയോടൊപ്പം വിടുകയാണ്‌. കുറെ കോള ടിന്നുകളും ഭക്ഷണ ടിന്നുകളും കൊടുത്തേല്‌പിച്ച്‌ യുവതി അന്നുതന്നെ സ്ഥലം വിടുന്നു

സാങ്‌വൂ ആകെ അസ്വസ്ഥനാണ്‌. അമ്മ തന്നെ തടവറയില്‍ ഉപേക്ഷിച്ചതുപോലെയാണവന്‌ തോന്നുന്നത്‌. ആ കുടിലിലുള്ള ടി.വി.യാണെങ്കില്‍ കേട്‌. സമയം പോക്കാന്‍ ആകെയുള്ളത്‌ തന്‍െറ വീഡിയോ ഗെയിമാണ്‌. മലയുടെ താഴെ താമസിക്കുന്ന മുതിര്‍ന്ന പയ്യനായ ചിയോല്‍ യീ ഇടയെ്‌ക്കാക്കെ അവിടെ വരും. പക്ഷേ, സാങ്‌വൂ അവനോട്‌ അടുക്കുന്നില്ല. തന്‍െറ കളിക്കോപ്പുകളൊന്നും തൊടാന്‍ സമ്മതിക്കുന്നില്ല.

ഒഴിവുസമയങ്ങളിലെല്ലാം തന്‍െറ പഴയ ഷൂവും വസ്‌ത്രങ്ങളും തുന്നലാണ്‌ വൃദ്ധയുടെ ജോലി. കാഴ്‌ച നന്നേ കുറഞ്ഞു. അതുകാരണം സൂചിയില്‍ നൂല്‍കോര്‍ക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. അതിന്‌ സാങ്‌വൂവിന്‍െറ സഹായം തേടുകയാണവര്‍. വീഡിയോ ഗെയിമിന്‍െറ ഹരത്തിനിടയില്‍ അവന്‌ ഇതൊരു ശല്യമായിത്തോന്നുന്നു. മുറുമുറുത്തുകൊണ്ടാണ്‌ അവന്‍ അമ്മൂമ്മയ്‌ക്ക്‌ നൂല്‍കോര്‍ത്തു കൊടുക്കുന്നത്‌. അതിനിടയ്‌ക്ക്‌, വീഡിയോ ഗെയിമിന്‍െറ ബാറ്ററി തീരുന്നു. അവന്‍െറ കൈയില്‍ പണമൊന്നുമില്ല. അമ്മൂമ്മയും നിസ്സഹായയാണ്‌. പണം കിട്ടാത്തതില്‍ ക്ഷുഭിതനായി അവന്‍ ഒരു പാത്രം തട്ടിപ്പൊട്ടിക്കുന്നു. വീടുമുഴുവന്‍ പരതിയിട്ടും അവനു പണമൊന്നും കിട്ടുന്നില്ല. അമ്മൂമ്മ മുടികെട്ടാനുപയോഗിക്കുന്ന ക്ലിപ്പ്‌ അവന്‍ ഊരിയെടുക്കുന്നു. ബാറ്ററി വില്‌ക്കുന്ന കടയന്വേഷിച്ച്‌ മലയിറങ്ങുന്നു. പണത്തിനു പകരം ഹെയര്‍ ക്ലിപ്പ്‌ കൊടുത്തപ്പോള്‍ കടക്കാരന്‍ അവനെ ഓടിച്ചുവിടുന്നു.

കഴിക്കാനെന്തു വേണമെന്ന അമ്മൂമ്മയുടെ അന്വേഷണത്തിനു പിസ്സ, കെന്‍റകി ചിക്കന്‍ എന്നാണവന്‍ മറുപടി പറയുന്നത്‌. അമ്മൂമ്മയ്‌ക്ക്‌ അതൊന്നും മനസ്സിലാകുന്നില്ല. പൊരിച്ച കോഴിയുടെ ചിത്രം കാണിച്ചുകൊടുത്താണ്‌ അവന്‍ അമ്മൂമ്മയെ ബോധവത്‌കരിക്കുന്നത്‌. കൃഷി ചെയ്‌തുണ്ടാക്കിയതെന്തോ എടുത്ത്‌ അവര്‍ മലയിറങ്ങുന്നു. കനത്ത മഴയില്‍ നീന്തി തിരിച്ചുവരുമ്പോള്‍ ഭാണ്ഡത്തില്‍ ഒരു കോഴിയുണ്ട്‌. പയ്യന്‍െറ മുഖം സന്തോഷംകൊണ്ട്‌ വിടരുന്നു. പക്ഷേ, അമ്മൂമ്മയുടെ പാചകം അവനിഷ്‌ടപ്പെടുന്നില്ല. പൊരിച്ച കോഴിയാണവനു വേണ്ടത്‌. പകരം കിട്ടിയത്‌ തിളച്ചവെള്ളത്തില്‍ പുഴുങ്ങിയെടുത്ത കോഴി.

അമ്മൂമ്മ വെച്ചുനീട്ടിയ ഭക്ഷണം തട്ടിക്കളഞ്ഞ്‌ അവന്‍ പട്ടിണി കിടക്കുന്നു. ഒന്നു ശാസിക്കാന്‍ പോലും മുതിരാതെ അവര്‍ അവനുള്ള ഭക്ഷണം അടച്ചുവെച്ച്‌ കിടക്കുന്നു. ഇടയ്‌ക്ക്‌, വിശപ്പു സഹിക്കാനാവാതെ ഉണരുന്ന സാങ്‌വൂ പുഴുങ്ങിയ കോഴി സ്വാദോടെ കഴിക്കുന്നതാണ്‌ നാം കാണുന്നത്‌. അതോടെ അവന്‌ അമ്മൂമ്മയോട്‌ കുറേശ്ശെ അടുപ്പം വന്നുതുടങ്ങുന്നു. എന്തുപറഞ്ഞാലും അനുസരിക്കുകയും അതിനുവേണ്ടി ബുദ്ധിമുട്ടുകയും ചെയ്യുന്ന അമ്മൂമ്മ പാവമാണെന്ന്‌ അവനു ബോധ്യപ്പെടുന്നു.

ഇപ്പോള്‍ നൂല്‍ കോര്‍ത്തുകൊടുക്കുമ്പോള്‍ അവന്‍ മുറുമുറുക്കുന്നില്ല. അമ്മൂമ്മ പച്ചക്കറികളുമായി ചന്തയ്‌ക്കു പോകുമ്പോള്‍ അവനും ഒപ്പം കൂടുന്നു. അവന്‌ അവര്‍ പുതിയ ഷൂ വാങ്ങിക്കൊടുക്കുന്നു. ഹോട്ടലില്‍നിന്ന്‌ നല്ല ഭക്ഷണം വാങ്ങിക്കൊടുക്കുന്നു. ക്രമേണ അവന്‍ അമ്മൂമ്മയുമൊത്തുള്ള ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്നു. മാര്‍ക്കറ്റില്‍ പോയപ്പോള്‍ ബാറ്ററി വാങ്ങണമെന്നുണ്ടായിരുന്നു അവന്‌. പക്ഷേ, അമ്മൂമ്മയുടെ കൈയിലെ പണം തീരുകയാണെന്ന്‌ അവനു മനസ്സിലായി. ബാറ്ററി വില്‌ക്കുന്ന കട കണ്ടിട്ടും അവന്‍ വാശിപിടിക്കുന്നില്ല. അവനറിയാതെ കുറെ ചോക്കലേറ്റും അമ്മൂമ്മ വാങ്ങിവെക്കുന്നുണ്ട്‌.

ഇടയെ്‌ക്കാക്കെ കളിക്കാനെത്തുന്ന പെണ്‍കുട്ടിയെ സാങ്‌വൂവിന്‌ ഇഷ്‌ടമായിത്തുടങ്ങി. അവള്‍ പക്ഷേ, മിക്കസമയത്തും ചിയോല്‍ യീയുടെ കൂടെയാണ്‌ കളി. അതില്‍ സാങ്‌വൂവിന്‌ പരിഭവമുണ്ട്‌. എങ്കിലും ഒളിപ്പിച്ചുവെച്ച കളിക്കോപ്പുകളെല്ലാം അവന്‍ അവള്‍ക്കുവേണ്ടി പുറത്തെടുക്കുന്നു.

കുസൃതികളും അമ്മൂമ്മയെ സഹായിക്കലുമൊക്കെയായി നാളുകള്‍ കടന്നുപോകവെ അവന്‌ അമ്മയുടെ കത്തുകിട്ടുന്നു. നാളെ അമ്മ വരികയാണ്‌. അവന്‌ സങ്കടം ഏറുന്നു. അമ്മൂമ്മയെ പിരിയാന്‍ തോന്നുന്നില്ല. അമ്മൂമ്മയ്‌ക്ക്‌ ഫോണില്‍ സംസാരിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്‌ അവനു ദുഃഖം. എങ്കിലും കത്തെഴുതി അയയ്‌ക്കാമല്ലോ? അവന്‍ അന്നുരാത്രി അമ്മൂമ്മയെ അക്ഷരമെഴുതാന്‍ പഠിപ്പിക്കുകയാണ്‌. അക്ഷരങ്ങള്‍ അവര്‍ക്കു വഴങ്ങുന്നില്ല. അവനു കരച്ചില്‍ വരുന്നു. ഒന്നുമെഴുതാത്ത ഒരു കാര്‍ഡയച്ചാല്‍ മതി താന്‍ ഓടിയെത്തുമെന്ന്‌ അവന്‍ വാഗ്‌ദാനം ചെയ്യുന്നു. അമ്മൂമ്മയുടെ എല്ലാ സൂചികളിലും അവന്‍ നൂല്‍കോര്‍ത്ത്‌ വെക്കുന്നു. കുറെ കാലത്തേക്ക്‌ തുന്നാന്‍ ഇതുമതി.


അമ്മയും അമ്മൂമ്മയുമൊത്ത്‌ ബസ്‌ കാത്തുനില്‌ക്കവെ അവന്‍ മൂകനാകുന്നു. അമ്മൂമ്മയുടെ മുഖത്തേക്ക്‌ നോക്കാന്‍ കഴിയുന്നില്ല അവന്‌. വാത്സല്യത്തിന്‍െറ ശീതളച്ഛായ തനിക്ക്‌ നഷ്‌ടപ്പെടുകയാണ്‌. അവന്‍ നിശ്ശബ്ദനായി ബസ്സില്‍ കയറുന്നു. ചെയ്‌തുപോയ തെറ്റുകള്‍ക്ക്‌ മാപ്പിരന്നുകെുണ്ട്‌ അവന്‍ അമ്മൂമ്മയെ നോക്കി നെഞ്ചില്‍ തടവുന്നു. അമ്മൂമ്മ വീണ്ടും തന്‍െറ ഒറ്റപ്പെടലിലേക്ക്‌ തിരിച്ചുപോവുകയാണ്‌. ഇലകള്‍ പൊഴിഞ്ഞ വഴികളിലൂടെ തിരിഞ്ഞു നോക്കാതെ വടി കുത്തിപ്പിടിച്ച്‌ അവര്‍ നടന്നു നീങ്ങുന്നു.2002-ല്‍ കൊറിയന്‍ ഭാഷയിലിറങ്ങിയ മികച്ച ചിത്രമാണ്‌ `ദ വേ ഹോം' എന്നു നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

`എവിടെയുമുള്ള മുത്തശ്ശിമാര്‍ക്കായി' സമര്‍പ്പിച്ചിരിക്കയാണീ സിനിമ. എഴുപത്തിയെട്ടുകാരിയായ എല്‍-ബൂണ്‍ കിം ആണ്‌ അമ്മൂമ്മയായി പ്രത്യക്ഷപ്പെടുന്നത്‌. അവര്‍ നടിയല്ല. ഏതോ കുഗ്രാമത്തില്‍നിന്ന്‌ കണ്ടെത്തിയതാണ്‌ അവരെ. ജീവിതത്തില്‍ ഒരിക്കല്‍ പ്പോലും സിനിമ കണ്ടിട്ടില്ല. എങ്കിലെന്ത്‌? നിശ്ശബ്ദ സാന്നിധ്യത്തിലൂടെ ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ ഈ മുത്തശ്ശി ഇടം നേടിക്കഴിഞ്ഞു. അവരെയും സാങ്‌വൂ ആയി വേഷമിടുന്ന യു സ്യൂങ്‌ഹോയെയും നമ്മള്‍ വല്ലാതെ ഇഷ്‌ടപ്പെട്ടുപോകും. ഇവര്‍ തമ്മിലുള്ള ഇഴുകിച്ചേരലാണ്‌ ഈ സിനിമയുടെ ശക്തിയും സൗന്ദര്യവും. ഓരോ ഫ്രെയിമിലും ഇരുവരും നിറഞ്ഞു നില്‌ക്കുകയാണ്‌. നിഷ്‌കളങ്കതയാണ്‌ ആ മുഖങ്ങളിലെ ഭാവം.

എണ്‍പതു മിനിറ്റുള്ള ഈ ചിത്രത്തില്‍ രണ്ടു മാസത്തെ സംഭവങ്ങളാണ്‌ വിഷയമാകുന്നതെന്ന്‌ സംവിധായിക ആദ്യമേ സൂചിപ്പിക്കുന്നുണ്ട്‌. ഗ്രാമത്തിലേക്കുള്ള യുവതിയുടെ വരവിനും പോക്കിനുമിടയിലുള്ള രണ്ടുമാസത്തിനുള്ളിലാണ്‌ കഥ നടക്കുന്നത്‌. പ്രത്യേകിച്ച്‌ ആകാംക്ഷയുണര്‍ത്തുന്ന ഒരു കഥയൊന്നും ഈ ചിത്രത്തിനു പറയാനില്ല. കുറെ സംഭവങ്ങളുടെ സ്വാഭാവികമായ ചിത്രീകരണം. അതാണീ സിനിമയില്‍ നമ്മള്‍ കാണുന്നത്‌. ഒറ്റപ്പെട്ട മനുഷ്യര്‍ക്കിടയില്‍ എത്തിപ്പെടുമ്പോഴുള്ള മനംമടുപ്പിന്‍െറ ചിത്രമാണ്‌ സാങ്‌വൂവിന്‌ അമ്മയുടെ ജന്മനാട്ടില്‍ കാണാന്‍ കഴിയുന്നത്‌. ഓര്‍ത്തുവെക്കാന്‍ ഒന്നുമില്ലാത്ത വിരസമായ കാഴ്‌ചകളിലേക്കാണ്‌ അവന്‍ എന്നും കണ്ണുതുറക്കുന്നത്‌. നഗരത്തിന്‍െറ തിരക്കോ ബഹളമോ വ്യാമോഹിപ്പിക്കുന്ന കാഴ്‌ചകളോ ഒന്നും അവിടെയില്ല. ദാരിദ്ര്യം പങ്കുവെക്കുന്ന കുറെ ഗ്രാമീണരിലേക്ക്‌ മാത്രമായി അവന്‍െറ കാഴ്‌ചകള്‍ ഒതുങ്ങിപ്പോകുന്നു. സാങ്‌വൂവിന്‍െറ ഈ വിരസതയും ഒറ്റപ്പെടലും പ്രേക്ഷകരിലേക്കും പകരുന്നുണ്ട്‌ സംവിധായിക.

സാങ്‌വൂവും അമ്മൂമ്മയും തമ്മിലുള്ള അടുപ്പം പതുക്കെപ്പതുക്കെയാണ്‌ സംഭവിക്കുന്നത്‌. തുടക്കത്തില്‍ അവരോട്‌ എന്തെന്നില്ലാത്ത വെറുപ്പാണ്‌ അവന്‍ പ്രകടിപ്പിക്കുന്നത്‌. അമ്മയെ യാത്രയാക്കി വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ഓരോരോ വിശേഷണങ്ങള്‍ നല്‌കി വൃദ്ധയെ അവന്‍ കണക്കിനു ശകാരിക്കുന്നുണ്ട്‌. അവരുടെ ഒപ്പം നടക്കാന്‍പോലും മടി കാട്ടുന്നു. ദിവസങ്ങള്‍ നീങ്ങവെ അമ്മൂമ്മയെ അവന്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്‌. സംസാരിക്കാനാവുന്നില്ലെങ്കിലും ഓരോ നോട്ടത്തിലും ചലനത്തിലും തലോടലിലും അവരുടെ വാത്സല്യം അവന്‍ അനുഭവിച്ചറിയുന്നു. സേ്‌നഹത്തിനു കീഴ്‌പ്പെടാനുള്ള ബാല്യത്തിന്‍െറ തിടുക്കമാണ്‌ പിന്നീടങ്ങോട്ട്‌ അവന്‍ പ്രകടിപ്പിക്കുന്നത്‌. തന്നോടു മാത്രമല്ല എല്ലാവരോടും അമ്മൂമ്മയ്‌ക്ക്‌ അടുപ്പവും സേ്‌നഹവുമുണ്ടെന്ന്‌ അവന്‍ മനസ്സിലാക്കുന്നു. ആരോടും ഒന്നും അവര്‍ വെറുതെ സ്വീകരിക്കുന്നില്ല. മറിച്ച്‌, അങ്ങോട്ടു കൊടുക്കുന്നുണ്ടുതാനും. സഹനത്തിന്‍െറയും സഹജീവിസേ്‌നഹത്തിന്‍െറയും നിസ്വാര്‍ഥതയുടെയും പങ്കുവെക്കലിന്‍െറയും മഹാ പാഠങ്ങളാണ്‌ നിസ്വമായ തന്‍െറ ജീവിതത്തിലൂടെ അവര്‍ കൊച്ചുമകന്‌ പകര്‍ന്നുകൊടുക്കുന്നത്‌. അവന്‍െറ ഓരോ ആവശ്യവും അവര്‍ തിരിച്ചറിയുന്നുണ്ട്‌. നിറവേറ്റാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ അവര്‍ തന്‍െറ നെഞ്ചുതടവിക്കാണിക്കും. `എന്നോട്‌ ക്ഷമിക്കുക' എന്നാണതിനര്‍ഥം. ഈ മൂകഭാഷ അവനും വശമാക്കുന്നു. തിരിച്ചുപോകുമ്പോള്‍ ബസ്സില്‍വെച്ച്‌ നെഞ്ച്‌ തടവിക്കൊണ്ട്‌ അവന്‍ അമ്മൂമ്മയോട്‌ പറയുന്നു: ``എല്ലാ തെറ്റുകള്‍ക്കും മാപ്പ്‌.''

സംവിധായികയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്‌ ഈ സിനിമ. അതിവൈകാരികതയിലേക്ക്‌ വീണുപോകാതെ ഓരോ രംഗവും നിയന്ത്രിച്ചുനിര്‍ത്തുന്നുണ്ട്‌ അവര്‍. ഓരോ ദൃശ്യഖണ്ഡത്തിനും വ്യക്തമായ സമയം നിശ്ചയിച്ചിട്ടുണ്ട്‌. അതിനപ്പുറത്തേക്ക്‌ ഒരു സെക്കന്‍ഡുപോലും വലിച്ചുനീട്ടുന്നില്ല. ദൃശ്യങ്ങള്‍ സൂക്ഷ്‌മതയോടെ ചേര്‍ത്തുവെച്ച്‌ ഒരു ഭാവപ്രപഞ്ചം സൃഷ്‌ടിക്കുകയാണവര്‍. പ്രതീകങ്ങളുടെ ചുമടില്ലാതെ, ദുര്‍ഗ്രഹമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമില്ലാതെ, ലളിതമായ ഭാഷയില്‍ കുറെ ജീവിതസന്ദര്‍ഭങ്ങള്‍ എടുത്തുകാണിക്കുകയാണീ ചിത്രം

3 comments:

T Suresh Babu said...

ജിയോങ്‌ ഹ്യാങ്‌ ലീയുടെ ദ വേ ഹോം എന്ന സിനിമ ലോകമെങ്ങുമുള്ള മുത്തശ്ശിമാര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ചിത്രമാണ്‌. മുമ്പൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത അമ്മയും മകനും തമ്മിലുള്ള ബന്ധമാണ്‌ ഹൃദയഹാരിയായ ഈ ചിത്രത്തിന്റെ പ്രമേയം

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

വാല്‍മീകി said...

വളരെ നന്നായി ഈ പരിചയപെടുത്തല്‍.