Monday, October 19, 2015

ദുര്‍ബലന്റെ കിനാവുകള്‍


മഹാരാഷ്ട്രത്തിലെ ഗ്രാമങ്ങളില്‍ പൊരുതിനില്‍ക്കാന്‍ തയ്യാറെടുക്കുന്ന ദളിതരുടെ പുതുതലമുറയെ അടയാളപ്പെടുത്തുന്ന മറാത്തി സിനിമയാണ് ' ഫാന്‍ഡ്രി '

മഹാരാഷ്ട്രത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്നു വരുന്ന മുപ്പത്തിയഞ്ചുകാരനായ നാഗരാജ് പൊപ്പട്‌റാവു മഞ്ജുളെ രണ്ടു സിനിമകളേ ഇതുവരെ എടുത്തിട്ടുള്ളു. 2009 ല്‍ സംവിധാനം ചെയ്ത ' പിസ്തുല്യ ' ( ുശേൌഹ്യമ ) എന്ന ഹ്രസ്വചിത്രമാണ് ആദ്യത്തേത്. 2013 ല്‍ പുറത്തിറങ്ങിയ ' ഫാന്‍ഡ്രി ' ( ളമിറൃ്യ ) എന്ന ഫീച്ചര്‍ സിനിമയാണ് രണ്ടാമത്തേത്. രണ്ടും ശ്രദ്ധിക്കപ്പെട്ടു. രണ്ടിനും കിട്ടി ബഹുമതികള്‍. 2010 ല്‍ നവാഗത സംവിധായകന്റെ മികച്ച ഷോര്‍ട്ട് ഫിലിം എന്ന ദേശീയ അവാര്‍ഡിന് അര്‍ഹമായത് ' പിസ്തുല്യ ' യാണ്. എല്ലാ തടസ്സങ്ങളും മറി
മഹാരാഷ്ട്രത്തിലെ ഗ്രാമങ്ങളില്‍ പൊരുതിനില്‍ക്കാന്‍ തയ്യാറെടുക്കുന്ന ദളിതരുടെ പുതുതലമുറയെ അടയാളപ്പെടുത്തുന്ന മറാത്തി സിനിമയാണ് ' ഫാന്‍ഡ്രി '

മഹാരാഷ്ട്രത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്നു വരുന്ന മുപ്പത്തിയഞ്ചുകാരനായ നാഗരാജ് പൊപ്പട്‌റാവു മഞ്ജുളെ രണ്ടു സിനിമകളേ ഇതുവരെ എടുത്തിട്ടുള്ളു. 2009 ല്‍ സംവിധാനം ചെയ്ത ' പിസ്തുല്യ '( pistulya ) എന്ന ഹ്രസ്വചിത്രമാണ് ആദ്യത്തേത്. 2013 ല്‍ പുറത്തിറങ്ങിയ ' ഫാന്‍ഡ്രി ' ( fandry ) എന്ന ഫീച്ചര്‍ സിനിമയാണ് രണ്ടാമത്തേത്. രണ്ടും ശ്രദ്ധിക്കപ്പെട്ടു. രണ്ടിനും കിട്ടി ബഹുമതികള്‍. 2010 ല്‍ നവാഗത സംവിധായകന്റെ മികച്ച ഷോര്‍ട്ട് ഫിലിം എന്ന ദേശീയ അവാര്‍ഡിന് അര്‍ഹമായത് ' പിസ്തുല്യ ' യാണ്. എല്ലാ തടസ്സങ്ങളും മറികടന്ന് വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന ഒരു ഗ്രാമീണ ബാലന്റെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്.

2013 ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡാണ് ' ഫാന്‍ഡ്രി ' യിലൂടെ മഞ്ജുളെ നേടിയത്. മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും ഈ ചിത്രത്തിന് കിട്ടി. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗ്രാന്റ് ജ്യൂറി പ്രൈസും നേടിയിട്ടുണ്ട്. മഹാരാഷ്ട്രത്തിലെ ഒരു പിന്നാക്ക ഗ്രാമത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന കീഴാളരുടെ പുതിയ തലമുറ സമരസജ്ജരായി മുന്നോട്ടു വരുന്നതിനെ യാഥാര്‍ഥ്യബോധത്തോടെ രേഖപ്പെടുത്തുകയാണ് ' ഫാന്‍ഡ്രി ' യില്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മഞ്ജുളെ തന്നെ നിര്‍വഹിച്ചിരിക്കുന്നു.

' എന്റെ ജീവിതമാണ് എനിക്ക് പ്രചോദനം ' എന്നു പറയുന്നു മഞ്ജുളെ എന്ന സംവിധായകന്‍. ആത്മാവിഷ്‌കാരത്തിന് അദ്ദേഹം ആദ്യം സ്വീകരിച്ചത് കവിതയാണ്. മറാത്തിയിലെ അറിയപ്പെടുന്ന കവിയാണ് നാഗരാജ് മഞ്ജുളെ. മറാത്ത സാഹിത്യത്തിലും മാസ് കമ്യൂണിക്കേഷനിലും മാസ്റ്റര്‍ ബിരുദമുണ്ട്. താന്‍ തൊട്ടറിഞ്ഞ , തനിക്ക് വളരെ അടുപ്പമുള്ള കുറെ മനുഷ്യരുടെ കഥയാണ് ' ഫാന്‍ഡ്രി ' എന്ന് സംവിധായകന്‍ പറയുന്നു. കവിതപോലെത്തന്നെ സിനിമയും തന്റെ ആത്മാവിഷ്‌കാരത്തിനുള്ള ശക്തമായ മാധ്യ്മമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ' ഫാന്‍ഡ്രി ' യിലെ മുഖ്യകഥാപാത്രമായ ജംബുവന്ത് കച്ച്‌റു മാനെ എന്ന ജബ്യയെ ഒരു ദളിത് ബാലനാണ് അവതരിപ്പിക്കുന്നത്. അവനെപ്പോലെ ഈ സിനിമയില്‍ വേഷമിട്ട പലരും ആദ്യമായാണ് ക്യാമറക്കു മുന്നില്‍ വന്നുനിന്നത്.മറാത്തയിലെ ഗോത്രഭാഷയായ കൈകഡിയില്‍ ഫാന്‍ഡ്രി എന്ന വാക്കിന് പന്നി എന്നാണര്‍ഥം. കഥ നടക്കുന്ന ഗ്രാമത്തിലെ സവര്‍ണരുടെ കണ്ണില്‍ നികൃഷ്ടജീവിയാണ് പന്നി. അതിനെ തൊട്ടാല്‍ ഗോമൂത്രം തളിച്ച് ദേഹം ശുദ്ധമാക്കിയശേഷം കുളിക്കണം. വെളിമ്പറമ്പുകളിലെ മനുഷ്യവിസര്‍ജ്യവും മാലിന്യവും തിന്ന് കൊഴുത്തു വളരുകയാണ് പന്നികള്‍. അവയെ പിടിച്ചുകെട്ടാനും നാടുകടത്താനും കീഴാളര്‍ തന്നെ വേണം. അധ:സ്ഥിതരുടെ ദയനീയ ജീവിതത്തിന്റെ പ്രതീകമായിക്കൂടിയാണ് സംവിധായകന്‍ ഇതില്‍ പന്നി എന്ന വാക്ക് പ്രയോഗിക്കുന്നത്. കീഴ്്ജാതിയില്‍പ്പെട്ട സഹപാഠിയെ അപഹസിക്കാന്‍ വിദ്യാര്‍ഥികള്‍പോലും ഈ വാക്ക് യഥേഷ്ടം ഉപയോഗിക്കുന്നതു കാണാം. മൃഗസമാനമായ ദരിദ്രജീവിതങ്ങളില്‍ പതുക്കെ എരിഞ്ഞുതുടങ്ങുന്ന പകയുടെ കനലുകള്‍ കാട്ടിത്തന്ന ശേഷമാണ് മഞ്ജുളെയുടെ ക്യാമറ കണ്ണുകള്‍ പിന്‍വലിക്കുന്നത്.

അക്കോല്‍നെ എന്ന ഗ്രാമത്തിലെ കച്ച്‌റു മാനെ എന്ന ദളിതന്റെ കുടുംബത്തെ കേന്ദ്രീകരിച്ചാണ് ' ഫാന്‍ഡ്രി ' യുടെ കഥ വികസിക്കുന്നത്്. ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനും അപ്പൂപ്പനും അടങ്ങുന്നതാണീ കുടുംബം. പുല്ലുമേഞ്ഞ ചാളയിലാണ് അവര്‍ കഴിയുന്നത്. കച്ച്‌റുവിന്റെ മൂത്ത മകള്‍ സ്്ത്രീധനത്തിന്റെ പേരില്‍ വിവാഹബന്ധം ഒഴിഞ്ഞ് ഒരു കുഞ്ഞുമായി വീട്ടില്‍ത്തന്നെ നില്‍ക്കുന്നു. രണ്ടാമത്തെ മകള്‍ വിവാഹപ്രായമെത്തിയിരിക്കുന്നു. കുട്ട മെടയലാണ് കുടുംബത്തിന്റെ തൊഴില്‍. കിട്ടുന്ന ഏതു ജോലിക്കും അവര്‍ കൂട്ടത്തോടെ പോകും. പഠിത്തം മുടക്കി ജോലിക്കു പോകുന്നതില്‍ മകന്‍ ജംബുുവന്ത്് എന്ന ജബ്യക്ക്്് എതിര്‍പ്പാണ്. എന്നാല്‍, അവന്‍ പഠിച്ച്്് വലിയ ഉദ്യോഗത്തിനൊന്നും പോകേണ്ടെന്ന കാഴ്ചപ്പാടാണ് അച്ഛന്്.

ഏഴാം ക്ലാസില്‍ പഠിക്കുന്ന ജബ്യക്ക്്് സഹപാഠിയായ ഷാലുവിനോട്്് ഇഷ്ടമാണ്. അവളുടെ കണ്‍വെട്ടത്ത്് അവന്‍ കറങ്ങിനടക്കും. സവര്‍ണജാതിക്കാരിയായ ഷാലുവിന് പക്ഷേ, ഈ നിശ്ശബ്ദപ്രേമത്തെപ്പറ്റി ഒന്നുമറിയില്ല. ഗ്രാമത്തിലെ സൈക്കിള്‍ഷോപ്പുടമയായ ചാങ്ക്യ എന്ന യുവാവിന്റെ കൂട്ടുകാരനാണ് ജബ്യ. പട്ടത്തിന്റെതുപോലെ നീണ്ട വാലുള്ള കറുത്ത കുരുവിയെ പിടിച്ച്്് ചുട്ട്്് അതിന്റെ ചാരം ദേഹത്തെറിഞ്ഞാല്‍ ഏതു പെണ്ണും സ്വന്തമാകുമെന്ന്്് ചാങ്ക്യ അവനോട് പറയുന്നു. ഒഴിവുള്ളപ്പോഴെല്ലാം ജബ്യക്കും സുഹൃത്തും സഹപാഠിയുമായ പിര്യക്കും കറുത്ത കുരുവിയെത്തേടലാണ് പണി. ഒരു മരത്തിലും അധികനേരം തങ്ങിനില്‍ക്കാതെ പറന്നുപോകുന്ന പക്ഷി അവരെ എപ്പോഴും കബളിപ്പിക്കുന്നു.

ഗ്രാമത്തിലെ ഉത്സവത്തിന് ജബ്യക്ക്്് അച്ഛന്‍ പുതിയൊരു ഷര്‍ട്ട്്് വാങ്ങിക്കൊടുക്കുന്നു. വിഗ്രഹഘോഷയാത്രയില്‍ നന്നായി നൃത്തം ചെയ്ത് ഷാലുവിന്റെ ശ്രദ്ധ പിടിച്ചെടുക്കണമെന്ന് അവനാഗ്രഹിച്ചിരുന്നു. നൃത്തം മുറുകുമ്പോഴാണ് അച്ഛന്‍ വന്ന് ഘോഷയാത്രക്ക് വിളക്കേന്തേണ്ട ചുമതല അവനെ ഏല്പിക്കുന്നത്. ഷാലുവിനെ നോട്ടമിട്ടു നടക്കുന്ന സവര്‍ണനായ സഹപാഠിയുടെ പരിഹാസം ഏറ്റുവാങ്ങി ജബ്യ കണ്ണീരോടെ തലയില്‍ വിളക്കേന്തി നടക്കുന്നു. ഇതിനിടെ കുറുകെ ഓടിയ ഒരു പന്നി ഘോഷയാത്ര അലങ്കോലമാക്കുന്നു.

ജബ്യയുടെ അച്ഛനെ ഗ്രാമമുഖ്യന്‍ ശകാരിക്കുന്നു. ' നിന്റെ പന്നിയാണ് കുഴപ്പമുണ്ടാക്കിയത് ' എന്ന് പറഞ്ഞ് അയാള്‍ കച്ച്്‌റുവിനെ കുറ്റപ്പെടുത്തുന്നു. അടുത്ത ദിവസം ഗ്രാമത്തില്‍ ഗുസ്തിമത്സരം നടക്കുകയാണ്. അവിടെയും കുഴപ്പമുണ്ടാക്കുംമുമ്പ് പന്നികളെയെല്ലാം പിടിച്ച് കൊന്നേക്ക് എന്നായിരുന്നു അയാളുടെ അന്ത്യശാസനം. തന്റെ മകളുടെ വിവാഹത്തിന് രണ്ടു ദിവസമേയുള്ളു എന്ന കച്ച്‌റുവിന്റെ ദീനവിലാപമൊന്നും ഗ്രാമത്തലവന്‍ കേട്ടില്ല.

പിറ്റേന്നു രാവിലെത്തന്നെ കച്ച്‌റുവിന്റെ കുടുംബം പന്നിവേട്ടക്കിറങ്ങുന്നു. സ്‌കൂളുള്ള ദിവസമാണ്. കൂട്ടുകാരെല്ലാം കാഴ്ച കാണാനെത്തുമെന്ന് ജബ്യക്കറിയാം. ഷാലുവിന്റെ മുന്നില്‍ താന്‍ അപമാനിതനായി നില്‍ക്കുന്നതോര്‍ത്താണ് അവന് ഏറെ സങ്കടം. പന്നിവേട്ടയില്‍ നിന്ന് എങ്ങനെയെങ്കിലും തന്നെ ഒഴിവാക്കണമെന്ന ജബ്യയുടെ അഭ്യര്‍ഥന ആരും കേട്ടില്ല. ഒഴിഞ്ഞുമാറി ഒളിച്ചുനിന്ന ജബ്യയെ അച്ഛന്‍ എല്ലാവരുടെയും മുന്നിലിട്ട് പൊതിരെ തല്ലുന്നു. നാണം കെട്ട അവന്‍ മനസ്സില്ലാമനസ്സോടെ പന്നിവേട്ടയില്‍ പങ്കെടുക്കുന്നു. സഹപാഠികളുടെയും നാട്ടുകാരുടെയും പരിഹാസശരങ്ങളാല്‍ അവന്റെ മനസ്സ് മുറിഞ്ഞു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അവനും ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി. കുടുംബവും നാട്ടുകാരും സഹപാഠികളും ആ പ്രതികരണത്തിനു മുന്നില്‍ ഞെട്ടിത്തരിച്ചുപോയി.

ഇലകള്‍ പൊഴിച്ച്്, ശിഖരങ്ങള്‍ പടര്‍ത്തി നില്‍ക്കുന്ന വലിയൊരു വൃക്ഷത്തിന്റെ കാഴ്ചയില്‍ നിന്നാണ് നൂറു മിനിറ്റ് നീണ്ട സിനിമ തുടങ്ങുന്നത്. കഥാനായകനായ ജബ്യയെയാണ് നമ്മളാദ്യം പരിചയപ്പെടുന്നത്. സൗമ്യശീലനായ ആ ബാലന്‍ തന്റെ രൗദ്രമുഖം പുറത്തെടുക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ വളരെ സ്വാഭാവികതയോടെ ചിത്രീകരിക്കുന്നുണ്ട് സംവിധായകന്‍. പ്രണയക്കുരുക്കില്‍പ്പെട്ട ഒരു ബാലനായാണ് തുടക്കത്തില്‍ ജബ്യ പ്രത്യക്ഷപ്പെടുന്നത്. വശീകരണശേഷിയുള്ള , വാല്‍ നീണ്ട കറുത്ത കുരുവിയെ പിന്തുടരുകയാണവന്‍. വരണ്ട ഭൂമിയിലെ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് അത് പറന്നുപോകുന്നതോടെ അവന്‍ നിരാശനാകുന്നു. പിന്നീട് പല ഘട്ടങ്ങളിലും അവന്‍ ഈ പക്ഷിക്കു പിന്നാലെ പോകുന്നുണ്ട്. എന്താണീ പക്ഷിയുടെ പ്രത്യേകത എന്ന് നമ്മളറിയുന്നത്് പിന്നീടാണ്.

ജബ്യയുടെ കുടുംബത്തിലും സ്‌കൂളിലുമാണ് ക്യാമറ അധികസമയവും. ആ ഗ്രാമത്തിലെ നിസ്സഹായരായ ദളിതരുടെ സജീവ പ്രതിനിധിയായി മാറുന്നു ഈ കുടുംബം. അവമതികള്‍ നേരിടാനുള്ളതാണ് തങ്ങളുടെ ജന്മം എന്നു വിശ്വസിക്കുന്നവരാണ് കുടുംബനാഥനും ഭാര്യയും മക്കളും. ആരോടും എതിര്‍ത്തുപറയാന്‍ അവര്‍ക്കാവുന്നില്ല. എന്നാല്‍, ഇളയ മകന്‍ ജബ്യ ' വഴി തെറ്റി ' നടക്കുന്നത് അവര്‍ മനസ്സിലാക്കുന്നുണ്ട്. തന്റെ വീട്ടിനു മുന്നിലെ ടാങ്കില്‍ വീണ പന്നിക്കുട്ടിയെ എടുത്തുമാറ്റാന്‍ ഗ്രാമമുഖ്യന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിക്കാന്‍ തന്റേടം കാണിക്കുന്നുണ്ടവന്‍. സവര്‍ണരായ സഹപാഠികള്‍ ' കറുമ്പന്‍ ' എന്നു വിളിച്ച് പരിഹസിക്കുമ്പോള്‍ അവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുണ്ട്. ഒടുവില്‍, ഒരുതരം വൈരാഗ്യത്തോടെയാണ് അവന്‍ പന്നിവേട്ടക്കിറങ്ങുന്നത്.തന്റെ സമുദായത്തിന്റെ ഗതികേടില്‍ ആര്‍ക്കും അനുതാപമില്ലെന്ന് അവന്‍ തിരിച്ചറിയുന്നു. കൂറ്റന്‍ പന്നിയെ പിടിച്ചുകെട്ടി ചുമന്നുകൊണ്ടുവരുമ്പോള്‍ സഹിക്കാവുന്നതിലപ്പുറം പരിഹാസവാക്കുകളാണ് അവനു കേള്‍ക്കേണ്ടിവരുന്നത്. എല്ലാ രോഷവും അതോടെ അണപൊട്ടിയൊഴുകുന്നു. ' ഇവരെ നാറുന്നു ' എന്നു ആര്‍ത്തട്ടഹസിച്ച് പിന്നാലെ കൂടിയ തെമ്മാടിക്കൂട്ടത്തെ ചങ്കൂറ്റത്തോടെ നേരിടാനാണ ്അവന്‍ ശ്രമിക്കുന്നത്. തന്റെ കൃത്യത്തിന്റെ വരുംവരായ്കകളെക്കുറിച്ച് അവന്‍ ചിന്തിക്കുന്നേയില്ല. ഗ്രാമീണരെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് , മുതിര്‍ന്നവരുള്‍പ്പെട്ട തെമ്മാടിക്കൂട്ടത്തെ കല്ലെറിഞ്ഞോടിക്കുകയാണവന്‍. അവര്‍ പകരം ചോദിക്കാന്‍ വരുമ്പോള്‍ പിന്തിരിയാനല്ല, നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കാനാണ് ജബ്യ തയ്യാറാകുന്നത്. ചിത്രത്തിന്റെ അവസാനത്തില്‍ അവന്‍ എറിയുന്ന ആ മുഴുത്ത കല്ല് വരേണ്യവര്‍ഗത്തിന്റെ മണ്ടയിലാണ് ചെന്നു പതിക്കുന്നത്. സംഭവങ്ങളെ ഇത്തരമൊരു പര്യവസാനത്തിലേക്ക് എത്തിച്ച് സംവിധായകന്‍ ' ഫാന്‍ഡ്രി 'യെ ശക്തമായ നിലപാടുള്ള രാഷ്ട്രീയസിനിമയാക്കി മാറ്റുന്നു.

സമൂഹത്തിലെ ദുര്‍ബലന്റെ കിനാവുകള്‍ക്ക് ചങ്ങലയിടാനാണ് എല്ലാവര്‍ക്കും താല്പര്യമെന്ന് ഈ സിനിമ നമ്മളോട് പറയുന്നു. ദളിതരുടെ ജീവിതം ചേറില്‍ മദിക്കുന്ന പന്നിക്ക് സമാനമാണ്. അവരിലാരെങ്കിലും മാമൂലുകളില്‍ നിന്ന് വഴിമാറി നടക്കുന്നത് കുറ്റമായാണ് സമൂഹം കാണുന്നത്. പഠിച്ച് ഉയരങ്ങളിലെത്താനും വൃത്തിയായി നടക്കാനും സഹപാഠിയെ സ്‌നേഹിക്കാനും ദുര്‍ബലന് അവകാശമില്ല. വീട്ടില്‍ നിന്ന്, വിദ്യാലയത്തില്‍ നിന്ന്, സമൂഹത്തില്‍ നിന്ന് അവനു മുന്നിലേക്ക് വിലക്കുകള്‍ വരുന്നു. അവനെന്തിന് വിദ്യാഭ്യാസം നേടണം ? പ്രണയിക്കാന്‍ അവനെന്തവകാശം ? ഉത്സവവേളകളില്‍ അവന്‍ മറ്റുള്ളവരെപ്പോലെ ആഹ്ലാദിച്ച് നൃത്തം വെക്കുന്നത് അവര്‍ക്ക് സഹിക്കില്ല. അവന്റെ ചടുലമായ നൃത്തച്ചുവടുകള്‍ ആരെയോ ഭയപ്പെടുത്തുന്നു. ഉടനെ വരുന്നു വീട്ടുകാര്‍വഴി ശാസന. നീ നൃത്തം മതിയാക്കി ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വെളിച്ചമൊരുക്കുക. മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറുന്ന അവനെ ഇരുട്ടിന്റെ നിഴലില്‍ തളച്ചിടുന്നു. പക്ഷേ, പുതുതലമുറ ഈ നിഴലില്‍ നിന്ന് പുറത്തുകടക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ' ഫാന്‍ഡ്രി 'യിലൂടെ മഞ്ജുളെ. ഗ്രാമത്തിലെ വിദ്യാലയത്തിന്റെ ചുമരില്‍ വരച്ചുവെച്ച മഹാത്മാരുടെ ചിത്രങ്ങളെ എല്ലാ സംഭവങ്ങളുടെയും സാക്ഷിയാക്കി മാറ്റുന്നുണ്ട് സംവിധായകന്‍ മഞ്ജുളെ. അധ:സ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി ജീവിച്ച സമൂഹപരിഷ്‌കര്‍ത്താക്കളായ ഡോ. ബി.ആര്‍. അംബേദ്കര്‍, മഹാത്മ ജ്യോതിബ ഫുലെ, ഭാര്യ സാവിത്രിബായ് ഫുലെ തുടങ്ങിയവരുടെ ഛായാചിത്രങ്ങളാണ് സ്‌കൂള്‍ ചുമരിലുള്ളത്. വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് എന്നും ഈ മഹാത്മാര്‍ക്ക് കാണേണ്ടിവരുന്നത്. ചിത്രത്തിന്റെ അവസാനഭാഗത്ത് പന്നിയെ പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോള്‍ ചുമരിലെ ഛായാചിത്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി കാണിക്കുന്ന സമീപദൃശ്യം ശ്രദ്ധേയമാണ്. പുത്തന്‍ കൂറ്റുകാരായ സമൂഹപരിഷ്‌കര്‍ത്താക്കളെയും രാഷ്ട്രീയക്കാരെയും സിനിമയിലെവിടെയും പ്രദര്‍ശിപ്പിക്കുന്നില്ല മഞ്്ജുളെ. അവരുടെയൊന്നും സാന്നിധ്യവും പ്രസംഗവും ഉദ്‌ബോധനവും ഇല്ലാതിരുന്നിട്ടും ഈ സിനിമ ശക്തമായി പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.

ജബ്യ എന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുത്തതില്‍ അസാമാന്യ മിടുക്കാണ് സംവിധായകന്‍ കാണിച്ചിരിക്കുന്നത്. അഭിമാനക്ഷതമേല്‍ക്കുമ്പോള്‍ ജബ്യ ഇങ്ങനെയേ പെരുമാറൂ എന്ന് നമുക്ക് ബോധ്യപ്പെടുന്നു. ആ ബോധ്യത്തിലേക്ക് എത്തിക്കുന്ന തരത്തിലാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിലെ വിവിധ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജബ്യ എന്ന ബാലനെ സോംനാഥ് ഓഘഡെ എന്ന പുതുമുഖമാണ് അവതരിപ്പിക്കുന്നത്. ആദ്യചിത്രത്തില്‍ത്തന്നെ ദേശീയ അവാര്‍ഡും അവന്‍ നേടി. ജബ്യയുടെ അച്ഛനായി വരുന്ന കിഷോര്‍ കദം ശരിക്കും ജീവിക്കുകയാണ് ഈ സിനിമയില്‍. സൈക്കിള്‍ക്കട ഉടമയായി അഭിമയിച്ചിരിക്കുന്നത് സംവിധായകന്‍ മഞ്ജുളെ തന്നെയാണ്.

' ജാതിവ്യവസ്ഥ ആരുടെയോ കൃത്രിമസൃഷ്ടിയാണ് ' എന്ന് ഉറക്കെപ്പറയുന്ന നാഗരാജ് മഞ്ജുളെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയുടെ പണിപ്പുരയിലാണ്. ' സെഹ്്‌രത്ത് എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ ഒരു പ്രണയകഥയാണ്. ഇതിലും ജാതിവ്യവസ്ഥ തന്നെയാണ് പ്രമേയം. 

tsureshbabumbi@gmailcom

ജീവിതാനന്ദത്തിന്റെ ജലയാത്ര

മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (േെശഹഹ വേല ംമലേൃ) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്ത
പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ 


മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (still the water) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്തില്‍ അവര്‍ മുറുകെപ്പിടിക്കുന്നു. അതില്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ലളിതബിംബങ്ങളിലൂടെ , നമ്മുടെ മനസ്സിനെ ഒപ്പംകൂട്ടി , നേരെ കഥ പറഞ്ഞുപോകുകയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' . ഭൂതകാലത്തിന്റെ ശേഷിപ്പിലും ആ ശേഷിപ്പ് നല്‍കുന്ന പ്രതീക്ഷയിലും ജീവിക്കുന്ന കുറെ മനുഷ്യരുടെ ചിത്രമാണ് നമ്മുടെ ഹൃദയത്തില്‍ പതിയുന്നത്. 

കുടുംബവും മനുഷ്യബന്ധങ്ങളും തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് നാല്പ്പത്തിയഞ്ചുകാരിയായ കവാസെ പറയുന്നു. ഈ ബന്ധങ്ങള്‍ ഭൂത, ഭാവികാലങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കുന്നു. ഈ കണ്ണിയെ പ്രകൃതിയുമായി ഇഴചേര്‍ക്കുകയാണ് സംവിധായിക. കവാസെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കവാസെയെ വളര്‍ത്തിയത് മുത്തശ്ശിയാണ്. അവരോടുള്ള സ്‌നേഹവും മമതയും ആദരവും സദാ നിറഞ്ഞുനില്‍ക്കുകയാണ് കവാസെയുടെ മനസ്സില്‍. കവാസെയുടെ ജീവിതത്തിന് ഊടും പാവും നല്‍കിയത് ഈ മുത്തശ്ശിയാണ്. മുത്തശ്ശിയുടെ ജീവിതം കേന്ദ്രീകരിച്ച് മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ ' മുത്തശ്ശിത്രയം ' അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്നെ ഉപേക്ഷിച്ച അച്ഛനെത്തേടുന്ന ഒരു ഡോക്യുമെന്ററിയും ( Embracing ) അവര്‍ ഒരുക്കിയിട്ടുണ്ട്. 

പാരമ്പര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല അവരുടെ മനസ്സ്. ആശയതലത്തില്‍ തന്റെ മുന്‍ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന് നയോമി കവാസെ പറയുന്നു. ജീവിതവും അതിജീവനവും മരണവും പ്രണയവും തലമുറകള്‍ മാറിമാറിവരുന്ന ജീവിതചക്രവുമെല്ലാം ഈ സിനിമയിലുമുണ്ട്. ജീവിതയാഥാര്‍ഥ്യങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ, സ്വതന്ത്രവഴിയിലൂടെ ചിത്രീകരിച്ച ഗൊദാര്‍ദിന്റെയും തര്‍ക്കോവ്‌സ്‌കിയുടെയും ശൈലി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കവാസെ തുറന്നു സമ്മതിക്കുന്നു. 

ഒസാക്കയിലെ ഫോട്ടോഗ്രഫി സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ നയോമി കവാസെ ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് കടന്നത്. ഹ്രസ്വചിത്രങ്ങളില്‍ മിക്കതിന്റെയും ഇതിവൃത്തം കലങ്ങിമറിഞ്ഞ അവരുടെ കുടുംബാന്തരീക്ഷമാണ്. സംവിധാനത്തിനു പുറമേ തന്റെ ചിത്രങ്ങളുടെ തിരക്കഥയും കവാസെ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിലപ്പോള്‍ എഡിറ്റിങ്ങും. സ്റ്റില്‍ ദ വാട്ടര്‍ ഉള്‍പ്പെടെ അഞ്ചു ഫീച്ചര്‍ സിനിമകളാണ് നയോമി കവാസെ സംവിധാനം ചെയ്തത്. 

1997 ല്‍ കാനിലെ ചലച്ചിത്രോത്സവത്തില്‍ Suzaku എന്ന സിനിമക്ക് ക്യാമറ ഡി ഓര്‍ പുരസ്‌കാരം കിട്ടി. ഈ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്രപ്രതിഭ എന്ന ബഹുമതിയും ഇതോടൊപ്പം കവാസെ സ്വന്തമാക്കി. 2007 ലും കാന്‍ കവാസെയുടെ കഴിവിനെ വാഴ്ത്തി. The mourning forest എന്ന ചിത്രത്തിന് അന്ന് ഗ്രാന്റ് പ്രീ പുരസ്‌കാരമാണ് ലഭിച്ചത്. Hotaru (fire fly), Shara എന്നിവയാണ് കവാസെയുടെ മറ്റു സിനിമകള്‍. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ' സ്റ്റില്‍ ദ വാട്ടര്‍ '.


അധികമാരും കടന്നുചെല്ലാത്ത അമാമി-ഒഷിമ ദ്വീപിലാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' ചിത്രീകരിച്ചത്. അതിനൊരു കാരണമുണ്ട്. കവാസെയുടെ പിതാമഹന്മാര്‍ ജീവിച്ചിരുന്നത് ഈ ദ്വീപിലാണ്. 2008 ലാണ് ഇക്കാര്യം കവാസെയുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് മനസ്സില്‍ രൂപം കൊണ്ടതാണ് ഈ സിനിമയുടെ പ്രമേയം. തന്റെ കാരണവന്മാര്‍ക്കുള്ള ആദരവ് കൂടിയായാണ് ഈ ചിത്രത്തെ കവാസെ കാണുന്നത്. 


രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയത്തെയും അവരുടെ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് മൂന്നു തലമുറകളെ സ്പര്‍ശിച്ചുകൊണ്ടാണ് സിനിമയുടെ ഇതിവൃത്തം സഞ്ചരിക്കുന്നത്. കാലത്തിന്റെ സാക്ഷിയെപ്പോലെ ഒരു വൃദ്ധന്‍. കെയ്‌തോ, ക്യോക്കോ എന്നീ വിദ്യാര്‍ഥികള്‍. ഇവരെയാണ് ആദ്യം സംവിധായിക പരിചയപ്പെടുത്തുന്നത്. ഭൂതകാലത്തിന്റെയും ഭാവിയുടെയും പ്രതിനിധികളാണവര്‍. കടലിനോടും കെയ്‌തോയോടും പ്രണയത്തിലാണ് ക്യോക്കോ. കെയ്‌തോ അന്തര്‍മുഖനാണ്. ജീവിതത്തെ സംശയത്തോടെയാണവന്‍ വീക്ഷിക്കുന്നത്. വിഷാദമാണ് ആ മുഖത്തെപ്പോഴും. ആഹ്ലാദിക്കാന്‍ തനിക്കൊന്നുമില്ലെന്ന് അവന്‍ കരുതുന്നു. ഏതോ റെസ്റ്റോറന്റില്‍ ജീവനക്കാരിയാണ് അമ്മ. ചെറുപ്പമാണവര്‍. പച്ചകുത്തു വിദഗ്ദനാണ് അവന്റെ അച്ഛന്‍. പ്രണയിച്ച് വിവാഹിതരായവരാണവര്‍. പിന്നീട് വേര്‍പിരിഞ്ഞു. ടോക്കിയോവിലാണ് അച്ഛന്‍. നഗരത്തില്‍ നിന്ന് തനിക്ക് വല്ലാത്ത ഊര്‍ജം കിട്ടുന്നുണ്ടെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ടുതന്നെ വിദൂരദ്വീപില്‍ കഴിയുന്ന മകനെയോ മുന്‍ഭാര്യയെയോ കാണാന്‍ അയാള്‍ ഒരിക്കല്‍പ്പോലും വരുന്നില്ല.

തന്റെ അമ്മ വഴിതെറ്റുന്നുണ്ടെന്ന് കെയ്‌തോവിന് മനസ്സിലാവുന്നു. പല രാത്രികളിലും അധികജോലിയുണ്ടെന്ന നാട്യത്തില്‍ അവര്‍ വീട്ടിലേക്ക് വരുന്നില്ല. അന്നൊക്കെ വീട്ടില്‍ കെയ്‌തോ ഒറ്റക്കാണ്. കടലിനെ കെയ്‌തോവിന് ഭയമാണ്. ക്യോക്കോയെപ്പോലെ അവന് കടലിനെ സ്‌നേഹിക്കാനാവുന്നില്ല. അവളുടെ പ്രണയംപോലും അവന്‍ തിരിച്ചറിയുന്നത് പിന്നീടാണ്. ലൈംഗികതയെപ്പറ്റി അവളാണാദ്യം അവനോട് സംസാരിക്കുന്നത്. അവളാണാദ്യം അവനെ ആര്‍ത്തിയോടെ ചുംബിക്കുന്നത്. ആഹ്ലാദനൃത്തം നടന്ന ഒരു രാത്രി കടല്‍ത്തീരത്ത് ഒരു പുരുഷന്റെ നഗ്നമൃതദേഹം അടിയുന്നു. മരണത്തിനു മുമ്പ് അയാളെ കെയ്‌തോ കണ്ടിട്ടുണ്ട്. ഈ വിവരം അവന്‍ പോലീസിനോടോ ക്യോക്കോയോടോ പങ്കു വെക്കുന്നില്ല. തന്റെ അമ്മയുമായി ബന്ധപ്പെട്ട ആ രഹസ്യം കെയ്‌തോയെ ഒന്നുകൂടി മൂകനാക്കുന്നു. ക്യോക്കോയുടെ അമ്മ രോഗിയാണ്. ഏതു നിമിഷവും മരണം എത്തിയേക്കാം. 

ക്യോക്കോയ്ക്കും അച്ഛനും അതറിയാം. എങ്കിലും, അവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ട്. ക്യോക്കോയുടെ അമ്മയെ ദൈവത്തിന്റെ പ്രതിനിധിയായാണ് ( ഷമാന്‍ എന്നാണ് ഇവരെ വിളിക്കുന്നത് ) എല്ലാവരും കാണുന്നത്. അത്തരക്കാര്‍ക്ക് മരണമില്ലെന്നാണ് കെയ്‌തോ വിശ്വസിക്കുന്നത്. പക്ഷേ, ക്യോക്കോയുടെ അമ്മക്കറിയാം തന്റെ ജീവിതദൗത്യം അവസാനിക്കാന്‍ പോവുകയാണെന്ന്. തന്റെ പ്രിയപ്പെട്ട ആല്‍മരത്തിന്റെ ഇലകളുടെ ഇളക്കം നോക്കി, മുറ്റത്തെ ചെമ്പരത്തിച്ചെടിയെ നോക്കി അവരങ്ങനെ മരണം കാത്തുകിടക്കുന്നു. ഇതിനിടെ കെയ്‌തോ അച്ഛനെക്കാണാന്‍ ടോക്കിയോവിലെത്തുന്നു. അയാള്‍ സ്‌നേഹത്തോടെ അവനെ സ്വീകരിക്കുന്നു. ഇരുവരും എന്തിനാണ് അകന്നത് എന്ന അവന്റെ ചോദ്യത്തിന് അച്ഛന്‍ കൃത്യമായ മറുപടി പറയുന്നില്ല.' 

അമ്മയെ എപ്പോഴും സംരക്ഷിക്കണം ' എന്ന നിര്‍ദേശത്തോടെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചാണ് അവനെ അയാള്‍ യാത്രയാക്കുന്നത്. കെയ്‌തോയുമായുള്ള ബന്ധത്തിന് ക്യോക്കോയുടെ അച്ഛനുമമ്മയും അംഗീകാരം നല്‍കുന്നു. നൃത്തവും പാട്ടും മേളിച്ച ഒരു രാത്രി ക്യോക്കോയുടെ അമ്മ തന്നെ വിളിച്ച ദൈവത്തിന്റെ അടുത്തേക്ക് മടങ്ങിപ്പോകുന്നു. അപഥസഞ്ചാരിണിയാണെങ്കിലും അമ്മയെ നഷ്ടപ്പെടുന്ന കാര്യം കെയ്‌തോവിന് ഓര്‍ക്കാന്‍ വയ്യ. എല്ലാ വെറുപ്പും മാറ്റിവെച്ച് അമ്മയുടെ ആശ്വാസത്തണലിലേക്ക് അവന്‍ തിരിച്ചുചെല്ലുന്നു. അതോടൊപ്പം, ക്യോക്കോയുടെ മോഹങ്ങളും അവന് തള്ളിക്കളയാനാവുന്നില്ല. നീലസമുദ്രത്തില്‍ നഗ്നരായി , പരസ്പരം കൈകോര്‍ത്ത് നീന്തിക്കളിക്കുന്ന കെയ്‌തോവിനെയും ക്യോക്കോയെയും കാണിച്ച് സിനിമ അവസാനിക്കുന്നു. 

വളരെക്കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുള്ളു. കടല്‍ത്തീരത്ത് കാണുന്ന വൃദ്ധന്‍, കെയ്‌തോ, ക്യോക്കോ, അവരുടെ അച്ഛനമ്മമാര്‍ എന്നിവരെ മാത്രം കേന്ദ്രീകരിച്ചാണ് സംവിധായിക തന്റെ ആശയലോകം തുറന്നിടുന്നത്. പാരമ്പര്യവാദത്തോടൊപ്പം നില്‍ക്കുമ്പോഴും പുതുതലമുറയുടെ ആശയാഭിലാഷങ്ങളെ തള്ളിപ്പറയുന്നില്ല അവര്‍. ചെറുപ്പക്കാര്‍ ഒരിക്കലും ഭീരുക്കളാകരുതെന്ന് പറയുന്ന ആ വൃദ്ധന്‍ സംവിധായികയെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്തു ചെയ്യണമെന്നു തോന്നുന്നുവോ അതങ്ങ് ചെയ്യുക, എന്തു പറയണമെന്നു തോന്നുന്നുവോ അതങ്ങ് ഉറക്കെ വിളിച്ചുപറയുക- കെയ്‌തോവിനും ക്യോക്കോയ്ക്കും വൃദ്ധന്‍ നല്‍കുന്ന ഉപദേശമാണിത്. ദൈവകൃപയുള്ളതിനാല്‍ ക്യോക്കോയുടെ അമ്മ മരിക്കില്ലെന്ന വിശ്വാസത്തെ അയാള്‍ ചോദ്യം ചെയ്യുന്നുണ്ട്. ദൈവകൃപയുള്ളവര്‍ മാത്രമല്ല ദൈവം പോലും മരിക്കുമെന്നാണ് അയാള്‍ ഉറപ്പിച്ചു പറയുന്നത്. ടോക്കിയോവില്‍ വേരുറപ്പിച്ച കെയ്‌തോയുടെ അച്ഛന്‍ എന്തുകൊണ്ടാണ് താന്‍ ഗ്രാമത്തിലേക്ക് മടങ്ങാത്തത് എന്നതിന് കൃത്യമായ കാരണം നിരത്തുന്നുണ്ട്. മറ്റെവിടെയും കിട്ടാത്ത ഊര്‍ജം തനിക്കീ നഗരം നല്‍കുന്നുണ്ടെന്ന് അയാള്‍ അവകാശപ്പെടുന്നു. ടോക്കിയോവില്‍ മാത്രം കാണുന്ന ഒരുതരം ഊഷ്മളത. തന്റെ ആത്മാവിഷ്‌കാരത്തിന് അത് ഉത്തേജനം പകരുന്നു. ആ നഗരം അയാളെ ഇടയ്ക്കിടെ പുതുക്കിപ്പണിയുന്നുണ്ടാവണം. പിന്നെന്തിന് അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങണം? 


വ്യത്യസ്ത ജീവിതശൈലി പിന്തുടരുന്ന രണ്ട് അമ്മമാരാണ് ഈ ചിത്രത്തിലുള്ളത്. ക്യോക്കോയുടെ അമ്മ ഇസ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നു. ആത്മീയവാദിയായ അവര്‍ക്ക് ജീവിതം ശുഭചിന്തകളേ നല്‍കുന്നുള്ളു. തന്റെ മകളിലൂടെ പുതുതലമുറയെ സ്വപ്‌നം കണ്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോകുന്നത്. കെയ്‌തോയുടെ അമ്മ മിസാക്കി ക്യോക്കോയുടെ അമ്മ ഇസയുടെ നേരെ എതിര്‍ദിശയിലാണ് ജീവിതത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആത്മീയതയും സദാചാരചിന്തയുമൊന്നും അവരെ വേവലാതിപ്പെടുത്തുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. 


തന്റെ മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മകളെ സംവിധായിക ഈ ചിത്രത്തിലും സൗമ്യമായി തലോടുന്നുണ്ട്. കടല്‍ത്തീരത്തൂടെ നടന്നുവരുന്ന ക്യോക്കോയെ മുത്തശ്ശിയുമായി വൃദ്ധന്‍ താരതമ്യപ്പെടുത്തുന്ന രംഗം ഓര്‍ക്കുക. ക്യോക്കോയുടെ അത്ര പൊക്കമുണ്ടായിരുന്ന മുത്തശ്ശി ക്യോക്കോയെപ്പോലെ സുന്ദരിയുമായിരുന്നു എന്നയാള്‍ പറയുന്നുണ്ട്. ക്യോക്കോയുടെ വീട്ടുമുറ്റത്തെ ആല്‍മരം തലമുറകളുടെ ദൃക്‌സാക്ഷിയായി നിലകൊള്ളുന്നു. അതിന് നാനൂറോ അഞ്ഞൂറോ വര്‍ഷം പഴക്കമുണ്ടെന്നാണ് അച്ഛന്‍ അവളെ ഓര്‍മിപ്പിക്കുന്നത്. 


കടലിന്റെ മുരള്‍ച്ചയും കാറ്റിന്റെ നിശ്വാസവും സിനിമയിലുടനീളം നമ്മളോടൊപ്പമുണ്ട്. നമ്മുടെ കണ്ണിന്റെ സുഖത്തിനുവേണ്ടി ക്യാമറ സൃഷ്ടിച്ചെടുക്കുന്നതല്ല ഇതിലെ പ്രകൃതിദൃശ്യങ്ങള്‍. കടലിന്റെ വിവിധ ഭാവങ്ങളെ, മരങ്ങളിലെ ചടുലമായ ഇലയനക്കങ്ങളെ മനുഷ്യരുടെ വേവലാതികളും സന്തോഷങ്ങളും സന്താപങ്ങളുമായി സാമ്യപ്പെടുത്തുകയാണ് ക്യാമറ ചെയ്യുന്നത്. കാറ്റും കടലും മരങ്ങളും വിട്ട് ക്യാമറ ഒരൊറ്റത്തവണയാണ് നഗരക്കാഴ്ചകള്‍ക്കായി പോയത്. കെയ്‌തോയോടൊപ്പം അച്ഛനെക്കാണാന്‍ ടോക്കിയോവിലേക്കായിരുന്നു ആ ആഘോഷയാത്ര. തിരക്കുപിടിച്ച നഗരജീവിതത്തില്‍ നിന്ന് ക്യാമറ വളരെപ്പെട്ടെന്ന് ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നു. 

tsureshbabumbi@gmail.com

ബന്ധങ്ങളുടെ കഠിനശൈത്യം

17 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ നൂറി ബില്‍ജി ജലാന്‍ സംവിധാനം ചെയ്തത് ഏഴു മുഴുനീള കഥാചിത്രങ്ങള്‍. 1997 ല്‍ ' കസബ ' യോടെയാണ് തുടക്കം. തുടര്‍ന്ന് ' ക്ലൗഡ്‌സ് ഓഫ് മെയ് ( 1999 ) , ' ഡിസ്റ്റന്റ് ' ( 2002 ) , ' ക്ലൈമെറ്റ്‌സ് ' ( 2006 ) , ' ത്രീ മങ്കീസ് ' ( 2008 ) , ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ ' ( 2011 ) എന്നിവ പുറത്തുവന്നു. 

ഏറ്റവുമൊടുവിലിതാ 2014 ല്‍ ' വിന്റര്‍ സ്ലീപ്പ് '. ചുരുങ്ങിയ സമയമെടുത്ത് കഥ പറഞ്ഞിരുന്ന ഈ തുര്‍ക്കി സംവിധായകന്‍ ആ ശീലം ഉപേക്ഷിച്ച മട്ടാണ്. വണ്‍സ് അപ്പോണ്‍ എ ടൈമിന്റെ നീളം 148
മരവിച്ചുപോയ മനുഷ്യബന്ധങ്ങളിലെ മഞ്ഞുരുകുന്നത് നേരിയ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് നൂറി ബില്‍ജി ജലാന്‍ ' വിന്റര്‍ സ്ലീപ്പ് ' എന്ന ചിത്രത്തില്‍17 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ നൂറി ബില്‍ജി ജലാന്‍ സംവിധാനം ചെയ്തത് ഏഴു മുഴുനീള കഥാചിത്രങ്ങള്‍. 1997 ല്‍ ' കസബ ' യോടെയാണ് തുടക്കം. തുടര്‍ന്ന് ' ക്ലൗഡ്‌സ് ഓഫ് മെയ് ( 1999 ) , ' ഡിസ്റ്റന്റ് ' ( 2002 ) , ' ക്ലൈമെറ്റ്‌സ് ' ( 2006 ) , ' ത്രീ മങ്കീസ് ' ( 2008 ) , ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ ' ( 2011 ) എന്നിവ പുറത്തുവന്നു. 

ഏറ്റവുമൊടുവിലിതാ 2014 ല്‍ ' വിന്റര്‍ സ്ലീപ്പ് '. ചുരുങ്ങിയ സമയമെടുത്ത് കഥ പറഞ്ഞിരുന്ന ഈ തുര്‍ക്കി സംവിധായകന്‍ ആ ശീലം ഉപേക്ഷിച്ച മട്ടാണ്. വണ്‍സ് അപ്പോണ്‍ എ ടൈമിന്റെ നീളം 148 മിനിറ്റാണ്. വിന്റര്‍ സ്ലീപ്പിലെത്തിയപ്പോള്‍ അത് 195 മിനിറ്റായി വര്‍ധിച്ചിരിക്കുന്നു. അതായത് മൂന്നേകാല്‍ മണിക്കൂര്‍. 

നാലര മണിക്കൂര്‍ നീണ്ട ചിത്രമാണ് ജലാന്‍ ഉദ്ദേശിച്ചിരുന്നത്. എഡി്റ്റു ചെയ്ത് ഒന്നേകാല്‍ മണിക്കൂര്‍ കുറച്ചതാണ്. ഇത്രയധികം നീണ്ടുപോയാല്‍ പ്രേക്ഷകര്‍ സഹിച്ചിരിക്കുമോ എന്നു ന്യായമായും സംശയിക്കാം. പക്ഷേ, ജലാന്‍ അതൊന്നും ഗൗനിക്കുന്നില്ല. തന്റെ സിനിമ, തന്റെ ശൈലി ഒരു ന്യൂനപക്ഷത്തിനേ ഇഷ്ടപ്പെടൂ എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്ന ചലച്ചിത്രകാരനാണ് ജലാന്‍. അത്രയുംപേര്‍ ആസ്വദിച്ചാല്‍ മതി എന്നാണദ്ദേഹത്തിന്റെ നിലപാട്. ഷൂട്ടിങ്ങിനുശേഷം ആറുമാസമെടുത്തു വിന്റര്‍ സ്ലീപ്പിന്റെ എഡിറ്റിങ് പൂര്‍ത്തിയാക്കാന്‍. 2014 ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ' പാം ഡി ഓര്‍ ' പുരസ്‌കാരം ഈ സിനിമക്കായിരുന്നു. ജലാന്റെ ഏഴു സിനിമകളില്‍ അഞ്ചും കാനില്‍ ബഹുമതികള്‍ നേടിയിട്ടുണ്ട്. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ' വിന്റര്‍ സ്ലീപ്പ് ' കാണിച്ചിട്ടുണ്ട്. 

മനുഷ്യരും മനുഷ്യബന്ധങ്ങളുമാണ് തന്റെ ചിത്രങ്ങളുടെ കാതല്‍ എന്ന്് അമ്പത്തിയാറുകാരനായ ജലാന്‍ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യരെ മനസ്സിലാക്കാനാണ് താന്‍ സിനിമയിലൂടെ ശ്രമിക്കുന്നത്. തന്റെ സിനിമകള്‍ക്ക് ഇതാണ് പ്രചോദനം. ജലാന്റെ പ്രിയപ്പെട്ട കഥാകാരന്‍ റഷ്യന്‍ എഴുത്തുകാരന്‍ ആന്റണ്‍ ചെഖോവാണ്. ചെഖോവിന്റെ കഥകള്‍ അതേപടി പകര്‍ത്തുകയല്ല ജലാന്‍ ചെയ്യുന്നത്. തനിക്കാവശ്യമായ കഥാംശങ്ങള്‍ മാത്രമേ ജലാന്‍ സ്വീകരിക്കുന്നുള്ളു. ചിലപ്പോള്‍ ചെഖോവിന്റെ കഥകളുമായി വിദൂരഛായയേ സിനിമകള്‍ക്കുണ്ടാവാറുള്ളു. എങ്കിലും, തന്റെ പ്രചോദനം ചെഖോവാണെന്നു അദ്ദേഹം തുറന്നുപറയും.

' വിന്റര്‍ സ്ലീപ്പി ' നു ചെഖോവിന്റെ രണ്ടു കഥകളെയാണ് ജലാന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ദ വൈഫ്, എക്‌സലന്റ് പീപ്പിള്‍ എന്നീ കഥകളെ. ഏതാനും കഥാപാത്രങ്ങളെയും ചില കഥാസന്ദര്‍ഭങ്ങളും മാത്രമാണ് അദ്ദേഹം സിനിമയിലേക്ക് എടുത്തത്. വൈഫിലെ നായകന്‍ പവേല്‍ ആന്ദ്രിച്ചും പിണങ്ങി നില്‍ക്കുന്ന ഭാര്യ നടാല്യ ഗവ്‌റിലോവ്‌നയും എക്‌സലന്റ് പീപ്പിളിലെ എഴുത്തുകാരനായ നായകന്‍ വ്ലൂഡിമിര്‍ സെമ്യോനിച്ചും ഭര്‍ത്താവ് മരിച്ചുപോയ സഹോദരി വേര സെമ്യോനോവ്‌നയും ഈ സിനിമയിലേക്ക് ശക്തമായി കടന്നുവന്നിട്ടുണ്ട്. പക്ഷേ, കഥാന്തരീക്ഷം തുര്‍ക്കിയിലേക്ക് ജലാന്‍ പറിച്ചുനട്ടു.


ജലാന്‍ചിത്രങ്ങളിലെ മന്ദഗതിയിലുള്ള ആഖ്യാനത്തെക്കുറിച്ച് പലപ്പോഴും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സിനിമാശീര്‍ഷകത്തിലെ സ്ലീപ്പ് എന്ന വാക്ക് ഒഴിവാക്കിക്കൂടേ എന്ന് വിതരണക്കാരും ചില സുഹൃത്തുക്കളും ജലാനോട് ചോദിച്ചതാണ്. പതുക്കെ പോകുന്ന സംവിധായകന്റെ ചിത്രത്തിന് മൂന്നേകാല്‍ മണിക്കൂര്‍ നീളം. പോരാത്തതിന് പേരിലെ ഉറക്കവും. എന്നാല്‍, ജലാന് ഇതൊന്നും അത്രയെളുപ്പം ബോധിക്കില്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് മടിയൊന്നുമില്ല. നിഷ്‌ക്രിയാവസ്ഥ എന്നും അര്‍ഥം വരുന്ന ' ശീതകാലനിദ്ര ' എന്ന പേരില്‍ മാറ്റമൊന്നും വേണ്ടെന്ന് ജലാന്‍ ശഠിച്ചു. 

ജലാനും നടിയായ ഭാര്യ എബ്രു ജലാനും ചേര്‍ന്നാണ് ഇപ്പോള്‍ തിരക്കഥകള്‍ എഴുതുന്നത്. ത്രീ മങ്കീസ്, വണ്‍സ് അപ്പോണ്‍ എ ടൈം എന്നീ ചിത്രങ്ങള്‍ക്കും വിന്റര്‍ സ്ലീപ്പിനും ഇരുവരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. രണ്ടുപേരും സ്വന്തമായിത്തന്നെ തിരക്കഥ തയ്യാറാക്കും. എന്നിട്ട് പരസ്പരം ചര്‍ച്ച ചെയ്ത് ഏതെങ്കിലുമൊന്ന് സ്വീകരിക്കും. തന്റെ ആദ്യത്തെ നാലു ചിത്രങ്ങളിലും മനുഷ്യബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ് ജലാന്‍ ഇതിവൃത്തമാക്കിയത്. ഏഴാമത്തെ ചിത്രത്തില്‍ വീണ്ടും അതേ ഇതിവൃത്തം കടന്നുവരുന്നു. 

തുര്‍ക്കിയിലെ പ്രകൃതിരമണീയമായ അനറ്റോളിയയിലെ കപ്പഡോഷ്യ എന്ന ടൂറിസ്റ്റ്‌കേന്ദ്രമാണ് ' വിന്റര്‍ സ്ലീപ്പി ' ല്‍ പശ്ചാത്തലമായി വരുന്നത്. പാറക്കല്ലുകള്‍ തുരന്നു നിര്‍മിച്ച കെട്ടിടങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സാഹസികരായ വിനോദസഞ്ചാരികളാണ് ഇവിടെ ശൈത്യകാലത്തെത്തുന്നത്. ഫിബ്രവരിയില്‍ കപ്പഡോഷ്യയില്‍ തണുപ്പ് മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ്സിലായിരിക്കും. മുന്‍ നാടകനടനും എഴുത്തുകാരനുമായ ഐദീന്‍ എന്ന മധ്യവയസ്‌കനാണ് കേന്ദ്ര കഥാപാത്രം. നാടകീയതകള്‍ ഒരുക്കിവെച്ച് കഥ പറയുന്ന രീതിയല്ല ജലാന്‍ ഈ സിനിമയില്‍ കൈക്കൊള്ളുന്നത്. ഉദ്വേഗത്തിന്റേതായ ഒരു നിമിഷവും ഈ ചിത്രത്തിലില്ല. 

നാടകത്തിലേതുപോലെ സംഭാഷണത്തിനാണ് പ്രാധാന്യം. ആ സംഭാഷണങ്ങളില്‍ നിന്നാണ് ഓരോ കഥാപാത്രവും ആരെന്നും എന്തെന്നും നമ്മളറിയുന്നത്. നായകനായ ഐദീന്‍ എല്ലാവരുടെയും ജീവിതത്തില്‍ ഏറിയും കുറഞ്ഞും ഇടപെടുന്നുണ്ട്. ഈ ഇടപെടലിലൂടെ ആരാണ് ഐദീന്‍ എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. ഓരോ കഥാപാത്രവും സ്വന്തം ഭാഗം ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. ജലാന്റെ ആവിഷ്‌കാരശൈലി അറിയുന്നവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും ' വിന്റര്‍ സ്ലീപ്പ് ' നല്ലൊരു സിനിമയായിരിക്കും. അല്ലാത്തവര്‍ക്ക് മടുപ്പ് തോന്നാനാണ് സാധ്യത. ദീര്‍ഘസംഭാഷണങ്ങളും നാടകീയസംഭവങ്ങളുടെ അഭാവവും ഒരു രംഗത്തുതന്നെ ഏറെനേരം നിലയുറപ്പിച്ചുനില്‍ക്കുന്ന ആഖ്യാനശൈലിയും പലരും ഇഷ്്ടപ്പെടണമെന്നില്ല.


കപ്പഡോഷ്യയിലെ പുല്‍മേടിന്റെയും പാറകളുടെയും സമീപദൃശ്യത്തില്‍ നിന്ന് നാട്ടുപാതയിലൂടെ നമുക്കഭിമുഖമായി നടന്നുവരുന്ന ഐദീനിലാണ് ക്യാമറ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കപ്പഡോഷ്യയില്‍ ശൈത്യം പാരമ്യത്തിലാണ്. അവിടത്തെ ഒഥല്ലോ എന്ന ടൂറിസ്റ്റ് ഹോട്ടല്‍. ഐദീന് പാരമ്പര്യമായി കിട്ടിയതാണീ ഹോട്ടല്‍. മാതാപിതാക്കള്‍ വാങ്ങിയതാണിത്. അവരുടെ കാലശേഷം ഐദീന്‍ നോക്കി നടത്തുന്നു. വാടകക്ക് കൊടുത്ത ചില കടകളും വീടുകളും വേറെയുമുണ്ട്. അതിലൊന്നും ഐദീന് താത്്പര്യമില്ല. ഡ്രൈവറായ ഹിയാദത്താണ് വീടുകളുടെ വാടക പിരിക്കുന്നത്. ആരാണ് വാടകക്കാര്‍ എന്നുപോലും ഐദീനറിയില്ല. സഞ്ചാരിയായിരുന്നു അയാള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരിയായ ഭാര്യ നിഹാലും വിവാഹമോചിതയായ ഐദീന്റെ സഹോദരി നെക്ലയുമാണ് ഐദീനോടൊപ്പം താമസിക്കുന്നത്. മൂന്നുപേരും അവരവരുടെ ലോകത്താണ്. 

ഐദീന്‍ ഇടയ്ക്കിടെ ജന്മനാടായ ഇസ്താംബുളിലേക്കു പോകും. 25 വര്‍ഷം നാടകരംഗത്തായിരുന്നു അയാള്‍. ഇപ്പോള്‍ നാടകത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഐദീന്‍ ഒരു പ്രാദേശിക പത്രത്തിന്റെ മുഖപ്രസംഗമെഴുത്തുകാരനാണ്. പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്കനാണയാള്‍. അയാളുടെ എഴുത്തിനോട് സഹോദരിക്ക് വലിയ മതിപ്പൊന്നുമില്ല. വിമര്‍ശിക്കുമ്പോള്‍ അവര്‍ മുഖം നോക്കാറുമില്ല. നാട്യങ്ങളിലാണ് നീ ജീവിക്കുന്നത് എന്നവര്‍ തുറന്നടിക്കുന്നുണ്ട് ഒരു സന്ദര്‍ഭത്തില്‍. ഉടുപ്പ് മാറുംപോലെ വ്യക്തിത്വവും മാറുന്നവനാണ് നീ എന്നും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. നീയെഴുതുന്ന പത്രം ആരു വാങ്ങുന്നു, ആരു വായിക്കുന്നു എന്ന് പറഞ്ഞ് സഹോദരി ചിലപ്പോള്‍ ഐദീനെ ദ്വേഷ്യം പിടിപ്പിക്കും. വെറുതെയിരിക്കുമ്പോള്‍ ചില പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ എന്നയാള്‍ സഹോദരിയോട് ചോദിക്കാറുണ്ട്. വായിച്ച് അലസമായി കഴിയാനാണ് അവര്‍ക്ക് താല്പര്യം. തുര്‍ക്കിയുടെ നാടകപാരമ്പര്യത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഐദീന്‍. ഈ വിഷയത്തില്‍ ഒരുപാട് ഗവേഷണം അയാള്‍ നടത്തിക്കഴിഞ്ഞു. ഇനി എഴുതിത്തുടങ്ങിയാല്‍ മതി. ഭാര്യ നിഹാലുമായി അയാള്‍ സ്വരച്ചേര്‍ച്ചയിലല്ല. ജീവകാരുണ്യപ്രവര്‍ത്തകയായ തന്റെ കാര്യങ്ങളില്‍ ഭര്‍ത്താവ് ഇടപെടുന്നതില്‍ നിഹാലിന് അമര്‍ഷമുണ്ട്. ഭാര്യാഭര്‍തൃബന്ധത്തിന്റെ ഊഷ്മളത അവര്‍ക്കിടയില്‍ എന്നോ നഷ്ടപ്പെട്ടുകഴിഞ്ഞു. ഏതു നിമിഷവും പിരിയാവുന്ന ബന്ധമാണത്. ഒരു മേല്‍ക്കൂരക്കു കീഴെ രണ്ടു വഴികളിലാണ് അവര്‍ സഞ്ചരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ തണുത്തുറഞ്ഞുപോയിരിക്കുന്നു അവരുടെ പരസ്പരവിശ്വാസം. 

വലിയ ലോകങ്ങളിലേക്ക് പോകാന്‍ താല്പര്യപ്പെടാത്തയാളാണ് ഐദീന്‍. വലിയ പത്രങ്ങളെ താനത്ര ഗൗനിക്കുന്നില്ല എന്നാണയാള്‍ സഹോദരിയോട് പറയുന്നത്. തന്റെ സാമ്രാജ്യം ചെറുതാണ്. പക്ഷേ, അവിടെ രാജാവാണ് താന്‍. ഇടയ്ക്ക്്് വരുന്ന വായനക്കാരുടെ കത്തുകള്‍ അയാളെ ഉത്തേജിപ്പിക്കുന്നു. ഐദീന്റെ സ്വഭാവത്തിലേക്കാണ് സംവിധായകന്‍ ഇവിടെ വിരല്‍ ചൂണ്ടുന്നത്. ഒന്നിലും താല്പര്യമില്ലെന്നു പറയുമ്പോഴും അയാളുടെ ഉള്ളില്‍ ഒരു തന്നിഷ്ടക്കാരനുണ്ട്. ഭാര്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍നിന്ന് തന്നെ അകറ്റിനിര്‍ത്തുന്നതില്‍ അയാള്‍ക്ക് വൈരാഗ്യമുണ്ട്. സുന്ദരിയും ചെറുപ്പക്കാരിയുമായ അവള്‍ കൈവിട്ടുപോകുമോ എന്ന പേടിയുമുണ്ട്. അവിവാഹിതനായ സഹപ്രവര്‍ത്തകനോട് നിഹാല്‍ അടുത്തേക്കുമോ എന്നയാള്‍ ശങ്കിക്കുന്നു. അധ്യാപകനായ ആ സഹപ്രവര്‍ത്തകനോട് ഐദീന്‍ തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്. പണക്കാരനായ തന്നെ അവള്‍ ഗൗനിക്കുന്നില്ല. പ്രാഥമികവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പുറമേനിന്ന് സംഭാവനകള്‍ സ്വീകരിക്കുന്ന നിഹാല്‍ തന്റെ പണത്തിനോട് താത്പര്യം കാട്ടാത്തതാണ് അയാളെ കുഴക്കുന്ന ചോദ്യം. വലിയൊരു സംഖ്യ സംഭാവന ചെയ്യാം എന്നു പറഞ്ഞിട്ടും അവള്‍ അത് സ്വീകരിക്കാതിരിക്കാനാണ് ആദ്യം ശ്രമിക്കുന്നത്. നിര്‍ബന്ധമേറിയപ്പോള്‍ അവളത് സ്വീകരിക്കുന്നു. പക്ഷേ, അതവള്‍ തന്റെ സഹായഫണ്ടിലേക്ക് എടുക്കുന്നില്ല. പകരം, ഐദീന്റെ വാടകവീട്ടില്‍ താമസിക്കുന്ന ഇസ്മയിലിന് രഹസ്യമായി കൈമാറുകയാണ്. ആ പണം പക്ഷേ, ഇസ്മായില്‍ തീക്കുണ്ഠത്തിലിട്ട് ഒരുപിടി ചാരമാക്കുന്നു. നിഹാല്‍ ഞെട്ടിത്തരിച്ചുപോകുന്നു.


ഞാനെന്ന ഭാവമാണ് ഇതിലെ മിക്ക കഥാപാത്രങ്ങളെയും നിയന്ത്രിക്കുന്നത്. ഒരാളെ കുത്തിയ കേസില്‍ ജയിലില്‍ പോകുന്ന ഇസ്മയിലിനും ഐദീനും നിഹാലിനും നെക്ലെക്കുമൊക്കെ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും മാത്രമാണ് ശരി. സിനിമയുടെ സഞ്ചാരവഴി ഇവിടെയാണ് നിര്‍ണയിക്കപ്പെടുന്നത്. ഇതിലൂടെയാണ് സംവിധായകന്‍ ഓരോരുത്തരെയായി നടത്തിക്കുന്നത്. നിരന്തരമായ സംഭാഷണങ്ങളിലൂടെയാണ് കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് സംവിധായകന്‍ കടന്നുചെല്ലുന്നത്. തീന്‍മേശയിലും എഴുത്തുമുറിയിലും അടുക്കളയിലും ഫാംഹൗസിലും സംവാദങ്ങള്‍ അരങ്ങേറുന്നു. ഐദീന്റെ കിടപ്പറ ഒരിക്കല്‍പ്പോലും സംവിധായകന്‍ കാട്ടുന്നില്ല. അങ്ങനെയൊരു ഇടത്തെ മാറ്റിനിര്‍ത്തുന്നത് ബോധപൂര്‍വമാണ്. ദമ്പതിമാര്‍ തമ്മിലുള്ള അകല്‍ച്ചയുടെ പ്രകടമായ സൂചനയാണത്. 

മറ്റു കഥാപാത്രങ്ങളുടെ അഭിപ്രായങ്ങളിലൂടെ നായകനായ ഐദീന്റെ വ്യക്തിത്വം പുറത്തുകൊണ്ടുവരാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. സ്വാര്‍ഥിയും ദോഷൈകദൃക്കും എന്നാണ് നിഹാല്‍ ഐദീനെ വിശേഷിപ്പിക്കുന്നത്. അയാളുമായുള്ള പോരാട്ടത്തില്‍ തന്നിലെ സദ്ഗുണങ്ങളെല്ലാം ചോര്‍ന്നുപോയെന്ന് അവള്‍ സങ്കടപ്പെടുന്നു. വേര്‍പിരിയലിനുശേഷം മുഴുക്കുടിയനായി മാറിയ മുന്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകാന്‍ സഹോദരി നെക്ലെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞതോര്‍ത്ത് അയാള്‍ ഖേദിക്കുന്നുണ്ടാവണം. ചിലപ്പോള്‍ തന്നെ തേടിവന്നേക്കാം. പക്ഷേ, അയാള്‍ ഐദീനെ പേടിക്കുന്നു. ഇക്കാര്യം നിഹാലുമായാണ് നെക്ലെ ചര്‍ച്ച ചെയ്യുന്നത്. പ്രത്യാഘാതങ്ങള്‍ സഹിക്കേണ്ടിവരും എന്ന് നിഹാല്‍ ഓര്‍മപ്പെടുത്തുന്നത് ഐദീനെ ഉദ്ദേശിച്ചാണ്.


' വിന്റര്‍ സ്ലീപ്പ് ' നമ്മളെ ഓര്‍മപ്പെടുത്തുന്നത് ജലാന്റെ ' ക്്‌ളൈമെറ്റ്‌സ് ' എന്ന ചിത്രത്തെയാണ്. വഴിപിരിയാനൊരുങ്ങുന്ന യുവദമ്പതിമാരാണ് അതിലെ പ്രധാനകഥാപാത്രങ്ങള്‍. ( സിനിമയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജലാനും ഭാര്യയുമാണ്). പക്ഷേ, കഥ തിരിച്ചിട്ടു എന്നുമാത്രം. ' ക്ലൈമെറ്റ്‌സി ' ല്‍ സിനിമാരംഗത്തെ കലാസംവിധായികയായ ഭാര്യക്ക് ദാമ്പത്യം എങ്ങനെയെങ്കിലും നിലനിര്‍ത്തണമെന്നു

ണ്ട്. മുന്‍കാമുകിയുമായി ഭര്‍ത്താവ് തുടര്‍ന്നുവരുന്ന ബന്ധമാണ് അവളുടെ പിണക്കത്തിനു കാരണം. എങ്കിലും, സര്‍വകലാശാലാ അധ്യാപകനായ ഭര്‍ത്താവിനോട് കഴിയുന്നത്ര വിട്ടുവീഴ്ചക്ക് അവള്‍ തയ്യാറാവുന്നുണ്ട്. പക്ഷേ, അത് മനസ്സിലാക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെടുന്നു. അല്ലെങ്കില്‍ , അയാള്‍ അങ്ങനെ നടിക്കുന്നു. വേര്‍പിരിയുന്ന ദമ്പതിമാരെയാണ് ഈ സിനിമയില്‍ നമ്മള്‍ അവസാനം കാണുന്നത്. വിന്റര്‍ സ്ലീപ്പിലെത്തുമ്പോള്‍ കഥാഗതി മാറുന്നു. ഭര്‍ത്താവ് ഭാര്യയുടെ അടുത്തേക്ക് എല്ലാം മറന്ന് തിരിച്ചെത്തുകയാണ്. ഐദീന്‍ അടിയറവ് പറഞ്ഞാണ് വീണ്ടും നിഹാലിനെ തേടിയെത്തുന്നത്. യഥാര്‍ഥത്തില്‍ ഐദീന്‍ അവളെ വീണ്ടും കെട്ടിയിടുകയാണ്. സ്വാതന്ത്ര്യം അനുവദിക്കാതെ വീണ്ടും തോല്പിക്കുകയാണ്. എങ്കിലും, അവിടെ ഐദീന്റെ കീഴടങ്ങലുണ്ട്. അവസാനഭാഗത്ത് അയാളുടെ സഹോദരിയെ നമ്മള്‍ കാണുന്നില്ല. അവര്‍ തിരിച്ചുപോയിക്കാണും. ഒറ്റപ്പെടലിന്റെ ദുസ്സഹത ഐദിനിലെ എഴുത്തുകാരനെയും കലാകാരനെയും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചതാകാം. 

ക്ലൈമെറ്റ്‌സും വിന്റര്‍ സ്ലീപ്പും അവസാനിക്കുന്നത്് കടുത്ത ശൈത്യത്തിലാണ് . ശീര്‍ഷകങ്ങളുടെ കാര്യത്തിലും ഇരുചിത്രങ്ങള്‍ക്കും സാദൃശ്യമുണ്ട്. കനത്ത മഞ്ഞുവീഴ്ചയില്‍ പുറംലോകത്തിന്റെ കാഴ്ച മങ്ങിപ്പോകുന്ന നായികയുടെ ദൃശ്യത്തിലാണ് ക്ലൈമെറ്റ്‌സ് അവസാനിക്കുന്നത്. വിന്റര്‍ സ്ലീപ്പിലാകട്ടെ, കഠിനശൈത്യത്തിന്റെ എല്ലാ ദുര്‍ഘടസന്ധികളും മറികടക്കുന്ന നായകനെയാണ് നമ്മള്‍ കാണുന്നത്. 

tsureshbabumbi@gmail.com

യുദ്ധാനന്തരം

ബോസ്‌നിയന്‍ ചലച്ചിത്രകാരനായ ഡാനിസ് തനോവിക്ക് എന്ന നാല്‍പ്പത്തിയാറുകാരന് ബോസ്‌നിയന്‍ യുദ്ധം ഇനിയും മറക്കാറായിട്ടില്ല. സിനിമക്കാരനാകും മുമ്പ് ബോസ്‌നിയന്‍ സേനക്കൊപ്പം പോയി യുദ്ധമുന്നണിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് തനോവിക്ക്്. പില്‍ക്കാലത്ത് ബോസ്‌നിയന്‍ സംഘര്‍ഷം ഇതിവൃത്തമാക്കി സിനിമയെടുത്തപ്പോള്‍ ജീവനുള്ള ഈ ദൃശ്യങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷഭൂമിയെയും സംഘര്‍ഷം ആഘാ
ഡാനിസ് തനോവിക്ക് സംവിധാനം ചെയ്ത ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' ( An episode in the life of an iron picker ) എന്ന സിനിമ യുദ്ധാനന്തര ബോസ്‌നിയയിലെ ദുരിതജീവിതങ്ങളെ രേഖപ്പെടുത്തുന്നു

ബോസ്‌നിയന്‍ ചലച്ചിത്രകാരനായ ഡാനിസ് തനോവിക്ക് എന്ന നാല്‍പ്പത്തിയാറുകാരന് ബോസ്‌നിയന്‍ യുദ്ധം ഇനിയും മറക്കാറായിട്ടില്ല. സിനിമക്കാരനാകും മുമ്പ് ബോസ്‌നിയന്‍ സേനക്കൊപ്പം പോയി യുദ്ധമുന്നണിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് തനോവിക്ക്്. പില്‍ക്കാലത്ത് ബോസ്‌നിയന്‍ സംഘര്‍ഷം ഇതിവൃത്തമാക്കി സിനിമയെടുത്തപ്പോള്‍ ജീവനുള്ള ഈ ദൃശ്യങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷഭൂമിയെയും സംഘര്‍ഷം ആഘാതമേല്‍പ്പിച്ച സ്വന്തം ജനതയെയും കേന്ദ്രീകരിച്ച് കരുത്തുറ്റ മൂന്നു സൃഷ്ടികള്‍ തനോവിക്ക്് ലോകസിനിമക്ക്് സംഭാവന ചെയ്തിട്ടുണ്ട്. നോ മാന്‍സ് ലാന്‍ഡ് (2002 ), ബാഗേജ് (2011 ), ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ (2013) എന്നീ ചിത്രങ്ങളില്‍ യുദ്ധവും യുദ്ധാനന്തര അതിജീവനവുമാണ് അദ്ദേഹം വിഷയമാക്കിയിരിക്കുന്നത്.

യുഗോസ്ലാവിയയുടെ ശിഥിലീകരണത്തെത്തുടര്‍ന്നുണ്ടായ ബോസ്‌നിയന്‍ യുദ്ധം ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ബോസ്‌നിയ-ഹെര്‍സെഗോവിനയില്‍ 1992 ഏപ്രില്‍ ആറിന് തുടങ്ങിയ യുദ്ധം 1995 ഡിസംബര്‍ 14 നാണ് അവസാനിച്ചത്. ബോസ്‌നിയ-ഹെര്‍സെഗോവിന 1992 മാര്‍ച്ച് മൂന്നിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാണ് ബോസ്‌നിയന്‍ സെര്‍ബുകളെ പ്രകോപിപ്പിച്ചത്. മൂന്നര വര്‍ഷം നീണ്ട യുദ്ധത്തില്‍ 22 ലക്ഷം പേര്‍ ഭവനരഹിതരായി. കാണാതായ 10,500 ബോസ്‌നിയക്കാരെപ്പറ്റി ഇപ്പോഴും ഒരു വിവരവുമില്ല. യുദ്ധകാലത്ത് കൂട്ടക്കൊലക്കിരയായവരെ കുഴിച്ചുമൂടിയ ഒട്ടേറെ ശവക്കുഴികള്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. ഇതില്‍ ഏറ്റവുമൊടുവിലത്തേത് കണ്ടെത്തിയത് 2014 ജൂലായില്‍ റിജെദോര്‍ പട്ടണത്തിനടുത്തുള്ള തൊമാസിക്കയിലാണ്. 284 മൃതദേഹങ്ങളുണ്ടായിരുന്നു ആ ശവക്കുഴിയില്‍. യുദ്ധത്തിന്റെ ഭീകരാവസ്ഥ ഇതുമാത്രമല്ല. ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനുമിടക്ക് ബോസ്‌നിയാക് വനിതകള്‍ യുദ്ധകാലത്ത്് ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തിയത്.

ബോസ്‌നിയന്‍ യുദ്ധത്തെ ആധാരമാക്കി ഒട്ടേറെ സിനിമകള്‍ രൂപം കൊണ്ടിട്ടുണ്ട്. ദ ഹണ്ടിങ് പാര്‍ട്ടി, ബിഹൈന്‍ഡ് എനിമി ലൈന്‍സ്, ദ പീസ്‌മേക്കര്‍, ഇന്‍ ദ ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി, ബ്യൂട്ടിഫുള്‍ പീപ്പിള്‍, ടെറിട്ടോറിയോ കൊമാന്‍ഷെ, ഡമണ്‍സ് ഓഫ് വാര്‍, നോ മാന്‍സ് ലാന്‍ഡ്, ഗ്രവീക്ക, ദ പെര്‍ഫെക്ട് സര്‍ക്കിള്‍സ്, സേവിയര്‍, ലൈഫ് ഈസ് എ മിറക്കിള്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഇതില്‍ നോ മാന്‍സ് ലാന്‍ഡ്, ഗ്രവീക്ക, ദ പെര്‍ഫെക്ട് സര്‍ക്കിള്‍സ് എന്നിവ ബോസ്‌നിയന്‍ സിനിമകളാണ്. സേവിയറും ലൈഫ് ഈസ് മിറക്കിളും സെര്‍ബിയന്‍ ചിത്രങ്ങളും. എല്ലാ സിനിമകളും യുദ്ധത്തിന്റെ മനുഷ്യത്വരഹിതമായ അവസ്ഥയിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. എങ്കിലും, നമ്മുടെ മനസ്സില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചത് ഡാനിസ് തനോവിക്ക് സംവിധാനം ചെയ്ത ' നോമാന്‍സ് ലാന്‍ഡ് ' എന്ന ചിത്രമാണ്. 2002 ല്‍ മികച്ച വിദേശഭാഷാസിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് ' നോ മാന്‍സി ' നായിരുന്നു. ബര്‍ലിന്‍ മേളയില്‍ ജൂറിസമ്മാനവും നേടി. വിവിധ ചലച്ചിത്രമേളകളില്‍ നിന്നായി 42 അന്താരാഷ്ട്ര ബഹുമതികളാണ് ഈ ചിത്രം കരസ്ഥമാക്കിയത്.

തനോവിക്കിന്റെ ആദ്യത്തെ മുഴുനീള കഥാചിത്രമാണ് ' നോ മാന്‍സ് ലാന്‍ഡ്'. ബോസ്‌നിയ-സെര്‍ബിയ അതിര്‍ത്തിക്കടുത്ത് ഇരുരാജ്യങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത ഭൂമിയിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിക്കി, സേര എന്നീ ബോസ്‌നിയന്‍ സൈനികരും നോനി എന്ന സെര്‍ബിയന്‍ സൈനികനുമാണ് പ്രധാന കഥാപാത്രങ്ങള്‍. ശത്രുസൈന്യം വെച്ച ഒരു മൈനിനു മുകളില്‍ അനങ്ങാനാവാതെ, ഏതു നിമിഷവും കടന്നെത്താവുന്ന അരൂപിയായ മരണത്തെ ഭീതിയോടെ തുറിച്ചുനോക്കി മലര്‍ന്നുകിടക്കുന്ന സേര എന്ന സൈനികന്‍ എന്നും പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഓര്‍മയാണ്. സേരയെ സ്വന്തം വിധിക്കു വിട്ടുകൊടുത്താണ് തനോവിക്ക് സിനിമ അവസാനിപ്പിക്കുന്നത്. ആരുടേതുമല്ലാത്ത ആ ഭൂമിയില്‍ നിന്ന് സന്ധ്യയാവുന്നതോടെ രക്ഷപ്പെടാമെന്നായിരുന്നു മൂന്നു സൈനികരുടെയും വിശ്വാസം. പക്ഷേ, സേരയേക്കാള്‍ മുന്നേ മരണത്തിലേക്കു നടന്നുകയറി ചിക്കിയും നോനിയും. മൈന്‍ നിര്‍വീര്യമാക്കി സേരയെ രക്ഷിക്കാനെത്തുന്ന ജര്‍മന്‍ ബോംബു വിദഗ്ദന്‍ നിസ്സഹായനായി പിന്മാറുന്നതാണ് അവസാനരംഗത്ത് നമ്മള്‍ കാണുന്നത്. അതിര്‍ത്തികള്‍ക്കിടയില്‍ തീര്‍ത്ത വലിയ കിടങ്ങില്‍ ഏതു സമയത്തും ഒരു പൊട്ടിത്തെറിക്കു കാതോര്‍ത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന സേരയെ ഇരുള്‍ വന്നുമൂടുമ്പോള്‍ തനോവിക്കിന്റെ ക്യാമറ രംഗത്തുനിന്ന് കണ്ണുകള്‍ തിരിച്ചെടുക്കുകയാണ്. ഇവിടെ, ആത്യന്തികമായി ഏതെങ്കിലും യുദ്ധം ആരെങ്കിലും പൂര്‍ണമായും ജയിച്ചിട്ടുണ്ടോ എന്ന സന്ദേഹം ബാക്കിവെക്കുന്നു സംവിധായകന്‍.

'നോ മാന്‍സി' നു ശേഷവും ബോസ്‌നിയന്‍ യുദ്ധസ്മരണ തനോവിക്കിനെ വിട്ടുപോയില്ല. യുദ്ധം അവസാനിച്ച് 16 വര്‍ഷത്തിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വസിനിമയാണ് ' ബാഗേജ് '. 25 മിനിറ്റേയുള്ളു ഈ സിനിമ. പക്ഷേ, നമ്മുടെ ഹൃദയം ആര്‍ദ്രമാക്കും ഇതിലെ കരുത്തുറ്റ ഫ്രെയിമുകള്‍ . യുദ്ധവേളയില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുള്ള മനുഷ്യരെയാണ് ഈ ചിത്രത്തില്‍ തനോവിക്കിന്റെ ക്യാമറ അന്വേഷിച്ചു ചെല്ലുന്നത്. യുദ്ധത്തില്‍ മാതാപിതാക്കള്‍ മരിച്ച അമീര്‍ എന്ന ചെറുപ്പക്കാരന്റെ വേദനയാണ് ഈ സിനിമ പങ്കിടുന്നത്. സ്വീഡനില്‍ കുടുംബസമേതം കഴിയുന്ന അമീര്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കിട്ടി എന്ന അറിയിപ്പിനെത്തുടര്‍ന്ന് നാട്ടിലേക്ക് വരികയാണ്. സാരോയെവോയില്‍ അധികൃതര്‍ കാട്ടിക്കൊടുത്ത മൃതദേഹങ്ങള്‍ പക്ഷേ, അവന്റെ പ്രിയപ്പെട്ടവരുടേതായിരുന്നില്ല. നിരാശനായി മടങ്ങുമ്പോഴാണ് ബാല്യകാല സുഹൃത്തിനെ കണ്ടത്. മിലാദിന്‍ എന്ന വയോധികനെ സമീപിച്ചാല്‍ കൃത്യമായ വിവരം കിട്ടുമെന്ന് സുഹൃത്ത് പറയുന്നു. പക്ഷേ, അയാള്‍ക്ക് പണം കൊടുക്കണം. ചോദിക്കുന്നതെന്തും നല്‍കാന്‍ അമീര്‍ തയ്യാറായിരുന്നു. 5000 യൂറോ കിട്ടിയപ്പോള്‍ മിലാദിന്‍ ഒരു കുഴിമാടം കാട്ടിക്കൊടുക്കുന്നു. മാതാപിതാക്കളുടെ വസ്ത്രങ്ങളും ഷൂവും വാച്ചും അവന്‍ തിരിച്ചറിയുന്നു. രണ്ട് തലയോട്ടികളും കുറച്ച് എല്ലുകളുമെല്ലാം കനിവോടും ആദരവോടും പെറുക്കിയെടുത്ത് തന്റെ സ്യൂട്ട്‌കെയ്‌സിലാക്കി വിതുമ്പലോടെ അമീര്‍ തിരിച്ചുപോവുകയാണ്. യുദ്ധം അവശേഷിപ്പിക്കുന്ന മുറിപ്പാടുകള്‍ മാത്രമല്ല തനോവിക്ക് ' ബാഗേജി ' ലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദുരന്തങ്ങളില്‍ നിന്ന് , വേദനകളില്‍ നിന്ന്്് മുതലെടുക്കാനുള്ള മനുഷ്യന്റെ ആര്‍ത്തിയും അദ്ദേഹത്തെ ദു:ഖിപ്പിക്കുന്നു.

സൈനികനായിരുന്ന തന്റെ ജീവിതം പാഴിരുമ്പിനു സമാനമാണെന്നു പറഞ്ഞു കേഴുന്ന നാസിഫിന്റെ കഥയാണ് ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' എന്ന സിനിമ. എഴുപത് മിനിറ്റേയുള്ളു ഈ യുദ്ധാനന്തര സിനിമ. അധികം ആള്‍ക്കാരൊന്നുമില്ലാത്ത വിദൂരമായ ഒരു ഗ്രാമത്തിലേക്കാണ് ക്യാമറയുടെ യാത്ര. നാലു കൊല്ലം സൈന്യത്തിലുണ്ടായിരുന്ന നാസിഫിന്റെ കുടുംബത്തിലൂടെ യുദ്ധാനന്തര ഗ്രാമീണജീവിതം രേഖപ്പെടുത്തുകയാണ് സംവിധായകന്‍. ലളിതമായ കഥാഖ്യാനം. ക്യാമറക്കു മുമ്പില്‍ അഭിനയിക്കാനറിയാത്ത മനുഷ്യര്‍. ഓരോ കഥാപാത്രത്തിന്റെയും കൂടെ നടക്കുകയാണ് ക്യാമറ. ഒരു കുടുംബത്തിന്റെ രണ്ടോ മൂന്നോ ദിവസത്തെ ജീവിതം. അപ്പോഴേക്കും ബോസ്‌നിയയിലെ ഗ്രാമജീവിതത്തിന്റെ എല്ലാ ദൈന്യതയും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കടന്നുവരുന്നു.

ഭാര്യ സെനാദയും ചെറിയ രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് നാസിഫിന്റെ കുടുംബം. വീണ്ടും ഗര്‍ഭിണിയാണ് സെനാദ. വേണ്ട രീതിയിലുള്ള പരിചരണം കിട്ടാത്തതിന്റെ ക്ഷീണം അവളുടെ മുഖത്തു കാണാം. പഴയ വാഹനങ്ങള്‍ തല്ലിപ്പൊളിച്ച് നഗരത്തിലെ ഇരുമ്പു കച്ചവടക്കാര്‍ക്ക് കൊണ്ടുകൊടുത്താണ് നാസിഫ് കുടുംബം പുലര്‍ത്തുന്നത്. ഒരു പഴയ കാറുണ്ടയാള്‍ക്ക്്. വല്ലപ്പോഴുമേ അത് പുറത്തെടുക്കൂ. മഞ്ഞിന്റെ ആവരണത്തില്‍ സദാ ഉറങ്ങിക്കിടക്കുന്ന ഒരു ചുവന്ന കാര്‍. നാലു കൊല്ലം നാസിഫ് സൈന്യത്തിലുണ്ടായിരുന്നു. പിരിഞ്ഞത്് വെറും കൈയോടെ. ഗ്രാമത്തിലുണ്ടായ ബോംബാക്രമണത്തില്‍ ഒരു സഹോദരനും മരിച്ചു. പെന്‍ഷനില്ല നാസിഫിന്. ക്ഷേമാനുകൂല്യങ്ങളില്ല. മക്കള്‍ക്ക്്് കിട്ടുന്ന അലവന്‍സില്ല. യുദ്ധകാലത്ത്് കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമായിരുന്നു എന്നയാള്‍ സങ്കടപ്പെടുന്നു. സെനാദക്ക്് അടിവയറ്റില്‍ വേദന വന്നപ്പോള്‍ ആസ്പത്രിയില്‍ കൊണ്ടുപോകുന്നു. ഗര്‍ഭസ്ഥശിശു മരിച്ചുപോയി. അവള്‍ക്കുടനെ സര്‍ജറി വേണം. ഇന്‍ഷുറന്‍സുണ്ടെങ്കിലേ സൗജന്യ ചികിത്സ കിട്ടൂ. ഭാര്യക്ക്്് ഇന്‍ഷുറന്‍സില്ല. പണമടയ്ക്കാന്‍ നാസിഫിന് നിവൃത്തിയുമില്ല. ആസ്പത്രിക്കാര്‍ അവരെ നിഷ്‌കരുണം തിരിച്ചയക്കുന്നു. ഒടുവില്‍, സെനാദയുടെ സഹോദരിയുടെ ഇന്‍ഷുറന്‍സ് കാര്‍ഡ് വാങ്ങി ആള്‍മാറാട്ടം നടത്തിയാണ് ആ കുടുംബം ചികിത്സ നേടുന്നത്.

ലോകത്തെക്കുറിച്ച് ഒരാള്‍ക്കുള്ള കാഴ്ച്ചപ്പാടാണ് സിനിമയിലൂടെ വ്യക്തമാകുന്നത് എന്നു വിശ്വസിക്കുന്നയാളാണ് ഡാനിസ് തനോവിക്ക്. ' ഞാനെന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. പക്ഷേ, അവിടെ നടക്കുന്നതൊന്നും എനിക്കിഷ്ടപ്പെടുന്നില്ല. അതിലെനിക്ക് രോഷവും ദു:ഖവുമുണ്ട് ' -ഒരഭിമുഖത്തില്‍ തനോവിക്ക് പറഞ്ഞു. ആ രോഷവും ദു:ഖവുമാണ് ' ആന്‍ എപ്പിസോഡി ' ലൂടെ തനോവിക്ക് പ്രകടിപ്പിക്കുന്നത്. ഭരണകൂടത്തോടുള്ള കടുത്ത പ്രതിഷേധമായിത്തീരുന്നു ഈ സിനിമ. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് അദ്ദേഹം ഈ സിനിമയെടുത്തത്. ഭരണകൂടത്തിന്റെ അവഗണനക്കിരയായ ആ കുടുംബത്തെത്തന്നെ ചിത്രത്തില്‍ കഥാപാത്രങ്ങളാക്കുകയും ചെയ്തു. അതുകൊണ്ടാവാം പല സന്ദര്‍ഭങ്ങളിലും ഡോക്യുമെന്ററിയോട് അടുത്തുപോകുന്നുണ്ട്് ഈ സിനിമ.

എടുത്തുപറയാന്‍ ഭാവതീവ്രതയുള്ള ഒരു ഇതിവൃത്തമില്ല ഈ ചിത്രത്തിന്. പക്ഷേ, ഓരോ ദൃശ്യത്തിലും നിറഞ്ഞുനില്‍ക്കുന്ന ഒരുതരം ദൈന്യതയുണ്ട്്. അതാണ് ഈ സിനിമയെ നമുക്ക്് പ്രിയപ്പെട്ടതാക്കുന്നത്. യുദ്ധകാലമായിരുന്നു ഇതിലും ഭേദമെന്ന്് പറയുന്നതിലേക്ക് നാസിഫിനെ കൊണ്ടു ചെന്നെത്തിച്ച രാജ്യത്തിന്റെ ദുരവസ്ഥയാണ് തനോവിക്കിനെ വേദനിപ്പിക്കുന്നത്. ഒരു സൈനികന്റെ ആത്മാഭിമാനം എപ്പോഴും കാത്തുസൂക്ഷിക്കുന്ന നാസിഫിനു ആകെയുണ്ടായിരുന്നത്് ആ പഴഞ്ചന്‍ കാറാണ്. ഭാര്യയുടെ തുടര്‍ചികിത്സക്ക്്് മരുന്നു വാങ്ങാനും കറണ്ട്് ബില്ലടയ്ക്കാനും അയാള്‍ക്ക് ആ കാര്‍ തല്ലിപ്പൊളിച്ച് വില്‍ക്കേണ്ടി വരുന്നു. നാസിഫിന്റെ ജീവിതത്തിന് ഇങ്ങനെയൊരു വ്യതിയാനം വരുത്തി ഇരുമ്പു സാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന ഒരാളുടെ ജീവിതത്തില്‍ നിന്ന് എന്ന സിനിമാശീര്‍ഷകത്തെ സംവിധായകന്‍ ന്യായീകരിക്കുന്നു. ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി ആള്‍മാറാട്ടം നടത്തിയതിന് നാസിഫും ഭാര്യയും ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാക്കാന്‍ യുദ്ധമുന്നണിയില്‍ പൊരുതിയ സൈനികന് കററന്റ്് ബില്ലടയ്ക്കാന്‍ ഒരു ദിവസം പോലും സാവകാശം നല്‍കാത്ത അധികൃതരുടെ നിഷ്ഠുരത തനോവിക്ക് നമുക്ക് കാണിച്ചുതരുന്നുണ്ടല്ലോ?

നാസിഫ് ഭാര്യയുടെ ചികിത്സക്കും പഴയ ഇരുമ്പസാധനങ്ങള്‍ വില്‍ക്കാനും പോകുമ്പോള്‍ മാത്രമാണ് ഈ സിനിമയില്‍ നഗരക്കാഴ്ചകള്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രാമത്തിലെ സൗഹൃദമോ സഹകരണമോ കാരുണ്യമോ ഒന്നും നഗരത്തില്‍ കാണുന്നില്ല. അവിടെ നാസിഫും ഭാര്യയും ഒറ്റപ്പെട്ടുപോവുകയാണ്. കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്രമങ്ങളുടെ കാര്‍ക്കശ്യത്തിനു മുന്നില്‍ അവര്‍ നിസ്സഹായരായി , വാക്കുകള്‍ കിട്ടാതെ നിശ്ശബ്ദരായി നിന്നുപോകുന്നു. രാജ്യപുരോഗതി സൂചിപ്പിക്കാനെന്നോണം കാര്‍യാത്രക്കിടെ ഒന്നുരണ്ടു തവണ ബോസ്‌നിയയിലെ വൈദ്യുതനിലയങ്ങള്‍ സംവിധായകന്‍ പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്്. ഇപ്പുറത്ത്, കറന്റ് ബില്ലടയ്ക്കാന്‍ വൈകിയ നാസിഫിന്റെ വീട്ടിലെ ഫ്യൂസൂരാന്‍ വൈദ്യുതിവകുപ്പ് കൈക്കൊള്ളുന്ന തിടുക്കവും അദ്ദേഹം കാണിച്ചുതരുന്നു.

' നോ മാന്‍സ് ലാന്‍ഡി ' നു പുറമേ ' സര്‍ക്കസ് കൊളംബിയ ( 2010 ), ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' ( 2013 ) എന്നീ തനോവിക്ക് ചിത്രങ്ങളും മികച്ച വിദേശഭാഷാസിനിമക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുകയുണ്ടായി.

tsureshbabumbi@gmail.com

Friday, September 4, 2015

പൊളാന്‍സ്‌കിയുടെ 'നാടകങ്ങള്‍'

ടി സുരേഷ്ബാബു

പ്രശസ്ത പോളിഷ് സംവിധായകനായ റൊമാന്‍ പൊളാന്‍സ്‌കി അര നൂറ്റാണ്ടായി സിനിമാരംഗത്തുണ്ട്. ഇപ്പോള്‍ പ്രായം 82. സിനിമയാണ് അദ്ദേഹത്തിന് ജീവിതം. ഈ ചലച്ചിത്രകാരനെ പ്രായത്തിന് ഇതുവരെ തളര്‍ത്താനായിട്ടില്ല. പ്രായം കൂടുംതോറും കൂടുതല്‍ ഊര്‍ജസ്വലനാവുകയാണ് അദ്ദേഹം. ' നൈഫ് ഇന്‍ ദ വാട്ടര്‍ ' എന്ന സിനിമയിലൂടെ പൊളാന്‍സ്‌കി സംവിധാനരംഗത്ത് വന്നിട്ട് 53 വര്‍ഷമായി. ' ദ പിയാനിസ്റ്റി ' ലൂടെ അദ്ദേഹം ലോകപ്രശസ്തനായി. 2010 ല്‍ ' ദ ഗോസ്റ്റ് റൈറ്റര്‍ ' എന്ന അസാധാരണ സസ്‌പെന്‍സ് ചിത്രമെടുത്ത പൊളാന്‍സ്‌കി 2011 ലും 13 ലും ഓരോ സിനിമ സംവിധാനം ചെയ്തു. 2011 ല്‍ ' കാര്‍നിജ് ' ( Carnage ), 13ല്‍ ' വീനസ് ഇന്‍ ഫര്‍ ' ( Venus in fur ). 

പതിനാലാം വയസ്സില്‍ നാടകനടനായാണ് പൊളാന്‍സ്‌കി കലാജീവിതത്തിന് തുടക്കമിട്ടത്. ' തിയേറ്ററിന്റെ മണം ' അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. ആദ്യകാലത്ത് കുറേ നാടകങ്ങളും ഓപ്പറെകളും സംവിധാനം ചെയ്തു. തുടര്‍ന്നാണ് സിനിമയിലേക്ക് കടന്നത്. പൊളാന്‍്‌സകിയുടെ ഇരുപത്തിയൊന്നുകാരിയായ മകള്‍ മോര്‍ഗെയിന്‍ ലണ്ടനില്‍ അഭിനയം പഠിക്കുകയാണ്. ഭാര്യ ഇമാനുവല്‍ സീഗ്‌നര്‍ അറിയപ്പെടുന്ന നടിയാണ്. 

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആഡം ലാങ്ങിന്റെ ആത്മകഥ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലെത്തുന്ന ബ്രിട്ടീഷുകാരനായ കൂലിയെഴുത്തുകാരനാണ് ' ഗോസ്റ്റ് റൈറ്ററി ' ലെ നായകന്‍. കഥ പുരോഗമിക്കവെ എഴുത്തുകാരനില്‍ നിന്ന് അയാള്‍ക്ക് കുറ്റാന്വേഷകന്റെ റോളിലേക്കും മാറേണ്ടിവരുന്നു. പുസ്തകം പൂര്‍ത്തിയാക്കുന്നതോടൊപ്പം ഒട്ടേറെ രഹസ്യങ്ങളുടെ കലവറയും അയാള്‍ തുറന്നിടുന്നു. ഈ സിനിമയുടെ നിര്‍മാണകാലത്താണ് പഴയൊരു ലൈംഗികപീഡനക്കേസില്‍ പൊളാന്‍സ്‌കി അറസ്റ്റിലായത്. 2010 മേയില്‍ ജയില്‍മോചിതനായ അദ്ദേഹം ആദ്യം ചെയ്തത് തന്റെ സിനിമ പൂര്‍ത്തിയാക്കലാണ്. 

കാര്‍നിജ്, വീനസ് ഇന്‍ ഫര്‍ എന്നീ സിനിമകള്‍ക്ക് ഇതിവൃത്തത്തിലും അവതരണത്തിലും സിനിമയേക്കാള്‍ അടുപ്പം നാടകത്തോടാണ്. പ്രശസ്ത നാടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടു ചിത്രങ്ങളും. ഇവ ഏകരംഗസിനിമകളാണ്. ഒറ്റ സ്ഥലത്തുമാത്രം കേന്ദ്രീകരിക്കുകയാണ് ക്യാമറ. കഥാപാത്രങ്ങളും കുറവാണ്. കാര്‍നിജില്‍ നാലും വീനസ്സില്‍ രണ്ടും. തുടര്‍ച്ചയായ സംഭാഷണങ്ങളിലൂടെയാണ് ഈ സിനിമകള്‍ മുന്നോട്ടുപോകുന്നത്. 

കുട്ടികള്‍ തമ്മില്‍ കളിക്കളത്തിലുണ്ടാകുന്ന തല്ല് തീര്‍ക്കാന്‍ രണ്ട് ദമ്പതിമാര്‍ നടത്തുന്ന അനുരഞ്ജന ചര്‍ച്ചകള്‍ കാടുകയറിപ്പോകുന്നതാണ് ' കാര്‍നിജി ' ന്റെ ഇതിവൃത്തം. യാസ്മിന റീസയുടെ നാടകമാണ് ഈ സിനിമക്കാധാരം. ഒരു വീട്ടിനകത്താണ് സംഭവങ്ങള്‍ നടക്കുന്നത്. അഭിഭാഷകനായ അലന്‍, ഓഹരിദല്ലാളായ ഭാര്യ നാന്‍സി, സെയില്‍സ്മാനായ മൈക്കിള്‍, എഴുത്തുകാരിയായ ഭാര്യ പെനെലോപ് എന്നിവരാണ് കഥാപാത്രങ്ങള്‍. അലന്റെ മകന്റെ തല്ലുകൊണ്ട് മൈക്കിളിന്റെ മകന് രണ്ടു പല്ലുകള്‍ നഷ്ടപ്പെടുന്നു. പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ അലനും ഭാര്യയും മൈക്കിളിന്റെ വീട്ടിലെത്തുന്നു. ഒത്തുതീര്‍പ്പുചര്‍ച്ചക്കിടെ വാക്കുകള്‍ പിടിവിട്ടുപോകുന്നതോടെ ദമ്പതിമാര്‍ തമ്മിലായി പിന്നെ വാക്കേറ്റം. നാലുപേരും നാലു വ്യക്തികളായി നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. പല കാര്യങ്ങളിലും അവര്‍ തമ്മില്‍ പൊരുത്തമില്ലെന്നും നമുക്ക് ബോധ്യപ്പെടുന്നു. 

ഒരു സംഭവത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി ദാമ്പത്യത്തിലെ പൊരുത്തക്കേടും രസക്കേടും വെളിപ്പെടുത്തുകയാണ് സംവിധായകന്‍. സ്വന്തം മക്കളെ ന്യായീകരിക്കാനുള്ള കഥാപാത്രങ്ങളുടെ അമിതവാഞ്ഛ, ഞാനെന്ന ഭാവത്തില്‍ നിന്നുണ്ടാകുന്ന വിട്ടുവീഴ്ചയില്ലായ്മ, സ്വന്തം തൊഴിലിനോടുള്ള അതിവൈകാരികബന്ധം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം സംവിധായകന്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നു. എല്ലാ പൊട്ടിത്തെറികളുടെയും നിരര്‍ഥകതയിലേക്ക് വിരല്‍ ചൂണ്ടിയാണ് സിനിമ അവസാനിക്കുന്നത്. ചിത്രാവസാനത്തില്‍ ദമ്പതിമാരെ വിട്ട് കളിക്കളത്തിലേക്ക് പോകുന്ന ക്യാമറ വിദൂരദൃശ്യത്തില്‍ നമുക്ക് കാട്ടിത്തരുന്നത് വഴക്ക് മറന്ന് വീണ്ടും സുഹൃത്തുക്കളായി മാറിയ കുട്ടികളെയാണ്. എല്ലാം കണ്ട് ഊറിച്ചിരിക്കുന്ന സംവിധായകനുണ്ട് ആ ക്യാമറക്കു പിന്നില്‍. 

രണ്ടു വിദൂരദൃശ്യങ്ങളിലാണ് ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. പ്രമേയത്തിനാധാരമായ പിള്ളേരുടെ കലഹവും അടിപിടിയും നടക്കുന്നത് ഒരു പാര്‍ക്കിലെ കളിക്കളത്തിലാണ്. ആ കളിക്കളത്തിലേക്കാണ് ക്യാമറ രണ്ടു തവണ വീടുവിട്ട് സഞ്ചരിക്കുന്നത്.് കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള വ്യത്യാസം കാട്ടിത്തരികയാണിവിടെ സംവിധായകന്‍. കടുത്ത പ്രശ്‌നങ്ങള്‍ എത്ര നിസ്സാരമായാണ് കുട്ടികള്‍ കൈകാര്യം ചെയ്യുന്നത് എന്ന് മുതിര്‍ന്നവരെ ബോധ്യപ്പെടുത്തി ക്യാമറ പിന്‍വാങ്ങുകയാണ്. 

പൊളാന്‍സ്‌കിയുടെ ആദ്യത്തെ ഫ്രഞ്ചു സിനിമയാണ് ' വീനസ് ഇന്‍ ഫര്‍ '. 1870 ല്‍ ഇറങ്ങിയ ' വീനസ് ഇന്‍ ഫര്‍സ് ' എന്ന പ്രശസ്ത നോവലിനെ ആധാരമാക്കി 2010 ല്‍ ഡേവിഡ് ഐവ് എഴുതിയ നാടകമാണ് സിനിമയാക്കിയത്.(ജര്‍മന്‍ ഭാഷയിലുള്ള ഈ നോവലിന്റെ കര്‍ത്താവ് ആസ്ട്രിയക്കാരനായ ലിയോ പോള്‍ വോന്‍ സാക്കര്‍ - മസോക്കാണ്.). ഭ്രമാത്മകമായ അന്തരീക്ഷത്തില്‍ ഒരു നാടകശാലയില്‍ രാത്രിയാണ് കഥ നടക്കുന്നത്. യാഥാര്‍ഥ്യവും ഭാവനയും ഈ സിനിമയില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. തന്റെ നാടകത്തില്‍ സെക്‌സിയായി അഭിനയിക്കാന്‍ ധൈര്യവും കഴിവുമുള്ള നടിയെത്തേടുന്ന എഴുത്തുകാരനും സംവിധായകനുമായ തോമസ് നൊവാച്ചെക്കാണ് നായകന്‍. അന്നത്തെ ഓഡിഷന്‍ ടെസ്റ്റ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ് അയാള്‍. ഇടിയും മഴയുമുള്ള ആ രാത്രി അയാളുടെ അടുത്തേക്ക് സുന്ദരിയായ നടി എത്തുന്നു. 

നാടകത്തില്‍ റോള്‍ കിട്ടുമെന്നു ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് അവളുടെ വരവ്. കഥാപാത്രത്തിനുവേണ്ട വസ്ത്രങ്ങള്‍പോലും വന്ദ ജോര്‍ദെയ്ന്‍ എന്ന നടി കരുതിയിട്ടുണ്ട്. നാടകവും അവള്‍ക്ക് കാണാപ്പാഠമാണ്. അവള്‍ക്ക് സമയം അനുവദിക്കാന്‍ സംവിധായകന് ഒട്ടും താത്പര്യമില്ലായിരുന്നു. ഒടുവില്‍, അവളുടെ നിര്‍ബന്ധത്തിന് അയാള്‍ വഴങ്ങുന്നു. നാടകത്തിന്റെ ആദ്യരംഗമൊന്ന് അഭിനയിക്കാമെന്നായി അയാള്‍. അവളുടെ അഭിനയവും സംഭാഷണം ഉരുവിടുന്ന രീതിയും സംവിധായകനെ ആകര്‍ഷിക്കുന്നു. സ്റ്റേജില്‍ എത്ര വെളിച്ചം വേണമെന്നുവരെ അവളാണ് തീരുമാനിക്കുന്നത്. നാടകശാല വിടാന്‍ തിടുക്കം കാട്ടിയിരുന്ന സംവിധായകന്‍ നടിയുടെ ആജ്ഞാശക്തിക്ക് കീഴടങ്ങുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത്. മൃദുരോമം കൊണ്ടുള്ള മേല്‍വസ്ത്രമണിഞ്ഞ് അര്‍ധനഗ്നയായി അവള്‍ നിന്നപ്പോള്‍ അയാളുടെ മുന്നില്‍ വീനസ് പുനര്‍ജനിക്കുകയായിരുന്നു. അവരിരുവരും കഥാപാത്രങ്ങളായിമാറി നാടകം ആടിത്തീര്‍ക്കുന്നു. 

നാടകത്തിനാധാരമായ നോവല്‍ മനോഹരമായ പ്രണയകഥയാണെന്നാണ് സംവിധായകന്റെ പക്ഷം. എന്നാല്‍, നടിയുടെ കാഴ്ചപ്പാടില്‍ അതൊരു അശ്‌ലീലകൃതിയാണ്. ഇണയുടെ ക്രൂരതയിലും മേല്‍ക്കോയ്മയിലും ആനന്ദം അനുഭവിക്കുന്ന ' സാഡോ മസോക്കിസം ' ( Sado - Masochism ) ആണ് അതിലെ ഇതിവൃത്തം എന്ന് അവള്‍ പറയുന്നു.
നാടകത്തിലും വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് സിനിമ കാണുമ്പോള്‍ നമുക്കും വ്യക്തമാകുന്നു.

' വീനസ് ഇന്‍ ഫര്‍ ' ഒരു നാടകം കാണുന്ന അനുഭവമാണ് നമുക്ക് തരുന്നത്. രംഗവേദി, കഥാപാത്രങ്ങളുടെ ചലനം, സംഭാഷണം, ദീപവിതാനം എന്നിവയൊക്കെ നാടകത്തിലേതുപോലെത്തന്നെ. ഒരു നാടകശാലയിലും അതിന്റെ രംഗവേദിയിലുമായാണ് ഒന്നര മണിക്കൂര്‍ നീണ്ട സിനിമ ദൃശ്യപ്പെടുത്തുന്നത്. തൊട്ടുമുമ്പ് അവിടെ വേറെയേതോ നാടകം കളിച്ചിട്ടുണ്ട്. അതിന്റെ അവശിഷ്ടം പോലെ ഒരു തൂണ്‍ സ്റ്റേജില്‍ അനാഥമായി നില്‍ക്കുന്നുണ്ട്. സംവിധായകനും നടിയും തമ്മില്‍ നാടകത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെ അവരിരുവരും സ്വയം കഥാപാത്രങ്ങളായി മാറുകയാണ്. നഗ്‌നയായി പ്രത്യക്ഷപ്പെടുന്ന വീനസ്സിനെ അവതരിപ്പിക്കാന്‍ തനിക്ക് തെല്ലും മടിയില്ലെന്ന് അവള്‍ പ്രഖ്യാപിക്കുന്നു. അവര്‍ അടിമയും ഉടമയുമായി മാറുന്നു. അടിമയാണെന്ന് പറയുമ്പോഴും സംവിധായകന്‍ തന്റെ മേലാളനാകാനാണ് ശ്രമിക്കുന്നതെന്ന് നടി കുറ്റപ്പെടുത്തുന്നു. അയാളില്‍ പൂര്‍ണ അധീശത്വമാണ് അവള്‍ കൊതിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള അവ്യാഖ്യേയ ബന്ധം, അധീശത്വം നേടാനും കീഴ്‌പ്പെടാനുമുള്ള പരസ്പര മത്സരം, പ്രണയം, കാമം എന്നീ വിഷയങ്ങളൊക്കെ പൊളാന്‍സ്‌കി ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നു.

ഫ്രഞ്ച് നടന്‍ മാത്യു അമല്‍റിക്, ഫ്രഞ്ച് നടി ഇമാനുവല്‍ സീഗ്‌നര്‍ എന്നിവരാണ് കഥാപാത്രങ്ങളായി വരുന്നത്. സീഗ്‌നര്‍ പൊളാന്‍സ്‌കിയുടെ ഭാര്യയാണ്. രണ്ടാഴ്ചത്തെ റിഹേഴ്‌സലും 27 ദിവസത്തെ ഷൂട്ടിങ്ങും കൊണ്ടാണ് ചിത്രം തീര്‍ത്തത്. പൊളാന്‍സ്‌കിയുടെ നാലാമത്തെ ചിത്രത്തിലാണ് സീഗ്‌നര്‍ അഭിനയിക്കുന്നത്. മാത്യു അമല്‍റിക്കുമൊത്ത് ' ഡൈവിങ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ ' എന്ന ഫ്രഞ്ച് സിനിമയില്‍ സീഗ്‌നര്‍ അഭിനയിച്ചിട്ടുണ്ട്. 

വിശ്രമജീവിതത്തിലേക്ക് കടക്കാനായിട്ടില്ലെന്നാണ് 82 ാം വയസ്സിലും പൊളാന്‍സ്‌കി കരുതുന്നത്. ഫ്രഞ്ച് പൗരത്വവുമെടുത്തിട്ടുള്ള പൊളാന്‍സ്‌കി ഇപ്പോള്‍ പാരീസിലാണ് കഴിയുന്നത്. വിശ്രമിക്കുന്നതിലല്ല, ജോലി ചെയ്യുന്നതിലാണ് യഥാര്‍ഥ ആനന്ദം താന്‍ കണ്ടെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ഫിബ്രവരിയിലോ മാര്‍ച്ചിലോ തുടങ്ങുകയാണ്. റോബര്‍ട്ട് ഹാരിസ് എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ ' ആന്‍ ഓഫീസര്‍ ആന്‍ഡ് എ സ്‌പൈ ' ( An Officer and a Spy ) എന്ന നോവലാണ് പുതിയ ചിത്രത്തിനാധാരം. രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫ്രഞ്ച് സൈനികനായ ആല്‍ഫ്രെഡ് ഡ്രെഫ്യൂസ് എന്ന ജൂതന്റെ കഥയാണ് ജൂതനായ പൊളാന്‍സ്‌കി സിനിമയാക്കുന്നത്. ജര്‍മന്‍കാര്‍ക്ക് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന സംശയത്തിലാണ് ആല്‍ഫ്രെഡിനെ ഫ്രഞ്ച് സര്‍ക്കാര്‍ ശിക്ഷിച്ചത്. നിരപരാധിയെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ പിന്നീട് വിട്ടയച്ചു. 

tsureshbabumbi@gmail.com


Saturday, September 6, 2014

സ്വത്വാന്വേഷണം


2013 ലെ മികച്ച സിനിമയ്ക്കുള്ള  ദേശീയ പുരസ്‌കാരം 
നേടിയ  'ഷിപ്പ് ഓഫ് തെസ്യൂസി' നെപ്പറ്റി 
കുട്ടിക്കാലത്ത് മാന്ത്രികനാകാനായിരുന്നു ആനന്ദ് ഗാന്ധിക്ക് മോഹം. പിന്നീട്, ഭൗതികശാസ്ത്രജ്ഞനാകണമെന്നായി. അവിടെയും നിന്നില്ല. തത്വചിന്തയോടായി  പിന്നത്തെ ഭ്രമം. കോളേജ് വിദ്യാഭ്യാസം അപൂർണമായി അവസാനിപ്പിച്ച ആനന്ദ് ഒടുവിൽ എത്തിപ്പെട്ടത് സിനിമയിൽ. ഇതിന് അദ്ദേഹത്തിനു പറയാൻ ന്യായമുണ്ട്. ഒരേസമയം മാന്ത്രികനും തത്വചിന്തകനും എഴുത്തുകാരനും നടനുമെല്ലാം  ആകാൻ പറ്റുന്നത് ചലച്ചിത്രകാരനാണെന്നാണ്  ആനന്ദിന്റെ വാദം. തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെത്തന്നെ സിനിമാലോകത്തിന്റെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു ആനന്ദ് ഗാന്ധി. ഫ്രഷിപ്പ് ഓഫ് തെസ്യൂസ്' (Ship of Thesues) എന്ന  ഹിന്ദിസിനിമയിൽ ഇരുത്തം വന്ന ഒരെഴുത്തുകാരനുണ്ട്. ജീവിത്തെക്കുറിച്ച്, അതിന്റെ മൂല്യത്തെയും നിരർഥകതയെയും കുറിച്ച് ആലോചിക്കുന്ന ഒരു തത്വചിന്തകനുണ്ട്. എല്ലാറ്റിനുമുപരി, സിനിമയെന്ന മാധ്യമത്തെ തന്റെ ചിന്താധാരകളിലൂടെ കൊണ്ടുപോകാൻ കെല്പുള്ള ഒരു  മാന്ത്രികന്റെ സാന്നിധ്യവുമുണ്ട് ഈ സിനിമയിൽ.
   
സ്വത്വ( Identity )ത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിപരീതത്വമാണ് തെസ്യൂസിന്റെ കപ്പൽ. തെസ്യൂസിന്റെ പാരഡോക്‌സ് എന്നും ഇതറിയപ്പെടുന്നു. ഗ്രീക്ക് ചിന്തകനായ പഌട്ടാർക്കാണ് ഈ വിപരീതപ്രസ്താവം ആദ്യം രേഖപ്പെടുത്തിയത്. ഒരു കപ്പലിന്റെ ദ്രവിച്ച പലകകളെല്ലാം മാറ്റി പുതിയവ വെച്ചാൽ ആ കപ്പൽ പഴയ കപ്പൽ തന്നെയാകുമോ, അതോ പുതിയ കപ്പലാകുമോ എന്ന ദാർശനിക സമസ്യയാണ്  പഌട്ടാർക്ക് ഉയർത്തി വിട്ടത്. ഈ ആശയത്തിന്റെ പിൻബലത്തിലാണ് ആനന്ദ് ഗാന്ധി ഫ്രഷിപ്പ് ഓഫ് തെസ്യൂസ്'  സംവിധാനം ചെയ്തത്. അവയവങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന മൂന്നു കഥാപാത്രങ്ങൾ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമ രേഖപ്പെടുത്തുന്നത്. അന്യന്റെ അവയവങ്ങൾ സ്വീകരിക്കുന്നയാൾക്ക് പഴയ അതേ വ്യക്തിയായി തുടരാനാവുമോ അതോ പുതിയ ആളായി മാറുമോ എന്ന സന്ദേഹമാണ് സിനിമ ഉയർത്തുന്നത്.
    പരീക്ഷണ നാടകങ്ങളിലാണ് ആനന്ദിന്റെ കലാപ്രവർത്തനത്തിന്റെ തുടക്കം. പിന്നെ,  ഹ്രസ്വചിത്ര സംവിധായകനായി. സോപ്പ് ഓപ്പറകളുടെ തിരക്കഥാകൃത്തായി. ആദ്യത്തെ ഹ്രസ്വചിത്രമായ ഫ്രറൈറ്റ് ഹിയർ റൈറ്റ് നൗ' (Right here right now) അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട് ഈ ചിത്രം. 2013-ൽ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഫ്രഷിപ്പ് ഓഫ് തെസ്യൂസ് ' ആണ് നേടിയത്. മുംബൈ നഗരത്തെ പശ്ചാത്തലത്തിൽ നിർത്തിക്കൊണ്ടാണ് ആനന്ദ് ഗാന്ധി ഈ സിനിമ രൂപപ്പെടുത്തിയത്. മുംബൈ പശ്ചാത്തലമാകുമ്പോഴും ഇത് ആ നഗരത്തിന്റെ കഥയായി മാറുന്നില്ല. കഥാപാത്രങ്ങൾക്ക് നിലയുറപ്പിച്ചു നിൽക്കാനുള്ള തറയായി മാത്രമേ നഗരത്തെ കാണാനാവൂ. മൂന്നു കഥാഖണ്ഡമായാണ് സിനിമയുടെ ഘടന. ഇവയിൽ മൂന്നു പ്രധാന കഥാപാത്രങ്ങൾ. പരസ്പരം അടുപ്പമില്ലെങ്കിലും ആശയതലത്തിൽ അവർക്ക് സാജാത്യമുണ്ട്.  ഒടുവിൽ മൂന്നു കഥാപാത്രങ്ങളും പരസ്പരമറിയാതെ ഒരുമിച്ച്, ഒരിടത്ത് ഒത്തുചേരുന്നു.
   
വ്യത്യസ്തത പുലർത്തുന്ന മൂന്നു കഥകളാണ് സംവിധായകൻ പറയുന്നത്. മൂന്നിനും ഒറ്റയ്ക്ക് നിൽക്കാനുള്ള ശേഷിയുണ്ട്.  എങ്കിലും, ഇതിവൃത്തത്തിന്റെ ഒഴുക്ക് ഒരേ ദിശയിലേക്കാണ്. ഒരേ ആശയത്തിലേക്കാണ്. തത്വചിന്താപരമായ യാത്രയാണ് തന്റേതെന്ന് സംവിധായകൻ പറയുന്നു. സത്യം, ശിവം, സുന്ദരം എന്ന ദാർശനികതലത്തിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. സത്യവും  ധർമനീതിയും  സൗന്ദര്യവും അന്വേഷിച്ചുള്ള യാത്രയാണത്. കഥാപാത്രങ്ങളിലൂടെ അത് സാക്ഷാത്കരിക്കാനാണ് ശ്രമം. മൂന്നു കഥാപാത്രങ്ങളിലും വെച്ച്  അദ്ദേഹത്തിന് കൂടുതൽ ചായ്‌വ് രണ്ടാമത്തെ ഖണ്ഡത്തിലെ ജൈനസന്യാസിയോടാണ്. സംവിധായകന്റെ ആരാധ്യപുരുഷന്മാരുടെ സങ്കലനമാണ് മൈത്രേയൻ എന്ന സന്യാസി. മഹാത്മാ ഗാന്ധിയും ജൈനചിന്തകൻ ശ്രീമദ് രാജചന്ദ്രയും ആക്ടിവിസ്റ്റ് അഭയ് മേത്തയും പരിസ്ഥിതിവാദി സതീഷ്‌കുമാറും പിന്നെ തന്റെ ഒരു ഭാഗവും ചേർന്നതാണ് മൈത്രേയൻ എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
   ലോകത്തെ തുറന്നുനോക്കുന്ന ഒരു കണ്ണിന്റെ സമീപദൃശ്യത്തിലാണ് സിനിമയുടെ തുടക്കം. അലിയ എന്ന അന്ധയായ ഫോട്ടോഗ്രാഫറെയും സുഹൃത്തിനെയുമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. നേത്രപടലത്തിൽ പഴുപ്പ് വന്ന് കാഴ്ചശക്തി നഷ്ടമായപ്പോഴാണ് അലിയ എന്ന ഇറാനിയൻ യുവതി ചിത്രമെടുപ്പിലേക്ക് തിരിഞ്ഞത്. വർണങ്ങളെ അവൾ അകറ്റി നിർത്തുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളേ അവൾ എടുക്കുന്നുള്ളു. ശബ്ദമാണവളെ പിടിച്ചുനിർത്തുന്നത്. ആ ശബ്ദത്തിൽ നിന്നാണ് അവൾ ഒരു ദൃശ്യം പിടിച്ചെടുക്കുന്നത്. അതിൽ നഗരത്തിലെയും ചേരികളിലെയും ജീവിതസ്പന്ദനങ്ങളുണ്ട്. ചിത്രങ്ങളിൽ തൊട്ടുനോക്കി അവൾ അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു.  രേഖപ്പെടുത്തി, സൂക്ഷിച്ചുവെച്ച്, പിന്നെ ഓർമകളാക്കി മാറ്റാനാണ് അവൾ ഫോട്ടോഗ്രഫിയിൽ അഭയം തേടിയത്. അവളെ പ്രോത്സാഹിപ്പിക്കാൻ എപ്പോഴും കൂട്ടുകാരൻ വിനയ് അടുത്തുണ്ട്. എങ്കിലും, അവൻ രക്ഷാകർത്താവായി ചമയുന്നത് അവൾക്കിഷ്ടമല്ല. തന്റെ ചിത്രങ്ങളെ ആരും പുകഴ്ത്തുന്നതും അലിയ ഇഷ്ടപ്പെടുന്നില്ല. വങ്കത്തരം നിറഞ്ഞ ഓപ്പറകൾ കണ്ട് സമയം പോക്കുന്ന ജനങ്ങൾ മതത്തിന്റെയും ആശയങ്ങളുടെയും പേരിൽ പോരടിക്കുകയാണെന്ന് അലിയ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അവർ തന്റെ ചിത്രങ്ങളെ വിലയിരുത്തേണ്ടെന്ന് അവൾ പറയുന്നു. ശസ്ത്രക്രിയയിലൂടെ വീണ്ടും കാഴ്ച കിട്ടുമ്പോൾ അവൾ മറ്റൊരാളായി മാറുന്നു. ശബ്ദവും കാഴ്ചയും അവളെ അമ്പരപ്പിക്കുന്നു. അവളുടെ ജീവിതത്തിലും ചിത്രങ്ങളിലും വർണങ്ങൾ തിരിച്ചെത്തുന്നു. എന്നിട്ടും അവൾ തൃപ്തയാണോ?  അല്ലെന്നാണ് സംവിധായകൻ നമ്മോട് പറയുന്നത്. കണ്ണു മാറ്റിവെച്ചതിലൂടെ കിട്ടിയ കാഴ്ചയുടെ അനുഗ്രഹം അപൂർണമാണെന്ന് അവൾ വിശ്വസിക്കുന്നു. പലപ്പോഴും കറുത്ത തുണി കണ്ണിൽക്കെട്ടി അവൾ സ്വയം ഇരുട്ടുണ്ടാക്കുന്നു. പ്രചോദനം കിട്ടാൻ മറ്റെവിടെയെങ്കിലും പോകണമെന്ന് അവൾ ആഗ്രഹിക്കുന്നു.  മഞ്ഞുവീഴുന്ന താഴ്‌വരയിൽ, ക്യാമറയുമായി ആഹ്ലാദവതിയായി ഇരിക്കുന്ന അലിയയെയാണ് അവസാനദൃശ്യത്തിൽ നമ്മൾ കാണുന്നത്. ഒരു മരപ്പാലത്തിൽ കാലുകൾ തൂക്കിയിട്ടിരുന്ന് പ്രകൃതിദൃശ്യം ആസ്വദിക്കുകയാണവൾ. നീലാകാശവും മലയും മഞ്ഞും അരുവിയും അവൾക്കുചുറ്റും പുതുലോകം തുറന്നിടുന്നു.
 
രണ്ടാമത്തെ ഖണ്ഡത്തിലെ നായകൻ ലോകനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ജൈനസന്യാസി മൈത്രേയനാണ്. ഈ ലോകം മനുഷ്യർക്കു മാത്രം അവകാശപ്പെട്ടതല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചെറിയ ജീവജാലങ്ങൾക്കുപോലും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. മൃഗങ്ങളിൽ മരുന്നുപരീക്ഷണം നടത്തുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി കൊടുക്കുന്നത് അഹിംസാവാദിയായ ഈ സന്യാസിയാണ്. കോടതിയിലെ വാദം കേൾക്കാൻ നഗരത്തിലൂടെ മഴയത്ത് നഗ്‌നപാദനായി സഞ്ചരിക്കുന്ന മൈത്രേയനെയാണ് നമ്മളാദ്യം കാണുന്നത്. ജീവിതത്തിൽ നിന്നും മരണത്തിൽ നിന്നും യഥാർഥമോചനം നേടി മോക്ഷം പ്രാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കരൾവീക്കം വന്നിട്ടും രോഗശാന്തിക്കായി മരുന്നു കഴിക്കാൻ വിസമ്മതിക്കുന്നു അദ്ദേഹം. ഈ ചിന്താഗതിയിൽ നിന്ന് ഭിന്നനായ  യുവസുഹൃത്ത്  ചാർവാകൻ എന്ന വക്കീലിനെയാണ് പിന്നെ നമ്മൾ പരിചയപ്പെടുന്നത്. മരുന്നു കഴിക്കാതെ സ്വന്തം ശരീരത്തെ എന്തിനു സ്വയം പീഡിപ്പിക്കണം എന്നതാണ് മൈത്രേയനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ടുതന്നെ ചാർവാകന്റെ ചോദ്യം. ചികിത്സ വേണ്ടെന്നുവെച്ച് ഉപവാസത്തിലൂടെ നിർവാണം പൂകാനുള്ള മൈത്രേയന്റെ ശ്രമം പരാജയപ്പെടുകയാണ്. മൃതപ്രായനായി കിടക്കുമ്പോൾ ഒരു വയോധികൻ വന്ന്  ഫ്രയഥാർഥത്തിൽ നമുക്ക് ആത്മാവുണ്ടോ' എന്നു ചോദിക്കുമ്പോൾ ഫ്രഎനിക്കറിഞ്ഞൂടാ' എന്നാണ് മൈത്രേയൻ നൽകുന്ന മറുപടി. മോക്ഷം നേടാൻ താൻ പ്രാപ്തനായിട്ടില്ലെന്ന് അദ്ദേഹത്തിന് സ്വയം ബോധ്യപ്പെടുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കീഴടങ്ങാനാണ് അദ്ദേഹം ഒടുവിൽ തീരുമാനിക്കുന്നത്.
    വൃക്ക മാറ്റിവെക്കലിന് വിധേയനായ നവീൻ എന്ന ഓഹരി ദല്ലാളാണ് അവസാനഖണ്ഡത്തിലെ പ്രധാന കഥാപാത്രം. പണത്തിൽ മാത്രമേ അയാൾക്ക് താത്പര്യമുള്ളൂ. എന്നാൽ, അയാളുടെ മുത്തശ്ശി നേരെ തിരിച്ചാണ്. ആക്ടിവിസ്റ്റായ അവർ പേരക്കുട്ടിയുടെ പണക്കൊതിയെ കണക്കിന് വിമർശിക്കുന്നു. ജീവിതത്തിൽ ആകെ വേണ്ടത് സന്തോഷവും സഹാനുഭൂതിയുമാണെന്നാണ് അവരുടെ വാദം. നമ്മുടെ ജീവിതം കൊണ്ട് സമൂഹത്തിന് എന്തെങ്കിലുമൊരു പ്രയോജനം വേണം. എങ്കിലേ അത് ജീവിതമാകുന്നുള്ളൂ. അടിമത്തത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടിയ മൂന്നു തലമുറയുടെ പ്രതിനിധിയാണ് താനെന്ന് ആ വയോധിക അഭിമാനം കൊള്ളുന്നു. ഈ പോരാട്ടങ്ങളൊക്കെ നടത്തിയത് തന്റെ പേരക്കുട്ടി അമേരിക്കക്കാരന്റെ അടിമയായി മാറുന്നത് കാണാനായിരുന്നോ എന്ന് അവർ സങ്കടപ്പെടുന്നു.  മുത്തശ്ശിയുടെ വാദഗതികളെ അസഹിഷ്ണുതയോടെ തള്ളുകയാണയാൾ. എങ്കിലും, അയാളിലും സഹാനുഭൂതിയുടെ അംശമുണ്ടെന്ന് പിന്നീടുള്ള കഥാഗതിയിൽ വ്യക്തമാകുന്നു. വൃക്കദാനത്തിലൂടെ വഞ്ചിക്കപ്പെട്ട ശങ്കറെന്ന തൊഴിലാളിയുടെ പ്രശ്‌നം നവീൻ ഏറ്റെടുക്കുകയാണ്. വൃക്ക സ്വീകരിച്ച വിദേശിയെ നിയമനടപടികളിലൂടെ മുട്ടുകുത്തിക്കാമെന്ന് നവീൻ പറയുമ്പോൾ ശങ്കർ എതിർക്കുന്നു. നീണ്ടുനീണ്ടുപോകുന്ന നിയമപ്പോരാട്ടത്തിലൂടെ നീതി തേടി ജീവിതം തുലയ്ക്കാൻ താനില്ലെന്ന് അയാൾ പറയുമ്പോൾ ആനന്ദ് ഗാന്ധി വിരൽ ചൂണ്ടുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മയിലേക്കാണ്.
  പ്രത്യാശയുടെ ലോകത്തേക്ക് വെളിച്ചം തുറന്നിട്ടുകൊണ്ടാണ് ആനന്ദ് ഗാന്ധി സിനിമ അവസാനിപ്പിക്കുന്നത്. തെളിഞ്ഞ, വിശാലമായ നീലാകാശവും വെളിച്ചത്തിന്റെ സമൃദ്ധിയും പല രംഗങ്ങളിലും ആവർത്തിക്കുന്നതു കാണാം. അവയവദാനത്തിന്റെ മഹത്വം പ്രഘോഷിക്കാൻ സംവിധായകൻ മടിക്കുന്നില്ല. അവയവങ്ങൾ സ്വീകരിച്ചവർ ഒരു ഹാളിൽ ഒരുമിച്ചുകൂടി വിഡിയോ കാണുന്നിടത്താണ് സിനിമ അവസാനിപ്പിക്കുന്നത്. അലിയയെയും മൈത്രേയനെയും നവീനെയും നമ്മൾ ഒരുമിച്ച് കാണുന്നത്  ഈ അവസാനദൃശ്യങ്ങളിലാണ്.
   നമ്മുടെ നിയമ, ജീവിത, സാമൂഹികാവസ്ഥകളെ നിശിതമായി ചോദ്യംചെയ്യുന്നുണ്ട് സംവിധായകൻ. കോടതിയിലെ വിതണ്ഡവാദങ്ങളും മൈത്രേയനും ചാർവാകനും തമ്മിലുള്ള ചർച്ചയുമൊക്കെ അദ്ദേഹം അതിരുവിടാതെ, സൂക്ഷ്മതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. തന്റെ കാഴ്ചപ്പാടുകളെ കഥാപാത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നതിൽ അസാധാരണ വിജയമാണ് ആനന്ദ് ഗാന്ധി നേടിയിരിക്കുന്നത്. ഏതുസമയത്തും ബോറടിയിലേക്കു വീഴാവുന്നതാണ് സിനിമയിലെ മിക്ക കഥാസന്ദർഭങ്ങളും. അവിടെയൊക്കെ അതിരുകടക്കാതെ, തിരക്കഥയെ കൃത്യമായി നിയന്ത്രിക്കുന്നുണ്ട് ആനന്ദ്. താത്വിക ചർച്ചകളൊക്കെ  കഥയുടെ സ്വാഭാവികമായ ഒഴുക്കിന്റെ ഭാഗമായി വന്നുചേരുകയാണ്. കഥാപാത്രങ്ങൾക്ക് മൈത്രേയൻ, ചാർവാകൻ, നവീൻ എന്നീ പേരുകളിട്ടതിൽപ്പോലും  ഔചിത്യവും സൂക്ഷ്മശ്രദ്ധയും പ്രകടമാണ്.
   തന്റെ കഥാപാത്രങ്ങളെ മുംബൈ നഗരപശ്ചാത്തലത്തിൽ കൊണ്ടുവന്നതിന് ആനന്ദിന് മറുപടിയുണ്ട്. ജൈനഭിക്ഷുവും അന്ധയായ ഫോട്ടോഗ്രാഫറും ഓഹരി ദല്ലാളുമൊന്നും ഈ ലോകത്തിനു പുറത്തുനിൽക്കുന്നവരല്ല.  മുംബൈ പോലുള്ള നഗരത്തിൽ അവരെക്കാണാം. അവരെല്ലാം ഇവിടെയെവിടെയോ നമുക്ക് ചുറ്റുമുണ്ട് - അദ്ദേഹം പറയുന്നു.

Saturday, June 28, 2014

അടിമയുടെ 12 വർഷം


അമേരിക്കയിലെ കരിമ്പിൻ തോട്ടങ്ങളിലും 
പരുത്തിപ്പാടങ്ങളിലും മാടുകളെപ്പോലെ പണിയെടുത്തിരുന്ന  
അടിമകളായ കറുത്ത വർഗക്കാരുടെ വിമോചനത്തിന്റെ
 വീരഗാഥയാണ് സംവിധായകൻ സ്റ്റീവ് മക്വീനിന്റെ 
 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് '  എന്ന ഹോളിവുഡ് സിനിമ 1841.ന്യൂയോർക്കിലെ സരട്ടോഗ. സോളമൻ നോർത്തപ്പ് എന്ന വയലിൻ വാദകന്റെ  ജീവിതഗതി മാറുന്നത് ഇവിടെ വെച്ചാണ്. ഹാമിൽട്ടൺ, ബ്രൗൺ എന്നീ വെള്ളക്കാരുടെ മോഹനവാഗ്ദാനമാണ് സോളമനെ ചതിച്ചത്. ഭാര്യ എലൈസയും രണ്ടു മക്കളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു അയാൾ. അതിനിടയ്ക്കാണ് അയാൾ ചതിയിൽ വീഴുന്നത്. ഒരു സർക്കസ് കമ്പനിയിൽ വയലിനിസ്റ്റിന്റെ ഒഴിവുണ്ടെന്നു പറഞ്ഞാണ് സോളമനെ വാഷിങ്ടണിലേക്ക് ക്ഷണിക്കുന്നത്. ഒരു ദിവസം ഒരു ഡോളർ കൂലി. രാത്രി ഷോയുണ്ടെങ്കിൽ  മൂന്നു ഡോളർ വേറെ. പക്ഷേ,  സോളമൻ സർക്കസ് കമ്പനിയിലല്ല എത്തിയത്. അടിമകളെ വിലക്കെടുക്കുന്ന ഒരാൾക്ക് ഹാമിൽട്ടണും ബ്രൗണും സോളമനെ വിൽക്കുകയായിരുന്നു. ഇരുട്ടുമുറിയിൽ ചങ്ങലയിൽ കിടക്കുന്ന സോളമനെയാണ് പിന്നീട് നമ്മൾ കാണുന്നത്. താൻ സ്വതന്ത്ര മനുഷ്യനാണെന്ന സോളമന്റെ വിലാപം ആ ഇരുട്ടുമുറിയിൽ ആരും കേൾക്കാതെ അമർന്നുപോയി. ജോർജിയയിൽ നിന്ന് ഓടിപ്പോന്ന അടിമയായി സോളമൻ മുദ്രകുത്തപ്പെട്ടു. അയാളുടെ സ്വന്തം പേർ വിസ്മൃതിയിലാണ്ടു. പകരം, പുതിയൊരു പേർ  ചാർത്തി നൽകി. പഌറ്റ്. 12 വർഷമാണ് പഌറ്റ് എന്ന പേരുംപേറി സോളമൻ നോർത്തപ്പ് ദുരിതജീവിതം നയിച്ചത്. കലാകാരനെന്നല്ല, ഒരു മനുഷ്യനായിപ്പോലും അയാൾക്ക് അംഗീകാരം കിട്ടിയില്ല. ഭാര്യയെയും മക്കളെയും അയാളിൽ നിന്നകറ്റി. ഒരു കന്നുകാലിയുടെ ജീവിതമാണ് അയാൾ 12 വർഷം ജീവിച്ചുതീർത്തത്. രോഷവും വേദനയുമടക്കി, തന്റെ സംഗീതോപകരണത്തെ മറന്ന്, പുറംലോകത്തെ മാറ്റങ്ങളറിയാതെ കടന്നുപോയ 12 വർഷങ്ങൾ. ഇരുളിൽ നിന്ന് വീണ്ടും വെളിച്ചത്തിലേക്ക് വരുന്ന സോളമൻ നോർത്തപ്പിന്റെ ജീവിതരേഖയാണ് റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് (Twelve years a slave  ) എന്ന ഹോളിവുഡ് സിനിമ. 
 
കറുത്ത വർഗക്കാരനായ ബ്രിട്ടീഷ് സംവിധായകൻ സ്റ്റീവ് മക്വീനിന് അടിമജീവിതം പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കേണ്ട അദ്ഭുതകഥകളല്ല. ഓർമ വെച്ച നാൾ മുതൽ  അദ്ദേഹം കേട്ടുതുടങ്ങിയതാണ് തന്റെ മുൻതലമുറയുടെ നരകജീവിതം. നെഞ്ചിലും മുതുകിലും ഒരു ഭാരം പോലെ അതെപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ട്. കരിമ്പിൻ തോട്ടങ്ങളിലും പരുത്തിപ്പാടങ്ങളിലും ആരുമറിയാതെ ചത്തൊടുങ്ങിയ ആയിരക്കണക്കിനു മനുഷ്യർ. അവരെക്കുറിച്ച് സിനിമയെടുക്കണമെന്ന് ആഗ്രഹിച്ചിട്ട് കാലമേറെയായി. ഒരിക്കൽ ഭാര്യയാണ് ചോദിച്ചത് എന്തുകൊണ്ട് യഥാർഥ സംഭവങ്ങളെ ആധാരമാക്കി ഈ സിനിമയെടുത്തുകൂടാ എന്ന്. ഭാര്യ തന്നെയാണ് സോളമൻ നോർത്തപ്പ് എന്ന മുൻ അടിമ എഴുതിയ ആത്മകഥ തിരഞ്ഞുപിടിച്ചത്. 1853ൽ പ്രസിദ്ധീകരിച്ച 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് ' എന്ന പുസ്തകത്തിന്റെ ഇതിഹാസ മാനമാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് സ്റ്റീവ് മക്വീൻ പറയുന്നു.  അടിമസമ്പ്രദായത്തിന്റെ വിശദാംശങ്ങൾ, അതിജീവനത്തിനായുള്ള മനുഷ്യന്റെ തളരാത്ത പോരാട്ടം,  കടുത്ത ജീവിതസാഹചര്യങ്ങളിലും കൈവിടാത്ത മാനവികത-ഇതെല്ലാമുണ്ട്  സോളമന്റെ അനുഭവസാക്ഷ്യത്തിൽ. 
    കർഷകനും വയലിനിസ്റ്റുമായ സോളമൻ 32ാമത്തെ വയസ്സിലാണ്  അടിമച്ചന്തയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. സരട്ടോഗ പട്ടണത്തിലായിരുന്നു അയാളും കുടുംബവും.  വിമോചിതനാക്കപ്പെട്ട അടിമയായിരുന്നു സോളമന്റെ പിതാവ്. അടിമ സമ്പ്രദായം നിലനിന്നിരുന്ന വാഷിങ്ടണിലേക്കാണ് സോളമനെ രണ്ടുപേർ സൂത്രത്തിൽ കൊണ്ടുപോയത്. 1853 ജനവരി മൂന്നിനാണ്  അദ്ദേഹം സ്വതന്ത്രനായത്. അപ്പോഴേക്കും യാതനാജീവിതം 12 വർഷം പിന്നിട്ടിരുന്നു.  തന്റെ അനുഭവം പുറംലോകത്തെത്തിക്കുകയാണ് സോളമൻ ആദ്യം ചെയ്തത്. വിമോചിതനായ കൊല്ലം  തന്നെ പുസ്തകം പ്രസിദ്ധീകരിച്ചു. അടിമസമ്പ്രദായത്തിനെതിരെ പ്രചരണം നടത്താനാണ് സോളമൻ തന്റെ ശിഷ്ടജീവിതം മാറ്റിവെച്ചത്. 1864 ൽ 55ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. തൊട്ടടുത്ത വർഷം അമേരിക്കയിൽ എബ്രഹാം ലിങ്കൺ അടിമസമ്പ്രദായം എന്നെന്നേക്കുമായി  നിരോധിച്ചു.
   നാല്പത്തിനാലുകാരനായ സ്റ്റീവ് മക്വീനിന്റെ മൂന്നാമത്തെ ഫീച്ചർ സിനിമയാണ് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് '.  2008 ൽ ഇറങ്ങിയ  'ഹംഗർ' സ്റ്റീവിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 'ഹംഗറും' യഥാർഥ സംഭവത്തെ ആശ്രയിച്ചുള്ള ചിത്രമായിരുന്നു. വടക്കൻ അയർലൻഡിലെ ബൽഫാസ്റ്റിലുള്ള മാസെ ജയിലിൽ ഗാന്ധിയൻ മാതൃകയിൽ 66 ദിവസം ഉപവാസം കിടന്ന് രക്തസാക്ഷിയായ ബോബി സാൻഡ്‌സിന്റെ ഇതിഹാസ ജീവിതമാണ് 'ഹംഗർ' പകർത്തിയത്. ഐറിഷ് റിപ്പബഌക്കൻ ആർമി നേതാവായിരുന്നു ബോബി സാൻഡ്‌സ്. 1981ൽ 27ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയത്തടവുകാർക്കുള്ള അവകാശങ്ങൾക്കുവേണ്ടി ശരീരത്തെ സമരായുധമാക്കി പൊരുതി വീരമൃത്യു വരിച്ചത്. 'ഷെയിം' എന്ന രണ്ടാമത്തെ സിനിമയും ശ്രദ്ധിക്കപ്പെട്ടു. ലൈംഗികാസക്തിയുള്ള   ബ്രാൻഡൻ എന്ന അഡ്വർടൈസിങ് എക്‌സിക്യുട്ടീവിന്റെ ജീവിതമാണ് ഇതിലെ പ്രതിപാദ്യം. 2013ൽ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വി' നാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരനാണ്  സ്റ്റീവ് മക്വീൻ. ഓസ്‌കറിന് തിളക്കം കൂടുന്നത് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ്' പോലുള്ള സാമൂഹികചിത്രങ്ങൾ ആദരിക്കപ്പെടുമ്പോഴാണ്. 
     വളരെ വൈകാരികമായാണ് സംവിധായകൻ ഇതിവൃത്തത്തെ സമീപിക്കുന്നത്. വലിയൊരു ജനത അനുഭവിച്ച യാതനയെ അതിന്റെ എല്ലാ കാഠിന്യത്തോടെയും ചിത്രീകരിക്കുന്നു അദ്ദേഹം. അടിമയുടെ പുറത്ത് പുളഞ്ഞുവീഴുന്ന ഓരോ ചാട്ടവാറടിയുടെയും ശബ്ദം നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലിൽ പ്രാകൃതമായ ഒരു ഭൂതകാലത്തിലേക്കാണ് നമ്മൾ ചെന്നുവീഴുന്നത്.  ചോരയും കണ്ണീരും വീണ കരിമ്പിൻതോട്ടങ്ങളും പരുത്തിപ്പാടങ്ങളും എല്ലാറ്റിനും മൂകസാക്ഷിയായി നിൽക്കുന്നു. ആത്മാഭിമാനം വെടിയാതെ പൊരുതിനിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ എതിർപ്പിന്റെ സ്വരംമാത്രം ഇടയ്ക്ക് നമുക്ക് കേൾക്കാം. 
   
ലൂയിസിയാനയിലെ കരിമ്പിൻതോട്ടത്തിൽ പണിക്കെത്തിയ അടിമകളുടെ ദീനാവസ്ഥയിൽനിന്നാണ് സിനിമ തുടങ്ങുന്നത്. കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ അനുഭവങ്ങളിലേക്കാണ് കഥ സഞ്ചരിക്കുന്നത്.  ഭാര്യയും മക്കളുമായി കഴിഞ്ഞിരുന്ന കാലം. മെച്ചപ്പെട്ട ഒരു ജീവിതം കാംക്ഷിച്ചാണ് അയാൾ സർക്കസ് കമ്പനിയിൽ ചേരാൻ പോകുന്നത്. അതൊരു ചതിയായിരുന്നു. അത് തിരിച്ചറിയുമ്പോഴേക്കും സോളമന് സ്വന്തം പേരുപോലും നഷ്ടപ്പെട്ടിരുന്നു. പഌറ്റ് എന്ന അപരനാമത്തിലായി അവിടുന്നങ്ങോട്ട് അയാളുടെ ജീവിതം. എഴുത്തും വായനയും അറിയാമെന്ന വെളിപ്പെടുത്തൽ പോലും അപകടമായിരുന്നു. ഭാര്യയെയും മക്കളെയും കണ്ണെത്താദൂരത്തെ ഏതോ അടിമപ്പാളയത്തിലേക്ക് മാറ്റിയിരുന്നു. എന്നെങ്കിലും ഏതെങ്കിലും രക്ഷകൻ വരുന്നതും കാത്ത് അയാളിരുന്നു. അപ്പോഴും, അനീതിയോട് പൊരുതാനുള്ള ശേഷി അയാൾ ആർക്കും അടിയറ വെച്ചില്ല. മനസ്സിലെ സംഗീതവും അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചു. 
    അടിമക്കച്ചവടം  പാപമല്ലെന്നായിരുന്നു വെള്ളക്കാരുടെ വാദം. അടിമകൾ അവർക്ക് സ്വകാര്യ സ്വത്ത് പോലെയായിരുന്നു. ആ സ്വകാര്യസ്വത്ത് അവർക്ക് എന്തും ചെയ്യാം. തല്ലാം, കൊല്ലാം, ലൈംഗികദാഹം തീർക്കാം, കൂടുതൽ തുക കിട്ടിയാൽ മറ്റുള്ളവർക്ക് വിൽക്കാം. എങ്കിലും, ആ നരാധമന്മാർക്കിടയിലും ഒറ്റപ്പെട്ട നല്ല മനുഷ്യരുണ്ടായിരുന്നു. കാലവും നിയമവും മാറുന്നുണ്ടെന്ന് മനസ്സിലാക്കിയവർ.  കറുത്തവനും മനുഷ്യനാണെന്ന അവരുടെ തിരിച്ചറിവിൽ നിന്നാണ് സോളമൻ നോർത്തപ്പിന്റെ മോചനം സാധ്യമാകുന്നത്. 
      സോളമൻ നോർത്തപ്പ് കഴിഞ്ഞാൽ നമ്മുടെ ശ്രദ്ധനേടുന്ന മറ്റൊരു പ്രധാന കഥാപാത്രം പാറ്റ്‌സി എന്ന യുവതിയാണ്. അടിമക്കച്ചവടക്കാരുടെ ലൈംഗിക അരാജകത്വത്തിന്റെ ഇരയാണവൾ. കഠിനമായി ജോലിയെടുക്കാനും കാമം തീർക്കാനും യജമാനപത്‌നിയുടെ കോപാഗ്‌നി ഏറ്റുവാങ്ങാനും വിധിക്കപ്പെട്ടവൾ. ഏതൊരു ആണിനേക്കാളും പരുത്തി പറിച്ചെടുക്കുന്നുണ്ടവൾ. എന്നിട്ടും, ദേഹം വൃത്തിയാക്കാൻ ഒരു കഷണം സോപ്പുപോലും അവൾക്ക് കിട്ടുന്നില്ല. മറ്റൊരു തോട്ടമുടമയുടെ ഭാര്യയിൽ നിന്ന് സോപ്പ് വാങ്ങാൻ പോയ കുറ്റത്തിനാണ് അവൾ ശിക്ഷിക്കപ്പെടുന്നത്. നഗ്‌നദേഹത്ത് ചാട്ടവാറടിയേറ്റ് അവൾ ബോധമറ്റുവീഴുമ്പോൾ  ക്യാമറാഫ്രെയിമിൽ വെളുത്ത ആ  സോപ്പുകഷണം നമുക്ക് കാണാം. 
     അടിമക്കച്ചവടവുമായി ബന്ധപ്പെട്ട് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട രണ്ട്  സമീപകാല സിനിമകളാണ് 'അമിസ്റ്റഡ് ' (എൗഹീറമല), 'ലിങ്കൺ' എന്നിവ. രണ്ടിന്റെയും സംവിധായകൻ പ്രശസ്തനായ സ്റ്റീവൻ സ്പിൽബർഗാണ്. ലാ അമിസ്റ്റഡ് എന്ന കപ്പലിൽ ക്യൂബയിലെ അടിമച്ചന്തയിലേക്ക് വിൽക്കാൻ കൊണ്ടുപോകുന്ന ആഫ്രിക്കക്കാർ കലാപമുണ്ടാക്കുന്നതും തുടർന്നുള്ള  അവരുടെ മോചനവുമാണ് 1997ൽ ഇറങ്ങിയ 'അമിസ്റ്റഡി'ന്റെ ഇതിവൃത്തം. അടിമസമ്പ്രദായം അവസാനിപ്പിച്ചതിന്റെ പേരിൽ വെടിയേറ്റു മരിച്ച അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതമാണ് 'ലിങ്കൺ' (2012) എന്ന ചിത്രത്തിന്റെ പ്രമേയം.