Saturday, December 24, 2011

കൂലിയെഴുത്തുകാരന്റെ ആത്മബലി

മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ആത്മകഥയെഴുതാന്‍ അമേരിക്കയിലെത്തുന്ന കൂലിയെഴുത്തുകാരന്റെ അന്വേഷണവും കണ്ടെത്തലുമാണ്‌ റൊമാന്‍ പൊളാന്‍സ്‌കിയുടെ ദി ഗോസ്‌റ്റ്‌ റൈറ്റര്‍``എല്ലാവരും പറയുന്ന ആര്‍ട്ട്‌ സിനിമയും സിനിമയ്‌ക്കുണ്ടാവണമെന്ന്‌ പറയുന്ന തത്ത്വചിന്താപരമായ ആഴവുമൊന്നും എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യമര്‍ഹിക്കുന്നില്ല. ക്യാമറ കൊണ്ട്‌, പ്രകാശം കൊണ്ട്‌, അഭിനേതാക്കളെക്കൊണ്ട്‌ വളരെ ലളിതമായി സിനിമയുണ്ടാക്കാനാണ്‌ എനിക്കിഷ്‌ടം''-പ്രശസ്‌ത പോളിഷ്‌ സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി തന്റെ സിനിമാ സങ്കല്‌പം വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌. എഴുപത്തിയെട്ടുകാരനായ പൊളാന്‍സ്‌കി ഇപ്പോഴും സിനിമയെടുക്കുന്നു.ആ പ്രതിഭയ്‌ക്ക്‌ ഒരു മങ്ങലും ഏറ്റിട്ടില്ല.49 വര്‍ഷം മുമ്പാണ്‌ പൊളാന്‍സ്‌കി ആദ്യ ചിത്രം സംവിധാനം ചെയ്‌തത്‌. പേര്‌:`നൈഫ്‌ ഇന്‍ ദ വാട്ടര്‍'. മൂന്ന്‌ കഥാപാത്രങ്ങളും ഒരു വഞ്ചിയുമാണ്‌ ഈ ചിത്രത്തിലുള്ളത്‌.അപരിചിതനായ യുവാവുമൊത്ത്‌ വഞ്ചി തുഴയാന്‍ പോകുന്ന ദമ്പതിമാര്‍ക്കിടയില്‍ രൂപം കൊള്ളുന്ന അസ്വാരസ്യങ്ങളാണ്‌ ഇതിന്റെ ഇതിവൃത്തം.മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ ഈ പോളിഷ്‌ സിനിമ. `നൈഫ്‌ ഇന്‍ ദ വാട്ടറി'നു ശേഷം `റിപ്പല്‍ഷന്‍' (1965), `റോസ്‌ മേരീസ്‌ ബേബി' (1968),`മാക്‌ബത്ത്‌'(1971),`വാട്ട്‌'(1973),`ചീനാ ടൗണ്‍' (1974), `ദ ടെനന്റ്‌'(1976),`ടെസ്സ്‌'(1979),`ദ പിയാനിസ്റ്റ്‌'(2002), `ഒളിവര്‍ ട്വിസ്റ്റ്‌'(2005) തുടങ്ങിയ ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയില്‍, ഏറെ അവാര്‍ഡുകള്‍ നേടിയെടുത്ത ചിത്രം `ദ പിയാനിസ്റ്റാ'ണ്‌. മികച്ച സംവിധായകനുള്ളതുള്‍പ്പെടെ നാല്‌ ഓസ്‌കറാണ്‌ ഈ ചിത്രം കരസ്ഥമാക്കിയത്‌. കാന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രവും `ദ പിയാനിസ്റ്റ്‌' ആയിരുന്നു. പിയാനോ വാദകനായ പോളിഷ്‌ ജൂതന്‍ വ്‌ളാഡിസ്ലോ സ്‌പില്‍മാന്റെ ആത്മകഥയെ അവലംബിച്ചാണീ സിനിമയെടുത്തത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ പോളണ്ടില്‍ നടമാടിയ നാസിഭീകരത തുറന്നുകാട്ടുന്ന ചിത്രമാണിത്‌. വംശക്കുരുതിയെ മറികടന്ന്‌ വീണ്ടും ജീവിതത്തിലേക്കും സംഗീതത്തിലേക്കും തിരിച്ചുവരുന്ന സ്‌പില്‍മാന്റെ അസാധാരണമായ കഥയാണ്‌ പൊളാന്‍സ്‌കി പറയുന്നത്‌.

2010ല്‍ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്‌ `ദ ഗോസ്റ്റ്‌ റൈറ്റര്‍'(ബ്രിട്ടനില്‍ `ദ ഗോസ്റ്റ്‌' എന്ന ശീര്‍ഷകത്തിലാണ്‌ ചിത്രം റിലീസായത്‌.) റോബര്‍ട്ട്‌ ഹാരിസിന്റെ നോവലാണ്‌ ഈ ഇംഗ്ലീഷ്‌ സിനിമയ്‌ക്കാധാരം. രാഷ്ട്രീയവും ചാരപ്പണിയും വഞ്ചനയും സാഹിത്യവുമെല്ലാം സ്‌പര്‍ശിച്ചുപോകുന്ന `ദ ഗോസ്റ്റ്‌ റൈറ്റര്‍' അസാധാരണമായ ഒരു സസ്‌പെന്‍സ്‌ ചിത്രമാണ്‌. പ്രേക്ഷകന്‍ ഊഹിക്കാത്ത വഴികളിലൂടെയാണ്‌ സിനിമയുടെ സഞ്ചാരം. അത്‌ ചെന്നവസാനിക്കുന്നിടത്തും അത്ഭുതം കാത്തുനില്‍ക്കുന്നു.നോവലിസ്റ്റിനൊപ്പം സംവിധായകന്‍ പൊളാന്‍സ്‌കിയും സിനിമയുടെ തിരക്കഥാരചനയില്‍ പങ്കാളിയാണ്‌.രണ്ട്‌ മണിക്കൂറുള്ള സിനിമയുടെ ഓരോ നിമിഷവും ഉദ്വേഗം നിറഞ്ഞതാണ്‌.
മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആഡം ലാങ്ങിന്റെ ആത്മകഥ
പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലെത്തുന്ന ഒരു ബ്രിട്ടീഷുകാരനാണിതിലെ നായകന്‍. (ആഡം ലാങ്ങിന്‌ മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി സാദൃശ്യമുണ്ടെന്ന്‌ നിരൂപകര്‍ പറയുന്നു). ആരോപണങ്ങളുടെ പേരില്‍ അധികാരം വിട്ടൊഴിഞ്ഞ ലാങ്‌ ഭാര്യ റൂത്തിനോടും ഏതാനും സഹായികളോടുമൊപ്പം അമേരിക്കയിലെ ഒരു ദ്വീപില്‍ രഹസ്യമായി കഴിയുകയാണ്‌. ബ്രിട്ടനിലെ പ്രമുഖ പ്രസിദ്ധീകരണക്കമ്പനിയാണ്‌ ലാങ്ങിന്റെ ആത്മകഥ ഇറക്കുന്നത്‌. 100 കോടി ഡോളറാണ്‌ ലാങ്‌ ഇതിന്‌ പ്രതിഫലമായി വാങ്ങുന്നത്‌. മൈക്ക്‌ മക്കാറ എന്നൊരു കൂലിയെഴുത്തുകാരനാണ്‌ ലാങ്ങിന്റെ ആത്മകഥ തയ്യാറാക്കാന്‍ ആദ്യം വരുന്നത്‌. മൈക്ക്‌ രചന ഏതാണ്ട്‌ പൂര്‍ത്തിയാക്കിയിരുന്നു. പെട്ടെന്ന്‌ ഒരു ദിവസം മൈക്കിന്റെ മൃതദേഹം കടല്‍ത്തീരത്തടിയുന്നു. അങ്കലാപ്പിലായ പുസ്‌തകക്കമ്പനി മറ്റൊരു എഴുത്തുകാരനെ തേടുന്നു. ഒരു മാന്ത്രികന്റെ ആത്മകഥ തയ്യാറാക്കിക്കൊടുത്ത ബ്രിട്ടീഷ്‌ യുവാവിനാണ്‌ നറുക്ക്‌ വീണത്‌. രണ്ടര ലക്ഷം ഡോളര്‍ പ്രതിഫലത്തില്‍ അയാള്‍ പുസ്‌തകരചന ഏറ്റെടുക്കുന്നു. അയാളുടെ മുന്‍ഗാമി ആഡം ലാങ്ങിന്റെ ജീവിതം മുഴുവന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്‌. പക്ഷേ, അതിനൊരു അടുക്കും ചിട്ടയും വന്നിട്ടില്ല.വായനക്കാരനെ പെട്ടെന്ന്‌ ആകര്‍ഷിക്കുന്ന ഒരു തുടക്കം വേണം. അതിന്റെ വേവലാതിയിലാണ്‌ രണ്ടാമത്തെ കൂലിയെഴുത്തുകാരന്‍.

23-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ വന്നയാളാണ്‌ ആഡം ലാങ്‌. അതിന്‌ കാരണക്കാരി റൂത്ത്‌ എന്ന കാമുകിയായിരുന്നു. അവളോടുള്ള പ്രണയമാണ്‌ ലാങ്ങിനെ രാഷ്ട്രീയത്തിലെത്തിച്ചത്‌. പിന്നീടവള്‍ ലാങ്ങിന്റെ ഭാര്യയായി. ലാങ്ങിന്റെ രാഷ്ട്രീയ വളര്‍ച്ചയ്‌ക്കു പിന്നില്‍ റൂത്തായിരുന്നു. കാര്യങ്ങള്‍ കൃത്യമായി കണക്കുകൂട്ടാന്‍ കഴിവുള്ള തന്റേടിയായ സ്‌ത്രീ. ലാങ്ങിന്റെ പതനത്തിലും റൂത്ത്‌ കൂടെയുണ്ട്‌. മുന്‍ഗാമി എഴുതിവെച്ചതില്‍ അവിടവിടെ ചില കണ്ണികള്‍ വിട്ടുപോയതായി രണ്ടാമത്തെ എഴുത്തുകാരന്‍ മനസ്സിലാക്കുന്നു. ആഡം ലാങ്ങിനെ ഇന്റര്‍വ്യൂ നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണയാള്‍.
ഇതിനിടെ , ലാങ്ങിനെതിരെ പുതിയ ആരോപണമുയരുന്നു. ബ്രിട്ടീഷ്‌ സേന പിടികൂടിയ നാല്‌ അല്‍ഖ്വെയ്‌ദ പ്രവര്‍ത്തകരെ ഭരണത്തിലിരിക്കെ ആഡം ലാങ്‌ സി.ഐ.എ. ക്ക്‌ കൈമാറി എന്ന വിവരമാണ്‌ പുറത്തുവരുന്നത്‌. ചോദ്യം ചെയ്യലിനിടെ ഒരു അല്‍ഖ്വെയ്‌ദ പ്രവര്‍ത്തകന്‍ മര്‍ദനമേറ്റ്‌ മരിച്ചിരുന്നു. ലാങ്ങിനെ അന്താരാഷ്ട്ര കോടതിയില്‍ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന്‌ ആവശ്യമുയരുന്നു. ബ്രിട്ടീഷ്‌ രാഷ്ട്രീയത്തില്‍ നിന്ന്‌ വിസ്‌മൃതനായ ലാങ്‌ ഇതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന്‌ ഇറാഖില്‍ ബ്രിട്ടന്‍ നടത്തിയത്‌ നിയമവിരുദ്ധ യുദ്ധമായിരുന്നു എന്നറിഞ്ഞ ബ്രിട്ടീഷ്‌ ജനത ലാങ്ങിനെതിരാവുന്നു. വിവാദങ്ങളില്‍ നിന്നുള്ള മുതലെടുപ്പ്‌ സ്വപ്‌നം കാണുന്ന പ്രസാധകക്കമ്പനി പുസ്‌തകം രണ്ടാഴ്‌ചയ്‌ക്കകം ഇറക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നു.
പുസ്‌തകം പൂര്‍ത്തിയാക്കാനാവാതെ ഒട്ടേറെ സന്ദേഹങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്‌ കൂലിയെഴുത്തുകാരന്റെ മനസ്സ്‌. തന്റെ മുന്‍ഗാമിയുടെ മരണത്തില്‍ അയാള്‍ക്ക്‌ സംശയം ജനിക്കുന്നു. അയാള്‍ എഴുത്തിനൊപ്പം അന്വേഷണവും മുന്നോട്ട്‌ കൊണ്ടുപോകുന്നു. അമിതമായി മദ്യപിച്ച്‌ കടലില്‍ മുങ്ങിമരിച്ചതാണ്‌ ആദ്യത്തെ എഴുത്തുകാരന്‍ എന്നാണ്‌ റൂത്തും മറ്റും വിശ്വസിപ്പിച്ചിരുന്നത്‌. അത്‌ ശരിയല്ലെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുന്നു. അതൊരു കൊലപാതകമായിരുന്നു. എന്തായിരുന്നു കാരണം? ഇവിടെ കൂലിയെഴുത്തുകാരന്‍ ആരും ഏല്‍പ്പിക്കാത്ത ദൗത്യം ഏറ്റെടുക്കുകയാണ്‌. അയാള്‍ രഹസ്യാന്വേഷകന്റെ റോളിലേക്ക്‌ മാറുന്നു. പുസ്‌തകം പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ ശക്തരായ, അജ്ഞാതരായ എതിരാളികളോട്‌ പോരാടി അയാള്‍ സത്യം കണ്ടുപിടിക്കുന്നു. അതിനയാള്‍ക്ക്‌ കൊടുക്കേണ്ടിവന്നത്‌ സ്വന്തം ജീവന്‍.
നിഗൂഢത നിറഞ്ഞുനില്‍ക്കുന്ന ഒരു ദ്വീപാണ്‌ സിനിമയുടെ പശ്ചാത്തലം. മഴ പെയ്‌ത ഒരു രാത്രി. അവിടത്തെ ജങ്കാറില്‍ കടത്ത്‌ കടക്കാനെത്തിയ ഒരു കാര്‍ അനാഥമായി കിടക്കുന്നു. പിറ്റേന്ന്‌ രാവിലെ കടല്‍ത്തീരത്ത്‌ ഒരു പുരുഷന്റെ മൃതദേഹം. ആഡം ലാങ്ങിന്റെ ആത്മകഥയുടെ ആദ്യരചയിതാവിന്റേതായിരുന്നു അത്‌. റൊമാന്‍ പൊളാന്‍സ്‌കിയുടെ ഫ്ര ദ ഗോസ്റ്റ്‌ റൈറ്റര്‍ ഫ്ര ഇവിടെ നിന്നാണ്‌ തുടങ്ങുന്നത്‌. നമ്മുടെ നിഗമനങ്ങളെ അസ്ഥാനത്താക്കി പൊളാന്‍സ്‌കി ആ മൃതദേഹത്തെ അവിടെത്തന്നെ ഉപേക്ഷിക്കുന്നു. മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനു പകരം ആഡം ലാങ്ങിന്റെ ജീവിതത്തിലേക്കാണ്‌ സംവിധായകന്‍ കടന്നു ചെല്ലുന്നത്‌. അവിടെ രാഷ്ട്രീയവും പ്രണയവും അധികാര നഷ്‌ടവും ആത്മവഞ്ചനയുമെല്ലാമുണ്ട്‌. അപ്പപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നതിനാല്‍ ഇതിവൃത്തത്തിന്‌ കാലികപ്രാധാന്യവും കൈവരുന്നു. ഇറാഖ്‌ യുദ്ധത്തിന്റെ പ്രസക്തി തന്നെ പൊളാന്‍സ്‌കി ഈ ചിത്രത്തിലൂടെ ചോദ്യം ചെയ്യുകയാണ്‌. ഇറാഖ്‌ യുദ്ധത്തില്‍ സൈനികരായ മക്കളെ നഷ്‌ടപ്പെട്ട ബ്രിട്ടീഷുകാര്‍ മുന്‍ പ്രധാനമന്ത്രിയെ രാജ്യദ്രോഹി എന്നാണ്‌ മുദ്ര കുത്തുന്നത്‌. മുപ്പത്‌ കൊല്ലം ബ്രിട്ടീഷ്‌ സേനയെ സേവിച്ച ഒരു മുന്‍ സൈനികന്റെ വെടിയേറ്റാണ്‌ ആഡംലാങ്‌ ഒടുവില്‍ മരിക്കുന്നത്‌.

കൂലിയെഴുത്തുകാരനായി വന്ന്‌ അന്വേഷകന്റെ റോളിലെത്തുന്ന യുവാവാണ്‌ ഈ സിനിമയിലെ ശക്തനായ കഥാപാത്രം. തുടക്കത്തില്‍, ആഡം ലാങ്ങിന്റെ നിഴലിനുള്ളില്‍ പതുങ്ങിനില്‍ക്കുകയാണ്‌ ഈ കഥാപാത്രം. പിന്നീട്‌, ആ നിഴലിനെയും അതിജീവിച്ച്‌ അയാള്‍ വളരുന്നു. ആത്മാവില്ലാത്ത, വികാരമില്ലാത്ത വെറും പ്രേതമാണ്‌ കൂലിയെഴുത്തുകാരന്‍ എന്ന്‌ അയാള്‍ക്കറിയാം. വിവാഹവീട്ടില്‍ വെപ്പാട്ടിയെപ്പോലെ അകറ്റിനിര്‍ത്തപ്പെടേണ്ടയാള്‍. താനെഴുതിയ പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിലേക്ക്‌്‌്‌ അയാള്‍ക്ക്‌ ക്ഷണം കിട്ടുന്നില്ല. ക്ഷണിക്കപ്പെടാത്ത അതിഥിയായി , ആത്മനിന്ദ പേറിയാണ്‌ അയാളവിടെ എത്തുന്നത്‌. അവിടെ വെച്ചാണയാള്‍ റൂത്ത്‌ ലാങ്ങിന്റെ പൊയ്‌മുഖം കീറിയെറിയുന്നതും ഒടുവില്‍, മരണത്തിലേക്ക്‌ ഇറങ്ങിപ്പോകുന്നതും . സിനിമയില്‍ ഒരിക്കല്‍പോലും ഈ കഥാപാത്രത്തിന്റെ പേര്‌ പരാമര്‍ശിക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്‌.
ജീവിതത്തിലെ തിരിച്ചടികളും പ്രായവും പൊളാന്‍സ്‌കിയിലെ ചലച്ചിത്രകാരനെ തളര്‍ത്തുന്നില്ല എന്ന്‌ ഫ്രദ ഗോസ്റ്റ്‌ റൈറ്റര്‍' സാക്ഷ്യപ്പെടുത്തുന്നു. നടനായാണ്‌ അദ്ദേഹം സിനിമയിലെത്തിയത്‌. നേരിടേണ്ടിവന്ന ഓരോ പരാജയവും തന്നില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയെന്നാണ്‌ പൊളാന്‍സ്‌കി പറയുന്നത്‌. കുട്ടിക്കാലത്ത്‌ നാസി ഭീകരതയ്‌ക്ക്‌ ഇരയായ ആളാണ്‌ ജൂതനായ പൊളാന്‍സ്‌കി. അനാഥനെപ്പോലെയായിരുന്നു ബാല്യം. 1939-ല്‍ ജര്‍മന്‍കാര്‍ പോളണ്ട്‌ കീഴടക്കിയപ്പോള്‍ അച്ഛനെയും അമ്മയെയും തടങ്കല്‍പ്പാളയത്തിലടച്ചു. തെണ്ടിത്തിരിഞ്ഞ്‌ നടന്ന പൊളാന്‍സ്‌കിക്ക്‌ അച്ഛനെ തിരിച്ചുകിട്ടിയത്‌ ആറു വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. അമ്മ ഓഷ്‌വിറ്റ്‌സിലെ നാസി തടവറയില്‍ വധിക്കപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കെ 1969-ല്‍ ഭാര്യ ഷാരോണ്‍ ടാറ്റെയും വധിക്കപ്പെട്ടു. നടിയായിരുന്ന ഷാരോണ്‍ പൊളാന്‍സ്‌കിയുടെ സിനിമാജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഏറ്റവുമൊടുവില്‍, പഴയൊരു ലൈംഗികപീഡനക്കേസില്‍ പൊളാന്‍സ്‌കി അറസ്റ്റിലുമായി. ഫ്രആജീവനാന്തനേട്ട' ത്തിനുള്ള അവാര്‍ഡ്‌ സ്വീകരിക്കാനായി സൂറിച്ച്‌ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അറസ്റ്റ്‌. 2010 മേയിലാണ്‌ അദ്ദേഹം മോചിതനായത്‌. അതിനുശേഷമാണ്‌ പൊളാന്‍സ്‌കി ഫ്രഗോസ്റ്റ്‌ റൈറ്റര്‍' പൂര്‍ത്തിയാക്കിയത്‌.