Sunday, January 27, 2008

ഗ്വാണ്ടനാമോയിലേക്ക്‌ നീളുന്ന പാതകള്‍

ക്യൂബന്‍ തീരത്തുള്ള ഗ്വാണ്ടനാമോ ഒരു പ്രതീകമാണ്‌. അടിച്ചമര്‍ത്തലിന്‍െറ, നീതി നിഷേധത്തിന്‍െറ, മനുഷ്യത്വ രാഹിത്യത്തിന്‍െറ പ്രതീകം. `ആഗോള ഭീകരത' എന്ന ഭീഷണി ഉയര്‍ത്തിക്കാട്ടി,`ഭരണകൂട ഭീകരത' നടപ്പാക്കുന്ന ഇരുട്ടറകളുടെ കേന്ദ്രം. ആ തടവറകളില്‍ കുറ്റം ചുമത്തപ്പെടാതെ, വിചാരണയില്ലാതെ, കാരുണ്യലേശമില്ലാതെ , ഭീതിയുടെ മുള്‍മുനയില്‍ നരകം കണ്ടുമടങ്ങിയ മൂന്നു ചെറുപ്പക്കാരുടെ അനുഭവങ്ങളാണ്‌. `ദ റോഡ്‌ റ്റു ഗ്വാണ്ടനാമോ' എന്ന ബ്രിട്ടീഷ്‌ ചിത്രം.
2001 സപ്‌തംബര്‍ പതിനൊന്നിനുശേഷം അമേരിക്കയുടെ ചിന്തയിലേക്കു കടന്നുവന്ന ഭീതിയുടെ നീതിശാസ്‌ത്രമാണ്‌ ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്‌. ആരെയും താലിബാന്‍കാരും, അല്‍ഖ്വെയ്‌ദയുമാക്കുന്ന ആ നീതി ശാസ്‌ത്രത്തിന്‍െറ കാടത്തമാണ്‌ ചിത്രം ചോദ്യം ചെയ്യുന്നത്‌. രണ്ട്‌ ബ്രിട്ടീഷ്‌ സംവിധായകര്‍ തന്നെ അതിനു മുതിര്‍ന്നു എന്നതാണ്‌ `ദ റോഡ്‌ റ്റു ഗ്വാണ്ടനാമോ' യുടെ പ്രത്യേകത.

സാധാരണപോലെ, ഉള്‍പ്പിരിവുകളുള്ള ഒരു കഥയോ, കഥാഗതിയെ മാറ്റിമറിക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളോ ഇതില്‍ കാണാനാവില്ല. ഉള്ളത്‌ അനുഭവങ്ങളുടെ കുറെ സത്യങ്ങള്‍ മാത്രം. `ടിപ്‌റ്റന്‍ ത്രയം' എന്നറിയപ്പെടുന്ന ചെറുപ്പക്കാരുടെ തീഷ്‌ണയൗവനത്തില്‍ നിന്നു ചോര്‍ന്നുപോയ രണ്ടുമൂന്നുവര്‍ഷങ്ങളുടെ രേഖാ ചിത്രം. ബ്രിട്ടനിലെ ടിപ്‌റ്റണില്‍ ജീവിക്കുന്ന പാക്‌ വംശജരാണ്‌ ആസിഫ്‌ ഇഖ്‌ബാല്‍, റുഹേല്‍ അഹമ്മദ്‌, ഷഫീഖ്‌ റസൂല്‍ എന്നിവര്‍. എല്ലാവര്‍ക്കും ഇരുപതിനടുത്ത്‌ പ്രായം. ആസിഫിന്‍െറ മാതാവ്‌ ഇസ്‌ലാമാബാദില്‍ അവന്‌ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു. അവളെ ആസിഫിന്‌ ഒന്നു കാണണം. അതിനായി പാകിസ്‌താനിലേക്ക്‌ പുറപ്പെടുകയാണവന്‍. 2001 സപ്‌തംബര്‍ 28നാണ്‌ യാത്ര തുടങ്ങുന്നത്‌. സുഹൃത്തുക്കളായ റുഹേലും ഷഫീഖും മുനീറും അവനൊപ്പം കൂടുന്നു കറാച്ചിയും ക്വറ്റയും കടന്ന്‌ അവര്‍ അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയിലെത്തുന്നു. അപ്പോഴേക്കും അഫ്‌ഗാനിസ്‌താനില്‍ അമേരിക്കന്‍ സേന കടുത്ത ആക്രമണം തുടങ്ങിയിരുന്നു. യുദ്ധാവസ്ഥ കാണാന്‍ അഫ്‌ഗാനിസ്‌താനിലേക്ക്‌ പോകുന്നു നാല്‍വരും.
താലിബാന്‍െറ ഹൃദയഭൂമിയായ കാണ്ഡഹാറിലാണ്‌ ആദ്യമെത്തുന്നത്‌. യുദ്ധം കനത്തതോടെ അവര്‍ അവിടം വിടുന്നു കാബൂളിലെ്‌തതിയതും എങ്ങനെയെങ്കിലും ജന്മനാട്ടിലേക്ക്‌ പോകാനായി ശ്രമം. കുണ്ടൂസ്‌ പ്രവിശ്യയില്‍ വെച്ച്‌ കൂട്ടത്തിലുള്ള മുനീറിനെ കാണാതാവുന്നു. ബാക്കി മൂന്നുപേരും വടക്കന്‍ സഖ്യത്തില്‍പ്പെട്ട സൈനികരുടെ പിടിയിലാവുന്നു. അവര്‍ മൂവരേയുമ അമേരിക്കന്‍ സേനക്ക്‌ കൈമാറുന്നു. അവിടെ നിന്ന്‌ ഗ്വാണ്ടനാമോ തടവറയിലേക്കുള്ള ദുരിതപാത തുടങ്ങുകയായി. അല്‍ ഖ്വെയ്‌ദക്കാരെന്നു മുദ്രകുത്തപ്പെട്ട അവര്‍ പീഢനത്തിന്‍െറയും അവഹേളനത്തിന്‍െറയും ദിനരാത്രങ്ങളിലൂടെ കടന്നുപോവുകയാണ്‌. രണ്ടര വര്‍ഷത്തോളം വിചാരണയില്ലാതെ ഗ്വാണ്ടനാമോയില്‍ കഴിഞ്ഞു. ഒടുവില്‍ , 2004 ല്‍ മൂവരും മോചിതരാക്കപ്പെട്ടു.

യു.എസ്‌. പ്രസിഡന്‍റ്‌ ജോര്‍ജ്ജ്‌ ബുഷിന്‍െറ വാചകമടിയോടെയാണ്‌ ചിത്രം തുടങ്ങുന്നത്‌. ഗ്വാണ്ടനാമോയിലെ പൈശാചികതയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുകയാണദ്ദേഹം. ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്നവരെല്ലാം `ചീത്ത ആള്‍ക്കാരാണ്‌' എന്നാണ്‌ ബുഷിന്‍െറ ന്യായവാദം. ഇതംഗീകരിക്കും മട്ടില്‍ , ബുഷിന്‍െറ വലംകയ്യായ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണിബ്ലെയറെയും അടുത്ത ദൃശ്യത്തില്‍ നാം കാണുന്നു. ഈരംഗം കട്ട്‌ചെയ്യുന്നത്‌ ആസിഫ്‌ ഇഖ്‌ബാല്‍ എന്ന ചെറുപ്പക്കാരനിലേക്കാണ്‌. പ്രതീക്ഷയോടെ ജന്മനാട്ടിലേക്കു പോകാന്‍ ഒരുക്കങ്ങള്‍ നടത്തുകയാണവന്‍. ബുഷിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ ആ `ചീത്തപ്പയ്യന്‍' ഗ്വാണ്ടനാമോയിലേക്കുള്ള തന്‍െറ യാത്രക്ക്‌ തുടക്കം കുറിക്കുകയായിരുന്നു.ഈ സിനിമയുടെ ഇതിവൃത്തവുമായി ഇഴുകിച്ചേര്‍ന്ന്‌ കിടക്കുന്ന ഒരു ഘടകമാണ്‌ യാത്ര. ആസിഫിന്‍െറയും കൂട്ടുകാരുടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നത്‌ യാത്രയാണ്‌. തുടക്കം ആഹ്ലാദാരവങ്ങളോടെ. പിന്നീടത്‌ ദുരന്തത്തിലേക്ക്‌ വഴിമാറിപ്പോകുന്നു. പാകിസ്‌താനിലൂടെ, അഫ്‌ഗാനിസ്‌താനിലൂടെ മലമ്പാതകളും നഗരങ്ങളും താണ്ടി അവര്‍ കടന്നു പോകുന്നുണ്ട്‌. ആദ്യം ബസ്സില്‍, പിന്നെ ടൊയോട്ടയില്‍. കുണ്ടൂസിലെത്തിയപ്പോള്‍ യാത്രയുടെ മട്ടുമാറുന്നു. സ്വതന്ത്ര്യത്തില്‍ നിന്ന്‌ വിലങ്ങുകളിലേക്കാണവര്‍ കിതച്ചെത്തുന്നത്‌. ഇവിടുന്ന്‌ തുറന്ന ലോറികളിലും വായു കടക്കാതെ അടച്ചിട്ട കണ്ടെയ്‌നറുകളിലും ഒടുവില്‍ ബന്ധനസ്ഥനാക്കപ്പെട്ട്‌ വിമാനത്തിലും യാത്ര തുടരുന്നു. ഇവിടെ, ആഹ്ലാദം ഭീതിക്കുന മൗനത്തിനും വഴിമാറിക്കൊടുക്കുന്നു.

യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കി എടുത്തിട്ടുള്ളതിനാല്‍ ഈ ചിത്രത്തിന്‌ പൊതുവെ ഡോക്യുമെന്‍ററിയുടെ സ്വഭാവമുണ്ട്‌. തടവറയില്‍ നിന്നു പുറത്തുവന്ന ആസിഫിന്‍െറയും റുഹേലിന്‍െറയും ഷഫീഖിന്‍െറയും വാക്കുകളിലൂടെത്തന്നെയാണ്‌ അവരുടെ ദുരനുഭവങ്ങള്‍ നാം കേള്‍ക്കുന്നത്‌. അവ ദൃശ്യഖണ്ഡങ്ങളായി നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോകുന്നു. ഇതിലെ നടന്മാരാരും അഭിനയിക്കുന്നില്ല. ഓരോ അനുഭവവും സ്വന്തമാക്കിമാറ്റി അവര്‍ സ്വാഭാവികമായി പെരുമാറുക മാത്രമാണ്‌ ചെയ്യുന്നത്‌.

മൈക്കിള്‍ വിന്‍റര്‍ബോട്ടം, മാറ്റ്‌ വൈറ്റ്‌ക്രോസ്‌ എന്നീ ബ്രിട്ടീഷുകാരാണ്‌ `ഗ്വാണ്ടനാമോ'യുടെ സംവിധായകര്‍. 2003ല്‍ ബര്‍ലിന്‍ അന്താരാഷ്ര്‌ട ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡിന്നര്‍ഹമായ `ഇന്‍ ദിസ്‌ വേള്‍ഡി'ന്‍െറ സംവിധായകനാണ്‌ വിന്‍റര്‍ബോട്ടം. അഫ്‌ഗാനിസ്‌താന്‍ തന്നെയായിരുന്നു ഈ ചിത്രത്തിലെയും പ്രമേയം. അഫ്‌ഗാന്‍ അഭയാര്‍ഥികളായിരുന്നു ഇതിലെ അഭിനേതാക്കള്‍.

2006ലെ ബര്‍ലിന്‍ അന്താരാഷ്ര്‌ട ചലച്ചിത്രമേളയില്‍ `ദ റോസ്‌ ടു ഗ്വാണ്ടനാമോ' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. തന്‍െറ സിനിമക്കു പിന്നില്‍ രാഷ്ര്‌ടീയമൊന്നുമില്ലെന്ന്‌ വിന്‍റര്‍ബോട്ടം പറയുന്നു. `മൂവരുടെയും അനുഭവങ്ങള്‍ കേട്ടപ്പോള്‍ അത്‌ സിനിമയാക്കാന്‍ താല്‍പര്യം തോന്നി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി പകര്‍ത്തിവെക്കാനേ ശ്രമിച്ചിട്ടുള്ളൂ'-അദ്ദേഹം വ്യക്തമാക്കുന്നു.

കൂടുതല്‍ പേര്‍ തങ്ങളുടെ ചിത്രം കാണണമെന്ന്‌ സംവിധായകര്‍ ആഗ്രഹിച്ചു. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും മുമ്പ്‌ തന്നെ `ചാനല്‍ ഫോറി'ല്‍ കാണിച്ചു. പിന്നീട്‌, തിയേറ്ററിനൊപ്പം ഇന്‍റര്‍നെറ്റിലും കാണിച്ചു. ഇതിന്‍െറ ഡി.വി.ഡിയും പുറത്തിറങ്ങി. ഇംഗ്ലണ്ട്‌, അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍, ഇറാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഗ്വാണ്ടനാമോ തടവറ രൂപപ്പെടുത്തിയത്‌ ഇറാനിലാണ്‌.

കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടങ്കല്‍ പാളയത്തിന്‍െറ ഉള്ളറകളിലേക്ക്‌ നോക്കുന്ന ആദ്യചിത്രം എന്നാണ്‌ പല നിരൂപകരും `ദ റോഡ്‌ ടു ഗ്വാണ്ടനാമോ'യെ വിശേഷിപ്പിക്കുന്നത്‌. `അതിശക്തം. ഓരോ അമേരിക്കന്‍ വോട്ടറും കണ്ടിരിക്കേണ്ട ചിത്രം' എന്നാണ്‌ ബുഷിനെറ കടുത്ത വിമര്‍ശകനായ അമേരിക്കന്‍ സംവിധായകന്‍ മൈക്കിള്‍മൂര്‍ അഭിപ്രായപ്പെടുന്നത്‌.

`ദ റോഡ്‌ ടു ഗ്വാണ്ടനാമോ' യാഥാര്‍ഥ്യങ്ങളോട്‌ നീതി പുലര്‍ത്തുന്ന നല്ലൊരു ചിത്രമാണെന്നാണ്‌ ആ തടവറകളില്‍ ഏറെക്കാലം കഴിച്ചുകൂട്ടേണ്ടിവന്ന മുരാട്‌ കര്‍നാസ്‌ പറയുന്നത്‌. ഗ്വാണ്ടനാമോയില്‍ അരങ്ങേറുന്ന പൈശാചികതയുടെ ഇരുപതു ശതമാനമേ ചിത്രത്തിലുള്ളൂ എന്നാണ്‌ മുരാടിന്‍െറ പക്ഷം. അവിടെ നടക്കുന്നതെല്ലാം ഒറ്റച്ചിത്രത്തില്‍ ഒതുക്കാനാവില്ല എന്നാണ്‌ അദ്ദേഹത്തിന്‍െറ അഭിപ്രായം.

`ദ വാലി ഓഫ്‌ ദ വൂള്‍വ്‌സ്‌ ഇറാഖ്‌' എന്ന തുര്‍ക്കിചിത്രവുമായി ഗ്വാണ്ടനാമോക്ക്‌ കുറച്ചൊക്കെ സാമ്യമുണ്ട്‌. ഇറാഖി ജനത ഏറ്റുവാങ്ങേണ്ട വരുന്ന പീഡനങ്ങളാണ്‌ തുര്‍ക്കിചിത്രത്തിന്‍െറ വിഷയം. അവിടത്തെ അബുഗരെബ്‌ തടവറയിലും ഗ്വാണ്ടനാമോയിലും നാം കാണുന്ന രംഗങ്ങള്‍ക്ക്‌ ഒരേ സ്വഭാവമാണ്‌. വേട്ടക്കാര്‍ ഒന്നുതന്നെയാകുമ്പോള്‍ അവരുടെ ക്രൂരതകള്‍ക്കും ഒരേ മുഖം കൈവരുന്നത്‌ സ്വാഭാവികം മാത്രം.

മനുഷ്യവകാശങ്ങള്‍ ചവിട്ടിമെതിയ്‌ക്കുന്ന ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടണമെന്ന ആവശ്യം ലോകമെങ്ങും ഉയരുന്ന സന്ദര്‍ഭത്തിലാണ്‌ ഇത്തരമൊരു സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌ എന്ന കാര്യം ശ്രദ്ധേയമാണ്‌. 2002 ജനവരി പതിനൊന്നിനാണ്‌ ക്യൂബയിലെ അമേരിക്കന്‍ നാവികത്താവളത്തിന്‍െറ ഭാഗമായി ഈ തടവറ തുറന്നത്‌. സംശയത്തിന്‍െറ നിഴലിലുള്ളവരെല്ലാം ഗ്വാണ്ടനാമോയിലേക്കുള്ള പാതയിലാണ്‌. താലിബാന്‍, അല്‍ഖ്വെയ്‌ദ തീവ്രവാദികളെന്നു കരുതുന്നുവരെയാണ്‌ ഇവിടേക്കു കൊണ്ടുവരുന്നത്‌. മുപ്പത്‌ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ തടവുകാരായി ഉണ്ടെന്നാണ്‌ കണക്ക്‌. കുറ്റപത്രമില്ലാതെ, വിചാരണയില്ലാതെ അവരുടെ തടവ്‌ അനിശ്ചിതമായി നീളുകയാണ്‌.

Monday, January 21, 2008

പ്രകൃതി, സംന്യാസം, ജീവിതം

തന്നോടുതന്നെ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നയാളാണ്‌ തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്‌. ജീവിതത്തെക്കുറിച്ചുള്ള പ്രഹേളികയ്‌ക്ക്‌ ഉത്തരം തേടുകയാണദ്ദേഹം. ``എന്താണു ജീവിതം? എന്താണു മനുഷ്യര്‍?''-കിമ്മിനെ അലട്ടുന്ന പ്രധാന ചോദ്യം ഇതാണ്‌. ബുദ്ധദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ്‌ `സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്‍റര്‍... ആന്‍ഡ്‌ സ്‌പ്രിങ്‌' എന്ന ചിത്രം.
ഋതുചക്രം പ്രകൃതിയിലും ജീവിതത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളാണ്‌ ചിത്രത്തിന്‍െറ ഇതിവൃത്തം. ശീര്‍ഷകം തന്നെ ഋതുപരിണാമത്തിന്‍െറ സൂചന നല്‍കുന്നു. മലകള്‍ക്കും കാടിനും നടുവില്‍ പ്രശാന്തമായ തടാകം. ഈ തടാകത്തില്‍ മരംകൊണ്ടുതീര്‍ത്ത ഒരാശ്രമം. അവിടെ രണ്ട്‌ അന്തേവാസികള്‍. ഒരു ബുദ്ധസംന്യാസിയും അരുമയായ കൊച്ചുശിഷ്യനും. അര നൂറ്റാണ്ടിനിടയില്‍ ഈ ശിഷ്യന്‍െറ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ ഊന്നിയാണ്‌ കഥ നീങ്ങുന്നത്‌.

ഒരു വസന്തകാലത്താണ്‌ കഥ തുടങ്ങുന്നത്‌. പൂത്തുലഞ്ഞുനില്‍ക്കുന്ന പ്രകൃതി. ചേതോഹരമായ ഒരു പ്രഭാതം. ആദ്യം നമ്മള്‍ ആശ്രമഗുരുവിനെ പരിചയപ്പെടുന്നു. കൊച്ചുശിഷ്യന്‍െറ നിഷ്‌കളങ്കമുഖമാണ്‌ പിന്നീട്‌ കാണുന്നത്‌. കുസൃതി നിറച്ചുവെച്ച ആ മുഖം ചുറ്റുമുള്ള പ്രകൃതിപോലെ പ്രസന്നമധുരമാണ്‌. ആശ്രമത്തിലേക്കാവശ്യമായ പച്ചമരുന്നുകള്‍ ശേഖരിക്കാന്‍ പുറപ്പെടുകയാണവര്‍. ഗുരു തോണിയിറക്കുന്നു. ഒറ്റയ്‌ക്ക്‌ കാട്ടില്‍ മരുന്നുപറിക്കാന്‍ പോകുന്ന ശിഷ്യന്‌ ഗുരു പാമ്പിനെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കുന്നു. മരുന്നു പറിച്ചുകൊണ്ടിരിക്കെ അവന്‍െറ മുന്നില്‍ അതാ ഒരു പാമ്പ്‌. ഒരു നിമിഷം പകച്ചുനില്‍ക്കുന്ന ശിഷ്യന്‍ പെട്ടെന്ന്‌ അതിനെ കടന്നുപിടിച്ച്‌ ദൂരെയെറിയുന്നു. അങ്ങനെ, പ്രതിബന്ധങ്ങളുടെ ആദ്യപാഠം മനസ്സിലാക്കിക്കൊടുത്ത സംതൃപ്‌തിയോടെ ഗുരു അവനുമൊത്ത്‌ ആശ്രമത്തിലേക്ക്‌ മടങ്ങുന്നു. തിരിച്ചറിവിന്‍െറ പാഠങ്ങളാണ്‌ പിന്നീട്‌ ഗുരു നല്‍കുന്നത്‌. പറിച്ചുകൊണ്ടുവന്ന ചെടികളില്‍ ചിലതൊക്കെ വിഷമുള്ളവയാണെന്ന്‌ അദ്ദേഹം ശിഷ്യനെ ബോധ്യപ്പെടുത്തുന്നു. വീണ്ടുമൊരു പ്രഭാതം. ആശ്രമത്തിനു വെളിയിലാണ്‌ ഇരുവരും. തെളിഞ്ഞ വെള്ളത്തില്‍ കളിക്കുകയാണ്‌ ശിഷ്യന്‍. പെട്ടെന്ന്‌ അവനൊരു കുസൃതി തോന്നി. ഒരു മീനിനെ പിടിച്ച്‌ അതിന്‍െറ ശരീരത്തില്‍ കല്ലുകെട്ടി വീണ്ടും വെള്ളത്തിലേക്കിടുന്നു. അത്‌ വിഷമിച്ച്‌, നീന്താന്‍ കഷ്‌ടപ്പെടുന്നതുകണ്ട്‌ അവനു ചിരിപൊട്ടുന്നു. പിന്നെ, ഒരു തവളയെയും പാമ്പിനെയും ഇതേ പോലെ കഷ്‌ടപ്പെടുത്തുന്നു. ഗുരു ഇതെല്ലാം ഒളിഞ്ഞുനിന്നു കാണുന്നുണ്ട്‌. അദ്ദേഹം ഒന്നും മിണ്ടുന്നില്ല. രാത്രി ഉറങ്ങിക്കിടക്കവെ അവന്‍െറ ദേഹത്ത്‌ അദ്ദേഹം വലിയൊരു കല്ലുകെട്ടിയിടുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുറത്തൊരു ഭാരമുള്ളതായി ശിഷ്യനു തോന്നുന്നു. കല്ല്‌ അഴിച്ചുതരണമെന്നായി അവന്‍. കഴിഞ്ഞ ദിവസം കല്ലുകെട്ടിത്തൂക്കിയ ജീവികളുടെ അവസ്ഥയെക്കുറിച്ചോര്‍ക്കാന്‍ ഗുരു ആവശ്യപ്പെടുന്നു. അവയുടെ ദേഹത്തുനിന്നു കല്ലുകള്‍ എടുത്തുമാറ്റാന്‍ അദ്ദേഹം ഉപദേശിക്കുന്നു. ഈ ജീവികളിലേതെങ്കിലും ചത്തുപോയിട്ടുണ്ടെങ്കില്‍ ആ കല്ല്‌ എന്നും നിന്‍െറ മനസ്സില്‍ ഒരു കല്ലായി അവശേഷിക്കുമെന്നും ഗുരു പറയുന്നു. പശ്ചാത്താപത്തോടെ ശിഷ്യന്‍, അരയില്‍ക്കെട്ടിയ കല്ലുമായി ആ ജീവികളെത്തേടി പുറപ്പെടുന്നു. തവളയെ മാത്രമേ അവനു രക്ഷിക്കാനായുള്ളൂ. മീനും പാമ്പും ചത്തുപോയിരുന്നു. തന്‍െറ തെറ്റിനെപ്പറ്റിയോര്‍ത്ത്‌, താന്‍ ചെയ്‌തുപോയ പാപത്തെക്കുറിച്ചോര്‍ത്ത്‌ അവന്‍ പൊട്ടിക്കരയുന്നു. ഒളിഞ്ഞുനിന്ന്‌ ഗുരു ഇതൊക്കെ കാണുന്നു.

അടുത്തത്‌ ഗ്രീഷ്‌മം. അപ്പോഴേക്കും ശിഷ്യന്‍ യുവാവായിക്കഴിഞ്ഞിരുന്നു. കാമമോഹിതമാണ്‌ അവന്‍െറ മനസ്സപ്പോള്‍. ഏതോ മാറാരോഗത്തിനുള്ള ചികിത്സയ്‌ക്കായി ഒരു പെണ്‍കുട്ടി ആശ്രമത്തിലെത്തുന്നു. ചികിത്സയ്‌ക്കിടയില്‍ ഇരുവരിലും പ്രണയം പൂക്കുന്നു. പിരിയാനാവാത്ത അവസ്ഥയിലെത്തുന്നു ആ ബന്ധം. രോഗം ഭേദമായപ്പോള്‍ പെണ്‍കുട്ടി ആശ്രമം വിടുന്നു. ആ വേര്‍പാട്‌ അവനു സഹിക്കാനാവുന്നില്ല. അവന്‍െറ ആത്മീയ ചിന്തകള്‍ക്ക്‌ ഇളക്കം തട്ടുന്നു. ആശ്രമത്തിലെ ബുദ്ധവിഗ്രഹം തുണിയില്‍ പൊതിഞ്ഞെടുത്ത്‌ അവന്‍ സ്ഥലം വിടുന്നു. ഇനി വരുന്നത്‌ പതനത്തിന്‍െറ, വീഴ്‌ചയുടെ, ഇലപൊഴിയും കാലമാണ്‌. ശരത്‌കാലമാണിത്‌. എന്തോ ആവശ്യത്തിന്‌ പുറത്തുപോയി വന്നിരിക്കുകയാണ്‌ ഗുരു. ഭക്ഷണം പൊതിഞ്ഞ പത്രത്തുണ്ടില്‍ അദ്ദേഹം ഒരു വാര്‍ത്ത കാണുന്നു. `ഭാര്യയെ കൊന്ന്‌ ഭര്‍ത്താവ്‌ ഒളിച്ചോടി' എന്നതായിരുന്നു ആ വാര്‍ത്ത. അത്‌ അവനായിരുന്നു. ഗുരു പ്രതീക്ഷിച്ചതുപോലെ ഒരുനാള്‍ ശിഷ്യന്‍ അദ്ദേഹത്തെത്തേടിയെത്തുന്നു. പരിഭ്രാന്തമായ ആ മുഖത്തിപ്പോള്‍ ആത്മീയതയുടെ ചൈതന്യമില്ല. വഞ്ചിക്കപ്പെട്ട കമിതാവിന്‍െറ ദീനമുഖമായിരുന്നു അവന്‌. ``അവളെ സേ്‌നഹിച്ചു എന്നതാണ്‌ ഞാന്‍ ചെയ്‌തപാപം. എനിക്കവളെ മാത്രം മതിയായിരുന്നു. പക്ഷേ, അവള്‍ വഞ്ചിച്ചു. വേറൊരുത്തന്‍െറ കൂടെപ്പോയി. എനിക്കത്‌ തീരെ സഹിക്കാന്‍ കഴിഞ്ഞില്ല''- അവന്‍ ഗുരുവിനോട്‌ എല്ലാം തുറന്നുപറയുന്നു. ഭാര്യയെ കൊല്ലാനുപയോഗിച്ച രക്തം പുരണ്ട കത്തിയുമായാണ്‌ അവന്‍ വന്നത്‌. അവന്‍െറ മനസ്സ്‌ ആകെ കലുഷമായിരുന്നു. ആത്മഹത്യയ്‌ക്കുള്ള ശ്രമം ഗുരു തടയുന്നു. അദ്ദേഹം ആശ്രമമുറ്റത്ത്‌ `പ്രജ്ഞാപാരമിതസൂത്രം' എഴുതിവെക്കുന്നു. ഈ ശ്ലോകങ്ങളിലെ അക്ഷരങ്ങള്‍ ഓരോന്നായി കത്തികൊണ്ട്‌ കൊത്തിയെടുക്കാന്‍ നിര്‍ദേശിക്കുന്നു. അപ്പോഴേക്കും രണ്ടു പോലീസ്‌ ഡിറ്റക്ടീവുകള്‍ ശിഷ്യനെ തേടി എത്തുന്നു. അക്ഷരങ്ങള്‍ കൊത്തിത്തീരുംവരെ അറസ്റ്റുചെയ്യരുതെന്ന്‌ ഗുരു അഭ്യര്‍ഥിക്കുന്നു. സൂത്രങ്ങള്‍ കൊത്തിത്തീര്‍ന്നതും അവന്‍ തളര്‍ന്നു വീണ്‌ ഉറങ്ങിപ്പോകുന്നു. രാവിലെ പോലീസുകാര്‍ അവനെ അറസ്റ്റുചെയ്‌ത്‌ കൊണ്ടുപോകുന്നു. തടാകത്തിലെ ബോട്ടില്‍ സ്വയം ചിതയൊരുക്കി അതിനു മുകളിലിരുന്ന്‌ തീ കൊളുത്തി ഗുരു നിര്‍വാണം പൂകുന്നു.

ശിശിരകാലമെത്തി. തടാകം ഇപ്പോള്‍ കട്ടിയുള്ള മഞ്ഞിന്‍െറ പുതപ്പിട്ടിരിക്കുന്നു. ശിക്ഷ കഴിഞ്ഞ്‌ ശിഷ്യന്‍ ആശ്രമത്തിലേക്ക്‌ തിരിച്ചു വരികയാണ്‌. മധ്യവയസ്‌കനായിട്ടുണ്ട്‌ ഇപ്പോള്‍. ഗുരുവിന്‍െറ സ്ഥാനം അയാള്‍ ഏറ്റെടുക്കുന്നു. മുഖം മൂടിക്കെട്ടിയ ഒരു യുവതി ഒരു ദിവസം കുഞ്ഞുമായി ആശ്രമത്തിലെത്തുന്നു. കുഞ്ഞിനെ അവിടെയേല്‌പിച്ച്‌ തിരിച്ചുപോകവെ മഞ്ഞിന്‍ പാളികള്‍ അകന്നു മാറിയുണ്ടായ കുഴിയില്‍ വീണ്‌ യുവതി മരിക്കുന്നു. പണ്ട്‌ താന്‍ ചെയ്‌ത പാപങ്ങള്‍ക്കുള്ള പരിഹാരമായി കൂറ്റന്‍ കല്ല്‌ കെട്ടിവലിച്ച്‌ ബുദ്ധവിഗ്രഹവുമായി പുതിയ ഗുരു മലകയറുകയാണ്‌.

അവസാനം വസന്തത്തിലേക്കു തന്നെ മടങ്ങുകയാണ്‌ പ്രകൃതി. പഴയ ശിഷ്യന്‍ ഗുരുവായി മാറിയിരിക്കുന്നു. ശിഷ്യനായി ഒരു കുസൃതിക്കുരുന്നുമുണ്ട്‌. പ്രകൃതിയും ആശ്രമവും വീണ്ടും ഋതുപരിണാമങ്ങള്‍ക്കു കാതോര്‍ക്കവെ ചിത്രം അവസാനിക്കുന്നു.

103 മിനിറ്റു നീണ്ട ഈ കൊറിയന്‍ സിനിമയെ അഞ്ചു ഖണ്ഡങ്ങളാക്കിയിരിക്കുന്നു. ഓരോ ഋതുവിന്‍െറയും ശീര്‍ഷകം എഴുതിക്കാണിക്കുമ്പോള്‍ ആശ്രമത്തിലേക്കുള്ള പ്രവേശന കവാടം ശബ്ദത്തോടെ ഇരുഭാഗത്തേക്കുമായി തുറക്കുകയായി. തുടങ്ങിയേടത്തു തന്നെ കഥ തിരികെ കൊണ്ടുവരാന്‍ വസന്ത കാലം രണ്ടുതവണ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഏറ്റുവുമൊടുവില്‍ വരുന്ന വസന്തകാലം ഏതാനും മിനിറ്റേ സ്‌ക്രീനില്‍ നില്‍ക്കുന്നുള്ളൂ. വാതില്‍ തുറക്കുമ്പോള്‍ ആദ്യം വയലറ്റ്‌, മഞ്ഞപ്പൂക്കളുടെ ആഹ്ലാദക്കാഴ്‌ച. ദൂരെ ആശ്രമത്തില്‍ ഒരു കുഞ്ഞു ശിഷ്യനും പുതിയ ഗുരുവും. ശിഷ്യന്‍െറ ചിത്രം വരയ്‌ക്കുകയാണ്‌ ഗുരു. പ്രസന്നമായ അന്തരീക്ഷം; ആശ്രമത്തിനകത്തും പുറത്തും. ഇഴഞ്ഞു നീങ്ങുന്ന ആമക്കുഞ്ഞിനെ എടുത്തു കളിക്കുന്ന ശിഷ്യന്‍െറ ദൃശ്യമാണ്‌ അടുത്തഷോട്ടില്‍. അവന്‍ അതിനെ തിരിച്ചും മറിച്ചും ഇടുന്നു. പുറന്തോടില്‍ ഇടിക്കുന്നു. പഴയശിഷ്യന്‍െറ കുട്ടിക്കാലത്തേക്കാണ്‌ സംവിധായകന്‍ നമ്മെ കൊണ്ടുപോകുന്നത്‌. `ഇനിയുമുരുളുന്ന കാല'ത്തിനും പാപഭരിതമായ കര്‍മബന്ധങ്ങളുടെ കഥപറയാനുണ്ടാകും എന്നദ്ദേഹം സൂചിപ്പിക്കുന്നു. എങ്കിലും ശുഭസൂചനകള്‍ നല്‍കിയാണ്‌ സിനിമ അവസാനിപ്പിക്കുന്നത്‌. പുതിയ ഗുരു മലമുകളില്‍ സ്ഥാപിച്ച ബുദ്ധ പ്രതിമയുടെ പിന്‍ഭാഗ ദൃശ്യമാണ്‌ അവസാന ഷോട്ടില്‍ വരുന്നത്‌. പ്രതിമയുടെ കാഴ്‌ചപ്പാടില്‍ അങ്ങകലെ തടാകവും ആശ്രമവും ചെറുതായി കാണാം. അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ ബുദ്ധദശര്‍നം ലോകത്തിനു വഴികാട്ടും എന്നു സംവിധായകന്‍ പ്രത്യാശിക്കുന്നു.

ഇതിവൃത്തങ്ങളെ വളരെയടുത്തുനിന്ന്‌ വിലയിരുത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ക്കാണ്‌ സംവിധായകന്‍ പ്രത്യേക ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നു കാണാം. ഗുരു-ശിഷ്യ ബന്ധത്തിന്‍െറ തീവ്രത, എളുപ്പം വഴിതെറ്റിപ്പോവുന്ന സ്‌ത്രീ - പുരുഷ ബന്ധം, അവനവന്‍െറ കര്‍മചിന്തകളിലൂടെ വന്നുചേരുന്ന പാപചിന്ത എന്നിവയാണീ മൂന്നു കാര്യങ്ങള്‍. ശിഷ്യന്‍െറ മനസ്സ്‌ പ്രാപഞ്ചിക സുഖങ്ങളിലേക്ക്‌ ചാടിക്കൊണ്ടിരിക്കുകയാണെന്ന്‌ ഗുരുവിനു നന്നായി അറിയാം. ദുരുദ്ദേശ്യത്തോടെയുള്ള അവന്‍െറ ഓരോ നീക്കവും ഗുരു സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്‌. ഓരോ സന്ദര്‍ഭത്തിലും തത്ത്വചിന്താപരമായിത്തന്നെ ഇടപെടുന്നുമുണ്ട്‌. ആദ്യത്തെ ശാരീരിക ബന്ധം കഴിഞ്ഞ്‌ ആശ്രമത്തില്‍ തിരിച്ചെത്തുമ്പോള്‍ ശിഷ്യനും പെണ്‍കുട്ടിയും വിഷണ്ണരും പരിഭ്രാന്തരുമായിരുന്നു. തങ്ങള്‍ വന്ന തോണി കെട്ടിയിടാന്‍ പോലും ശിഷ്യന്‍ മറന്നുപോകുന്നു. `തോണി ഒഴുകി നടക്കുന്നു' എന്നാണ്‌ അപ്പോള്‍ ഗുരു ശിഷ്യനെ ഓര്‍മിപ്പിക്കുന്നത്‌. ഇങ്ങനെ പല സന്ദര്‍ഭങ്ങളിലും പാപസാന്നിധ്യത്തെ ഗുരു ചൂണ്ടിക്കാണിക്കുന്നുണ്ട്‌. 14 ശ്ലോകങ്ങളടങ്ങിയ `പ്രജ്ഞാപാരമിതസൂത്രം' മനസ്സമാധാനത്തിന്‌ ഏറ്റവും ഉത്തമമാണെന്ന്‌ ഗുരു ശിഷ്യനോട്‌ പറയുന്നുണ്ട്‌. ഈ ശ്ലോകങ്ങളിലെ ഓരോവാക്കും കൊത്തിയെടുക്കുമ്പോള്‍ നിന്‍െറ ഹൃദയത്തില്‍നിന്ന്‌ കോപം പുറന്തള്ളുക എന്നാണ്‌ ഗുരുവിന്‍െറ ശാന്തമായ ഉപദേശം. ``വിഷയാസക്തിയില്‍ നിന്നാണ്‌ മറ്റൊരാളെ സ്വന്തമാക്കാന്‍ ആഗ്രഹം ജനിക്കുന്നത്‌. ഇതാവട്ടെ കൊലപാതകത്തിലേക്കു നയിക്കും''- ഗുരു നേരത്തേ തന്നെ ശിഷ്യന്‌ ഈ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ഭാര്യയെ കൊന്നശേഷം അഭയം തേടി വീണ്ടും ആശ്രമത്തിലെത്തിയ ശിഷ്യനെ കുറ്റപ്പെടുത്താനല്ല അദ്ദേഹം മുതിരുന്നത്‌. ശാന്തമായ മനസ്സോടെ ശിക്ഷാവിധി ഏറ്റുവാങ്ങാന്‍ അവനെ പ്രാപ്‌തനാക്കുകയാണ്‌ അദ്ദേഹം. അവന്‍ പാപമുക്തമാകുമെന്നും തിരിച്ചുവന്ന്‌ തന്‍െറ സ്ഥാനം ഏറ്റെടുക്കുമെന്നും ഗുരുവിനറിയാമായിരുന്നു. ഏറ്റവും ഉചിതമായ സന്ദര്‍ഭത്തില്‍ തന്നെ സ്വയം ഒഴിഞ്ഞു കൊടുക്കാനുള്ള ആര്‍ജവവും ഗുരു കാണിക്കുന്നു.

ആശ്രമ വിശുദ്ധിയില്‍പ്പോലും പ്രലോഭനങ്ങളെ അതിജീവിക്കാനാവാതെ സ്‌ത്രീ-പുരുഷബന്ധങ്ങള്‍ വഴിതെറ്റിപ്പോകാമെന്ന്‌ സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. ആശ്രമാന്തരീക്ഷത്തില്‍ വളര്‍ന്നാലും മനുഷ്യന്‍െറ അടിസ്ഥാനപരമായ ചോദനകളെ മറികടക്കാന്‍ പ്രയാസമാണെന്നാണ്‌ ശിഷ്യന്‍െറ യുവത്വകാലം വ്യക്തമാക്കുന്നത്‌. ബാലനായിരിക്കെ പാമ്പിനെക്കണ്ട്‌ ഞെട്ടുന്ന ശിഷ്യന്‍ രണ്ടാംഖണ്ഡത്തിലെത്തുമ്പോള്‍ പാമ്പുകളുടെ ഇണചേരല്‍ കൗതുകത്തോടെ നോക്കിനിന്നു രസിക്കുന്നതുകാണാം. ലൈംഗിക ചോദനയെ അടിച്ചമര്‍ത്താനാവില്ലെന്നാണ്‌ ഈ രംഗവും തുടര്‍ന്ന്‌ പെണ്‍കുട്ടിയുമായുള്ള കണ്ടുമുട്ടലും അടുപ്പവും അവളെത്തേടിയുള്ള ഒളിച്ചോട്ടവും സൂചിപ്പിക്കുന്നത്‌.

ഗുരുവിന്‍െറ പ്രിയശിഷ്യന്‍ പാപചിന്തകളില്‍നിന്ന്‌ മോചനം നേടുന്നതാണ്‌ അവസാനത്തെ രണ്ടു ഖണ്ഡങ്ങളില്‍ നാം കാണുന്നത്‌. കുട്ടിക്കാലത്ത്‌ ചെറുകല്ലുകളുടെ രൂപത്തില്‍ ഹൃദയം കൈയേറിയ പാപചിന്തകള്‍ അയാളില്‍ വളര്‍ന്നു വലുതാവുകയാണുണ്ടായത്‌. ആദ്യം, ആശ്രമാന്തരീക്ഷത്തിന്‍െറ ആത്മീയ വിശുദ്ധി അയാള്‍ കെടുത്തി. പിന്നീട്‌, കാമമോഹിതനായി ആശ്രമത്തെയും ഗുരുവെയും കൈവെടിഞ്ഞു. ഇതിനൊക്കെ അയാള്‍ പ്രായശ്ചിത്തം ചെയ്യുന്നുണ്ട്‌. ബുദ്ധനില്‍ അര്‍പ്പിച്ച മനസ്സോടെ കൂറ്റന്‍ കല്ലിന്‍െറ ഭാരവും പേറി അയാള്‍ മലകയറുകയാണ്‌. ബുദ്ധ പ്രതിമ മലമുകളില്‍ സ്ഥാപിച്ച്‌ ധ്യാനനിരതനാവുകയാണയാള്‍. പിന്നീട്‌, ജ്ഞാനത്തിന്‍െറ ഉന്നതിയില്‍നിന്ന്‌ പുതിയ ദൗത്യം ഏറ്റെടുക്കാന്‍ താഴ്‌വാരത്തിലേക്കിറങ്ങിവരുന്നു.

സ്വയം വളര്‍ത്തിയെടുത്ത ഒരു ചലച്ചിത്രഭാഷയുണ്ട്‌ കിമ്മിന്‌. ഓരോ ചിത്രത്തിലും ഈ ഭാഷയുടെ ഓജസ്സ്‌ നമുക്കനുഭവപ്പെടും. ഇതിവൃത്തത്തിനനുസരിച്ച അന്തരീക്ഷ സൃഷ്‌ടിയിലും ശില്‌പഘടനയിലും ഏറെ ശ്രദ്ധാലുവാണ്‌ കിം. പുറം ലോകവുമായി ബന്ധമറ്റ്‌ കഴിയുന്ന രണ്ടു ബുദ്ധമതാനുയായികളുടെ കഥ പറയാന്‍ ഒരു തടാകത്തിലാണ്‌ അദ്ദേഹം ആശ്രമമൊരുക്കുന്നത്‌. കൊറിയയുടെ വടക്കന്‍ പ്രവിശ്യയിലുള്ള ക്യുങ്‌സാങ്ങിലെ ജൂസാന്‍ എന്ന തടാകമാണ്‌ ഇതിനായി കിം കണ്ടെത്തിയത്‌. ഇരുനൂറ്‌ വര്‍ഷം മുന്‍പ്‌ കൃത്രിമമായി സൃഷ്‌ടിച്ചതാണ്‌ ഈ തടാകം. ഷൂട്ടിങ്‌ കൊണ്ട്‌ പ്രകൃതിക്ക്‌ ഒരു കോട്ടവും വരില്ലെന്ന്‌ കൊറിയയിലെ പരിസ്ഥിതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ കിം ആറുമാസമാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പിന്നാലെ അലഞ്ഞത്‌. ഋതുക്കളെ ഇതിവൃത്തവുമായി ഇണക്കിച്ചേര്‍ത്തതും ഓരോ ഋതുവിനെയും സൂചിപ്പിക്കാന്‍ ഓരോ ജീവിയെ (നായക്കുട്ടി, കോഴി, പൂച്ച, പാമ്പ്‌, ആമ) അവതരിപ്പിച്ചതും കിമ്മിന്‍െറ ശില്‌പഘടനാ പ്രാവീണ്യം തെളിയിക്കുന്നു.

2004-ല്‍ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള വിഭാഗത്തില്‍ അക്കാദമി അവാര്‍ഡിനുവേണ്ടി മത്സരിച്ചിട്ടുണ്ട്‌ ഈ സിനിമ. തിരക്കഥയും എഡിറ്റിങ്ങും കിം തന്നെ നിര്‍വഹിച്ചിരിക്കുന്നു. കൂടാതെ, നടനായും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ടദ്ദേഹം. ജയിലില്‍നിന്നു തിരിച്ചുവരുന്ന യുവാവിന്‍െറ റോളാണ്‌ കിം ഏറ്റെടുത്തത്‌.

Friday, January 18, 2008

മായുന്ന വെളിച്ചം

വസിലിസ്‌ ഡൊറോസ്‌ സംവിധാനം ചെയ്‌ത `ഫെയ്‌ഡിങ്‌ ലൈറ്റ്‌' എന്ന ഗ്രീക്ക്‌ സിനിമ ഒരു കൊച്ചു വയലിനിസ്റ്റിന്‍െറ ദുഃഖസാന്ദ്രമായ കഥപറയുന്നു. 2000-ത്തില്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ക്രിസേ്‌താ എന്ന പന്ത്രണ്ടുകാരനാണ്‌ മുഖ്യകഥാപാത്രം. കണ്ണിലെ വെളിച്ചം പതുക്കെപ്പതുക്കെ മാഞ്ഞുപോകുമ്പോഴും മാന്ത്രിക സ്‌പര്‍ശത്താല്‍ അവന്‍ വയലിനില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ചു. സംഗീതത്തെ പ്രണയിച്ച്‌ വീടുപേക്ഷിച്ചുപോയ അച്ഛന്‍െറ സേ്‌നഹത്തിനും സാമീപ്യത്തിനും അവന്‍ വൃഥാ മോഹിച്ചു. തന്നെ സംഗീതം പഠിപ്പിച്ച വൃദ്ധനായ ലൈറ്റ്‌ഹൗസ്‌ കാവല്‍ക്കാരന്‍െറ മരണത്തോടെ അവനിലെ വെളിച്ചത്തിന്‍െറ ഒരു നാളംകൂടി കെടുന്നു.
വിഷാദച്ഛായ പടര്‍ന്ന ക്രിസേ്‌തായുടെ കണ്ണുകളില്‍ ജീവിതമേല്‌പിച്ച ക്രൂരപീഡനങ്ങളുടെ മുറിവുകള്‍ നമുക്കു കാണാം.

ഭര്‍ത്താവിനോടുള്ള വെറുപ്പുകാരണം സംഗീതത്തെത്തന്നെ അവജ്ഞയോടെ കാണുന്ന അമ്മയുടെ പെരുമാറ്റം അവനെ ഏറെ വേദനിപ്പിക്കുന്നു. അനുനിമിഷം ഇരുട്ടിലേക്ക്‌ നീങ്ങുകയാണ്‌ മകന്‍ എന്നു മനസ്സിലാക്കാന്‍ പോലും ആ അമ്മയ്‌ക്കാവുന്നില്ല. അപ്പൂപ്പനായി കരുതുന്ന ലൈറ്റ്‌ഹൗസ്‌ കീപ്പറും പുതുതായി വരുന്ന അധ്യാപികയും അനുതാപത്തോടെ അവന്‍െറ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ക്ലാസ്സിലെ കൂട്ടുകാരിയും മാത്രമാണ്‌ അവന്‌ സാന്ത്വനം പകരുന്നത്‌. ശാന്തമായ കടലും പാറക്കൂട്ടങ്ങളും തലയുയര്‍ത്തി നിന്ന്‌ വെളിച്ചം വിതറുന്ന ലൈറ്റ്‌ഹൗസും സന്ന്യാസിശ്രേഷ്‌ഠന്മാരുടെ ചിത്രങ്ങളാല്‍ അലംകൃതമായ ഗുഹയും കുറെ കട്ടുറുമ്പുകളും ഒച്ചുകളും-ഇവരൊക്കെയായിരുന്നു ക്രിസേ്‌തായുടെ മറ്റുകൂട്ടുകാര്‍.

ക്രിസേ്‌താ കുഞ്ഞായിരിക്കുമ്പോഴാണ്‌ ഗിറ്റാറിസ്റ്റായ അച്ഛന്‍ വീടുവിട്ടുപോയത്‌. വീട്ടിലെ ഏകാന്തതയിലും ലൈറ്റ്‌ ഹൗസിലെ വയലിന്‍ ക്ലാസ്സുകളിലും അവന്‍ തന്നെ സ്വയം രൂപപ്പെടുത്തുകയായിരുന്നു. പുസ്‌തകസഞ്ചിക്കൊപ്പം വയലിനും കൊണ്ടേ അവന്‍ സ്‌കൂളില്‍ പോകൂ. പഠിത്തത്തില്‍ അവനു ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. അപൂര്‍വ നേത്രരോഗമാണ്‌ അവനെ ബാധിച്ചിരിക്കുന്നത്‌. കറുത്ത പുള്ളികള്‍ അവന്‍െറ കാഴ്‌ചകളെ മറയ്‌ക്കുന്നു. ആ പുള്ളികള്‍ വലുതായിവരികയാണ്‌. അധ്യാപകര്‍ ബോര്‍ഡിലെഴുതുന്നതൊന്നും അവനു വായിക്കാനാവുന്നില്ല. ക്ലാസ്സിലെപ്പോഴും പരിഹാസപാത്രമാകും അവന്‍. വീട്ടില്‍നിന്നിറങ്ങിയാലും പല ദിവസവും ക്രിസേ്‌താ സ്‌കൂളിലെത്താറില്ല. ലൈറ്റ്‌ഹൗസിലും അതിന്‍െറ പരിസരത്തെ ഗുഹയിലുമൊക്കെയായി അവന്‍ സമയം നീക്കും. അതിനിടെ വയലിനിലെ പുത്തന്‍പാഠങ്ങള്‍ അവന്‍ പഠിക്കുകയും ചെയ്യും.


വൃദ്ധനുമായുള്ള കൂട്ടുകെട്ട്‌ അമ്മയ്‌ക്കിഷ്‌ടമല്ല. തന്‍െറ ജീവിതത്തില്‍ ഇനിയൊരു സംഗീതകാരന്‍ വേണ്ടെന്ന്‌ അവര്‍ ശഠിക്കുന്നു. ക്രിസേ്‌തായുടെ വിശ്വാസം അച്ഛന്‍ എന്നെങ്കിലും തിരിച്ചുവരും എന്നാണ്‌. അമ്മ അച്ഛനെ ഇപ്പോഴും സേ്‌നഹിക്കുന്നുണ്ടെന്നാണ്‌ അവന്‍ കരുതുന്നത്‌. അതുകൊണ്ടുതന്നെ അമ്മയുടെ കാമുകനെ അവനിഷ്‌ടമല്ല.

ക്രിസേ്‌തായുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്‌ പുതിയ ക്ലാസ്‌ടീച്ചറുടെ വരവോടെയാണ്‌. ആ ചെറുപ്പക്കാരി തുടക്കത്തിലേ ക്രിസേ്‌തായെ ശ്രദ്ധിക്കുന്നുണ്ട്‌. പഠിക്കാന്‍ പിന്നിലാണെങ്കിലും വയലിനില്‍ അവനു പ്രാവീണ്യമുണ്ടെന്ന്‌ അവര്‍ മനസ്സിലാക്കുന്നു. അവനെ കഴിയുന്നത്ര അവര്‍ പ്രോത്സാഹിപ്പിക്കുന്നു. അവന്‍െറ വയലിന്‍കച്ചേരി റെക്കോഡ്‌ ചെയ്‌ത്‌ അധ്യാപിക ഏതന്‍സിലേക്കയയ്‌ക്കുന്നു. സാംസ്‌കാരിക മന്ത്രാലയം നടത്തുന്ന വയലിന്‍ മത്സരത്തിലേക്കാണത്‌ അയയ്‌ക്കുന്നത്‌.
അധ്യാപികയുടെ ഇടപെടല്‍ ക്രിസേ്‌തായുടെ അമ്മയ്‌ക്ക്‌ തീരെ പിടിക്കുന്നില്ല. ആദ്യം ലൈറ്റ്‌ഹൗസ്‌ കീപ്പര്‍, ഇപ്പോള്‍ അധ്യാപികയും. പ്രാക്ടീസ്‌ ചെയ്യുന്നത്‌ തടയാനായി അമ്മ വയലിന്‍ വാങ്ങിവെക്കുന്നു. അത്‌ തിരിച്ചുതന്നില്ലെങ്കില്‍ താനും അച്ഛനെപ്പോലെ വീടുവിട്ടുപോകുമെന്ന്‌ ക്രിസേ്‌താ ഭീഷണി മുഴക്കുന്നു.

ഒരുദിവസം അമ്മ വയലിനെടുത്ത്‌ അടിച്ചുപൊട്ടിക്കുന്നു. തന്‍െറ ഹൃദയമാണ്‌ നുറുങ്ങിയതെന്ന്‌ അവനു തോന്നുന്നു. അമ്മയ്‌ക്ക്‌ പിന്നീട്‌ കുറ്റബോധം തോന്നുന്നു. അവധിക്ക്‌ സ്‌കൂളടച്ചാല്‍ പുതിയൊരു വയലിന്‍ വാങ്ങിത്തരാമെന്ന്‌ അവര്‍ ഉറപ്പുകൊടുക്കുന്നു.
ഏതന്‍സിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്രിസേ്‌തായ്‌ക്ക്‌ ക്ഷണം കിട്ടുന്നു. അധ്യാപികയും അവനോടൊപ്പം പോകുന്നുണ്ട്‌. വിദഗ്‌ധനായ കണ്ണ്‌ ഡോക്ടറെക്കൊണ്ട്‌ അവനെ പരിശോധിപ്പിക്കണം. ക്രിസേ്‌തായുടെ മനസ്സില്‍ വയലിന്‍ മത്സരമായിരുന്നില്ല. ഏതന്‍സിലാണ്‌ അച്ഛനുള്ളതെന്ന്‌ അവന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. അച്ഛനെ കാണണം. അദ്ദേഹം തന്നെ തിരിച്ചറിയാതിരിക്കില്ല. ക്ഷണിച്ചാല്‍ അച്ഛന്‍െറ കൂടെ നില്‌ക്കാനും അവന്‍ തയ്യാറാണ്‌.

ലൈറ്റ്‌ഹൗസ്‌ കീപ്പര്‍ തന്‍െറ പഴയ വയലിന്‍ ക്രിസേ്‌തായ്‌ക്ക്‌ സമ്മാനിക്കുന്നു. അവന്‍ വായിച്ചുപഠിച്ച വയലിനാണത്‌. സര്‍ഗാത്മകത ദൈവത്തിന്‍െറ വരദാനമാണെന്ന്‌ ലൈറ്റ്‌ഹൗസ്‌ കീപ്പര്‍ പറയുന്നു. അത്‌ തിരിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ല; ദൈവത്തിനുപോലും. സംഗീതം നമ്മുടെ ആത്മാവില്‍ കടന്നുചെന്ന്‌ അവിടെ സേ്‌നഹം നടുകയാണെന്ന്‌ ആ വൃദ്ധന്‍ വിശ്വസിക്കുന്നു.
ഏതന്‍സില്‍ അവനെ വിദഗ്‌ധ ഡോക്ടര്‍ പരിശോധിക്കുന്നു. ക്രിസേ്‌താ പൂര്‍ണ അന്ധതയിലേക്ക്‌ നീങ്ങുകയാണെന്ന്‌ ഡോക്ടര്‍ അധ്യാപികയെ അറിയിക്കുന്നു. അവനിലെ സംഗീതവാസനയെ പ്രോത്സാഹിപ്പിച്ച്‌ അനിവാര്യമായ ദുരന്തത്തെ നേരിടാന്‍ അവനു കരുത്ത്‌പകരണമെന്ന്‌ ഡോക്ടര്‍ ഉപദേശിക്കുന്നു.

തനിക്ക്‌ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ ക്രിസേ്‌താ ഒന്നുമറിയുന്നില്ല. വേദന മറച്ചുവെച്ച്‌ അധ്യാപിക അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു. എങ്ങനെയെങ്കിലും അച്ഛനെ കാണണമെന്നായിരുന്നു അവന്‍െറ ആഗ്രഹം. അമ്മയ്‌ക്ക്‌ ഇഷ്‌ടമില്ലാത്ത ബന്ധത്തില്‍നിന്ന്‌ പിന്തിരിയണമെന്ന അധ്യാപികയുടെ അഭ്യര്‍ഥന ഫലിക്കുന്നില്ല. റിഹേഴ്‌സല്‍ ക്യാമ്പില്‍ ക്രിസേ്‌തായും അധ്യാപികയും അയാളെ കണ്ടെത്തുന്നു. സംഘാംഗങ്ങളുമൊത്ത്‌ ഗിറ്റാറില്‍ സംഗീതം തകര്‍ക്കുകയാണയാള്‍. അഭിമാനത്തോടെ ക്രിസേ്‌താ അത്‌ നോക്കിനില്‍ക്കുന്നു. അവന്‍ പതുക്കെ അച്ഛന്‍െറയടുത്തേക്ക്‌ ചെല്ലുന്നു. അയാള്‍ പക്ഷേ, മകനെ തിരിച്ചറിയുന്നില്ല. ഏതോ പയ്യന്‍ തന്നെ തുറിച്ചു നോക്കുന്നതില്‍ അയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. ആ അപരിചിതത്വം ക്രിസേ്‌തായുടെ മനസ്സിനെ മുറിവേല്‌പിക്കുന്നു. ഒന്നും പറയാതെ, സങ്കടം ഉള്ളിലൊതുക്കി അവന്‍ ഓടിപ്പോകുന്നു.

വയലിന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്രിസേ്‌തായ്‌ക്ക്‌ തീരെ താത്‌പര്യമുണ്ടായിരുന്നില്ല. അധ്യാപികയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ അവന്‍ സ്റ്റേജില്‍ കയറുന്നത്‌. കേട്ടുമടുത്ത രാഗങ്ങളില്‍നിന്ന്‌ അവന്‍ വഴിമാറി നടന്നു. സ്വന്തം മനോധര്‍മമനുസരിച്ച്‌ അവന്‍ വയലിനില്‍ പുതുപുതു ശബ്ദങ്ങളും രാഗങ്ങളും സൃഷ്‌ടിച്ചു. മത്സരം വിലയിരുത്താനെത്തിയ ജഡ്‌ജിമാര്‍ക്ക്‌ അവന്‍ പ്രതിഭാശാലിയായ അത്ഭുതബാലനായി മാറി.

അധ്യാപികയും ക്രിസേ്‌തായും നാട്ടിലേക്ക്‌ തിരിച്ചു. മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയാണ്‌ അവര്‍ വരുന്നത്‌. എല്ലാവരും അവനെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുകയാണ്‌. ഒന്നാം സമ്മാനത്തിനു പുറമേ സാംസ്‌കാരിക മന്ത്രാലയത്തിന്‍െറ സേ്‌കാളര്‍ഷിപ്പും ക്രിസേ്‌തായ്‌ക്ക്‌ ലഭിക്കും. `യുവ പഗാനിനി' എന്നാണ്‌ പത്രലോകം അവനെ വിശേഷിപ്പിക്കുന്നത്‌. (പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന പ്രഗല്‌ഭനായ വയലിനിസ്റ്റാണ്‌ നിക്കോളോ പഗാനിനി. ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം ്‌ള്‌ളൂട്ടിന്‍െറയും പക്ഷികളുടെയും ശബ്ദങ്ങള്‍ വയലിനില്‍ സൃഷ്‌ടിക്കുമായിരുന്നു.)

തന്നെ വയലിന്‍ പഠിപ്പിച്ച ഗുരുവിനെ ക്രിസേ്‌താ ആള്‍ക്കൂട്ടത്തില്‍ കണ്ടില്ല. തന്‍െറ വിജയം അദ്ദേഹത്തിനവകാശപ്പെട്ടതാണ്‌. സമ്മാനം അപ്പൂപ്പനു സമര്‍പ്പിക്കാനായി ക്രിസേ്‌താ ലൈറ്റ്‌ഹൗസിലേക്ക്‌ പോകുന്നു. പക്ഷേ, അയാളവിടെ ഉണ്ടായിരുന്നില്ല. തലേദിവസം അയാള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞിരുന്നു. കലങ്ങിയ മനസ്സോടെ തന്‍െറ സമ്മാനംഗുരുവിനു സമര്‍പ്പിച്ച്‌ ക്രിസേ്‌താ പ്രകാശം മങ്ങിയ സംഗീത വഴികളിലേക്ക്‌ തിരിഞ്ഞു നടക്കുന്നു.

ഗ്രീസിലെ അതിമനോഹരമായ ഹല്‍ക്കി ദ്വീപിന്‍െറ പശ്ചാത്തലത്തിലാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. പ്രകൃതിയെ സേ്‌നഹിച്ച്‌, നിരീക്ഷിച്ച്‌ അതിനോട്‌ ഇണങ്ങിച്ചേരുന്ന ക്രിസേ്‌തായുടെ വിഷാദഭാവം നമുക്ക്‌ മറക്കാനാവില്ല. അവന്‍െറ ജീവിതപരിസരത്തെ സ്വാധീനിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന ഏതാനും കഥാപാത്രങ്ങളെ മാത്രമേ സംവിധായകന്‍ രംഗത്ത്‌ കൊണ്ടുവരുന്നുള്ളൂ. പശ്ചാത്തലസംഗീതത്തിനു വയലിന്‍ മാത്രമാണ്‌ അദ്ദേഹം ഉപയോഗിക്കുന്നത്‌.

ക്രിസേ്‌തായും ലൈറ്റ്‌ഹൗസ്‌ കാവല്‍ക്കാരനും തമ്മിലുള്ള ആത്മബന്ധം കാണിച്ചുകൊണ്ടാണ്‌ ഒന്നരമണിക്കൂര്‍ നീണ്ട ഈ സിനിമ തുടങ്ങുന്നത്‌. പ്രകൃതിയും സംഗീതവും ഇവിടെ ലയിച്ചൊന്നാവുകയാണ്‌. ശാന്തമായ പ്രകൃതിയാണ്‌ ക്രിസേ്‌തായുടെ സംഗീതത്തെ ചിട്ടപ്പെടുത്തുന്നത്‌. നീലജലത്തിന്‍െറ ഭംഗി നുകര്‍ന്ന്‌, പാറക്കെട്ടുകളിലെ മെത്തയില്‍ ചെരിഞ്ഞുകിടന്ന്‌, കുളിര്‍ക്കാറ്റിന്‍െറ അലകളില്‍ ഒഴുകി അവനങ്ങനെ വയലിന്‍ തന്ത്രികളുണര്‍ത്തും. മാളത്തില്‍നിന്നുവരുന്ന കട്ടുറുമ്പുകളുടെ സഞ്ചാരപഥം നോക്കി അവന്‍ മണ്ണില്‍ കിടക്കും. മുട്ടിയുരുമ്മി പ്രണയഭാവം പ്രകടിപ്പിക്കുന്ന ഒച്ചുകളുടെ സംസാരം ശ്രദ്ധിക്കും. സ്വാതന്ത്ര്യമില്ലാത്ത തന്‍െറ വീട്ടില്‍ നിന്ന്‌ പുറത്തുകടക്കാനാണ്‌ അവനെപ്പോഴും ശ്രമിക്കുന്നത്‌. ലൈറ്റ്‌ഹൗസും പരിസരവും അവന്‌ സാന്ത്വനവും താങ്ങുമായി മാറുകയാണ്‌.

Monday, January 14, 2008

2046: ഓര്‍മകളിലേക്ക്‌ വീണ്ടും

ഹോങ്കോങ്ങില്‍നിന്നുവരുന്ന അടിപ്പടങ്ങളില്‍നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമാണ്‌ വോങ്‌ കര്‍-വായിയുടെ ചിത്രങ്ങള്‍. അവ കണ്ടുകഴിഞ്ഞ്‌ മറക്കാനുള്ളതല്ല. ഓര്‍ത്തോര്‍ത്ത്‌ പുതിയ അര്‍ഥതലങ്ങളിലേക്ക്‌ എത്തിപ്പെടാനുള്ളതാണ്‌. ഓര്‍ത്തെടുത്ത്‌ ആസ്വദിക്കാനും വേദനിക്കാനുമുള്ളതാണ്‌. കാരണം, മനുഷ്യരെക്കുറിച്ചാണ്‌, അവരുടെ സേ്‌നഹബന്ധങ്ങളെക്കുറിച്ചാണ്‌ വോങ്‌ വിഷാദസ്വരത്തില്‍ പറയുന്നത്‌. ഓരോ നിമിഷവും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ വോങ്ങിന്‍െറ കഥാപാത്രങ്ങള്‍. ജീവിച്ച ഓരോ നിമിഷവും ഓര്‍മകളില്‍ സൂക്ഷിക്കുന്നവരാണവര്‍. ഓര്‍മയുടെ പേരില്‍ പിന്നീട്‌ വേദനിക്കുന്ന മനുഷ്യരാണവര്‍. നഷ്‌ടപ്പെട്ട ഓര്‍മകള്‍ മനസ്സിന്‍െറ മടക്കയാത്രയിലൂടെ തിരിച്ചുപിടിക്കാന്‍ അവര്‍ കൊതിക്കുന്നു. വോങ്ങിന്‌ അവര്‍ പ്രിയംകരരാവുന്നു.

ഓര്‍മകളും സമയവും തിരിച്ചുപിടിക്കാനുള്ള മനുഷ്യന്‍െറ അദമ്യ മോഹങ്ങളെ കലാപരമായി മുദ്രപ്പെടുത്തുകയാണ്‌ വോങ്‌ എന്ന അന്‍പതുകാരന്‍. സൗഹൃദമാണ്‌ ജീവിതത്തിന്‍െറ അടിസ്ഥാന വികാരം എന്ന വിശ്വാസക്കാരനാണ്‌ വോങ്‌. ഒരു നിമിഷനേരത്തേക്ക്‌ കണ്ടുമുട്ടുന്നവര്‍ക്കും സൗഹൃദം പങ്കുവെക്കാമെന്ന്‌ അദ്ദേഹം പറയുന്നു. ``ഒരു മിനിറ്റു നേരത്തേക്ക്‌ നമുക്ക്‌ സുഹൃത്തുക്കളാകാം'' എന്നു പറയുന്നവരാണ്‌ വോങ്ങിന്‍െറ കഥാപാത്രങ്ങള്‍. ഈ സൗഹൃദങ്ങളൊന്നും പക്ഷേ, നിത്യമല്ലെന്ന്‌ അദ്ദേഹത്തിനു ബോധ്യമുണ്ട്‌. എന്തിനും ഒരു കാലഹരണത്തീയതിയുണ്ട്‌. പ്രണയത്തിനും സൗഹൃദത്തിനുമൊക്കെ ഇത്‌ ബാധകമാണെന്നും വോങ്‌ പറയുന്നു.

1980 കളുടെ മധ്യത്തില്‍ രൂപംകൊണ്ട രണ്ടാം നവതരംഗത്തില്‍പ്പെട്ട ഹോങ്കോങ്‌ സംവിധായകരില്‍ പ്രധാനിയാണ്‌ വോങ്‌ കര്‍-വായ്‌. 1984-ല്‍ ഒപ്പിട്ട ചൈന-ബ്രിട്ടീഷ്‌ കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഉത്‌കണ്‌ഠയും പങ്കുവെക്കുന്നവരാണ്‌ രണ്ടാം നവതരംഗ സംവിധായകര്‍. (ബ്രിട്ടീഷ്‌ കോളണിയായ ഹോങ്കോങ്ങിനെ 1997-ല്‍ ചൈനയ്‌ക്ക്‌ കൈമാറാം എന്ന കരാറാണ്‌ 84-ല്‍ ഒപ്പിട്ടത്‌.)
ഹോങ്കോങ്ങിന്‍െറ ഭാവിയിലായിരുന്നു എല്ലാവര്‍ക്കും ഉത്‌കണ്‌ഠ. പാശ്ചാത്യ-ചൈനീസ്‌ സംസ്‌കാരങ്ങള്‍ കൂടിച്ചേര്‍ന്ന ഇരട്ടവ്യക്തിത്വമാണ്‌ ഹോങ്കോങ്ങിനുള്ളത്‌. ഇതിന്‍െറ പ്രതിഫലനം വോങ്ങിന്‍െറ ചിത്രങ്ങളില്‍ കാണാം. ഭൂതകാലവും വര്‍ത്തമാനവും തമ്മിലുള്ള സംഘര്‍ഷമാണ്‌ വോങ്‌ചിത്രങ്ങളുടെ അടിസ്ഥാന ശക്തിയായി വര്‍ത്തിക്കുന്നത്‌. ഈ സംഘര്‍ഷത്തെ വ്യക്തികളിലേക്ക്‌ സംക്രമിപ്പിച്ച്‌ അദ്ദേഹം കലാപരമായി ദൃശ്യവത്‌കരിക്കുന്നു. സേ്‌നഹവും സേ്‌നഹനിരാസവും ഏകാകിതയും അന്യവത്‌കരണവുമൊക്കെ അനുഭവിക്കുന്നവരാണ്‌ വോങ്ങിന്‍െറ കഥാപാത്രങ്ങളേറെയും. നഗരാഭിമുഖ്യമുള്ള ഈ കഥാപാത്രങ്ങള്‍ സ്വപ്‌നലോകത്തേക്ക്‌ പോകാനാഗ്രഹിക്കുന്നവരാണ്‌. നഷ്‌ടനിമിഷങ്ങളെക്കുറിച്ചോര്‍ത്ത്‌ വിഷാദിക്കുന്നവരാണവര്‍. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും ആ നിമിഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ വെമ്പല്‍കൊള്ളുകയാണവര്‍.

1960-കളിലെ ഹോങ്കോങ്ങിനെ പശ്ചാത്തലമാക്കി വോങ്‌ എടുത്ത സിനിമാ ത്രയത്തിലെ മൂന്നാമത്തെ ചിത്രമാണ്‌ `2046'. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (2004)യില്‍ കാണിച്ചതാണീ ചിത്രം. `ഡെയ്‌സ്‌ ഓഫ്‌ ബീയിങ്‌ വൈല്‍ഡ്‌' (1991), `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ്‌' (2000) എന്നിവയാണ്‌ `2046'-ന്‍െറ മുന്‍ഗാമിച്ചിത്രങ്ങള്‍. `ആസ്‌ടിയേഴ്‌സ്‌ ഗോ ബൈ' എന്ന ചിത്രത്തിലൂടെയാണ്‌ വോങ്‌ സംവിധാന രംഗത്തേക്ക്‌ കടക്കുന്നത്‌. രണ്ടാമത്തെ ചിത്രമാണ്‌ `ഡെയ്‌സ്‌ ഓഫ്‌ ബീയിങ്‌ വൈല്‍ഡ്‌'. ഗ്രാഫിക്‌ ഡിസൈനിങ്ങില്‍ ഡിപ്ലോമ നേടിയിട്ടുള്ളയാളാണ്‌ വോങ്‌. ദൃശ്യവത്‌കരണത്തില്‍ ഇതിന്‍െറ സ്വാധീനം ഏറെ പ്രകടമാണ്‌. ഹോങ്കോങ്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം, സംവിധാനം എന്നിവയടക്കം അഞ്ച്‌ അവാര്‍ഡുകളാണ്‌ `ഡെയ്‌സ്‌ ഓഫ്‌ ബീയിങ്‌ വൈല്‍ഡ്‌' എന്ന ചിത്രത്തിനു ലഭിച്ചത്‌. `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ്‌' കാനില്‍ ടെക്‌നിക്കല്‍ സമ്മാനം നേടിയിട്ടുണ്ട്‌.

ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ്‌' റിലീസായ 2000-ത്തില്‍ത്തന്നെ മൂന്നാം ഭാഗമായ `2046'ന്‌ വോങ്‌ തുടക്കം കുറിച്ചിരുന്നു. പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷമെടുത്തു. കാനില്‍ `2046' പ്രദര്‍ശിപ്പിക്കുമ്പോള്‍ എഡിറ്റിങ്‌ പൂര്‍ണമായിരുന്നില്ല. എഡിറ്റിങ്‌ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുശേഷമാണ്‌ ചിത്രം തിയേറ്ററുകളിലെത്തിച്ചത്‌.
��സിനിമാ പ്രേമികളില്‍ ഏറെ തെറ്റിദ്ധാരണയുണ്ടാക്കിയ ശീര്‍ഷകമാണ്‌ `2046'. ഭാവിയില്‍ നടക്കാനിരിക്കുന്ന ശാസ്‌ത്രനേട്ടങ്ങളെ ആധാരമാക്കിയുള്ള സയന്‍സ്‌ ഫിക്‌ഷനാണോ ഇത്‌ എന്നതായിരുന്നു ഒരു സംശയം. മറ്റൊന്ന്‌ ഫോങ്കോങ്ങിനെക്കുറിച്ചായിരുന്നു. 1997-ലെ കൈമാറ്റ സമയത്ത്‌ ഫോങ്കോങ്ങിന്‌ അന്‍പതുവര്‍ഷത്തെ സ്വയംഭരണം ചൈന വാഗ്‌ദാനം ചെയ്‌തിരുന്നു. അതനുസരിച്ച്‌ 2046ല്‍ ഈ കാലാവധി അവസാനിക്കുകയാണ്‌. ഭാവിയെക്കുറിച്ചുള്ള ഈ ഉത്‌കണ്‌ഠയാവാം ചിത്രത്തിന്‍െറ വിഷയം എന്നാണ്‌ ചിലര്‍ കരുതിയത്‌. എന്നാല്‍, രണ്ടുസംശയങ്ങള്‍ക്കും ചിത്രപ്രദര്‍ശനത്തോടെ ഉത്തരമായി.
`ഇന്‍ ദ മൂഡ്‌ ഫോര്‍ ലവി'ല്‍ നായികാനായകന്മാരായ സു ലി-സെന്നും ചൗ മോ-വാനും കുങ്‌ഫു പരമ്പരയെഴുതാന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ നമ്പറാണ്‌ 2046. `2046' എന്ന സിനിമയിലും ഈ നമ്പര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. കഥാനായകന്‍ ഓറിയന്‍റല്‍ ഹോട്ടലിലെത്തി 2046-ാം നമ്പര്‍ മുറി ആവശ്യപ്പെടുന്നുണ്ടെങ്കിലും കിട്ടുന്നില്ല. തൊട്ടടുത്ത മുറിയായ 2047-ലാണയാള്‍ താമസിക്കുന്നത്‌. ലുലു, ബായ്‌ലിങ്‌ എന്നീ രണ്ടു സ്‌ത്രീകഥാപാത്രങ്ങളാണ്‌ 2046-ല്‍ കഴിയുന്നത്‌.


വോങ്ങിന്‌ 2046 വെറുമൊരു നമ്പറല്ല. കഥാനായകനായ പത്രപ്രവര്‍ത്തകന്‍ എഴുതുന്ന ശാസ്‌ത്രകഥകളിലെ ഒരുവര്‍ഷവും സ്ഥലവുമാണത്‌. നഷ്‌ടപ്പെട്ട ഓര്‍മകള്‍ തിരിച്ചുപിടിക്കാന്‍ എല്ലാവരും 2046-ലേക്കാണ്‌ ട്രെയിനില്‍ യാത്രയാവുന്നത്‌. 2046 എന്നത്‌ ഒരു കാല സങ്കല്‌പമാകാം. സ്ഥലമാകാം. ഹോട്ടല്‍മുറിയാകാം. ഒരു കഥയുടെ ശീര്‍ഷകമാകാം. ഒരുതരം മാനസികാവസ്ഥയാകാം. അല്ലെങ്കില്‍, ഹോങ്കോങ്ങിന്‍െറ സ്വയം ഭരണം അവസാനിക്കുന്ന കൊല്ലവുമാകാം. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാന്‍ വോങ്‌ അനുവദിക്കുന്നു. കേവലമൊരു നമ്പറില്‍നിന്ന്‌ ഏറെ അര്‍ഥതലങ്ങളിലേക്ക്‌ പ്രേക്ഷകനെ കൊണ്ടുപോവുകയാണ്‌ 2046. ലളിതരീതിയിലുള്ള ആസ്വാദനമല്ല, അതിനപ്പുറത്തെ വിശകലനമാണ്‌ വോങ്‌ നമ്മളില്‍നിന്ന്‌ ആവശ്യപ്പെടുന്നത്‌.

സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ്‌ മൂന്നു ചിത്രങ്ങളിലെയും പ്രമേയം. ഫിലിപ്പീന്‍കാരനായ പ്ലേബോയ്‌ യുഡ്‌ഡിയാണ്‌ `ഡെയ്‌സ്‌ ഓഫ്‌ ബീയിങ്‌ വൈല്‍ഡി'ലെ നായകന്‍. ഒട്ടേറെ യുവതികളുമായി അയാള്‍ക്ക്‌ അടുപ്പമുണ്ട്‌. അതിലൊരുവളായ സുലി-സെന്നാണ്‌ രണ്ടാമത്തെ ചിത്രമായ `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവി'ല്‍ നായിക. `ഡെയ്‌സ്‌ ഓഫ്‌ ബീയിങ്‌ വൈല്‍ഡി'ല്‍ ഏതാനും മിനിറ്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ചൗമോ-വാന്‍ എന്ന കഥാപാത്രമാണ്‌ പിന്നീടുള്ള രണ്ടു സിനിമകളിലെയും നായകന്‍. `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവി'ന്‍െറ തുടക്കത്തില്‍ സു ഹോങ്കോങ്ങിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റില്‍ ഭര്‍ത്താവുമൊത്ത്‌ താമസിക്കുകയാണ്‌. തൊട്ടടുത്ത മുറിയില്‍ ചൗവും ഭാര്യയും താമസമാക്കുന്നു. സുവിന്‍െറ ഭര്‍ത്താവും ചൗവിന്‍െറ ഭാര്യയും ജോലി ആവശ്യാര്‍ഥം പുറത്തുപോവുകയാണ്‌. അടുത്തടുത്ത മുറികളില്‍ ഏകാന്തത അനുഭവിക്കുകയാണ്‌ ചൗവും സുവും.

ഇടയ്‌ക്കിടയ്‌ക്കുള്ള കണ്ടുമുട്ടലും പരിചിതഭാവത്തിലുള്ള നോട്ടങ്ങളും ഒന്നോ രണ്ടോ വാക്കുകളിലുള്ള കുശലാന്വേഷണങ്ങളും വായനയിലുള്ള താത്‌പര്യവും അവരെ ക്രമേണ അടുപ്പിക്കുന്നു. തങ്ങളുടെ ഇണകള്‍ക്കിടയില്‍ അവിഹിത ബന്ധം വളര്‍ന്നിട്ടുണ്ടെന്ന്‌ മനസ്സിലാക്കുന്നതോടെ ചൗവും സുവും തുല്യദുഃഖിതരെന്ന നിലയില്‍ കൂടുതല്‍ അടുക്കുന്നു. ചൗവിന്‍െറ കുങ്‌ഫു പരമ്പരയെഴുതാന്‍ അവള്‍ സഹായിക്കുന്നു. ഇതിനായി അവര്‍ താമസിക്കുന്നത്‌ 2046-ാം നമ്പര്‍ ഹോട്ടല്‍ മുറിയില്‍. തന്‍െറ ഉള്ളില്‍ താന്‍ തേടിക്കൊണ്ടിരുന്ന പെണ്‍കുട്ടി ഇവളാണെന്ന്‌ ചൗവിനു തോന്നുന്നു. സിങ്കപ്പൂരിലേക്ക്‌ പോകുമ്പോള്‍ അയാള്‍ സുവിനെയും ക്ഷണിക്കുന്നു. ഒരുമിച്ച്‌ ജിവിക്കാമെന്നുള്ള ചൗവിന്‍െറ അഭ്യര്‍ഥന പക്ഷേ, സു നിരസിക്കുകയാണ്‌. നാലുവര്‍ഷങ്ങള്‍ക്കുശേഷം സു മകനുമൊത്ത്‌ വീണ്ടും ഹോങ്കോങ്ങിലെത്തുന്നു. താന്‍ മുന്‍പ്‌ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്‍റ്‌ വിലയ്‌ക്കുവാങ്ങി അവിടെ താമസം തുടങ്ങുന്നു. (ഈ മകന്‍ സു-ചൗ ബന്ധത്തില്‍ നിന്നുണ്ടായതാണെന്നാണ്‌ അവസാനരംഗങ്ങളില്‍നിന്നു കിട്ടുന്ന സൂചന.) ചൗവും ഒരുദിവസം ഹോങ്കോങ്ങിലെ പഴയതാമസ സ്ഥലത്ത്‌ വരുന്നുണ്ട്‌. അയാള്‍ക്ക്‌ സുവിനെ കാണാന്‍ കഴിയുന്നില്ല. മറ്റാരോടും പങ്കിടാനാഗ്രഹിക്കാത്ത രഹസ്യം ഒരു മലമുകളിലെ മരപ്പൊത്തില്‍ ഭദ്രമായി സൂക്ഷിക്കുകയാണ്‌ ചൗ. (പഴയകാലത്തെ ഒരു വിശ്വാസത്തെക്കുറിച്ച്‌ `ഇന്‍ ദ മൂഡ്‌ ഫോര്‍ ലൗ'വിലും `2046'-ലും ആവര്‍ത്തിക്കുന്നതുകാണാം. മറ്റുള്ളവരോട്‌ പറയാനാഗ്രഹിക്കാത്ത വല്ല രഹസ്യവുമുണ്ടെങ്കില്‍ മലമുകളില്‍ പോയി ഒരു മരം കണ്ടെത്തുന്നു. ആ മരത്തില്‍ ഒരു ദ്വാരമുണ്ടാക്കി അതില്‍ തന്‍െറ രഹസ്യങ്ങള്‍ മന്ത്രിക്കുന്നു. എന്നിട്ട്‌ ദ്വാരം മണ്ണുകൊണ്ടടയ്‌ക്കുന്നു. ഇങ്ങനെ ചെയ്‌താല്‍ ആ രഹസ്യം എന്നെന്നും അവിടെത്തന്നെ നിലനില്‌ക്കുമത്രെ.)

വോങ്ങിന്‍െറ ശില്‌പവൈഭവം കൂടുതല്‍ പ്രകടമാകുന്ന ചിത്രമാണ്‌ `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ്‌'. സമാനഹൃദയരായ രണ്ടുവ്യക്തികളില്‍ മാത്രമായി കഥ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്‌ വോങ്‌. ഗോസിപ്പുകളെ ഭയപ്പെടുന്ന നായികാനായകന്മാരുടെ ഒതുക്കിപ്പിടിച്ച പ്രണയഭാവങ്ങള്‍ ഈ ചിത്രത്തെ ഭാവഗീതമാക്കുന്നു. നൂലിഴകളില്‍ തുടങ്ങി, ശക്തിയായി പെയ്‌ത്‌, ആര്‍ദ്രതയോടെ മണ്ണിലേക്ക്‌ ഉള്‍വലിയുന്ന മഴക്കാഴ്‌ചയുടെ സൗന്ദര്യമുണ്ടീ ചിത്രത്തിന്‌. (മഴ ഈ ചിത്രത്തില്‍ ഇടയ്‌ക്കിടെ കടന്നുവരുന്നുണ്ട്‌. കഥാഘടനയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്‌ മഴ.)

കാലക്രമമനുസരിച്ച്‌ കഥ പറഞ്ഞുപോകുന്ന രീതിയല്ല വോങ്‌ `2046'-ല്‍ പിന്തുടരുന്നത്‌. സുവിന്‍െറ ഓര്‍മകളില്‍ ജീവിക്കുന്ന ഒരു കഥാപാത്രമാണിതില്‍ ചൗ. അയാളുടെ ഓര്‍മകള്‍ക്ക്‌ കാലക്രമം നഷ്‌ടപ്പെടുന്നുണ്ട്‌. കണ്ടുമുട്ടുന്ന ഓരോ യുവതിയിലും അയാള്‍ സുവിനെ തിരയുകയാണ്‌. പക്ഷേ, കണ്ടെത്താനാവുന്നില്ല. ഒടുവില്‍ അയാള്‍ക്ക്‌ ഒരു കാര്യം വ്യക്തമാകുന്നു. സേ്‌നഹബന്ധത്തില്‍ ഒന്നും പകരം വെക്കാനാവില്ല. ഒരാളെ മറ്റൊരാളില്‍ കണ്ടെത്തുക പ്രയാസമാണ്‌.`ഇന്‍ ദ മൂഡ്‌ ഫോര്‍ ലവി'ല്‍നിന്ന്‌ `2046'-ല്‍ എത്തുമ്പോള്‍ കഥാനായകന്‍െറ വീക്ഷണത്തില്‍ മാറ്റം വന്നതുകാണാം. ഒരു ബന്ധത്തിലും അയാള്‍ ഉറച്ചു നില്‌ക്കാനാഗ്രഹിക്കുന്നില്ല. അമ്മയൊഴികെ എല്ലാ സ്‌ത്രീകളെയും ഒരേപോലെയാണയാള്‍ കാണുന്നത്‌. അയാളുമായി ഹൃദയം പങ്കിടാന്‍ കൊതിച്ച ബായി ലിങ്‌ എന്ന അഭിസാരികയോട്‌ ഈ കാര്യം പറയുന്നുണ്ട്‌. ``എനിക്ക്‌ മൊത്തക്കച്ചവടത്തില്‍ താത്‌പര്യമില്ല, റീട്ടെയില്‍ ഇടപാടേ വേണ്ടൂ'' എന്നു ചൗ തുറന്നടിക്കുന്നു. അതോടെ, ബായ്‌ലിങ്‌ അയാളില്‍നിന്നകലുകയാണ്‌. താമസിക്കുന്ന ഹോട്ടലിന്‍െറ ഉടമയുടെ മകള്‍, ചൂതുകളിയില്‍ നഷ്‌ടപ്പെട്ട അയാളുടെ പണം മുഴുവന്‍ ചൂതുകളിയിലൂടെത്തന്നെ തിരിച്ചുവാങ്ങിക്കൊടുക്കുന്ന സു ലി-സെന്‍ (കാമുകിയുടെ അതേ പേര്‌ തന്നെ) എന്നിവരടക്കം ഒട്ടേറെ യുവതികള്‍ ചൗവിന്‍െറ ജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്‌. പക്ഷേ, ഒന്നിലും അയാള്‍ക്ക്‌ തന്‍െറ പ്രിയപ്പെട്ടവളെ കണ്ടെത്താനാവുന്നില്ല. ഭൂതകാലത്തെ അയാള്‍ക്ക്‌ കാണാം. പക്ഷേ, തൊടാനാവുന്നില്ല എന്നെഴുതിക്കാണിച്ചുകൊണ്ടാണ്‌ `2046' അവസാനിക്കുന്നത്‌.

`ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ്‌' എന്ന ചിത്രം കണ്ടാലേ `2046' പൂര്‍ണമായി ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും കഴിയൂ. രണ്ടിന്‍െറയും ഇതിവൃത്തം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. അന്തരീക്ഷത്തിലും പ്രമേയത്തിന്‍െറ ആവിഷ്‌കരണത്തിലും മാറ്റങ്ങളുണ്ടെങ്കിലും ഒന്ന്‌ മറ്റൊന്നിന്‍െറ തുടര്‍ച്ച തന്നെയാണ്‌. ഹൃദയത്തോട്‌ ചേര്‍ന്നു നില്‌ക്കുന്നതിനാല്‍ `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ്‌' പൂര്‍ണമായും നമുക്കാസ്വദിക്കാനാവും. പക്ഷേ, `2046' അത്ര എളുപ്പം വഴങ്ങില്ല. `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവി'ല്‍ പ്രണയത്തിന്‍െറമുഗ്‌ദ്‌ധഭാവങ്ങള്‍ പകര്‍ത്തുന്ന വോങ്ങിന്‍െറ ക്യാമറ `2046'-ല്‍ ലൈംഗികതയുടെ അരാജകത്വമാണ്‌ ലജ്ജയില്ലാതെ തുറന്നുകാട്ടുന്നത്‌.

പ്രണയവും സമയബോധവും വോങ്ങിന്‍െറ സിനിമകളിലെ പ്രധാന ഘടകമാണ്‌. നീങ്ങിക്കൊണ്ടിരിക്കുന്ന ഓരോ നിമിഷവും ഓര്‍മകളെ പിന്നോട്ടാക്കി ഇനി തിരിച്ചുകിട്ടാനാവാത്തവിധം നഷ്‌ടപ്പെടുകയാണെന്ന്‌ അദ്ദേഹം വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു. `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവി'ല്‍ വലിയൊരു ക്ലോക്ക്‌ പല രംഗങ്ങളിലും നമ്മുടെ മുന്നിലേക്ക്‌ വരുന്നുണ്ട്‌. `2046'-ല്‍ ബായി ലിങ്ങിന്‌ ചൗ സമ്മാനിക്കുന്നത്‌ വാച്ചാണ്‌. നായകന്‍ കഥ അനാവരണം ചെയ്യുമ്പോള്‍ ഇടയ്‌ക്ക്‌ സ്‌ക്രീനില്‍ വര്‍ഷങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ദിവസങ്ങളെ ചിലപ്പോള്‍ മണിക്കൂറുകളാക്കി എഴുതിക്കാണിക്കുന്നു.

`ആഷസ്‌ ഓഫ്‌ ടൈം, ചുങ്കിങ്‌ എക്‌സ്‌പ്രസ്‌, ഫാളന്‍ എയ്‌ഞ്ചല്‍സ്‌, ഹാപ്പി ടുഗെദര്‍' എന്നിവയാണ്‌ വോങ്ങിന്‍െറ മറ്റു സിനിമകള്‍.

Wednesday, January 9, 2008

അഭയാര്‍ഥിയുടെ അപൂര്‍ണ യാത്ര


`കാണ്ഡഹാര്‍' എന്ന ഇറാനിയന്‍ ചിത്രം ഒരു യാത്രയുടെ കഥയാണ്‌. മൈനുകള്‍ പാകിയ മരണപ്പാടങ്ങളിലൂടെ സ്വന്തം സഹോദരിയെത്തേടി നഫാസ്‌ എന്ന യുവതി നടത്തിയ അപൂര്‍ണ യാത്രയുടെ കഥ. പ്രതീക്ഷയുടെ വെയില്‍ത്തുണ്ടുകളില്‍നിന്ന്‌ തുടങ്ങുന്ന യാത്ര അവസാനിക്കുന്നത്‌ സൂര്യഗ്രഹണത്തിന്‍െറ തടവറയിലാണ്‌. ഈ യത്രയ്‌ക്കിടയില്‍ നഫാസ്‌ കണ്ട അഭയാര്‍ഥികളുടെ മുഖങ്ങളാണ്‌, ആ മുഖങ്ങള്‍ക്കു പിന്നിലെ ജീവിതങ്ങളാണ്‌ `കാണ്ഡഹാറി'നെ അസ്വസ്ഥമായ അനുഭവമാക്കിത്തീര്‍ക്കുന്നത്‌.

��താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ അഫ്‌ഗാനിസ്‌താനിലെ കാണ്ഡഹാറില്‍നിന്ന്‌ കാനഡയിലേക്ക്‌ രക്ഷപ്പെട്ട കുടുംബമാണ്‌ നഫാസിന്‍േറത്‌. പക്ഷേ, ഇളയ സഹോദരി കാണ്ഡഹാറില്‍ത്തന്നെ കഴിയുകയാണ്‌. ജേര്‍ണലിസ്റ്റാണ്‌ നഫാസ്‌. തീവ്രവാദികള്‍ പാകിയ മൈന്‍ പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ ഇളയസഹോദരിയില്‍നിന്ന്‌ 1999-ന്‍െറ അവസാനത്തില്‍ നഫാസിന്‌ ഒരു കത്തുകിട്ടുന്നു. ഒരു സ്‌ത്രീയെന്ന നിലയില്‍ താലിബാന്‍െറ പീഡനങ്ങള്‍ സഹിക്കാനാവുന്നില്ലെന്നും ഇരുപതാം നൂറ്റാണ്ടിലെ അവസാന സൂര്യഗ്രഹണനാളില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു കത്തില്‍. സഹോദരിയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന്‌ നഫാസ്‌ തീര്‍ച്ചയാക്കുന്നു. പാകിസ്‌താന്‍െറയും താജിക്കിസ്‌താന്‍െറയും അതിര്‍ത്തികളില്‍ ചെന്നുനോക്കിയെങ്കിലും അധികൃതര്‍ നഫാസിനെ തിരിച്ചയച്ചു. പിന്നീട്‌, ഇറാന്‍ വഴി കാണ്ഡഹാറിലേക്കു കടക്കാനായി ശ്രമം. ഇറാന്‍ അതിര്‍ത്തിയില്‍ എത്തിയ നഫാസ്‌ തന്‍െറ യാത്ര ആരംഭിച്ചു.


ഒരു അഫ്‌ഗാന്‍കാരന്‍െറ കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അഫ്‌ഗാന്‍കാരന്‍െറ നാലാമത്തെ ഭാര്യ എന്ന വ്യാജേനയാണ്‌ നഫാസ്‌ സംഘത്തില്‍ ചേരുന്നത്‌. ഇതിനായി നൂറു ഡോളറാണ്‌ അയാള്‍ക്ക്‌ നല്‍കിയത്‌. മറ്റു സ്‌ത്രീകളെപ്പോലെ ബുര്‍ഖയണിഞ്ഞാണ്‌ നഫാസും അവരോടൊപ്പം പോകുന്നത്‌. നിയമവിരുദ്ധമായി ജോലി ചെയ്‌തതിന്‌ ഇറാനില്‍ പിടിക്കപ്പെട്ട അഫ്‌ഗാന്‍കാരന്‍ സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകുകയാണ്‌. മരുഭൂമിയില്‍ കൊള്ളക്കാര്‍ അവരെ പിടികൂടുന്നു. എല്ലാം കവര്‍ന്നെടുത്ത്‌ ഓട്ടോറിക്ഷയുമായി കൊള്ളക്കാര്‍ രക്ഷപ്പെടുന്നു. ഉടുതുണിയൊഴികെ എല്ലാം നഷ്‌ടപ്പെട്ട ആ കുടുംബം സങ്കടങ്ങളെല്ലാം ദൈവത്തോടുപറഞ്ഞ്‌ വീണ്ടും അഭയാര്‍ഥികളാവാന്‍ ഇറാനിലേക്ക്‌ തിരിച്ചുപോവുകയാണ്‌. നഫാസിനു പക്ഷേ, തന്‍െറ യാത്ര തുടര്‍ന്നേ മതിയാവൂ. സൂര്യഗ്രഹണത്തിന്‌ ഇനി മൂന്നുദിവസമേയുള്ളൂ. താലിബാന്‍െറ മദ്രസയില്‍നിന്നു പുറത്താക്കപ്പെട്ട ഖാക്ക്‌ എന്ന പയ്യനായി പിന്നീട്‌ നഫാസിന്‍െറ വഴികാട്ടി. ഖാക്കിന്‍െറ പിതാവ്‌ മരിച്ചുപോയി. കഷ്‌ടപ്പെട്ട്‌ കുടുംബത്തെ നോക്കുന്നത്‌ അവനാണ്‌. അതുകൊണ്ട്‌ മറ്റുകുട്ടികളെപ്പോലെ അവനു കൃത്യമായി സ്‌കൂളില്‍ പോകാന്‍ കഴിയാറില്ല. ഈ പത്തുവയസ്സുകാരന്‌ അന്‍പതു ഡോളറാണ്‌ നഫാസ്‌ കൂലിയായി നല്‍കുന്നത്‌.
��യാത്രയ്‌ക്കിടയില്‍ വെള്ളം കുടിച്ച്‌ അസുഖം ബാധിച്ച നഫാസ്‌ മരുഭൂമിയിലെ ഡോക്ടറുടെ അടുത്തെത്തുന്നു. തബീബ്‌ ഷഹീദ്‌ എന്ന ഇയാള്‍ വൈദ്യശാസ്‌ത്ര പഠനമൊന്നും നടത്തിയിട്ടില്ല.

ആഫ്രിക്കന്‍ വംശജനായ ഈ അമേരിക്കക്കാരന്‍ താന്‍ ദൈവത്തെ തേടുകയാണെന്നാണ്‌ അവകാശപ്പെടുന്നത്‌. പയ്യന്‌ കാണ്ഡഹാറിലേക്കുള്ള വഴി അറിയില്ലെന്നും പണം പിടുങ്ങാന്‍ പിന്നാലെ കൂടിയതാണെന്നും അയാള്‍ നഫാസിനോട്‌ പറയുന്നു. അയാള്‍ കുതിരവണ്ടിയില്‍ നഫാസിനെ റെഡ്‌ക്രോസിന്‍െറ മെഡിക്കല്‍ ക്യാമ്പിലെത്തിക്കുന്നു. കാണ്ഡഹാറിലേക്കു പോകാന്‍ ഒരു വാഹനം സംഘടിപ്പിച്ചുതരണമെന്ന അഭ്യര്‍ഥന റെഡ്‌ക്രോസ്‌ പ്രവര്‍ത്തകര്‍ക്ക്‌ സ്വീകരിക്കാനാവുന്നില്ല. മറ്റൊരു അഫ്‌ഗാന്‍കാരന്‍െറ ഭാര്യയായി നടിച്ച്‌ നഫാസ്‌ കാണ്ഡഹാറിലേക്ക്‌ പോകുന്ന ഒരു വിവാഹസംഘത്തില്‍ ചേരുന്നു. കാല്‍നടയായി പോകുന്ന വിവാഹസംഘത്തെ താലിബാന്‍ തീവ്രവാദികള്‍ തടയുന്നു. അവരുടെ പിടിയിലാകുന്ന നഫാസിന്‍െറ കാണ്ഡഹാര്‍യാത്ര അതോടെ അവസാനിക്കുകയാണ്‌.

��അന്താരാഷ്ര്‌ടതലത്തില്‍ മുപ്പതോളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഇറാന്‍കാരനായ മൊഹ്‌സിന്‍ മഖ്‌മല്‍ ബഫഫ്‌ ആണ്‌ `കാണ്ഡഹാറി'ന്‍െറ സംവിധായകന്‍. 85 മിനിറ്റ്‌ നീളമുള്ള ചിത്രത്തിന്‍െറ മുക്കാല്‍ഭാഗവും ഇറാനതിര്‍ത്തിയിലാണ്‌ ഷൂട്ട്‌ ചെയ്‌തത്‌. കുറച്ചു ഭാഗങ്ങള്‍ രഹസ്യമായി അഫ്‌ഗാനിസ്‌താനിലും ചിത്രീകരിച്ചു. 2001-ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്‍റര്‍ ആക്രമണത്തിനു തൊട്ടു മുമ്പാണ്‌ ചിത്രം റിലീസായത്‌. അക്കൊല്ലത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിത്രം അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. കാനിലെ `എക്യുമെനിക്കല്‍ ജൂറി' അവാര്‍ഡ്‌ കാണ്ഡഹാറിനായിരുന്നു. `ഗോള്‍ഡന്‍ പാ'മിന്‌ ചിത്രം നോമിനേറ്റ്‌ ചെയ്യപ്പെട്ടിരുന്നു. അക്കൊല്ലം തന്നെ യൂറോപ്യന്‍ ഫിലിം അവാര്‍ഡ്‌സിന്‍െറ സ്‌ക്രീന്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡിനും നോമിനേറ്റ്‌ ചെയ്യപ്പെട്ടു. `യുനെസ്‌കോ'യുടെ ഫെഡറിക്കോ ഫെല്ലിനി പ്രൈസും `കാണ്ഡഹാര്‍' കരസ്ഥമാക്കി. വേള്‍ഡ്‌ ട്രേഡ്‌ സെന്‍റര്‍ ആക്രമണത്തോടെ അഫ്‌ഗാനിസ്‌താനും താലിബാനും വാര്‍ത്തകളിലേക്കു വന്നപ്പോഴാണ്‌ ലോകം ഈ സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌.

��സോവിയറ്റ്‌ പിന്മാറ്റശേഷമുള്ള താലിബാന്‍ ഭരണകാലമാണ്‌ സിനിമയുടെ പശ്ചാത്തലം. അധിനിവേശവും ആഭ്യന്തരയുദ്ധവും തകര്‍ത്തെറിഞ്ഞ ഒരു രാജ്യത്തേയും അവിടത്തെ നിസ്സഹായരായ ജനതയെയും ലോകത്തിനു മുന്നില്‍ കൊണ്ടുവരികയായിരുന്നു തന്‍െറ ലക്ഷ്യമെന്ന്‌ സംവിധായകന്‍ മഖ്‌മല്‍ ബഫ്‌ വ്യക്തമാക്കുന്നു. 1992ലെ കണക്കനുസരിച്ച്‌ രണ്ടുകോടിയായിരുന്നു അഫ്‌ഗാനിസ്‌താനിലെ ജനസംഖ്യ. ഇതില്‍ മുപ്പതു ശതമാനവും (ഏതാണ്ട്‌ 60 ലക്ഷം പേര്‍) അഭയാര്‍ഥികളായി മറ്റു രാജ്യങ്ങളില്‍ കഴിയുകയായിരുന്നു. യുദ്ധകാലത്ത്‌ ഓരോ അഞ്ചു മിനിറ്റിലും ഒരു അഫ്‌ഗാന്‍കാരന്‍ വീതം കൊല്ലപ്പെടുമായിരുന്നു. ഒരു വര്‍ഷം ഏതാണ്ട്‌ ഒന്നേകാല്‍ ലക്ഷം പേര്‍. 2002 വരെയുള്ള ഇരുപതു വര്‍ഷത്തിനിടയില്‍ മരിച്ചത്‌ ഏതാണ്ട്‌ 25 ലക്ഷം പേരാണ്‌. ഓരോ മിനിറ്റിലും ഒരാള്‍ വീതം അഭയാര്‍ഥിയായി മാറിക്കൊണ്ടിരുന്നു. ലോകം പക്ഷേ, ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അഫ്‌ഗാനിസ്‌താന്‍ എന്നാല്‍ കറുപ്പുകൃഷിയുടെ രാജ്യം എന്നേ ലോകത്തിനറിയാമായിരുന്നുള്ളൂ. എണ്ണപ്പാടങ്ങളില്ലാത്തതിനാല്‍ അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ ആര്‍ത്തിക്കണ്ണുകള്‍ ഇവിടേക്ക്‌ പതിഞ്ഞില്ല.

��അഫ്‌ഗാനിസ്‌താന്‍ ഇതിവൃത്തമായി മഖ്‌മല്‍ ബഫ്‌ സംവിധാനം ചെയ്‌ത രണ്ടാമത്തെ സിനിമയാണ്‌ `കാണ്ഡഹാര്‍'. ഇറാനിലെ അഫ്‌ഗാന്‍ അഭയാര്‍ഥിയായ നസീം മുഖ്യകഥാപാത്രമായുള്ള `ദ സൈക്കിളിസ്റ്റ്‌' ആണ്‌ ആദ്യ ചിത്രം. രോഗിയായ ഭാര്യയുടെ ചികിത്സയ്‌ക്ക്‌ പണം കണ്ടെത്താനായി ഒരാഴ്‌ച സൈക്കിള്‍യജ്ഞം നടത്തുന്ന നസീമിനെ ഇറാന്‍ അധികൃതര്‍ ചാരനായി മുദ്രകുത്തുന്നതും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണിതില്‍. രണ്ടാമത്തെ ചിത്രത്തിലാവട്ടെ ഇതിവൃത്തം ഒന്നുകൂടി വിപുലമാവുന്നു. അഭയാര്‍ഥി പ്രശ്‌നത്തിനു പുറമെ താലിബാന്‍ ഭരണത്തിനു കീഴിലെ സ്‌ത്രീകളുടെ ദുരവസ്ഥയും. അഫ്‌ഗാന്‍ ജനസംഖ്യയില്‍ പകുതിയും സ്‌ത്രീകളാണ്‌. `ചത്തും കൊന്നും അടക്കി' അധീശത്വത്തിനു ശ്രമിക്കുന്ന ഗോത്രവര്‍ഗങ്ങള്‍ രാജ്യത്തിനു വരുത്തിവെക്കുന്ന ദുരിതങ്ങളും സിനിമയുടെ വിഷയങ്ങളായി മാറുകയാണ്‌.

�ജീവിതത്തില്‍നിന്നു നേരെ കടന്നുവരുന്നവരാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. ദുരിതങ്ങള്‍ സഹിച്ച്‌ മരവിച്ചു പോയ മനുഷ്യര്‍. പിറന്ന മണ്ണില്‍ നിന്ന്‌ എടുത്തെറിയപ്പെട്ട മനുഷ്യര്‍. ആനന്ദിന്‍െറ `അഭയാര്‍ഥികളി'ല്‍ പറയുന്നതുപോലെ ``ജനിച്ചു വളര്‍ന്ന വീടും നാടും വിട്ട്‌, വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ച്‌, ഭൂതകാലത്തെ പിന്നില്‍ വിട്ട്‌ , അറിയപ്പെടാത്ത ദിക്കുകളിലേക്കും ശൂന്യമായ ഭാവിയിലേക്കും ഇറങ്ങിത്തിരിക്കുകയായിരുന്നു'' അവര്‍. ചുട്ടുപഴുത്ത മണലില്‍ വേരുകളാഴ്‌ത്താനാവാതെ അവര്‍ വരണ്ടു പോകുന്നു. എന്നെങ്കിലും തിരിച്ചു പോകാനവര്‍ കൊതിക്കുന്നു. പക്ഷേ, സന്ദേഹത്തോടെയുള്ള മടക്കയാത്രകളില്‍ അവര്‍ മരുഭൂമിയുടെ മറുകരയെത്തുന്നില്ല. ലക്ഷ്യമണയാത്ത യാത്രയാണവരുടേത്‌. പട്ടിണിയും രോഗവും വംശമഹിമയ്‌ക്കായി പോരാട്ടങ്ങളും അവരുടെ യാത്ര അപൂര്‍ണമാക്കുന്നു.
��അഭയാര്‍ഥി ക്യാമ്പുകളിലേക്ക്‌ ക്യാമറ തിരിക്കുമ്പോള്‍ മഖ്‌മല്‍ ബഫിലെ ചലച്ചിത്രകാരന്‍ പിന്നിലേക്ക്‌ മാറുന്നു. കാഴ്‌ചയിലെ നേരുകളാണ്‌ അദ്ദേഹം പകര്‍ത്തുന്നത്‌. സിനിമ ഇവിടെ ഡോക്യുമെന്‍ററിയുടെ സ്വഭാവം കൈക്കൊള്ളുന്നു. ഈ പകര്‍ത്തിവെപ്പ്‌ സിനിമയെ ഒട്ടും ദുര്‍ബലപ്പെടുത്തുന്നില്ല. മറിച്ച്‌, ഇതിവൃത്തത്തെ ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. നിമിഷനേരം ഫ്രെയിമില്‍ നില്‍ക്കുന്ന മുഖങ്ങള്‍ പോലും നമുക്ക്‌ പരിചിതമായി മാറുന്നു.

ക്യാമ്പില്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടികളുടെ മുഖങ്ങളിലെല്ലാം ഒരേ ഭാവമാണ്‌. അമ്പരപ്പാണ്‌ ആ മുഖങ്ങളിലെപ്പോഴും. നാളെയെക്കുറിച്ചോര്‍ത്തുള്ള അമ്പരപ്പ്‌. ചുറ്റും മണല്‍ക്കൂമ്പാരം മാത്രമുള്ള ഒരു ലോകത്ത്‌ അവര്‍ക്ക്‌ പരിമിതമോഹങ്ങളേയുള്ളൂ. നിറമുള്ള വളകളിലും നെയില്‍പോളീഷിലും ഒതുങ്ങുന്നു ആ മോഹങ്ങള്‍. ഒരു പാവക്കുട്ടിയെ എടുത്തോമനിക്കാന്‍ അവര്‍ക്ക്‌ സ്വാതന്ത്ര്യമില്ല. പാവക്കുട്ടികള്‍ അവര്‍ക്ക്‌ ലാളിക്കാനുള്ളതല്ല. അവയെ നെഞ്ചോടു ചേര്‍ത്തുവെക്കാനുള്ളതല്ല. പാവക്കുട്ടിയുടെ നെഞ്ചിനകത്ത്‌ ആരോ ഒളിച്ചുവെച്ച ബോംബുണ്ടെന്ന്‌ അവര്‍ മനസ്സിലാക്കുന്നു. ആരുടെയൊക്കെയോ രക്തവും മാംസവും ചിതറിച്ച്‌ പൊട്ടിത്തെറിക്കാന്‍ വിധിക്കപ്പെട്ടവയാണാ പാവക്കുട്ടികള്‍. മാതൃത്വത്തിന്‍െറ ആദ്യപാഠങ്ങളാണ്‌ ഈ പെണ്‍കുട്ടികള്‍ക്ക്‌ എന്നെന്നേക്കുമായി നഷ്‌ടപ്പെടുന്നത്‌.

��റെഡ്‌ക്രോസിന്‍െറ ഹെലികോപ്‌റ്റവില്‍നിന്ന്‌ പാരച്യൂട്ടില്‍ വന്നുവീഴുന്ന കൃത്രിമക്കാലുകള്‍ കാത്തിരിക്കുന കുറെ മനുഷ്യരെയും അഭയാര്‍ഥിക്യാമ്പുകളില്‍ കാണാം. പരസ്‌പരം തോല്‌പിക്കാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ വിതച്ചിട്ട മൈനുകളാണ്‌ അവരുടെ കാലുകള്‍ ഇല്ലാതാക്കിയത്‌. ഹെലികോപ്‌റ്ററിന്‍െറ മുരള്‍ച്ച കേള്‍ക്കുമ്പോഴേക്കും അവര്‍ വൈകല്യം മറന്ന്‌ മത്സരത്തിനു തയ്യാറെടുക്കുന്നു. ആകാശത്തു നിന്നിറങ്ങിവരുന്ന കാലുകള്‍ അവര്‍ക്ക്‌ ഭൂമിയിലെ താങ്ങാണ്‌. അത്‌ സ്വന്തമാക്കാന്‍ അവര്‍ ഊന്നുവടിയില്‍ മത്സരിച്ചോടുന്ന ദൃശ്യം മറക്കാനാവില്ല.

��അഭയാര്‍ഥിയായും സംഭവങ്ങള്‍ക്കു സാക്ഷിയായും നിറഞ്ഞുനില്‍ക്കുന്ന നഫാസ്‌ ആണ്‌ ഈ സിനിമയിലെ മുഖ്യകഥാപാത്രം. അഫ്‌ഗാനിസ്‌താനില്‍നിന്ന്‌ കാനഡയിലെത്തിയ ജേര്‍ണലിസം ബിരുദധാരിയായ വിലോഫര്‍ പസീറയാണ്‌ നഫാസായി അഭിനയിക്കുന്നത്‌. അഫ്‌ഗാന്‍ അഭയാര്‍ഥിയായി രൂപപ്പെടാന്‍ നിലോഫറിന്‌ മുന്നൊരുക്കങ്ങളൊന്നും വേണ്ടിവന്നില്ല. അഭയാര്‍ഥിയുടെ മനസ്സറിയാം അവര്‍ക്ക്‌. കാബൂളില്‍ ജനിച്ചുവളര്‍ന്ന നിലോഫര്‍ 1989-ല്‍ കുടുംബത്തോടൊപ്പം അഫ്‌ഗാനിസ്‌താന്‍ വിട്ടതാണ്‌. നടന്ന്‌ പത്തുദിവസം കൊണ്ടാണ്‌ അവര്‍ പാകിസ്‌താനിലെത്തിയത്‌. ഒരു വര്‍ഷം അവിടെ കഴിഞ്ഞു. പിന്നീടാണ്‌ കാനഡയിലേക്കു പോയത്‌.

��`കാണ്ഡഹാര്‍' എന്ന സിനിമയുടെ ആശയം ആദ്യം അവതരിപ്പിച്ചത്‌ നിലോഫറാണ്‌. ഒരിക്കല്‍ ഇറാനിലെത്തിയ നിലോഫര്‍ തനിക്ക്‌ അഫ്‌ഗാനിസ്‌താനിലേക്ക്‌ മടങ്ങാന്‍ പരിപാടിയുണ്ടെന്ന്‌ മഖ്‌മല്‍ ബഫിനോട്‌ പറഞ്ഞു. താലിബാന്‍ ഭരണത്തില്‍ മനംമടുത്ത ബാല്യകാലസുഹൃത്തിനെ കാബൂളില്‍ ചെന്നു കണ്ടുപിടിച്ച്‌ സഹായിക്കുകയായിരുന്നു ലക്ഷ്യം. ഈ ആശയത്തില്‍നിന്നാണ്‌ ബഫ്‌ കാണ്ഡഹാറിന്‍െറ തിരക്കഥയ്‌ക്ക്‌ രൂപം കൊടുക്കുന്നത്‌. നായികയായി നിലോഫറെത്തന്നെ തിരഞ്ഞെടുക്കുകയും ചെയ്‌തു.

Saturday, January 5, 2008

കുതിരകളെ സ്‌നേഹിച്ച പെണ്‍കുട്ടി

സ്വീഡിഷ്‌ ഭാഷയില്‍ 'ഫ്‌ളിക്ക' എന്നാല്‍ 'സുന്ദരിയായ പെണ്‍കുട്ടി' എന്നാണര്‍ത്ഥം. കെയ്‌റ്റി എന്ന പതിനാറുകാരിക്ക്‌ അമ്മയിട്ട ഓമനപ്പേരാണിത്‌. അതവള്‍ക്ക്‌ നന്നായി ഇഷ്‌ടപ്പെട്ടു. തന്റെ വീടിനോടു ചേര്‍ന്നുള്ള കുതിരലായത്തിലേക്ക്‌ മൂന്നാം വയസ്സില്‍, ആരും കാണാതെ നിര്‍ഭയം കടന്നുചെന്നവളാണ്‌ കെയ്‌റ്റി. കുതിരകള്‍ അവളുടെ പ്രാണനാണ്‌. അവളുടെ ജീവിതത്തിന്റെ ഭാഗമാണ്‌ ശക്തിയുടെ പ്രതീകമായ കുതിരകള്‍. ലോകത്തിന്റെ നെറുകയിലാണവള്‍ താമസിക്കുന്നത്‌. ആകാശത്തേക്ക്‌ എണ്ണായിരം അടി മാത്രം അകലെ. വ്യോമിങ്ങിലെ മലനിരകളില്‍ വേനല്‍ക്കാലം ഒരിക്കലും എത്തിനോക്കാറില്ല. നീണ്ട ശൈത്യകാലത്തില്‍ നിന്നുള്ള മോചനവുമായി വസന്തമെത്തുമ്പോള്‍ മലനിരകളില്‍ വീണ്ടും ജീവിതം പൂക്കുന്നു. ഓരോ വസന്തകാലത്തിന്റെയും തുടക്കത്തില്‍ കുതിരകളെ പുറത്തിറക്കുമ്പോള്‍ വീണ്ടും ലോകം കീഴടക്കും മട്ടില്‍ അവ കുതിച്ചുപായുന്നത്‌ കണ്ടുനില്‍ക്കാന്‍ കെയ്‌റ്റിക്ക്‌ രസമാണ്‌.
തന്റെ ഉള്ളില്‍ക്കിടന്ന്‌ തിളയ്‌ക്കുന്ന ആവേശമാണവള്‍ ആ കുതിരകളില്‍ കണ്ടെത്തിയിരുന്നത്‌. സാഹസികബുദ്ധിയോടെ അവ നോക്കെത്താദൂരം പരന്നുകിടക്കുന്ന പുല്‍മേടുകളില്‍ സ്വതന്ത്രരായി ഓടിത്തിമിര്‍ക്കുമായിരുന്നു. ഈ കാഴ്‌ചകളില്‍ അഭിരമിച്ചാണ്‌ കെയ്‌റ്റി വളരുന്നത്‌. അവള്‍ നന്നായി പഠിച്ച്‌ ബിരുദമെടുക്കണമെന്നാണ്‌ കുതിര വളര്‍ത്തുകാരനായ അച്ഛന്‍ റോബിന്റെ ആഗ്രഹം. മകന്‍ ഹോവാര്‍ഡിനെ തങ്ങളുടെ പാരമ്പര്യ ബിസിനസ്സില്‍ നിലനിര്‍ത്താനായിരുന്നു ഉദ്ദേശ്യം. പക്ഷേ, നേരെ മറിച്ചായിരുന്നു കുട്ടികളുടെ ചിന്താഗതി. പഠിക്കാനായിരുന്നു ഹോവാര്‍ഡിനു താല്‌പര്യം. കെയ്‌റ്റിയുടെ മനസ്സിലാകട്ടെ കുതിരകള്‍ എന്നോ താവളമുറപ്പിച്ചിരുന്നു. പരീക്ഷാഹാളില്‍പ്പോലും കുതിരകള്‍ അവളെ പിന്തുടര്‍ന്നു. വാര്‍ഷിക പരീക്ഷയുടെ രണ്ട്‌ മണിക്കൂറുകള്‍ കടന്നുപോയത്‌ കെയ്‌റ്റി അറിഞ്ഞില്ല. അവള്‍ ജന്മനാട്ടിലെ മലനിരകളിലും അവിടത്തെ കുതിരകളുടെഇടയിലുമായിരുന്നു. ഒന്നുമെഴുതാത്ത ഉത്തരക്കടലാസാണ്‌ അവള്‍ തിരിച്ചേല്‌പിച്ചത്‌. വീട്ടിലെത്തിയപ്പോള്‍ സഹോദരനോടു മാത്രം ഇക്കാര്യം സൂചിപ്പിച്ചു. അച്ഛനറിഞ്ഞാല്‍ വീട്ടില്‍ ഭൂകമ്പം ഉണ്ടാകുമെന്ന്‌ അവള്‍ക്കറിയാം. ആ നിമിഷത്തിനായി അവള്‍ പേടിയോടെ കാത്തിരുന്നു.

കെയ്‌റ്റിക്ക്‌ ഉറക്കം കുറവാണ്‌. എല്ലാവരും ഉണരും മുമ്പേ അവള്‍ പുറത്തിറങ്ങി കുതിരകളുടെ അടുത്തെത്തും. ഏതെങ്കിലും ഒന്നിന്റെ പുറത്തേറി പിന്നെ സവാരിയാണ്‌. സ്‌കൂളില്‍നിന്ന്‌ തിരിച്ചെത്തിയ അന്നും അവള്‍ പതിവുപോലെ സവാരിക്കിറങ്ങി. വഴിക്കുവെച്ച്‌ ഒരു സിംഹത്തെക്കണ്ട്‌ ഭയന്ന്‌ കുതിര വിറളി പിടിക്കുന്നു. കെയ്‌റ്റിയെ തള്ളിയിട്ടിട്ട്‌ അത്‌ ഓടി രക്ഷപ്പെടുന്നു. അപ്പോള്‍, കറുത്ത ഒരു കാട്ടുകുതിര കെയ്‌റ്റിയുടെ രക്ഷയ്‌ക്കെത്തുന്നു. ആ കുതിര സിംഹത്തെ വിരട്ടിയോടിക്കുന്നു. പരിക്കുകളോടെ കെയ്‌റ്റി വീട്ടിലെത്തുമ്പോള്‍ അവിടെ നല്ല പുകില്‌. സ്‌കൂളില്‍ നിന്ന്‌ ഹെഡ്‌മാസ്റ്ററുടെ ഫാക്‌സ്‌ സന്ദേശം വന്നിരിക്കുന്നു. കെയ്‌റ്റി പരീക്ഷയ്‌ക്ക്‌ ഒന്നുമെഴുതിയില്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം. റോബിനു ക്ഷോഭം അടക്കാനാവുന്നില്ല. എന്തുകൊണ്ട്‌ പരീക്ഷ എഴുതിയില്ല എന്ന ചോദ്യത്തിന്‌ കെയ്‌റ്റിക്ക്‌ മറുപടിയുണ്ടായിരുന്നു: ''എല്ലാം എന്റെ തലമണ്ടയിലുണ്ടായിരുന്നു. പക്ഷേ, കടലാസിലേക്ക്‌ പകര്‍ത്തിയില്ല.''
തന്നെ രക്ഷിച്ച കറുത്ത കുതിരയെത്തേടി കെയ്‌റ്റി പുറപ്പെടുന്നു. കുതിരപ്പുറത്താണ്‌ യാത്ര. കറുത്ത കുതിരയെ അവള്‍ കണ്ടെത്തുന്നു. ഓട്ടത്തില്‍ കഴുത്തില്‍ കുരുക്കിട്ടു പിടിക്കാനുള്ള ശ്രമത്തില്‍ അവള്‍ കുതിരപ്പുറത്തുനിന്നു വീഴുന്നു. അപ്പോഴേക്കും അച്ഛന്‍ അവിടെ എത്തി കാട്ടുകുതിരയെ സാഹസികമായി തളച്ച്‌ കൊണ്ടുവരുന്നു. രണ്ടു വയസ്സുള്ള ആ കാട്ടുകുതിര അപകടകാരിയാണെന്ന്‌ റോബ്‌ മകള്‍ക്കു മുന്നറിയിപ്പു കൊടുക്കുന്നു. അതിനടുത്തേക്ക്‌ പോകുന്നതുപോലും അയാള്‍ വിലക്കുന്നു. മറ്റുള്ളവയില്‍നിന്നു വേര്‍പെടുത്തി ഒറ്റയ്‌ക്കാണ്‌ ആ കാട്ടുകുതിരയെ പാര്‍പ്പിക്കുന്നത്‌.

പരിശീലനം നല്‌കിയാല്‍ കാട്ടുകുതിരയെയും അനുസരണയുള്ളതാക്കി മാറ്റാം എന്നു കെയ്‌റ്റി വിശ്വസിക്കുന്നു. അവള്‍ തന്റെ പ്രിയപ്പെട്ട ആ കാട്ടുകുതിരയ്‌ക്ക്‌ പേരിട്ടു- ഫ്‌ളിക്ക. സമയം കിട്ടുമ്പോഴൊക്കെ അവള്‍ ഫ്‌ളിക്കയുടെ അടുത്തെത്തും. കൈവരികള്‍ ചാടിക്കടന്ന്‌്‌ ഫ്‌ളിക്കയെ തലോടും. പാട്ടുപാടും. അവളോട്‌ സംസാരിക്കും. പക്ഷേ, ഫ്‌ളിക്ക അത്ര എളുപ്പം മെരുങ്ങുന്ന കൂട്ടത്തിലായിരുന്നില്ല. കെയ്‌റ്റിയുടെ നിരന്തര സമ്പര്‍ക്കവും സ്‌നേഹപ്രകടനവും ഫ്‌്‌ളിക്കയില്‍ ചലനങ്ങളുണ്ടാക്കി. ക്രമേണ കെയ്‌റ്റിയുമായി ഫ്‌ളിക്ക സൗഹൃദത്തിലാവുന്നു. വിറളി എടുത്തോടുമ്പോള്‍ കെയ്‌റ്റി ഒന്നു വിളിച്ചാല്‍ മതി, ഫ്‌ളിക്ക അപ്പോള്‍ നില്‌ക്കും. ദിവസവും രാത്രി രഹസ്യമായി അവള്‍ ഫ്‌ളിക്കയെ പരിശീലിപ്പിച്ചുപോന്നു.

റോബിന്റെ കുതിര ബിസിനസ്‌ വലിയ ലാഭത്തിലൊന്നുമല്ല. തന്റെ കൃഷിയിടങ്ങളും കുതിരലായങ്ങളും കെട്ടിടനിര്‍മാതാക്കള്‍ക്കു വില്‍ക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. കെയ്‌റ്റിക്ക്‌ അതൊരു ഷോക്കായിരുന്നു. കുതിരകള്‍ തന്റെ ജീവിതത്തിന്റെ ഭാഗമല്ലാതാവുന്നത്‌ അവള്‍ക്ക്‌ ഓര്‍ക്കാനേ വയ്യ. അന്നു രാത്രി കെയ്‌റ്റി ഫ്‌ളിക്കയുടെ പുറത്തേറി സവാരിക്കിറങ്ങുന്നു. വന്യമായ ഓട്ടത്തിനിടയില്‍ കെയ്‌റ്റിക്ക്‌ പിടിച്ചു നില്‌ക്കാന്‍ കഴിയുന്നില്ല. അവള്‍ കുതിരപ്പുറത്തുനിന്ന്‌ വീഴുന്നു. പിറ്റേന്നുതന്നെ ഫ്‌ളിക്കയെ റോബ്‌ വില്‍ക്കുകയാണ്‌. തടയാന്‍ കെയ്‌റ്റി ഏറെ ശ്രമിച്ചെങ്കിലും റോബിന്റെ തീരുമാനത്തിന്‌ ഇളക്കമില്ലായിരുന്നു. കാട്ടുകുതിരകള്‍ ശപിക്കപ്പെട്ടവരാണെന്ന്‌ കെയ്‌റ്റി വേദനയോടെ മനസ്സിലാക്കുന്നു. അവയെ ആര്‍ക്കും വേണ്ട. കുതിര വളര്‍ത്തുകാര്‍ക്കും വേണ്ട, നഗരവാസികള്‍ക്കും വേണ്ട. അതാണവയുടെ വിധി. ഫ്‌ളിക്കയെ വീണ്ടും കെയ്‌റ്റി കണ്ടെത്തുന്നത്‌ ഒരു കാര്‍ണിവെല്‍ ഗ്രൗണ്ടിലാണ്‌. സഹോദരന്റെ കാമുകി മിറാന്‍ഡയാണ്‌ ഫ്‌ളിക്കയെ കണ്ട വിവരം അവളോടു പറയുന്നത്‌. കെയ്‌റ്റിയും കുടുംബവും കാര്‍ണിവലിനു പോകുന്നു. കെയ്‌റ്റിക്കും ഹേവാര്‍ഡിനും കാമുകിക്കും ഫ്‌ളിക്കയെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. അച്ഛനുമമ്മയും കാര്‍ണിവല്‍ കണ്ടുരസിക്കുമ്പോള്‍ കെയ്‌റ്റിയും സഹോദരനും കുതിരപ്പന്തയത്തിനിറങ്ങുന്നു. കെയ്‌റ്റി ആണ്‍കുട്ടിയെപ്പോലെ വേഷം മാറിയാണ്‌ മത്സരത്തിനെത്തുന്നത്‌. അമ്പത്‌ ഡോളറാണ്‌ പന്തയഫീസ്‌. ഗ്രൗണ്ടിലുള്ള കാട്ടുകുതിരകളെ മെരുക്കിയെടുത്ത്‌ സവാരി നടത്തണം. ഇതാണ്‌ മത്സരം. ജയിച്ചാല്‍ എണ്ണായിരം ഡോളര്‍ സമ്മാനം. ഇഷ്‌ടമുള്ള കുതിരയെ തിരഞ്ഞെടുക്കാം. മത്സരത്തിനെത്തിയവരെയെല്ലാം കാട്ടുകുതിരകള്‍ തള്ളിയിടുകയും പരിക്കേല്‌പിക്കുകയും ചെയ്യുന്നു. ആര്‍ക്കും ജയിക്കാന്‍ കഴിയുന്നില്ല. ആര്‍ക്കും പിടികൊടുക്കാതെ, ബഹളമുണ്ടാക്കി ഓടിക്കൊണ്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട കുതിരയെ നോക്കി കെയ്‌റ്റി ഫ്‌ളിക്ക' എന്നു വിളിക്കുന്നു. സുപരിചിതമായ ആ വിളി ഫ്‌ളിക്ക കേള്‍ക്കുന്നു. അവള്‍ അനുസരണയോടെ കെയ്‌റ്റിയുടെ അടുത്തെത്തുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ കെയ്‌റ്റി ഫ്‌ളിക്കയുടെ പുറത്തേറി ഗ്രൗണ്ടിന്‌ പുറത്തേക്ക്‌ അതിവേഗം ഓടിച്ചുപോകുന്നു. കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ റോബും ഭാര്യയും കെയ്‌റ്റിയേയും ഫ്‌ളിക്കയെയും തിരിച്ചറിയുന്നു. അവര്‍ പന്തയസ്ഥലത്ത്‌ എത്തുമ്പേഴേക്കും കെയ്‌റ്റിയേയും കൊണ്ട്‌ ഫ്‌്‌ളിക്ക പറന്നുകഴിഞ്ഞിരുന്നു.

രാത്രിയായിട്ടും കെയ്‌റ്റി മടങ്ങിഎത്തുന്നില്ല. കനത്ത മഴ. കെയ്‌റ്റിയും ഫ്‌്‌ളിക്കയും വീട്ടിലേക്ക്‌ മടങ്ങുകയാണ്‌. പതുങ്ങിയിരിക്കുകയായിരുന്ന സിംഹം വഴിക്കുവെച്ച്‌ ഫ്‌ളിക്കയെ കടന്നാക്രമിക്കുന്നു. ഇത്തവണ ഫ്‌്‌ളിക്ക തോറ്റു. ഏറ്റുമുട്ടലില്‍ അവള്‍ മുറിവേറ്റ്‌ വീഴുന്നു. കെയ്‌റ്റിയെ കണ്ടെത്തി അച്ഛന്‍ വീട്ടിലെത്തിക്കുന്നു. മുറിവേറ്റ ്‌ള്‌ളിക്കയെ അധികം കഷ്‌ടപ്പെടുത്താതെ വെടിവെച്ചുകൊല്ലാനാണ്‌ റോബ്‌ തീരുമാനിക്കുന്നത്‌. പക്ഷേ, കെയ്‌റ്റിയുടെ കണ്ണീരിനു മുന്നില്‍ അയാള്‍ തീരുമാനം മാറ്റുന്നു.
മേരി ഒ ഹാരയുടെ 'മൈ ഫ്രണ്ട്‌ ഫ്‌ളിക്ക' എന്ന നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച ഫ്‌്‌ളിക്ക' എന്ന ഈ ഹോളിവുഡ്‌ചിത്രം 2006 ലാണ്‌ പുറത്തിറങ്ങിയത്‌. ഒന്നര മണിക്കൂര്‍ നീണ്ട ചിത്രത്തിന്റെ സംവിധായകന്‍ മൈക്കേല്‍ മെയറാണ്‌. 'മൈ ഫ്രണ്ട്‌ ഫ്‌്‌ളിക്ക'യെ ആധാരമാക്കിയുള്ള ആദ്യത്തെ സിനിമ ഇറങ്ങിയത്‌ 1943 ലാണ്‌. ഇതില്‍ മുഖ്യകഥാപാത്രം ആണ്‍കുട്ടിയായിരുന്നു. കുതിരകളെ മുഖ്യകഥാപാത്രമാക്കി എടുത്തിട്ടുള്ള മറ്റു പ്രധാന ചിത്രങ്ങള്‍ ഇവയാണ്‌: ക്ലാരന്‍സ്‌ ബ്രൗണ്‍ സംവിധാനം ചെയ്‌ത 'നാഷണല്‍ വെല്‍വെറ്റ്‌' (1944), കരോള്‍ ബല്ലാഡ്‌ സംവിധാനം ചെയ്‌ത 'ദ ബ്ലാക്ക്‌ സ്റ്റാലിയന്‍' (1979).
കെയ്‌റ്റിയുടെ കുതിരക്കമ്പം മാത്രമല്ല ഫ്‌ളിക്ക'യില്‍ വിഷയമാകുന്നത്‌. കെയ്‌റ്റിയുടെ മനക്കരുത്തും ആഗ്രഹിച്ചത്‌ നേടാനുള്ള പോരാട്ടവുമാണ്‌ ഈ ചിത്രത്തെ ചടുലമാക്കി നിര്‍ത്തുന്നത്‌. കെയ്‌റ്റിക്ക്‌ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതു ബിരുദത്തിലൊതുങ്ങുന്നതല്ല. ഊര്‍ജസ്വലമായ ഒരു യുവത്വമാണ്‌ അവള്‍ സ്വപ്‌നം കണ്ടത്‌. വന്യതയിലും അവള്‍ 'ഫ്‌ളിക്ക'യെന്ന പ്രിയങ്കരിയെ കണ്ടെത്തുന്നു. അവളെ സ്വന്തമാക്കാന്‍ കുടുംബത്തോടുതന്നെ പൊരുതുന്നു.

അച്ഛനും മക്കളും തമ്മിലുള്ള ആശയസംഘട്ടനത്തെ നിയന്ത്രിച്ച്‌ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്‌ തോട്ടക്കാരിയായ അമ്മ നെല്‍ ആണ്‌. അവര്‍ക്ക്‌ ഭര്‍ത്താവിനെ അറിയാം, മക്കളെയും അറിയാം. കാര്‍ക്കശ്യത്തിനു പിന്നിലും റോബിന്റെ മനസ്സ്‌ മക്കളോടുള്ള സ്‌നേഹം കൊണ്ട്‌ സമ്പന്നമാണെന്ന്‌ നെല്ലിനറിയാം. വാശിയുടെ കാര്യത്തില്‍ ഭര്‍ത്താവും മകളും ഒരുപോലെയാണെന്ന്‌ നെല്ലിനു ബോധ്യമുണ്ട്‌. ഇരുവരും തോല്‍ക്കാതിരിക്കാന്‍ നെല്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതുകാണാം. മക്കളെക്കുറിച്ചുള്ള അതിരുകടന്ന കരുതലാണ്‌ അച്ഛനെ വാശിക്കാരനാക്കുന്നതെന്ന്‌ അവര്‍ കെയ്‌റ്റിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്‌. കാട്ടുകുതിരകള്‍ അപകടകാരികളാണെന്ന്‌ മറ്റാരെക്കാളും അറിയാവുന്നയാളാണ്‌ റോബ്‌. ''ഇനി മുതല്‍ അങ്ങ്‌ എന്റെ അച്ഛനല്ല'' എന്ന്‌ കെയ്‌റ്റി രോഷം കൊണ്ടിട്ടുപോലും അയാള്‍ വഴങ്ങാതിരുന്നത്‌ ഈ കാരണത്താലാണ്‌. കെയ്‌റ്റിയെപ്പോലെത്തന്നെ ഫ്‌ളിക്കയും ഒരു പോരാളിയാണെന്ന്‌ അവര്‍ ഭര്‍ത്താവിനോട്‌ പറയുന്നുണ്ട്‌. പ്രതികൂല സാഹചര്യങ്ങളില്‍നിന്ന്‌ കെയ്‌റ്റിയും ഫ്‌ളിക്കയും പൊരുതിക്കയറുകയാണ്‌.

കെയ്‌റ്റിയുടെ വാക്കുകളിലാണ്‌ സിനിമ തുടങ്ങുന്നത്‌. തന്റെ നാടിനെയും അവിടെ സ്വതന്ത്രരായി വിലസുന്ന കുതിരകളെയും പരിചയപ്പെടുത്തിക്കൊണ്ടാണ്‌ തുടക്കം. ആ വാക്കുകളില്‍ നിറയുന്നത്‌ അഭിമാനമാണ്‌, സ്വാതന്ത്ര്യവാഞ്‌ഛയാണ്‌. കുതിച്ചു പായുന്ന കുതിരകളില്‍ നിന്ന്‌ ക്യാമറ നേരെ ചെല്ലുന്നത്‌ കെയ്‌റ്റിയുടെ ക്ലാസ്‌ മുറിയിലേക്കാണ്‌. അവിടെ വാര്‍ഷിക പരീക്ഷ നടക്കുകയാണ്‌. പരീക്ഷ കഴിഞ്ഞു എന്നറിയിച്ചുകൊണ്ടുള്ള മണിമുഴങ്ങുമ്പോഴാണ്‌ കെയ്‌റ്റി സ്വപ്‌നത്തില്‍നിന്നുണരുന്നത്‌. വ്യോമിങ്‌ മലനിരകളും കുതിരകളും അപ്രത്യക്ഷമാകുന്നു. മുന്നില്‍ അധ്യാപകന്‍. അയാള്‍ ഉത്തരക്കടലാസിനു കൈനീട്ടുന്നു. അപ്പോഴാണ്‌ കെയ്‌റ്റി അറിയുന്നത്‌ പരീക്ഷയ്‌ക്ക്‌ താനൊന്നും എഴുതിയിട്ടില്ലെന്ന്‌. ശൂന്യമായ പേപ്പര്‍ അധ്യാപകനു നല്‌കി വിഷണ്ണയായി അവള്‍ പുറത്തു കടക്കുന്നു. അവധിക്കാലമാണ്‌. വിളിച്ചുകൊണ്ടുപോകാന്‍ അച്ഛനെത്തിയിട്ടുണ്ട്‌. അവിടെ നിന്ന്‌ ക്യാമറ കെയ്‌റ്റിയുടെ വീട്ടിലേക്ക്‌. കെയ്‌റ്റിയെ സ്വീകരിക്കാന്‍ ആ വീട്‌ ഒരുങ്ങുകയാണ്‌. അവള്‍ എത്തിയതും ആ വീട്‌ ആഹ്ലാദംകൊണ്ട്‌ നിറയുകയാണ്‌. പിറ്റേന്നു കാലത്ത്‌ ഹെഡ്‌മാസ്റ്ററുടെ ഫാക്‌സ്‌ സന്ദേശം വരുന്നതുവരെയേ ഈ ആഹ്ലാദം നീളുന്നുള്ളൂ. പിന്നീട്‌ വരുന്നത്‌ സംഘര്‍ഷത്തിന്റെ നാളുകളാണ്‌. ഒടുവില്‍ ചിത്രമവസാനിക്കുമ്പോള്‍ വിജയാഘോഷത്തിലാണ്‌ എല്ലാവരും. ഫ്‌ളിക്കയുടെ പുറത്തേറി കെയ്‌റ്റി പറക്കുകയാണ്‌. തന്റെ കുതിരവളര്‍ത്തുകേന്ദ്രം റോബ്‌ ആര്‍ക്കും വില്‌ക്കുന്നില്ല. മാത്രവുമല്ല, കാട്ടുകുതിരകള്‍ക്കു കൂടി ഒരു താവളം ഒരുക്കുകയും ചെയ്യുന്നു. ആര്‍ക്കും വേണ്ടാത്ത കാട്ടുകുതിരകള്‍ അവിടെ ഭ്രാന്തമായി, സ്വതന്ത്രമായി പാഞ്ഞുനടക്കുന്നു.

'ഫ്‌ളിക്ക' മാത്രമല്ല, പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കുന്ന (തോട്ടത്തിലെത്തുന്ന പെരുമ്പാമ്പിനെ എടുത്ത്‌ പേരു ചൊല്ലി വിളിച്ച്‌ നെല്‍ മുത്തം കൊടുക്കുന്ന രംഗം ഓര്‍ക്കുക) ഒരു കുടുംബം കൂടി ഈ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നിറയുന്നുണ്ട്‌.

Tuesday, January 1, 2008