Friday, December 28, 2012


ഇറാനിയന്‍ സംവിധായകനായ 
അബ്ബാസ് കിരോസ്തമി കലയുടെയും 
ജീവിതത്തിന്റെയും  അര്‍ഥം തേടുകയാണ്   
' സര്‍ട്ടിഫൈഡ് കോപ്പി ' 
എന്ന സിനിമയിലൂടെ  

അസ്സലും പകര്‍പ്പും


ഇറാനിയന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കിരോസ്തമിക്ക് വയസ്സ് 73 ആയി. എങ്കിലും, സിനിമാരംഗത്ത് ഇപ്പോഴും സക്രിയനാണ് . സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് തിളക്കമുണ്ട്. ആ മനസ്സിന് യുവത്വമാണെന്നും. സിനിമയുടെ പ്രമേയത്തിലും ആഖ്യാനത്തിലും എപ്പോഴും പുതുമ വേണം കിരോസ്തമിക്ക്. സിനിമയെപ്പറ്റി അദ്ദേഹത്തിന്റേതായ ചില നിര്‍വചനങ്ങളുണ്ട്. കാഴ്ചയുടെ പുതിയ തലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നതാകണം സിനിമ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ വിശ്വാസം തന്റെ സിനിമകളില്‍ കിരോസ്തമി നിലനിര്‍ത്തുന്നുണ്ട്. ' ക്‌ളോസപ്പ് ' ( 1990 ) , 'ടെന്‍ ' ( 2002 ) , ' ഷിറീന്‍ ' ( 2008 ) തുടങ്ങിയ ചിത്രങ്ങളില്‍ നമ്മളിത് കണ്ടതാണ്.
       പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സിന്‍ മഖ്മല്‍ ബഫിന്റെ അപരനായെത്തുന്ന ഒരു ചെറുപ്പക്കാരനാണ് ' ക്‌ളോസപ്പി ' ലെ നായകന്‍. ഇയാളെ തുടക്കത്തില്‍ ക്രിമിനല്‍ മനസ്സുള്ള ഒരു ആള്‍മാറാട്ടക്കാരനായാണ് നമ്മള്‍ തെറ്റിദ്ധരിക്കുന്നത്. കോടതിയിലെ വിചാരണവേളയിലാണ് ചെറുപ്പക്കാരനിലെ ഒരു സിനിമാകമ്പക്കാരനെ കിരോസ്തമി പരിചയപ്പെടുത്തുന്നത്. തട്ടിപ്പിനിരയായ കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും പതുക്കെപ്പതുക്കെ ആ യുവാവിന്റെ പക്ഷത്തേക്ക് മാറുന്നു. ഒരു ബാലനും ആറ് സ്ത്രീകളും കഥാപാത്രങ്ങളായി വരുന്ന ' ടെന്‍ ' എന്ന സിനിമയുടെ പശ്ചാത്തലം ഒരു കാറാണ്. ഒരേ സമയം രണ്ട്കഥാപാത്രങ്ങള്‍ മാത്രം. അവര്‍ കാറില്‍ യാത്ര ചെയ്യവേ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അനുപമമായ കൈയടക്കമാണ് ഇവിടെ കിരോസ്തമി കാണിക്കുന്നത്. അതുപോലെ, ' ഷിറീനി ' ലും. ഒരു സിനിമാ തിയേറ്ററാണ് പശ്ചാത്തലമായി നില്‍ക്കുന്നത്. കുറെ സ്ത്രീകളും ഏതാനും പുരുഷന്മാരും സിനിമ കാണുകയാണ്. തിയേറ്ററില്‍ കാണിക്കുന്ന സിനിമയുടെ ഇതിവൃത്തം ഒരു പേര്‍ഷ്യന്‍ പ്രണയകഥയാണ്. പക്ഷേ, സിനിമ നമ്മള്‍ കാണുന്നില്ല. തിയേറ്ററിലിരിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ അത് കാണുന്നുള്ളു. സിനിമ കാണുന്ന സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെ ആ സിനിമ എന്തെന്ന് നമ്മളെ അനുഭവിപ്പിക്കുകയാണ് സംവിധായകന്‍.

        2010 ല്‍ പുറത്തിറങ്ങിയ ' സര്‍ട്ടിഫൈഡ് കോപ്പി '
( Certified copy) യിലും കിരോസ്തമിയുടെ വ്യക്തിമുദ്ര കാണാനാവും. ഇറ്റലിയിലാണീ സിനിമ നിര്‍മിച്ചത്. ഇറാനു പുറത്ത് നിര്‍മിച്ച ആദ്യത്തെ കിരോസ്തമിചിത്രമാണിത്.
       സന്ദേശം പ്രചരിപ്പിക്കാനുള്ള ഇടമല്ല സിനിമ എന്നാണ് കിരോസ്തമിയുടെ അഭിപ്രായം. ചില ചിന്തകള്‍, ആശയങ്ങള്‍ , വിചാരങ്ങള്‍. ഇവ തന്റെ മാധ്യമത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ഒരു സിനിമ കവിതയായോ പെയിന്റിങ്ങായോ സംഗീതശകലമായോ അനുഭവപ്പെടണമെന്ന് അദ്ദേഹം പറയുന്നു. കലയെയും ജീവിതത്തെയും കുറിച്ചുള്ള ചില ചിന്തകളാണ് ' സര്‍ട്ടിഫൈഡ് കോപ്പി ' യില്‍ കിരോസ്തമി പങ്കുവെക്കുന്നത്. ചിലപ്പോള്‍ അത് നമുക്ക് സ്വീകാര്യമാവാം. ചിലപ്പോള്‍ വിചിത്രമായിത്തോന്നാം. എങ്കിലും ഒന്നുണ്ട്. അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും നമ്മളെ സ്പര്‍ശിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ക്കല്ല സംഭാഷണത്തിനാണ് ഈ സിനിമയില്‍ പ്രാധാന്യം. ഓരോ വാക്കിനുമുണ്ട് പ്രാധാന്യം. ശ്രദ്ധയോടെ പിന്തുടര്‍ന്നില്ലെങ്കില്‍ ആശയങ്ങള്‍ പിടിതരാതെ വഴുതിമാറും.140 മിനിറ്റുള്ള സിനിമയില്‍ ഒരു മിനിറ്റ്‌പോലും അധികപ്പറ്റായി തോന്നില്ല. അത്രക്ക് കൃത്യമാണ് തിരക്കഥ. എണ്ണി തിട്ടപ്പെടുത്തിവെച്ചതാണ് ഷോട്ടുകള്‍. കണിശമാണ് എഡിറ്റിങ്.

       ചെറിയൊരു ആള്‍ക്കൂട്ടത്തില്‍നിന്ന് തുടങ്ങുന്ന സിനിമ പിന്നീട് രണ്ട് വ്യക്തികളിലേക്ക് ഒതുങ്ങുന്നു. ഇതിവൃത്തം തന്നെ മാറിമറിയുന്നു. ഒരു കലാനിരൂപകനും ആര്‍ട്ട് ഗാലറി ഉടമയായ വനിതയും. ഇവരുടെ ജീവിതത്തിലെ ഒരു ദിവസമാണ് സംവിധായകന്‍ എടുത്തുകാട്ടുന്നത്. മധ്യ ഇറ്റലിയിലെ ടസ്‌കനി എന്ന നഗരത്തില്‍ ഒരു ഞായറാഴ്ചയാണ് കഥ നടക്കുന്നത്. കലാപാരമ്പര്യം കൊണ്ട് പ്രശസ്തമാണ് ടസ്‌കനി. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ തുടക്കം ഈ നഗരത്തില്‍ നിന്നാണ്. കലാനിരൂപകനായ ജയിംസ് മില്ലര്‍ ബ്രിട്ടീഷുകാരനാണ്. ശില്‍പ്പങ്ങളുടെ ഗാലറി ഉടമയായ വനിതയാകട്ടെ ഫ്രഞ്ചുകാരിയും. ഇവര്‍ക്ക് പേരില്ല. മില്ലറുടെ ' സര്‍ട്ടിഫൈഡ് കോപ്പി' എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ചടങ്ങോടെയാണ് സിനിമയുടെ തുടക്കം. ഗ്രന്ഥകാരനാണ് മുഖ്യാതിഥി. അയാള്‍ പ്രസംഗിച്ചുനില്‍ക്കെ ആര്‍ട്ട് ഗാലറി ഉടമ മകനോടൊപ്പം അവിടെയെത്തുന്നു.  കലാനിരൂപണത്തോട് അത്ര പ്രതിപത്തിയൊന്നുമില്ല ഈ സ്ത്രീക്ക്. പക്ഷേ, മില്ലറുടെ പുസ്തകത്തിന്റെ പേര് അവര്‍ക്കങ്ങ് പിടിച്ചു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിക്കാനായി പുസ്തകത്തിന്റെ ആറ് കോപ്പിയാണവര്‍ വാങ്ങിയത്. അതില്‍ ഗ്രന്ഥകാരന്റെ ഒപ്പ് വാങ്ങണം.   കുസൃതിക്കാരനാണ് അവരുടെ മകന്‍ . അവന്റെശല്യം സഹിക്കാനാവാതെ ചടങ്ങ് തീരുംമുമ്പേ അവര്‍ സ്ഥലം വിടുന്നു.അന്ന് രാത്രി ജയിംസ് മില്ലര്‍ക്ക് മടങ്ങണം. ഒമ്പത് മണിക്കാണ് ട്രെയിന്‍. സമയം പോക്കാന്‍ അയാള്‍ സ്ത്രീയുടെ ആര്‍ട്ട്ഗാലറിയിലെത്തുന്നു. ഇവിടുന്നങ്ങോട്ടാണ് സിനിമ പുതിയ തലങ്ങളിലേക്ക് ഒഴുകുന്നത്. നമ്മള്‍ ആ ഒഴുക്കിനനുസരിച്ച് അറിയാതെ നീങ്ങിപ്പോകും. ഒരു ദിവസം യാദൃച്ഛികമായി കണ്ടുമുട്ടുന്ന തീര്‍ത്തും അപരിചിതരായ രണ്ടുപേരെ ഭാര്യാഭര്‍തൃബന്ധത്തിന്റെ തീവ്രതയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന അദ്ഭുതമാണ് കിരോസ്തമി ഈ ചിത്രത്തില്‍ ഒളിച്ചുവെക്കുന്നത്. ഒടുവില്‍, രണ്ടു വ്യക്തികളുടെയും ഓര്‍മകള്‍ എങ്ങനെയോ ഒന്നായിത്തീരുന്ന ഒരു ഘട്ടത്തില്‍ സംവിധായകന്‍ ബോധപൂര്‍വം അവരെ അകറ്റുകയാണ്. ദൂരെ മുഴങ്ങുന്ന നാഴികമണി എട്ടടിക്കുമ്പോള്‍ അദ്ദേഹം അവരെ ഓര്‍മപ്പെടുത്തുന്നു : ഇതാ, നായകന് പോകാന്‍ സമയമായി.
       അതിസൂക്ഷ്മമായാണ് കിരോസ്തമി ഓരോ രംഗവും കെട്ടിപ്പടുക്കുന്നത്. ഓരോ സംഭാഷണവും ചേര്‍ത്തുവെക്കുന്നത്. ഗ്രന്ഥകാരനും ആര്‍ട്ട്ഗാലറി ഉടമയും കാറില്‍ നഗരം ചുറ്റാന്‍ പോകുന്നിടത്താണ് സിനിമ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് കടക്കുന്നത്. കാര്‍യാത്രകളെയും അപ്പോഴത്തെ സംഭാഷണങ്ങളെയും സിനിമയുടെ ഇതിവൃത്തത്തിലേക്ക് മെഴുകിച്ചേര്‍ക്കുന്നതില്‍ വിദഗ്ദനാണ് കിരോസ്തമി. ( 'ക്‌ളോസപ്പ് ' , ' ടെന്‍ ' എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുക ). ജയിംസ് മില്ലറും സ്ത്രീയും തമ്മില്‍ ഗാഢമായ അടുപ്പത്തിന് തുടക്കം കുറിക്കുന്നത് കാര്‍യാത്രയിലാണ്. പന്ത്രണ്ട് മിനിറ്റോളം വരും ഈ രംഗം.ഒരിക്കല്‍പോലും കാറിന് പുറത്തേക്ക് ക്യാമറയുടെ കണ്ണുകള്‍ പാളുന്നില്ല. കഥാപാത്രങ്ങളുടെ മുഖത്തും മനസ്സിലും ക്യാമറ നിലയുറപ്പിക്കുന്നു. അവരുടെ വ്യക്തിത്വം ക്യാമറക്കണ്ണില്‍ തെളിയുന്നു.
      രണ്ട് കഥാപാത്രങ്ങളുടെയും സ്വഭാവവും കലയെക്കുറിച്ചുള്ള ചിന്തകളും ആദ്യം പുറത്തുവരുന്നത് കാര്‍യാത്രയിലാണ്. അവര്‍ പരസ്പരം പ്രശംസിക്കുകയും തര്‍ക്കിക്കുകയും കളിയാക്കുകയും ചെയ്യുന്നു. കലയിലെ അസ്സലും പകര്‍പ്പും അവരുടെ ചര്‍ച്ചയിലേക്ക് കടന്നുവരുന്നു. പിന്നീട് മ്യൂസിയത്തിലെത്തുമ്പോഴാണ് സിനിമയുടെ ശീര്‍ഷകത്തിന് ശക്തി വരുന്നത്. കലയിലും ജീവിതത്തിലുമുള്ള അസ്സലും വ്യാജനും ഇവിടെ കടന്നുവരുന്നു. എന്തിന്റെയും പകര്‍പ്പിന് ഒരു മൂല്യമുണ്ടെന്നാണ് കലാനിരൂപകനായ ഗ്രന്ഥകാരന്റെ വാദം. കാരണം, പകര്‍പ്പ് നമ്മെ അതിന്റെ യഥാര്‍ഥ രൂപത്തെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നു. ആ നിലക്ക് അസ്സലിന്റെ മൂല്യത്തെ സാക്ഷ്യപ്പെടുത്തുകയാണ് അതിന്റെ പകര്‍പ്പ്. റസ്റ്റോറന്റില്‍ എത്തുമ്പോഴേക്ക് രണ്ട് കഥാപാത്രങ്ങളുടെയും ഭാവങ്ങളും പെരുമാറ്റരീതിയും മാറുന്നു. അവരിപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ്. റസ്റ്റോറന്റുടമയായ സ്ത്രീയാണ് അവരെ ആദ്യം ' ഭാര്യാഭര്‍ത്താക്കന്മാരാ' ക്കുന്നത്. ' നമ്മള്‍ നല്ല ദമ്പതിമാരാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും ' എന്നാണ് ഗ്രന്ഥകാരന്‍ തമാശയായി ഗാലറിയുടമയോട് പറയുന്നത്. വ്യാജന്‍ ഒറിജിനലായി രൂപം മാറുന്ന വൈരുധ്യമാണ് അല്പം തമാശയോടെ കിരോസ്തമി ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
       നായികയുടെ ദാമ്പത്യം ശിഥിലമാണെന്ന് ഇടയ്ക്ക് ഇതിവൃത്തത്തില്‍ സൂചനയുണ്ട്. ജോലിയില്‍ മാത്രം താത്പര്യമുള്ള ഭര്‍ത്താവ്. മകന്റെ പിറന്നാളിന് ഒന്നു വിളിക്കാന്‍പോലും അയാള്‍ നേരം കണ്ടെത്തുന്നില്ല. നായകനായ കലാനിരൂപകന്റെ അവസ്ഥയും ഏതാണ്ട് ഇതേനിലയിലാവാമെന്ന് ഊഹിക്കേണ്ടിവരും. കലാവിമര്‍ശനത്തിലൂടെ സിനിമ ഒടുക്കം ചെന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ പ്രഹേളികയില്‍ത്തന്നെയാണ്. സത്യമേത്, മിഥ്യയേത് എന്നറിയാത്ത കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും ഇവിടെ അന്തംവിട്ട് നില്‍ക്കുന്നു. കിരോസ്തമി എന്തെല്ലാമോ പറയാതെ വിട്ടുകളഞ്ഞതായി നമുക്ക് തോന്നും. ആരോ സാക്ഷ്യപ്പെടുത്തുന്ന എന്തിന്റെയോ പകര്‍പ്പാണ് നമ്മുടെയൊക്കെ ജീവിതം എന്നാവാം അദ്ദേഹം ഉദ്ദേശിക്കുന്നത്.
       ബ്രിട്ടീഷ് ഓപ്പറ ഗായകനായ വില്യം ഷിമെല്‍ , പ്രശസ്ത ഫ്രഞ്ച് നടി ജൂലിയറ്റ് പിനോഷെ എന്നിവരാണ് നായികാനായകന്മാരെ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെതും അഭിനയമല്ല. ഓരോ സന്ദര്‍ഭത്തിലും അവര്‍ സ്വാഭാവികമായി പെരുമാറുകയാണ്. അവര്‍ നമ്മുടെ ഹൃദയം തൊട്ടാണ് സംസാരിക്കുന്നതെന്നു തോന്നും. 2010 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പിനോഷെക്ക് നേടിക്കൊടുത്തത് ' സര്‍ട്ടിഫൈഡ് കോപ്പി ' യാണ്.


Saturday, December 15, 2012

Monday, November 19, 2012

ഡോ. ഫൗസ്റ്റിന്റെ അന്വേഷണയാത്ര

പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവിന്റെ ചതുര്‍ച്ചിത്ര പരമ്പരയിലെ അവസാന സിനിമയാണ് ' ഫൗസ്റ്റ് '. 2011 ല്‍ പുറത്തിറങ്ങിയ ഈ ജര്‍മന്‍ചിത്രമാണ് അക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. 
ആദ്യത്തെ മൂന്നു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് 'ഫൗസ്റ്റ് ' . ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ചരിത്രപുരുഷന്മാരാണ് ആ മൂന്നു സിനിമകളിലെ നായകര്‍. 1999 ല്‍ ഇറങ്ങിയ ' മൊളോഖ് ' (Moloch) എന്ന ജര്‍മന്‍ സിനിമയില്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറായിരുന്നു നായകന്‍. രണ്ടാമത്തെ ചിത്രമായ ' റ്റോറസ് ' (Taurus-2001 എന്ന റഷ്യന്‍ സിനിമയില്‍ ലെനിനും മൂന്നാമത്തെ ' ദ സണ്‍ ' എന്ന ജാപ്പനീസ് ചിത്രത്തില്‍ ജപ്പാനിലെ മുന്‍ ചക്രവര്‍ത്തി ഹിരോഹിതോയും നായകരായി. ഫൗസ്റ്റില്‍ സൊഖുറോവ് 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കാണ് സഞ്ചരിക്കുന്നത്. ചരിത്രത്തില്‍ കാണാത്ത ഒരാളാണിതിലെ നായകന്‍. ഒരു സങ്കല്‍പ കഥാപാത്രം. പേര് ഡോക്ടര്‍ ഫൗസ്റ്റ്. അയാള്‍ അന്വേഷണത്തിലാണ്. ജീവിതത്തിന്റെ സുഖവും അര്‍ഥവും തേടിയുള്ള യാത്രയിലാണ് അയാള്‍. 

12 വര്‍ഷം കൊണ്ടാണ് സൊഖുറോവ് തന്റെ ചിത്രപരമ്പര പൂര്‍ത്തിയാക്കിയത്. ' മൊളോഖി 'ല്‍ ഹതാശനും കുപിതനുമായ ഹിറ്റ്‌ലറെയാണ് നമ്മള്‍ കണ്ടത്. പര്‍വതമുകളിലെ സുഖവാസ വസതിയില്‍ വെപ്പാട്ടിയായ ഈവ ബ്രൗണിനെ കാണാനെത്തുകയാണ് ഹിറ്റ്‌ലര്‍. അയാളിലെ ഏകാധിപതിയെ മാറ്റിനിര്‍ത്തുന്നു സൊഖുറോവ്. പകരം, അയാളിലെ സാധാരണ മനുഷ്യനെ പുറത്തെടുക്കുന്നു. 53 കാരനായ ലെനിന്റെ അന്ത്യനിമിഷങ്ങളാണ് ' റ്റോറസി ' ന്റെ ഇതിവൃത്തം. അധികാരത്തില്‍ നിന്നും അനുയായികളില്‍ നിന്നും ഒറ്റപ്പെട്ട്, കിടക്കയിലും ചക്രക്കസേരയിലുമായി തളച്ചിടപ്പെട്ട ആ മുന്‍ ഭരണാധികാരി ആസന്നമായ മരണത്തെക്കുറിച്ചാണ് ദുഃഖത്തോടെ സംസാരിക്കുന്നത്.

രണ്ടാം ലോകയുദ്ധത്തില്‍ കനത്ത പരാജയം രുചിക്കേണ്ടിവന്ന ഹിരോഹിതോ തകര്‍ന്നടിഞ്ഞ തന്റെ രാജ്യത്തെ നോക്കി നെടുവീര്‍പ്പിടുകയാണ് ' ദ സണ്‍ ' എന്ന ചിത്രത്തില്‍. സഖ്യസേനയ്ക്കു മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപനം നടത്തുന്ന ദിവസം ടോക്കിയോ എന്ന മൃതഭൂമിയിലാണ് അദ്ദേഹത്തെ നമ്മള്‍ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ നിയന്ത്രിച്ചവരാണ് മൂന്നു നേതാക്കളും. . പക്ഷേ, അധികാരം അവരെ ദുഷിപ്പിച്ചു. അധികാരമോഹത്തിന്റെ ഇരകളാണ് അവരെന്ന് സൊഖുറോവ് പറയുന്നു. അധികാരത്തിന്റെ നിരര്‍ഥകത ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു സംവിധായകന്‍ ഈ ചിത്രങ്ങളിലൂടെ. 

ഫൗസ്റ്റി' ലെ നായകനായ ഫൗസ്റ്റ് മറ്റ് മൂന്നു നായകരില്‍ നിന്നും വ്യത്യസ്തനാണ്. അയാള്‍ അധികാരസ്ഥാനത്തുള്ളയാളല്ല. ഡോക്ടറാണ്. പ്രശസ്തനായ ഡോക്ടറുടെ മകന്‍. ശാസ്ത്രവും നിയമവും തത്ത്വശാസ്ത്രവും തൊട്ട് ദൈവശാസ്ത്രം വരെ അയാള്‍ പഠിച്ചു. പക്ഷേ, തൃപ്തനായില്ല. പലതിനും അയാള്‍ക്ക് ഉത്തരമില്ല. താനൊരു വിഡ്ഢിയാണെന്ന് ഫൗസ്റ്റ് തുറന്ന് സമ്മതിക്കുന്നു. മനുഷ്യന്റെ ആത്മാവ് എവിടെയാണെന്ന് അയാള്‍ക്കറിയില്ല. ജീവിതത്തിന്റെ അര്‍ഥമെന്തെന്നും അറിഞ്ഞൂടാ. അത് തേടുകയാണ് അയാള്‍. മനുഷ്യന്റെ കുത്സിതവഴികള്‍ ഫൗസ്റ്റിനെ സദാ അസ്വസ്ഥനാക്കി. പുണ്യവാളന്മാരുടെ തിരുശേഷിപ്പ് പോലും പണയമായി എടുക്കാന്‍ തയാറാകുന്നവരുടെ ലോകം അയാളെ വേദനിപ്പിച്ചു. പണമുള്ളിടത്താണ് ചെകുത്താന്‍ എന്ന് ബോധ്യമായി. ആത്മാവിനെ പണയപ്പെടുത്തി കൊള്ളപ്പലിശക്കാരനോടൊപ്പം ഫൗസ്റ്റ് യാത്ര തുടങ്ങുകയാണ്. 

ജര്‍മന്‍ എഴുത്തുകാരനായ ഗൊയ്‌ഥെയുടെ ' ഫൗസ്റ്റ് ' എന്ന നാടകത്തെ ആധാരമാക്കിയാണ് സൊഖുറോവ് തന്റെ സിനിമ സൃഷ്ടിച്ചത്. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ജര്‍മന്‍ നഗരങ്ങളാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌പെയിനിലും എസ്‌ലാന്‍ഡിലുമായാണ് ഈ പഴയ നഗരങ്ങള്‍ സൊഖുറോവ് പുനഃസൃഷ്ടിച്ചത്. മറ്റ് മൂന്ന് സിനിമകളിലേതുപോലെ സമകാലിക സംഭവങ്ങള്‍ ഫൗസ്റ്റി ' ല്‍ പരാമര്‍ശിക്കുന്നില്ല. ഒരു സാങ്കല്‍പ്പിക ലോകത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചലച്ചിത്രകാരനാണെങ്കിലും സാഹിത്യത്തോടുള്ള കമ്പം സൊഖുറോവ് മറച്ചുവെക്കാറില്ല. സിനിമയേക്കാളും സാഹിത്യമാണ് കൂടുതലിഷ്ടമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ സാഹിത്യ താത്പര്യമാകണം കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ചുഴിഞ്ഞുനോക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മനുഷ്യനെയും അവന്റെ ആന്തരിക ശക്തിയെയും മനസ്സിലാക്കാനുള്ള സൊഖുറോവിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണ് ഈ നാല് സിനിമകളും എന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്.
 

ആത്മാവിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് 'ഫൗസ്റ്റി ' ന്റെ തുടക്കം. ക്രമേണ അത് വിവിധ വിഷയങ്ങളിലേക്ക് കടക്കുന്നു. തിന്മയും ചെകുത്താനും ദൈവത്തിന്റെ അസ്തിത്വവും വഞ്ചനയും യുദ്ധവും മരണവുമെല്ലാം ചര്‍ച ചെയ്യപ്പെടുന്നു. ഫൗസ്റ്റ് മോഹിക്കുന്ന ആ പെണ്‍കുട്ടിപോലും പ്രണയാതുരയായല്ല സംസാരിക്കുന്നത്. എന്താണ് മരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, ഒരാള്‍ പൂര്‍ണമായും മരിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് അവള്‍ പണ്ഡിതനായ ഫൗസ്റ്റിനോട് ഉന്നയിക്കുന്നത്. യുദ്ധവും അത് സൃഷ്ടിക്കുന്ന മൃതഭൂമിയും ഫൗസ്റ്റിനെ അലോസരപ്പെടുത്തുന്നു. ഒരു യുദ്ധത്തിന്റെ അവസാനവും വീണ്ടുമൊരു യുദ്ധത്തിന്റെ സൂചനയും ചിത്രത്തില്‍ നല്‍കുന്നുണ്ട്. അസന്തുഷ്ടനായ മനുഷ്യനാണ് ഏറ്റവും അപകടകാരി എന്ന വാക്യം ചിത്രത്തില്‍ പലപ്പോഴായി ആവര്‍ത്തിക്കുന്നുണ്ട്. 

തന്നെ വിടാതെ പിന്തുടരുന്ന തിന്മയുടെ അവതാരമായ കൊള്ളപ്പലിശക്കാരനെ ഫൗസ്റ്റ് ഒടുവില്‍ കല്ലുകള്‍കൊണ്ട് ചതച്ച് മൃതപ്രായനാക്കിവിടുന്നു. പിന്നീടങ്ങോട്ട് ഫൗസ്റ്റിന്റെ യാത്ര ഒറ്റയ്ക്കാണ്. ജീവിതാന്വേഷണയാത്രയില്‍ എല്ലാവരും ഒറ്റക്കാണെന്ന് സൂചിപ്പിക്കുകയാവണം സൊഖുറോവ്. ജീവിതത്തിന്റെ അര്‍ഥവും സൗന്ദര്യവും തേടിപ്പോകുന്ന ഫൗസ്റ്റ് ഒടുവില്‍ പ്രകൃതിശക്തിയിലാണ് സൗന്ദര്യവും ആഹ്‌ളാദവും കണ്ടെത്തുന്നത്.തുടക്കത്തില്‍, സ്വര്‍ഗത്തില്‍ നിന്നിറങ്ങിവരികയാണ് ക്യാമറ. നേരെയത് ഫൗസ്റ്റിന്റെ ശസ്ത്രക്രിയാമുറിയില്‍ നിലയുറപ്പിക്കുന്നു. 
ഒരു മനുഷ്യശരീരം കീറിമുറിക്കുകയാണവിടെ. അലസമെന്നു തോന്നും മട്ടില്‍, എന്നാല്‍ കൃത്യതയോടെയാണ് ഫൗസ്റ്റ് തന്റെ ജോലി നിര്‍വഹിക്കുന്നത്. ഇതിനിടയില്‍ ഫൗസ്റ്റും അയാളുടെ വിദ്യാര്‍ഥിയും തമ്മില്‍ ഗഹനമായ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ നിന്നാണ് അന്വേഷണയാത്രയ്ക്കുള്ള അഭിനിവേശം അയാളില്‍ നിറയുന്നത്. 

മൊളോഖിലും റ്റോറസിലും സണ്ണിലും സൊഖുറോവിന് ചരിത്രത്തോട് നീതി പുലര്‍ത്തേണ്ടതുണ്ടായിരുന്നു. ചരിത്രപുരുഷന്മാരെ ഭാവനാലോകത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കാനാവില്ല. എന്നാല്‍, ഫൗസ്റ്റിലെത്തുമ്പോള്‍ സംവിധായകന് ചരിത്രത്തിന്റെ കണിശത ഉപേക്ഷിക്കാന്‍ കഴിയുന്നു. ഇതിലെ നായകന്‍ എന്തുകൊണ്ടും സര്‍വതന്ത്ര സ്വതന്ത്രനാണ് . കുറ്റിയില്‍ തളച്ചിട്ട മൂന്നു ചരിത്രനായകരെയാണ് ആദ്യത്തെ മൂന്നു സിനിമയിലും നമ്മള്‍ കണ്ടത്. പിരിമുറുക്കമനുഭവിക്കുന്ന സാധാരണ മനുഷ്യരെപ്പോലെയായിരുന്നു അവര്‍. ഹിറ്റ്‌ലര്‍ ബര്‍ലിനപ്പുറത്തേക്ക് പോകുന്നില്ല. ലെനിന്‍ ചക്രക്കസേരയിലും ഇരുണ്ട മുറിയിലുമിരുന്ന് അന്ത്യനിമിഷം എണ്ണുകയാണ്. ഹിരോഹിതോ ആകട്ടെ, യുദ്ധം തരിപ്പണമാക്കിയ ടോക്കിയോ നഗരത്തിലെ തടവുകാരനാണ്. ഫൗസ്റ്റ് പക്ഷേ, എവിടെയും തളച്ചിടപ്പെടുന്നില്ല. അയാള്‍ സഞ്ചാരിയാണ്. അയാള്‍ക്ക് അധികാരത്തിന്റെയോ കുടുംബത്തിന്റെയോ കെട്ടുപാടുകളില്ല. കാഴ്ചകള്‍ കണ്ട്, ജീവിതമാസ്വദിച്ച് , അഭൗമമായ ലോകം തേടുകയാണയാള്‍. 

വര്‍ണങ്ങളുടെ ധാരാളിത്തം സൊഖുറോവിന്റെ ചിത്രങ്ങളില്‍ പൊതുവെ കാണാനാവില്ല.കടുത്ത നിറത്തിനു പകരം വിഷാദമുണര്‍ത്തുന്ന അരണ്ട വര്‍ണങ്ങളാണ് മിക്ക രംഗങ്ങളിലും അദ്ദേഹം ഉപയോഗിക്കുക. മഞ്ഞ, പച്ച, നീല എന്നിവയുടെ നരച്ച നിറം. ' ഫൗസ്റ്റ ി ' ലെ ഇടുങ്ങിയ വഴികളും ഇരുണ്ട തെരുവുകളും വിലാപയാത്രയുമൊക്കെ പ്രത്യക്ഷപ്പെടുന്നത് മങ്ങിയ നിറങ്ങളിലാണ്. 

Tuesday, September 11, 2012

പര്‍വ്വതത്തിന്റെ നിറങ്ങള്‍


കുഴിബോംബിനെ സചേതനബിംബമാക്കി ഒരു ജനതയുടെ ദുരന്തം അടയാളപ്പെടുത്തുന്ന കൊളംബിയന്‍ ചിത്രം 'ദ കളേഴ്‌സ്‌ ഓഫ്‌ മൗണ്ടന്‍' നമ്മളെ ക്ഷണിക്കുന്നത്‌ തീവ്രാനുഭവങ്ങളുടെ കാഴ്‌ചകളിലേക്കാണ്‌ 

ഏതുസമയത്തും പൊട്ടിവീണേക്കാവുന്ന ഒരു യുദ്ധത്തിന്റെ ( അമേരിക്കയുടെ ഇറാഖ്‌ ആക്രമണം ) നിഴലില്‍ കഴിയുന്ന കുറെ കുട്ടികളെയാണ്‌ കുര്‍ദിഷ്‌ സംവിധായകന്‍ ബഹ്‌മെന്‍ ഗൊബാദി ' ദ ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ ' (turtles can fly) എന്ന കുര്‍ദിഷ്‌ സിനിമയില്‍ കാണിച്ചു തന്നത്‌. മരണപ്പാടങ്ങളില്‍ സൈന്യം വിതച്ചിട്ട മൈനുകള്‍ ജീവന്‍ പണയം വെച്ച്‌ പെറുക്കിയെടുത്ത്‌ നിര്‍വീര്യമാക്കുന്ന കുട്ടികള്‍ അസ്വസ്ഥമായ കാഴ്‌ചയായിരുന്നു. ഇതേ അസ്വസ്ഥത മൊഹ്‌സന്‍ മഖ്‌മല്‍ ബഫിന്റെ ' കാണ്ഡഹാര്‍ ' എന്ന ഇറാനിയന്‍ സിനിമയും പകര്‍ന്നു തരുന്നു. കുഴിബോംബുകള്‍ പൊട്ടി അറ്റുപോയ കാലുകള്‍ക്കുപകരം കൃത്രിമക്കാല്‍ സ്വന്തമാക്കാന്‍ മൈതാനത്തേക്ക്‌ ഒറ്റക്കാലില്‍ മത്സരിച്ചോടുന്ന മനുഷ്യരെ നമുക്കീ ചിത്രത്തില്‍ കാണാം. കുഴിബോംബിനെ സചേതനബിംബമാക്കി ഒരു ജനതയുടെ ദുരന്തം അടയാളപ്പെടുത്തുന്ന കൊളംബിയന്‍ ചിത്രമായ ' ദ കളേഴ്‌സ്‌ ഓഫ്‌ മൗണ്ടനും ' (the colours of mountain) നമ്മളെ ക്ഷണിക്കുന്നത്‌ തീവ്രാനുഭവങ്ങളുടെ കാഴ്‌ചകളിലേക്കാണ്‌. 


`ദ ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ' യും `ദ കളേഴ്‌സ്‌ ഓഫ്‌ മൗണ്ടനും' ആഖ്യാനരീതിയില്‍ സാമ്യം പുലര്‍ത്തുന്നുണ്ട്‌. രണ്ട്‌ ചിത്രങ്ങളിലും പ്രധാനമായും കുട്ടികളിലൂടെയാണ്‌ ജീവിതത്തിന്റെ അരക്ഷിതാവസ്ഥ സംവിധായകര്‍ കാണിച്ചു തരുന്നത്‌. ജീവിതസാഹചര്യങ്ങളോട്‌ പ്രതികരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ എടുക്കുന്ന മുന്‍കരുതലുകള്‍ കുട്ടികളില്‍ കാണാനാവില്ല. മുന്നില്‍ കാണുന്നവയ്‌ക്ക്‌ പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ അവരുടെ കാഴ്‌ചക്കപ്പുറത്താണ്‌. സംഘര്‍ഷഭൂമിയില്‍ കഴിയുന്ന കുട്ടികള്‍ക്ക്‌ ജീവിതം എപ്പോഴും പുതിയ അനുഭവങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ആ അനുഭവങ്ങളിലൂടെ അവര്‍ പാകപ്പെട്ടുകൊണ്ടിരിക്കും. പക്ഷേ, ഓരോ അനുഭവം നേടുമ്പോഴും ചിലതൊക്കെ അവര്‍ക്ക്‌ നഷ്‌ടപ്പെട്ടിട്ടുണ്ടാവും. ഈ നഷ്‌ടപ്പെടലിന്റെ ചൂടാണ്‌ പര്‍വതത്തിന്റെ നിറങ്ങളില്‍ നമ്മള്‍ തൊട്ടറിയുന്നത്‌.
നാല്‌പത്തിയഞ്ചുകാരനായ കൊളംബിയന്‍ സംവിധായകന്‍ കാര്‍ലോസ്‌ സെസാര്‍ അര്‍ബലേസിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ്‌ ' ദ കളേഴ്‌സ്‌ ഓഫ്‌ മൗണ്ടന്‍'. സാന്‍ സബാസ്റ്റ്യന്‍ ഫിലിം മേളയില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ്‌ കാര്‍ലോസിനായിരുന്നു. 2011 ഡിസംബറില്‍ തിരുവനന്തപുരത്ത്‌ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അവാര്‍ഡും കാര്‍ലോസ്‌ സ്വന്തമാക്കി. മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ ഈ സിനിമ. 


ഒരു ഗ്രാമത്തിന്റെ സജീവ ചിത്രണത്തിലൂടെ കൊളംബിയയുടെ ജീവിതാവസ്ഥയാണ്‌ സംവിധായകന്‍ രേഖപ്പെടുത്തുന്നത്‌. പരിതാപകരമാണ്‌ അവിടത്തെ ജീവിതം. അതുകൊണ്ടുതന്നെ സംവിധായകന്‌ പറയാനുള്ളത്‌ പരാജിതരുടെ കഥയാണ്‌ . മയക്കുമരുന്നു കടത്തിനും ഫുട്‌ബോളിനും ഗറില്ലാ പോരാട്ടങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ്‌ കൊളംബിയ. ഭരണകൂടവും അതിനെ വെല്ലുവിളിക്കുന്ന ഗറില്ലകളും ഓരോ ഭാഗത്ത്‌ നിലയുറപ്പിക്കുന്നു. രണ്ടിനെയും ഒരാള്‍ക്ക്‌ ഒരേ സമയം പിന്തുണക്കാന്‍ വയ്യ. ഏതെങ്കിലും ഒന്നിനോടാവണം കൂറ്‌. ചെകുത്താനും കടലിനും നടുവിലാണ്‌ കൊളംബിയന്‍ ജനത. അതിരിട്ട മുള്ളുവേലികളാണെങ്ങും. അതിനകത്ത്‌ ഒതുങ്ങിവേണം ജീവിക്കാന്‍.
ഒമ്പത്‌ വയസ്സുകാരനായ മാനുവലും സമപ്രായക്കാരായ ജൂലിയാനും പൊക്കാ ലൂസും. ഇവരും മാനുവലിന്റെയും ജൂലിയാന്റെയും കുടുംബങ്ങളും സ്‌കൂളധ്യാപിക കാര്‍മലുമാണ്‌ കഥയുടെ കേന്ദ്രസ്‌ഥാനത്ത്‌ വരുന്നത്‌. മാനുവലിന്റെ അച്ഛന്‍ ഏണസ്റ്റോ ഈ മണ്ണ്‌ വിട്ടുപോകാന്‍ മടിക്കുന്ന കര്‍ഷകനാണ്‌. ജീവിതം അയാള്‍ക്കെപ്പോഴും അധ്വാനമാണ്‌. തന്റെ അച്ഛനെ ഗറില്ലകള്‍ അപായപ്പെടുത്തിയതിന്റെ ഓര്‍മകള്‍ ഏണസ്റ്റോവില്‍ എപ്പോഴുമുണ്ട്‌. അതുകൊണ്ടുതന്നെ ഗറില്ലകളെ അയാള്‍ വെറുക്കുന്നു. അവരുടെ ഭീഷണിക്കൊന്നും അയാള്‍ വഴങ്ങുന്നില്ല. ഗ്രാമം വിട്ടുപോകാനുള്ള ഭാര്യയുടെ ആഗ്രഹത്തിന്‌ അയാള്‍ വിലങ്ങിടുന്നു. ' ഇനി എത്തിച്ചേരുന്നിടം കേമമായിരിക്കും എന്നതിന്‌ എന്താണുറപ്പ്‌ ' എന്നാണയാള്‍ ഭാര്യയോട്‌ ചോദിക്കുന്നത്‌. നിശ്ചിതമായ ഒരൊഴുക്കില്ല തങ്ങളുടെ ജീവിതത്തിന്‌ എന്നയാള്‍ വിശ്വസിക്കുന്നു. ഈ മണ്ണ്‌, കുടുംബം,തന്നോടൊപ്പം വളരുന്ന മൃഗങ്ങള്‍. ഇതൊക്കെ മതി ഏണസ്റ്റോവിന്‌. ഇവിടെനിന്ന്‌ പുറപ്പെട്ടുപോയാല്‍ എങ്ങുമെത്തില്ലെന്ന്‌ അയാള്‍ ഭയക്കുന്നു.

 

നേരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ്‌ ജൂലിയാന്റെ അച്ഛന്‌. സാഹചര്യങ്ങളോട്‌ പൊരുത്തപ്പെടുകയാണയാള്‍. ഗറില്ലകളോട്‌ പൊരുതി നില്‍ക്കാനാവില്ല അയാള്‍ക്ക്‌. മൂത്ത മകന്‍ നാടുവിട്ട്‌ പോയി. അവന്‍ ഗറില്ലകളോടൊപ്പം ചേര്‍ന്ന്‌ സായുധസമരത്തിലാണ്‌. അതിന്റെ വില കൊടുക്കേണ്ടിവന്നത്‌ അവന്റെ കുടുംബത്തിനാണ്‌. ഒരു ദിവസം സൈന്യം പിടിച്ചുകൊണ്ടുപോയ അച്ഛന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്‌ സ്വന്തം കുതിരപ്പുറത്ത്‌ മൃതദേഹമായിട്ടാണ്‌.
കൊളംബിയന്‍ ജനതയുടെ ഇഷ്‌ടവിനോദമാണ്‌ ഫുട്‌ബോള്‍. ചിത്രത്തിലെ കുട്ടികള്‍ക്കെല്ലാം ഫുട്‌ബോളിലേ താത്‌പര്യമുള്ളു. മാനുവലിന്റെ കൈയില്‍ എപ്പോഴും പന്ത്‌ കാണാം. ഗോള്‍വലയം കാക്കുന്നവനാണവന്‍. കാറ്റുപോയ പഴയ പന്തും ഒമ്പതാം പിറന്നാളിന്‌ അച്ഛന്‍ വാങ്ങിക്കൊടുത്ത പുത്തന്‍പന്തും ഒരു പ്രതീകമാണ്‌. തന്റെ ഗ്രാമത്തെ, തന്റെ ജീവിതത്തെയാണവന്‍ ആ പന്തില്‍ കാണുന്നത്‌. ഫുട്‌ബോളിനോടുള്ള ആസക്തി അവന്‌ ഉപേക്ഷിക്കാനാവുന്നില്ല. അശാന്തിയുടെ പാടത്ത്‌ അനാഥമായിക്കിടക്കുന്ന പുതിയ പന്ത്‌ അവനെ തെല്ലൊന്നുമല്ല വേവലാതിപ്പെടുത്തുന്നത്‌. കുഴിച്ചിട്ട മൈനുകള്‍ ആ പാടത്ത്‌ എവിടെയെല്ലാമോ ഉണ്ടെന്നവനറിയാം. ഏതു നിമിഷവും അവ പൊട്ടാം. പൊട്ടിയാല്‍ പന്നിയെപ്പോലെ മനുഷ്യരും ചത്തുമലച്ചുപോകും. എങ്കിലും, ആ പന്ത്‌ വീണ്ടെടുക്കണമെന്നത്‌ അവന്റെ വാശിയാണ്‌. ഗറില്ലകളുടെ വെടിയില്‍ തന്റെ അച്ഛന്‍ എല്ലാ ജീവിതകാമനകളും അവസാനിപ്പിച്ചത്‌ അവനറിയുന്നില്ല. അവന്‍ അറിയാതെ വീണ്ടെടുപ്പിന്റെ പ്രതിനിധിയാവുകയാണ്‌. മരണം പതിയിരിക്കുന്ന പാടത്തുനിന്ന്‌ അവന്‍ പന്ത്‌ വീണ്ടെടുക്കുന്നു. ഒപ്പം, തന്റെ പ്രിയകൂട്ടുകാരന്‍ പൊക്കാ ലൂസിന്റെ കണ്ണടയും. പക്ഷേ, അപ്പോഴേക്കും മാനുവലിന്‌ തന്റെ ജന്മഗ്രാമം നഷ്‌ടപ്പെട്ടിരുന്നു. സ്‌കൂള്‍ രജിസ്റ്ററില്‍ നിന്ന്‌ അവന്റെ കൂട്ടുകാര്‍ ഓരോരുത്തരായി ചുവന്ന വരകളായി അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു. 


കുട്ടികളുടെ പക്ഷത്തു നിന്നുള്ള കാഴ്‌ചകളിലൂടെയാണ്‌ സംവിധായകന്‍ ഇതിവൃത്തം മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. എല്ലാ ഭീകരതക്കും സാക്ഷികളാണവര്‍. കാറ്റുപോയ ഒരു പന്തുമായി ആവേശം ഒട്ടും ചോരാതെ കളിക്കുന്ന കുട്ടികളെ കാണിച്ചാണ്‌ സിനിമയുടെ തുടക്കം. അവസാനിക്കുന്നിടത്ത്‌ മാനുവലിന്റെ കൈയില്‍ പുതിയ പന്താണ്‌ നമ്മള്‍ കാണുന്നത്‌. പക്ഷേ, അവന്‍ ഒറ്റക്കാണ്‌. ബാല്യത്തിന്റെ വസന്തം ആ പാടങ്ങളില്‍ ഉപേക്ഷിച്ചിട്ടാണ്‌ അവന്‍ പോകുന്നത്‌. അപരിചിതമായ ഏതോ ഗ്രാമത്തിലേക്ക്‌. 


അരക്ഷിതമായ ജീവിത പശ്ചാത്തലത്തിലും കുട്ടികള്‍ തങ്ങളുടെ ലോകം കണ്ടെത്തുന്നുണ്ട്‌. സാഹചര്യങ്ങളോട്‌ പൊരുതിനില്‍ക്കാന്‍ അവര്‍ പഠിക്കുന്നു. ഇറാനിയന്‍ സിനിമകളിലെ പ്രായോഗികബുദ്ധികളായ കുട്ടികള്‍ സംവിധായകന്‍ കാര്‍ലോസിനെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ വ്യക്തം. കുഴിബോംബുകളുടെ സാന്നിധ്യം മാനുവല്‍ തിരിച്ചറിയുന്ന രംഗം ശ്രദ്ധിക്കുക. എല്ലാവരും ഉപേക്ഷിച്ചുപോയ തന്റെ പന്തെടുക്കാന്‍ അവന്‍ മൈതാനത്തെത്തുന്നു. എന്തും സംഭവിക്കാവുന്ന ഒരന്തരീക്ഷം. പക്ഷേ, മാനുവലിന്‌ ഒട്ടും പരിഭ്രമമില്ല. അവന്‍ ഓരോ കല്ല്‌ വീതം മുന്നിലേക്കെറിഞ്ഞ്‌ അവിടെയൊന്നും കുഴിബോംബില്ല എന്ന്‌ ഉറപ്പുവരുത്തിയാണ്‌ പന്തിനടുത്തേക്ക്‌ നീങ്ങുന്നത്‌. സിനിമയുടെ അന്ത്യം ഇതാ അടുത്തു എന്ന്‌ പ്രേക്ഷകന്‌ തോന്നുന്ന പിരിമുറുക്കമുള്ള നിമിഷങ്ങള്‍. പക്ഷേ, ഒന്നും സംഭവിക്കാതെ മാനുവല്‍ പന്തുമെടുത്ത്‌ പുറത്തുവരുന്നു. ഇതിവൃത്തപരിചരണത്തില്‍ സംവിധായകന്‍ പുലര്‍ത്തുന്ന ഋജുവായ സമീപനം ഇങ്ങനെ എല്ലാ രംഗങ്ങളിലും കാണാം. ഗ്രാമത്തിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്ന രംഗം എത്ര സൂക്ഷ്‌മമായാണ്‌ അദ്ദേഹം ഒരുക്കിയതെന്ന്‌ ഓര്‍ക്കുക. ജൂലിയാന്റെ അച്ഛന്‍ കൊണ്ടുവരുന്ന പന്നി വിറളി പിടിച്ചോടുന്നതും കുഴിബോംബില്‍ത്തട്ടി അത്‌ ചത്തുവീഴുന്നതും സിനിമയുടെ ഒരു നിര്‍ണായകഘട്ടമാണ്‌.കഥാഗതിയെ പിന്നീടങ്ങോട്ട്‌ സ്വാധീനിക്കുന്ന ഈ രംഗം വളരെ സ്വാഭാവികതയോടെയാണ്‌ സംവിധായകന്‍ പ്രമേയഘടനയില്‍ ചേര്‍ത്തുവെക്കുന്നത്‌. 

Thursday, July 5, 2012

സെല്‍ഫ്‌ ഗോളിലൂടെ വന്ന മരണം

ആന്ദ്രെ എസ്‌കോബാറും പാബ്‌ളോ എസ്‌കോബാറും. കൊളംബിയന്‍ ഫുട്‌ബോളിനെ ഉയിര്‍ത്തെഴുനേല്‍പ്പിച്ചവരാണിവര്‍. പക്ഷേ, രണ്ടു പേര്‍ക്കും രണ്ട്‌ വഴികളായിരുന്നു. ആന്ദ്രെ-പാബ്‌ളോമാരുടെയും കൊളംബിയന്‍ ഫുട്‌ബോളിന്റെയും അസ്‌തമയത്തിന്റെ കാരണങ്ങളന്വേഷിക്കുകയാണ്‌ ' ദ റ്റൂ എസ്‌കോബാര്‍സ്‌ ' എന്ന കൊളംബിയന്‍ ഡോക്യൂമെന്ററി .

ആന്ദ്രെ എസ്‌കോബാര്‍ സല്‍ഡാറിയാഗ. 27 - )ം വയസ്സില്‍ കളിക്കളത്തോടും ജീവിതത്തോടും വിട പറയേണ്ടിവന്ന ഫുട്‌ബോള്‍ താരം. എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും ശപിക്കപ്പെട്ട ആ സെല്‍ഫ്‌ ഗോള്‍. 1994 ലെ ലോകകപ്പില്‍ സ്വന്തം രാജ്യത്തിന്റെ ഗോള്‍പോസ്റ്റിലേക്ക്‌ ആന്ദ്രെയുടെ കാലില്‍നിന്ന്‌ പിഴച്ചുപോയ പന്ത്‌. അത്‌ ലോകഫുട്‌ബാള്‍ ഭൂപടത്തില്‍ നിന്നുതന്നെ കൊളംബിയയെ മായ്‌ച്ചുകളഞ്ഞു. സെല്‍ഫ്‌ ഗോളിന്റെ പേരില്‍ ആരായിരുന്നു ആ കൊലക്ക്‌ പിന്നില്‍? ആരായിരുന്നു ആന്ദ്രെ എസ്‌കോബാര്‍ ? കൊളംബിയന്‍ ഫുട്‌ബോളിന്റെ പുനരുജ്ജീവനത്തെ സഹായിച്ച പാബ്‌ളോ എസ്‌കോബാര്‍ ആരായിരുന്നു? ഇക്കാര്യങ്ങള്‍ അന്വേഷിക്കുകയാണ്‌ ' ദ റ്റൂ എസ്‌കോബാര്‍സ്‌ ' ( The two Escobars ) എന്ന കൊളംബിയന്‍ ഡോക്യുമെന്ററി. മയക്കുമരുന്നു മാഫിയയും ഫുട്‌ബോളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ പിന്നാമ്പുറങ്ങളും ഈ ഡോക്യുമെന്ററിയില്‍ തെളിയുന്നു.

1990 ലും 94 ലും ലോകകപ്പില്‍ കൊളംബിയയുടെ ഡിഫന്‍ഡറായിരുന്നു ആന്ദ്രെ എസ്‌കോബാര്‍. ' ഫുട്‌ബോളിലെ മാന്യന്‍ ' എന്നാണ്‌ ആന്ദ്രെ അറിയപ്പെട്ടിരുന്നത്‌. ഹെഡ്ഡറിലൂടെ ഗോളടിക്കുന്നതില്‍ പ്രത്യേക വൈഭവമുണ്ടായിരുന്നു ഈ രണ്ടാം നമ്പര്‍ ജഴ്‌സിക്കാരന്‌. 94 ല്‍ യു.എസ്‌.എ. യുമായുള്ള മത്സരത്തിലാണ്‌ ആന്ദ്രെയുടെ നിര്‍ഭാഗ്യ ഗോള്‍ പിറന്നത്‌. 1994 ജൂണ്‍ 22. അമേരിക്കയിലെ കാലിഫോര്‍ണിയ. യു.എസ്‌.എ.യുമായി ജയിച്ചാലേ കൊളംബിയക്ക്‌ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കടക്കാനാവൂ. പക്ഷേ, ദുരന്തം കൊളംബിയയെ അരൂപിയായി കാത്തുനില്‍പ്പുണ്ടായിരുന്നു. യു.എസ്‌. മിഡ്‌ഫീല്‍ഡര്‍ ജോണ്‍ ഹാര്‍ക്‌സിന്റെ ഇടതുഭാഗത്തുനിന്നുള്ള ഒരു ക്രോസ്‌. അത്‌ കണക്ട്‌ ചെയ്യാന്‍ കണക്കാക്കി ഒരു കളിക്കാരന്‍ ഓടിയെത്തുന്നു. ഗോളിയുടെയും ശ്രദ്ധ ആ കളിക്കാരനിലാണ്‌. ക്രോസ്‌ തടയാനുള്ള ആന്ദ്രെയുടെ ശ്രമം പക്ഷേ, ഗോളിലാണ്‌ കലാശിച്ചത്‌. ഗോളി സ്ഥാനം തെറ്റിനില്‍ക്കേ പന്ത്‌ വലയില്‍ കയറി. പന്തിന്റെ ചലനം നിലയ്‌ക്കുന്നത്‌ കാണാന്‍ ആന്ദ്രെക്ക്‌ കഴിഞ്ഞില്ല. ആ മനസ്സ്‌ സങ്കടം കൊണ്ട്‌ നിറഞ്ഞു. ഇരുകൈ കൊണ്ടും മുഖം പൊത്തി അവന്‍ ആ കാഴ്‌ചയെ മറച്ചു ( മത്സരത്തില്‍ കൊളംബിയ 1 - 2 ന്‌ തോറ്റു. ആദ്യറൗണ്ടില്‍പ്പോലും കടക്കാതെ പുറത്തുപോയി. വാതുവെപ്പുകാര്‍ക്ക്‌ കോടികളാണ്‌ ഈ ഒറ്റക്കളിയില്‍ നഷ്ടപ്പെട്ടത്‌ . ഗാലന്‍ ബ്രദേഴ്‌സ്‌ എന്ന മയക്കുമരുന്നു മാഫിയയായിരുന്നു ആന്ദ്രെയുടെ കൊലക്ക്‌ പിന്നില്‍ ).

102 മിനിറ്റ്‌ നീളുന്ന ഡോക്യുമെന്ററി ഇവിടെനിന്ന്‌ 27 വര്‍ഷം പിറകിലേക്ക്‌ പോകുന്നു. കൊളംബിയയിലെ മെഡലിന്‍. ആന്ദ്രെയുടെ സഹോദരിയുടെ ശബ്ദം. അവര്‍ ആന്ദ്രെ എസ്‌കോബാറിന്റെ ജീവിതകഥ പറഞ്ഞുതുടങ്ങുകയാണ്‌. കുട്ടിക്കാലത്തെ ആന്ദ്രെ. സ്‌കൂള്‍ വിട്ടാല്‍ അവന്‍ നേരെ ഫുട്‌ബാള്‍ ഗ്രൗണ്ടിലെത്തും. എത്ര കളിച്ചാലും ക്ഷീണിക്കില്ല. കോച്ചുമാര്‍ ആ കൊച്ചുകളിക്കാരനെ നോട്ടമിട്ടു. ചെറുപ്പത്തിലേ ആന്ദ്രേക്ക്‌ അമ്മയെ നഷ്ടപ്പെട്ടതാണ്‌. അവന്‍ ആ വേദന മറന്നത്‌ സ്വയം കളിയ്‌ക്കര്‍പ്പിച്ചുകൊണ്ടാണ്‌. പഠിത്തമോ കളിയോ ? ആന്ദ്രെയുടെ ജീവിതത്തില്‍ ഈ നിര്‍ണായകഘട്ടം വന്നു. അവന്‍ തന്റെ സ്വപ്‌നത്തില്‍ മുറുകെപ്പിടിച്ചു. രാജ്യത്തിന്റെ ജഴ്‌സിയണിയണം. ഫുട്‌ബോളിലൂടെ കൊളംബിയയുടെ പ്രശസ്‌തി ഉയര്‍ത്തണം. അതുവരെ കൊളംബിയക്ക്‌ ദുഷ്‌പേരായിരുന്നു. ലഹരിമരുന്നിന്റെ പേരിലുള്ള കുപ്രസിദ്ധി.
1987 ല്‍ ആന്ദ്രെ ദേശീയ ടീമിലെത്തി. കരുത്തുറ്റ ടീമായി കൊളംബിയ വളരാന്‍ തുടങ്ങി. അന്ന്‌ ടീമിന്‌ രണ്ട്‌ അനുകൂല ഘടകങ്ങളുണ്ടായിരുന്നു. ഒന്ന്‌, കരുത്തരായ കളിക്കാര്‍. രണ്ട്‌, ടീമിന്റെ വളര്‍ച്ചക്കാവശ്യമായ പണം. ഇവിടെയാണ്‌ രണ്ടാമത്തെ എസ്‌കോബാറിന്റെ പ്രസക്തി. പാബ്ലോ എസ്‌കോബാറായിരുന്നു കൊളംബിയന്‍ ടീമിന്റെ രക്ഷകന്‍. അധോലോകനായകന്‍. എതിരാളികളെ കൊന്നുവീഴ്‌ത്തുന്നവന്‍. സ്വന്തമായി ഫുട്‌ബാള്‍ ടീമുണ്ടായിരുന്നു അയാള്‍ക്ക്‌. കളിയില്‍ ആരെങ്കിലും ഒത്തുകളിച്ചാല്‍ പാബ്ലോ വിടില്ല. 1989 ലെ ദേശീയ ഫുട്‌ബാളില്‍ റഫറി ഒര്‍ട്ടെഗെക്ക്‌ ജീവന്‍ പോയത്‌ അങ്ങനെയാണ്‌. പാബ്ലോയുടെ ടീം ഉള്‍പ്പെട്ട ഒരു മത്സരത്തില്‍ റഫറി നന്നായി കളിച്ചു. എതിര്‍ ടീം ജയിച്ചു. പക്ഷേ, റഫറിയുടെ കളി അധികം നീണ്ടില്ല. പാബ്ലോയുടെ അന്തകസംഘം തിരഞ്ഞുപിടിച്ച്‌ അയാളുടെ ജീവനെടുത്തു. അധികാരികളെല്ലാം പാബ്ലോയുടെ പോക്കറ്റിലായിരുന്നു. അയാളുടെ ഒരു ദിവസത്തെ സമ്പാദ്യം അഞ്ച്‌ കോടി ഡോളറായിരു്‌ന്നു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൊക്കെയിന്‍ കയറ്റി അയച്ചാണയാള്‍ കോടികള്‍ സമ്പാദിച്ചത്‌. ചോരക്കൊതിയനായിരുന്നു പാബ്ലോ. എങ്കിലും, ഫുട്‌ബോള്‍ അയാള്‍ക്ക്‌ ജീവനായിരുന്നു. കൊളംബിയന്‍ ഫുട്‌ബോളിന്റെ രക്ഷകനായി അയാള്‍ വാഴ്‌ത്തപ്പെട്ടു. അത്‌ സത്യവുമായിരുന്നു. കള്ളപ്പണം വെളുപ്പിക്കലായിരുന്നു അയാളുടെ ഉദ്ദേശ്യം. എന്നാലും, ഫുട്‌ബോളിലേക്ക്‌ അയാള്‍ പണമൊഴുക്കി. ഫുട്‌ബോളിന്റെ ഖ്യാതിയിലൂടെ പാബ്ലോ തന്റെ പാപക്കറ കുറച്ചൊക്കെ കഴുകിയെടുത്തു.
ഒരു കാലഘട്ടത്തിലെ കൊളംബിയന്‍ ജനതയുടെ ആരാധനാപാത്രങ്ങളായിരുന്നു ആന്ദ്രെയും പാബ്‌ളോയും. രണ്ട്‌ വിരുദ്ധലോകങ്ങളിലായിരുന്നു ഇരുവരും. എങ്കിലും, അവര്‍ക്കിടയില്‍ സാമ്യങ്ങളുണ്ട്‌. ഒരു പ്രത്യേകഘട്ടത്തില്‍ അവര്‍ ഒരേ ലക്ഷ്യത്തിനായി യത്‌നിച്ചു. ഫുട്‌ബോളിന്റെ , അതുവഴി കൊളംബിയയുടെ , പ്രശസ്‌തിയായിരുന്നു അവരുടെ മനസ്സില്‍. ഫുട്‌ബാള്‍ അവര്‍ക്ക്‌ ലഹരിയായിരുന്നു. ചെറിയൊരു ജീവിതകാലമേ അവര്‍ക്കുണ്ടായിരുന്നുള്ളു. എതിരാളികളുടെ കൈകളാല്‍ അവര്‍ വധിക്കപ്പെട്ടു. ആന്ദ്രെ ഫുട്‌ബാളിനുവേണ്ടി ജീവിച്ചു. മനസ്സും ശരീരവും കളിക്കളത്തില്‍ നിസ്വാര്‍ഥമായി നിക്ഷേപിച്ചു. പാബ്ലോ ആകട്ടെ, കൊളംബിയന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചക്കായി പണം വാരിയെറിഞ്ഞു. അവര്‍ ഒരുമിച്ചു നിന്നു, ഫുട്‌ബോളിനു വേണ്ടി. ഫുട്‌ബോളിലൂടെ രാജ്യത്തിന്റെ ഖ്യാതിക്കുവേണ്ടി. ആന്ദ്രെ എസ്‌കോബാറിനൊപ്പം റെനെ ഹിഗ്വിറ്റ, ആസ്‌പ്രില്ല, വാള്‍ഡറമ, ലിയോണല്‍ എന്നിവരുടെ പേരുകളും ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ പ്രിയപ്പെട്ടതായി.
നമ്മള്‍ കേട്ടിട്ടുള്ള ഏതൊരു അധോലോകനായകനെയുംപോലെ പാബ്‌ളോയിലും നന്മകളുണ്ടായിരുന്നു. പാവങ്ങള്‍ക്കുവേണ്ടി അയാള്‍ ഒരുപാട്‌ സഹായങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. അത്‌ പക്ഷേ, അയാളുടെ ദുര്‍ഗുണങ്ങളെ മറികടക്കാന്‍ പോന്നത്രയുണ്ടായിരുന്നില്ല. കൊളംബിയന്‍ ഫുട്‌ബോളിനെ ഉയിര്‍ത്തെഴുനേല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലെങ്കിലും അയാള്‍ ഇത്തിരി ദയ അര്‍ഹിച്ചിരുന്നു എന്ന്‌ ഈ ചിത്രം കാണുമ്പോള്‍ നമുക്ക്‌ തോന്നും. (കൊളംബിയന്‍ ഭരണകൂടത്തെ വെല്ലുവിളിച്ച പാബ്‌ളോ 1993 ഡിസംബര്‍ രണ്ടിന്‌ വെടിയേറ്റു മരിച്ചു )

സഹകളിക്കാര്‍, കോച്ച്‌, സഹോദരി, ഡന്റിസ്റ്റായ കാമുകി, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഓര്‍മകളിലൂടെയാണ്‌ ആന്ദ്രെ എസ്‌കോബാറിന്റെ വ്യക്തിത്വം ഡോക്യുമെന്ററി വരച്ചിടുന്നത്‌. ഫുട്‌ബോള്‍ തന്റെ ജനതയെ ഒന്നിപ്പിക്കുമെന്ന്‌ ആന്ദ്രെ വിശ്വസിച്ചിരുന്നു. ഫുട്‌ബോളിനെ ഒരു ജീവിതരീതിയായാണ്‌ ആന്ദ്രെ കണ്ടിരുന്നത്‌. അത്‌ മൂല്യങ്ങളും സഹിഷ്‌ണുതയും വളര്‍ത്തുമെന്ന്‌ അവന്‍ വിശ്വസിച്ചു. കളിയില്‍ നിന്നു കിട്ടിയ വരുമാനത്തിന്റെ നല്ലൊരു ഭാഗം അവന്‍ സമൂഹത്തിന്‌ തിരിച്ചുനല്‍കി. കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കിയും പാവങ്ങള്‍ക്ക്‌ വീടുണ്ടാക്കിക്കൊടുത്തും അവന്‍ മാതൃകകാട്ടി.

ശുഭാപ്‌തിവിശ്വാസിയായിരുന്നു ആന്ദ്രെ. സെല്‍ഫ്‌ ഗോള്‍ ഏല്‍പ്പിച്ച ആത്മനിന്ദയില്‍ തലകുനിച്ച്‌ നടക്കവെ ഒരു പത്രത്തില്‍ ആന്ദ്രെ ലേഖനമെഴുതി. പിഴകള്‍ ഏറ്റുപറഞ്ഞുകൊണ്ടുള്ള എഴുത്ത്‌. ആ ലേഖനത്തില്‍ തന്റെ വേദന അവന്‍ ഇറക്കിവെച്ചു. ലേഖനം അവസാനിപ്പിച്ചത്‌ ഇങ്ങനെ : ' ഞാന്‍ ഉടനെ തിരിച്ചുവരും. കാരണം, ജീവിതം ഇവിടെ അവസാനിക്കുന്നില്ല. ' പക്ഷേ, എതിരാളികള്‍ അടങ്ങിയിരിക്കുകയായിരുന്നില്ല. സെല്‍ഫ്‌ ഗോള്‍ വീണതിന്റെ 11 -)ം ദിവസം ( ജൂലായ്‌ രണ്ടിന്‌ ) ആന്ദ്രെക്കെതിരെ വെടിയുതിര്‍ന്നു. ആ വെടിയില്‍ ആന്ദ്രെ മാത്രമല്ല വീണത്‌. കൊളംബിയന്‍ ഫുട്‌ബോളും അതോടെ വീണു. കൊളംബിയ ലോകകപ്പ്‌ ജയിക്കുമെന്ന്‌ ഫുട്‌ബാള്‍ മാന്ത്രികന്‍ പെലെ പോലും പ്രവചിച്ചിരുന്നു. ആന്ദ്രെയുടെ തിരോധാനത്തോടൊപ്പം കൊളംബിയന്‍ ഫുട്‌ബോള്‍ പ്രതാപവും അസ്‌തമിച്ചു. ഫുട്‌ബോളിനും അക്രമത്തില്‍ നിന്ന്‌ രക്ഷയില്ലെന്ന്‌ എല്ലാവര്‍ക്കും ബോധ്യമായി. കാണികള്‍ നിരാശരായി. അവര്‍ കളിക്കളത്തില്‍ നിന്ന്‌ പിന്മാറി. പല കളിക്കാരും പേടിച്ച്‌ കളി ഉപേക്ഷിച്ചു. കൊളംബിയ പിന്നീടൊരിക്കലും ലോകകപ്പില്‍ ക്വാളിഫൈ ചെയ്യപ്പെട്ടില്ല. 1998 ലെ ലോകകപ്പ്‌ ആയപ്പോഴേക്കും കൊളംബിയയുടെ റാങ്കിങ്‌ നാലില്‍ നിന്ന്‌ 34 ലേക്ക്‌ മൂക്കുകുത്തി വീണു. 2010 ല്‍ രാജ്യത്തെ 18 ക്‌ളബ്ബുകളില്‍ പതിന്നാലും പാപ്പരായ അവസ്ഥയിലായിരുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ ഫുട്‌ബോള്‍ പെരുമ മാത്രമല്ല ഈ ഡോക്യുമെന്ററി അനാവരണം ചെയ്യുന്നത്‌. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികാവസ്ഥകളും ചര്‍ച്ചക്ക്‌ വിഷയമാക്കുന്നു. ഫുട്‌ബോളിനെ ഒരു മതം പോലെ, ജീവവായു പോലെ കരുതിപ്പോന്ന നിസ്വരായ ജനതയുടെ വേദനിപ്പിക്കുന്ന ചിത്രമുണ്ടിതില്‍. കളിക്കളങ്ങളിലായിരുന്നു അവരുടെ മനസ്സ്‌ മുഴുവന്‍. കൊളംബിയന്‍ ടീമിലെ പല കളിക്കാരും ചേരികളില്‍ നിന്നെത്തിയവരായിരുന്നു. പാബ്‌ളോയുടെ ഔദാര്യം പറ്റിയവരും അയാളോടൊപ്പം ലഹരിമരുന്നു വ്യാപാരത്തില്‍ പങ്കാളികളായവരും കളിക്കാരുടെ കൂട്ടത്തിിലുണ്ടായിരുന്നു. പാബ്‌ളോയുമായി വലിയ കൂട്ടിനൊന്നും പോയിരുന്നില്ല ആന്ദ്രെ. എപ്പോഴും ഒരകലം പാലിച്ചിരുന്നു. ഹിഗ്വിറ്റക്കൊന്നും പ്രലോഭനങ്ങളെ മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. പാബ്‌ളോയുമായുള്ള അമിതമായ അടുപ്പത്തിന്റെ പേരിലാണ്‌ ഹിഗ്വിറ്റ ജയിലിലായത്‌.
ജെഫ്‌ സിംബലിസ്റ്റ്‌, മൈക്കിള്‍ സിംബലിസ്റ്റ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ദ റ്റൂ എസ്‌കോബാര്‍സ്‌ ' സംവിധാനം ചെയ്‌തത്‌. ഇക്കഴിഞ്ഞ തിരുവനന്തപുരം ഫെസ്റ്റിവലില്‍ ഫുട്‌ബോള്‍ പാക്കേജിന്റെ ഭാഗമായി ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. 

Tuesday, May 22, 2012

ഭക്തിയുടെ വിറ്റുവരവ്‌

2011 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ സുവീരന്റെ `ബ്യാരി' യോടൊപ്പം പങ്കിട്ട `ദേവൂള്‍' എന്ന മറാത്തി സിനിമയെക്കുറിച്ച്‌ 


 ഏഴു വര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌ മറാത്തി സിനിമക്ക്‌ വീണ്ടുമൊരു ദേശീയ അവാര്‍ഡ്‌ ലഭിക്കുന്നത്‌. സന്ദീപ്‌ സാവന്ത്‌ സംവിധാനം ചെയ്‌ത ' ശ്വാസ്‌ ' എന്ന ചിത്രത്തിന്‌ 2004 ലാണ്‌ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്‌. ഇപ്പോള്‍, 2011 ലെ അവാര്‍ഡും മഹാരാഷ്ട്രത്തിലെത്തിയിരിക്കുന്നു. ഉമേഷ്‌ വിനായക്‌ കുല്‍ക്കര്‍ണി എന്ന സംവിധായകനാണ്‌ ഈ നേട്ടത്തിനു പിന്നില്‍. അദ്ദേഹത്തിന്റെ ' ദേവൂള്‍ ' എന്ന ചിത്രം മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ്‌ നേടിയത്‌. മികച്ച ചിത്രത്തിനും സംഭാഷണത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്‍. 
 മുപ്പത്തിയാറുകാരനായ ഉമേഷ്‌ കുല്‍ക്കര്‍ണി ആകെ മൂന്നു ഫീച്ചര്‍ സിനിമകളേ സംവിധാനം ചെയ്‌തിട്ടുള്ളു. ഇതില്‍ ആദ്യത്തെ ചിത്രം ' വളു ' ( മുരട്ടുകാള ). വികൃതിയായ കാളക്കൂറ്റന്‍ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പൊല്ലാപ്പും അവനെ പിടിച്ചുകെട്ടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ചെറിയൊരു വിഷയത്തില്‍ നിന്ന്‌ ജീവനുള്ള ഒരു സിനിമ. അതാണ്‌ ' വളു '. ഗ്രാമജീവിതത്തിന്റെ അകൃത്രിമ സൗന്ദര്യമുള്ള സിനിമ. 2008 ല്‍ മഹാരാഷ്ട്രത്തില്‍ തകര്‍ത്തോടിയ സിനിമയാണിത്‌. ' വിഹിര്‍ ' ( കിണര്‍ ) എന്ന രണ്ടാമത്തെ ചിത്രവും ശ്രദ്ധിക്കപ്പെട്ടു. രണ്ട്‌ യുവ സുഹൃത്തുക്കളുടെ കഥയാണിത്‌. മൂന്നാമത്തെ ചിത്രമാണ്‌ ' ദേവൂള്‍ '. ദേവൂള്‍ എന്നാല്‍ മറാത്തിയില്‍ ' ക്ഷേത്രം ' എന്നര്‍ഥം. പുതുതായി ഉയര്‍ന്നുവന്ന ഒരു ക്ഷേത്രം ഗ്രാമജീവിതത്തെ മാറ്റിമറിക്കുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. 
ഉമേഷിന്റെ ആദ്യസിനിമയുമായി ബന്ധമുണ്ട്‌ ദേവൂളിന്‌. മഹാരാഷ്ട്രത്തിലെ ഒരു വിദൂരഗ്രാമത്തിലായിരുന്നു 'വളു ' വിന്റെ ഷൂട്ടിങ്‌. ഗ്രാമീണരുടെ സഹകരണ മനോഭാവം ഉമേഷിന്റെ ഉള്ളില്‍ത്തട്ടി. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഗ്രാമത്തില്‍ ഒരു വായനശാല കെട്ടിക്കൊടുക്കാനായിരുന്നു ആലോചന. പക്ഷേ, ഗ്രാമീണര്‍ അത്‌ നിരസിച്ചു. അവിടെ ഒരു പഴയ ക്ഷേത്രമുണ്ട്‌. അത്‌ പുതുക്കിത്തന്നാല്‍ മതിയെന്നായിരുന്നു അവരുടെ ആവശ്യം. ഇത്‌ കേട്ടപ്പോള്‍ താന്‍ അമ്പരന്നുപോയെന്ന്‌ ഉമേഷ്‌ പറയുന്നു. ഈയൊരു അനുഭവത്തില്‍ നിന്നാണ്‌ അദ്ദേഹം മൂന്നാമത്തെ സിനിമക്കുള്ള വിഷയം കണ്ടെത്തിയത്‌. 

ഇത്‌ വെറുമൊരു ഗ്രാമത്തിന്റെ കഥയല്ലെന്നാണ്‌ ഉമേഷ്‌ പറയുന്നത്‌. ഗ്രാമീണജനത തങ്ങള്‍ക്ക്‌ ചുറ്റും സ്വയം ഒരു ലോകം തീര്‍ക്കുന്നു. ഒടുവില്‍, അവര്‍ തന്നെ അതിന്റെ തടവുകാരാവുന്നു. ഈയൊരു വൈപരീത്യമാണ്‌ താന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്ന്‌ സംവിധായകന്‍ വ്യക്തമാക്കുന്നു. ആഗോളീകരണത്തിന്റെ പുതുയുഗത്തില്‍ ഇത്തരമൊരു ദുരന്തം അനിവാര്യമാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. ആലസ്യത്തിലാണ്ടു കിടക്കുന്ന മംഗ്‌രൂള്‍ എന്ന ഗ്രാമമാണ്‌ സിനിമയുടെ പശ്ചാത്തലം. അവിടെ സ്‌കൂളില്ല, ഫാക്ടറിയില്ല, ആസ്‌പത്രിയില്ല, കുടിവെള്ളമില്ല. ഇതൊന്നുമില്ലെങ്കിലും അവിടെ സൂത്രശാലികളായ രാഷ്ട്രീയക്കാരുണ്ട്‌. സമയം കൊന്ന്‌ നടക്കുന്ന അലസരായ ചെറുപ്പക്കാരുണ്ട്‌. ഗ്രാമപുരോഗതിക്കാവശ്യമായ പദ്ധതികളെ എങ്ങനെ തുരങ്കം വെക്കണം എന്ന്‌ ഇവര്‍ക്കൊക്കെ അറിയാം. ഇവരില്‍ നിന്നൊക്കെ ഭിന്നനാണ്‌ കേശവ്‌ . ഈ ചെറുപ്പക്കാരനാണ്‌ ഗ്രാമത്തിന്റെ രൂപാന്തരത്തിന്‌ കാരണക്കാരനാകുന്നത്‌. അമ്മയും കാമുകിയും പിന്നെ പാവം പിടിച്ച ഒരു പശുവും. ഇതാണ്‌ കേശവിന്റെ ലോകം. സ്വാര്‍ഥ ചിന്തയില്ല. പരോപകാരിയാണ്‌. ഒരു ദിവസം ഉച്ചഭക്ഷണം കഴിച്ച്‌ മരത്തണലില്‍ കേശവ്‌ ഒന്നു മയങ്ങാന്‍ കിടന്നു. ആ മയക്കത്തില്‍ അയാള്‍ സ്വപ്‌നം കണ്ടു. ദത്ത എന്ന ദേവന്‍ ( വിഷ്‌ണുവിന്റെ അവതാരങ്ങളിലൊന്നായ ദത്താത്രേയന്‍ ) അയാള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
അയാള്‍ ആ സംഭവം എല്ലാവരോടും പറഞ്ഞു. വാര്‍ത്തകള്‍ക്ക്‌ വിലയിടുന്ന ഗ്രാമീണ പത്രപ്രവര്‍ത്തകന്‍ മഹാസങ്കരം ഈ സ്വപ്‌നകഥയില്‍ വലിയൊരു സാധ്യത കണ്ടെത്തുന്നു. അയാളും ഏതാനും ചെറുപ്പക്കാരും ഗ്രാമത്തെ ദൈവം കടാക്ഷിച്ചതായി പ്രചരിപ്പിക്കുന്നു. ഇനി ദത്തയ്‌ക്ക്‌ ഒരു ക്ഷേത്രം വേണം. കേശവിന്റെ സ്വപ്‌നകഥ വിശ്വസിച്ചതിന്റെ പേരില്‍ ആദ്യമൊക്കെ ഭാര്യയെ വിമര്‍ശിച്ചിരുന്ന രാഷ്‌ട്രീയ നേതാവ്‌ ഭവു ഗലന്‍ഡെയും ചെറുപ്പക്കാരുടെ പക്ഷത്തേക്ക്‌ കൂറുമാറുന്നു. പുരോഗമനചിന്താഗതിക്കാരനായ കുല്‍ക്കര്‍ണി അണ്ണയുടെ ഉപദേശമൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ട. ഗ്രാമത്തില്‍ ഒരാസ്‌പത്രി പണിയാനുള്ള പ്രൊജക്ടുമായി നേതാവിന്റെ പിറകെ നടക്കുകയാണദ്ദേഹം. പക്ഷേ, നേതാവിനും ക്ഷേത്രത്തിലായി താല്‍പ്പര്യം. പണപ്പിരിവ്‌ കൊഴുക്കുന്നു. വളരെപ്പെട്ടെന്ന്‌ ക്ഷേത്രമുയരുന്നു. അതോടെ ഗ്രാമീണരുടെ ജീവിതരീതിയും ചിന്താഗതിയും മാറുന്നു. ഭക്തിയില്‍ നിന്നുള്ള വിറ്റുവരവ്‌ പങ്കിടുന്നതിലായി അവരുടെ ആര്‍ത്തി. ദേവനെ നിത്യവും തൊഴാന്‍ ചെന്നിരുന്ന ഗ്രാമീണര്‍ക്ക്‌ ഇപ്പോള്‍ അതിനൊന്നും സമയമില്ല. ദര്‍ശനത്തിന്‌ വിദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക്‌ സൗകര്യങ്ങളൊരുക്കുന്നതിലായി അവര്‍ക്ക്‌ ശ്രദ്ധ. തീര്‍ഥാടനകേന്ദ്രത്തില്‍ കച്ചവടം പൊടിപൊടിച്ചു. ഗ്രാമീണരെല്ലാം കച്ചവടക്കാരായി മാറി. ഇതെല്ലാം കണ്ട്‌ അമ്പരന്ന്‌ നില്‍ക്കുകയാണ്‌ കേശവും കുല്‍ക്കര്‍ണി അണ്ണയും. ഗ്രാമത്തിനും തനിക്കും എന്നും തണലായി നിന്ന അണ്ണ മനംമടുത്ത്‌ സ്ഥലം വിട്ടതോടെ കേശവ്‌ ഒറ്റപ്പെടുന്നു. അവസാനം, അറ്റകൈ പ്രയോഗിക്കുന്നു കേശവ്‌. ക്ഷേത്രത്തില്‍നിന്ന്‌ വിഗ്രഹവുമെടുത്ത്‌ അയാള്‍ ഒളിച്ചോടുന്നു. തന്റെ ഇഷ്‌ടദേവനെ നാട്ടുകാര്‍ കൂറ്റന്‍ മതിലുകള്‍ക്കുള്ളില്‍ തടവുകാരനാക്കിവെച്ചതിലായിരുന്നു കേശവിന്‌ രോഷം. പശ്ചാത്താപവിവശനായ അയാള്‍ വിഗ്രഹം നദിയിലൊഴുക്കി ആശ്വസിക്കുന്നു. എന്നാല്‍, ഗ്രാമത്തിലെ നേതാവും ചെറുപ്പക്കാരും അത്ര എളുപ്പം പിന്‍മാറുമോ? അവര്‍ പെട്ടെന്നുതന്നെ പ്രതിവിധി കണ്ടുപിടിക്കുന്നു. കേശവ്‌ വീണ്ടും പരാജയപ്പെടുന്നിടത്ത്‌ സിനിമ തീരുന്നു. ഭക്തിയുടെ വാണിജ്യവത്‌ക്കരണത്തിനെതിരെ ശക്തമായി സംസാരിക്കുന്നു ഈ സിനിമ. കരുത്തുറ്റ പ്രമേയം. അവതരണരീതിയും ശക്തം. സംവിധായകന്റെ നിലപാട്‌ വളരെ വ്യക്തമാണ്‌. അദ്ദേഹത്തിന്‌ പ്രമേയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ സന്ദേഹം ഏതുമില്ല. ' ദൈവത്തോടടുത്ത്‌ നില്‍ക്കുന്ന രാഷ്ട്രീയക്കാരനാണ്‌ എവിടെയും ജയം ' എന്ന്‌ പറയുന്ന ആ എം.എല്‍.എ. യെ പരിഹാസകഥാപാത്രമായാണ്‌ ്‌ സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. ദത്തയുടെ അവതാരത്തെ തുടക്കത്തില്‍ എം.എല്‍.എ. യും പ്രദേശിക നേതാവായ ഭവു ഗലാന്‍ഡെയും സംശയത്തോടെയാണ്‌ കണ്ടിരുന്നത്‌. പക്ഷേ, ചെറുപ്പക്കാരുടെ ഉത്സാഹത്തില്‍ ഒളിഞ്ഞിരിക്കുന്ന കച്ചവടസാധ്യത മനസ്സിലാക്കാന്‍ അവര്‍ക്ക്‌ അധികസമയം വേണ്ടിവരുന്നില്ല. കുല്‍ക്കര്‍ണി അണ്ണ വെച്ചുനീട്ടുന്ന റൂറല്‍ ആസ്‌പത്രിയുടെ പ്രോജക്ടില്‍ എവിടെ ലാഭത്തിനവസരം ? അപ്പോള്‍പ്പിന്നെ ഭക്തിമാര്‍ഗം തന്നെ രക്ഷ. ദീനം പിടിച്ച ഒരു ഗ്രാമം തീര്‍ഥാടകര്‍ ഇരച്ചെത്തുന്ന ടൗണ്‍ഷിപ്പായി മാറുന്നത്‌ എത്ര പെട്ടെന്നാണ്‌ ? ഈ ' പുരോഗതി ' യെ കേശവിനും കുല്‍ക്കര്‍ണി അണ്ണക്കും അംഗീകരിക്കാനാവുന്നില്ല. കേശവും അണ്ണയും സംവിധായകനെത്തന്നെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. അവര്‍ നേരിടുന്ന പരാജയത്തില്‍ സംവിധായകനും സങ്കടം തോന്നുന്നുണ്ട്‌.
ഭക്തിയെ കച്ചവടച്ചരക്കാക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളെ സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ട്‌ ഈ സിനിമ. ഇവിടെ കുടിവെള്ളമുണ്ടോ, ആസ്‌പത്രിയുണ്ടോ എന്ന ചോദ്യമുയര്‍ത്തി ക്ഷേത്രനിര്‍മാണത്തെ തുടക്കത്തില്‍ തള്ളിക്കളയുന്ന ഭവു ഗലാന്‍ഡെ എന്ന രാഷ്ട്രീയക്കാരന്‍ പെട്ടെന്നാണ്‌ മലക്കം മറിയുന്നത്‌. എം.എല്‍.എ. യുടെ വിളി വന്നതോടെ അയാള്‍ നിറം മാറുന്നു. ' ദൈവത്തെയും മതത്തെയും തൊട്ടുകളിക്കാന്‍ അനുവദിക്കില്ലെന്ന്‌ ' അയാള്‍ പ്രഖ്യാപിക്കുന്നു. ' വികസന രാഷ്ട്രിയത്തിലും ആത്മീയ ഇടപെടല്‍ ആവാമെന്നാണ്‌ ' പിന്നീട്‌ അയാളുടെ വാദം. നിയമവിരുദ്ധമായ ഓരോ ചെയ്‌തിക്കും അയാള്‍ക്ക്‌ ന്യായമുണ്ട്‌. ' നിയമം ഒരു വശത്ത്‌ നില്‍ക്കും. മറുവശത്ത്‌ രാഷ്ട്രീയക്കാരും. പക്ഷേ, ഇതിനിടയില്‍ ലക്ഷക്കണക്കിന്‌ ഭക്തന്മാരുണ്ട്‌. ഞങ്ങളെ തൊടണമെങ്കില്‍ അവരെ കടന്നുവേണം വരാന്‍ ' എന്നാണയാള്‍ വീരവാദം മുഴക്കുന്നത്‌. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെ ഇതിനപ്പുറം എങ്ങനെയാണ്‌ വരച്ചിടുക?
ഉമേഷിന്റെ ആദ്യചിത്രമായ ' വളു ' വിലെപ്പോലെ ഗ്രാമാന്തരീക്ഷം തന്നെയാണ്‌ ' ദേവൂളി ' ലും. ഗ്രാമം വിട്ട്‌ പുറത്തുപോകുന്നില്ല ക്യാമറ. ഗ്രാമീണ പശ്ചാത്തലവും തനി നാടന്‍ മനുഷ്യരും ഉമേഷിന്റെ ചിത്രങ്ങള്‍ക്ക്‌ പ്രത്യേക ഊര്‍ജം നല്‍കുന്നു. ' ദേവൂളി ' ല്‍ കേശവായി അഭിനയിച്ച ഗിരീഷ്‌ കുല്‍ക്കര്‍ണിക്കാണ്‌ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്‌. എങ്കിലും, സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രം ഭവു ഗലാന്‍ഡെയാണ്‌. രാഷ്‌ട്രീയക്കാരന്റെ നാട്യങ്ങളും വങ്കത്തരങ്ങളും അവസരത്തിനൊത്ത്‌ കളിക്കാനുള്ള ലജ്ജയില്ലായ്‌മയുമൊക്കെ ഈ കഥാപാത്രത്തില്‍ ചേര്‍ന്നുനില്‍ക്കുക്കതു കാണാം. നാനാ പടേക്കറാണ്‌ ഈ വേഷം ചെയ്‌തത്‌. അനായാസമായ അഭിനയമാണ്‌ നാനാ പടേക്കറുടേത്‌.

Tuesday, March 27, 2012

ഒന്നാമന്‍

84-ാം വയസ്സില്‍ ഒന്നാം ക്ലാസില്‍ചേര്‍ന്ന്‌ അക്ഷരാഭ്യാസം നേടി, ഗിന്നസ്‌ ബുക്കിലിടം പിടിക്കുകയും ഐക്യരാഷ്ട്രസഭയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രസംഗിക്കുകയും ചെയ്‌ത കെനിയന്‍ സ്വാതന്ത്ര്യസമര സേനാനി മറൂഗെയെക്കുറിച്ചാണ്‌ ഫസ്റ്റ്‌ ഗ്രേഡര്‍ എന്ന സിനിമ.
കിമാനി ഞാങ്ങ മറുഗെ. ഗിന്നസ്‌ ബുക്കിലെ ഒരു പേരാണിത്‌. കെനിയക്കാരനായ മറുഗെ 89 -ാം വയസ്സിലാണ്‌ മരിച്ചത്‌. ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥി എന്ന അപൂര്‍വ ബഹുമതിയാണ്‌ മറുഗെയെ ഗിന്നസ്‌ ബുക്കിലെത്തിച്ചത്‌. 2004 ല്‍ 84-ാം വയസ്സിലാണ്‌ അദ്ദേഹം പ്രൈമറി സ്‌കൂളില്‍ ചേര്‍ന്നത്‌. കൊച്ചുകുട്ടികളോടൊപ്പം വളരെ അച്ചടക്കത്തോടെ മറുഗെ ക്ലാസിലിരുന്നു. അക്ഷരങ്ങള്‍ ഓരോന്നായി പഠിച്ചു. അധ്യാപകരുടെ ഇഷ്‌ടവിദ്യാര്‍ഥിയായി. മാതൃകാവിദ്യാര്‍ഥി എന്ന നിലയില്‍ 2005 ല്‍ മറുഗെ സ്‌കൂള്‍ ലീഡറായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഐക്യരാഷ്ട്രസഭയില്‍ പോയി പ്രസംഗിച്ചു. ആറ്‌ വര്‍ഷം അദ്ദേഹം ആ സ്‌കൂളില്‍ പഠിച്ചു. മുതുമുത്തച്ഛനായിരുന്ന മറുഗെക്ക്‌ 30 പേരക്കുട്ടികളുണ്ടായിരുന്നു. ഇവരില്‍ രണ്ടുപേര്‍ മറുഗെയുടെ സ്‌കൂളില്‍ ഒരേ കാലത്ത്‌ പഠിച്ചു. 2009 ല്‍ മറുഗെ മരിച്ചു. അദ്ദേഹത്തിന്റെ ജീവിതകഥയാണ്‌ ബ്രിട്ടീഷുകാരനായ ജസ്റ്റിന്‍ ഛാഡ്‌വിക്കിന്റെ ' ദ ഫസ്റ്റ്‌ ഗ്രേഡര്‍ ' (the first grader) എന്ന സിനിമക്കാധാരം.

പക്ഷേ, ഈ സിനിമ വെറുമൊരു ജീവചരിത്രമല്ല. ഒരു ദേശത്തിന്റെ പോരാട്ടചരിത്രം കൂടിയാണ്‌. ബ്രിട്ടീഷ്‌ ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ വിസ്‌മയരേഖയാണ്‌. തിരുവനന്തപുരത്ത്‌ ഈയിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്‌.
ജസ്റ്റിന്റെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയാണിത്‌. 2008 ല്‍ ബര്‍ലിന്‍ മേളയില്‍ കാണിച്ച ' ദ അദര്‍ ബൊളീയന്‍ ഗേള്‍ ' ആണ്‌ ആദ്യസിനിമ. നടന്‍, നാടകസംവിധായകന്‍ എന്നീ നിലകളിലും പ്രശസ്‌തനാണ്‌ നാല്‍പ്പത്തിയഞ്ചുകാരനായ ജസ്റ്റിന്‍. സിനിമയോ ടെലിവിഷനോ ക്യാമറയോ കണ്ടിട്ടില്ലാത്ത കുറെ സ്‌കൂള്‍കുട്ടികളാണ്‌ ' ദ ഫസ്റ്റ്‌ ഗ്രേഡര്‍ ' എന്ന സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ചത്‌.

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ 1953 ല്‍ ബ്രിട്ടീഷ്‌ കോളണിവാഴ്‌ചക്കെതിരെ രക്തരൂഷിതമായ ഒരു കലാപം നടന്നു. കിക്കുയു ഗോത്രവര്‍ഗത്തില്‍പ്പെട്ട ചെറുപ്പക്കാരാണ്‌ കലാപം നയിച്ചത്‌. ആയിരക്കണക്കിനാളുകള്‍ മരിച്ചു. പത്ത്‌ ലക്ഷത്തിലധികം കിക്കുയു വംശജര്‍ ബ്രിട്ടീഷുകാരുടെ തടവിലായി. ഒടുവില്‍ രാജ്യത്തിന്‌ സ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും, ലക്ഷക്കണക്കിനാളുകളുടെ മനസ്സില്‍ ആ കലാപം കെടാക്കനലായി. സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ കുടുംബത്തെ ബലി കൊടുത്ത വിപ്ലവകാരിയായിരുന്നു കിമാനി ഞാങ്ങ മറുഗെ.

സിനിമയുടെ തുടക്കത്തില്‍ നമ്മുടെ ശ്രദ്ധ നേടത്തക്ക കാര്യങ്ങളൊന്നും മറുഗെ ചെയ്യുന്നില്ല. ഒരു വിഡ്‌ഡിക്കഥാപാത്രം എന്നുപോലും നമുക്ക്‌ തോന്നും. പക്ഷേ, സിനിമ ഓരോ ഘട്ടത്തിലേക്ക്‌ കടക്കുമ്പോഴേക്കും മറുഗെ ആരാണെന്നും എന്താണെന്നും സംവിധായകന്‍ ബോധ്യപ്പെടുത്തിത്തരുന്നു. സമപ്രായക്കാരുടെ പരിഹാസങ്ങള്‍ തള്ളിയാണ്‌ മറുഗെ സ്‌കൂളിലെത്തുന്നത്‌. കടത്തിണ്ണയിലിരുന്ന്‌ ബിയര്‍ നുണഞ്ഞ്‌ ജീവിതസായാഹ്നം ആഘോഷിക്കാതെ പിള്ളേരോടൊപ്പം പഠിക്കാന്‍ പോകുന്ന മണ്ടന്‍ എന്ന വിശേഷണവും അവര്‍ അയാള്‍ക്ക്‌ നല്‍കുന്നുണ്ട്‌.

കുന്നിന്‍പുറത്തെ ഒരു സാധാരണ പ്രാഥമിക വിദ്യാലയം. അവിടെ പഠിക്കുന്ന പാവപ്പെട്ട കുറെ കുട്ടികള്‍. അധ്യാപനത്തെ അര്‍പ്പണബോധത്തോടെ കാണുന്ന ഏതാനും അധ്യാപകര്‍. ഈയൊരു പശ്ചാത്തലത്തിലേക്കാണ്‌ മറുഗെയെ സംവിധായകന്‍ കൂട്ടിക്കൊണ്ടുവരുന്നത്‌. ആദ്യമൊക്കെ അയാളെ തിരസ്‌കരിക്കാനായിരുന്നു അധ്യാപകര്‍ക്കും താത്‌പര്യം. സ്വയം അടച്ചുവെച്ച ഒരു പുസ്‌തകമാണ്‌ മറുഗെ. അതയാള്‍ക്ക്‌ വീണ്ടും തുറക്കണം. ദരിദ്രമായിരുന്നു ആ ബാല്യം. അതുകൊണ്ട്‌ പഠിക്കാന്‍ കഴിഞ്ഞില്ല. യുവത്വത്തിലേക്ക്‌ കടന്നപ്പോഴാണ്‌ അനീതിയെ ചെറുക്കണമെന്ന ബോധം വന്നത്‌. സ്വാതന്ത്ര്യദാഹമായിരുന്നു ആ മനസ്സു നിറയെ. ഭാര്യയും രണ്ട്‌ പിഞ്ചുമക്കളും പോരാട്ടവഴിയില്‍ അയാളുടെ ചിന്തയെ അലോസരപ്പെടുത്തിയില്ല. മറുഗെയുടെ തൊട്ടടുത്തുവെച്ച്‌ മൂന്ന്‌ വെടിയുണ്ടകളില്‍ ഭാര്യയും മക്കളും നിലവിളിയായി ഒടുങ്ങി. ആ വെടിയൊച്ചകള്‍ അയാളുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും തീപ്പിടിപ്പിച്ചു. വാര്‍ധക്യത്തിലെ ഏകാന്തതയില്‍ അവര്‍ എപ്പോഴും ഓര്‍മകളില്‍ അയാള്‍ക്ക്‌ കൂട്ടായെത്തി. മറുഗെയുടെ സേവനങ്ങളെ മാനിച്ച്‌ സര്‍ക്കാര്‍ ഒരു ബഹുമതിപത്രം നല്‍കിയിട്ടുണ്ട്‌. അത്‌ പക്ഷേ, അയാള്‍ക്ക്‌ വായിക്കാനറിയില്ല. അതിനുവേണ്ടിയാണ്‌ അക്ഷരം പഠിക്കണമെന്ന്‌ മറുഗെ തീരുമാനിക്കുന്നത്‌.

പഴയകാലത്തിന്റെ പ്രതിനിധിയാണ്‌ മറുഗെ. സമരനാളുകളിലെ കെനിയന്‍ പ്രതിനിധി. ഒന്നും മറക്കാനുള്ളതല്ലെന്ന്‌ ഓര്‍മപ്പെടുത്തുകയാണയാള്‍. വിദ്യാര്‍ഥിയായിരിക്കെത്തന്നെ അയാള്‍ സ്വയം അധ്യാപകനുമായി മാറുന്നു. മാറ്റത്തിനുവേണ്ടിയാണ്‌ മറുഗെ നിലകൊള്ളുന്നത്‌. അച്ചടക്കത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും പാഠങ്ങള്‍ അയാള്‍ കുട്ടികളെയും അധ്യാപകരെയും പഠിപ്പിക്കുന്നു. സ്വാതന്ത്ര്യത്തെയും അതിന്റെ വിലയെയും കുറിച്ച്‌ ഭരണകര്‍ത്താക്കളെത്തന്നെ ഓര്‍മപ്പെടുത്തുന്നു. അഞ്ച്‌ എന്ന അക്കം തിരിച്ചിട്ട്‌ എഴുതുന്ന പയ്യന്‌ അയാള്‍ പകര്‍ന്നുകൊടുക്കുന്നത്‌ ഒന്നും അപ്രാപ്യമല്ല എന്ന പാഠബോധമാണ്‌.

ഒരു പ്രാഥമിക വിദ്യാലയം. അവിടത്തെ ക്ലാസ്‌ മുറി. മുറ്റം. കളിക്കളം. ഇവയെല്ലാം ഒരു ദേശത്തിന്റെ കഥ പറയാനുള്ള പശ്ചാത്തലമായി മാറുകയാണ്‌. മറുഗെക്ക്‌ രണ്ട്‌ ജീവിതമുണ്ട്‌. ഒന്ന്‌, വിപ്ലവകാരിയുടെ യൗവനകാലം. മറ്റൊന്ന്‌, ഏകാന്തതയുടെ വാര്‍ധക്യം. ഈ രണ്ട്‌ ജീവിതവും തമ്മിലുള്ള ബന്ധിപ്പിക്കലാണ്‌ സംവിധായകന്‍ നിര്‍വഹിക്കുന്നത്‌. മറുഗെയുടെ വിപ്ലവജീവിതം ഒറ്റയടിക്ക്‌ പറഞ്ഞുപോവുകയല്ല. ഫ്‌ളാഷ്‌ ബാക്കിന്റെ ഫലപ്രദമായ ഉപയോഗമാണ്‌ ഈ ചിത്രം കാട്ടിത്തരുന്നത്‌. ഓരോ ഫ്‌ളാഷ്‌ബാക്കിനും കൃത്യമായ ഇടവേളയുണ്ട്‌. അതിലൂടെ നമ്മളെ മറുഗെയുടെ ഭൂതകാലത്തിലേക്ക്‌ എത്തിക്കുകയാണ്‌. എല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ ആ വ്യക്തിത്വം സ്‌ക്രീനാകെ നിറയുന്നു. വ്യക്ത്യാധിഷ്‌ഠിത സിനിമയുടെ ആഖ്യാനം ഇങ്ങനെയാണ്‌ വേണ്ടത്‌ എന്ന്‌ നമുക്ക്‌ തോന്നിപ്പോകുന്നു. അത്രക്ക്‌ കണിശമായാണ്‌ സംവിധായകന്‍ മറുഗെയെ പിന്തുടരുന്നത്‌. ചെത്തി കൂര്‍പ്പിച്ച പെന്‍സില്‍ മറുഗെയുടെ ചെവിയില്‍ കുത്തിക്കയറ്റുമ്പോള്‍ വേദന അനുഭവിക്കുന്നത്‌ നമ്മളാണ്‌. മൂന്നു വെടിയൊച്ചകള്‍ ഞെട്ടലോടെയാണ്‌ നമ്മള്‍ കേള്‍ക്കുന്നത്‌.
ഓരോ ഫ്‌ളാഷ്‌ബാക്കില്‍നിന്നും നമ്മള്‍ തിരിച്ചെത്തുമ്പോള്‍ മറുഗെയുടെ വ്യക്തിത്വം കൂടുതല്‍ തിളക്കമാര്‍ന്നുവരുന്നു. ക്ഷയിച്ചതെങ്കിലും തീക്ഷ്‌ണമാണ്‌ ആ കണ്ണുകള്‍. ക്ലോസപ്പുകളില്‍ അവ വാചാലമാണ്‌. ഓര്‍മയിലേക്കുള്ള ഓരോ തിരിച്ചുപോക്കും അയാള്‍ക്ക്‌ വേദനയുണ്ടാക്കുന്നു. ആ തീവ്രവേദന കണ്ണുകളില്‍ വായിച്ചെടുക്കാം. ഒരു നടന്റെ മുഖം എങ്ങനെ സിനിമയ്‌ക്ക്‌ പരമാവധി പ്രയോജനപ്പെടുത്താം എന്ന്‌ കാട്ടിത്തരികയാണ്‌ സംവിധായകന്‍. അറുപത്തിരണ്ടുകാരനായ നടന്‍ ഒളിവര്‍ ലിറ്റോന്‍ഡോ ആണ്‌ മറുഗെയെ അവതരിപ്പിക്കുന്നത്‌.

മറുഗെയും അധ്യാപിക ജെയ്‌നും. ഈ രണ്ടു കഥാപാത്രങ്ങളാണ്‌ `ദ ഫസ്റ്റ്‌ ഗ്രേഡര്‍' എന്ന സിനിമയുടെ ശക്തി. മറുഗെയുടെ വാര്‍ധക്യജീവിതത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്‌ ജെയ്‌ന്‍. അവരാണ്‌ മറുഗെയുടെ അസാധാരണ വ്യക്തിത്വം ആദ്യം മനസ്സിലാക്കുന്നത്‌. എപ്പോഴും അയാള്‍ക്കുവേണ്ടി ജെയ്‌ന്‍ വാദിക്കുന്നു. ഏത്‌ പ്രതികൂലാവസ്ഥയിലും അയാള്‍ക്കൊപ്പം നില്‍ക്കുന്നു.

കെനിയന്‍ ജനതയുടെ സ്വാഭിമാനബോധമാണ്‌ സംവിധായകന്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. അതേപ്പറ്റി പ്രസംഗിക്കുന്നില്ല ഈ സിനിമ. പക്ഷേ, പ്രസംഗത്തേക്കാള്‍ ശക്തമാണ്‌ ഇതിലെ സന്ദേശം. അത്‌ നമുക്ക്‌ എളുപ്പം വായിച്ചെടുക്കാനാവും. അവിടെയാണ്‌ ഈ സിനിമയുടെ വിജയം.

Sunday, February 12, 2012

കാല്‍വരിയിലേക്ക്‌ വീണ്ടുംപീറ്റര്‍ ബ്രൂഗലിന്റെ, ദ വേ ടു കാല്‍വരി എന്ന വിശ്വോത്തര പെയിന്റിങ്ങിന്റെ പുന:സൃഷ്ടിയും വ്യാഖ്യാനവുമാണ്‌ ലേ മയേവ്‌സ്‌കി സംവിധാനം ചെയ്‌ത, 'ദ മില്‍ ആന്‍ഡ്‌ ദ ക്രോസ്‌' എന്ന സിനിമ


കാല്‍വരിയിലേക്കുള്ള യേശുക്രിസ്‌തുവിന്റെ പീഡനയാത്രയെക്കുറിച്ചുള്ള പെയിന്റിങ്‌. ആ പെയിന്റിങ്ങിനെപ്പറ്റി ഒരു പുസ്‌തകം. ആ പുസ്‌തകത്തില്‍ നിന്നൊരു സിനിമ. പെയിന്റിങ്‌ പോലെ മനോഹരമായ, ഗഹനമായ സിനിമ. പോളിഷ്‌ ചലച്ചിത്രകാരനായ ലേ മയേവ്‌സ്‌കിയുടെ ' ദ മില്‍ ആന്‍ഡ്‌ ദ ക്രോസ്‌ ' (the mill and the cross) എന്ന ഇംഗ്ലീഷ്‌ / സ്‌പാനിഷ്‌ സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. എഴുത്തുകാരന്‍, നാടകസംവിധായകന്‍, പെയിന്റര്‍ എന്നീ നിലകളിലും പ്രശസ്‌തനാണ്‌ മയേവ്‌സ്‌കി. അദ്ദേഹത്തിലെ നാടകസംവിധായകനും പെയിന്ററും പൂര്‍ണമായി സമ്മേളിച്ചിരിക്കയാണ്‌ ഈ സിനിമയില്‍. ഇക്കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇതിവൃത്തം കൊണ്ടും ശില്‍പ്പഘടനകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്‌ ' ദ മില്‍ ആന്‍ഡ്‌ ദ ക്രോസ്‌ '.
?അകിര കുറസോവയുടെ ചിത്രസമാഹാരമായ ' ഡ്രീംസി ' ലെ ' കാക്കകള്‍ ' (crows) എന്ന ഹ്രസ്വസിനിമയെ ഓര്‍മിപ്പിക്കും ' ദ മില്‍ ആന്‍ഡ്‌ ദ ക്രോസ്‌ ' . വാന്‍ഗോഗിന്റെ പെയിന്റിങ്ങുകളിലൂടെയുള്ള സഞ്ചാരമാണ്‌ നമ്മള്‍ ' ക്രോസി ' ല്‍ കണ്ടത്‌. വാന്‍ഗോഗിനെ കണ്ടുമുട്ടുന്ന ഒരു ചിത്രകലാവിദ്യാര്‍ഥിയെയാണ്‌ കുറസോവ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. വാന്‍ഗോഗിന്റെ പെയിന്റിങ്ങുകളിലൂടെ അവന്‍ സഞ്ചരിക്കുകയാണ്‌. ഓരോ ചിത്രത്തെയും അറിഞ്ഞുകൊണ്ടാണീ യാത്ര. മയേവ്‌സ്‌കിയാവട്ടെ, ഒറ്റച്ചിത്രത്തെ അവലംബിച്ചാണ്‌ തന്റെ സിനിമ രൂപപ്പെടുത്തിയത്‌. ഫ്‌ളെമിഷ്‌ നവോത്ഥാനകാലത്തെ ( പതിനാറാം നൂറ്റാണ്ട്‌ ) പ്രമുഖ ചിത്രകാരനായിരുന്ന പീറ്റര്‍ ബ്രൂഗല്‍ യേശുവിന്റെ കാല്‍വരിയാത്രയെ ആധാരമാക്കി 1564 ല്‍ വരച്ച ' ദ വേ ടു കാല്‍വരി ' യാണ്‌ ഈ ചിത്രം.ബ്രൂഗലിന്റെ ചിത്രത്തെപ്പറ്റി കലാ നിരൂപകനായ ബെല്‍ജിയംകാരന്‍ മൈക്കല്‍ ഫ്രാന്‍സിസ്‌ ഗിബ്‌സന്‍ എഴുതിയ പുസ്‌തകമാണ്‌ മയേവ്‌സ്‌കിയുടെ സിനിമ പിന്തുടരുന്നത്‌. 170 സെ.മീ. നീളവും 124 സെ.മീ. വീതിയുമുള്ള പെയിന്റിങ്ങാണ്‌ ബ്രൂഗല്‍ തീര്‍ത്തത്‌. മനുഷ്യരും മൃഗങ്ങളുമായി 500 രൂപങ്ങളുണ്ടിതില്‍. ഇവയില്‍ നിന്ന്‌ ഏതാനും പേരെമാത്രമാണ്‌ കഥാപാത്രങ്ങളായി മയേവ്‌സ്‌കി ഉയിര്‍ത്തെഴുനേല്‍പ്പിക്കുന്നത്‌. വിയന്നയിലെ മ്യൂസിയത്തിലാണിപ്പോള്‍ ഈ പെയിന്റിങ്‌. ബ്രൂഗലിന്റെ ആരാധകനാണ്‌ സംവിധായകന്‍ മയേവ്‌സ്‌കിയും. പെയിന്റിങ്ങിലെ, ആകാശം ചെന്നുതൊടുന്ന കൂറ്റന്‍ പാറയും അതിനു മുകളില്‍ സ്ഥാപിച്ച ധാന്യമില്ലുമാണ്‌ ഗിബ്‌സന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്‌. മനുഷ്യസാധ്യമല്ലാത്ത ഒന്നാണ്‌ പാറപ്പുറത്തെ ആ മില്ല്‌. അത്തരമൊരു ആശയത്തിന്‌ ബ്രൂഗലിനെ പ്രേരിപ്പിച്ചതെന്താവാം എന്നായി ഗിബ്‌സന്റെ ചിന്ത. മില്ലുടമയായി ബ്രൂഗല്‍ ഉയരത്തില്‍ പ്രതിഷ്‌ഠിച്ചത്‌ ദൈവത്തെത്തന്നെയാണ്‌ എന്നാണ്‌ ഗിബ്‌സന്റെ നിഗമനം. എല്ലാ വേദനകളുടെയും ക്രൂരതകളുടെയും സാക്ഷി.


ഗാഗുല്‍ത്ത മലയിലേക്കുള്ള യേശുവിന്റെ യാത്രയെ തന്റെ കാലഘട്ടവുമായി കൂട്ടിച്ചേര്‍ത്താണ്‌ ബ്രൂഗല്‍ പെയിന്റിങ്‌ രചിച്ചത്‌. നെതര്‍ലാന്റ്‌സിലെ ബ്രൂഗലിലാണ്‌ പീറ്റര്‍ ബ്രൂഗലിന്റെ ജനനം. മതനിന്ദ ആരോപിച്ച്‌ തന്റെ ജനതയോട്‌ സ്‌പാനിഷ്‌ ഭരണകൂടം കാട്ടിയ ക്രൂരതകള്‍ കുരിശിന്റെ വഴിയുടെ പശ്ചാത്തലത്തില്‍ ലോകത്തോട്‌ വിളിച്ചുപറയുകയാണ്‌ ബ്രൂഗല്‍. പീഡനങ്ങള്‍ക്ക്‌ ഏതുകാലത്തും ഒരേ മുഖമാണെന്ന്‌ അദ്ദേഹം സമര്‍ഥിക്കുന്നു. ഭരണകൂടങ്ങളും വ്യക്തികളും മാറുന്നു. പക്ഷേ, അധിനിവേശത്തിനും പീഡനങ്ങള്‍ക്കും മാറ്റമേതുമില്ല. മതനിന്ദകരെന്ന്‌ ആരോപിക്കപ്പെടുന്നവരെ കൊല്ലാനായിരുന്നു സ്‌പാനിഷ്‌ രാജാവിന്റെ ഉത്തരവ്‌. സ്‌ത്രീകളെ ജീവനോടെ കുഴിച്ചുമൂടലായിരുന്നു അന്നത്തെ രീതി.
തന്റെ പുസ്‌തകത്തെ ആധാരമാക്കി ഒരു ഡോക്യുമെന്ററി ചെയ്യിക്കാനാണ്‌ ഗിബ്‌സന്‍ മയേവ്‌സ്‌കിയെ സമീപിച്ചത്‌. പക്ഷേ, മയേവ്‌സ്‌കി ഇതില്‍ ഒരു ഫീച്ചര്‍ ഫിലിമിനുള്ള സാധ്യതകളാണ്‌ കണ്ടത്‌. ഗിബ്‌സനും മയേവ്‌സ്‌കിയും ചേര്‍ന്ന്‌ തിരക്കഥയൊരുക്കി. ബ്രൂഗല്‍ചിത്രത്തിന്റെ പുന:സൃഷ്‌ടിയും വ്യാഖ്യാനവുമാണ്‌ സിനിമ നിര്‍വഹിക്കുന്നത്‌. നാല്‌ കൊല്ലമെടുത്തു ഇത്‌ പൂര്‍ത്തിയാകാന്‍. ഏറ്റവും പുതിയ സാങ്കേതികവിദ്യയെവരെ കൂട്ടുപിടിച്ചാണ്‌ സിനിമ ഒരുക്കിയത്‌. സിനിമയുടെ പശ്ചാത്തലത്തിലെപ്പോഴും പ്രകൃതിയുണ്ട്‌. അത്‌ ചിലപ്പോള്‍ ചലനാത്മകമാണ്‌. ചിലപ്പോള്‍ നിശ്ചലവും. പഴയകാല സിനിമകളിലേതുപോലെ വരച്ചുവെച്ച പ്രകൃതിദൃശ്യങ്ങളെയും സംവിധായകന്‍ ഉപയോഗിക്കുന്നുണ്ട്‌.
??ബ്രൂഗലിന്റെ പെയിന്റിങ്‌ കാണിച്ചുകൊണ്ടാണ്‌ 86 മിനിറ്റുള്ള ചിത്രം തുടങ്ങുന്നത്‌. പെയിന്റിങ്ങിലെ നിശ്ചലാവസ്ഥയില്‍ നിന്ന്‌ കുറെ കഥാപാത്രങ്ങളെ സംവിധായകന്‍ മോചിപ്പിക്കുന്നു. പെയിന്റിങ്ങിന്റെ വലിയ ഫ്രെയിമിനകത്തുനിന്ന്‌ ആവശ്യമുള്ള കഥാപാത്രങ്ങളെ സ്‌ക്രീനിലേക്ക്‌ ഇറക്കിക്കൊണ്ടുവരികയാണദ്ദേഹം. എല്ലാറ്റിനും സാക്ഷിയാണ്‌ ചിത്രകാരനും സുഹൃത്തായ ബാങ്കറും . പെയിന്റിങ്ങിലെ ഓരോ ഭാഗം അടര്‍ത്തിയെടുത്താണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. ഗിബ്‌സന്റെയല്ല, ബ്രൂഗലിന്റെ ഭാഷയിലാണ്‌ താന്‍ സംസാരിക്കുന്നതെന്ന്‌ സംവിധായകന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയില്‍ സംഭാഷണം വളരെ കുറവാണ്‌. സംഭാഷണമില്ലായ്‌മ ചിത്രത്തിന്റെ ആസ്വാദനത്തിന്‌ തടസ്സം നില്‍ക്കുന്നില്ല. പെയിന്റിങ്‌ പോലെ ഓരോ ദൃശ്യഖണ്ഡവും നിശ്ശബ്ദമായി നമ്മളോട്‌ സംസാരിക്കുന്നു. ഇതിലെ ചിത്രകാരന്‍ ബ്രൂഗല്‍ തന്നെയാണ്‌. ആദ്യരംഗം തൊട്ടുതന്നെ അദ്ദേഹം സുഹൃത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്‌.

??മതനിന്ദ ആരോപിക്കപ്പെട്ട ഒരു യുവാവിനെ പീഡിപ്പിച്ച്‌ കൊല്ലുന്നത്‌ കാണിച്ചുകൊണ്ടാണ്‌ സിനിമയുടെ തുടക്കം. അയാളുടെ ഭാര്യയൊഴികെ മറ്റാരും ആ ക്രൂരതയോട്‌ പ്രതികരിക്കുന്നില്ല. എല്ലാവരും തങ്ങളുടേതായ ലോകത്താണ്‌. മറ്റുള്ളവരുടെ വേദനകളിലേക്ക്‌ അവര്‍ കണ്ണയക്കുന്നുപോലുമില്ല. മനുഷ്യന്റെ ഈ സ്വാര്‍ഥത കൂടി സംവിധായകന്‌ എടുത്തുകാണിക്കാനുണ്ട്‌. യുവാവിന്‌ നേരിട്ട പീഡനങ്ങളെ യേശുവിന്റെ പീഡാനുഭവങ്ങളോട്‌ ബന്ധപ്പെടുത്തുകയാണ്‌ ബ്രൂഗല്‍. യുവാവിനെയും യേശുവിനെയും കൊല്ലാനുള്ള ഒരുക്കങ്ങളാണ്‌ ചിത്രാരംഭത്തില്‍ നമ്മള്‍ കാണുന്നത്‌. പരസ്‌പരബന്ധം തോന്നാത്ത കുറേ ദൃശ്യഖന്ധങ്ങളാണ്‌ ആദ്യം കാണിക്കുന്നത്‌. യേശുവിനെ തറയ്‌ക്കാനുള്ള മരക്കുരിശിനു വേണ്ടിയുള്ള അന്വേഷണമാണ്‌ തുടക്കത്തില്‍. ഉറപ്പുള്ളൊരു മരം നോക്കി നടക്കുകയാണ്‌ രണ്ടുപേര്‍. അതിലൊരാള്‍ കത്തികൊണ്ട്‌ ഒരു മരത്തില്‍ കുരിശ്‌ വരയ്‌ക്കുന്നു. മഞ്ഞിലൂടെ അവ്യക്തരൂപങ്ങളായി കടന്നുവരുന്ന കുതിരപ്പടയാളികള്‍. ധാന്യമില്ലില്‍ അനക്കം. മില്ലുടമയും ഭാര്യയും ഉണരുന്നു. യുവാവിനെ വരിഞ്ഞുകെട്ടി കിടത്താനുള്ള വലിയൊരു മരച്ചക്രവുമായി വരുന്ന ഒരാള്‍. മുറിഞ്ഞുവീഴുന്ന മരം - ഇങ്ങനെ കുറേയേറെ ചെറുചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ്‌ ഇതിവൃത്തം മുന്നോട്ടു പോകുന്നത്‌. യുവാവിനെ പീഡിപ്പിച്ചുകൊന്ന അതേയിടത്താണ്‌ ദൈവപുത്രന്റെയും കുരിശുമരണം. രണ്ട്‌ കാലഘട്ടങ്ങളെ അതിസമര്‍ഥമായി ചേര്‍ത്തുവെക്കുകയാണിവിടെ. കുരിശുമരണത്തിനുശേഷം ആദ്യം സ്ഥലം വിടുന്നത്‌ യൂദാസാണ്‌. അയാളുടെ കൈയിലുള്ള വെള്ളിക്കാശിന്റെ കിലുക്കം നമുക്ക്‌ കേള്‍ക്കാം. ഒറ്റിക്കൊടുത്തതിന്‌ കിട്ടിയ ആ വെള്ളിക്കാശ്‌ അയാള്‍ വലിച്ചെറിയുന്നു. ഗാഗുല്‍ത്തയില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്യുന്നു. പിറ്റേദിവസം ജനജീവിതം വീണ്ടും പഴയതുപോലെ. അവര്‍ ആഹ്ലാദനൃത്തത്തിലാണ്‌. ക്രമേണ രംഗം ഇരുളിലേക്ക്‌. ആരംഭത്തില്‍ കണ്ട ' കുരിശിന്റെ വഴി ' എന്ന പെയിന്റിങ്‌ വീണ്ടും സ്‌ക്രീനില്‍ തെളിയുന്നു. ആ പെയിന്റിങ്ങിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ക്യാമറ പിന്നോട്ട്‌ മാറുന്നു. വിയന്ന മ്യൂസിയത്തിലാണ്‌ സിനിമ അവസാനിക്കുന്നത്‌.
??തന്റെ പെയിന്റിങ്ങിന്റെ ഓരോ ഇഞ്ചും ബ്രൂഗല്‍ ബിംബവത്‌കരിച്ചിട്ടുണ്ടെന്നാണ്‌ ഗിബ്‌സന്റെ അഭിപ്രായം. കാന്‍വാസിന്റെ ഇടതുഭാഗത്ത്‌ ജീവവൃക്ഷം അഥവാ ജീവിതവൃത്തമാണ്‌. പുതിയ ഇലകളുമായി ഇവിടെ ജീവിതം പ്രത്യാശാനിര്‍ഭരമാണ്‌. വലതുഭാഗം മരണത്തെ പ്രതിനിധാനം ചെയ്യുന്നു. മരണവൃത്തമാണിവിടെ. ബ്രൂഗലിന്റെ പല ചിത്രങ്ങളിലും മുഖ്യകഥാപാത്രത്തെ മറച്ചുവെക്കാന്‍ ശ്രമിക്കാറുണ്ടെന്ന്‌ കലാനിരൂപകര്‍ പറയുന്നു. ' കുരിശിന്റെ വഴി 'യില്‍ ഇത്‌ പ്രകടമാണ്‌. കുരിശുമേന്തിയുള്ള യേശുവിന്റെ രൂപം ചിത്രത്തിന്‌ നടുക്കാണ്‌. അത്‌ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടണം. ചിത്രകാരന്റെ ഇതേ പാതയിലാണ്‌ സംവിധായകനും. ഗാഗുല്‍ത്തയിലേക്കുള്ള യാത്രയില്‍ യേശുവിന്‌ അത്ര പ്രാധാന്യം കൊടുക്കുന്നില്ല. ദൈവപുത്രന്റെ മുഖം ഒരിക്കല്‍പ്പോലും ക്ലോസപ്പില്‍ കാട്ടുന്നില്ല. അതേസമയം, യൂദാസിനെ വിശദമായി കാട്ടുന്നുമുണ്ട്‌. തിന്മയുടെ ആധിക്യം എടുത്തുകാണിക്കാനാവണം പല ദൃശ്യങ്ങളിലും കറുപ്പിനാണ്‌ പ്രാമുഖ്യം.