Thursday, February 24, 2011

കറുത്ത വൃത്തങ്ങള്‍

ഭരണകൂടത്തെ വിമര്‍ശിച്ചതിന്‌ ജയിലിലടയ്‌ക്കപ്പെട്ട സംവിധായകനാണ്‌ ജാഫര്‍ പനാഹി. അദ്ദേഹത്തിന്റെ 'ദി സര്‍ക്കിള്‍', 'ഓഫ്‌സൈഡ്‌' എന്നീ സിനിമകളെക്കുറിച്ച്‌

കാതലുള്ള ധിക്കാരിയാണ്‌ ജാഫര്‍ പനാഹി. ഇറാന്‍ ഭരണകൂടവും മതപുരോഹിതരും ഈ സംവിധായകനെ ഭയപ്പെടുന്നത്‌ അതുകൊണ്ടുതന്നെ. സാമൂഹിക അസമത്വങ്ങളെയും കാലഹരണപ്പെട്ട നീതിശാസ്‌ത്രങ്ങളെയും അദ്ദേഹം എതിര്‍ക്കുന്നു. നിരാലംബരായ കുട്ടികളെയും സ്‌ത്രീകളെയും ഓര്‍ത്ത്‌ വേവലാതിപ്പെടുന്നു. വ്യവസ്‌ഥിതിയോടുള്ള എതിര്‍പ്പ്‌ ശക്തമായിത്തന്നെ തന്റെ സിനിമകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. . സിനിമ സമൂഹമനസ്സിലുണ്ടാക്കുന്ന സ്വാധീനത്തെ അധികാര, പുരോഹിതവര്‍ഗം തടയാന്‍ ശ്രമിക്കുന്നത്‌ സ്വാഭാവികം. സിനിമയിലും പുറത്തും പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പേരില്‍ അവര്‍ പനാഹിക്ക്‌്‌ ഒരുക്കിക്കൊടുത്തത്‌ തടവറയാണ്‌. സിനിമയെടുക്കുന്നതില്‍നിന്ന്‌ 20 വര്‍ഷത്തേക്ക്‌ വിലക്കും ഏര്‍പ്പെടുത്തി. 11 വര്‍ഷത്തിനിടയില്‍ അഞ്ച്‌ സിനിമകളാണ്‌ പനാഹി സംവിധാനം ചെയ്‌തത്‌. പ്രശസ്‌തനായ അബ്ബാസ്‌ കിരോസ്‌തമിയുടെ സഹായിയായാണ്‌ ജാഫര്‍ പനാഹി സിനിമാരംഗത്തേക്ക്‌ കടന്നത്‌.

ആദ്യം സംവിധാനം ചെയ്‌ത `വൈറ്റ്‌ ബലൂണ്‍' (white balloon) 1995-ല്‍ ഇറങ്ങി. അക്കൊല്ലത്തെ കാന്‍ മേളയില്‍ ബഹുമതി നേടിയിട്ടുണ്ട്‌ ഈ ചിത്രം. ഏതുകാലത്തും നിലനില്‍ക്കുന്ന മികച്ച 50 കുടുംബചിത്രങ്ങളിലൊന്നാണ്‌ `വൈറ്റ്‌ ബലൂണ്‍' എന്ന്‌ `ഗാര്‍ഡിയന്‍' വിശേഷിപ്പിച്ചിട്ടുണ്ട്‌. കിരോസ്‌തമിയുടേതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ. റസിയ എന്ന ഏഴു വയസ്സുകാരിയിലൂടെ വലിയൊരു ലോകത്തെ കാണാനുള്ള ശ്രമമായിരുന്നു ഈ ചിത്രം. രണ്ടാമത്തേത്‌ `ദ മിറര്‍'(The Mirror). 1997-ല്‍ ഇറങ്ങിയ ഈ സിനിമയില്‍ മിന എന്ന പെണ്‍കുട്ടിയാണ്‌ പ്രധാന കഥാപാത്രം. അതുവരെ കുട്ടികളിലൂടെ മുതിര്‍ന്നവരുടെ ലോകം കാണിച്ചുതന്ന പനാഹി `ദ സര്‍ക്കിള്‍'(The Circle) എന്ന ചിത്രത്തില്‍ നിലപാട്‌ മാറ്റുന്നു. 2000-ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ ഏതാനും യുവതികളെയാണ്‌ മുഖ്യകഥാപാത്രങ്ങളാക്കിയത്‌. മൂന്നു വര്‍ഷത്തിനുശേഷം സംവിധാനം ചെയ്‌ത `ക്രിംസണ്‍ ഗോള്‍ഡി'(Crimson Gold)ല്‍ സകലരുടെയും പരിഹാസവും നിന്ദയും ഏറ്റുവാങ്ങേ ണ്ടി വരുന്ന പിസ്സ വില്‌പനക്കാരനായ ഹുസൈന്റെ കഥപറയുന്നു അദ്ദേഹം. ഏറ്റവുമൊടുവില്‍ , വീണ്ടും പനാഹി സ്‌ത്രീപ്രശ്‌നവുമായി എത്തി- ചിത്രം `ഓഫ്‌ സൈഡ്‌' (Offside). ദ സര്‍ക്കിള്‍, ക്രിംസണ്‍ ഗോള്‍ഡ്‌, ഓഫ്‌സൈഡ്‌ എന്നീ ചിത്രങ്ങള്‍ ഇറാനില്‍ നിരോധിച്ചവയാണ്‌. ലോകത്തെങ്ങുമുള്ള പ്രധാനചലച്ചിത്രമേളകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകവഴി വലിയൊരു ആസ്വാദകസമൂഹത്തെ സ്വന്തമാക്കിയിട്ടുണ്ട്‌ പനാഹി.


പനാഹിയെ ലോകത്തിലെ എണ്ണപ്പെട്ട സംവിധായകരിലൊരാളായി ഉയര്‍ത്തിയത്‌ `ദ സര്‍ക്കിളാ'ണ്‌. പ്രത്യക്ഷത്തില്‍, ഇറാനിലെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണീ സിനിമ എന്നു തോന്നും. എന്നാല്‍, പനാഹി അത്‌ സമ്മതിച്ചുതരില്ല. ലോകമെങ്ങുമുള്ള സ്‌ത്രീസമൂഹത്തെയാണ്‌ താനിതില്‍ കാണിച്ചത്‌ എന്നാണദ്ദേഹം പറയുക. ആരോടെങ്കിലും പൊരുതാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല താന്‍ സിനിമയെടുക്കുന്നത്‌ എന്ന്‌ പറയുന്നു പനാഹി. സാമൂഹികപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ്‌ താന്‍. അത്‌ ഭരണകൂടത്തെയും സമൂഹത്തെയും അറിയിക്കുകയാണ്‌. കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ്‌.മനുഷ്യാവസ്ഥകളെ കാവ്യാത്മകമായി, കലാപരമായി വ്യാഖ്യാനിക്കാനാണ്‌ തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്‌ത്രീയാതനയുടെ കറുത്ത വൃത്തങ്ങളാണ്‌ പനാഹി `ദ സര്‍ക്കിളി'ല്‍ വരയ്‌ക്കുന്നത്‌. ഓരോരുത്തരും വലിയ വൃത്തത്തിനകത്താണ്‌. അവിടെനിന്ന്‌ പുറത്തുകടക്കാന്‍ അവര്‍ നിരന്തരം ഓടുകയാണ്‌. പക്ഷേ, സാധിക്കുന്നില്ല. സ്‌ക്രീനിലെ ഇരുട്ടില്‍ ഒരു നവജാതശിശുവിന്റെ കരച്ചിലിലാണ്‌ സിനിമ തുടങ്ങുന്നത്‌. ജയിലിനകത്തെ ആസ്‌പത്രിയിലാണ്‌ പ്രസവം നടന്നത്‌. അതൊരു പെണ്‍കുഞ്ഞാണെന്ന വെളിപ്പെടുത്തലോടെ വെളിച്ചത്തിന്റെ ഒരു ചതുരം നമുക്കു മുന്നില്‍ തുറക്കുന്നു. പക്ഷേ, അവിടം മുതല്‍ സിനിമയുടെ സഞ്ചാരം ഇരുട്ടിലൂടെയാണ്‌. ജനിച്ചത്‌ പെണ്‍കുട്ടിയാണ്‌. ആര്‍ക്കും വേണ്ടാത്തവളായി മാറുന്നു അവള്‍. അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്ങില്‍ ആണ്‍കുട്ടിയാണെന്നാണല്ലോ കണ്ടത്‌ എന്നു പറഞ്ഞ്‌ പ്രസവിച്ച സ്‌ത്രീയുടെ അമ്മ ദുഃഖിക്കുന്നു. ആണ്‍കുഞ്ഞല്ലാത്തതിനാല്‍ തന്റെ മകളെ ഭര്‍ത്താവ്‌ ഉപേക്ഷിക്കുമെന്നവര്‍ ഭയപ്പെടുന്നു.
പനാഹി പിന്നീട്‌ നമ്മുടെ മുന്നിലേക്ക്‌ കൊണ്ടുവരുന്നത്‌ അന്ന്‌ ജയില്‍മോചിതരായ മൂന്നു യുവതികളെയാണ്‌. അവര്‍ എന്തിന്‌ ശിക്ഷിക്കപ്പെട്ടു എന്ന്‌ പനാഹി പറയുന്നില്ല. എങ്കിലും ഭരണകൂടത്തിനെതിരായിരുന്നു അവരുടെ പ്രവര്‍ത്തനം എന്ന്‌ നമുക്കൂഹിക്കാം.
തിരക്കുള്ള നഗരത്തിലാണവര്‍ നില്‍ക്കുന്നത്‌. അതിലൊരുത്തിയെ പോലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്യുന്നു. മറ്റുള്ളവരും ഏതുനിമിഷവും അറസ്റ്റിലാവാം. അതുകൊണ്ട്‌ അവര്‍ അവിടം വിടുന്നു. അതിലൊരുത്തി പാരി എന്ന യുവതിയെ അന്വേഷിച്ച്‌ പോകുന്നു. പാരിയും അന്ന്‌ തടവറയില്‍നിന്ന്‌ മോചിതയായതാണ്‌.തുടക്കത്തില്‍ കഥാപാത്രങ്ങളെല്ലാം ആരെയോ അന്വേഷിച്ചുനടക്കുന്നവരാണ്‌. ഇതിലാരെയെങ്കിലും കണ്ടെത്തുമ്പോള്‍ അവിടന്നങ്ങോട്ട്‌ പുതിയ കഥാപാത്രമാണ്‌ ഇതിവൃത്തം മുന്നോട്ടു കൊണ്ടുപോകുന്നത്‌.













ജീവിതത്തിലെ സന്ദിഗ്‌ധഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുന്ന കുറേപ്പേരെ കാണിച്ച്‌ സ്‌ത്രീസമൂഹത്തെ മുന്നിലേക്ക്‌ നീക്കിനിര്‍ത്തുകയാണ്‌ ജാഫര്‍ പനാഹി. മകള്‍ക്ക്‌ പെണ്‍കുഞ്ഞ്‌ പിറന്നതില്‍ വേവലാതിപ്പെടുന്ന ഒരമ്മ, ജയിലില്‍ തൂക്കിലേറ്റപ്പെട്ട കാമുകന്‍ സമ്മാനിച്ച ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുകാരിയുടെ സഹായം തേടിപ്പോകുന്ന പാരി എന്ന യുവതി,ഭര്‍ത്താവില്‍നിന്ന്‌ തന്റെ ഭൂതകാലം മറച്ചുവെക്കാനായി സുഹൃത്തിനെ സഹായിക്കാന്‍ മടിക്കുന്ന സ്‌ത്രീ, മകളെ മൂന്നാം തവണയും തെരുവിലുപേക്ഷിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായയായ ഒരമ്മ, തെരുവില്‍ ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭിസാരിക എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍. ആസ്‌പത്രിയിലെ ഇരുട്ടില്‍ തുടങ്ങുന്ന സിനിമ തടവുമുറിയിലെ ഇരുട്ടില്‍ അവസാനിക്കുന്നു.നമ്മള്‍കണ്ട മിക്ക സ്‌ത്രീകളും ആ തടവുമുറിയിലുണ്ട്‌. സ്‌ത്രീമോചന സാധ്യതയുടെ വാതില്‍ അടയുകയാണെന്ന്‌ പനാഹി സൂചിപ്പിക്കുകയാണിവിടെ. ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീവിരുദ്ധ കാഴ്‌ചപ്പാടിനെ വിമര്‍ശിക്കുന്ന ചിത്രമാണ്‌ `ഓഫ്‌സൈഡ്‌'. 2006- ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ക്വാളിഫൈയിങ്‌ മത്സരം ഇറാനില്‍ നടക്കുന്നു. ഇറാനും ബഹ്‌റൈനും തമ്മിലാണ്‌ കളി. ഇറാനില്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരോടൊപ്പം സ്റ്റേഡിയത്തിലിരുന്ന്‌ കളി കാണാന്‍ വിലക്കുണ്ട്‌ .ഈ വിലക്ക്‌്‌ ലംഘിച്ച്‌ കളി കാണാന്‍ പുറപ്പെടുന്ന ആറ്‌ പെണ്‍കുട്ടികളാണ്‌ `ഓഫ്‌സൈഡി'ലെ കഥാപാത്രങ്ങള്‍. തിരിച്ചറിയാതിരിക്കാന്‍ അവര്‍ ആണ്‍കുട്ടികളുടെ വേഷമാണ്‌ ധരിക്കുന്നത്‌. ബസ്‌യാത്രയ്‌ക്കിടെ തിരിച്ചറിഞ്ഞിട്ടും ആണ്‍കുട്ടികളൊന്നും ഇവരുടെ ആഗ്രഹത്തിന്‌ തടസ്സം നില്‍ക്കുന്നില്ല. പക്ഷേ, സ്റ്റേഡിയത്തില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക്‌ അതാവില്ല. അവര്‍ പെണ്‍കുട്ടികളെ പിടികൂടി പുറത്തിരുത്തുന്നു. സ്റ്റേഡിയം സ്‌ത്രീകള്‍ക്കുള്ളതല്ലെന്നാണ്‌ സൈനികരുടെ വാദം. `അപ്പോള്‍ തിയേറ്ററില്‍ ഒരുമിച്ചിരിക്കുന്നതോ' എന്ന്‌ പെണ്‍കുട്ടികള്‍ തിരിച്ചുചോദിക്കുന്നുണ്ട്‌.(സ്‌ത്രീവിരുദ്ധരോട്‌ ചോദിക്കാനുള്ളതെല്ലാം പെണ്‍കുട്ടികളെക്കൊണ്ട്‌ ചോദിപ്പിക്കുകയാണ്‌ പനാഹി).ഒരു സൈനികന്‍ കളി കണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നു. അതില്‍ തൃപ്‌തിയടയാന്‍ ശ്രമിക്കുകയാണവര്‍.എങ്കിലും ഇടക്കിടെ ആവേശം മൂക്കുമ്പോള്‍ സൈനികരോട്‌ കയര്‍ക്കുന്നുണ്ട്‌ പെണ്‍കുട്ടികള്‍.സൈനികബസ്സില്‍ എല്ലാവരെയും കൊണ്ടുപോകവേ ഇറാന്‍ മത്സരം ജയിച്ചെന്ന വിവരം കിട്ടുന്നു. ടെഹ്‌റാന്‍ നഗരമാകെ ആഹ്ലാദത്തിമിര്‍പ്പിലാണപ്പോള്‍. അവരോടൊപ്പം സൈനികരും പെണ്‍കുട്ടികളും പങ്കുചേരുന്നു.

`ദ സര്‍ക്കിള്‍' പോലെ ഗൗരവമുള്ള സിനിമയല്ല `ഓഫ്‌സൈഡ്‌'. ഫുട്‌ബോള്‍ മത്സരം സ്‌ത്രീകള്‍ക്ക്‌ കണ്ടാലെന്താ എന്ന ഒറ്റ വിഷയത്തിലാണ്‌ പ്രമേയത്തിന്റെ ഊന്നല്‍. ഒരു ഡോക്യുമെന്ററിയുടെ സ്വഭാവമാണീ ചിത്രത്തിനുള്ളത്‌. അഭിനേതാക്കള്‍ ഇതില്‍ കുറവാണ്‌. ഫുട്‌ബാള്‍ മത്സരത്തില്‍നിന്ന്‌ ഒറ്റ ഷോട്ട്‌ പോലും കാണിക്കുന്നില്ല പനാഹി. പക്ഷേ, വാശിയേറിയ കളിയുടെ പിരിമുറുക്കം നമ്മളനുഭവിക്കുന്നുണ്ട്‌.
തന്റെ സിനിമകളിലൊന്നും ദുഷ്‌ടകഥാപാത്രങ്ങളില്ലെന്നാണ്‌ പനാഹിയുടെ പക്ഷം. എല്ലാ മനുഷ്യരും നല്ലവരാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.(`ദ സര്‍ക്കിളി'ല്‍ മകളെ ഉപേക്ഷിക്കുന്ന അമ്മ പോലും ദുഷ്‌ടകഥാപാത്രമല്ല. മകളെ ദയയുള്ള എതെങ്കിലും കുടുംബത്തിലെത്തിക്കുകയായിരുന്നു ദരിദ്രയായ ആ അമ്മയുടെ ആഗ്രഹം.മകള്‍ക്കെന്തു സംഭവിക്കുന്നു എന്ന്‌ മറഞ്ഞിരുന്ന്‌ ശ്രദ്ധിക്കുന്നുണ്ടവര്‍.).പക്ഷേ, ആര്‍ദ്രഹൃദയനായ പനാഹി ഒടുവില്‍ എത്തിപ്പെട്ടതെവിടെ?