Thursday, December 13, 2007

മാറുന്ന ചൈന


അഞ്ചു പതിറ്റാണ്ടുകാലത്തെ ചൈന നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോവുകയാണ്‌. ചുവപ്പ്‌ പരവതാനികള്‍ ചവിട്ടിക്കടന്ന്‌ കമ്പോളവത്‌കരണത്തിലേക്ക്‌ നീങ്ങിയ ചൈന. മൂക്കു പതിഞ്ഞ്‌, പള്ളവീര്‍ത്ത ഒരു പഴഞ്ചന്‍ ബസ്സില്‍ക്കയറി നമ്മള്‍ യാത്ര തുടങ്ങുകയാണ്‌. ആ ബസ്സിനും അതിന്‍െറ സാരഥികള്‍ക്കും വന്ന പരിണാമങ്ങളിലൂടെ ഉരുത്തിരിയുന്നത്‌ ഒരു രാജ്യത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ചരിത്രമാണ്‌. കാലപ്രയാണത്തില്‍ പഴയതെല്ലാം കടങ്കഥകളാവുന്നു. പുതുകാലത്തേക്ക്‌ തേച്ചു മിനുക്കിയെടുത്ത വാഹനങ്ങളും മനുഷ്യരും പഴയതിനെയെല്ലാം തിരസ്‌കരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്നു. അറിയപ്പെടാത്ത, ചരിത്രം രേഖപ്പെടുത്താത്ത ഏതാനും ചെറിയ മനുഷ്യരുടെ കണ്ണിലൂടെ, നീറുന്ന മന്ദഹാസത്തിലൂടെ മറഞ്ഞുപോയൊരു കാലം പുനര്‍ജനിക്കുകയാണിവിടെ - `ദ റോഡ്‌'എന്ന ചൈനീസ്‌ സിനിമയിലൂടെ.

അഞ്ചു പതിറ്റാണ്ടിലേക്കു നീളുന്ന ഒരു യാത്രയാണ്‌ സാങ്‌ ജിയാറുയി എന്ന സംവിധായകന്‍ ലോങ്‌ സെ എന്ന ബസ്സ്‌ സ്റ്റേഷനില്‍ തുടങ്ങിവെക്കുന്നത്‌. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ പാടങ്ങളിലൂടെ, അപകടം പതിയിരിക്കുന്ന മലനിരകളുടെ ഹിമസാമീപ്യത്തിലൂടെ തണുത്തുറഞ്ഞ്‌ ചുവന്ന കൊടിപാറിച്ച്‌ ആ വാഹനം ഓടുകയാണ്‌. അതിലെ ഓരോ യാത്രക്കാരന്‍െറയും ഹൃദയത്തില്‍ ചെയര്‍മാന്‍ മാവോ തുടിച്ചു നില്‍ക്കുന്നു - ചുവന്ന സൂര്യനായി.

നാലു ഘട്ടങ്ങളായി തിരിച്ചാണ്‌ `ദ റോഡി'ന്‍െറ കഥ പറയുന്നത്‌. 115 മിനിറ്റാണ്‌ ചിത്രത്തിന്‍െറ നീളം. മുഖ്യകഥാപാത്രങ്ങളുടെ രൂപപരിണാമങ്ങളിലൂടെ, ഇടയ്‌ക്ക്‌ കയറി വരുന്ന പുതിയ കഥാപാത്രങ്ങളിലൂടെ, ഓരോ കാലഘട്ടവും അതിന്‍െറ സവിശേഷതകളും വ്യക്തമായി അവതരിപ്പിക്കുകയാണ്‌ സംവിധായകന്‍. സാംസ്‌കാരിക വിപ്ലവ കാലഘട്ടം (1966 - 76) മുതല്‍ ആഗോളീകരണ കാലം വരെയുള്ള വിശാലമായ കാന്‍വാസിനകത്ത്‌ ചൈനയുടെ മാറുന്ന മുഖമാണ്‌ അദ്ദേഹം കാണിച്ചുതരുന്നത്‌.

1960കളിലാണ്‌ കഥയുടെ തുടക്കം. സാംസ്‌കാരിക വിപ്ലവം കത്തിനില്‍ക്കുന്ന കാലം. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, കുടുംബം തുടങ്ങി ജീവിതത്തിലെ സമസ്‌ത രംഗങ്ങളിലും പാര്‍ട്ടിയുടെ നോട്ടവും പിടിയുമുള്ള കാലം. കിതപ്പോടെ ഗ്രാമങ്ങളും.

നഗരപാതകളും അപകടം പതിയിരിക്കുന്ന മലമ്പാതകളും താണ്ടുന്ന ഒരു ബസ്സും ലാവോ ചുയി എന്ന ഡ്രൈവറും ചുന്‍ ഫെന്‍ ലീ എന്ന വനിതാകണ്ടക്ടറും ലുയി എന്ന ഡോക്ടറുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. സദാ പുഞ്ചിരി തങ്ങിനില്‍ക്കുന്ന മുഖവും മൗനവുമാണ്‌ ലാവോയുടെ പ്രത്യേകത. ചെയര്‍മാന്‍ മാവോയുടെ പ്രത്യേക പരിഗണന കിട്ടിയിട്ടുള്ള ആളാണ്‌ മധ്യവയസ്‌കനായ ലാവോ. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിലയിരുത്തലില്‍ മാതൃകാ തൊഴിലാളിയാണ്‌ ഇയാള്‍. തെക്കന്‍ ചൈനയിലെ സാന്‍സിയാനില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വടക്കുനിന്നെത്തിയിട്ടുള്ള ആളാണ്‌ ലാവോ. ഭാര്യ മരിച്ചുപോയി. സമൂഹം ലാവോയില്‍ നിന്ന്‌ ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്‌. ആ പ്രതീക്ഷക്കൊത്ത്‌, എല്ലാവര്‍ക്കും മാതൃകയായിത്തന്നെയാണ്‌ അയാളുടെ ജീവിതവും. പാര്‍ട്ടിയും ബസ്സും മാത്രമേ അയാള്‍ക്കുള്ളൂ. പിന്നെ, താന്‍ സേ്‌നഹിക്കുന്ന, തന്നെ സേ്‌നഹിക്കുന്ന ഗ്രാമീണരായ യാത്രക്കാരും. പത്തുവര്‍ഷത്തെ പഴക്കമുണ്ട്‌ ബസ്സിന്‌. മൂന്നുലക്ഷം കി.മീറ്റര്‍ ഓടി. ഒറ്റ അപകടം പോലും ഉണ്ടായിട്ടില്ല.

സാന്‍സിയാനിലേക്ക്‌ വിശാലമായ റോഡിന്‍െറ പണി നടക്കുകയാണ്‌. അവിടേക്കുള്ള ഏക ബസ്സിന്‍െറ ചുമതലയാണ്‌ ലാവോചുയിക്ക്‌. ബസ്സ്‌ ഓരോ ഗ്രാമത്തിലെത്തുമ്പോഴും കുട്ടികള്‍ ആഹ്ലാദത്തോടെ സ്വീകരിക്കുന്നു. മുതിര്‍ന്നവര്‍ ലാവോചുയിക്ക്‌ ഹസ്‌തദാനം നടത്താന്‍ മത്സരിക്കുകയാണ്‌. മാവോയുടെ ഹസ്‌തദാനം കിട്ടിയ ആളാണ്‌ ലാവോ എന്നവര്‍ക്കറിയാം. അതാണ്‌ അയാളോടിത്ര സേ്‌നഹവും ബഹുമാനവും. വഴിയിലെവിടെയെങ്കിലും രോഗികളെ കണ്ടാല്‍ ബസ്‌ നിര്‍ത്തി അവരെ അതില്‍ പിടിച്ചുകയറ്റുന്നത്‌ ഡ്രൈവറും കണ്ടക്ടറുമായിരിക്കും. യാത്രക്കാരുമായി വിശേഷം പറഞ്ഞ്‌ അവരുമായി തമാശകള്‍ പങ്കുവെച്ച്‌ തന്‍െറ ജോലി നന്നായി ആസ്വദിക്കുന്നവളാണ്‌ കൗമാരക്കാരിയായ ചുന്‍ഫെന്‍. ബസ്സ്‌ അവള്‍ക്ക്‌ ജീവനാണ്‌. ഡ്രൈവറാകണമെന്നാണ്‌ അവളുടെ മോഹം. ഷാങ്‌ഹായിയില്‍ നിന്ന്‌ മലനിരകളില്‍ സേവനമനുഷ്‌ഠിക്കാന്‍ എത്തിയിരിക്കുകയാണ്‌ ഡോ. ലിയു. ബൂര്‍ഷ്വ കുടുംബമാണ്‌ യുവാവായ ലിയുവിന്‍േറത്‌. അതിന്‍േറതായ ചില ദൂഷ്യങ്ങളുമുണ്ടവന്‌. പാര്‍ട്ടി അവനെ ശിക്ഷിച്ച്‌ ഇങ്ങോട്ടു വിട്ടിരിക്കയാണ്‌. ഇടയ്‌ക്ക്‌ പാറപൊട്ടിക്കുന്ന സ്ഥലത്തും അവനു ജോലി ചെയ്യണം.നീണ്ട ബസ്സ്‌ യാത്രകള്‍ ലിയുവിനെയും ചുന്‍ഫെന്നിനെയും തമ്മിലടുപ്പിക്കുന്നു.

ഒരു ദിവസം ലാവോചുയിയുടെ അനുമതി വാങ്ങി ചുന്‍ഫെന്‍ ഡോ. ലിയുവിനെ കാണാന്‍ മലമുകളിലേക്കു പോകുന്നു. അവന്‍ അവിടെ കഠിനമായ ജോലിയിലായിരുന്നു. അന്നു രാത്രി അവിടത്തെ തൊഴിലാളികള്‍ക്കായി ഒരു സിനിമ കാണിക്കുന്നുണ്ട്‌. അത്‌ കണ്ടിട്ട്‌ പോയാല്‍ മതിയെന്ന്‌ ഡോ. ലിയു അവളെ നിര്‍ബന്ധിക്കുന്നു. സിനിമ തുടങ്ങിയതും കനത്ത മഴ പെയ്യുന്നു. മഴയില്‍ നിന്നു രക്ഷപ്പെടാന്‍ അവരിരുവരും ഇരുട്ടുനിറഞ്ഞ ഒരു മുറിയില്‍ കയറി നില്‍ക്കുന്നു. മലമ്പാതയില്‍ ഒതുക്കിയിട്ട ബസ്സില്‍ ഏകനായി ലാവോ ചുന്‍ഫെന്നിനെ കാത്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗമെന്ന നിലയില്‍ താന്‍ ചെയ്‌തത്‌ തെറ്റാണെന്നയാള്‍ക്കറിയാം. ചുന്‍ഫെന്‍ തന്‍െറ ജോലിസ്ഥലം വിട്ട്‌, പാര്‍ട്ടി ശിക്ഷിച്ച ഒരാളെക്കാണാന്‍ പോയത്‌ തെറ്റാണ്‌. ഇക്കാര്യം നേതാവിനെ അറിയിക്കേണ്ടതായിരുന്നു. ഇനിയൊരിക്കലും ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്‌ ലാവോചുയി തീരുമാനിക്കുന്നു.

ലിയു-ഫെന്‍ ബന്ധം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നു. ഫെന്‍ മുന്‍കൈ എടുത്തതിനാലാണ്‌ താന്‍ തെറ്റു ചെയ്‌തത്‌ എന്നുപറഞ്ഞ്‌ ഡോ. ലിയു എല്ലാ കുറ്റവും ഫെന്നിന്‍െറ തലയിലിടുന്നു. തനിക്ക്‌ വിദ്യാഭ്യാസവും പരിശീലനവും തന്ന്‌ വലുതാക്കിയ പാര്‍ട്ടിയേയും ജനങ്ങളെയും വഞ്ചിച്ചതിന്‌ അയാള്‍ മാപ്പുചോദിക്കുന്നു. ഫെന്‍ പക്ഷേ, അവനെ കുറ്റപ്പെടുത്തുന്നില്ല. ഇനിയൊരു പരാതിയുണ്ടായാല്‍ അവനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാത്തിരിക്കുകയായിരുന്നു പാര്‍ട്ടി. ലാവോ ചുയി ഫെന്നിനൊപ്പം നില്‍ക്കുന്നു. തന്‍െറ ബസ്സില്‍ നിന്ന്‌ അവളെ മാറ്റാനുള്ള തീരുമാനം അയാള്‍ പാര്‍ട്ടിയെക്കൊണ്ട്‌ പിന്‍വലിപ്പിക്കുന്നു. അവളുടെ എല്ലാ കാര്യവും താന്‍ ഏറ്റോളാമെന്ന്‌ അയാള്‍ ഉറപ്പുനല്‍കുന്നു.

ഒറ്റയാനായ ലാവോചുയിക്ക്‌ ഒരു കൂട്ടുവേണമെന്ന്‌ പാര്‍ട്ടി തീരുമാനിക്കുന്നു. ചുന്‍ ഫെന്നിനെയാണ്‌ ജീവിതസഖിയായി നിര്‍ദേശിക്കുന്നത്‌. ലാവോയെക്കാള്‍ വളരെ പ്രായം കുറവാണവള്‍ക്ക്‌. ലിയുവിന്‍െറ വഞ്ചനയില്‍ മനസ്സു തകര്‍ന്നുപോയ ഫെന്‍ ലാവോയുമായുള്ള വിവാഹത്തിനു സമ്മതിക്കുന്നു. കിടപ്പറയില്‍ അതിവേഗം തളര്‍ന്നുപോകുന്ന ലാവോ തന്‍െറ പുതുദാമ്പത്യം പരാജയപ്പെടുകയാണെന്നു മനസ്സിലാക്കുന്നു. നിരാശയും വേദനയും ഉള്ളിലൊതുക്കി ഇരുവരും പഴയതുപോലെ ബസ്സിലെ ജോലി തുടരുന്നു.

ഒരുദിവസം ഫെന്നിന്‌ ഷാങ്‌ഹായിയില്‍ നിന്നൊരു കത്ത്‌. ഡോ. ലിയുവിന്‍േറതായിരുന്നു അത്‌. അവളത്‌ വായിക്കാതെ കീറി ചവറ്റുകുട്ടയിലിടുന്നു. ലാവോ ആ കത്ത്‌ എടുത്ത്‌ ഒട്ടിച്ച്‌ കവറിലാക്കിവെക്കുന്നു. കരിങ്കല്‍ ക്വാറിയിലെ മഴനനഞ്ഞ ആ രാത്രിയെക്കുറിച്ചായിരുന്നു കത്തില്‍ നിറയെ. അന്നവിടെ നഷ്‌ടപ്പെട്ടുപോയ അവളുടെ ചുവന്ന സ്‌കാര്‍ഫിനെക്കുറിച്ചും അവനെഴുതിയിരുന്നു.

ദിവസങ്ങള്‍ക്കുശേഷം വീണ്ടും കത്തുവരുന്നു. അതും അവള്‍ വായിക്കാതെ കീറിക്കളയുന്നു. ലാവോ ആ കത്തും എടുത്ത്‌ സൂക്ഷിച്ച്‌ വെക്കുന്നു. സ്വപ്‌നങ്ങള്‍ ആവര്‍ത്തിക്കുകയില്ലെങ്കിലും അവ ഒരിക്കലുംഅപ്രത്യക്ഷമാകുന്നില്ലെന്ന്‌ അവന്‍ എഴുതുന്നു. പിന്നീടൊരു ദിവസം ഫെന്നിന്‌ അവന്‍െറ ഫോണ്‍ വരുന്നു. അവന്‍ വിദേശത്തേയ്‌ക്കു പോവുകയാണ്‌. അതിനുമുമ്പ്‌ ഒന്നു കാണണം. അവന്‍ അവള്‍ക്ക്‌ ഒരു കത്ത്‌ കൊടുത്തുവിടുന്നു. അതില്‍ ഒരു ചുവന്ന ബട്ടണുണ്ടായിരുന്നു. അവളുടെ ഉടുപ്പിന്‍െറതായിരുന്നു അത്‌. ഡോ. ലിയു വര്‍ഷങ്ങളോളം ആ ബട്ടണ്‍ സൂക്ഷിച്ചുവെച്ചിരിക്കയായിരുന്നു. താന്‍ വാങ്ങിക്കൊടുത്ത ചുവന്ന സ്‌കാര്‍ഫണിഞ്ഞ്‌ പുറത്തേക്കു പോകാനൊരുങ്ങിയ ഫെന്നിനെ ലാവോ തടയുന്നു. ഡോ. ലിയുവിന്‍െറ കാത്തിരിപ്പ്‌ വിഫലമായി. ഹതാശനായ അവന്‍ തിരിച്ചു പോകുന്നു.

ഇതാദ്യമായി ലാവോയുടെ ബസ്സിന്‌ അപകടം പറ്റുന്നു. നദിയിലേക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌. പരിക്കേറ്റ ലാവോ ആസ്‌പത്രിയിലാകുന്നു. അയാള്‍ക്ക്‌ ബോധം നഷ്‌ടപ്പെട്ടിരുന്നു.

ഇത്‌ 1990 കളാണ്‌. ചൈന മാറ്റത്തിലേക്ക്‌ നീങ്ങിയ കാലഘട്ടം. നഗരത്തിരക്കിലൂടെ ഒരു പുതിയ മോഡല്‍ ബസ്സ്‌. ചുന്‍ ഫെന്‍ ആണ്‌ അതിന്‍െറ ഡ്രൈവര്‍. കണ്ടക്ടറായി മറ്റൊരു പെണ്‍കുട്ടി. ജോലി കഴിഞ്ഞാല്‍ ഫെന്‍ ആസ്‌പത്രിയിലെത്തും. ലാവോ ഇപ്പോഴും ബോധമറ്റ്‌ ഒരേ കിടപ്പാണ്‌. അവള്‍ തന്‍െറ വിശേഷങ്ങളെല്ലാം അയാളോട്‌ എണ്ണിപ്പറഞ്ഞ്‌ സംതൃപ്‌തിയടയും. അയാളെ പരിചരിച്ചശേഷം വീണ്ടും ജോലിക്കു കയറും. ലാവോ ഓടിച്ചിരുന്ന ബസ്സ്‌ പാര്‍ട്ടി ഒരു സ്‌മാരകമാക്കി മാറ്റിയിരുന്നു. ഒരു പ്രദര്‍ശനം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിക്കുന്നു. ലാവോയുടെ സാധനങ്ങളെല്ലാം പ്രദര്‍ശനത്തിലുണ്ടാകണം. അയാളുപയോഗിച്ച എല്ലാ വസ്‌തുക്കളും ഫെന്‍ ശേഖരിക്കുന്നു. പെട്ടി തുറന്ന്‌ അയാളുടെ ഡയറിയും പേനയും പുറത്തെടുക്കുന്നു. ഡയറി വായിക്കുമ്പോഴാണ്‌ ലാവോ തന്നോട്‌ കാണിച്ചിരുന്ന ഔദാര്യത്തെയും കരുതലിനെയും സേ്‌നഹത്തെയും കുറിച്ച്‌ അവള്‍ അറിയുന്നത്‌. പശ്ചാത്താപം കൊണ്ട്‌ അവളുടെ മനസ്സ്‌ വിങ്ങുന്നു.

നഗരത്തിലിപ്പോള്‍ തിരക്കേറിയിരിക്കുന്നു. കാറുകള്‍ ധാരാളം. സൈക്കിളുകള്‍ വളരെ അപൂര്‍വം. ഫെന്‍ റിട്ടയര്‍ ചെയ്‌തു. സൈക്കിളിലാണ്‌ ഫെന്നിന്‍െറ യാത്ര. പാര്‍ട്ടിയുടെ പുതിയ തീരുമാനമനുസരിച്ച്‌ ലാവോയുടെ ബസ്സിപ്പോള്‍ പാഴ്‌വസ്‌തുവാണ്‌. ഇരുമ്പു വിലയ്‌ക്ക്‌ അത്‌ തൂക്കി വിറ്റിരിക്കുന്നു. ആര്‍ക്കും അതിനോടിപ്പോള്‍ മമതയില്ല. ആ വാഹനത്തിന്‍െറ പ്രാധാന്യം പുതുതലമുറക്കറിയില്ല. ലാവോയുടെ സാഹസിക ജീവിതമോ ആത്മാര്‍പ്പണമോ ഇന്ന്‌ ആരുമോര്‍ക്കുന്നില്ല. വഴിമുടക്കിക്കിടന്ന പഴഞ്ചന്‍ ബസ്സ്‌ ഇരുമ്പു കച്ചവടക്കാരന്‍െറ കൊലക്കത്തിയും കാത്ത്‌ കഴിയുന്നു. ചുന്‍ഫെന്നിനു പക്ഷേ, ആ ബസ്സ്‌ തന്‍െറ ജീവിതം തന്നെയായിരുന്നു. ഫെന്‍ ഒരു ദിവസം ബസ്സിന്‌ ജീവന്‍ വെപ്പിക്കുന്നു. അനുസരണയോടെ ആ വാഹനം ഫെന്നിനു വഴങ്ങിക്കൊടുക്കുന്നു. നഗരത്തിലൂടെ രാത്രി ഫെന്‍ ബസ്സോടിച്ചുപോകുന്നു. കുട്ടികളും മുതിര്‍ന്നവരും ആ അത്ഭുതജീവിയെ തുറിച്ചുനോക്കി. പെട്ടെന്ന്‌ ബസ്സിന്‍െറ ജീവന്‍ നിലച്ചു. ആള്‍ക്കാര്‍ ചുറ്റും കൂടി. നഗരത്തില്‍ വാഹനങ്ങള്‍ വഴികിട്ടാതെ സ്‌തംഭിച്ചുകിടന്നു.

ഇത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌. ഫെന്നിനിപ്പോള്‍ പ്രായമായി. അവര്‍ ഒരു യാത്രക്കൊരുങ്ങുകയാണ്‌. ഫെന്നിന്‍െറ ബസ്സില്‍ ഇടക്കിടെ കാണാറുള്ള വിദേശവസ്‌തു വില്‌പനക്കാരന്‍ യാത്രയയക്കാന്‍ എത്തിയിട്ടുണ്ട്‌. ഫെന്നിന്‌ ഒരു ജീവിതം നല്‍കാമെന്ന്‌ അയാളൊരിക്കല്‍ വാഗ്‌ദാനം ചെയ്‌തിരുന്നതാണ്‌. ലാവോയുടെ ഓര്‍മകളില്‍ കഴിയുന്ന ഫെന്‍ ആ വാഗ്‌ദാനം സ്വീകരിക്കുന്നില്ല. ലാവോയുടെസ്‌മാരകം സന്ദര്‍ശിക്കാന്‍ പോവുകയാണ്‌ ഫെന്‍. സ്‌മാരകത്തിനു മുന്നില്‍ തനിക്കുവേണ്ടിയും കുന്തിരിക്കത്തിരി കത്തിക്കണമെന്ന്‌ വിദേശവസ്‌തു വില്‌പനക്കാരന്‍ ഫെന്നിനോട്‌ അഭ്യര്‍ഥിക്കുന്നു.

നഗരം കീഴടക്കിയ പുതുപുത്തന്‍ ബസ്സിലാണ്‌ ഫെന്നിന്‍െറ യാത്ര. ബസ്സിലാരും പരസ്‌പരം സംസാരിക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ ടി.വി.യിലാണ്‌. അതിലെ തമാശകള്‍ മാത്രമേ ബസ്സില്‍ കേള്‍ക്കാനുള്ളൂ. പുറത്തെ കാഴ്‌ചകളില്‍ മുഴുകിയിരിക്കുകയാണ്‌ ഫെന്‍. നീലമലനിരകള്‍ പിന്നിട്ട്‌ ബസ്സ്‌ പായുമ്പോള്‍ ഫെന്നിന്‍െറ ഓര്‍മകളില്‍ സുഗന്ധം നിറയുന്നു. ഒരു വാഹനത്തിന്‌ മാത്രം പോകാവുന്ന ഇടുങ്ങിയ പാതകളല്ല അവരിപ്പോള്‍ കാണുന്നത്‌. വിശാലമായ റോഡ്‌. ധാരാളം വാഹനങ്ങള്‍. ബസ്സ്‌ ടണലില്‍ പ്രവേശിക്കുമ്പോള്‍ ഫെന്നിന്‌ ആഹ്ലാദവും കൗതുകവും അമ്പരപ്പും. ഈ ടണലിന്‍െറ പണി നടക്കുമ്പോള്‍ എത്രയോ തവണ ലാവോയും ഫെന്നും ഇതിലെ ബസ്സോടിച്ചിട്ടുണ്ട്‌. ടണലിലെ ഇരുട്ടില്‍നിന്ന്‌ പുറത്തുകടക്കുമ്പോള്‍ നമ്മള്‍ കാണുന്നത്‌ ലാവോയുടെ പഴയ ബസ്സാണ്‌. ലാവോയാണ്‌ ഓടിക്കുന്നത്‌. ഫെന്‍ ആഹ്ലാദത്തോടെ ടിക്കറ്റ്‌ മുറിച്ചു കൊടുക്കുന്നുണ്ട്‌. ബസ്സില്‍ ആകപ്പാടെ ബഹളം. ചടുലമായ ജീവിതത്തിന്‍െറ ദൃശ്യങ്ങള്‍. ക്യാമറ പതുക്കെ ഈ ദൃശ്യങ്ങളില്‍നിന്നു പിന്‍മാറുന്നു. ഇപ്പോള്‍ നമ്മള്‍ കാണുന്നത്‌ പിന്‍സീറ്റില്‍ ഒറ്റക്കിരിക്കുന്ന ഫെന്നിനെയാണ്‌. അവരുടെ ചുണ്ടില്‍ നേര്‍ത്ത ചിരി പടരുന്നു. സംതൃപ്‌തിയുടെ ചിരി. ജീവിത സാക്ഷാത്‌കാരത്തിന്‍െറ നിറഞ്ഞ ചിരി. നഷ്‌ടപ്പെട്ടതില്‍ ആകുലതകളില്ലാതെ, ആടിത്തീര്‍ത്ത ജീവിതത്തിന്‌ ആരോടോ നന്ദി പറയുന്നതുപോലെ, ആരോടും പരിഭവമില്ലാതെ അവര്‍ ചിരിക്കുന്നു.

2006-ല്‍ കയ്‌റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള `ദ ഗോള്‍ഡന്‍ പിരമിഡ്‌' അവാര്‍ഡ്‌ `ദ റോഡി'നായിരുന്നു. കൗമാരക്കാരിയില്‍നിന്ന്‌ ജീവിതസായാഹ്നത്തിലെത്തും വരെയുള്ള ചുന്‍ഫെന്‍ ലീയുടെ വിവിധ ഘട്ടങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ച സാങ്‌ ജിഞ്ചു മികച്ച നടിക്കുള്ള അവാര്‍ഡും നേടി.
കാര്യങ്ങള്‍ ലളിതമായി പറയുന്നു സംവിധായകന്‍. ചിത്രത്തിലൊരിടത്തും കമന്‍ററിയുടെ ആവശ്യം വന്നിട്ടില്ല. ഓരോ കാലഘട്ടത്തിലെയും മാറ്റങ്ങള്‍ സംവിധായകന്‍ മനസ്സില്‍ കണ്ട മട്ടില്‍ത്തന്നെ പ്രേക്ഷകരിലേക്ക്‌ എത്തുന്നുണ്ട്‌. നിത്യജീവിതവുമായി ബന്ധപ്പെട്ട ബസ്‌, യാത്ര എന്നീ ലളിതബിംബങ്ങളാണ്‌ ആശയാവതരണത്തിനായി സംവിധായകന്‍ സ്വീകരിക്കുന്നത്‌.

രാഷ്ട്രീയ-സാമൂഹിക പരാമര്‍ശങ്ങള്‍ ഈ സിനിമയുടെ അനിവാര്യ ഘടകമാണ്‌. ചൈനാചരിത്രത്തില്‍നിന്ന്‌ ചെയര്‍മാന്‍ മാവോയെയും അദ്ദേഹത്തിന്‍െറ ചിന്തകളെയും സ്വാധീനശക്തിയെയും ആര്‍ക്കും മാറ്റി നിര്‍ത്താനാവില്ല. പക്ഷേ, സിനിമയിലാകുമ്പോള്‍ ഇതെല്ലാം ഇതിവൃത്തത്തോട്‌ ഇണക്കിച്ചേര്‍ക്കാന്‍ ബുദ്ധിമുട്ടാണ്‌. അത്തരം ചതിക്കുഴിയില്‍ `ദ റോഡി'ന്‍െറ സംവിധായകന്‍ വീഴുന്നില്ല. ആസ്വാദനത്തെ അലോസരപ്പെടുത്തും വിധം കലാമൂല്യം ബലികഴിച്ചുകൊണ്ടുള്ള രാഷ്ട്രീയമൊന്നും അദ്ദേഹം ചിത്രത്തിലേക്ക്‌ കടത്തി വിടുന്നില്ല.

ശക്തമായ തിരക്കഥ, പ്രധാന കഥാപാത്രങ്ങളുടെ മികച്ച അഭിനയം, പ്രകൃതിയെക്കൂടി ഇതിവൃത്തത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്ന മികച്ച ഛായാഗ്രഹണം എന്നിവയാണ്‌ ഈ ചിത്രത്തിന്‍െറ വിജയത്തിനുപിന്നിലെ പ്രധാന ഘടകങ്ങള്‍.

3 comments:

T Suresh Babu said...

അഞ്ചു പതിറ്റാണ്ടുകാലത്തെ ചൈന നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോവുകയാണ്‌. മൂക്കു പതിഞ്ഞ്‌, പള്ളവീര്‍ത്ത ഒരു പഴഞ്ചന്‍ ബസ്സില്‍ക്കയറി നമ്മള്‍ യാത്ര തുടങ്ങുകയാണ്‌. ആ ബസ്സിനും അതിന്‍െറ സാരഥികള്‍ക്കും വന്ന പരിണാമങ്ങളിലൂടെ ഉരുത്തിരിയുന്നത്‌ രാജ്യത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ചരിത്രമാണ്‌. മറഞ്ഞുപോയൊരു കാലം പുനര്‍ജനിക്കുകയാണിവിടെ - `ദ റോഡ്‌'എന്ന ചൈനീസ്‌ സിനിമയിലൂടെ.

സജീവ് കടവനാട് said...

Yes I get a lOngshot

രാജ് said...

സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരു ബ്ലോഗായി ലോങ്ഷോട്ട്സും. പുതിയ തരം വായനകള്‍ക്കു സാധ്യതയൊരുക്കിയിരുന്ന ബ്ലോഗുകള്‍ സിനിമയെ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ വളരെ ശുഭപ്രതീക്ഷ തോന്നുന്നു. റോ‍ബി, വെള്ളെഴുത്ത്, ഇടയ്ക്കും തലയ്ക്കും സിനിമയെ കുറിച്ചെഴുതുന്ന മറ്റുള്ളവര്‍, ഇപ്പോള്‍ ലോങ്ഷോട്സും, കാഴ്ച പുതുതായി നിര്‍വചിക്കപ്പെടുന്നു.